പോര്‍ട്ടബിള്‍ ഡോക്കുമെന്റ്‌ ഫോര്‍മാറ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(പോര്‍ട്ടബിള്‍ ഡോക്കുമെന്റ്‌ ഫോര്‍മാറ്റ്‌ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Portable Document Format (PDF)
File extension: .pdf
മൈം തരം: application/pdf
Type code: 'PDF ' (including a single space)
Uniform Type Identifier: com.adobe.pdf
Magic: %PDF
Developed by: Adobe Systems

പോര്‍ട്ടബിള്‍ ഡോക്കുമെന്റ്‌ ഫോര്‍മാറ്റ്‌ അഥവാ പി.ഡി.എഫ് (PDF) ഓണ്‍ലൈനില്‍ വിവരങ്ങള്‍ കൈമാറുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഫയല്‍ ഫോര്‍മാറ്റ്‌ ആണ്‌.

പോര്‍ട്ടബിള്‍ ഡോക്കുമെന്റ്‌ ഫോര്‍മാറ്റ്‌ അഥവാ പി.ഡി.എഫ് പേരു സൂചിപ്പിക്കുന്നതു പോലെ portable and platform independent ആണ്‌. അതായത്‌ ഒരു കമ്പ്യൂട്ടറില്‍ ഉണ്ടാക്കുന്ന പി.ഡി.എഫ്‌ ഡോക്കുമെന്റ്‌ വെറെ ഏതു തരം കമ്പ്യൂട്ടറിലും, അതു എതു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നതായാലും ഒരു പി.ഡി.എഫ്‌ ദര്‍ശിനി (PDF viewer) ഉപയോഗിച്ച്‌ ആര്‍ക്കും കാണാനും വായിക്കാനും പറ്റുന്നു. ഉദാഹരണത്തിന്‌ ആപ്പിള്‍ മാക്കിന്റോഷ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ഒരു ഡോക്കുമെന്റ്‌ പി.ഡി.എഫ്‌ ആക്കി മാറ്റി, അത്‌ ഐ.ബി.എം. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് അയച്ച്‌ കൊടുത്താല്‍ അത്‌ ഒരു പ്രയാസവും കൂടാതെ എതെങ്കിലും ഒരു പി.ഡി.എഫ്‌ ദര്‍ശിനി (ഉദാ: അഡോബ് റീഡര്‍) ഉപയോഗിച്ച്‌ വായിക്കാന്‍ വായിക്കാന്‍ പറ്റും.

ഉള്ളടക്കം

[തിരുത്തുക] എന്താണു പിഡി‌എഫ്

കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ആവിര്‍ഭാവത്തൊടെ മനുഷ്യര്‍ വിവരങ്ങള്‍ കൈമാറുന്ന രീതി മാറി. അതു വരെ പ്രിന്റ്‌ ചെയ്യുക പിന്നീട്‌ വിതരണം ചെയ്യുക എന്നതായിരുന്നു രീതി. കമ്പ്യൂട്ടറിന്റെ വരവോടെ അതു വിതരണം ചെയ്യുക പിന്നീട്‌ പ്രിന്റ്‌ ചെയ്യുക എന്നതായി. പ്രിന്ററിനും കമ്പ്യൂട്ടറിനും ഉണ്ടായ വിലക്കുറവ്‌ ഇതിന്‌ സഹായിച്ചു. ഈ മലക്കം മറിച്ചിലിന്‌ സഹായിച്ച ഒരു പ്രധാന സഹായി ആണ്‌ പി.ഡി.എഫ്.

ഏതു ലിപിയ്ക്കാവശ്യമുള്ള ഫോണ്ടുകളും പി.ഡി.എഫ് ഫയലുകള്‍ക്കകത്ത് ഉള്‍കൊള്ളിക്കുവാന്‍ കഴിയും അതിനാല്‍ വിവരങ്ങള്‍ പി.ഡി.എഫ് ആയി കൈമാറുമ്പോള്‍, ലഭിക്കുന്നയാളുടെ കൈയ്യില്‍ വിവരങ്ങള്‍ വായിക്കാനാവശ്യമായ ഫോണ്ടുകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ട കാര്യമില്ല. വേര്‍ഡ്, ഓപ്പണ്‍ ഓഫീസ് മുതലായവയില്‍ ഉപയോഗിക്കുന്ന ഫോര്‍മാറ്റുകള്‍ കമ്പ്യൂട്ടറുകള്‍ മാറുന്നതനുസരിച്ച് അവയുടെ സ്ഥാനങ്ങളില്‍ മാറ്റം ഉണ്ടാകാനിടയുണ്ട്. പി.ഡി.എഫില്‍ ഇതു സംഭവിക്കുന്നില്ല. ഓട്ടോകാഡ് മുതലായവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലാനുകള്‍ പി.ഡി.എഫിലോട്ടു മാറ്റി കൈമാറുന്നതുമൂലം പ്ലാനുകളുടെ സ്വഭാവം മാറാതെ തന്നെ ഓട്ടോകാഡില്ലാത്ത കമ്പ്യൂട്ടറുകളില്‍ വരെ ഏതെങ്കിലും പി.ഡി.എഫ് ദര്‍ശിനി ഉപയോഗിച്ചു കാണാവുന്നതാണ്.

ഇംഗ്ലീഷ്‌ പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്യുന്ന വലിയ വലിയ പ്രസിദ്ധീകരണ ശാലകള്‍ക്കും, വാര്‍ത്താപത്രികകളും മറ്റും കമ്പോസ്‌ ചെയ്യുന്ന അച്ചുകൂടങ്ങള്‍ക്കും എല്ലാം, കമ്പോസ്‌ ചെയ്ത പുസ്തകമൊ മറ്റൊ വേറെ ഒരു സ്ഥലത്തേക്കു അയക്കുന്നതും പ്രിന്റു ചെയ്യുന്നതും 1990-കളുടെ തുടക്കം വരെ വലിയ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു . അപ്പോഴാണ്‌ ഇതിനൊക്കെ ഒരു പരിഹാരം ആയി 1993-ല്‍ അഡോബ് കോര്‍പ്പറേഷന്‍ അവരുടെ കണ്ടുപിടുത്തമായ പി ഡി.എഫിനെ പുറത്തിറക്കുന്നത്.

[തിരുത്തുക] പി.ഡി.എഫിന്റെ ചരിത്രം

അഡോബ് അക്രോബാറ്റ്ന്റെ ചിഹ്നം

അഡോബി കമ്പനിയുടെ സ്ഥാപകനായ ജോണ്‍ വാര്‍നോക്കിന്റെ പേപ്പര്‍ രഹിത ഓഫീസ് എന്ന സ്വപ്ന പദ്ധതിയില്‍ ആണ്‌ പി.ഡി.എഫിനെ കുറിച്ചുള്ള ആദ്യത്തെ ചിന്തകള്‍ ഉടലെടുക്കുന്നത്‌. ഇത്‌ ആദ്യം അഡോബിയുടെ ഒരു internal project ആയി ആണ്‌ തുടങ്ങിയത്‌. ഈ പ്രൊജെക്ടിനു കാമെലോട്ട്(camelot) എന്ന കോഡ്‌ നാമം ആണ്‌ കൊടുത്തത്‌. (ഇതു കൊണ്ടാണ്‌ കുറച്ച്‌ നാള്‍ മുന്‍പ്‌ വരെ മാക് കമ്പ്യൂട്ടറില്‍ പി.ഡി.എഫിനെ കാമെലോട്ട് എന്ന്‌ വിളിച്ചിരുന്നത്‌.) കാമെലോട്ട് പ്രൊജെക്ടിനായി തയ്യാറാക്കിയ ലേഖനത്തില്‍ ജോണ്‍ വാര്‍നോക്ക്‌ ഇങ്ങനെ പറയുന്നു .

Imagine being able to send full text and graphics documents (newspapers, magazine articles, technical manuals etc.) over electronic mail distribution networks. These documents could be viewed on any machine and any selected document could be printed locally. This capability would truly change the way information is managed.

അഡോബ് ഈ പ്രൊജെക്ടിനെ കുറിച്ച്‌ ആലോചിക്കുന്ന സമയത്ത്‌ തന്നെ അവരുടെ കൈവശം രണ്ട്‌ പേരെടുത്ത സോഫ്റ്റ്‌വെയറുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ് സ്ക്രിപ്റ്റ് എന്ന device independant Page description langauage-ഉം, അഡോബ് ഇല്ലസ്‌ട്രേറ്ററും‍ ആണ്‌ അത്‌. അഡോബ് ഇല്ലസ്‌ട്രേറ്റര്‍ ഉപയോഗിച്ച്‌ ലളിതമായ പോസ്റ്റ് സ്ക്രിപ്റ്റ് ഫയലുകള്‍ തുറന്ന്‌ നോക്കാന്‍ അന്ന്‌ കഴിയുമായിരുന്നു. അഡോബിയില്‍ ഉള്ള എഞ്ചിനീയര്‍മാര്‍ ഈ രണ്ട്‌ സോഫ്റ്റ്‌വയറുകളുടേയും സാങ്കേതികവിദ്യ സംയോജിപ്പിച്ച്‌ പി.ഡി.എഫ് എന്ന പുതിയ ഫയല്‍ ഫോര്‍മാറ്റും അത്‌ തിരുത്താനും, കാണാനും ഉള്ള ചില അനുബന്ധ സോഫ്റ്റ്‌വെയറുകളും വികസിപ്പിച്ചെടുത്തു.

അങ്ങനെ 1993 ജൂണില്‍ പി.ഡി.എഫ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അക്രോബാറ്റ് എക്സ്ചേഞ്ച് 1.0 (ഇതായിരുന്നു അഡോബ് അക്രോബാറ്റിന്റെ ആദ്യത്തെ പേര്‌) എന്ന സോഫ്റ്റ്‌വെയര്‍ അഡോബ് വിപണിയില്‍ ഇറക്കി. ഈ വേര്‍ഷന്‍ കമ്പനി വിചാരിച്ചത്ര വിജയിച്ചില്ല. കാരണം അഡോബിന്റെ തന്നെ പോസ്റ്റ് സ്ക്രിപ്റ്റ് അതിലും നന്നായി ലിഖിതപ്രമാണങ്ങള്‍ കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. പി.ഡി.എഫ് 1990-കളുടെ ആദ്യം പുറത്തു വന്ന സമയത്ത്‌ അക്രോബാറ്റ് എക്സ്ചേഞ്ചും, അക്രോബാറ്റ് ഡിസ്റ്റിലറും മാത്രമായിരുന്നു പി.ഡി.എഫ് ഉണ്ടാക്കാന്‍ പറ്റുന്ന സോഫ്റ്റ്‌വെയറുകള്‍. മാത്രമല്ല അഡോബ് എക്സ്ചേഞ്ചിന് അതി ഭീമമായ 2500 ഡോളര്‍ അഡോബ് ഈടാക്കി (15 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ അത്രയും വില ഈടാക്കിയത്‌ എന്ന്‌ ഓര്‍ക്കണം. ഇന്ന്‌ അതിന്റെ വില 450ഡോളര്‍ മാത്രമാണ്‌). പി.ഡി.എഫ് ഫയല്‍ കാണാന്‍ ഉപയോഗിക്കുന്ന അക്രോബാറ്റ് റീഡര്‍-ന്‌ 50 ഡോളറും അഡോബ് ഈടാക്കി (ഇന്ന്‌ ഈ സോഫ്റ്റ്‌വെയര്‍ സൗജന്യം ആണ്‌). ഇതിനൊക്കെ പുറമേ മറ്റു സമാന ഫയല്‍ ഫോര്‍മാറ്റുകളായ കോമണ്‍ ഗ്രൌണ്ട് ഡിജിറ്റല്‍ പേപ്പര്‍ (Common ground Digital paper), എന്‍വോയി(Envoy), DjVu എന്നിവയോടൊക്കെ പി.ഡി.എഫിന്മത്സരിക്കേണ്ടി വന്നു. ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട്‌ പി.ഡി.എഫ് ആദ്യമായി പുറത്തു സമയത്ത്‌ അത്‌ അഡോബ് വിചാരിച്ചതു പോലെ വിജയിച്ചില്ല. പക്ഷെ ഈ വേര്‍ഷനില്‍ തന്നെ ഫോണ്ട് എംബഡ്ഡിങ്ങ്, ഹൈപ്പര്‍ലിങ്കുകള്‍, ബുക്‌മാര്‍ക്ക് തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു.കുറച്ച്‌ നാളുകള്‍ക്ക്‌ ശേഷം അഡോബ്, അക്രോബാറ്റ് എക്സ്ചേഞ്ചിന്റെ വില കുറയ്ക്കുകയും അക്രോബാറ്റ് റീഡര്‍ സൗജന്യമായും കൊടുക്കാന്‍ തുടങ്ങി. സാവധാനം പി.ഡി.എഫ്, കമ്പ്യൂട്ടര്‍ ലോകത്തിന്റെ ശ്രദ്ധ നേടാന്‍ തുടങ്ങി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഡോബ് പി.ഡി.എഫിന്റെ പ്രവര്‍ത്തനം കൂടുതല്‍ കൂടുതല്‍ നന്നാക്കുകയും പുതിയ വേര്‍ഷനുകള്‍ ഇറക്കുകയും ചെയ്തു. അക്രോബാറ്റ് വേര്‍ഷന്‍ 3.0-ഓടു കൂടി അന്ന്‌ ലിഖിതപ്രമാണ കൈമാറ്റം ഏറ്റവും കൂടുതല്‍ നടന്നു കൊണ്ടിരുന്ന type setting/prepress industry-യുടെ ശ്രദ്ധ നേടാന്‍ പി.ഡി.എഫിനായി. അതോടു കൂടി പി.ഡി.എഫിന്റെ പ്രചാരം കുതിച്ചുയര്‍ന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അഡോബ്, പി.ഡി.എഫിനെ സാങ്കേതികമായി കൂടുതല്‍ നന്നാക്കുകയും കൂടുതല്‍ സവിശേഷതകള്‍ കൂട്ടിചേര്‍ത്ത്‌ പുതിയ വേര്‍ഷനുകള്‍ പുറത്തിറക്കുകയും ചെയ്തു. 2006-ല്‍ പുറത്തിറക്കിയ അക്രോബാറ്റ് 8.0 ആണ്‌ ഏറ്റവും പുതിയ ലക്കം. 2006-ല്‍ അക്രോബാറ്റ് 3D എന്ന സോഫ്റ്റ്‌വെയറും പുറത്തിറക്കി.

[തിരുത്തുക] അഡോബിയുടെ തന്ത്രം

സാധാരണ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി ഒരു ഫയല്‍ ഫോര്‍മാറ്റ് കണ്ടു പിടിച്ച്‌ അത്‌ പുറത്തിറക്കുമ്പോള്‍ അതിന്റെ ഉള്ളറ രഹസ്യങ്ങള്‍ (internal specifications) രഹസ്യമാക്കിവയ്ക്കുകയാണ്‌ പതിവ്‌. എന്നാല്‍ അഡോബ് ഇക്കാര്യത്തില്‍ ധീരമായ ഒരു തീരുമാനം എടുത്തു. അവര്‍ പി.ഡി.എഫിന്റെ വിശദാംശങ്ങള്‍ എല്ലാം പുറത്തു വിട്ടു. മാത്രമല്ല ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ളില്‍ നിന്ന്‌ ആര്‍ക്കും പി.ഡി.എഫ് ഫയലുകള്‍ കാണാനും, നിര്‍മ്മിക്കാനും, മാറ്റങ്ങള്‍ വരുത്തുവാനും കഴിയുന്ന സോഫ്റ്റ്‌വെയറുകള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കി. അതോടു കൂടി പി.ഡി.എഫിന്റെ ജനപ്രീതി പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. അഡോബിന്റെ ഈ ഒറ്റ തീരുമാനം മൂലമാണ്‌ ഇന്ന്‌ അഡോബിന്റെ പി.ഡി.എഫ് സോഫ്റ്റ്‌വേയറുകള്‍]] ആയ അഡോബ് അക്രോബാറ്റ്-ഓ, അക്രോബാറ്റ് ഡിസ്റ്റിലറോ ഒന്നും ഇല്ലെങ്കിലും നിങ്ങള്‍ക്ക്‌ പി.ഡി.എഫ് ഫയലുകള്‍ ഉണ്ടാക്കാന്‍ പറ്റുന്നത്‌. ഈ തീരുമാനത്തോടു കൂടി വളരെയധികം സൊഫ്റ്റ്‌വെയര്‍ കമ്പനികള്‍ അവരുടേതായ പി.ഡി.എഫ് സോഫ്റ്റ്‌വെയറുകള്‍ പുറത്തു വിട്ടു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംഘടനയും അവരുടേതായ സൗജന്യ പി.ഡി.എഫ് സൊഫ്റ്റ്‌വെയറുകള്‍ പുറത്തു വിട്ടു. അതോടുകൂടി സൗജന്യമായി ചെലവില്ലാതെ പി.ഡി.എഫ് ഫയലുകള്‍ ഉണ്ടാക്കാം എന്നായി. ഇന്ന് നൂറ്‌ കണക്കിന്‌ സൗജന്യ പി.ഡി.എഫ് സോഫ്റ്റ്‌വയറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കിലും ഗുണനിലവാരമുള്ള പി.ഡി.എഫ് ഉണ്ടാക്കണമെങ്കില്‍ അഡോബ് അക്രോബാറ്റ് തന്നെ വേണം. ഇന്നും പി.ഡി.എഫ് ഫയലിന്റെ സവിശേഷതകള്‍ തീരുമാനിക്കുന്നത്‌ അഡോബ് ആണ്‌. അഡോബിന്റെ ഈ തന്ത്രം പി.ഡി.എഫിനെ മറ്റു ഫയല്‍ ഫോര്‍മാറ്റുകളില്‍ നിന്ന്‌ ബഹുദൂരം മുന്നിലെത്തിച്ചു.

[തിരുത്തുക] എന്തുകൊണ്ട്‌ ഇത്രയധികം പി.ഡി.എഫ്

മറ്റുള്ള ഏതു ഫയല്‍ഫോര്‍മാറ്റില്‍ നിന്നും സൃഷ്ടിക്കാന്‍ പറ്റുന്ന ഒരു പൊതു ഫയല്‍ ഫോര്‍മാറ്റ് ആണ്‌ പി.ഡി.എഫ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ അച്ചടിക്കാന്‍ പറ്റുന്ന ഏതു ഫയലും പി.ഡി.എഫ് ആക്കി മാറ്റാം. പക്ഷേ interactive പി.ഡി.എഫ് വേണമെങ്കില്‍ പ്രത്യേക പ്രോഗ്രാമുകള്‍ വേണം.മുകളില്‍ പറഞ്ഞത്‌ കുറച്ചുകൂടി വിശദീകരിച്ച്‌ പറഞ്ഞാല്‍ നിങ്ങള്‍ ജോലി ചെയ്യുന്ന സോഫ്റ്റ്വെയര്‍, മൈക്രോസോഫ്റ്റ് വേര്‍ഡ്, ഓപ്പണ്‍ ഓഫീസ് വേര്‍ഡ്, അഡോബ് പേജ്‌മേക്കര്‍, ഫ്രെയിംമേക്കര്‍, ഇന്‍ഡിസൈന്‍ , കോറല്‍ ഡ്രോ, ക്വാര്‍ക്ക് എക്സ്പ്രെസ്സ്, അഡ്‌‌വെന്റ് 3B2, ലാറ്റെക്, ഓട്ടോകാഡ് തുടങ്ങി എന്തുമാകട്ടെ final output പി.ഡി.എഫ് ആയിരിക്കും. അതായത്‌ പി.ഡി.എഫ് ആക്കി മാറ്റിയതിന്‌ ശേഷമാണ്‌ ഇത്തരം പ്രമാണങ്ങള്‍ വിവരകൈമാറ്റം ചെയ്യുന്നത്‌. ഈ ഒറ്റ കാരണം കൊണ്ടാണ്‌ നിങ്ങള്‍ക്ക്‌ ഇത്രയധികം പി.ഡി.എഫിനെ അഭിമുഖീകരിക്കേണ്ടി വരുന്നത്‌.

പി.ഡി.എഫുമായി ബന്ധപ്പെട്ട എല്ലാ ജോലിക്കും ഉപയോഗിക്കുന്ന അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍ ഒരു പ്രത്യേക തരത്തിലുള്ള authoring application ആണ്‌. സാധാരണ ഉപയോഗിക്കുന്ന രചനാ സോഫ്റ്റ്വേയറുകളായ മൈക്രോസോഫ്റ്റ് വേര്‍ഡ്, ഓപ്പണ്‍ ഓഫീസ് വേര്‍ഡ്, അഡോബ് പേജ്‌മേക്കര്‍, ഫ്രെയിംമേക്കര്‍, ഇന്‍ഡിസൈന്‍ , കോറല്‍ ഡ്രോ, ക്വാര്‍ക്ക് എക്സ്പ്രെസ്സ്, അഡ്‌‌വെന്റ് 3B2, ലാറ്റെക്സ്, ഓട്ടോകാഡ് എന്നിവയില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്ന ചില പ്രത്യേകതകള്‍ അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍-നുണ്ട്‌. മുകളില്‍ പറഞ്ഞ എല്ലാ authoring application-നിലും ഒന്നുമില്ലായ്മയില്‍ നിന്ന്‌ ആരംഭിച്ച്‌ പടി പടി ആയി ഒരു പ്രമാണം ഉണ്ടാക്കുക ആണല്ലോ നമ്മള്‍ ചെയ്യുന്നത്‌. എന്നാല്‍ പി.ഡി.എഫിന്റെ രീതി വ്യത്യസ്തമാണ്‌. മറ്റ്‌ authoring application-ല്‍ പണി പൂര്‍ത്തിയായതിനു ശേഷം മാത്രം പി.ഡി.എഫ് ആക്കി മാറ്റുക എന്നതാണ്‌ പി.ഡി.എഫിന്റെ പ്രവര്‍ത്തന രീതി.(മൈക്രോസൊഫ്റ്റ് വേര്‍ഡില്‍ ഒക്കെ ചെയ്യുന്നത്‌ പോലെ ഒരു പുതിയ പേജ്‌ തുറന്ന്‌ ടൈപ്പ്‌ ചെയ്ത്‌ അല്ല പി.ഡി.എഫ് ഫയല്‍ ഉണ്ടാക്കുന്നത്‌. ഇതിന്റെ കാരണം പി.ഡി.എഫ്, ലിഖിതപ്രമാണ കൈമാറ്റത്തിനുള്ള ഒരു രചനാ സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ടാണ്).

പി.ഡി.എഫ് ഫയലില്‍ ചില അവസാന നിമിഷ മിനുക്ക്‌ പണികളും Authoring Application-കളില്‍ ചെയ്യാന്‍ പറ്റാത്ത ചില പരിപാടികളും മാത്രമേ സാധാരണ ഗതിയില്‍ ചെയ്യാവൂ. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ എപ്പോഴും source ഫയലിലേക്ക് തിരിച്ച്‌ പോയി മാറ്റം വരുത്തിയ ശേഷം പുതിയ പി.ഡി.എഫ് ഉണ്ടാക്കുന്നതാണ്‌ നല്ലത്‌. ഇനി source file കിട്ടാനില്ലെങ്കില്‍ അക്രോബാറ്റ് പ്രൊഫഷണല്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ ചില മാറ്റങ്ങള്‍ വരുത്താനാവും. പക്ഷെ അതിനു നിങ്ങള്‍ക്ക്‌ അക്രോബാറ്റ് പ്രൊഫഷണല്‍-ലും അക്രോബാറ്റ് പ്ലഗ്ഗിനുകളിലും സാമാന്യം നല്ല ജ്ഞാനം ആവശ്യമാണ്‌.

കുറിപ്പ് : ഒരു ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിനു ചെയ്യാന്‍ പറ്റാത്ത പണികള്‍ അതിനേയും കൊണ്ട്‌ ചെയ്യിക്കാന്‍ മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ തയ്യാറാക്കുന്ന എന്നാല്‍ പ്രധാന ആപ്ലിക്കേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കന്‍ സാധിക്കുന്ന ചെറിയ പ്രോഗ്രാമുകള്‍ ആണ്‌ പ്ലഗ്ഗിന്‍ എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.

[തിരുത്തുക] പി ഡി എഫ് സോഫ്റ്റ്‌വെയറുകള്‍

[തിരുത്തുക] പി ഡി എഫ് ദര്‍ശിനികള്‍

ഉപയോഗം: പി.ഡി.എഫ് ഫയല്‍ വായിക്കുകയും, പ്രിന്റ്‌ ചെയ്യുകയും തിരയുകയും മാത്രം ചെയ്യാന്‍

 • അഡോബ് റീഡര്‍

അഡോബ്-ന്റെ സൈറ്റില്‍ നിന്ന്‌ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ഒരു സൗജന്യ സോഫ്റ്റ്‌വെയര്‍ ആണ്‌ അഡോബ് റീഡര്‍. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ ഒരു പി.ഡി.എഫ് ഫയല്‍ വായിക്കാനും, പ്രിന്റ്‌ ചെയ്യാനും, തിരയാനും സാധിക്കും. ഒരു പക്ഷേ ഇന്ന്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും ഇതാകാം. അഡോബ്-ന്റെ സൈറ്റില്‍ ഉള്ള കണക്ക്‌ പ്രകാരം ഈ സോഫ്റ്റ്‌വെയര്‍ സൗജന്യമായി കൊടുക്കാന്‍ ആരംഭിച്ച നാള്‍ മുതല്‍ ഇന്നേ വരെ ഏതാണ്ട്‌ 50 കോടി തവണ ഡൌണ്‍ലോഡ്ചെയ്യപ്പെട്ടിട്ടുണ്ട്‌.

 • Third party സോഫ്റ്റ്‌വെയറുകള്‍

സൗജന്യ പി.ഡി.എഫ് ദര്‍ശിനി സോഫ്റ്റ്‌വെയറുകള്‍ ഒട്ടനവധിയുണ്ട് (ഉദാ:ഫോക്സിറ്റ് റീഡര്‍, സുമാത്ര പി.ഡി.എഫ് ദര്‍ശിനി മുതലായവ).

[തിരുത്തുക] പി.ഡി.എഫ് നിര്‍മ്മാണ സോഫ്റ്റ്വെയറുകള്‍

ഉപയോഗം: പി ഡി എഫ് ഫയല്‍ നിര്‍മ്മിക്കാന്‍ '

 • അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍

ഇതാണ്‌ പി.ഡി.എഫ് ഫയല്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയര്‍. ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പലതരത്തിലുള്ള പ്രോഗ്രാമുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ വരും. അവ ഒരോന്നായി ഉപയോഗിച്ച്‌ പലതരത്തില്‍ പി.ഡി.എഫ് ഉണ്ടാക്കാം.

  • അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍

അഡോബ് അക്രോബാറ്റ് തുറന്ന്‌ ഫയല്‍> ക്രിയേറ്റ് പി.ഡി.എഫ് എന്ന മെനു ഞെക്കിയാല്‍ ഏത്‌ ഫയല്‍ ആണ്‌ പി.ഡി.എഫ് ആക്കി മാറ്റേണ്ടേത്‌ എന്ന ചോദ്യത്തോടെ ഒരു ജനാല തുറന്ന്‌ വരും. പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയല്‍ തിരഞ്ഞെടുത്ത്‌ കൊടുത്താല്‍ ആ ഫയല്‍ പി.ഡി.എഫ് ആയി മാറുന്നു.

  • അഡോബ് പി.ഡി.എഫ് പ്രിന്റര്‍ ഡ്രൈവര്‍

അക്രോബാറ്റ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ പ്രിന്ററുകള്‍ ഇരിക്കുന്ന സ്ഥലത്ത്‌ അഡോബ് പി.ഡി.എഫ് എന്ന പേരില്‍ ഒരു പുതിയ പ്രിന്റര്‍ വരും. ഇനി നിങ്ങള്‍ക്ക്‌ പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയല്‍ തുറന്ന്‌ പ്രിന്റ്‌ കൊടുക്കാന്‍ നേരം പ്രിന്റര്‍ ആയി അഡോബ് പി.ഡി.എഫ് തിരഞ്ഞെടുത്താല്‍ ആ ഫയല്‍ പി.ഡി.എഫ് ആയി മാറുന്നു.

  • അഡോബ് പി.ഡി.എഫ് മേക്കര്‍

അക്രോബാറ്റ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത്‌ കമ്പ്യൂട്ടറില്‍ ഉള്ള വിവിധ അപ്ലിക്കേഷനുകളില്‍ (ഉദാ: മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്സല്‍, പവര്‍പോയിന്റ്, ഔട്ട്‌ലുക്ക്, ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍, ഓട്ടോകാഡ്), ആ ഉണ്ടാക്കുന്ന ഫയലുകള്‍, പി.ഡി.എഫ് ആക്കിമാറ്റാനുള്ള മാക്രോകള്‍ ഇടുന്നു. ആ അപ്ലിക്കേഷനില്‍ (ഉദാ: മൈക്രോസോഫ്റ്റ് വേര്‍ഡ്) നിന്ന്‌ പി.ഡി.എഫ് ഫയല്‍ ഉണ്ടാക്കുമ്പോള്‍ ഈ പി.ഡി.എഫ് മേക്കര്‍ ഉപയോഗിച്ചാല്‍ അത്‌ ഏറ്റവും നന്നായിരിക്കും.

  • അക്രോബാറ്റ് ഡിസ്റ്റിലര്‍

അക്രോബാറ്റ്ന്റെ ഒപ്പം ഇന്‍സ്റ്റാള്‍ ആകുന്ന വേറെ ഒരു പ്രോഗ്രാം ആണിത്‌. .ps, .prn മുതലായ extension ഉള്ള ഫയലുകളെ പി.ഡി.എഫ് ആക്കി മാറ്റാനാണ്‌ ഇതു ഉപയോഗിക്കുന്നത്‌.

 • Third party സൊഫ്റ്റ്‌വെയറുകള്‍

ഇത്‌ സൗജന്യമായും വിലയ്കും ലഭ്യമാണ്‌. സൗജന്യമായും വിലയ്കും ലഭ്യമാകുന്ന ചില സോഫ്റ്റ്‌വെയറുകളുടെ വിവരങ്ങള്‍

  • വണ്ടര്‍സോഫ്റ്റ് വിര്‍ച്വല്‍ പി.ഡി.എഫ് പ്രിന്റര്‍ [1]
  • പി.എസ് റ്റു പി.ഡി.എഫ് ,അതായത് പോസ്റ്റ്സ്ക്രിപ്റ്റ് -റ്റു-പി.ഡി.എഫ് കണ്‍വേര്‍ട്ടര്‍ [2]
  • സോളിഡ് കണ്‍വേര്‍ട്ടര്‍ പി.ഡി.എഫ് [3]
  • പ്രൈമോ പി.ഡി.എഫ് [4]

ഇതു പോലെ പി.ഡി.എഫ് ഉണ്ടാക്കുന്ന നൂറുകണക്കിന്‌ അഡോബ് ഇതര പി.ഡി.എഫ് സോഫ്റ്റ്‌വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്‌.

കുറിപ്പ്: ഇതു കൂടാതെ ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ പോലുള്ള ചില authoring application-കളില്‍ source ഫയല്‍ നേരിട്ട്‌ പി.ഡി.എഫ് ആയി സേവ്‌ ചെയ്യാനുള്ള സൗകര്യം ഉണ്ട്‌. മൈക്രോസോഫ്റ്റ് അവരുടെ മൈക്രോസോഫ്റ്റ് ഓഫീസില്‍ (വേര്‍ഷന്‍ 12-ല്‍) ഈ സൗകര്യം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അഡോബ് മൈക്രൊസോഫ്റ്റിന്‌ എതിരെ കേസു കൊടുത്തിരുന്നു..

[തിരുത്തുക] പി.ഡി.എഫ് Editors

ഉപയോഗം: നിങ്ങള്‍ക്ക്‌ പി.ഡി.എഫ് ഫയല്‍ തിരുത്തുവാന്‍

പി.ഡി.എഫ് ഫയലില്‍ ചില അവസാന നിമിഷ മിനുക്ക്‌ പണികള്‍ മാത്രമേ സാധാരണ ഗതിയില്‍ ചെയ്യാറുള്ളു. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ എപ്പോഴും സ്രോതസ്സ്‌ ഫയലിലേക്ക്‌ (source file)തിരിച്ച്‌ പോയി മാറ്റം വരുത്തി പുതിയ പി.ഡി.എഫ് ഉണ്ടാക്കുന്നതാണ്‌ പതിവ്. ഇനി സ്രോതസ്സ്‌ ഫയല്‍ കിട്ടാനുമില്ല പി.ഡി.എഫ് ഫയലില്‍ ഏന്തെങ്കിലും മാറ്റം വരുത്തണം വേണമെങ്കില്‍ പി.ഡി.എഫ് editing സോഫ്റ്റ്‌വെയറുകള്‍ വേണം. അത്‌ എതൊക്കെ ആണെന്ന്‌ പരിചയപ്പെടുത്താം.

 • അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍

മുന്‍പ്‌ അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍ ഉപയോഗിച്ച്‌ പി.ഡി.എഫ് ഫയലുകള്‍ ഉണ്ടാക്കാം എന്നു നിങ്ങള്‍ മനസ്സിലാക്കി. ഇതേ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌` നിങ്ങള്‍ക്ക്‌ പി.ഡി.എഫ് ഫയല്‍ എഡിറ്റ്‌ ചെയ്യുകയും ചെയ്യാം. ചെറിയ അക്ഷരത്തിരുത്തലുകള്‍ക്ക് പുറമേ അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ പി.ഡി.എഫ് ഫയലില്‍ ചെയ്യാവുന്ന ചില പരിപാടികള്‍ താഴെ പറയുന്നവ ആണ്‌.

  • പേജ്‌ കൂട്ടിചേര്‍ക്കുക, കളയുക, തിരിക്കുക (add, delete and rotate pages).
  • ഹെഡ്ഡറും ഫുട്ടറും ചേര്‍ക്കുക
  • വേറെ എതെങ്കിലും ഒരു ഫയല്‍ കൂട്ടിച്ചേര്‍ക്കുക
  • അക്ഷരങ്ങളിലും ചിത്രങ്ങളിലും ഹൈപ്പര്‍ലിങ്ക് കൊടുക്കുക
  • Security settings enable ചെയ്യുക
  • പി.ഡി.എഫ് ഫോമുകള്‍ ഉണ്ടാക്കുക
  • പി.ഡി.എഫ് ഫയലില്‍ comment ചെയ്യുക.

ഈ പട്ടിക അപൂര്‍ണമാണ്‌. അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍ ഉപയോഗിച്ച്‌ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ചിലത്‌ മാത്രമാണ്‌ ഇത്‌. ഇതു കൊണ്ട്‌ വേറെയും ധാരാളം പണികള്‍ ചെയ്യാം.

 • അഡോബ് അക്രോബാറ്റ് പ്ലഗ്ഗിനുകള്‍

അഡോബ് അക്രോബാറ്റ്ന്‌ ചെയ്യാന്‍ സാധിക്കാത്ത ചില പണികള്‍ ചെയ്യാന്‍ വേണ്ടി Third Party സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ തയ്യാറാക്കുന്ന ചെറിയ പ്രോഗ്രാമുകള്‍ ആണിത്‌. ഇവ ഉപയോഗിക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ ആദ്യം അഡോബ് അക്രോബാറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഉദാഹരണങ്ങള്‍ വഴി അക്രോബാറ്റ് പ്ലഗ്ഗിന്റെ ഉപയോഗങ്ങള്‍ എളുപ്പത്തില്‍ വിശദീകരിക്കാം.

  • നൂറു കണക്കിന്‌ പി.ഡി.എഫ് ഫയലുകള്‍ കൂട്ടിചേര്‍ത്ത്‌ നിങ്ങള്‍ക്ക്‌ ഒറ്റ പി.ഡി.എഫ് ഫയല്‍ ഉണ്ടാക്കണം. ഇതു അഡോബ് അക്രോബാറ്റ് ഉപയോഗിച്ച്‌ ചെയ്താല്‍ വളരെ സമയം എടുക്കും. അതിനു പകരം ആര്‍ട്ട്സ് സ്‌പ്ലിറ്റ് ആന്‍ഡ് മെര്‍ജ് എന്ന ഒരു പ്ലഗ്ഗിന്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ ഫയലുകള്‍ എല്ലാം തരം തിരിച്ച്‌ മിനുട്ടുകള്‍ക്കുള്ളില്‍ ഒറ്റ പി.ഡി.എഫ് ഫയല്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു.
  • അത്‌ പോലെ പി.ഡി.എഫ് ഫയലില്‍ ഉള്ള ചില വസ്തുക്കള്‍ അങ്ങോട്ടോ ഇങ്ങോട്ടോ നീക്കണം, ഒരു പുതിയ ശൂന്യമായ പി.ഡി.എഫ് താള്‍ ഉണ്ടാക്കണം, എല്ലാ പേജിനേയും ബാധിക്കുന്ന ചില മാറ്റങ്ങള്‍ വരുത്തണം , പി.ഡി.എഫ്ല്‍ ഉള്ള ചിത്രങ്ങളുടെ നിലവാരം പരിശോധിക്കണം, പി.ഡി.എഫ് ഫയലുകളുടെ മൊത്തം നിലവാരം പരിശോധിക്കുന്ന പ്രീഫ്ലൈറ്റിംഗ് എന്ന പരിപാടി ചെയ്യണം . നമ്മളെ അതിനു സഹായിക്കുന്ന ഒരു അക്രോബാറ്റ് പ്ലഗ്ഗിന്‍ ആണ്‌ എന്‍ഫോക്കസ് പിറ്റ് സ്റ്റോപ്പ് പ്രൊഫഷണല്‍.

ഇങ്ങനെ പല തരത്തില്‍ അക്രോബാറ്റ്-ന്‌ പി.ഡി.എഫ് ഫയലില്‍ ചെയ്യാന്‍ പറ്റാത്ത പണികള്‍ അതിനേയും കൊണ്ട്‌ ചെയ്യിക്കുന്ന നിരവധി പ്ലഗ്ഗിനുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഒരു പ്രശ്നം ഉള്ളത്‌ ഈ പ്ലഗ്ഗിനുകള്‍ മിക്കവാറും എണ്ണത്തിന്റേയും വില അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍-നേക്കാളും അധികമാണ്‌ എന്നുള്ളതാണ്‌. അത്‌ കൊണ്ട്‌ ഇത്തരം പ്ലഗ്ഗിനുകള്‍ കൂടുതലും ഉപയോഗിക്കുന്നത്‌ വലിയ പ്രിന്റിംഗ്‌ ശാലകളും, Typesetting/prepress വ്യവസായവും ആണ്‌.

 • Third party Stand Alone PDF Editing Softwares

അഡോബ് അക്രോബാറ്റ്-ന്റെ സഹായമില്ലാതെ തന്നെ പി.ഡി.എഫ് ഫയലുകള്‍ തിരുത്തുവാന്‍ നമ്മെ സഹായിക്കുന്ന third party സോഫ്റ്റ്വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

  • നൈട്രോ പി.ഡി.എഫ് പ്രൊഫഷണല്‍ [5]
  • ആക്റ്റീവ് പി.ഡി.എഫ് [6]
  • ജോസ് പി.ഡി.എഫ് [7]

കുറിപ്പ്‌: ഇതില്‍ നിന്ന്‌ PDF-ല്‍ ജോലി ചെയ്യണം എങ്കില്‍ മുകളില്‍ പറഞ്ഞ എല്ലാ സോഫ്റ്റ്‌വെയറും വേണം എന്ന്‌ അര്‍ത്ഥമില്ല. ഒരു പി.ഡി.എഫ് editing സോഫ്റ്റ്‌വെയര്‍ (ഉദാ:അഡോബ് അക്രോബാറ്റ് പ്രൊഫഷണല്‍ / നൈട്രോ പി.ഡി.എഫ് പ്രൊഫഷണല്‍) ഈ എല്ലാ പണികളും അത്‌ ഉപയോഗിച്ച്‌ ചെയ്യാം. കാരണം അത്‌ കൊണ്ട്‌ പി.ഡി.എഫ് ഫയല്‍ കാണുകയും, പി.ഡി.എഫ് ഫയല്‍ ഉണ്ടാക്കുകയും ചെയ്യാം.

[തിരുത്തുക] എത്ര തരം പി.ഡി.എഫ് ഉണ്ട്‌

വിശാലമായ അര്‍ത്ഥത്തില്‍ പി.ഡി.എഫ്-നെ രണ്ടായി തരം തിരിക്കാം.

 1. അന്വേഷണ യോഗ്യ പി.ഡി.എഫ്.
 2. ചിത്ര പി.ഡി.എഫ്

അന്വേഷണ യോഗ്യ പി.ഡി.എഫ്.(Searchable PDF):കഴിഞ്ഞ ഭാഗത്ത്‌ വിവരിച്ച authoring application-കളില്‍ (മൈക്രോസോഫ്റ്റ് വേര്‍ഡ്, ഓപ്പണ്‍ ഓഫീസ് വേര്‍ഡ്, അഡോബ് പേജ്‌മേക്കര്‍, ഫ്രെയിംമേക്കര്‍, ഇന്‍ഡിസൈന്‍ , കോറല്‍ ഡ്രോ, ക്വാര്‍ക്ക് എക്സ്പ്രെസ്സ്, അഡ്വെന്റ് 3ബി2, ലാറ്റെക്സ്, ഓട്ടോകാഡ്) നിന്ന്‌ ഉണ്ടാക്കുന്ന പി.ഡി.എഫ് ഫയലുകളെ ആണ്‌ അന്വേഷണയോഗ്യമായ പി.ഡി.എഫ് എന്ന്‌ വിളിക്കുന്നത്‌. പേരു സൂചിപ്പിക്കുന്നത്‌ പോലെ ഇങ്ങനത്തെ പി.ഡി.എഫ് ഫയലുകളില്‍ തിരയാനുള്ള സൗകര്യം ഉണ്ട്‌. സാധാരണ അഭിമുഖീകരിക്കുന്ന പി.ഡി.എഫ് ഫയലുകള്‍ കൂടുതലും ഈ വിഭാഗത്തില്‍ പെട്ടതാണ്‌.

ചിത്രങ്ങള്‍ മാത്രമുള്ള പി.ഡി.എഫ് .സ്കാനര്‍ ഉപയോഗിച്ച്‌ സ്കാന്‍ ചെയ്ത്‌ ഉണ്ടാക്കുന്ന പി.ഡി.എഫ് ആണ്‌ ഇത്‌. ഇങ്ങനത്തെ പി.ഡി.എഫ് ഫയലില്‍ അക്ഷരങ്ങളും graphics-ഉം എല്ലാം ഒരു ചിത്രം ആയി ആണ്‌ ശേഖരിക്കപ്പെടുന്നത്‌. അതിനാല്‍ ഇങ്ങനത്തെ പി.ഡി.എഫ് ഫയലില്‍ തിരയാന്‍ പറ്റില്ല.

കുറിപ്പ്‌: ഇതു വളരെ കൃത്യമായ ഒരു തരം തിരവ്‌ അല്ല. അന്വേഷണ യോഗ്യ പിഡിഎഫിനെ പിന്നേയും തരം തിരിച്ച്‌ unstructered പി.ഡി.എഫ്, സ്ട്രക്ചേര്‍ഡ് പി.ഡി.എഫ്, റ്റാഗ്ഡ് പി.ഡി.എഫ് എന്നൊക്കെ ആക്കാം.

[തിരുത്തുക] പി.ഡി.എഫിന്റെ ഗുണങ്ങള്‍

 • സ്രോതസ്സ് പ്രമാണത്തിന്റെ രൂപവും ഭാവവും അതേ പോലെ സൂക്ഷിക്കുന്നു.
 • ഏതു platform-ല്‍ ജോലി ചെയ്യുന്നവരും ആയി വിവരകൈമാറ്റം നടത്താം.
 • സുരക്ഷാക്രമീകരണങ്ങളും രഹസ്യവാക്കും ഉപയോഗിച്ച്‌ പി.ഡി.എഫ് ഫയല്‍ അതു വായിക്കേണ്ട ആള്‍ മാത്രമേ വായിക്കൂ എന്ന്‌ ഉറപ്പിക്കാം.
 • വിവരങ്ങള്‍ തിരയാന്‍ എളുപ്പം ആണ്‌.
 • ഫോണ്ടുകള്‍ പി.ഡി.എഫ് ഫയല്‍-ല്‍ തന്നെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യം ഉള്ളത്‌ കൊണ്ട്‌ നമ്മള്‍ ഉപയോഗിക്കുന്ന ഫോണ്ട് വേറൊരാള്‍ക്ക്‌ ഉണ്ടോ എന്നതിനെ പറ്റി വേവലാതിപെടേണ്ട.
 • പി.ഡി.എഫ് ഫയല്‍ കംപ്രസ്സ് ചെയ്യപ്പെടുന്നതിനാല്‍ സ്രോതസ്സ് പ്രമാണത്തേക്കാള്‍ വലിപ്പം വളരെ കുറവായിരിക്കും.
 • അഡോബ് പി.ഡി.എഫ്ന്റെ വിശദാംശങ്ങള്‍ പുറത്ത്‌ വിട്ടത്‌ കാരണം ഇതില്‍ വളരെയധികം ഗവേഷണം നടന്നിട്ടുണ്ട്‌. Open source community-ഉം മറ്റ്‌ പ്രോഗ്രാമര്‍മാരും ഈ ഫയല്‍ ഫോര്‍മാറ്റിന്റെ വളര്‍ച്ചക്ക്‌ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്‌.

[തിരുത്തുക] പി.ഡി.എഫിന്റെ ദോഷങ്ങള്‍

 • ഒരു പി.ഡി.എഫ് പ്രമാണം മറ്റെന്തെങ്കിലും ഒരു ഫോര്‍മാറ്റിലേക്കു മാറ്റണമെങ്കില്‍ എല്ലാ ഫോറ്മാറ്റിംഗുകളും ആദ്യം മുതല്‍ ചെയ്യേണ്ടി വരുന്നു.
 • ഒരു സങ്കീര്‍ണ്ണമായ പി.ഡി എഫ് നിര്‍മ്മിക്കണമെങ്കില്‍ വളരെയധികം സോഫ്റ്റ്‌വെയറുകളും, പ്ലഗ്ഗിനുകളുമെല്ലാം പഠിക്കേണ്ടി വരുന്നു.
 • പി.ഡി.എഫ് ഇപ്പോഴും അഡോബി കമ്പനിയുടെ സ്വത്ത് ആണ്‌. അതിനാല്‍ അഡോബ് നിര്‍വചിച്ചിരിക്കുന്ന രൂപരേഖകള്‍ക്കുള്ളില്‍ നിന്നുള്ള വളര്‍ച്ച മാത്രമേ പി.ഡി.എഫ് ന്‌ ഉണ്ടാകൂ.

[തിരുത്തുക] പി.ഡി.എഫ് ന്റെ ഭാവി

വിവരകൈമാറ്റത്തിനു വേണ്ടി മാത്രമുള്ള ഒരു മാധ്യമം എന്ന നിലയില്‍ നിന്ന്‌ പി.ഡി.എഫ് വളരെയേറെ മുന്നോട്ട്‌ പോയിരിക്കുന്നു. ഇന്ന്‌ ആധുനിക സാങ്കേതികകള്‍ ആയ മള്‍ട്ടി മീഡിയ, ജാവാസ്ക്രിപ്റ്റ്, എക്സ്.എം.എല്‍., ഫോംസ് പ്രോസസിങ്ങ്, കംപ്രഷന്‍, കസ്റ്റം എന്‍ക്രിപ്‌ഷന്‍ ഇതെല്ലാം പി.ഡി.എഫ് പിന്തുണക്കുന്നു. ഇതെല്ലാം കൂടി പി.ഡി.എഫിനെ ഒരു ശക്തമായ, interactive and intelligent ഫയല്‍ ഫോര്‍മാറ്റ് ആക്കി മാറ്റിയിരിക്കുന്നു.

അഡോബി ഈ അടുത്ത്‌ മാക്രോമീഡിയ എന്ന കമ്പനിയെ ഏറ്റെടുത്തു. അതിന്റെ വ്യത്യാസം അഡോബ്ന്റെ സോഫ്റ്റ്‌വെയറുകളില്‍ വന്ന്‌ തുടങ്ങി. അഡോബ് അക്രോബാറ്റ്ന്റെ ഒരു പുതിയ വേര്‍ഷന്‍ അക്രോബാറ്റ് 3D എന്ന പേരില്‍ അഡോബ് പുറത്തിറക്കി. ഇത്‌ ഉപയോഗിച്ച്‌ നമ്മള്‍ ഓട്ടോകാഡ്, ഇന്‍ഡിസൈന്‍ മുതലായ ആപ്ലിക്കേഷനുകളില്‍ ഉള്ള 3D effect ആ ഫയല്‍ പി.ഡി.എഫ് ആക്കിമാറ്റുമ്പോഴും ലഭിക്കുന്നു. ഈ പുതിയ സോഫ്റ്റ്‌വെയര്‍ ഏറ്റവും കൂടുതല്‍ സഹായം ആകുന്നത്‌ 3D ആനിമേഷന്‍ രംഗത്തും ഓട്ടോകാഡ് ഉപയോഗിച്ച്‌ 3D images സൃഷ്ടിക്കുന്നവര്‍ക്കുന്നവര്‍ക്കും മറ്റും ആണ്‌ .

വിവരകൈമാറ്റത്തിനുള്ള ഫയല്‍ ഫോര്‍മാറ്റ് എന്ന നിലയില്‍ പിഡി.എഫ് ഇന്നു അടക്കിവാഴുന്നു. എങ്കിലും ഓപ്പണ്‍ എക്സ്.എം.എല്‍ ഫയല്‍, മെട്രോ തുടങ്ങിയ പുതിയ ഫയല്‍ ഫോര്‍മാറ്റുകള്‍അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ എക്സ്.പി.എസ് (എക്സ്.എം.എല്‍ പേപ്പര്‍ സ്പെസിഫിക്കേഷന്‍ എന്നു പൂര്‍ണ്ണരൂപം) അഥവാ മെട്രോ എന്ന എന്നപേരില്‍ അറിയപ്പെടുന്ന മൈക്രോസോഫ്റ്റിന്റെ ഒരു പുതിയ ഫയല്‍ ഫോര്‍മാറ്റ് ആണ്‌. പി.ഡി.എഫ്ന്‌ , മൈക്രോസോഫ്റ്റിന്റെ മറുപടി എന്ന നിലയില്‍ അല്ല മൈക്രോസോഫ്റ്റ് ഈ പുതിയ ഫയല്‍ ഫോര്‍മാറ്റ് വികസിപ്പിച്ചു കൊണ്ടുവരുന്നതെങ്കിലും ഇതു ഭാവിയില്‍ പി.ഡി.എഫിന് ശക്തനായ ഒരു എതിരാളി ആയി മാറാനാണ്‌ സാധ്യത.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍