ഐതിഹ്യമാല/മണ്ണാറശ്ശാല മാഹാത്മ്യം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കേരളഭൂമിയുടെ ഉത്ഭവവും അതിനെ സംബന്ധിച്ചുള്ള ചരിത്രവും ഏതു വിധമെങ്കിലും ആയിരുന്നുകൊള്ളട്ടെ. അതിനെക്കുറിച്ചു ചിന്തിക്കുകയോ തീര്‍ച്ചപ്പെടുത്തുകയോ ചെയ്യണമെന്ന് ഇവിടെ വിചാരിക്കുന്നില്ല. മേല്‍പ്പറഞ്ഞിരിക്കുന്ന ക്ഷേത്രത്തെ സംബന്ധിച്ചു പഴമ പരിചയമുള്ള വയോവൃദ്ധന്മാരില്‍നിന്നു കേട്ടിട്ടുള്ള ഐതിഹ്യങ്ങള്‍ മാത്രം ചുരുക്കത്തില്‍ വിവരിക്കണമെന്നേ ഇപ്പോള്‍ ഉദ്ദേശിക്കുന്നുള്ളു.

ശ്രീപരശുരാമന്‍ പരദേശങ്ങളില്‍നിന്നു ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തില്‍ താമസിപ്പിച്ച കാലത്ത് ഇവിടെ സര്‍വത്ര സര്‍പ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു എന്നുമാത്രമല്ല, ഓരില്ലാത്ത നല്ല വെള്ളം കേരളഭൂമിയില്‍ ഒരിടത്തും കിട്ടുകയുമില്ലായിരുന്നു. അതിനാല്‍ ഇവിടെ താമസിക്കുന്ന കാര്യം പ്രയാസമാണെന്നു തോന്നുകയാല്‍ ബ്രാഹ്മണരെല്ലാവരും വന്ന വഴിയേ പരദേശങ്ങളിലേയ്ക്കുതന്നെ മടങ്ങിപ്പോയി. അപ്പോള്‍ പരശുരാമന്‍ ഏറ്റവും വി‌ഷണ്ണനായിത്തീര്‍ന്നു. പിന്നെ അദ്ദേഹം കൈലാസത്തില്‍ച്ചെന്നു സര്‍വ്വജ്ഞനും സര്‍പ്പഭൂ‌ഷണനും തന്റെ ഗുരുനാഥനുമായ ശ്രീപരമേശ്വരനെ കണ്ടു വിവരമറിയിച്ചപ്പോള്‍ ശി‌ഷ്യവത്സലനായ ഭഗവാന്‍ ശ്രീപരമേശ്വരന്‍ "സര്‍പ്പരാജാവായ വാസുകിയെ സേവിച്ചു പ്രസാദിപ്പിച്ചാല്‍ ഇതിനൊക്കെ സമാധാനമുണ്ടാക്കിത്തരും" എന്നരുളിച്ചെയ്തു. അതുകേട്ടു പരശുരാമന്‍ വീണ്ടും കേരളത്തില്‍ വന്നു വാസുകിയെക്കുറിച്ച് തപസ്സുചെയ്തുകൊണ്ടിരുന്നു. പരശുരാമന്റെ തപസ്സ് അതികഠിനമായിരുന്നതിനാല്‍ വാസുകി അചിരേണ സന്തുഷ്ടനായിത്തീരുകയും പ്രത്യക്ഷമായി പരശുരാമന്റെ അടുക്കല്‍ചെന്ന്, "അല്ലയോ മഹാത്മന്‍! ഭവാന്റെ അതിഘോരമായ ഈ തപസ്സുകൊണ്ട് ഞാന്‍ അത്യന്തം പരിതുഷ്ടനായിരിക്കുന്നു. അവിടുത്തെ അഭീഷ്ടമെന്താണെന്നു പറഞ്ഞാല്‍ അപ്രകാരം ചെയ്വാന്‍ ഞാന്‍ സന്നദ്ധനായിരിക്കുന്നു" എന്നു പറഞ്ഞു. വാസുകിയുടെ ഈ വാക്കുകേട്ടു പരശുരാമന്‍, "അലയോ സര്‍പ്പകുലാധിപതേ! ഈ കേരളഭൂമിയില്‍ ഭവാന്റെ വംശന്മാരും പരിജനങ്ങളും മറ്റുമായ സര്‍പ്പങ്ങളുടെ സാര്‍വ്വത്രികമായ സഞ്ചാരംകൊണ്ടും ഇവിടെയുള്ള വെള്ളമെല്ലാം ലവണരസപൂര്‍ണ്ണമായിരിക്കുന്നതിനാലും ഈ പ്രദേശത്തു മനു‌ഷ്യര്‍ക്കു നിവസിക്കുവാന്‍ നിവൃത്തിയില്ലാതെയിരിക്കുന്നു. അതിനാല്‍ ഈ രണ്ടു സംഗതികള്‍ക്കും പരിഹാരമുണ്ടാക്കി ഭവാന്‍ ഈ ഭൂഭാഗം മനു‌ഷ്യവാസയോഗ്യമാക്കിത്തരണമെന്നാണ് എന്റെ അപേക്ഷ" എന്നു പറഞ്ഞു.

വാസുകി: ഭവാന്റെ ഇഷ്ടം പോലെ, ഈ കേരളഭൂമിയിലുള്ള വെള്ളത്തില്‍ കലര്‍ന്നിരിക്കുന്ന ലവണരസമെല്ലാം ഞാന്‍ആകര്‍‌ഷിച്ചു സമുദ്രത്തിലും അതോടുചേര്‍ന്നുള്ള ജലാശയങ്ങളിലുമാക്കാം. സര്‍പ്പങ്ങള്‍ മിക്കവയും ഭവാന്‍ തപസ്സുചെയ്തു കൊണ്ടിരുന്ന ഈ വനപ്രദേശത്തു വന്നു മനു‌ഷ്യോപദ്രവം ചെയ്യാതെ താമസിച്ചുകൊള്ളുന്നതിനും അന്യത്ര താമസിക്കുന്നതായാലും ഭൂദ്വാരങ്ങളില്‍ ഇരുന്നു കൊള്ളുന്നതിനും ചട്ടം കെട്ടാം. എന്നാല്‍ കേരളവാസികള്‍ അവരുടെ വാസഗൃഹങ്ങളുടെ സമീപത്ത് ഓരോ കാവിന്‍കൂട്ടങ്ങളുണ്ടാക്കി, അതാതു സ്ഥലങ്ങളിലുള്ള സര്‍പ്പങ്ങളെ ആ കാവുകളില്‍ കുടിയിരുത്തുകയും തങ്ങളുടെ കുലദൈവങ്ങളെന്നു വിചാരിച്ച് അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനു കേരളത്തില്‍ താമസിക്കുന്ന മനു‌ഷ്യരോടു ഭവാനും ആജ്ഞാപിക്കണം. അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും ചെയ്യാതിരിക്കുകയോ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുകയോ ചെയ്താല്‍ അവര്‍ ഉപദ്രവിക്കുമെന്നും സര്‍പ്പങ്ങള്‍ സന്തോ‌ഷിച്ചാല്‍ സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുന്നതിനും കോപിച്ചാല്‍ സകലവിധത്തിലുള്ള അനര്‍ത്ഥങ്ങളും ആപത്തുകളും ഉണ്ടാക്കിത്തീര്‍ക്കുന്നതിനും ശക്തിയുള്ള വകക്കാരാണെന്നും ഭവാന്‍ മനു‌ഷ്യരെ ഗ്രഹിപ്പിക്കയും വേണം. ഇപ്രകാരമെല്ലാം ചെയ്താല്‍ ഈ ഭൂഭാഗം മനു‌ഷ്യവാസയോഗ്യമായിത്തീരും.

ഇപ്രകാരം വാസുകി പറഞ്ഞതിനെ കേട്ട് അപ്രകാരമെല്ലാം ചെയ്തുകൊള്ളാമെന്നു പരശുരാമന്‍ സമ്മതിച്ചു. ഇങ്ങനെ അവര്‍ തമ്മില്‍ പറഞ്ഞു സമ്മതിച്ചതിന്റെ ശേ‌ഷം പരശുരാമന്‍ പിന്നെയും പരദേശങ്ങളില്‍ പോയി ബ്രാഹ്മണരെയും മറ്റും കൂട്ടികൊണ്ടു കേരളത്തില്‍ വന്നു. അപ്പോഴേക്കും ഇവിടെ വെള്ളത്തിനുണ്ടായിരുന്ന ലവണരസം മാറി സാര്‍വ്വത്ര ശുദ്ധജലം കാണപ്പെട്ടു. സര്‍പ്പങ്ങള്‍ മിക്കവയും പരശുരാമന്‍ തപസ്സുചെയ്തിരുന്ന വനത്തില്‍ച്ചെന്നു താമസമായി. ശേ‌ഷമുണ്ടായിരുന്നവ വിലേശയങ്ങളായും (വിലങ്ങളില്‍ പൊത്തുകളില്‍ കിടക്കുന്നവ) തീര്‍ന്നിരുന്നു. അതിനാല്‍ പരദേശങ്ങളില്‍നിന്നു വന്നവരാരും മടങ്ങിപ്പോകാതെ കേരളത്തില്‍ത്തന്നെ ഗൃഹങ്ങളുണ്ടാക്കി താമസ മുറപ്പിച്ചു. പരശുരാമന്റെ ആജ്ഞപ്രകാരം എല്ലാവരും ഒന്നും രണ്ടും അതിലധികവും കാവുകളുണ്ടാക്കി അവിടെയെല്ലാം സര്‍പ്പങ്ങളെ കുടിയിരുത്തി (നാഗപ്രതിമകള്‍ പ്രതിഷ്ഠിച്ച്) പൂജയും മറ്റും നടത്തിത്തുടങ്ങുകയും ചെയ്തു. അനന്തരം പരശുരാമന്‍ താന്‍ തപസ്സുചെയ്തുകൊണ്ടിരുന്ന സ്ഥലത്തുചെന്ന് അവിടെ നാഗരാജാവിനെ (വാസുകിയെ)യും നാഗയക്ഷിയെയും പ്രതിഷ്ഠിക്കുകയും പരിവാരങ്ങളായ മറ്റനേകം സര്‍പ്പങ്ങളെ കുടിയിരുത്തുകയും ചെയ്തു. ആ സര്‍പ്പങ്ങള്‍ വസിക്കുന്ന ഏതാനും സ്ഥലം (ഇപ്പോഴത്തെ അളവുപ്രകാരം 14 ഏക്കര്‍) സര്‍പ്പക്കാവാക്കി നിശ്ചയിച്ച് അതിരിട്ടു തിരിക്കുകയും, ശേ‌ഷം സ്ഥലത്തു കാടു വെട്ടിത്തെളിച്ച് ഗൃഹങ്ങളുണ്ടാക്കി ജനങ്ങള്‍ നിവസിച്ചുകൊള്ളാനനുവദിക്കുകയും ചെയ്തു. ഈ സര്‍പ്പങ്ങള്‍ക്കു പതിവായി പൂജ നടത്തുന്നതിനും ഈ കാവ് ആരും വെട്ടിയഴിക്കാതെ സൂക്ഷിക്കുന്നതിനും മറ്റുമായി കാവിന്റെ അതിരിനകത്തുതന്നെ ഒരു ഗൃഹം പണിയിച്ചു ഒരു ബ്രാഹ്മണകുടുംബക്കാരെ അവിടെ താമസിപ്പിച്ചു. ഈ കാവുസംബന്ധിച്ചുള്ള സര്‍വ്വാധികാരങ്ങളും അവകാശങ്ങളും ഈ കുടുംബക്കാര്‍ക്കായി കൊടുക്കുകയും ചെയ്തു. അവര്‍ അക്കാലം മുതല്‍ സര്‍പ്പങ്ങളെ തങ്ങളുടെ പരദേവതമാരാക്കി വെച്ചു പൂജിക്കുകയും സേവിക്കുകയും ചെയ്തുതുടങ്ങി. അതിന് ഇപ്പോഴും യാതൊരു ഭേദഗതിയും അവര്‍ വരുത്തീട്ടില്ല. ആ ഇല്ലക്കാരെയാണ് ഇപ്പോള്‍ "മണ്ണാര്‍ശാല നമ്പ്യാതിരിമാര്‍" എന്നു പറഞ്ഞുവരുന്നത്.

മേല്‍പറഞ്ഞപ്രകാരം കേരളത്തില്‍ സര്‍പ്പങ്ങള്‍ നിമിത്തമുണ്ടായിരുന്ന ഉപദ്രവങ്ങള്‍ തീര്‍ക്കുകയും ജനങ്ങള്‍ക്കു സുഖമായി താമസിക്കുന്നതിനു വേണ്ടുന്ന സകല സകൗര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തതിന്റെ ശേ‌ഷം പരശുരാമന്‍ തപസ്സിനായി പോയി. അനന്തരം അനേകകാലങ്ങള്‍ കഴിഞ്ഞതിന്റെ ശേ‌ഷം യുഗാന്തരത്തിലുണ്ടായ ചില സംഗതികളാണ് ഇനിയിവിടെ പറയാന്‍ ഭാവിക്കുന്നത്.

ഇപ്പോള്‍ അമ്പപ്പുഴത്താലൂക്കിലുല്‍പ്പെട്ടിരിക്കുന്ന മിക്ക ഭാഗവും പണ്ടു വലിയ വനമായിരുന്നു. ആ വനത്തെയാണ് "ഖാണ്ഡവ" വനമെന്നുപറഞ്ഞിരുന്നത്. ഖാണ്ഡവവനം മധ്യമപാണ്ഡവനായ അര്‍ജ്ജുനന്‍ ചുട്ടു ദഹിപ്പിച്ചതിനാല്‍ ആ പ്രദേശത്തിനു "ചുട്ടനാട്" എന്നു പേരുണ്ടായി. അതു കാലക്രമേണ "കുട്ടനാട്" എന്നായിത്തീര്‍ന്നു. ഖാണ്ഡവവനത്തിനു പിടിച്ച തീയ് അവിടെനിന്നു കിഴക്കോട്ട് പടര്‍ന്നുപിടിച്ചു പരശുരാമന്‍ പ്രതിഷ്ഠിച്ച സര്‍പ്പങ്ങളുടെ വാസസ്ഥലമായ കാവുവരെയെത്തി. ആ കാവിന്റെ രക്ഷയ്ക്കായി അവിടെ പരശുരാമന്‍ സ്ഥാപിച്ച ഇല്ലത്തുണ്ടായിരുന്ന അമ്മമാര്‍ അതു കണ്ടു കാവിന് അഗ്നി ബാധയുണ്ടാകാതെയിരിക്കാന്‍ അടുക്കലുള്ള കുളത്തില്‍നിന്നു വെള്ളം കോരിയൊഴിച്ചുകൊണ്ടിരുന്നു. അതിനാല്‍ ആ കാവു നശിക്കാനിടയായില്ല. എങ്കിലും അഗ്നിജ്വാല തട്ടി മണ്ണിനു ചൂടുപിടിക്കുകയും ചൂടു ദുസ്സഹ മായിത്തീരുകയാല്‍ സര്‍പ്പങ്ങള്‍ വളരെ കഷ്ടപ്പെടുകയും ചെയ്തു. അഗ്നി ശമിച്ചിട്ടും മണ്ണിന്റെ ചൂടാറുന്നതുവരെ അമ്മമാര്‍ വെള്ളം കോരിയൊഴിച്ചുകൊണ്ടിരുന്നു. മണ്ണിന്റെ ചൂടാറിയപ്പോള്‍ "ഇപ്പോള്‍ മണ്ണാറി. അതിനാല്‍ ഈ സ്ഥലത്തിന്റെ നാമം മേലാല്‍ 'മണ്ണാറിശാല' എന്നായിരിക്കട്ടെ" എന്ന് ആരോ വിളിച്ചു പറഞ്ഞത് എല്ലാവരും കേട്ടു. അതു പറഞ്ഞത് ആരാണെന്ന് ആര്‍ക്കും അറിഞ്ഞുകുടായിരുന്നു. എങ്കിലും ഇത് സാക്ഷാല്‍ വാസുകിയുടെ അരുളപ്പാടാണെന്നാണ് എല്ലാവരുംകൂടി തീര്‍ച്ചയാക്കിയത്. അതിനാല്‍ അക്കാലം മുതല്‍ ആ സ്ഥലത്തെ എല്ലാവരും 'മണ്ണാറിശാല' എന്നുതന്നെ പറഞ്ഞുവന്നിരുന്നു; കാലക്രമേണ അതു "മണ്ണാര്‍ശാല" എന്നായിത്തീര്‍ന്നു. ഈ സ്ഥലം തിരുവിതാംകൂര്‍ സംസ്ഥാനത്തു കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ അരിപ്പാട്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍നിന്നു സ്വല്പം പടിഞ്ഞാറു മാറിയാണ്.

ഖാണ്ഡവദാഹാനന്തരം ഒരു കാലത്തു മണ്ണാര്‍ശാലയില്ലത്തു സഭര്‍ത്തൃകയായ ഒരമ്മയ്ക്കു പുരു‌ഷസന്താനമുണ്ടാകാതെയിരുന്നതിനാല്‍ ഒരു പുത്രനുണ്ടാകണമെന്നുള്ള ആഗ്രഹത്തോടുകൂടി കുടുംബപരദേവതകളായ സര്‍പ്പങ്ങളെ ഭക്തിപൂര്‍വ്വം ഭജിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആ അമ്മ ഗര്‍ഭം ധരിക്കുകയും യഥാകാലം രണ്ട് ആണ്‍കുട്ടികളെ ഒരുമിച്ചു പ്രസവിക്കുകയും ചെയ്തു. പക്ഷേ, അതില്‍ ഒന്നു മാത്രമെ മനു‌ഷ്യക്കുട്ടിയായിരുന്നുള്ളൂ. ആ സര്‍പ്പശിശു മാത്രയ്ക്കിടയില്‍ വളര്‍ന്നു സംസാരിച്ചു തുടങ്ങി. അത് അതിന്റെ മാതാവിനോട് താഴെക്കാണുന്നപ്രകാരം പറഞ്ഞു: "അല്ലയോ മാതാവേ! സര്‍പ്പങ്ങള്‍ക്കെല്ലാം ഈ കുടുംബക്കാരോട് ആകപ്പാടെ വളരെ സന്തോ‌ഷവും സ്നേഹവും വാല്‍സല്യവുമുണ്ട്. എന്നാല്‍ ഇവിടെയുള്ള സ്ത്രീജനങ്ങളോടാണു സര്‍പ്പങ്ങള്‍ക്കു അധികം സന്തോ‌ഷം. ഇവിടെയുള്ള സര്‍പ്പങ്ങളെയെല്ലാം അഗ്നിബാധയില്‍നിന്നു രക്ഷിച്ചത് ഈ കുടുംബത്തിലുള്ള സ്ത്രീകളാണല്ലോ. പ്രാണരക്ഷ ചെയ്തവരോടുണ്ടാകുന്ന കൃതജ്ഞതയും സന്തോ‌ഷവും എത്രമാത്രമായിരിക്കുമെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. അതിനാല്‍ ഇവിടെ സര്‍പ്പങ്ങളുടെ പൂജയും മറ്റും അമ്മമാരില്‍ അന്നന്നു മൂത്തയാള്‍ നടത്തണം. അങ്ങനെയാകുന്നതാണ് സര്‍പ്പങ്ങള്‍ക്കും അധികം സന്തോ‌ഷകരമായിരിക്കുന്നത്. എന്നാല്‍ മൂപ്പു സിദ്ധിചു പൂജ നടത്താന്‍ അര്‍ഹകളായിത്തീരുന്ന അമ്മമാര്‍ സഭര്‍ത്തൃകകളായിരുന്നാലും അവര്‍ മൂപ്പുസിദ്ധിക്കുന്ന ദിവസം മുതല്‍ ബ്രഹ്മചര്യവ്രതത്തോടുകൂടി ഇരിക്കുകയും വേണം. സര്‍പ്പങ്ങളുടെ പൂജയും മറ്റും ഇപ്പോള്‍ നടത്തിവരുന്ന രീതിക്കു സ്വല്‍പം ചില ഭേദഗതികള്‍ വരുത്താനുണ്ട്. അവയെല്ലാം എന്റെ അമ്മയ്ക്ക് ഞാന്‍ഉപദേശിച്ചുതരാം. ഇവിടെയുള്ള അമ്മമാരില്‍ ഇപ്പോള്‍ മൂപ്പ് എന്റെ അമ്മയ്ക്കാണലോ. അമ്മയ്ക്കു പ്രസവചിക്തിത്സകളെല്ലാം കഴികയും ശരീരം ശുദ്ധമാവുകയും ചെയ്താല്‍ പിന്നെ അമ്മതന്നെ സര്‍പ്പങ്ങളുടെ പൂജയും മറ്റും നടത്തിത്തുടങ്ങണം. അമ്മയ്ക്കു പൂജയും മറ്റു നടത്താന്‍ വയ്യാതെയാകുന്ന കാലത്ത് അടുത്ത മൂപ്പുസ്ഥാനം അര്‍ക്കാണെന്നു വെച്ചാല്‍ അവര്‍ക്കു ഞാന്‍ അമ്മയ്ക്കു ഉപദേശിച്ചു തരുന്നതെല്ലാം അമ്മ ഉപദേശിച്ചുകൊടുക്കണം. അങ്ങനെ തലമുറതോറും ചെയ്തുകൊണ്ടിരിക്കണം. ഈ കുടുംബത്തില്‍ ജനിച്ച ഞാന്‍ ഈ സ്ഥലം വിട്ടു കാവിലും മറ്റും പോയിരിക്കുകയില്ല. ഈ കുടുംബത്തിന്റെ രക്ഷയ്ക്കായി ഞാന്‍ ഇവിടെത്തന്നെ ഇരിക്കും. എന്നെ ആരും ഉപദ്രവിക്കരുത്. ഞാന്‍ഇരിക്കുന്ന സ്ഥലത്ത് ആരും കയറിവരികയുമരുത്" എന്ന് പറഞ്ഞ്, ആ സര്‍പ്പബാലന്‍ പൂജാക്രമങ്ങളും മന്ത്രങ്ങളുമെല്ലാം തന്റെ അമ്മയ്ക്ക് ഉപദേശിച്ചുകൊടുത്തിട്ട് ഇല്ലത്തിന്റെ നിലവറയില്‍ കയറി ഇരിപ്പായി.

ആ സര്‍പ്പബാലന്റെ ഉപദേശപ്രകാരമുള്ള മന്ത്രതന്ത്രങ്ങളോടുക്കൂടി അക്കാലം മുതല്‍ അവിടെ അന്നന്നു മൂപ്പായിട്ടുള്ള അമ്മമാര്‍ സര്‍പ്പങ്ങളുടെ പൂജാദികളെല്ലാം നടത്തുകയും അവര്‍ ബ്രഹ്മചര്യവ്രതത്തോടുകൂടി ഇരിക്കുകയും ചെയ്തുതുടങ്ങി. അതിന് ഇപ്പോഴും അവിടെ യാതൊരു വ്യത്യാസവും വരുത്തീട്ടില്ല.

സര്‍പ്പബാലന്‍ കയറിയിരുന്ന നിലവറയ്ക്കകത്ത് അതില്‍പിന്നെ മനു‌ഷ്യരാരും കടന്നിട്ടില്ല. നിലവറയുടെ വാതില്‍ അത്യാവശ്യപ്പെട്ട ചില പൂജാകര്‍മ്മാദികള്‍ക്കാല്ലാതെ തുറക്കാറില്ല. എല്ലായ്പ്പോഴും അടച്ചിട്ടേക്കുക യാണ് പതിവ്. ഇപ്പോള്‍ വാതില്‍ തുറന്നു നോക്കിയാല്‍ അവിടെ പുറ്റുകളല്ലാതെ മറ്റൊന്നും കാണ്‍മാനില്ല. ഇല്ലത്തിനു പഴക്കംകൊണ്ടു കേടുകള്‍ സംഭവിക്കുന്ന കാലങ്ങളില്‍ ജീര്‍ണ്ണോദ്ധാരണം ചെയ്യിക്കാറുണ്ടെ ങ്കിലും നിലവറ ഇളക്കാറില്ല. അടുത്ത കാലത്തുതന്നെ ഇല്ലം പുതുക്കിപ്പണിയിക്കുകയും അവിടെ ചില പരി‌ഷ്ക്കാരങ്ങളെല്ലാം വരുത്തുകയും ചെയ്തു. എങ്കിലും നിലവറ പൂര്‍വ്വസ്ഥിതിയില്‍ വെച്ചുകൊണ്ടാണ് അവ യെല്ലാം നടത്തിയത്.

സര്‍പ്പശിശുവിനോടുകൂടി ജനിച്ച ബാലന്‍ പുരു‌ഷപ്രായമായതിന്റെ ശേ‌ഷം നാഗരാജാവിനും നാഗയക്ഷിക്കും മറ്റും പ്രത്യേകം അമ്പലങ്ങള്‍ പണിയിച്ചു കലശം മുതലായവ നടത്തിച്ചു. ആ അമ്പലത്തിനാണു "മണ്ണാര്‍ശ്ശാലക്ഷേത്ര"മെന്നു പറഞ്ഞുവരുന്നത്. ആ അമ്പലവും ചില കാലങ്ങളില്‍ ജീര്‍ണ്ണോദ്ധാരണം ചെയ്യിക്കുക ഉണ്ടായിട്ടുണ്ട്. എങ്കിലും ബിംബങ്ങള്‍ ഇളക്കി പ്രതിഷ്ഠിക്കുക ഒരിക്കലും ഉണ്ടായിട്ടില്ലെന്നാണ് കേട്ടിട്ടുള്ളത്. അതു വാസ്തവമാണെന്നു അവ കണ്ടാല്‍ തോന്നുകയും ചെയ്യും. എന്തെന്നാല്‍ പ്രധാന ബിംബങ്ങളുടെ പീഠങ്ങള്‍ ബിംബങ്ങള്‍ക്കു ചേര്‍ന്നവയായിട്ടല്ല അവിടെ കാണുന്നത്. ബിംബങ്ങള്‍ എപ്പോഴെങ്കിലും ഇളക്കി പ്രതിഷ്ഠിച്ചിരുന്നുവെങ്കില്‍ ആ പീഠങ്ങള്‍ മാറാതെയിരിക്കാനിടയില്ലല്ലോ.

മണ്ണാര്‍ശ്ശാലയില്ലത്തുനിന്നു പണ്ടൊരിക്കല്‍ ഒരു കന്യകയെ കായംകുളത്തുത്തിനു സമീപം വെട്ടിക്കോട്ടു ദേശത്തുള്ള മേപ്പള്ളി നമ്പ്യാതിരിയുടെ ഇല്ലത്തേക്കു വിവാഹം കഴിച്ചുകൊടുത്തു. അതിനു മണ്ണാര്‍ശ്ശാലയില്ലത്തുനിന്നു സ്ത്രീധനമായി കൊടുത്തത് ഒരു സര്‍പ്പത്തെയായിരുന്നു. സര്‍പ്പത്തെ ഒരു ഓലക്കുടയുടെ മുളങ്കാലിനകത്തു കയറ്റിയാണത്ര കൊടുത്തത്. വധുവിനായി കൊടുത്തതിനെ വരന്‍ സന്തോ‌ഷസമേതം സ്വീകരിച്ചു കൊണ്ടുപോയി. മേപ്പള്ളിയില്ലത്തു ചെന്നപ്പോള്‍ ആ സര്‍പ്പം അവിടുത്തെ നിലവറയില്‍ കയറിയിരിപ്പായി. എന്നു മാത്രമല്ല, ആ സ്ഥലത്തും മണ്ണാര്‍ശ്ശാലയിലെപ്പോലെ കാവും കുളവുമെല്ലാം ഉണ്ടാക്കി സര്‍പ്പപ്രതിഷ്ഠകള്‍ നടത്തണമെന്നു നിര്‍ബന്ധപൂര്‍വം ആ സര്‍പ്പം ആവശ്യപ്പെടുകയും ചെയ്തു. അതിനാല്‍ ആ ഇല്ലക്കാര്‍ അപ്രകാരമെല്ലാം ചെയ്തു. അതിനാല്‍ മേപ്പള്ളി മണ്ണാര്‍ശ്ശാലയുടെ ഒരു പ്രതിബിംബം പോലെയായിത്തീര്‍ന്നു. നൂറും പാലും കൊടുക്കുക, സര്‍പ്പബലി, സര്‍പ്പപ്പാട്ട് മുതലായവ നടത്തുക എന്നിവയൊന്നും ഇപ്പോള്‍ ഒരു സ്ഥലത്ത് (മണ്ണാര്‍ശ്ശാലയിലോ, മേപ്പള്ളിയിലോ) മാത്രമായി നടത്താന്‍ പാടില്ല. മേല്‍പ്പറഞ്ഞവയിലെന്തെങ്കിലും ഒരു സ്ഥലത്തു നടത്തുകയാണെങ്കില്‍ മറ്റേ സ്ഥലത്തും നടത്തണം. അത് ഒരു ദിവസംതന്നെയായിരിക്കുകയും വേണം. ഒരു സ്ഥലത്തുമാത്രമായി വിശേ‌ഷിച്ചെന്തെങ്കിലും നടത്തിയാല്‍ സര്‍പ്പകോപവും തന്നിമിത്തം വലിയ അനര്‍ത്ഥങ്ങളുമുണ്ടാവുക പതിവാണ്. അതിനാല്‍ ഇപ്പോള്‍ സര്‍പ്പങ്ങളെ ഉദ്ദേശിച്ചു വിശേ‌ഷാല്‍ എന്തെങ്കിലും നടത്തുന്നുണ്ടെങ്കില്‍ രണ്ടില്ലക്കാരും കൂടിയാലോചിച്ചു ദിവസം നിശ്ചയിച്ച് രണ്ടു സ്ഥലത്തും ഒരേ ദിവസം തന്നെ നടത്തുകയാണ് പതിവ്.

ഇനി മണ്ണാര്‍ശ്ശാലയിലെ ചില മാഹാത്മ്യവിശേ‌ഷങ്ങള്‍കൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.

സര്‍പ്പങ്ങള്‍ക്കു നൂറും പാലും കൊടുക്കുന്നതിനു പാത്രങ്ങളില്‍ നൂറും പാലും (അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കൂടി പാലില്‍) കലക്കിവെച്ചു പൂജിച്ചിട്ടു തര്‍പ്പിക്കുകയും തര്‍പ്പിച്ചു കഴിഞ്ഞാല്‍ പാത്രങ്ങള്‍ കമഴ്ത്തുകയുമാണല്ലോ പതിവ്. എന്നാല്‍ മണ്ണാര്‍ശ്ശാലയിലെ നിലവറയിലുള്ള സര്‍പ്പങ്ങള്‍ക്കും നൂറും പാലും കൊടുക്കുമ്പോള്‍ തര്‍പ്പിക്കുകയും പാത്രങ്ങള്‍ കമഴ്ത്തുകയും പതിവില്ല പൂജ കഴിഞ്ഞാല്‍ വാതിലടച്ചിട്ട് എല്ലാവരും പോരും. പിറ്റേദിവസം വാതില്‍ തുറന്നു നോക്കുമ്പോള്‍ പാത്രങ്ങളില്‍ യാതൊന്നും കാണുകയില്ല. ഇത് ഇപ്പോഴും കണ്ടുവരുന്ന ഒരത്ഭുതമാണ്. ആ നിലവറയില്‍ ആദ്യം ഒരു സര്‍പ്പം മാത്രമേ കയറിയിരുന്നുള്ളുവെങ്കിലും അവിടെയിപ്പോള്‍ അസംഖ്യം പുറ്റുകള്‍ കാണുന്നതു കൊണ്ട് അവിടെ വേറെയും ചില സര്‍പ്പങ്ങള്‍ പിന്നീടു വന്നുചേരുകയും അവയ്ക്കു ക്രമേണ സന്തതികള്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.

മണ്ണാര്‍ശ്ശാലയില്ലത്തുള്ളവരെ സര്‍പ്പങ്ങള്‍ കാരണം കുടാതെ ദംശിക്കാറില്ല. അഥവാ ദംശിച്ചാലും അവരില്‍ വി‌ഷം വ്യാപിക്കുകയോ അതിന് എന്തെങ്കിലും പ്രതിവിധി ചെയ്യുകയോ പതിവില്ല. ചില കാരണങ്ങളാല്‍ അവിടെയുള്ളവരെ ചിലപ്പോള്‍ സര്‍പ്പങ്ങള്‍ ദംശിക്കുകയുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു സര്‍പ്പം കാവിലുള്ള കാട്ടില്‍ സഞ്ചരിച്ചപ്പോള്‍ ഒരു വൈയ്യങ്കത മരത്തിന്മേല്‍ ചെന്നുകയറി. അപ്പോള്‍ ഒരു മുള്ള് അതിന്റെ വയറ്റത്തു കുത്തിക്കയറുകയാല്‍ അതിന് അവിടെനിന്നു പോകാനെന്നല്ല, ഇളകാന്‍പോലും വയ്യാതായി. ആ വിധത്തില്‍ ആ സര്‍പ്പം അവിടെ എത്ര ദിവസം കിടന്നുവെന്നു നിശ്ചയമില്ല. ഒരു ദിവസം ആ ഇല്ലത്തുള്ള ഒരാള്‍ സര്‍പ്പം ഇപ്രകാരം അകപ്പെട്ടു കിടക്കുന്നതു കണ്ടിട്ട് ഒരു വിധത്തില്‍ ആ മരത്തിന്മേല്‍ കയറിച്ചെന്നു മുള്ളില്‍ നിന്നു സര്‍പ്പത്തെ വലിച്ചെടുത്തു. അപ്പോള്‍ സര്‍പ്പത്തിനു വേദനയുണ്ടായിട്ടോ എന്തൊ ഏതെങ്കിലും അതു നമ്പ്യാതിരിയെ ഒന്നു കടിച്ചിട്ടു താഴെ ചാടി ഓടിപ്പോയി. നമ്പ്യാതിരിയും താഴെയിറങ്ങി ഇല്ലത്തേക്കു പോയി. സര്‍പ്പദര്‍ശനംകൊണ്ട് അദ്ദേഹത്തിനു യാതൊരു സുഖക്കേടുമുണ്ടായില്ല. ഇങ്ങനെ ഓരോ കാരണവശാല്‍ ആ ഇല്ലത്തുള്ളവരെ പലപ്പോഴും സര്‍പ്പം ദംശിച്ചിട്ടുണ്ട്. അടുത്തകാലത്തു തന്നെ ചില കാരണവശാല്‍ ആ ഇല്ലത്തുള്ള ചിലര്‍ക്കു സര്‍പ്പദംശനമുണ്ടായി. അതുകൊണ്ട് അവിടെയാര്‍ക്കും ഇതുവരെ യാതൊരു സുഖക്കേടുമുണ്ടായിട്ടില്ല.

മണ്ണാര്‍ശ്ശാലയില്ലത്തു പാത്രങ്ങളും മറ്റും മറ്റുള്ള സ്ഥലങ്ങളിലെപ്പോലെ ശരിയായി സൂക്ഷിക്കാറില്ല. ഓട്ടുപാത്രങ്ങളും ചെമ്പുപാത്രങ്ങളും മറ്റും രാത്രിയിലും മുറ്റത്തു പറമ്പിലുമൊക്കെ കിടക്കാറുണ്ട്. എന്നാല്‍ അവിടെനിന്ന് ആരും ഒന്നും എടുത്തുകൊണ്ടുപോകാറില്ല. മോഷ്ടാക്കള്‍ക്ക് ആ ഇല്ലത്തു കയറാന്‍തന്നെ ഭയമാണ്. ആരെങ്കിലും എന്തെങ്കിലും മോഷ്ടിച്ചെടുത്താല്‍ അപ്പോള്‍ അവിടെ സര്‍പ്പങ്ങളെത്തും. ആ ഇല്ലത്തെ കാവല്‍ക്കാര്‍ സര്‍പ്പങ്ങളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണ് അവിടെനിന്ന് ആരുമൊന്നും മോഷ്ടിക്കാത്തത്.

മണ്ണാര്‍ശ്ശാലയില്ലത്തു കറിക്കോപ്പുകളൊന്നും വിലയ്ക്കു മേടിക്കാറില്ല. ചക്ക, മാങ്ങ, വെള്ളരിക്ക, വഴുതനങ്ങ, മത്തങ്ങ, കുമ്പളങ്ങ, വാഴക്കുലകള്‍ മുതലായവയെല്ലാം അവിടെ വഴിപാടായി ധാരാളം വന്നുചേരും. അവ ഇല്ലത്തെ ആവശ്യങ്ങള്‍ക്കു മതിയായിട്ടു വളരെയധികമുണ്ടായിരിക്കും. എന്നാല്‍ അവ അവിടെ ആരുമെടുത്ത് സൂക്ഷിക്കുകയും അന്യന്മാര്‍ മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്യാറില്ല. ഇങ്ങനെയുള്ള സാധനങ്ങള്‍ വഴിപാടുകാര്‍ കൊണ്ടുവന്ന നടയില്‍ വെച്ചാല്‍ നിവേദ്യം കഴിച്ചിട്ട് ഇല്ലത്തേക്കാവശ്യമുള്ളവയെടുത്തുകൊണ്ടുപോകും. ശേ‌ഷമുള്ളവയെല്ലാം അവിടെ കിടക്കും അങ്ങനെയാണ് പതിവ്.

ഒരിക്കല്‍ അവിടെ വഴിപാടു വന്ന ഒരു മത്തങ്ങ ഒരാള്‍ മോഷ്ടിച്ചു കൊണ്ടു പോയി. അയാളുടെ വീട്ടില്‍ കൊണ്ടുചെന്ന അതു മുറിച്ചപ്പോള്‍ അതില്‍നിന്ന് ഒരു സര്‍പ്പം പുറത്തേക്കു ചാടി. അതു കണ്ടു വീട്ടിലുണ്ടായിരുന്നവരെല്ലാം പേടിച്ചു നാലുപുറത്തേക്കുമോടി. മോഷ്ടിച്ചയാള്‍ ദൂരെ മാറി നിന്നു തൊഴുതുകൊണ്ട്, "എന്റെ സര്‍പ്പത്താനേ! എനിക്ക് ഇങ്ങനെ ഒരു ഭോ‌ഷത്വം പ്രവര്‍ത്തിക്കുവാന്‍ തോന്നുകയും ഞാനിങ്ങനെ പ്രവര്‍ത്തിച്ചു പോവുകയും ചെയ്തു. ഈ തെറ്റിന് അവിടുന്ന് സദയം ക്ഷമിച്ച് എന്നേയും എന്റെ കുടുംബത്തിലുള്ളവരേയും രക്ഷിക്കണം. ഞാന്‍ ഈ മത്തങ്ങയും ഇതെടുത്തതിനു പ്രായശ്ചിത്തമായി പത്തു ചക്രവുംകൂടി ഇപ്പോള്‍തന്നെ നടയില്‍ കൊണ്ടുചെന്നു വെച്ചേക്കാം" എന്നു പറഞ്ഞു. ഉടനെ ആ സര്‍പ്പം അന്തര്‍ദ്ധാനം ചെയ്തു. അത് എങ്ങോട്ടാണു പോയതെന്ന് ആരും കണ്ടില്ല. മോഷ്ടാവ് ഉടനെ തന്നെ ആ മത്തങ്ങയും പത്തു ചക്രവുംകൂടി നടയില്‍കൊണ്ടുചെന്നു വെച്ചു തൊഴുതു പോന്നു. ഇങ്ങനെ അവിടെ അനേകം അത്ഭുതങ്ങളുണ്ടായിട്ടുണ്ട്. ഇപ്രകാരമുള്ള സ്ഥലത്ത് ആരും കയറി ഒന്നും മോഷ്ടിക്കാത്തത് ഒരത്ഭുതമല്ലല്ലോ.

ഈ അടുത്ത കാലത്ത് രണ്ടുമൂന്നു കൊല്ലം മുമ്പ് പന്തളത്തുകാരായ ഒരു നായര്‍ കുടുംബക്കാര്‍ മണ്ണാര്‍ശ്ശാലക്ഷേത്രത്തില്‍ ഭജനത്തിനായി വന്നിരുന്നു. അവര്‍ അവിടെ വന്നിട്ടു സ്വയം പാകചെയ്ത് ഊണു കഴിച്ചാണ് താമസിച്ചിരുന്നത്. അരിയും കറിക്കോപ്പുകളും മറ്റും അവര്‍ കൊണ്ടുവന്നിരുന്നു. രണ്ടു നേരവും വെയ്ക്കാനുള്ള അരി അളന്നെടുക്കാന്‍ ഒരു ചങ്ങഴി (അളവുപാത്രം) ഇല്ലത്തുനിന്നു മേടിച്ചാണ് അവര്‍ ഉപയോഗിച്ചിരുന്നത്. അവര്‍ ഭജനം കഴിഞ്ഞു മടങ്ങിപ്പോയ സമയം ചങ്ങഴി തിരിയെ ഇല്ലത്തു കൊടുത്തേല്‍പ്പിക്കാന്‍ മറന്നുപോവുകയാല്‍ ചെലവു കഴിച്ചു ബാക്കിയുണ്ടായിരുന്ന അരിയോടുകൂടി ചാക്കിനകത്തു കിടന്നിരുന്ന ചങ്ങഴിയും അവര്‍ കൊണ്ടുപോയി. വീട്ടിലെത്തി അവര്‍ അരിച്ചാക്കഴിച്ചപ്പോള്‍ അതിനകത്ത് ചങ്ങഴിയും ചങ്ങഴിക്കകത്ത് ഒരു സര്‍പ്പവുമിരിക്കുന്നതു കണ്ടു. അപ്പോള്‍ ആ വീട്ടുകാര്‍ക്കുണ്ടായ ഭയം സീമാതീതമായിരുന്നു. ഉടനെ ആ വീട്ടുകാര്‍ സര്‍പ്പത്തെ തൊഴുതുകൊണ്ട് "ഈ ചങ്ങഴി ഞങ്ങള്‍ ഓര്‍മ്മക്കേടുകൊണ്ടു കൊണ്ടുപോന്നതാണ്. ഇതിനെക്കുറിച്ച് കോപിക്കരുത്, ചങ്ങഴി ഇപ്പോള്‍തന്നെ കൊടുത്തയച്ച് ഇല്ലത്തെത്തിക്കാം. ഈ അന്ധാളിത്തത്തിനു പ്രായശ്ചിത്തമായി നൂറ്റൊന്നു ചക്രം നടയ്ക്കു വയ്ക്കുകയും ചെയ്യാം"എന്നു പറഞ്ഞു. ഉടനെ സര്‍പ്പം ചങ്ങഴിയില്‍ നിന്നിറങ്ങി മുറ്റംവരെ പോക്കുന്നത് എല്ലാവരും കണ്ടു. പിന്നെ അത് എങ്ങോട്ടാണ് പോയതെന്ന് ആരും കണ്ടില്ല. വീട്ടുകാര്‍ ചങ്ങഴി കൊടുത്തയച്ച് ഇല്ലത്തെത്തിക്കുകയും നടയ്ക്കു നൂറ്റൊന്നു ചക്രം വെയ്ക്കുകയും ചെയ്തു.

മണ്ണാര്‍ശ്ശാലക്ഷേത്രത്തില്‍ വഴിപാടായി ചക്ക, മാങ്ങ മുതലായ സാധനങ്ങളും ധാരാളം വരുമെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതും ചില പ്രാര്‍ത്ഥനകള്‍മൂലം വരുന്നതാണ്. ഒരിക്കല്‍ അമ്പലപ്പുഴയ്ക്കു സമീപം തകഴി എന്ന ദേശത്ത് ഒരു വീട്ടില്‍ ഒരു പിലാവുണ്ടായി വളര്‍ന്നു കായ്ക്കാനുള്ള പ്രായമായിട്ടും കായ്ക്കാതെ നിന്നിരുന്നു. അത് കണ്ടിട്ട് ഒരയല്‍ക്കാരന്‍ ആ വീട്ടിലെ കാരണവരോട് "ഈ പിലാവിന്മേല്‍ ആദ്യമുണ്ടാകുന്ന ചക്ക മണ്ണാര്‍ശ്ശാലയിലേക്കു കൊടുത്തയയ്ക്കാമെന്നു പ്രാര്‍ത്ഥിച്ചാല്‍ ഈ പിലാവു കായ്ക്കും" എന്നു പറയുകയും ആ കാരണവര്‍ അപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇങ്ങനെ പറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തത് ഇടവമാസത്തിലായിരുന്നു. ചിങ്ങമാസത്തില്‍ ആ അയല്‍ക്കാരന്‍ ആ കാരണവരോട് "നിങ്ങളുടെ പിലാവില്‍ ചക്കയുണ്ടായോ? എന്നു ചോദിച്ചു. അതിനുത്തരമായിട്ട് ആ കാരണവര്‍ "ഇതുവരെ ഒന്നും ഉണ്ടായിക്കണ്ടില്ല. ഇനി ഞാന്‍മണ്ണാര്‍ശ്ശാലയിലേയ്ക്കു കൊടുക്കുന്നത് ഇരട്ടച്ചക്കയാണ്" എന്നു പറഞ്ഞു. ചക്കയുണ്ടാവുന്നതു സാധാരണയായി മഞ്ഞുകാലത്താണെന്നും വര്‍‌ഷകാലത്തു ചുരുക്കമാണെന്നും ഓര്‍ക്കാതെയാണ് ആ കാരണവര്‍ ഇപ്രകാരം പറഞ്ഞതെന്നുള്ളതു തീര്‍ച്ചയാണല്ലോ. എങ്കിലും വൃശ്ചികമാസമായപ്പോള്‍ ആ പിലാവിന്മേല്‍ നിറച്ചു ചക്കയുണ്ടായി. അതെല്ലാം ഇരട്ടച്ചക്കതന്നെയായിരിക്കുകയും ചെയ്തു. അതു കണ്ടപ്പോള്‍ ജനങ്ങള്‍ "ഇതു മണ്ണാര്‍ശ്ശാലയിലെ നാഗരാജാവിന്റെ വിദ്യ തന്നെയാണ്. ഈശ്വരന്മാരെ ആരും പരീക്ഷിക്കുകയും പരിഹസിക്കുകയും ചെയ്യരുത്. ഇരട്ടച്ചക്കയാണ് കൊടുക്കുന്നതെന്നു പറഞ്ഞപ്പോ! ഉണ്ടായതെല്ലം ഇരട്ടുച്ചക്കതന്നെ. ഈ ചക്ക മുഴുവനും മണ്ണാര്‍ശ്ശാലയില്‍ത്തന്നെ കൊണ്ടുപോയിക്കോടുക്കണം. ഇരട്ടചക്കയ്ക്കു മറ്റാര്‍ക്കും അവകാശമില്ല" എന്നും മറ്റും പറഞ്ഞു തുടങ്ങി. ചക്കയുടെ ഉടമസ്ഥനും അതു ശരിയാണെന്നു തോന്നുകയാല്‍ അക്കൊല്ലമുണ്ടായ ചക്ക മുഴുവനും പറിച്ചു വള്ളങ്ങളിലാക്കി മണ്ണാര്‍ശ്ശാലയില്‍ കൊണ്ടുപോയി നടയ്ക്കു വെച്ച് തൊഴുതുപോന്നു. പിന്നത്തെക്കൊല്ലം മുതല്‍ ആ പിലാവിന്മേല്‍ ഇരട്ടയും മറ്റുമല്ലാതെ സാമാന്യം പോലെയുള്ള ചക്ക ധാരാളമായിട്ടുണ്ടായിത്തുടങ്ങി. ആ വീട്ടുകാര്‍ ആ പിലാവിന്മേല്‍ ആദ്യമുണ്ടാകുന്ന ചക്ക ആണ്ടുതോറും മണ്ണാര്‍ശ്ശാലയില്‍ കൊണ്ടുപോയി കൊടുത്തുതുടങ്ങുകയും ചെയ്തു. അങ്ങനെ ഇപ്പോഴും നടന്നുവരുന്നു. ഇങ്ങനെ ഓരോ കാരണവശാലാണ് അവിടെ ജനങ്ങള്‍ കറിക്കോപ്പുകള്‍ കൊണ്ടുചെന്നു കൊടുക്കുന്നത്.

സന്താനാര്‍ത്ഥമായും രോഗശമനത്തിനായും ബാധോപദ്രവങ്ങള്‍ നീങ്ങാനായും മറ്റും മണ്ണാര്‍ശാലയില്‍ പത്തും പതിനഞ്ചും അതിലധികവും ഭജനക്കാര്‍ എന്നുമുണ്ടായിരിക്കും. അവിടെ ഭജനക്കാരും വഴിപാടുകാരുമില്ലാതെ ഒരു ദിവസം പോലും ഉണ്ടായിരിക്കുന്നില്ല. ഭജിക്കുന്നവര്‍ക്കാര്‍ക്കും ഫലസിദ്ധി ഉണ്ടാകാതെയുമിരിക്കുന്നില്ല. നാല്‍പ്പതും നാല്‍പ്പത്തഞ്ചും വയസ്സുവരെ പ്രസവിക്കാതെയിരുന്നിട്ടു മണ്ണാര്‍ശ്ശാലയില്‍ ഭജിക്കുകയും വഴിപാടുകള്‍ കഴിക്കുകയും ചെയ്തതിന്റെ ശേ‌ഷം ഗര്‍ഭം ധരിച്ചു പ്രസവിച്ചിട്ടുള്ള സ്ത്രീകള്‍ ഇപ്പൊഴും ധാരാളമുണ്ട്. ബാധോപദ്രവങ്ങളുള്ള സ്ത്രീകളും മറ്റും അവിടെ പന്ത്രണ്ടോ നാല്‍പതോ ദിവസം ഭജനമിരിക്കുമ്പോള്‍ തുള്ളി സത്യം ചെയ്തു ബാധകളെല്ലാം ഒഴിഞ്ഞുപോവുക സാധാരണമാണ്. അപ്രകാരംതന്നെ അവിടെ ഭജിച്ചിട്ടു രോഗങ്ങള്‍ ശമിച്ചിട്ടുള്ള ജനങ്ങളും വളരെയുണ്ട്. മണ്ണാര്‍ശ്ശാലയില്‍ ഭജിച്ചാല്‍ ഏതു ത്വക്കുരോഗവും ശമിക്കുമെന്നുള്ളതു പ്രസിദ്ധവും ഇപ്പോഴും കണ്ടുവരുന്നതുമാണ്. ഈ അടുത്തകാലത്തുതന്നെ അതികഠിനമായ കുഷ്ഠരോഗം ബാധിച്ച പലര്‍ മണ്ണാര്‍ശ്ശാലയില്‍ ചെന്നു ഭജിച്ചു രോഗം നിശ്ശേ‌ഷം മാറി പൂര്‍ണ്ണസുഖത്തെ പ്രാപിച്ചുപോയിട്ടുണ്ട്. എന്തിനു വളരെ പറയുന്നു.? ഭക്തിയോടും വിശ്വാസത്തോടും കൂടി മണ്ണാര്‍ശ്ശാലയില്‍ ഭജിച്ചാല്‍ സകലാഭീഷ്ടസിദ്ധിയുമുണ്ടാകുമെന്നുള്ളതു തീര്‍ച്ചയാണ്. അതിനാല്‍ ഈ സ്ഥലത്തു ഹിന്ദുക്കള്‍ മാത്രമല്ല, ഇതരമതക്കാരും ധാരാളമായി വരികയും വഴിപാടുകള്‍ നടത്തുകയും ചെയ്തു വരുന്നുണ്ട്.

മണ്ണാര്‍ശ്ശാലയില്‍ ആട്ടവിശേ‌ഷ (ആണ്ടുവിശേ‌ഷ) മായി പണ്ടേ തന്നെ നിശ്ചയിച്ചിട്ടുള്ളതു കന്നിമാസത്തില്‍ ആയില്യമാണ്. ആയില്യം സര്‍പ്പങ്ങളുടെ നാളാണല്ലോ. അന്ന് അവിടെ വിശേ‌ഷാല്‍ ചില പൂജകളും എഴുന്നള്ളിപ്പും സദ്യയും മറ്റും പതിവുണ്ട്. ആ ദിവസം ദര്‍ശനത്തിനായും എഴുന്നള്ളിപ്പും മറ്റും കാണുന്നതിനായും കച്ചവടത്തിനായും മറ്റും അസംഖ്യമാളുകള്‍ കൂടുക പതിവാണ്.


973-ആമാണ്ടു നാടുനീങ്ങിയ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് ചെറുപ്പത്തില്‍ ഏതാനും കാലം കാര്‍ത്തികപ്പള്ളിക്കൊട്ടാരത്തില്‍ എഴുന്നള്ളി താമസിച്ചിരുന്നുവല്ലോ. അക്കാലത്ത് ആ തിരുമനസ്സുകൊണ്ട് ആണ്ടുതോറും കന്നിമാസത്തിലായില്യത്തിനു മണ്ണാര്‍ശ്ശാലയിലെഴുന്നള്ളി ദര്‍ശനം നടത്തുക പതിവായിരുന്നു. അങ്ങനെയിരുന്നപ്പോള്‍ ഒരാണ്ടില്‍ കന്നിമാസത്തില്‍ എന്തോ ഒരു അത്യാവശ്യകാര്യത്തിനായി നാഗരുകോവിലിലേക്കു എഴുന്നേള്ളണ്ടതായി വന്നു. ആയില്യമാകുമ്പോഴേക്കും തിരിച്ചെഴുന്നള്ളാമെന്നു വിചാരിച്ചാണ് എഴുന്നള്ളിയത്. എങ്കിലും കാര്യാന്തരഗൗരവം നിമിത്തം അതു സാധിച്ചില്ല. ആയില്യം കഴിഞ്ഞതിന്റെ ശേ‌ഷമാണ് കാര്‍ത്തികപ്പള്ളിയില്‍ തിരിച്ചെഴുന്നള്ളിയത്. ആയില്യത്തിനു മണ്ണാര്‍ശ്ശാലയില്‍ എഴുന്നള്ളിദര്‍ശനം കഴിക്കാന്‍ സാധിക്കാഞ്ഞതു നിമിത്തം തിരുമനസ്സില്‍ അസാമാന്യ കുണ്ഠിതമുണ്ടായി. അതിനാല്‍ ഒരു ദിവസം കല്‍പിച്ച് ഒരാളയച്ചു നമ്പ്യാതിരിയെ തിരുമുമ്പില്‍ വരുത്തി "ഈ കന്നിമാസത്തില്‍ ആയില്യത്തിനു നമുക്ക് അവിടെ വന്നു ദര്‍ശനം നടത്താന്‍ സാധിച്ചില്ല. അടുത്ത (തുലാമാസത്തില്‍) ആയില്യത്തിന്നു വന്നു ദര്‍ശനം നടത്തണമെന്നാണ് വിചാരിക്കുന്നത്. അന്നു കന്നിമാസത്തില്‍ ആയില്യത്തിനു പതിവുള്ള വിശേ‌ഷങ്ങളെല്ലാം അവിടെ ഉണ്ടായിരിക്കണം. അതിലേക്കു വിശേ‌ഷാല്‍ വേണ്ടിവരുന്ന ചെലവിനു കണക്കയച്ചാല്‍ പണമവിടെനിന്നു തന്നേക്കാം" എന്നു കല്‍പിചു. നമ്പ്യാതിരി കല്‍പനപോലെ നടത്തി കൊള്ളാമെന്നു സമ്മതിക്കുകയും അപ്രകാരം നടത്തുകയും തിരുമനസ്സുകൊണ്ടു എഴുന്നള്ളി എല്ലാം തൃക്കണ്‍പാര്‍ത്തു സന്തോ‌ഷിക്കുകയും നമ്പ്യാതിരിയുടെ കണക്കിന്‍ പ്രകാരമുള്ള പണം കല്പ്പിച്ചയയ്ക്കുകയും ചെയ്തു. അടുത്തകൊല്ലവും കന്നിമാസത്തിലെപ്പോലെതന്നെ തുലമാസത്തിലെ ആയില്യവും ആഘോ‌ഷിക്കണമെന്നും കല്‍പ്പിക്കുകയും നമ്പ്യാതിരി അപ്രകാരം നടത്തുകയും കണക്കനുസരിച്ചുള്ള പണം കല്‍പ്പിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ ഏതാനും കൊല്ലം നടക്കുകയും കാലക്രമേണ അതു പതിവായിത്തീരുകയും ചെയ്തു. ഇപ്പോഴും അവിടെ കന്നി, തുലാം രണ്ടു മാസങ്ങളിലെ ആയില്യവും ഘോ‌ഷിച്ചു വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കന്നിമാസത്തിലെ ആയില്യത്തേക്കാള്‍ കേമമാകുന്നത് തുലാമാസത്തിലെ ആയില്യമാണ്. കാഴ്ചക്കാരും കച്ചവടക്കാരും മറ്റും അധികം വന്നുകൂടുന്നതും നടവരവധികമുണ്ടാകുന്നതുമന്നാണ്. അതു മഹാഭാഗ്യനിധിയായിരുന്ന മഹാരാജാവു തിരുമനസ്സുകൊണ്ട് കല്‍പിച്ചു നിശ്ചയിച്ചതായതു കൊണ്ടായിരിക്കാം.

ഇനി ഇയ്യിടെയുണ്ടായ ചില വിശേ‌ഷങ്ങള്‍കൂടി പറയാം. ഇതെഴുതുന്ന ഞാന്‍ ഇക്കഴിഞ്ഞ വൃശ്ചികമാസത്തില്‍ ഒരു ദിവസം കോട്ടയത്തുള്ള മാന്യനായ ഒരു ക്രിസ്ത്യാനിയുടെ വീട്ടില്‍ ഒരു കാര്യവശാല്‍ പോയിരുന്നു. അപ്പോള്‍ ആ മനു‌ഷ്യന്‍ എന്നോട്, "സാറേ ഇവിടെ ഒരത്ഭുതമുണ്ടായിരിക്കുന്നു. "മണ്ണാര്‍ശ്ശാല മാഹത്മ്യം" എന്ന തലക്കെട്ടോടുകൂടി സാര്‍ എഴുതിയതും, 'ഭാ‌ഷാപോ‌ഷിണി' മാസികയില്‍ ചേര്‍ത്തു പ്രസിദ്ധപ്പെടുത്തിയിരുന്നതുമായ ലേഖനം വായിച്ചപ്പോള്‍ ഇതാ ഈ മുറ്റത്തു നില്‍ക്കുന്ന പിലാവിന്മേല്‍ ചക്കയുണ്ടായാല്‍ ആദ്യമുണ്ടാകുന്ന ചക്ക മണ്ണാര്‍ശ്ശാലയിലേക്കു കൊടുത്തയച്ചേയ്ക്കാമെന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു. ഇതാ ഇപ്പോള്‍ ഇതിന്മേല്‍ നാലു ചക്ക ഉണ്ടായിരുന്നു. ഈ പിലാവു കായ്ക്കാനുള്ള കാലം കഴിഞ്ഞിട്ടു വളരെക്കാലമായി എന്ന് ഇതു കണ്ടാല്‍ത്തന്നെ അറിയാമല്ലോ. ഇതിനേക്കാള്‍ പ്രായം കുറഞ്ഞ പിലാവുകള്‍ ഇവിടെ വേറെ അഞ്ചാറുണ്ട്. അവ കായ്ചുതുടങ്ങീട്ട് എട്ടും പത്തും കൊല്ലം വീതമായിരിക്കുന്നു. ഈ പിലാവിന്മേല്‍ ഇതിനു മുമ്പ് ഒരു ചക്കപോലും ഒരിക്കലുമുണ്ടായിട്ടില്ല. ഇങ്ങനെ ഞാനൊരു വഴിപാടു നിശ്ചയിച്ചു എന്നും, മണ്ണാര്‍ശ്ശാലയിലേക്കു ചക്ക കൊടുത്തയച്ചു എന്നും, ഞങ്ങളുടെ കൂട്ടുകാരറിഞ്ഞാല്‍ എന്നെ പരിഹസിക്കും. ഇങ്ങനെ ഉണ്ടായിരിക്കുന്ന സ്ഥിതിക്ക് ചക്ക കൊടുത്തയയ്ക്കാതെയിരിക്കുന്നത് ശരിയുമല്ല. അതുകൊണ്ട് എന്തുവേണ്ടു എന്നു സംശയിക്കുന്നു" എന്നു പറയുകയും, ആദ്യമായി ഉണ്ടായ ചക്ക എന്നെ കാണിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍, "ഈ ചക്കയ്ക്കു നാലുപേര്‍ കണ്ടു നിശ്ചയിക്കുന്ന വിലയും, വിവരത്തിന് ഒരെഴുത്തുംകൂടി ഗൂഢമായി ഒരാളുടെ പക്കല്‍ കൊടുത്തു മണ്ണാര്‍ശ്ശാല നമ്പ്യാതിരിയുടെ അടുക്കല്‍ എത്തിച്ചുകൊടുത്താല്‍ മതി. അവിടെ ക്രിസ്ത്യാനികളും മുഹമ്മദീയരും മറ്റും ഇങ്ങനെ രഹസ്യമായി ഇപ്പോഴും വഴിപാടുകള്‍ കൊടുത്തയയ്ക്കാറുണ്ട്" എന്നു മറുപടിയും പറഞ്ഞു.

ഇതു കൂടാതെ ഇയ്യിടെതന്നെ ഒരു സംഗതികൂടിയുണ്ടായി. എന്തെന്നാല്‍, ദേവസ്വം കമ്മീ‌ഷണറാപ്പീസില്‍ ഒരു ഉദ്യോഗമായി തിരുവനന്തപുരത്തു താമസിക്കുന്ന എം.എ. ബിരുദം ലഭിച്ചിട്ടുള്ള ഒരു മഹാനും, "ഭാ‌ഷാപോ‌ഷിണി" മാസികയില്‍ച്ചേര്‍ത്തിരുന്ന മേല്‍പ്പറഞ്ഞ ലേഖനം വായിക്കുകയും, ഒരു കാര്യം സാധിക്കുന്നതിനായി മണ്ണാര്‍ശ്ശാലയിലേയ്ക്ക് ഒരു വഴിപാടു നിശ്ചയിക്കുകയും, കാര്യം ഉടന്‍ സാധിക്കുകയും, പണം അയച്ചുകൊടുത്തു വഴിപാടു നടത്തിക്കുകയുമുണ്ടായി. വഴിപാടു നടത്തുന്നതിനുള്ള പണം അയച്ചുകൊടുക്കുന്നതിന് നമ്പ്യാതിരിയുടെ മേല്‍വിലാസം അറിയിച്ചു കൊടുക്കണമെന്ന് ആ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയാല്‍ അതറിയിച്ചുകൊടുത്തതും ഇതെഴുതുന്നയാള്‍ തന്നെയാണ്.