ജ്ഞാനവാദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്ത്വബ്ദം ആദ്യനൂറ്റാണ്ടുകളില്‍ പ്രചാരത്തിലിരുന്ന ഒരു മതവിശ്വാസവും തത്ത്വചിന്താവ്യവസ്ഥയുമാണ് ജ്ഞാനവാദം(Gnosticism-നോസ്റ്റിസിസം). മനുഷ്യന് രക്ഷയിലേക്കുള്ള വഴി ഒരു പ്രത്യേകതരം രഹസ്യജ്ഞാനത്തിലൂടെയാണന്ന വിശ്വാസമായിരുന്നു ഇതിന്റെ അടിസ്ഥാനം. Gnosticism എന്ന പേര് അറിവിനെ സൂചിപ്പിക്കുന്ന Gnosis (നോസിസ്) എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രി.പി. രണ്‍ടും മൂന്നും നൂറ്റാണ്ടുകളിലണ് ജ്ഞാനവാദം ഏറെ പ്രചാരം നേടിയത്.
ഉള്ളടക്കം |
[തിരുത്തുക] തുടക്കം
ജ്ഞാനവാദത്തിന്റെ ഉല്പത്തിയെപ്പറ്റി പണ്‍ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. ക്രൈസ്തവവിശ്വാസവുമായി ഇതു പങ്കിട്ട സമാനതകളും, ക്രിസ്തുവിനു നല്‍കിയ പ്രാധാന്യവും, ക്രിസ്തീയ പദാവലികളുടെ ഉപയോഗവും എല്ലാം കണക്കിലെടുക്കുമ്പോള്‍, ക്രിസ്തുമതത്തിലെ ഒരു വിഭാഗമായി ഇതു പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍ ക്രിസ്തുമതത്തിനും മുന്‍പേ ജ്ഞാനവാദം ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1] ക്രിസ്തുമതത്തില്‍ നിന്നു ഭിന്നമായി, ജ്ഞാനവാദത്തിന്റെ വിശ്വാസസംഹിത ദ്വൈതചിന്തയില്‍ അധിഷ്ഠിതമായിരുന്നു. പുതിയ നിയമത്തിലെ അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകത്തില്‍ പറയുന്ന ജാലവിദ്യക്കാരന്‍ ശിമയോന്‍(Simon Magus) ആണ് ജ്ഞാനവാദം തുടങ്ങിയത് എന്ന് ആദ്യകാല ക്രൈസ്തവര്‍ വിശ്വസിച്ചിരുന്നു. [2]
[തിരുത്തുക] വിശ്വാസങ്ങള്‍
ജ്ഞാനവാദികളുടെ ദൈവം അറിയപ്പെടാത്തവനും, ശുദ്ധനും, സൃഷ്ടികള്‍ക്കപ്പുറത്തുള്ളവനും, സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെടാത്തവനുമാണ്. ആ ദൈവത്തെ ജ്ഞാനവാദികള്‍ പ്ലെരോമ (Pleroma) എന്നു വിളിച്ചു. പൂര്‍ണത, നിറവ് എന്നൊക്കെയാണ് ഈ ഗ്രീക്ക് വാക്കിനര്‍ഥം. പദാര്‍ഥപ്രഞ്ചം തിന്മായാണെന്നും അതിന്റെ സ്രഷ്ടാവ് നേരിട്ടല്ലാതെയാണെങ്കിലും പ്ലെരോമയില്‍ നിന്നുതന്നെ ഉത്‍ഭവിച്ച ഡെമിയര്‍ജ് (Demiurge)എന്നു പേരായ ദുഷ്ടദൈവം ആണെന്നും ജ്ഞാനവാദികള്‍ കരുതി. പ്ലെരോമയുടെ സ്ഫുലിംഗങ്ങളായ മനുഷ്യാത്മാക്കളെ ദുഷ്ടദൈവമായ ഡെമിയര്‍ജ് പദാര്‍ഥത്തില്‍ ബന്ധനസ്ഥരാക്കിയിരിക്കുകയാണ്. പദാര്‍ഥബന്ധനത്തിന്റെ നഷ്ടാവസ്ഥയില്‍നിന്നുള്ള മോചനത്തിന് ജ്ഞാനവാദികള്‍ കണ്‍ട വഴി, തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കുമാത്രം വിധിച്ചിട്ടുള്ള രഹസ്യജ്ഞാനം പ്രാപിക്കുക എന്നതാണ്. പഴയനിയമത്തിലെ യഹോവയെ ഡെമിയര്‍ജ് തന്നെ ആയാണ് ജ്ഞാനവാദികള്‍ കണ്ടത്. മനുഷ്യനെ മോചനമാര്‍ഗ്ഗമായ രഹസ്യജ്ഞാനത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ പാടുപെടുന്ന ദുഷ്ടദൈവമാണ് പഴയനിയമത്തിലെ വിലക്കപ്പെട്ട കനിയുടെ കഥയിലും മറ്റും പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു വാദം.
ജ്ഞാനവദികള്‍ക്കിടയില്‍ തന്നെ വിശ്വാസത്തിന്റെ വിശദാംശങ്ങളില്‍ ഏറെ വൈവിദ്ധ്യം ഉണ്ട് എന്നും ഓര്‍ക്കേണ്ടതുണ്ട്.
[തിരുത്തുക] ജ്ഞാനവാദികളും ബൈബിളും
പൗലോസ് അപ്പസ്തോലന്റെ ലേഖനങ്ങള്‍ ആദ്യമായി സമാഹരിച്ചതും ക്രൈസ്തവ ലിഖിതങ്ങളുടെ ഒരു 'കാനന്‍' എന്ന ആശയം അവതരിപ്പിച്ചതും രണ്ടാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന പ്രമുഖ ജ്ഞാനവാദി മാര്‍ഷന്‍ ആണെന്നു പറയപ്പെടുന്നു. അദ്ദേഹം, ബൈബിളിലെ പഴയനിയമത്തിലെ ഗ്രന്ഥങ്ങളെ ഒന്നോടെ തിരസ്കരിച്ചു. പുതിയനിയമത്തിലെ ഗ്രന്ഥങ്ങളില്‍ തന്നെ, ലൂക്കായുടെ സുവിശേഷവും പൗലോസിന്റെ പത്തു ലേഖനങ്ങളും മാത്രമാണ് ജ്ഞാനവാദികള്‍ക്കു സ്വീകാര്യമായിരുന്നത്. അവയെ തന്നെയും സ്വീകരിച്ചത് സംശോധിത രൂപത്തിലാണ്. ക്രിസ്തുമതത്തിന്റെ യഹൂദപാരമ്പര്യം പരാമര്‍ശിക്കപ്പെടുന്ന ഭാഗങ്ങളാണ് സംശോധനയില്‍ നീക്കപ്പെട്ടത്. [3]
[തിരുത്തുക] ജ്ഞാനവാദം ക്രൈസ്തവദൃഷ്ടിയില്‍
ജ്ഞാനവാദികളില്‍ മിക്കവരും സ്വയം ക്രിസ്ത്യാനികളായി കരുതി. അതേസമയം ക്രിസ്തുമതത്തിനു വലിയ വെല്ലിവിളിയായി വളര്‍ന്നു വന്ന ഈ പ്രസ്ഥാനത്തെ, ക്രൈസ്തവസഭയുടെ മുഖ്യധാരയിലുള്ളവര്‍ വെറുപ്പോടെയാണ് നോക്കിക്കണ്ടത്. ആദ്യകാലസഭാപിതാക്കന്മാരായ ഐറേനിയസ്, തെര്‍ത്തുല്യന്‍, പോളികാര്‍പ്പ് എന്നിവരുടെ രചനകളില്‍ ഒരു വലിയ ഭാഗം, ജ്ഞാനവാദത്തിന്റെ വിമര്‍ശനമാണ്.
ക്രൈസ്തവചിന്തകര്‍ ജ്ഞാനവാദികളെ സാത്താന്റെ ആദ്യജാതന്മാര്‍ എന്നുവരെ വിളിച്ചു. സുവിശേഷകനും അപ്പസ്തോലനുമായ യോഹന്നാന്റെ ശിഷ്യനും സ്മിര്‍നായിലെ മെത്രാനുമായിരുന്ന പോളികാര്‍പ്പും പ്രമുഖ ജ്ഞാനവാദി മാര്‍ഷന്‍ തമ്മില്‍ റോമിലെ ഒരു തെരുവില്‍ വച്ച് നടന്ന മുഖാമുഖത്തിന്റെ കഥ രസകരമാണ്. തന്നെ കണ്‍ടിട്ട് അഭിവാദ്യം ചെയ്യാതെ കടന്നുപോയ പോളികാര്‍പ്പിനോട്, "എന്നെ മനസ്സിലായില്ലേ?" എന്നു ചോദിച്ച മാര്സിയന് പോളികാര്‍പ്പ് കൊടുത്ത മറുപടി "സാത്താന്റെ ആദ്യജാതനായ നിന്നെ എനിക്കു നന്നായി അറിയാം" എന്നായിരുന്നത്രെ.[4]
ജ്ഞാനവാദത്തോടുള്ള ക്രൈസ്തവസഭകളുടെ നിലപാടിന് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ജ്ഞാനവാദത്തിന്റെ വേരുകള്‍ ക്രൈസ്തവമല്ലെന്നും, ക്രിസ്തുമതത്തിനും മുന്‍പേ അതുണ്ടായിരുന്നെന്നും വാദിക്കുന്ന കത്തോലിക്കാവിജ്ഞാനകോശം തുടര്‍ന്നു ഇങ്ങനെ പറയുന്നു:-[5]
"ക്രിസ്തുമതം ഉണ്ടായി താമസിയാതെ തന്നെ അതിനോടടുത്ത ജ്ഞാനവാദം അതിശീഘ്രം സ്വന്തം ചിന്താശൈലിയെ ക്രൈസ്തവീകരിച്ചു; ക്രൈസ്തവപദാവലികള്‍ കടമെടുത്തു; ക്രിസ്തുവിനെ ലോകരക്ഷകനെന്ന് അംഗീകരിച്ചു; കൂദാശകള്‍ക്ക് അനുകരണങ്ങള്‍ ചമച്ചു; ക്രിസ്തുവിന്റേയും അവന്റെ അപ്പസ്തോലന്മാരുടേയും ഉന്നതമായ വെളിപാടാണ് അതെന്ന് നടിച്ചു; അതിനൊക്കെ പുറമെ, ആ നാട്യത്തിന് തെളിവു നല്‍കാനായി വ്യാജസുവിശേഷങ്ങളുടേയും, നടപടിഗ്രന്ഥങ്ങളുടേയും, വെളിപാടുകളുടേയും പ്രളയത്തില്‍ ലോകത്തെ മുക്കുകയും ചെയ്തു. ക്രിസ്തുമതം റോമാസാമ്രാജ്യത്തിനകത്തും പുറത്തും പരന്നുകൊണ്ടിരിക്കെ, ജ്ഞാനവാദം അതിന്റെ വേരില്‍ പൂപ്പല്‍ കണക്കെ അള്ളിപ്പിടിച്ചു; തങ്ങളുടേത് സാധാരണക്കാര്‍ക്കുവേണ്ടിയല്ലാതെ ബുദ്ധിമാന്മാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും മാത്രം വേണ്ടിയുള്ള മതമാണെന്നും അത് മാത്രമാണ് യഥാര്‍ഥ ക്രിസ്തുമതം എന്നും ജ്ഞാനവാദികള്‍ അവകാശപ്പെട്ടു. ജ്ഞാനവാദത്തിന്റെ വിഷമയമായ വളര്‍ച്ച ക്രിസ്തുമത്തെ ഞെക്കിക്കൊല്ലുമോയെന്നു ഭയന്ന ആദിമസഭാപിതാക്കന്മാര്‍ തങ്ങളുടെ ശക്തിയത്രയും അതിനെ ഉന്മൂലനം ചെയ്യുന്നതിന് മാറ്റിവച്ചു."
[തിരുത്തുക] ജ്ഞാനവാദസാഹിത്യം
ജ്ഞാനവാദത്തിന്റെ സ്വീകാര്യതകുറഞ്ഞ് അത് പുറന്തള്ളപ്പെട്ടതിനെത്തുടര്‍ന്ന് ജ്ഞാനവാദികളുടെ രചനകളും ഒന്നൊന്നായി നശിപ്പിക്കപ്പെടുകയോ, വിസ്മൃതിയിലാവുകയോ ചെയ്തു. ഇരുപതാം നൂറ്റാണ്‍ടിന്റെ ആദ്യപകുതിവരെ, ജ്ഞാനവാദ സാഹിത്യത്തെക്കുറിച്ചറിയാന്‍ ജ്ഞാനവാദത്തിന്റെ ക്രൈസ്തവവിമര്‍ശകരുടെ രചനകളിലെ ഉദ്ധരണികളെ ആശ്രയിക്കുകയേ വഴിയുണ്ടായിരുന്നുള്ളു. എന്നാല്‍ 1945-ല്‍ ഈജിപ്തിലെ നാഗ് ഹമ്മാദിയില്‍ കണ്ടുകിട്ടിയ ജ്ഞാനവാദഗ്രന്ഥശേഖരം ഈ സ്ഥിതി പാടെ മാറ്റി. പുരാതന ഈജിപ്തിലെ കോപ്റ്റിക് ഭാഷയിലുള്ള അന്‍പതോളം ജ്ഞാനവാദഗ്രന്ഥങ്ങളാണ് അവിടെ കണ്ടുകിട്ടിയത്. അവയില്‍ ജ്ഞാനവാദവീക്ഷണം വച്ച് എഴുതപ്പെട്ട സുവിശേഷങ്ങളും, വെളിപാടുകളും, സംവാദങ്ങളും, പ്രാര്‍ഥനകളും ഉണ്ടായിരുന്നു. തോമസിന്റെ സുവിശേഷമാണ് ഒരു പക്ഷേ ആ ഗ്രന്ഥങ്ങളില്‍ പിന്നീട് ഏറ്റവും പ്രസിദ്ധമായത്. ജ്ഞാനവാദികളുടെ നിലപാടുകളോടു ചായ്‌വുകാട്ടുന്നു എന്നു പറയാവുന്ന ക്രിസ്തുവിന്റെ 114 വചനങ്ങളാണ് അതിന്റെ ഉള്ളടക്കം. തോമസ് രേഖപ്പെടുത്തിയ യേശുവിന്റെ രഹസ്യവചനങ്ങളാണിവ എന്നു പറഞ്ഞാണ് ആ സുവിശേഷത്തിന്റെ തുടക്കം.[6]
[തിരുത്തുക] ജ്ഞാനവാദം പില്‍ക്കാലങ്ങളില്‍
സംഘടിതമായ മതപ്രസ്ഥാനമെന്ന നിലയില്‍ ജ്ഞാനവാദം അപ്രത്യക്ഷമായിട്ട് നൂറ്റാണ്ടുകളായെങ്കിലും ഒരു ദര്‍ശനമെന്ന നിലയില്‍ അതിന്റെ സ്വാധീനം ഒരിക്കലും ഇല്ലാതായിട്ടില്ല. രണ്ടും മൂന്നും നൂറ്റാണ്‍ടുകളിലെ ജ്ഞാനവാദത്തിന്റെ വസന്തത്തിനുശേഷം ക്രിസ്തുമതത്തിനു വെല്ലുവിളി ഉയര്‍ത്തി മുന്നോട്ടുവന്ന മറ്റൊരു പ്രസ്ഥാനമായ മനിക്കേയിസവും ജ്ഞാനവാദത്തെപ്പോലെതന്നെ ദ്വൈതചിന്തയില്‍ വേരൂന്നിയതായിരുന്നു. മനിക്കേയിസം ജ്ഞാനവാദം തന്നെയായിരുന്നുവെന്നു കരുതുന്നവരുണ്ട്. ആദ്യസഹസ്രാബ്ദത്തിലെ ക്രൈസ്തവചിന്തകരില്‍ ഏറ്റവും പ്രധാനിയായ ഹിപ്പോയിലെ അഗസ്റ്റിന്‍ പോലും ഇടക്കാലത്ത് മനിക്കേയിസത്തിന്റെ സ്വാധീനത്തില്‍ പെട്ടുപോയിരുന്നു.
ആധുനികകാലത്തും ജ്ഞാനവാദം തത്ത്വചിന്തയേയും സംസ്കാരത്തേയും പലവിധത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പ്രഖ്യത ഇംഗ്ലീഷ് കവി വില്യം ബ്ലേക്കിനെ (1757-1827)ജ്ഞാനവാദി ആയി കരുതുന്നവരുണ്ട്. ഇരുപതാം നൂറ്റാണ്‍ടിലെ മനോവിജ്ഞാനികളിള്‍ മുമ്പനായിരുന്ന കാള്‍ യുങ്ങ് (Carl Jung - 1875-1961) പോലും ജ്ഞാനവാദത്തിന്റെ ആകര്‍ഷണത്തില്‍ പെട്ടിരുന്നു. യുങ്ങിന്റെ മനഃശാസ്ത്രസിദ്ധാന്തങ്ങളില്‍ ജ്ഞാനവാദത്തിന്റെ നിഴല്‍ വീണിരുന്നു എന്നു പറയപ്പെടുന്നു. പ്ലെരോമയില്‍ നിന്നു ഡെമിയര്‍ജ് ഉയിരെടുത്തതും അബോധമനസ്സില്‍ നിന്നു 'ഈഗോ' ഉയര്‍ന്നുവരുന്നതും തമ്മിലുള്ള സമാനതകള്‍ യുങ്ങ് മനസ്സിലാക്കിയിരുന്നു. നാഗ് ഹമ്മാദിയില്‍ കണ്ടു കിട്ടിയ ജ്ഞാനവാദ ഗ്രന്ഥശേഖരം പരക്കെ ശ്രദ്ധിക്കപ്പെട്ടതിന്റെ കാരണക്കാരില്‍ യുങ്ങും ഉള്‍പ്പെടുന്നു. [7] ആ ശേഖരത്തിലെ ഗ്രന്ഥങ്ങളിലൊന്ന് ഒരു ഘട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ യുങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിലക്കുവാങ്ങി യുങ്ങിന് ജന്മദിനസമ്മാനമായി നല്‍കിയിരുന്നു. അത് ഇപ്പോള്‍ അറിയപ്പെടുന്നതു തന്നെ അദ്ദേഹത്തിന്റെ പേരില്‍ യുങ്ങ് കോഡക്സ് എന്നാണ്.
[തിരുത്തുക] അവലംബം
- ↑ Catholic Encyclopedia-യില്‍ ജ്ഞാനവാദത്തെക്കുറിച്ചുള്ള ലേഖനം
- ↑ നടപടി പുസ്തകം 8: 9-24. അപ്പസ്തോലന്മാരുടെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ട ശിമയോന്‍ അവ്ര്ക്കുണ്ടെന്നു അയാള്‍ കരുതിയ രഹസ്യജ്ഞാനം വിലകൊടുത്തുവാങ്ങാന്‍ ശ്രമിക്കുന്നതായാണ് നടപടി പുസ്തകം ചിത്രീകരിച്ചിരിക്കുന്നത്. ആത്മീയശക്തികളുടെയും കൂദാശകളുടേയും ക്രയവിക്രയം എന്ന അര്‍ത്ഥമുള്ള 'സിമോണി' (Simony) എന്ന വാക്കിന്റെ ഉല്പത്തി ഇയാളുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു
- ↑ http://cameltranslations.blogspot.com/2005/03/marcions-canon-bible-1.html
- ↑ Brockhampton Reference Dictionary of Saints : "I recognize thee as the first-born of Satan"
- ↑ Catholic Encyclopedia-യിലെ മുകളില്‍ സൂചിപ്പിച്ച ലേഖനം
- ↑ Text of the Gospel of Thomas from the Scholars version Translation - http://www.westarinstitute.org/Polebridge/Title/Complete/Thomas/thomas.html
- ↑ Stephen A. Hoeller - The Gnostic World View: A Brief Summary of Gnosticism http://www.webcom.com/gnosis/gnintro.htm