ബെയൊവുള്‍ഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ബെയൊവുള്‍ഫ് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെയൊവുള്‍ഫ് കയ്യെഴുത്തുപ്രതിയുടെ ആദ്യപുറം

ബെയൊവുള്‍ഫ്(Beowulf) പുരാതന ഇംഗ്ലീഷ് ഭാഷയിലെ ഒരു വീരേതിഹാസകാവ്യമാണ്. കൃതിയുടെ അവശേഷിക്കുന്ന ഒരേയൊരു പുരാതന കയ്യെഴുത്തുപ്രതിയിലെ സൂചനവച്ച്, എട്ടും പതിനൊന്നും നൂറ്റാണ്ടുകള്‍ക്കിടയിലാണ് രചനാകാലം എന്ന് മനസ്സിലാക്കാമെങ്കിലും ബെയൊവുള്‍ഫിന്റെ കര്‍ത്തൃത്വം അജ്ഞാതമായിരിക്കുന്നു. അതില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ക്ക് പശ്ചാത്തലമായത് ഇപ്പോള്‍ സ്വീഡനിലും ഡെന്മാര്‍ക്കിലും ഉള്‍പ്പെട്ട നാടുകളാണ്. ആംഗ്ലോ-സാക്സണ്‍ സാഹിത്യത്തിലെ ഏറ്റവും പ്രധാനരചനയായി പൊതുവേ കണക്കാക്കപ്പെടുന്ന ബെയൊവുള്‍ഫ്, ഏറെ ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കും, ഊഹാപോഹങ്ങള്‍ക്കും, സിദ്ധാന്തങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 3182 വരികള്‍ ചേര്‍ന്ന്, താരതമ്യേന ദീര്‍ഘമായ രചനയാണത്.


ഉള്ളടക്കം

[തിരുത്തുക] കഥ

[തിരുത്തുക] ആമുഖം

ഉപേക്ഷിക്കപ്പെട്ട കുട്ടിയായി ഒരു വള്ളത്തില്‍ ഒഴുകിയെത്തി ഒടുവില്‍ ഡെന്മാര്‍ക്കിലെ രാജാവായിത്തീര്‍ന്ന ഷില്‍ഡിന്റെ(Scyld) മഹത്ത്വം വര്‍ണ്ണിക്കുന്ന ചെറിയൊരാമുഖത്തോടെയാണ് ബെയൊവുള്‍ഫ് തുടങ്ങുന്നത്. ആമുഖത്തിന്റെ പ്രധാനഭാഗം പെരുമയോടെയുള്ള രാജവാഴ്ചക്കൊടുവില്‍ മരിച്ച ഷില്‍ഡിന്റെ ശവസംസ്കാരം വര്‍ണ്ണിക്കുന്നു. ഒരു കപ്പലില്‍ ആഭരണങ്ങളും ആയുധങ്ങളും കൊണ്ട് പൊതിഞ്ഞ് ബഹുമാനപൂര്‍വം മൃതദേഹം ഒഴുക്കിവിടുകയാണ് ചെയ്തത്.

[തിരുത്തുക] ഗ്രെന്‍ഡല്‍

ബെയൊവുള്‍ഫിന്റെ കയ്യെഴുത്തുപ്രതി ഒന്നാം പുറത്ത്, കടല്‍ എന്ന അര്‍ത്ഥത്തില്‍ "ofer hron rade" (over the whale's road - തിമിങ്ങലങ്ങളുടെ വഴി) എന്നെഴുതിയിരിക്കുന്നു.

ഷില്‍ഡിന്റെ പേരക്കിടാവ് ഹീല്‍ഫ്ഡേനിന്റെ മകനായിരുന്നു ഹ്രോത്‌ഗാര്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനും യുദ്ധവീരനുമായിരുന്നു. ദീര്‍ഘകാലത്തെ ഭരണത്തിനു ശേഷം, പ്രതാപിയായ അദ്ദെഹം തന്റേയും പരിജനങ്ങളുടേയും ഉല്ലാസത്തിനായി ഹിയൊറോട്ട് എന്ന മനോഹരമായ ഉത്സവശാല നിര്‍മ്മിച്ചു. അവിടെനിന്നുയര്‍ന്ന സംഗീതവും ആര്‍പ്പുവിളികളും അടുത്തുള്ള ഒരു ചളിപ്പൊയ്കയില്‍ താമസിച്ചിരുന്ന ഗ്രെന്‍ഡല്‍ എന്ന സത്വത്തെ കോപിഷ്ടനും അസൂയാലുവുമാക്കി. ഒരു രാത്രി ഉത്സവശാലയിലെത്തിയ ഗ്രെന്‍ഡല്‍ ഹ്രോത്ഗാറിന്റെ മുപ്പത് യോദ്ധാക്കളെ കൊന്നൊടുക്കി. അടുത്ത പന്ത്രണ്ട് വര്‍ഷം ഉത്സവശാലക്കുനേരെയുള്ള ആക്രമണം തുടര്‍ന്ന അയാള്‍ ഹ്രോത്ഗാറിനെ പൊറുതുമുട്ടിച്ചു.


സ്വീഡനിലെ ഗീറ്റുകളുടെ വീരന്മാരില്‍ പ്രമുഖനായിരുന്ന ബെയൊവുള്‍ഫ് ഗ്രെന്‍ഡലിന്റെ അതിക്രമങ്ങളെക്കുറിച്ചറിഞ്ഞ് ഹ്രോത്ഗാറിന്റെ രക്ഷക്കെത്താന്‍ തീരുമാനിച്ചു. പതിനാല് അനുയായികള്‍ക്കൊപ്പം ഒരു കപ്പലില്‍ ഡെന്മാര്‍ക്കിലെത്തിയ അയാളെ ഹ്രോത്ഗാര്‍ സ്വീകരിച്ച് നന്ദിപൂര്‍വം സല്‍ക്കരിച്ചു. അന്നുരാത്രി ബെയൊവുള്‍ഫ് അനുയായികള്‍ക്കൊപ്പം ഉത്സവശാലയില്‍ ഗ്രെന്‍ഡലിനെ കാത്തുകിടന്നു. ആയുധങ്ങളൊന്നുമില്ലാതെ വന്ന ഗ്രെന്‍ഡലിനെ ബെയൊവുള്‍ഫ് നിരായുധനായിത്തന്നെ നേരിട്ടു. ഏറ്റുമുട്ടലിനിടെ ഗ്രെന്‍ഡലിന്റെ ഒരു കയ്യില്‍ പിടിമുറുക്കിയ ബെയൊവുള്‍ഫ് പിടിവിട്ടില്ല. മല്പ്പിടിത്തത്തില്‍ ബെയൊവുള്‍ഫ് ആ കൈ പറിച്ചെടുത്തു. അങ്ങനെ മാരകമായി മുടിവേറ്റ ഗ്രെന്‍ഡല്‍ ചളിപ്പൊയ്കയിലെ തന്റെ താവളത്തിലെത്തി മരിച്ചു.

[തിരുത്തുക] അമ്മസത്വം

ഗ്രെന്‍ഡലിനെ വകവരുത്താനായതില്‍ ഹ്രോത്ഗാറും ജനങ്ങളും ഏറെ സന്തോഷിച്ചു. അവര്‍ ആ വിജയം ആഘോഷിക്കുകയും ബെയൊവുള്‍ഫിനെ പാരിതോഷികങ്ങള്‍ കൊണ്ടുപൊതിയുകയും ചെയ്തു. എന്നാല്‍ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. ഗ്രെന്‍ഡലിന്റെ അമ്മ, മകന്റെ പരാജയത്തിന് പകരം വീട്ടാന്‍ നിശ്ചയിച്ചു. അടുത്ത രാത്രി ഉത്സവശാലയില്‍ കടന്നുചെന്ന അവള്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഹ്രോത്ഗാറിന്റെ ആളുകള്‍ക്കിടയില്‍ നിന്ന് നിന്ന് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സ്നേഹിതന്‍ ഈഷേറെ എടുത്ത് അവളുടെ താവളത്തിലേക്കു കൊണ്ടുപോയി. ബെയൊവുള്‍ഫിന് ഇത്തവണ സത്വത്തെ തേടി ചളിപ്പൊയ്കയിലേക്ക് പോകേണ്ടിവന്നു. പൊയ്കയുടെ അരികിലെത്തിയ ബെയൊവുള്‍ഫും മറ്റും ഹ്രോത്ഗാറിന്റെ സ്നേഹിതന്റെ ചോരയില്‍ കുളിച്ച തല കണ്ടു. പൊയ്കയില്‍ ചാടി മുങ്ങിയ ബെയൊവുള്‍ഫിനെ ഗ്രെന്‍ഡലിന്റെ അമ്മ പിടികൂടി ആഴത്തിലുള്ള അവളുടെ താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ അയാള്‍ അവളുമായി ഏറ്റുമുട്ടി. ബെയൊവുള്‍ഫ് തോല്‍ക്കുമെന്നായപ്പോള്‍ സത്വത്തിന്റെ താവളത്തിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഒരു കൂറ്റന്‍ മന്ത്രവാള്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടു. സാധാരണക്കാര്‍ക്ക് എടുത്തുപൊക്കാന്‍ പറ്റാത്തത്ര കൂറ്റന്‍ വാളായിരുന്നു അതെങ്കിലും ബെയൊവുള്‍ഫ് ആ വാളുപയോഗിച്ച് ഗ്രെന്‍ഡലിന്റെ അമ്മയെ കൊന്നു. ഹ്രോത്ഗാറിന്റെ കൊട്ടാരത്തില്‍ മടങ്ങിയെത്തിയ ബെയൊവുള്‍ഫും അനുയായികളും വലിയ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ഏറെ സമ്മാനങ്ങള്‍ വാങ്ങി ഗീറ്റുകള്‍ താമസിയാതെ അവരുടെ നാട്ടിലേക്ക് കപ്പല്‍ കയറി.

[തിരുത്തുക] വ്യാളി

വ്യാളിയെ നേരിടുന്ന ബെയൊവുള്‍ഫ് - ജെ.ആര്‍. സ്കെല്‍ട്ടന്‍ 1908-ല്‍ വരച്ച ചിത്രം

ജന്മനാട്ടില്‍ മടങ്ങിയെത്തിയ ബെയൊവുള്‍ഫിനെ രാജാവ് ഹിഗ്ലാക്കും ജനങ്ങളും സന്തോഷപൂര്‍വം സ്വീകരിച്ചു. ഹിഗ്ലാക്കിനെ പിന്തുടര്‍ന്ന് രാജാവായ പുത്രന്‍ ഹെര്‍ഡ്രഡിന്റെ മരണത്തിനുശേഷം ബെയൊവുള്‍ഫ് ഗീറ്റുകളുടെ രാജാവായി. ബെയൊവുള്‍ഫിന്റെ കഥയുടെ രണ്ടാം ഭാഗം അദ്ദേഹത്തിന്റെ രാജവാഴ്ച തുടങ്ങി അന്‍പതുവര്‍ഷം കഴിഞ്ഞപ്പോഴത്തെ കഥയാണ്. അന്നാട്ടിലെ ഒരടിമ യജമാനനില്‍ നിന്ന് ഒളിച്ചോടുന്നതിനിടയില്‍ ഒരു വ്യാളിയുടെ ഗുഹയിലെ നിധിശേഖരത്തിനിടയില്‍ അബദ്ധത്തില്‍ ചെന്നുപെട്ടു. നിധിയില്‍ നിന്ന് രത്നഖചിചമായ ഒരു പാനപാത്രം എടുത്തുകൊണ്ടുപോയി യജമാനനു കാഴ്ചവച്ച അടിമക്ക് മാപ്പുകിട്ടി. എന്നാല്‍ ഉറക്കമുണര്‍ന്നപ്പോള്‍ ശേഖരത്തിലെ വിലയേറിയ പാനപാത്രം കാണാതായതു ശ്രദ്ധിച്ച വ്യാളി, ഗീറ്റുകളുടെ നാട്ടിലാകെ അക്രമം കാട്ടി. ബെയൊവുള്‍ഫിന്റെ കൊട്ടാരവും സിംഹാസനവും വരെ വ്യാളിയുടെ ആക്രമണത്തിനിരയായി. അപ്പോഴേക്ക് ബെയൊവുള്‍ഫ് വൃദ്ധനായിരുന്നു. എങ്കിലും അയാള്‍ വ്യാളിയെ നേരിടാന്‍ അതിന്റെ ഗുഹയിലെത്തി. ബെയൊവുള്‍ഫിന്റെ അനുയായികളില്‍ വിഗ്ലാഫ് എന്നുപേരുള്ള ഒരാളൊഴിച്ചുള്ളവരൊക്കെ വ്യാളിയെ ഭയന്ന് ഓടിപ്പോയി. വിഗ്ലാഫിന്റെ സഹായത്തോടെ വ്യാളിയെ ബെയൊവുള്‍ഫ് കൊന്നു. എങ്കിലും അതിനിടെ അയാള്‍ക്ക് മാരകമായി മുറിവേറ്റു.

[തിരുത്തുക] അന്ത്യം

സ്വീഡനിലെ സ്കലുണ്ടായിലുള്ള ഈ സംസ്കാരസ്ഥാനം ബെയൊവുള്‍ഫിന്റേതാണെന്ന് വാദമുണ്ട്.

മരിക്കാറായെന്നറിഞ്ഞ ബെയൊവുള്‍ഫ്, വ്യാളിയുടെ നിധിശേഖരമത്രയും തന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ വിഗ്ലാഫിനോടാവശ്യപ്പെട്ടു. സ്വര്‍ണവും രത്നവുമൊക്കെ കണ്ട് അയാള്‍ സന്തോഷിച്ചു. കടല്‍ത്തീരത്ത് "ബെയൊവുള്‍ഫിന്റെ ഗോപുരം" എന്ന പേരില്‍ ഒരു കുടീരമുണ്ടാക്കി അവിടെ തന്നെ സംസ്കരിക്കണമെന്ന് അയാള്‍ വിഗ്ലാഫിന് നിര്‍ദ്ദേശം നല്‍കി. ബെയൊവുള്‍ഫിന് ചിതയൊരുക്കിയ വിഗ്ലാഫ്, അയാളുടെ ചിതാഭസ്മത്തിനൊപ്പം വ്യാളിയില്‍ നിന്നുകിട്ടിയ നിധിയും ശവകുടീരത്തില്‍ അടക്കം ചെയ്തു.


ഒരു ശവസംസ്കാരത്തിന്റെ വര്‍ണ്ണനയോടെ ആരംഭിക്കുന്ന ബെയൊവുള്‍ഫിന്റെ കഥ, അവസാനിക്കുന്നത് മറ്റൊരു ശവസംസ്കാരവര്‍ണ്ണനയോടെയാണ്.


[തിരുത്തുക] ആസ്വാദനചരിത്രം

ചരിത്രം, ഭാഷാവിജ്ഞാനീയം, പുരാവസ്തുശാസ്ത്രം എന്നിവയുടെ പഠനത്തെ സഹായിക്കുന്ന ആംഗ്ലോസാക്സന്‍ രചന എന്ന നിലയിലാണ് ഇരുപതാം നൂറ്റാണ്ടിനുമുന്‍പ് ബെയൊവുള്‍ഫ് വിലമതിക്കപ്പെട്ടിരുന്നത്. കഥാശില്പമെന്ന നിലയില്‍ അത് ഏറെ മാനിക്കപ്പെട്ടിരുന്നില്ല. ബെയൊവുള്‍ഫിലെ കഥാപാത്രങ്ങളായ ഗ്രെന്‍ഡല്‍, അമ്മസത്വം, വ്യാളി എന്നിവരെ കൃതിയുടെ ചരിത്രമൂല്യത്തില്‍ ശ്രദ്ധയൂന്നിയ പഴയ പഠനങ്ങള്‍ പൊതുവേ അവഗണിച്ചു.


ഈ നിലയ്ക്ക് മാറ്റം വന്നത്, ഫാന്റസി ഇതിഹാസമായ ലോര്‍ഡ് ഓഫ് ദ റിങ്സിന്റേയും മറ്റും സ്രഷ്ടാവെന്ന നിലയില്‍ പിന്നീട് പ്രശസ്തനായ ഭാഷാശാസ്ത്രജ്ഞന്‍ ജെ.ആര്‍.ആര്‍.റ്റോള്‍കീന്‍, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണപരമ്പരയുടെ സംഗ്രഹമായ "സത്വങ്ങളും വിമര്‍ശകരും" എന്ന പ്രബന്ധം 1936-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ്. സത്വങ്ങള്‍ ബെയൊവുള്‍ഫിന്റെ ഘടനയില്‍ ഒഴിവാക്കാനാവാത്തവയാണെന്നും അവയെ അവഗണിച്ച്, ചരിത്രമൂല്യമുള്ള കാവ്യമോ ദുരന്തകഥയോ മാത്രമായി വായിച്ചാല്‍ അത് വിലകുറഞ്ഞതും ദിശാരഹിതവുമായി അനുഭവപ്പെടുമെന്നും ടോള്‍കീന്‍ വാദിച്ചു. സാഹിത്യസൃഷ്ടിയെന്ന നിലയിലുള്ള ബെയൊവുള്‍ഫിന്റെ വായന അങ്ങേയറ്റം പ്രയോജനപ്രദമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കവിതയെന്ന നിലയിലെ പ്രാധാന്യവുമായി താരതമ്യം ചെയ്താല്‍, അതിനുണ്ടായിരിക്കാവുന്ന ചരിത്രമൂല്യം ആനുഷംഗികം മാത്രമാണെന്നും റ്റോള്‍കീന്‍ എഴുതി. കവിതയെ കവിതയായി പരിഗണിക്കാതിരുന്നതിന് ബെയൊവുള്‍ഫിന്റെ പഴയ വിമര്‍ശകരെ റ്റോള്‍കീന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.[1]

[തിരുത്തുക] ക്രിസ്തീയ ഘടകങ്ങള്‍

വന്യമായ ശൗര്യത്തിന്റേയും സാഹസികതയുടേയും കഥയാണ് ബെയൊവുള്‍ഫ്. അതില്‍ കണ്ടേക്കാവുന്ന ചരിത്രാംശത്തിന്റേയും അതിന്റെ രചനയുടെ തന്നെയും പശ്ചാത്തലം കഥയുടെ രംഗവേദിയായി പറയപ്പെടുന്ന സ്കാന്‍ഡിനേവിയന്‍ നാടുകളുടെയും കാവ്യം രചിക്കപ്പെട്ട ഇംഗ്ലണ്ടിന്റേയും ക്രൈസ്തവീകരണത്തിന് മുന്‍പായിരിക്കാനാണിട. അതിനാല്‍ ബെയൊവുള്‍ഫിന്റെ പലഭാഗങ്ങളിലും കാണുന്ന ക്രിസ്തീയതയുടെ അംശങ്ങള്‍ വിമര്‍ശകരേയും ആസ്വാദകരേയും കുഴക്കിയിട്ടുണ്ട്. ഉദാഹരണമായി ഹ്രോത്ഗാറിന്റെ ഉത്സവശാലയിലെ പാട്ടുകാര്‍ പാടിയിരുന്നത്:-


നമ്മുടെയൊക്കെ പുരാതനമായ തുടക്കത്തില്‍

ദൈവം ഭൂമിയെ സൃഷ്ടിച്ച്,
സുന്ദരമായ താഴ്വരകള്‍ക്ക് കടലിനെ അതിരാക്കുകയും
നാടുകളെ പ്രകാശിപ്പിക്കാനായി
കരവിരുതോടെ സൂര്യചന്ദ്രന്മാരെ സ്ഥാപിക്കുകയും
നാലുദിക്കുകള്‍ക്കും സുന്ദരലതകള്‍ കൊണ്ട്
മനോഹാരിത നല്‍കുകയും
ഇപ്പോള്‍ കാണപ്പെടുന്ന ജനതകളെയെല്ലാം സജ്ജീവമാക്കുകയും

ചെയ്തതിനെക്കുറിച്ചാണെന്ന് ബെയൊവുള്‍ഫിന്റെ തുടക്കത്തില്‍ തന്നെ പറയുന്നു.[2] തുടര്‍ന്നുള്ള വരികളില്‍ ഭീകരസത്വമായ ഗ്രെന്‍ഡലിനെ കായേന്റെ വംശത്തില്‍ പിറന്നവന്‍ [3]എന്നു വിശേഷിപ്പിക്കന്നതുകൂടി വായിക്കുമ്പോള്‍ ഈ സൃഷ്ടിവര്‍ണ്ണനയ്ക്ക് ബൈബിളിലെ ഉല്പത്തിക്കഥയുമായുള്ള ബന്ധം വ്യക്തമാകും. ക്രൈസ്തവസംന്യാസാശ്രമങ്ങളില്‍ പരിരക്ഷിക്കപ്പെട്ട ഈ കൃതിക്ക് ക്രിസ്തീയതയുടെ നിറം പകര്‍ന്നത് പകര്‍ത്തിയെഴുത്തുകാരായ സംന്യാസിമാരായിരിക്കണം.[4] ദയാലുവായ ഏതോ സംന്യാസസംശോധകന്‍("some kindly monkish editor") 'അവിശ്വാസികളുടെ' ഈ നായകശില്പം ക്രൈസ്തവലോകത്ത് സ്വീകാര്യതകിട്ടി നിലനില്‍ക്കാനായി ഭക്തിയുടെ വരികള്‍ അങ്ങിങ്ങ് വിതറുകമൂലമാണ് ബെയൊവുള്‍ഫില്‍ ക്രിസ്തീയാംശങ്ങള്‍ കടന്നുവന്നതെന്ന് ചരിത്രകാരനായ വില്‍ ഡുറാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ബെയൊവുള്‍ഫിന്റെ ചൈതന്യവും സംഭവങ്ങളും തീര്‍ത്തും അക്രൈസ്തവമാണെന്ന് അദ്ദേഹം പറയുന്നു. അതിലെ മനുഷ്യരെ ആകര്‍ഷിച്ചത് മരണത്തിനപ്പുറത്തെ ശാന്തിയുടെ പറുദീസയല്ല, ഭൂമിയിലെ ജീവിതവും, പ്രേമവും സമരവുമാണ്.[5]


എന്നാല്‍ പകര്‍ത്തിയെഴുത്തുകാരായ സംന്യാസികള്‍ നടത്തിയ സംശോധനത്തിലാണ് ബെയൊവുള്‍ഫില്‍ ക്രിസ്തീയാംശങ്ങള്‍ കടന്നുകൂടിയതെന്ന ഈ വാദം എല്ലാവരും അംഗീകരിക്കുന്നില്ല. കഥാബീജത്തിന്റേയും കാവ്യത്തിന്റെ വാമൊഴിരൂപത്തിന്റെയും പശ്ചാത്തലം അക്രൈസ്തവമായിരിക്കാമെങ്കിലും ക്രിസ്തീയാംശങ്ങള്‍ ബെയൊവുള്‍ഫിന്റെ അദ്യത്തെ ലിഖിതിരൂപത്തില്‍ തന്നെ ഉണ്ടായിരുന്നിരിക്കണം എന്ന് കരുതുന്നവരുണ്ട്. സ്കാന്‍ഡിനേവിയന്‍ നാടുകളില്‍ നിന്ന് വൈക്കിങ്ങ് സാഹസികര്‍ വഴിയോ ആംഗ്ലോ-സാക്സന്‍ യാത്രക്കാര്‍ വഴിയോ ഇംഗ്ലണ്ടിലെത്തിയിരിക്കാവുന്ന ബെയൊവുള്‍ഫിന്റെ കഥക്ക് ആ നാടിന്റെ ക്രൈസ്തവീകരണത്തിനുശേഷം കിട്ടിയ ആദ്യത്തെ ലിഖിതരൂപത്തില്‍ തന്നെ ക്രിസ്തീയാംശങ്ങള്‍ കടന്നുകൂടിയെന്നാണ് അവര്‍ വാദിക്കുന്നത്.[6]

[തിരുത്തുക] കയ്യെഴുത്തുപ്രതി

പതിനാറാം നൂറ്റണ്ടിലെ ഇംഗ്ലീഷ് മതനവീകരണത്തിനിടെ, ഹെന്‍ട്രി എട്ടാമന്‍ രാജാവ് ബ്രിട്ടണിലെ ക്രൈസ്തവ സംന്യാസാശ്രമങ്ങളെ അമര്‍ച്ച ചെയ്യുകയും അവയുടെ വസ്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആശ്രമങ്ങളോടനുബന്ധിച്ചുള്ള വലിയ ഗ്രന്ഥശാലകള്‍ നശിപ്പിച്ചപ്പോള്‍ നഷ്ടപ്പെട്ടുപോയ അനേകം ഗ്രന്ഥങ്ങളില്‍ ബെയൊവുള്‍ഫിന്റെ കയ്യെഴുത്തുപ്രതികളില്‍ ഒന്നൊഴികെയുള്ളവയും ഉള്‍പ്പെട്ടിരുന്നുവെന്ന് കരുതപ്പെടുന്നു. ആ നശീകരണത്തെ അതിജീവിച്ച ബെയൊവുള്‍ഫിന്റെ ഏക കയ്യെഴുത്തു പ്രതി ഇപ്പോള്‍ ലണ്ടണിലെ ബ്രിട്ടീഷ് സംഗ്രഹാലയത്തിലാണ്. ആ പ്രതിയുടെ നിര്‍മ്മാണകാലം ക്രിസ്തുവര്‍ഷം ആയിരാമാണ്ടിനടുത്താണ്. രണ്ടുതരം കയ്യക്ഷരങ്ങളിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ പണ്ഡിതന്‍ ലോറന്‍സ് നോവെലിന്റെ പേര് ആ കയ്യെഴുത്തുപ്രതിയുടെ പുറങ്ങളിലൊന്നില്‍ കാണുന്നതുകൊണ്ട്, അദ്ദേഹമാണ് അതിനെ നാശത്തില്‍ നിന്നു കാത്ത് ബെയൊവുള്‍ഫിന്റെ കഥയേയും അത് പ്രതിനിധാനം ചെയ്യുന്ന സാഹിത്യസംസ്കാരത്തെ തന്നെയും വിസ്മൃതിയില്‍ നിന്ന് രക്ഷിച്ചതെന്ന് കരുതപ്പെടുന്നു. ആ പ്രതി അറിയപ്പെടുന്നതു തന്നെ നോവല്‍ കയ്യെഴുത്തുപുസ്തകപാഠം (Novell Codex Manuscript) എന്നാണ്. 1731-ലെ ഒരഗ്നിബാധ ദുര്‍ബ്ബലമാക്കിയ കയ്യെഴുത്തുപ്രതിയുടെ പല ഭാഗങ്ങളും കാലാന്തരത്തില്‍ വായിക്കുക ബുദ്ധിമുട്ടായി. ഡെന്മാര്‍ക്കിലെ പണ്ഡിതനായ തോര്‍ക്കെലിന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ എടുത്ത രണ്ടു പകര്‍പ്പുകളും നോവെല്‍ പ്രതിയുടെ അള്‍ട്രാവയലറ്റ് ഛായാഗ്രഹണവും ഇപ്പോള്‍ ബെയൊവുള്‍ഫിന്റെ പാഠനിര്‍ണ്ണയത്തെ സഹായിക്കുന്നു.[7]


[തിരുത്തുക] അവലംബം

  1. Medeival Forum - J. R. R. Tolkien, Beowulf and the Critics. Ed. Michael D. C. Drout [1]
  2. ബെയൊവുള്‍ഫ്, 91 മുതല്‍ 98 വരെ വരികള്‍ - അദ്ധ്യായം ഒന്ന്
  3. ബെയൊവുള്‍ഫ്, 106-ആം വരി, അദ്ധ്യായം ഒന്ന്
  4. William J Long - English Literature, Its History and Its Significance for the Life of English-Speaking World(പന്ത്രണ്ടാം പുറത്തെ അടിക്കുറിപ്പ്)
  5. വില്‍ ഡുറാന്റ് - സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം - വിശ്വാസത്തിന്റെ യുഗം - പുറം 490
  6. ബെയൊവുള്‍ഫിന്റെ ബര്‍ട്ടന്‍ റാഫല്‍ പരിഭാഷക്ക് റോബര്‍ട്ട് പി. ക്രീഡ് എഴുതിയ Afterword
  7. തന്റെ ബെയൊവുള്‍ഫ് പരിഭാഷക്ക്(1963) ബര്‍ട്ടന്‍ റാഫല്‍ എഴുതിയ ആമുഖം


[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B4%AF%E0%B5%8A%E0%B4%B5%E0%B5%81%E0%B5%BE%E0%B4%AB%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്