ഐതിഹ്യമാല/വയസ്‌കര ചതുര്‍വേദിഭട്ടതിരിയും യക്ഷിയും
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വയസ്കരയില്ലത്ത് ഒരു കാലത്ത് പുരു‌ഷന്മാരരുമില്ലാതെ ഒരു കന്യക മാത്രമായിത്തീരുകയും ആ കന്യകയെ പിലാമന്തോള്‍ മൂസ്സ് സര്‍വസ്വദാനമായി വിവാഹം കഴിച്ച് അവിടെ ദത്തു കയറുകയും ചെയ്ക യാല്‍ അക്കാലം മുതല്‍ക്കാണല്ലോ അവിടെയുള്ളവര്‍ക്ക് വയസ്കര മൂസ്സ് എന്നുള്ള പേരു സിദ്ധിച്ചത്. ഇതിനു മുമ്പും ഈ ഇല്ലത്ത് പലപ്പോഴും പുരു‌ഷന്മാരില്ലാതെ ഒരു കന്യക മാത്രമായിത്തീരുക ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഓരോരുത്തര്‍ ആ കന്യകമാരെ സര്‍വസ്വദാനമായി വിവാഹം കഴിച്ച് അവിടെ ദത്തുകയറുകയും അപ്രകാരം ദത്തു കയറുന്ന വരുടെ പേരനുസരിച്ച് അവിടെ ഉണ്ടാകുന്നവര്‍ക്ക് വയസ്കര നമ്പൂരി, വയസ്കര ഭട്ടതിരി, വയസ്കര പോറ്റി ഇങ്ങനെ പല പേരുകളും സിദ്ധിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ അവിടെ ഒരു ഭട്ടതിരി ദത്തു കയറിയതിനാല്‍ അക്കാലം മുതല്‍ പിന്നെ ഒരു ദത്തുണ്ടായതുവരെ അവിടെയുള്ളവരെ ഭട്ടതിരി എന്നാണ് പറഞ്ഞുവന്നിരുന്നത്.


ഒരു കാലത്ത് വയസ്കരയിലത്ത് ആയുര്‍വേദമുള്‍പ്പെടെ നാലു വേദ ങ്ങളും പഠിച്ച ഒരു മഹാവിദ്വാനാനുണ്ടായിത്തീര്‍ന്നു. അദ്ദേഹത്തെ എല്ലാ വരും "ചതുര്‍വേദി ഭട്ടതിരി"യെന്നാണ് പറഞ്ഞുവന്നിരുന്നത്. അദ്ദേഹം ഒരു മഹാവൈദ്യനും വലിയ മന്ത്രവാദിയുമായിരുന്നു. മന്ത്രവാദത്തിലുള്ള പ്രസിദ്ധികൊണ്ട് അദ്ദേഹത്തെ മന്ത്രവാദത്തിനായി പല ദിക്കുകളില്‍നിന്നും ആളുകള്‍ വന്നു കൂട്ടിക്കൊണ്ടുപോവുക പതിവായിരുന്നു.


അങ്ങനെയിരുന്ന കാലത്ത് അന്നു നാടു വാണിരിന്ന സാമൂതിരിപ്പാടു തമ്പുരാന് ഒരു യക്ഷിയുടെ ഉപദ്രവം ഉണ്ടായിത്തീരുകയും പല മന്ത്രവാദി കള്‍ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കീട്ടും ആ യക്ഷിയെ ഒഴിപ്പി ക്കാന്‍ കഴിയായ്കയാല്‍ ഒടുക്കം സാമൂതിരിപ്പാടു തമ്പുരാന്റെ ആളുകള്‍ വന്നു ചതുര്‍വേദി ഭട്ടതിരിയെ കോഴിക്കോട്ടേക്കു കൂട്ടിക്കൊണ്ടുപോവു കയും ഭട്ടതിരി ചില മന്ത്രതന്ത്രപ്രയോഗങ്ങള്‍കൊണ്ട് ആ യക്ഷിയെ സാമൂതിരിപ്പാട് തമ്പുരാന്റെ ദേഹത്തില്‍ നിന്ന് ഉഴിഞ്ഞു മാറ്റിക്കളയുകയും ചെയ്തു. യക്ഷി തന്റെ ദേഹത്തില്‍ നിന്ന് വിട്ടുമാറിയെന്നു പൂര്‍ണബോധം വരികയാല്‍ സാമൂതിരിപ്പാടു തമ്പുരാന്‍ പലവിധ സമ്മാനങ്ങള്‍ കൊടുത്ത് സന്തോ‌ഷിപ്പിച്ച് ചതുര്‍വേദി ഭട്ടതിരിയെ സബഹുമാനം തിരിച്ചയച്ചു.


ഭട്ടതിരി കോഴിക്കോട്ടുനിന്നു തിരിച്ചുപോന്നു. നേരം വൈകിയപ്പോള്‍ വഴിക്ക് ഒരു നമ്പൂരിയുടെ ഇല്ലത്തു കയറി കുളിയും സന്ധ്യാവന്ദനാദികളും അത്താഴവും കഴിച്ച് അവിടെ ഉപഗൃഹമായിട്ടുള്ള ഒരു മാളികയില്‍ കിടന്നു. വഴി നടന്നുള്ള ക്ഷീണംകൊണ്ട് കിടന്ന ഉടനെ അദ്ദേഹം ഉറങ്ങിത്തുടങ്ങി. അപ്പോള്‍ ആരോ അടുക്കല്‍ വന്ന് "ഹേ! തലയിണയുടെ താഴെയിരിക്കുന്ന ഗ്രന്ഥം അവിടെനിന്ന് മാറ്റിവയ്ക്കണം" എന്നു പറഞ്ഞതായി അദ്ദേഹ ത്തിനു തോന്നി. പെട്ടെന്നുണര്‍ന്നു കണ്ണു തുറന്നു നോക്കിയപ്പോള്‍ സര്‍വാംഗസുന്ദരിയായ ഒരു സ്ത്രീ തന്റെ അടുക്കല്‍ നില്‍ക്കുന്നതായി അദ്ദേഹം കണ്ടു. വിളക്കു കെടുത്തീട്ടില്ലായിരുന്നതിനാല്‍ ആ സ്ത്രീയെ അദ്ദേഹത്തിനു പ്രത്യക്ഷമായി കാണാമായിരുന്നു. ആ സ്ത്രീ പിന്നെയും ആ ഗ്രന്ഥം മാറ്റിവെയ്ക്കാന്‍ പറഞ്ഞു. ചതുര്‍വേദി ഭട്ടതിരി എവിടെപ്പോകു മ്പോഴും ഒരു മന്ത്രവാദഗ്രന്ഥം കൊണ്ടു പോവുകയും രാത്രികാലങ്ങളില്‍ കിടക്കുമ്പോള്‍ അത് തലയ്ക്കല്‍ വെച്ചുകൊണ്ട് കിടക്കുകയും പതിവായി രുന്നു. അദ്ദേഹം പല സ്ഥലങ്ങളില്‍നിന്നു ദുഷ്ടദേവതകളെ ഒഴിച്ചിട്ടുള്ള ആളും ഒഴിക്കുന്ന ആളുമാകയാല്‍ ആ വകക്കാര്‍ക്ക് അദ്ദേഹത്തോടു വിരോധമുണ്ടാകുന്നതിനും തന്നിമിത്തം അവര്‍ അദ്ദേഹത്തെ ഉപദ്രവിക്കാ നും ഇടയുള്ളതുകൊണ്ടും ഈ ഗ്രന്ഥം കൈവശമുള്ളപ്പോള്‍ ഒരു ദേവതയ്ക്കും അദ്ദേഹത്തെ ബാധിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടു മാണ് അദ്ദേഹം ആ ഗ്രന്ഥം കൊണ്ടുനടക്കുന്നതും അതു തലയ്ക്കല്‍ വെചുകൊണ്ട് കിടക്കുകയും ചെയ്തിരുന്നത്. ഭട്ടതിരി ആ സ്ത്രീയുടെ അനിതരവനിതാസാധാരണമായ രൂപലാവണ്യം കണ്ട് അവള്‍ കേവലം മനു‌ഷ്യസ്ത്രീയല്ലെന്നു നിശ്ചയിക്കുകയും അത്യന്തം വിസ്മയിക്കുകയും ചെയ്തുകൊണ്ട് "നീ ആര്? ഇവിടെ വന്നതെന്തിന്? ഈ ഗ്രന്ഥം മാറ്റിവയ്ക്കുന്നതെന്തിന്?" എന്നു ചോദിച്ചു. "അങ്ങ് എന്നെ ഉപദ്രവിക്കുക യിലെന്ന് സത്യം ചെയ്താല്‍ ഞാന്‍പരമാര്‍ഉു015ന്ധം പറയാം" എന്ന് ആ സ്ത്രീ പറയുകയും അവളുടെ രൂപവിശേ‌ഷം കണ്ട് അവളില്‍ ആസക്തമാനസ നായിത്തീര്‍ന്ന ഭട്ടതിരി അപ്രകാരം സത്യം ചെയ്കയും ചെയ്തു. ഉടനെ ആ സ്ത്രീ വീണ്ടും പറഞ്ഞു, "ഞാന്‍സാമൂതിരിപ്പാടു തമ്പുരാനെ ബാധിക്കുകയും അവിടെ നിന്ന് അങ്ങാല്‍ നി‌ഷ്കാസിതയായിത്തീരുകയും ചെയ്ത യക്ഷിയാണ്. ഭവാന്റെ രൂപസന്ദൗര്യം കണ്ടു ഭവാനില്‍ അത്യന്തം അനുരക്തയായിത്തീരുകയാലാണ് ഞാന്‍ഇവിടെ വന്നിരിക്കുന്നത്. അതിനാല്‍ അങ്ങ് എന്നെ സദയം സ്വീകരിക്കണം. ആ ഗ്രന്ഥം മാറ്റി വയ്ക്കാതെ എനിക്കു ഭവാനെ തൊടാന്‍ നിവൃത്തിയില്ലല്ലോ." ഇതു കേട്ടു ഭട്ടതിരി, "നീ എന്നെ ഉപദ്രവിക്കുകയിലെന്ന് സത്യം ചെയ്താല്‍ ഞാന്‍ ഗ്രന്ഥം മാറ്റിവയ്ക്കാം" എന്നു പറഞ്ഞു. അതു കേട്ടു യക്ഷി സസന്തോ‌ഷം സത്യം ചെയ്യുകയും ഭട്ടതിരി ഗ്രന്ഥമെടുത്ത് മാറ്റിവയ്ക്കുകയും അവര്‍ സന്തോ‌ഷസമേതം ഭാര്യാഭര്‍ത്താക്കന്മാരുടെ നിലയില്‍ ആ രാത്രിയെ നയിക്കുകയും ചെയ്തു. വെളുപ്പാന്‍ കാലമായപ്പോള്‍ തന്നെക്കൂടെ കൊണ്ടുപോകേണമെന്ന് യക്ഷി ഭട്ടതിരിയോടും തന്നോടുകൂടി പോരേണമെന്നു ഭട്ടതിരി യക്ഷിയോടും അപേക്ഷിക്കുകയും അപ്രകാരം രണ്ടുപേരും സമ്മതിക്കുകയും ചെയ്തു. അനന്തരം ഭട്ടതിരിയും അന്യ ന്മാര്‍ക്ക് അദൃശ്യയായി യക്ഷിയും അവിടെനിന്ന് പുറപ്പെട്ട് ഏതാനും ദിവസങ്ങള്‍കൊണ്ട് വയസ്കരയില്ലത്തു വന്നുചേരുകയും പിന്നേയും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ പരസ്പരസ്നേഹത്തോടുകൂടി ത്തന്നെ വര്‍ത്തിക്കുകയും ചെയ്തു. ആ യക്ഷി വിട്ടുപിരിയാതെ സദാ വയസ്കരയില്ലത്തുതന്നെ താമസിച്ചിരുന്നുവെങ്കിലും ഭട്ടതിരിക്കല്ലാതെ മറ്റാര്‍ക്കും ആ ദിവ്യമൂര്‍ത്തിയെ കാണാന്‍ പാടില്ലായിരുന്നു. അതിനാല്‍ ഈ കഥയൊന്നും മറ്റാരും അറിഞ്ഞിരുന്നില്ല.


ഇങ്ങനെ ഏതാനും കാലം കഴിഞ്ഞപ്പോള്‍ ആ യക്ഷി ഭട്ടതിരിയില്‍ നിന്ന് ഗര്‍ഭം ധരിക്കുകയും അചിരേണ പ്രസവിച്ച് ഒരു പെണ്‍കുട്ടി യുണ്ടാവുകയും ചെയ്തു. അപ്പോഴേക്കും ഭട്ടതിരിക്ക് യവൗനം ക്ഷയിക്കു കയാല്‍ അദ്ദേഹത്തിനും യക്ഷിക്കും പരസ്പരം വിരക്തി ജനിക്കുകയും യക്ഷി സ്വപുത്രിയെ, മേനക ശകുന്തളയെ എന്നപോലെ, അവിടെ ത്യജിച്ചിട്ടു സ്വസ്ഥാനത്തേക്കു പോവുകയും ചെയ്തു. ആ യക്ഷിയുടെ അനുഗ്രഹത്താല്‍ ആ പുത്രിയും ദിവ്യയായ ഒരു യക്ഷിയായി പെട്ടെന്നു യവൗനയുക്തയായിത്തീരുകയും അന്യന്മാര്‍ക്ക് അദൃശ്യയായി അവിടെ ത്തന്നെ താമസിക്കുകയും ചെയ്തു.


ചതുര്‍വേദി ഭട്ടതിരി ചരമഗതിയെ പ്രാപിക്കാറായ സമയം സ്വപുത്രി യായ യക്ഷിയെ അടുക്കല്‍ വിളിച്ചു സ്വകാര്യമായി, "ഞാന്‍ഇഹലോക വാസം വിടാറായിരിക്കുന്നു. എങ്കിലും നീ കുടുംബപരദേവതയായി എന്നും ഇവിടെത്തന്നെ വസിക്കണം. ഇന്നെ ഒരു പരദേവതയായി ഇവിടെയുള്ളവര്‍ എന്നും ആചരിചുകൊള്ളും" എന്നു പറഞ്ഞിട്ട് അദ്ദേഹം തന്റെ സജാതീയ ഭാര്യയിലുണ്ടായിരുന്ന പ്രഥമപുത്രനെയും അടുക്കല്‍ വിളിച്ചു തനിക്കു യക്ഷി ഭാര്യയായിത്തീര്‍ന്ന കഥയും പുത്രിയുണ്ടായതും ആ പുത്രി കുടുംബപരദേവതയായി താമസിക്കുന്ന വിവരവും ആ പുത്രിയായ യക്ഷി യെ ആചരിക്കേണ്ടുന്ന ക്രമവും മറ്റും പറയുകയും ഉടനെ മരിക്കുകയും ചെയ്തു.


ചതുര്‍വേദി ഭട്ടതിരിയുടെ പുത്രിയായ യക്ഷി ഇപ്പോഴും അദൃശ്യ യായി വയസ്കരയില്ലത്തു താമസിച്ചുവരുന്നുണ്ടെന്നാണ് വിശ്വാസം. ആ യക്ഷിയെ സുന്ദരിയായ സ്ത്രീയുടെ രുപത്തിലും സ്വരൂപത്തിലും അഗ്നി ഗോളമായും മറ്റും ഏതാനും കാലങ്ങള്‍ക്കു മുമ്പുവരെ പലരും കണ്ടിട്ടു ള്ളതായി കേള്‍വിയുണ്ട്.


വയസ്കരയില്ലത് ഇപ്പോഴും ആണ്ടിലൊരിക്കല്‍ ഒരു ദിവസം കുറുപ്പ ന്മാരെക്കൊണ്ടു കളമെഴുത്തും പാട്ടും നടത്തിവരുന്നുണ്ട്. ഇത് മുന്‍പി നാലെ നടത്തിവരുന്നതാണ്. കുറുപ്പന്മാരെഴുതുന്ന കളങ്ങ(അഞ്ചു നിറത്തി ലുള്ള പൊടികള്‍കൊണ്ടു നിലത്തു വരയ്ക്കുന്ന സ്വരൂപങ്ങ)ളുടെ കൂട്ട ത്തില്‍ ചതുര്‍വേദി ഭട്ടതിരിയുടെയും യക്ഷിയുടെയും കളങ്ങള്‍കൂടി ഇപ്പോഴും എഴുതിക്കാണുന്നുണ്ട്. യക്ഷിയെക്കുറിച്ചുള്ള പാട്ടില്‍ കുറുപ്പ ന്മാര്‍ "ചതുര്‍വേദി ഭട്ടതിരിക്ക് തിരുമകളായിരുന്നമ്മ" എന്നുകൂടി പാടുന്നു മുണ്ട്. അതിനാല്‍ ഈ ഐതിഹ്യം കേവലം അടിസ്ഥാനരഹിതമല്ലെന്നും ഏതോ ഒരു കാലത്ത് ഏതാണ്ടൊക്കെ ഉണ്ടായിട്ടുള്ളതാണെന്നും വിശ്വസി ക്കാവുന്നതായിത്തന്നെ ഇരിക്കുന്നു.