മലയാളം കമ്പ്യൂട്ടിങ് സോഫ്റ്റ്‌വെയറുകള്‍

മലയാള ഭാഷയെ ലക്ഷ്യം വെച്ച് വികസിപ്പിച്ചെടുത്ത വിവിധ സൊഫ്റ്റ്‌വെയറുകളെ ലഘുവായി പരിചപ്പെടുത്തുകയാണു് ഇവിടെ. ഓരോ സോഫ്റ്റ്‌വെയറിനെകുറിച്ചുമുള്ള വിവരണത്തിനു് ഒപ്പം ചേര്‍ത്തിരിക്കുന്ന ഓണ്‍ലൈന്‍ ലിങ്ക് നോക്കിയാല്‍ പ്രസ്തുത സോഫ്റ്റ്‌വയറിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കും.

മലയാളം ടൈപ്പിങ് ഉപകരണങ്ങള്‍

കമ്പ്യൂട്ടറുകളില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷാണ്. അതിനു യോജിച്ച പോലെയാണ് മിക്ക കമ്പ്യൂട്ടറുകളും തയ്യാറാക്കിയിട്ടുള്ളത്. കമ്പ്യൂട്ടറുകളില്‍ മറ്റു ഭാഷകള്‍ ഉപയോഗിക്കുവാന്‍ വേണ്ടി പലപ്പോഴും ചില ചെറിയ മാറ്റങ്ങള്‍ നടത്തേണ്ടി വരും. മലയാളഭാഷയില്‍ എന്തെങ്കിലും വിവരങ്ങള്‍ നമുക്ക് കമ്പ്യൂട്ടറില്‍ ഉള്‍ച്ചേര്‍ക്കണമെങ്കില്‍ (input) കമ്പ്യൂട്ടറിന്റെ കീബോര്‍ഡും ഇതിനുവേണ്ടി പ്രത്യേകം മാറ്റണം. ചുരുങ്ങിയ പക്ഷം കീബോര്‍ഡിലെ ഏതൊക്കെ ബട്ടനുകളാണ് മലയാളത്തിലെ ഏതൊക്കെ അക്ഷരങ്ങള്‍ ഉത്പാദിപ്പിക്കുക എന്നെങ്കിലും നാം പഠിച്ചെടുക്കേണ്ടി വരും. ഇങ്ങനെ ഓരോ അക്ഷരത്തിനുമുള്ള (അക്ഷര - കീബോര്‍ഡ് ബട്ടണ്‍) ബന്ധങ്ങളുടെ ചേരുംപടി പട്ടികയെ കീമാപ്പ് (key map) എന്നു വിളിക്കുന്നു. കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പു് ചെയ്യാന്‍ നമ്മള്‍ മലയാളം ടൈപ്പിങ് കീബോര്‍ഡ് പഠിക്കേണ്ടി വരുന്നു.

ഇന്‍സ്ക്രിപ്റ്റ്

വിവിധ കീബോര്‍ഡ് ലേഔട്ടുകള്‍ നിലവിലുണ്ടെങ്കിലും ഭാരത സര്‍ക്കാരിനു വേണ്ടി സിഡാക് വികസിപ്പിച്ച ഇന്‍‌സ്ക്രിപ്റ്റ് രീതിയാണ് മലയാളമടക്കം ഇന്ത്യന്‍ ഭാഷകള്‍ക്കു പൊതുവായി ലഭ്യമായ ലേഔട്ട്. ഈ രീതി ഉപയോഗിച്ചു് ശീലിച്ചാല്‍ ഏറ്റവും കുറച്ച് കീ സ്റ്റ്രോക്കുകള്‍ കൊണ്ടു് മലയാളം വാക്കുകള്‍ ടൈപ്പു് ചെയ്യാം. പുതിയതായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഈ രീതി ഉപയോഗിക്കുന്നതാണു് ഏറ്റവും അഭികാമ്യം. മലയാളം ടൈപ്പിങ്ങ് ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ ടൈപ്പ് ചെയ്യാനുള്ള ഉപകരണം എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്.

ടക്സ്‌ടൈപ്പ്

ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ മലയാളം ടൈപ്പ് ചെയ്യുന്നതു് പഠിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണു് ടക്സ്‌ടൈപ്പു്. കളികളിലൂടെയാണു് ടക്സ്‌ടൈപ്പ് മലയാളം ടൈപ്പ് ചെയ്യാന്‍ പഠിപ്പിക്കുക.

ഓണ്‍ലൈന്‍ ലിങ്ക്: http://tux4kids.alioth.debian.org/tuxtype/

ടക്സ്‌ടൈപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ - http://tux4kids.alioth.debian.org/tuxtype/download.php

ലിപിമാറ്റം (Transliteration)

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ശീലമുള്ളവര്‍ക്ക് പുതിയ ഒരു കീബോര്‍ഡ് ലേ ഔട്ട് പഠിക്കാന്‍ വിമുഖത ഉണ്ടാകാം. അങ്ങനെ ഉള്ളവര്‍ക്കായി വിവിധ ലിപിമാറ്റ കീബോര്‍ഡുകള്‍ ലഭ്യമാണു്. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് നല്‍കുമ്പോള്‍ നേരത്തെ നിര്‍വചിച്ചു വച്ചിരിക്കുന്നതനുസരിച്ച് മലയാളം അക്ഷരങ്ങള്‍ സൃഷ്ടിക്കുകയാണ് ലിപിമാറ്റ കീബോര്‍ഡുകള്‍ ചെയ്യുന്നത്. ടൈപ്പ് ചെയ്യാന്‍ കീബോര്‍ഡ് പഠിക്കേണ്ടി വരിക എന്ന പ്രശ്നം ലിപിമാറ്റ കീബോര്‍ഡുകള്‍ ഉപയോഗിക്കുന്നതു് വഴി ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ മലയാളം ടൈപ്പിങ് കീബോര്‍ഡുകളില്‍ ഉള്ളതിലുമധികം കീസ്ട്രോക്കുകള്‍ നല്‍കേണ്ടി വരുമെന്നതാണ് ഈ രീതിയുടെ ന്യൂനത. മൊഴി, സ്വനലേഖ തുടങ്ങിയവയാണ് മലയാളത്തിലേറെ പ്രചാരത്തിലുള്ള ലിപിമാറ്റ കീബോര്‍ഡുകള്‍.

വരമൊഴി

കമ്പ്യൂട്ടറില്‍ മലയാളം വായിക്കാനും ടൈപ്പ് ചെയ്യാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌‌വേറാണ് വരമൊഴി. വരമൊഴി ലിപിമാറ്റ ഉപകരണമാണ് വരമൊഴി സോഫ്റ്റ്‌‌വേര്‍ സഞ്ചയത്തില്‍ ഏറ്റവും മുഖ്യം. ഏറെ പ്രചാരത്തിലുള്ള മൊഴി ലിപിമാറ്റരീതിയാണ് വരമൊഴി മലയാളം ടൈപ്പിങ്ങിന് ഉപയോഗിക്കുന്നത്. ഇംഗ്ലീഷ് ലിപി ഉപയോഗിച്ച് എഴുതുന്ന വാക്കുകള്‍ മൊഴിരീതിയനുസരിച്ച് വരമൊഴി സോഫ്റ്റ്‌‌വെയര്‍ മലയാളം ലിപിയിലേയ്ക്ക് മാറ്റുന്നു. ഉദാഹരണത്തിന് കാപ്പി എന്നെഴുതണമെങ്കില്‍ kaappi എന്നെഴുതിയാല്‍ മതി. എന്നിരിക്കത്തന്നെ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് കടംകൊണ്ട വാക്കുകളില്‍ മിക്കതും ഇംഗ്ലീഷിലെ അതേ സ്പെല്ലിങ്ങില്‍ എഴുതിയിയാല്‍ മലയാളത്തിലെ വാക്കുകള്‍ തരാന്‍ ശേഷിയുള്ള സോഫ്റ്റ്‌‌വേറാണിത്.

സിബു. സി.ജെ ആണ് ഈ സോഫ്റ്റ്‌‌വേര്‍ രചിച്ചിരിക്കുന്നതു്. മലയാളം ടൈപ്പിങിനു് പൂര്‍ണ്ണസജ്ജമായി പുറത്തിറങ്ങിയ ആദ്യ ഉപകരണവും വരമൊഴിയാണ്. വിന്‍ഡോസിലും ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും വരമൊഴി പ്രവര്‍ത്തിക്കും.

ഓണ്‍ലൈന്‍ ലിങ്ക്: http://sites.google.com/site/cibu/ ഈ സീഡിയിലെ മൊഴി എന്ന താളും കാണുക.

സ്വനലേഖ

മലയാളം ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു പ്രശസ്ത ലിപിമാറ്റരീതിയാണ് സ്വനലേഖ. ഫയര്‍ഫോക്സ് ആഡോണായും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ലിപിമാറ്റത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ സ്കിം (SCIM), ഐ-ബസ് (I-bus) എന്നിവയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള അനുബന്ധമായും ഒക്കെ സ്വനലേഖ ലഭ്യമാണ്. ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ സ്വനലേഖ ഒരു അക്ഷരം ടൈപ്പ് ചെയ്യുമ്പോള്‍ അതില്‍ സാദ്ധ്യമായ മലയാളം അക്ഷരങ്ങളുടെ ഒരു ശ്രേണി നിര്‍ദ്ദേശിച്ചു തരുന്നതുമൂലം ഉപയോഗിക്കുന്നവര്‍ക്ക് മലയാളം അക്ഷരങ്ങള്‍ക്ക് തത്തുല്യമായ ഇംഗ്ലീഷ് അക്ഷരങ്ങളുടെ നിര്‍വചനം അറിയില്ലെങ്കില്‍ പോലും ഉപയോഗിക്കാന്‍ കഴിയും.

വികസിപ്പിച്ചതു്: : സന്തോഷ് തോട്ടിങ്ങല്‍, നിഷാന്‍ നസീര്‍

ഓണ്‍ലൈന്‍ ലിങ്ക്: http://wiki.smc.org.in/Swanalekha . ഈ സീഡിയിലെ സ്വനലേഖ എന്ന താളും കാണുക.

മാക് മലയാളം കീലേയൗട്ട്

ആപ്പിളിന്റെ മാക് ഓ.എസ്. കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ലിപിമാറ്റ ടൈപ്പിങ് ഉപകരണമാണ് മാക് മലയാളം കീലേയൗട്ട്. മൊഴി ലിപിമാറ്റ രീതിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന മാക് മലയാളം കീലേയൗട്ട്, മാക് കമ്പ്യൂട്ടറുകള്‍ക്കായി പുറത്തിറങ്ങിയ ഏറ്റവും പ്രവര്‍ത്തനക്ഷമമായ മലയാളം കീബോര്‍ഡാണ്.

മനോജ് എം.പി. ആണ് മാക് മലയാളം കീലേയൗട്ട് വികസിപ്പിച്ചെടുത്തത്.

ഓണ്‍ലൈന്‍ ലിങ്ക്: http://sites.google.com/site/macmalayalam/

പയ്യന്‍സ് - യൂണീകോഡ് കണ്‍‌വേര്‍ട്ടര്‍

പലപ്പോഴും മലയാളം ഡോക്യുമെന്റുകള്‍ ആസ്കി ഫോണ്ടുകളിലാണ് ലഭിക്കുന്നത്. ഇത് ആ ഫോണ്ട് ഉള്ളവര്‍ക്കു മാത്രമേ വായിക്കാന്‍ കഴിയൂ. ഇത്തരത്തിലുള്ള ഡോക്യുമെന്റുകളെ യൂണീകോഡ് ആക്കി മാറ്റാന്‍ കഴിയുമെങ്കില്‍ അത് യൂണീകോഡ് ഫോണ്ട് ഉള്ള ആര്‍ക്കും വായിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് പോലുള്ള മാദ്ധ്യമങ്ങളിലൂടെ വിതരണം ചെയ്യാന്‍ അനുയോജ്യം യൂണീകോഡ് രീതിയിലുള്ള ഡോക്യുമെന്റുകളാണ്.

ആസ്കിയിലുള്ള ഡോക്യുമെന്റുകളെ യൂണീകോഡിലേയ്ക്കു് മാറ്റാന്‍ ഉപയോഗിക്കാവുന്ന സോഫ്റ്റ്‌‌വേറാണ് പയ്യന്‍സ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സോഫ്റ്റ്‌‌വേറുകളും ഒരു പ്രത്യേക ആസ്കി ഫോണ്ടിനായിട്ടാവും നിര്‍മ്മിച്ചിട്ടുണ്ടാവുക. എന്നാല്‍ പയ്യന്‍സ് ലളിതമായ ഒരു മാപ്പിങ് ഫയലിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പയ്യന്‍സിന്റെ ഫോണ്ട് ഡിപ്പന്‍ഡന്‍സി വളരെ കുറയ്ക്കുന്നു. ആസ്കി രീതിയിലെഴുതിയ ടെക്സ്റ്റ്, പി.ഡി.എഫ്. ഡോക്യുമെന്റുകള്‍ യൂണീകോഡിലേയ്ക്കു് മാറ്റാന്‍ പയ്യന്‍സ് ഉപയോഗിക്കാം. യൂണീകോഡിലുള്ളവയെ ആസ്കിയിലേയ്ക്കു് മാറ്റാനും പയ്യന്‍സിനെ ഉപയോഗിക്കാം.

സന്തോഷ് തോട്ടിങ്ങല്‍, നിഷാന്‍ നസീര്‍, മനു മാധവ്, രജീഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് പയ്യന്‍സ് വികസിപ്പിച്ചതു്.

ഓണ്‍ലൈന്‍ ലിങ്ക്: http://wiki.smc.org.in/Payyans

പയ്യന്‍സിന്റെ ഒരു ന്യൂനത അത് കമാന്‍ഡ് ലൈന്‍ ഉപയോഗിച്ചേ പ്രവര്‍ത്തിക്കൂ എന്നതാണ്. ഇത് പ്രവര്‍ത്തിക്കാനറിയുന്നവര്‍ക്ക് വളരെ എളുപ്പമായ കാര്യമാണെങ്കിലും പുതിയതായി പയ്യന്‍സ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാവുന്ന കാര്യമാണ്. ഇതൊഴിവാക്കാനായി പയ്യന്‍സിന് സൃഷ്ടിച്ച ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ആണ് ചാത്തന്‍സ്.

രജീഷ് നമ്പ്യാര്‍ ആണ് പയ്യന്‍സിനായി ചാത്തന്‍സ് വികസിപ്പിച്ചത്.

ഓണ്‍ലൈന്‍ ലിങ്ക്: http://wiki.smc.org.in/Chathans

ധ്വനി - സ്പീച്ച് സിന്തസൈസര്‍ സോഫ്റ്റ്‌‌വെയര്‍

മലയാള ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പീച്ച് സിന്തസൈസര്‍ സോഫ്റ്റ്‌‌വേറാണ് ധ്വനി. എഴുതിവെച്ചിട്ടുള്ള വാക്യങ്ങള്‍ വായിച്ചു കേള്‍പ്പിക്കുന്ന സോഫ്റ്റ്‌‌വേറാണ് സ്പീച്ച് സിന്തസൈസര്‍. കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഉപയോക്താക്കള്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിയില്ലെങ്കില്‍ കൂടി കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്താന്‍ ധ്വനി സഹായമാവുന്നു. ഇപ്പോള്‍ മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, കന്നട തുടങ്ങി 11 ഭാഷകളില്‍ ധ്വനി പ്രവര്‍ത്തിക്കും. 2008-ലെ ഫോസ് (FOSS) ഇന്‍ഡ്യാ അവാര്‍ഡ് നേടിയ സോഫ്റ്റ്‌‌വെയറുമാണ് ധ്വനി.

സന്തോഷ് തോട്ടിങ്ങല്‍ അടക്കമുള്ള ഡെവലപ്പര്‍മാരാണ് ധ്വനി വികസിപ്പിച്ചതു്.

ഓണ്‍ലൈന്‍ ലിങ്ക്: http://dhvani.sourceforge.net

ഫ്രീഡിക്ഷ്ണറി ഇംഗ്ലീഷ്-മലയാളം

ഡിക്ഷ്ണറി നെറ്റ്‌‌വര്‍ക്ക് പ്രോട്ടോക്കോളനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവാണ് ഫ്രീഡിക്ഷ്ണറി ഇംഗ്ലീഷ്-മലയാളം. ഇപ്പോള്‍ 11000 വാക്കുകളുടെ അര്‍ത്ഥം വ്യക്തമാക്കാന്‍ ശേഷിയുള്ള ഫ്രീഡിക്ഷ്ണറി ഇംഗ്ലീഷ്-മലയാളം ജി.പി.എല്‍. അനുമതിയുള്ള ഏക സ്വതന്ത്ര മലയാള നിഘണ്ടുവുമാണ്. ഈ നിഘണ്ടു കേരള സര്‍ക്കാരിന്റെ ഐ.ടി. മിഷന്റെ പദസഞ്ചയമാണുപയോഗിക്കുന്നത്.

രജീഷ് കെ. നമ്പ്യാര്‍, സന്തോഷ് തോട്ടിങ്ങല്‍ എന്നിവരാണ് ഫ്രീഡിക്ഷ്ണറി ഇംഗ്ലീഷ്-മലയാളം വികസിപ്പിച്ചെടുത്തത്. സി-ഡാകിനും മറ്റും കൂടുതല്‍ പദങ്ങളുള്ള നിഘണ്ടുവുണ്ടെങ്കിലും അവ പങ്കുവെയ്ക്കാന്‍ പറ്റാത്ത രീതിയില്‍ പകര്‍പ്പവകാശസംരക്ഷിതമായതിനാല്‍ സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയില്ല.

ഓണ്‍ലൈന്‍ ലിങ്ക്: http://wiki.smc.org.in/Dictionary

മലയാളം സ്പെല്‍ചെക്കര്‍

കമ്പ്യൂട്ടറില്‍ എഴുതി നല്‍കുന്ന വാക്കുകളിലെ അക്ഷരപിശകുകള്‍ കണ്ടെത്താനുള്ള പ്രശസ്ത സോഫ്റ്റ്‌‌വേറായ ഗ്നു ആസ്പെലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള മലയാളം അക്ഷരത്തെറ്റ് പരിശോധനാ ഉപകരണമാണ് മലയാളം സ്പെല്‍ചെക്കര്‍. 1,37,348 മലയാളം പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഉപകരണം ഗ്നോം, കെ.ഡി.ഇ. ഡെസ്ക്ടോപ്പ് എന്‍വിയോണ്മെന്റില്‍ പ്രവര്‍ത്തിക്കും. ഇത്ര വലിയ ഒരു പദസഞ്ചയം ശേഖരിച്ചത് ഹുസൈന്‍ കെ.എച്ച്. ആണ്. മലയാളം വിക്കിപീഡിയയില്‍ നിന്നും, മലയാളം ബ്ലോഗുകളില്‍ നിന്നും പദങ്ങള്‍ ശേഖരിക്കപ്പെട്ടു. മലയാളം സ്പെല്‍ചെക്കര്‍ ഉപയോഗിക്കുന്നവര്‍ അതിലുള്‍പ്പെടാത്ത പദങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അവ ശേഖരത്തിലേയ്ക്കു് ചേര്‍ക്കാനുള്ള അവസരവും ഉണ്ട്.

സന്തോഷ് തോട്ടിങ്ങലാണ് മലയാളം സ്പെല്‍ചെക്കര്‍ വികസിപ്പിച്ചത്.

ഓണ്‍ലൈന്‍ ലിങ്ക്: http://wiki.smc.org.in/Spellchecker

ശില്പ സംരംഭം

ഭാരതീയ ഭാഷാ കമ്പ്യൂട്ടിങ്ങില്‍ ഇന്നു് ഇന്ത്യയില്‍ ഒറ്റപ്പെട്ടു നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളെ ഏകോപിപ്പിച്ചുകൊണ്ടു് ഈ സംരംഭങ്ങളെ വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കാന്നുള്ള ഒരു ബൃഹത് സോഫ്റ്റ്‌വെയര്‍ സംരംഭമാണു് ശില്പ സംരംഭം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമാക്കിയുള്ള ഭാഷാ കമ്പ്യൂട്ടിങ്ങ് സംരംഭങ്ങള്‍ വെബ് , ഡെസ്ക്ടോപ്പ് എന്നിവയിലൂടെ, ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്കതീതമായി ഉപയോക്താക്കള്‍, മറ്റു ഭാഷാ കമ്പ്യൂട്ടിങ്ങ് ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്കായി ലഭ്യമാക്കാനാണു് ശില്പ സംരംഭം ലക്ഷ്യമിടുന്നതു്. 2009 ഏപ്രിലില്‍ തുടങ്ങിയ സംരംഭം ഇപ്പോള്‍ http://smc.org.in/silpa എന്ന വിലാസത്തില്‍ പ്രവര്‍ത്തനസജ്ജമാണു്. ഏകദേശം പതിഞ്ചോളം ഭാഷാ കമ്പ്യൂട്ടിങ്ങ് സോഫ്റ്റ്‌വെയറുകള്‍ ഇപ്പോള്‍ ഈ സംരംഭത്തിലൂടെ ലഭ്യമാണു്.

Wiki2CD സോഫ്റ്റ്‌വെയര്‍

മലയാളം വിക്കിപീഡിയയില്‍ നിന്നും തിരഞ്ഞെടുത്ത ലേഖങ്ങളെടുത്തു് ഈ സീഡി നിര്‍മിച്ചിരിക്കുന്നതു് wiki2cd എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു്. മലയാളം വിക്കിപീഡീയയുടെ ഈ പതിപ്പിനു വേണ്ടി രചിച്ചതാണെങ്കില്‍ കൂടി ഇപ്പോള്‍ ഏതു ഭാഷയിലും ഇതുപോലൊരു സിഡി/ഡിവിഡി നിര്‍മിക്കാന്‍ ഈ സോഫ്റ്റ്‌വെയര്‍ പ്രാപ്തമാണു്. ഇതു് വികസിപ്പിച്ചതു്: സന്തോഷ് തോട്ടിങ്ങല്‍

ഓണ്‍ലൈന്‍ ലിങ്ക്: http://github.com/santhoshtr/wiki2cd