തിരുവതാംകൂര്‍ സംസ്ഥാനത്ത് കോട്ടയം താലൂക്കില്‍ കിളിരൂര്‍ ദേശം പണ്ടു തെക്കുംകൂര്‍ രാജ്യത്തുള്‍പ്പെട്ടതായിരുന്നു. അതിനാല്‍ ഈ ഭഗവതി ക്ഷേത്രം കിളിരൂര്‍ ദേശക്കാര്‍ തെക്കുംകൂര്‍ രാജാവിന്റെ അനുവാദത്തോടും സഹായത്തോടും കൂടിയാണ് പണികഴിപ്പിചത്. എന്നാല്‍ അവരുടെ വിചാരം ഇവിടെ ഭഗവതിയെ പ്രതിഷ്ഠിക്കണമെന്നല്ലായിരുന്നു. ശാസ്താവിനെ പ്രതിഷ്ഠിക്കണമെന്നുവിചാരിച്ചാണ് ആ ദേശക്കാര്‍ ഈ ക്ഷേത്രം പണികഴിപ്പിചത്. അമ്പലത്തിന്റെ പണിയെല്ലാം കുറേ തീര്‍പ്പിക്കുകയും ശാസ്താവിന്റെ ഒരു വിഗ്രഹമുണ്ടാക്കിക്കുകയും പ്രതിഷ്ഠയ്ക്കായി മുഹൂര്‍ത്തം നോക്കിച്ചു നിശ്ചയിക്കുകയും അടുത്തുള്ള തിരുവാര്‍പ്പു ക്ഷേത്രത്തിലെ തന്ത്രിയായ മറ്റപ്പള്ളി നമ്പൂരിപ്പാട്ടിലെ അടുക്കല്‍നിന്നു പ്രതിഷ്ഠക്കും കലശം മുതലായതിനും വേണ്ടുന്ന ഉപകരണങ്ങള്‍ക്കും മറ്റും പടിത്തരച്ചാര്‍ത്തു വാങ്ങുകയും സാമാനങ്ങള്‍ ശേഖരിച്ചു തുടങ്ങു കയും പ്രതിഷ്ഠാദികള്‍ മുറയ്ക്കു നടത്തിക്കുന്നതിനായി കരയില്‍ പ്രധാനിമാരായ പള്ളിയില്‍ മേനോന്‍, വെട്ടികുളങ്ങര കയ്മള്‍ മുതലായവരുടെ അപേക്ഷ പ്രകാരം തെക്കുംകൂര്‍ രാജാവ് മുന്‍കൂട്ടി സ്ഥലത്തെത്തി വേണ്ടുന്ന ചട്ടംകെട്ടുകളെല്ലാം ചെയ്തുകൊണ്ടു താമസം തുടങ്ങുകയും ചെയ്തു.
ഈ സംഗതികള്‍ നടന്നു കൊണ്ടിരിക്കുന്ന കാലത്തു കിളിരൂര്‍ ദേശത്തു 'കണ്ണാട്ട്' എന്ന വീട്ടില്‍ 'കോത' എന്നു പേരായ് ഒരു സ്ത്രീ ഉണ്ടായിരുന്നു. വയോവൃദ്ധയും ഈശ്വരഭക്തയും സത്ഗുണവതിയുമായിരുന്ന അവരെ എല്ലാവരും കോതയമ്മ എന്നാണു വിളിച്ചിരുന്നത്. അവര്‍ക്ക് ഏഴര നാഴികവെളുപ്പിനു കുളിയും ചില ജപങ്ങളും മറ്റും പതിവുണ്ടായിരുന്നു. ഒരു യോഗീശ്വരന്‍ അവര്‍ക്കു ദിവ്യമന്ത്രം ഉപദേശിച്ചിരുന്നതിനാല്‍ ആ മന്ത്രം ജപിചു ജപിച്ചു അവര്‍ ഒരു ദിവ്യയായിത്തീര്‍ന്നുവത്രേ. അവര്‍ വെളുപ്പാന്‍ കാലത്തു കുളിക്കാന്‍പോകുന്ന സമയം 'കാര്‍ത്യായനി' എന്നു പേരായി അവര്‍ക്കുണ്ടായിരുന്ന മകളെക്കൂടെ കൊണ്ടുപോവുക പതിവായിരുന്നു.
ഒരു ദിവസം വെളുപ്പാന്‍ കാലത്തു കുളിക്കാന്‍പോകാറായപ്പോള്‍ കോതയമ്മ പതിവു പോലെ മകളെ വിളിച്ചു. 'അമ്മ മുന്‍പേ പൊയ്ക്കൊള്ളൂ, ഞാന്‍പിന്നാലെവന്നു കൊള്ളാം' എന്നു പറയുകയാല്‍ വൃദ്ധ പോയി. പുഴയിലിറങ്ങി കുളി ആരംഭിച്ചു. അപ്പോള്‍ മറുകരയില്‍ നിന്നു ആരോ വെള്ളത്തിലിറങ്ങി നടന്നു തന്റെ നേരേ വരുന്നതായി തോന്നുകയാല്‍ വൃദ്ധ സ്വല്പം ഭയത്തോടുകൂടി "കാര്‍ത്ത്യായനീ" എന്നു ഉറക്കെ വിളിച്ചു. അപ്പോള്‍ വെള്ളത്തില്‍ക്കൂടി നടന്നു വന്ന ആള്‍ ഉച്ചത്തില്‍ വിളി കേട്ടുകൊണ്ടു കോതയമ്മയുടെ അടുക്കലേയ്ക്ക് ചെന്നു. അതു തന്റെ മകളായിരിക്കുമെന്നു വിചാരിച്ചിട്ട് കോതയമ്മ, "നീയിപ്പോള്‍ അക്കരയ്ക്കു പോയതെന്തിനാണ്?" എന്നു ചോദിച്ചു. അപ്പോള്‍ വന്നയാള്‍ "അമ്മേ ഞാന്‍ഒരു കാര്‍ത്ത്യായനി തന്നെയാണ് എങ്കിലും നിങ്ങളുടെ മകളല്ല"എന്നു പറഞ്ഞു. അതു കേട്ട് വൃദ്ധസൂക്ഷിചു നോക്കി. വൃദ്ധയ്ക്ക് നയനേന്ദ്രിയശക്തി കുറഞ്ഞുപോയിരുന്നുവെങ്കിലും അപ്പോള്‍ കുറേശ്ശെ നിലാവുണ്ടായിരുന്നതിനാല്‍ ആവന്നയാള്‍ സര്‍വ്വാംഗസുന്ദരിയും നവയവ്വൗനയുക്തയുമായ ഒരു കന്യകയാണന്നും ആ ബാലിക തലമുടി ഭംഗിയായി ചീകിക്കെട്ടി സുരഭിലകുസുമങ്ങള്‍ ചൂടുകയും, കാതില്‍ ഓലയും കഴുത്തില്‍ പാലയ്ക്കാ മോതിരവും അരയില്‍ പട്ടുവസ്ത്രവും, ധരിയ്ക്കുകയും ചെയ്തിട്ടുണ്ടന്നും വൃദ്ധ മനസ്സിലാക്കുകയും അവര്‍ തമ്മില്‍ സ്വല്പം സംഭാഷണം നടക്കുകയുംചെയ്തു.
വൃദ്ധ: നീ എവിടെ നിന്നാണ് വരുന്നതു? എങ്ങോട്ടു പോകുന്നു?
കന്യക: ഞാന്‍ സ്വല്പം കിഴക്കുനിന്നാണു വരുന്നതു ഇവിടെ കുന്നിന്മേല്‍ പുത്തനായി ഒരു ക്ഷേത്രം പണീകഴിപ്പിച്ചിട്ടുണ്ടല്ലോ.ഞാന്‍ അവിടെ കയറി പാര്‍ക്കാനായിട്ടാണു പോകുന്നത്.
വൃദ്ധ: ആ അമ്പലം ശാസ്താവിനെ പ്രതിഷ്ഠിക്കാനായിട്ടു പണിയി ച്ചിട്ടുള്ളതാണല്ലോ.
കന്യക: അതു ശരിതന്നെ. എങ്കിലും ഞാന്‍തന്നെ അവിടെ പാര്‍ക്കും. ഞങ്ങള്‍ ഏഴുപേരാണ് കിഴക്കുനിന്നും പോന്നത്. ശേഷമെല്ലാവരും ഇടയ്ക്കു ഓരോസ്ഥലങ്ങളില്‍ കയറി താമസമായി. എനിക്കു മാത്രം എങ്ങും സ്ഥലം കിട്ടിയില്ല. അപ്പോഴാണു ഇങ്ങിനെ ഒരു സ്ഥലം തയ്യാറായിട്ടുണ്ടെന്ന് അറിഞ്ഞത്. ഉടനെ ഇങ്ങോട്ടു പോരികയും ചെയ്തു. ശാസ്താവിനെ പ്രതിഷ്ഠിക്കാന്‍ വേണമെങ്കില്‍ വേറെ അമ്പലം പണിയിച്ചു കൊള്ളുവാന്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരന്‍ മുഖാന്തിരം പള്ളിയില്‍ മേനോന്‍ മുതലായവരെ അറിയിച്ചേക്കണം. അവര്‍ രാജാവിന്റെ അടുക്കല്‍ അറിയിച്ചുകൊള്ളുമല്ലോ. ഇനി മേലാല്‍ ഈ കരയില്‍ കുട്ടികള്‍ക്കു കാര്‍ത്ത്യായനി എന്നു പേരിടുകയും പാലയ്ക്കാമോതിരം കെട്ടിയ്ക്കുകയും ചെയ്യരുതെന്നും നിങ്ങള്‍ നിങ്ങളുടെ സഹോദരന്‍ മുഖാന്തിരം ജനങ്ങളെ അറിയിച്ചേക്കണം. ഇതൊന്നും പറഞ്ഞതായിട്ടും നമ്മള്‍ തമ്മില്‍ കണ്ടതായിട്ടും ആരോടും നിങ്ങള്‍ പറകയുമരുത്.
ഇവരുടെ സംഭാഷണം കേട്ടുകൊണ്ട് ആ ദേശക്കാരനും,നല്ല ജോത്സ്യനുംപ്രശ്നമാര്‍ഗ്ഗനിപുണനും ഒരുദിവ്യനുമായ കണിയാംപറമ്പില്‍ കണിയാര്‍ ഒരു മരത്തിനു മറഞ്ഞു നിന്നിരുന്നു. കന്യകയുടെ സംഭാഷണമവസാനിച്ചപ്പോള്‍ ഉടനെ ആ കണീയാര്‍ അടിയന്‍ "ഇതെലാം കേട്ടുവല്ലോ" എന്നു പറഞ്ഞു. അപ്പോള്‍ ആ കന്യക എന്നാല്‍ നീയുമിതൊന്നും ആരോടും മിണ്ടിപ്പോകരുത്. നീ ആരോടെങ്കിലും പറഞ്ഞാല്‍ നിന്റെ സന്താനങ്ങളെല്ലാം എന്നും ചട്ടനും , പൊട്ടനും (മുടന്തനും, ബധിരനും) ആയിത്തീരും" എന്നും, വൃദ്ധയോടു "കുന്നിന്മേല്‍ വന്നാല്‍ ഇനിയും നിങ്ങള്‍ക്കു എന്നെ കാണാം" എന്നും പറഞ്ഞിട്ടു അദൃശ്യയായി ഭവിക്കുകയും ചെയ്തു. ആ കന്യകയുടെ സ്വരൂപം കാണുകയും സംഭാഷണം കേള്‍ക്കുകയും ചെയ്തിട്ട് ഭയവിസ്മയവിഹ്വലയായിത്തീര്‍ന്ന കോതയമ്മ ക്ഷണത്തില്‍ കുളി കഴിച്ചു വീട്ടിലെത്തി പതിവുള്ള ജപവും മറ്റും കഴിചുകൂട്ടി. അപ്പോഴേക്കും കോതയമ്മയുടെ സഹോദരനായ കൊച്ചയപ്പനും അവിടെയെത്തി. ഉടനെ കോതയമ്മ കൊച്ചയ്യപ്പനോട്' "എടാ! കൊച്ചയ്യപ്പാ! കുന്നിന്മേല്‍ പണികഴിപ്പിച്ചിരിക്കുന്ന അമ്പലത്തില്‍ ഒരു ഭഗവതി ഇളകൊണ്ടിരിക്കുന്നു. അതിനാല്‍ ഇനി ശാസ്താവിനെ പ്രതിഷ്ഠിക്കണമെങ്കില്‍ അമ്പലം വേറെ ഉണ്ടാക്കിക്കണം. അവിടെ ഇളകൊണ്ടിരിക്കുന്നതു സാക്ഷാല്‍ കാര്‍ത്ത്യായനിയാണ്. അതിനാല്‍ ഇനി മേലാല്‍ ഈ കരയില്‍ ആര്‍ക്കും കാര്‍ത്ത്യായനി എന്നു പേരിട്ടുകൂടാ. ആരെയും പാലയ്ക്കാ മോതിരം കെട്ടിയ്ക്കയുമരുത്. നീ ഈ വിവരം കരയില്‍ പ്രധാനന്മാരായ പള്ളിയില്‍ മേനോന്‍, വെട്ടിക്കുളങ്ങര കൈമള്‍ മുതലായവരെ ഇപ്പോള്‍ തന്നെ ധരിപ്പിക്കണം. രാജാവിന്റെ അടുക്കല്‍ അവര്‍ അറിയിച്ചുകൊള്ളുമല്ലോ" എന്നു പറഞ്ഞു. ഇതു കേട്ടിട്ടു കോതയമ്മ എന്തോ പിച്ചു പറയുന്നു എന്നാണു കൊച്ചയ്യപ്പനു തോന്നിയത്. എങ്കിലും അയാള്‍ ഉടന ഈ വിവരം പള്ളിയില്‍ മേനോന്‍ മുതലായവരെ ഗ്രഹിപ്പിക്കുകയും മേനോന്‍ തെക്കുംകൂര്‍ രാജാവിന്റെ അടുക്കല്‍ അറിയിക്കുകയും ചെയ്തു. കോതയമ്മ പറഞ്ഞതായതുകൊണ്ട് ഇതു കേവലം അബദ്ധമായിരിക്കുയില്ലന്നു വിചാരിച്ചു രാജാവും, പള്ളിയില്‍ മേനോന്‍ മുതലായവരും കുന്നിന്മേല്‍ കൂടുകയും കണീയാന്‍ പറമ്പില്‍ കണിയാനെ വരുത്തി പ്രശ്നം വയ്പ്പിച്ചു നോക്കിക്കുകയും ചെയ്തു. ഈ പണിക്കൂറ തീര്‍ത്തിരിക്കുന്ന ക്ഷേത്രത്തില്‍ ദേവീസാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടെന്നുള്ളതു വാസ്തവം തന്നെയാണന്നും സാക്ഷാല്‍ മഹാമായയാകുന്ന കാര്‍ത്ത്യായനീ ദേവി ലോകരക്ഷാര്‍ത്ഥം പല മൂര്‍ത്തികളായിപ്പിരിഞ്ഞു ഇപ്പോള്‍ കേരളത്തില്‍ സഞ്ചരിച്ചു ഒരോ സ്ഥലങ്ങളില്‍ കയറി ഇളകൊണ്ടിരിക്കുകയാണെന്നും, അക്കൂട്ടത്തില്‍ ഒരു മൂര്‍ത്തിയാണിവിടെയും ഇളകൊണ്ടിരി ക്കുന്നതെന്നും പല മൂര്‍ത്തികളായി പിരിഞ്ഞിരിക്കുന്നുവെങ്കിലും എല്ലാം മഹാമായ ഒരാള്‍ തന്നെയാണന്നും, ഏകൈവാഹം ജഗ്രത്യത്ര ദ്വിതീയാ കാ മമാപര? എന്നാണല്ലോ ദേവി അരുളിച്ചെയ്തിരിക്കുന്നത് എന്നും കണിയാന്‍ പറഞ്ഞു. അപ്പോള്‍ എല്ലാവരും ഇതെല്ലാം വിശ്വസിക്കുകയും ചെയ്തു.
ഈ സമയം കോതയമ്മയും കുന്നിന്മേല്‍ എത്തി. "കുന്നിന്മേല്‍ വന്നാല്‍ ഇനിയും നിങ്ങള്‍ക്കു എന്നെ കാണാം" എന്നു ദേവി അരുളിച്ചെയ്തതിനെ ഓര്‍ത്തു അവര്‍ അമ്പലത്തില്‍ കയറി ശ്രീകോവിലിനകത്തേക്കു നോക്കിഅപ്പോള്‍ അവര്‍ അവിടെ നാലെട്ടു തൃക്കൈകളിലുജ്വലിക്കും ശൂലാദിനാനായുധഭാസമാനയായും മൂര്‍ത്ത്യാമനോജ്ഞയായുമിരിക്കുന്ന കാര്‍ത്ത്യായനിയെ പ്രത്യക്ഷമായിക്കണ്ടിട്ട് വിസ്മയാകുലയായിത്തീരുകയും ചില സ്തോത്രങ്ങള്‍ ചൊല്ലി ദേവിയെ സ്തുതി ക്കുകയും ചെയ്തു. ആ സമയം ഭക്തയെ തൊട്ടുകൊണ്ട് നോക്കിയവരെലാം ദേവിയുടെ രൂപം മേല്പറഞ്ഞപ്രകാരം കണ്ട് ഏറ്റവും ഭയാത്ഭുതപരവശന്മാരായി തീര്‍ന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവിടെ ദുര്‍നിരീക്ഷ്യമായ ഒരു തേജസ്സ് മാത്രം അവശേഷിക്കുകയും ക്രമേണ അദൃശ്യമായിതീരുകയും ചെയ്തു. അനന്തരം അവിടെ കൂടിയിരുന്ന മഹാന്മാരുടെ ആലോചന അടുത്ത മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠിപ്പാനായി പണിതു വച്ചിരിക്കുന്ന ശാസ്താവിന്റെ വിഗ്രഹം ഇനി എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു. പുത്തനായി പണിയിച്ചിട്ടുള്ള അമ്പലത്തിന്റെ അടുക്കല്‍ തന്നെ തത്ക്കാലം ഒരു ശ്രീകോവില്‍ മാത്രം പണിയിച്ചു ശാസ്താവിനെ പ്രതിഷ്ഠ നടത്തിക്കാമെന്നു എല്ലാവരും കൂടി തീരുമാനമെടുത്തു. അപ്രകാരം അഞ്ചെട്ടു ദിവസം കൊണ്ട് ഒരു ശ്രീകോവില്‍ തീര്‍ത്തു കുറ തീര്‍പ്പിക്കുകയും ചെയ്തു. പ്രതിഷ്ഠയ്ക്കുള്ള ക്രിയകള്‍ തുടങ്ങുന്നതിനു തലേദിവസം തന്നെ തന്ത്രി, പരികര്‍മികള്‍ മുതലായവര്‍ സ്ഥലത്തെത്തി. അപ്പോള്‍ അവിടെ ഉണ്ടായ വിശേഷങ്ങളെല്ലാം പള്ളിയില്‍ മേനോന്‍ തന്ത്രി നമ്പൂരിപ്പാട്ടിലെ അറിയിച്ചു. ഉടനെ നമ്പൂരിപ്പാട്ടീന്നു എന്നാല്‍ ദേവീപ്രതിഷ്ഠ കൂടി ഇപ്പോള്‍ തന്നെ നടക്കുകയാണല്ലോ വേണ്ടത്. ദേവി ഇവിടെ ഇള കൊണ്ടിട്ടുണ്ടന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും വിശ്വാസം വന്നിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും കാണത്തക്ക വിധം ഒരു അര്‍ച്ചനാബിംബം പ്രതിഷ്ഠ കൂടി ചെയേണ്ടത് അത്യാവശ്യമാണ്. അങ്ങിനെ തീര്‍ച്ചപ്പെടുത്തുന്നപക്ഷം അതിലേയ്ക്കും വേണ്ടുന്ന ഉപകരണങ്ങളും ഒരു ബിംബവും വേണം എന്നു പറഞ്ഞു. അപ്പോള്‍ മേനോന്‍ മുതലായവര്‍ "ഉപകരണ ങ്ങളൊക്കെയും ഉണ്ടാക്കാം. അതിനു പ്രയാസമില്ല . ഈ മുഹൂര്‍ത്തത്തിനു പ്രതിഷ്ഠിക്കവണ്ണം ബിംബമുണ്ടാക്കിക്കുന്ന കാര്യം അസാദ്ധ്യമാണ്. അതിനാല്‍ ദേവീപ്രതിഷ്ഠ ഇനി ആദ്യമുണ്ടാകുന്ന മുഹൂര്‍ത്തത്തിലാകാമെന്നു വെയ്ക്കാനേ നിവൃത്തിയുള്ളു" എന്നു പറഞ്ഞു. "എന്നാല്‍ അങ്ങനെ മതി" എന്നു നമ്പൂരിപ്പാടും സമ്മതിച്ചു. അന്നു രാത്രിയില്‍ കോതയമ്മയ്ക്കു ഒരു സ്വപ്നമുണ്ടായി. കുറച്ചു ദിവസം മുന്‍പ് അവര്‍ ആറ്റുകടവില്‍ വചു കണ്ടതായ ആ കന്യക അവരുടെ അടുക്കല്‍ ചെന്നു, "നിങ്ങള്‍ പതിവായി കുളിക്കുന്ന കടവില്‍ നിന്നു സ്വല്പം പടിഞ്ഞാട്ടുമാറി ഒരു കയമുണ്ടല്ലോ. ആ കയത്തില്‍ എന്റെ ഒരു ശിലാവിഗ്രഹം കിടക്കുന്നുണ്ട്. അതെടുപ്പിച്ചു ഈ അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ എന്റെ പ്രതിഷ്ഠയും നടത്തിക്കണം. തോണിയില്‍ കയറി ആ കയത്തിന്റെ സമീപത്തു ചെന്നാല്‍ അവിടെ വെള്ളത്തിനടിയില്‍ നിന്നു ധാരാളം പാലയ്ക്കാ പൊങ്ങിവരുന്നതു കാണാം.ആ സ്ഥലത്തു മുങ്ങിത്തപ്പിയാല്‍ വിഗ്രഹം കണ്ടുകിട്ടും" എന്നു പറഞ്ഞു എന്നായിരുന്നു സ്വപ്നം. സ്വപ്നം കണ്ട ഉടനെ വൃദ്ധ ഉണര്‍ന്നു കണ്ണു തുറന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു ദേവി എഴുന്നള്ളി അരുളിച്ചെയ്തതുതന്നെയാണെന്നു വിശ്വസിച്ചുകൊണ്ട് കോതയമ്മ ഈ വിവരം കൊച്ചയ്യപ്പന്‍ മുഖാന്തിരം അതിരാവിലെ പള്ളീയില്‍ മേനോന്‍ മുതലായവരെ അറിയിച്ചു. കോതയമ്മയുടെവാക്കു ഒരിക്കലും തെറ്റിപ്പോകയില്ലന്നുള്ള വിശ്വാസമെല്ലാവര്‍ക്കുമുണ്ടായിരുന്നതിനാല്‍ പള്ളിയില്‍ മേനോന്‍ മുതലായ ചില പ്രധാനന്മാര്‍ വെള്ളത്തില്‍ മുങ്ങിത്തപ്പാന്‍ പരിചയവും സാമര്‍ത്ഥ്യവുമുള്ള ചിലരോടു കൂടി ഉടനെ വള്ളത്തില്‍ കയറി ആ കയത്തിലേയ്ക്കു പോയി. അവിടെ ചെന്നപ്പോള്‍ ഒരു സ്ഥലത്തു സംഖ്യയില്ലാതെ പാലയ്ക്കാ വെള്ളത്തിനടിയില്‍ നിന്നും പൊങ്ങി വരുന്നതായി കാണുകയും അവിടെ ചിലര്‍ മുങ്ങിത്തപ്പിയപ്പോള്‍ ബിംബം കണ്ടുകിട്ടുകയും അതെടുത്ത് കുന്നിന്മേല്‍ കൊണ്ടുവരികയും പിന്നെ ബിംബപരിഗ്രഹം മുതലായ സകലക്രിയകളും ചെയ്തു നിശ്ചിത മുഹൂര്‍ത്തത്തില്‍ തന്നെ ദേവിയുടേയും ശാസ്താവിന്റെയും പ്രതിഷ്ഠയും കലശവും നടത്തുകയും ചെയ്തു. അതോടുകൂടി അതികേമമായി ഉത്സവവും നടത്തി.
അക്കാലത്തു തെക്കുംകൂര്‍ രാജാവും തന്ത്രിയും പള്ളിയില്‍ മേനോന്‍ മുതലായവരും കൂടി ക്ഷേത്രത്തില്‍ ഉത്സവം മുതലായ ആട്ടവിശേഷങ്ങള്‍, മാസവിശേഷങ്ങള്‍, നിത്യനിദാനം മുതലായവയ്ക്കു പടിത്തരം നിശ്ചയിക്കുകയും അവയ്ക്കെല്ലാം വകവച്ചു ധാരാളം വസ്തുക്കള്‍ ദേവസ്വം പേരില്‍ പതിയ്ക്കുകയും ചെയ്തു. അതിനാല്‍ ആ ഭഗവതി ദേവസ്വം ഏറ്റവും ധനപുഷ്ഠിയുള്ളതായി തീര്‍ന്നു. അവിടെ പ്രാധാന്യവും ദേവിയ്ക്ക് തന്നെ സിദ്ധിച്ചു. ശാസ്താവിന് അവിടെ ഒരു ഉപദേവന്റെ സ്ഥാനം മാത്രമെ സിദ്ധിച്ചുള്ളു. എങ്കിലും ദേവിയ്ക്ക് ഇതുകൊണ്ടൊന്നും നല്ല തൃപ്തിയായില്ല. പടിത്തരം നിശ്ചയിച്ച ദിവസം രാത്രിയില്‍തെക്കുംകൂര്‍ രാജാവിനുഒരു സ്വപ്നമുണ്ടായി.സര്‍വാംഗസുന്ദരിയായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന്, "ഇതൊന്നുകൊണ്ടും എനിക്കു തൃപ്തിയായിട്ടില്ല, എനിക്കു തൃപ്തിയാകണമെങ്കില്‍ എന്റെ കോതയമ്മയ്ക്കു കൂടി എന്തെങ്കിലും കൊടുക്കണം. കോതയമ്മ സന്തോഷിച്ചാല്‍ ഞാനും സന്തോഷിക്കും" എന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം. ആ സമയത്തു തന്നെ ഇപ്രകാരമൊരുസ്വപ്നം പള്ളിയില്‍ മേനോനുമുണ്ടായി. നേരം വെളുത്തയുടനെ പള്ളിയില്‍ മേനോന്‍ രാജസന്നിധിയിലെത്തി തനിയ്ക്കുണ്ടായ സ്വപ്നത്തിന്റെ വിവരം അറിയിച്ചു. തനിക്കും ഇപ്രകാരമൊരു സ്വപ്നമുണ്ടായി എന്നു രാജാവും പറഞ്ഞു. ഉടനെ രണ്ടുപേരും കൂടി ആളയച്ചു കണിയാന്‍ പറമ്പില്‍ കണിയാനെ വരുത്തി പ്രശ്നം വയ്പ്പിച്ചു നോക്കിച്ചു. അപ്പോള്‍ ഈ ഉണ്ടായിട്ടുള്ളതു ദേവിയുടെ ദര്‍ശനം തന്നെയാണന്നും കോതയമ്മ യ്ക്കു കൂടി എന്തെങ്കിലും ശരിയായിട്ടു കൊടുത്തില്ലങ്കില്‍ ദേവിയുടെ കോപവും തന്നിമിത്തം അനേകം അനര്‍ഥങ്ങളുണ്ടായിത്തീരുമെന്നും കണിയാന്‍ വിധിച്ചു.
അതിനാല്‍ കോതയമ്മയുടെ പേരില്‍ ഏതാനും പുഞ്ചനിലം ഇനാമായിപതിച്ചു കൊടുത്തതു കൂടാതെ അവരുടെ സഹോദരനായ കൊച്ചയ്യപ്പനെ ദേവസ്വത്തില്‍ മാറാച്ചന്തിരമായി നിയമിക്കുകയും ചെയ്തു. കോതയമ്മയുടെ പേരില്‍ പതിച്ചു കൊടുത്ത നിലത്തിനു 'കോത നേടിയ നിലം' എന്നാണു പറഞ്ഞു വന്നിരുന്നത്. അതു കാലക്രമേണ ലോപിച്ചു കോതാടിനിലമെന്നായിത്തീര്‍ന്നു. ആ നിലം ഏതാനും കൊല്ലങ്ങള്‍ക്കു മുന്‍പ് (1070-ആമാണ്ട്) വരെ കണ്ണാട്ടു വീട്ടുകാരുടെ കൈവശാനുഭത്തില്‍ തന്നെ ഇരുന്നിരുന്നു. പിന്നീട് അവര്‍ എഴുതി വിറ്റു കളഞ്ഞതിനാല്‍ അന്യാധീനപ്പെട്ടുപോയി. എങ്കിലും ആ നിലത്തിനു കോതാടിനിലം എന്നു തന്നെയാണു പറഞ്ഞു വരുന്നത്. ആ വീട്ടുകാര്‍ക്കു ദേവസ്വത്തില്‍ 1030- ാമാണ്ടുവരെ മാറാച്ചന്തിരവുമുണ്ടായിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ അതും മാറിപ്പോയി. എങ്കിലും ആ വീട്ടുകാര്‍ക്കു പ്രതിവര്‍ഷം 72 പറ നെല്ലുവീതം ഗവണ്‍മെന്റില്‍ നിന്നു ഇനാമായി ഇപ്പോഴും കൊടുത്തുവരുന്നുണ്ട്.
കോതയമ്മയ്ക്കു ഇനാമായി നിലം പതിച്ചു കൊടുത്ത കാലത്തു കണിയാന്‍ പറമ്പില്‍ കണിയാനും ചില വസ്തുക്കള്‍ പതിച്ചു കൊടുത്തിരുന്നു. വിശേഷിച്ചു അവരുടെ തറവാട്ടിലേയ്ക്ക് മെച്ചര് എന്നൊരു സ്ഥനപ്പേരുകൂടി തെക്കുംകൂര്‍ രാജാവ് കല്പിചു കൊടുത്തു. വസ്തുക്കളെല്ലാം അവര്‍ ഓരൊ കാലത്തായി എഴുതി വിറ്റു കളഞ്ഞതിനാല്‍ ഇപ്പോള്‍ അവര്‍ക്കു കുടിപാര്‍ക്കുന്ന പുരയിടവും മെച്ചെര് എന്നുള്ള സ്ഥാനപ്പേരും മാത്രമേയുള്ളു. എങ്കിലും ദേവിയുടെ ശാപം അവര്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. കോതയമ്മയും ദേവിയും തമ്മില്‍ ആറ്റുകടവില്‍ വച്ചുണ്ടായ സംഭാഷണം മറഞ്ഞു നിന്നു കേട്ട കണിയാന്‍ ആ വര്‍ത്തമാനം അപ്പോള്‍ തന്നെ സ്വകാര്യമായി അവന്റെ ഭാര്യയോടു പറഞ്ഞു. അതിനാല്‍ അവന്റെ കുടുംബത്തിലുണ്ടാകുന്ന പുരുഷന്മാര്‍ പൊട്ടനോ ചട്ടനോ ആയിരിക്കുമെന്നുള്ള ദേവിയുടെ ശാപത്തിനു ഇപ്പോഴും വ്യത്യാസം വന്നിട്ടില്ല.
പ്രസ്തുത ഭഗവതിക്ഷേത്രത്തില്‍ ആദ്യകാലം മുതല്‍ക്കു തന്നെ തെക്കുംകൂര്‍ രാജാവിനു നാമമാത്രമായി ഒരു മേലാഴ്മ സ്ഥാനം ഉണ്ടായിരുന്നുവെങ്കിലും അവിടെ സകല കൈകാര്യകര്‍ത്തൃത്വവും കരക്കാര്‍ക്കു തന്നെയായിരുന്നു. തെക്കുംകൂര്‍ രാജ്യം തിരുവതാംകൂറില്‍ ചേര്‍ന്നിട്ടുംവളരെക്കാലത്തേയ്ക്കു ആ ദേവസ്വം കരക്കാരുടെ കൈവശത്തില്‍ തന്നെ ഇരുന്നിരുന്നു. കൊല്ലം 987-ാമാണ്ട് ഈ ദേവസ്വം തിരുവിതാംകൂര്‍ സര്‍ക്കാരില്‍ ചേര്‍ക്കുകയും അതോടുകൂടി കരക്കാരുടെ അധികാരങ്ങളെല്ലാംവിട്ടു പോവുകയും ചെയ്തു. എങ്കിലും ആ ദേശക്കാര്‍ ആ ദേവിയെ ഇപ്പോഴും തങ്ങളുടെ പരദേവതയായിത്തന്നെ ആദരിക്കു കയും ആചരിക്കുകയും ചെയ്തുവരുന്നുണ്ട്. മൂവ്വായിരപ്പറനിലവും അസംഖ്യം പുരയിടങ്ങളും തനതു പേരില്‍ തന്നെ ഉണ്ടായിരുന്ന ഈ ദേവസ്വം സര്‍ക്കാരില്‍ ചേര്‍ത്തപ്പോള്‍ അന്നു ബ്രിട്ടീഷ് റസിഡണ്ടും തിരുവതാംകൂര്‍ ദിവാനുമായിരുന്ന മണ്‍ട്രോ സായിപ്പവര്‍കള്‍ ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് മുന്‍പു നിശ്ചയിച്ചിരുന്ന പതിവുകളെല്ലാം കുറച്ചു കളഞ്ഞതിനാല്‍അവിടെ ഉത്സവാദികള്‍ക്ക് മുതല്‍ ഒട്ടും മതിയാകാതെയായിത്തീര്‍ന്നു. ഈയിടെ ഉണ്ടായ ദേവസ്വം പരിഷ്ക്കാരത്തോടു കൂടി ആ മതിയായ്ക പരമകാഷ്ഠയെ പ്രാപിക്കുകയും ചെയ്തു. എങ്കിലും ആ ദേശക്കാര്‍ക്കു ക്ഷേത്രകാര്യങ്ങളിലുള്ള പ്രതിപത്തിയും ശ്രദ്ധയും ഒട്ടും കുറഞ്ഞു പോയിട്ടില്ലാത്തതിനാല്‍ അവിടെ വേണ്ടുന്ന കാര്യങ്ങളെല്ലാം ഇപ്പോഴും ഭംഗിയായിത്തന്നെ നടന്നു പോരുന്നുണ്ട്. ക്ഷേത്രകാര്യങ്ങള്‍ക്കായി ദേശക്കാര്‍ ഏതാനും പണം ശേഖരിച്ചിട്ടുള്ളതിനാല്‍ സര്‍ക്കാരില്‍ നിന്നുപതിവുള്ളതു കഴിച്ചു പോരാത്തതിനു ദേശക്കാരുടെ ആ പണത്തിന്റെ പലിശയില്‍ നിന്നുകൂടി ചെലവു ചെയ്താണു അവിടെ അവര്‍ ഉത്സവം മുതലായവ നടത്തിപ്പോരുന്നത്. കരക്കാര്‍ വിശേഷാല്‍ ചില തിരുവാഭരണങ്ങളും മറ്റും കൂടി ഉണ്ടാക്കിച്ചിട്ടുണ്ട്. അവയെല്ലാം കരക്കാരുടെ കൈവശം തന്നെയാണു ഇപ്പോഴും ഇരിക്കുന്നത്. ഉത്സവകാലത്തും മറ്റു വിശേഷങ്ങളിലും ഉപയോഗിക്കുന്നതിനായി അവര്‍ അവ എടുത്തു കൊടുക്കുകയും അടിയന്തിരം കഴിഞ്ഞാല്‍ തിരിയെ വാങ്ങിവെച്ചു സൂക്ഷിക്കുകയും ചെയ്തു വരുന്നു. അവയൊന്നും അവര്‍ സര്‍ക്കാരിലേയ്ക്കു വിട്ടു കൊടുത്തില്ല.
കിളിരൂര്‍ കുന്നിന്മേല്‍ ദേവീപ്രതിഷ്ഠ കഴിഞ്ഞിട്ട് ആദ്യമായി നടന ഉല്‍സവം മീനമാസത്തില്‍ രോഹിണി കൊടിയേറ്റും പൂരം ആറാട്ടുമായിട്ടായിരുന്നു. അങ്ങനെതന്നെ ഇപ്പോഴും നടന്നുവരുന്നു. മീനമാസത്തില്‍ കാര്‍ത്തിക ഭഗവതിയുടെ തിരുനാളെന്നു സങ്കല്പിച്ച് ആ ദിവസത്തെയും ഒരുല്‍സവംപോലെതന്നെ ആഘോഷപൂര്‍വം കൊണ്ടാടിവരുന്നുണ്ട്. അതും ദേശക്കാര്‍കൂടി പണം ചെലവുചെയ്താണ് നടത്തിവരുന്നത്. സര്‍ക്കാര്‍ ക്ഷേത്രത്തില്‍ ദേശക്കാരുടെ സഹകരണം ഇതുപോലെ മറ്റെങ്ങുമുണ്ടെന്നു തോന്നുന്നില്ല. ഈ ക്ഷേത്രത്തില്‍ 1022)മാണ്ടു മണ്ഡപത്തിനുംചെമ്പിടുവിച്ചതു ശ്രീകോവിലിനും1060-ാമാണ്ടുദേശക്കാര്‍ തന്നെയാണ്. അടുത്തകാലത്ത് അഗ്നിബാധയാല്‍ നഷ്ടപ്പെട്ടു പോയ ശ്രീകോവില്‍ സര്‍ക്കാരനുവാദപ്രകാരം വീണ്ടും പണികഴിച്ചു ചെമ്പിടുവിക്കാന്‍ ഉല്‍സാഹിച്ചുവരുന്നതും ഈ ദേശക്കാര്‍ തന്നെ. ഇതെല്ലാം ആ ദേശക്കാര്‍ക്കു ദേവിയെക്കുറിച്ചുള്ള ഭക്തികൊണ്ടു മാത്രമല്ല; ഭയംകൊണ്ടു കൂടിയാണ്. ആ ദേവിയുടെ ചൈതന്യവും മാഹാത്മ്യവും അത്രയ്ക്കുമാത്രമുണ്ട്. അതിലേക്കു ചില ദൃഷ്ടാന്തങ്ങള്‍കൂടി പറയാം.
കിളിരൂര്‍ ദേശത്തില്‍ ആര്‍ക്കും കാര്‍ത്ത്യായനിയെന്നു പേരിടുകയും പാലയ്ക്കാ മോതിരം കെട്ടിക്കയുമരുതെന്നു ദേവി മുന്‍പേതന്നെ അരുളിച്ചെയ്തിരുന്നല്ലോ. ആ രണ്ടു കൂട്ടവും ഇപ്പോഴും ആ ദേശത്തു പതിവില്ല. ആ ദേശത്തുള്ള പുരുഷന്മാര്‍ സംബന്ധം ചെയ്തോ മറ്റോ കാര്‍ത്ത്യായനി എന്നു പേരായ സ്ത്രീകളെ അന്യദേശത്തുനിന്ന് അവിടെ ക്കൊണ്ടുവന്നു താമസിപ്പിച്ചാലും സുഖമായി അധികദിവസം താമസിക്കാനിടയില്ല എന്തെങ്കിലും കാരണവശാല്‍ ആ സ്ത്രീകള്‍ പെട്ടെന്ന് ആ ദിക്കു വിട്ടു പോകേണ്ടതായി വരും. ഇത് ഇപ്പോഴും കണ്ടുവരുന്ന ഒരു സംഗതിയാണ്.
പണ്ടൊരിക്കല്‍ ചെങ്ങളം എന്ന ദേശത്ത് ഒരു വീട്ടില്‍ സ്ത്രീ സന്താനമില്ലാതെയിരുന്നതിനാല്‍ "ഒരു പെണ്‍കുട്ടിയുണ്ടായാല്‍ ആ കുട്ടിയെ കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതിയുടെ നടയില്‍ കൊണ്ടുപോയി ചോറു കൊടുത്തേക്കാം" എന്ന് ആ വീട്ടുകാര്‍ നിശ്ചയിച്ചു. അനന്തരം അധികം താമസിയാതെ ആ വീട്ടില്‍ ഒരു സ്ത്രീ ഗര്‍ഭം ധരിക്കുകയും യഥാകാലം ഒരു പെണ്‍കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ആ വീട്ടുകാര്‍ അത്യന്തം സന്തോഷിച്ച് ആറാം മാസത്തില്‍ ചോറു കൊടുക്കുന്നതിനായി കുട്ടിയേയുംകൊണ്ട് കിളിരൂര്‍ കുന്നിന്മേലെത്തി ചില വഴിപാടുകള്‍ നടത്തി, ചോറു കൊടുക്കുന്നതിനായി ആഭരണങ്ങളുമണിയിച്ചു. കുട്ടി കണ്ണു തുറക്കുകയോ മുല കുടിക്കുകയോ ചെയ്യാതെ വെയിലത്തിട്ട താളുപോലെ വാടിത്തളര്‍ന്നു കിടക്കുന്നതു കണ്ടു കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമല്ല, ദേവീദര്‍ശനത്തിനായി അവിടെ കൂടിയിരുന്ന അന്യജനങ്ങള്‍ പോലും അത്യന്തം വിഷണ്ണരായിത്തീര്‍ന്നു. ഉടനെ ഒരു ദൈവജ്ഞനെ വരുത്തി പ്രശ്നംവെയ്പിച്ചുനോക്കുകയും കുട്ടിയുടെ അസ്വാസ്ഥ്യത്തിന്റെ കാരണം, അതിനെ പാലയ്ക്കാമോതിരം കെട്ടിച്ചു നടയില്‍ കൊണ്ടു വന്നതാണെന്നും ആ മോതിരമഴിച്ചു നടയ്ക്കുവെച്ചാല്‍ കുട്ടിയ്ക്കു സുഖമാകുമെന്നും പ്രശ്നക്കാരന്‍ വിധിക്കുകയും കുട്ടിയുടെ ഉടമസ്ഥന്മാര്‍ ആ മോതിരമഴിച്ചു നടയ്ക്കുവെക്കുകയും ഉടനെ കുട്ടിക്കു സുഖമാകയാല്‍ ചോറു കൊടുത്തു കൊണ്ടുപോവുകയും ചെയ്തു. ആ പാലയ്ക്കാ മോതിരം മറ്റുള്ള തിരുവാഭരണങ്ങളുടെ കൂട്ടത്തില്‍ കരക്കാരുടെ കൈവശം ഇപ്പോഴുമവിടെ ഇരിക്കുന്നുണ്ട്. അത് അവിടെ ഉത്സവകാലങ്ങളിലും മറ്റും എഴുന്നള്ളിപ്പിന് അങ്കിയില്‍ ചാര്‍ത്തുകയാണ് ചെയ്തുവരുന്നത്.
വൈക്കത്തു കോട്ടയംമുഖം സന്ധ്യവേലയ്ക്കു വേണ്ടുന്ന അരി, കറിക്കോപ്പുകള്‍ മുതലായ സാമാനങ്ങളെല്ലാം കോട്ടയം പാര്‍വത്യക്കാരന്‍ ശേഖരിച്ച്, വള്ളങ്ങളിലാക്കി വൈക്കത്തു കൊണ്ടുപോയി സന്ധ്യവേല നടത്തുകയായിരുന്നു മുന്‍കാലങ്ങളില്‍ പതിവ്. സാമാനങ്ങളെല്ലാം വള്ള ങ്ങളിലാക്കി വൈക്കത്തേക്കു പുറപ്പെടുന്ന ദിവസം പാര്‍വത്യക്കാരന്‍ മുതലായവരുടെ വകയായി കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതിക്ക് ഒരു ചരക്കിലട വഴിപാടു നടത്തുകയും പതിവായിരുന്നു. സര്‍ക്കാര്‍വക കോട്ടയം താലൂക്കു വക അടിയന്തിരങ്ങള്‍ക്കുള്ള സാമാനങ്ങള്‍ക്കെല്ലാം കുത്തകയേര്‍പ്പാടായപ്പോള്‍ സന്ധ്യവേലയ്ക്കുള്ള സാമാനങ്ങള്‍ പാര്‍വത്യക്കാരന്മാര്‍ ശേഖരിച്ചു കൊണ്ടുപോവുകയെന്നുള്ള പതിവുനിന്നുപോയി. അതോടുകൂടി കുന്നിന്മേല്‍ ഭഗവതിക്കു പതിവുണ്ടായിരുന്ന അടവഴിപാടും നിറുത്തലാക്കി. അപ്പോള്‍ വൈക്കത്തു ചില ദുര്‍ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. സന്ധ്യവേലസ്സദ്യയ്ക്കുള്ള പ്രഥമനില്‍ അട്ട വീഴുക, കാളനില്‍ ഗൗളി വീഴുക മുതലായ ദുര്‍ലക്ഷണങ്ങള്‍ പതിവായി കണ്ടു തുടങ്ങിയപ്പോള്‍ അതിന്റെ കാരണമറിയുന്നതിനായി പ്രശ്നംവെയ്പിച്ചു നോക്കിച്ചു. അപ്പോള്‍ ഈ അമംഗളങ്ങള്‍ കാണുന്നതിന്റെ കാരണം കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതിക്കു പതിവുള്ള വഴിപാടു നടത്താത്തതുകൊണ്ടു വൈക്കത്തപ്പനുണ്ടായിട്ടുള്ള വിരോധമാണെന്നും "എന്റെ കാര്‍ത്ത്യായനിക്കു പതിവുള്ളതു കൊടുക്കാതെ എനിക്കു പതിവുള്ളതുഞാന്‍ സ്വീകരിക്കുകയില" എന്നാണ് വൈക്കത്തപ്പന്റെ ഭാവമെന്നും പ്രശ്നക്കാരന്‍ വിധിച്ചു. അതിനെസ്സംബന്ധിച്ചും എഴുത്തുകുത്തുകള്‍ നടത്തുകയാല്‍ സര്‍ക്കാര്‍ വകയായി ആ വഴിപാടു നടത്തിക്കൊള്ളുന്നതിന് ഗവണ്‍മെന്റ് അനുവദിച്ചു. പണ്ടത്തെപ്പോലെയൊന്നുമല്ലെങ്കിലും സന്ധ്യവേല വകയായി ആ വഴിപാടു നാമമാത്രമായിട്ടെങ്കിലും ഇപ്പോഴും നടക്കുന്നുണ്ട്.
ഇനി ഇവിടെ ദേവിക്ക് അടവഴിപാട് പ്രധാനമായിത്തീര്‍ന്നതിന്റെ കാരണം കൂടി പറയാം. ദേവിയുടെ ബിംബത്തിനു പ്രാണപ്രതിഷ്ഠ കഴിച്ചദിവസം തന്ത്രിനമ്പൂരിപ്പാട്ടിലേക്ക് എന്തോ അത്താഴമില്ലാത്ത ദിവസമായിരുന്നു. അതിനാല്‍ പലഹാരത്തിന് അരിപൊടിച്ചു കൊണ്ടുചെന്നു കൊടുക്കണമെന്ന് ശാന്തിക്കാരന്‍ കഴകക്കാരോടു പറഞ്ഞു. കഴകക്കാര്‍ ഇരുനാഴി ഉണക്കലരിയാണ് പൊടിച്ചു കൊണ്ടുചെന്നു കൊടുത്തത്. അതിനാല്‍ ശാന്തിക്കാരന്‍ അതിനു ചേരുന്ന ശര്‍ക്കരയും നാളികേരവും ചേര്‍ത്തുണ്ടാക്കിയ വല്‍സന്‍ (അട) ആയിരുന്നു തന്ത്രിക്കു കൊടുത്തത്. അതു കണ്ടിട്ടു തന്ത്രിനമ്പൂരിപ്പാട് "വല്‍സനാണോ പലഹാരം? എന്നാല്‍ അതു നിവേദിച്ചിട്ടു വേണം തിന്നാന്‍. ബിംബത്തിനു പ്രാണപ്രതിഷ്ഠ കഴിഞ്ഞിരിക്കുന്നതിനാല്‍ ഇപ്പോള്‍ എന്തെങ്കിലും നിവേദിക്കണമല്ലോ. അതിന് ഇതു തന്നെആയിക്കളയാം" എന്നു പറഞ്ഞ് ആവല്‍സനെടുത്തുവെച്ച് അദ്ദേഹംതന്നെ നിവേദ്യം കഴിച്ചു. അന്നു രാത്രിയില്‍ നമ്പൂരിപ്പാട്ടിലേക്കു ദേവിയുടെ ദര്‍ശനമുണ്ടായി. "വല്‍സന്‍ നിവേദ്യം എനിക്കു വളരെ തൃപ്തികരമായിരിക്കുന്നു. പതിവായി അത്താഴപ്പൂജയോടുകൂടി നിവേദിക്കുന്നതിന് ഏര്‍പ്പാടുചെയ്യണം" എന്നു ദേവി അരുളിച്ചെയ്തതായിട്ടാണ് നമ്പൂരിപ്പാട്ടിലേക്കു ദര്‍ശനമുണ്ടായത്. ഇങ്ങനെ ദര്‍ശനമുണ്ടായ വിവരം പിറ്റേ ദിവസം തന്ത്രി നമ്പൂരിപ്പാട് രാജാവിന്റെ അടുക്കലും പള്ളിയില്‍മേനോന്‍ മുതലായവരോടും പറഞ്ഞു. അവര്‍ പ്രശ്നം വെയ്പ്പിച്ചുനോക്കിയതില്‍ അതു ദേവിയുടെ അരുളപ്പാടുതന്നെ യാണെന്നു പ്രശ്നക്കാരന്‍ വിധിക്കുകയും ചെയ്തു. അതിനാല്‍ പ്രതിദിനം അത്താഴപൂജയ്ക്ക് ഇരുനാഴിയരിയുടെ വല്‍സന്‍കൂടി പടിത്തരക്കണക്കില്‍ എഴുത്തിച്ചേര്‍ത്തു. അതു പതിവായിത്തീരുകയും ചെയ്തു. അതിപ്പോഴും നടന്നുവരുന്നുണ്ട്. അടവഴിപാടു ദേവിക്കു പ്രീതികരമാണെന്ന് അറിയുകയാല്‍ ഓരോരുത്തര്‍ ഓരോ കാര്യങ്ങള്‍ സാധിക്കുന്നതിനായി യഥാശക്തി മൂന്നേകാലിടങ്ങഴി അരികൊണ്ടും ആറേകാലിടങ്ങഴി അരികൊണ്ടും പന്ത്രണ്ടേകാലിടങ്ങഴി അരികൊണ്ടും ഇരുപത്തഞ്ചേകാലിടങ്ങഴി അരി കൊണ്ടും മറ്റും അടവഴിപാടുപ്രാര്‍ത്ഥിച്ചുതുടങ്ങുകയും എല്ലാവര്‍ക്കും കാര്യങ്ങള്‍ സാധിച്ചു തുടങ്ങുകയും ചെയ്തു. അങ്ങനെ അടവഴിപാട് അവിടെ നടപ്പാവുകയും അതിനു പ്രാധാന്യം സിദ്ധിക്കുകയും ചെയ്തു. പന്ത്രണ്ടേകാലിടങ്ങഴി അരികൊണ്ടുള്ളതിനു "പന്തിരുനാഴിയട" എന്നാണ് പറഞ്ഞുവരുന്നത്. അതില്‍ക്കുറഞ്ഞതിന് അരപ്പന്തിരുനാഴി, കാല്‍പ്പന്തിരു നാഴി എന്നും യഥാക്രമം പേര്‍ പറയുന്നു. ഇരുപത്തഞ്ചേകാലിടങ്ങഴി അരികൊണ്ടുള്ള അട വലിയ ചരക്കില്‍ (വാര്‍പ്പില്‍) അല്ലാതെ ഉണ്ടാക്കാന്‍ പാടില്ല. അതിനാല്‍ അതിനു "ചരക്കിലട" എന്നും പേര്‍ പറഞ്ഞുവരുന്നു. ചരക്കിലടയ്ക്കു നൂറ്റൊന്നു നാഴി അരി, നൂറ്റൊന്നു നാളികേരം, നൂറ്റൊന്നു കദളിപ്പഴം, മൂന്നു തുലാം ശര്‍ക്കര, മുന്നാഴി നെയ്യ് ഇങ്ങനെയാണ് പതിവ്. പന്തിരുനാഴിയട മുതലായവയ്ക്കും ഈ കണക്കനുസരിച്ചു വീതപ്രകാരമുള്ള നാളികേരം, ശര്‍ക്കര മുതലായവ ചേര്‍ക്കണം. കദളിപ്പഴം കിട്ടാതെ വന്നാല്‍ അതിനു പകരം നേന്ത്രപ്പഴവും വരിക്കച്ചക്കപ്പഴവും ചേര്‍ക്കാറുണ്ട്. അടവഴിപാടുണ്ടായാല്‍ സമീപസ്ഥന്മാരായ ആബാലവൃദ്ധം അനേകം ജനങ്ങള്‍ ആ ക്ഷേത്രസന്നിധിയില്‍ വന്നുകൂടുക പതിവാണ്. ഇത്രയിടങ്ങഴി അരികൊണ്ട് അടയുണ്ടായാല്‍ ബ്രഹ്മസ്വമായും ശാന്തിക്കാരന്‍, കശക്കാരന്‍, തേങ്ങാപ്പണിക്കാരന്‍, പള്ളിയില്‍ മേനോന്‍, വെട്ടിക്കുളങ്ങരക്കയ്മള്‍, പാത്രം തേപ്പുകാരന്‍, ഇലയും വിറകും കൊടുക്കുന്നയാള്‍ മുതലായവര്‍ക്ക് ഇത്ര ഇത്ര അടവീതം കൊടുക്കണമെന്നു കണക്കുണ്ട്. അതൊക്കെ കഴിഞ്ഞാല്‍ ഉള്ളതിന്റെ അവസ്ഥപോലെ ഒന്നോ രണ്ടോ അടവീതം അവിടെ വന്നുകൂടുന്നവര്‍ക്കെല്ലാവര്‍ക്കും കൊടുക്കണമെന്നു നിര്‍ബന്ധമാണ്. അതുപോലെ ഒരു ഭാഗം വഴിപാടു നടത്തുന്ന ആള്‍ക്കുമുണ്ട്. അതു കൊടുത്തില്ലെങ്കിലും വെറുതെ വരുന്നവര്‍ക്കു കൊടുക്കാതെയിരിക്കാന്‍ പാടില്ല. അവര്‍ക്കു കൊടുക്കാതെയിരുന്നാല്‍ ആ വഴിപാടുകൊണ്ട് യാതൊരു ഫലവുമുണ്ടാവുകയില്ലെന്നു മാത്രമല്ല, ദേവിയുടെ വിരോധമുണ്ടാവുകയും ചെയ്യും. ഇതിനു ദൃഷ്ടാന്തമായി പല സംഗതികളുമുണ്ടായിട്ടുണ്ട്. അവയില്‍ ഒന്നു മാത്രം പ്രസ്താവിച്ചുകൊള്ളുന്നു.
ഒരാണ്ടില്‍ വൈക്കത്തു സന്ധ്യവേലയ്ക്കു സാമാനങ്ങളെല്ലാം ശേഖരിച്ചു വള്ളത്തിലാക്കിക്കൊണ്ടുപോയ പാര്‍വത്യക്കാരന്‍, പതിവുള്ള ചരക്കിലട കഴിച്ചിട്ടു ശാന്തിക്കാരന്‍ മുതലായ അനുഭവക്കാര്‍ക്കുമാത്രം പതിവുള്ളതു കൊടുത്തതിന്റെ ശേഷം പിന്നെയുണ്ടായിരുന്ന അടയെല്ലാം വാങ്ങി ഭാണ്ഡംകെട്ടിക്കൊണ്ടുപോയി. ഉടനെ വൈക്കത്തിനു യാത്രയാവുകയും ചെയ്തു. അട കിട്ടുമെന്നാഗ്രഹിച്ചു വന്നവരെല്ലാം ഇച്ഛാഭംഗത്തോടുകൂടി തിരികെപ്പോയി. ചില കുട്ടികള്‍ ഉറക്കെ കരഞ്ഞുകൊണ്ടാണ് മടങ്ങിയത്. അതു കണ്ടിട്ട് ചിലര്‍, "ഇതു ഭഗവതി സഹിക്കുമെന്നു തോന്നുന്നില്ല. എന്തെല്ലാമാപത്തുകള്‍ വന്നുകൂടുമോ എന്തോ" എന്നു പറഞ്ഞുകൊണ്ടാണ് മടങ്ങിപ്പോയത്. കാര്യം അങ്ങനെതന്നെ പറ്റുകയും ചെയ്തു.
പാര്‍വത്യക്കാരന്‍ മുതലായവര്‍ വേമ്പനാട്ടുകായലില്‍ എത്തിയപ്പോഴേക്കും അതികലശലായി കാറ്റും മഴയും തുടങ്ങി. കായലില്‍ ഓളങ്ങള്‍ പെരുകി വള്ളങ്ങളില്‍ വെള്ളം അടിച്ചുകയറി. വള്ളം മുങ്ങുമെന്ന ദിക്കായി. പാര്‍വത്യക്കാരന്‍ മുതലായവര്‍ക്കു പരിഭ്രമവും കലശലായി. പ്രാണഭീതി നിമിത്തം ചിലര്‍ നിലവിളിയും തുടങ്ങി. അപ്പോള്‍ പഴമപരിചയമുള്ളവരായി വള്ളത്തിലുണ്ടായിരുന്നവരില്‍ ചിലര്‍, "അവിടെ വന്നുകൂടിയവര്‍ക്കാരുക്കും അട കൊടുക്കാത്തത് ഭഗവതിക്കൊട്ടും രസിച്ചില്ല. ദേവിയുടെ വിരോധം കൊണ്ടുതന്നെയാണ് ഇപ്പോള്‍ ഈ കാറ്റും പിശറും വന്നു കൂടിയത്. എന്തെങ്കിലും ഒരു പ്രായച്ഛിത്തം ചെയ്യാമെന്നു നിശ്ചയിച്ചില്ലെങ്കില്‍ വള്ളങ്ങള്‍ മുങ്ങുകതന്നെ ചെയ്യും" എന്നു പറഞ്ഞു. അതു കേട്ടു പാര്‍വത്യക്കാരന്‍ "എന്നാല്‍ വൈക്കത്തു പോയി സന്ധ്യവേല കഴിഞ്ഞു തിരിച്ചെത്തിയാലുടനെ പ്രായശ്ചിത്തമായി ഒരു ചരക്കിലടകൂടി കഴിക്കുകയും അവിടെ വരുന്നവര്‍ക്കെല്ലാം ധാരാളമായി കൊടുക്കുകയും ചെയ്തേക്കാം. ഈ കാറ്റും പിശറും മാറട്ടെ" എന്നു പറഞ്ഞു. ഉടനെ കാറ്റും മഴയും മാറുകയാല്‍ കായല്‍ ശാന്തതയെ പ്രാപിക്കുകയും ചെയ്തു. സന്ധ്യവേല കഴിഞ്ഞു മടങ്ങിയെത്തിയ ഉടനെ പാര്‍വത്യക്കാരന്‍ നിശ്ചയിച്ചതുപോലെ പ്രായശ്ചിത്തവഴിപാടു നടത്തുകയും അന്നവിടെ ചെന്നുകൂടിയവര്‍ക്കെല്ലാം അട പതിവിലധികം കൊടുക്കുകയും ചെയ്തു. ദേവിയുടെ മാഹാത്മ്യത്തെ സംബന്ധിച്ച ഒന്നുരണ്ടു സംഗതികള്‍കൂടി പറഞ്ഞിട്ട് ഈ ലേഖനമവസാനി പ്പിക്കാമെന്നു വിചാരിക്കുന്നു.
1078-ാമാണ്ടു കുംഭമാസത്തില്‍കിളിരൂര്‍ദേശത്തുതന്നെയുള്ള "പുത്തന്‍മഠത്തില്‍ ശിവയ്യന്‍" എന്ന പരദേശബ്രാഹ്മണനു മസൂരികാ(വസൂരി) ദീനമുണ്ടായി. ദീനം ഏറ്റവും കടുത്ത വകയായിരുന്നു. അവിടെ ദീനരക്ഷയ്ക്കായിട്ടിരുന്നവരും ദീനം ചെന്നു കണ്ടവരായ അന്യന്മാരുമെല്ലാം ആ ബ്രാഹ്മണന്‍ കുളിക്കുന്ന കാര്യം അസാദ്ധ്യമാണെന്നുതന്നെ തീര്‍ച്ചപ്പെടുത്തി. താന്‍ ഇതിനാലെ മരിച്ചുപോകുമെന്നു രോഗിക്കും തോന്നി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രിയില്‍ ഒരാള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന്, "കുന്നിന്മേല്‍ ഭഗവതിക്കു പന്ത്രണ്ടു ചരക്കിലട കഴിച്ചേക്കാമെന്നു നിശ്ചയിക്കൂ. അങ്ങേക്കു കുളിച്ചുതൊഴാന്‍ സംഗതിയാകും" എന്നു പറഞ്ഞതായി തോന്നി. അദ്ദേഹം കണ്ണു തുറന്നു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. "എന്തോ വെറുതെ സ്വപ്നം കണ്ടതായിരിക്കും" എന്നു വിചാരിച്ച് അദ്ദേഹം പിന്നെയും കണ്ണടച്ചു കിടന്നു. അദ്ദേഹം മയങ്ങിത്തുടങ്ങിയപ്പോള്‍ പിന്നെയും യഥാപൂര്‍വ്വം ഒരാള്‍ അടുക്കല്‍ ചെന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. അങ്ങനെ മൂന്നു പ്രാവശ്യമുണ്ടായി. മൂന്നാം പ്രാവശ്യം അദ്ദേഹം കണ്ണു തുറന്നു നോക്കിയപ്പോള്‍ സര്‍വാംഗസുന്ദരിയായ ഒരു തരുണി ആ മുറിയില്‍നിന്ന് ഇറങ്ങിപ്പോകുന്നതായി അദ്ദേഹം കാണുകയും ചെയ്തു. അപ്പോള്‍ അത് ദേവിയുടെ അരുളപ്പാടുതന്നെയാണെന്ന് അദ്ദേഹത്തിനു തോന്നുകയും കുളിച്ചു തൊഴുന്ന ദിവസംതന്നെ പന്ത്രണ്ടു ചരക്കിലട കഴിച്ചേക്കാമെന്ന് അദ്ദേഹം നിശ്ചയിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതല്‍ ദീനത്തിന് ഇറക്കം തുടങ്ങി. ദീനമാരംഭിച്ചതിന്റെ ഇരുപത്തിരണ്ടാം ദിവസം അദ്ദേഹത്തെ കുളിപ്പിച്ചു. ഒരു വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ കുളിപ്പിച്ചത്. അടുത്ത ഞാറാഴ്ച അദ്ദേഹത്തെ കുന്നിന്മേല്‍ കൊണ്ടുപോയി തൊഴീക്കുകയും അന്നുതന്നെ പന്ത്രണ്ടു ചരക്കിലട കഴിക്കുകയും ചെയ്തു.
ഈ ദേശത്തുതന്നെ മറ്റൊരു മഠത്തില്‍ 1085-ാമാണ്ട് യുവാവായ ഒരു ബ്രാഹ്മണനു വസൂരിദീനമുണ്ടായി. ആ ദീനവും ഏറ്റവും കടുത്ത വകയായിരുന്നു. അദ്ദേഹവും ഈ ദീനത്താല്‍ മരിച്ചുപോകുമെന്ന് എല്ലാവരും തീര്‍ച്ചപ്പെടുത്തി. ആ ബ്രാഹ്മണന്റെ ഭാര്യയായ അമ്മ്യാര്‍ വ്യസനാക്രാന്തയായിട്ട്, " എന്റെ ഭര്‍ത്താവിനെ കുളിപ്പിച്ചു തൊഴീക്കാന്‍ സംഗതിയായാല്‍ തൊഴീക്കുന്ന ദിവസം എന്റെ കഴുത്തില്‍ പതിവായി കെട്ടിവരുന്ന പവന്‍മാല ഞാന്‍നടയ്ക്കു വെച്ചേക്കാം" എന്നു നിശ്ചയിച്ചു. ഇതു മറ്റാരോടും പറഞ്ഞില്ല. ബ്രാഹ്മണനു ക്രമേണ ദീനം ഭേദപ്പെട്ടുതുടങ്ങി. പതിനെട്ടാം ദിവസം അദ്ദേഹത്തെ കുളിപ്പിച്ചു. അപ്പോള്‍ അമ്മ്യാര്‍ക്കു വിചാരമായി: "അയ്യോ! എന്റെ പവന്‍മാല കൊടുക്കണമല്ലോ. അതു പ്രയാസവുമാണ്. ഇതില്‍നിന്ന് ഒരു പവന്‍ ഊരിയെടുത്തു നടയ്ക്കു വെച്ചേക്കാം. അതു മതി" എന്ന് ആലോചിച്ചു തീര്‍ച്ചപ്പെടുത്തി. ബ്രാഹ്മണനെ നടയില്‍കൊണ്ടുപോയി തൊഴീച്ച ദിവസം അമ്മ്യാരും കൂടെപ്പോ യിരുന്നു. അവര്‍ നിശ്ചയിച്ചതുപോലെ ഒരു പവന്‍ ഊരിയെടുത്തു നടയ്ക്കു വെച്ചു. ദീനമുണ്ടായ ബ്രാഹ്മണന്‍ ഉടന്‍ വിറയ്ക്കുവാന്‍ തുടങ്ങി. അതു ക്രമേണ വര്‍ദ്ധിച്ച് അദ്ദേഹത്തിനു കലികൊണ്ടതുപോലെയായിട്ടു വെളിച്ചപ്പാടന്മാര്‍ പറയുന്നതുപോലെ "കൊണ്ടുവാ, പവന്‍മാല അഴിച്ചുകൊണ്ടുവാ. അല്ലാതെ ഞാന്‍സമ്മതിക്കുകയില്ല" എന്നു വിളിച്ചു പറഞ്ഞുതുടങ്ങി. ഉടനെ ബ്രാഹ്മണന്റെ ഭാര്യ പവന്‍മാല അഴിച്ചു ബ്രാഹ്മണന്റെ കൈയില്‍ ക്കൊടുത്തു. അദ്ദേഹം അതു നടയ്ക്കു വെച്ചിട്ടു പള്ളിയില്‍ മേനോനെ വിളിച്ച് "ഇതെടുത്തുമറ്റുള്ള തിരുവാഭരണങ്ങളുടെകൂട്ടത്തില്‍ സൂക്ഷിച്ചുകൊള്ളണം. വിശേഷദിവസങ്ങളില്‍ അകത്തു കൊടുത്തു ബിംബത്തിന്മേല്‍ ചാര്‍ത്തിക്കണം" എന്നു പറയുകയും കലിയടങ്ങി ബ്രാഹ്മണന്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. ആ പവന്‍മാല ഇപ്പോഴും കരക്കാരുടെ കൈവശംതന്നെ ഇരിക്കുന്നു. വിശേഷദിവസ ങ്ങളില്‍ ദേവിയുടെ ബിംബത്തിന്മേല്‍ ചാര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ പവന്‍മാലയില്‍ ഒറ്റക്കുഴ വെച്ചതായ പതിനെട്ട് അരപ്പവനും ഒരു മുഴുപ്പവനുമാണുള്ളത്.
ഇങ്ങനെ പറയുകയാണെങ്കില്‍ കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതിയുടെ അത്ഭുതമാഹാത്മ്യങ്ങള്‍ ഇനിയും വളരെയുണ്ട്. വിസ്തരഭയത്താല്‍ അതിനായി തുനിയുന്നില്ല. ഈ ദേവിയുടെ പ്രതിഷ്ഠയെപ്പറ്റി ഒരു വിദ്വാന്‍ ഉണ്ടാക്കീട്ടുള്ളതായി കേട്ടിട്ടുള്ള ശ്ലോകംകൂടി താഴെ എഴുതിക്കൊള്ളുന്നു.
"കോളംബാബ്ദേ സുപൂജ്യേ ദിനകൃതിഝഷഗേ, കീരദേശാലയേസ്മിന്‍ മംഗല്യേ സന്മുഹൂര്‍ത്തേ നിജജനഹിതകൃല്‍ ബിംബിലീശോ മഹാത്മാ യസ്യാം ബിംബപ്രതിഷ്ഠാം ക്ഷിതിവിബുധവരൈഃ കാരയാമാസ ധീര സ്സാ ദേവീ ശൈലകന്യാ കലയത കുശലം സര്‍വദാ സര്‍വ്വഥാ നഃ"
ഈ ശ്ലോകം കൊണ്ട് ഇവിടെ ദേവീപ്രതിഷ്ഠ നടന്നതു കൊല്ലം ഒരുനൂറ്റിപതിനേഴാമാണ്ടു മീനമാസത്തിലാണെന്നും അതു നടത്തിച്ചതു തദ്ദേശവാസികളായ ജനങ്ങളുടെ ഇഷ്ടപ്രകാരം തെക്കുംകൂര്‍ രാജാവാണെന്നും സ്പഷ്ടമാകുന്നുണ്ടല്ലോ.