സിഗിരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിഗരിയ*
യുനെസ്കോ ലോക പൈതൃക സ്മാരകം

Sigiriya Rock from the main public entrance
രാജ്യം കക്ഷി Flag of Sri Lanka.svg ശ്രീലങ്ക
തരം സാംസ്കാരികം
മാനദണ്ഡം ii, iii, iv
അവലംബം 202
മേഖല ഏഷ്യാ-പസഫിക്
Inscription History
Inscription 1982  (6th Session)
* Name as inscribed on World Heritage List.
Region as classified by UNESCO.


ശ്രീലങ്കയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ സിഗരിയ. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഇത് 400‌-ഓളം മീറ്റര്‍ ഉയരമുള്ള ഒരു കൂറ്റന്‍ പാറക്കു മുകളില്‍ നാലേക്കറോളം വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന രാജകൊട്ടരത്തിന്റേയും ബുദ്ധവിഹാരത്തിന്റേയും ചരിത്രാവശിഷ്ടങ്ങളാണ്‌[1]. ഏറെ സാങ്കേതികമികവുകാട്ടുന്ന പ്രകൃതിജലസംഭരണസം‌വിധാനങ്ങളും, ഇന്ത്യയില്‍ അജന്തയിലെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ചുവര്‍ചിത്രങ്ങളും ചേര്‍ന്ന ഈ ചരിത്രാവശിഷ്ടം ജനപ്രിയമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.


ഉള്ളടക്കം

[തിരുത്തുക] പാറയുടെ സ്ഥാനവും ഉത്ഭവവും

സിഗിരിയ is located in Sri Lanka
സിഗിരിയ
ശ്രീലങ്കയുടെ ഭൂപടത്തില്‍ സിഗിരിയയുടെ സ്ഥാനം

മദ്ധ്യശ്രീലങ്കയില്‍ മാതലെ ജില്ലയിലാണ് സിഗിരിയ സ്ഥിതിചെയ്യുന്നത്.[2] ശ്രീലങ്കയിലെ ഏഴു ലോകപൈതൃകസ്ഥാനങ്ങളില്‍ അഞ്ചും സ്ഥിതിചെയ്യുന്ന സാംസ്കാരികത്രികോണത്തിന്റെ പരിധിക്കുള്ളിലാണ് അത്.[3]


ഈ പ്രദേശത്ത് പണ്ട് ഉണ്ടായിരുന്ന ഒരഗ്നിപര്‍വതം മൃതമായി, പ്രകൃതിശക്തികളുടെ പ്രവര്‍ത്തനത്തില്‍ ഒലിച്ചില്ലാതായപ്പോള്‍, ഖനീഭവിച്ച ദ്രവീകൃതശില(Molten rock) നേരത്തെ അതിന് തീര്‍ത്തിരുന്ന 'വായ്മൂടി' (Magma Plug) നിലനിന്നു. പഴയ അഗ്നിപര്‍വതത്തിന്റെ ആ 'വായ്മൂടി' ആണ് സിഗിരിയയില്‍ ഇപ്പോഴുള്ള കൂറ്റന്‍ പാറ. ചുറ്റുവട്ടത്തിലെ സമതലത്തില്‍ അത് ഏറെ അകലെ എല്ലാവശത്തുനിന്നും കാണാറാകും വിധം ഉയര്‍ന്നുനില്‍ക്കുന്നു. ചുറ്റുമുള്ള പൊതുവേ പരന്ന ഭൂമിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഒരു കുന്നിലാണ് അതിന്റെ ഇരിപ്പ്. സമുദ്രനിരപ്പില്‍ നിന്ന് 370 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ പാറയുടെ മുകള്‍ഭാഗം, പലയിടങ്ങളിലും പാദം കവിഞ്ഞു നില്‍ക്കുന്നു. അതിന്റെ ആകൃതി വര്‍ത്തുളവും, പരന്ന മേല്‍ഭാഗം ദീര്‍ഘവശങ്ങളിലേക്ക് രണ്ടറ്റത്തും അല്പം ചരിഞ്ഞുമാണ്.[4]

[തിരുത്തുക] ചരിത്രം

സിഗിരിയയിലെ കൂറ്റന്‍ പാറയുടെ താഴെയുള്ള ശിലാഗേഹങ്ങളിലൊന്ന്
ഇഷ്ടികയില്‍ ഭാഗികമായി മനുഷ്യനിര്‍മ്മിതമായ ഭിത്തികളോടു കൂടിയ സിഗിരിയയിലെ ഒരാവാസസ്ഥാനം. ഇതിന്റെ മേല്‍ക്കൂര ഒരു പാറയാണ്.

[തിരുത്തുക] കശ്യപനു മുന്‍പ്

സിഗിരിയയുടെ കിഴക്കുഭാഗത്തുള്ള അലിഗല ശിലാഗൃഹം (Aligala Rock Shelter) തരുന്ന സൂചന പിന്തുടര്‍ന്ന്, 5000 വര്‍ഷം മുന്‍പ് മദ്ധ്യശിലായുഗത്തില്‍ ഈ പ്രദേശത്ത് ജനവാസം ഉണ്ടായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. സിഗിരിയയുടെ പടിഞ്ഞാറും വടക്കും പാറകള്‍ നിറഞ്ഞ് കാണപ്പെടുന്ന മലയടിവാരം ബി.സി.ഇ. 300 മുതല്‍ ബുദ്ധസന്യാസിമാരുടെ വിഹാരമായിരുന്നു. അക്കാലത്ത് ഇവിടത്തെ ശിലയില്‍ അനേകം ആവാസസ്ഥാനങ്ങള്‍ രൂപപ്പെട്ടു. വലിയപാറകള്‍ക്കുതാഴെ, കൊത്തിയുണ്ടാക്കിയ പ്രവേശനദ്വാരങ്ങളുള്ള ഗുഹകളായിരുന്നു അവ. അത്തരം ആവാസസ്ഥാനങ്ങളില്‍ പലതിന്റേയും പ്രവേശനദ്വാരങ്ങളില്‍, അവ ഭിക്ഷുസംഘങ്ങളുടെ ഉപയോഗത്തിനായി ദാനം ചെയ്യപ്പെട്ടവയാണെന്ന് രേഖപ്പെടുത്തപ്പെടുത്തിയിരിക്കുന്നത് കാണാം. അവയുടെ കാലം ക്രി.മു. മൂന്നാം നൂറ്റാണ്ടിനും, ക്രി.വ. ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്കാണ്.

[തിരുത്തുക] മഹാവംശത്തിലെ ഭാഷ്യം

ശ്രീലങ്കയിലെ പുരാതനചരിത്രരേഖയായ മഹാവംശത്തിലെ വിവരണം അനുസരിച്ച്, കശ്യപരാജാവ് ധാതുസേനരാജാവിന്റെ മകനായിരുന്നു. ധാതുസേനന് രാജ്ഞിയിയുണ്ടായ മകന്‍ മോഗല്ലണ്ണന് അവകാശപ്പെട്ട രാജ്യം സ്വന്തമാക്കാനായി കശ്യപന്‍ ധാതുസേനനെ അടച്ചുപൂട്ടിയിട്ടു കൊന്നു. രാജാവിന്റെ അനന്തരവനും സേനാധിപനുമായിരുന്ന മിഗാരന്റെ സഹായത്തോടെയാണ് കശ്യപന്‍ ഈ അട്ടിമറി നടപ്പാക്കിയത്. തുടര്‍ന്ന്, കശ്യപനെ ഭയന്ന് ഇന്ത്യയിലേക്ക് ഓടിപ്പോയ മൊഗല്ലണ്ണന്‍, പ്രതികാരം ചെയ്യുമെന്ന് ശപഥമെടുത്തു. തിരികെ വന്ന് തനിക്കവകാശപ്പെട്ട രാജ്യം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പില്‍, മൊഗല്ലണ്ണന്‍ ഇന്ത്യയില്‍ സൈനികശക്തി സംഭരിക്കാന്‍ തുടങ്ങി. സഹോദരന്റെ തിരിച്ചുവരവിനെയും പ്രതികാരത്തേയും ഭയന്ന കശ്യപന്‍, തലസ്ഥാനമായ അനുരാധപുരം ഉപേക്ഷിച്ച് സുരക്ഷാസ്ഥാനമായി കണ്ടെത്തിയ സ്ഥലത്ത് നിര്‍മ്മിച്ചതാണ് ഈ കൊട്ടാരസമുച്ചയം എന്നാണ് മഹാവംശത്തിലെ ഭാഷ്യം. ക്രി.വ. 477 മുതല്‍ 495 വരെയുള്ള കശ്യപന്റെ വാഴ്ചക്കാലത്ത് ഇവിടം കോട്ട-കൊത്തളങ്ങള്‍ ചേര്‍ന്ന ഒരു നഗരസമുച്ചയമായി മാറി. പാറയുടെ ഉച്ചിയിലും ചുറ്റുവട്ടങ്ങളിലും ഇന്ന് കാണുന്ന പ്രതിരോധസം‌വിധാനങ്ങളും, കൊട്ടാരങ്ങളും, ആരാമങ്ങളും എല്ലാം അക്കാലത്തെ നിര്‍മ്മിതികളാണ്.

സിഗിരിയയിലെ പാറയുടെ ഉച്ചിയില്‍ പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍

ഒടുവില്‍ സൈന്യസന്നാഹവുമായി മൊഗല്ലണ്ണന്‍ മടങ്ങിയെത്തിയപ്പോള്‍ കശ്യപന്റെ സൈന്യം അയാളെ ഉപേക്ഷിക്കുകയാല്‍ അയാള്‍ക്ക് സ്വന്തം വാളില്‍ വീണ് ആത്മഹത്യചെയ്യേണ്ടിവന്നു എന്നാണ് മഹാവംശത്തിലെ കഥയുടെ ബാക്കി. ആനപ്പുറത്തിരുന്ന് യുദ്ധം നയിച്ചുകൊണ്ടിരുന്ന കശ്യപന്റെ തന്ത്രപരമായ ഒരു നീക്കത്തെ പിന്തിരിഞ്ഞോട്ടമായി തെറ്റിദ്ധരിച്ചതിനാലാണ് സൈന്യം അയാളെ കൈവെടിഞ്ഞതെന്ന വിശദീകരണവും ചില ദിനവൃത്താന്തങ്ങളിലും ഐതിഹ്യങ്ങളിലും ഉണ്ട്. ഈ സൈനികവിജയത്തെ തുടര്‍ന്ന് മൊഗല്ലണ്ണന്‍ പഴയ തലസ്ഥാനമായ അനുരാധപുരം തന്റെ ഭരണകേന്ദ്രമാക്കുകയും സിഗിരിയ ഒരു ബുദ്ധവിഹാരസമുച്ചയമായി നിലനില്‍ക്കുകയും ചെയ്തു.

[തിരുത്തുക] കഥാഭേദങ്ങള്‍

മറ്റൊരു കഥ അനുസരിച്ച് സിഗിരിയയുടെ മുഖ്യനിര്‍മ്മാതാവ് ധാതുസേനരാജാവാണ്. പിതാവ് തുടങ്ങിവച്ച പണി അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം പൂര്‍ത്തിയാക്കുക മാത്രമാണ് കശ്യപന്‍ ചെയ്തത്. ഇനിയും ഒരു കഥയില്‍, കശ്യപന്‍ ഭോഗാന്വേഷിയായ ഒരു രാജാവും സിഗിരിയ അയാളുടെ കേളീവസതിയുമായിരുന്നു. കശ്യപന്റെ അന്ത്യത്തെക്കുറിച്ചും ഓരോകഥക്കും ഓരോന്നാണ് പറയാനുള്ളത്. ഒരു കഥയില്‍ വെപ്പാട്ടിമാരില്‍ ഒരാള്‍ അയാളെ വിഷം കൊടുത്തുകൊല്ലുകയാണ് ചെയ്തത്. മറ്റൊരു കഥയനുസരിച്ച്, അന്തിമയുദ്ധത്തില്‍ സൈന്യത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയ കശ്യപന്‍ ശ്വാസനാളം മുറിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. [5]വേറെ ചില കഥകള്‍ അനുസരിച്ച്, ഒരു ബുദ്ധസമൂഹം, യാതൊരുതരം സൈനിക ലക്ഷ്യവും ഇല്ലാതെ നടത്തിയ നിര്‍മ്മാണവേലകളാണ് സിഗിരിയയിലുള്ളത്. പൗരാണിക ലങ്കയില്‍, ബുദ്ധമതത്തിലെ മഹായാന-ഥേരാവാദവിഭാഗങ്ങള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ ഈ സമുച്ചയവും ഉള്‍പ്പെട്ടിരുന്നിരിക്കാം.

പത്താം നൂറ്റാണ്ടു വരെ സിഗരിയയുടെ പ്രതാപകാലമായിരുന്നു എന്നാണ്‌ പുരാവസ്തുഗവേഷകര്‍ കരുതുന്നത്[1].

[തിരുത്തുക] വിസ്മൃതി, കണ്ടെത്തല്‍

സിഗിരിയ - ഏറ്റവും മുകളിലെ ഹര്‍മ്മ്യത്തിലുള്ള സിംഹദ്വാരം

ക്രി.വ. 495-ല്‍ കശ്യപരാജാവിന്റെ പരാജയത്തെ തുടര്‍ന്ന് ബുദ്ധവിഹാരകേന്ദ്രമായി മാറിയ സിഗിരിയ 13-14 നൂറ്റാണ്ടുകള്‍ വരെ ആങ്ങനെ തുടര്‍ന്നു. തുടര്‍ന്നുള്ള കുറേക്കാലത്തേക്ക് സിഗിരിയയെ സംബന്ധിച്ച രേഖകള്‍ ലഭ്യമല്ല. പതിനേഴാം നൂറ്റാണ്ടില്‍ കാന്‍ഡിയിലെ രാജാവ് അതിനെ ഒരു സൈനികകേന്ദ്രമായി ഉപയോഗിച്ചു. ബ്രിട്ടീഷ് ശക്തിക്കു മുന്‍പില്‍ കാന്‍ഡി രാജ്യത്തിന്റെ പതനത്തെ തുടര്‍ന്ന് സിഗിരിയ വീണ്ടും വിസ്മരിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ശ്രീലങ്ക ബ്രിട്ടീഷ് ഭരണത്തില്‍ കീഴായിരുന്നപ്പോള്‍ സിഗിരിയ പുരാവൃത്താന്വേഷികളുടേയും ചരിത്രകാരന്മാരുടേയും ശ്രദ്ധ ആകര്‍ഷിച്ചു. 1853-ല്‍ പുരാവസ്തുഗവേഷകരായ ആഡവും ബെയ്ലിയുമാണ്‌ സിഗരിയയുടെ ചരിത്രം പഠനവിധേയമാക്കിയത്[1]. 1890-കളില്‍ സിഗിരിയയിലെ അവശിഷ്ടങ്ങളുടെ ശാസ്ത്രീയപഠനം ചെറിയതോതില്‍ തുടങ്ങി. തുടര്‍ന്ന് എച്ച്.സി.പി. ബെല്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടത്തി. ശ്രീലങ്കന്‍ സര്‍ക്കാര്‍ 1982-ല്‍ തുടങ്ങിയ സാംസ്കാരികത്രികോണ പദ്ധതി സിഗിരിയക്ക് ഏറെ പ്രാധാന്യം നല്‍കി. സിഗിരിയയിലെ നഗരസമുച്ചയം മുഴുവന്‍ ഉള്‍പ്പെടുത്തിയുള്ള പഠനങ്ങള്‍ ആദ്യമായി നടന്നത് ഈ പദ്ധതിയുടെ ഭാഗമായാണ്.

[തിരുത്തുക] സിഗിരിയ സമുച്ചയം

സിഗിരിയയിലേക്കുള്ള പാത

പാറയുടെ പരന്ന ഉപരിതലത്തിന്റെ മേല്‍ഭാഗത്തെ പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍, സിംഹകവാടം(lion gate) കണ്ണാടിമതില്‍(mirror wall) ചുവര്‍ചിത്രങ്ങള്‍ എന്നിവ ചേര്‍ന്ന മദ്ധ്യഭാഗത്തെ മട്ടുപ്പാവ്, കീഴ്ഭാഗത്തെ ചരിവിനോട് പറ്റിച്ചേര്‍ന്നിരിക്കുന്ന താഴത്തെ കൊട്ടാരം, കിടങ്ങുകള്‍, പാറയുടെ ചുവടില്‍ ഭാഗത്ത് തുടങ്ങി ഏറെ അകലെവരെ നീളുന്ന മതിലുകളും ഉദ്യാനങ്ങളും എല്ലാം ചേര്‍ന്നതാണ് സിഗിരിയയിലെ സമുച്ചയം.

ഇവിടം ഒരു കൊട്ടാരവും കോട്ടയും ആയിരുന്നു. രാജകൊട്ടാരസമുച്ചയം 3 നിലകളിലായാണ്‌ ഒറ്റപ്പാറക്കു മുകളില്‍ നിലനിന്നിരുന്നത്. കാലപ്പഴക്കത്തിനുശേഷവും കൊട്ടരസമുച്ചയും അതിന്റെ നിര്‍മ്മാതാക്കളുടെ സര്‍ഗ്ഗശേഷിക്കും സാഹസികതക്കും സാങ്കേതികമികവിനും തെളിവായി നില്‍ക്കുന്നു. മുകളിലെ കൊട്ടാരത്തോട് ചേര്‍ന്ന് പാറയില്‍ കൊത്തിയെടുത്തിരിക്കുന്ന വെള്ളത്തൊട്ടികള്‍ക്ക്(cisterns) ഇപ്പോഴും ജലം ശേഖരിക്കാനുള്ള ക്ഷമതയുണ്ട്. താഴത്തെ കൊട്ടാരത്തിനു ചുറ്റുമുള്ള കിടങ്ങുകളും ഭിത്തികളും ഇന്നും അസാമാന്യദൃശ്യമാണ്[6]


ക്രി.വ. ഒന്നാം സഹസ്രാബ്ദത്തിലെ ഏറ്റവും ശ്രദ്ധേയമായ ആസൂത്രിതനഗരങ്ങളിലൊന്നായി സിഗിരിയ കണക്കാക്കപ്പെടുന്നു. ഇവിടത്തെ നിര്‍മ്മാണസമുച്ചയം സങ്കല്പവൈഭവവും സങ്കീര്‍ണ്ണതയും പ്രകടിപ്പിക്കുന്നു. മനുഷ്യനിര്‍മ്മിതമായ ഘടനകളെ ചുറ്റുപാടുമുള്ള പ്രകൃതിയോട്, പ്രതിസമതയുടേയും അപ്രതിസമതയുടേയും(symmetry and assymetry) സങ്കല്പങ്ങള്‍ ബോധപൂര്‍വം ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്തിരിക്കുകയാണിവിടെ. ശിലയുടെ പടിഞ്ഞാറുവശത്ത് രാജപരിവാരത്തിനുവേണ്ടി നിര്‍മ്മിച്ച ആരാമം പ്രതിസമതയെ ആശ്രയിക്കുന്നു. ഉദ്യാനത്തിലെ ജലശേഖരണസം‌വിധാനത്തിലെ സംഭരണസാമിഗ്രികളില്‍ പലതും ഇന്നും പ്രവര്‍ത്തനക്ഷമമാണ്. ദക്ഷിണഭാഗത്ത് മനുഷ്യനിര്‍മ്മിതമായ ഒരു ജലസംഭരണി(Reservoir) കാണാം. ചുറ്റുപാടും അഞ്ചു കവാടങ്ങളുണ്ട്. ഏറെ പ്രധാനപ്പെട്ട പടിഞ്ഞാറുവശത്തെ കവാടം രാജപരിവാരത്തിനു മാത്രമായുള്ളതായിരുന്നു എന്നു കരുതപ്പെടുന്നു. [7][8][9]

പാറക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബുദ്ധവിഹാരങ്ങളും ഗ്രാമങ്ങളും ചെറിയ തടാകങ്ങളുമായിരുന്നു. സിഗരിയ മഹാവേവ എന്ന ഒരു ജലസേചനസമുച്ചയം ഇന്നും നിലനില്‍ക്കുന്നുണ്ട്. പാറക്കു ചുറ്റുമുള്ള 40 ഏക്കര്‍ സ്ഥലത്താണ്‌ മന്ത്രിമാരും മറ്റും താമസിച്ചിരുന്നത്.

[തിരുത്തുക] ആരാമങ്ങള്‍

സിഗിരിയയിലെ ആരാമം, ശിലയുടെ ഉച്ചിയില്‍ നിന്നുള്ള കാഴ്ച

ലോകത്തിലെ ഏറ്റവും പുരാതനമായ ആരാമങ്ങളില്‍പെടുന്നവ എന്ന നിലയില്‍ സിഗിരിയയിലെ ആരാമങ്ങള്‍ സമുച്ചയത്തിന്റെ ഏറ്റവും പ്രധാന്യമുള്ള ഒരു ഘടകമാണ്. ഈ ആരാമങ്ങളെ, കൂട്ടിയിണക്കെപ്പെട്ടതെങ്കിലും വ്യതിരിക്തമായ ജലാരാമം, ശിലാരാമം, ഹര്‍മ്മ്യാരാമം എന്നീ വിഭാഗങ്ങളായി തിരിക്കാം.

[തിരുത്തുക] ജലാരാമം

ജലാരാമത്തിലെ ഒരു പൊയ്ക

സമുച്ചയത്തിന്റെ പടിഞ്ഞാറെ ഭാഗത്തിന്റെ നടുവിലാണ് ജലാരാമങ്ങള്‍. ഇവ മൂന്നെണ്ണമാണ്. ആദ്യത്തേത് വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്താണ്. "ചാര്‍ ഭാഗ്" എന്ന പേരിലുള്ള പുരാതന ആരാമവിദ്യ അനുസരിച്ചാണ് ഇതിന്റെ നിര്‍മ്മാണം. ആ നിര്‍മ്മാണവിദ്യയുടെ ഏറ്റവും പഴയ മാതൃകകളൊലൊന്നാണിത്.

രണ്ടാമത്തേത് ഒരു വീധിയുടെ ഇരുവശത്തായി നീണ്ട് ആഴമുള്ള രണ്ടു പൊയ്കകളാണ്. ചുറ്റിവളഞ്ഞ് ആഴംകുറഞ്ഞ രണ്ട് ചാലുകള്‍ ഇവയില്‍ ചെന്നു ചേരുന്നു. ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത ജലധാരായന്ത്രങ്ങളും ഇവിടെ കാണാം. ഭൂഗര്‍ഭധമനികള്‍ എത്തിക്കുന്ന വെള്ളത്തെ ആശ്രയിച്ച് അവ ഇന്നും പ്രവര്‍ത്തിക്കുന്നു. ഈ ജലാരാമത്തിനിരുവശവും രണ്ട് വലിയ തുരുത്തുകളുണ്ട്. ഈ തുരുത്തുകളിലായിരുന്നു വേനല്‍ക്കാലവസതികള്‍ നിര്‍മ്മിച്ചിരുന്നത്.

മൂന്നാമത്തെ ജലാരാമം കൂടുതല്‍ ഉയര്‍ന്ന ഭൂമിയിലാണ്. അഷ്ടകോണാകൃതിയില്‍ വിശാലമായ ഒരു പൊയ്ക അതിന്റെ പ്രധാന ഭാഗമാണ്.

കിഴക്കു-പടിഞ്ഞാറായുള്ള ഒരു അക്ഷത്തില്‍ പ്രതിസമമായാണ് ജലാരാമങ്ങളുടെ നിര്‍മ്മിതി. പടിഞ്ഞാറെ അതിരിലുള്ള കിടങ്ങുകളും തെക്കുവശത്തെ വിശാലമായ ജലസംഭരണിയുമായി അവയെ ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാ പൊയ്കകളും ഭൂഗര്‍ഭധമനികള്‍ മുഖേന പരസ്പരം ബന്ധിപ്പിക്കപ്പെട്ടുമിരിക്കുന്നു.

[തിരുത്തുക] ശിലാരാമം

സിഗിരിയയിലെ ശിലാരാമത്തില്‍ പാറയില്‍ കൊത്തിയിരിക്കുന്ന സിംഹാസനം

പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കൂറ്റന്‍ പാറകള്‍ ചേര്‍ന്നതാണ് ശിലാരാമം. സിഗിരിയയിലെ മുഖ്യശില സ്ഥിതിചെയ്യുന്ന കുന്നിന്റെ മുകള്‍ ഭാഗത്ത് വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ ശിലാരാമം പരന്നുകിടക്കുന്നു. ഇതിന്റെ ഭാഗമായ പാറകളില്‍ മിക്കവയിലും നേരത്തേ പലതരം കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു. മതിലുകള്‍ കെട്ടാനും സ്തംഭങ്ങള്‍ നാട്ടാനുമായി നടത്തിയ വെട്ടുകുത്തുകള്‍ അവയില്‍ ഇപ്പോഴും കാണാം.

ശിലാരാമത്തില്‍ ഒരു വലിയ ശിലയുടെ പരത്തി മിനുസപ്പെടുത്തിയ ഉച്ചിയിലായിരുന്നു രാജാവിന്റെ ദര്‍ബാര്‍ ഹാള്‍. ഹാളില്‍ അഞ്ചു മീറ്റന്‍ നീളമുള്ള ഒരു ശിലാസനമുണ്ട്. ശിലയില്‍ കൊത്തിയിരിക്കുന്ന ഈ ആസനം അതിനോട് ഇപ്പോഴും ചേര്‍ന്നിരിക്കുന്നു. ശിലാരാമത്തിലെ മറ്റൊരു ദൃശ്യം തൊട്ടിപ്പാറയാണ്(cistern rock). ഉച്ചിയില്‍ ഒരു വലിയ വെള്ളത്തൊട്ടി കൊത്തിയിട്ടുള്ള കൂറ്റന്‍ പാറയ്ക്കാണ് ആ പേരുള്ളത്.

[തിരുത്തുക] ഹര്‍മ്മ്യാരാമം

സിഗിരിയയിലെ ഹര്‍മ്മ്യാരാമത്തിന്റെ ഒരു കാഴ്ച

സിഗിരിയയിലെ മുഖ്യശിലയുടെ ചുവട്ടിലുള്ള കുന്നിന്മേലാണ് ഹര്‍മ്മ്യാരാമം രൂപപ്പെടുത്തിയിരിക്കുന്നത്. ഒന്നിനെയൊന്ന് അതിലംഘിച്ചു നില്‍ക്കുന്ന ഹര്‍മ്മ്യങ്ങളുടെ ഒരു പരമ്പര, ശിലാരാമത്തിലെ ശിലകള്‍ക്കിടയിലെ കൈവഴികളെ മുഖ്യശിലയിലേക്കു കയറിപ്പോകുന്ന പടികളുമായി ബന്ധിക്കുന്നു. മുഖ്യശിലയെ ചുറ്റിനില്‍ക്കുന്ന ഇഷ്ടികഭിത്തികള്‍ ചേര്‍ന്ന് രൂപപ്പെട്ടവയാണിവ. ഹര്‍മ്മ്യാരാമത്തിലൂടെയുള്ള വഴി ചുണ്ണാമ്പുകല്ലില്‍ തീര്‍ത്തിരിക്കുന്ന ഒരു ഗോവണിയാണ്. ഈ ഗോവണിയുടെ പടികള്‍ ശിലയുടെ അരികിലൂടെ ഏറ്റവും മുകളിലെ ഹര്‍മ്മ്യത്തിലേക്ക്, മേല്‍മൂടിയ ഒരു വഴി ആകുന്നു. സിഗിരിയയിലെ സിംഹദ്വാരം ഏറ്റവും മുകളിലെ ഹര്‍മ്മ്യത്തിലാണ്. സിംഹദ്വാരത്തില്‍ നിന്ന് പാറയുടെ ഉച്ചിയിലേക്കു കയറാന്‍ ഇരുമ്പുഗോവണിയുണ്ട്.

[തിരുത്തുക] ചുവര്‍ചിത്രങ്ങള്‍

സിഗിരിയയിലെ ചുവര്‍ ചിത്രങ്ങള്‍ ഇന്ത്യയില്‍ അജന്തയിലെ ഗുഹാചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു
സിഗിരിയയിലെ മറ്റൊരു ചുവര്‍ ചിത്രം

സിഗിരിയ സമുച്ചയത്തിന്റെ അസാമാന്യമായ ആകര്‍ഷണീയതയുടേയും പ്രാധാന്യത്തിന്റേയും ഒരു മുഖ്യകാരണം അവിടെ പാറയിലെ ഒരു ഗുഹയുടെ പ്രതലത്തില്‍ വരച്ചിട്ടുള്ള ചുവര്‍ ചിത്രങ്ങളാണ്. സിഗിരിയയിലെ കണ്ണാടിമതിലില്‍ പൂര്‍വകാലസന്ദര്‍ശകര്‍ അവശേഷിപ്പിച്ചുപോയ കുറിപ്പുകള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഒരു കാലത്ത് ഇവിടെ അഞ്ഞൂറോളം ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവശേഷിക്കുന്നത് മുപ്പതില്‍ താഴെ എണ്ണം മാത്രമാണ്. ഒന്നര സഹസ്രാബ്ദത്തിനു ശേഷവും സൗന്ദര്യവും വര്‍ണ്ണപ്പകിട്ടും നിലനിര്‍ത്തുന്ന ഈ ചിത്രങ്ങളില്‍ പ്രധാനമായും സ്ത്രീരൂപങ്ങളാണ്. അസാമാന്യസൗന്ദര്യമുള്ള ഈ രൂപങ്ങളെ കഴുത്തിലും കാതിലും, കയ്യിലും അണിഞ്ഞിട്ടുള്ള ആഭരണങ്ങളും പുഷ്പങ്ങളും കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ചിത്രങ്ങളില്‍ മിക്കവയിലും ഒന്നോ രണ്ടോ രൂപങ്ങളാണുള്ളത്. കണ്ണാടിമതിലില്‍ പഴയകാലത്തെ സന്ദര്‍ശകര്‍ കുറിച്ചുപോയ കവിതകളില്‍ വലിയൊരു ഭാഗം ഈ ചിത്രങ്ങളിലെ സുന്ദരിമാരെ പരാമര്‍ശിച്ചാണ്.[10]


ഈ ചിത്രങ്ങളെ ആധുനികകാലത്ത് ആദ്യമായി ശ്രദ്ധിച്ചതും ലോകശ്രദ്ധയില്‍ കൊണ്ടു വന്നതും ശ്രീലങ്കന്‍ പൊതുമരാമത്തുവകുപ്പിലെ മുറേ എന്ന ഉദ്യോഗസ്ഥനായിരുന്നു. ഈ ചിത്രങ്ങളുടെ പകര്‍പ്പെടുത്ത അദ്ദേഹം 1891-ല്‍ അവയെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആദ്യമായി നടത്തിയത് പുരാവസ്തു കമ്മീഷണര്‍ ആയിരുന്നു എച്ച്.സി.പി. ബെല്‍ 1894-ല്‍ ആണ്.

ഈ ചിത്രങ്ങളിലെ സുന്ദരിമാര്‍ ആരായിരുന്നു എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. പുഷ്പാര്‍ച്ചനക്കായി സമീപത്തെ പിതുരംഗല ക്ഷേത്രത്തിലേക്ക് പോകുന്ന രാജവനിതകളാണ് ഇവരെന്നാണ് ഒരു പക്ഷം. കശ്യപന്റെ മരണത്തില്‍ വിലപിക്കുന്ന ഭാര്യമാരാണ് ഈ ചിത്രങ്ങളിലെന്നാണ് മറ്റുചിലരുടെ നിഗമനം. ഇതിന് നേര്‍വിപരീതമായ മറ്റൊരഭിപ്രായം അനുസരിച്ച് ജലക്രീഡയിലേര്‍പ്പെട്ടിരിക്കുന്ന സുന്ദരിമാരാണ് ഈ ചിത്രങ്ങളില്‍. ഏറെ സ്വീകാര്യത കിട്ടിയിട്ടുള്ളത് പ്രമുഖ ശ്രീലങ്കന്‍ കലാനിരൂപകനും ചിന്തകനുമായ ആനന്ദകുമാരസ്വാമിയുടെ അഭിപ്രായത്തിനാണ്. ദക്ഷിണേഷ്യന്‍ കലാപാര്‍മ്പര്യം അനുസരിച്ചുള്ള അപ്സരമാരും ദേവാംഗനമാരുമാണ് ഈ ചിത്രങ്ങളിലെന്നാണ് അദ്ദേഹം പറയുന്നത്.[11]

[തിരുത്തുക] കണ്ണാടിമതില്‍

സിഗിരിയയിലെ കണ്ണാടിമതിലും ചുവര്‍ചിത്രങ്ങളിലേക്കു നയിക്കുന്ന ചുറ്റുഗോവണിയും.

തുടക്കത്തില്‍ ഈ മതിലിന്റെ അതിമിനുസം കൊണ്ട് അതിനുമുന്‍പിലൂടെ ഉലാത്തുമ്പോള്‍ രാജാവിന് സ്വന്തം രൂപം അതില്‍ പ്രതിഫലിച്ചുകാണാമായിരുന്നു. ഒരുതരം പിഞ്ഞാണക്കളിമണ്ണുകൊണ്ട്(porcelain) നിര്‍മ്മിച്ചിരിക്കുന്ന ഈ മതില്‍ ഇപ്പോള്‍ നൂറ്റാണ്ടുകളില്‍ വന്നുപോയ സന്ദര്‍ശകര്‍ കോറിയിട്ട വരികള്‍ കൊണ്ടു മൂടിയിരിക്കുന്നു. എട്ടാം നൂറ്റാണ്ടിലേതുമുതലുള്ള കുറിപ്പുകള്‍ ഇവിടെ കാണാം. പലതരക്കാരായ മനുഷ്യര്‍ പല വിഷയങ്ങളില്‍ എഴുതിയ കുറിപ്പുകള്‍ ഉണ്ട്: പ്രേമവും, ഹാസ്യവും, വിവിധതരം ജീവിതാനുഭവങ്ങളും, സിഗിരിയയിലെ തന്നെ ചുവര്‍ചിത്രങ്ങളിലെ തരുണികളുമൊക്കെ കുറിപ്പുകള്‍ക്ക് വിഷയമായി.

സിംഹളഭാഷയില്‍ കോറിയിട്ടിരിക്കുന്ന ഒരു വരിയുടെ ഏകദേശ പരിഭാഷ ഇതാണ്:


"എന്റെ പേരു ബുദല്‍ എന്നാണ്. ഞങ്ങള്‍ കുടുംബം മുഴുവനും ചേര്‍ന്ന് സിഗിരിയ കാണാനെത്തി. എല്ലാവരും ഇവിടെ കവിത കുറിച്ചതു കൊണ്ട് ഞാന്‍ അത് വേണ്ടെന്നുവച്ചു!"


ദീര്‍ഘകാലമായി സിഗിരിയ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നുവെന്നതിന് സാധാരണ സന്ദര്‍ശകരുടെ ഇത്തരം കുറിപ്പുകള്‍ തെളിവായി നില്‍ക്കുന്നു. സൗന്ദര്യവും ഗാംഭീര്യവും തികഞ്ഞ ആ ആ നിര്‍മ്മാണസമുച്ചയം അതിന്റെ നിര്‍മ്മാണകാലം മുതല്‍ സന്ദര്‍ശകര്‍ക്ക് ചെറുക്കാനാകാത്ത ആകര്‍ഷണമായിരുന്നു.

കണ്ണടിമതിലില്‍ എഴുതുന്നത് ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുന്നു.

[തിരുത്തുക] ചിത്രശാല‍

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 രാമചന്ദ്രന്‍, സി.കെ.. "വാഗ്‌ഭടനെത്തേടി ശ്രീലങ്കയില്‍", മാതൃഭൂമി വാരാന്തപ്പതിപ്പ്, 2008-07-27. ശേഖരിച്ചത് 2008-07-28. 
  2. World Heritage Tour page - Sigiriya (html). World Heritage Tour. ശേഖരിച്ചത് 2008-01-18.
  3. Central Cultural Fund (htm). Ministry of Cultural Affairs and National Heritage. ശേഖരിച്ചത് 2008-10-19.
  4. Encyclopædia Britannica Article about Sigiriya (html). Encyclopædia Britannica. ശേഖരിച്ചത് 2008-01-18.
  5. The Sigiriya Story (html). Asian Tribune. ശേഖരിച്ചത് 2006-11-24.
  6. Sri Lanka: Slip Into Antiquity. The Epoch Times. ശേഖരിച്ചത് 2005-05-04.
  7. Sigiriya - The fortress in the sky (html). Sunday Observer. ശേഖരിച്ചത് 2004-10-10.
  8. Sigiriya (html). BuddhaNet. ശേഖരിച്ചത് 2008-02-28.
  9. Sigiriya: the most spectacular site in South Asia (html). Sunday Observer. ശേഖരിച്ചത് 2006-08-03.
  10. Sigiriya Frescos - the surviving verdict for the marvel of human creativity ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ പത്രികയില്‍ നിന്ന് - [1]
  11. ശ്രീലങ്കയിലെ സണ്‍ഡേ റ്റൈംസ് പത്രത്തില്‍ 2008 ഒക്ടോബര്‍ 19-ന് വന്ന ലേഖനം [2]
"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്