ഐതിഹ്യമാല/ശാസ്താംകോട്ടയും കുരങ്ങന്മാരും
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
< ഐതിഹ്യമാല(ഐതിഹ്യമാല/ശാസ്താംകോട്ടയും കുരങ്ങന്മാരും എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശാസ്താങ്കോട്ട തിരുവിതാംകൂറില്‍ കുന്നത്തുര്‍ താലുക്കിലുള്‍പ്പെട്ട ഒരു സ്ഥലമാണ്. ഈ സ്ഥലത്തിന് "ശാസ്താങ്കോട്ട" എന്നു പേരുണ്ടായതിന്റെ കാരണംതന്നെ ആദ്യമേ വിവരിക്കേണ്ടിയിരിക്കുന്നു. പന്തളത്തു രാജാക്കന്മാര്‍ പാണ്ഡ്യരാജവംശ്യന്മാരാണെന്നും അവരുടെ കുലപരദേവത ശബരിമല ശാസ്താവാണെന്നുമുള്ളതു സുപ്രസിദ്ധമാണല്ലോ. മുന്‍കാലങ്ങളില്‍ പന്തളത്തു രാജാക്കന്മാരെല്ലാവരും ആണ്ടിലൊരിക്കല്‍ ശബരിമലയില്‍പ്പോയി സ്വാമിദര്‍ശനം കഴിക്കുക പതിവുണ്ടായിരുന്നു. ഇപ്പോഴും അവരിലൊരാളെങ്കിലും ആണ്ടിലൊരിക്കല്‍ (മകരസംക്രാന്തിക്ക്) ശബരിമലയില്‍ച്ചെന്നു ദര്‍ശനം കഴിക്കണമെന്ന് ഏര്‍പ്പാടുണ്ട്.

പണ്ടൊരിക്കല്‍ ഒരു പന്തളത്തു രാജാവ് കായംകുളത്തു വന്ന് അവിടുത്തെ ഒരു രാജ്ഞിയെ ഭാര്യയായി സ്വീകരിക്കുകയും അവിടെ ത്തന്നെ താമസം തുടങ്ങുകയും ചെയ്തു. ആ രാജാവും രാജ്ഞിയും പരസ്പരാനുരാഗം നിമിത്തം പിരിഞ്ഞു താമസിക്കുവാന്‍ അശക്തരായിത്തീരുകയാല്‍ ആ രാജാവു പന്ത്രണ്ടു കൊല്ലത്തേക്കു പന്തളത്തു പോവുകയോ ശബരിമലയില്‍പ്പോയി സ്വാമിദര്‍ശനം കഴിക്കുകയോ ചെയ്യാതെ കായംകുളത്തുതന്നെ താമസിച്ചു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രിയില്‍ പന്തളത്തു രാജാവ് ഉറക്കത്തില്‍ "അയ്യോ! കടുവ വരുന്നേ, പുലി വരുന്നേ!" എന്നു പറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിച്ചു. അതുകേട്ടു രാജ്ഞി ഉണര്‍ന്നു പേടിച്ചു വിറച്ചുകൊണ്ട് എന്താണെന്നു ചോദിച്ചപ്പോള്‍ രാജാവ് "ഒന്നുമില്ല. ഒരു സ്വപ്നം കണ്ടു. അത്രയുള്ളൂ" എന്നു പറയുകയും വീണ്ടും ഉറങ്ങിത്തുടങ്ങുകയും ചെയ്തു. അപ്രകാരം പിറ്റേ ദിവസവുമുണ്ടായി. എന്നല്ല, അതു ദിവസംതോറും പതിവായിത്തീര്‍ന്നു. ഇതു നിമിത്തം പേടിച്ചിട്ടു രാജ്ഞിക്കു രാത്രിയില്‍ കിടന്നുറങ്ങുവാന്‍ നിവൃത്തിയില്ലാതെയായി. ഈ വിവരം കായംകുളത്തു രാജാവറികയും ഇതിന്റെ ശമനത്തിനായി പല മന്ത്രവാദങ്ങളും ചികിത്സകളും ഈശ്വരസേവാദികളും മറ്റും നടത്തിക്കുകയും ചെയ്തു. ഇതൊന്നുകൊണ്ടും പന്തളത്തു രാജാവിന്റെ സ്വപ്നദര്‍ശനത്തിനും നിലവിളിക്കും യാതൊരു ഭേദവുമുണ്ടായില്ല. പ്രത്യുത, അതു ക്രമേണ വര്‍ദ്ധിച്ച്, ദിവസം തോറും അഞ്ചുമാറും എട്ടും പത്തും പ്രാവശ്യം വീതമായിത്തീര്‍ന്നു. അപ്പോള്‍ രാജ്ഞിക്കു മാത്രമല്ല, രാജമന്ദിരത്തിലാര്‍ക്കും തന്നെ പേടിച്ചിട്ടു രാത്രിയില്‍ കിടന്നുറങ്ങുവാന്‍ നിവൃത്തിയില്ലാതെയായി. അതിനാല്‍ കായംകുളത്ത് രാജാവ് ഒരു ദിവസം തന്റെ ആവുത്തനായ പന്തളത്തു രാജാവിനെ അടുക്കല്‍ വരുത്തി "ഹേ! അങ്ങയുടെ കൂക്കുവിളിയും കോലാഹലവും കൊണ്ടു ഇവിടെയാര്‍ക്കും രാത്രികാലങ്ങളില്‍ കിടന്നുറങ്ങാന്‍ നിവൃത്തിയില്ലാതെയായല്ലോ. അവിടെക്കു ഭ്രാന്തുണ്ടോ? "കടുവാ വരുന്നു; പുലി വരുന്നു; കടുവാ പെറ്റു; പുലി പെറ്റു" ഇങ്ങനെ എന്തെല്ലം അസംബന്ധങ്ങളാണ് അവിടുന്നു പറയുന്നത്. ഈ സ്ഥിതിയില്‍ ഇനി ഇവിടെ താമസിക്കണമെന്നില്ല. പന്തളത്തുതന്നെ പോയി താമസിക്കാണം. ഈ ഉപദ്രവങ്ങളൊക്കെ മാറിയിട്ട് വന്നാല്‍ മതി" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ പന്തളത്തു രാജാവിന് അസാമാന്യമായ മനസ്താപമുണ്ടായി. ഒന്നാമത്, തന്റെ പ്രാണപ്രിയയായ രാജ്ഞിയെ വിട്ടു പിരിഞ്ഞു താമസിക്കുക എന്നുള്ള കാര്യം അദ്ദേഹത്തിനു പരമസങ്കടമായിട്ടുള്ളതായിരുന്നു. പിന്നെ കായംകുളത്തു രാജാവിന്റെ വാക്കു സ്വല്പം പുച്ഛരസത്തോടുകൂടിയും ആക്ഷേപമായിട്ടും എന്നാല്‍, ഒരു വിധം ശാസനയായിട്ടുമായിരുന്നു. എല്ലാംകൊണ്ടും പന്തളത്തു രാജാവ് അത്യന്തം വി‌ഷണ്ണനായിത്തീര്‍ന്നുവെന്നും പറഞ്ഞാല്‍ മതിയല്ലോ.

അന്നു രാത്രിയില്‍ പന്തളത്തു രാജാവിനു പതിവുള്ളതു കൂടാതെ വിശേ‌ഷാല്‍ ഒരു സ്വപ്നം കൂടിയുണ്ടായി. അതു ഒരു പരദേശബ്രാഹ്മണന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ച്ചെന്ന് "ഹേ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടുന്ന് ഒരു കാര്യം ചെയ്താല്‍ അവിടെക്കുണ്ടായിരിക്കുന്ന ഉപദ്രവം നീങ്ങി നല്ല സുഖമാവും. അവിടുത്തെ പരദൈവമായ ശബരിമല ശാസ്താവിനെ ദര്‍ശനം കഴിച്ചിട്ട് ഇപ്പോള്‍ പന്ത്രണ്ടു കൊല്ലാമായല്ലോ. അതിനാല്‍ അവിടെപ്പോയി ഒരു പന്ത്രണ്ടു ദിവസം ആ സ്വാമിയെ ഭജിക്കണം. പിന്നെ തിങ്കള്‍ ഭജന മുടങ്ങാതെ നടത്തുകയും വേണം. എന്നാല്‍ മതി, എല്ലാ സുഖമാകും. അങ്ങു സ്വപ്നത്തില്‍ കാണുന്നു കടുവായും പുലിയും ശബരിമല ശാസ്താവിന്റെ നായ്ക്കളാണ്. കായംകുളത്തു രാജാവ് അങ്ങേ ആക്ഷേപിച്ചതിന്റെ ഫലം അദ്ദേഹം അനുഭവിക്കും" എന്നു പറഞ്ഞു എന്നായിരുന്നു. ഇത് കേവലം സ്വപ്നമല്ലെന്നും ശബരിമല ശാസ്താവുതന്നെ തന്റെ അടുക്കല്‍ എഴുന്നള്ളി അരുളിച്ചെയ്തതാണെന്നും വിശ്വസിച്ച് രാജാവ് പിറ്റേ ദിവസം രാവിലെ രാജ്ഞിയെ ഗ്രഹിപ്പിക്കുകയും തനിക്കു പോകുന്നതിന് അനുവാദം ചോദിക്കുകയും ചെയ്തു. രാജാവിനുണ്ടായിട്ടുള്ള ഉപദ്രവം മാറിയാല്‍ കൊള്ളാമെന്നു വളരെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം പിരിഞ്ഞുപോവുകയെന്നുള്ള കാര്യം രാജ്ഞിക്ക് അത്യന്തം സന്താപകരമായിരുന്നു. അതിനാല്‍ ഭജനം കഴിഞ്ഞാല്‍ അന്നുതന്നെ തന്റെ അടുക്കല്‍ എത്തികൊള്ളാമെന്നു സത്യം ചെയ്തിട്ട് അദ്ദേഹം പോയിവരുന്നതിന് ആ സാധ്വി അനുവദിക്കുകയും രാജാവ് അപ്രകാരം ചെയ്തിട്ട് അന്നുതന്നെ പന്തളത്തേക്കു പോവുകയും ചെയ്തു. അന്നുമുതല്‍ കായംകുളത്തു രാജവിന് ഒരു ചിത്തഭ്രമത്തിന്റെ ലക്ഷണം കണ്ടുതുടങ്ങി. അദ്ദേഹം സദാ "കടുവാ പെറ്റു, പുലി പെറ്റു, കടുവാ പെറ്റു,' എന്ന് ഉരുവിട്ട് തുടങ്ങുകയും വേറെ യാതൊന്നും സംസാരിക്കാതെയാവുകയും ചെയ്തു. കുളി, ഭക്ഷണം മുതലായതുതന്നെ അന്യന്‍മാരുടെ നിര്‍ബന്ധംകൊണ്ടു വേണ്ടതായിത്തീര്‍ന്നു. എന്നാല്‍ അതൊക്കെ പേരിനു മാത്രം നടത്തുമെന്നല്ലാതെ സാമാന്യം പോലെ ഒന്നും ചെയ്യാതെയായി. ചില ദിവസങ്ങളില്‍ ആരെല്ലാം നിര്‍ബന്ധിച്ചാലും കുളിക്കുകയും ഉണ്ണുകയും ചെയ്യാതെയുമിരുന്നു. രാജ്യകാര്യങ്ങളെപ്പറ്റി അദ്ദേഹത്തിനു ചിന്ത പോലുമില്ലാതെയായി. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാലും പറഞ്ഞാലും എല്ലാറ്റിനും ഉത്തരം, "കടുവാ പെറ്റു, പുലി പെറ്റു" എന്നുമാത്രം. ഇതു നിമിത്തം രാജമന്ദിരത്തിലുള്ളവരും രാജപുരു‌ഷന്‍മാരും മാത്രമല്ല, രാജ്യവാസികളും ആകെപ്പാടെ പര്യാകുലന്‍മാരായിത്തീര്‍ന്നു. അനേകം മന്ത്രവാദങ്ങളും ചികിത്സകളും മറ്റും ചെയ്യിച്ചു നോക്കി. ഒന്നുകൊണ്ടും ഒരു ഫലവും കണ്ടില്ല. അതിനാല്‍ പിന്നെ പ്രസിദ്ധന്‍മാരായ ചില പ്രശ്നക്കാരെ വരുത്തി പ്രശ്നം വയ്പ്പിച്ച് നോക്കിയപ്പോള്‍ അവര്‍, പന്തളത്തു രാജാവിനെ ആക്ഷേപിച്ചതിനാല്‍ ശബരിമല ശാസ്താവിനുണ്ടായിട്ടുള്ള വിരോധം നിമിത്തം സംഭവിച്ചിട്ടുള്ളതാണെന്നും അതിലേക്കു പ്രായശ്ചിത്തമായി നൂറ്റൊന്നു രാശി ശബരിമല കൊടുത്തയച്ചു നടയിലിടുവിക്കുകയും "കടുവാ പെറ്റു, പുലി പെറ്റു" എന്നുള്ള വാക്കുകള്‍ എന്നും ബ്രാഹ്മണര്‍ സഭയില്‍ പ്രയോഗിക്കത്തക്കവണ്ണം ഏര്‍പ്പാടു ചെയ്യുകയും ചെയ്താല്‍ ഈ സുഖക്കേടു മാറി രാജാവു പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുമെന്നും വിധിച്ചു. ഉടനെ നൂറ്റൊന്നു രാശി കൊടുത്തയച്ച്, ശബരിമല ശാസ്തവിന്റെ നടയിലിടുവിക്കുകയും മേല്‍പ്പറഞ്ഞ (കടുവാ പെറ്റു, പുലി പെറ്റു എന്നുള്ള)വാക്കുകള്‍ സംഘക്കളിക്കാരായ നമ്പൂരിമാരെ ക്കൊണ്ടു സഭയില്‍ പ്രയോഗിപ്പിച്ചു തുടങ്ങുകയും കായംകുളത്തു രാജാവ് ഉന്മാദം വിട്ട് പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. സംഘക്കളിക്കാര്‍ ഇപ്പോഴും

"കാട്ടില്‍ക്കിടന്നഞ്ചെട്ടെലികൂടിക്കടലുഴുതു
കാലത്തിളവിത്തു വിതച്ചപ്പോഴടയ്ക്ക കായ്ച്ചു
തോണ്ടിപ്പറിപ്പിച്ചപ്പോഴരമുറം നിറകേ മാങ്ങാ
തോലു കളഞ്ഞപ്പോളഞ്ഞൂറു പറങ്കിക്കപ്പല്‍
കപ്പല്‍ വലിച്ചങ്ങു തലമലമുകളില്‍ക്കെട്ടി
കായംകുളത്തല്ലോ കടുവായും പുലിയും പെറ്റു"

എന്നൊരു പാട്ടു സംഘക്കളിയില്‍ ഉപയോഗിച്ചു വരുന്നുണ്ടല്ലോ. പന്തളത്തു രാജാവ് കായംകുളത്തുനിന്ന് പോയതില്‍പ്പിന്നെ അദ്ദേഹത്തിനു സ്വപ്നദര്‍ശനം മുതലായ ഉപദ്രവങ്ങളൊന്നുമുണ്ടായില്ല. അദ്ദേഹം ഏതാനും ദിവസം സ്വദേശത്തു താമസിച്ചതിന്റെ ശേ‌ഷം പരിവാരസമേതം ശബരിമലയിലെത്തി നവരത്നഖചിതമായ ഒരു പൊന്‍കിരീടവും വളരെ വിലയേറിയ ഒരു മുത്തുമാലയും നടയ്ക്കു വച്ചു വന്ദിക്കുകയും ഭക്തിപൂര്‍വ്വം പന്ത്രണ്ടു ദിവസത്തെ ഭജനം നടത്തുകയും ചെയ്തു. പന്ത്രണ്ടാം ദിവസം നാലഞ്ചു നാഴിക പകലെ രാജാവിനു വയറ്റില്‍ ഒരു വേദന തുടങ്ങി. അതിനാല്‍ അന്നും അദ്ദേഹം അത്താഴം വേണ്ടെന്നു തീര്‍ച്ചയാക്കുകയും യഥാകാലം സന്ധ്യാവന്ദനവും സ്വാമിദര്‍ശനവും കഴിച്ചു പോയിക്കിടന്നു ഉറങ്ങുകയും ചെയ്തു. അപ്പോള്‍ ഒരു പരദേശ ബ്രാഹ്മണന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ചെന്ന് "ഹേ ഹേ! ഉറക്കമായോ? ഇന്നു രാജ്ഞിയുടെ അടുക്കല്‍ എത്തിക്കൊള്ളാമെന്ന് അങ്ങ് ശപഥം ചെയ്തിട്ടില്ലേ? സത്യലംഘനം വിഹിതമാണോ? ഇതാ ഇവിടെ ഒരു കുതിര നില്‍ക്കുന്നുണ്ട്. ഇതിന്റെ പുറത്തു കയറിപ്പോയാല്‍ ക്ഷണത്തില്‍ രാജ്ഞിയുടെ അടുക്കലെത്താം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ എണീറ്റു പുറത്തു ചെന്നു നോക്കിയപ്പോള്‍ ഒരു കുതിര നില്‍ക്കുന്നതു കാണുകയും അദ്ദേഹം അതിന്റെ പുറത്തുകയറി ഓടിച്ചുപോവുകയും ക്ഷണനേരംകൊണ്ട് കായംകുളത്തെത്തുകയും ചെയ്തു. രാജാവു തന്റെ പ്രിയതമയുടെ ശയനഗൃഹദ്വാരത്തിങ്കലെത്തി താഴെയിറങ്ങുകയും ആ കുതിര അന്തര്‍ദ്ധാനം ചെയ്യുകയും ഒരുമിച്ചു കഴിഞ്ഞു. രാജാവു രാജ്ഞിയുടെ ശയ്യാഗൃഹത്തിങ്കില്‍ച്ചെന്നു വാതിലില്‍ മുട്ടി വിളിച്ചു. ഉടനെ രാജ്ഞിവാതില്‍ തുറന്നു. ആ സാധ്വി തന്റെ പ്രിയതമന്റെ വരവിനെത്തന്നെ പ്രതീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. രാജ്ഞിയും അത്താഴമുണ്ടിട്ടില്ലായിരുന്നു. അതിനാല്‍ രണ്ടുപേരും കൂടിപ്പോയി അത്താഴം കഴിച്ചു വരുകയും സുഖമായി കിടന്നുറങ്ങുകയും ചെയ്തു.

പിറ്റേ ദിവസം രാവിലെ കായംകുളത്തു രാജാവ് തന്റെ ആവുത്തനായ പന്തളത്തു രാജാവ് തിരിച്ചുവന്നിരിക്കുന്നതായി അറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കല്‍ വന്ദിച്ചിട്ട് "അല്ലയോ മഹാത്മാവേ, ഞാന്‍ അജ്ഞതമൂലം പറഞ്ഞു പോയിട്ടുള്ളതെല്ലാം അവിടുന്ന് സദയം ക്ഷമിക്കുകയും ഇനിയും യഥാപൂര്‍വം സ്ഥിരതാമസം ഇവിടെത്തന്നെ ആക്കുകയും ചെയ്യണം" എന്ന് അപേക്ഷിച്ചു. പന്തളത്തു രാജാവ് അതു കേട്ടു സസന്തോ‌ഷം "എനിക്കു ഭവാനോടു യാതൊരു വിരോധവുമില്ല. ക്ഷമായാചനം ചെയ്യത്തക്കവണ്ണം ഭവാന്‍ യാതൊരുപരാധവും ചെയ്തിട്ടുള്ളതായി ഞാനറിയുന്നുമില്ല. ഇനിയും നിവൃത്തിയുള്ളിടത്തോളം കാലം ഇവിടെത്തന്നെ താമസിക്കണമെന്നാണ് ഞാനും വിചാരിക്കുന്നത്" എന്നു പറയുകയും അവിടെത്തന്നെ താമസിച്ചുതുടങ്ങുകയും ചെയ്തു.

അങ്ങനെ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം പന്തളത്തു രാജാവും അദ്ദേഹത്തിന്റെ പ്രണയിനിയായ രാജ്ഞിയുംകൂടി സ്വൈരസല്ലാപം ചെയ്തുകൊണ്ടിരുന്നപ്പോള്‍, രാജാവിനു മുമ്പുണ്ടായ സ്വപ്ന ദര്‍ശനത്തെപറ്റിയും ശബരിമല ശാസ്താവിന്റെ മാഹാത്മ്യത്തെക്കുറിച്ചും മറ്റുംകൂടി പ്രാസ്താവിക്കയുണ്ടായി. അപ്പോള്‍ ശബരിമല തിങ്കള്‍ഭജനം (മാസംതോറും ദര്‍ശനം) മുടങ്ങാതെ നടത്തണമെന്നു തനിക്കു സ്വപ്നത്തില്‍ ദര്‍ശനമുണ്ടായിട്ടുള്ള കഥ രാജാവിന് ഓര്‍മ്മ വന്നു. അടുത്ത മാസത്തിലെന്നല്ല, മാസംതോറുംതന്നെ ഏതാനും ദിവസം തന്റെ പ്രാണപ്രിയയെ പിരിഞ്ഞു പോകേണ്ടതായിരിക്കുന്നുവല്ലോ എന്നു വിചാരിച്ചു രാജാവിനും ഈ വിവരമറിഞ്ഞപ്പോള്‍ രാജ്ഞിക്കും മനസ്താപമുണ്ടായി. അന്നു രാത്രിയില്‍ കിടന്നുറങ്ങിയ സമയം രാജാവിന്റെ അടുക്കല്‍ ഒരാള്‍ ചെന്ന് മന്ദസ്മിതത്തോടുകൂടി "ഹേ, അങ്ങ് ഒട്ടും വ്യസനിക്കേണ്ട. അങ്ങ് എന്നെ കാണാനായി പ്രിയതമയെ വിട്ടു പിരിഞ്ഞു ശബരിമലവരെ വരണമെന്നില്ല. ഞാന്‍ഇവിടെ അടുത്തൊരു സ്ഥലത്തു വന്നു ഇരുന്നേക്കാം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ അദ്ദേഹം ഉണര്‍ന്നു കണ്ണുതുറന്ന നോക്കിയപ്പോള്‍ അവിടെയെങ്ങും വിശേ‌ഷിച്ചാരെയും കണ്ടില്ല. രാജ്ഞി നല്ല ഉറക്കമായിരുന്നു. തന്റെ അടുക്കല്‍ വന്ന് ഇപ്രകാരം പറഞ്ഞതും ശബരിമല ശാസ്താവു തന്നെയാണെന്നു രാജാവു വിശ്വസിക്കുകയും സ്വാമിയുടെ ഭക്തവാത്സല്യത്തെയും മാഹാത്മ്യത്തെയും കുറിച്ചു വിചാരിച്ചു വിസ്മയിച്ച് അദ്ദേഹം മനസ്സുകൊണ്ട് തന്റെ പരദേവതയെ നമസ്കരിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ രാജാവ് ഈ വിവരം രാജ്ഞിയെയും ഗ്രഹിപ്പിച്ചു. അപ്പോള്‍ രാജ്ഞിക്കും വളരെ സന്തോ‌ഷമായി.

കായംകുളത്തു രാജാവ് ആണ്ടിലൊരിക്കല്‍ തന്റെ സൈനികന്മാരെയൊക്കെ തന്റെ മുമ്പില്‍ വരുത്തി ഒരായുധാഭ്യാസപരീക്ഷ നടത്തുകയും പരീക്ഷയില്‍ ജയിക്കുന്നവര്‍ക്കു യഥായോഗ്യം വസ്തുക്കളും പൊന്നും പണവും പട്ടും വളയും മറ്റും സമ്മാനമായി കൊടുക്കുകയും പതിവുണ്ടായിരുന്നു. ഈ കഥ നടന്ന കാലത്ത് ഈ പരീക്ഷ മേടമാസം ഒമ്പതാം തീയ്യതി നടത്തുന്നതിനു നിശ്ചയിച്ചു. രാജാവു മൂന്നു ദിവസം മുമ്പ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. എട്ടാം തീയ്യതി രാത്രിയില്‍ പന്തളത്തു രാജാവിനു വീണ്ടും ഒരു ദര്‍ശനമുണ്ടായി. തേജസ്വിയും യുവാവുമായ ഒരാള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ചെന്ന് "നാളെ ഇവിടെ ആയുധാഭ്യാസപരീക്ഷയുണ്ടാകുമല്ലോ. അതില്‍ച്ചേരാന്‍ ഞാനും വരും. അപ്പോള്‍ ഞാനെയ്യുന്ന അമ്പു വീഴുന്ന സ്ഥലത്തു വന്നാല്‍ എന്നെക്കാണാം." എന്നു പറഞ്ഞതായി രാജാവിനു തോന്നി. അദ്ദേഹമുണര്‍ന്നു കണ്ണു തുറന്നു നോക്കിയപ്പോള്‍ ആരെയും കണ്ടുമില്ല.

ഒമ്പതാം തിയ്യതി രാവിലെ പടയാളികളെല്ലാം കായംകുളത്തു രാജാവിന്റെ മുമ്പില്‍ ഹാജരായി. ആ കൂട്ടത്തില്‍ അപരിചിതനായ ഒരു യുവാവും വന്നുചേര്‍ന്നു. അവനെ കണ്ടിട്ട്, കായംകുളത്തു രാജാവ്, " നീ ആര്‍" എന്നു ചോദിച്ചു.

യുവാവ്: അടിയന്‍ ഒരു മലയാളിയാണ്.

രാജാവ്: നീ എവിടെപ്പാര്‍ക്കുന്നു?

യുവാവ്: അടിയന്‍ കുറച്ചു കിഴക്ക് ഒരു മലയിലാണ് പാര്‍ക്കുന്നത്.

രാജാവ്: നിന്റെ പേരെന്ത്?

യുവാവ്: അയപ്പന്‍ എന്നാണ്.

രാജാവ്: നീ ഇവിടെ എന്തിനു വന്നു?

യുവാവ്: തിരുമനസ്സുകൊണ്ട് ആയുധാഭ്യാസപരീക്ഷ നടത്തി ജയിക്കുന്നവര്‍ക്കു സമ്മാനങ്ങള്‍ കല്പിച്ചുകൊടുക്കുന്നുണ്ടെന്നു കേട്ടു. അതില്‍ ചേരാമെന്നു വിചാരിച്ചാണ് അടിയന്‍ വിടകൊണ്ടത്.

രാജാവ്: നിനക്ക് ഏതായുധം പ്രയോഗിക്കാനാണ് പരിചയമുള്ളത്?

യുവാവ്: അടിയനു എല്ലാം കുറേശ്ശെ പരിചയമുണ്ട്.

രാജാവ്: എന്നാല്‍ ചേര്‍ന്നുകൊള്ളുക. വിരോധമില്ല.

എന്നു പറഞ്ഞിട്ടു തന്റെ സൈനികന്മാരില്‍ പ്രധാനന്മാരും നല്ല അഭ്യാസികളുമായവരെ വിളിച്ചു ഈ യുവാവിനെ പരീക്ഷീക്കുന്നതിന് ആജ്ഞാപിച്ചു. അവര്‍ വില്ലും അമ്പും പ്രയോഗിച്ചും വാളും പരിചയും പ്രയോഗിച്ചും ഈട്ടി, കുന്തം, വേല്‍ മുതലായ ആയുധങ്ങള്‍ പ്രയോഗിച്ചും പല വിധത്തില്‍ പരീക്ഷിച്ചു. ആ പരീക്ഷകളിലെല്ലാം ആ യുവാവു ജയിക്കുകയും കായംകുളം സൈനികരെ തോല്പിക്കുകയും ചെയ്തു. അതുകണ്ടു കായംകുളത്ത് രാജാവ് ഏറ്റവും സന്തോ‌ഷിക്കകയും "നിനക്ക് സമ്മാനമായ് എന്താണ് വേണ്ടത്? എന്തും തരാന്‍ നാം തയാറാണ്" എന്നു പറയുകയും ചെയ്തു. അതുകേട്ട് ആ യുവാവ്,"അടിയനു അധികമൊന്നും കിട്ടണമെന്ന് ആഗ്രഹമില്ല. അടിയന്‍ ഇവിടെനിന്ന് എയ്യുന്ന ശരം ചെന്നുവീഴുന്ന സ്ഥലവും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളുമുള്‍പ്പെടെ മുക്കാതം (പന്ത്രണ്ടു നാഴിക ദീര്‍ഘവിസ്താരമുള്ള) ഭൂമി കരമൊഴിവാക്കി കല്‍പിച്ചു തന്നാല്‍ മതി" എന്നറിയിച്ചു. "അങ്ങനെതന്നെ. അത്രയും കരമൊഴിവായി തന്നേക്കാം. ശരമെടുത്തെയ്യുക" എന്നു രാജാവു കല്പിച്ചു. ആ യുവാവ് ഒരു ശരമെടുത്തു ഞാണില്‍ത്തൊടുത്തു കിഴക്കോട്ടു തിരിഞ്ഞുനിന്നു വലിച്ചുവിട്ടു. ആ ശരം ചെന്നു വീണ സ്ഥലം കണ്ടു പിടിക്കുന്നതിനായി കായംകുളത്തു രാജാവ് തന്റെ വിശ്വസ്തഭടന്മാരില്‍ ചിലരെ നിയോഗിച്ചയച്ചു. അവരോടുകൂടി ആ യുവാവും, വെറുതെ നേരമ്പോക്കിനായിട്ടെന്നുള്ള ഭാവത്തില്‍ പന്തളത്തു രാജാവും പോയി. അവരെല്ലാവരുംകൂടി കായംകുളത്തുംനിന്നും കിഴക്കുതെക്കായി ഏകദേശം പന്ത്രണ്ടു നാഴിക ദൂരംവരെ ചെന്നപ്പോള്‍ അവിടെ ഒരു പൊയ്കയും അതിന്റെ തീരപ്രദേശത്ത് ഏതാനും കാളകള്‍ മേഞ്ഞുകൊണ്ട് നില്‍ക്കുന്നതും കണ്ടു. അവയില്‍ ഏറ്റവും ഭയങ്കര മൂര്‍ത്തിയായ ഒരു കൂറ്റന്‍ മൂക്കുറയിട്ടുകൊണ്ട് പന്തളത്തു രാജാവിനെ കുത്തനായി പാഞ്ഞുചെന്നു. അതുകണ്ടു രാജഭടന്മാര്‍ പേടിച്ചോടി. അഭാസിയും സുന്ദരനുമായി ആ യുവാവ് ധൈര്യസമേതം തിരിഞ്ഞുനിന്നു. കാളയെ അടിച്ചോടിച്ചു പന്തളത്തു രാജാവിനെ രക്ഷിച്ചു. ഈ സംഭവം നിമിത്തം ആ പൊയ്കയ്ക്ക് അന്നുണ്ടായ "കാളകുത്തിപ്പൊയ്ക" എന്നു പേരുതന്നെ ഇന്നും ജനങ്ങള്‍ പറഞ്ഞുവരുന്നു.

അനന്തരം പന്തളത്തുരാജാവും ആ യുവാവുംകൂടി അവിടെനിന്നു കുറച്ചു കിഴക്കോട്ടു പോയതിന്റെശേ‌ഷം ഒരു പാറപ്പുറത്തുചെന്നിരുന്ന് സ്വല്‍പനേരം വിശ്രമിച്ചു. അപ്പോഴേക്കും നേരം വൈകിയതിനാല്‍ ആ രാത്രി അവിടെ താമസിച്ചു. ആ യുവാവിന്റെ കാലടികള്‍ അന്ന് അവിടെ പതിഞ്ഞത് ഇപ്പോഴും മാഞ്ഞുപോകാതെ തെളിഞ്ഞു കാണ്‍മാനുണ്ട്. ആ സ്ഥലത്തിന് "തൃപ്പാദം" എന്ന് പേരു പറഞ്ഞുവരുന്നു. പിറ്റേദിവസം (പത്താംതീയതി) അതിരാവിലെ പന്തളത്തുരാജാവും ആ യുവാവും കൂടി ഏകദേശം അരനാഴിക കിഴക്കോട്ടു ചെന്നപ്പോള്‍ അവിടെ ഒരു കായലും അതിന്റെ മധ്യത്തില്‍ ഒരു തുരുത്തും കണ്ടു. അപ്പോള്‍ ആ യുവാവ് "ആ കാണുന്ന തുരുത്തിലാണ് അടിയന്റെ ശരം പതിച്ചിരിക്കുന്നത്. അതിനാല്‍ അങ്ങോട്ടെഴുന്നള്ളണം. ഇവിടെ കടവില്‍ ഒരു പൊങ്ങുതടി കിടക്കുന്നുണ്ട്. അതില്‍ക്കയറിപ്പോയാല്‍ ആ തുരുത്തിലിറങ്ങാം" എന്നു പറഞ്ഞു. രാജാവ് അപ്രകാരം സമ്മതിക്കുകയും യുവാവിനോടുകൂടി കടവില്‍ച്ചെന്നു പൊങ്ങുതടിയില്‍ക്കയറുകയും ചെയ്തു. ആരും തുഴയാതെതന്നെ പൊങ്ങുതടി ചെന്നു തുരുത്തിലടുത്തു. രാജാവു തിരിഞ്ഞു നോക്കിയപ്പോള്‍ ആ യുവാവിനെ കാണ്‍മാനില്ലായിരുന്നു. ആ പൊങ്ങുതടി അവിടെ നിന്നു വെള്ളത്തില്‍കൂടി നീന്തിപ്പോകുന്നതു കണ്ടു വിസ്മയത്തോടുകൂട് രാജാവ് സൂക്ഷിച്ചു നോക്കിയപ്പോള്‍ വാസ്തവത്തില്‍ അതൊരു പൊങ്ങുതടിയല്ലെന്നും ഒരു മുതലയാണെന്നും അദ്ദേഹത്തിനു മനസ്സിലാവുകയും തന്റെ പരദേവതയുടെ മാഹത്മ്യത്തെക്കുറിച്ച് വിചാരിച്ച് അത്യന്തം അത്ഭുതപ്പെടുകയും ചെയ്തു. അപ്പോഴേക്കും ഒരാള്‍ വാളും പരിചയുമെടുത്തുകൊണ്ട് ഏറ്റവും വിനയത്തോടുകൂടി രാജാവിന്റെ അടുക്കല്‍ച്ചെന്ന് "ഇതിലെ എഴുന്നള്ളാം" എന്നറിയിച്ചു. രാജാവ് ഉടനെ കുളിയും സന്ധ്യാവന്ദനവും കഴിച്ച് ആ അകമ്പടിക്കാരനോടുകൂടി തുരുത്തിന്റെ ഒരു ഭാവത്തു ചെന്നപ്പോള്‍ അവിടെ ഒരു ശിലാവിഗ്രഹവും അതിന്മേല്‍ താന്‍ ശബരിമല നടയ്ക്കുവച്ച പൊന്‍കിരീടവും മുത്തുമാലയും ചാര്‍ത്തിയിരിക്കുന്നതായും കണ്ട് രാജാവ് സന്തോ‌ഷാത്ഭുതപരവശനായി ഭക്തിസമേതം സാഷ്ടാംഗം വീണു നമസ്കരിച്ചു. അപ്പോള്‍ ഒരാള്‍ അവിടെ നിന്നു ശംഖു വിളിക്കുകയും ഒരാള്‍ വിഗ്രഹത്തിന്റെ മുമ്പിലിരുന്നു പൂജിക്കുകയും അസംഖ്യം കുരങ്ങന്മാര്‍ തൊഴുതു നമസ്കരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രാജാവ് നമസ്കരിച്ച് എണീറ്റപ്പോള്‍ ആ പൂജക്കാരന്‍ തീര്‍ത്ഥവും പ്രസാദവും കൊടുത്തു. ആ സമയം വൃദ്ധനായ ഒരു പരദേശ ബ്രാഹ്മണന്‍ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിക്കൊണ്ട് അവിടെ വരുകയും പന്തളത്തു രാജാവിന്റെ നേരെ നോക്കി,"എന്താ, എന്റെ ഉണ്ണിക്കു സന്തോ‌ഷമായില്ലേ? ആഗ്രഹം സാധിച്ചുവല്ലോ. ഞാന്‍പറഞ്ഞിരുന്നതുപോലെ ഇവിടെ വന്നിരിക്കുന്നു. ഇനി എന്റെ ഉണ്ണി എന്റെ മല കേറണമെന്നില്ല. ഇവിടെ വേണ്ടതുപോലെ ചെയ്തുകൊണ്ടാല്‍ മതി. ഈ പൂജക്കാരന്‍തന്നെ എന്റെ പൂജക്കാരനായി ഇരുന്നുകൊള്ളട്ടെ. (രാജാവിന്റെ അകമ്പടിക്കാരനെ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ ഉണ്ണിത്താന്‍ എന്റെ ദാസനാണ്. ഇവന്‍ എന്റെ ഉണ്ണിയുടെ അംഗരക്ഷകനായിരിക്കട്ടെ (ശംഖു വിളിച്ച മാരാനെ ചൂണ്ടിക്കാണിച്ചിട്ട്) ഇവന്‍ എന്റെ മാരാനും കഴകക്കാരനുമായിരിക്കട്ടെ. ഈ കുരങ്ങന്മാരും എന്റെ ഉണ്ണിയെ ഇക്കരെ കടത്തിയ മുതലയും ഈ കായലിലുള്ള "ശ്ര‌ഷ്ഠകള്‍" (ഏട്ടകള്‍) എന്നു പേരായ മത്സ്യങ്ങളും എന്റെ പരിവാരങ്ങളാണ്. ഇവരെയെല്ലാം എന്റെ ഉണ്ണി രക്ഷിച്ചു കൊള്ളണം. ഇവരില്‍ ആരെയെങ്കിലും ആരെങ്കിലും ഉപദ്രവിച്ചാല്‍ ആ ഉപദ്രവികളെ ഞാന്‍ യഥായോഗ്യം ശിക്ഷിക്കും. എന്റെ ഉണ്ണി ഇവിടെ വന്ന് ആദ്യമായി എന്നെ ദര്‍ശിച്ച ഈ ദിവസം ഈ സമയത്ത് (മേടമാസം പത്താം തീയതി രാവിലെ) ഇവിടെ വന്നു എന്നെ ഭക്തിപൂര്‍വ്വം ദര്‍ശിക്കുന്നവര്‍ക്കു സകലാഭീഷ്ടങ്ങളും ഞാന്‍സാധിപ്പിച്ചു കൊടുക്കുകയും ചെയ്യും" എന്നു പറയുകയും ചെയ്തിട്ട് അദ്ദേഹം വന്നതുപോലെ തന്നെ ഓടിപ്പോവുകയും ചെയ്തു. ആ ബ്രാഹ്മണന്‍ എവിടെനിന്നു വന്നു എന്നും എങ്ങോട്ടാണ് പോയതെന്നും ആര്‍ക്കും നിശ്ചയമില്ല. അദ്ദേഹത്തെ അതിനുമുമ്പും അതില്‍ പിന്നെയും ആരും കണ്ടിട്ടില്ല. അതു സാക്ഷാല്‍ ശാസ്താവുതന്നെ വേ‌ഷംമാറി വന്നതാണെന്നാണ് വിശ്വാസം. മേടമാസത്തില്‍ പത്താമുദയത്തുന്നാള്‍ (പത്താം തീയ്യതി) രാവിലെ അവിടെച്ചെന്നു ദര്‍ശനം കഴിക്കുക വളരെ പ്രധാനമായിട്ടാണ് വച്ചിരിക്കുന്നത്. ഇതിനായി ആണ്ടുതോറും അസംഖ്യമാളുകള്‍ ഇപ്പോഴും അവിടെക്കൂടാറുണ്ട്.

ഈ സ്ഥലം അക്കാലത്തു കായംകുളത്തോടു ചേര്‍ന്നതായിരുന്നതിനാല്‍ ആ ബ്രാഹ്മണന്‍ പോയ ഉടനെ പന്തളത്തുരാജാവ് ഉണ്ണിത്താനെ വിളിച്ച് "ഇവിടെ ഉണ്ടായിരിക്കുന്ന സംഗതികളെല്ലാം ഉടനെ കായംകൂളത്തു രാജാവിനെ അറിയിക്കണം" എന്ന് ആജ്ഞാപിക്കുകയും ഉണ്ണിത്താന്‍ അപ്പോള്‍തന്നെ പുറപ്പെട്ടു കായംകുളത്തെത്തി രാജാവ് അന്നു വൈകുന്നേരമായപ്പോഴേക്കും ഈ സ്ഥലത്തെത്തി സ്വാമിദര്‍ശനം കഴിക്കുകയും പിന്നെ ഏതാനും ദിവസം അവിടെത്തന്നെ താമസിച്ചുകൊണ്ട് അവിടെ വേണ്ടുന്ന പരി‌ഷ്കാരങ്ങളെല്ലാം വരുത്തുകയും ചെയ്തു. കായംകുളത്തു രാജാവ് അവിടെ ചെയ്ത പരി‌ഷ്കാരങ്ങളില്‍ പ്രാധനപ്പെട്ടവ താഴെ പറയുന്നവ യാണ്. ആദ്യംതന്നെ ജനങ്ങളുടെ ഗതാഗത സൗകര്യത്തിനായി ഒരു തുരുത്തില്‍നിന്ന് ഒരു കല്‍ച്ചിറ കെട്ടിച്ചു പടിഞ്ഞാറേക്കരയോടു സംഘടിപ്പിച്ചു. പിന്നെ ക്ഷേത്രം പണികഴിപ്പിക്കുകയും ചുറ്റും മതില്‍ കെട്ടിക്കുകയും ക്ഷേത്രത്തില്‍ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായ വകയ്ക്ക് വേണ്ടുന്ന വസ്തുവകകള്‍ നിശ്ചയിക്കു കയും ചെയ്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തു വടക്കോട്ടു മാറി ഒരു കൊട്ടാരം പണികഴിപ്പിചു. പന്തളത്തു രാജാവിനെയും അദ്ദേഹത്തിന്റെ പ്രിയതമയായ രാജ്ഞിയെയും അവിടെ താമസിപ്പിച്ചു. അപ്രകാരംതന്നെ പൂജ (ശാന്തി)ക്കാരന്‍, കഴകക്കാരന്‍, ഉണ്ണിത്താന്‍ എന്നിവര്‍ക്കും ക്ഷേത്രത്തിന്റെ സമീപം തന്നെ ഓരോ ഗൃഹങ്ങള്‍ പണിയിച്ചുകൊടുക്കുകയും ചെയ്തു. അവര്‍ക്കു ചെലവിനു വേണ്ടുന്ന വസ്തുക്കള്‍ കരമൊഴിവായി പതിച്ചുകൊടുക്കുകയും ചെയ്തു. മുമ്പേ തന്നെ ഈ സ്ഥലത്തിനുണ്ടായിരുന്ന "കോട്ട" എന്നു പേരു ശാസ്താവിന്റെ സാന്നിധ്യംനിമിത്തം അക്കാലം മുതല്‍ക്കു "ശാസ്താംകോട്ട" എന്നായിത്തീരുകയും ചെയ്തു.

ശാസ്താങ്കോട്ടയില്‍ ക്ഷേത്രം പണി മുതലായവ കഴിഞ്ഞിട്ടും അവിടുത്തെ പൂര്‍വ്വ നിവാസികളായിരുന്ന കടുവ, പുലി മുതലായ ദുഷ്ടമൃഗങ്ങള്‍ അവിടെത്തന്നെ നിവസിച്ചിരുന്നു. അവ അവിടെ പാര്‍ത്തി രുന്നത് ക്ഷേത്രത്തിനു കുറച്ചു കിഴക്കു വടക്കായി കായല്‍വക്കത്തുള്ള ഒരു വലിയ ഗുഹയിലായിരുന്നു. ആ ഗുഹ ഇപ്പോഴും അവിടെ കാണ്‍മാനുണ്ട്. ആ ഗുഹയ്ക്ക് "പുലിവാരം" എന്നാണ് ഇപ്പോള്‍ പേരു പറഞ്ഞുവരുന്നത്. ആ ഗുഹയുടെ അന്തര്‍ഭാഗം ഏറ്റവും വിശാലവും സഞ്ചാര സൗകര്യമുള്ളതുമാണെന്നു ചിലര്‍ പറയുന്നു.

ഒരിക്കല്‍ ഒരു കടുവാ അയ്യപ്പസ്വാമിയുടെ ഭക്തനായ ഉണ്ണിത്താന്റെ ഒരു പശുവിനെ പിടിച്ചു കൊന്നു. അത് സ്വാമിക്ക് ഒട്ടും രസിച്ചില്ല. അതിനാല്‍ സ്വാമി വില്ലുമമ്പുമെടുത്തുകൊണ്ട് പുറപ്പെട്ടു. സകല ദുഷ്ടമൃഗങ്ങളെയും അവിടെനിന്ന് ആട്ടിയോടിച്ചു കൊണ്ടുപോയി കൊട്ടാരക്കരയ്ക്ക് സമീപം "കോട്ടത്തല" എന്നു പറയുന്ന സ്ഥലത്തിനപ്പുറത്താക്കി. സ്വാമി അവിടെ വില്ല് ഊന്നിപ്പിടിച്ചുനിന്നുകൊണ്ട് "മേലാല്‍ യാതൊരു ദുഷ്ടമൃഗവും ഈ സ്ഥലത്തിനപ്പുറം കടക്കരുത്" എന്നാജ്ഞാപിക്കുകയും ചെയ്തു. അതില്‍പ്പിന്നെ കോട്ടത്തലയ്ക്കു പടിഞ്ഞാട്ടു യാതൊരു ദുഷ്ടമൃഗവും ഇതുവരെ കടന്നിട്ടില്ല. അന്നു സ്വാമി വില്ലൂന്നിനിന്ന സ്ഥലത്തു തൃപ്പാദങ്ങളും വില്ലിന്റെ അഗ്രവും പതിഞ്ഞത് ഇപ്പോഴും കാണ്‍മാനുണ്ട്.

പന്തളത്തു രാജാവും രാജ്ഞിയും ശാസ്താങ്കോട്ടയില്‍ താമസമായതിന്റെ ശേ‌ഷം കൊട്ടാരത്തില്‍നിന്നും പുറത്തിറങ്ങിയാല്‍ മുമ്പിലും പിമ്പിലും കുരങ്ങന്മാര്‍ അകമ്പടിയായി കൂടുക പതിവായി. അപ്രകാരംതന്നെ രാജാവും രാജ്ഞിയും കുളിക്കാനായി കടവില്‍ ചെല്ലുമ്പോള്‍ മുമ്പു പറഞ്ഞിട്ടുള്ള ആ മുതലയും മത്സ്യങ്ങളും അവിടെ ഹാജരാവും. ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഇവര്‍ക്കു എന്തെങ്കിലും പതിവായി കൊടുക്കേണ്ടതാണെന്നു രാജാവിനും രാജ്ഞിക്കും തോന്നുകയും കുരങ്ങന്മാര്‍ക്ക് പഴം, ശര്‍ക്കര, തേങ്ങാപ്പൂള്‍ മുതലായവയും മുതലയ്ക്ക് ചോറും മത്സ്യങ്ങള്‍ക്കു അരിയും പതിവായി കുറേശ്ശെ കൊടുത്തു തുടങ്ങുകയും ചെയ്തു. പിന്നീട് ഇനിയൊരു നിശ്ചയം ചെയ്യേണ്ടതാണെന്നു തോന്നുകയാല്‍ പ്രതിദിനം കുരങ്ങന്മാര്‍ക്ക് ആറേകാലിടങ്ങഴി അരിയുടെയും മുതലയ്ക്ക് ഒന്നേകാലിടങ്ങഴി അരിയുടെയും ചോറും മത്സ്യങ്ങള്‍ക്കു മുന്നാഴി അരിയും പതിവായി ക്ഷേത്രത്തില്‍നിന്നു കൊടുക്കുന്നതിനു പന്തളത്തു രാജാവ് ഏര്‍പ്പാടു ചെയ്തു. രാജാവും രാജ്ഞിയും കുളിക്കാന്‍ കടവില്‍ ചെല്ലുമ്പോള്‍ മത്സ്യങ്ങള്‍ക്കുള്ള അരി ദേവസ്വം കലവറക്കാരന്‍ കടവില്‍ കൊണ്ടു ചെല്ലണം. ആ അരി വാരി മത്സ്യങ്ങള്‍ക്കു ഇട്ടുകൊടുക്കുക രാജാവും രാജ്ഞിയും കൂടിയാണ് പതിവ്. ഉച്ചപൂജ കഴിയുമ്പോള്‍ കുരങ്ങന്മാര്‍ക്കുള്ള ചോറു കിഴക്കേഗോപുരത്തിങ്കല്‍ മതില്‍ക്കുവെളിയില്‍ കൊണ്ടു ചെന്നു കൊടുക്കേണ്ടതു ശാന്തിക്കാരനും മുതലയ്ക്കുള്ള ചോറു കടവില്‍ കൊണ്ടു ചെന്നു കൊടുക്കേണ്ടതു മാരാരുമാണ്. അങ്ങനെയാണ് രാജാവ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കുരങ്ങന്മാര്‍ ഊണു കഴിഞ്ഞാല്‍ കൊട്ടാരത്തില്‍ച്ചെന്നു രാജാവിനെ കണ്ടു വന്ദിക്കുകയും ഒരു സന്തോ‌ഷശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുക പതിവായിരുന്നു.

ഇങ്ങനെയിരുന്ന കാലത്ത് ഒരിക്കല്‍ കായംകുളത്തു രാജാവു സ്വാമിദര്‍ശനത്തിനും കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടൊ എന്ന് അന്വേ‌ഷിക്കുന്നതിനുമായി വീണ്ടും ശാസ്താങ്കോട്ടയില്‍ വന്നു. അദ്ദേഹം മഞ്ചലില്‍ വന്നു പന്തളത്തു രാജാവും രാജ്ഞിയും താമസിച്ചിരുന്ന കൊട്ടാരത്തിലാണ് ഇറങ്ങിയത്. പന്തളത്തു രാജാവും രാജ്ഞിയും കുളിയും സാമിദര്‍ശനവും കഴിച്ചുകൊട്ടാരത്തില്‍ വന്ന സമയത്തായിരുന്നു കായംകുളത്തു രാജാവിന്റെ വരവ്. അതിനാല്‍ അകമ്പടിക്കാരായ കുരങ്ങന്മാര്‍ അപ്പോള്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. കായംകൂളത്തു രാജാവു മഞ്ചലില്‍നിന്ന് ഇറങ്ങിയ ഉടനെ വാനരവീരന്മാര്‍ രാജാവിനെ താണു തൊഴുതിട്ടു കൈ കെട്ടി വായ് പൊത്തി വളരെ ആദരവോടും ഭക്തിയോടുകൂടി നിരന്നുനിന്നു. അതു കണ്ടിട്ടു കായംകുളത്തു രാജാവ് "ഇതു നല്ല നേരമ്പോക്കുതന്ന. ഇവര്‍ മഹായോഗ്യന്മാരാണെന്നു തോന്നുന്നുവല്ലോ" എന്നു പറഞ്ഞു ചിരിച്ചു. അപ്പോള്‍ പന്തളത്തു രാജാവ്, "അതേ, അവര്‍ യോഗ്യന്മാര്‍തന്നെയാണ്. അവരുടെ ദിവ്യത്വം ഒട്ടും ചില്ലറയല്ല. അവര്‍ സ്വാമിയുടെ ആളുകളാണ്. അവര്‍ക്കു ദിവസംതോറും പതിവായി ആറേകാലിടങ്ങഴി അരിയുടെ ചോറു ക്ഷേത്രത്തില്‍നിന്നു കൊടുക്കുന്നതിനു ഞാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്" എന്നു പറഞ്ഞു.

കായംകുളത്തു രാജാവു സ്വല്പം വിശ്രമിച്ചതിന്റെ ശേ‌ഷം കുളിക്കാനായി കടവിലേക്കു പോയി. അകമ്പടിയായി കുരങ്ങന്മാരും പോയി. രാജാവിനു തേച്ചുകുളിയായിരുന്നതിനാല്‍ കൈവിരലില്‍ കിടന്ന രത്നഖചിതമായ മോതിരമൂരി കടവില്‍ ഒരു കല്ലിന്മേല്‍ വച്ചിട്ട് എണ്ണ തേച്ചു രാജഭൃത്യന്മാര്‍ രാജാവിനെ കുളിപ്പിച്ചുകൊണ്ടുനിന്ന സമയം ഒരു പരുന്ത് ആ മോതിരത്തില്‍ പതിച്ചിരുന്ന രത്നത്തിന്റെ ശോഭ കണ്ടു വല്ല ഭക്ഷണസാധനവുമായിരിക്കുമെന്നു വിചാരിച്ചിട്ടോ എന്തോ, പെട്ടെന്നു പറന്നുവന്ന് ആ മോതിരം റാഞ്ചിക്കൊണ്ടുപോയി. അതു കണ്ടു രാജഭൃത്യന്മാര്‍ "അയ്യോ! തിരുവാഴി കൊണ്ടുപോയല്ലോ" എന്നു പറഞ്ഞു. ആ മോതിരം വളരെ വില കൂടിയതായിരുന്നതിനാല്‍ അതു പോയതു കൊണ്ട് രാജാവിനും അത്യധികമായ മനസ്താപമുണ്ടായി. എങ്കിലും ഗംഭീരമാനസനായ അദ്ദേഹം അതു പുറത്തു കാണിച്ചില്ല. അദ്ദേഹം കുളിച്ചു ക്ഷേത്രത്തില്‍ പോയി ദര്‍ശനം കഴിച്ചു കൊട്ടാരത്തിലേക്ക് പോയി. ആ സമയത്തും കുരങ്ങന്മാരുടെ അകമ്പടിയുണ്ടായിരുന്നു. എങ്കിലും അവരില്‍ തലവനായ വലിയ കുരങ്ങന്‍ അപ്പോള്‍ ആ കൂട്ടത്തിലുണ്ടാ യിരുന്നില്ല. രാജാവു കൊട്ടാരത്തിലെത്തിയപ്പോഴേക്കും യൂഥനാഥനായ ആ വാനരവീരന്‍ മോതിരം തട്ടികൊണ്ടുപോയ ആ പരുന്തിനെ അടിച്ചുകൊന്നു പിടിച്ചുവലിച്ച് അവിടെ കൊണ്ട് ചെല്ലുകയും പരുന്തിന്റെ നഖത്തില്‍ കോര്‍ത്തിരുന്ന മോതിരമെടുത്ത് രാജാവിന്റെ മുമ്പില്‍ വച്ചു വന്ദിക്കുകയും ചെയ്തു. അതുകണ്ട് കായംകുളത്തു രാജാവ് വളരെ സന്തോ‌ഷിക്കുകയും തലവനായ ആ വാനരവീരന് "സുഗ്രീവന്‍" എന്നൊരു പേരു കല്പിചു കൊടുക്കുകയും ചെയ്തു. ഉടനെ കുരങ്ങന്മാരെല്ലാം രാജാവിന്റെ വീണ്ടും വന്ദിച്ചിട്ടു കിഴക്കെ നടയിലേക്കും കായംകുളത്തു രാജാവ് പന്തളത്തു രാജാവിനോട് കൂടി ഊണു കഴിക്കാന്‍ അകത്തേക്കും പോയി. രാജാക്കന്മാര്‍ ഊണു കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ കുരങ്ങന്മാരെ കാണായ്കയാല്‍

"കുരങ്ങന്മാര്‍ ഊണു കഴിഞ്ഞാല്‍ അവരുടെ സന്തോ‌ഷത്തെ ചില ശബ്ദങ്ങള്‍ കൊണ്ട് അറിയിക്കാനായി ഇവിടെ വരാറുണ്ടായിരുന്നു. ഇന്നവരെ കാണാഞ്ഞതെന്താണവോ? എന്ന് പന്തളത്തു രാജാവ് പറഞ്ഞു. അപ്പോള്‍ ക്ഷേത്രസന്നിധിയില്‍ കുരങ്ങന്മാരുടെ കളകളശബ്ദം ഉച്ചത്തില്‍ കേള്‍ക്കയാല്‍ "അവിടെ ഇന്ന് എന്തോ വിശേ‌ഷമുണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്" എന്താണെന്നു പോയി നോക്കട്ടെ" എന്നു പറഞ്ഞ് പന്തളത്തു രാജാവ് അങ്ങോട്ടു പുറപ്പെട്ടു. അദ്ദേഹത്തോടുകൂടി കായംകുളത്തു രാജാവും പോയി. രാജാക്കന്മാര്‍ അങ്ങോട്ടു ചെന്നപ്പോഴേക്കും സുഗ്രീവാദികള്‍ അവര്‍ക്കു കൊടുത്ത ചോറ് പാത്രത്തോടുകൂടി പിടിച്ചുവലിച്ചു കൊണ്ടു ക്ഷേത്രത്തില്‍നിന്നു കൊട്ടാരത്തിലേക്കുള്ള വഴിയിലോളം എത്തിയിരുന്നു. അവര്‍ എന്താണ് ചെയ്യാന്‍ ഭാവിക്കുന്നതെന്നറിയാനായി രാജാക്കന്മാര്‍ ആ വഴിയില്‍ തന്നെ നോക്കിക്കൊണ്ടു നിന്നു. കുരങ്ങന്മാര്‍ ആ പാത്രം പിടിച്ചുവലിച്ചു കായംകുളത്തു രാജാവിന്റെ മുമ്പില്‍കൊണ്ടു ചെന്ന് വച്ചിട്ട് സുഗ്രീവന്‍ ആ പാത്രത്തിലുണ്ടായിരുന്ന ചോറും ഓരോ കുരങ്ങന്മാരെയും അവരുടെ വയറും തൊട്ടുകാണിച്ചുകൊണ്ടു ദുഃഖഭാവത്തോടുകൂടി രാജാവിന്റെ നേരെ നോക്കി. ബുദ്ധിമാനായ കായംകുളത്തു രാജാവിനു കാര്യം മനസ്സിലായി. അദ്ദേഹം സുഗ്രീവനോട് "നിങ്ങള്‍ക്കു എല്ലാവര്‍ക്കും കൂടി ഈ ചോറുകൊണ്ടുമതിയാകുന്നില്ല, അല്ലേ? എന്നു ചോദിച്ചു. കാര്യം അതുതന്നെ എന്ന് സുഗ്രീവന്‍ ആംഗ്യം കാണിച്ചു. "ആട്ടെ, ഉള്ളതുകൊണ്ട് എലാവരുംകൂടി ഊണു കഴിച്ചിട്ടു കൊട്ടാരത്തില്‍ വരുവിന്‍, സമാധാനമുണ്ടാക്കാം" എന്നു പറഞ്ഞിട്ടു കായംകുളത്തു രാജാവു പന്തളത്തു രാജാവിനോടുകൂടി കൊട്ടാരത്തിലേക്കു പോയി. ഊണു കഴിച്ചുകൊണ്ടു സുഗ്രീവപ്രഭൃതികളും അവിടെ ഹാജരായി വണക്കത്തോടു കൂടി നിരന്നുനിന്നു. കായംകുളത്തു രാജാവു നാളികേരം, ശര്‍ക്കര, പഴം മുതലായവ് വരുത്തി അവര്‍ക്കു ധാരാളമായി കൊടുത്തിട്ടു പ്രതിദിനം അവര്‍ക്കു മൂന്നുപറ അരിയുടെ ചോറുകൂടി കൊടുത്തുകൊള്ളുന്നതിനു കല്‍പ്പന കൊടുക്കുകയും അപ്രകാരം കല്പിച്ചനുവദിച്ചിരിക്കുന്നതായി ഒരു ചെമ്പുതകിടില്‍ എഴുതിച്ചു തുല്യം ചാര്‍ത്തി സുഗ്രീവന്റെ കൈയില്‍ കൊടുക്കുകയും ചെയ്തു. കുരങ്ങന്മാര്‍ ഒരു സന്തോ‌ഷശബ്ദം പുറപ്പെടുവിച്ചിട്ട് രാജാവിനെ വീണ്ടും വന്ദിച്ചുകൊണ്ട് നാലുപുറത്തേക്കും പാഞ്ഞുപോവുകയും അടുത്ത ദിവസംമുതല്‍ ദേവസ്വം പടിത്തരത്തില്‍ ചേര്‍ത്ത് അവര്‍ക്കു മൂന്നുപറ ആറേകാലിടങ്ങഴി അരിയുടെ ചോറുവിതം കൊടുത്തുതുടങ്ങുകയും ചെയ്തു.

ഒരിക്കല്‍ കൊട്ടാരക്കര ഒരു നായര്‍ കുടുംബത്തിലുണ്ടായിരുന്ന സ്ത്രീപുരു‌ഷന്മാര്‍ ഓരോരുത്തരായി ചത്തുകെട്ടുപോയിട്ട് ഒടുക്കം ഒരു സ്ത്രീമാത്രം ശേ‌ഷിച്ചു. ആ സ്ത്രീ നാല്‍പത്തഞ്ചു വയസ്സുവരെ പ്രസവിക്കാതെയിരുന്നു. സന്താനാര്‍ത്ഥമായി അവര്‍ അനേകം സത്കര്‍മ്മങ്ങള്‍ ചെയ്തു എങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അതിനാല്‍ ആ സ്ത്രീ കേവലം വന്ധ്യയാണെന്നും അവര്‍ പ്രസവിച്ചു സന്താനമുണ്ടാവുകയെന്നുള്ള കാര്യം അസാധ്യമാണെന്നും ആ കുടുംബം അന്യംനിന്നു പോവുകതന്നെ ചെയ്യുമെന്നും എല്ലാവരും തീര്‍ച്ചപ്പെടുത്തി. അങ്ങനെയിരുന്ന കാലത്തു ഭിക്ഷക്കാരനായി ഒരു സന്യാസി ആ കുടുംബത്തില്‍ ചെല്ലുകയും ഭിക്ഷ വാങ്ങിയ ശേ‌ഷം ആ ദിവ്യന്‍ ആ കുടുംബനായികയോട് "അമ്മേ, നിങ്ങള്‍ ഒട്ടും വ്യസനിക്കേണ്ട. നിങ്ങള്‍ ശാസ്താങ്കോട്ടയില്‍ പോയി സ്വാമിദര്‍ശനം കഴിച്ചു വഴിപാടുകള്‍ പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്കു സന്തതിയുണ്ടാകും" എന്നു പറഞ്ഞിട്ടു ഇറങ്ങിപ്പോകുകയും ചെയ്തു. അതു കേട്ടിട്ട് ആ സ്ത്രീക്ക് ഈ ദിവ്യന്റെ വാക്ക് ഒരിക്കലും മിഥ്യയായിപ്പോവുകയില്ലെന്നു മനസ്സില്‍ത്തോന്നുകയും അടുത്ത ദിവസം തന്നെ അവര്‍ അവരുടെ ഭര്‍ത്താവിനോടുകൂടി ശാസ്താങ്കോട്ടയില്‍ച്ചെന്നു കുളിച്ചുതൊഴുതു നടയില്‍നിന്ന്, താന്‍ പ്രസവിച്ച് ഒരു പെണ്‍കുട്ടിയുണ്ടായാല്‍ സ്വാമിയുടെ നടയില്‍ വച്ചു കുട്ടിക്കു ചോറു കൊടുക്കുകയും മൂന്നുപറ അരിയുടെ ചോറുകൊണ്ട് നാനാവിഭവങ്ങളോടു കൂടി കുരങ്ങ ന്മാര്‍ക്കു സദ്യ കഴിക്കുകയും മുന്നാഴി അരി ഏട്ടകള്‍ക്കു കൊടുക്കുകയും ചെയ്യാമെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തുപോയി. അനന്തരം ഒരു മാസം കഴിയുന്നതിനുമുമ്പ് എന്തോ കാരണവശാല്‍ ആ സ്ത്രീയുടെ ഭര്‍ത്താവ് അവരോടു മു‌ഷിഞ്ഞു സംബന്ധം മതിയാക്കിപ്പോവുകയും വേറെ ഒരാള്‍ അവര്‍ക്കു സംബന്ധം തുടങ്ങുകയും ഉടനെ ആ സ്ത്രീ ഗര്‍ഭം ധരിക്കുകയും അവര്‍ യഥാകാലം സസുഖം പ്രസവിച്ച് ഒരു പെണ്‍കുട്ടി ഉണ്ടാവുകയും ചെയ്തു.

ആറാം മാസത്തില്‍ കുട്ടിക്കു ചോറു കൊടുക്കുന്നതിനായി ആ സ്ത്രീയും അവളുടെ ഭര്‍ത്താവുംകൂടി കുട്ടിയെയുംകൊണ്ടു ശാസ്താങ്കോട്ടയിലെത്തി. ക്ഷേത്രത്തില്‍ വേണ്ടുന്ന വഴിപാടുകള്‍ക്കെല്ലാം ഏര്‍പ്പാടു ചെയ്തതിന്റെ ശേ‌ഷം അവര്‍ പോയി കുളിച്ചുവന്നു സ്വാമിദര്‍ശനം കഴിച്ചു കിഴക്കെ നടയില്‍ ഹാജരായി. ശാന്തിക്കാരന്‍ തീര്‍ത്ഥവും പ്രസാദവും ചോറും പായസവുമെല്ലാം അവിടെകൊണ്ടുചെന്നു കൊടുത്ത് കുട്ടിക്കു ചോറു കൊടുക്കാനായി നടയില്‍ ഇലവച്ചു ചോറും പായസവും വിളമ്പി. അപ്പോഴേക്കും കുട്ടി ആരോ അടിച്ചിട്ടെന്നപോലെ ഞെളിഞ്ഞു പിരിഞ്ഞ് ഉറക്കെക്കരഞ്ഞുതുടങ്ങി. ഒരു വിധത്തിലുംചോറു കൊടുക്കാന്‍ നിവൃത്തിയില്ലാതെയായിത്തീര്‍ന്നു. എടുത്താലും പിടിച്ചാലും കുട്ടി കയ്യിലിരിക്കാതെ കുതിച്ചുചാടിത്തുടങ്ങി. കുട്ടി കയ്യില്‍നിന്നു താഴെപ്പോകുമെന്നായപ്പോള്‍ ആ സ്ത്രീ ഒരു മുണ്ടു വിരിച്ചു കുട്ടിയെ അവിടെക്കിടത്തി. ആ സമയം വാനരകുലാധിപതിയായ സുഗ്രീവന്‍ ചാടിച്ചെന്നു കുട്ടിയെ എടുത്തും കൊണ്ടോടിപ്പോയി ഒരു വലിയ വൃക്ഷത്തിന്റെ മുകളില്‍ കയരി ഇരിപ്പായി. സുഗ്രീവന്‍ എടുത്തപ്പോള്‍മുതല്‍ കുട്ടി കരച്ചില്‍ നിര്‍ത്തി, ചിരിക്കുകയും കൈയും കാലും കുടഞ്ഞു കളിക്കുകയും ചെയ്തു തുടങ്ങി. ഇതുകേട്ടു കേട്ട് ആ ദിക്കിലുള്ളവരൊക്കെ അവിടെക്കൂടി. എല്ലാവരും വിസ്മയഭരിത രായിത്തീര്‍ന്നു. കുട്ടിയുടെ മാതാപിതാക്കന്മാര്‍ വ്യസനപരവശരുമായിത്തീര്‍ന്നു. കുരങ്ങന്മാരെല്ലാം നടയില്‍ കൂടി. ഏട്ടകളെല്ലാം വെള്ളത്തില്‍ നിന്നു കരയ്ക്കു കയറി നടയിലെത്തി. ഈ അത്ഭുതപൂര്‍വ്വമായ സംഭവത്തിന് എന്തോ കാരണമുണ്ടെന്നു ജനങ്ങള്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വിധി കല്പിക്കാനുള്ള അധികാരം ഉണ്ണിത്താനാണ്. അതിനാല്‍ ഉണ്ണിത്താന്‍ കുട്ടിയുടെ പിതാവിനെ വിളിച്ച് "നിങ്ങള്‍ ഈ കുരങ്ങന്മാര്‍ക്കും ഏട്ടകള്‍ക്കും എന്തെങ്കിലും കൊടുക്കാമെന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ടോ?" എന്നു ചോദിച്ചു. "എന്തോ എനിക്കു നിശ്ചയമില്ല" എന്ന് അയാള്‍ പറഞ്ഞു. പിന്നെ കുട്ടിയുടെ മാതാവിനോടു ചോദിച്ചപ്പോള്‍ ആ സ്ത്രീ "ഈ കുട്ടിയെ നടയില്‍ കൊണ്ടുവന്നു ചോറുകൊടുക്കുന്ന ദിവസം മൂന്നു പറ അരിയുടെ ചോറുകൊണ്ടു നാനാവിഭവങ്ങളോടുകൂടി കുരങ്ങന്മാര്‍ക്കു ഒരു സദ്യ കഴിക്കുകയും മുന്നാഴി അരി ഏട്ടകള്‍ക്കു കൊടുക്കുകയും ചെയ്യാമെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. അതു ഞാന്‍ മറന്നുപോയിരുന്നു. ഇപ്പോളാണ് ഓര്‍ത്തത്" എന്നു പരഞ്ഞു. "എന്നാല്‍ കുരങ്ങന്മാര്‍ക്കു സദ്യയും ഏട്ടകള്‍ക്കും അരിയും കൊടുക്കല്‍ നാളെ നടത്തിക്കൊള്ളമെന്നു പറഞ്ഞ് അതിലേക്കായി നൂറ്റൊന്നു പണം നിങ്ങള്‍ ഇപ്പോള്‍ നടയില്‍ വയ്ക്കണം. എന്നാല്‍ എല്ലാം ശരിയാകും. നാളെ വഴിപാടുകള്‍ നടത്തീട്ടേ നിങ്ങള്‍ പോകാവു. പണം ഇപ്പോള്‍ നിങ്ങളുടെ കൈവശമില്ലെങ്കില്‍ ഞാന്‍ തരാം. താമസിയാതെ എത്തിച്ചു തന്നാല്‍ മതി" എന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ആ സ്ത്രീ അപ്രകാരം സമ്മതിച്ചു നൂറ്റൊന്നുപണം ഉണ്ണിത്താനോടു കടമായി വാങ്ങി നടയില്‍ വച്ചു. തല്‍ക്ഷണം സുഗ്രീവന്‍ കുട്ടിയെക്കൊണ്ടു വന്നു നടയില്‍ കിടത്തിക്കൊടുത്തു. ഉടനെ ആ സ്ത്രീ കുട്ടിയെ എടുത്തു ചോറു കൊടുത്തു. ചോറൂണു കഴിഞ്ഞ് ഉടനെ കുരങ്ങന്മാര്‍ ഓരോ വൃക്ഷങ്ങളിലേക്കും ഏട്ടകള്‍ വെള്ളത്തിലേക്കും ജനങ്ങള്‍ അവരവരുടെ ഗൃഹങ്ങളിലേക്കും പിരിഞ്ഞുപോയി. കൊട്ടാരക്കരക്കാരായ ദമ്പതിമാര്‍ പിറ്റേ ദിവസം കുരങ്ങന്മാര്‍ക്കു കേമമായി സദ്യ നടത്തുകയും ഏട്ടകള്‍ക്കു അരി കൊടുക്കുകയും കഴിച്ച് സ്വാമിയെ തൊഴുതു കുട്ടിയെയും കൊണ്ടു തിരിച്ചുപോവുകയും അടുത്ത് ദിവസംതന്നെ ഉണ്ണിത്താന്റെ പണം എത്തിച്ചുകൊടുക്കുകയും ചെയ്തു.

കൊല്ലം 721-ആമാണ്ടു വൃശ്ചികമാസം 5-ആം തീയതി ജയസിംഹനാട്ടു (ദേശിങ്ങനാട്ട്=കൊല്ലത്ത്) നാടുവാണിരുന്ന ഉണ്ണികേരളവര്‍മ്മ പണ്ടാരത്തില്‍ എന്ന രാജാവു ശാസ്താങ്കോട്ടയില്‍ വന്നു സ്വാമിദര്‍ശനം കഴിക്കുകയും "അറുപറ" എന്നു പേരായ പ്രധാന വഴിപാടു നടത്തുകയും പ്രതിദിനം ഉ‌ഷഃപൂജയ്ക്ക് ഒന്നേകാലിടങ്ങഴി അരി പതിവു വെക്കുകയും ചെയ്തതായി അവിടെ ഒരു ശിലാലിഖിതം ഇപ്പോഴും കാണുന്നുണ്ട്.

കൊല്ലം 933-ആമാണ്ടു നാടുനീങ്ങിയ (തിരുവിതാംകൂര്‍) മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് തിരുമനസ്സുകൊണ്ടു രാജദ്രാഹികളായ എട്ടുവീട്ടില്‍ പിള്ളമാരെ ഭയപ്പെട്ടു വേ‌ഷപ്രച്ഛന്നനായി സഞ്ചരിച്ചിരുന്ന കാലത്ത് ഒരു ദിവസം മധ്യാഹ്നസമയത്ത് കുന്നത്തൂര്‍ താലൂക്കില്‍ കണ്ണങ്കോട് എന്നു ദേശത്തു ചെന്നെത്തി. അവിടെ വലിയ മാളികയും മറ്റുമുള്ള ഒരു വീട് കണ്ടു കയറിച്ചെന്ന് "ഞാന്‍ ഇന്നലെത്തന്നെ ആഹാരമൊന്നു കഴിച്ചിട്ടില്ല. വിശപ്പും ദാഹവും വളരെ കലശലായിരിക്കുന്നു. അതിനാല്‍ ആഹാരത്തിനു വല്ലതും ഏര്‍പ്പാടു ചെയ്തു തരണം" എന്നരുളിച്ചെയ്തു. അതുകേട്ട് അവിടെയുണ്ടായിരുന്ന ഗൃഹനായകന്‍ തന്റെ ഭൃതനെ വിളിച്ച് "എടാ, അയാള്‍ക്കു ഒരു ഉപ്പുമാങ്ങ എടുത്തുകൊടുക്ക്" എന്നു പറഞ്ഞു. അതുകേട്ടു തിരുമനസ്സുകൊണ്ട് അവിടെ നിന്നിറങ്ങി അതിനടുത്ത് ഒരു വീട്ടില്‍ക്കയറിച്ചെന്നു. അവിടെ പുരു‌ഷന്മാരാരും ഉണ്ടായിരുന്നില്ല. ഒരു വൃദ്ധയായ സ്ത്രീ മുറ്റത്തു നില്‍ക്കുന്നുണ്ടായിരുന്നു. തിരുമനസ്സുകൊണ്ട് ആ വൃദ്ധയെ അടുക്കല്‍ വിളിച്ചു മേല്‍പറഞ്ഞപ്രകാരം താന്‍ തലേദിവസംതന്നേ ആഹാരം കഴിച്ചിട്ടില്ലെന്നും വിശപ്പും ദാഹവും സഹിക്കവയ്യാതെയായിരിക്കുന്നുവെന്നും അതിനാല്‍ ആഹാരത്തിനു വല്ലതും ഏര്‍പ്പാടുചെയ്തു കൊടുക്കണമെന്നും അരുളിച്ചെയ്തു. അതുകേട്ട് ആ വൃദ്ധ (ഇതൊരു നമ്പൂരിയോ മറ്റോ ആണെന്നു വിചാരിച്ച്) "ആഹാരത്തിന് അടിയങ്ങള്‍ വല്ലതും തന്നല്‍ അവിടേക്ക് കൊള്ളുകയില്ലല്ലോ. അതിനാല്‍ അടുത്തുള്ള ബ്രാഹ്മണഗൃഹത്തില്‍ ചട്ടംകെട്ടിത്തരാം. നീരാട്ടുകുളി കഴിഞ്ഞു ചെല്ലുമ്പോഴേക്കും ആഹാരത്തിനു തയ്യാറായിരിക്കും" എന്നു പറഞ്ഞു കുളവും ബ്രാഹ്മണഗൃഹവും കാണിച്ചു കൊടുക്കുന്നതിന് ഒരാളെ കൂടെയയച്ചു. ബ്രാഹ്മണഗൃഹത്തില്‍ ഭക്ഷണം കൊടുക്കുന്നതിനും ചട്ടംകെട്ടി. തിരുമനസ്സുകൊണ്ടു നീരാട്ടുകുളിയും നിത്യകര്‍മ്മാദികളും കഴിചു ചെന്നപ്പോള്‍ ഊണിനെല്ലാം തയ്യാറായിരുന്നു. ഉടനെ അമൃതേത്തു കഴിച്ച് അവിടെനിന്നറിങ്ങി മേല്‍പറഞ്ഞ രണ്ടു വീട്ടുകാരുടെയും സ്ഥിതിയെപ്പറ്റിയും വീട്ടുപേരുകളും അന്വേ‌ഷിച്ചറിഞ്ഞു. തിരുമനസ്സു കൊണ്ട് ആദ്യം ചെന്നുകയറിയ വീട് "ചിറ്റുണ്ടിയില്‍ത്തരകന്‍" എന്ന ധനവാന്റേതായിരുന്നു. ആ വീട്ടുകാര്‍ വലിയ ധനവാന്മാരായിരുന്നുവെങ്കിലും ആര്‍ക്കും പച്ചവെള്ളം പോലും കൊടുക്കാത്ത ദുഷ്ടന്മാരായിരുന്നു. രണ്ടാമതു കയറിയ വീടിന്റെ പേരു "നെല്ലിമൂട്ടില്‍" എന്നായിരുന്നു. ആ വീട്ടുകാര്‍ ഉപായകാലക്ഷേപക്കാരായിരുന്നുവെങ്കിലും ദയയും മര്യാദയുമുള്ള ധര്‍മ്മി‌ഷ്ഠന്മാരായിരുന്നു. ആ രണ്ടു വീട്ടുകാരും സുറിയാനി ക്രിസ്ത്യാനികളാണ്. തിരുമനസ്സുകൊണ്ട് ആ വിവരങ്ങളെല്ലാം അന്വേ‌ഷിച്ചറിഞ്ഞിട്ട് അവിടം വിട്ടു പോവുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മമഹാരാജാവു തിരുമനസ്സിലേക്കു തിരുമൂപ്പു സിദ്ധിക്കുകയും അവിടുന്നു രാജദ്രോഹികളെയെല്ലാം സംഹരിക്കുകയും കായംകുളം മുതലായ രാജ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതിന്റെ ശേ‌ഷം സാധുക്കളായ നെല്ലിമൂട്ടില്‍ കുടുംബക്കാര്‍ക്കു കരമൊഴിവായി വളരെ വസ്തുക്കള്‍ കല്പിച്ചു പതിച്ചുകൊടുത്തതു കൂടാതെ "മുതലാളി" എന്നൊരു സ്ഥാനവും കല്പിച്ചുകൊടുത്തു. ചിറ്റുണ്ടിയില്‍ത്തരകന്റെ സ്ഥാവരങ്ങളും ജംഗമങ്ങളുമായ സകലവസ്തുക്കളും കണ്ടുകെട്ടി ശാസ്താങ്കോട്ടദേവസ്വത്തില്‍ ചേര്‍ക്കുകയും ചെയ്തു. ആ വസ്തുക്കളില്‍ നിന്നുള്ള ആദായംകൊണ്ട് ശാസ്താങ്കോട്ടയില്‍ ശനിയാഴ്ചതോറും നാല്പത്തൊന്നു പറ അരികൊണ്ട് ധര്‍മ്മകഞ്ഞിയും അഞ്ചുപറ അരി കൊണ്ട് ക്ഷേത്രത്തില്‍ ബ്രാഹ്മമണഭോജനവും നടത്തുന്നതിനും ശേ‌ഷമുള്ളതു നിത്യനിദാനത്തില്‍ കൂട്ടുന്നതിനുമാണ് കല്പിച്ചു വ്യവസ്ഥ ചെയ്തത്. ആ തിരുമനസ്സിലെ കാലാനന്തരമുണ്ടായ പരിക്ഷ്കാരത്തില്‍ ഈ പതിവ് കുറച്ച് ധര്‍മ്മകഞ്ഞിക്കു മൂന്നു പറ അഞ്ചിടങ്ങഴി അരിയും ബ്രാഹ്മണഭോജനം വകയ്ക്ക് ഒരു പറ എട്ടിടങ്ങഴി അരിയുമാക്കുകയും ശേ‌ഷമുള്ളതു കൊണ്ട് കൊല്ലത്ത് ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ നമസ്കാര(ബ്രാഹ്മണഭോജന)വും ആശ്രാമത്ത് ഊട്ടും നടത്തുന്നതിന് ഏര്‍പ്പാടുചെയ്യുകയും ചെയ്തു. ശാസ്താങ്കോട്ട ക്ഷേത്രത്തിലുള്ള ചില ഓട്ടുപാത്രങ്ങളിലും മറ്റു "ചിറ്റുണ്ടിയില്‍ത്തരകന്‍വക" എന്നു പേരു വെട്ടിയിരിക്കുന്നത് ഇപ്പോഴും കാണ്‍മാനുണ്ട്.

ബ്രിട്ടി‌ഷ് റസിഡണ്ടും തിരുവിതാംകൂര്‍ ദിവാനുമായിരുന്ന മണ്ട്റോ സായ്പവര്‍കള്‍ ദേവസ്വങ്ങള്‍ പരി‌ഷ്ക്കരിചു പതിവുകളേര്‍പ്പെടുത്തിയ കാലത്ത് ശാസ്താങ്കോട്ടയില്‍ കുരങ്ങന്മാര്‍ക്കും മുതലയ്ക്കും ചോറും മത്സ്യങ്ങള്‍ക്കു അരിയും കൊടുക്കുന്നത് അനാവശ്യമാണെന്നു പറഞ്ഞ് ആവക ചെലവുകള്‍ നിര്‍ത്തലെഴുതിച്ചു. കുരങ്ങന്മാര്‍ക്കു ചോറു കിട്ടാതായപ്പോള്‍ അവര്‍ ക്ഷേത്രത്തില്‍ക്കടന്നു നിവേദ്യം കഴിയുമ്പോള്‍ അനുഭവക്കരുടെയും വഴിപാടുകാരുടെയും മറ്റും ചോറെല്ലാം എടുത്തു തിന്നുകയും ശാന്തിക്കാരനെയും ദേവസ്വക്കാരനെയും അടിക്കുകയും കടിക്കുകയും മാന്തുകയും കീറുകയും മറ്റും ചെയ്തു ഉപദ്രവിക്കുകയും ചെയ്തു തുടങ്ങി. അനുഭവക്കാര്‍ക്കു ചോറു കിട്ടാതാവുകയും ദേവസ്വ ക്കാര്‍ക്കു അവിടെച്ചെന്നു ജോലി ചെയ്വാന്‍ നിവൃത്തിയില്ലാതാവുകയും ചെയ്യുകയാല്‍ അവര്‍ എലാവരും കൂടിപ്പോയി മണ്ട്റോ സായ്പവര്‍കളെക്കണ്ടു വിവരം ബോധിപ്പിക്കുകയും സായ്പവര്‍കള്‍ ഇതിന്റെ പരമാര്‍ത്ഥമ റിയുന്നതിനായി ശാസ്താങ്കോട്ടയില്‍ വരികയും ചെയ്തു. സായ്പവര്‍കള്‍ വന്നു മതില്‍ക്കു വെളിയില്‍ ഒരു സ്ഥലത്തു കസേരയിട്ട് ഇരുന്നു. അപ്പോള്‍ കുരങ്ങന്മാര്‍ എല്ലാം അവിടെ ഹാജരായി കുനിഞ്ഞു സലാം ചെയ്തിട്ടു നിരന്നുനിന്നു. അപ്പോള്‍ സായ്പവര്‍കള്‍ "നിങ്ങള്‍ ഈ അക്രമങ്ങള്‍ കാണിക്കുന്നതെന്താണ്?" എന്നു ചോദിച്ചു. അവര്‍ അവരുടെ വയര്‍ തൊട്ടു കാണിച്ചും മറ്റും വിശപ്പു സഹിക്കാന്‍ വയ്യാഞ്ഞിട്ടാണെന്നു സായ്പവര്‍കളെ ഗ്രഹിപ്പിച്ചു. ഉടനെ സായ്പവര്‍കള്‍ "നിങ്ങള്‍ക്ക് ഇവിടെ ചോറു പതിവുവച്ചത് ആരാണ്, എന്നാണ്, അതിലേക്കു വല്ല ലക്ഷ്യവുമുണ്ടോ?" എന്നു ചോദിച്ചു. തത്ക്ഷണം സുഗ്രീവന്‍ തന്റെ വായില്‍ കൈയിട്ട് ഒരു ചെമ്പുതകിടെടുത്തു തുടച്ചു നന്നാക്കി സായ്പവര്‍കളുടെ മുമ്പില്‍വച്ചു. അത് കായംകുളത്തു രാജാവു കൊടുത്ത ചെമ്പു തകിടായിരുന്നു. സായ്പവര്‍കള്‍ അതെടുത്തു വായിച്ചുനോക്കി വളരെ സന്തോ‌ഷിക്കുകയും സമ്മതിക്കുകയും കുരങ്ങന്മാരുടെ ചോറും മറ്റും യഥാപൂര്‍വ്വം കൊടുത്തു കൊള്ളുന്നതിന് അനുവദിക്കുകയും ചെമ്പു തകിട് സുഗ്രീവന്റെ കൈയില്‍തന്നെ കൊടുക്കുകയും ചെയ്തിട്ട് മടങ്ങിപ്പോവുകയും ചെയ്തു.

മുതലയ്ക്കു ചോറു കൊണ്ടുചെന്നു കൊടുക്കുന്നതിനുള്ള ചുമതല മാരാര്‍ക്കാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഒരു ദിവസം പതിവുമാരാന്‍ മാരാന്‍ എവിടെയോ പോയിരുന്നതിനാല്‍ അവരുടെ കുടുംബത്തിലുണ്ടായി രുന്ന ഒരു ചെറുക്കനാണ് മുതലയ്ക്ക് ചോറു കൊണ്ടുചെന്നു കൊടുത്തത്. മുതല വന്നു ചോറു തിന്നുകൊണ്ടിരുന്ന സമയം ആ ചെറുക്കന്‍ ഒരു വലിയ കല്ലെടുത്തു മുതലയുടെ തലയ്ക്ക് ഒരിടി കൊടുത്തു. ഇടികൊണ്ട് മുതല ഉറക്കെ നിലവിളിച്ചു. ആ ശബ്ദം കേട്ടു ചിലര്‍ കടവില്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ മുതല ചത്തു വെള്ളത്തിലും മാരാച്ചെറുക്കന്‍ മരിച്ചു കരയ്ക്കു കിടക്കുന്നതായിക്കണ്ടു. അക്കാലംമുതല്‍ മുതലയ്ക്കുള്ള ചോറു നിര്‍ത്തലാവുകയും ചെയ്തു.

ശാസ്താങ്കോട്ടയില്‍ താമസിച്ചിരുന്ന പന്തളരാജാവിന്റെ കാലാ നന്തരം അവിടെ ദേവസ്വകാര്യങ്ങള്‍ അന്വേ‌ഷിച്ചിരുന്നത് ഉണ്ണിത്താന്റെ കുടുംബത്തില്‍ അന്നന്നു മൂപ്പായിട്ടുള്ളവരായിരുന്നു. ആ കുടുംബത്തിലുള്ളവര്‍ അക്കാലത്തു സ്വാമിയെക്കുറിച്ചു വളരെ ഭയവും ഭക്തിയും വിശ്വാസവുമുള്ളവരായിരുന്നു. അവര്‍ രാവിലെ കുളിച്ചു സ്വാമിദര്‍ശനം കഴിക്കാതെ വെള്ളം കുടിക്കുകപോലും ചെയ്യാറില്ലായിരുന്നു. കാലക്രമേണ അതൊക്കെ കുറേശ്ശേ ഭേദപ്പെട്ടു തുടങ്ങി.

പന്തളത്തുരാജാവിന്റെ കാലം കഴിഞ്ഞതിന്റെശേ‌ഷം ഏട്ടകള്‍ക്കു അരിവാരിയിട്ടു കൊടുത്തിരുന്നത് ഉണ്ണിത്താനായിരുന്നു. ഒരിക്കല്‍ ഒരുണ്ണിത്താന്‍ ശരീരം ശുദ്ധം മാറിക്കൊണ്ടു ചെന്ന് ഏട്ടകള്‍ക്കു അരി വാരിയിട്ടു കൊടുത്തു. ഏട്ടകള്‍ ആ അരി തിന്നില്ല. അന്നു മുതല്‍ ആ ഉണ്ണിത്താന്‍ അരി വാരിയിട്ടുകൊടുത്താല്‍ ഏട്ടകള്‍ ഒരിക്കലും തിന്നാതെയായി. അതിനാല്‍ ആവക അരിയും നിര്‍ത്തലെഴുതി. ശാസ്താങ്കോട്ടയിലെ കുരങ്ങന്മാര്‍ അബ്രാഹ്മണരുടെ ചോറോ മത്സ്യമാംസാദികളോ ഭക്ഷിക്കാറില്ല. അതിനാലാണ് അവര്‍ക്കു പതിവുള്ള ചോറ് ശാന്തിക്കാരന്‍ കൊണ്ടു ചെന്നു കൊടുക്കണമെന്ന് ഏര്‍പ്പാടുവച്ചത്.

ഒരിക്കല്‍ ഇവരില്‍ ചില കുരങ്ങന്മാര്‍ ക്ഷേത്രത്തില്‍ പടിഞ്ഞാറു ഭാഗത്തായി താമസിച്ചിരുന്ന മരയ്ക്കാന്മാരുടെ കുടികളില്‍ക്കയറി അവര്‍ പാകംചെയ്തുവച്ചിരുന്ന മത്സ്യവും മാംസവും ചോറും മറ്റുമെടുത്തു ഭക്ഷിച്ചു. അതു ശേ‌ഷമുള്ള കുരങ്ങന്മാര്‍ക്കു ഒട്ടും രസവും സമ്മതവുമായില്ല. പിറ്റേ ദിവസം പതിവുപോലെ ഉച്ചപ്പൂജ കഴിഞ്ഞപ്പോള്‍ എല്ലാ കുരങ്ങന്മാരും കിഴക്കെനടയില്‍കൂടി. പതിവുള്ള ചോറു ശാന്തിക്കാരന്‍ പാത്രത്തോടുകൂടിപ്പിടിച്ചു ഗോപുരത്തിനു വെളിയില്‍ പതിവു സ്ഥലത്തു കൊണ്ടുചെന്നിട്ടു. മുക്കുവരുടെ ചോറും മാംസവും ഭക്ഷിച്ച കുരങ്ങന്മാര്‍ തൊട്ട ചോറു ശേ‌ഷമുള്ള കുരങ്ങന്മാര്‍ തിന്നുകയില്ലല്ലോ. അതിനാല്‍ മാംസം തിന്നവര്‍ ചോറു തൊടാന്‍ മറ്റുള്ളവര്‍ സമ്മതിച്ചില്ല. തങ്ങളെ കൂട്ടാതെ മറ്റവര്‍ തനിച്ചു ചോറെടുത്തു ഭക്ഷിക്കാന്‍ മാംസം തിന്നവരും സമ്മതിച്ചില്ല. അതിനാല്‍ ആ രണ്ടു കൂട്ടുക്കാരും തമ്മില്‍ അവിടെവച്ചു ദേവാസുരയുദ്ധംപോലെ വലിയ യുദ്ധമുണ്ടായി. ഒടുക്കം രണ്ടുകൂട്ടര്‍ക്കും ഊണു കഴിക്കാന്‍ സാധിച്ചില്ല. ചോറ് അവിടെക്കിടന്നു വെറുതെ പോയി. അങ്ങനെ രണ്ടു കൂട്ടരും തമ്മില്‍ ഏകദേശം ഒരു മാസത്തോളം കാലം യുദ്ധമുണ്ടായി. അത്രയും കാലം അവര്‍ക്കുണ്ടായിരുന്ന ചോറു വെറുതെ പോയതിനാല്‍ അക്കാലംമുതല്‍ ആ ചോറും നിറുത്തലായിപ്പോയി. എങ്കിലും കുരങ്ങന്മാര്‍ക്കു പതിവുണ്ടായിരുന്ന ചോറും മത്സ്യങ്ങള്‍ക്കു പതിവുണ്ടായിരുന്ന അരിയും ആണ്ടിലൊരിക്കല്‍ (പത്താമുദയദിവസം) ഇപ്പോഴും കൊടുത്തുവരുന്നുണ്ട്. മറ്റുള്ള ദിവസങ്ങളില്‍ സ്വാമിദര്‍ശനത്തിനായി അവിടെ ചെല്ലുന്നവര്‍ വല്ലതും കൊടുത്തെങ്കില്‍ മാത്രമേ കുരങ്ങന്മാര്‍ക്കും ഏട്ടകള്‍ക്കും ഇപ്പോള്‍ ആഹാരത്തിനു മാര്‍ഗ്ഗമുള്ളൂ. എങ്കിലും വഴിപാടുകാര്‍ ഇപ്പോഴും അവിടെ ധാരാളമായി വന്നുകൊണ്ടിരിക്കുന്നതിനാല്‍ അവര്‍ക്കു ഒരു ദിവസവും ആഹാരത്തിനു മുട്ടുവരുന്നില്ല. യുദ്ധത്തില്‍ ഒടുക്കം മാസഭുക്കുകളായ കുരങ്ങന്മാര്‍ തോറ്റുപോവുകയാല്‍ അവര്‍ അക്കാലം മുതല്‍ അവിടം വിട്ട് സ്ഥിരവാസം ക്ഷേത്രത്തിനു പടിഞ്ഞാര് ഇപ്പോള്‍ ചന്തയായിരിക്കുന്ന സ്ഥലത്തോടടുത്തുള്ള പ്രദേശങ്ങളിലാക്കി. അതിനാല്‍ വഴിപാടായി ലഭിക്കുന്ന ചോറും പഴവും മറ്റും മാസഭോജികളല്ലാത്ത വാനരന്മാര്‍ക്കു ഇപ്പോള്‍ നിര്‍ബാധമായി ഭക്ഷിക്കാം. ആരും ഒന്നും കൊടുക്കാത്ത ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ക്ഷേത്രസംബന്ധികളുടെയും മറ്റും ചോറ് ബലാല്‍ തട്ടിയെടുത്താണ് അവരിപ്പോള്‍ ഉപജീവനം കഴിച്ചു വരുന്നത്. അവര്‍ ആ ക്ഷേത്ര സന്നിധി വിട്ട് എങ്ങും പോകാറില്ല. മാംസഭോജികളായ കുരങ്ങന്മാര്‍ ഇപ്പോള്‍ ഉപജീവിച്ചു വരുന്നതും മിക്കവാറും ചന്തകൊണ്ടാണ്. അവരും കച്ചവടക്കാരും തമ്മില്‍ അവിടെ പലപ്പോഴും അടിയും പിടിയും ശണ്ഠയുമുണ്ടാവാറുണ്ട്. വലിയ രാജാക്കന്‍മാരോ പ്രഭുക്കന്‍മാരോ സ്വാമിദര്‍ശനത്തിനായി ശാസ്താങ്കോട്ടയില്‍ച്ചെന്നാല്‍ അന്നു മാംസഭുക്കുകളായ കുരങ്ങന്‍മാരും ക്ഷേത്രസന്നിധിയില്‍ വന്നുചേരും. എങ്കിലും അവര്‍ ക്ഷേത്രത്തില്‍ കടക്കാറില്ല. ഭ്രഷ്ടന്‍മാര്‍ക്കു ക്ഷേത്രം പാടില്ലല്ലോ. ഇപ്പോള്‍ രാജാക്കന്മാരുടെയും മറ്റും വഴിപാടായി രണ്ടുകൂട്ടം കുരങ്ങന്‍മാര്‍ക്കും ചോറോ പഴമോ കൊടുക്കുന്നുണ്ടെങ്കില്‍ വെവ്വേറെ രണ്ടു പാത്രങ്ങളിലാക്കി കൊടുക്കണം. എന്നു മാത്രമല്ല മാംസഭുക്കുകളല്ലാത്ത കുരങ്ങ ന്മാര്‍ക്കു ആദ്യം കൊടുക്കുകയും വേണം. അതു മറ്റവര്‍ക്കു കൊടുക്കുന്നതിലധികമുണ്ടായിരിക്കുകയും വേണം. അല്ലെങ്കില്‍ യുദ്ധമുണ്ടാകുന്നകാര്യം തീര്‍ച്ചയാണ്.

ശാസ്താങ്കോട്ടയില്‍ സ്വാമിയുടെ ചൈതന്യവും കുരങ്ങന്മാരുടെ ദിവ്യത്വവും ഇപ്പോഴും കുറഞ്ഞിട്ടില്ല. ഇക്കാലത്തും അവിടെ ദര്‍ശനത്തിനായിട്ടും ഭജനത്തിനായിട്ടും പ്രതിദിനം അസംഖ്യമാളുകള്‍ വരുന്നുണ്ട്. അവിടെ ഭജനമിരുന്നാല്‍ ഒഴിയാത്ത ബാധയും ഭേദമാകാത്ത രോഗവും വഴിപാടു പ്രാര്‍ത്ഥിച്ചാല്‍ സാധിക്കാത്ത കാര്യവുമില്ല. മനു‌ഷ്യര്‍ നിവസിക്കുന്ന ഗൃഹങ്ങളിലും മറ്റും ചിലപ്പോള്‍ ഉറുമ്പിന്റെ ഉപദ്രവം കലശലായി ത്തീരുന്നതു സാധാരണമാണല്ലോ. ആ അവസരങ്ങളില്‍ നാഴി അരിയില്‍ ഒരു നാളികേരം ചിരകിയിട്ടിളക്കി ഏട്ടകള്‍ക്കു കൊടുത്താല്‍ ഉറുമ്പിന്റെ ഉപദ്രവം നിശ്ശേ‌ഷം നീങ്ങിപ്പോകും. ഈ സംഗതിയില്‍ കൊല്ലം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ അനുഭവസ്ഥരായി ഇപ്പോഴും പലരുമുണ്ട്. ഉറുമ്പിന്റെ ഉപദ്രവം ശമിക്കാനായി ഇപ്പോഴും പലരും ഇപ്രകാരം ചെയ്തുവരുന്നുമുണ്ട്. ഇവയ്ക്കെല്ലാം ദൃഷ്ടാന്തങ്ങളായിട്ട് അനേകം ഐതിഹ്യങ്ങളുണ്ട്. കുരങ്ങന്മാരുടെ മാഹാത്മ്യം സംബന്ധിച്ചു അസംഖ്യം കഥകള്‍ ഇനിയും പറയാനുണ്ട്. വിസ്തരഭയത്താല്‍

അവയൊന്നും ഇവിടെ വിവരിക്കുന്നില്ല. അടുത്ത കാലത്ത്, അതായത് ഒരു മുപ്പതു കൊല്ലം മുമ്പുണ്ടായതായ ഒരു സംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസത്തെ അവസാനിക്കാമെന്നു വിചാരിക്കുന്നു.

കൊല്ലം 1065-ആമാണ്ടിടയ്ക്ക് ദൂരസ്ഥലന്മാരായ അഞ്ചുപേരൊരുമിച്ച് ശാസ്താങ്കോട്ടയില്‍ സ്വാമി ദര്‍ശനത്തിനായി വന്നിരുന്നു. അവരില്‍ നാലു പേര്‍ സ്വാമിക്കു വഴിപാടിനും കുരങ്ങന്മാര്‍ക്കും ചോറും കൊടുക്കുന്നതിനും ഏട്ടകള്‍ക്ക് അരി കൊടുക്കുന്നതിനും മറ്റും ഉണ്ണിത്തന്റെ പക്കല്‍ പണം കൊടുത്തേല്‍പ്പിച്ചു. ഒരാള്‍ മാത്രം വഴിപാടിനും മറ്റും ഒന്നും കൊടുത്തില്ല. അതിനാല്‍ അയാളോടു മറ്റവര്‍ "എന്താ താന്‍ വഴിപാടിനൊന്നും കൊടുക്കുന്നില്ലേ?' എന്നു ചോദിച്ചു. "ഇല്ല. ഞാന്‍ കുളിച്ചു തൊഴണമെന്നു മാത്രമേ വിചാരിക്കുന്നുള്ളു. ഈശ്വരന്മാര്‍ക്കു ഞാന്‍ കൈക്കൂലി കൊടുക്കാറില്ല. എന്നുതന്നെയുമല്ല, കുരങ്ങന്മാര്‍ക്കു ചോറും മത്സ്യങ്ങള്‍ക്കു അരിയും കൊടുക്കുന്നതു കേവലം മൂടന്മത്വമാണെന്നാണ് എന്റെ വിശ്വാസം" എന്നു പറഞ്ഞു. "എന്നാല്‍ വേണ്ടാ. എന്തോ ഇതൊരാപത്താണ്" എന്നു മറ്റവരും പറഞ്ഞു. അഞ്ചുപേരുംകൂടി കുളിക്കാന്‍ പോയി. അഞ്ചുപേരും മടിശ്ശീല കടവില്‍ ഒരു കല്ലിന്മേല്‍ വചിട്ടു കുളിക്കാനിറങ്ങി. അപ്പോള്‍ ഒരു വാനരവീരന്‍ പെട്ടെന്ന് ചാടിച്ചെന്ന് വഴിപാടിനു കൊടുക്കാത്ത ആ മനു‌ഷ്യന്റെ മടിശ്ശീല മാത്രം എടുത്തുകൊണ്ട് ഓടിപ്പോയി ഒരു വൃക്ഷത്തിന്റ മുകളില്‍ കയറിയിരുന്നു. മടിശ്ശീല കൊണ്ടുപോയപ്പോള്‍ അതിന്റെ ഉടമസ്ഥനു വലിയ വ്യസനമായി. അയാള്‍ പ്രാണനെക്കാള്‍ പണത്തെ സ്നേഹിക്കുന്നു ഒരാളാണ്. അയാള്‍ ഒരു കല്ലെടുത്ത് ആ കുരങ്ങനെ എറിഞ്ഞു. കുരങ്ങന്‍ ആ കല്ലും ചാടിപ്പിടിച്ച് അതുകൊണ്ടു തന്നെ ആ മനു‌ഷ്യനെയുമെറിഞ്ഞു. ആ ഏറുകൊണ്ട് ആ മനു‌ഷ്യന്റെ തലപൊട്ടിച്ചോരയൊലിച്ചു. പിന്നെ ആ കുരങ്ങന്‍ മടിശ്ശീലയഴിച്ച് അതിലുണ്ടായിരുന്ന പണമെടുത്ത് ഓരോന്നായി കായലിലേക്കിട്ടു. ഗത്യന്തരമിലയ്കയാല്‍ പണത്തിന്റെ ഉടമസ്ഥന്‍ അതുകണ്ടു വ്യസനിചു കൊണ്ടു നിന്നു. പണം മുഴുവനും തീര്‍ന്നപ്പോള്‍ കുരങ്ങന്‍ മടിശ്ശീല ചുരുട്ടിക്കൂട്ടി ഉടമസ്ഥന്റെ മുഖത്തേക്ക് ഒരേറുകൊടുത്തു. അപ്പോള്‍ ആ മനു‌ഷ്യന്റെ കൂട്ടുകാര്‍ "എന്താ തൃപ്തിയായിലേ? ഈശ്വരന്മാര്‍ക്കുകൈക്കൂലി കൊടുക്കാഞ്ഞിട്ടു പണമൊക്കെ ഇപ്പോള്‍ ലാഭമായല്ലോ. തല പൊട്ടിയതുമാത്രം ലാഭം. എന്തെങ്കിലും ആപത്തുണ്ടുകുമെന്നു ഞങ്ങള്‍ മുമ്പുതന്ന പറഞ്ഞുവല്ലോ. ഇനി നടയില്‍ച്ചെന്നു സമസ്താപരാധങ്ങള്‍ ക്ഷമിക്കുന്നതിനു പ്രാര്‍ത്ഥിക്കൂ. അല്ലെങ്കില്‍ തനിക്ക് ഇവിടെ നിന്നുപോയി പ്പിഴയ്ക്കാനൊക്കുമെന്നു തോന്നുന്നില്ല" എന്നു പറഞ്ഞു. അവര്‍ അഞ്ചുപേരും കുളിച്ചു നടയില്‍ച്ചെലുകയും വഴിപാടു കഴിക്കാത്തയാള്‍ ഏറ്റവും പശ്ചാത്താപത്തോടുകൂടി മേല്‍പ്പറഞ്ഞപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ ഒരാള്‍ അവിടെച്ചെന്നു സംഗതി കളെല്ലാം ചോദിച്ചറിയുകയും കായലില്‍പ്പോയ പണമെല്ലാം സ്വാമിക്കു വഴിപാടായിട്ടും കുരങ്ങന്മാര്‍ക്കും ചോറും ഏട്ടകള്‍ക്കു അരിയും കൊടുക്കുന്നതായിട്ടും കൊടുത്തയയ്ക്കാമെന്നു നിശ്ചയിക്കാന്‍ അവരോടു പറയുകയും പണത്തിന്റെ ഉടമസ്ഥന്‍ അപ്രകാരം സമ്മതിചു പറഞ്ഞു സ്വാമിയെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ കുരങ്ങന്‍ കായലില്‍ ച്ചെന്നു മുങ്ങി ഒരു ചെരട്ട എടുത്തുകൊണ്ടുവന്നു നടയില്‍വച്ചു. കായലിലിട്ട പണം അതിലുണ്ടായിരുന്നു. എണ്ണിനോക്കിയപ്പോള്‍ അതു നൂറ്റൊന്നു പണമായിരുന്നുവെന്ന് ഉടമസ്ഥന്‍ പറഞ്ഞു. ആ പണം മുഴുവന്‍ സ്വാമിക്കു വഴിപാടിനും മറ്റുമായി ഉടമസ്ഥന്‍ ദേവസ്വത്തില്‍ ഏല്പിച്ചു. ദേവസ്വക്കാര്‍ അതില്‍ പകുതിപ്പണം കൊണ്ടു സ്വാമിക്കു വഴിപാടുകള്‍ നടത്തുകയും ശേ‌ഷംകൊണ്ടു കുരങ്ങന്മാര്‍ക്കു ചോറും ഏട്ടകള്‍ക്കു അറിയും കൊടിപ്പിക്കുകയും ചെയ്തു. എങ്കിലും കുരങ്ങന്മാര്‍ ആ ചോറും ഏട്ടകള്‍ ആ അരിയും തിന്നില്ല. മനസ്സില്ലാത്തവര്‍ നിവൃത്തിയില്ലാഞ്ഞിട്ടു കൊടുത്ത സാധനങ്ങള്‍ അവര്‍ സ്വീകരിക്കാറില്ല.

ആ കായലിന്റെ തീരപ്രദേശത്തു സ്ഥിരവാസക്കാരായ അനേകം മുക്കുവരുണ്ട്. അവര്‍ ആ കായലില്‍നിന്നു മത്സ്യങ്ങളെ പിടിച്ചു വിറ്റും തിന്നും ഉപജീവിക്കുന്നവരാണ്. എങ്കിലും അവര്‍ ഏട്ടകളെ പിടിക്കുകയോ ഏട്ടകള്‍ അവരുടെ വലയില്‍ അകപ്പെടുകയോ ചെയ്യാറില്ല. ഏട്ടകളെ അവര്‍ സ്വാമിയുടെ "തിരുമക്കള്‍" എന്നാണ് പറയുന്നത്. ഇപ്പോള്‍ (1925-ല്‍) തിരുവനന്തപുരത്തു വലിയകൊട്ടാരം മാനേജരായിത്താമസിക്കുന ശങ്കരന്‍നമ്പി അവര്‍കളുടെ ഉത്സാഹവും പ്രവേശവും നിമിത്തം ശാസ്താങ്കോട്ടയ്ക്കു പൂര്‍വ്വാധികം തെളിച്ചവും പരി‌ഷ്ക്കാരവും സിദ്ധിച്ചിട്ടുള്ള വാസ്തവംകൂടി പ്രസ്താവിച്ചുകൊണ്ട് ഈ ഉപന്യാസത്തെ സമാപിപ്പിച്ചുകൊള്ളുന്നു.