പടയണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. [1]പടയണി.വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയില്‍ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാല്‍ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയില്‍ കാണുവാനാകും. കവുങ്ങിന്‍‌പാളകളില്‍ നിര്‍‌മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങള്‍‌ക്കിടയില്‍ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തില്‍ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. ആലപ്പുഴ,പത്തനം തിട്ട, കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളില്‍ ഉത്സവക്കാലത്ത് മാത്രമാണിപ്പോള്‍ പടയണി അരങ്ങേറുന്നത്.പടയണിക്കു വടക്കന്‍ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഊണ്ട് . കവി കടമ്മനിട്ട രാമകൃഷ്ണന്‍ തന്റെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചതിനാല്‍ കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത്. വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടന്‍കോലവും കെട്ടുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തില്‍ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി . [അവലംബം ആവശ്യമാണ്]

[തിരുത്തുക] ഐതിഹ്യം

  • അസുരചക്രവര്‍ത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവര്‍ത്തിയായ ദാരികനെ അടക്കിനിര്‍ത്താന്‍ കഴിയാത്ത ദേവന്മാര്‍ മഹാവിഷ്ണവിന്റെ നിര്‍ദ്ദേശപ്രകാരം ദേവന്മാര്‍ ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാന്‍ ശിവന്‍ തീരുമാനിച്ചു. ബ്രഹ്മാവ്, ദാരികന്‍ ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളില്‍ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാന്‍ ആര്‍ക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേര്‍പ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്ര മറ്റൊരാള്‍ക്കു ദാരികന്റെ ഭാര്യ ഉപദേശിച്ചു കൊടുത്താല്‍ അതിന്റെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാര്‍വതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്റെ പത്നിയില്‍ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാന്‍ ഭദ്രകാളിക്ക് ആയി.

പാതാളത്തില്‍ അഭയം തേടിയ ദാരികന്റെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകള്‍ മനസ്സിലാക്കിയ ശിവന്‍ അവര്‍ക്ക് വഴിയില്‍ കിടന്ന് മാര്‍ഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരകനെ കാളിയെ അടക്കിനിര്‍ത്താന്‍ ശിവന്‍ നിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവില്‍ ഒരിടത്തും പഠിക്കാത്തത് അപ്പോള്‍ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാന്‍ മുരുകന്‍ നിശ്ഛയിച്ചു. അതനുസരിച്ച് പ്രകൃതിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞള്‍, കരിക്കട്ടകള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകള്‍ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാല്‍ കമുകിന്‍ പാളകളില്‍ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാര്‍ന്ന കോലങ്ങള്‍കൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പില്‍ തുള്ളുകയുണ്ടായി.(കോലം കെട്ടിയുള്ള ഈ തുള്ളല്‍ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശന്‍, രുരു, കുണ്ഡോദന്‍ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).ശ്രീമുരുകന്റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങള്‍കണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതില്‍ ഏകാഗ്രമാക്കുകയാല്‍ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിചാണ് പടയണിക്കോലങ്ങള്‍ കെട്ടുന്നത്.എന്നാണ് ഐതിഹ്യം [2]

കേരളം ഭരിച്ചിരുന്ന ചേരപേരുമാള്‍ ചക്രവര്‍ത്തിയുടെ യുദ്ധവിജയങ്ങള്‍ പ്രഘോഷിക്കുന്നതിനായാണ്‌ ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദര്‍ഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്.

[തിരുത്തുക] ചരിത്രം

പ്രാചീനകാലത്തെ ഗണക സമുദായക്കാര്‍ ആചരിച്ചിരുന്ന സമാനമായ ഒരു നൃത്തരൂപത്തില്‍ നിന്നാണ്‍ പടയണി ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. പ്രേതബാധയൊഴിപ്പിക്കാനുള്ള രീതിയായിരുന്നു ഈ മതാനുഷ്ഠാനം. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗിയെ പിണിയാള്‍ എന്നാണ്‍ വിളിക്കുക. കോലങ്ങള്‍ ധരിച്ച നര്‍ത്തകരുടെ നടുവില്‍ പിണിയാളെ ഇരുത്തുന്നു. മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ നര്‍ത്തകര്‍ കോലം തുള്ളുകയ്യും ചെയ്യും. ഇന്നും കോലം തുള്ളലില്‍ ഗണകര്‍ അഗ്രഗണ്യരാണെന്നത് ഈ കലാരൂപം ആദിയില്‍ ഗണകരുടെ കോലം തുള്ളരായിരുന്നു എന്നതിനെ തെളിവാണെന്നും മിക്ക പണ്ഡിതന്മാരും കരുതുന്നത്.

[തിരുത്തുക] ചടങ്ങുകള്‍

പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നു കമുകിന്‍പാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയില്‍ ചെത്തിയെടുത്ത് പച്ച ഈര്‍ക്കില്‍കൊണ്ടു കൂട്ടിയോജിപ്പിച്ച്, ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും വര്‍ണ്ണക്കടലാസുംകൊണ്ട് അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞള്‍ എന്നിവ കൊണ്ട് ചായക്കൂട്ടുകള്‍ ഉണ്ടാക്കി ആ നിറക്കൂട്ടുകളാല്‍ ചിത്രകാരന്മാര്‍ നിയതരൂപങ്ങള്‍ അവയില്‍ എഴുതുന്നു. [3] കോലങ്ങള്‍ തുള്ളല്‍ കലാകാരന്മാര്‍ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. കാലന്‍കോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു.


[തിരുത്തുക] കാച്ചിക്കെട്ട്

കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. പടയണി നടക്കുന്നു എന്ന വിവരമറിയിയ്ക്കാന്‍ നടത്തുന്ന വാദ്യമേളമാണ് കാച്ചിക്കെട്ട്. ചിലയിടങ്ങളില്‍ ഇതിനെ തപ്പുമേളം എന്നും പറയും. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലില്‍ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ ചടങ്ങുകള്‍ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നില്‍ക്കണം


[തിരുത്തുക] കാപ്പൊലിയും താവടിതുള്ളലും

ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകള്‍ വീശിക്കൊണ്ട് ആര്‍ത്തുവിളിച്ച് ആണ് കാപ്പൊലി നടത്തുന്നത്.കൈമണികളേന്തിയുള്ള തുള്ളലാണ് താവടിതുള്ളല്‍.

[തിരുത്തുക] കോലംതുള്ളല്‍

ആചാരദേവതയുടെ കോലം കരിയും ചെങ്കല്ലും കൊണ്ട് പാളയില്‍ വരഞ്ഞുണ്ടാക്കുന്നു.വ്രതാനുഷ്ഠാനത്തിനുമാത്രമായി കാലന്‍‌കോലം,ഭൈരവിക്കോലം,ഗണപതിക്കോലം,യക്ഷിക്കോലം എന്നിവയുണ്ട്.

[തിരുത്തുക] പ്രദേശങ്ങള്‍

പത്തനം‌തിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം

[തിരുത്തുക] പ്രധാന കോലങ്ങള്‍

ഭഗവതി അഥവാ ഭദ്രകാളിയാണ്‍ പ്രധാന കോലം. കാലാരിക്കോലം, പക്ഷിക്കോലം, യക്ഷിക്കോലം, കുതിരക്കോലം എന്നിവയാണ് മറ്റു പ്രധാനപ്പെട്ട കോലങ്ങള്‍.

[തിരുത്തുക] അവലംബം

Commons:Category
വിക്കിമീഡിയ കോമണ്‍സിലെ താഴെക്കൊടുത്തിരിക്കുന്ന വര്‍ഗ്ഗത്തില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:
  1. http://malayalam.webdunia.com/entertainment/artculture/heritage/0809/24/1080924058_1.htm വെബ് ദുനിയയില്‍ പടയണിയെപ്പറ്റിയുള്ള ലേഖനം
  2. http://malayalam.webdunia.com/entertainment/artculture/heritage/0809/24/1080924053_2.htm
  3. http://malayalam.webdunia.com/entertainment/artculture/heritage/0809/24/1080924058_2.htm
"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B4%AF%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
ഇതര ഭാഷകളില്‍