പണ്ട് ബ്രിട്ടീഷ് മലബാറില്‍ തളിപ്പറമ്പിനു സമീപം (എന്നാണ് കേട്ടിട്ടുള്ളത്) പുല്ലങ്കോട്ടെന്നു പ്രസിദ്ധമായിട്ട് ഒരില്ലമുണ്ടായിരുന്നു. ആ ഇല്ലത്ത് ഒരുകാലത്ത് ഒരു നമ്പൂരിയും അദ്ദേഹത്തിന്റെ ധര്‍മ്മപത്നിയും മാത്രമായിത്തീര്‍ന്നു. നമ്പൂരിക്കു ഷഷ്ടിപൂര്‍ത്തിയായിട്ടും പുരുഷസന്താനമുണ്ടാകാതെയിരുന്നതിനാല്‍ അദ്ദേഹം സന്താനാര്‍ത്ഥകമായി സേതു സ്നാനം, ഗംഗാസ്നാനം മുതലായി അനേകം സത്കര്‍മ്മങ്ങള്‍ നടത്തി. അവയുടെയെല്ലാം ഫലമായിട്ടു നമ്പൂരിയുടെ അറുപത്തഞ്ചാമത്തെ വയസ്സില്‍ അന്തര്‍ജനം ഗര്‍ഭം ധരിച്ചു. അപ്പോള്‍ ആ ദമ്പതിമാര്‍ക്കുണ്ടായ സന്തോഷം സീമാതീതമായിരുന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ.
പിന്നെ നമ്പൂരി, അന്തര്‍ജനം പ്രസവിച്ചുണ്ടാകുന്നത് ഉത്കൃഷ്ട പുരുഷസന്താനം തന്നെയായിരിക്കുന്നതിന് വെണ്ണ മുതലായവ സ്വയമേവ സന്മന്ത്രങ്ങള്‍ജപിച്ചും അനേകംപേരെക്കൊണ്ടു ജപിപ്പിച്ചും കൊടുത്തു കൊണ്ടിരിക്കുകയും അന്തര്‍ജനം യഥാകാലം പ്രസവിച്ചു പുരുഷപ്രജ തന്നെ ജനിക്കുകയും ചെയ്തു. നമ്പൂരി അന്നും അനേകം ദാനധര്‍മ്മാദികള്‍ ചെയ്യുകയും കുളിച്ചുവന്നു പുത്രന്റെക ജാതകര്‍മ്മം നടത്തുകയും ചെയ്തു.
പിന്നെ നമ്പൂരി പുത്രന്റെ !നാമകരണം, അന്നപ്രാശനം,ചവുളം, ഉപനയനം, സമാവര്‍ത്തനം എന്നീ ക്രിയകള്‍ യഥാകാലം വേണ്ടപോലെ നടത്തുകയും അതിനിടയ്ക്കു വിദ്യാഭ്യാസത്തിനും വേദാദ്ധ്യായത്തിനും വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. എന്നാല്‍ മകന്‍നമ്പൂരിയുടെ മനസ്സ് അച്ഛന്‍നമ്പൂരി വിചാരിച്ച വഴിക്കെങ്ങുമല്ല പോയത്. അദ്ദേഹത്തിന് ഏകദേശം പുരുഷപ്രായമായപ്പോള്‍ മുതല്‍ ചില കൂട്ടുകാരോടുകൂടി ചീട്ട്, ചേക്കു, പാശി മുതലായ കളികള്‍ തുടങ്ങി. കളികളില്‍ മകന്‍നമ്പൂരിക്കു മിക്കപ്പോഴും തോല്‍വി തന്നെയാണ് ഉണ്ടായിക്കൊണ്ടിരുന്നത്. എങ്കിലും അവയിലുള്ള ഭ്രമം അദ്ദേഹത്തിനു പ്രതിദിനം വര്‍ദ്ധിച്ചുകൊണ്ടുതന്നെയിരുന്നു. അതിനാല്‍ ഒട്ടുവളരെ കടം വന്നു കൂടി. കടം കൊടുത്തവര്‍ പണത്തിനായി ഇല്ലത്തു ചെന്നു മുട്ടിക്കൂടി. പുത്ര വാത്സല്യത്തിന്റെ ആധിക്യം കൊണ്ട് അച്ഛന്‍നമ്പൂരി വിരോധമൊന്നും പറയാതെ മകന്റെ കടമെല്ലാം തീര്‍ത്തു. പിന്നെയും മകന്‍നമ്പൂരിക്ക് കളിയിലുള്ള ഭ്രമം നിലച്ചില്ല. അദ്ദേഹം പണം കടം വാങ്ങി കളി മുറയ്ക്കു നടത്തിക്കൊണ്ടിരുന്നു. കടംകൊടുക്കുന്നവര്‍ വന്നു മകനെ ഞെരുക്കിത്തുടങ്ങുമ്പോള്‍ അച്ഛന്‍നമ്പൂരി പണം കൊടുത്തു കടം വീട്ടിക്കൊണ്ടുമിരുന്നു.
അങ്ങനെ കുറച്ചുകാലം കഴിഞ്ഞതിന്റെശേഷം ഒരുദിവസം അച്ഛന്‍ നമ്പൂരി മകനെ അടുക്കല്‍ വിളിച്ച്, "ഉണ്ണീ, നിന്റെ നടപടി ഒട്ടും നന്നായിരിക്കുന്നില്ല. നിന്നോടഹിതം പറയാതെ കഴിച്ചുകൂട്ടണമെന്നു വിചാരിച്ചു ഞാനിതുവരെ ക്ഷമിച്ചു. ഇപ്പോള്‍ നിവൃത്തിയില്ലാതായിട്ടാണ് പറയുന്നത്. ഇപ്പോള്‍ നീ ഇഹലോകത്തിലും പരലോകത്തിലും യാതൊരു ഗുണത്തിനും വകയില്ലാത്ത കളികള്‍ക്കായി അസംഖ്യം പണം നശിപ്പിച്ചു. ഇങ്ങനെയായാല്‍ ഇതിന്റെ അവസാനമെവിടെയാണ്? ഞാനിതു നിനക്കു വേണ്ടിപ്പറയുന്നതാണ്. എന്റെ കാര്യത്തെക്കുറിച്ച് ഇനി അധികമൊന്നും വിചാരിക്കാനില്ല. എനിക്കു വയസ്സിപ്പോള്‍ എണ്‍പത്തഞ്ചു കഴിഞ്ഞിരിക്കുന്നു. ഇനി ജീവിച്ചിരുന്നാല്‍ എത്രനാളിരിക്കും? നിനക്കു ചെറുപ്പമാണല്ലോ. കുടുംബഹാനി സംഭവിക്കാതെയിരിക്കാനായിട്ടെങ്കിലും നിനക്കിനിയൊന്നു വേളി കഴിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ഈശ്വര കാരുണ്യത്താല്‍ അതില്‍ ചില സന്താനങ്ങളും ഉണ്ടാകുമെന്നുതന്നെ വിചാരിക്കാം. അപ്പോള്‍ അവരെയൊക്കെ സംരക്ഷിക്കാനുള്ള ചുമതല നിനക്കായിത്തീരും. കുടുംബത്തിലുള്ള സ്വത്തെല്ലാം ഇപ്രകാരം നീ നശിപ്പിച്ചാല്‍ അക്കാലത്തു നീ കഷ്ടപ്പെടുമല്ലോ എന്നു വിചാരിച്ചാണ് ഞാന്‍പറയുന്നത്. എന്റെ ഓമനക്കുട്ടന്‍ ഇനിയെങ്കിലും ഈ നാശകരമായ കളിയില്‍ചേര്‍ന്നു കുടുംബസ്വത്തു നശിപ്പിക്കാതെയിരുന്നാല്‍ക്കൊള്ളാമെന്ന് എനിക്കു വളരെ ആഗ്രഹമുണ്ട്" എന്നു പറഞ്ഞു. അതിനുത്തരമായി മകന്‍നമ്പൂരി "അച്ഛന്‍ ഇതിനെക്കുറിച്ച് ഇനി വിചാരിച്ചു വ്യസനിക്കാനും പറയാനും ഞാന്‍ ഇടയക്കില്ല . വന്നതൊക്കെ വന്നു. ഇനി ഞാന്‍ നിമിത്തം ഈ കുടുംബത്തേക്ക് കാല്‍കാശിനുപോലും കടം വരികയില്ല , നിശ്ചയം തന്നെ" എന്നു പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങിപ്പോയി. മകന്റെ മറുപടി കേട്ട് അച്ഛന്‍നമ്പൂരി വളരെ സന്തോഷിക്കുകയും "എന്റെ ഉണ്ണി നന്നായി വരട്ടെ" എന്നു മനസ്സുകൊണ്ട് അനുഗ്രഹിക്കുകയും ചെയ്തു.
അച്ഛന്‍നമ്പൂരിയുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. നമ്പൂരി ഇല്ലത്തുനിന്ന് ഇറങ്ങിപ്പോയിട്ടു പിന്നെ മടങ്ങിവന്നില്ല. അപ്പോള്‍ അച്ഛന്‍നമ്പൂരിക്കു ദുസ്സഹമായ ദുഖമുണ്ടായിത്തീര്‍ന്നു. ഒരു ദിവസം കഴിഞ്ഞു, ഒരാഴ്ചവട്ടം കഴിഞ്ഞു, ഒരു മാസം കഴിഞ്ഞു; എന്നിട്ടും മകന്‍ നമ്പൂരി തിരിച്ചുവന്നില്ല. അപ്പോള്‍ അച്ഛന്‍നമ്പൂരിക്കു സര്‍വ്വസ്വവും നശിച്ചാലും വേണ്ടില്ല, തന്റെ മകനെ ഒന്നു കണ്ടാല്‍മതി എന്നു തോന്നിത്തുടങ്ങി. ഒടുക്കം വ്യസനം ദുസ്സഹമായിത്തീരുകയാല്‍ അച്ഛന്‍നമ്പൂരി കുടയും വടിയുമെടുത്തുകൊണ്ട് മകനെ അന്വേഷിച്ചു പുറപ്പെട്ടു. അച്ഛന്‍ നമ്പൂരിക്കു പ്രായാധിക്യം നിമിത്തമുള്ള ക്ഷീണം കൊണ്ടു നടക്കാന്‍ വളരെ പ്രയാസമുണ്ടായിരുന്നു. എങ്കിലും പുത്രവാത്സല്യത്തിന്റെ ശക്തി കൊണ്ട് അദ്ദേഹത്തിന് ഒരു ദിക്കില്‍ അടങ്ങിപ്പാര്‍ക്കാന്‍ ധൈര്യമുണ്ടായില്ല. അതിനാലദ്ദേഹം മകനെ അന്വേഷിച്ചു പലദേശങ്ങളിലും അലഞ്ഞുനടന്നു.
മകന്‍നമ്പൂരി ഇല്ലത്തുനിന്ന് ഇറങ്ങീട്ടു നേരെ തെക്കോട്ടാണ് നടന്നത്. ഏതാനും ദിവസംകൊണ്ട് അദ്ദേഹം തിരുവനന്തപുരത്തു ചെന്നു ചേര്‍ന്നു. തിരുവനന്തപുരം വേദമോ ശാസ്ത്രമോ സംഗീതമോ സാഹിത്യമോ ചൂതുകളിയോ മദ്യപാനമോ മോഷണമോ എന്ത് വേണമെങ്കിലും പഠിക്കാനും പഠിപ്പിക്കാനും ശീലിക്കാനും പ്രവര്‍ത്തിക്കാനും സൗകര്യമുള്ള ഒരു സ്ഥലമാണല്ലോ. മലയാളബ്രാഹ്മണര്‍ക്ക് ഇത്രയും സുഖപ്രദമായ മറ്റൊരു സ്ഥലം കേരളത്തിലുണ്ടോ എന്നുതന്നെ സംശയമാണ്. മണ്ഡപത്തില്‍ ജപംചാര്‍ത്തിച്ചാല്‍ അതിനു പ്രതിദിനം ഒരു പണംവീതം ദക്ഷിണ നിശ്ചയമാക്കിക്കിട്ടും. പിന്നെ ഭാഗ്യമുണ്ടെങ്കില്‍ ഇടയ്ക്കു തിരുവോണം, തിരുനാള്‍, ദ്വാദശി, അമാവാസി മുതലായ വിശേഷദിവസങ്ങളില്‍ വല്ല ഗോമൂല്യമോ പത്തുമഞ്ഞൂറും ആയിരവും അതിലധികവും പണമുള്ള വലിയ ദാനങ്ങളോ കിട്ടിയേക്കാം. അന്ന് നാടുനീങ്ങിയ സ്വാതിതിരുനാള്‍ രാമവര്‍മ്മ ഇരുപത്തിരണ്ടാമാണ്ടു മഹാരാജാവുതിരുമനസ്സിലെ കാലമായിരുന്നതിനാല്‍ വലിയ കൊട്ടാരത്തില്‍ വലിയ വലിയ ദാനങ്ങള്‍ കൂടെക്കൂടെ ഉണ്ടാകുമായിരുന്നു. രണ്ടു നേരവും അഗ്രശാലയില്‍ ഭക്ഷണവും കിട്ടുമല്ലോ. ഇതെല്ലാം വിചാരിച്ചായിരിക്കണം പുല്ലങ്കോട്ടു മകന്‍നമ്പൂരി തിരുവനന്തപുരത്തു ചെന്നു ചേര്‍ന്നത്.
അദ്ദേഹം തിരുവനന്തപുരത്തു ചെന്നിട്ടും അദ്ദേഹത്തിന്റെ പതിവിനു യാതൊരു വ്യത്യാസവും വരുത്തിയില്ല. ചീട്ടുകളിയോ പാശി കളിയോ എന്തെങ്കിലും ഒരു കളി പതിവായി നടത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ കൈവശം പണമിലാതെയും കടം കിട്ടാതെയും വന്നിട്ട് അദ്ദേഹം വളരെ വിഷമിക്കാറുണ്ടായിരുന്നു. അദ്ദേഹമൊരു സരസനും സുമുഖനും സമര്‍ത്ഥനുമായിരുന്നതിനാല്‍ സാമാന്യക്കാരൊക്കെ അദ്ദേഹം ചോദിച്ചാല്‍ കടം കൊടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ കൈവശം പണം വരുന്ന സമയം ചെന്നു മുട്ടിക്കൂടിയാല്‍ കൊടുക്കാനുള്ളതു കുറേശ്ശെ അദ്ദേഹം കൊടുക്കാറുമുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ കൈവശം പണമുണ്ടായിരിക്കുന്ന സമയം വളരെ ചുരുക്കമായിരിക്കും.
പുല്ലങ്കോട്ടു മകന്‍നമ്പൂരി തിരുവനന്തപുരത്തു ചെന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും അവിടെയുള്ള പുഷ്പാഞ്ജലി സ്വാമിയാരുടെ വലിയ സേവകനായിത്തീര്‍ന്നു. അപ്പോള്‍ മിക്ക ദിവസവും ഊണു സ്വാമിയാര്‍മഠത്തില്‍ തന്നെയായി. മകന്‍നമ്പൂരി പിന്നെ അധികം അഗ്രശാലയില്‍ പോകാറില്ല.
മകന്‍നമ്പൂരിയുടെ താമസം മിക്കവാറും സ്വാമിയാരു മഠത്തിലായെങ്കിലും അദ്ദേഹം പതിവുള്ള കളി വേണ്ടെന്നുവെച്ചില്ല. അതു മുടങ്ങാതെ നടത്തിക്കൊണ്ടുതന്നെയിരുന്നു. അങ്ങനെയിരുന്നപ്പോള്‍ സ്വാമിയാരുടെ പെട്ടിയിലിരുന്ന കുറെ പണം കാണാതെയായി. അത് ഈ മകന്‍ നമ്പൂരി എടുത്തുകൊണ്ടുപോയി പാശികളിച്ചു കളഞ്ഞതാണെന്നു സ്വാമിയാരും മഠത്തിലുണ്ടായിരുന്ന മറ്റെല്ലാവരും ഊഹിക്കതെയിരുന്നില്ല. എങ്കിലും പ്രത്യക്ഷമായിക്കാണാതെ ഒരു ബ്രാഹ്മണന്‍ ഒരു കളവു ചെയ്തുവെന്നു പറയുന്നതു യുക്തമല്ലല്ലോ എന്നു വിചാരിച്ച് അതിനെക്കുറിച്ച് ആരുമൊന്നും പറഞ്ഞുമില്ല. സ്വാമിയാര്‍മഠത്തിലുള്ളവര്‍ ഇതിനെക്കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും ഈ സംഗതി മഹാരാജാവു തിരുമനസ്സുകൊണ്ടറിയുകയും ഈ നമ്പൂരി മേലാല്‍സ്വാമിയാരു മഠത്തില്‍കയറുന്നതിനനുവദിക്കാതെയിരിക്കുന്നതിനും അദ്ദേഹത്തിന് അഗ്രശാലയില്‍ ചോറ് കൊടുക്കാതെയിരിക്കുന്നതിനും കല്പിച്ചു ചട്ടംകെട്ടി. അതുനിമിത്തം നമ്പൂരിക്കു തിരുവനന്തപുരത്തു താമസിച്ചാല്‍ ഭക്ഷണം കിട്ടാന്‍ മാര്‍ഗ്ഗമില്ലാതെയായിത്തീര്‍ന്നു. അതിനാലദ്ദേഹം പിന്നെ അവിടെ താമസിക്കാതെ ശുചീന്ദ്രത്തേക്കു പോയി. അവിടെ നമ്പൂരിക്കു നല്ല തരം കിട്ടി. അദ്ദേഹം അവിടെ എത്തിയപ്പോള്‍ അവിടെ കീഴ്ശാന്തിക്ക് ഒരാള്‍ പോരാതെയായിരിക്കുന്നു. അതിനാല്‍ കീഴ്ശാന്തിക്കാരനായി താമസിക്കാമോ എന്ന് അദ്ദേഹത്തോട് ചോദിക്കുകയും അദ്ദേഹം സമ്മതിക്കുകയും അദ്ദേഹത്തെ അവിടെ ഒരു കീഴ്ശാന്തിക്കാരനായി നിയമിക്കുകയും ചെയ്തു. അതിനാലദ്ദേഹത്തിനവിടെ ശാന്തിക്കാരുടെ കൂട്ടത്തില്‍ സുഖമായി ഭക്ഷണം കഴിക്കുന്നതിനും കുറേശ്ശെ പണം കിട്ടുന്നതിനും തരമായി. എന്നു മാത്രമല്ല , അക്കാലത്ത് അവിടെയുണ്ടായിരുന്ന ശാന്തിക്കാര്‍ മിക്കവാറും ചീട്ടുകളിക്കാരായിരുന്നതിനാല്‍ അതിനും അദ്ദേഹത്തിനവിടെ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞാല്‍ പിന്നെ മിക്ക സമയത്തും കളി തന്നെയായിരുന്നു. കളിക്കാന്‍ കൂട്ടുകാര്‍ ശാന്തിക്കാരും കളിസ്ഥലം ശാന്തിക്കാരുടെ മഠവുമായിരുന്നതിനാല്‍ വളരെ സൗകര്യമുണ്ടായി. കളിക്കാരെയും കളിസ്ഥലവുമന്വേഷിച്ചു ദൂരെയെങ്ങും പോകേണ്ടല്ലോ.
ഇങ്ങനെയിരുന്ന കാലത്ത് ഒരു ദിവസം രാത്രിയില്‍ ക്ഷേത്രത്തിലെ ജോലികളും അത്താഴവും കഴിഞ്ഞു കളിക്കാരെല്ലാവരും ശാന്തിക്കാരുടെ മഠത്തില്‍കൂടി മുറയ്ക്കു ചീട്ടുകളി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അതികഠിനമായ കാറ്റും മഴയുമാരംഭിച്ചു. കാറ്റിന്റെ ശക്തികൊണ്ട് വിളക്കു കെട്ടുപോകുമെന്നു തോന്നുകയാല്‍ വാതിലടച്ചു മുറിക്കകത്തിരുന്നാണ് കളിച്ചത്. അക്കാലത്തു നിലവിളക്ക്, മാടമ്പിവിളക്ക് മുതലായവയല്ലാതെ ചിമ്മിനിയുള്ള വിളക്കുകളധികമുണ്ടായിരുന്നില്ലല്ലോ.
പുല്ലങ്കോട്ടു മകന്‍നമ്പൂരിക്ക് വെറ്റിലമുറുക്കു കലശലായിട്ടുണ്ടായിരുന്നതിനാല്‍ അദ്ദേഹം മുറുക്കിക്കൊണ്ടാണ് കളിച്ചിരുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു തുപ്പാന്‍ വൈകി. വാതില്‍ തുറന്നാല്‍ വിളക്ക് കേട്ടുപോയെങ്കിലോ എന്നു വിചാരിച്ച് അദ്ദേഹം വളരെനേരം തുപ്പാതെ കഴിച്ചുകൂട്ടി. അങ്ങനെ കുറെ കഴിഞ്ഞപ്പോള്‍ തുപ്പല്‍ വായ്ക്കകത്തു നിറയുകയാല്‍ തുപ്പാതെയിരിക്കാന്‍ നിവൃത്തിയില്ലാതെയായി. അപ്പോഴേക്കും കാറ്റും മഴയും സ്വല്പം ശമിക്കുകയും ചെയ്തു. ഉടനെ നമ്പൂരി പെട്ടെന്ന് വാതില്‍ തുറന്ന് അകത്തുനിന്നുകൊണ്ട് മുറ്റത്തേക്ക് നീട്ടിയൊരു തുപ്പു വെച്ചുകൊടുത്തു. അതു കഴിഞ്ഞപ്പോള്‍ ആ മുറ്റത്തുനിന്ന് "ആരാണത് ? ഉണ്ണിയല്ലേ?" എന്നൊരു ചോദ്യം കേട്ടു. മുറ്റത്തു വലിയ ഇരുട്ടായിരുന്നതിനാല്‍ ഒന്നും കാണാന്‍വയ്യായിരുന്നു. എങ്കിലും ശബ്ദം കേട്ടപ്പോള്‍ സംശയം തോന്നുകയാല്‍ മകന്‍നമ്പൂരി പെട്ടെന്നു വിളക്കെടുത്തു കൊണ്ടുചെന്നു നോക്കിയപ്പോള്‍ അദ്ദേഹം സംശയിച്ചതുപോലെതന്നെ മുറ്റത്തു നിന്നിരുന്നത് അച്ഛന്‍നമ്പൂരി തന്നെയായിരുന്നു. മകന്റെ തുപ്പലില്‍ അച്ഛന്റെ ദേഹം മുഴുവനും മുഴുകിയിരുന്നു.
അച്ഛന്‍നമ്പൂരി മകനെ അന്വേഷിചു പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് ഒടുവില്‍ ഈ ദിക്കില്‍ വന്നുചേര്‍ന്നപ്പോള്‍ ഈ മഠത്തില്‍ കാണുമെന്ന് ആരോ പറഞ്ഞറിയുകയാല്‍ ഇങ്ങോട്ടു പുറപ്പെട്ടു. അപ്പോള്‍ കാറ്റും മഴയും ഇരുട്ടും വരികയാല്‍ നനഞ്ഞൊലിച്ചും കിടുകിടാ വിറച്ചും തപ്പിത്തടഞ്ഞും ഒരുവിധത്തില്‍ ആ മുറ്റത്തു വന്നുചേര്‍ന്ന സമയത്തായിരുന്നു മകന്‍ നീട്ടിപ്പിടിച്ചു തുപ്പിയത്. തുപ്പല്‍ വായ്ക്കകത്തു നിറച്ചുണ്ടായിരുന്നതിനാല്‍ അച്ഛന്‍നമ്പൂരിയുടെ ദേഹം മുഴുവനും തുപ്പലില്‍ കുളിച്ചതുപോലെ ആയിത്തീര്‍ന്നു. അതു കണ്ട് മകന്‍ സാമാന്യത്തിലധികം വിഷണ്ണനായിത്തീര്‍ന്നു. അദ്ദേഹം ക്ഷണത്തില്‍പ്പോയി വെള്ളം കോരിക്കൊണ്ടുവന്ന് അച്ഛനെ കുളിപ്പിച്ചു തുവര്‍ത്തിച്ച് ഈറന്‍മാറ്റിച്ചതിന്റെ ശേഷം "എന്റെ സമസ്താപരാധങ്ങളും അച്ഛന്‍സദയം ക്ഷമിച്ച് എന്നെ അനുഗ്രഹിക്കണം" എന്നു സഗദ്ഗദം പറഞ്ഞ് പാദത്തില്‍വീണു നമസ്ക്കരിച്ചു. വയോ വൃദ്ധനായ അച്ഛന്‍നമ്പൂരി കരഞ്ഞുകൊണ്ട് മകനെ പിടിച്ചെഴുന്നെല്പിച്ചു മാറിലണച്ചു ഗാഢാശ്ശേഷം ചെയ്തിട്ട്, "എന്റെ ഉണ്ണി എന്തു ചെയ്താലും എന്റെ പോന്നോമനക്കുട്ടനോട് എനിക്ക് ഒരിക്കലും വിരോധം തോന്നുകയില്ല. എന്റെ തങ്കക്കുട്ടന് ഇനിയെങ്കിലും ഈശ്വരന്‍ നല്ലതു തോന്നിക്കട്ടെ" എന്നു പറഞ്ഞു തലയില്‍ തൊട്ടനുഗ്രഹിച്ചു.
വാര്‍ദ്ധക്യംകൊണ്ടും വഴിനടപ്പുകൊണ്ടും വളരെ ക്ഷീണിച്ചിരുന്ന അച്ഛന്‍നമ്പൂരിക്കു മകന്‍നമ്പൂരി ശയനോപകരണങ്ങള്‍കൊടുത്തു വേഗത്തില്‍ കിടത്തുകയും അച്ഛന്‍നമ്പൂരി കിടന്നിട്ടു ക്ഷണത്തില്‍ ഉറങ്ങിത്തുടങ്ങുകയും ചെയ്തു. പിന്നെ മകന്‍നമ്പൂരി യും പോയി കിടന്നു. എങ്കിലും അദ്ദേഹത്തിനു മനോവിചാരങ്ങള്‍കൊണ്ട് ഉറക്കം വന്നില്ല. അച്ഛന്‍ അനേകം സത്കര്‍മ്മങ്ങള്‍ ചെയ്തതിന്റെ ഫലമായിട്ടാണ് താനുണ്ടായതെന്നും അച്ഛനു തന്നെക്കുറിച്ച് അളവറ്റ വാത്സല്യമുണ്ടെന്നും അദ്ദേഹത്തിനറിയാമായിരുന്നു. നടക്കാന്‍ വയ്യാതെയായിരിക്കുന്ന ഈ വാര്‍ദ്ധക്യകാലത്തു തന്നെ അന്വേഷിച്ച് അനേക ദിവസത്തെ വഴി നടന്നു വന്ന അച്ഛന്റെ സ്നേഹാധിക്യത്തെക്കുറിച്ചും അദ്ദേഹം വിചാരിച്ചു. ഇപ്രകാരം ശുദ്ധാത്മാവായിരിക്കുന്ന അച്ഛന്റെ മുഖത്തു മനപ്പൂര്‍വ്വമായിട്ടല്ലെങ്കിലും തുപ്പാനിടയായതിനെക്കുറിച്ചുള്ള വിഷാദവും അദ്ദേഹത്തിനു സാമാന്യമായിട്ടുണ്ടായി. ഉത്തമ ബ്രാഹ്മണകുലത്തില്‍ ജനിച്ച താന്‍ ബ്രാഹ്മണവൃത്തിയെ വിട്ട് കേവലം നീചനെപ്പോലെ ചൂതുകളിയില്‍ ഭ്രമിച്ചു നടന്നുപോയതിനെക്കുറിച്ചുള്ള പശ്ചാത്താപവും അദ്ദേഹത്തിനു സാമാന്യ ത്തിലധികമുണ്ടായി. ഇവയെല്ലാം കൊണ്ടുമാണ് അദ്ദേഹത്തിന് ഉറക്കം വരാഞ്ഞത്. കഴിഞ്ഞുപോയ ജീവിതകാലം മുഴുവനും നിഷ്ഫലമായിപ്പോയതിനാല്‍ ആയുശ്ശേഷത്തെ ഈസ്വരസേവകൊണ്ടുതന്നെ നയിക്കണമെന്ന് അദ്ദേഹം തീര്‍ച്ചയാക്കുകയും ചെയ്തു. അപ്പോഴേക്കും നേരം ഏഴര നാഴിക വെളുപ്പായതിനാല്‍ അദ്ദേഹമെണീറ്റു കുളിക്കാന്‍പോയി. കുളിയും നിത്യകര്‍മ്മാനുഷ്ട്ടനവും കഴിച്ച് അദ്ദേഹം ക്ഷേത്രത്തില്‍പ്പോയി ദിവ്യമന്ത്രങ്ങള്‍ജപിച്ച് ഈശ്വരനെ സേവിച്ചുകൊണ്ടിരുന്നു. നേരം വെളുത്തതിന്റെ ശേഷം അച്ഛന്‍നമ്പൂരിയും കുളിച്ച് നിത്യകര്‍മ്മാദികള്‍ കഴിചു ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ മകന്‍ ഈശ്വരനെ സേവിച്ചുകൊണ്ടിരിക്കുന്നത് കണ്ടു വളരെ സന്തോഷിച്ചു.
ക്ഷേത്രത്തില്‍ ഉച്ചപൂജ കഴിച്ചതിന്റെ ശേഷം ശാന്തിക്കാരുടെ കൂട്ടത്തില്‍ അച്ഛനും മഹനും ഊണു കഴിചു. പിന്നെ അച്ഛന്‍നമ്പൂരി മകനെ വിളിച്ച് "ഉണ്ണീ! നമുക്കിനി വടക്കോട്ടു പോവുകയല്ലേ? നിന്റെ അമ്മ നിന്നെക്കാണാഞ്ഞിട്ടു വളരെ വ്യസനിക്കുന്നുണ്ട്" എന്നു പറഞ്ഞു. അപ്പോള്‍ മകന്‍ , "ഞാനിവിടെ ഇന്നു മുതല്‍ ഒരു സംവത്സരഭജനം നടത്തണമെന്നു നിശ്ചയിച്ചിരിക്കുകയാണ്. അതു കഴിയാതെ ഇങ്ങോട്ടും പോകാന്‍ നിവൃത്തിയില്ല" എന്നു പറഞ്ഞു.
അച്ഛന്‍നമ്പൂരി: ഈശ്വരനെ സേവിക്കുന്നതു നല്ലതുതന്നെ. നിന്റെ അമ്മയുടെ കഥ വിചാരിച്ചിട്ടാണ് ഞാന്‍പറഞ്ഞത്. നീ ഇങ്ങനെ തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണെങ്കില്‍ ഒരു കൊല്ലം ഞാനുമിവിടെ താമസിക്കാം. നമുക്കൊരുമിച്ചുതന്നെ വേണം വടക്കോട്ടു പോകാന്‍.
മകന്‍നമ്പൂരി: അച്ഛന്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കരുത്. എന്റെ നിശ്ചയത്തെ ഭേദപ്പെടുത്താന്‍നിവൃത്തിയില്ല. ഒരു കൊല്ലം മുഴുവനും അച്ഛനിവിടെ താമസിച്ച് ബുദ്ധിമുട്ടുന്നതിനെന്താണ്? അച്ഛനെയും കാണാതെയിരുന്നാല്‍ അമ്മയ്ക്കു വ്യസനമാധികമാവുമല്ലോ. അതിനേക്കാള്‍ നല്ലത്, അച്ഛന്‍ ചെന്ന് എന്നെക്കണ്ടുവെന്നും സംവത്സരഭജനം കഴിഞ്ഞാലങ്ങോട്ടു ചെല്ലുമെന്നും മറ്റും പറഞ്ഞ് അമ്മയെ സമാധാനപ്പെടുത്തുകയലയോ? അച്ഛന്‍ ഉടനെ വടക്കോട്ടു പോവുകയാണ് നല്ലത്. ഇനിയും ഞാന്‍ യഥാപൂര്‍വ്വം നീചവൃത്തി കൈക്കൊണ്ടേക്കുമെന്ന് അച്ഛന്‍സംശയിക്കേണ്ട. എന്റെ മനസ്സ് ഈശ്വരസേവയിങ്കല്‍ ഉറച്ചുപോയി. അത് ഒരിക്കലും ഇളകുന്നതല്ല.
ഇങ്ങനെയൊക്കെപ്പറഞ്ഞു സമ്മതിപ്പിച്ച് അച്ഛനെ ഇല്ലത്തേക്ക് മടക്കി അയച്ചിട്ടു മകന്‍നമ്പൂരി ഭഗവാനെ സേവിച്ചുകൊണ്ട് ശുചീന്ദ്രത്തുതന്നെ താമസിച്ചു. ഒരുനേരം മാത്രം ഉണ്ടുകൊണ്ടാണ് അദ്ദേഹം ഭജനമാരംഭിച്ചത്. ആറു മാസം കഴിഞ്ഞപ്പോള്‍ അതും വേണ്ടെന്നുവെച്ചു. നാഴി പാലും രണ്ടോ മൂന്നോ പഴവും മാത്രം ഒരുനേരം കഴിച്ചുകൊണ്ടാണ് പിന്നെ ഭജിച്ചത്.
ഇങ്ങനെ ശുചീന്ദ്രത്ത് ഒരു സംവത്സരത്തെ ഭജനം നിര്‍വ്വഹിച്ചതിന്റെ ശേഷം മകന്‍നമ്പൂരി തിരുവനന്തപുരത്തേക്ക് പോയി. അവിടെച്ചെന്നു പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭജനം തുടങ്ങി. അതു മൗനവ്രതത്തോടുകൂടിയായിരുന്നു. അന്നും ഭക്ഷണം പ്രതിദിനം മദ്ധ്യാഹ്നമാകുമ്പോള്‍ മാധ്യന്ദിനകര്‍മ്മം കഴിച്ചതിന്റെ ശേഷം നാഴി പാലും രണ്ടോ മൂന്നോ കദളിപ്പഴവും മാത്രമായിരുന്നു. അത് തന്നെ വല്ലവരും കൊണ്ടു ചെന്നു കൊടുത്താല്‍ കഴിക്കുമെന്നല്ലാതെ വേണമെന്നു നിര്‍ബന്ധമില്ലായിരുന്നു.
സ്വാമിയാരുടെ പെട്ടിയിലിരുന്ന പണം തട്ടിയെടുത്തു കൊണ്ടു പോയി പാശി കളിച്ചു കളഞ്ഞു എന്നു കേട്ടപ്പോള്‍ പെട്ടെന്നുണ്ടായ കോപം നിമിത്തം ആ നമ്പൂതിരിക്ക് അഗ്രശാലയില്‍ ചോറ് കൊടുക്കരുതെന്നു കല്പിച്ചു ചട്ടം കെട്ടിയെങ്കിലും പിന്നീട് തിരുമനസ്സിലേക്ക് അതിനെക്കുറിച്ച് പശ്ചാതാപമുണ്ടായി. ഒരു ബ്രാഹ്മണകുലത്തില്‍ ജനിച്ചയാള്‍ എങ്ങനെയിരുന്നാലും അദ്ദേഹത്തിനു ചോറ് കൊടുക്കരു തെന്നു താന്‍ വിരോധിച്ചത് വലിയ സാഹസവും കഷ്ടവുമായിപ്പോയി എന്നാണ് പിന്നീട് തിരുമനസ്സില്‍തോന്നിയത്. അദ്ദേഹത്തെ വരുത്തി മനസ്താപം തീര്‍ത്തു സന്തോഷിപ്പിക്കണമെന്നും തിരുമനസ്സില്‍വിചാരിച്ചു. കാര്യാന്തരങ്ങള്‍കൊണ്ട് അത് സാധിച്ചില്ലെന്നു മാത്രമേ ഉള്ളൂ. അങ്ങനെ ഇരുന്നപ്പോഴാണ് ആ നമ്പൂതിരി സന്യാസവൃത്തി സ്വീകരിച്ചുക്കൊണ്ട് തിരുവനന്തപുരത്തുവന്നു പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഭജനം തുടങ്ങിയിരിക്കുന്നു എന്നു തിരുമനസ്സിലേക്ക് അറിവുകിട്ടിയത്.
അടുത്തദിവസം കൊവിലെഴുന്നുള്ളത്തു സമയത്ത് അദ്ദേഹം ഒറ്റക്കല്ലുമണ്ഡപത്തില്‍ കണ്ണുമടച്ചിരുന്നു ജപിക്കുന്നത് കല്പിച്ചു കാണുകയും ചെയ്തു. താപസവേഷത്തെ ധരിച്ചും ബ്രഹ്മതേജസ്സില്‍ മുഴുകിയുമിരുന്ന അദ്ദേഹത്തെക്കണ്ടിട്ടു തിരുമനസ്സിലേക്ക് അസാമാന്യമായ ഭക്തിയും ബഹുമാനവും തോന്നി. തിരുമനസ്സുകൊണ്ട് അദ്ദേഹത്തെ സൂക്ഷിച്ചു നോക്കിക്കൊണ്ട് കുറച്ചു നേരം അവിടെ എഴുന്നള്ളി നിന്നു. അതിനിടയ്ക്കു നമ്പൂതിരി കണ്ണുതുറക്കുകയും തിരുമേനിയെ കാണുകയും സ്വല്പമായി മന്ദസ്മിതം ചൊരിയുകയും ചെയ്തു. ഉടനെ തിരുമനസ്സുകൊണ്ട് മന്ദഹാസത്തോടുകൂടി "അവിടേക്കു വല്ലതും ആവശ്യമുണ്ടെങ്കില്‍ പറയണം. എന്നാല്‍ കഴിയുന്നതൊക്കെ ചെയ്വാന്‍ ഞാന്‍സന്നദ്ധനാണ്" എന്നു കല്പിചു. അപ്പോള്‍ നമ്പൂതിരി, "എനിക്ക് ആവശ്യമായിട്ടുള്ളത് ഈശ്വരനെ കാണുകയാണ്. വേറെ യാതൊന്നും എനിക്കാവശ്യമില്ല" എന്നു നിലത്തെഴുതിക്കാണിച്ചു. അതു കണ്ടിട്ട് തിരുമനസ്സുകൊണ്ട് "അതിനു ഞാനൊന്നും ചെയ്യേണ്ടതായിട്ടില്ലല്ലോ" എന്നു കല്പിച്ചിട്ടു കൊട്ടാരത്തിലേയ്ക്കെഴുന്നള്ളി. നമ്പൂരിക്കു പതിവായി നാഴി പാലും മൂന്നു കദളിപ്പഴവും മാത്രമേ ആഹാരമുള്ളൂ എന്നറിയുകയാല്‍ പതിവായി മദ്ധ്യാഹ്നമാകുമ്പോള്‍ അത്രയും പാലും പഴവും ഒറ്റക്കല്ലുമണ്ഡപത്തില്‍ കൊണ്ടുചെന്നു വെച്ചുകൊടുക്കുന്നതിന് കല്പിച്ചു ചട്ടംകെട്ടുകയും ഒരു ബ്രാഹ്മണന്‍ പതിവായി അതു കൊണ്ടുചെന്നു കൊടുക്കുകയും നമ്പൂരി അതെടുത്തു കഴിക്കുകയും ചെയ്തു കൊണ്ടിരുന്നു. നമ്പൂരി ഇപ്രകാരം പത്മനാഭസ്വാമിയെസ്സേവിച്ചുകൊണ്ടിരുന്ന കാലത്ത് ക്ഷേത്രത്തില്‍ സ്വാമിദര്‍ശനത്തിനായി ചെല്ലുന്നവര്‍ യഥാശക്തി ഒന്നും രണ്ടും നാലും അതിലധികവും പണം വീതം നമ്പൂരിയുടെ മുമ്പിലുംവെച്ചു വന്ദിച്ചിരുന്നു. നമ്പൂരി ആ പണമെല്ലാമെടുത്തു ശേഖരിച്ചു വെച്ചു സ്വാമിയാര്‍ പതിവായി പത്മനാഭസ്വാമിക്കു പുഷ്പാഞ്ജലി കഴിക്കാനായി ക്ഷേത്രത്തില്‍ച്ചെലുമ്പോള്‍ അതെടുത്തുകൊണ്ടു പൊയ്ക്കൊള്ളുവാന്‍ കൈകൊണ്ടു ആംഗ്യം കാണിക്കുകയും സ്വാമിയാര്‍ എടുത്തുകൊണ്ടുപോകുകയും പതിവായി. അങ്ങനെ സ്വാമിയാര്‍ക്കു മുമ്പു കാണാതെപോയ സംഖ്യ കഴിഞ്ഞു പത്തിരട്ടി അധികമായിട്ടും നമ്പൂരി ആ പതിവിനെ ഭേദപ്പെടുത്തിയില്ല. നമ്പൂരിക്കു പതിവായി വളരെ പണം കിട്ടുകയും കിട്ടുന്നതെല്ലാം സ്വാമിയാര്‍ക്കു കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ ഒരു സംവത്സരം കഴിഞ്ഞപ്പോള്‍ നമ്പൂരി ഭജനവും മൗനവ്രതവും മതിയാക്കീട്ടു സ്വാമിയാരുമഠത്തില്‍ച്ചെന്നു സ്വാമിയാരെക്കണ്ടു നമസ്ക്കരിച്ചിട്ട് സന്യാസം കൊടുക്കണമെന്നപേക്ഷിച്ചു. അപ്പോള്‍ സ്വാമിയാര്‍ "അങ്ങേക്കു സന്യാസം തരുവാന്‍ തക്കവണ്ണ യോഗ്യത എനിക്കില്ല. തപശ്ശക്തികൊണ്ടും ഈശ്വരഭക്തി കൊണ്ടും അങ്ങ് എന്നെ അതിശയിച്ചിരിക്കുന്നു. അതിനാല്‍ ഇക്കാര്യം എന്നെക്കാള്‍ യോഗ്യതയുള്ള വരുടെ അടുക്കല്‍ അപേക്ഷിക്കേണ്ടതാണ്" എന്നു പറഞ്ഞു. ഉടനെ നമ്പൂരി "അവിടുന്ന് ഇങ്ങനെ അരുളിച്ചെയുന്നത് സങ്കടമാണ്. അവിടുത്തേ ഞാന്‍ എന്റെ ശ്രീഗുരുക്കളായി മനസ്സുകൊണ്ടു സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഞാന്‍ഇക്കാര്യത്തിനായി മറ്റൊരാളുടെ അടുക്കല്‍ അപേക്ഷിക്കണമെന്നു വിചാരിക്കുന്നില്ല" എന്നു പറഞ്ഞു നിര്‍ബന്ധപൂര്‍വ്വം മുട്ടിക്കൂടുകയാല്‍ ഒടുക്കം സ്വാമിയാര്‍ സമ്മതിച്ചു നമ്പൂരിക്കു യഥാവിധി സന്യാസം കൊടുത്തു. അപ്പോള്‍ മുതല്‍ അദ്ദേഹത്തിനു "പുല്ലങ്കോട്ടു മകന്‍നമ്പൂരി " എന്നുണ്ടായിരുന്ന പേരു പോയി "പുല്ലങ്കോട്ടു സ്വാമിയാര്‍" എന്നു നാമം സിദ്ധിച്ചു.
അനന്തരം പുല്ലങ്കോട്ടു സ്വാമിയാര്‍ തന്റെ ശ്രീഗുരുക്കളായി പുഷ്പാഞ്ജലി സ്വാമിയാരെ വന്ദിച്ച് അനുവാദം വാങ്ങിക്കൊണ്ടു അവിടെ നിന്നു പോയി. പൂര്‍വ്വാശ്രമമായ പുല്ലങ്കോട്ടില്ലത്തെത്തി മാതാപിതാക്കന്മാരെ കണ്ടു താന്‍ സന്യസിച്ചിരിക്കുന്നുവെന്നും ഗംഗാസ്നാനത്തിനു പോവുകയാണെന്നുമുള്ള വിവരം അറിയിച്ചു. അപ്പോള്‍ അച്ഛന്‍ നമ്പൂരി "ഇനി ഞങ്ങളിവിടെ താമസിക്കുന്നതെന്തിനാണ്? കുടുംബം നാമാവശേഷമാകുക എന്നുള്ളത് ഇപ്പോള്‍ത്തന്നെ കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഇവിടെക്കിടന്നു മരിച്ചാല്‍ ശേഷക്രിയ ചെയ്വാനും ആരുമില്ലല്ലോ. അതിനാല്‍ ഞങ്ങളും ഗംഗാസ്നാനത്തിനു തന്നെ പോരികയാണ്" എന്നു പറയുകയും സ്വാമിയാര്‍ അതു പൂര്‍ണ്ണമായി സമ്മതിക്കുകയും ചെയ്തു.
അവര്‍ മൂന്നുപേരും കൂടി സ്വദേശത്തുനിന്നു പുറപ്പെട്ടു യഥാക്രമം കാശിയിലെത്തി. മുറയ്ക്കു ഗംഗാസ്നാനവും വിശ്വനാഥദര്‍ശനവും നടത്തിക്കൊണ്ടു സസുഖം അവിടെ താമസിച്ചു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അച്ഛന്‍ നമ്പൂരിയും തദനന്തരം അദ്ദേഹത്തിന്റെ ധര്‍മ്മപത്നിയും കാലധര്‍മ്മത്തെ പ്രാപിക്കുകയും അവരുടെ മൃതശരീരം സ്വാമിയാര്‍ ചില ബ്രാഹ്മണരെക്കൊണ്ടെടുപ്പിച്ചു ഗംഗയിലിടുവിക്കുകയും ചെയ്തു. പിന്നെ യഥാകാലം സ്വാമിയാരും സ്വര്‍ഗ്ഗാരോഹണം ചെയ്തു. പുല്ലങ്കോട്ട് അച്ഛന്‍ നമ്പൂരി തന്റെ സഹധര്‍മ്മചാരിണി ഗര്‍ഭം ധരിച്ചിരുന്ന കാലത്തു വെണ്ണ മുതലായവ ജപിച്ചും പലരെക്കൊണ്ടു ജപിപ്പിച്ചും കൊടുത്തതുകൊണ്ടാണല്ലോ ഒടുക്കം അദ്ദേഹത്തിന്റെ പുത്രന്‍ സദ്വൃത്തനും സന്യാസിയുമായിത്തീര്‍ന്നത്. അതിനാല്‍ ദിവ്യമന്ത്രങ്ങളുടെ ശക്തി എപ്പോഴെങ്കിലും ഫലിക്കുമെന്നുതന്നെ വിശ്വസിക്കാം.