ഹേഗല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാശ്ചാത്യ തത്ത്വചിന്ത പത്തൊന്‍പതാം നൂറ്റാണ്ടിലെ തത്ത്വചിന്ത |
|
|---|---|
![]() ഹേഗല്‍ |
|
| പൂര്‍ണ്ണനാമം | ഹേഗല്‍ |
| School/tradition | ജര്‍മ്മന്‍ ആശയവാദം; ഹേഗേലിയനിസത്തിന്റെ സ്ഥാപകന്‍ |
| Main interests | തര്‍ക്കശാസ്ത്രം, ചരിത്രത്തിന്റെ തത്ത്വചിന്ത, സൗന്ദര്യശാസ്ത്രം, മതം, തത്ത്വമീമാംസ, ജ്ഞാനസിദ്ധാന്തം, രാഷ്ട്രമീമാംസ, |
| Notable ideas | പരമ ആശയവാദം, വൈരുദ്ധ്യാത്മകത, സബ്ലേഷന്‍ |
|
സ്വാധീനങ്ങള്‍
|
|
|
സ്വാധീനിച്ചത്
|
|
ആധുനികകാലത്തെ പ്രമുഖ യൂറോപ്യന്‍ തത്ത്വചിന്തകന്മാരില് ഒരാളാണ് ജോര്‍ജ് വില്‍ഹെം ഫ്രീഡ്രീച്ച് ഹേഗല്‍ (ഓഗസ്റ്റ് 27, 1770-നവംബര്‍ 14, 1831) . ഇമ്മാനുവേല്‍ കാന്റിനെ തുടര്‍ന്നുവന്ന ദശകങ്ങളില്‍ രൂപമെടുത്ത ജര്‍മ്മന്‍ ആശയവാദത്തിന്റെ വികാസത്തില്‍ ഹേഗല്‍ വലിയ പങ്കു വഹിച്ചു. ആശയവാദികളില്‍ ഏറ്റവും ക്രമബദ്ധമായ ചിന്തക്ക് അദ്ദേഹം പേരെടുത്തു. യുക്ത്യധിഷ്ടിതമായ തുടക്കത്തില്‍ നിന്ന് സമഗ്രവും ക്രമബദ്ധവുമായ സത്താമീമാംസ (സത്താശാസ്ത്രം - Ontology) വികസിപ്പിച്ചെടുക്കാനാണ് തന്റെ രചനകളിലും പ്രസംഗങ്ങളിലും ഹേഗല്‍ ശ്രമിച്ചത്. അദ്ദേഹം ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് ചരിത്രത്തെ ലക്ഷ്യോന്മുഖമായ ആശയവികാസമായി ചിത്രീകരിക്കുന്ന സിദ്ധാന്തത്തിന്റെ പേരിലാണ്. ഈ സിദ്ധാന്തത്തിന്റെ പരിവര്‍ത്തിത രൂപം ചരിത്രത്തിന്റെ ഭൗതികവ്യാഖ്യാനമെന്നപേരില് പിന്നീട് മാര്‍ക്സിസത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഒന്നായി മാറി. [1] ക്രമവും കെട്ടുറപ്പുമുള്ള ഒരു തത്ത്വചിന്താവ്യവസ്ഥയുടെ സമഗ്രമായ ചട്ടക്കൂടിനുള്ളില്‍ പ്രകൃതിയും മനസ്സും തമ്മിലും, അറിയുന്നവനും അറിവിന്റെ വിഷയവും തമ്മിലും, രാഷ്ട്രം, ചരിത്രം, കല, മതം, ദര്‍ശനം എന്നിവകള്‍ തമ്മിലുമുള്ള ബന്ധം വിശദീകരിക്കാന്‍ ഹേഗല്‍ ശ്രമിച്ചു. പ്രകൃതി-സ്വാതന്ത്ര്യം, അനുഭവം-അതീന്ദ്രിയത (immanence-transcendence) തുടങ്ങിയവ പോലെ, ഒന്നൊന്നിനെ ഇല്ലാതാക്കാതെ രമ്യപ്പെടുകയും സംയോജിക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളുടേയും വൈപരീത്യങ്ങളുടേയും കൂട്ടായ്മയായി മനസ്സിനെ ആല്ലെങ്കില്‍ ആത്മാവിനെ സങ്കല്പിച്ചത് അദ്ദേഹത്തിന്റെ ഒരു പ്രധാന സംഭാവനയാണ്.
മാക്സ്, ബ്രാഡ്ലി, സാര്‍ത്ര്, കുങ്ങ് എന്നിവരടക്കമുള്ള ആരാധകരും ഷെല്ലിങ്ങ്, കീര്‍ക്കെഗാഡ്, ഷോപ്പന്‍ഹോവര്‍, നീഷേ, റസ്സല്‍ തുടങ്ങിയ വിമര്‍ശകരുമായി, തത്ത്വചിന്തയില്‍ വ്യത്യസ്തനിലപാടുകള്‍ പിന്തുടര്‍ന്ന ഒട്ടേറെ ചിന്തകരെ ഹേഗല്‍ സ്വാധീനിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ഹേഗേലിയന്‍ ചിന്തയുടെ മുഖ്യധാര മിക്കവാറും വിസ്മരിക്കപ്പെടുകയും ഹേഗലിന്റെ സാമൂഹ്യരാഷ്ട്രീയചിന്തകള് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ 1970-കളായപ്പോള്‍ ഹേഗലിന്റെ അടിസ്ഥാനചിന്തകള്‍ വീണ്ടും ശ്രദ്ധയും പിന്തുണയും കണ്ടെത്താന്‍ തുടങ്ങി.[2]
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ആദ്യകാലം
[തിരുത്തുക] ബാല്യം, കൗമാരം(1770-1788)
തെക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയിലെ വുട്ടന്ബര്ഗ്ഗില് സ്റ്ററ്റ്ഗാട്ട് എന്ന സ്ഥലത്താണ് ഹേഗല്‍ ജനിച്ചത്. ജോര്‍ജ് വില്‍ഹെം ഫ്രീഡ്രീച്ച് ഹേഗല്‍ എന്നായിരുന്നു മുഴുവന്‍ പേരെങ്കിലും, കുടുംബാംഗങ്ങള്‍ക്കിടയില്‍ വില്‍ഹെം എന്ന് അദ്ദേഹം അറിയപ്പെട്ടു. പിതാവ് ജോര്‍ജ് വില്‍ഹെം വുട്ടന്ബര്ഗ്ഗിലെ ഭരണാധികാരിയായിരുന്ന കാല് യൂജന്റെ റവന്യൂ വിഭാഗത്തില്‍ സെക്രട്ടറി ആയിരുന്നു.[3] അമ്മ മരിയ മഗ്ദലേന ലൂയിസ വുട്ടന്ബര്ഗ്ഗ് ഹൈക്കൊടതിയിലെ ഒരു വക്കീലിന്റെ മകളായിരുന്നു. ഒരു പിത്തപ്പനി വന്ന്, ഹേഗലിനു പതിമൂന്നു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ഹേഗലിനും പിതാവിനും ഈ പനി പിടിപെട്ടുവെങ്കിലും അവര്‍ കഷ്ടിച്ചു രക്ഷപെട്ടു. [4] ഹേഗലിന് ഇളയതായി ഒരു സഹോദരിയും സഹോദരനും ഉണ്ടായിരുന്നു. ഈ സഹോദരന്, റഷ്യക്കെതിരായുള്ള നെപ്പോളിയന്റെ ആക്രമണത്തില്‍ ഒരു സൈനികഓഫീസറായി പങ്കെടുത്ത് കൊല്ലപ്പെട്ടു.[5] പില്ക്കാലത്ത് ഒരു മാനസികരോഗത്തിന് ഇരയായ സഹോദരി 1932-ല്‍, ഹേഗലിന്റെ മരണത്തിന് മൂന്നുമാസത്തിന് ശേഷം ആത്മഹത്യ ചെയ്തു.
മൂന്നാമത്തെ വയസ്സില്‍ ഹേഗല്‍ "ജര്‍മ്മന്‍ സ്കൂളില്‍" ചേര്‍ന്നു. അഞ്ചുവയസ്സായി "ലത്തീന്‍ സ്കൂളില്‍" ചേരുന്നതിനുമുന്പേ ലത്തീനിലെ ഒന്നാമത്തെ നാമരൂപം (declension) അമ്മയില്‍ നിന്ന് പഠിച്ചിരുന്നു. 1784-ല്‍ അദ്ദേഹം സ്റ്ററ്റ്ഗാര്ട്ടിലെ ജിംനേഷിയം ഇല്ലസ്ത്രെ എന്ന പാഠശാലയില്‍ ചേര്‍ന്നു. കൗമാരത്തില്‍ ഹേഗല്‍ ഒട്ടേറെ വായിക്കുകയും ഒരു ഡയറിയില്‍ ദീര്‍ഘമായ കുറിപ്പുകള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. എട്ടുവയസ്സുള്ളപ്പോള്‍ ഒരദ്ധ്യാപകനില്‍ നിന്ന് ഷേക്സ്പിയര് രചനകളുടെ ജര്‍മ്മന്‍ പരിഭാഷയുടെ സമാഹാരം 18 വാല്യങ്ങളായുള്ളത് സമ്പാദിച്ചിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ പുതിയ നിയമവും ഹോമറുടെ ഇലിയഡും അദ്ദേഹം ഗ്രീക്ക് മൂലത്തില്‍ തന്നെ വായിച്ചു. ഗ്രീക്ക് എഴുത്തുകാരില്‍ പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവരും യൂറിപ്പിഡീസ്, സോഫോക്കിള്സ് തുടങ്ങിയ ദുരന്തനാടകകര്ത്താക്കളും അദ്ദേഹത്തിന് പ്രിയപ്പെട്ടവരായിരുന്നു. സോഫോക്കിള്‍സിന്റെ ആന്റിഗണി ആദ്യം ഗദ്യത്തിലും പിന്നീട് പദ്യത്തിലും അദ്ദേഹം പരിഭാഷപ്പെടുത്തി. ഇടക്ക് ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ വച്ച് ഹെബ്രായ ഭാഷയും പഠിക്കാന്‍ തുടങ്ങി.[6] ഹേഗലിനെ അക്കാലത്ത് ആകര്‍ഷിച്ച ജര്‍മ്മന്‍ എഴുത്തുകാരില്‍ കവി ക്ലോപ്സ്റ്റോക്കിനുപുറമേ, ക്രിസ്റ്റ്യന്‍ ഗാര്‍വേ, ഗോട്ടോള്‍ഡ് എഫ്രായീം ലെസ്സിങ്ങ് തുടങ്ങിയ ജ്ഞാനോദയ ലേഖകരും ഉള്‍പ്പെട്ടിരുന്നു. ജിംനേഷിയത്തിലെ ഹേഗലിന്റെ പഠനസമാപ്തി പ്രസംഗം (graduation speech) "തുര്‍ക്കിയലെ കലയുടേയും വിജ്ഞാനത്തിന്റേയും കുത്തഴിഞ്ഞ സ്ഥിതി" എന്ന വിഷയത്തിലായിരുന്നു.[7]
[തിരുത്തുക] ഉന്നതവിദ്യാഭ്യാസം(1788-93)
പതിനെട്ടാമത്തെ വയസ്സില്‍, ഹേഗല്‍, പിതാവിന്റെ ആഗ്രഹം പിന്തുടര്ന്ന്, റ്റൂബിങ്ങന്‍ സര്‍വകലാശാലയോടുചേര്‍ന്നുള്ള റ്റൂബിങ്ങര് സ്റ്റിഫ്റ്റ് ദൈവശാസ്ത്രസെമിനാരിയില് ചേര്‍ന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ നിറഞ്ഞ അവിടത്തെ അന്തരീക്ഷം ഹേഗലിനെ ശ്വാസം മുട്ടിച്ചു. വിരസമായ ക്ലാസുകളേക്കാള്‍ അദ്ദേഹത്തിനിഷ്ടം ക്ലസ്സിക്കുകള്‍ വായിക്കുന്നതായിരുന്നു. അരിസ്റ്റോട്ടിലിനൊപ്പം സ്പിനോസയും വോള്‍ട്ടയറും, ഹേഗല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന റുസ്സോയുമെല്ലാം അക്കാലത്ത് അദ്ദേഹത്തിന്റെ വായനയുടെ ഭാഗമായി. [8] സെമിനാരിയിലെ രണ്ട് സഹവിദ്യാര്‍ത്ഥികള്‍ ഹേഗലിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ സമവയസ്കനായിരുന്ന കവി ഫ്രീഡ്രീച്ച് ഹോള്‍ഡര്‍ലിനും പ്രായത്തില്‍ ഇളപ്പമായിരുന്ന പ്രഗല്ഭ തത്ത്വചിന്തകന് വില്‍ഹെം ജോസഫ് ഷെല്ലിങ്ങും ആയിരുന്നു അവര്‍. സെമിനാരിയുടെ രീതികളോടുള്ള പ്രതിക്ഷേധം അവര്‍ക്കിടയില്‍ സൗഹൃദത്തിനും ബുദ്ധിപരമായ കൂട്ടായ്മക്കും കാരണമായി. ഫ്രാന്‍സില്‍ അപ്പോള്‍ അരങ്ങേറിക്കൊണ്ടിരുന്ന വിപ്ലവത്തിന്റെ പൊട്ടിത്തെറിയെ മൂവരും ഉത്സാഹത്തോടെ നിരീക്ഷിച്ചു. എന്നാല്‍ ഇമ്മാനുവേല്‍ കാന്റിന്റെ ചിന്തയുടെ സൂക്ഷ്മതലങ്ങളെക്കുറിച്ച് ഷെല്ലിങ്ങിനും ഹോള്‍ഡര്‍ലിനും ഇടയില്‍ നടന്നിരുന്ന താത്ത്വികചര്ച്ചകളില് ഹേഗല്‍ പങ്കെടുത്തില്ല. തത്ത്വചിന്തകന്മാരുടെ ദുര്‍ഗ്രഹമായ ആശയങ്ങള്‍ ജനസാമാന്യത്തിന് എത്തിച്ചുകൊടുക്കുന്ന സാധാരണക്കാരുടെ ബുദ്ധിജീവിയെന്ന നിലയിലുള്ള ഭാവിയാണ് ഹേഗല്‍ തനിക്കായി സങ്കല്പിച്ചത്. കാന്റിന്റെ തത്ത്വചിന്തയിലെ കേന്ദ്ര ആശയങ്ങളെ വിമര്‍ശനബുദ്ധിയോടെ നോക്കിക്കാണേണ്ടതിന്റെ ആവശ്യകത ഹേഗലിന് ബോദ്ധ്യമായത് 1800-ന് ശേഷം മാത്രമാണ്.
സര്‍വകലാശാലയിലെ രീതികള്‍ ഹേഗലിന് ഇഷ്ടമായിരുന്നില്ലെങ്കിലും പഠനത്തെ ഗൗരവമായെടുത്ത വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. ഗൗരവപ്രകൃതികൊണ്ട്, സഹപാഠികല്‍ ഹേഗലിനെ 'വയസ്സന്' എന്നു വിളിച്ചിരുന്നു. [ക] കേവലം രണ്ടുവര്‍ഷം കൊണ്ട് 1790-ല്‍ തത്ത്വചിന്തയില്‍ ഡോക്ടറേറ്റും 1793-ല്‍ ദൈവശാസ്ത്രബിരുദവും അദ്ദേഹം കരസ്ഥമാക്കി. [ഖ]
[തിരുത്തുക] ട്യൂഷന് മാസ്റ്റര്‍
[തിരുത്തുക] ബേണ്‍(1793-1797)
സെമിനാരിയിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹേഗല്‍ വൈദികവൃത്തിയില്‍ പ്രവേശിക്കുവാന്‍ തല്പരനായിരുന്നില്ല. തത്ത്വചിന്തയും ഗ്രീക്ക് സാഹിത്യവും പഠിക്കാനുള്ള ഒഴിവുസമയം അനുവദിക്കുന്ന ജോലി അന്വേഷിച്ച അദ്ദേഹം 1793-ല്‍ സ്വിറ്റ്സര്‍ലന്റിലെ ബേണില്‍, ക്യാപ്റ്റന്‍ കാള്‍ ഫ്രീഡച്ച്ച് വോണ്‍ സ്റ്റീജര്‍ എന്നയാളുടെ വീട്ടില്‍ അയാളുടെ കുട്ടികളുടെ അദ്ധ്യാപകനായി ജോലി ഏറ്റെടുത്തു. 1797 വരെ അദ്ദേഹം അവിടെ തുടര്‍ന്നു. ഈ കാലഘട്ടം വിജ്ഞാനദാഹിയായ ഹേഗലിന് നിര്‍ണ്ണായകമായി. ഹേഗല്‍ സ്റ്റീജറുമായി രാഷ്ട്രമീമാംസയിലും തത്ത്വചിന്തയിലും ഉശിരന്‍ ചര്‍ച്ചകളിലേര്‍പ്പെട്ടു. സഹിഷ്ണുവും സംസ്കൃതചിത്തനുമായ സ്റ്റീജറുടെ ശീതകാലവസതി ബേണിലെ പൊതുഗ്രന്ഥശാലക്കടുത്തായിരുന്നു. വേനല്ക്കാലവസതിയിലാകട്ടെ നാലായിരത്തോളം വാല്യങ്ങളുള്ള നല്ലൊരു ഗ്രന്ഥശേഖരം ഉണ്ടായിരുന്നു. ബേണില്‍ കഴിഞ്ഞ ഇക്കാലത്താണ് തത്ത്വചിന്തയിലും, സാമ്പത്തികശാസ്ത്രത്തിലും, സാമൂഹ്യശാസ്ത്രങ്ങളിലുമെല്ലാം ഹേഗലിനുണ്ടായിരുന്ന വിപുലമായ അറിവിന്റെ അടിത്തറയൊരുങ്ങിയത് എന്നു പറയാം. ഫ്രാന്‍സിലെ വിപ്ലവത്തിന്റെ പരിണാമഭേദങ്ങളെ അദ്ദേഹം അപ്പോഴും കൗതുകത്തോടെ നിരീക്ഷിച്ചു. ഭീകരവാഴ്ചയായുള്ള വിപ്ലവത്തിന്റെ അധഃപതനത്തില്‍ നിരാശ തോന്നിയെങ്കിലും, വിപ്ലവത്തിന്റെ മൊത്തത്തിലുള്ള മൂല്യത്തെക്കുറിച്ചുള്ള ബോദ്ധ്യം ഹേഗല്‍ ഒരിക്കലും കൈവെടിഞ്ഞില്ല.
ഹേഗലിന്റെ ദാര്‍ശനിക വളര്‍ച്ചയുടെ മറ്റൊരു വഴി ക്രിസ്തുമതത്തെക്കുറിച്ചുള്ള പഠനമായിരുന്നു. യേശുവിനെ, യാഥാസ്ഥിതിക ക്രൈസ്തവനിലപാടില് നിന്ന് വ്യതിചലിച്ച്, യൗസേപ്പിന്റേയും മേരിയുടേയും മകന് മാത്രമായി ചിത്രീകരിക്കുന്ന ഒരു ലേഖനവും "ക്രിസ്തുമതത്തിന്റെ ഗുണാത്മകത" എന്ന ഒരു ദീര്ഘകൃതിയും അദ്ദേഹം ഇക്കാലത്തെഴുതി. പാപ-പരിഹാരങ്ങളുടെ ദൈവശാസ്ത്രം വരച്ച യേശുവിന്റെ ചിത്രം ഹേഗലിന് സ്വീകാര്യമായില്ല. യേശുവില്‍, മൂര്‍ത്തമായ ഒരു മനുഷ്യജീവിതം, കാന്റിന്റേയും മറ്റും സന്മാര്‍ഗ്ഗശാസ്ത്രം ഊന്നല്‍കൊടുത്ത നന്മ-തിന്മകളുടെ വൈരുദ്ധ്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന്, നമ്മുടെ മര്ത്ത്യാവസ്ഥയെ എപ്പോഴും പുണര്ന്നുനില്ക്കുന്ന അമര്‍ത്ത്യതയുടെ (infinite always embracing our finitude) സാക്ഷ്യമാകുകയാണ് ചെയ്തതെന്ന് ഹേഗല്‍ കരുതി.
[തിരുത്തുക] ഫ്രാങ്ക്ഫര്‍ട്ട്(1797-1801)
ബേണില്‍ ജോലിചെയ്തിരുന്ന കുടുംബവുമായുള്ള ബന്ധം ഉലഞ്ഞപ്പോള്‍, ഹേഗല്‍, ഫ്രാങ്ക്ഫര്‍ട്ടിലെ ഒരു വീഞ്ഞുവ്യാപാരിയുടെ കുട്ടികളുടെ ട്യൂട്ടറായുള്ള ജോലി സ്വീകരിച്ചു. സുഹൃത്ത് ഹോള്ഡര്ളീനാണ് ഈ ജോലി സംഘടിപ്പിച്ചുകൊടുത്തത്. ഫ്രാങ്ക്ഫര്‍ട്ടില്‍ കഴിഞ്ഞ കാലത്ത്, ഹോള്ഡര്ളീന് ഹേഗലിന്റെ ചിന്തയിന്മേല് ഒരു വലിയ സ്വാധീനമായിരുന്നു.[9]"ക്രിസ്തുമതത്തിന്റെ ചൈതന്യവും ഭാവിയും" എന്ന ലേഖനം ഹേഗല്‍ എഴുതിയത് ഫ്രാങ്ക്ഫര്‍ട്ടില്‍ വച്ചാണ്. ഹേഗലിന്റെ ജീവിതകാലത്ത് അത് പ്രസിദ്ധീകൃതമായില്ല.
[തിരുത്തുക] യേന, ബാംബെര്‍ഗ്, ന്യൂറംബര്‍ഗ്(1801-16)
[തിരുത്തുക] ലെക്ചറര്‍
1801-ല്‍ പഴയ സുഹൃത്ത് ഷെല്ലിങ്ങിന്റെ പ്രേരണയില്‍ ഹേഗല്‍ യേന സര്‍വകലാശാലയില്‍ ശമ്പളമില്ലാത്ത ലക്ചററായില് ജോലി സ്വീകരിച്ചു. ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെക്കുറിച്ചുള്ള ഒരു പഠനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഷെല്ലിങ്ങ് അവിടെത്തന്നെ പ്രൊഫസറായിരുന്നു. അതേവര്‍ഷംതന്നെ, "ഫിച്ചേയുടേയും ഷെല്ലിങ്ങിന്റേയും തത്ത്വചിന്താവ്യവസ്ഥകള് തമ്മിലുള്ള വ്യത്യാസം" എന്ന ഹേഗലിന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. ഹേഗലിന്റെ ക്ലാസ്സുകള്‍ യുക്തിയും തത്ത്വമീമാംസയും എന്ന വിഷയത്തിലായിരുന്നു. അതിനുപുറമേ അദ്ദേഹം ഷെല്ലിങ്ങുമായി ചേര്‍ന്ന്, "യഥാര്‍ഥ തത്ത്വചിന്തയുടെ ഉള്ളടക്കവും അതിരുകളും" എന്ന വിഷയത്തെക്കുറിച്ച് പഠനപ്രസംഗങ്ങള് നടത്തുകയും ഒരു തത്ത്വചിന്താസംവാദശാല സംഘടിപ്പിക്കുകയും ചെയ്തു. ഷെല്ലിങ്ങും ഹേഗലും ചേര്‍ന്ന് തത്ത്വചിന്താനിരൂപണപത്രിക എന്നൊരു പ്രസിദ്ധീകരണവും തുടങ്ങി. അവരിരുവരും അതില്‍ എഴുതിയിരുന്നു. 1803-ല്‍ ഷെല്ലിങ്ങ് യേന വിട്ടുപോകുന്നതുവരെ ആ സംരംഭം തുടര്‍ന്നു.
1805-ല്‍, തത്ത്വചിന്തയില്‍ ഹേഗലിന്റെ എതിര്‍പക്ഷത്തായിരുന്ന ഫ്രൈസിന് യേന സര്‍വകലാശാല പ്രൊഫസറായി ഉദ്യോഗക്കയറ്റം കൊടുത്തു. തനിക്കുമുന്പേ ഫ്രൈസിന് കയറ്റം കൊടുത്തതില്‍ പ്രതിക്ഷേധിച്ച് ഹേഗല്‍ അന്ന് പ്രഷ്യയിലെ സാംസ്കാരികമന്ത്രിയായിരുന്ന പ്രഖ്യാതകവി ഗെയ്ഥേക്ക് ഒരു പ്രതിക്ഷേധക്കുറിപ്പയച്ചു. തുടര്‍ന്ന് ഹേഗലിനും ശമ്പളമില്ലാത്ത അസാധാരണ പ്രൊഫസറായി (Extraordinary Professor) നിയമനം കിട്ടി. അക്കാലത്ത് പുനഃസംഘടിക്കപ്പെട്ട ഹീഡല്ബര്ഗ്ഗ് സര്‍വകലാശാലയില്‍ നിയമനം നേടാന്‍ ഹേഗല്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഫ്രൈസിന് അവിടെ ശമ്പളത്തോടുകൂടി സ്ഥിരമായ പ്രൊഫസര്‍ തസ്തിക പിന്നീട് ലഭിച്ചത് ഹേഗലിന് തിരിച്ചടിയായി. [10]
കാര്യമായ വരുമാനമൊന്നുമില്ലാതെ വിഷമിച്ചിരുന്ന ഹേഗലിന് വളരെക്കാലമായി പദ്ധതിയിട്ടിരുന്ന ഒരു പുസ്തകത്തിന്റെ പ്രസിദ്ധീകരണം വൈകിക്കുക വയ്യെന്നായി. അദ്ദേഹത്തിന്റെ തത്ത്വചിന്താവ്യവസ്ഥയുടെ ഒരു സുപ്രധാന രൂപരേഖയാണ് "മനസ്സിന്റെ പ്രതിഭാസവിജ്ഞാനം" എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ആ പുസ്തകം. 1806 ഒക്ടോബര്‍ 14-ന് ഹേഗല്‍ പുസ്തകത്തിന്റെ അവസാന മിനിക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, യേന നഗരത്തിനുവെളിയില്‍ ഒരു സമതലത്തില്‍ നെപ്പോളിയന്റേയും പ്രഷ്യയുടേയും സൈന്യങ്ങള്‍, യേനയിലെ യുദ്ധം എന്ന ചരിത്രപ്രസിദ്ധമായ ഏറ്റുമുട്ടലിന് ഒരുങ്ങുകയായിരുന്നു. യുദ്ധത്തിന്റെ തലേന്നാണ് ആ കൃതി പൂര്‍ത്തിയായത്. [11] നെപ്പോളിയന് അന്ന് യേന നഗരത്തില്‍ പ്രവേശിച്ചു. ആ കാഴ്ച ഹേഗലിനെ ഹര്ഷപുളകിതനാക്കിയെന്നു കരുതണം. സുഹൃത്ത് ഫ്രീഡ്രീച്ച് നീഥാമ്മറിനുള്ള ഒരു കത്തില്‍ ഹേഗല്‍ ഇങ്ങനെ എഴുതി:-
| “ | ചക്രവര്‍ത്തി, അതേ ആ വിശ്വാത്മാവ്(world soul), പരിസരനിരീക്ഷണത്തിന് സവാരിചെയ്തുപോകുന്നത് ഞാന്‍ കണ്ടു. ഇവിടെ ഒരു ബിന്ദുവില്‍ അശ്വാരൂഢനായിരിക്കുമ്പോഴും, ലോകം മുഴുവന്‍ ചെന്നെത്തി തന്റെ മേധാവിത്വം സ്ഥാപിക്കുന്ന ഇത്തരമൊരു വ്യക്തിയെ ദര്‍ശിക്കുകയെന്നത് അത്ഭുതകരമായ ഒരനുഭൂതിയാണ്. [12] | ” |
താന്‍ കീഴടക്കിയ മറ്റുപല നഗരങ്ങളിലെയും സര്‍വകലാശാലകള്‍ അടച്ചുപൂട്ടിയ നെപ്പോളിയന് യേനയുടെ കാര്യത്തില്‍ അതു ചെയ്തില്ല. എന്നാല്‍, യുദ്ധം പട്ടണത്തിന് കടുത്ത നാശനഷ്ടങ്ങള്‍ വരുത്തിയതുമൂലം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സര്‍വകലാശാല വിട്ടുപോകാന്‍ തുടങ്ങി. അതോടെ ഹേഗലിന്റെ സാമ്പത്തികസ്ഥിതി ഒന്നുകൂടി വഷളായി. പോരാഞ്ഞ് അടുത്ത ഫെബ്രുവരി മാസം, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന ഹേഗലിന്റെ വീട്ടുടമസ്ഥ, ക്രിസ്റ്റീനാ ബര്‍ഖാര്‍ട്ട്, അദ്ദേഹത്തില്‍ ജനിച്ച മകന് ജോര്‍ജ്ജ് ലുഡ്വിഗ് ഫ്രീഡ്രീച്ച് ഫിഷറെ(1807-31) പ്രസവിച്ചു.
[തിരുത്തുക] പത്രാധിപര്‍
1807-ല്‍ 37 വയസ്സുള്ളപ്പോള്‍, ഹേഗല്‍, ബാംബെര്‍ഗിലെ ഒരു ദിനപ്പത്രത്തിന്റെ പത്രാധിപരായി സ്ഥാനമേല്‍ക്കാന്‍ അവിടേക്കുപോയി. പത്രപ്രവര്‍ത്തനം ഹേഗലിന്റെ തീരെ ഇഷ്ടമില്ലായിരുന്നു. സുഹൃത്ത് നീഥാമര് നിരസിച്ച ആ ജോലി, ഹേഗല്‍ ഏറ്റെടുത്തത് മനസ്സില്ലാതെയും നിവൃത്തികേടുകൊണ്ടുമാണ്. ക്രിസ്റ്റീനാ ബര്ഖാര്ട്ടും മകനും ജേനയില് തന്നെ തുടര്‍ന്നു.
[തിരുത്തുക] ഹെഡ്മാസ്റ്റര്
ഒരുവര്‍ഷം കഴിഞ്ഞ്, 1808-ല്‍, ന്യൂറംബര്‍ഗില്‍ ഒരു ജിംജേഷിയത്തിലെ ഹെഡ്മാസ്റ്ററായി നിയമനം ലഭിച്ചതും നീഥാമ്മര് വഴിയാണ്. 1816 വരെ ഹേഗല്‍ ആ ജോലിയില്‍ തുടര്‍ന്നു. ആയിടെ പ്രസിദ്ധീകരിക്കപ്പെട്ട, "മനസ്സിന്റെ പ്രതിഭാസവിജ്ഞാനം" എന്ന തന്റെ കൃതിയുടെ സംക്ഷേപം ഹേഗല്‍ ക്ലാസില്‍ ഉപയോഗിച്ചു. "ശാസ്ത്രങ്ങളുടെ സാര്‍വലൗകികമായ പാരസ്പര്യത്തിലെക്ക് ഒരെത്തിനോട്ടം" എന്നതായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്ന ഒരു ക്ലാസ്സിന്റെ വിഷയം. യുക്തി, പ്രകൃതിയുടെ തത്ത്വചിന്ത, ആത്മാവിന്റെ തത്ത്വചിന്ത എന്നിവ ഉള്‍ക്കൊള്ളിച്ച്, തത്ത്വചിന്താവിഭാഗങ്ങളുടെ ഒരു വിജ്ഞാനകോശം എന്ന ആശയം ഹേഗല്‍ വികസിപ്പിച്ചെടുത്തത് ഇക്കാലത്താണ്. [13]
ഒരു സെനറ്ററുടെ മകളായിരുന്ന മേരി ഹേലേന സൂസന്ന വോണ്‍ ടക്കറെ (1791-1855) ഹേഗല്‍ 1811-ല്‍ വിവാഹം കഴിച്ചു. ഹേഗലിന്റെ പ്രധാനകൃതികളിലെ രണ്ടാമത്തേതായ 'യുക്തിയുടെ ശാസ്ത്രം' മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടത് ഇക്കാലത്താണ്. വൈവാഹികബന്ധത്തില്‍ അദ്ദേഹത്തിനുണ്ടായ രണ്ട് ആണ്മക്കള് ജനിച്ചതും ആയിടെയാണ്. കാള്‍ ഫ്രീഡ്രീച്ച് വില്‍ഹെം (1813-1901), ഇമ്മാനുവേല്‍ തോമസ് ക്രിസ്റ്റ്യന്‍ (1814-1891) എന്നിവരായിരുന്നു ആ മക്കള്‍.
[തിരുത്തുക] പ്രൊഫസര്‍ (1816-31)
[തിരുത്തുക] ഹീഡല്ബര്ഗ്
ബെര്‍ളിനും ഹീഡല്ബര്ഗും അടക്കമുള്ള ചില സര്‍വകലാശാലകള്‍ ഹേഗലിനെ പ്രൊഫസറായി നിയമിക്കാന്‍ താത്പര്യം കാട്ടിയതിനെ തുടര്‍ന്ന്, 1816-ല്‍ അദ്ദേഹം ഹീഡല്ബര്ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്ഥാനം സ്വീകരിച്ചു. അമ്മയുടെ മരണത്തെ തുടര്‍ന്ന് അനാഥാലയത്തില്‍ കഴിയുകയായിരുന്ന ഹേഗലിന്റെ വിവാഹേതരബന്ധത്തിലെ മകന് ലുഡ്വിഗ് ഫിഷര്‍ ആ സമയത്ത് ഹേഗല്‍ കുടുംബത്തില്‍ താമസമാക്കി. [ഗ] 1817-ല്‍ ഹേഗല്‍ "ദര്‍ശനശാസ്ത്രങ്ങളുടെ വിജ്ഞാനകോശത്തിന് ഒരു രൂപരേഖ" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഹീഡല്‍ബര്‍ഗിലെ കുട്ടികള്‍ക്കുവേണ്ടി തന്റെ തത്ത്വചിന്താവ്യവസ്ഥയുടെ ഒരു സംഗ്രഹം നല്‍കുകയാണ് അതില്‍ അദ്ദേഹം ചെയ്തത്.
[തിരുത്തുക] ബെര്‍ളിന്‍
1814-ല്‍ ഫിച്ചേയുടെ മരണം മുതല്‍ ബെര്‍ളിന്‍ സര്‍വകലാശാലയിലെ തത്ത്വചിന്താവിഭാഗത്തിന്റെ തലവന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. സര്‍വകലാശാല ഹേഗലിനെ ആ സ്ഥാനത്തേക്ക് വീണ്ടും ക്ഷണിച്ചു. 1818-ല്‍ ഹേഗല്‍ ക്ഷണം സ്വീകരിച്ചു. "ശരിയുടെ തത്ത്വചിന്തയുടെ ആടിസ്ഥാനങ്ങള്" (Elements of the Philosophy of Right) എന്ന പുസ്തകം 1821-ല്‍ ഹേഗല്‍ ഇവിടെവച്ച് പ്രസീദ്ധീകരിച്ചു. ബെര്‍ലിനില്‍ ഹേഗല്‍ പ്രധാനമായും ശ്രദ്ധയൂന്നിയത് തന്റെ ക്ലാസുകളിലാണ്. സൗന്ദര്യശാസ്ത്രം, മതദര്‍ശനം (Philosophy of Religion), ചരിത്രദര്‍ശനം (Philosophy of History), തത്ത്വചിന്തയുടെ ചരിത്രം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലാസ് പ്രഭാഷണങ്ങള്‍ മരണശേഷം വിദ്യാര്‍ത്ഥികളുടെ കുറിപ്പുകളെ ആശ്രയിച്ച് പ്രസിദ്ധീകരിക്കപ്പെട്ടു. ക്രമേണ ഹേഗലിന്റെ പ്രശസ്തി പരക്കാന്‍ തുടങ്ങിയതോടെ ജര്‍മ്മനിയുടെ വിവിധഭാഗങ്ങളിലും വിദേശങ്ങളിലും നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ പഠനപ്രഭാഷണങ്ങളില് ശ്രോതാക്കളായെത്താന് തുടങ്ങി. അക്കാലത്ത് തത്ത്വചിന്താതല്പരരുടെ ഒരു "ഹേഗേലിയന്‍ സ്കൂള്‍" തന്നെ രൂപപ്പെടാന്‍ തുടങ്ങി. ധിഷണാശാലികളായ വിദ്യാര്‍ത്ഥികള്‍ മുതല്‍ തത്ത്വചിന്തയെ ഇമ്പമുള്ള വരികളാക്കി മാറ്റിയ കാല്പനികരും തല പൊള്ളയായ അനുകരണക്കാരും വരെ അതില്‍ ഉള്‍പ്പെട്ടിരുന്നു.[14]
[തിരുത്തുക] ജീവിതാന്ത്യം
1829-ല്‍ അറുപതാമത്തെ വയസ്സില്‍, ഹേഗല്‍ ബെര്‍ളിന്‍ സര്‍വകലാശാലയുടെ റെക്ടര്‍ ആയി നിയമിക്കപ്പെട്ടു. അടുത്തവര്‍ഷം ആഗ്സ്ബര്ഗ് വിശ്വാസപ്രഖ്യാപനത്തിന്റെ മുന്നൂറാം നൂറ്റാണ്ടാഘോഷത്തിന്റെ അവസരത്തില്‍ ലത്തീനില്‍ ഹേഗല്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതില്‍ അദ്ദേഹം കത്തോലിക്കാ സഭയെ നിശിതമായി വിമര്‍ശിച്ചു. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നിവ പോലുള്ള വിനീതസുകൃതങ്ങളെ പൂര്‍ണ്ണതയുടെ കിരീടം ധരിപ്പിച്ച കത്തോലിക്കാ സഭ, പേഗന്‍ ലോകത്തിന്റെ നന്മകളെ തിളക്കമുള്ള തിന്മകള് (brilliant vices) എന്നുപറഞ്ഞ് തള്ളിയെന്നാണ് ഹേഗല്‍ ആരോപിച്ചത്.[15] 1831-ല്‍ ഫ്രെഡറിക്ക് വില്യം മൂന്നാമന്, പ്രഷ്യന്‍ രാഷ്ട്രത്തിന് നല്കിയ സേവനങ്ങളുടെ പേരില്‍ ഹേഗലിന് ബഹുമതിപത്രം നല്കി. [ഘ] അതേവര്‍ഷം ആഗസ്റ്റില്‍ ബെര്‍ളിനില്‍ കോളറ രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ ഹേഗല്‍ അവിടം വിട്ട് ക്രൂസ്ബെര്‍ഗ് എന്ന സ്ഥലത്തേക്കുപോയി. ആരോഗ്യം മോശമായിരുന്നതുകൊണ്ട് അദ്ദേഹം മിക്കവാറും വീട്ടില്‍ തന്നെ കഴിഞ്ഞു. ഒക്ടോബറില്‍ പുതിയ അദ്ധ്യയന സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍, കോളറ ശമിച്ചു എന്ന് വിശ്വസിച്ച്, ഹേഗല്‍ ബര്‍ളിനില്‍ മടങ്ങിയെത്തി. നവംബര്‍ 14-ന് അദ്ദേഹം അന്തരിച്ചു. മരണം കോളറ മൂലമാണെന്നാണ് വൈദ്യന്മാര് പറഞ്ഞതെങ്കിലും അത് സാധാരണ ഉദരരോഗം നിമിത്തം ആയിരുന്നിരിക്കാനും മതി എന്ന് വാദമുണ്ട്.[16]അന്ത്യമൊഴിയായത് "ഒരാള്‍ക്കേ എന്നെ മനസ്സിലാക്കാനായുള്ളു" എന്നു പറഞ്ഞിട്ട് ചെറിയൊരിടവേളക്കുശേഷം "അവനും എന്നെ മനസ്സിലായില്ല" എന്നു പറഞ്ഞതാണത്രെ.[17][18] തത്ത്വചിന്തകന്മാരായ ഫിച്ചേ, കാള്‍ സോള്ഗര് എന്നിവരുടെ സംസ്കാരസ്ഥാനങ്ങള്ക്കടുത്ത്, സോള്ഗറുടെ സംസ്കാരവേളയില്‍ ഹേഗല്‍ തന്നെ തെരഞ്ഞെടുത്ത സ്ഥലത്താണ് അദ്ദേഹത്തെ സംസ്കരിച്ചത്.
[തിരുത്തുക] കൃതികള്‍
ജീവിതകാലത്ത് ഹേഗല്‍ പ്രസിദ്ധീകരിച്ചത് താഴെപ്പറയുന്ന നാലു പുസ്തകങ്ങളാണ്:-
- ആത്മാവിന്റെ പ്രതിഭാസവിജ്ഞാനം: ഇന്ദ്രിയസംവേദനങ്ങളില്‍ തുടങ്ങി അറിവിന്റെ പൂര്ണ്ണതയോളമുള്ള ബോധത്തിന്റെ വളര്‍ച്ചയുടെ വിവരണമാണ് 1807-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി.
- യുക്തിയുടെ ശാസ്ത്രം: ഹേഗേലിന്റെ ചിന്തയിലെ യുക്തിയുടേയും തത്ത്വമീമാസയുടേയും (Logic and Metaphysics)കാമ്പ് ഈ ഗ്രന്ഥത്തില്‍ കാണാം. മൂന്ന് വാല്യങ്ങളുടെ ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് 1811, 1812, 1816 എന്നീ വര്‍ഷങ്ങളിലാണ്.
- ദര്‍ശനശാസ്ത്രങ്ങളുടെ വിജ്ഞാനകോശം: 1816-ല്‍ പ്രസിദ്ധീകരിച്ച് 1827-ലും 1830-ലും പരിഷ്കരിച്ച പതിപ്പുകളിറങ്ങിയ ഈ ഗ്രന്ഥം ഹേഗലിന്റെ തത്ത്വചിന്താവ്യവസ്ഥയുടെ സംഗ്രഹമാണ്.
- ശരിദര്ശനത്തിന്റെ ഘടകങ്ങള്‍: 1822-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയിലുള്ളത് ഹേഗലിന്റെ രാഷ്ട്രമീമാംസയാണ്.
ഇവക്കുപുറമേ, ബെര്‍ളിനില്‍ കഴിഞ്ഞകാലത്തും അതിനുമുന്പും ഹേഗല്‍ ചില ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്രദര്‍ശനം, മതം, സൗന്ദര്യശാസ്ത്രം, തത്ത്വചിന്തയുടെ ചരിത്രം എന്നീ വിഷയങ്ങളിലുള്ള ഒട്ടേറെ കൃതികള്‍ ഹേഗലിന്റെ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എഴുതിയെടുത്ത കുറിപ്പുകളെ ആശ്രയിച്ച് അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഹേഗലിന്റെ കൃതികള്‍ ദുര്‍ഗ്രഹതയുടെ പേരിലും, കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തിയുടെ പേരിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തത്ത്വചിന്തയുടേയും ലോകത്തിന്റെ തന്നേയും ചരിത്രത്തെ ഒരു മുന്നേറ്റമായി (Progression) ഹേഗല്‍ കണ്ടു. ഈ മുന്നേറ്റത്തിലെ ഓരോ പുതിയ ഘട്ടവും അതിനുമുന്‍പത്തെ ഘട്ടത്തില്‍ അടങ്ങിയിരുന്ന വൈരുദ്ധ്യങ്ങളുടെ പരിഹാരമാണ്. ഹേഗലിന്റെ രചനാശൈലി വായിക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. മനസ്സിലാക്കാന്‍ ഏറ്റവും പ്രയാസമുള്ള തത്ത്വചിന്തകന് എന്ന് ബര്‍ട്രന്‍ഡ് റസ്സല്‍ ഹേഗലിനെ വിശേഷിപ്പിച്ചിട്ടുണ്ട്.[19][ങ] ചിന്തയിലും യുക്തിവിചാരത്തിലും, അഭ്യൂഹയുക്തി (speculative reason) എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഒരു പുതിയ ശൈലി വികസിപ്പിച്ചെടുക്കാനുള്ള ഹേഗലിന്റെ ശ്രമമാണ് ഈ ദുര്‍ഗ്രഹതയുടെ കാരണങ്ങളിലൊന്ന്. തത്ത്വചിന്തയിലെ പ്രശ്നങ്ങളേയും, ചിന്തയും യാഥാര്‍ഥ്യവും തമ്മിലുള്ള ബന്ധത്തേയും വിശദീകരിക്കുന്നതില്‍ സാമാന്യബുദ്ധിക്കും പരമ്പരാഗതദര്ശനത്തിനും ഉള്ള പരിമിതികളെ മറികടക്കാനായി സ്ങ്കല്പിക്കപ്പെട്ട വൈരുദ്ധ്യാത്മകത(Dialectics) എന്ന പ്രസിദ്ധമായ ആശയം ഈ ചിന്താശൈലിയുടെ ഭാഗമായിരുന്നു.
[തിരുത്തുക] തത്ത്വചിന്ത
[തിരുത്തുക] നിയോഗം
കാന്റ്, ഫിച്ചേ, ഷെല്ലിങ്ങ് തുടങ്ങിയ പൂര്‍വഗാമികളുടെ അതീന്ദ്രിയ ആശയവാദവ്യവസ്ഥകളെ സമന്വയിപ്പിച്ച് ഏകീകരിക്കാനുള്ള ശ്രമമായിരുന്നു ഹേഗലിന്റെ തത്ത്വചിന്ത. വിഷയങ്ങള്‍ക്ക് നമ്മുടെ മനസ്സ് കൊടുക്കുന്ന രൂപമേ നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്നുള്ളുവെന്നും, ഈ കല്പിതരൂപങ്ങള്ക്കുപിന്നില് വിഷയങ്ങള്‍, അവയില്‍തന്നെ എന്തായിരിക്കുന്നുവെന്നുള്ള അറിവ് (knowledge of things in themselves) നമുക്ക് അപ്രാപ്യമായിരിക്കുന്നുവെന്നും കാന്റ് പറഞ്ഞു. ഈ നിഗമനങ്ങളിലേക്ക് നയിച്ചത് കാന്റ് ഉപയോഗിച്ച വിമര്‍ശനത്തിന്റെ നിഷേധാത്മകശൈലി ആണെന്ന് ഹേഗല്‍ വാദിച്ചു. അതിനുപകരം, സൃഷ്ടിപരവും ജാഗ്രവുമായ മറ്റൊരു ശൈലി സ്വീകരിച്ചാല്‍, നമ്മുടെ അനുഭവേലോകത്തിന് പിന്നിലുള്ളത്, കാന്റ് സങ്കല്പിച്ചതുപോലെ അജ്ഞേയമായ ഒരു യഥാരൂപമല്ലെന്നും (unknowable substrate), ഉയര്‍ന്നതും ധന്യവുമായ മറ്റൊരവസ്ഥയെ പ്രാപിക്കാനായി ചിന്തയിലും യാഥാര്‍ഥ്യത്തിലും (in thought and reality) അതിന്റെ തന്നെ വിപരീതാവസ്ഥയിലേക്ക് അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു നിരന്തരപ്രക്രിയയാണെന്നും ബോദ്ധ്യമാകുമെന്ന് ഹേഗല്‍ കരുതി. ഈ പ്രക്രിയയുടെ ഏറ്റവും താണ രൂപമാണ് ഉണ്മ (being). അതിന്റെ ധന്യവും സമ്പൂര്‍ണ്ണവുമായ രൂപങ്ങളാണ് ആത്മാവ്, പരമചിത്തം (absolute mind), രാഷ്ട്രം, മതം, ദര്‍ശനം എന്നിവ. ഈ പ്രക്രിയയെ അതിന്റെ എല്ലാ ഘട്ടങ്ങളിലും പൂര്‍ണ്ണമായി മനസ്സിലാക്കുകയെന്നതാണ് തത്ത്വചിന്തയുടെ നിയോഗം. [20]
[തിരുത്തുക] വൈരുദ്ധ്യാത്മകത
യുക്തിയുടേയും തത്ത്വമീമാംസയുടേയും തുടക്കം ഉണ്മ (being) എന്ന സങ്കല്പത്തിലാണ്. അരിസ്റ്റോട്ടിലിനെപ്പോലെ, ഉണ്മയെ ഒരു നിശ്ചലാവസ്ഥയായല്ല ഹേഗല്‍ സങ്കല്പിച്ചത്. അദ്ദേഹത്തിന്റെ ചിന്തയിലെ ഉണ്മ, ഇല്ലായ്മയെന്ന(nothingness) വിപരീതാവസ്ഥയിലേക്ക് നിരന്തരം പരിവര്‍ത്തിതമാവുകയും ആയിത്തീരലായി(becoming) അതിലേക്കുതന്നെ മടങ്ങിവരുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ചലനാത്മക (dyanamic) സങ്കല്പമാണ്. [21] പരമയാഥാര്ഥ്യത്തെ, വികാസത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ശുദ്ധചിന്ത, ആത്മാവ്, അല്ലെങ്കില്‍ മനസ്സ് (pure thought, spirit or mind) ആയി ഹേഗല്‍ സങ്കല്പിച്ചു. അതിന്റെ വികസനപ്രക്രിയയെ നിയന്ത്രിക്കുന്ന യുക്തി, വൈരുദ്ധ്യാത്മകതയാണ് (dialectic). ഹേഗല്‍ വിവരിച്ച വൈരുദ്ധ്യാത്മകതയുടെ ത്രിപാദങ്ങളെ സൂചിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കാറുള്ള പദങ്ങള്‍, സങ്കല്പം, പ്രതിസങ്കല്പം, സമന്വയം (thesis, anti-thesis, systhesis) എന്നിവയാണ്. സങ്കല്പം എന്നത് ഒരാശയമോ ചരിത്രപരമായ ഒരു പ്രസ്ഥാനമോ ആകാം. അത്തരം ആശയത്തിനോ പ്രസ്ഥാനത്തിനോ സ്വതവേയുള്ള അപൂര്‍ണ്ണത ഉണ്ടാക്കുന്ന എതിര്‍പ്പുകള്‍, പ്രതിസങ്കല്പം എന്നു വിശേഷിപ്പിക്കാവുന്ന വിപരീതാശയത്തിനോ പ്രസ്ഥാനത്തിനോ ജന്മം നല്കുന്നു. സങ്കല്പ-പ്രതിസങ്കല്പങ്ങള്ക്കിടയിലെ സംഘര്‍ഷം രണ്ടിലേയും സത്യാംശം ഉള്‍ക്കൊള്ളുന്ന സമന്വയമെന്ന മൂന്നാം പാദത്തെ ഉരുവാക്കുന്നു. ഈ സമന്വയം പുതിയ സങ്കല്പമായി അതിന്റെ തന്നെ പ്രതിസങ്കല്പത്തിലും സമന്വയത്തിലും കൂടി പുരോഗമിക്കുന്നു. ബുദ്ധിയുടേയും ചരിത്രത്തിന്റേയും വികാസപ്രക്രിയ അങ്ങനെ നിരന്തരം അരങ്ങേറുന്നു. പരമാര്ഥപ്പൊരുള് (Absolute Spirit) തന്നെ ഈ വിധത്തില്‍ വൈരുദ്ധ്യാത്മകമായി അന്തിമലക്ഷ്യത്തിലേക്ക് വികസിക്കുകയാണെന്ന് ഹേഗല്‍ കരുതി. [22]
ഹേഗലിന്റെ വൈരുദ്ധ്യാത്മകതാവാദത്തെ ബെര്‍ട്രന്‍ഡ് റസ്സല്‍ വിശദീകരിക്കുന്നതിങ്ങനെയാണ്:-
| “ | പരമയാഥാര്ഥ്യത്തെ(Absolute), ഗുണങ്ങളൊന്നുമില്ലാതെ, ആയിരിക്കുക മാത്രം ചെയ്യുന്ന ശുദ്ധമായ ഉണ്മ (pure being) ആയി കരുതുക. "പരമയാഥാര്‍ഥ്യം ശുദ്ധമായ ഉണ്മ ആണ്" എന്നു നാം സങ്കല്പിക്കുന്നു. എന്നാല്‍ ഗുണങ്ങളൊന്നുമില്ലാത്ത ശുദ്ധമായ ഉണ്മ ഒന്നുമല്ല (is nothing) എന്ന് പിന്നീട് നാം തിരിച്ചറിയുന്നു. "പരമയാഥാര്‍ഥ്യം ഒന്നുമല്ല" എന്ന പ്രതിസങ്കല്പത്തില് (anti-thesis) അങ്ങനെ നാം എത്തിച്ചേരുന്നു. ഉണ്മയും ഇല്ലായ്മയും ചേര്‍ന്നാല്‍ കിട്ടുന്നത് 'ആയിത്തീരല്‍' (becoming) ആണ്. അതിനാല്‍ ആദ്യത്തെ സങ്കല്പ-പ്രതിസങ്കല്പങ്ങള് (thesis and anti-thesis) നമ്മെ "പരമയാഥാര്‍ഥ്യം ആയിത്തീരല്‍ ആണ്" എന്ന സമന്വയത്തില്‍ (synthesis) എത്തിക്കുന്നു. ആയിത്തീരാന്‍ എന്തെങ്കിലും ഉണ്ടായിരുന്നേ മതിയാകൂ എന്ന് പിന്നീട് ബോദ്ധ്യമാകുമ്പോള്‍ ഈ സമന്വയത്തിനും ഇളക്കം തട്ടും. ഇങ്ങനെ, യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം, പഴയ തെറ്റുകളുടെ നിരന്തരമായ തിരുത്തല്‍ വഴി വികസിക്കുന്നു. ആ തെറ്റുകളോരൊന്നും പരിമിതവും ഭാഗികവുമായതിനെ പൂര്‍ണ്ണതയായി കണക്കാക്കിയ ലളിതവല്‍ക്കരണത്തിന്റെ ഫലമാണ്. പ്രക്രിയയെ മനസ്സിലാക്കിയാലേ ഫലത്തെ അറിയാനൊക്കൂ എന്ന് ഹേഗല്‍ കരുതി. വൈരുദ്ധ്യാത്മകതയുടെ ഓരോ ഘട്ടത്തിലും അതിനുമുന്പുള്ള ഘട്ടങ്ങളെല്ലാം ഒരു ലായിനിയിലെന്നപോലെ അടങ്ങിയിരിക്കുന്നു. അവയിലൊന്നുപോലും പൂര്‍ണ്ണമായി തിരസ്കൃതമായിട്ടില്ല. പൂര്‍ണ്ണതയിലെ ഒരോ ക്ഷണമെന്ന അവയുടെ യഥാസ്ഥാനങ്ങളില്‍ അവ എത്തിച്ചേരുന്നു. അതിനാല്‍ വൈരുദ്ധ്യാത്മകതയുടെ ഘട്ടങ്ങളിലോരോന്നിലൂടെയും കടന്നുപോയല്ലാതെ സത്യത്തിലെത്തിച്ചേരാന്‍ നമുക്ക് നിവൃത്തിയില്ല. [23] | ” |
[തിരുത്തുക] മനസ്സിന്റെ തത്ത്വചിന്ത
അറിവിന്റേത് ത്രിപാദമായ (Triadic) പുരോഗതിയാണെന്ന് ഹേഗല്‍ കണ്ടു. അതിന്റെ തുടക്കം വസ്തുക്കളെ കാണിച്ചുതരുന്ന ഇന്ദ്രിയസംവേദനത്തിലാണ്. തുടര്‍ന്ന് വിമര്‍ശനബുദ്ധിയുടെ പ്രയോഗം അറിവിനെ വ്യക്തിനിഷ്ഠമാക്കുന്നു. അവസാനഘട്ടം ആത്മജ്ഞാനത്തിന്റേതാണ്. അവിടെ വ്യക്തിയും വസ്തുവും തമ്മിലെ വ്യതിരിക്തത അപ്രത്യക്ഷമാകുന്നു. അതിനാല്‍ ആത്മബോധമാണ് അറിവിന്റെ പരകോടി. ഏറ്റവും ഉന്നതമായ ജനുസ്സിലെ അറിവിന്റെ ഇരിപ്പിടം പരമയാഥാര്ഥ്യമാകണം. പരമയാഥാര്ഥ്യത്തില് എല്ലാ പൂര്‍ണ്ണതയും അടങ്ങുന്നതിനാല്‍ അതിന് അറിയാനായി അതിനുപുറത്ത് ഒന്നുമില്ല.[24]
മനുഷ്യചിന്തയുടെ വളര്‍ച്ചയില്‍ പ്രകടമാകുന്നത് പരമയാഥാര്‍ഥ്യത്തിന്റെ (Absolute) സ്വയജ്ഞാനത്തിലേക്കുള്ള പുരോഗതിയാണ്. പരമയാഥാര്‍ഥ്യം അതിനെത്തന്നെ അറിയുന്നത് മനുഷ്യമനസ്സ് യാഥാര്‍ഥ്യത്തെ അറിയുന്നതിലൂടെയാണ്. ജ്ഞാനത്തിന്റെ പാതയിലെ മനുഷ്യമനസ്സിന്റെ ഈ മുന്നേറ്റത്തില്‍ ഹേഗല്‍ മൂന്നു തലങ്ങള്‍ കണ്ടെത്തി. കലയിലും, മതബോധത്തിലും, തത്ത്വചിന്തയിലുമാണ് ആ തലങ്ങള്‍. പരമയാഥാര്ഥ്യത്തെ ഭൗതികരൂപങ്ങളില്‍ കണ്ടെത്തുന്ന കല, ഇന്ദ്രിയജ്ഞാനത്തിന് വഴങ്ങുന്ന സുന്ദരരൂപങ്ങളായി അതിനെ ചിത്രീകരിക്കുന്നു. ബിംബങ്ങളിലും പ്രതീകങ്ങളിലും പരമയാഥാര്ഥ്യത്തെ കണ്ടെത്തുന്ന മതത്തിന്റെ സ്ഥാനം കലയ്ക്കു മുകളിലാണ്. പരമയാഥാര്‍ഥ്യം നമ്മുടെ പരിമിതിയില്‍ ഉരുവെടുത്തുകൊണ്ടിരിക്കുന്നുവെന്ന സത്യം, മനുഷ്യാവതാരത്തിന്റെ പ്രതീകാത്മകതയിലൂടെ പഠിപ്പിക്കുന്നതുകൊണ്ട്, ഏറ്റവും ശ്രേഷ്ഠമായ മതം ക്രിസ്തുമതമാണെന്ന് ഹേഗല്‍ കരുതി. തത്ത്വചിന്തക്ക്, മതത്തിനും മേലാണ് സ്ഥാനം. യുക്തി ഉപയോഗിച്ചുള്ള തത്ത്വചിന്തയുടെ അന്വേഷണം ലക്ഷ്യത്തിലെത്തുമ്പോള്‍ പരമയാഥാര്‍ഥ്യം സ്വയജ്ഞാനത്തിലെത്തി വിശ്വനാടകം പൂര്‍ത്തിയാവുന്നു. ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് ഹേഗല്‍ പരമയാഥാര്ഥ്യത്തിന് ദൈവവുമായി ഏകീഭാവം കല്പിക്കുന്നത്. "സ്വയം അറിയാതെ ദൈവം ദൈവമാകുന്നില്ല" എന്ന് ഹേഗല്‍ പറഞ്ഞു.[25]
[തിരുത്തുക] രാഷ്ട്രം, ചരിത്രദര്‍ശനം
ചരിത്രത്തേയും രാഷ്ട്രത്തേയും സംബന്ധിച്ച വീക്ഷണങ്ങള്‍ ഹേഗലിന്റെ തത്ത്വചിന്തയുടെ ഏറ്റവും രസകരവും മനസ്സിലാക്കാന്‍ എളുപ്പമുള്ളതുമായ ഭാഗങ്ങളില്‍ പെടുന്നു. ഹേഗലിന്റെ ചരിത്രദര്‍ശനം, അദ്ദേഹത്തിന്റെ രാഷ്ട്രമീമാംസയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.മനസ്സിന്റെ മൂര്‍ത്തരൂപമാണ് (mind objectified) രാഷ്ട്രം എന്ന് ഹേഗല്‍ കരുതി. ആസക്തികളുടേയും, മുന്‍വിധികളുടേയും, അന്ധമോഹങ്ങളുടേയും ബന്ധനം മൂലം ഭാഗികമായി മാത്രം സ്വതന്ത്രമായ വ്യക്തിമനസ്സ് പൗരത്വത്തിന്റെ സ്വാതന്ത്ര്യം നല്കുന്ന പൂര്‍ണ്ണതക്കായി നിയന്ത്രണങ്ങളുടെ നുകം പേറുന്നു. ഈ നുകത്തിന്റെ ആദ്യരൂപം മറ്റുള്ളവരുടെ അവകാശങ്ങള്‍ അംഗീകരിക്കേണ്ടി വരുന്നതിലാണ്. വ്യക്തിപരവും സാമൂഹ്യവുമായ സദാചാരമാണ് ഇതിന്റെ മറ്റുചിലരൂപങ്ങള്. സാമൂഹ്യസദാചാരത്തിന്റെ അടിസ്ഥാനസ്ഥാപനം കുടുംബമാണ്. കുടുംബങ്ങളുടെ കൂട്ടായമ ജനസമൂഹമാകുന്നു. രാഷ്ട്രത്തിന്റെ അഭാവത്തില്‍ ജനസമൂഹത്തിന് പൂര്‍ണ്ണതയില്ല. മനസ്സിന്റെ തികവേറിയ മൂര്‍ത്തീകരണമായ രാഷ്ട്രം ദൈവത്തിന്റെ തന്നെ സ്ഥാനം വഹിക്കുന്നു. രാഷ്ട്രത്തെ നയിക്കുന്ന നിയമം ഭരണഘടനയാണ്. മറ്റു രാഷ്ട്രങ്ങളുമായുള്ള അവയുടെ ബന്ധം രാഷ്ട്രാന്തര നിയമത്തിന്റെ വികാസത്തിന് കാരണമാകുന്നു. ഇതിഹാസസന്ധികളിലൂടെയുള്ള അതിന്റെ മുന്നേറ്റത്തില്‍ രാഷ്ട്രം ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകതകളെ (dialectics of history) കടന്നുപോകുന്നു. ഭരണഘടന രാഷ്ട്രത്തിന്റെ പൊതുവായ ആത്മാവും ഭരണകൂടം ആ അത്മാവിന്റെ മൂര്ത്തരൂപവുമണെന്ന് ഹേഗല്‍ പഠിപ്പിച്ചു. ഒരോ രാഷ്ട്രത്തിനും അതിന്റെ തനതായ ആത്മാവുണ്ട്. രാഷ്ട്രത്തിന്റെ ആത്മാവിനെ ഞെക്കിക്കൊല്ലുന്ന ആക്രമണകാരിയും സ്വേഛേപതിയും ചെയ്യുന്നത് സങ്കലിപിക്കാവുന്നതില് വച്ച് വലിയ കുറ്റകൃത്യമാണ്. എന്നാല്‍ യുദ്ധം രാഷ്ട്രീയപുരോഗതിയുടെ ഒഴിവാക്കാനാവാത്ത മാര്‍ഗ്ഗമാണ്. രാഷ്ട്രങ്ങളില്‍ മൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ള ആശയങ്ങളിലെ പ്രതിസന്ധിയാണത്. ഭേദപ്പെട്ട രാഷ്ട്രം പ്രതിസന്ധിയെ അതിജീവിക്കുന്നു.
രാഷ്ട്രം മനോരൂപമായ വിമര്‍ശനബുദ്ധിയുടെ മൂര്ത്തഭാവമാകയാല് ചരിത്രപ്രക്രിയ അടിസ്ഥാനപരമായി യുക്തിസഹമാണ്. ആകസ്മികതകളെന്നു തോന്നിക്കുന്ന ചരിത്രസംഭവങ്ങളോരോന്നും യഥാര്‍ഥത്തില്‍, രാഷ്ട്രത്തില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്ന പരമയുക്തിയുടെ (soveriegn reason) സ്വാഭാവിക വികസനത്തിന്റെ ഘട്ടങ്ങളാണ്. ആസക്തികളിലും അവേഗങ്ങളിലും താത്പര്യങ്ങളിലും പ്രകൃതിഭാവങ്ങളിലും വ്യക്തിത്ത്വങ്ങളിലും എല്ലാം പ്രകടമാകുന്നത് യുക്തിയോ, സ്വന്തം ഉപയോഗത്തിനായി യുക്തി മെനഞ്ഞെടുക്കുന്ന ഉപകരണങ്ങളോ ആണ്. അതിനാല്‍ ചരിത്രസംഭവങ്ങളെ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ്ണതയില്‍ സ്വത്വത്തിന്റെ തികവിലേക്കുള്ള യുക്തിയുടെ മന്ദമെങ്കിലും കണിശമായ നീക്കമായി നാം മനസ്സിലാക്കണം. സംഭവങ്ങളുടെ പിന്തുടര്ച്ചയെ ബുദ്ധിപൂര്‍വം വര്‍ഗ്ഗീകരിച്ച് യുക്തിസഹമായി വേണം ചരിത്രത്തെ വ്യാഖ്യാനിക്കാന്‍. ഏറ്റവും വിപുലമായ ചരിത്രദര്‍ശനം മൂന്നുപ്രധാന വികാസഘട്ടങ്ങള്‍ വെളിവാക്കിത്തരുന്നു. വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ച പൗരസ്ത്യരാജവാഴ്ച, പൗരസ്വാതന്ത്ര്യത്തെ ജനപ്രീണനമായി(demagogy) തരംതാഴ്ത്തി നഷ്ടപ്പെടുത്തിയ ഗ്രീക്ക് ജനാധിപത്യം, നിയമവാഴ്ചയായി സ്വാതന്ത്യത്തെ പുനരാവിഷ്കരിക്കുന്ന ഭരണഘടനാനുസൃതരാജവാഴ്ച [ച]എന്നിവയാണവ.[26]
[തിരുത്തുക] വിമര്‍ശനം
ഒട്ടേറെ വിമര്ശിക്കപ്പെട്ടിട്ടുള്ള ചിന്തകനാണ് ഹേഗല്‍. ജീവിതകാലത്ത് അദ്ദേഹത്തിന്റെ ഒരു പ്രധാന വിമര്ശകന് പ്രഖ്യാതചിന്തകന്‍ ആര്‍തര്‍ ഷോപ്പന്‍ഹോവര്‍ ആയിരുന്നു. ഷോപ്പന്‍ഹോവറുടെ ഹേഗല്‍ വിരോധം വ്യക്തിപരമായ ശത്രുതയോളമെത്തി. "ഒരു തലമുറയുടെ മുഴുവന്‍ മനസ്സിനെ താളം തെറ്റിച്ച് നശിപ്പിച്ച വിരൂപനും അറപ്പുണര്ത്തുന്നവനുമായ ആ തട്ടിപ്പുകാരന്" എന്നാണ് ഷോപ്പന്‍ഹോവര്‍ ഹേഗലിനെ വിശേഷിപ്പിച്ചത്. വാക്കുകള്‍ കൊണ്ട് ഹേഗല്‍ ഉണ്ടാക്കിയ അര്‍ത്ഥരഹിതമായ വല, നേരത്തേ ഭ്രാന്താലയങ്ങളില്‍ മാത്രമേ ഉപയോഗത്തിലിരുന്നുള്ളുവെന്നും ഭാവിതലമുറകള്‍ക്കായി, "നമ്മുടെ കാലഘട്ടവുമായി" ബന്ധപ്പെടുത്തി ചിരിയുടെ അന്തമില്ലാത്ത വിഷയം സൃഷ്ടിക്കയാണ് ഹേഗല്‍ ചെയ്തതെന്നും ഷോപ്പന്‍ഹോവര്‍ പറഞ്ഞു. വലിയ ചങ്കൂറ്റത്തോടെ ഹേഗല്‍ മെനഞ്ഞെടുത്ത കിറുക്കുപിടിച്ച അസംബന്ധത്തിന്റെ വ്യവസ്ഥ, അദ്ദേഹത്തിന്റെ കൂലി-ശിഷ്യന്മാര് (mercenary followers) സ്വര്ഗ്ഗീയജ്ഞാനമായി നാടെങ്ങും പ്രചരിപ്പിച്ചു എന്ന് ഷോപ്പന്‍ഹോവര്‍ വിശദീകരിച്ചു. [27] [ഛ]
ജര്‍മ്മനിയില്‍ ഫ്രെഡറിക്ക് വില്യം മൂന്നാമന്റെ സ്വേഛാഭരണത്തിനും നാസി പ്രത്യയശാസ്ത്രത്തിന്റെ ക്രൂരതകള്‍ക്കും താത്ത്വികമായ അടിത്തറ സൃഷ്ടിച്ചത് ഹേഗല്‍ ആയിരുന്നുവെന്ന് ഇരുപതാം നൂറ്റാണ്ടിലെ തത്ത്വചിന്തകനും രാഷ്ട്രമീമാംസകനുമായിരുന്ന കാള്‍ പോപ്പര്‍ ആരോപിച്ചിട്ടുണ്ട്. പോപ്പറുടെ അഭിപ്രായത്തില്‍ ഫാസിസത്തിനും നാസിസത്തിനും പ്രചോദനമായത് ഹേഗലാണ്.
| “ | എല്ലാ വ്യക്തിബന്ധങ്ങളേയും യജമാനനും അടിമയും തമ്മിലും അധികാരവും അടിയറവും തമ്മിലും ഉള്ളതായി ഹേഗല്‍ ചിത്രീകരിച്ചു. ഓരോരുത്തനും സ്വന്തം മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കണം. സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ പോന്ന സ്വഭാവവും, ധൈര്യവും, കഴിവും ഇല്ലാത്തവന് അടിമയായി തരംതാഴണം. വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള ഈ സുന്ദരസിദ്ധാന്തം രാഷ്ട്രാന്തരബന്ധത്തിലും പ്രയോഗിക്കപ്പെടണം. ചരിത്രവേദിയില്‍ രാഷ്ട്രങ്ങള്‍ അവയുടെ മേല്‍ക്കോയ്മ തെളിയിക്കണം. ലോകാധിപത്യത്തിനുവേണ്ടി ശ്രമിക്കുകയെന്നത് അവയുടെ കടമയാണ്.[28] | ” |
ഇരുപതാം നൂറ്റാണ്ടിലെ പ്രഖ്യാതചിന്തകന്‍ ബെര്‍ട്രാന്‍ഡ് റസ്സലും ഹേഗലിന്റെ വലിയ വിമര്‍ശകനായിരുന്നു. ഹേഗലിന്റെ ചരിത്രദര്‍ശനത്തെ റസ്സല്‍ നിശിതമായി വിമര്‍ശിക്കുന്നു. കാലം മനസ്സിന്റെ മാത്രം സൃഷ്ടിയും പരമയാഥാര്‍ഥ്യം കാലാതീതവുമാണെന്നിരിക്കെ, ചരിത്രത്തെ കാലത്തിലൂടെയുള്ള പരമയാഥാര്‍ഥ്യത്തിന്റെ വെളിപ്പെടലായി ചിത്രീകരിക്കുന്നതിന്റെ അനൗചിത്യം റസ്സല്‍ എടുത്തുകാട്ടി. മനുഷ്യാവസ്ഥയുടെ നിയമരാഹിത്യത്തിന് അര്‍ത്ഥവും ക്രമവും നല്കാന് ശ്രമിച്ച രസകരമായ ഒരു സിദ്ധാന്തമാണ് ഹേഗലിന്റേതെന്ന് റസ്സന്‍ സമ്മതിക്കുന്നു. അതേസമയം, ചരിത്രത്തെ വിശദീകരിക്കുന്ന മാര്ക്സിന്റേതടക്കമുള്ള എല്ലാ സിദ്ധാന്തങ്ങളുടേയും അടിസ്ഥാനം അജ്ഞതയും വസ്തുതകളെ വളച്ചൊടിക്കാനുള്ള കഴിവുമാണെന്നും, ഹേഗലും മാര്‍ക്സും ആ രണ്ടു 'യോഗ്യതകളും' തികഞ്ഞവാരായിരുന്നെന്നുമാണ് റസ്സലിന്റെ നിലപാട്.[29]
ഒരുപക്ഷേ, ഹേഗലിന്റെ തത്ത്വചിന്തയെക്കുറിച്ചുള്ള ഏറ്റവും രസകരമായ നിരീക്ഷണം ഇരുപതാം നൂറ്റാണ്ടിലെ പ്രഖ്യാത മനൊവിജ്ഞാനിയായകാള് യുങ്ങ് നടത്തിയതാണ്. ഹേഗേലിയനിസത്തിന്റെ പിന്നിലുള്ളത് മനോവിഭ്രാന്തിയാണെന്നാണ് യുങ്ങിന്റെ നിരീക്ഷണത്തിന്റെ ചുരുക്കം:-
| “ | ഹേഗലിന്റേതുപൊലൊരു തത്ത്വചിന്ത, മാനസികപശ്ചാത്തലത്തിന്റെ ഏറ്റുപറച്ചിലാണ്. തത്ത്വചിന്താപരമായി നോക്കുമ്പോള്‍ അതൊരു അഭിനയമാണ്(presumption). മന:ശാസ്ത്രദൃഷ്ടിയില്‍ അത് അബോധമനസ്സിന്റെ കടന്നുകയറ്റമാണ്. ഹേഗല്‍ ഉപയോഗിക്കുന്ന വലിയ വാക്കുകള്‍ നിറഞ്ഞ ഭാഷ ഇത് വ്യക്തമാക്കുന്നു. അതീന്ദ്രിയസത്യത്തെ വ്യക്തിനിഷ്ടമായി ചിത്രീകരിക്കാനും, നിസ്സാരമായതിന് പുതുമയുടെ സൗന്ദര്യം കൊടുക്കാനും, സാധാരണമായതിനെ ജ്ഞാനത്തിന്റെ പരിവേഷം കെട്ടിക്കാനുമായി സ്കിസോഫ്രിനിയ രോഗികള്‍ ഉപയോഗിക്കുന്ന മനംമയക്കി ഭയപ്പെടുത്തുന്ന ഭാഷയെ അത് അനുസ്മരിപ്പിക്കുന്നു. ഇത്ര പൊങ്ങച്ചം കാട്ടുന്ന ഒരു പദസഞ്ചയം ബലഹീനതയടേയും കഴിവുകേടിന്റേയും, കഴമ്പില്ലായ്മയുടേയും മുഖലക്ഷണമാണ്.[30] | ” |
[തിരുത്തുക] കുറിപ്പുകള്‍
ക.^ സെമിനാരിയിലെ ഹേഗലിന്റെ ആല്‍ബത്തില്‍ അദ്ദേഹത്തിന്റെ സഹപാഠി ജോര്‍ജ് ഫ്രീഡ്രീച്ച് ഫാല്ലട്ട് കൂനി, ഊന്നുവടികുത്തിപ്പിടിച്ച് നടക്കുന്ന ഒരാളുടെ ചിത്രം വരച്ചുചേര്ത്തിട്ട് "ദൈവം വയസ്സനെ സഹായിക്കട്ടെ" എന്ന് എഴുതി. [31]
ഖ.^ റ്റൂബിങ്ങന്‍ ഹേഗലിനുനല്കിയ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ അദ്ദേഹം തത്ത്വചിന്തയില്‍ തീരെ ശ്രദ്ധകാണിച്ചില്ല എന്നെഴുതിയിരുന്നതായി പല ജീവചരിത്രകാരന്മാരും തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിന്റെ മൂലത്തില്‍, തത്ത്വചിന്തയില്‍ ഏറെ ശ്രദ്ധകാണിച്ചിരുന്നു (Philosophiae Multum operam impendit) എന്നെഴുതിയിരുന്നതിലെ 'ഏറെ'(Multum) എന്ന വാക്ക് ഒരു പകര്ത്തിയെഴുത്തുകാരന് 'ഒട്ടും'(Nullam) എന്ന് തെറ്റായി പകര്‍ത്തിയതാണത്രെ ഈ തെറ്റിദ്ധാരണക്ക് കാരണമായത്.[32]
ഗ^ പുതിയ കുടുംബവുമായി ഇണങ്ങിപ്പോകാന്‍ ലുഡ്വിഗിന് കഴിഞ്ഞില്ല. 1826-ല്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് അയാള്‍ ഡച്ചുകാരുടെ സൈന്യത്തില്‍ കൂലിപ്പട്ടാളക്കാരനായി ചേരുകയും 1831-ല്‍ ഇന്‍ഡോനേഷ്യയില്‍ വച്ച്, ഹേഗലിന്റെ മരണത്തിന് ഏതാനും മാസം മാത്രം മുന്‍പ് പനിബാധിച്ചു മരിക്കുകയും ചെയ്തു. മകന്റെ മരണവാര്‍ത്ത ഹേഗല്‍ അറിഞ്ഞിട്ടേ ഉണ്ടാവില്ല എന്ന് പറയപ്പെടുന്നു.[33]
ഘ.^ ഈ ബഹുമതിപത്രത്തിന് ഏറെ പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ബഹുമതികളില്‍ ഏറ്റവും ചെറുത് മറ്റു 72 പേര്‍ക്കൊപ്പമാണ് ഹേഗലിന് കൊടുത്തത്. അദ്ദേഹത്തോടൊപ്പം ബഹുമാനിക്കപ്പെട്ടവരില് എതിരാളിയായിരുന്ന ചിന്തകന്‍ ഷ്ലീയര്മാക്കറും ഉണ്ടായിരുന്നു. [34]
ങ.^ ഹേഗലിന്റെ സിദ്ധാന്തങ്ങളില്‍ ഒന്നിനും അടിസ്ഥാനമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും റസ്സല്‍ പറയുന്നുണ്ട്.
ച.^ ഈ ഘട്ടത്തെ ഹേഗല്‍ വിളിച്ചത് ക്രൈസ്തവ ഭരണഘടനാനുസൃത രാജവാഴ്ച(Christian Constitutional Monarchy) എന്നാണ്.
ഛ.^ ഈ വിമര്‍ശനത്തില്‍ ആരെങ്കിലും അസൂയമണത്തെങ്കില് അത്ഭുതമില്ല. ഹേഗലിനെ തോല്പിക്കാന് അദ്ദേഹത്തിന്റെ പഠനപ്രഭാഷണങ്ങളുടെ സമയത്തുതന്നെ സ്വന്തം പ്രഭാഷണങ്ങള്‍ ബെര്‍ളിന്‍ സര്‍വകലാശാലയില്‍ നടത്താന്‍ ഷോപ്പന്‍ഹോവര്‍ രണ്ടുവട്ടം നടത്തിയ ശ്രമം വലിയ നാണക്കേടിലാണ് കലാശിച്ചത്. ഷോപ്പന്‍ഹോവറുടെ പ്രഭാഷണങ്ങള്‍ക്ക് ശ്രോതാക്കളില്ലാതെ പോയി.[35]
[തിരുത്തുക] അവലംബം
- ↑ Rob Sewell - What is dialectical materialism? - A study guide with questions, extracts and suggested reading - Hegel and Marx എന്ന ഭാഗം. http://www.marxist.com/Theory/study_guide1.html
- ↑ Georg Wilhelm freidrich Hegel - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/hegel/
- ↑ Terry Pinkard, Hegel: A Biography, pp. 2-3; p. 745 - ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം - http://assets.cambridge.org/052149/6799/sample/0521496799WSN01.pdf
- ↑ മുകളില്‍ സൂചിപ്പിച്ച ഹേഗലിന്റെ ജീവചരിത്രം, പിന്കാര്ഡ് രചിച്ചത്, കാണുക. ഈ പുസ്തകത്തിന്റെ മൂന്നാം പുറത്ത് ഹേഗലിന്റെ അമ്മയുടെ മരണവര്ഷം 1781 എന്ന് തെറ്റായി കാണിച്ചിട്ട്, അപ്പോള്‍ ഹേഗലിന് പതിനൊന്നു വയസ്സയിരുന്നു എന്ന് പറയുന്നു. എന്നാല്‍ ഈ പുസ്തകത്തില്‍ തന്നെ കൊടുത്തിരിക്കുന്ന ഹേഗലിന്റെ ജീവിതത്തിന്റെ സമയരേഖയില്‍, ശരിയായ വര്‍ഷം, 1783, കൊടുത്തിരിക്കുന്നു. (പുറങ്ങള്‍ 773, 745); ഇതും കാണുക:German Wikipedia.
- ↑ പിന്കാര്ഡ് എഴുതിയ ജീവചരിത്രം - പുറം 4.
- ↑ Illustrated Hegel Biography-hegel.net - http://www.hegel.net/en/hegelbio.htm
- ↑ പിന്കാര്ഡ് എഴുതിയ ജീവചരിത്രം - പുറം 16
- ↑ Illustrated Hegel Biography-hegel.net - ലിങ്ക് മുകളില്‍
- ↑ പിന്കാര്ഡ് എഴുതിയ ജീവചരിത്രം - പുറം 80
- ↑ പിന്കാര്ഡ് എഴുതിയ ജീവചരിത്രം - പുറങ്ങള്‍ 223-224
- ↑ ബെര്‍ട്രാന്‍ഡ് റസ്സല്‍ പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം അദ്ധ്യായം 22, പുറം 730
- ↑ പിന്കാര്ഡ് പുറം 228
- ↑ Pinkard, "Hegel: A Biography" - പുറം 228
- ↑ Illustrated Hegel Biography-hegel.net
- ↑ Illustrated Hegel Biography-hegel.net
- ↑ പിന്കാര്ഡ് - പുറം 658-59
- ↑ നോര്‍മന്‍ ഡേവീസ് എഴുതിയ യൂറോപ്പിന്റെ ചരിത്രം എന്ന ഗ്രന്ഥം - പുറം 687
- ↑ Famous Last Words (1961) by Barnaby Conrad
- ↑ "Hegel's philosophy is very difficult - he is, I should say, the hardest to understand of all the great philosophers" - റസ്സല്‍ പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രത്തില്‍ - അദ്ധ്യായം 22, പുറം 730
- ↑ Hegelianisam - Catholic Encyclopedia - http://www.newadvent.org/cathen/07192a.htm
- ↑ Hegelianisam - Catholic Encyclopedia - ലിങ്ക് മുകളില്‍
- ↑ Hegel - MSN Encarta - http://encarta.msn.com/text_761552560___0/Hegel.html
- ↑ ബെര്‍ട്രാന്‍ഡ് റസ്സല്‍ - പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം അദ്ധ്യായം 22, പുറം 733
- ↑ ബെര്‍ട്രാന്‍ഡ് റസ്സല്‍ - പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം അദ്ധ്യായം 22, പുറം 734
- ↑ Hegel - MSN Encarta - ലിങ്ക് മുകളില്‍
- ↑ Hegelianisam - Catholic Encyclopedia
- ↑ Bryan Magee from Confessions of a Philosopher, 1997
- ↑ കാള്‍ പോപ്പര്‍ തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും (Open Society and Its Enemies) എന്ന ഗ്രന്ഥത്തില്‍
- ↑ പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - അദ്ധ്യായം 22 - പുറം 735
- ↑ Carl G. Jung, On the Nature of Psyche, 1928
- ↑ Illustrated Hegel Biography-hegel.net
- ↑ Illustrated Hegel Biography-hegel.net
- ↑ Illustrated Hegel Biography-hegel.net
- ↑ Illustrated Hegel Biography-hegel.net
- ↑ Georg Wilhelm freidrich Hegel - Stanford Encyclopedia of Philosophy - ലിങ്ക് മുകളില്‍
[തിരുത്തുക] കൂടുതല്‍ അറിയാന്‍
[തിരുത്തുക] ഹേഗലിനെ പരിചപ്പെടാന്‍
- Beiser, Frederick C., 2005. Hegel. Routledge
- Findlay, J. N., 1958. Hegel: A Re-examination. Oxford University Press. ISBN 0-19-519879-4
- Gouin, Jean-Luc, 2000. Hegel ou de la Raison intégrale, suivi de : « Aimer Penser Mourir : Hegel, Nietzsche, Freud en miroirs », Montréal (Québec), Éditions Bellarmin, 225 p. ISBN 2-89007-883-3
- Houlgate, Stephen, 2005. An Introduction to Hegel. Freedom, Truth and History. Oxford: Blackwell
- Kainz, Howard P., 1996. G. W. F. Hegel. Ohio University Press. ISBN 0-8214-1231-0.
- Kaufmann, Walter, 1965. Hegel: A Reinterpretation. New York: Doubleday (reissued Notre Dame IN: University of Notre Dame Press, 1978)
- Plant, Raymond, 1983. Hegel: An Introduction. Oxford: Blackwell
- Singer, Peter, 2001. Hegel: A Very Short Introduction. Oxford University Press (previously issued in the OUP Past Masters series, 1983)
- Stirling, James Hutchison, The Secret of Hegel: Being the Hegelian System in Origin Principle, Form and Matter
- Taylor, Charles, 1975. Hegel. Cambridge: Cambridge University Press. ISBN 0-521-29199-2. A comprehensive exposition of Hegel's thought and its impact on the central intellectual and spiritual issues of his and our time.
- Scruton, Roger, "Understanding Hegel" in The Philosopher on Dover Beach, Manchester: Carcanet Press, 1990. ISBN 0-85635-857-6
[തിരുത്തുക] ലേഖനസമാഹാരങ്ങള്‍
- Beiser, Frederick C. (ed.), 1993. The Cambridge Companion to Hegel. Cambridge: Cambridge University Press. ISBN 0-521-38711-6. A collection of articles covering the range of Hegel's thought.
- Adorno, Theodor W., 1994. Hegel: Three Studies. MIT Press. Translated by Shierry M. Nicholsen, with an introduction by Nicholsen and Jeremy J. Shapiro, ISBN 0-262-51080-4. Essays on Hegel's concept of spirit/mind, Hegel's concept of experience, and why Hegel is difficult to read.
[തിരുത്തുക] ജീവചരിത്രങ്ങള്‍
- Althaus, Horst, 1992. Hegel und die heroischen Jahre der Philosophie. Munich: Carl Hanser Verlag. Eng. tr. Michael Tarsh as Hegel: An Intellectual Biography, Cambridge: Polity Press, 2000
- Pinkard, Terry P., 2000. Hegel: A Biography. Cambridge: Cambridge University Press. ISBN 0-521-49679-9. By a leading American Hegel scholar; aims to debunk popular misconceptions about Hegel's thought.
- Rosenkranz, Karl, 1844. Georg Wilhelm Friedrich Hegels Leben. Still an important source for Hegel's life.
- Hondt, Jacques d', 1998. Hegel: Biographie. Calmann-Lévy
[തിരുത്തുക] ചരിത്രം
- Rockmore, Tom, 1993. Before and After Hegel: A Historical Introduction to Hegel's Thought. Indianapolis: Hackett. ISBN 0-87220-648-3.
- Löwith, Karl, 1964. From Hegel to Nietzsche: The Revolution in Nineteenth-Century Thought. Translated by David E. Green. New York: Columbia University Press.
[തിരുത്തുക] ഹേഗലിന്റെ വികാസം
- Lukács, Georg, 1948. Der junge Hegel. Zurich and Vienna (2nd ed. Berlin, 1954). Eng. tr. Rodney Livingstone as The Young Hegel, London: Merlin Press, 1975. ISBN 0-262-12070-4
- Harris, H. S., 1972. Hegel's Development: Towards the Sunlight 1770-1801. Oxford: Clarendon Press
- Harris, H. S., 1983. Hegel's Development: Night Thoughts (Jena 1801-1806). Oxford: Clarendon Press
- Dilthey, Wilhelm, 1906. Die Jugendgeschichte Hegels (repr. in Gesammelte Schriften, 1959, vol. IV)
- Haering, Theodor L., 1929, 1938. Hegel: sein Wollen und sein Werk, 2 vols. Leipzig (repr. Aalen: Scientia Verlag, 1963)
[തിരുത്തുക] ഇംഗ്ലീഷിലുള്ള പുതിയ രചനകള്‍
- Inwood, Michael, 1983. Hegel. London: Routledge & Kegan Paul (Arguments of the Philosophers)
- Rockmore, Tom, 1986. Hegel's Circular Epistemology. Indiana University Press
- Pinkard, Terry P., 1988. Hegel's Dialectic: The Explanation of Possibility. Temple University Press
- Westphal, Kenneth, 1989. Hegel's Epistemological Realism. Kluwer Academic Publishers
- Forster, Michael N., 1989. Hegel and Skepticism. Cambridge MA: Harvard University Press. ISBN 0-674-38707-4
- Pippin, Robert B., 1989. Hegel's Idealism: the Satisfactions of Self-Consciousness. Cambridge University Press. ISBN 0-521-37923-7. Advocates a stronger continuity between Hegel and Kant.
[തിരുത്തുക] അത്മാവിന്റെ പ്രതിഭാസവിജ്ഞാനം
(See also the article The Phenomenology of Spirit.)
- Stern, Robert, 2002. Hegel and the Phenomenology of Spirit. Routledge. ISBN 0-415-21788-1. An introduction for students.
- Cohen, Joseph, 2007. Le sacrifice de Hegel. (In French language). Paris, Galilée. An extensive study of the question of sacrifice in Hegel's Phenomenology of Spirit.
- Hyppolite, Jean, 1946. Genèse et structure de la Phénoménologie de l'esprit. Paris: Aubier. Eng. tr. Samuel Cherniak and John Heckman as Genesis and Structure of Hegel's "Phenomenology of Spirit", Evanston: Northwestern University Press, 1979. ISBN 0-8101-0594-2. A classic commentary.
- Kojève, Alexandre, 1947. Introduction à la lecture de Hegel. Paris: Gallimard. Eng. tr. James H. Nichols, Jr., as Introduction to the Reading of Hegel: Lectures on the Phenomenology of Spirit, Basic Books, 1969. ISBN 0-8014-9203-3 Influential European reading of Hegel.
- Solomon, Robert C., 1983. In the Spirit of Hegel. Oxford: Oxford University Press.
- Harris, H. S., 1995. Hegel: Phenomenology and System. Indianapolis: Hackett. A distillation of the author's monumental two-volume commentary Hegel's Ladder.
- Westphal, Kenneth R., 2003. Hegel's Epistemology: A Philosophical Introduction to the Phenomenology of Spirit. Indianapolis: Hackett. ISBN 0-87220-645-9
- Russon, John, 2004. Reading Hegel's Phenomenology. Indiana University Press. ISBN 0-253-21692-3.
- Bristow, William, 2007. Hegel and the Transformation of Philosophical Critique. Oxford University Press. ISBN 0-19-929064-4
- Kalkavage, Peter, 2007. The Logic of Desire: An Introduction to Hegel's Phenomenology of Spirit. Philadelphia: Paul Dry Books. ISBN 978-1-58988-037-5. This work provides insights on Hegel's complex work as a whole as well as serving as a sure guide for every chapter and for virtually every paragraph.
- Scruton, Roger, "Understanding Hegel" in The Philosopher on Dover Beach, Manchester: Carcanet Press, 1990. ISBN 0-85635-857-6
[തിരുത്തുക] യുക്തി
(See also the article Science of Logic.)
- Hartnack, Justus, 1998. An Introduction to Hegel's Logic. Indianapolis: Hackett. ISBN 0-87220-424-3
- Schäfer, Rainer, 2001.Die Dialektik und ihre besonderen Formen in Hegels Logik. Hamburg/Meiner. ISBN 3-7873-1585-3.
- Wallace, Robert M., 2005. Hegel's Philosophy of Reality, Freedom, and God. Cambridge University Press. ISBN 0-521-84484-3. Through a detailed analysis of Hegel's Science of Logic, Wallace shows how Hegel contributes to the broadly Platonic tradition of philosophy that includes Aristotle, Plotinus, and Kant. In the course of doing this, Wallace defends Hegel against major critiques, including the one presented by Charles Taylor in his Hegel.
[തിരുത്തുക] രാഷ്ട്രമീമാംസ
- Avineri, Shlomo, 1974. Hegel's Theory of the Modern State. Cambridge University Press. Best introduction to Hegel's political philosophy.
- Ritter, Joachim, 1984. Hegel and the French Revolution. MIT Press.
- Riedel, Manfred, 1984. Between Tradition and Revolution: The Hegelian Transformation of Political Philosophy, Cambridge.
- Marcuse, Herbert, 1941. Reason and Revolution: Hegel and the Rise of Social Theory. An introduction to the philosophy of Hegel, devoted to debunking the conception that Hegel's work included in nuce the Fascist totalitarianism of National Socialism; the negation of philosophy through historical materialism.
- Rose, Gillian, 1981. Hegel Contra Sociology. Athlone Press. ISBN 0-485-12036-4.
- Scruton, Roger, "Hegel as a conservative thinker" in The Philosopher on Dover Beach, Manchester: Carcanet Press, 1990. ISBN 0-85635-857-6
[തിരുത്തുക] മതം
- Desmond, William, 2003. Hegel's God: A Counterfeit Double?. Ashgate. ISBN 0-7546-0565-5
- O'Regan, Cyril, 1994. The Heterodox Hegel. State University of New York Press, Albany. ISBN 0-7914-2006-X. The most authoritative work to date on Hegel's philosophy of religion.
- Cohen, Joseph, 2005. Le spectre juif de Hegel (in French language); Preface by Jean-Luc Nancy. Paris, Galilée.An extensive study of the Jewish question in Hegel's Early Theological Writings.
- Dickey, Laurence, 1987. Hegel: Religion, Economics, and the Politics of Spirit, 1770–1807. Cambridge University Press. ISBN 0-521-33035-1. A fascinating account of how "Hegel became Hegel", using the guiding hypothesis that Hegel "was basically a theologian manqué".
[തിരുത്തുക] വിവാദം, വിമര്‍ശനം
- Popper, Karl. The Open Society and Its Enemies, vol. 2: Hegel and Marx. An influential attack on Hegel.
- Stewart, Jon, ed., 1996. The Hegel Myths and Legends. Northwestern University Press.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- The new HegelWiki
- A superior biography of Hegel with graphics
- Hegel.net - resources available under the GNU FDL
- Hegel.net - wiki article on Hegel
- Commented link list
- Discussion, Interpretations and Questions about Hegel
- Hegel mailing lists in the internet
- Discussion of the Hegelian tradition, including the Left and Right schism
- The Hegel Society of America
- http://www.gwfhegel.org/
- Hegel page in 'The History Guide'
- Is Hegel a Christian?
- 'The Spirit of the Age: Hegel and the Fate of Thinking' double issue of the journal Cosmos and History
- Philosophy of History Introduction
- Hegel's The Philosophy of Right
- Hegel's The Philosophy of History
- Hegel by HyperText






