വില്യം ബ്ലെയ്ക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വില്യം ബ്ലെയ്ക്ക് | |
|---|---|
![]() 1807-ല്‍ തോമസ് ഫിലിപ്സ് വരച്ച വില്യം ബ്ലെയ്ക്കിന്റെ ചിത്രം. |
|
| ജനനം | 28 നവംബര്‍ 1757 ലണ്ടന്‍, ഇംഗ്ലണ്ട് |
| മരണം | ഓഗസ്റ്റ് 12 1827 (പ്രായം 69) ലണ്ടണ്‍, ഇംഗ്ലണ്ട് |
| തൊഴില്‍ | കവി, ചിത്രകാരന്, പ്രിന്റ് നിര്‍മ്മാതാവ് |
| രചനാ സങ്കേതം | വെളിപാടിന്റെ കവിത |
| സാഹിത്യ പ്രസ്ഥാനം | കാല്‍പ്പനികത |
| പ്രധാനപ്പെട്ട കൃതികള്‍ | നിഷ്കളങ്കതയുടെയും അനുഭവത്തിന്റേയും കവിതകള്‍, സ്വര്‍ഗ്ഗ-നരകങ്ങളുടെ വിവാഹം, നാലു സോവമാര്‍, യെരുശലേം, മില്‍ട്ടണ്‍ |
|
Influences
|
|
|
Influenced
|
|
വില്യം ബ്ലെയ്ക്ക് (28 നവംബര്‍ 1757 – 12 ഓഗസ്റ്റ് 1827) ഒരു ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിര്‍മ്മാതാവും ആയിരുന്നു. ജീവിതകാലത്ത് കാര്യമായ അംഗീകാരമൊന്നും ലഭിക്കാതിരുന്ന ബ്ലെയ്ക്ക്, കാല്പനികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളുടേയും രംഗത്തെ അതികായന്മാരിലൊരാളായി ഇന്ന് പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രവചനസ്വഭാവമുള്ള കവിതകള്‍ക്ക് അവയുടെ ഗരിമയ്ക്കൊത്തവിധം അനുവാചകരുണ്ടായില്ല എന്ന് നോര്‍ഥ്രോപ് ഫ്രൈ എന്ന സാഹിത്യവിമര്‍ശകന്‍ അഭിപ്രായപ്പെടുകയുണ്ടായി.[1] ബ്ലെയ്ക്കിന്റെ ദൃശ്യകലയെ വിലയിരുത്തിയ ഒരു ആധുനികവിമര്‍ശകന്‍ "ബ്രിട്ടണില്‍ എക്കാലത്തും ജീവിച്ചിരുന്നവരില്‍ ഏറ്റവും മഹാനായ കലാകരന്" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[2] ജീവിതകാലത്ത് ലണ്ടണില്‍ നിന്ന് ഒരുദിവസത്തെ വഴിയാത്രയിലേറെ അകലെ ഒരുവട്ടം മാത്രം സഞ്ചരിച്ചിട്ടുള്ള ബ്ലെയ്ക്ക്,[3] വൈവിദ്ധ്യവും പ്രതീകാത്മകതയുടെ സമൃദ്ധിയും കൊണ്ട് അനുഗൃഹീതമായ അനേകം സൃഷ്ടികളുടെ കര്‍ത്താവായി.
അസാധരണമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന് സമകാലീനര്‍ ഭ്രാന്തനെന്നു മുദ്രകുത്തിയ ബ്ലെയ്ക്കിനെ പില്‍ക്കാലനിരൂപകര്‍ അതുല്യമായ സര്‍ഗ്ഗശക്തിയുടേയും അദ്ദേഹത്തിന്റെ കലയുടെ അന്തര്‍ധാരയായ നിഗൂഢദാര്‍ശനികതയുടേയും പേരില്‍ വിലമതിച്ചു. ബ്ലെയ്ക്കിന്റെ കവിതകളും ചിത്രങ്ങളും കാല്പനികപ്രസ്ഥാനത്തേയും പൂര്‍വകാല്പനികതയേയും പുണര്‍ന്നുനില്‍ക്കുന്നു.[4]ബൈബിളിനെ ബഹുമാനിച്ചിരുന്നെങ്കിലും ആംഗ്ലിക്കന്‍ സഭയോട് ശത്രുതപുലര്‍ത്തിയ ബ്ലെയ്ക്കിനെ, ഫ്രഞ്ച് വിപ്ലവത്തിന്റേയും അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റേയും ആശയങ്ങളും ആകാംക്ഷകളും [5], ജേക്കബ് ബേമ, ഇമ്മാനുവേല്‍ സ്വീഡന്‍ബര്‍ഗ്ഗ് തുടങ്ങിയ ചിന്തകന്മാരും[6] സ്വാധീനിച്ചിരുന്നു.
എന്നാല്‍ മുന്‍പ്രസ്ഥാനങ്ങളും മുന്‍ഗാമികളും സ്വാധീനിച്ചിരിക്കാമെങ്കിലും, ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ അതുല്യതമൂലം അദ്ദേഹത്തെ ഏതെങ്കിലും പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുന്നവനായി കണക്കാക്കുക ബുദ്ധിമുട്ടാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ പണ്ഡിതന് വില്യം റോസെറ്റി ബ്ലെയ്ക്കിനെ വിശേഷിപ്പിച്ചത് "ഉജ്ജ്വല തേജസ്,[7] മുന്‍ഗാമികളുടെ വിലക്കുകള്‍ക്ക് വഴങ്ങാത്തവന്, സമകാലീനര്‍ക്ക് സമനല്ലാത്തവന്‍, എളുപ്പം കണ്ടെത്താവുന്ന പിന്മുറക്കാര് ഇല്ലാത്തവന്" എന്നൊക്കെയാണ്.[8]
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലജീവിതം
ലണ്ടണിലെ ഗോള്‍ഡന്‍ സ്ക്വയറിലുള്ള ബ്രോഡ് സ്ട്രീറ്റില്‍ 1757 നവംബര്‍ 28-ന്, ഇടത്തരം സാമ്പത്തികനിലയുള്ള കുടുംബത്തില്‍ വില്യം ബ്ലെയ്ക്ക് ജനിച്ചു. ഏഴുമക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം.[9][10] സഹോദരങ്ങളില്‍ രണ്ടുപേര്‍, ശൈശവത്തിലേ മരിച്ചിരുന്നു. പിതാവ് ജെയിംസ് തുന്നല്‍ക്കാരനായിരുന്നു. [10] വില്യം സ്കൂളില്‍ പോയിട്ടില്ല. വീട്ടില്‍ വച്ച് അമ്മയാണ് മകനെ പഠിപ്പിച്ചത്.[11] മതവിശ്വാസത്തില്‍ വിമതന്മാരായിരുന്ന ബ്ലെയ്ക്കുമാര് മൊറാവിയന്‍ സഭയിലെ അംഗങ്ങളായിരുന്നെന്ന് കരുതപ്പെടുന്നു. ചെറുപ്രായത്തിലേ ബൈബിളിന്റെ തീവ്രസ്വാധീനത്തില്‍ വന്ന ബ്ലെയ്ക്കിന്, ജീവിതകാലമത്രയും ആ ഗ്രന്ഥം പ്രചോദനത്തിന്റെ മുഖ്യ ഉറവിടങ്ങളിലൊന്നായിരുന്നു.
ഗ്രീക്ക് പൗരാണികതയുടെ ചിത്രീകരണങ്ങളുടെ പകര്‍പ്പുകള്‍ ബ്ലെയ്ക്കിന്റെ പിതാവ് മകനു വാങ്ങിക്കൊടുത്തിരുന്നു. ആ ചിത്രങ്ങള്‍ ബ്ലെയ്ക്ക് മുദ്രണം ചെയ്യാന്‍ തുടങ്ങി. ചിത്രരചനയേക്കാള്‍ അദ്ദേഹം അക്കാലത്ത് ഇഷ്ടപ്പെട്ടത് അതായിരുന്നു. റഫായേല്‍, മൈക്കെലാഞ്ജലോ, മാര്‍ട്ടന്‍ ഹീംസ്കെര്‍ക്ക്, ആല്‍ബ്രെച്റ്റ് ഡൂറര്‍ തുടങ്ങിയവരുടെ സൃഷ്ടികളിലൂടെ പൗരാണികകലയിലെ രൂപങ്ങളുമായി പരിചയപ്പെടാന്‍ ബ്ലെയ്ക്കിന് അവസരം കിട്ടിയത് അങ്ങനെയാണ്. മകന്റെ സ്വതന്ത്രപ്രകൃതി നന്നായി മനസ്സിലാക്കിയിരുന്ന മാതാപിതാക്കള്‍ അദ്ദേഹത്തെ ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസത്തിനയയ്ക്കാതെ ചിത്രരചന പഠിക്കാന്‍ ചേര്‍ത്തു. ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം ഏറെ വായിച്ചിരുന്നു. അക്കാലത്ത് ബ്ലെയ്ക്ക് തന്റെ പര്യവേക്ഷണം കവിതയുടെ ലോകത്തേക്കുകൂടി വ്യാപിപ്പിച്ചു. ബെന്‍ ജോണ്‍സണേയും എഡ്മണ്ഡ് സ്പെന്‍സറേയുമൊക്കെ അദ്ദേഹത്തിന് പരിചയമായിരുന്നെന്ന് ആദ്യകാലസൃഷ്ടികളില്‍ നിന്ന് മനസ്സിലാക്കാം.
[തിരുത്തുക] ബാസയറുടെ കീഴില്‍ പരിശീലനം
1772 ഓഗസ്റ്റ് നാലാം തിയതി ബ്ലെയ്ക്ക് ക്വീന്‍ തെരുവിലെ ജെയിംസ് ബാസിയറിന്റെ കീഴില്‍ മുദ്രണകലയില്‍(Engraving) ഏഴുവര്‍ഷത്തെ പരിശീലനത്തിനു ചേര്‍ന്നു. പരിശീലനത്തിനൊടുവില്‍ മുദ്രണകല ജീവനോപാധിയാക്കാനായിരുന്നു തീരുമാനം.[10] പരിശീലനകാലത്ത് ബ്ലെയ്ക്കും ബാസിയറുമായി കാര്യമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നതിന് തെളിവൊന്നുമില്ല. എന്നാല്‍ പീറ്റര്‍ ആക്രോയ്ഡ് എഴുതിയ ബ്ലെയ്ക്കിന്റെ ജീവചരിത്രം അനുസരിച്ച്, കലയുടെ ലോകത്തെ തന്റെ എതിരാളികളുടെ പട്ടികയില്‍ ബ്ലെയ്ക്ക് ബാസിയറുടെ പേര് എഴുതിച്ചേര്‍ത്തിട്ട് വെട്ടിക്കളഞ്ഞു.[12] അക്കാലത്ത് പോതുവേ പഴഞ്ചനെന്ന് കരുതപ്പെട്ടിരുന്ന ശൈലിയാണ് മുദ്രണകലയില്‍ ബാസിയര് പിന്തുടര്ന്നിരുന്നത് എന്നും ഈ പഴഞ്ചന്‍ ശൈലിയില്‍ പരിശീലിക്കപ്പെട്ടുവെന്നത്, മുദ്രണകലയില്‍ പൂര്‍ണ്ണ അംഗീകാരം നേടുന്നതില്‍ പില്ക്കാലത്ത് ബ്ലെയ്ക്കിന് തടസ്സമുണ്ടാക്കിയിരിക്കാമെന്നും പറയപ്പെടുന്നു. [13]
രണ്ടുവര്‍ഷത്തെ പരിശീലനം കഴിഞ്ഞപ്പോള്‍ ബാസിയര് ബ്ലെയ്ക്കിനെ ലണ്ടണിലെ ഗോത്തിക് പള്ളികളിലെ ശില്പങ്ങളുടെ രൂപം പകര്‍ത്താന്‍ നിയോഗിച്ചു. ബ്ലെയ്ക്കും അദ്ദേഹത്തോടൊപ്പം പരിശീലനം നേടിയിരുന്ന പീറ്റര്‍ പാര്‍ക്കറും തമ്മില്‍ ചേര്‍ന്നുപോകാന്‍ ബുദ്ധിമുട്ടായിരുന്നതായിരിക്കാം ഈ നിയോഗത്തിന് കാരണം. ലണ്ടണിലെ വെസ്റ്റ് മിന്‍സ്റ്റര്‍ പള്ളിയിലെ അനുഭവങ്ങള്‍ ബ്ലെയ്ക്കിന്റെ കലാസങ്കല്പത്തേയും ശൈലിയേയും രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന്റെ കാലത്തെ വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളി പടച്ചട്ടകളും, ചായം തേച്ച ശവസംസ്കാരക്കോലങ്ങളും(funeral effigies), ബഹുവര്‍ണ്ണമായ മെഴുകുരൂപങ്ങളും കൊണ്ട് അലങ്കരിച്ചതായിരുന്നു. ആദ്യം ബ്ലെയ്ക്കിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുക "തിളക്കത്തിന്റേയും നിറപ്പകിട്ടിന്റേയും മങ്ങല്‍" ആയിരിക്കുമെന്ന് ആക്രോയ്ഡ് പറയുന്നു.[14] ആബിയില്‍ വരയില്‍ മുഴുകി ചെലവഴിച്ച നീണ്ട സായാഹ്നങ്ങളില്‍ ചിലപ്പോഴൊക്കെ വെസ്റ്റ്മിന്‍സ്റ്റര്‍ വിദ്യാലയത്തിലെ കുട്ടികള്‍ ബ്ലെയ്ക്കിനെ ശല്യപ്പെടുത്തിയിരുന്നു. അവരിലൊരാളുടെ 'പീഡനം' അസഹ്യമായപ്പോള്‍, ബ്ലെയ്ക്ക് അവനെ ഒരു ദിവസം മുകള്‍ത്തട്ടില്‍ നിന്ന് ഇടിച്ചു താഴെയിടുകയും അവന് "വലിയ കോലാഹലത്തോടെ താഴെ വീഴുകയും ചെയ്തു".[15]വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളിയില്‍ ബ്ലെയ്ക്കിന് ഏറെ സങ്കല്പക്കാഴ്ചകള്‍(visions) ഉണ്ടായി. സംന്യാസികളുടേയും പുരോഹിതന്മാരുടേയും ഒരു വലിയ പ്രദക്ഷിണം, വിവിധയിനം ആരാധനാഗാനങ്ങളുടെ ആലാപനം തുടങ്ങിയവ ഈ സ്വപ്നദര്‍ശനങ്ങളില്‍ ചിലതായിരുന്നു.
[തിരുത്തുക] റോയല്‍ അക്കാദമി
1778-ല്‍ ബ്ലെയ്ക്ക് ലണ്ടണിലെ സ്ട്രാന്‍ഡിനടുത്തുള്ള റോയല്‍ അക്കാദമിയില്‍ ചേര്‍ന്നു. അവിടെ ആറുവര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍, അക്കാദമിക്ക് ഫീസൊന്നും കൊടുക്കേണ്ടിയിരുന്നില്ലെങ്കിലും പഠനസാമിഗ്രികള്‍ സ്വന്തം ചെലവില്‍ വാങ്ങേണ്ടിയിരുന്നു. അക്കാദമിയില്‍ അദ്ദേഹം പീറ്റര്‍ പോള്‍ റൂബന്‍സിനേയും മറ്റും പോലുള്ളവരുടെ കലാശൈലിയുടെ അപൂര്‍ണ്ണതക്കെതിരെ കലാപമുയര്‍ത്തി. അന്ന് സ്വീകാര്യമായി കണക്കാക്കപ്പെട്ടിരുന്ന ആ ശൈലിയെ പിന്തുണച്ചിരുന്നവരില്‍ പ്രമുഖന് അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന പ്രഖ്യാതചിത്രകാരന്‍ ജോഷ്വാ റെയ്നോള്‍ഡ്സായിരുന്നു. ബ്ലെയ്ക്ക് റെയ്നോള്‍സിന്റെ കലാവീക്ഷണത്തെ, പ്രത്യേകിച്ച്, കലയില്‍ 'പൊതുസത്യവും' 'പൊതുസൗന്ദര്യവും' തേടാനുള്ള അദ്ദേഹത്തിന്റെ പ്രവണതയെ വെറുത്തു. "അമൂര്‍ത്തീകരിക്കാനും സാമാന്യവല്ക്കരിക്കാനുമുള്ള പ്രവണത മനുഷ്യമനസ്സിന്റെ മഹത്ത്വങ്ങളില്‍ ഒന്നാണ്" എന്ന് തന്റെ 'പ്രഭാഷണങ്ങളില്‍' റെയ്നോള്‍ഡ്സ് എഴുതിയിരുന്നു; പ്രഭാഷണങ്ങളുടെ പ്രതിയുടെ മാര്‍ജിനില്‍, അതിനോട് പ്രതികരിച്ച് ബ്ലെയ്ക്ക് ഇങ്ങനെ കുറിച്ചു: "സാമാന്യവത്കരിക്കുകയെന്നാല് മൂഢനാവുക എന്നാണ്. സവിശേഷവത്കരണം മാത്രമാണ് മേന്മയുടെ ഏക അടയാളം."[16] റെയ്നോള്‍സ് പ്രകടിപ്പിച്ച വിനയവും ബ്ലെയ്ക്കിനെ ഇഷ്ടമായില്ല. ഒരുതരം കാപട്യമായാണ് അദ്ദേഹം അതിനെ കണ്ടത്. റെയ്നോള്‍ഡ്സിന്റെ ഏറെ പ്രശംസിക്കപ്പെട്ടിരുന്ന എണ്ണച്ചായച്ചിത്രങ്ങളേക്കാള് ബ്ലെയ്ക്ക് ഇഷ്ടപ്പെട്ടത്, തന്നെ ആദ്യം സ്വാധീനിച്ച മൈക്കെലാഞ്ജലോയുടേയും റഫേലിന്റേയും സൃഷ്ടികളിലെ ക്ലാസിക്കല്‍ കൃത്യതയാണ്.
[തിരുത്തുക] ഗോര്‍ഡന്‍ കലാപം
1780 ജൂണില്‍ ഒരു ദിവസം ബാസിയറുടെ സ്ഥാപനത്തിലേക്ക് നടന്നുപോവുകയായിരുന്ന ബ്ലെയ്ക്ക്, ലണ്ടണിലെ ന്യൂഗേറ്റ് ജെയില്‍ ആക്രമിക്കാന്‍ പോയ ഒരു പുരുഷാരത്തിനിടയില്‍ പെട്ടുപോയെന്ന് ബ്ലെയ്ക്കിന്റെ ആദ്യത്തെ ജീവചരിത്രകാരനായ അലക്സാണ്ടര്‍ ഗില്‍ക്രൈസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.[17] കോടാലിയും മറ്റും ഉപയോഗിച്ച് ജെയില്‍ തല്ലിപ്പൊളിച്ച പുരുഷാരം കെട്ടിടത്തിന് തീവക്കുകയും അകത്തുണ്ടായിരുന്ന തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോള്‍ ബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുന്‍നിരയിലായിരുന്നെന്ന് പറയപ്പെടുന്നു. റോമന്‍ കത്തോലിക്കര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തുകൊണ്ടുള്ള പാര്‍ലമെന്റിന്റെ നടപടിയോട് പ്രതികരിച്ചുള്ള ഈ ലഹള ഗോര്‍ഡന്‍ കലാപം എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു. ഒരുപരമ്പര പുതിയനിയമങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ ഈ കലാപം ജോര്‍ജ്ജ് മൂന്നാമന് രാജാവിന്റെ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ബ്രിട്ടണിലെ ആദ്യത്തെ പോലീസ് സൈന്യം രൂപം കൊണ്ടതും ഈ ലഹളയുടെ പശ്ചാത്തലത്തിലാണ്.
ബ്ലെയ്ക്ക് ലഹളയില്‍ കൂടിയത് നിര്‍ബ്ബന്ധത്തിനുവഴങ്ങിയാണെന്ന് ഗില്‍ക്രൈസ്റ്റ് പറയുന്നുണ്ടെങ്കിലും അദ്ദേഹം പെട്ടെന്നുള്ള ആവേശത്തിന് അതില്‍ പങ്കെടുത്തതാണെന്നും വിപ്ലവമുന്നേറ്റമായി കരുതി പിന്തുണച്ചതാകാമെന്നുമൊക്കെ പറയുന്ന ജീവചരിത്രകാരന്മാരുണ്ട്.[18] ഇതിനുവിപരീതമായി ജെറോം മക്ഗാന് വാദിക്കുന്നത് ലഹള ഒരു പ്രതിലോമ പ്രസ്ഥാനമായിരുന്നെന്നും അത് ബ്ലെയ്ക്കിന് അറപ്പുണ്ടാക്കുമായിരുന്നെന്നുമാണ്.[19]
[തിരുത്തുക] വിവാഹം, കലാസപര്യയുടെ തുടക്കം
1782-ല്‍ ബ്ലെയ്ക്ക് പിന്നീട് തനിക്ക് ആശ്രയമായിത്തീര്‍ന്ന ജോണ്‍ ഫ്ലാക്സ്മാനെ പരിചയപ്പെട്ടു. പിന്നീട് തന്റെ ഭാര്യയായിത്തീര്‍ന്ന കാഥറിന് ബൗച്ചറെ ബ്ലെയ്ക്ക് കണ്ടുമുട്ടിയതും ആ വര്‍ഷമാണ്. തകര്‍ന്ന ഒരു ബന്ധം ഉളവാക്കിയ ഞടുക്കം വിട്ടുമാറുന്നതിനു മുന്‍പായിരുന്നു അത്. അതിനെപ്പറ്റി ബ്ലെയ്ക്കില്‍ നിന്നുകേട്ട കാഥറിനും അവളുടെ മാതാപിതാക്കളും അദ്ദേഹത്തോട് അനുകമ്പ കാണിച്ചു. അപ്പോള്‍ ബ്ലെയ്ക്ക് അവളോട് "നിനക്ക് എന്നോട് ദയ തോന്നുന്നുണ്ടോ?" എന്നു ചോദിച്ചു. ഉണ്ടെന്നുള്ള കാഥറിന്റെ മറുപടികേട്ടപ്പോള്‍ ബ്ലെയ്ക്ക് അവളോട് "എങ്കില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്നു പറഞ്ഞു. തന്നേക്കള്‍ അഞ്ചു വയസ്സ് ഇളപ്പമായിരുന്ന കാഥറിനെ ബ്ലെയ്ക്ക് 1782 ഓഗസ്റ്റ് 18-ന് ബട്ടേര്‍സീയിലെ വിശുദ്ധമറിയത്തിന്റെ പള്ളിയില്‍ വച്ച് വിവാഹം കഴിച്ചു. നിരക്ഷരയായിരുന്ന കാഥറിന് വിവാഹ ഉടമ്പടിയില്‍ ഒപ്പായി ഗുണനചിഹ്നം(X) ആണിട്ടത്. പിന്നീട് അവരെ ബ്ലെയ്ക്ക് എഴുതാനും വായിക്കാനും പഠിപ്പിച്ചതിനുപുറമേ മുദ്രണകല പരിശീലിപ്പിക്കുകയും ചെയ്തു. ബ്ലെയ്ക്കിന്റെ ജീവിതകാലമത്രയും അവര്‍ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സഹായി ആയിരുന്നു. ബ്ലെയ്ക്കിന്റെ സചിത്രകൃതികളുടെ പ്രസിദ്ധീകരണത്തില്‍ പങ്കാളിയായതിനു പുറമേ അദ്ദേഹത്തിനു നേരിടേണ്ടിവന്ന ഏറെ കഷ്ടതകളില്‍ ആത്മധൈര്യം പകര്‍ന്ന് അവര്‍ ഒപ്പമുണ്ടായിരുന്നു.
അക്കാലത്ത് ലണ്ടണിലെ ദേശീയഗാലറിയുടെ സ്ഥാപകന്മാരില് ഒരാളായിരുന്ന ജോര്‍ജ്ജ് കുംബര്‍ലാന്‍ഡ് ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ ആരാധകനായി. കാവ്യശകലങ്ങള്‍ (Poetic sketches) എന്ന ആദ്യകവിതാസമാഹാരം 1783-നടുത്താണ് പ്രസിദ്ധീകരിച്ചത്. 1784-ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് ബ്ലെയ്ക്കും സഹോദരന് റോബര്‍ട്ടും ചേര്‍ന്ന് ഒരു മുദ്രണശാല തുടങ്ങി. വിപ്ലവാത്മകമായ ചിന്തകളുടെപേരില്‍ അറിയപ്പെട്ടിരുന്ന പ്രസാധകന് ജോസഫ് ജോണ്‍സണുമായി അവര്‍ സഹകരിച്ചു. ജോണ്‍സന്റെ വീട്, മുന്‍കിടയിലെ വിമതന്മാരില് പലരുടേയും സംഗമസ്ഥാനമായിരുന്നു: ശാസ്ത്രജ്ഞന് ജോസഫ് പ്രീസ്റ്റ്ലി; തത്ത്വചിന്തകന് റിച്ചാര്‍ഡ് പ്രൈസ്; കലാകരന്, ജോണ്‍ ഹെന്‍ട്രി ഫുസേലി;[20] ആദ്യകാല സ്ത്രീസ്വാതന്ത്ര്യവാദി, മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റ്; അമേരിക്കന്‍ വിപ്ലവകാരി, തോമസ് പെയ്ന് തുടങ്ങിയവര്‍ അവരില്‍ ചിലരായിരുന്നു. വേഡ്സ്വര്‍ത്തിനേയും, വില്യം ഗോഡ്വിനേയും പോലെ, ബ്ലെയ്ക്കും അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിലും ഫ്രഞ്ചുവിപ്ലവത്തിലും ഏറെ പ്രതീക്ഷവച്ചിരുന്നു. ഫ്രഞ്ച് വിപ്ലവകാരികളോട് അനുഭാവം പ്രകടിപ്പിക്കാന്‍ അദ്ദേഹം വിപ്ലവത്തിന്റെ ഛിഹ്നമായ ഫ്രിജിയന്‍ തൊപ്പി അണിഞ്ഞു. എന്നാല്‍ റോബ്സ്പിയേറുടെ ഉയര്‍ച്ചയും അദ്ദേഹത്തിനുകീഴില്‍ വിപ്ലവം ഭീകരവാഴ്ചയായി മാറിയതും ബ്ലെയ്ക്കിനെ നിരാശപ്പെടുത്തി. 1784-ല്‍ തന്നെ അദ്ദേഹം തന്റെ പൂര്‍ത്തിയാകാതെപോയ "ചന്ദ്രനിലെ ഒരു ദ്വീപ്" (An island in the Moon) എന്ന കഥ രചിച്ചു.
മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റിന്റെ യഥാര്‍ത്ഥജീവിതത്തില്‍ നിന്നുള്ള സത്യകഥകള്‍(1788; 1791) എന്ന പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചത് ബ്ലെയ്ക്കാണ്. വോള്‍സ്റ്റോണ്‍ക്രാഫ്റ്റും ബ്ലെയ്ക്കും സ്ത്രീപുരുഷസമത്വം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ ഒരേ അഭിപ്രായങ്ങള്‍ പങ്കിട്ടിരുന്നുവെന്ന് കരുതണം. എന്നാല്‍ അവര്‍ കണ്ടുമുട്ടിയിരുന്നുവെന്ന് സംശയരഹിതമായി തെളിയിക്കാന്‍ രേഖകളില്ല. 1793-ല്‍ സ്വന്തം ചിത്രങ്ങളോടൊപ്പം പ്രസിദ്ധീകരിച്ച അല്‍ബിയോണിന്റെ പെണ്മക്കളുടെ ദര്‍ശനങ്ങള്‍ എന്ന കവിതയില്‍, ബ്ലേക്ക് നിര്‍ബ്ബന്ധിത പാതിവ്രത്യത്തേയും സ്നേഹരഹിതമായ വിവാഹത്തേയും വിമര്‍ശിക്കുകയും സമ്പൂര്‍ണ്ണ ആത്മസാക്ഷാത്കാരത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ ന്യായീകരിക്കുകയും ചെയ്തു.
[തിരുത്തുക] ഉദ്ദീപ്ത മുദ്രണം
1738-ല്‍ 31 വയസ്സുള്ളപ്പോള്‍ ബ്ലെയ്ക്ക് ഉദ്ദീപ്തമുദ്രണം(Illuminated Printing), റിലീഫ് എച്ചിങ്ങ് എന്നൊക്കെ അറിയപ്പെട്ട ആലേഖനവിദ്യയില് പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി. ബ്ലെയ്ക്കിന്റെ മിക്കവാറും പുസ്തകങ്ങളും, ചിത്രങ്ങളും, ലഘുലേഖകളും, ദീര്‍ഘമായ പ്രവചനങ്ങളടക്കമുള്ള കവിതകളും, ബൈബിളിനെ വിഷയമാക്കിയുള്ള നായകശില്പങ്ങളും വെളിച്ചം കണ്ടത് ഈ സാങ്കേതികവിദ്യയുടെ ആശ്രയത്തിലാണ്. ഈ വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച പുസ്തകങ്ങള്‍ ഉദ്ദീപ്തഗ്രന്ഥങ്ങള് എന്നറിയപ്പെട്ടു. കവിതയുടേയും മറ്റും പാഠവും ഒപ്പമുള്ള ചിത്രങ്ങളും ചെമ്പുതകിടിന്മേല് അമ്ലനിര്മ്മമമായ (acid resistant) മാധ്യമത്തില്‍ പേനയോ ബ്രഷോ ഉപയോഗിച്ച് എഴുതുകയാണ് ഇതിന് ആദ്യം ചെയ്തിരുന്നത്. തുടര്‍ന്ന് തകിടിന്മേല് അമ്ലം പ്രയോഗിച്ച് എഴുത്തും ചിത്രങ്ങളും ഇല്ലാത്ത പശ്ചാത്തലത്തിലെ ചെമ്പിനെ ലയിപ്പിക്കുമ്പോള്‍ ആ ഭാഗം താഴ്ന്നും എഴുത്തും ചിത്രങ്ങളും ആ പശ്ചാത്തലത്തില്‍ ഉയര്‍ന്നും വരുന്നു.
അമ്ലത്തിന്റെ പ്രവര്‍ത്തനം ചിത്രങ്ങളുടെയും മറ്റും വരകളിന്മേല് നടക്കുന്ന സാധാരണ എച്ചിങ്ങ് രീതിക്ക് നേര്‍വിപരീതമാണിത്. ബ്ലെയ്ക്ക് കണ്ടുപിടിച്ച റിലീഫ് എച്ചിങ്ങ് എന്ന ഈ സാങ്കേതികവിദ്യ വ്യാവസായിക മുദ്രണത്തിലെ ഒരു പ്രധാനരീതിയായി മാറി. ഈ മാര്‍ഗ്ഗം ഉപയോഗിച്ച് മുദ്രണം ചെയ്യപ്പെട്ട താളുകളില്‍ പിന്നീട് കൈകൊണ്ട് ജലവര്‍ണ്ണങ്ങള്‍ തേച്ചശേഷം തുന്നിക്കെട്ടി പുസ്തകരൂപത്തിലാക്കുകയാണ് ചെയ്തിരുന്നത്. ഉദ്ദീപ്തമുദ്രണരീതി ഉപയോഗിച്ചാണ് ബ്ലെയ്ക്ക് തന്റെ നിഷ്കളങ്കതയുടെ പാട്ടുകള്‍, അറിവിന്റെ പാട്ടുകള്‍, തെലിന്റെ പുസ്തകം സ്വര്‍ഗ്ഗ-നരകങ്ങളുടെ വിവാഹം, യെരുശലേം എന്നിവ ഉള്‍പ്പെടെയുള്ള ഏറെ അറിയപ്പെടുന്ന രചനകളെല്ലാം പ്രസിദ്ധീകരിച്ചത്.
[തിരുത്തുക] പില്‍ക്കാലജീവിതവും കലയും
ഭാര്യ കാഥറിനുമായി ബ്ലെയ്ക്ക് മരണംവരെ സ്നേഹവും വിശ്വസ്തതയും പുലര്‍ത്തി. കാഥറിനെ ബ്ലെയ്ക്ക് എഴുത്തും വായനയും പഠിപ്പിച്ചു. അദ്ദേഹത്തിന്റെ കവിതകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്ക് ചായം കൊടുക്കുന്നതില്‍ അവര്‍ സഹകരിച്ചു.[21] വിവാഹത്തിന്റെ ആദ്യഘട്ടത്തിലെ "കൊടുങ്കാറ്റുദിനങ്ങളെക്കുറിച്ച്" ഗില്‍ക്രൈസ്റ്റ് പറയുന്നുണ്ട്.[22] വിവാഹത്തെക്കുറിച്ച് വ്യത്യസ്തമായ ആശയങ്ങള്‍ പിന്തുടര്ന്നിരുന്ന സ്വീഡന്‍ബര്‍ഗ്ഗ് സമൂഹത്തിന്റെ വിശ്വാസങ്ങളുടെ ബലത്തില്‍, ഒരു വെപ്പാട്ടിയെ വിവാഹത്തിലേക്കും കിടക്കയിലേക്കും കൊണ്ടുവരാന്‍ ബ്ലെയ്ക്ക് ശ്രമിച്ചുവെന്ന് പറയുന്ന ജീവചരിത്രകാരന്മാരുണ്ട്.[23] എന്നാല്‍ മറ്റു പണ്ഡിതന്മാര് ഈ കഥകളെ ഊഹാപോഹങ്ങളായി തള്ളിക്കളയുന്നു.[24]
ഈ ദമ്പതിമാര്‍ക്ക് സന്താനങ്ങളില്ലായിരുന്നു. വില്യമിന്റേയും കാഥറീന്റേയും ആദ്യപുത്രിയും അവസാനസന്താനവും തെലിന്റെ പുസ്തകം എന്ന രചനയില്‍ മൃതാവസ്ഥയില്‍ ഗര്ഭംധരിക്കപ്പെട്ടതായി പറയുന്ന തെല്‍ ആണെന്നുപറയാം.[25]
[തിരുത്തുക] ഫെല്‍ഫാം
1800-ല്‍, വില്യം ഹെയ്ലി എന്ന ചെറുകിട കവിയുടെ രചനകള്‍ക്ക് ചിത്രം വരക്കുന്ന ജോലി ഏറ്റെടുത്ത് ബ്ലെയ്ക്ക് സസക്സിലെ ഫെല്ഫാമില് ഒരു കുടിലില്‍ താമസമാക്കി. ഈ കുടിലിലാണ് അദ്ദേഹം, 1805-നും 1808-നും ഇടക്ക് പ്രസിദ്ധീകരിച്ച മില്ട്ടന് എന്ന കവിത എഴുതിയത്. ക്രമേണ ബ്ലെയ്ക്ക് തന്റെ പുതിയ രക്ഷാധികാരിയുമായി അകല്‍ച്ചയിലായി. ഹെയ്ലിയുടെ താത്പര്യം കലാസപര്യയില്‍ അല്ല അന്തസ്സാരശ്ശൂന്യമായ വിരസവൃത്തിയിലാണെന്ന് അദ്ദേഹത്തിനു തോന്നി.[26] മില്ട്ടന് എന്ന കവിതയിലെ "ഭൗതികസുഹൃത്തുക്കള് ആത്മീയശത്രുക്കളാണ്(3:26)" എന്ന വരിക്ക് പ്രചോദനമായത് ഹെയ്ലിയുമായുള്ള ബന്ധം നല്കിയ അനുഭവങ്ങളാണെന്നു കരുതുന്നവരുണ്ട്.[26]
അധികാരികളുമായുള്ള ബ്ലെയ്ക്കിന്റെ കലഹം, 1803 ആഗസ്റ്റില്‍ ജോണ്‍ ഷോഫീല്‍ഡ് എന്ന പട്ടാളക്കാരനുമായുള്ള അദ്ദേഹത്തിന്റെ മല്പിടിത്തത്തെ തുടര്‍ന്ന് മൂര്‍ദ്ധന്യത്തിലായി.[27] ബ്ലെയ്ക്കിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കയ്യേറ്റത്തിനുപുറമേ രാഷ്ട്രവിരോധവും രാജദ്രോഹപരവുമായ ജല്പനങ്ങളും ഉള്‍പ്പെട്ടിരുന്നു. "രാജാവ് തുലയട്ടെ. പട്ടാളക്കാരൊക്കെ അടിമകളാണ്" എന്ന് ബ്ലെയ്ക്ക് വിളിച്ചുപറഞ്ഞതായി ഷോഫീല്‍ഡ് അവകാശപ്പെട്ടിരുന്നു.[28] ഒടുവില്‍ ബ്ലെയ്ക്ക് കുറ്റവിമുക്തനാക്കപ്പെട്ടു. സസക്സിലെ ഒരു പ്രാദേശിക പത്രത്തിലെ റിപ്പോര്‍ട്ടനുസരിച്ച്, "ഉന്നയിക്കപ്പെട്ട തെളിവുകള്‍ ചമച്ചുണ്ടാക്കിയവയാണെന്ന് വളരെ വ്യക്തമായിരുന്നതിനാല്‍ സംഗതി കുറ്റവിമുക്തിയില്‍ അവസാനിച്ചു".[29] പിന്നീട് യെരുശലേം എന്ന കവിതയോടൊപ്പം ചേര്‍ത്ത ഒരു ചിത്രത്തില്‍ ഷോഫീല്‍ഡ് "മനോനിര്‍മ്മിതമായ വിലങ്ങ്" (Mind-forged manacles) ധരിച്ച് പ്രത്യക്ഷപ്പെട്ടു.[30]
[തിരുത്തുക] ലണ്ടണില്‍ തിരികെ
1804-ല്‍ ലണ്ടണില്‍ മടങ്ങിയെത്തിയ ബ്ല്യെക്ക്, അദ്ദേഹം ഏറ്റവും പ്രതീക്ഷവച്ച പുസ്തകമായ യെരുശലേമിന്റെ രചനയിലും ചിത്രീകരണത്തിലും മുഴുകി. ചോസറുടെ കാന്റര്‍ബറി കഥകളിലെ തീര്‍ത്ഥാടകരുടെ ചിത്രീകരണം നടത്താന്‍ തീരുമാനിച്ച അദ്ദേഹം, അതിന്റെ വില്പ്നയുടെ ചുമതല ഏറ്റെടുക്കാന്‍ റോബര്‍ട്ട് ക്രോമക്ക് എന്ന കച്ചവടക്കാരനോടാവശ്യപ്പെട്ടു. 'കിറുക്കന്' പ്രകൃതിയായ ബ്ലെയ്ക്ക് ജനസമ്മതി കിട്ടത്തക്കവണ്ണം ചിത്രീകരണം നിര്വഹിക്കാനിടയില്ലെന്നു വിശ്വസിച്ച ക്രോമക്ക്, ബ്ലെയ്ക്കിന്റെ ആശയം തോമസ് സ്റ്റോട്ട്ഹാര്ഡിന് കൈമാറി. താന്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ ബ്ലെയ്ക്ക്, സ്റ്റോട്ട്ഹാര്ഡുമായി പിണങ്ങി. സ്വന്തം ചോസര്‍ ചിത്രീകരണവും മറ്റുചിത്രങ്ങളും ഉള്‍പ്പെട്ട ഒരു സ്വതന്ത്രപ്രദര്ശനം സഹോദരന്റെ കടയില്‍ അദ്ദേഹം ഒരുക്കുകയും ചെയ്തു. അതിന്റെ ഫലമായി അദ്ദേഹം തന്റെ വിവരണപ്പട്ടിക(Descriptive Catalogue-1809), എഴുതി. ആന്തണി ബ്ലണ്ട്, ചോസര്‍ സാഹിത്യത്തിന്റെ ഉജ്ജ്വലവിശകലനം എന്നുവിശേഷിപ്പിച്ച ഒരു ഭാഗവും അതിലുണ്ട്. ചോസര്‍ നിരൂപണങ്ങളുടെ സമഹാരങ്ങളില്‍ ഒരു ക്ലാസിക്കായി അതുള്പ്പെടുത്താറുണ്ട്.[31] തന്റെ മറ്റുചിത്രങ്ങളുടെ വിശദീകരണങ്ങളും ബ്ലെയ്ക്ക് വിവരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജോര്‍ജ്ജ് കുംബര്‍ലാന്‍ഡ് ബ്ലെയ്ക്കിനെ ജോണ്‍ ലിന്നല്‍ എന്ന യുവകലാകാരനു പരിചയപ്പെടുത്തി. ലിന്നല്‍ വഴി അദ്ദേഹം പുരാതനകലാസമൂഹം എന്ന് സ്വയം വിശേഷിപ്പിച്ച കലാകാരന്മാരുടെ കൂട്ടായ്മയില്‍ അംഗമായിരുന്ന സാമുവല്‍ പാമറെ പരിചയപ്പെട്ടു. ഈ സമൂഹം ബ്ലെയ്ക്കിനെപ്പോലെ ആധുനികതയുടെ പ്രവണതകളെ തള്ളിപ്പറയുകയും, ആത്മീയവും കലാപരവുമായ ഒരു നവയുഗത്തെക്കുറിച്ചുള്ള ബ്ലെയ്ക്കിന്റെ വിശ്വാസത്തില്‍ പങ്കുപറ്റുകയും ചെയ്തിരുന്നു. അറുപത്തഞ്ചാമത്തെ വയസ്സില്‍ ബ്ലെയ്ക്ക് ബൈബിളിലെ ഇയ്യോബിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണപരമ്പര തുടങ്ങി. ആ പരമ്പരയെ പിന്നീട് ജോണ്‍ റസ്കിന് റെംബ്രാന്‍ഡിന്റെ സൃഷ്ടികളോട് താരതമ്യപ്പെടുത്തി പ്രശംസിച്ചു. വ്വാന്‍ വില്യംസ് ജോബിനെക്കുറിച്ചുള്ള തന്റെ ബാലെക്ക് ആധാരമാക്കിയതും ബ്ലെയ്ക്കിന്റെ പരമ്പരയിലെ ചിത്രങ്ങളെയാണ്.
ജീവിതാവസാനത്തിനടുത്ത് ബ്ലെയ്ക്ക് തന്റെ സൃഷ്ടികളില്‍ ഏറെയെണ്ണം, പ്രത്യേകിച്ച് ബൈബിള്‍ ചിത്രീകരണങ്ങള്‍, തോമസ് ബട്ട്സ് എന്നയാള്‍ക്ക് വിറ്റു. ബ്ലെയ്ക്കിന് ആശ്രയമായ ബട്ട്സ് അദ്ദേഹത്തെ കലാമൂല്യമുള്ള സൃഷ്ടികളുടെ കര്ത്താവെന്നതിനുപകരം സുഹൃത്തായാണ് വിലമതിച്ചത്; ബ്ലെയ്ക്കിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവിതകാലത്ത് പലരുടേയും മനോഭാവത്തിന് ഇത് മാതൃകയാണ്.
[തിരുത്തുക] ഡിവൈന്‍ കോമഡി
ഡാന്റേയുടെ ഡിവൈന്‍ കോമഡി ചിത്രീകരിക്കാനുള്ള നിയോഗം ബ്ലെയ്ക്കിനു കിട്ടിയത് ജോണ്‍ ലിന്നെല്‍ മുഖാന്തരം 1826-ലാണ്. 1827-ല്‍ മുദ്രണങ്ങളില്‍ ഏഴെണ്ണം മാത്രം പൂര്‍ത്തീകരണത്തിന് അടുത്തെത്തിയിരുന്നപ്പോഴായിരുന്നു ബ്ലെയ്ക്കിന്റെ മരണം. ഒരുപിടി ജലച്ചായച്ചിത്രങ്ങള് മാത്രമേ അകാലത്തില്‍ അവസാനിച്ച ആ സംരംഭത്തിന്റെ ഭാഗമായുള്ളു. എന്നാല്‍ അവപോലും കാര്യമായ പ്രശംസ നേടിയിട്ടുണ്ട്. 'ഡാന്റേ പരമ്പരയിലെ ജലവര്ണ്ണചിത്രങ്ങള് ബ്ലെയ്ക്കിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ പെടുന്നു. ഇത്ര സങ്കീര്‍ണ്ണമായ ഒരു കാവ്യത്തെ ചിത്രീകരിക്കുന്നതിലുള്ള പ്രശ്നങ്ങളെ അത് മുഖാമുഖം നേരിടുന്നു. ജലവര്ണ്ണത്തിലെ കരവിരുത് അത്യുന്നതി പ്രാപിച്ച്, കവിതയിലെ ഉണ്മയുടെ മൂന്നവസ്ഥകളെ വ്യത്യസ്തതകളെ ചിത്രീകരിക്കുന്നതില്‍ അസാമാന്യസഫലത കൈവരിച്ചിരിക്കുന്നുവെന്ന് ഡേവിഡ് ബൈന്ഡ്മാന് അഭിപ്രായപ്പെട്ടിട്ടുണ്ട്.[32]
കോമഡി പരമ്പര പൂര്ത്തിയാകാതെപോയതു കൊണ്ട്, ബ്ലെയ്ക്കിന്റെ പദ്ധതിയുടെ അന്തിമസ്വഭാവം ഊഹിക്കുകയേ നിവൃത്തിയുള്ളു. എന്നാല്‍ ലഭ്യമായ സൂചനകള്‍ വച്ചുനോക്കുമ്പോള്‍, ബ്ലെയ്ക്കിന്റെ പരമ്പര അതിന്റെ പൂര്‍ണ്ണതയില്‍ അതിനാധാരമായ പാഠത്തെ ചോദ്യംചെയ്യുമായിരുന്നെന്ന് വ്യക്തമാണ്: വാളേന്തിയ ഹോമറുടേയും സഹചരന്മാരുടേയും ചിത്രത്തിന്റെ മാര്‍ജിനില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: "ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി കോമഡിയിലാകെ, ഡാന്റേ പരിശുദ്ധാത്മാവിനുപകരം ലോകത്തേയും പ്രകൃതീദേവിയേയും അടിസ്ഥാനമാക്കിയെന്നു വ്യക്തമാണ്". പുരാതനഗ്രീസിലെ കാവ്യരചനകളോടുള്ള ആരാധനയില്‍ ബ്ലെയ്ക്ക് ഡാന്റേക്കൊപ്പം കൂടിയില്ല. നരകത്തിലെ പീഡകള്‍ പെരുപ്പിക്കുന്നതില്‍ ഡാന്റേ കാണിച്ച ഉത്സാഹത്തിലും ബ്ലെയ്ക്ക് പങ്കുചേര്‍ന്നില്ല. അതേസമയം ഭൗതികവാദത്തോട് ഡാന്റേക്കുണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയ്ക്കിനുമുണ്ടായിരുന്നു. ഡാന്റേയെപ്പോലെ, അധികാരത്തിന്റെ ദൂഷണശക്തിയെക്കുറിച്ച് ബോധവാനായിരുന്ന ബ്ലെയ്ക്ക് ഡിവൈന്‍ കോമഡിയിലെ അന്തരീക്ഷവും ബിംബങ്ങളും ചിത്രീകരിക്കാന്‍ കിട്ടിയ അവസരം വിലമതിച്ചു. മരണത്തോടടുക്കുമ്പോഴും ജ്വരബാധിതമായ തന്റെ നരകചിത്രീകരണത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിനു വ്യഗ്രത; കയ്യിലുണ്ടായിരുന്ന അവസാന ഷില്ലിങ്ങ് വരെ ആ വരക്കുവേണ്ട പെന്‍സില്‍ വാങ്ങാന്‍ അദ്ദേഹം ചെലവഴിച്ചു.[33]
കോമഡിക്ക് ബ്ലെയ്ക്ക് നിര്‍മ്മിച്ച ചിത്രീകരണങ്ങള്‍ കേവലം അനുബന്ധസൃഷ്ടികളല്ല. ഗ്രന്ഥപാഠത്തിന്റെ ആത്മീയവും ധാര്‍മ്മികവുമായ വശങ്ങളെ വിമര്‍ശനബുദ്ധിയോടെ തിരുത്തിയെഴുതുകയും നിരൂപണം ചെയ്യുകയുമാണ് അവ. മില്‍ട്ടന്റെ പറുദീസനഷ്ടത്തിന് ബ്ലെയ്ക്ക് വരച്ച ചിത്രങ്ങളുടെ കാര്യത്തിലും ഇതുശരിയാണ്. പറുദീസനഷ്ടത്തില്‍ സാത്താനെ നായകനാക്കിയ മില്‍ട്ടന്റെ തെറ്റ് തിരുത്തി ക്രിസ്തുവിനെ ആ കവിതയുടെ നായകനാക്കുകയാണ് ബ്ലെയ്ക്ക് ചെയ്തതെന്ന് ചില വിമര്ശകന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്.[34]
[തിരുത്തുക] ദര്‍ശനങ്ങള്‍
വളരെ ചെറിയ പ്രായത്തില്‍ തന്നെ ബ്ലെയ്ക്ക് തനിക്ക് ദര്‍ശനങ്ങള്‍ ലഭിക്കുന്നതായി അവകാശപ്പെട്ടിരുന്നു. ഇവയില്‍ ആദ്യത്തേത് നാലുവയസ്സിനടുത്തുമാത്രം ഉള്ളപ്പോഴായിരുന്നിരിക്കണം നടന്നത്. ഒരു കഥയനുസരിച്ച്, ദൈവം ജനാലയില്‍ കൂടി തല വെളിയിലിട്ടപ്പോള് ബ്ലെയ്ക്ക് ദൈവത്തെ കണ്ട ബ്ലെയ്ക്ക് അലറിക്കരഞ്ഞു.[35] എട്ടോ-പത്തോ വയസ്സുള്ളപ്പോള്‍, ലണ്ടണിലെ പെക്കാം റൈയില്‍ വച്ച്, ബ്ലെയ്ക്ക് മാലാഖമാര്‍ തിങ്ങിനിറഞ്ഞ ഒരു മരം കണ്ടുവെന്നവകാശപ്പെട്ടു. "മരത്തിന്റെ ഓരോ ചില്ലയിലും മാലാഖമാരുടെ വെണ്‍ചിറകുകള്‍ നക്ഷത്രങ്ങളെപ്പോലെ മിന്നുന്നുണ്ടായിരുന്നു."[35]ബ്ലെയ്ക്കിന്റെ വിക്ടോറിയന്‍ ജീവചരിത്രകാരനായ ഗില്‍ക്രൈസ്റ്റ് പറയുന്നത്, ഈ ദര്‍ശനത്തിന്റെ കാര്യം വീട്ടില്‍ പറഞ്ഞ പിതാവിന്റെ ബ്ലെയ്ക്ക് അടികൊള്ളാതെ രക്ഷപെട്ടത് അമ്മയുടെ ഇടപെടല്‍ മൂലമാണ്. ലഭ്യമായ തെളിവുകളനുസരിച്ച് മാതാപിതാക്കന്മാരിരുവരും, മകന്റെ വിചിത്രപ്രതിഭയെ പിന്തുണച്ചെങ്കിലും, അമ്മയാണ് ഏറെ പിന്തുണച്ചതെന്ന് കരുതണം. മകന്റെ ആദ്യകാല കവിതകളിലും ചിത്രങ്ങളിലും പലതും അമ്മയുടെ മുറിയുടെ ഭിത്തിയെ അലങ്കരിച്ചിരുന്നു. മറ്റൊരവസരത്തില്‍, ബ്ലെയ്ക്ക് വൈക്കോല്‍ കൂനയിടുന്നവരെക്കണ്ട് ബ്ലെയ്ക്കിന് അവര്‍ മാലാഖമാരാണെന്നു തോന്നി.[35]
ജീവിതകാലമത്രയും ബ്ലെയ്ക്ക് ദര്‍ശനങ്ങള്‍ ലഭിക്കുന്നതായി അവകാശപ്പെട്ടു. പലപ്പോഴും സുന്ദരമായ മതവിഷയങ്ങളും ബിംബങ്ങളുമായി ബന്ധപ്പെട്ടിരുന്ന അവ, ആത്മീയ രചനകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം. ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ കേന്ദ്രസ്ഥാനത്ത് ധാര്‍മ്മിക സങ്കല്പങ്ങളും ബിംബങ്ങളുമാണ്. ദൈവവും ക്രിസ്തുമതവും അദ്ദേഹത്തിന്റെ രചനകളുടെ ബൗദ്ധികകേന്ദ്രമായിരുന്നു. അവയില്‍ നിന്നാണ് അദ്ദേഹം പ്രചോദനം ഉള്‍ക്കൊണ്ടത്. കൂടാതെ കലാസൃഷ്ടികളുടെ കാര്യത്തില്‍, തന്നെ ദൈവദൂതന്മാര് നേരിട്ട് പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ബ്ലെയ്ക്ക് വിശ്വസിച്ചു. മാലാഖമാര്‍ ആ സൃഷ്ടികള്‍ വായിച്ചുരസിക്കുന്നെന്നും അദ്ദേഹം വിശ്വസിച്ചു. വില്യം ഹെയ്ലിക്ക് 1800 മേയ് 6-നെഴുതിയ കത്തില്‍ ബ്ലെയ്ക്ക് ഇങ്ങനെ കുറിച്ചു:
നമ്മുടെ പരേതരായ സുഹൃത്തുക്കള്‍ ജീവിച്ചിരുന്നപ്പോഴത്തേക്കാള്‍ യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍ നമ്മോടൊത്തുണ്ടെന്ന് എനിക്കറിയാം. പതിമൂന്നുവര്ഷം മുന്‍പ് മരിച്ച എന്റെ സഹോദരന്റെ ആത്മാവുമായി ഞാന്‍ ഓരോ ദിവസവും ഓരോ മണിക്കൂറും ആത്മാവില്‍ സല്ലപിക്കുന്നു. അവനെ ഞാന്‍ എന്റെ ഓര്‍മ്മയിലും സങ്കല്പലോകത്തിലും കാണുന്നു. ഞാന്‍ അവന്റെ ഉപദേശം ശ്രവിക്കുന്നു. ഇപ്പോള്‍ എഴുതുന്നതുപോലും അവന് പറഞ്ഞെതു കേട്ടെഴുതുന്നതാണ്.
1800 സെപ്റ്റംബര്‍ 21-ന് ജോണ്‍ ഫ്ലാക്സ്മാന് അയച്ച കത്തില്‍ ബ്ലെയ്ക്ക് ഇങ്ങനെ എഴുതി:
ഫെല്‍ഫാം(പട്ടണം) പഠനത്തിന് തികച്ചും പറ്റിയ സ്ഥലമാണ്. ലണ്ടനേക്കാള്‍ അത്മീയത അതിനുണ്ട്. ഇവിടെ സ്വര്‍ഗ്ഗം അതിന്റെ വാതിലുകള്‍ എല്ലാവശങ്ങളിലും തുറക്കുന്നു; അതിന്റെ ജനാലകളില്‍ മൂടല്‍ വീണിട്ടില്ല; ഇവിടെ സ്വര്‍ഗ്ഗവാസികളുടെ സ്വരം കൂടുതല്‍ വ്യക്തമായി കേള്‍ക്കാനും രൂപം കൂടുതല്‍ വ്യക്തമായി കാണാനും കഴിയുന്നു; എന്റെ കുടിലും അവരുടെ ഭവനത്തിന്റെ നിഴലിലാണ്. എന്റെ ഭാര്യയും സഹോദരിയും സുഖമായിരിക്കുന്നു: സമുദ്രദേവന്റെ ആശ്ലേഷം തേടുകയാണവര്‍... എന്റെ സൃഷ്ടികള്‍ സ്വര്‍ഗ്ഗത്തില്‍, എനിക്ക് സങ്കല്പിക്കാനാവുന്നതിലധികം മതിക്കപ്പെടുന്നു. എന്റെ തലച്ചോറില്‍ മര്‍ത്ത്യജീവിതം തുടങ്ങുന്നതിനുമുന്പ്, നിത്യതയുടെ യുഗങ്ങളില്‍ ഞാന്‍ തീര്‍ത്ത പുസ്തകങ്ങളും ചിത്രങ്ങളും നിറഞ്ഞ പഠനമുറികളും അറകളുമുണ്ട്; ആ കൃതികള്‍ ദൈവദൂതന്മാരുടെ ആനന്ദവും ഉപാസനയുമാണ്.
1803 ഏപ്രില്‍ 25-ന് തോമസ് ബട്ട്സിനെഴുതിയ കത്തില്‍ ഇങ്ങനെ കാണാം:
മറ്റൊരാളോടും പറയാന്‍ ധൈര്യപ്പെടാത്തൊരു കാര്യം ഞാന്‍ നിങ്ങളോടിപ്പോള്‍ പറയാം: ലണ്ടണില്‍ ഏകാന്തതയിലേ എനിക്ക് എന്റെ ദര്ശനപാഠങ്ങള് ആസ്വദിക്കാന്‍ കഴിയുകയുള്ളു: നിത്യതയിലെ കൂട്ടുകാരുമായി സല്ലപിക്കാനും, പ്രത്യക്ഷങ്ങള്‍ക്ക് സാക്ഷിയാകാനും, സ്വപനം കാണാനും, പ്രവചിക്കാനും ഉപമകളിലൂടെ സംസാരിക്കാനും മറ്റു മര്‍ത്ത്യജീവികളുടെ സംശയങ്ങളുടെ അലട്ടലില്ലാതിരിക്കണം. അവരുടെ സംശയങ്ങള്‍ ഒരുപക്ഷേ ദയയില്‍ നിന്ന് ഉറവെടുക്കുന്നതാകാം; പക്ഷേ സംശയങ്ങള്‍ എപ്പോഴും വിനാശകരമാണ്, പ്രത്യേകിച്ച് നാം നമ്മുടെ സുഹൃത്തുക്കളെ സംശയിക്കുമ്പോള്‍.
അന്ത്യവിധിയുടെ ദര്‍ശനം എന്ന രചനയില്‍ നിന്നെടുത്തതാണിത്:
സൃഷ്ടിക്കപ്പെട്ടത് തിന്മയാണ്. സത്യം സനാതനമാണ്. തിന്മ, അതായത് സൃഷ്ടി ദഹിപ്പിക്കപ്പെടും; അപ്പോള്‍, അപ്പോള്‍ മാത്രമേ സത്യവും നിത്യതയും പ്രത്യക്ഷമാവുകയുള്ളു. മനുഷ്യന്റെ കാഴ്ചയില്‍ നിന്നു മറയുന്ന നിമിഷം സൃഷ്ടിയുടെ ദഹനം നടക്കും. സൃഷ്ടലോകം എന്റെ കാഴ്ചയിലില്ലെന്ന് എനിക്കറിയാം. എനിക്ക് അതൊരു പ്രക്രിയയല്ല, തടസ്സം മാത്രമാണ്; എനിക്ക് എന്റെ ഭാഗമല്ലാത്ത പാദധൂളിപോലെയാണത്. "എന്ത്," നിങ്ങള്‍ ഒരുപക്ഷേ ചോദിച്ചേക്കാം, "സൂര്യനുദിക്കുമ്പോള്‍ ഏതാണ്ട് ഒരു നാണയം പോലെയുള്ള ഒരഗ്നിവൃത്തം നിങ്ങള്‍ കാണാറില്ലേ?" ഓ ഇല്ലേയില്ല. ഞാന്‍ ആകെ കാണുന്നത് എണ്ണമറ്റ സ്വര്ഗ്ഗീയദൂതന്മാരുടെ ഒരു ഗണം, 'പരിശുദ്ധന്, പരിശുദ്ധന്, പരിസുദ്ധന്‍, സര്‍വശക്തനും കര്‍ത്താവുമായ ദൈവം പരിശുദ്ധന്' എന്നു പാടുന്നതാണ്.' എന്റെ ശാരീരികനയനങ്ങളെ ഞാന്‍ സംശയിക്കുന്നില്ല. വെളിയിലെ ഒരു ദൃശ്യം കാണാന്‍ സഹായിക്കുന്ന ജനാല പോലെയാണ് എനിക്കവ. ഞാന്‍ ജനാലയില്‍ക്കൂടി കാണുന്നു, ജനാലകൊണ്ടല്ല.[37]
വില്യം വേഡ്സ്വര്‍ത്ത് ബ്ലെയ്ക്കിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്: "ഈ പാവം മനുഷ്യന് ഭ്രാന്തായിരുന്നെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. എന്നാല്‍ ഈ മനുഷ്യന്റെ ഭ്രാന്തില്‍ ബൈറന്റേയും വാള്‍ട്ടര്‍ സ്കോട്ടിന്റേയും സ്വബോധത്തേക്കാള് എന്നെ ആകര്‍ഷിക്കുന്ന എന്തോ ഒന്നുണ്ട്.[38]
ലോകത്തെ വിമര്‍ശനബുദ്ധിയോടെ നിരീക്ഷിച്ച കാല്പനികനാണ് ബ്ലെയ്ക്കെന്ന് ഡി.സി.വില്യംസ് (1899-1983) അഭിപ്രായപ്പെട്ടിട്ടുണ്ട്. ബ്ലെയ്ക്കിന്റെ നിഷ്കളങ്കതയുടെ പാട്ടുകള്‍ അദ്ദേഹം കണ്ട ആദര്‍ശലോകത്തിന്റെ ചിത്രവും, അനുഭവങ്ങളുടെ പാട്ടുകള്‍ സമൂഹവ്യവസ്ഥയും ലോകവും സൃഷ്ടിച്ച സഹന-നഷ്ടങ്ങളുടെ ചിത്രവും ആണെന്നും വില്യംസ് കരുതി.
[തിരുത്തുക] മരണം
മരണദിവസം ബ്ലെയ്ക്ക് ഡാന്റേ പരമ്പരയിന്മേല്‍ തുടര്‍ച്ചയായി പണിചെയ്തു. ഒടുവില്‍ അദ്ദേഹം ജോലിനിര്‍ത്തി, സമീപത്ത് കണ്ണീരോടെ നോക്കി നിന്നിരുന്ന ഭാര്യയുടെ നേര്‍ക്കുതിരിഞ്ഞു. അവളെ പിടിച്ചുകൊണ്ട് അദ്ദേഹം "നില്ക്കൂ കേറ്റ്! നീ ഇങ്ങനെ തന്നെ നില്ക്കുക – ഞാന്‍ നിന്റെ ചിത്രം വരക്കാം – നീ എനിക്ക് എന്നും മാലാഖയായിരുന്നു" എന്നു പറഞ്ഞതായി പറയപ്പെടുന്നു. ഇപ്പോള്‍ നഷ്ടപ്പെട്ട ആ ചിത്രം പൂര്‍ത്തിയാക്കിയശേഷം, ബ്ലെയ്ക്ക് പണിയായുധങ്ങള്‍ തഴെവച്ചിട്ട് സ്തോത്രങ്ങളും തിരുദൈവവചനങ്ങളും ആലപിക്കാന്‍ തുടങ്ങി.[39] അന്നു വൈകിട്ട് ആറുമണിക്ക് താന്‍ അവര്‍ക്കൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് ഉറപ്പുകൊടുത്തശേഷം ബ്ലെയ്ക്ക് മരിച്ചു. സമീപത്തുണ്ടായിരുന്ന ഒരയല്ക്കാരി, "ഞാന്‍ മനുഷ്യന്റെയല്ല ഒരു വിശുദ്ധമാലാഖയുടെ മരണത്തിനാണ് സാക്ഷ്യം വഹിച്ചത്" എന്നു പറഞ്ഞതായി ഗില്‍ക്രൈസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്."[40]
1965-നുശേഷം, വില്യം ബ്ലെയ്ക്കിന്റെ കൃത്യമായ സംസ്കാരസ്ഥാനം സൂചനയില്ലാതെ വിസ്മൃതമായി. നേരത്തേയുണ്ടായിരുന്ന സ്മാരകഫലകം നീക്കംചെയ്യപ്പെട്ടു. ഇപ്പോള്‍ കുഴിമാടത്തിന്റെ സ്മരണികയായുള്ള ശിലാഫലകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "കവിയും ചിത്രകാരനുമായ വില്യം ബ്ലെയ്ക്കിന്റേയും( 1757-1827) പത്നി കാഥറിന് സോഫിയായുടേയും(1762-1831) ഭൗതികാവശിഷ്ടം അടക്കം ചെയ്തിരിക്കുന്നത് ഇതിനടുത്താണ്.". ഈ സ്മരണികാശില സൂചകങ്ങളില്ലാത്ത യഥാര്‍ത്ഥ സംസ്കാരസ്ഥാനത്തുനിന്ന് ഏതാണ്ട് ഇരുപത് മീറ്ററോളം അകലെയാണെന്ന് പറയപ്പെടുന്നു. എന്നാല്‍ വില്യം ബ്ലെയ്ക്കിന്റെ സുഹൃത്തുക്കള്‍ എന്നറിയപ്പെടുന്ന ഒരു സംഘത്തിലെ അംഗങ്ങള്‍ ബ്ലെയ്ക്കിന്റെ കൃത്യമായ സംസ്കാരസ്ഥാനം കണ്ടെത്തിയതായും അവിടെ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായും പറയപ്പെടുന്നു.[41][42]
ജോര്‍ജ്ജ് റിച്ച്മോണ്ട്, സാമുവല്‍ പാമറിനെഴുതിയ ഒരു കത്തില്‍ ബ്ലെയ്ക്കിന്റെ മരണത്തെക്കുറിച്ച് ഇങ്ങനെ എഴുതി:
| “ | അദ്ദേഹം മരിച്ചത്... ഏറെ മഹത്ത്വമുള്ള രീതിയിലാണ്. ജീവിതകാലമത്രയും കാണാന്‍ ആഗ്രഹിച്ച നാട്ടിലേക്ക് താന്‍ പോവുകയാണെന്നും യേശുക്രിസ്തു വഴിയുള്ള രക്ഷയുടെ പ്രതീക്ഷയില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു — മരണത്തിനുതൊട്ടുമുന്‍പ് അദ്ദേഹത്തിന്റെ നിറം പ്രശോഭിതമായി. കണ്ണുകള്‍ തിളങ്ങുകയും, കണ്ട സ്വര്ഗ്ഗീയദൃശ്യങ്ങളെക്കുറിച്ച് അദ്ദേഹം പാടാന്‍ തുടങ്ങുകയും ചെയ്തു.[43] | ” |
ലിന്നെലില് നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് കാഥറിന് ഭര്‍ത്താവിന്റെ ശവസംസ്കാരം നടത്തിയത്. മരണം കഴിഞ്ഞ് അഞ്ചാം ദിവസം, അവരുടെ 45-ആം വിവാഹവാര്‍ഷികത്തിന്റെ തലേന്ന്, ബണ്‍ഹില്‍ ഫീല്‍ഡിലെ വിമതക്രൈസ്തവരുടെ സിമിത്തേരിയിലായിരുന്നു സംസ്കാരം. ബ്ലെയ്ക്കിന്റെ മാതാപിതാക്കന്മാരെ സംസ്കരിച്ചിരുന്നതും അവിടെയായിരുന്നു. ചടങ്ങുകളില്‍ കാഥറിനു പുറമേ, ചിത്രകാരന് എഡ്വേര്‍ഡ് കാല്‍വര്‍ട്ട്, ജോര്‍ജ്ജ് റിച്ച്മോണ്ട്, ഫ്രെഡെറിക് താത്താം, ജോണ്‍ ലിന്നെല്‍ എന്നിവരും ഉണ്ടായിരുന്നു. താമസിയാതെ കാഥറിന് താത്താമിന്റെ വീട്ടില്‍ വീട്ടുകാര്യസ്ഥയായി ചേര്‍ന്നു. അക്കാലത്ത് ബ്ലെയ്ക്കിന്റെ ആത്മാവ് തന്നെ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടെന്ന് അവര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും വില്‍ക്കുന്നത് അവര്‍ തുടര്‍ന്നു. പക്ഷേ എല്ലാ കച്ചവടവും "മിസ്റ്റര്‍ ബ്ലെക്കിന്റെ അഭിപ്രായം ആരാഞ്ഞതിനുശേഷം" മാത്രമേ ഉറപ്പിക്കൂ എന്നായിരുന്നു അവരുടെ നിലപാട്.[44] 1831 ഒക്ടൊബറിലെ സ്വന്തം മരണദിവസം, ഭര്‍ത്താവിനെപ്പോലെ അവരും ശാന്തയും സന്തുഷ്ടയും ആയിരുന്നു. ഭര്‍ത്താവ് ഏറെ അകലെയല്ലാതെ ഉണ്ടെന്നും താന്‍ വൈകാതെ ഒപ്പം ചേരാന്‍ പോവുകയാണെന്നുമുള്ള മട്ടില്‍ അവര്‍ അദ്ദേഹത്തെ ഇടക്കിടെ വിളിച്ചുകൊണ്ടിരുന്നു.[45]
കാഥറിന്റെ മരണത്തിനുശേഷം ബ്ലെയ്ക്കിന്റെ കയ്യെഴുത്തുപ്രതികളും മറ്റും ഫ്രെഡറിക്ക് താത്താമിന്റെ നിയന്ത്രണത്തില്‍ വന്നു. അവയില്‍ മതവിരുദ്ധമെന്നോ വിമതരാഷ്ട്രീയനിലപാടുകള് പ്രകടിപ്പിച്ചതെന്നോ തോന്നിച്ചവയൊക്കെ, താത്താം അഗ്നിക്കിരയാക്കി. അദ്ദേഹം ഏഡ്വേര്‍ഡ് ഇര്‍വിങ്ങിന്റെ ആശയങ്ങള്‍ പിന്തുടരുന്ന ഇര്വിങ്ങൈറ്റ് വിഭാഗത്തിലെ അംഗമായിരുന്നു. ദൈവദൂഷണപരമെന്ന് സംശയിക്കപ്പെടുന്ന കലാസൃഷ്ടികളെ എതിര്‍ത്തിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ അനേകം മൗലികവാദപ്രസ്ഥാനങ്ങളില് ഒന്നായിരുന്നു ഇര്വിങ്ങിന്റേത്. [46] ബ്ലെയ്ക്കിന്റെ ചിത്രങ്ങളില്‍ പലതിലും ഉണ്ടായിരുന്ന ലൈംഗികബിംബങ്ങള്‍ ജോണ്‍ ലിന്നെല്‍ തുടച്ചുമാറ്റുകയും ചെയ്തു.[47] ഇന്ന് ജ്ഞാനവാദ കത്തോലിക്കാസഭ (Ecclesia Gnostica Catholica) ബ്ലെയ്ക്കിനെ പുണ്യവാനായി കണക്കാക്കുന്നു. ഓസ്ട്രേലിയ 1949-ല്‍ ബ്ലെയ്ക്കിന്റെ ബഹുമാനാര്‍ത്ഥം, "മതപരമായ കലയ്ക്കുള്ള ബ്ലെയ്ക്ക് സമ്മാനം" ഏര്‍പ്പെടുത്തി. 1957-ല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളിയില്‍ ബ്ലെയ്ക്കിനും പത്നിക്കും സ്മാരകങ്ങള്‍ സ്ഥാപിക്കപ്പെട്ടു.[48]
[തിരുത്തുക] നിലപാടുകള്‍
തന്റെ ശക്തമായ നിലപാടുകളില്‍ ബ്ലെയ്ക്ക് പുലര്‍ത്തിയ സ്ഥിരതയെ പരാമര്‍ശിക്കുന്ന നോര്‍ത്രോപ്പ് ഫ്രൈ, "50 വയസ്സുള്ളപ്പോള്‍ ജോഷ്വാ റെയ്നോള്ഡ്സിനെക്കുറിച്ചെഴുതിയ കുറിപ്പുകള്‍ വളരെ ചെറുപ്പത്തില്‍ ജോണ്‍ ലോക്കിനെയും ഫ്രാന്‍സിസ് ബേക്കണേയും കുറിച്ചെഴുതിയവയെപ്പോലെ തന്നെയായിരുന്നു" എന്ന ബ്ലെയ്ക്കിന്റെ തന്നെ നിരീക്ഷണം ഏടുത്തുകാട്ടുന്നു. ബ്ലെയ്ക്കിന്റെ സൃഷ്ടികളില്‍,ശൈലികളും കവിതകളിലെ വരികളും പോലും നാല്പതിലേറെ വര്‍ഷം കഴിഞ്ഞും അതേപടി പുനരവതരിക്കുന്നതുകാണാം. ശരിയെന്നു താന്‍ കരുതിയ ആദര്‍ശങ്ങളിലുള്ള സ്ഥിരത തന്നെ ബ്ലെയ്ക്കിന്റെ മുഖ്യ ആദര്‍ശങ്ങളിലൊന്നായിരുന്നു....പരസ്പരവിരുദ്ധമായ നിലപാടുകളെ അവജ്ഞാപൂര്‍വം വിമര്‍ശിച്ച അദ്ദേഹത്തിന്റെ മുഖ്യതാത്പര്യമായിരുന്നു അഭിപ്രായസ്ഥിരത.[49]
[തിരുത്തുക] മതവീക്ഷണം
വ്യവസ്ഥാപിതമതങ്ങളേ ബ്ലെയ്ക്ക് ദാക്ഷിണ്യമില്ലാതെ ആക്രമിച്ചെങ്കിലും അവയുടെ തിരസ്കാരം മതത്തിന്റെ തന്നെ തിരസ്കാരമായിരുന്നില്ല. മതയാഥാസ്ഥിതികതയോടുള്ള ബ്ലെയ്ക്കിന്റെ നിലപാട്, ബൈബിളിലെ പ്രവചനങ്ങളെ അനുകരിച്ചെഴുതിയ സ്വര്‍ഗ്ഗനരകങ്ങളുടെ വിവാഹം എന്ന രചനയില്‍ പ്രകടമാണ്. അതില്‍ അദ്ദേഹം, നരകച്ചൊല്ലുകളുടെ(Proverbs of Hell) ഒരു പട്ടിക അവതരിപ്പിക്കുന്നുണ്ട്. അവയില്‍ ചിലത് ഇവയാണ്:
-
- കാരാഗൃഹങ്ങള്‍ക്ക് നിയമം പണിക്കല്ല്; വേശ്യാലയങ്ങള്‍ക്ക് മതവും.
- പുഴു ഇലകളില്‍ സുന്ദരമായതിനെ മുട്ടയിടാന്‍ തെരഞ്ഞെടുക്കുന്നതുപോലെ,
- പുരോഹിതന് സുഖങ്ങളില്‍ സുന്ദരമായതിനെ ശാപത്തിന്റെ ലക്ഷ്യമാക്കുന്നു.
നിത്യതയുടെ സുവിശേഷം, എന്ന രചനയില്‍ ബ്ലെയ്ക്ക് യേശുവിനെ തത്ത്വചിന്തകനോ, പരമ്പരാഗരീതിയിലുള്ള രക്ഷാപുരുഷനോ ആയി ചിത്രീകരിക്കന്നില്ല. അതിലെ യേശു, സിദ്ധാന്തങ്ങള്‍ക്കും, യുക്തിക്കും, സദാചാരനിയമങ്ങള്ക്കുംപോലും ഉപരിനില്ക്കുന്ന ഒരു സര്‍ഗ്ഗധനനാണ്:
-
- അവന് അന്തിക്രിസ്തുവോ, ഇഴയുന്ന യേശുവോ ആയിരുന്നെങ്കില്‍,
- നമ്മുടെ പ്രീതിനേടാനായി എന്തും ചെയ്യുമായിരുന്നു:
- സിനഗോഗുകളില്‍ ഒളിസന്ദര്ശനം നടത്തുമായിരുന്നു,
- മൂപ്പന്മാരോടും പുരോഹിതന്മാരോടും നായ്ക്കളോടെന്നെപോലെ പെരുമാറുമായിരുന്നില്ല,
- ആട്ടിന്കുട്ടിയുടെയോ കഴുതയുടെയോ സൗമ്യതയോടെ,
- കയഫാസിന് കീഴ്വഴങ്ങുമായിരുന്നു.
- മനുഷ്യന് സ്വയം താഴ്ത്തണമെന്ന് ദൈവം ആവശ്യപ്പെടുന്നില്ല.
ദൈവികതയുമായി മനുഷ്യവംശത്തിനുള്ള ഒരുമയുടേയും ജീവബന്ധത്തിന്റേയും പ്രതീകമായിരുന്നു യേശു ബ്ലെയ്ക്കിന്: "എല്ലാവര്ക്കും ആദിയില്‍ ഒരു ഭാഷയും മതവും ആയിരുന്നു: യേശുവിന്റെ മതം, നിത്യതയുടെ സുവിശേഷം അതായിരുന്നു. പൗരാണികത പ്രഘോഷിക്കുന്നത് യേശുവിന്റെ സുവിശേഷമാണ്."[11]
ബ്ലെയ്ക്ക് സ്വന്തം മിത്തോളജി മെനഞ്ഞുണ്ടാക്കി. അദ്ദേഹത്തിന്റെ പ്രവചനഗ്രന്ഥങ്ങളിലാണ് അത് മുഖ്യമായും കാണപ്പെടുന്നത്. ഊറിസന്, എനിത്താര്മണ്, ബ്രോമിയന്, ലൂവാ തുടങ്ങിയവര്‍ ആ ലോകത്തിലെ കഥാപാത്രങ്ങളാണ്. ബൈബിളിനേയും ഗ്രീക്ക് പുരാണങ്ങളേയുമാണ് അത് മുഖ്യമായും ആശ്രയിക്കുന്നത്.[50] നിത്യതയുടെ സുവിശേഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ഈ സങ്കല്പലോകത്തിന്റെ അകമ്പടിയുണ്ട്.
|
എനിക്ക് ഒരു വ്യവസ്ഥിതി സൃഷ്ടിക്കാതെ വയ്യ, അല്ലെങ്കില്‍ മറ്റൊരാളുടെ വ്യവസ്ഥിതി എന്നെ അടിമയാക്കും. ഞാന്‍ യുക്തിവാദമോ താരതമ്യമോ നടത്തുകയില്ല; സൃഷ്ടിയാണ് എന്റെ ധര്‍മ്മം. |
| ബ്ലെയ്ക്കിന്റെ യെരുശലേം എന്ന രചനയില്‍ ലോസിന്റെ പ്രഖ്യാപനം. |
യാഥാസ്ഥിതിക ക്രിസ്തുമതത്തിനെതിരായുള്ള ബ്ലെയ്ക്കിന്റെ ഏറ്റവും വലിയ വിമര്‍ശനം അത് മനുഷ്യരുടെ സ്വാഭാവികാഭിലാഷങ്ങളെ അടിച്ചമര്‍ത്തുകയും ലൗകികസന്തോഷങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു എന്നതായിരുന്നു. അന്ത്യവിധി ദര്‍ശനം എന്ന രചനയില്‍ ബ്ലെയ്ക്ക് ഇങ്ങനെ പറയുന്നു:
| “ | മനുഷ്യര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കുന്നത് അഭിലാഷങ്ങളെ അടിച്ചമര്‍ത്തുമ്പോഴോ അഭിലാഷങ്ങള്‍ ഇല്ലാതിരിക്കുമ്പോഴോ അല്ല, ബോധത്തെ വികസിപ്പിക്കുമ്പോഴാണ്. സ്വര്‍ഗ്ഗത്തിലെ സൗഭാഗ്യങ്ങള്‍ അഭിലാഷങ്ങളുടെ നിഷേധമല്ല, എല്ലാ അഭിലാഷങ്ങളും സ്വതന്ത്രമായി പ്രതാപത്തോടെ പ്രകടമാകുന്ന ബുദ്ധിയുടെ സത്യങ്ങളാണ്. | ” |
സ്വര്‍ഗ്ഗനരകങ്ങളുടെ വിവാഹത്തില്‍ മതത്തെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്:
| “ | എല്ലാ വേദഗ്രന്ഥങ്ങളും വിശുദ്ധനിയമങ്ങളും താഴെപ്പറയുന്ന അബദ്ധങ്ങള്‍ പ്രചരിപ്പിച്ചു.
ഇവയ്ക്ക് വിപരീതമായി താഴെപ്പറയുന്നവ സത്യമാണെന്നും ബ്ലെയ്ക്ക് കരുതി.
|
” |
ആത്മാവില്‍ നിന്ന് വ്യത്യസ്തമായ അത്മാവിന്റെ നിയന്ത്രണത്തിനു വഴങ്ങേണ്ട ഒരു ശരീരം എന്ന സങ്കല്പം ബ്ലേയ്ക്കിനു സ്വീകാര്യമായില്ല. ശരീരത്തെ പഞ്ചേന്ദ്രിയങ്ങള്‍ക്കു തിരിച്ചറിയാനാകുന്ന ആത്മാവിന്റെ തന്നെ അംശമായി അദ്ദേഹം കണക്കാക്കി. അതിനാല്‍ ശാരീരികാഭിലാഷങ്ങളുടെ നിയന്ത്രണത്തിന് പരമ്പരാഗതമതങ്ങള്‍ കൊടുക്കുന്ന പ്രാധാന്യം ശരീരാത്മാവുകളുടെ ബന്ധത്തെ തെറ്റായി മനസ്സിലാക്കിയതുകൊണ്ടുണ്ടായ ദ്വൈതചിന്തയില്‍ നിന്നു ജനിച്ചതാണെന്ന് ബ്ലെയ്ക്ക് വാദിച്ചു; മറ്റൊരിടത്ത് സാത്താനെ അദ്ദേഹം 'അബദ്ധാവസ്ഥ' എന്നും രക്ഷയുടെ പരിധിക്കുപുറത്തുള്ളവനെന്നും വിശേഷിപ്പിക്കുന്നു.[51]
വേദനയ്ക്ക് ഒഴിവുകഴിവുകള്‍ കണ്ടെത്തുകയും, തിന്മയുടെ സാന്നിദ്ധ്യം അംഗീകരിക്കുകയും അനീതികള്‍ക്ക് മാപ്പുചോദിക്കുകയും ചെയ്യുന്ന പരമ്പരാഗത ദൈവശാസ്ത്രത്തിന്റെ യുക്തികൗശലത്തെ(sophistry)ബ്ലേയ്ക്ക് എതിര്‍ത്തു. ആത്മത്യാഗത്തെ അദ്ദേഹം ഭയന്നു.[52] അത്, പ്രത്യേകിച്ചും ലൈഗികതയുടെ കാര്യത്തില്‍, ഒരുതരം മതപീഡനമാണെന്ന് അദ്ദേഹം കരുതി:[53] "വകതിരിവ്, വൃത്തികെട്ട ഒരു വൃദ്ധകന്യകയാണ്. ഷണ്ഡതയാണ് അവളുടെ കാമുകന്. / കാമിച്ചിട്ട് നിഷ്ക്രിയനായിരിക്കുന്നവന്, മഹാമാരി ജനിപ്പിക്കുന്നു."[54] മനുഷ്യരുടെ ആഗ്രഹങ്ങളെ കുടുക്കിവക്കുന്ന കെണിയായി പാപസങ്കല്പത്തെ കണ്ട (പ്രേമാരാമം) അദ്ദേഹം, വെളിയില്‍ നിന്നടിച്ചേല്പ്പിക്കപ്പെട്ട സദാചാരനിയമത്തെ ഭയന്നുള്ള ആത്മനിയന്ത്രണം, ജീവന്റെ ചൈതന്യത്തിനു വിരുദ്ധമാണെന്നു വാദിച്ചു:
- വിരക്തി എല്ലാത്തിന്മേലും മണ്ണുവാരിയിടുന്നു;
- രക്താഭമായ അംഗങ്ങളിലും ജ്വലിക്കുന്ന രോമങ്ങളിലും എല്ലാം.
- സംപ്രാപ്തിയിലെത്തിയ കാമം;
- ഫലവും സൗന്ദര്യവും സൃഷ്ടിക്കുന്നു.
മനുഷ്യവംശത്തില്‍ നിന്ന് വ്യതിരിക്തനും ഉപരിയും അവര്‍ക്ക് കര്തൃസ്ഥാനിയുമായ ഒരു ദൈവം അദ്ദേഹത്തിന്റെ സങ്കല്പത്തില് ഇല്ലായിരുന്നു.[55]; യേശുക്രിസ്തുവിനെക്കുറിച്ചുള്ള ബ്ലെയ്ക്കിന്റെ ഈ വാക്കുകള്‍ അത് വെളിവാക്കുന്നു: "അവനാണ് ഏകമാത്രദൈവം ... ഞാനും അതുതന്നെ; അതുപോലെ നിങ്ങളും." സ്വര്‍ഗ്ഗനരകങ്ങളുടെ വിവാഹത്തിലെ വാചാലമായ ഒരു പ്രസ്താവം "എല്ലാ ദൈവങ്ങളും തങ്ങളുടെ ഹൃദയത്തിലാണ് വസിക്കുന്നതെന്നത് മനുഷ്യര്‍ മറന്നു" എന്നാണ്. സ്വാതന്ത്ര്യവും സമത്വവുമുള്ള സമൂഹത്തിലും സ്ത്രീ-പുരുഷതുല്യതയിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസവുമായി ഇണങ്ങിപ്പോകുന്ന ആശയമാണിത്.
തെല്ലിന്റെ പുസ്തകം എന്ന കവിതയില്‍, ബ്ലെയ്ക്ക് ജീവന്റെ തന്നെ ആവശ്യകതയെ ചോദ്യം ചെയ്യുന്നു. ചാപിള്ളയായി ജനിച്ച പുത്രിയുടെ സ്മരണയില്‍ എഴുതിയതാണ് ഈ കവിതയെന്ന് കരുതപ്പെടുന്നു. [56]
-
-
-
-
- 'ഹോ! നമ്മുടെ ഈ ജീവിതവസന്തത്തില്‍ ജലത്തിലെ താമര വാടുന്നതെന്ത്?
- ചിരിച്ചുപൊഴിയാന് (മാത്രം)ജനിച്ച്, വസന്തത്തിന്റെ കുഞ്ഞുങ്ങള്‍ മങ്ങുന്നതെന്ത്?
-
-
-
[തിരുത്തുക] ബ്ലെയ്ക്കും ജ്ഞാനോദയചിന്തയും
ജ്ഞാനോദയചിന്തയുമായി (Enlightenment Philosophy) ബ്ലെയ്ക്കിനുണ്ടായിരുന്ന ബന്ധ അതിസങ്കീര്‍ണ്ണമായിരുന്നു. അദ്ദേഹത്തിന്റെ ദര്‍ശനാധിഷ്ഠിത മതവിശ്വാസം, ഐസക്ക് ന്യൂട്ടന്റെ പ്രപഞ്ചവീക്ഷണവുമായി ചേര്‍ന്നുപോകുന്നതായിരുന്നില്ല. ബ്ലെയ്ക്കിന്റെ യെരുശലേം എന്ന കവിതയിലെ ഒരു ഭാഗം ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു:
- യൂറൊപ്പിലെ വിദ്യാശാലകളിലേക്ക് കണ്ണുതിരിച്ച ഞാന്‍,
- (ജോണ്‍)ലോക്കിന്റെ നെയ്ത്തുയന്ത്രത്തില്,
- ന്യൂട്ടന്റെ ജലച്ചക്രങ്ങള് നനച്ച ഇഴകളുടെ സംഹാരപ്പാച്ചില് കണ്ടു.
- ഓരോ ദേശത്തിനുംമേല് കനത്ത മടക്കുകളില്‍ കരിമ്പുതപ്പ്;
- ക്രൗര്യം നിറഞ്ഞ ചക്രവേലകള്: ചക്രത്തിനുപുറത്ത് ചക്രം
- പേടിപ്പെടുത്തുന്ന പല്ലുകള്‍ കൊണ്ട് പരസ്പരം ബലംപ്രയോഗിച്ച് തിരിക്കുന്നു;
- ഏദേനിലെപ്പോലെയല്ല: അവിടെ ചക്രത്തിനുള്ളില്‍ ചക്രം
- സ്വാതന്ത്ര്യത്തില്‍, ശാന്തിയില്‍, ഒരുമയില്‍ തിരിയുന്നു.[59]
വസ്തുക്കളിന്മേലുള്ള പ്രകാശത്തിന്റെ സ്വാഭാവികപതനം ചിത്രീകരിച്ച ജോഷ്വാ റെയ്നോള്‍സിന്റെ ചിത്രങ്ങള്‍ ജഡികനയനങ്ങളുടെ മാത്രം സൃഷ്ടിയാണേന്ന് ബ്ലെയ്ക്ക് വിശ്വസിച്ചു. റെയ്നോള്‍സിന്റെ സൗന്ദര്യശാസ്ത്രത്തിന്റെ പിതൃത്വം, തത്ത്വചിന്തകനായ ജോണ്‍ ലോക്കിനും ശാസ്ത്രജ്ഞന് ഐസക്ക് ന്യൂട്ടണും അവകാശപ്പെട്ടതാണെന്നും അദ്ദേഹം വിശ്വസിച്ചു.[60] അക്കാലത്തെ ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് ചെറുബിന്ദുക്കള്‍ ചേര്‍ന്ന് ചിത്രത്തിന്റെ അനുഭൂതിയുണ്ടാക്കിയ മെസ്സോട്ടിന്റുകളുടെ മുദ്രണവിദ്യ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതിനും പ്രകാശത്തെ സംബന്ധിച്ച ന്യൂട്ടന്റെ കണികാസിദ്ധാന്തത്തിനും ഇടയില്‍ ബ്ലെയ്ക്ക് സമാനതകള്‍ കണ്ടു.[61] അതിനാല്‍ ഈ സങ്കേതം തന്റെ കലയില്‍ ബ്ലെയ്ക്ക് ഒരിക്കലും പ്രയോഗിച്ചില്ല. ഒഴുക്കുള്ള രേഖകളിലെ മുദ്രണമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ബ്ലെയ്ക്കിന്റെ നായകശില്പമായി പലരും കരുതുന്ന ഇയ്യോബ് പരമ്പരയെ പരാമര്‍ശിച്ച് ജോര്‍ജ്ജ് കുംബര്ലാന്ഡിനയച്ച കത്തില്‍ ബ്ലെയ്ക്ക് ഇങ്ങനെ എഴുതി:
- രേഖയോ രൂപമോ ആകസ്മികതയില്‍ ജനിക്കുന്നതല്ല; വര അതിന്റെ
- അംശാംശത്തില് പോലും, നേരോ വളഞ്ഞതോ ആകട്ടെ, അതുതന്നെയാണ്;
- മറ്റെന്തിനെങ്കിലുമൊപ്പമോ എന്തെങ്കിലും കോണ്ടോ അതിനെ അളക്കാനാവില്ല: അതാണ് ഇയ്യോബ്[62]
ജ്ഞാനോദയസിദ്ധാന്തങ്ങളെ എതിരുന്നിട്ടും ആ എതിര്‍പ്പ് ബ്ലെയ്ക്കിനെ എത്തിച്ചത്, അദ്ദേഹത്തിന് സമാനരെന്ന് കരുതപ്പെടുന്ന കാല്പനികരുടെ കൂട്ടത്തിലല്ല, ജോണ്‍ ഫ്ലാക്സ്മാന്റെ നിയോക്ലാസ്സിക്കല്‍ മുദ്രണങ്ങളില്‍ പ്രകടമാവുന്നതുപോലെയുള്ള ലാവണ്യസങ്കല്പത്തിലാണ്.
അതിനാല്‍ ബ്ലെയ്ക്ക് ഒരു ജ്ഞാനോദയകവിയും കലാകാരാനും കൂടിയായി പരിഗണിക്കപ്പെടുന്നു. പാരമ്പര്യസിദ്ധമായ ആശയങ്ങളോടും വ്യവസ്ഥകളോടും, അധികാരങ്ങളോടുമുള്ള ജ്ഞാനോദയത്തിന്റെ എതിര്‍പ്പില്‍ അദ്ദെഹം പങ്കുപറ്റിയിരുന്നു എന്നാണ് ഇതിനര്‍ത്ഥം. അതേസമയം യുക്തിയെ സര്‍വശക്തികളും കയ്യാളുന്ന അധികാരത്തിന്റെ പദവിയിലേക്കുയര്ത്തുന്നതിനേയും അദ്ദേഹം എതിര്‍ത്തു. യുക്തി, നിയമം, ഏകതാനത(Uniformity) തുടങ്ങിയവയോടുള്ള വിമര്‍ശനത്തില്‍, ബ്ലെയ്ക്ക് ജ്ഞാനോദയത്തിന്റെ മറുപക്ഷത്തായിരുന്നുവെന്ന് കരുതപ്പെടുന്നു. അതേസമയം, സംവാദാത്മകമായി നോക്കിയാല്‍, ബാഹ്യാധികാരങ്ങളോടുള്ള ജ്ഞാനോദയത്തിന്റെ എതിര്‍പ്പില്‍ നിന്ന് പ്രചോദിതനായി, ജ്ഞാനോദയത്തിന്റെ തന്നെ ഇടുങ്ങിയ സങ്കല്പങ്ങളെ തിരസ്കരിക്കുകയാണ് ബ്ലെയ്ക്ക് ചെയ്തതെന്നും വാദിക്കപ്പെട്ടിട്ടുണ്ട്.[63]
[തിരുത്തുക] സമത്വവാദി
ആടിമവ്യവസ്ഥയെ കഠിനമായ വെറുത്ത ബ്ലെയ്ക്ക്, വംശീയവും ലൈംഗികവുമായ സമത്വത്തില്‍ വിശ്വസിച്ചു.[64] അദ്ദേഹത്തിന്റെ പല കവിതകളും ചിത്രങ്ങളും വിശ്വമാനവികതയിലുള്ള വിശ്വാസം പ്രഖ്യാപിച്ചു: "അന്തമില്ലാത്ത വൈവിദ്ധ്യത്തിനിടയിലും എല്ലാമനുഷ്യരും ഒരുപോലെയാണെന്നായിരുന്നു അതിന് അദ്ദേഹം പറഞ്ഞ ന്യായം. ഒരു കറുത്ത കുട്ടി പാടുന്ന മട്ടിലുള്ള ഒരു കവിതയില്‍, വെളുപ്പം കറുപ്പുമായ മനുഷ്യശരീരങ്ങളെ തണല്‍മൂടിയ കാവുകളായും മേഘങ്ങളായും വിവരിച്ചിരിക്കുന്നു. "പ്രേമത്തിന്റെ രശ്മികള്‍, ഏറ്റുവാങ്ങാന്‍ അവര്‍ പ്രാപ്തരാകും വരെയേ അവയ്ക്ക് നിലനില്‍പ്പുള്ളു ":
-
-
-
-
- കറുത്തത മേഘത്തില്‍ നിന്ന് ഞാനും വെളുത്തതില്‍ തിന്ന് അവനും സ്വതന്ത്ര്യം നേടുമ്പോള്‍,
- ദൈവകൂടാരത്തിനു ചുറ്റും കുഞ്ഞാടുകളെപ്പോലെ ഞങ്ങള്‍ സന്തോഷിക്കും,
- കറുത്തത മേഘത്തില്‍ നിന്ന് ഞാനും വെളുത്തതില്‍ തിന്ന് അവനും സ്വതന്ത്ര്യം നേടുമ്പോള്‍,
-
-
-
-
-
-
-
- ഞങ്ങളുടെ പിതാവിന്റെ മുട്ടില്‍ അനന്ദത്തോടെ ചാരി നില്ക്കാന് ശീലിക്കുവോളം
- ചൂടില്‍ ഞാന്‍ അവന് തണല്‍ നല്കി നില്ക്കും;
- പിന്നെ ഞാന്‍ അവന്റെ വെള്ളിത്തലമുടിയില്‍ കയ്യോടിക്കും,
- ഞാന്‍ അവനെപ്പോലെയാകും, അവന് എന്നെ സ്നേഹിക്കും.[65]
- ഞങ്ങളുടെ പിതാവിന്റെ മുട്ടില്‍ അനന്ദത്തോടെ ചാരി നില്ക്കാന് ശീലിക്കുവോളം
-
-
-
ജീവിതകാലമത്രയും സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളില്‍ ബ്ലെയ്ക്ക് താത്പര്യം നിലനിര്‍ത്തി. പലപ്പോഴും സാമൂഹ്യപ്രസക്തിയുള്ള അഭിപ്രയങ്ങളെ അദ്ദേഹം ഗൂഢാത്മകമായ ഉപമകളില്‍ (mystical allegories)മറച്ചു. അടിച്ചമര്‍ത്തലും അര്‍ഹതകളുടെ നിയന്ത്രണവുമെന്ന് തോന്നിയവയുടെ വിമര്‍ശനത്തില്‍ ക്രൈസ്തവസഭകളും ലക്ഷ്യമായി. അനുഭവങ്ങളുടെ പാട്ട്(1794) എന്ന രചനയില്‍ ബ്ലെയ്ക്കിന്റെ അത്മീയനിലപാടുകള് പ്രകടമാവുന്നു. വിലക്കുകള്‍ നിഷ്കര്‍ഷിച്ച പഴയനിയമത്തിലെ ദൈവത്തെ തിരസ്കരിക്കുകയും, ത്രിത്വവാദവിശ്വാസം അനുസരിച്ചുള്ള പുതിയനിയമത്തിലെ ദൈവമായ യേസുക്രിസ്തുവിനെ ഗുണാത്മകസ്വാധീനമായി സ്വീകരിക്കുകയുമാണ് അദ്ദേഹം ആ കവിതയില്‍ ചെയ്യുന്നത്.
[തിരുത്തുക] ഗ്രന്ഥസൂചി
[തിരുത്തുക] ബ്ലെയ്ക്കിന്റെ ഉദ്ദീപ്തഗ്രന്ഥങ്ങള്
[തിരുത്തുക] ഉദ്ദീപ്തമല്ലാത്തവ
[തിരുത്തുക] ബ്ലെയ്ക്ക് ചിത്രീകരണം നിര്‍വഹിച്ചവ
|
[തിരുത്തുക] ബ്ലെയ്ക്കിനെക്കുറിച്ചുള്ളവ
|
|
[തിരുത്തുക] അവലംബം
- ↑ Frye, Northrop and Denham, Robert D. Collected Works of Northrop Frye. 2006, page 11-2.
- ↑ Jones, Jonathan (2005-04-25). Blake's heaven. The Guardian.
- ↑ Thomas, Edward. A Literary Pilgrim in England. 1917, page 3.
- ↑ The New York Times Guide to Essential Knowledge. 2004, page 351.
- ↑ Blake, William. Blake's "America, a Prophecy" ; And, "Europe, a Prophecy". 1984, page 2.
- ↑ Kazin, Alfred (1997). An Introduction to William Blake. ശേഖരിച്ചത് 2006-09-23.
- ↑ Blake, William and Rossetti, William Michael. The Poetical Works of William Blake: Lyrical and Miscellaneous. 1890, p. xi.
- ↑ Blake, William and Rossetti, William Michael. The Poetical Works of William Blake: Lyrical and Miscellaneous. 1890, page xiii.
- ↑ poets.org/William Blake, retrieved online June 13, 2008
- ↑ 10.0 10.1 10.2 Bentley, Gerald Eades and Bentley Jr., G. William Blake: The Critical Heritage. 1995, page 34-5.
- ↑ 11.0 11.1 Raine, Kathleen (1970). World of Art: William Blake. Thames & Hudson. ISBN 0-500-20107-2.
- ↑ 43, Blake, Peter Ackroyd, Sinclair-Stevenson, 1995
- ↑ Blake, William. The Poems of William Blake. 1893, page xix.
- ↑ 44, Blake, Ackroyd
- ↑ Blake, William and Tatham, Frederick. The Letters of William Blake: Together with a Life. 1906, page 7.
- ↑ Erdman, David V. The Complete Poetry and Prose of William Blake (2nd edition ed.). pp. p641. ISBN 0-385-15213-2.
- ↑ Gilchrist, A, The Life of William Blake, London, 1842, p. 30
- ↑ Erdman, David, Prophet Against Empire, p. 9
- ↑ McGann, J. "Did Blake Betray the French Revolution", Presenting Poetry: Composition, Publication, Reception, Cambridge University Press, 1995, p.128
- ↑ Biographies of William Blake and Henry Fuseli, retrieved on May 31st 2007.
- ↑ Bentley, G. E, Blake Records, p 341
- ↑ Gilchrist, Life of William Blake, 1863, p. 316
- ↑ Schuchard, MK, Why Mrs Blake Cried, Century, 2006, p. 3
- ↑ Ackroyd, Peter, Blake, Sinclair-Stevenson, 1995, p. 82
- ↑ Damon, Samuel Foster (1988). A Blake Dictionary
- ↑ 26.0 26.1 Blake, William. Milton a Poem, and the Final Illuminated Works. 1998, page 14-5.
- ↑ Wright, Thomas. Life of William Blake. 2003, page 131.
- ↑ The Gothic Life of William Blake: 1757-1827
- ↑ Lucas, E.V. (1904). Highways and byways in Sussex. Macmillan. ASIN B-0008-5GBS-C.
- ↑ Peterfreund, Stuart, The Din of the City in Blake's Prophetic Books, ELH - Volume 64, Number 1, Spring 1997, pp. 99-130
- ↑ Blunt, Anthony, The Art of William Blake, p 77
- ↑ Bindman, David. "Blake as a Painter" in The Cambridge Companion to William Blake, Morris Eaves (ed.), Cambridge, 2003, p. 106
- ↑ Blake Records, p. 341
- ↑ Eaves, Morris. The Cambridge Companion to William Blake. 2003, page 100
- ↑ 35.0 35.1 35.2 Bentley, Gerald Eades and Bentley Jr., G. William Blake: The Critical Heritage. 1995, page 36-7.
- ↑ 36.0 36.1 Langridge, Irene. William Blake: A Study of His Life and Art Work. 1904, page 48-9.
- ↑ Blake, William. Complete Writings with Variant Readings. 1969, page 617.
- ↑ John Ezard (2004-07-06). Blake's vision on show. The Guardian. ശേഖരിച്ചത് 2008-03-24.
- ↑ Ackroyd, Blake, 389
- ↑ Gilchrist, The Life of William Blake, London, 1863, 405
- ↑ Friends of Blake homepage. Friends of Blake. ശേഖരിച്ചത് 2008-07-31.
- ↑ Coming up - William Blake. BBC Inside Out (2007-02-09). ശേഖരിച്ചത് 2008-08-01.
- ↑ Grigson, Samuel Palmer, p. 38
- ↑ Ackroyd, Blake, 390
- ↑ Blake Records, p. 410
- ↑ Ackroyd, Blake, p. 391
- ↑ Marsha Keith Schuchard, Why Mrs Blake Cried: Swedenborg, Blake and the Sexual Basis of Spiritual Vision, pp. 1-20
- ↑ Tate UK. William Blake's London. ശേഖരിച്ചത് 2006-08-26.
- ↑ Northrop Frye, Fearful Symmetry: A Study of William Blake, 1947, Princeton University Press
- ↑ "a personal mythology parallel to the Old Testament and Greek mythology"; Bonnefoy, Yves. Roman and European Mythologies. 1992, page 265.
- ↑ Damon, Samuel Foster (1988). A Blake Dictionary (Revised Edition). Brown University Press. pp. 358. ISBN 0874514363.
- ↑ Makdisi, Saree. William Blake and the Impossible History of the 1790s. 2003, page 226-7.
- ↑ Altizer, Thomas J.J. The New Apocalypse: The Radical Christian Vision of William Blake. 2000, page 18.
- ↑ Blake, William. Proverbs of Hell, via The Complete Poetry and Prose of William Blake. 1982, page 35.
- ↑ Blake, Gerald Eades Bentley (1975). William Blake: The Critical Heritage. London: Routledge & K. Paul. pp. 30. ISBN 0710082347.
- ↑ A Blake Dictionary, Samuel Foster Damon
- ↑ Baker-Smith, Dominic. Between Dream and Nature: Essays on Utopia and Dystopia. 1987, page 163.
- ↑ Kaiser, Christopher B. Creational Theology and the History of Physical Science. 1997, page 328.
- ↑ Jerusalem Plate 15, lines 14-20 Complete Works of William Blake Online
- ↑ *Ackroyd, Peter (1995). Blake. London: Sinclair-Stevenson. pp. 285. ISBN 1-85619-278-4.
- ↑ Essick, Robert N. (1980). William Blake, Printmaker. Princeton, N.J.: Princeton University Press. pp. 248.
- ↑ Letter to George Cumberland, 12 April 1827 Complete Works of William Blake Online.
- ↑ Colebrook, C. Blake 1: The Enlightenment William Blake Retrieved on October 1st 2008
- ↑ William Blake's Ecofeminism, retrieved on May 31st 2007.
- ↑ Blake, William and Rossetti, William Michael. The Poetical Works of William Blake: Lyrical and Miscellaneous. 1890, page 81-2.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- An Archive of an Exhibit of his Work at the National Gallery of Victoria
- Ch'an Buddhism and the Prophetic Poems of William Blake
- Contents, The Complete Poetry and Prose of William Blake edited by David V. Erdman
- See Blake's notebook online using the British Library's Turning the Pages system (requires Shockwave).
- Tate's online resource on William Blake with notes for teachers
- The recent re-discovery of the location of William Blake's grave
- The William Blake Archive, a hypermedia archive sponsored by the Library of Congress and supported by the University of North Carolina at Chapel Hill.
- William Blake and Visual Culture: A special issue of the journal ImageText
- William Blake Collection at the Harry Ransom Center at the University of Texas at Austin
- William Blake എന്ന വ്യക്തിയുടെ രചനകള്‍ പ്രോജക്ട് ഗുട്ടന്‍ബര്‍ഗില്‍നിന്ന്
- Index entry for William Blake at Poet's Corner



