ശ്രീപരശുരാമന്‍ കേരളത്തിന്റെ രക്ഷയ്ക്കായി പല സ്ഥലങ്ങളില്‍ ശാസ്താവിനെ പ്രതിഷ്ഠിച്ചകൂട്ടത്തില്‍ തിരുവിതാംകൂറില്‍ ഇപ്പോള്‍ ശ്രീവലഭ (തിരുവല്ല) ഗ്രാമമെന്നു പ്രസിദ്ധമായിരിക്കുന്ന പ്രദേശത്തിന്റെ കിഴക്കുള്ള ഒരു മലയിലും ഒരു പ്രതിഷ്ഠ നടത്തിയിരുന്നു. ആ ദേശക്കാര്‍ അവിടെ ക്ഷേത്രംപണി, കലശം മുതലായവ കഴിപ്പിച്ച് ആ ദേവനെ തങ്ങളുടെ ദേശപരദേവതായിത്തന്നെ ആദരിക്കുകയും ആചരിക്കുകയും ചെയ്തിരുന്നു. എന്നു മാത്രമല്ല, ആ ഗ്രാമക്കാരായ ബ്രാഹ്മണര്‍ അവരുടെ വേദാദ്ധ്യയനം ആ ക്ഷേത്രത്തില്‍വെച്ചാക്കുകയും ചെയ്തു. അപ്പോള്‍ എല്ലാവരും ആ മലയെ "ഓത്തന്മാര്‍മല" എന്നും ശാസ്താവിനെ "ഓത്തന്മാര്‍മല ശാസ്താവ്" എന്നും പറഞ്ഞുതുടങ്ങി. കാലക്രമേണ ആ പേരുകള്‍ ലോപിച്ച് "ഓതര്‍ മല" എന്നും "ഓതര്‍മല ശാസ്താവ്" എന്നുമായിത്തീര്‍ന്നു.
അങ്ങനെ വളരെക്കാലം കഴിഞ്ഞതിന്റെ ശേഷമാണ് ആ ഗ്രാമത്തില്‍ ശ്രിവല്ലഭ(വിഷ്ണു) പ്രതിഷ്ഠയും ക്ഷേത്രവും വേദാദ്ധ്യയനമഠങ്ങളുമുണ്ടായിത്തീര്‍ന്നത്. അവ ഉണ്ടായി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവിടെ പ്രധാന്യം ആ വിഷ്ണുക്ഷേത്രത്തിനായിത്തീര്‍ന്നു. പിന്നെ ഓതര്‍മല ശാസ്താവിനെ ആരും ആദരിക്കാതെയും വന്ദിക്കാതെയും ഓര്‍ക്കാതെയുമായി. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ നനഞ്ഞൊലിച്ചും ഇടിഞ്ഞുപൊളിഞ്ഞും ആ ക്ഷേത്രം നിശ്ശേഷം നശിക്കുകയും ആ ശാസ്താവിന്റെ ദിവ്യവിഗ്രഹം മാത്രമവിടെ ശേഷിക്കുകയും ചെയ്തു.
അങ്ങനെയിരുന്നപ്പോള്‍ ഒരാണ്ടില്‍ അതിവര്‍ഷം നിമിത്തം ഓതര്‍മല പൊട്ടി അവിടെനിന്ന് ഏറ്റവും ഊക്കോടുകൂടി പടിഞ്ഞാട്ടു ജലം പ്രവഹിച്ചു തുടങ്ങി. ആ ജലപ്രവാത്തിന്റെ ശക്തിനിമിത്തം ശാസ്താവിന്റെ പ്രതിഷ്ഠയിളകി ആ ബിംബവും വെള്ളത്തോടുകൂടിയൊഴുകി, ഇപ്പോള്‍ തകഴിയില്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്തിനു സമീപത്തുള്ള പുഞ്ചപ്പാടത്തെത്തി, അവിടെ കഴിയില്‍ (ചേറ്റില്‍) പുതഞ്ഞു കിടപ്പായി.
അനന്തരം ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞതിന്റെ ശേഷം ഒരിക്കല്‍ സാക്ഷാല്‍ വില്വമംഗലത്തു സ്വാമിയാര്‍ വടക്കുനിന്നു വഞ്ചിയില്‍കയറി തെക്കന്‍ ദിക്കിലേക്ക് ഒരു യാത്രയുണ്ടായി. ആ യാത്രയില്‍ വഞ്ചി ആ ബിംബം കിടന്നിരുന്ന സ്ഥലത്തു നിന്നും സ്വല്പം പടിഞ്ഞാറെത്തിയപ്പോള്‍ സ്വാമിയാര്‍ കിഴക്കുഭാഗത്തായി ഒരു ദിവ്യതേജസ്സു കണ്ടു. ആ തേജസ്സു ദിവ്യനായിരുന്ന സ്വാമിയാര്‍ക്കല്ലാതെ മറ്റാര്‍ക്കും ദൃശ്യമായിരുന്നില്ല. സ്വാമിയാര്‍ ആ തേജസ്സു കണ്ടയുടനെ വഞ്ചിക്കാരോടു വഞ്ചി കിഴക്കേക്കരയിലടുപ്പിക്കുവാന്‍ പറയുകയും അവരടുപ്പിക്കുകയും ഉടനെ സ്വാമിയാരും കൂടെയുണ്ടായിരുന്നവരു കരയ്ക്കിറങ്ങുകയും സ്വാമിയാരുടെ ഭൃത്യന്മാര്‍ ഇരട്ടശംഖു മുഴക്കുകയും ചെയ്തു. ആ ശംഖുനാദം കേട്ടിട്ട് അതിന്റെ കാരണമറിയുന്നതിനായി സമീപസ്ഥന്മാരായ ദേശക്കരെല്ലാവരും തല്‍ക്ഷണം അവിടെയെത്തി. അപ്പോള്‍ ശംഖുനാദം മുഴക്കിയതിന്റെ കാരണം മനസ്സിലാവുകയും അവരെല്ലാവരും സ്വാമിയാരെ കണ്ടു വന്ദിക്കുകയും ചെയ്തു. അപ്പോഴും ആ വയലിന്റെ ഒരു ഭാഗത്തു സ്വാമിയാര്‍ക്കു മാത്രം ദൃശ്യവും അന്യന്മാര്‍ക്ക് അദൃശ്യവുമായ ആ ദിവ്യ തേജസ്സു ജ്വലിക്കുന്നുണ്ടായിരുന്നു. സ്വാമിയാര്‍ ആ വയലിലിറങ്ങി ആ സ്ഥലം തൊട്ടുകാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആ ബ്രാഹ്മണന്മാരോട് സ്ഥലത്തെ പൊത കഴി(ചവിട്ടിയാല്‍ കാല്‍ പൊതയുന്നചേറ്) മാറ്റാന്‍ പറഞ്ഞു. അവര്‍ ആ ചെളി കുറച്ചു മാറ്റിയപ്പോള്‍ അവിടെ ആ ദിവ്യമായ ശാസ്താവിഗ്രഹം കാണപ്പെട്ടു. സ്വാമിയാരുടെ നിയോഗപ്രകാരം ആ ബ്രാഹ്മണര്‍തന്നെ ആ ബിംബമെടുത്തു കരയ്ക്കു കൊണ്ടു വരികയും ശുദ്ധജലമൊഴിച്ചു കഴുകി ചെളിയെല്ലാം കളഞ്ഞു വെടിപ്പു വരുത്തുകയും ചെയ്തു. അപ്പോള്‍ ആ ബിംബം കണ്ടിട്ടു ദേശക്കാരില്‍ ചിലര്‍ "ഇതു ജലപ്രവാഹത്തിലകപ്പെട്ട് ഒഴുകിപ്പോന്ന ഓതര്‍മല ശാസ്താവിന്റെ വിഗ്രഹമായിരിക്കും" എന്നു പറഞ്ഞു. അതു കേട്ടിട്ടു സ്വാമിയാര്‍, "അതല്ല, ആ ബിംബം ഒഴുകിപ്പോയിട്ടു വളരെക്കാലമായല്ലോ. ഇതിന് ഉടമസ്ഥന്മാരായിട്ടു വല്ലവരുമുണ്ടായിരുന്നെങ്കില്‍ അവര്‍ അതിനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. ഇതുവരെ അതുണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് ഇനി അതു പറയാനില.} ഇത് ഈ "പൊതകഴിയില്‍ശാസ്താ"വിന്റെ വിഗ്രഹമാണ്. ഇതിന്റെ ഉടമസ്ഥാവകാശം ഈ ദേശക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കുമില്ല" എന്നു പറയുകയും ആ ബിംബമെടുത്ത് അവിടെ ഒരു സ്ഥലത്തു പ്രതിഷ്ഠിക്കുകയും ചെയ്തിട്ട് അപ്പോള്‍ത്തന്നെ അവിടെനിന്നും യാത്രയാവുകയും ചെയ്തു. സ്വാമിയാര്‍ പോകാനായി വഞ്ചിയില്‍ കയറിയ സമയത്തും ദേശക്കാര്‍ ആ കടവില്‍ച്ചെന്ന് സ്വാമിയാരെ വന്ദിച്ചു. അപ്പോള്‍ സ്വാമിയാര്‍ ആ ദേശക്കരോട് "ഈ ശാസ്താവിന് ഇവിടെ ക്ഷേത്രം പണിയിച്ചു കലശം മുതലായവ നടത്തിക്കുയും ഈ സ്വാമിയെ വേണ്ടതു പോലെ ആചരിക്കുകയും ആദരിക്കുകയും ഭക്തിപൂര്‍വ്വം സേവിക്കുകയും ചെയ്താല്‍ ആ ദേശത്തിനും ദേശക്കാര്‍ക്കും ഉപര്യുപരി ശ്രയസ്സ് വര്‍ദ്ധിച്ചു കൊണ്ടിരിക്കും" എന്നുകൂടി പറഞ്ഞിട്ടാണ് അവിടെനിന്നും പോയത്.
സ്വാമിയാര്‍ പോയതിന്റെ ശേഷം ദേശാക്കരെല്ലാവരും കൂടി ഈ സംഗതികളെല്ലാം അക്കാലത്ത് അവിടെ ദേശാധിപതിയായിരുന്ന ചെമ്പകശ്ശേരി രാജാവിന്റെ അടുക്കല്‍ അറിയിക്കുകയും ആ രാജാവിന്റെ ആജ്ഞയോടും ആനുകൂല്യത്തോടും കൂടി അവര്‍ ശാസ്താവിനു ക്ഷേത്രം പണിയിക്കുകയും കലശം മുതലായവ നടത്തിക്കുകയും പൂജ മുതലായവ ശരിയായി നടക്കുന്നതിനു വേണ്ടുന്നതിന് ഒരു കാര്യസ്ഥനെ നിയമിക്കുകയും ചെയ്തു. ഇത്രയുമൊക്കെ കഴിഞ്ഞപ്പോള്‍ ആ ശാസ്താവിനെ എല്ലാവരും സ്വാമിയാര്‍ ആദ്യം പറഞ്ഞതുപോലെ "പൊതകഴിയില്‍ ശാസ്താവ്" എന്നു പറഞ്ഞു തുടങ്ങി. കാലക്രമേണ അതിന്റെ ആദ്യത്തെ അക്ഷരമയ "പൊ" ലോപിചു അതു "തകഴിയില്‍ ശാസ്താവ്" എന്നായി. പിന്നെ അതുതന്നെ സ്ഥിരപ്പെടുകയും പ്രസിദ്ധമയിത്തീരുകയും ചെയ്തു.
അനന്തരം ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെമ്പകശ്ശേരി രാജ്യം തിരുവിതാംകൂര്‍ മഹാരാജാവു പിടിച്ചെടുക്കുകയാല്‍ ചെമ്പകശ്ശേരി രാജാവു നാടുവിട്ടു പോകേണ്ടിവന്നു. അപ്പോള്‍ ആ ദേശക്കാര്‍ ഏറ്റവും വിഹ്വലന്മാരായിത്തീര്‍ന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ. തിരുവിതാംകൂറില്‍നിന്നുള്ള ഭരണം അവിടെ മുറയ്ക്കു നടപ്പായതുവരെ ആ ദേശക്കാര്‍ കേവലം അനാഥസ്ഥിതിയിലാണ് കഴിഞ്ഞുകൂടിയത്. അതിനാല്‍ ശാസ്താവിന്റെ ക്ഷേത്രകാര്യങ്ങളില്‍ അവരാരും ശ്രദ്ധിക്കാതെയായി. ക്ഷേത്രം വേണ്ടുന്ന കാലത്തു കെട്ടിമേച്ചില്‍ കഴിക്കായ്കയാല്‍ നനഞ്ഞൊലിച്ചും ഭിത്തികള്‍ ഇടിഞ്ഞുനിരന്നും മേല്‍ക്കൂടെല്ലാം ജീര്‍ണ്ണിച്ചും വലിയ കഷ്ടസ്ഥിതിയിലായിത്തീര്‍ന്നു.
അക്കാലത്ത് ആ ദേശക്കാരന്‍തന്നെയായിരുന്ന ഒരു നായര്‍ക്ക് ആ സ്വാമിയെക്കുറിച്ച് അളവറ്റ ഭക്തിയും വിശ്വാസവുമുണ്ടായിരുനതിനാല്‍ ആ മനുഷ്യന്‍ ആ സ്വാമിയെ ഭജിച്ചുകൊണ്ട് ആ ക്ഷേത്രസന്നിധിയില്‍ത്തന്നെ താമസിച്ചിരുന്നു. അദ്ദേഹം അവിടെ ഭജനം തുടങ്ങുന്നതിനു മുമ്പ് ആ ദേശത്തുള്ള ബാലികാബാലകന്മാരെ അക്ഷരാഭ്യാസം ചെയ്യിച്ചുകൊണ്ടാണ് സ്വഗൃഹത്തില്‍ താമസിച്ചിരുന്നത്. അതിനാലദ്ദേഹത്തെ എല്ലാവരും പറഞ്ഞിരുന്നത് ആശാന്‍ എന്നായിരുന്നു. ആശാന് ആ ക്ഷേത്രം ഇടിഞ്ഞുപൊളിഞ്ഞ് അനാഥസ്ഥിതിയിലായിപ്പോയതിനെക്കുറിച്ചു വളരെ സങ്കടവും അതു വല്ലപ്രകാരം ജീര്‍ണ്ണോദ്ധാരണം ചെയ്യിച്ചാല്‍ക്കൊള്ളാമെന്ന് അത്യധികമായ ആഗ്രഹവുമുണ്ടായി. എങ്കിലും അദ്ദേഹം കേവലം നിര്‍ദ്ധനനായിരുന്നതിനാല്‍ ആ ആഗ്രഹം സാധിക്കുന്നതിനു യാതൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. അതിനാലദ്ദേഹം വളരെ സങ്കടപ്പെട്ടുകൊണ്ടും ഈ കാര്യം സാധിക്കുന്നതിന് എന്തെങ്കിലും മാര്‍ഗ്ഗമുണ്ടാക്കിക്കൊടുക്കണമെന്നു സദാ അയ്യപ്പസ്വാമിയുടെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടും ദിവസങ്ങള്‍ കഴിച്ചുകൂട്ടിക്കൊണ്ടിരുന്നു.
അങ്ങനെയിരുന്നപ്പോള്‍ ഒരു ദിവസം രാത്രിയില്‍ ആശാന്‍ കിടന്നുറങ്ങിയ സമയം അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ടായി. അത് എങ്ങനെയെന്നാല്‍, അദ്ദേഹത്തിന്റെ തലയ്ക്കല്‍ ചെന്നിരുന്നുകൊണ്ട് ഒരാള്‍ "ഇതിനെക്കുറിച്ച് ആശാന്‍ ഒട്ടും വ്യസനിക്കേണ്ടാ. ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ ഈ കാര്യം നിഷ്പ്രയാസം സാധിക്കാന്‍ മാര്‍ഗ്ഗമുണ്ടാകും തിരുവല്ലായില്‍ നിന്നു കിഴക്ക് ഓതര്‍മല എന്നു പേരായിട്ട് ഒരു വലിയ കുന്നുണ്ട്. അവിടെച്ചെന്നു നോക്കിയാല്‍ എണ്‍പത്തിനാലു വിധം പച്ചമരുന്നുകള്‍ കാണും. അവയുടെ വേരും ഇലയും കുറേശ്ശേ പറിചെടുത്തുകൊണ്ടുവരണം. പിന്നെ കറുപ്പും കഞ്ചാവുമുള്‍പ്പെടെ അറുപത്തിനാലുകൂട്ടം അങ്ങാടി മരുന്നുകളും കുറേശ്ശെ വാങ്ങണം. അവയെല്ലാം യഥോചിതം ചേര്‍ത്ത് കുറച്ച് എണ്ണ കാച്ചണം. അത് ആവണക്കെണ്ണ, വേപ്പെണ്ണ, ഓടയെണ്ണ, മരോട്ടിയെണ്ണ, പുന്നക്കായെണ്ണ, പൂവത്തെണ്ണ മുതലായ സകലയെണ്ണകളും ചേര്‍ത്തു വേണം കാച്ചാന്‍. എന്നാല്‍ എള്ളില്‍നിന്നെടുക്കുന്ന എണ്ണ അതില്‍ ചേര്‍ക്കുകയുമരുത്. അങ്ങനെ എണ്ണ കാച്ചി രോഗികള്‍ക്കു കൊടുത്തു സേവിപ്പിച്ചാല്‍ സകലരോഗങ്ങളും ഭേദമാകും. വിശേഷിച്ചു വാതസംബന്ധങ്ങളായ രോഗങ്ങള്‍ക്ക് ഈ എണ്ണ ഏറ്റവും ഫലപ്രദമായിരിക്കും. ഈ എണ്ണയ്ക്ക് സ്വല്പമായ ഒരു വില ദേവസ്വത്തിലേക്കു വാങ്ങിക്കൊള്ളണം. അങ്ങനെ കുറച്ചു ദിവസം കഴിയുമ്പോള്‍ ഈ എണ്ണയുടെ കാര്യം ലോകപ്രസിദ്ധമായിത്തീരും. അപ്പോള്‍ പല സ്ഥലങ്ങളീല്‍ നിന്നും സംഖ്യയില്ലാതെ രോഗികള്‍ ഈ എണ്ണ സേവിക്കാനായി ഇവിടെ വന്നു തുടങ്ങുകയും അവരില്‍ നിന്ന് എണ്ണയുടെ വിലയായിട്ടും മറ്റും കിട്ടുന്ന സംഖ്യകള്‍കൊണ്ടു ദേവസ്വത്തില്‍ ധനം ധാരാളം വര്‍ദ്ധിക്കുകയും ചെയ്യും. അപ്പോള്‍ ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണം നടത്തിക്കാന്‍ പ്രയാസമില്ലാതെയാകുമല്ലോ. അതു കഴിഞ്ഞാല്‍ പിന്നെയും ഈ എണ്ണ നിമിത്തം ഈ ദേവസ്വത്തില്‍ ധനം വര്‍ദ്ധിച്ചുകൊണ്ടുതന്നെയിരിക്കും. തല്‍ക്കാലം അങ്ങാടിമരുന്നുകളും എണ്ണകളും വാങ്ങാന്‍ ആവശ്യമുള്ള പണം ഇതാ ഇവിടെയിരിക്കുന്നു" എന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം.
ആശാന്‍ ഉടനെ ഉണര്‍ന്നു കണ്ണു തുറന്നു നോക്കിയപ്പോള്‍ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും തലയ്ക്കല്‍ കുറചു പണം ഇരിക്കുന്നുണ്ടായിരുന്നു. അതിനാലാശാന്‍, ഇങ്ങനെ തന്റെ അടുക്കല്‍ വന്നു പറയുകയും ഈ പണം തരികയും ചെയ്തത് ഭക്തവത്സലനും കരുണാനിധിയുമായ തകഴില്‍ ശാസ്താവുതന്നെയാണെന്നു വിശ്വസിച്ചുകൊണ്ട് ആ പണം കൈയിലെടുക്കുകയും അടുത്ത ദിവസം തന്നെ ഓതര്‍മലയിലെത്തി എണ്‍പത്തിനാലു പച്ചമരുന്നുകളൂം പറിച്ചുകൊണ്ടുവരികയും അങ്ങാടിമരുന്നുകളും എണ്ണകളുമെല്ലാം ശേഖരിചു സ്വപ്നത്തിലുണ്ടായ സ്വാമിനിയോഗം പോലെ അഞ്ചാറു ദിവസംകൊണ്ട് ആ എണ്ണ കാച്ചിയരിച്ചുവെയ്ക്കുകയും ചെയ്തു.
അക്കാലത്ത് ആ ദേശത്തുതന്നെ പല വൈദ്യന്മാര്‍ അനേകവിധം ചികിത്സകളെല്ലാം ചെയ്തു നോക്കീട്ടൂം ഫലപ്പെടായ്കയാല്‍ ഒടുക്കം അസാദ്ധ്യമെന്നു തീര്‍ച്ചപ്പെടുത്തി ഉപേക്ഷിക്കപ്പെട്ടവരായ അനേകം രോഗികളുണ്ടായിരുന്നു. ആശാന്‍ അവരെയെല്ലാം ആ ക്ഷേത്രസന്നിധിയില്‍ വരുത്തി ഭജനമായി താമസിപ്പിക്കുകയും ഒഴക്കെണ്ണയ്ക്ക്, ഒരു പണം (നാലു ചക്രം) വീതം നടയ്ക്കു വെപ്പിച്ചുകൊണ്ട് എണ്ണ കൊടുത്തുസേവിപ്പിക്കുകയും എണ്ണ സേവിച്ചവരെല്ലാം സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു. ചിലര്‍ക്ക് ഒരു ദിവസം എണ്ണ സേവിച്ചപ്പോള്‍തന്നെ നല്ല സുഖമായി. മറ്റു ചിലര്‍ക്ക് പന്ത്രണ്ടു ദിവസം എണ്ണ സേവിച്ചിട്ടാണ് പൂര്‍ണ്ണസുഖം സിദ്ധിച്ചത്. എങ്കിലും ആ എണ്ണ സേവിച്ചിട്ട് ആര്‍ക്കും സുഖം സിദ്ധിക്കാതെയിരുന്നില്ല. ഇത്രയും കഴിഞ്ഞപ്പോഴേക്കും ഈ വര്‍ത്തമാനം കേട്ടുകേള്‍പ്പിച്ചു ലോകപ്രസിദ്ധമായിത്തീര്‍ന്നു. അപ്പോള്‍ പല സ്ഥലങ്ങളില്‍നിന്നുമായ സംഖ്യയില്ലാതെ രോഗികള്‍ ഈ എണ്ണ സേവിക്കാനായി ഇവിടെ വന്നു തുടങ്ങി. വരുന്നവര്‍ക്കൊക്കെ കൊടുക്കുന്നതിനു മുടക്കം കൂടാതെ ആശാന്‍ എണ്ണ കാച്ചിയരിചു ദേവസ്വത്തില്‍ ഏല്‍പ്പിച്ചു കൊടുത്തുകൊണ്ടുമിരുന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേയ്ക്കും എണ്ണയുടെ വിലയായിട്ടും രോഗികള്‍ ഭക്തിപൂര്‍വ്വം വിശേഷാല്‍ നടയ്ക്കുവെയ്ക്കുന്നതായിട്ടും ദേവസ്വത്തില്‍ അപരിമിതമായിട്ടു ധനം വര്‍ദ്ധിച്ചു. അപ്പോള്‍ ആശാന്‍ തന്നെ ചുമതലപ്പെട്ടു ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണവും കലശവും മറ്റും വളരെ ഭംഗിയായിട്ടും കേമമായിട്ടും നടത്തിച്ചു. പിന്നെയും രോഗികളുടെ വരവും ദേവസ്വത്തിലെ ധനവും പൂര്‍വ്വാധികം വര്‍ദ്ധിച്ചു കൊണ്ടുതന്നെയിരുന്നതിനാല്‍ ആശാന്‍ ക്ഷേത്രത്തിലെ നിത്യനിദാനം, മാസവിശേഷം, ആട്ടവിശേഷം മുതലായവയെല്ലാം പരിഷ്കരിച്ചു ഭംഗിയാക്കി.
അങ്ങനെ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രായാധിക്യം നിമിത്തം ആശാന്‍ ഏറ്റവും ക്ഷീണിക്കുകയും മരുന്നുകളും മറ്റും ശേഖരിച്ച് എണ്ണ കാച്ചി ദേവസ്വത്തിലേല്‍പ്പിക്കാന്‍ അശക്തനായിത്തീരുകയും ചെയ്ത്. അപ്പോള്‍ അദ്ദേഹം എണ്ണയ്ക്ക് വേണ്ടുന്ന മരുന്നുകളുടെയും എണ്ണകളുടെയും കണക്കിനും കാച്ചിയരിക്കാനുള്ള ക്രമത്തിനും മറ്റും വിവരമായി ഒരു ചാര്‍ത്തെഴുതി ദേവസ്വത്തിലേല്‍പ്പിച്ചു. പിന്നെ അധികം താമസിയാതെ അദ്ദേഹം കാലധര്‍മ്മത്തെ പ്രാപിക്കുകയും ചെയ്തു.
ഭക്തശിരോമണിയും സല്‍ഗുണവാരിധിയുമായിരുന്ന ആശാന്റെ ദേഹവിയോഗം നിമിത്തം ആ ദേവസ്വക്കാര്‍ക്കും ദേശക്കാര്‍ക്കുമുണ്ടായ സങ്കടം അപരിമിതം തന്നെയായിരുന്നു. അതിനാലവരെല്ലാം കൂടിയാലോചിച്ചു ആശാന്റെ രൂപം എന്നും കാണുന്നതിനും അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണ എന്നും ജനങ്ങളുടെ ഹൃദയത്തില്‍ നിലനില്‍ക്കുന്നതിനുമായി ആശാന്റെ ഒരു വിഗ്രഹമുണ്ടാക്കിച്ചു ക്ഷേത്രസന്നിധിയില്‍ത്തന്നെ പ്രതിæിച്ചു. ആ വിഗ്രഹം ഇപ്പോഴും അവിടെത്തന്നെ ഇരിക്കുന്നുണ്ട്.
ആശാന്റെ കാലാനന്തരം അദ്ദേഹത്തിന്റെ ചാര്‍ത്തനുസരിച്ചു ദേവസ്വക്കാര്‍ തന്നെ മരുന്നുകളും മറ്റും ശേഖരിച്ചു യഥാപൂര്‍വ്വം എണ്ണ കാച്ചിയരിച്ചു വെച്ചു തുടങ്ങി. അപ്പോഴും അയ്യപ്പസ്വാമിയുടെ സാന്നിദ്ധ്യം അവിടെ നിലനിന്നിരുന്നതിനാല്‍ രോഗികളുടെ വരവിന് ഒരു കുറവുമുണ്ടായില്ല. മുമ്പിലത്തെപ്പോലെതന്നെ പ്രതിദിനം അസംഖ്യം രോഗികള്‍ വരികയും എണ്ണ സേവിക്കുകയും എല്ലാവരും സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ ദേവസ്വക്കാര്‍ എണ്ണയുടെ വില ഒഴക്കിന് ഒരു പണമായിരുന്നത് അര രൂപയാക്കി. എന്നിട്ടും രോഗികളുടെ വരവിന് അവിടെ ഒരു കുറവുമുണ്ടായില്ല. ഇപ്പോഴും അവിടെ അതിനൊന്നിനും യാതൊരു വ്യത്യാസവും വന്നിട്ടില്ല. എല്ലാം യഥാപൂര്‍വ്വം നടന്നുകൊണ്ടുതന്നെയിരിക്കുന്നു.
ആശാന്റെ കാലം കഴിഞ്ഞതിന്റെ ശേഷം പച്ചമരുന്നുകള്‍ വരുത്തുകയും എണ്ണ കാച്ചിയരിച്ചു വെയ്ക്കുകയും ചെയ്യുന്നതു ദേവസ്വക്കാര്‍ തന്നെയാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. മരുന്നുകള്‍ പറിച്ചുകൊണ്ടുവരുവാന്‍ ദേവസ്വക്കാര്‍ അയയ്ക്കുന്നത് ദേവസ്വത്തിലെ അടിയാരായിട്ടുള്ള പുലയരെത്തന്നെയാണ്. മലയില്‍ ചെന്നു മരുന്നുകളെല്ലാം പറിച്ചു ശേഖരിച്ചു കൊണ്ടുവരുന്നതിന് അവര്‍ക്കു നാലഞ്ചു ദിവസം വേണ്ടിവരും.അതിനാല്‍ അവര്‍ക്ക് അത്രയും ദിവസത്തെ ഭക്ഷണത്തിനു വേണ്ടുന്ന അരിയും കോപ്പുകളൂം കൂടി കൊടുത്തയച്ചാണ് അവരെപ്പറഞ്ഞയയ്ക്കുക പതിവ്.
പുലയര്‍ പറിച്ചുകൊണ്ടുവരുന്ന മരുന്നുകളില്‍ വേണ്ടുന്നവയും വേണ്ടാത്തവയും ഉണ്ടായിരിക്കും. അവ തിരഞ്ഞെടുക്കുന്നതിന് ആ പുലയര്‍ക്കെന്നല്ല, ദേവസ്വക്കാര്‍ക്കും അറിഞ്ഞുകൂടാ. അതിനാല്‍ ദേവസ്വക്കാര്‍ ആ മരുന്നുകളെല്ലാം കെട്ടി നേരം വൈകുമ്പോള്‍ മണ്ഡപത്തില്‍ വെച്ചേക്കും. പിറ്റേദിവസം നേരം വെളുക്കുമ്പോള്‍ അവയില്‍ച്ചിലതെല്ലാം താഴെ വീണുകിടക്കുകയും ശേഷമെല്ലാം മണ്ഡപത്തില്‍ത്തന്നെ ഇരിക്കുകയും ചെയും., താഴെ വീണുകിടക്കുന്നവ കൊള്ളരുതത്തവയെന്നു തീര്‍ച്ചയാക്കി കളയുകയും മണ്ഡപത്തിലിരിക്കുന്നവ ചേര്‍ത്ത് എണ്ണ കാച്ചുകയുമാണ് പതിവ്.
എണ്ണയ്ക്ക് അവിടെ ആരും പാകം നോക്കാറില്ല. എണ്ണ അരിക്കാനുള്ളദിവസം ഉച്ചപ്പൂജ കഴിഞ്ഞു നടയടച്ചാല്‍ എണ്ണയെടുത്ത് അടുപ്പത്തു വെച്ച് തീ കത്തിച്ച് ഇളക്കിക്കൊണ്ടിരിക്കും. കുറച്ചുനേരം കഴിയുമ്പോള്‍ ക്ഷേത്രത്തിനകത്തുനിന്നു ഒരു മണിനാദം കേള്‍ക്കപ്പെടും. ഉടനെ എണ്ണ വാങ്ങി അരിക്കുകയും ചെയ്യും. അതാണ് അവിടത്തെ പാകം. അല്ലാതെ അരക്കും മണലുമൊന്നുമല്ല.
എണ്ണ അരിക്കുന്ന ദിവസങ്ങളില്‍ അവിടെ ഉചപ്പൂജയ്ക്കു ദേവനുവിശേഷാല്‍ ഒരു ശര്‍ക്കരപ്പായസനിവേദ്യം പതിവുണ്ട്. അതിന് "എണ്ണപ്പായസം" എന്നണ് പേരു പറഞ്ഞുവരുന്നതു. ആ പായസം ഉണ്ടു നോക്കിയാല്‍ അതിന് അവിടെ അരിക്കുന്ന എണ്ണയുടെ സ്വാദു നല്ലപോലെ ഉണ്ടായിരിക്കും. എങ്കിലും അതു ജനങ്ങള്‍ ഭക്തിയോടുകൂടി ഭക്ഷിക്കുകയല്ലാതെ കളയാറില്ല.
തകഴിയില്‍ ശാസ്താവിന് അടനിവേദ്യം വളരെ പ്രധാനമാണ്. അവിടെ ഇപ്പോഴും ദിവസംതോറും പതിവായി അടനിവേദ്യമുണ്ട്. അതിന് അഞ്ചു ചക്രമേ ചെലവുള്ളു. നിവേദ്യം കഴിഞ്ഞ ആ അട വിറ്റാലും അഞ്ചുചക്രം കിട്ടും. ഈ വഴിപാട് ഒരു പട്ടരുടെ വകയായിട്ടാന് നടന്നുപോകുന്നത്.
പണ്ടൊരിക്കല്‍ ഒരു പട്ടര്‍ കച്ചവടത്തിനായി പാണ്ടിയില്‍നിന്നു കേരളത്തിലെത്തി. പല സ്ഥലങ്ങളില്‍ സഞ്ചരിച്ചതിന്റെ ശേഷം ഒടുവില്‍ തകഴിയില്‍ വന്നു ചേര്‍ന്നു. അദ്ദേഹത്തിനു മറ്റുള്ള സ്ഥലങ്ങളെക്കാളധികം ബോധിച്ചത് തകഴിയാണ്. അതിനാല്‍ കച്ചവടം ചെയ്തുകൊണ്ട് അദ്ദേഹം അവിടെ സ്ഥിരമായിത്താമസിച്ചു. അവിടെ കച്ചവടത്തില്‍ അദ്ദേഹത്തിനു ധാരാളം ലാഭം കിട്ടിക്കൊണ്ടിരുന്നു. അദ്ദേഹം ശാസ്താവിനെ ഭക്തിപൂര്‍വം സേവിച്ചുകൊണ്ടുമാണ് അവിടെത്താമസിച്ചിരുന്നത്. ആ സ്വാമിയുടെ കൃപകൊണ്ടാണ് തനിക്ക് അസാമാന്യമായ ലാഭം കിട്ടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതുകൊണ്ടാണ് അദ്ദേഹം ഈ അടവഴിപാടു പതിവായി നടത്തിക്കൊണ്ടിരുന്നത്. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം വലിയ ധനവാനായിത്തീരുകയും ആ ദേശത്തുതന്നെ നിലങ്ങളായിട്ടും പുരയിടങ്ങളായിടും വളരെ വസ്തുക്കള്‍ സമ്പാദിക്കുകയും ചെയ്തു.
അനന്തരം ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു സ്വദേശമായ പാണ്ടിയില്‍ത്തന്നെ ചെന്നു താമസിക്കേണ്ടതായ ചില അത്യാവശ്യങ്ങള്‍ നേരിട്ടു. അതിനാലദ്ദേഹം വസ്തുക്കളെല്ലാം വിശ്വസ്തരായ ചിലരെ പാട്ടത്തിനേല്‍പ്പിക്കുകയും പാട്ടം പണമായിട്ടു പാണ്ടിയിലയച്ചു കൊടുക്കാന്‍ ചട്ടം കെട്ടുകയും അടവഴിപാടു മുടക്കം കൂടാതെ നടത്തുന്നതിന് ഒരു സ്നേഹിതനെപ്പറഞ്ഞേല്‍പ്പിക്കുകയും ചെയ്തിട്ട് പാണ്ടിയിലേക്കു പോയി. അടവഴിപാടു നടത്തുന്നതിന് അട വിറ്റു കിട്ടുന്ന ചക്രം കൊണ്ടു മതിയാകുമെന്നായിരുന്നതിനാല്‍ ആ വകയ്ക്ക് അദ്ദേഹം വിശേഷിച്ചൊന്നും വിശേഷിച്ചൊന്നും കൊടുക്കാതെയാണ് പോയത്.
പട്ടര്‍ പാണ്ടിയിലേക്കു പോയിട്ടു കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അട വിലയ്ക്കുവാങ്ങാന്‍ ആരും വരാതെയായി. ചക്രം കിട്ടതെയായപ്പോള്‍ വഴിപാടു നടത്താന്‍ ചുമതലപ്പെട്ടിരുന്ന ആള്‍ അതു മുട്ടിച്ചു. വഴിപാടു മുട്ടിയപ്പോള്‍ പാങ്ങിയില്‍ പട്ടരുടെ ഗൃഹത്തില്‍ ചില ആപത്തുകളും അനര്‍ത്ഥങ്ങളും കണ്ടു തുടങ്ങി. അപ്പോള്‍ ആ ബ്രാഹ്മണന്‍ അതിനു പല വിധത്തിലുള്ള പ്രതിവിധികള്‍ നടത്തുകയും നടത്തിക്കുകയും ചെയ്തു. അതുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. അതിനാല്‍ ആ പട്ടര്‍ ഇതിന്റെ കാരണമറിയുന്നതിനായി ഒരു പ്രശ്നക്കാരനെ വരുത്തി പ്രശ്നം വെയ്പിചു നോക്കി. അപ്പോള്‍ ആ പ്രശ്നക്കാരന്‍ ഈ പാപത്തിന്റെ കാരണം ഒരു ശാസ്താവിന്റെ കോപമാണെന്നു വിധിച്ചു. ആ ശാസ്താവു തകഴിയില്‍ ശാസ്താവുതന്നെയാണെന്നു പട്ടര്‍ക്കു ഭൂതോദയമുണ്ടാവുകയാല്‍ അദ്ദേഹം ഉടനെ അവിടെ നിന്നു പുറപ്പെട്ടു തകഴിയിലെത്തി അന്വേഷിച്ചപ്പോള്‍ മുടാങ്ങാതെ എന്നും നടക്കണമെന്നു നിശ്ചയിച്ചിരുന്ന അടവഴിപാടു കുറച്ചു ദിവസമായി മുട്ടിയിരിക്കുകയാണെന്നു മനസ്സിലാവുകയാല്‍ തന്റെ വക നിലങ്ങളില്‍ അപ്പോള്‍ നെല്ലു വിളഞ്ഞുകിടന്നിരുന്ന പന്ത്രണ്ടുപറക്കണ്ടം ഈ അടവഴിപാടു മുട്ടാതെ എന്നും നടത്തേണ്ടതിലേക്കായി ദേവസ്വത്തിലേക്കു തീറായി എഴുതിക്കൊടുക്കുകയും വഴിപാടു മുട്ടിച്ചതിനു ചില പ്രായശ്ചിത്തങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ശേഷം അദ്ദേഹം പാണ്ടിയിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹം സ്വഗൃഹത്തിലെത്തിയപ്പോഴേക്കും അവിടെ ഉണ്ടായിക്കൊണ്ടിരുന്ന ആപത്തുകളും അനര്‍ത്ഥങ്ങളുമെല്ലാം ശമിച്ചു യഥാപൂര്‍വ്വം സുഖമായിരുന്നു. അദേഹം എഴുതിക്കൊടുത്ത പുഞ്ചനിലത്തില്‍നിന്നുള്ള ആദായം കൊണ്ട് ഇപ്പോഴും ദേവസ്വക്കാര്‍ ആ അടവഴിപാടു മുടക്കം കൂടാതെ നടത്തിപ്പോരുന്നുണ്ട്.
പണ്ടൊരിക്കല്‍ ജനനം മുതല്‍ക്കുതന്നെ കാല്‍ നിവരാതെയിരുന്ന ഒരു പട്ടര്‍ യെവൗനമായപ്പോള്‍ കൈകള്‍ കൂട്ടിക്കുത്തി നാലു കാലിന്മേല്‍ നടന്നു ഒരുവിധത്തില്‍ പാണ്ടിയില്‍ നിന്ന് അമ്പലപ്പുഴെ വന്നു ചേര്‍ന്നു. ആ പാവപ്പെട്ട ബ്രാഹ്മണന്റെ കഷ്ടപാടു കണ്ടിട്ട് അമ്പലപ്പുഴക്കാരില്‍ ചിലര്‍ അദ്ദേഹത്തോട് "തകഴിയില്‍ച്ചെന്നു കുറച്ചെണ്ണ വാങ്ങിസ്സേവിച്ചാല്‍ അങ്ങേക്കു കാല്‍കുത്തി നടക്കാറാകും" എന്നു പറഞ്ഞു. എങ്കിലും കൈവശം പണമില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന് അത് സാധ്യമല്ലായിരുന്നു.
അങ്ങനെയിരുന്നപ്പോള്‍ അവിടെ ക്ഷേത്രത്തില്‍ പാല്‍പ്പായസത്തിനു പതിവായി പാല്‍ കൊണ്ടുചെന്നു കൊടുക്കുന്ന സ്ത്രീകള്‍ക്കു ദേവസ്വക്കാര്‍ കണക്കു തീര്‍ത്തു പണം കൊടുക്കുന്നതു കണ്ടിട്ട് അദ്ദേഹം അവരുടെ അടുക്കല്‍ച്ചെന്നു യാചിക്കുകയാല്‍ ആ സ്ത്രീകള്‍ അദ്ദേഹത്തിന് യഥാശക്തി കുറേശ്ശേ പണം കൊടുത്തു. അദ്ദേഹം ആ പണവും കൊണ്ടു തകഴിയില്‍ച്ചെന്നു മൂന്നു ദിവസം എണ്ണവാങ്ങിസ്സേവിച്ചു. നാലാം ദിവസമായപ്പോഴേക്കും അദ്ദേഹത്തിനു കാലുകള്‍ കുത്തി കുറേശ്ശേ നടാക്കാറായി. പിന്നെ അദ്ദേഹം എണ്ണ വാങ്ങീട്ടു ബാക്കിയുണ്ടായിരുന്ന പണം അടവഴിപാടിനായി അവിടെ കൊടുത്തേല്‍പ്പിച്ചിട്ടു വടികുത്തി നടന്ന് അമ്പലപ്പുഴയെത്തി. നാലഞ്ചു ദിവസംകൂടിക്കഴിഞ്ഞപ്പോള്‍ വടി കൂടാതെ തന്നെ അദ്ദേഹത്തിനു സാമാന്യം പോലെ നടാക്കാറാവുകയും ചെയ്തു.
ഒരാണ്ടില്‍ ഉത്സവത്തിനു ജനങ്ങളില്‍നിന്നു പണം പതിവുപോലെ പിരിഞ്ഞുകിട്ടിയില്ല. അതിനാല്‍ ദേവസ്വം മാനേജര്‍ ആറാട്ടിന്റെ എഴുന്നള്ളിപ്പിനു തീവെട്ടിക്കൊഴിക്കാനുള്ള വെളിച്ചെണ്ണ തല്‍ക്കാലം കടമായിട്ടു കൊടുക്കണമെന്നും ആറാട്ടു കഴിഞ്ഞിട്ടു പണമുണ്ടാക്കിക്കൊടുക്കാമെന്നും ഒരു കച്ചവടക്കാരനോടു പറയുകയും കച്ചവടക്കാരന്‍ അതു സമ്മതിക്കുകയും ചെയ്തിരുന്നു. എങ്കിലും വെളിച്ചെണ്ണയ്ക്കാവശ്യമായപ്പോള്‍ റൊക്കം പണം കിട്ടാതെ വെളിച്ചെണ്ണ കൊടുക്കുകയില്ലെന്നു കച്ചവടക്കാരന്‍ പറയുകയാല്‍ മാനേജര്‍ വല്ലാതെ വിഷണ്ണനായിത്തീര്‍ന്നു. അക്കൊല്ലം ആറാട്ടിന്റെ എഴുന്നള്ളിപ്പു കാണാന്‍ മേല്‍ജാതിക്കാരായിട്ടും കീഴ്ജാതിക്കാരായിട്ടും പതിവിലധികമാളുകള്‍ വന്നുകൂടീട്ടുണ്ടായിരുന്നു. എങ്കിലും എന്തു ചെയ്യും? ആ രാത്രിയില്‍ ആരോടു പണം ചോദിക്കുന്നു? ചോദിച്ചാലും ആരു കൊടുക്കും? ആകപ്പാടെ വലിയ കുഴപ്പമായി. ആ സമയത്തു കാഴ്ചക്കായി വന്നിരുന്നവരില്‍ ചില പുരുഷന്മാരും ചില സ്ത്രീകളും തുള്ളിത്തുടങ്ങി. അപ്പോള്‍ ആ കൂട്ടാത്തില്‍നിന്നു ഒരാള്‍ ശാസ്താവിന്റെ ആളായിട്ട് (വെളിച്ചപ്പാടായിട്ട്) "ഈ തുള്ളുന്നതെല്ലാം എന്റെ ഭൂതങ്ങള്‍ ആവേശിച്ചിട്ടാണ്. ഓരോരുത്തരും അന്‍പതു പണംവീതം ഇവിടെ കാണിക്കയിട്ടല്ലാതെ ഈ തുള്ളല്‍ മാറുകയില്ല" എന്നു കല്‍പ്പിച്ചു. തുള്ളിക്കൊണ്ടുനിന്നവരുടെ ഉടമസ്ഥന്മാരെലവരും കല്‍പ്പനപോലെ പണം കാണിക്കയിട്ടു. ഉടനെ എല്ലാവരുടെയും തുള്ളല്‍ ശമിക്കുകയും ചെയ്തു. കാണിക്കയിട്ടുണ്ടായ പണത്തില്‍നിന്നു വിലകൊടുത്തു മാനേജര്‍ വെളിച്ചെണ്ണ വാങ്ങി ആറാട്ടു കെങ്കേമമായി നടത്തി. വെളിച്ചെണ്ണ വാങ്ങിക്കഴിഞ്ഞിട്ടു പിന്നെയും വളരെപ്പണം മിച്ചമുണ്ടായിരുന്നു
| “ | തകഴില്‍മരും ശാസ്താവകമലരതിയായലിഞ്ഞു നമ്മള്‍ക്കും
മികവൊടു സുഖമേകാനാസ്സകലശ്വരനെസ്സദാ നമിക്കുന്നേന്‍. |
” |