സന്താനഗോപാലമൂര്‍ത്തിയായ തൃപ്പൂണിത്തുറയപ്പന്റെ ക്ഷേത്രത്തില്‍ ചിങ്ങം, വൃശ്ചികം, കുംഭം ഈ മാസങ്ങളിലായി ആണ്ടുതോറും മൂന്ന് ഉത്സവങ്ങള്‍ വീതമാണ് നടത്തിവരുന്നത്. ഇവയില്‍ പ്രസിദ്ധിയും പ്രാധാന്യവും കേമത്തവുമെല്ലാം വൃശ്ചികമാസത്തിലെ ഉത്സവത്തിനാണ്. "തൃപ്പൂണിത്തുറയപ്പന്റെ ഉത്സവം" എന്നുള്ള പേരും ആ ഉത്സവത്തിനു മാത്രമേ ഉള്ളു. ആ ഉത്സവം മുമ്പിനാലേ ഉള്ളതാണ്. മറ്റുള്ള ഉത്സവങ്ങള്‍ രണ്ടും മുമ്പിനാലേ ഉള്ളവയല്ല. അവ ഇടക്കാലത്ത് ചില കാരണങ്ങളാല്‍ ഉണ്ടായിട്ടുള്ളവയാണ്.
ചിങ്ങമാസത്തിലെ ഉത്സവത്തിന് "മൂശാരിയുടെ ഉത്സവം" എന്നാണ് പേരു പറയുന്നത്. അ ഉത്സവത്തിന് അങ്ങനെ പേരുവാരാനുള്ള കാരണം താഴെപ്പറയുന്നു.
പണ്ടൊരിക്കല്‍ തൃപ്പൂണിത്തുറയപ്പന്റെ ബിംബത്തിനു കേടു സംഭവിക്കുകയാല്‍ ബിംബം മാറി പ്രതിഷ്ഠിക്കേണ്ടതായിവന്നു. അതിലേക്ക് ഒരു ബിംബം വാര്‍ക്കുന്നതിനായി ഒരു മൂശാരിയെ ഏല്പിച്ചു. പഞ്ചലോഹങ്ങള്‍ (സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, പിച്ചള, ഇരുമ്പ്) ചേര്‍ത്താണ് ബിംബം വാര്‍ക്കുവാന്‍ ഏര്‍പ്പാട് ചെയ്തത്. മൂശാരി ലോഹങ്ങളെല്ലാം കൂട്ടിയുരുക്കി വാര്‍ത്തിട്ട് എല്ലാ ലോഹങ്ങളും ഒരുപോലെ ഉരുകിച്ചേര്‍ന്നില്ല. രണ്ടുമൂന്നു പ്രാവശ്യം ഉരുക്കി വാര്‍ത്തിട്ടും ശരിയാകായ്കയാല്‍ മൂശാരി വല്ലാതെ വിഷണ്ണനായിത്തീര്‍ന്നു. ഒടുക്കം അദ്ദേഹം ഭക്തിപൂര്‍വ്വം ഭഗവാനെ ദൃടന്മമായി സ്മരിച്ച്, "കൂടുകൂടെന്റെ തൃപ്പൂണിതുറയപ്പാ!" എന്നു പറഞ്ഞുകൊണ്ട് വാര്‍ത്തപ്പോള്‍ എല്ലാം ശരിയായി കൂടിചേരുകയും ആ ബിംബത്തില്‍ ആ മൂശാരിയും കൂടിച്ചേര്‍ന്നു പോവുകയും ചെയ്തു. അങ്ങനെ ഭഗവത്ഭക്തനായ ആ മൂശാരിക്ക് സായൂജ്യം സിദ്ധിച്ചതിന്റെ സ്മാരകമായി ഒരുത്സവംകൂടിത്തുടങ്ങി. അതിനാല്‍ ആ ഉത്സവത്തെ "മൂശാരിയുടെ ഉത്സവം" എന്ന് ഇപ്പോള്‍ പറഞ്ഞുപോരുന്നു.
ഇനി കുംഭമാസത്തില്‍ ഉത്സവുമുണ്ടായതിന്റെ കാരണം പറയാം.
കുംഭമാസത്തിലെ ഉത്സവത്തിനു "നങ്ങ(കന്യ)പ്പെണ്ണിന്റെ ഉത്സവം" എന്നാണ് പേരു പറഞ്ഞുവരുന്നത്. പണ്ടൊരിക്കല്‍ ഏകാദശി (ഉദയമ്പേരൂര്‍) വടക്കേടത്തു നമ്പൂരിയുടെ ഇല്ലത്ത് അന്തര്‍ജനം പ്രസവിച്ച് ഒരു പെണ്‍കുട്ടിയുണ്ടായി. ആദ്യമായിട്ടുണ്ടായ ആ കുട്ടിയില്‍ അതിന്റെ മാതാപിതാക്കന്മാര്‍ക്ക് അപരിമിതമായ വാത്സല്യമുണ്ടായിരുന്നു. ചില നമ്പുരിമാര്‍ക്ക് പെണ്‍കുട്ടികളെക്കുറിച്ച് വാത്സല്യമുണ്ടായിരിക്കാറില്ല. അവരെ വിവാഹം കഴിച്ചുകൊടുക്കാനുള്ള ബുദ്ധുമുട്ടു വിചാരിച്ചിട്ടോ എന്തോ, "കന്യാപിതൃത്വം ബഹു ദുഃഖഹേതുഃ" എന്നാണ് അവര്‍ വിചാരിക്കുകയും പറയുകയും ചെയ്യുന്നു. അതു മനുഷ്യത്വമല്ലെന്നാണ് ചിലരുടെ അഭിപ്രായം. ചിലര്‍ക്ക് ആണ്‍കുട്ടികളെക്കുറിച്ചുള്ളതിലധികം വാത്സല്യം പെണ്‍കുട്ടികളെക്കുറിചായിട്ടും കാണുന്നുണ്ട്. "പ്രായശോ മാനവാനാം മകളരില്‍ മുകളേറും പക്ഷപാതാതിരേകം" എന്നുണ്ടല്ലോ. വടക്കേടത്തു നമ്പൂരിയും ഇക്കൂട്ടത്തിലുള്ള ആളായിരുന്നു.
ആ പെണ്‍കുട്ടിക്ക് ജാതകവശാല്‍ പന്ത്രണ്ടു വയസ്സു കഴിയുന്നതു വരെ വലിയ ഗ്രഹപ്പിഴയാണെന്നും തദ്ദോഷപരിഹാരാര്‍ത്ഥം ആ കാലം കഴിയുന്നതുവരെ കുട്ടിയെ പതിവായി തൃപൂണിത്തുറ ക്ഷേത്രത്തില്‍ കൊണ്ടുപോയി സ്വാമിദര്‍ശനം കഴിപ്പിക്കണമെന്നുമുണ്ടായ ജ്യോല്‍സ്യവിധിപ്രകാരം ആ കുട്ടിയെ ആറാം മാസത്തില്‍ അതിന്റെ അന്നപ്രാശനം കഴിഞ്ഞപ്പോള്‍ മുതല്‍ പതിവായി തൃപ്പുണിത്തൂറെക്കൊണ്ടു പോയി തൊഴീച്ചിരുന്നു. അങ്ങനെ ശൈശവകാലം മുതല്‍ ശീലിച്ചുവന്നതിനാല്‍ കൗമാരക്കാലമായപ്പോള്‍ ആ കുട്ടിക്ക് തൃപ്പൂണിത്തുറെ സ്വാമിദര്‍ശനത്തിനു പോകുന്ന കാര്യത്തില്‍ വളരെ സന്തോഷവും ശ്രദ്ധയും നിര്‍ബന്ധവുമുണ്ടായിത്തീര്‍ന്നു. ഒടുക്കം ആ കന്യക തൃപ്പൂണിത്തുറയപ്പനെ ത്തൊഴാതെ ജലപാനം കഴിക്കയില്ലെന്ന് തീര്‍ച്ചപ്പെടുത്തുകയും നിര്‍വിഘ്നം അത് അങ്ങനെതന്നെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു.
അങ്ങനെ ആ കന്യകയ്ക്ക് പന്ത്രണ്ടു വയസ്സു കഴിഞ്ഞു. അതുവരെ ആ ബ്രാഹ്മണകുമാരിക്ക് യാതൊരു സുഖക്കേടുമുണ്ടായിരുന്നില്ല. ഇതിനിടയ്ക്ക് അച്ഛന്‍നമ്പൂരിക്ക് ആണായിട്ടും പെണ്ണായിട്ടും മൂന്നുനാലു കുട്ടികള്‍ കൂടിയുണ്ടാവുകയും എലാം തൃപ്പൂണിത്തുറയപ്പന്റെ കാരുണ്യംകൊണ്ടെന്ന് വിശ്വസിച്ച് ആ ബ്രാഹ്മണകുടുംബക്കാര്‍ സന്തോഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ജ്യോത്സ്യന്മാര്‍ പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞുകൂടിയതിനാല്‍ ഇനി ഈ കന്യകയ്ക്ക് ആപത്തൊന്നുമുണ്ടാവുകയില്ലെന്ന് അവിടെയെല്ലാവരും തീര്‍ച്ചയാക്കി. എങ്കിലും കന്യക തന്റെ സ്വാമിദര്‍ശനം പിന്നെയും വിഘ്നം കൂടാതെ നടത്തിക്കൊണ്ടുതന്നെയിരുന്നു.
അങ്ങനെയിരിക്കുന്ന കാലത്ത് കന്യകയെ വിവാഹം കഴിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെടുകൊണ്ട് ഒരു നമ്പൂരി വന്നുചേര്‍ന്നു. അദ്ദേഹം സമ്പത്തുകൊണ്ടും സന്ദൗര്യംകൊണ്ടും ആഭിജാത്യംകൊണ്ടും എന്നു വേണ്ടാ, എല്ലാംകൊണ്ടും ഈ കന്യകയ്ക്ക് അനുരൂപനായിരുന്നതിനാല്‍ അച്ഛന്‍നമ്പൂരി ജ്യോത്സ്യന്മാരെ വരുത്തി, വധുവരന്മാരുടെ ജാതകങ്ങള്‍ നോക്കിക്കുകയും ജാതകം ചേരുമെന്നു ജ്യോത്സ്യന്മാര്‍ സമ്മതിക്കുകയും കാര്യം തീര്‍ച്ചപ്പെടുത്തി വിവാഹത്തിനു മുഹൂര്‍ത്തം നിശ്ചയിക്കുകയും ചെയ്തു.
ഈ വര്‍ത്തമാനമറിഞ്ഞപ്പോള്‍ ആ കന്യകയ്ക്കുണ്ടായ വ്യസനം അതിദുസ്സഹമായിരുന്നു. വേളി കഴിക്കാന്‍ വന്ന നമ്പൂരി ദൂരസ്ഥനാകയാല്‍ തന്റെ മാതാപിതാക്കന്മാരെ പിരിഞ്ഞുപോകണമല്ലോ എന്നു വിചാരിച്ചല്ല ആ പെണ്‍കിടാവു ദുഃഖിച്ചത്. അതിനെക്കുറിച്ച് ആ സാധുശീല ഓര്‍ത്തോ എന്നുതന്നെ സംശയമാണ്. വേളി നിശ്ചയിച്ചു എന്നറിഞ്ഞപ്പോള്‍തന്നെ തന്റെ സ്വാമിദര്‍ശനം മുടങ്ങുമല്ലോ എന്നുള്ള വിചാരമാണ് ആ പെണ്‍കുട്ടിക്കുണ്ടായത്. അതു നിമിത്തമുണ്ടായ ദുസ്സഹദുഃഖം മനസ്സിലൊതുക്കിക്കൊണ്ട് ആ കന്യക തന്റെ പതിവു പിന്നെയും മുട്ടിക്കാതെ നടത്തിക്കൊണ്ടിരുന്നു.
ആ കന്യക വേളിയുടെ തലേ ദിവസം തൊഴാനായി നടയില്‍ ചെന്ന സമയം വ്യസനം സഹിക്കവയാതെ പൊട്ടിക്കരഞ്ഞുകൊണ്ട്, "എന്റെ തൃപ്പൂണിത്തുറയപ്പാ, ഞാനിനി എന്നാണ് എന്റെ സ്വാമിയെക്കണ്ടു തൊഴുന്നത്? നാളെക്കാലത്ത് എന്റെ വേളിയായി. അതു കഴിഞ്ഞാലുടനെ എന്നെക്കൊണ്ടുപോവുകയും ചെയ്യും. എന്റെ തൊഴലും മുട്ടും. പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്? എന്റെ സ്വാമിദര്‍ശനം മുടങ്ങീട്ടു ജീവിച്ചിരിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കുകതന്നെയാണ്. എന്റെ ഭഗവാനേ, ഇതിനൊരു നിവൃത്തിയുണ്ടാക്കിത്തരണേ" എന്നിങ്ങനെ മനസ്സില്‍ വിചാരിച്ചു ഭക്തിയോടുകൂടി തൊഴുതുംകൊണ്ടു നിന്നു. ആ സമയം തൃപ്പൂണിത്തുറെയപ്പന്‍ കൈനീട്ടി തന്നെ ശ്രീകോവിലകത്തേക്കു വിളിക്കുന്നതായി നങ്ങയ്ക്കു (കന്യകയ്ക്കു) തോന്നി. ഉടനെ ആ പെണ്‍കിടാവ് അകത്തേക്കു കയറിചെലുകയും ആ വിഗ്രഹം കൈനീട്ടി ആ കന്യകയെപ്പിടിച്ച് തന്റെ മാറോടണയ്ക്കുകയും ആ സമയമുണ്ടായ പരമാനന്ദത്തോടുകൂടി കന്യക ആ ബിംബത്തെ മുറുകെ കെട്ടിപ്പിടിക്കുകയും ആ ബിംബത്തോടുച്ചേര്‍ന്ന് അദൃശ്യയായി ഭവിക്കുകയും ചെയ്തു. ദേവസായൂജ്യം സിദ്ധിച്ച ആ കന്യകയുടെ വളകള്‍, മോതിരങ്ങള്‍ മുതലായ ആഭരണങ്ങള്‍ ബിംബത്തിന്റെ പീഠത്തിന്മേല്‍ കിടന്നിരുന്നതു ശാന്തിക്കാരന്‍ എടുത്തു ദേവസ്വത്തിലേല്പിച്ചു. അവ ഇപ്പോഴും അവിടെ ഭണ്ഡാരത്തിലിരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ആ കന്യകയുടെ (നങ്ങപ്പെണ്ണിന്റെ) സ്മാരകമായി നടത്തിവരുന്ന താകയാലാണ് കുംഭമാസത്തിലെ ഉത്സവത്തിനു "നങ്ങപ്പെണ്ണിന്റെ ഉത്സവം" എന്നു നാമം സിദ്ധിച്ചത്. ഈ ഉത്സവകാല ഒരു ദിവസം വടക്കേടത്തു നമ്പൂരിയുടെ ഇലത്തു തൃപ്പൂണിത്തുറയപ്പനെ എഴുന്നള്ളിച്ചുകൊണ്ട് പോവുക ഇപ്പോഴും പതിവുണ്ട്. ആ ദിവസം ആ ഇലത്തു കേമമായി സദ്യ നടത്തുകയും ഇല്ലത്തുള്ളവര്‍ തൃപ്പൂണിത്തുറയപ്പനെ മോതിരമിടുവിക്കുക, തൃപ്പൂണിത്തുറയപ്പന്റെ വകയായി ആ ഇല്ലത്തുള്ളവര്‍ക്കൊക്കെ ഓണപ്പുടവ കൊടുക്കുക മുതലായി അനേകം ചടങ്ങുകള്‍ ഈ ഉത്സവം സംബന്ധിച്ചു ഇപ്പോഴും നടന്നുവരുന്ന സ്ഥിതിക്ക് ഈ ഐതിഹ്യം കേവലം അടിസ്ഥാനരഹിതമാണെന്നു വിചാരിക്കാന്‍ പാടില്ലല്ലോ.