ഐതിഹ്യമാല/മണ്ണടിക്കാവും കാമ്പിത്താനും
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

തിരുവിതാംകൂര്‍ കൊല്ലം ഡിവി‌ഷനില്‍ച്ചേര്‍ന്ന കുന്നത്തൂര്‍ താലൂക്കില്‍ കണ്ണാടി എന്ന ദേശത്തുള്ള സുപ്രസിദ്ധമായ ഭദ്രകാളീക്ഷേത്രത്തെയാണ് "മണ്ണടിക്കാവെ"ന്നു പറയുന്നത്. ഭദ്രകാളീക്ഷേത്രത്തില്‍ ഒരു വെളിച്ചപ്പാടുണ്ടായിരിക്കുക സാധാരണമാണല്ലോ. ചില ദിക്കുകളില്‍ വെളിച്ചപ്പാടിനെ "കോമര"മെന്നും പറയുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ കണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ "കാമ്പിത്താ”നെന്നാണ് പറയുക പതിവ്. മണ്ണടിക്കാവില്‍ ഭഗവതി സ്വയംഭൂവാണ്. ആ ക്ഷേത്രം പണ്ട് ദേശാധിപതിയായിരുന്ന വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലെ വകയായിരുന്നു. അടുത്ത കാലത്ത് ഒരു വിധിപ്രകാരം അതു "മംഗലത്തു പണിക്കര്‍" എന്നൊരു നായരുടെ വകയാണെന്നു തീര്‍ച്ചപ്പെട്ടിട്ടുണ്ടത്ര.

പണ്ടു വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തില്‍ മണ്ണടിദേശത്തിന്റെ അധിപനായിരുന്ന കാലത്ത് അവിടത്തെ വകയായി ഒരു ചെറിയ സൈന്യശേഖരമുണ്ടായിരുന്നു. ആ സൈനികന്മാരെ ആയോധനവിദ്യ അഭ്യസിപ്പിക്കുകയും സൈന്യത്തിന്റെ ആധിപത്യം വഹിക്കുകയും ചെയ്തിരുന്നത് മംഗലത്തു പണിക്കരുടെ തറവാട്ടില്‍ അന്നന്നു മൂപ്പായിരിക്കുന്നവരായിരുന്നു. അന്നു സൈന്യങ്ങളെ അഭ്യസിപ്പിച്ചിരുന്ന കളരിയും ആ കളരിയില്‍ ചില പരദേവതമാരുടെ വിഗ്രഹങ്ങളും മംഗലത്തു പണിക്കരുടെ ഗൃഹത്തിനടുത്ത് ഇപ്പോഴും കാണ്‍മാനുണ്ട്. ഇങ്ങനെ വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തില്‍ ദേശാധിപതിയും മംഗലത്തു പണിക്കര്‍ സേനാനായകനുമായിരുന്ന കാലത്ത് ഒരു ദിവസം കൃ‌ഷിയിറക്കുന്നതിനു കാടു വെട്ടിത്തെളിക്കാനായി ചില പുലയര്‍ മംഗലത്തു പണിക്കരുടെ ഭവനത്തിനു സമീപം ഒരു കാട്ടില്‍ വന്നുചേര്‍ന്നു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പുലക്കള്ളി (പുലയസ്ത്രീ) അവിടെക്കണ്ട ഒരു കല്ലിന്മേല്‍ അരിവാള്‍ തേച്ചപ്പോള്‍ ആ ശിലയില്‍നിന്നു രക്തം പ്രവഹിക്കുകയാല്‍ അതുകണ്ടു പുലയര്‍ ഭയാത്ഭുതപരവശന്മാരായി ഉറക്കെ നിലവിളിച്ചു. നിലവിളികേട്ടു മംഗലത്തു പണിക്കര്‍ മുതലായ സമീപസ്ഥര്‍ ഉടനെ സ്ഥലത്തെത്തി സംഗതി മനസ്സിലാക്കുകയും വിവരം വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലെ അടുക്കല്‍ അറിയിക്കുകയും ചെയ്തു. അതുകേട്ടപ്പോള്‍ അന്നത്തെ മൂത്ത പണ്ടാരത്തില്‍ "രക്തം കണ്ടുവെങ്കില്‍ അതൊരു ദേവബിംബമായിരിക്കണം. ഇപ്രകാരം സ്വയംഭൂവായ ദേവബിംബം കണ്ടാല്‍ ഉടനെ അതിനൊരു നിവേദ്യം കഴിച്ചില്ലെങ്കില്‍ അതു മറഞ്ഞു പോകുമെന്നു കേട്ടിട്ടുണ്ട്. അതിനാല്‍ പണിക്കര്‍ ഈ മലരും പഴവും അവിടെക്കൊണ്ടുപോയി വയ്ക്കുകയും ആ പുലയരെ അവിടെനിന്ന് മാറ്റുകയും ചെയ്യണം. ഞാനൊന്നു കുളിച്ചിട്ടു ക്ഷണത്തില്‍ അങ്ങോട്ടു വന്നേക്കാം" എന്നു പറഞ്ഞു കുറെ മലരും പഴവും കൊടുത്തു മംഗലത്തു പണിക്കരെ മുന്‍പെ അയച്ചിട്ടു പണ്ടാരത്തില്‍ കുളിക്കാന്‍പോയി. പണിക്കര്‍ മലരും പഴവും എടുത്തു ബിംബത്തിന്റെ അടുക്കല്‍ കൊണ്ടുചെന്നുവച്ചു. അപ്പോഴേക്കും പുലയരെല്ലാം അവിടെനിന്നു ദൂരെ മാറുക കഴിഞ്ഞിരുന്നു. ഉടനെ പണ്ടാരത്തില്‍ കുളിയും കഴിഞ്ഞ് പരിവാരസമേതം ഒരു വിളക്കുമായി അവിടെയെത്തി. ദേശക്കാരെല്ലാവരും അപ്പോള്‍ അവിടെ വന്നുകൂടി. ആ സമയം ഒരു ഊരാളി (മണ്ണാനെന്നും വണ്ണാനെന്നും പരവനെന്നും മറ്റുകൂടി പേരുള്ള ഒരു ജാതിക്കാരന്‍) തുള്ളിക്കൊണ്ട് അവിടെ വരുകയും "ഈ കാണപ്പെട്ടിരിക്കുന്ന ബിംബം ഭദ്രകാളിയുടേതാണ്. ഇവിടെ നിവേദ്യവും പൂജയുമൊന്നും വേണ്ട. അവില്‍, മലര്‍, പഴം മുതലായ സാധനങ്ങള്‍ സന്നിധിയില്‍ കൊണ്ടുചെന്നുവെയ്ക്കുകയും കുറച്ചുസമയം കഴിയുമ്പോള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്താല്‍ മതി. അങ്ങനെ ചെയ്താല്‍ നിവേദ്യം കഴിച്ചാലെന്നപോലെ ദേവിക്കു തൃപ്തിയാകും. മലരും, പഴവും മറ്റും കൊണ്ടുചെന്നുവയ്ക്കുന്നത് മംഗലത്തു പണിക്കര്‍ തന്നെവേണം. ബ്രാഹ്മണരുടെ പൂജയും മറ്റും ഇവിടെ വേണ്ട" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് ആരും വിശ്വസിച്ചില്ല. ഇവനിങ്ങനെ പറയുന്നതു പണിക്കരുടെ സേവയ്ക്കുവേണ്ടിയോ സ്വകാര്യമായി പണിക്കര്‍ ചട്ടം കെട്ടീട്ടൊ ആയിരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്. അതിനാല്‍ ആ ഊരാളി, "എന്താ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്കാര്‍ക്കും വിശ്വാസമായില്ല, അല്ലേ? ആട്ടേ, ഞാന്‍ നിങ്ങളെ വിശ്വസിപ്പിക്കാം" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഓടിപ്പോയി. ഉത്സാഹശാലികളായ ചില ജനങ്ങളും അവന്റെ പിന്നാലെ ഓടി. അവന്‍ ഓടിച്ചെന്ന് "കുടപ്പാറ"യുടെ മുകളില്‍ക്കയറി നിന്നു. കുടപ്പാറ സ്ഥിതിചെയ്യുന്നത് മണ്ണടിയില്‍നിന്ന് ആറേഴുനാഴിക കിഴക്കുവടക്കായി പത്തനാപുരം താലൂക്കില്‍ കലഞ്ഞൂര് എന്ന ദേശത്ത് ഒരു മലയുടെ മുകളിലാണ്. ആ പാറ കുടയുടെ ആകൃതിയില്‍ മേല്‍ഭാഗം വൃത്താകാരമായി പരന്നും അതിന്റെ മധ്യത്തിങ്കല്‍ ഒരു കാലുമായിട്ടാണിരിക്കുന്നത്. അതിനാല്‍ അതിന്റെ മുകളില്‍ കയറുകയെന്നുള്ളത് മനു‌ഷ്യര്‍ക്ക് അസാദ്ധ്യമാണ്. ആ ഊരാളി ഏഴു പ്രാവശ്യം അതിന്റെ മുകളില്‍ കയറുകയുമിറങ്ങുകയും ചെയ്തു. ആ പാറയുടെ ചുറ്റും വലിയ കാടായിരുന്നതിനാല്‍ ഊരാളിയുടെ പിന്നാലെ ഓടിച്ചെന്നവര്‍ക്ക് അടുത്തു ചെല്ലുവാന്‍ സാധിച്ചില്ല. പാറ ഒരുയര്‍ന്ന സ്ഥലത്തായിരുന്നതിനാല്‍ അവന്‍ അതിന്മേല്‍ കയറുകയും ഇറങ്ങുകയും ചെയ്തത് അവര്‍ ദൂരെ നിന്നുകൊണ്ട് കാണുക മാത്രമെ ചെയ്തുള്ളൂ. പന്ത്രണ്ടുകോലില്‍ കുറയാതെ പൊക്കമുള്ള ആ പാറ ഇപ്പോഴും അവിടെക്കാണ്മാനുണ്ട്.

ആ ഊരാളി കുടപ്പാറയുടെ മുകളില്‍നിന്നിറങ്ങി, കാട്ടില്‍നിന്നു വെളിയില്‍ വന്നതു നാലഞ്ചു കടുവാക്കുട്ടികളെയും പിടിച്ചുകൊണ്ടാണ്. അവന്‍ ആ കടുവാക്കുട്ടികളെയുംകൊണ്ട് മണ്ണടിയില്‍ ബിംബം കണ്ട സ്ഥലത്തെത്തി. അതുകണ്ട് എലാവരും ഭയപ്പെടുകയും അവന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമെല്ലാം ദേവിയുടെ അധിവാസമുണ്ടായിട്ടാണെന്ന് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. അതിനാല്‍ അവന്‍ കടുവാക്കുട്ടികളെയെല്ലാം വിട്ടയയ്ക്കുകയും അതോടുകൂടി അവന്റെ കലി അടങ്ങുകയും ചെയ്തു. ഊരാളി പറഞ്ഞതെല്ലാം എല്ലാവരും വിശ്വസിച്ചുവെങ്കിലും പണ്ടാരത്തിലും മംഗലത്തു പണിക്കരും ദേശക്കാരുംകൂടി സര്‍വ്വസമ്മതനായ ഒരു പ്രശ്നക്കാരനെക്കൊണ്ടു പിന്നെ പ്രശ്നം വെപ്പിച്ചുനോക്കിക്കുകകൂടി ചെയ്തു. ഊരാളി പറഞ്ഞതെല്ലാം ശരിയാണെന്ന് പ്രശ്നക്കാരനും പറയുകയാല്‍ പണ്ടാരത്തിലെ ആജ്ഞപ്രകാരം അവിടെ ക്ഷേത്രം പണി നടത്തിക്കുകയും നിത്യനിദാനം മുതലായവയ്ക്കു പതിവുകള്‍ നിശ്ചയി ക്കുകയും ചെയ്തു. ഇപ്രകാരമാണ് മണ്ണടിക്കാവുണ്ടായത്. അവിടെ ഇപ്പോഴും അരിവച്ചു നിവേദ്യവും ബ്രാഹ്മണരുടെ പൂജയും പതിവില്ല. മലര്‍, പഴം മുതലായവ ബിംബസന്നിധിയില്‍ കൊണ്ടുചെന്നു വയ്ക്കുകയും കുറച്ചുസമയം കഴിയുമ്പോള്‍ എടുത്തുകൊണ്ടുപോവുകയും മാത്രമേ പ്രതിദിനം ഇപ്പോഴും ചെയ്തുവരുന്നുള്ളൂ. മലരും പഴവും മറ്റും കൊണ്ടുചെന്നു വയ്ക്കുന്നത് ഇപ്പോഴും മംഗലത്തു പണിക്കര്‍ തന്നെയാണ്. ഇനി കാമ്പിത്താനെക്കുറിച്ചു കൂടി പറയാം.

മണ്ണടിക്കാവു ക്ഷേത്രമുണ്ടായതിന്റെ ശേ‌ഷം ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ വാക്കുവഞ്ഞിപ്പണ്ടാരത്തിലേക്കു പുത്രസന്താനമില്ലാതെയായിത്തീര്‍ന്നു. പണ്ടാര ത്തില്‍ സന്താനാര്‍ത്ഥമായി അനേകം സത്ക്കര്‍മ്മങ്ങള്‍ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടകായ്കയാല്‍ ഒടുക്കം ഭഗവതി തന്നെ ഇതിനൊരു നിവൃത്തിയുണ്ടാക്കണമെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് പണ്ടാരത്തില്‍ അന്തര്‍ജ്ജ ́നസമേതം മണ്ണടിക്കാവില്‍ ഭജനമിരുന്നു. ഭജനം ദൃഢഭക്തിയോടും പൂര്‍ണ്ണവിശ്വാസത്തോടും കഠിനനി‌ഷ്ഠയോടും കൂടിയായിരുന്നു. അങ്ങനെ ഏകദേശം അരമണ്ഡലം (ഇരുപത്തിയൊന്നു ദിവസം) കഴിഞ്ഞപ്പോള്‍ പണ്ടത്തെ ഊരാളി (ബിംബം കാണപ്പെട്ട സമയം തുള്ളിക്കൊണ്ടു വന്ന ഊരാളി തന്നെ) തുള്ളിക്കൊണ്ടു നടയില്‍ വരുകയും കല്പന കേള്‍ക്കാനായി പണ്ടാരത്തില്‍ അവിടെച്ചെന്നു നില്‍ക്കുകയും ചെയ്തു. അപ്പോള്‍ ഊരാളി "ഒട്ടും വ്യസനിക്കേണ്ടാ. ഇന്നേക്കു മൂന്നാം ദിവസം ഒരാള്‍ ഇവിടെ വരും. ഭഗവതിയുടെ അധിവാസമുണ്ടായിട്ട് അയാള്‍ പറയുന്നതുപോലെ ചെയ്താല്‍ താമസിയാതെ സന്തതിയുണ്ടാകും" എന്നു പറഞ്ഞിട്ട് കലിയടങ്ങി മടങ്ങിപ്പോയി.

ഊരാളി പറഞ്ഞതുപോലെ മൂന്നാം ദിവസം ഒരാള്‍ അവിടെച്ചെന്നു. അയാള്‍ ഒരു വിദേശീയനുംഭിക്ഷ യാചിച്ചുകൊണ്ടു നടന്ന പാവപ്പെട്ട ഒരു ശൂദ്രനുമായിരുന്നു. അയാള്‍ അവിടെയെത്തിയ ഉടനെ കൈയിലുണ്ടായിരുന്ന കുടയും വടിയും മാറാപ്പും ദൂരെ വലിച്ചെറിഞ്ഞിട്ടു ക്ഷേത്രത്തില്‍ തെക്കുവശത്തുള്ള ആറ്റില്‍ച്ചാടിക്കുളിച്ചു കയറി തുള്ളിക്കൊണ്ടു നാലു നടയിലും ചെന്നു നിന്ന് അത്യുച്ചത്തില്‍ മൂന്നു പ്രാവശ്യം വീതം അട്ടഹസിച്ചു. മുന്‍കൂട്ടി ഊരാളി പറഞ്ഞിരുനതിനാലും അട്ടഹാസം കേള്‍ക്കുകകൊണ്ടും പണ്ടാരത്തിലും മംഗലത്തു പണിക്കരും ദേശക്കാരുമെല്ലാം ക്ഷണത്തില്‍ അവിടെയെത്തി. അപ്പോള്‍ തുള്ളിക്കൊണ്ടു നിന്ന ആ മനു‌ഷ്യന്‍ പണ്ടാരത്തിലെ നേരെ നോക്കി, "ഒട്ടും വ്യസനിക്കേണ്ടാ. എനിക്ക് ഒരു "ഉച്ചബലി" നടത്തിയാല്‍ ഉടനെ സന്താനമുണ്ടാകും" എന്നും ഉച്ചബലി നടത്തേണ്ടുന്ന ക്രമങ്ങളും പറഞ്ഞു. ഉടനെ കലിയടങ്ങുകയും ചെയ്തു. ആ മനു‌ഷ്യന്‍ പറഞ്ഞതെല്ലാം ഭഗവതി അരുളിച്ചെയ്തതായിത്തന്നെ എല്ലാവരും വിശ്വസിക്കുകയും പണ്ടാരത്തിള്‍ ഉച്ചബലി എന്ന അടിയന്തിരം വഴിപാടായി നടത്തുകയും താമസിയാതെ അവിടേക്കു പുത്രസന്താന മുണ്ടാവുകയും ചെയ്തു. ഉച്ചബലി കഴിച്ചാല്‍ ഉണ്ണിയുണ്ടാകുമെന്നു തുള്ളിപ്പറഞ്ഞ ആ മനു‌ഷ്യനെ പണ്ടാരത്തില്‍ ചെലവിനു വേണ്ടതെല്ലാം കൊടുത്ത് അവിടെത്തന്നെ താമസിപ്പിക്കുകയും ആ മനു‌ഷ്യന്‍ ഭഗവതിയെ ഭജിച്ചുകൊണ്ട് സന്യാസവൃത്തിയോടുകൂടി അവിടെത്തന്നെ താമസിക്കുകയും ചെയ്തു. പണ്ടാരത്തിലേക്ക് ഉണ്ണിയുണ്ടായപ്പോഴേക്കും ജനങ്ങള്‍ക്ക് ആ മനു‌ഷ്യനെക്കുറിച്ചുള്ള വിശ്വാസവും ഭക്തിയും വളരെ വര്‍ദ്ധിക്കുകയും കല്പനകള്‍ കേള്‍ക്കാനായി പലവിധത്തിലുള്ള സങ്കടക്കാര്‍ മണ്ണടിക്കാവില്‍ മുട്ടുപാടിരിക്കുകയും ആ മനു‌ഷ്യന്‍ പറയുന്നതെല്ലാം ശരിയായിത്തീരുകയും ചെയ്യുകയാല്‍ പണ്ടാരത്തിലും പണിക്കരും ദേശക്കാരുംകൂടി അയാളെ ആ കാവിലെ കാമ്പിത്താനായി സ്ഥിരപ്പെടുത്തുകയും അയാള്‍ക്ക് ചില സ്ഥാനമാനങ്ങളെല്ലാം നിശ്ചയിക്കുകയും തുള്ളുമ്പോള്‍ ഉപയോഗിക്കാനായി വാള്‍, ശൂലം, അരമണി, ചിലമ്പ് മുതലായവ കൊടുക്കുകയും ചെയ്തു. മണ്ണടിക്കാവിലെ ആദ്യത്തെ കാമ്പിത്താന്‍ അയാളാണ്. അയാളുടെ വാക്കുകളും പ്രവൃത്തികളും അത്ഭുതപ്പെടത്തക്കവയായിരുന്നു. അയാള്‍ തുള്ളിപ്പറഞ്ഞിട്ടുള്ളവയില്‍ ഒന്നുപോലും ഒക്കാതെയിരുന്നിട്ടില്ല.

ഈ കാമ്പിത്താന്റെ കാലത്തു കായംകുളത്തുരാജാവിനു സന്തതി യില്ലാതാവുകയാല്‍ കല്പന കേള്‍ക്കാനായി കായംകുളത്തുരാജാവ് അവിടെച്ചെലുകയും കാമ്പിത്താന്‍ തുള്ളി, "എനിക്കു തരാമെന്നു നിശ്ചയിച്ചിട്ടുള്ളത് നിശ്ചിതകാലത്തു തരണം, വിശേ‌ഷാല്‍ ഒരു ഉച്ചബലി കൂടി നടത്തണം. ഉച്ചബലി കഴിച്ചാല്‍ ഒരു വത്സരം തികയുന്നതിനുമുമ്പു ഒരു സന്തതിയുണ്ടാകും" എന്നു കല്പിച്ചു. സന്തതിയുണ്ടായാല്‍ ആ കുട്ടിയുടെ അന്നപ്രാശനം കഴിഞ്ഞാലുടനെ മണ്ണടിക്കാവില്‍ കൊണ്ടുചെന്നു തൊഴീക്കയും രത്നഖചിതമായ ഒരു പൊന്‍മുടി നടയ്ക്കു വയ്ക്കുകയും ചെയ്യാമെന്നായിരുന്നു രാജാവ് നിശ്ചയിച്ചിരുന്നത്. ഈ സംഗതി മനസ്സില്‍ വിചാരിച്ചതല്ലാതെ അവിടുന്ന് ആരോടും പറഞ്ഞിരുന്നില്ല. ഇതു കാമ്പിത്താന്‍ കല്പിചുകേട്ടപ്പോള്‍ കായംകുളത്തു രാജാവ് ഏറ്റവും വിസ്മയിക്കുകയും കല്പനപോലെയെല്ലാം ചെയ്യാമെന്നു സമ്മതിക്കുകയും അധികം താമസിയാതെ ഉച്ചബലി നടത്തിക്കുകയും ഒരു കൊല്ലം കഴിയുന്നതിനുമുമ്പ് അവിടെ സന്തതിയുണ്ടാവുകയും ചെയ്തു. ആ കുട്ടിയുടെ അന്നപ്രാശനം കഴിഞ്ഞയുടനെ ആ കുട്ടിയെ മണ്ണടിക്കാവില്‍ കൊണ്ടുപോയി തൊഴീക്കയും അമൂല്യങ്ങളായ അനേകം രത്നങ്ങള്‍ പതിച്ച ഒരു പൊന്‍മുടി രാജാവു നടയ്ക്കു വയ്ക്കുകയും ചെയ്തു. മംഗലത്തു പണിക്കരുടെ കളരിയില്‍ വച്ചു സൂക്ഷിച്ചിരുന്നതും ഈ അടുത്ത കാലത്തു തസ്കരന്മാര്‍ തട്ടിക്കൊണ്ടുപോയതുമായ പൊന്‍മുടി ഇതുതന്നെയാണത്ര.

കായംകുളത്തു രാജാവു മനസ്സില്‍ വിചാരിച്ച വഴിപാടു കാമ്പിത്താന്‍ തുള്ളി ചോദിച്ചു മേടിച്ചുവെന്നും മറ്റുമുള്ള വര്‍ത്തമാനം അന്നു മധുരയില്‍ വാണിരുന്ന പാണ്ഡ്യരാജാവു കേട്ടിട്ടു സ്വര്‍ണ്ണത്തിലും വെള്ളിയിലുമായി രണ്ടുകൂട്ടം വാളും ചിലമ്പുമുണ്ടാക്കിച്ചുവയ്ക്കുകയും ഇതറിഞ്ഞ് കാമ്പിത്താന്‍ തുള്ളിക്കല്പിച്ച് ആളയയ്ക്കുകയാണെങ്കില്‍ വെള്ളികൊണ്ടുള്ള വാളും ചിലമ്പും കൊടുത്തയയ്ക്കുകയും കാമ്പിത്താന്‍ തന്നെ വരുകയാണെങ്കില്‍ സ്വര്‍ണം കൊണ്ടുള്ള വാളും ചിലമ്പും തന്നെ കൊടുത്തയയ്ക്കാമെന്നു മനസ്സില്‍ വിചാരിച്ചു.

ഒരു ദിവസം എന്തോ ചില സംഗതികള്‍ക്കു കല്പന കേള്‍ക്കാനായി പണ്ടാരത്തിലും പണിക്കരും ദേശക്കാരും മണ്ണടിക്കാവില്‍ കൂടുകയാല്‍ സന്ധ്യാസമയമായപ്പോള്‍ കാമ്പിത്താന്‍ തുള്ളുകയും തുള്ളി നടയില്‍ വന്നയുടനെ "എനിക്ക് ഒരാള്‍ ചില സമ്മാനങ്ങള്‍ തരാന്‍ നിശ്ചയിച്ചിരിക്കുന്നു. ഞാന്‍പോയി അതുവാങ്ങിക്കൊണ്ടു ക്ഷണത്തില്‍ വരാം" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു. എങ്ങോട്ടാണ് പോകുന്നതെന്നറിയാനായി ചിലര്‍ കാമ്പിത്താന്റെ പിന്നാലെ ഓടി. കുറച്ചുദൂരം ചെന്നപ്പോള്‍ കാമ്പിത്താന്‍ അദൃശ്യനായിത്തീരുകയാല്‍ പിന്നാലെ ഓടിയവര്‍ മടങ്ങിപ്പോന്നു. രാത്രി മൂന്നേമുക്കാല്‍ നാഴികയായപ്പോള്‍ കാമ്പിത്താന്‍ മധുരയില്‍ പാണ്ഡ്യരാജാവിന്റെ അടുക്കലെത്തി. "എനിക്കു തരാനായി വച്ചിരിക്കുന്നതു വേഗത്തില്‍ തരണം. താമസിക്കാനിടയില്ല" എന്നു പറഞ്ഞു. ആയുധങ്ങളും വേ‌ഷവും വാക്കും എല്ലാം കണ്ടും കേട്ടും ഈ വന്നിരിക്കുന്നതു കാമ്പിത്താന്‍ തന്നെയാണെന്ന് നിശ്ചയിച്ചു പാണ്ഡ്യരാജാവു വെള്ളികൊണ്ടുള്ള വാളും ചിലമ്പും കൊടുക്കാനായി എടുത്തുകൊണ്ടുവന്നു. അപ്പോള്‍ കാമ്പിത്താന്‍, "ഇതല്ലല്ലോ എനിക്കു തരാമെന്നു വിചാരിച്ചിരുന്നത്. ഞാന്‍ ആളയയ്ക്കുകയായിരുന്നുവെങ്കില്‍ ഇതു മതിയായിരുന്നു. ഇപ്പോള്‍ ഞാന്‍ തന്നെയാണല്ലോ വന്നിരിക്കുന്നത്. അതിനാല്‍ ആദ്യം വിചാരിച്ചതു തന്നെ തരണം. അല്ലെങ്കില്‍ ഒന്നും വേണ്ടാ. താമസിയാതെ ഞാന്‍ ഒന്നിനു രണ്ടുവീതം എന്റെ സ്ഥലത്തു വരുത്തി വാങ്ങിക്കൊള്ളാം" എന്നു പറഞ്ഞു. ഇതുകേട്ട് പാണ്ഡ്യരാജാവ് ഭയാത്ഭുതപരവശനായി അകത്തുപോയി സ്വര്‍ണ്ണം കൊണ്ടുള്ള വാളും ചിലമ്പും തന്നെ എടുത്തുകൊണ്ടുചെന്നു കൊടുക്കു കയും താന്‍ പ്രവര്‍ത്തിക്കാന്‍ ഭാവിച്ച തെറ്റിനു ക്ഷമായാചനം ചെയ്യുകയും ചെയ്തു. കാമ്പിത്താന്‍ ആ വാളും ചിലമ്പും വാങ്ങിക്കൊണ്ട് അപ്പോള്‍ ത്തന്നെ തിരികെപ്പോരുകയും ഏഴരനാഴിക രാച്ചെന്നപ്പോഴേക്കും മണ്ണടിക്കാവിലെത്തുകയും അവിടെക്കൂടിയിരുന്നവര്‍ ആവശ്യപ്പെട്ട കല്പനകള്‍ യഥോചിതം കൊടുക്കുകയും ചെയ്തു. അക്കാലം മുതല്‍ ആ കാമ്പിത്താനും പിന്നീടുണ്ടായ കാമ്പിത്താന്മാരും തുള്ളുന്ന സമയങ്ങളില്‍ ഉപയോഗിച്ചിരുന്നതു പാണ്ഡ്യരാജാവു കൊടുത്ത ആ വാളും ചിലമ്പുമാണ്. ആ ഒന്നാമത്തെ കാമ്പിത്താന്‍ മരിച്ചതിന്റെ ശേ‌ഷം ആ വാളും ചിലമ്പും അവിടെ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള നദിയില്‍ വലിയ കയമായിട്ടുള്ള ഒരു സ്ഥലത്തു കൊണ്ടുചെന്നു നിക്ഷേപിക്കുകയും അവിടെ മുങ്ങി ആ വാളും ചിലമ്പും എടുത്തുകൊണ്ടുവരുന്ന ആളെയല്ലാതെ മേലാല്‍ കാമ്പിത്താനായി സ്വീകരിക്കയില്ലെന്നും നിശ്ചയിക്കു കയും ചെയ്തു. ഇപ്രകാരം ചെയ്തതു പണ്ടാരത്തിലും പണിക്കരും ദേശക്കാരും കൂടിയാലോചിച്ചിട്ടാണ്. വാളും ചിലമ്പുമിട്ട ആ സ്ഥലത്തിന്റെ പേര് "പാറക്കടവ്" എന്നാണ് പറഞ്ഞുവരുനന്ത്. അതിനിമ്നമായ ആ സ്ഥലത്തു മുങ്ങി അടിയില്‍ച്ചെലുക എന്നുള്ളതു മനു‌ഷ്യരാല്‍ സാദ്ധ്യമായിട്ടുള്ളതല്ല. വര്‍‌ഷകാലങ്ങളില്‍ അവിടെ അതികഠിനമായ ഒഴുക്കുണ്ടായിരിക്കും. ഒഴുക്കില്ലാത്ത സമയങ്ങളില്‍ അവിടെ വലിയ മുതലകളുണ്ടായിരിക്കുകയും പതിവാണ്. എങ്കിലും ഒന്നാമത്തെ കാമ്പിത്താന്റെ കാലശേ‌ഷവും പാറക്കടവില്‍ മുങ്ങി വാളും ചിലമ്പുമെടുത്തുകൊണ്ടുവരികയും കുടപ്പാറയുടെ മുകളില്‍ കയറി നൃത്തം ചെയുകയും കലഞ്ഞൂര്‍ കാട്ടില്‍നിന്ന് കടുവാക്കുട്ടികളെ പിടിച്ചുകൊണ്ടുവരുകയും ചെയ്തവരായ രണ്ടോ മൂന്നോ കാമ്പിത്താന്മാര്‍ അവിടെ ഉണ്ടായിത്തീര്‍ന്നിരുന്നു. അവരുടെ ഓരോരുത്തരുടേയും കാലശേ‌ഷം ആ വാളും ചിലമ്പും ആ കയത്തിലിടുകതന്നെയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ വളരെക്കാലമായി അവിടെ കാമ്പിത്താനുണ്ടാകാതെയിരിക്കുന്നതുകൊണ്ട് ആ വാളും ചിലമ്പും ആ കയത്തില്‍ത്തന്നെ കിടക്കുകയാണ്.

ഒന്നാമത്തെ കാമ്പിത്താന്റെ കാലശേ‌ഷമുണ്ടായ കാമ്പിത്താന്മാരുടെ ദിവ്യത്വം സംബന്ധിച്ചും അനേകം ഐതിഹ്യങ്ങളുണ്ട്. അവയില്‍ ചിലതു മാത്രം താഴെപ്പറഞ്ഞുകൊള്ളുന്നു.

ഒരിക്കല്‍ ഒരു നമ്പൂരി ഭദ്രോല്പത്തി പതിവായി വായിക്കണമെന്ന് നിശ്ചയിച്ച് എവിടെനിന്നോ ഒരു ഗ്രന്ഥം സമ്പാദിച്ചു. ഭദ്രാല്പത്തി ഗ്രന്ഥം എഴുതി സമ്പാദിച്ചിട്ടുള്ളവര്‍ ചുരുക്കവും അച്ചടിച്ചിട്ടില്ലാത്തതുമാകയാല്‍ ദേവീമാഹാത്മ്യവും മറ്റുംപോലെ അതത്ര സുലഭവുമല്ല. അതിനാല്‍ ആ നമ്പൂരി ആ ഒരു ഗ്രന്ഥം സമ്പാദിച്ചതു വളരെ പ്രയാസപ്പെട്ടാണ്. അദ്ദേഹം ആ ഗ്രന്ഥം അഴിച്ചുനോക്കിയപ്പോള്‍ അതില്‍ ഒരു ഭാഗത്തു മൂന്നക്ഷരങ്ങള്‍ പൊടിഞ്ഞുപോയിരിക്കുന്നതായിക്കണ്ടു. ആ അക്ഷരങ്ങള്‍കൂടിയില്ലാതെ പാരായണം ശരിയായി നടത്താന്‍ നിവൃത്തിയില്ലല്ലോ. അതിനാല്‍ അദ്ദേഹം ഇതിനെക്കുറിച്ച് പല വിദ്വാന്മാരോടും ചോദിച്ചു. അവര്‍ ഓരോരുത്തരും ഓരോവിധം മാറിമാറിപ്പറഞ്ഞു. വിദ്വാന്മാരുടെ അഭിപ്രായം ഭിന്നിച്ചുവരുക യാല്‍ നമ്പൂരി വേറെ പല ഗ്രന്ഥങ്ങളില്‍ നോക്കി. ഓരോ ഗ്രന്ഥത്തിലും ഈ അക്ഷരങ്ങള്‍ മാറിമാറിത്തന്നെ കണ്ടു. ഒന്നില്‍ കണ്ടതുപോലെ മറ്റൊന്നില്‍ക്കൂടെ കാണ്മാന്‍ സാധിച്ചില്ല. ആകെപ്പാടെ നമ്പൂരി വി‌ഷമിച്ചു. പിന്നെ അദ്ദേഹം ഭദ്രകാളീ ക്ഷേത്രങ്ങളിലുള്ള വെളിച്ചപ്പാടന്മാര്‍ക്കു ഭഗവതിയുടെ അധിവാസമുണ്ടാകുന്ന സമയം അവരോടു ചോദിച്ചാല്‍ ഇതിന്റെ വാസ്തവമറിയാമെന്ന് വിചാരിച്ച് അതിനായി ശ്രമിച്ചുതുടങ്ങി. അദ്ദേഹം ഇതിനായി മലയാളത്തിലുള്ള പല ഭദ്രകാളീ ക്ഷേത്രങ്ങളില്‍ പ്പോയി. ഓരോ സ്ഥലത്തും ചെല്ലുമ്പോള്‍ എന്തിനായിട്ടാണ് ചെന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ "ഒരു കല്പന കേള്‍ക്കാനാണ്" എന്നു മാത്രമല്ലാതെ അദ്ദേഹം വാസ്തവം ആരോടും പറഞ്ഞില്ല. കാര്യമെന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ "അതു ഭഗവതിക്കറിയാം" എന്നു മാത്രമാണ് അദ്ദേഹം മറുപടി പറഞ്ഞത്.

നമ്പൂരി കല്പന കേള്‍ക്കാനായിച്ചെന്ന ക്ഷേത്രങ്ങളിലെല്ലാം വെളിച്ചപ്പാടന്മാര്‍ തുള്ളിചെലുമ്പോള്‍ "എന്താണ് എന്റെ ഉണ്ണിക്കു സങ്കടം? എന്താണറിയേണ്ടത്?" എന്നു ചോദിക്കുകയും "എനിക്ക് അറിയിക്കാനും അറിയാനുമുള്ള കാര്യം ഗോപ്യമായിട്ടുള്ളതാണ്. അത് മറ്റാരും കേള്‍ക്കാനും അറിയാനും പാടില്ല" എന്നു നമ്പൂരി പറയുകയും അപ്പോള്‍ അടുത്തുചെന്നു ചെവിയില്‍ സ്വകാര്യമായി പറഞ്ഞുകൊള്ളുന്നതിന് വെളിച്ചപ്പാടനുവദിക്കുകയും നമ്പൂരി അടുത്തുചെന്ന് വെളിച്ചപ്പാടിന്റെ ചെവിയില്‍ സ്വകാര്യമായി "ഇപ്പോള്‍ വരട്ടുവാഴയ്ക്കായ്ക്ക് എന്തു വിലയുണ്ട്" എന്നു ചോദിക്കുകയും ഇതുകേട്ടു ചില വെളിച്ചപ്പാടന്മാര്‍ ലജ്ജിച്ച് ഒന്നും മിണ്ടാതെ പിന്മാറുകയും ചിലര്‍ കോപിച്ച്, "അഹോ! എന്നെ പരീക്ഷിക്കാനായി വന്നിരിക്കയാണ് അല്ലേ? ആട്ടെ ഇതിന്റെ ഫലം ഞാന്‍ കാണിച്ചുതരാം" എന്നും മറ്റും പറയുകയും ചെയ്തുകൊണ്ടിരുന്നു. വെളിച്ചപ്പാടന്മാരുടെ ദേ‌ഷ്യപ്പെടലും മറ്റും നമ്പൂരി അല്പം പോലും വകവയ്ക്കാറില്ല. "വാസ്തവമായി ഭഗവതിയുടെ അധിവാസമുണ്ടായിട്ടു തുള്ളുന്നതണെങ്കില്‍ വെളിച്ചപ്പാടന്മാര്‍ കാര്യമെന്താണെന്നു ചോദിക്കയില്ലല്ലോ; ആരും പറയാതെ തന്നെ ഭഗവതിക്ക് എല്ലാമറിയാമല്ലോ" എന്നായിരുന്നു നമ്പൂരിയുടെ വിചാരം. കള്ളത്തുള്ളലു തുള്ളുന്ന വെളിച്ചപ്പാടന്മാരെക്കുറിച്ചുള്ള് പുച്ഛംകൊണ്ടാണ് അദ്ദേഹം വരട്ടുവാഴയ്ക്കായുടെ വില ചോദിച്ചിരുന്നതെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

ഇങ്ങനെ ആ നമ്പൂതിരി ഭദ്രകാളീക്ഷേത്രങ്ങളില്‍ പോയി കല്പന കേള്‍ക്കുകയും കാര്യം സാധിക്കായ്കയാല്‍ ഇച്ഛാഭംഗത്തോടുകൂടി പിരിയുകയും ചെയ്തതിന്റെശേ‌ഷം ഒടുവില്‍ മണ്ണടിക്കാവില്‍ ചെന്നു ചേര്‍ന്നു. അവിടെ കാമ്പിത്താന്‍ അധിവാസമുണ്ടായി തുള്ളിക്കൊണ്ടിരിക്കുന്ന സമയത്താണ് നമ്പൂരി ചെന്നു ചേര്‍ന്നത്. അദ്ദേഹം അവിടെ ചെന്നയുടനെ കാമ്പിത്താന്‍ അദ്ദേഹത്തെ അടുക്കല്‍ വിളിച്ച് "എന്താ, വരട്ടുവാഴയ്ക്കായുടെ വിലയറിയണം, അല്ലേ? പല സ്ഥലങ്ങളില്‍പോയിട്ടും അതറിയാന്‍ കഴിഞ്ഞില്ലല്ലോ. ആട്ടെ അതു ഞാന്‍പറഞ്ഞുതരാം" എന്നു പറഞ്ഞിട്ട് കൈയിലുണ്ടായിരുന്ന വാളിന്റെ അഗ്രം കോണ്ട് മൂന്നക്ഷരങ്ങള്‍ നിലത്തു എഴുതിക്കാണിച്ചു കൊടുക്കുകയും, "എന്താ മനസ്സിലായോ? ഇപ്പോള്‍ ശരിയായില്ലേ?" എന്നു ചോദിക്കുകയും ചെയ്തു. നമ്പൂരി ആ അക്ഷരങ്ങള്‍ നോക്കി ധരിച്ചതിന്റെ ശേ‌ഷം ഭക്ത്യാദരസമേതം കാമ്പിത്താന്റെ കാല്ക്കല്‍ വീണു നമസ്കരിക്കുകയും "ഭഗവതിയുടെ കൃപകൊണ്ട് ഇപ്പോള്‍ എന്റെ ആഗ്രഹം സാധിച്ചു. ഈ ഭക്തനില്‍ എന്നും കരുണയുണ്ടായിരിക്കണം" എന്നു പറയുകയും കുളിച്ചു തൊഴുത് ക്ഷേത്രത്തില്‍ അനേകം വഴിപാടുകള്‍ നടത്തുകയും ചെയ്തു. കാമ്പിത്താന്‍ എഴുതിക്കാണിച്ച അക്ഷരങ്ങള്‍ ശ്ലോകത്തിന്റെ വൃത്തത്തിനും അര്‍ഥത്തിനും യോജിച്ചവയാ യിരുന്നതിനാല്‍ നമ്പൂരി അവകൂടി തന്റെ ഗ്രന്ഥത്തില്‍ ചേര്‍ത്തെഴുതിക്കൊണ്ടു സ്വദേശത്തെത്തി പതിവായി ഭദ്രാല്പത്തി പാരായണം ചെയ്തു കൊണ്ടിരുന്നു.

മുമ്പുണ്ടായിരുന്ന കാമ്പിത്താന്‍ കഴിഞ്ഞുപോയതിന്റെ ശേ‌ഷം കാമ്പിത്താനുണ്ടാകാതെയും ഒരു കാമ്പിത്തനുണ്ടായാല്‍ക്കൊള്ളാമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചുകൊണ്ടുമിരുന്ന കാലത്ത് ഒരിക്കല്‍ ഒരു നായര്‍ എവിടെനിന്നോ ഒരു ചുമട് ഉപ്പുമായി മണ്ണടിക്കാവിന്റെ കിഴക്കേ നടയില്‍ വന്നുചേര്‍ന്നു. അയാള്‍ അവിടെ ഒരു മരത്തണലില്‍ ചുമടിറക്കിവച്ചു ക്ഷീണം തീര്‍ക്കാനായി ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അയാളുടെ വിധമൊക്കെ മാറി. അയാള്‍ തുള്ളിച്ചാടിയെണീറ്റ് അത്യുച്ചത്തില്‍ ഒന്നട്ടഹസിചു. ആ അട്ടഹാസം കേട്ട് സമീപസ്ഥന്മാരായ ജനങ്ങളെല്ലാവരും അവിടെക്കൂടി. അപ്പോള്‍ ആ മനു‌ഷ്യന്‍, "കാമ്പിത്താനാണ്, അടുത്ത വെള്ളിയാഴ്ച ജനങ്ങളെല്ലാവരും കുടപ്പാറയുടെ സമീപത്തു വരണം. അപ്പോള്‍ എന്നെ അവിടെക്കാണാം" എന്നു പറഞ്ഞിട്ട് പാറക്കടവില്‍ച്ചെന്നു ചാടി വെള്ളത്തില്‍ത്താഴുകയും ചെയ്തു.

അടുത്ത വെള്ളിയാഴ്ച ജനങ്ങള്‍ കുടപ്പാറയുടെ സമീപത്തു ചെന്നപ്പോള്‍ ആ മനു‌ഷ്യന്‍ കുടപ്പാറയുടെ മുകളില്‍ നില്ക്കുന്നതായി എല്ലാവരും കണ്ടു. പാണ്ഡ്യരാജാവു സ്വര്‍ണ്ണംകൊണ്ടു പണിയിച്ച് ഇതിനു മുമ്പിലത്തെ കാമ്പിത്താനു കൊടുത്തതും ആ കാമ്പിത്താന്റെ കാലശേ‌ഷം പാറക്കടവില്‍ നിക്ഷേപിച്ചിരുന്നതുമായ വാളും ചിലമ്പും ഇളക്കിപ്പിടിച്ചു കൊണ്ടാണ് ആ മനു‌ഷ്യന്‍ അവിടെ നിന്നിരുന്നത്. ജനങ്ങളെക്കണ്ടയുടനെ അയാല്‍ താഴെയിറങ്ങി നാലഞ്ചു കടുവാക്കുട്ടികളെയും പിടിച്ചുകൊണ്ട് ജനങ്ങളുടെ അടുക്കലെത്തി. അവിടെ നിന്ന് എല്ലാവരുംകൂടി മണ്ണടിക്കാവിലെത്തി. അപ്പോള്‍ വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലും മംഗലത്തുപണിക്കരും ദേശക്കാരും അവിടെക്കൂടുകയും ആ കാമ്പിത്താനെ വിശ്വാസപൂര്‍വ്വം ബഹുമാനിച്ചു സ്വീകരിക്കുകയും ചെയ്തു. ആ കാമ്പിത്താനും അനേകം അത്ഭുതകര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ ഈ കാമ്പിത്താന്‍ തുള്ളി. പാറക്കടവില്‍ വെള്ളത്തിനടിയില്‍ ഒരു ഭഗവതി ഇരിക്കുന്നുണ്ടെന്നും അവിടെ ഒരു പൂജ കഴിക്കേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞു. കുറെ ഉണക്കലരിയും പൂവും പൂജാപാത്രങ്ങളും തീയും വിറകും ചന്ദനവും ഉപസ്തരണവും മറ്റുമെടുത്തുകൊണ്ട് പാറക്കടവില്‍ച്ചെന്നു വെള്ളത്തില്‍ച്ചാടി മുങ്ങുകയും നാലഞ്ചു നാഴിക കഴിഞ്ഞപ്പോള്‍ ചൂടാറാത്ത ചോറും പൂജാപാത്രങ്ങളും എടുത്തുകൊണ്ട് വെള്ളത്തില്‍നിന്നു കയറിവരുകയും ഇതുകണ്ട് ജനങ്ങള്‍ ഏറ്റവും വിസ്മയിക്കുകയും ചെയ്തു.

ഒരിക്കല്‍ തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന് ഏറ്റവും വിലയേറിയ ചില തിരുവാഭരണങ്ങള്‍ തസ്കരന്മാര്‍ തട്ടിക്കൊണ്ടു പോവുകയും പലവിധത്തില്‍ അന്വേ‌ഷണങ്ങള്‍ നടത്തീട്ടും യാതൊരു തുമ്പുമുണ്ടാകാതെ വരികയും ചെയ്യുകയാല്‍ അന്നു നാടു വാണിരുന്ന മഹാരാജാവു തിരുമനസ്സുകൊണ്ടു ഭഗവതിയുടെ കല്പന കേള്‍ക്കുന്നതിനായി മണ്ണടിക്കാവിലേക്ക് കല്പിച്ചാളയച്ചു. തിരുമനസ്സിലെ ആളുകള്‍ മണ്ണടിക്കാവില്‍ വന്ന സമയം ഈ കാമ്പിത്താന്‍ തുള്ളി കളവുപോയ സാധനങ്ങള്‍ ഇന്നിടത്ത് ഇന്നാരുടെ അറയില്‍ ഒരു പെട്ടിക്കകത്തിരിപ്പുണ്ടെന്നും മോഷ്ടിച്ചത് ഇന്നാരാണെന്നും സ്പഷ്ടമായി പറഞ്ഞു. അതനുസരിച്ച് അന്വേ‌ഷണം നടത്തിയപ്പോള്‍ സാധനങ്ങളെല്ലാം കണ്ടുകിട്ടുകയും മോഷ്ടാവു കുറ്റം സമ്മതിക്കുകയും അവനെ യഥാന്യായം ശിക്ഷിക്കുകയും ചെയ്തു. ഈ മോ‌ഷണം തെളിയിച്ചുകൊടുത്തതിലേക്ക് തിരുമനസ്സു കൊണ്ട് "പട്ടാഴി" എന്ന ദേശം കരമൊഴിവായി ആ കാമ്പിത്താന്റെ പേരില്‍ കല്പിച്ചു പതിപ്പിച്ചു കൊടുത്തു. അതിനാല്‍ അക്കാലം മുതല്‍ ആ ദേശ ത്തുള്ള നിലം പുരയിടങ്ങള്‍ക്കെല്ലാം കാമ്പിത്താന്‍ കുടിയാന്മാര്‍ക്ക് ആധാരങ്ങള്‍ എഴുതിക്കൊടുക്കുകയും പാട്ടം പിരിക്കുകയും ചെയ്തു തുടങ്ങി. അവിടെയുണ്ടായിരുന്ന ഭദ്രകാളീക്ഷേത്രം ജീര്‍ണ്ണോദ്ധാരണം ചെയിച്ച് കലശം കഴിപ്പിക്കലും കാമ്പിത്താന്‍തന്നെ നടത്തി. ദേവസ്വകാര്യങ്ങളെല്ലാം അന്വേ‌ഷിച്ചു നടത്തിവരുന്നതും കാമ്പിത്താന്‍തന്നെ.

കാമ്പിത്താനെക്കുറിച്ചു ജനങ്ങള്‍ക്കു വിശ്വാസവും ഭക്തിയും ബഹുമാനവും ക്രമേണ വര്‍ദ്ധിച്ചുവരികയാല്‍ അവിടെ കാമ്പിത്താനു സാമാന്യത്തിലധികം പ്രാബല്യവും സിദ്ധിച്ചു. അതിനാല്‍ മണ്ണടിക്കാവില്‍ വഴിപാടായും നടവരവായുമുണ്ടാകുന്ന മുതലുകളെല്ലാം കാമ്പിത്താന്‍ തന്നെ എടുത്തുതുടങ്ങി. അപ്പോള്‍ മംഗലത്തു പണിക്കര്‍ക്ക് ആദായം കുറഞ്ഞുതുടങ്ങുകയും തന്നിമിത്തം പണിക്കരും കാമ്പിത്താനുമായി വഴക്കും ശണ്ഠയും കലശലായിത്തീരുകയും ചെയ്തു. അപ്പോള്‍ ദേശക്കാരും മറ്റും കൂടിപ്പറഞ്ഞ് ആ ശണ്ഠ ശമിപ്പിച്ച് അവരെ രാജിപ്പെടുത്തുകയും "കയ്യില്‍ കിട്ടുന്നതു കാമ്പിത്താനും നടയ്ക്കു വരുന്നതു പണിക്കരും എടുത്തുകൊള്ളുക" എന്നൊരു വ്യവസ്ഥ നിശ്ചയിക്കുകയും ചെയ്തു. അപ്പോള്‍ ആരുമൊന്നും നടയ്ക്കു വയ്ക്കാതെ എല്ലാം കാമ്പിത്താന്റെ കൈയില്‍ക്കൊടുത്തു തുടങ്ങി. ദേവസ്വം സംബന്ധിച്ച് ഒന്നും കിട്ടാതായപ്പോള്‍ പിന്നേയും പണിക്കര്‍ക്കു കാമ്പിത്താനോട് വൈരം വര്‍ദ്ധിച്ചു. എങ്കിലും കാമ്പിത്താനു സകലജനങ്ങളുടെയും സഹായവും മഹാരാജാവു തിരുമനസ്സിലെ കാരുണ്യവും വേണ്ടുംവണ്ണമുണ്ടായിരുന്നതിനാല്‍ ജയം കിട്ടുന്ന കാര്യം അസാദ്ധ്യമാണെന്നു വിചാരിച്ച് പണിക്കര്‍ വ്യവഹാരത്തിനും മറ്റും പോയില്ല. ചില ദുര്‍മ്മന്ത്രവാദികളെക്കൊണ്ട് പണിക്കര്‍ ആഭിചാരം ചെയ്യിച്ചു (വി‌ഷം കൊടുത്താണെന്നും ചിലര്‍ പറയുന്നുണ്ട്) കാമ്പിത്താനെക്കൊല്ലിച്ചു. അതിനാല്‍ മണ്ണടിക്കാവു ദേവസ്വം പിന്നെയും യഥാപൂര്‍വ്വം മംഗലത്തു പണിക്കരുടെ കൈവശംതന്നെയായി ത്തീര്‍ന്നു. അതില്‍പ്പിന്നെ ഇതുവരെ അവിടെ കാമ്പിത്താനുണ്ടായിട്ടില്ലാത്തതിനാല്‍ ഇപ്പോഴും ദേവസ്വം നിര്‍ബാധം പണിക്കരുടെ കൈവശം തന്നെയായിരിക്കുന്നു.

ഒരു കാമ്പിത്താന്‍ മരിച്ചാല്‍ അയാളുടെ ശവസംസ്കാരവും ഉദകക്രിയ മുതലായവയും ചെയ്യേണ്ടതു പിന്നെയുണ്ടാകുന്ന കാമ്പിത്താനാണ്. പ്രസ്തുത കാമ്പിത്താന്റെ കാലശേ‌ഷം ഇതുവരെ കാമ്പിത്താനുണ്ടായിട്ടില്ലാത്തതിനാല്‍ ഈ ഒടുവില്‍ കഴിഞ്ഞ കാമ്പിത്താന്റെ ശവസംസ്കാരവും ശേ‌ഷക്രിയകളും ഇതുവരെ നടന്നിട്ടില്ല. അയാളുടെ മൃതദേഹം ഒരു പെട്ടിയിലാക്കി ഉപ്പും കര്‍പ്പൂരവുമിട്ടു സ്ഥാപിച്ചിരിക്കുകയാണ്. വാളും ചിലമ്പും പാറക്കടവിലും നിക്ഷേപിച്ചിരിക്കുന്നു.

കാമ്പിത്താന്‍ മരിച്ചതിന്റെ ശേ‌ഷം പട്ടാഴിദേശവും ദേവസ്വവും തിരുവിതാംകൂര്‍ ഗവര്‍മ്മേന്റില്‍ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇനിയൊരു കാമ്പിത്താനുണ്ടായാല്‍ അപ്പോള്‍ വിട്ടുകൊടുക്കുവാന്‍ തക്കവണ്ണമല്ലാതെ പൂര്‍ണ്ണമായി സര്‍ക്കാരില്‍ ചേര്‍ത്തിട്ടില്ല.

ഇനി ഉച്ചബലിയെസ്സംബന്ധിചാണ് സ്വല്പം പറയാനുള്ളത്. അതു താഴെ പ്രസ്താവിച്ചുകൊള്ളുന്നു.

പട്ടാഴിയിലുള്ള ഭദ്രകാളീക്ഷേത്രത്തില്‍ പണ്ടേതന്നെ ഒരു മുടി ഇരിക്കുന്നുണ്ടായിരുന്നു. അതു ഭദ്രകാളിയുടെ മുടിയാണെങ്കിലും അവിടെ ബിംബത്തില്‍ ചാര്‍ത്തുക പതിവില്ല. സ്വര്‍ണ്ണമയമായ ആ മുടി ക്ഷേത്രത്തിനകത്തുതന്നെ പ്രത്യേകമൊരു സ്ഥലത്തുവച്ചു പതിവായി പൂജിച്ചിരുന്നു. മുടിവച്ചു പൂജിച്ചിരുന്ന സ്ഥലത്തിന് "മുടിപ്പുര" എന്നാണ് പേരു പറഞ്ഞുവരുന്നത്. ആ മുടി എങ്ങനെയോ മണ്ണടിക്കാവില്‍ച്ചെന്നുചേരുകയും മംഗലത്തു പണിക്കര്‍ കൈവശപ്പെടുത്തുകയും പണിക്കര്‍ അയാളുടെ വീട്ടുമുറ്റത്തു തന്നെ ഒരു മുടിപ്പുര പണിയിച്ച് മുടി അവിടെവച്ച് അയാള്‍ തന്നെ പൂജ തുടങ്ങുകയും ചെയ്തു.

പണിക്കരും കാമ്പിത്താനും രസമില്ലാതെയാവുകയും മണ്ണടിക്കാവു കാമ്പിത്താന്റെ കൈവശത്തിലാവുകയും ചെയ്തപ്പോള്‍ പണിക്കര്‍ അയാളുടെ ഗൃഹത്തിനു സമീപം ഒരു ക്ഷേത്രം പണിയിച്ച് അവിടെ ഒരു ഭഗവതിയെ പ്രതി‌ഷ്ഠിക്കുകയും ആ ഭഗവതിക്കു പണിക്കര്‍തന്നെ പൂജ നടത്തിത്തുടങ്ങുകയും ചെയ്തു. ആ ക്ഷേത്രത്തിനു "പുതിയകാവ്" എന്നും "പടിഞ്ഞാറെ നട" എന്നും പേരു സിദ്ധിച്ചു. പുതിയതായി ഉണ്ടായതു കൊണ്ടും മണ്ണടിക്കാവിന്റെ പടിഞ്ഞാറുവശത്തായതുകൊണ്ടും ഈ പേരുകളുണ്ടായതാണ്. പുതിയ കാവിലും മുടിപ്പുരയിലും നിവേദ്യം മലര്‍ മാത്രമാണ് പതിവ്.

ഇദംപ്രഥമമായി ഉച്ചബലിയടിയന്തിരം നിശ്ചയിച്ച കാലത്ത് പണിക്കര്‍ ഒരു ദാരുക(ചിലര്‍ ദാരികനെന്നും പറയും)ന്റെ മുടികൂടിപ്പണിയിച്ചു മുടിപ്പുരയില്‍ വച്ചു.

കുംഭമാസം ഒന്നാം തീയതി മംഗലത്തു പണിക്കരും ദേശക്കാരും കിഴക്കേനടയില്‍ കൂടിയാണ് ഉച്ചബലിയുടെ ദിവസം നിശ്ചയിച്ചിരുന്നത്. കുംഭമാസം 15-ം തീയതി കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ വേണമെന്നല്ലാതെ ഉച്ചബലി ഇന്ന ദിവസം വേണമെന്നില്ല. ഉച്ചബലിയുടെ പത്തു ദിവസം മുമ്പേ കൊടിയേറ്റും പിന്നെ പത്തു ദിവസത്തെ ഉത്സവവുമുണ്ട്. കൊടിയേറിയാല്‍ പത്തു ദിവസത്തേക്കു മംഗലത്തു പണിക്കര്‍ ശരീരശുദ്ധിയോടുകൂടി വ്രതമായിട്ടിരിക്കണം.

ഉച്ചബലിനാള്‍ എഴരനാഴികപ്പകലാവുന്ന സമയം മൂത്തപണിക്കര്‍ വാദ്യഘോ‌ഷങ്ങളോടും ദേശക്കാരുടെ അകമ്പടിയോടുംകൂടി ഭദ്രകാളിയുടെ മുടിയെടുത്ത് എഴുന്നള്ളിച്ചുകൊണ്ട് വാക്കുവഞ്ഞിപ്പുഴമഠത്തില്‍ച്ചെല്ലണം. അവിടെനിന്ന് മേല്‍പ്രകാരം ആഘോ‌ഷങ്ങളോടുകൂടിത്തന്നെ മുടിയെഴുന്നള്ളിച്ചുകൊണ്ട് ഊരുവലത്തായി (ദേശപ്രദക്ഷിണമായി) കിഴക്കേ നടയില്‍ വന്നു ചേരണം. ഏഴര നാഴിക രാത്രിയാകുമ്പോള്‍ ഇളയ പണിക്കര്‍ ദാരുകന്റെ മുടിയുമെടുത്തുകൊണ്ട് അവിടെ എത്തണം. അവിടെ വച്ചു മൂത്തപണിക്കരും ഇളയപണിക്കരുംകൂടി ഭദ്രകാളിയും ദാരുകനും കൂടി പണ്ടുണ്ടായ വിധം ഒരു യുദ്ധം അഭിനയിക്കണം. അതു കഴിഞ്ഞാല്‍ മുടികള്‍ രണ്ടും പണിക്കരുടെ വീട്ടിലേക്ക് എഴുന്നള്ളിക്കുകയും മുടിപ്പുരയില്‍ കൊണ്ടുചെന്ന് യഥാപൂര്‍വം വയ്ക്കുകയും ചെയണം. ഇത്രയുമാണ് ഉച്ചബലിയുടെ ചടങ്ങുകള്‍. ഇതിനു "മുടിയെടുപ്പ്" എന്നും പറയാറുണ്ട്.

പണ്ടൊരിക്കല്‍ ഒരുച്ചബലിക്കു മൂത്തപണിക്കരും ഇളയപണിക്കരും കൂടി യുദ്ധമഭിനയിച്ച സമയം മൂത്തപണിക്കര്‍ക്കു കലികൊള്ളുകയും യുദ്ധം അഭിനയം വിട്ടു വാസ്തവമായിത്തീരുകയും ദാരുകനായ ഇളയപണിക്കര്‍ക്കു നേരിട്ടുനില്‍ക്കാന്‍ നിവൃത്തിയില്ലാതെയാവുകയാല്‍ അയാള്‍ ഓടുകയും ഭദ്രകാളിയായ മൂത്തപണിക്കര്‍ പിന്നാലെ എത്തുകയും ഗത്യന്തരമില്ലെന്നായപ്പോള്‍ ഇളയ പണിക്കര്‍ ഒരു കിണറ്റില്‍ ചാടുകയും മൂത്ത പണിക്കര്‍ കൂടെ ചാടുകയും കുറച്ചുകഴിഞ്ഞപ്പോള്‍ മൂത്തപണിക്കര്‍ ഇളയ പണിക്കരുടെ തലയും ദാരുകന്റെ മുടിയുംകൊണ്ടു കരയ്ക്കു കയറി വരികയും ആ ഉച്ചബലി അങ്ങനെ അവസാനിക്കുകയും ചെയ്തു.

ഇളയപണിക്കര്‍ കഴിഞ്ഞിട്ടു പിന്നെ അവരുടെ കുടുംബത്തില്‍ പുരു‌ഷനായിട്ടു മൂത്തപണിക്കര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ പണിക്കരുടെ തറവാട്ടില്‍ പ്രായം തികഞ്ഞ രണ്ടു പുരു‌ഷന്മാരുണ്ടാകുന്ന കാലത്ത് അവര്‍ മുടിയെഴുന്നള്ളിച്ചാല്‍ മതിയെന്നും അതുവരെ കണിയാന്മാരെക്കൊണ്ട് ഉച്ചബലി നടത്തിയാല്‍ മതിയെന്നും തീര്‍ച്ചപ്പെടുത്തി. അതില്‍പ്പിന്നെ ഇതുവരെ മംഗലത്തു പണിക്കരുടെ തറവാട്ടില്‍ പ്രായം തികഞ്ഞ രണ്ടുപുരു‌ഷന്മാര്‍ ഒരു കാലത്തുമുണ്ടായിട്ടില്ല. ഇളമുറക്കാരനു പുരു‌ഷപ്രായമാകുന്നതിനുമുമ്പു മൂത്തപണിക്കര്‍ മരിക്കും. അങ്ങനെയാണ് ഇപ്പോഴും അവിടെക്കണ്ടുവരുന്നത്.

ഇളയപണിക്കരുടെ കാലശേ‌ഷം ഉച്ചബലിയടിയന്തിരം ദേശാവകാശികളായ കണിയാന്മാരെക്കൊണ്ടു നടത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഒരു ഉച്ചബലിദിവസം കാളിയും ദാരുകനുംകൂടി യുദ്ധമഭിനയിച്ചുകൊണ്ടുനിന്ന സമയം ആ സ്ഥലത്തു ജനങ്ങളുടെ തിക്കും തിരക്കുംകൊണ്ടു കണിയാന്മാര്‍ക്കു നില്ക്കാന്‍ നിവൃത്തിയില്ലാതെയായി. മറിഞ്ഞുവീണുകയും കാലുമൊടിയുകയോ ഏറ്റവും വിലയേറിയ മുടികള്‍ക്കു വല്ലതും കേടുപറ്റുകയോ ചെയ്തുവെങ്കിലോ എന്നു ഭയപ്പെട്ടു കണിയാന്മാര്‍ മുടികള്‍ അടുത്തു നിന്നിരുന്ന ഈഴവരുടെ കൈയിലേക്കു കൊടുത്തു. ഈഴവര്‍ ആ മുടികള്‍ മടക്കിക്കൊടുക്കാതെ കൊണ്ടുപോവുകയും ഒരു മുടിപ്പുര പണിയിച്ച് അവിടെവച്ച് അവര്‍തന്നെ സൂക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അക്കാലം മുതല്‍ രണ്ടുകൊല്ലം മുമ്പ് (1097-ആമാണ്ട്) വരെ ഉച്ചബലിയടിയന്തിരം നടത്തിവന്നത് ഈഴവരാണ്. 1097-ആമാണ്ട് ഈഴവര്‍ അവര്‍ക്കുകൂടി ക്ഷേത്രപ്രവേശനമനുവദിക്കണമെന്ന് ആവശ്യപ്പെടുകയും മംഗലത്തുപണിക്കരും ദേശക്കാരും അതനുവദിക്കായ്കയാല്‍ ഈഴവര്‍ പിണങ്ങി അവര്‍ക്ക് ഉച്ചബലി നടത്താന്‍ കഴികയില്ലെന്നു പറഞ്ഞ് മുടികള്‍ മംഗലത്തു പണിക്കരെ ഏല്പിച്ചു കൊടുക്കുകയും ചെയ്തു. അക്കാലംമുതല്‍ വീണ്ടും കണിയാന്മാരെക്കൊണ്ട് ഉച്ചബലി നടത്തിച്ചു തുടങ്ങി. ഇപ്പോള്‍ അതു നടത്തുന്നതു കണിയാന്മാര്‍ തന്നെയാണ്. മുടികള്‍വച്ചു സൂക്ഷിക്കുന്നതു മംഗലത്തു പണിക്കര്‍ തന്നെ.

ഉച്ചബലി സംബന്ധിച്ചു യുദ്ധമഭിനയിക്കുന്ന സ്ഥലത്തിനു "ഊട്ടുകളം" എന്നാണ് പേര്‍ പറഞ്ഞുവരുന്നത്. ദാരുകനായ ഇളയപണിക്കര്‍ ചാടിയ കിണറ്റിലെ വെള്ളം ഇപ്പോഴും രക്തവര്‍ണ്ണമായിത്തന്നെ കിടക്കുന്നു. അതു ക്ഷേത്രത്തിന്റെ വടക്കു വശത്താണ്. ആ സ്ഥലത്തിനു "ഭഗവതിമഠം" എന്നു പേര്‍ പറഞ്ഞുവരുന്നു.

മണ്ണടിക്കാവില്‍ ഇപ്പോള്‍ കാമ്പിത്താനില്ലെങ്കിലും ഭഗവതിയുടെ ശക്തിയ്ക്ക് അവിടെ ഇപ്പോഴും യാതൊരു കുറവും വന്നിട്ടില്ല. പതിവായി ഉത്സവവും ഉച്ചബലിയും നടന്നുവരുന്നു. കാലഭേദംകൊണ്ടു ജനങ്ങള്‍ക്കു ഭക്തി കുറഞ്ഞുപോവുകയാല്‍ പണ്ടത്തെപ്പോലെ ആരും ഭഗവതിയെ ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്നില്ലെന്നു മാത്രമേ അവിടെയൊരു ദോ‌ഷം വന്നിട്ടുള്ളൂ.

സ്വയംഭൂവായ ബിംബത്തിന്മേല്‍ അരിവാള്‍ തേച്ച പുലക്കള്ളി രക്തം കണ്ട സമയം മണ്ണുവാരി അടിച്ചതിനാലാണ് ആ സ്ഥലത്തിനു "മണ്ണടി" എന്നു പേരു സിദ്ധിച്ചതെന്നു ജനങ്ങള്‍ പറയുന്നു. അതെങ്ങനെയായാലും ആ സ്ഥലം ഏറ്റവും മാഹാത്മ്യമുള്ളതും ആ ഭഗവതി അത്യുഗ്രമൂര്‍ത്തിയാണെന്നുമുള്ളതിന് സംശയമില്ല.