ദി അഡ്വെഞ്ചേഴ്സ് ഓഫ് ആസ്റ്ററിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രകഥകളിലെ പ്രധാന കഥാപാത്രമായ ആസ്റ്ററിക്സ്

1959-ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഹാസ്യപുസ്തകപരമ്പരയാണ്‌ ദി അഡ്വെഞ്ചേഴ്സ് ഓഫ് ആസ്റ്ററിക്സ്. ഫ്രഞ്ച് ഭാഷയില്‍ Astérix le Gaulois എന്ന പേരില്‍ റെനെ ഗോസിന്നി എഴുതുകയും അല്‍ബേര്‍ ഉഡെര്‍സോ വരയ്ക്കുകയും ചെയ്തുകൊണ്ട് പ്രസിദ്ധീകരണമാരംഭിച്ച ഈ പുസ്തകങ്ങള്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ അനേകം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. 1977-ല്‍ ഗോസിന്നി മരണമടഞ്ഞശേഷം പുസ്തകങ്ങളുടെ എഴുത്തും ഉഡെര്‍സോ ആണ്‌ നിര്‍വ്വഹിക്കുന്നത്. 1959 ഒക്ടോബര്‍ 29-ന്‌ പിലോട്ട് മാസികയിലാണ്‌ ഈ ചിത്രകഥ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഔദ്യോഗികമായി 34 പുസ്തകങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നൂറിലേറെ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ള ഈ ഹാസ്യപുസ്തകങ്ങള്‍ ഏറ്റവും പ്രശസ്തമായ ഫ്രാങ്കോ-ബെല്‍ജിയന്‍ ചിത്രകഥകളില്‍ പെടുന്നു. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇവ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.

റോമാസാമ്രാജ്യത്തിനെതിരെ ചെറുത്തുനില്പ് നടത്തുന്ന ഒരു ചെറിയ ഗൗള്‍ ഗ്രാമത്തിലാണ്‌ ഇതിലെ കഥ നടക്കുന്നത്. കുടിക്കുന്നവര്‍ക്ക് അമാനുഷികശക്തി നല്‍കുന്ന, ഗ്രാമത്തിലെ മന്ത്രവാദി നിര്‍മ്മിക്കുന്ന മാന്ത്രികമരുന്നിന്റെ സഹായത്തോടെയാണ്‌ ഗ്രാമം ഇത് സാധിക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ ആസ്റ്ററിക്സ്, ഒബെലിക്സ് എന്നിവര്‍ ഈ ചിത്രകഥകളിലെ സാഹസികയാത്രകളുടെ ഭാഗമായി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും എത്തിപ്പെടുന്നു. ചില കഥകളാകട്ടെ പൂര്‍ണ്ണമായും ഗ്രാമത്തിനകത്തുതന്നെ നടക്കുന്നവയാണ്‌.

പുസ്തകങ്ങളുടെ വിജയം ഇവയെ അടിസ്ഥാനമാക്കി ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതിനും കാരണമായിട്ടുണ്ട്. ഇതുവരെ പുറത്തിറങ്ങിയ 11 ചലച്ചിത്രങ്ങളില്‍ എട്ടെണ്ണം ആനിമേഷന്‍ ചിത്രങ്ങളും മറ്റുള്ളവ യഥാര്‍ത്ഥ അഭിനേതാക്കളുള്ളതുമായിരുന്നു. ചിത്രകഥകളെ അടിസ്ഥാനമാക്കി ഗെയിമുകളും പുറത്തിറങ്ങിയിട്ടുണ്ട്. പാരീസിനടുത്ത് പാര്‍ക്ക് ആസ്റ്ററിക്സ് എന്ന ഒരു തീം പാര്‍ക്ക് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 32.5 കോടി ആസ്റ്ററിക്സ് പുസ്തകങ്ങള്‍ ലോകമാകെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. രചയിതാക്കളായ ഗോസിന്നിയെയും ഉഡെര്‍സോയെയും ലോകമാകെ ഏറ്റവുമധികം വായനക്കാരുള്ള ഫ്രഞ്ച് എഴുത്തുകാരാക്കി ഇത് മാറ്റുന്നു.[1]

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ആസ്റ്ററിക്സിന്റെ സ്രഷ്ടാക്കളിലൊരാളായ അല്‍ബേര്‍ ഉഡെര്‍സോ

1951-ലാണ്‌ ആസ്റ്ററിക്സിന്റെ സ്രഷ്ടാക്കളായ റെനെ ഗോസിന്നിയും അല്‍ബേര്‍ ഉഡെര്‍സോയും കണ്ടുമുട്ടുന്നത്. 1952-ല്‍ ബെല്‍ജിയന്‍ കമ്പനിയായ വേള്‍ഡ് പ്രസ്സിന്റെ ഓഫീസ് പാരീസില്‍ തുറന്നപ്പോള്‍ ഇരുവരും അവിടെ ജോലി ചെയ്യാനാരംഭിച്ചു. ഊംപാ-പാ, ജെഹാന്‍ പിസ്റ്റൊലെറ്റ്, ലൂക് ജൂനിയര്‍ എന്നിവയായിരുന്നു അവരുടെ ആദ്യ കഥാപാത്രങ്ങള്‍. ടിന്‍ടിന്‍ മാസികയില്‍ 1958 മുതല്‍ ഊംപാ-പാ പ്രസിദ്ധീകരണമാരംഭിച്ചു. നാലുവര്‍ഷമേ ഇത് തുടര്‍ന്നുള്ളൂവെങ്കിലും ആസ്റ്റെറിക്സിന്റെ മുന്‍ഗാമിയായി ഊംപാ-പാ കണക്കാക്കപ്പെടുന്നു.[2]

1959-ല്‍ പിലോട്ട് എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. ഗോസിന്നി ഇതിന്റെ എഡിറ്ററും ഉഡെര്‍സോ കലാസംവിധായകനുമായിരുന്നു. ഒക്ടോബര്‍ 29-ന്‌ ആദ്യം പുറത്തിറങ്ങിയ പതിപ്പില്‍ തന്നെ ആസ്റ്ററിക്സ് പ്രത്യക്ഷപ്പെട്ടു. 1961-ല്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നിരുന്ന ചിത്രകഥാഭാഗങ്ങള്‍ കൂട്ടീച്ചേര്‍ത്ത് ആസ്റ്ററിക്സ് ദി ഗൗള്‍ എന്ന ആദ്യ ഗ്രന്ഥം പുറത്തിറങ്ങി. അതിനുശേഷം ഏതാണ്ട് ഓരോ വര്‍ഷത്തിന്റെ ഇടവേളകളില്‍ പുതിയ പുസ്തകങ്ങള്‍ പുറത്തുവന്നുതുടങ്ങി.[3]

ഭീമാകാരനും ശക്തിമാനുമായ ഒരു ഗൗള്‍ പടയാളിയുടെ ചിത്രമാണ്‌ ആസ്റ്ററിക്സിനെക്കുറിച്ച് ആദ്യം ഉഡെര്‍സോയുടെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ഗോസിന്നിയുടെ ആശയം വ്യത്യസ്തമായിരുന്നു. ചെറിയ ശരീരമുള്ളവനും ബുദ്ധിമാനും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശക്തിയെക്കാള്‍ ബുദ്ധി ഉപയോഗിക്കുന്നവനുമായാണ്‌ അദ്ദേഹം ആസ്റ്ററിക്സിനെ കണ്ടത്. ചെറിയ നായകന്‌ കൂട്ടാളിയായി ശക്തിമാനും എന്നാല്‍ മന്ദനുമായ ഒരു കഥാപാത്രം വേണമെന്ന ഉഡെര്‍സോയുടെ ചിന്തയില്‍ നിന്നാണ്‌ ഒബെലിക്സ് ഉടലെടുത്തത്.

ആസ്റ്ററിക്സ് ഇന്‍ ബെല്‍ജിയം എന്ന ഗ്രന്ഥത്തിന്റെ നിര്‍മ്മാണത്തിനിടെ 1977-ല്‍ ഗോസിന്നി ഹൃദയാഘാതം മൂലം മരണമടഞ്ഞു. അതിനുശേഷം ഉഡെര്‍സോ സ്വന്തമായി ചിത്രകഥകള്‍ രചിക്കാന്‍ തുടങ്ങി. എന്നാല്‍ ഇവ കൂടിയ ഇടവേളകളിലാണ്‌ പുറത്തുവന്നത്. ഉഡെര്‍സോ സ്ഥാപിച്ച Les Editions Albert-René എന്ന കമ്പനിയാണ്‌ ഇതിനുശേഷം ഗ്രന്ഥങ്ങള്‍ പുറത്തിറക്കിയത്. ഈ കമ്പനിയില്‍ ഉടമസ്ഥാവകാശത്തില്‍ 80% ഉഡെര്‍സോക്കും മകളായ സില്‍വിക്കും, 20% ഗോസിന്നി കുടുംബത്തിനുമായിരുന്നു. എന്നാല്‍ ആദ്യത്തെ 24 ആല്‍ബങ്ങളുടെ അവകാശം അവ പ്രസിദ്ധീകരിച്ച ദര്‍ഗോദ് കൈക്കലാക്കിവച്ചിരിക്കുകയായിരുന്നു. 1990-ല്‍ ഗോസിന്നിയുടെയും ഉഡെര്‍സോയുടെയും കുടുംബങ്ങള്‍ ഇതിനെതിരെ നിയമയുദ്ധം തുടങ്ങി. ഒടുവില്‍ 1998-ല്‍ ആസ്റ്ററിക്സ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും വില്‍ക്കാനുമുള്ള അവകാശം ദര്‍ഗോദിന്‌ നഷ്ടപ്പെട്ടു. അല്‍ബേര്‍-റെനെയ്ക്കുപകരം ഹാച്ചെറ്റ് പ്രസിദ്ധീകരണശാലയുടെ പേരില്‍ അവകാശങ്ങള്‍ വാങ്ങാന്‍ ഉഡെര്‍സോ തീരുമാനിച്ചു. എന്നാല്‍ പുതിയ ആല്‍ബങ്ങളുടെ അവകാശം അല്‍ബേര്‍ ഉഡെര്‍സോ (40%), സില്‍വി ഉഡെര്‍സോ (20%), ആന്‍ ഗോസിന്നി (40%) എന്നിവരുടെ പേരിലായിരുന്നു

ടിന്‍ടിന്‍ സ്രഷ്ടാവായ ഹെര്‍ഷേ ആവശ്യപ്പെട്ടിരുന്നതുപോലെ തന്റെ മരണശേഷം തന്റെ കഥാപാത്രങ്ങളെ ആരും വരയ്ക്കരുത് എന്ന് ഉഡെര്‍സോയും ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം നിലപാടു മാറ്റുകയും 2008 ഡിസംബറില്‍ തന്റെ അവകാശം ഹാച്ചെറ്റ് പ്രസിദ്ധീകരണശാലയ്ക്ക് വില്‍ക്കുകയും ചെയ്തു. എന്നാല്‍ തന്റെ കുടുംബത്തില്‍ നിന്നുതന്നെ എതിര്‍പ്പുണ്ടായി. ലെ മോണ്ട് എന്ന ഫ്രഞ്ച് പത്രത്തിനയച്ച കത്തില്‍ മകള്‍ സില്‍വി അല്‍ബേറിന്റെ മരണശേഷം ചിത്രകഥകള്‍ നിര്‍മ്മിക്കാനുള്ള അവകാശം ഹാച്ചെറ്റിനു നല്‍കിയ അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ചു. ആധുനികലോകത്തെ റോമാക്കാരായ വ്യവസായഭീമന്മാര്‍ക്ക് ഗൗള്‍ പടയാളിയെ ഒറ്റുകൊടുക്കുകയാണ്‌ പിതാവ് ചെയ്തത് എന്ന് സില്‍വി പറഞ്ഞു.[4][5] ആന്‍ ഗോസിന്നിയും ചിത്രകഥകള്‍ തുടരാനുള്ള അനുവാദം നല്‍കുകയും അക്കാലത്തുതന്നെ തന്റെ അവകാശങ്ങള്‍ വിറ്റഴിക്കുകയും ചെയ്തു.[6] ഏതാനും മാസങ്ങള്‍ക്കുശേഷം ചിത്രകഥയ്ക്കുവേണ്ടി വരയ്ക്കാനായി തന്റെകീഴില്‍ ജോലിചെയ്തിരുന്ന മൂന്നുപേരെ ഉഡെര്‍സോ നിയമിക്കുകയും ചെയ്തു.[7]

[തിരുത്തുക] പശ്ചാത്തലം

ആധുനിക ഫ്രാന്‍സില്‍ പെടുന്ന ഗൗള്‍ പ്രദേശത്തെ ആര്‍മോറിക്കയിലെ പേരില്ലാത്ത ഒരു തീരദേശഗ്രാമത്തിലാണ്‌ കഥ നടക്കുന്നത്. 50 ബി.സി. ആണ്‌ വര്‍ഷം. ഗൗളിന്റെ പ്രധാന ഭാഗവും ജൂലിയസ് സീസര്‍ റോമാസാമ്രാജ്യത്തിന്‌ കീഴിലാക്കിയിരിക്കുന്നു. എന്നാല്‍ ഗ്രാമത്തിലെ മന്ത്രവാദിയായ ഗെറ്റാഫിക്സ് നിര്‍മ്മിച്ചുനല്‍കുന്ന മാന്ത്രികതൈലം അമാനുഷികശക്തി നല്‍കുന്നുവെന്നതിനാല്‍ ഗ്രാമത്തിന്‌ റോമാക്കാരെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നു. ഗ്രാമത്തെ തങ്ങളുടെ കീഴിലാക്കാനുള്ള റോമക്കാരുടെ നിതാന്തപരിശ്രമങ്ങളും ഗ്രാമവാസികളുടെ ചെറുത്തുനില്പുമാണ്‌ മിക്ക കഥകളിലെയും പ്രധാന വിഷയം.

കഥാനായകനായ ആസ്റ്ററിക്സ് ഗ്രാമത്തിലെ വീരനാണ്‌. ബുദ്ധിസാമര്‍ത്ഥ്യം മൂലം ഗ്രാമത്തിന്റെ പ്രധാന ജോലികളെല്ലാം ആസ്റ്ററിക്സിനാണ്‌ ഏല്പിക്കപ്പെടുന്നത്. തന്റെ സാഹസികയാത്രകളിലെല്ലാം പൊണ്ണത്തടിയനും അതിശക്തനും എന്നാല്‍ ബുദ്ധിസാമര്‍ത്ഥ്യം കുറഞ്ഞവനുമായ ഒബെലിക്സ് കൂട്ടിനുമുണ്ടാകും; ഒബെലിക്സിന്റെ സഹചാരിയായ ഡോഗ്മാറ്റിക്സ് എന്ന നായ്ക്കുട്ടിയും. സാഹസങ്ങള്‍ ഇവരെ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലും ഗ്രാമത്തിനു പുറത്തും കൊണ്ടെത്തിക്കുന്നു. ഗൗളിന്റെ ഭാഗങ്ങളായ ലുട്ടേഷ്യ, കോര്‍സിക്ക എന്നിവയും അയല്‍രാജ്യങ്ങളായ ബെല്‍ജിയം, സ്പെയിന്‍, ബ്രിട്ടണ്‍, ജര്‍മ്മനി മുതലായവയും ദൂരദേശങ്ങളായ വടക്കേ അമേരിക്ക, മദ്ധ്യപൂര്‍വ്വദേശം, ഇന്ത്യ മുതലായവയും സാഹസികയാത്രകളുടെ ഭാഗമായി ആസ്റ്ററിക്സും ഒബെലിക്സും ചെന്നെത്തുന്ന പ്രദേശങ്ങളാണ്‌.

ശേഷകാലത്തെ ആസ്റ്ററിക്സ് പുസ്തകങ്ങളില്‍ സയന്‍സ് ഫിക്ഷന്‍, ഫാന്റസി എന്നിവയുടെയും അംശങ്ങളുണ്ട്. ആസ്റ്ററിക്സ് ആന്‍ഡ് ദി ഫാളണ്‍ സ്കൈ എന്ന കഥയില്‍ ബഹിരാകാശജീവികള്‍ പ്രത്യക്ഷപ്പെടുന്നു. ആസ്റ്ററിക്സ് ആന്‍ഡ് ഒബലിക്സ് ഓള്‍ അറ്റ് സീ എന്ന കഥയിലാകട്ടെ അറ്റ്ലാന്റിസ് എന്ന ഫാന്റസി ദ്വീപിനെക്കുറിച്ചും പരാമര്‍ശമുണ്ട്.

[തിരുത്തുക] പ്രധാന കഥാപാത്രങ്ങള്‍

ചിത്രകഥകളിലെ പ്രധാന കഥാപാത്രങ്ങള്‍

ആസ്റ്ററിക്സ്, ഒബെലിക്സ്, ഡോഗ്മാറ്റിക്സ് എന്നീ കഥാപാത്രങ്ങളെക്കുറിച്ച് എല്ലാ ആസ്റ്റെറിക്സ് പുസ്തകങ്ങളുടെയും തുടക്കത്തില്‍ ഒരു ചെറുകുറിപ്പുണ്ടാകാറുണ്ട്. ഗൗളിന്റെ ഭൂപടത്തിന്‌ താഴെയാണ്‌ ഇത് നല്‍കാറ്. ഇവര്‍ക്കുപുറമെ ഗ്രാമത്തിലെ മറ്റ് അന്തേവാസികളും മിക്ക ആസ്റ്ററിക്സ് കഥകളിലും പ്രത്യക്ഷപ്പെടുന്നവരാണ്‌. ഗ്രാമവാസികള്‍ക്ക് പുറമെ ജൂലിയസ് സീസറും കടല്‍ക്കൊള്ളക്കാരും വളരെയധികം കഥകളില്‍ പ്രത്യക്ഷപ്പെടുന്നു.

[തിരുത്തുക] ആസ്റ്ററിക്സ്

ചെറിയവനും ബുദ്ധിസാമര്‍ത്ഥ്യമുള്ളവനുമായ ധീരനായ പോരാളി. അവിവാഹിതന്‍. ഏറ്റവും സാമര്‍ത്ഥ്യമുള്ളവനും അതേ സമയം ചിന്തിച്ച് മാത്രം തീരുമാനമെടുക്കുന്നതിനാലും മറ്റ് ഗ്രാമവാസികളെപ്പോലെ അനാവശ്യ കലഹങ്ങളില്‍ പെടാത്തതിനാലും ഗ്രാമത്തിന്റെ പ്രധാന കാര്യങ്ങളെല്ലാം നിര്‍വ്വഹിക്കാനുള്ള ചുമതല ആസ്റ്ററിക്സിന്റെ മേലാണ്‌ വന്നുവീഴുക. മാതാപിതാക്കളായ സര്‍സാപാരില്ല, ആസ്ട്രോണോമിക്സ് എന്നിവര്‍ ദൂരെ കോണ്ടാറ്റം എന്ന സ്ഥലത്താണ്‌ വസിക്കുന്നത്. എപ്പോഴും വാളേന്തി നടക്കാറുണ്ടെങ്കിലും ബുദ്ധിയുപയോഗിച്ചും ആവശ്യം വന്നാല്‍ മാന്ത്രികമരുന്നിന്റെ സഹായത്തോടെ വെറുംകൈയോടെയുമാണ്‌ പോരാടാറ്. ചിറകുകളുള്ള തൊപ്പിയാണ്‌ തിരിച്ചറിയാനുള്ള പ്രധാന അടയാളം.

കുറിപ്പുകളിടാനുള്ള * (ആസ്റ്ററിസ്ക്) ചിഹ്നത്തില്‍ നിന്നാണ്‌ കഥാപാത്രത്തിന്‌ പേര്‌ ലഭിച്ചത്. മിക്ക ഭാഷകളിലും ആസ്റ്ററിക്സ് എന്നു തന്നെയാണ്‌ പേര്‌. എന്നാല്‍ ഐസ്ലാന്‍ഡിക് ഭാഷയില്‍ ആസ്ത്രികൂര്‍ എന്നും സിംഹളഭാഷയില്‍ സൂറ പപ്പ എന്നും അറിയപ്പെടുന്നു.

[തിരുത്തുക] ഒബെലിക്സ്

ഒബെലിക്സ്

ആസ്റ്ററിക്സിന്റെ ഏറ്റവുമടുത്ത സുഹൃത്ത്. കുത്തനെ നില്‍ക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ (menhirs) നിര്‍മ്മിക്കുകയും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ്‌ അവിവാഹിതനായ ഒബെലിക്സിന്റെ ജോലി. അസാമാന്യ ശക്തിയുള്ളവനും പൊണ്ണത്തടിയനും തീറ്റപ്രിയനുമാണ്‌ ഒബെലിക്സ്. കാട്ടുപന്നികളാണ്‌ ഇഷ്ടഭക്ഷണം. എന്നാല്‍ താന്‍ തടിയനാണെന്ന് അംഗീകരിക്കാത്ത ഒബെലിക്സ് തന്നെ പൊണ്ണത്തടിയന്‍ എന്ന് വിളിക്കുന്നത് വെറുക്കുകയും ചെയ്യുന്നു. ആസ്റ്ററിക്സും ഒബെലിക്സും തമ്മില്‍ കലഹങ്ങളുണ്ടാകുന്നതിന്‌ പ്രധാന കാരണം ഇതാണ്‌. ചെറുപ്രായത്തില്‍ മാന്ത്രികമരുന്നുണ്ടാക്കുന്ന പാത്രത്തിലേക്ക് വീണതാണ്‌ ഒബെലിക്സിന്റെ അസാമാന്യ ശക്തിക്ക് കാരണം. വീണ്ടും മാന്ത്രികമരുന്ന് കുടിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ മൂലം ഗെറ്റാഫിക്സ് ഒബെലിക്സിന്‌ മാന്ത്രികമരുന്ന് നല്‍കാറില്ല. മാതാപിതാക്കളായ വാനില, ഒബെലിസ്കോയ്ഡിക്സ് എന്നിവര്‍ ആസ്റ്ററിക്സിന്റെ മാതാപിതാക്കളോടൊപ്പമാണ്‌ താമസിക്കുന്നത്.

ആസ്റ്ററിസ്കിനുശേഷം കുറിപ്പുകളിടാനുപയോഗിക്കുന്ന (ഒബെലിസ്ക്) ചിഹ്നത്തില്‍ നിന്നാണ്‌ കഥാപാത്രത്തിന്‌ പേര്‌ ലഭിച്ചത്. മിക്ക തര്‍ജ്ജമകളിലും ഒബെലിക്സ് എന്ന പേര്‌ നിലനിര്‍ത്തിയിരിക്കുന്നു. എന്നാല്‍ ഐസ്ലാന്‍ഡിക് ഭാഷയില്‍ സ്റ്റൈന്റികൂര്‍ എന്നും സിംഹളഭാഷയില്‍ ജിങ് പപ്പ എന്നും തുര്‍ക്കിഷ് ഭാഷയില്‍ ഹോപ്ഡെഡിക്സ് എന്നും അറിയപ്പെടുന്നു.

[തിരുത്തുക] ഡോഗ്മാറ്റിക്സ്

ഡോഗ്മാറ്റിക്സ്

ഒബെലിക്സിന്റെ വളര്‍ത്തുനായയാണ്‌ ഡോഗ്മാറ്റിക്സ്. വളരെ ചെറുതും വെളുത്തതുമായ ഈ നായക്കുട്ടി പക്ഷെ എളുപ്പത്തില്‍ ദേഷ്യപ്പെടുന്നു. ആസ്റ്ററിക്സിനെയും ഒബെലിക്സിനെയും ലുട്ടേഷ്യയില്‍ നിന്ന് പിന്തുടര്‍ന്ന് ഗൗളിലെത്തിയ ഡോഗ്മാറ്റിക്സിനെ ഒബെലിക്സ് ശ്രദ്ധിക്കുകയും വളര്‍ത്തുകയുമായിരുന്നു. ബുദ്ധിമാനെങ്കിലും മണം പിടിക്കാന്‍ കഴിവ് കുറഞ്ഞവനാണ്‌ ഡോഗ്മാറ്റിക്സ്. ഫ്രഞ്ച് മൂലരചനയില്‍ ഇഡെഫിക്സ് (ഉറച്ച ആശയം അഥവാ മുന്‍വിധി) എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്‌. ഒരു ആശയത്തെ മുറുകെപ്പിടിക്കുന്നവന്‍ എന്നാണ്‌ ഡോഗ്മാറ്റിക്സ് എന്ന ഇംഗ്ലീഷ് പരിഭാഷയിലെ നാമത്തിന്റെ ഉദ്ദേശ്യം.

[തിരുത്തുക] മറ്റ് കഥാപാത്രങ്ങള്‍

പാര്‍ക് ആസ്റ്റെറിക്സിലുള്ള കാകോഫോണിക്സിന്റെ കുടില്‍
 • ഗെറ്റാഫിക്സ് : ഗ്രാമത്തിലെ മന്ത്രവാദി. ശക്തി വര്‍ദ്ധിപ്പിക്കുന്ന മാന്ത്രികമരുന്ന് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്നു. പ്രായമേറിയ വ്യക്തിയായ ഗെറ്റാഫിക്സിനെ ഗ്രാമത്തില്‍ എല്ലാവരും ബഹുമാനിക്കുന്നു. ഗ്രാമത്തിലെ വൈദ്യനും അദ്ധ്യാപകനുമായ ഗെറ്റാഫിക്സാണ്‌ കലഹങ്ങള്‍ തീര്‍ക്കാനും മുന്നിട്ടിറങ്ങുന്നത്
 • കാകോഫോണിക്സ് : ഗ്രാമത്തിലെ സംഗീതജ്ഞന്‍. സംഗീതോപകരണങ്ങള്‍ വായിക്കുമെങ്കിലും വളരെ മോശം പാട്ടുകാരനായാണ്‌ കാകോഫോണിക്സ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഗ്രാമവാസികള്‍ക്കാര്‍ക്കും അയാള്‍ പാടുന്നത് കേള്‍ക്കാനിഷ്ടമില്ല. മോശം ഗാനാലാപനം പേമാരിക്ക് വരെ കാരണമാകുന്നതായി കഥകളില്‍ ചിത്രീകരിച്ചിരിക്കുന്നു.
 • വൈറ്റല്‍സ്റ്റാറ്റിസ്റ്റിക്സ് : ഗ്രാമമുഖ്യന്‍. തടിയനും മദ്ധ്യവയസ്കനും പേടിയില്ലാത്തവനും എന്നാല്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്തവനുമായ വൈറ്റല്‍സ്റ്റാറ്റിസ്റ്റിക്സ് ഭക്ഷണപ്രിയനുമാണ്‌. ഏത് സമയവും രണ്ടുപേര്‍ അദ്ദേഹത്തെ ഒരു പരിചയില്‍ കയറ്റി നടത്തുന്നു. എന്നാല്‍ നിരന്തരം അദ്ദേഹം പരിചയില്‍ നിന്ന് വീഴുകയും ചെയ്യുന്നു
 • ഗ്രാമമുഖ്യന്റെ പരിച താങ്ങുന്ന രണ്ടുപേര്‍
 • ഇമ്പെഡിമെന്റ : വൈറ്റല്‍സ്റ്റാറ്റിസ്റ്റിക്സിന്റെ ഭാര്യ. ഗ്രാമത്തിലെ സ്ത്രീകളുടെ നേതാവ്. നല്ല പാചകക്കാരി. ഭര്‍ത്താവിന്റെ വലിയ ആഗ്രഹങ്ങളില്ലാത്ത സ്വഭാവത്തെ ഇഷ്ടപ്പെടുന്നില്ല. ലുടേഷ്യയില്‍ വില്പനക്കാരനായ സഹോദരന്‍ ഹോമിയോപതിക്സിന്റെ അടുക്കല്‍ താമസിക്കാനാഗ്രഹിക്കുന്നു
 • ഫുള്ളിഓട്ടോമാറ്റിക്സ് : ഗ്രാമത്തിലെ കൊല്ലന്‍. മുമ്പ് കൊല്ലനായിരുന്ന സെമിഓട്ടോമാറ്റിക്സിന്റെ മകന്‍. കാകോഫോണിക്സിനെക്കൊണ്ട് ബലം പ്രയോഗിച്ച് പാട്ട് നിര്‍ത്തുന്ന വ്യക്തി. ഒരു മകനും ഒരു മകളുമുണ്ട്
 • ഫുള്ളിഓട്ടോമാറ്റിക്സിന്റെ ഭാര്യ
 • ജെറിയാട്രിക്സ് : ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി
 • ജെറിയാട്രിക്സിന്റെ യുവതിയായ ഭാര്യ
 • അണ്‍ഹൈജീനിക്സ് : ഗ്രാമത്തിലെ മീന്‍വില്പനക്കാരന്‍. മുമ്പ് മീന്‍വില്പ്പനക്കാരനായിരുന്ന അണ്‍ഹെല്‍തിക്സിന്റെ മകന്‍. പഴയ മത്സ്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഫുള്ളിഓട്ടോമാറ്റിക്സുമായി എപ്പോഴും വഴക്കുകളില്‍ ഏര്‍പ്പെടുന്നു.
 • ബാക്റ്റീരിയ : അണ്‍ഹൈജീനിക്സിന്റെ ഭാര്യ
 • ജൂലിയസ് സീസര്‍ : ഗ്രാമത്തിന്റെ മുഖ്യശത്രു. ഗ്രാമത്തെ കീഴടക്കാന്‍ സീസര്‍ ശ്രമിക്കുന്നതാണ്‌ മിക്ക കഥകളുടെയും അടിസ്ഥാനം. എങ്കിലും ആസ്റ്ററിക്സും സീസറും പരസ്പരം ബഹുമാനിക്കുന്നു
 • കടല്‍ക്കൊള്ളക്കാര്‍ : ആസ്റ്ററിക്സും ഒബെലിക്സും തങ്ങളുടെ യാത്രകള്‍ക്കിടയില്‍ പലപ്പോഴായി ഒരു കടല്‍ക്കൊള്ളസംഘത്തെ കണ്ടുമുട്ടുന്നു. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഓരോ തവണയും കടല്‍ക്കൊള്ളക്കാരുടെ കപ്പല്‍ തകര്‍ക്കപ്പെടുന്നതിലാണ്‌ കലാശിക്കുക. ബാര്‍ബ് റൂഷ് എന്ന ഹാസ്യപുസ്തകപരമ്പരയിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഇവര്‍ക്ക് രൂപം കൊടുത്തിട്ടുള്ളത്. റെഡ്ബേര്‍ഡ്, പെഗ്‌ലെഗ്, എറിക്സ്, പേരില്ലാത്ത നീഗ്രോ എന്നിവരാണ്‌ കടല്‍ക്കൊള്ളക്കാരുടെ കൂട്ടത്തിലെ പ്രധാനികള്‍
 • അനേകം റോമന്‍ പടയാളികള്‍

ഇവര്‍ക്ക് പുറമെ ചരിത്രവ്യക്തികളായ ബ്രൂട്ടസ്, ക്ലിയോപാട്ര രാജ്ഞി, പോംപി, സ്പാര്‍ട്ടക്കസ്, വെര്‍സിങെട്ടോറിക്സ് എന്നിവരും ചില കഥകളില്‍ പ്രത്യക്ഷപ്പെടുന്നു

[തിരുത്തുക] പരമ്പരയിലെ പുസ്തകങ്ങള്‍

34 ഹാസ്യപുസ്തകങ്ങളാണ്‌ പരമ്പരയിലുള്ളത്. അവയുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു. ഇവിടെ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് ഘണ്ഡശ്ശഃ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം ഒടുവില്‍ പുസ്തകമായി പുറത്തിറങ്ങിയ വര്‍ഷമാണ്‌.

 • ആസ്റ്ററിക്സ് ദി ഗൗള്‍ (1961)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ഗോള്‍ഡന്‍ സിക്കിള്‍ (1962)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ഗോത്സ് (1963)
 • ആസ്റ്ററിക്സ് ദി ഗ്ലാഡിയേറ്റര്‍ (1964)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ബാങ്ക്വെറ്റ് (1965)
 • ആസ്റ്ററിക്സ് ആന്‍ഡ് ക്ലിയോപാട്ര (1965)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ബിഗ് ഫൈറ്റ് (1966)
 • ആസ്റ്ററിക്സ് ഇന്‍ ബ്രിട്ടണ്‍ (1966)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി നോര്‍മന്‍സ് (1966)
 • ആസ്റ്ററിക്സ് ദി ലെജ്യനറി (1967)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ചിഫ്റ്റന്‍സ് ഷീല്‍ഡ് (1968)
 • ആസ്റ്ററിക്സ് അറ്റ് ദി ഒളിമ്പിക് ഗെയിംസ് (1968)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി കോള്‍ഡ്രണ്‍ (1969)
 • ആസ്റ്ററിക്സ് ഇന്‍ സ്പെയിന്‍ (1969)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി റോമന്‍ ഏജന്റ് (1970)
 • ആസ്റ്ററിക്സ് ഇന്‍ സ്വിറ്റ്സര്‍ലാന്‍ഡ് (1970)
 • ദി മാന്‍ഷന്‍ ഓഫ് ദി ഗോഡ്സ് (1971)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ലോറല്‍ റെത് (1972)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി സൂത്ത്സെയര്‍ (1972)
 • ആസ്റ്ററിക്സ് ഇന്‍ കോര്‍സിക (1973)
 • ആസ്റ്ററിക്സ് ആന്‍ഡ് സീസേഴ്സ് ഗിഫ്റ്റ് (1974)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ഗ്രേറ്റ് ക്രോസ്സിംഗ് (1975)
 • ഒബെലിക്സ് ആന്‍ഡ് കോ (1976)
 • ആസ്റ്ററിക്സ് ഇന്‍ ബെല്‍ജിയം (1979)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ഗ്രേറ്റ് ഡിവൈഡ് (1980)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ബ്ലാക്ക് ഗോള്‍ഡ് (1981)
 • ആസ്റ്ററിക്സ് ആന്‍ഡ് സണ്‍ (1983)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി മാജിക് കാര്‍പറ്റ് (1987)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി സീക്രട്ട് വെപ്പണ്‍ (1991)
 • ആസ്റ്ററിക്സ് ആന്‍ഡ് ഒബെലിക്സ് ഓള്‍ അറ്റ് സീ (1996)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ആക്ട്രസ് (2001)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ക്ലാസ്സ് ആക്റ്റ് (2003)
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ഫാളിങ് സ്കൈ (2005)
 • ആസ്റ്ററിക്സ് ആന്‍ഡ് ഒബെലിക്സ് ബര്‍ത്ത്ഡേ :
  ദി ഗോള്‍ഡന്‍ ബുക്ക്
  (2009)

ഇവയ്ക്കു പുറമെ 1976-ല്‍ ആസ്റ്ററിക്സ് കോണ്‍ക്വേഴ്സ് റോം എന്നൊരു പുസ്തകവും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ദി റ്റ്വല്‍വ് ടാസ്ക്സ് ഓഫ് ആസ്റ്ററിക്സ് എന്ന ആനിമേഷന്‍ ചിത്രത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ ഈ പുസ്തകത്തിന്‌ പിന്നീട് ചുരുക്കം കോപ്പികളേ പുറത്തിറങ്ങിയിട്ടുള്ളൂ എന്നതിനാല്‍ ഇതിനെ സാധാരണ ആസ്റ്ററിക്സ് പുസ്തകങ്ങളുടെ പട്ടികയില്‍ പെടുത്താറില്ല. 1989-ല്‍ പുറത്തിറങ്ങിയ ഹൗ ഒബെലിക്സ് ഫെല്‍ ഇന്റു ദി മാജിക് പോഷന്‍ വെന്‍ ഹീ വാസ് എ ലിറ്റില്‍ ബോയ് എന്ന പുസ്തകത്തെയും ഔദ്യോഗികപട്ടികയില്‍ പെടുത്താറില്ല.

ആസ്റ്ററിക്സ് ഇന്‍ ബെല്‍ജിയം എന്ന പുസ്തകം ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നതിനിടെ ഗോസിന്നി മരണമടഞ്ഞു. ദുഃഖസൂചകമായി, പുസ്തകത്തില്‍ മരണശേഷമിറങ്ങിയ ഭാഗങ്ങളില്‍ അന്തരീക്ഷം കാറുമൂടിയതും നിറങ്ങള്‍ കൂടുതല്‍ ഇരുണ്ടതുമാണ്‌. ആസ്റ്ററിക്സ് ഇന്‍ ബെല്‍ജിയത്തിനുശേഷമുള്ള പുസ്തകങ്ങളെല്ലാം എഴുതിയതും വരച്ചതും ഉഡെര്‍സോ ഒറ്റയ്ക്കാണ്‌. എന്നാല്‍ ആസ്റ്ററിക്സ് ആന്‍ഡ് ദി ക്ലാസ് ആക്റ്റ്, ആസ്റ്ററിക്സ് ആന്‍ഡ് ഒബെലിക്സ് ബര്‍ത്ത്ഡേ എന്നീ പുസ്തകങ്ങളിലെ ചില കഥകള്‍ ഗോസിന്നി എഴുതിയതാണ്‌

[തിരുത്തുക] ചലച്ചിത്രങ്ങള്‍

ആസ്റ്ററിക്സ് പരമ്പരയെ അടിസ്ഥാനമാക്കി ധാരാളം ആനിമേഷന്‍ ചിത്രങ്ങളും ലൈവ് ആക്ഷന്‍ ചിത്രങ്ങളും പുറത്തിറങ്ങുകയുണ്ടായി

[തിരുത്തുക] ആനിമേഷന്‍ ചിത്രങ്ങള്‍

 • ആസ്റ്ററിക്സ് ദി ഗൗള്‍ (1967) : അതേ പേരുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചത്
 • ആസ്റ്ററിക്സ് ആന്‍ഡ് ദി ഗോള്‍ഡന്‍ സിക്കിള്‍ (1967) : അതേ പേരുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കാനാരംഭിച്ച ഈ ചിത്രം പിന്നീട് നിര്‍ത്തുകയാണുണ്ടായത്. ഇത് ഒരിക്കലും പുറത്തിറങ്ങിയില്ല
 • ആസ്റ്ററിക്സ് ആന്‍ഡ് ക്ലിയോപാട്ര (1968) : അതേ പേരുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചത്
 • ദി റ്റ്വല്‍വ് ടാസ്ക്സ് ഓഫ് ആസ്റ്ററിക്സ് (1976) : ഒരു പുസ്തകത്തെയും അടിസ്ഥാനമാക്കാതെ നിര്‍മ്മിച്ച ഈ ചിത്രം പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി
 • ആസ്റ്ററിക്സ് വേഴ്സസ് സീസര്‍ (1985): ആസ്റ്ററിക്സ് ദി ലെജ്യനറി, ആസ്റ്ററിക്സ് ദി ഗ്ലാഡിയേറ്റര്‍ എന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചത്
 • ആസ്റ്ററിക്സ് ഇന്‍ ബ്രിട്ടണ്‍ (1986) : അതേ പേരുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചത്
 • 'ആസ്റ്ററിക്സ് ആന്‍ഡ് ദി ബിഗ് ഫൈറ്റ് (1989) : ആസ്റ്ററിക്സ് ആന്‍ഡ് ദി ബിഗ് ഫൈറ്റ്, ആസ്റ്ററിക്സ് ആന്‍ഡ് ദി സൂത്സേയര്‍ എന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചത്
 • ആസ്റ്ററിക്സ് കോണ്‍ക്വേഴ്സ് അമേരിക്ക (1994) : ആസ്റ്ററിക്സ് ആന്‍ഡ് ദി ഗ്രേറ്റ് ക്രോസിംഗ് എന്ന പുസ്തകത്തില്‍ നിന്ന് അംശങ്ങളെടുത്ത് നിര്‍മ്മിച്ചത്
 • ആസ്റ്ററിക്സ് ആന്‍ഡ് ദി വൈക്കിംഗ്സ് (2006) : ആസ്റ്ററിക്സ് ആന്‍ഡ് ദി നോര്‍മന്‍സ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചത്

[തിരുത്തുക] ലൈവ് ആക്ഷന്‍ ചിത്രങ്ങള്‍

 • ആസ്റ്ററിക്സ് ആന്‍ഡ് ഒബെലിക്സ് ടേക് ഓണ്‍ സീസര്‍ (1999) : ആസ്റ്ററിക്സ് ദി ഗൗള്‍, ആസ്റ്ററിക്സ് ആന്‍ഡ് ദി സൂത്‌സേയര്‍, ആസ്റ്ററിക്സ് ആന്‍ഡ് ദി ഗോത്‌സ്, ആസ്റ്ററിക്സ് ദി ലെജ്യനറി, ആസ്റ്ററിക്സ് ദി ഗ്ലാഡിയേറ്റര്‍ എന്ന പുസ്തകങ്ങളില്‍ നിന്ന് അംശങ്ങളെടുത്താണ്‌ ഈ ചിത്രം നിര്‍മ്മിച്ചത്
 • ആസ്റ്ററിക്സ് ആന്‍ഡ് ഒബെലിക്സ് : മിഷന്‍ ക്ലിയോപാട്ര' (2002) : ആസ്റ്ററിക്സ് ആന്‍ഡ് ക്ലിയോപാട്ര എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചത്
 • ആസ്റ്ററിക്സ് ആന്‍ഡ് ഒബെലിക്സ് അറ്റ് ദി ഒളിംപിക് ഗെയിംസ് (2008) : ആസ്റ്ററിക്സ് അറ്റ് ദി ഒളിംപിക് ഗെയിംസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചത്

[തിരുത്തുക] അവലംബം

 1. volumes-sold. Asterix the Gaul rises sky high.
 2. Astérix's creator sees off all rivals at Christmas (ഇംഗ്ലീഷ്). Guardian : The Observer. ശേഖരിച്ചത് 20 December 2009.
 3. Kessler, Peter. "I". The Complete Guide To Asterix. pp. 16. 
 4. Shirbon, Estelle (14 January 2009). Asterix battles new Romans in publishing dispute. Reuters. ശേഖരിച്ചത് 16 January 2009.
 5. Divisions emerge in Asterix camp. BBC News Online (15 January 2009). ശേഖരിച്ചത് 16 January 2009.
 6. Anne Goscinny: «Astérix a eu déjà eu deux vies, du vivant de mon père et après. Pourquoi pas une troisième?» (French). Bodoï.
 7. Hugh Schofield (22 october 2009). Should Asterix hang up his sword ?. BBC News.