കൊല്ലം 1004-ആമാണ്ടുമുതല്‍ 1022-ആമാണ്ടുവരെ അനിതരസാധാരണമായ സാമര്‍ത്ഥ്യത്തോടും നീതിയോടും കൂടി തിരുവിതാംകൂര്‍ രാജ്യം യഥായോഗ്യം ഭരിച്ചിരുന്ന മഹാനും സംഗീതസാഹിത്യസാഗരപാരഗനും ശൂരനും ധീരനും കുശാഗ്രബുദ്ധിയും ഗര്‍ഭശ്രീമാനുമായിരുന്ന സ്വാതി തിരുനാള്‍ മഹാരാജാവു തിരുമനസ്സിലെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ കേരള രാജ്യങ്ങളിലെന്നല്ല, പരദേശങ്ങളില്‍പ്പോലും അധികമുണ്ടായിരിക്കയില്ല. ഈ തിരുമനസ്സുകൊണ്ട് അവതാരം ചെയ്തരുളിയത് 988-ആമാണ്ടു മേടമാസത്തിലാണ്.
988-ആമാണ്ട് ബാലരാമവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടുനീങ്ങിയതിനോടുകൂടി തിരുവിതാംകൂര്‍ മഹാരാജവംശത്തില്‍ ആണ്‍വഴിത്തമ്പുരാക്കന്‍മാരാരുമില്ലാതെയായിത്തീരുകയും തന്നിമിത്തം അന്ന് പെണ്‍വഴിത്തമ്പുരാക്കന്‍മാരില്‍ മൂപ്പായിരുന്ന ലക്ഷ്മി മഹാരാജ്ഞി അക്കാലംമുതല്‍ രാജ്യം ഭരിച്ചുതുടങ്ങുകയും ആ മഹാരാജ്ഞി 990-ആമാണ്ടു നാടുനീങ്ങിപ്പോവുകയാല്‍ അക്കാലംമുതല്‍ തത്സഹോദരിയായ പാര്‍വ്വതീമഹാരാജ്ഞി നാടുവാഴുകയും ചെയ്തിട്ടുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. അതിനാല്‍ സ്വാതിതിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് തിരുവവതാരം ചെയ്തതുതന്നെ രാജ്യാധിപതിയായിട്ടാണ്. അതിനാലാണ് ആ തിരുമേനിയെ എല്ലാവരും "ഗര്‍ഭശ്രീമാന്‍" എന്നു പറഞ്ഞുവന്നിരുന്നത്. ഈ തിരുമനസ്സുകൊണ്ട് തിരുവവതാരം ചെയ്തതിന്റെശേഷം മേല്പറഞ്ഞ മഹാരാജ്ഞികള്‍ രാജ്യം ഭരിച്ചിരുന്നത് ഈ തിരുമനസ്സിലെ പ്രാതിനിധ്യത്തോടുകൂടിയായിരുന്നുവെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ. 1004-ആമാണ്ട് തിരുമനസ്സിലേക്കു പതിനാറു തിരുവയസ്സാവുകയും തിരുമാടമ്പു കഴിയുകയും ചെയ്യുകയാല്‍ അക്കാലം മുതല്‍ തിരുമനസ്സു കൊണ്ടു രാജ്യഭരണം ആരംഭിച്ചു. പുരുഷപ്രായം തികയുന്നതിനു പതിനെട്ടു വയസ്സാകണമെന്നേ അക്കാലത്ത് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. പതിനാറു വയസ്സായാല്‍ രാജ്യഭരണമാരംഭിക്കാമെന്നായിരുന്നു ഇവിടുത്തെ ചട്ടം. കീഴ്നടപ്പും അങ്ങനെയായിരുന്നു. ബാലരാമവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് 73-ആമാണ്ട് രാജ്യഭരണമാരംഭിച്ചപ്പോള്‍ അവിടേക്കു പതിനാറു വയസ്സുമാത്രമേ ആയിരുന്നുള്ളുവല്ലോ. അതിനാല്‍ ബുദ്ധി സാമര്‍ത്ഥ്യവും തന്റേടവും ഭരണശക്തിയുമുള്ള ഈ തിരുമനസ്സുകൊണ്ടു പതിനാറാമത്തെ തിരുവയസ്സില്‍ രാജ്യഭരണമാരംഭിച്ചത് അഭൂതപൂര്‍വ്വവും അത്ഭുതവുമായ ഒരു കാര്യമല്ല. ഈ തിരുമനസ്സുകൊണ്ടു ബുദ്ധിയും നീതിയും കാര്യഗ്രഹണശക്തിയും താന്‍ നിശ്ചയിക്കുന്ന കാര്യം അപ്രകാരം തന്നെ നടക്കണമെന്നു നിര്‍ന്ധവുമുള്ള ആളാണെന്നുള്ളതിലേക്ക് അവിടുത്തെ ബാല്യത്തില്‍ത്തന്നെ അനേകം ദൃഷ്ടാന്തങ്ങളുണ്ടായിട്ടുണ്ട്. യാഗം കഴിഞ്ഞ് സോമയാജി (ചോമാതിരി) ആകുന്നവര്‍ക്ക് തിരുവിതാംകൂര്‍ മഹാരാജകുടുംബത്തില്‍ തിരുബലി മുതലായ അടിയന്തിരങ്ങള്‍ക്കു കൊല്ലംതോറും ഓരോ പണക്കിഴിവീതം കൊടുക്കുക പതിവുണ്ട്. ഈ ദാനത്തിനു "കര്‍മ്മിത്താനം" എന്നാണ് പേര് പറഞ്ഞു വരുന്നത്. കിഴിയില്‍ ഒരുനൂറ്റൊന്നു പണം വീതമാണ് പതിവ്. അങ്ങനെയുള്ള കിഴി നാലും അഞ്ചും അതിലധികവും പതിവുള്ള ചോമാതിരിമാരും ചിലപ്പോള്‍ ഉണ്ടായേക്കും. ഒരു ചോമാതിരി മരിച്ചാല്‍ ആ വിവരം മഹാരാജാവുതിരുമനസ്സിലെ അടുക്കല്‍ ആദ്യം ചെന്നറിയിക്കുന്ന ചോമാതിരിക്കു മരിച്ച ചോമാതിരിക്കു പതിവുള്ള കിഴികൂടി പേരില്‍പ്പതിച്ചു കൊടുക്കും. എന്നാല്‍ വിവരം തിരുമനസ്സറിയിക്കുന്നതു ചോമാതിരി തന്നെ വേണമെന്നു നിര്‍ബന്ധമില്ല. ചോമാതിരിയുടെ ഇല്ലത്തുള്ളവരില്‍ ആരെങ്കിലുമായാല്‍ മതി. തിരുമുമ്പാകെച്ചെന്ന്, "ഇന്ന ഇല്ലത്തെ ഇന്ന ചോമാതിരി മരിച്ചുപോയി. അദ്ദേഹത്തിന്റെ പേരിലുള്ള താനം എന്റെ ഇല്ലത്തെ ഇന്ന ചോമാതിരിയുടെ പേരില്‍ പതിച്ചുതരുന്നതിന് കല്പനയുണ്ടാകണം" എന്നാണ് പറയേണ്ടത്. ഇങ്ങനെ പറയുന്നതിന് "വീഴിലം പറയുക" എന്നാണ് പറഞ്ഞുവരുന്നത്. വീഴില്ലം പറയുന്നതിന് തിരുമനസ്സിലെ സന്നിധിയില്‍ ചെല്ലുന്നതിനു സമയം നോക്കേണ്ടാ. ഏതു സമയത്തും ചെന്നു പറയാമെന്നാണ് വെയ്പ്. പള്ളിയറയില്‍ പള്ളിക്ക് കുറുപ്പായിക്കിടക്കുന്ന സമയത്തു വാതില്‍ മുട്ടിവിളിച്ചുണര്‍ത്തിപ്പറയുന്നതിനും വിരോധമില്ല.
ഒരിക്കല്‍ ഒരു ചോമാതിരി മരിച്ചിട്ടു വീഴില്ലം പറയാനായി വേറെ രണ്ടില്ലത്തുള്ള ചോമാതിരിയുടെ ഇല്ലങ്ങളില്‍നിന്നു രണ്ടു നമ്പൂതിരിമാര്‍ പുറപ്പെട്ടു. രണ്ടുപേരും ഒരേ സമയത്തുതന്നെ കരൂപ്പടന്നെ വന്നെത്തി. രണ്ടുപേരും ഉടനെ രണ്ടു വള്ളങ്ങളിലായിക്കയറി ഒരുമിച്ചു പുറപ്പെട്ടു. അക്കാലങ്ങളില്‍ കരൂപ്പടന്നക്കടവില്‍ സദാ വള്ളവുമായി വള്ളക്കാരുണ്ടായിരിക്കുക പതിവാണ്. ഈ നമ്പൂതിരിമാര്‍ കയറിയ വള്ളങ്ങളിലെ ഊന്നുകാര്‍ സമര്‍ത്ഥന്മാരും പരിചയമുള്ളവരുമായ നായന്മാരായിരുന്നു. രണ്ടു നമ്പൂതിരിമാരും അവരവരുടെ വള്ളക്കാരോടു മുന്‍കൂട്ടി തിരുവനന്തപുരത്തെത്തിചാല്‍ പതിവുള്ള കൂലി കൂടാതെ വിശേഷാല്‍ ചില സമ്മാനങ്ങളും മറ്റും കൊടുത്തേക്കാമെന്നു പറഞ്ഞ് അവരെ പ്രാത്സാഹിപ്പിച്ചു. അതിനാല്‍ വളരെ വാശിയോടുകൂടി രണ്ടു വള്ളക്കാരും ഊന്നിത്തുടങ്ങി. കടുകിടയ്ക്കു വ്യത്യാസംകൂടാതെ രണ്ടു വള്ളങ്ങളും ഒരു പോലെ നിന്നു. അങ്ങനെ പോയി രണ്ടു വള്ളങ്ങളും ഒരുമിച്ചു തിരുവനന്തപുരത്തു കല്‍പ്പാലക്കടവില്‍ച്ചെന്നടുത്തു. ഉടനെ ഒരു നമ്പൂതിരി കരയ്ക്കു ചാടി മറ്റേ വള്ളത്തിന്റെ തലയ്ക്കല്‍ പിടിച്ച് ഒരു തള്ളുകൊടുത്തുംവച്ച് ഓടി. അന്നു നാടുവാണിരുന്നത് ഉത്രട്ടാതി തിരുനാള്‍ പാര്‍വ്വതീഭായി മഹാറാണി തിരുമനസ്സുകൊണ്ടായിരുന്നു. ഓടിപ്പോയ നമ്പൂതിരി കൊട്ടാരത്തിനകത്തു കടന്നു തിരുമുമ്പാകെച്ചെന്നു വിവരം തിരുമനസ്സറിയിച്ചിട്ടു കുളിക്കാന്‍ പോയി. പിടിച്ചു തള്ളപ്പെട്ട വള്ളത്തിലിരുന്നിരുന്ന നമ്പൂതിരി വീണ്ടും വള്ളമടുപ്പിച്ചു കരയ്ക്കിറങ്ങി ഓടി കൊട്ടാരത്തിലെത്തിയപ്പോഴേക്കും മുമ്പേ ഓടിയ നമ്പൂതിരി വീഴില്ലം പറയുക കഴിഞ്ഞു എന്നറിയുകയാല്‍ അദ്ദേഹത്തിനു ഏറ്റവും വിഷാദവും ഇച്ഛാഭംഗവുമുണ്ടായി എന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ. അദ്ദേഹം പ്രാതഃസ്നാനവും ജപവും നമസ്കാരവും തേവാരവും മറ്റും പതിവുള്ള ഒരു വിശി ഷ്ടനായിരുന്നു. അവയെല്ലാം മുടക്കി വളരെ കഷ്ടപ്പെട്ടു തിരുവനന്തപുരം വരെ ചെന്നിട്ടു കാര്യം ഫലിക്കാതെപോയതില്‍ അദ്ദേഹത്തിനു വളരെ വ്യസനമുണ്ടായത് അത്ഭുതമല്ലല്ലോ. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ത്തന്നെ നേരം നാലഞ്ചുനാഴിക പുലര്‍ന്നിരുന്നു. കാര്യം തെറ്റിപ്പോയതിലുണ്ടായതിലധികം വിഷാദം അദ്ദേഹത്തിന് യഥാകാലം കുളിയും തേവാരവും കഴിക്കാന്‍ സാധിക്കാഞ്ഞതുകൊണ്ടായിരുന്നു. "വിചാരിച്ചുവന്ന കാര്യം പൂജ്യമായി, കുളി മുതലായതിനു നേരവും തെറ്റി. ഇനിയെങ്കിലും വേഗത്തില്‍ കുളിച്ചു നിത്യകര്‍മ്മമെങ്കിലും കഴിക്കാം. തേവാരത്തിനും വൈശ്യത്തിനും മറ്റും വേണ്ടുന്ന പൂവും പുല്ലും മറ്റും ഇവിടെക്കിട്ടാന്‍ മാര്‍ഗ്ഗമില്ലല്ലോ. അതുകൊണ്ട് അതൊക്കെ ഊര്‍ദ്ധ്വം തന്നെ എന്നിങ്ങനെ വിചാരിച്ചു വിഷാദിച്ചുകൊണ്ട് ആ നമ്പൂതിരിയും കുളിക്കാനായി പുറപ്പെട്ടു. ആ സമയം സമപ്രായക്കാരായ അഞ്ചെട്ടു ബാലന്മാരോടുകൂടി കളിച്ചുകൊണ്ട് നമ്മുടെ സ്വാതിതിരുനാള്‍ തിരുമനസ്സുകൊണ്ട് കൊട്ടാരത്തിന്റെ മുറ്റത്ത് എഴുന്നള്ളി നിന്നിരുന്നു. ഓടിയതിനാല്‍ ക്ഷീണിച്ചും തളര്‍ന്നും വിയര്‍ത്തൊലിച്ചും വിഷാദഭാവത്തോടുകൂടിയും പോകുന്ന ആ നമ്പൂതിരിയെക്കണ്ടിട്ട് തിരുമനസ്സുകൊണ്ട് നമ്പൂതിരിയെ വിളിച്ച് അടുക്കല്‍ വരുത്തീട്ട്, "അങ്ങ് എന്താണ് ഇത്ര ക്ഷീണിച്ചിരിക്കുന്നത്? മുഖം കണ്ടിട്ട് എന്തോ വലുതായ ഒരു വിഷാദം മനസ്സിലുള്ളതുപോലെ തോന്നുന്നുവല്ലോ. അതിന്റെ കാരണം പറയൂ. എന്തായാലും സമാധാനമുണ്ടാക്കാം, ഒട്ടും വിഷാദിക്കേണ്ടാ" എന്നു കല്പിച്ചു. തിരുമനസ്സിലേക്ക് അന്ന് ഏകദേശം എട്ടു തിരുവയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. തന്നോട് ഇപ്രകാരം സമാധാനം പറയുന്ന ഈ ബാലന്‍ ആരാണെന്നു നമ്പൂതിരിക്കു നല്ലപോലെ മനസ്സിലായില്ലെങ്കിലും ഏറ്റവും തേജസ്വിയും ആജാനു ബാഹുവുമായ ഈ കുമാരന്‍ കേവലം നിസ്സാരനല്ലെന്നും ഒരുസമയം രാജകുമാരന്‍ തന്നെ ആയിരിക്കാമെന്നും അദ്ദേഹം ഊഹിക്കാതെയിരുന്നില്ല. "കേവലം നിസ്സാരനായ ഒരു ചെറിയ കുട്ടിയില്‍നിന്ന് ഇപ്രകാരമുള്ള സാന്ത്വനവാക്കുകളുണ്ടാവാനിടയില്ലല്ലോ" എന്നു വിചാരിച്ച് അദ്ദേഹം പരമാര്‍ത്ഥമെല്ലാം തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട്, "ആട്ടെ, കുളിയും തേവാരവും മറ്റും കഴിയട്ടെ. കാര്യത്തിന് എന്തെങ്കിലും സമാധാനമുണ്ടാകും" എന്നു കല്പിച്ചു നമ്പൂതിരിയെ അയച്ചു. അദ്ദേഹത്തിന്റെ കുളി കഴിഞ്ഞപ്പോഴേക്കും തേവാരത്തിനു വേണ്ടുന്നതെല്ലാം കല്പനപ്രകാരം ഒരു കുട്ടിപ്പട്ടര്‍ കടവില്‍ ഹാജരാക്കിക്കൊടുത്തു. തേവാരം കഴിഞ്ഞപ്പോള്‍ മറ്റൊരു പട്ടര്‍ ചെന്ന് "ഊണിനെല്ലാം കാലമായിരിക്കുന്നു. കൊട്ടാരത്തിലേക്കു വരാം" എന്നു പറഞ്ഞു. ഉടനെ നമ്പൂതിരി കൊട്ടാരത്തില്‍ ചെല്ലുകയും വെടിപ്പായി ഭക്ഷണം കഴിക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോള്‍ മുമ്പു തന്നെ സമാധാനപ്പെടുത്തി കുളിക്കാന്‍ പറഞ്ഞയച്ചത് സ്വാതിതിരുനാള്‍ മഹാരാജകുമാരന്‍ തന്നെയാണെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി. തിരുമേനിയെ നമ്പൂതിരി മുമ്പു കണ്ടിട്ടില്ലായിരുന്നുവെങ്കിലും ധാരാളമായി കേട്ടിട്ടുണ്ടായിരുന്നു.
നമ്പൂതിരിയെ കുളിക്കാന്‍ കല്പിച്ചയച്ച ഉടനെ തിരുമനസ്സുകൊണ്ട് "ഇന്ന് ഇല്ലത്തെച്ചോമാതിരി മരിച്ചുപോവുകയും ഇന്ന ഇല്ലത്തെ നമ്പൂതിരി വന്നു നമ്മോടു വീഴില്ലം പറയുകയും ചെയ്തിരിക്കകൊണ്ടു മരിച്ചുപോയ ചോമാതിരിയുടെ പേരിലുള്ള താനം വീഴില്ലം പറഞ്ഞ നമ്പൂതിരിയുടെ ഇല്ലത്തുള്ള ചോമാതിരിയുടെ പേരില്‍ പതിച്ചുകൊടുത്തുകൊള്ളണം" എന്നു കല്പിച്ചു പകടശാലയിലേക്ക് എഴുതിയയപ്പിച്ചു. അതു പകടശാലയില്‍ എത്തിയപ്പോഴേക്കും മഹാരാജ്ഞി തിരുമനസ്സിലെ കല്പന പ്രകാരം താനം പേരുമാറിപ്പതിക്കുക കഴിഞ്ഞിരുന്നു. അതിനാല്‍ പകടശാലയിലുള്ള ഉദ്യോഗസ്ഥന്മാര്‍ വല്ലാതെ കുഴങ്ങിവശായി. മഹാരാജാവു തിരിമനസ്സിലെ കല്പനപ്രകാരം ചെയ്യാതെ ഇരിക്കാമോ? മഹാരാജ്ഞി തിരുമനസ്സിലെ കല്പനപ്രകാരം ചെയ്തതിനെ ഭേദപ്പെടുത്താമോ? രണ്ടും വയ്യാതെ അവര്‍ വിഷമിച്ചു. ഒടുക്കം അവര്‍ ഈ വിവരം മഹാരാജ്ഞി തിരുമനസ്സിലെ അടുക്കല്‍ അറിയിച്ചു. മഹാരാജ്ഞി തിരുമനസ്സുകൊണ്ട് മഹാരാജാവു തിരുമേനിയെ വിളിചുവരുത്തി, "അപ്പന്‍ (തിരുവിതാംകൂര്‍ മഹാരാജകുടുംബത്തില്‍ പ്രായം കൂടിയവര്‍ കുറഞ്ഞവരെ "അപ്പന്‍" എന്നു പറയുന്നതു സാധാരണമാണ്. ഇവിടെ അപ്പന്‍ എന്നുള്ളതു കുട്ടന്‍ എന്നും കുഞ്ഞെനും ഓമന എന്നും മറ്റും പറയുന്നതുപോലെ വാല്‍സല്യസൂചകമായ ഒരോമനപ്പേരായിട്ടാണ് വച്ചിരിക്കുന്നത്) ഇങ്ങനെയൊക്കെത്തുടങ്ങുന്നതെന്താണ്? ആദ്യം വീഴില്ലം പറഞ്ഞ നമ്പൂതിരിയുടെ ഇല്ലത്തുള്ള ചോമാതിരിയുടെ പേരിലാണ് താനം പതിച്ചു കൊടുക്കാന്‍ ഞാന്‍ചട്ടം കെട്ടിയത്. അതു ഭേദപ്പെടുത്തുന്നതു ന്യായമല്ല" എന്നു കല്പിച്ചു. അതിനു മറുപടിയായി മഹാരാജാവു തിരുമനസ്സുകൊണ്ട് "ഇപ്പോള്‍ നാടുവാഴുന്നത് അമ്മയാകയാല്‍ അമ്മയുടെ കല്പനപ്രകാരം കാര്യങ്ങളൊക്കെ നടക്കേണ്ടതാണ്. അതിനു സംശയമില്ല. എന്നാല്‍ "കുലശേഖരപ്പെരുമാള്‍" എന്നുള്ള സ്ഥാനം എനിക്കില്ലേ? എന്റെ അടുക്കല്‍ വന്നു വീഴില്ലം പറഞ്ഞ ആളെ ഇച്ഛാഭംഗത്തോടുകൂടി മടക്കിയയയ്ക്കുന്നത് ഈ സ്ഥാനത്തേക്കു യുക്തവും ന്യായവുമാണോ? അങ്ങനെയാണെന്ന് അമ്മ കല്പിക്കുന്ന പക്ഷം എനിക്കു നിര്‍ബന്ധമില്ല. അമ്മ കല്പിച്ചു ചട്ടം കെട്ടിയതുപോലെ നടക്കട്ടെ. എന്റെ ആജ്ഞയെ ഞാന്‍ പിന്‍വലിച്ചേക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നതു ന്യായവും ഈ സ്ഥാനത്തേക്കു യോഗ്യവുമാണെന്ന് അമ്മ കല്പിക്കണം. അല്ലാതെ ഞാന്‍ സമ്മതിക്കയില്ല" എന്നു കല്പിച്ചു. ഇതു കേട്ടപ്പോള്‍ മഹാരാജ്ഞി ശരിയായ മറുപടി ഒന്നും തോന്നാതെ കുഴങ്ങി. ഒടുക്കം "ഇനി എങ്ങനെയാണ് വേണ്ടതെന്ന് അപ്പന്‍ തന്നെ നിശ്ചയിക്കണം. അപ്പന്‍ നിശ്ചയിക്കുന്നതെല്ലാം എനിക്ക് സമ്മതമാണ്" എന്നു കല്പിച്ചു. ഉടനെ മഹാരാജാവു തിരുമനസ്സുകൊണ്ട്, "അമ്മയ്ക്കു സമ്മതമാണെങ്കില്‍ ഇപ്പോള്‍ ഇവിടെ ന്യായവും രണ്ടുപേര്‍ക്കും മാനവുമായിട്ടുള്ളതു ഞാന്‍ നിശ്ചയിക്കാം. ഇപ്പോള്‍ ഒരു ചോമാതിരിയുടെ പേരിലുള്ള താനമാണ് ഒഴിഞ്ഞുവന്നിരിക്കുന്നത്. അതിനു രണ്ടുപേര്‍ വന്നു വീഴില്ലം പറയുകയും ചെയ്തു. നമ്മള്‍ രണ്ടുപേരും പരസ്പരം അറിയാതെ രണ്ടുപേര്‍ക്കും പതിച്ചു കൊടുക്കാന്‍ ചട്ടംകെട്ടുകയും ചെയ്തു. അതിനാല്‍ ഈ താനം ഒന്നു പകുതിവീതം രണ്ടുചോമാതിരിമാരുടെ പേരിലും തല്‍ക്കാലം പതിച്ചുകൊടുക്കുകയും ഈ ചോമാതിരിമാര്‍ ഒരാള്‍ മരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന ചോമാതിരിയുടെ പേരില്‍ മുഴുവനാക്കിക്കൊടുക്കുകയും ചെയ്യുന്നതാണ് യുക്തമെന്ന് എനിക്കു തോന്നുന്നു. പിന്നെ അമ്മ കല്പിക്കുന്നതുപോലെ" എന്നു കല്പിച്ചു. അതു കേട്ടപ്പോള്‍ ഇതു നല്ല ന്യായമാണെന്നു മഹാരാജ്ഞിക്കും തോന്നുകയാല്‍ അങ്ങനെ ചട്ടം കെട്ടുകയും അക്കാര്യം അങ്ങനെ അവസാനിക്കുകയും ചെയ്തു.
സ്വാതിതിരുനാള്‍ തിരുമനസ്സിലെ ബാല്യകഥകള്‍ ഇങ്ങനെ വളരെയുണ്ട്. ഈ ഒരു സംഗതികൊണ്ടുതന്നെ അവിടുന്നു ചെറുപ്പത്തില്‍ത്തന്നെ ന്യായസ്ഥനും നീതിമാനും താനൊന്നു നിശ്ചയിച്ചാല്‍ അത് അപ്രകാരം നടക്കണമെന്നു നിര്‍ന്ധമുള്ള ആളുമായിരുന്നു എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാല്‍ ആ ഭാഗം അധികം വിസ്തരിക്കുന്നില്ല.
വീഴില്ലം പറയുന്നതിന്റെ ചട്ടമൊക്കെ ഇപ്പോള്‍ വളരെ ഭേദപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ യഥേഷ്ടം ഏതു സമയത്തും തിരുമുമ്പാകെച്ചെന്നു വീഴില്ലം പറയാനും മറ്റും പാടില്ല. അതൊക്കെ ഭേദപ്പെടുത്തീട്ടു വളരെക്കാലമായി. ഇപ്പോള്‍ വീഴില്ലം പറയുന്നത് കൊട്ടാരത്തില്‍ച്ചെന്നു തവണക്കാരുടെ അടുക്കല്‍ മതിയെന്നാണ് ചട്ടം. അവര്‍ സമയം പോലെ തിരുമനസ്സറിയിച്ചു കൊള്ളും.
ഈ തിരുമനസ്സുകൊണ്ട് നരസിംഹാംശസംഭൂതനാണെന്നാണ് അക്കാലത്ത് എല്ലാവരും പറയുകയും വിശ്വസിക്കുകയും ചെയ്തിരുന്നത്. അവിടുന്നു നേരെ നോക്കിയാല്‍ ഭയപ്പെടാത്തവരായി അക്കാലത്ത് ആരുംതന്നെ ഉണ്ടായിരുന്നില്ല. തിരുമനസ്സുകൊണ്ട് ആരുടെയും നേരെനോക്കി സംസാരിക്കാറില്ല. സംഭാഷണങ്ങളെല്ലാം നിലത്തുനോക്കിക്കൊണ്ടാണ് പതിവ്.
തിരുമനസ്സുകൊണ്ടു സിംഹാസനാരോഹണം ചെയ്തതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ബ്രിട്ടീഷുഗവര്‍മെണ്ടിന്റെ പ്രതിനിധിയും ഈസ്റ്റിന്ധ്യാകമ്പനിക്കാരില്‍ പ്രധാനനുമായ ഒരു യൂറോപ്യന്‍ തിരുമേനിയെക്കാണുന്നതിനായി തിരുവനന്തപുരത്തു വന്നിരുന്നു. ബ്രിട്ടീഷു ഗവര്‍മ്മേണ്ടും തിരുവതാംകൂര്‍ മഹാരാജാവുമായിട്ടുള്ള ഉടമ്പടിയില്‍ ചില ഭേദഗതികള്‍ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനായിട്ടാണ് സായ്പു വന്നിരുന്നത്. മഹാരാജാവിനുള്ള രാജാധികാരങ്ങളില്‍ ചിലതു കുറയ്ക്കുകയും കപ്പത്തില്‍ സ്വല്‍പ്പം കൂട്ടുകയും ചെയണമെന്നായിരുന്നു സായിപ്പിന്റെ ഉദ്ദേശ്യം. മഹാരാജാവിന്നു പ്രായം ചെറുപ്പമാകയാല്‍ ആ ഉദ്ദേശ്യം നിഷ്പ്രയാസം സാധിക്കാമെന്നും അയാള്‍ വിചാരിച്ചിരുന്നു. സായ്പു തിരുവനന്തപുരത്തു ചെന്നിട്ട് അയാള്‍ക്കു സുഖമായി താമസിക്കുന്നതിനു വേണ്ടുന്നതെല്ലാം കല്‍പനപ്രകാരം ചട്ടംകെട്ടിക്കൊടുത്തു. എങ്കിലും തമ്മില്‍ക്കാണുന്നതിനു വളരെ ദിവസം കഴിഞ്ഞിട്ടേ ദിവസവും സമയവും കല്‍പിച്ചനുവദിച്ചുള്ളു. കല്‍പിച്ചനുവദിച്ച ദിവസം നിശ്ചിതസമയത്തു സായ്പു കൂടികാഴ്ചയ്ക്കു നിശ്ചയിച്ചിരുന്ന സ്ഥലത്തെത്തി. തിരുമനസ്സുകൊണ്ട് അതിനു മുമ്പുതന്നെ അവിടെ എഴുന്നള്ളീട്ടുണ്ടായിരുന്നു. സായ്പു ചെന്ന ഉടനെ തിരുമനസ്സുകൊണ്ടു സബഹുമാനം ആസനസത്കാരം ചെയ്ത് ഇരുത്തിയതിന്റെ ശേഷം അവിടുന്നും ഇരുന്നു കുശലപ്രശ്നം ചെയ്തു. സായ്പു മറുപടി പറയാനായി ഭാവിച്ച സമയം തിരുമനസ്സുകൊണ്ടു തൃക്കണ്ണു തുറന്നു സായ്പിന്റെ നേരെ ഒന്നു നോക്കി. തത്ക്ഷണം സായ്പു ബോധരഹിതനായി നിലത്തു വീണു. "ഇയ്യാളെ എടുത്തു പുറത്തുകൊണ്ടു പോകട്ടെ" എന്നു കല്പിചിട്ടു തിരുമനസ്സുകൊണ്ടു കൊട്ടാരത്തിലേക്കെഴുന്നള്ളി. ഉടനെ നാലു ഭടന്മാര്‍ വന്ന് സായ്പിനെയെടുത്ത് അയാള്‍ക്കു താമസത്തിനു നിശ്ചയിച്ചിരുന്ന സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ചെന്നിട്ടും വളരെനേരം കഴിഞ്ഞതിന്റെ ശേഷമാണ് സായ്പിന് ബോധം വീണത്. "ഈ മഹാരാജാവിന്റെ കാലത്തു താന്‍ വിചാരിച്ചുവന്ന കാര്യമൊന്നും സാധിക്കയില്ല" എന്നു നിശ്ചയിച്ച് സായ്പ് അന്നുതന്നെ തിരുവനന്തപുരത്തുനിന്നു മടങ്ങിപ്പോവുകയും ചെയ്തു.
ഒരാണ്ടില്‍ മീനമാസത്തില്‍ പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തിന് ആറാട്ടു കഴിഞ്ഞു കടല്‍ക്കരയില്‍നിന്നു തിരിയെ എഴുന്നളളിച്ച സമയം അമ്പാരികെട്ടി അകമ്പടിയാക്കി കൊണ്ടുപോയിരുന്ന മദോന്‍മത്തനായ ഒരു കൊമ്പനാന പിണങ്ങി ആള്‍ക്കൂട്ടത്തിലേക്ക് ഓടി. വാദ്യക്കാരും അകമ്പടിക്കാരും ദീപയഷ്ടി(തീവെട്ടി)ക്കാരുംമറ്റും പ്രാണഭീതിയോടുകൂടി നാലുവഴിക്കും ഓടിപ്പോയി. പത്മനാഭസ്വാമിയെ എഴുന്നള്ളിച്ചി രുന്നതിന്റെ മുമ്പില്‍ പള്ളിവാളും പരിചയും ധരിച്ച് അകമ്പടിയായി നിന്നിരുന്ന തിരുമനസ്സുകൊണ്ടുമാത്രം ഇളകാതെ ആ നിലയില്‍ത്തന്നെ സധൈര്യം നിന്നു. ജനങ്ങളെല്ലാം ഒഴിഞ്ഞോടിക്കഴിഞ്ഞപ്പോള്‍ ആന തിരുമനസ്സിലെ നേരെ പാഞ്ഞടുത്തു. ആനക്കാരന്‍ മുമ്പേതന്നെ ഓടിയൊളിച്ചിരുന്നതിനാല്‍ ആനയ്ക്കു സ്വാതന്ത്ര്യവും സിദ്ധിച്ചിരുന്നു. ആന നേരെ പാഞ്ഞുവരുന്നതു കണ്ടിട്ടും അവിടേക്കു യാതൊരു കൂസലുമുണ്ടായിരുന്നില്ല. തുമ്പിക്കൈകൊണ്ട് എത്തിപ്പിടിക്കുവാന്‍ തക്കവണ്ണം അടുത്തപ്പോള്‍ തിരുമനസ്സുകൊണ്ട് തൃക്കണ്ണുകള്‍ തുറന്ന് ആനയുടെ നേരെ ഒന്നു നോക്കി. ആന ഉടനെ അത്യുച്ചത്തിലുള്ള ദീനസ്വരത്തോടുകൂടി തിരുമുമ്പില്‍ കൊമ്പുകുത്തി. ആനയുടെ കൊമ്പുകള്‍ മുഴുവനും നിലത്തു താഴ്ന്നു. ഉടനെ ആനക്കാരന്‍ അവിടെയെത്തി, ആനയെ എഴുന്നെല്‍പ്പിച്ചു കൂച്ചുവിലങ്ങിട്ടു കൊണ്ടുപോയി. ആന പേടിച്ചുവിറച്ചുകൊണ്ടാണ് ആനക്കാരന്‍മാരുടെ കൂടെപ്പോയത്. പിന്നെ ആന തിരുമനസ്സിലെ ശബ്ദം കേട്ടാല്‍പ്പോലും നടുങ്ങുമായിരുന്നു. ഇപ്രകാരമുള്ള തിരുമനസ്സുകൊണ്ട് നരസിംഹാംശസംഭൂതാണെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നതില്‍ അത്ഭുതമില്ലല്ലോ.
തിരുമനസ്സിലെ നാമം കേട്ടാല്‍ത്തന്നെ പേടിക്കാത്തവരായി അക്കാലത്ത് ആരുമുണ്ടായിരുന്നില്ല. എന്നാല്‍ അക്രമമായി അവിടുന്ന് ആരെയും ശിക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നില്ല. വാസ്തവത്തില്‍ അവിടുന്ന് ഏറ്റവും ദയാലുവായിരുന്നു. അവിടുന്ന് ക്രൂരപ്രവൃത്തി ഒന്നുംതന്നെ ചെയ്തിരുന്നില്ല. എന്നാല്‍ എത്ര വലിയ ആളായാലും കുറ്റം ചെയ്താല്‍ അവിടുന്ന് മുറയ്ക്കു ശിക്ഷിക്കാതെയിരിക്കാറില്ല. കുറ്റക്കാരുടെ പേരില്‍ അവിടേക്ക് ലേശവും ദാക്ഷിണ്യമുണ്ടായിരുന്നില്ല. രാജ്യത്തു നീതി നടക്കണമെന്നും താന്‍ ഒന്നു നിശ്ചയിച്ചാല്‍ അത് അപ്രകാരംതന്നെ നടക്കണമെന്നും അവിടേക്കു വളരെ നിര്‍ന്ധമുണ്ടായിരുന്നു. ഒരു ദിവസം കോവിലെഴുന്നള്ളത്തു സമയത്തു കൂടെയുണ്ടായിരുന്ന സര്‍വ്വാധികാര്യക്കാരോട് "നാളെ ഒരു കുലവാഴച്ചിറപ്പു നടത്തണം" എന്നു കല്‍പിച്ചു. കുലവാഴച്ചിറപ്പിന് ആയിരത്തില്‍ക്കുറയാതെ കുലവാഴ വേണ്ടതാകയാല്‍ സര്‍വാധികാര്യക്കാരന്‍ "നാളെ നടത്തുന്ന കാര്യം അസാധ്യമാണ്. നാലു ദിവസത്തെ ഇട കല്‍പിച്ചനുവദിക്കണം" എന്നു തിരുമനസ്സറിയിച്ചു. ഉടനെ അവിടുന്ന് "ചിറപ്പു നാളെത്തന്നെ വേണം. എലാം പഴക്കുല ആയിരിക്കുകയും വേണം" എന്നു കല്പിച്ചു. പിന്നെയും കല്‍പനയ്ക്കു വിരോധമായി തിരുമനസ്സറിയിച്ചാല്‍ ശിക്ഷയുണ്ടാകുമെന്ന് അറിയാമായിരുന്നതുകൊണ്ട് സര്‍വ്വാധികാര്യക്കാര്‍ "കല്‍പനപോലെ നടത്തിക്കൊള്ളാം" എന്നു തീരുമനസ്സറിയിച്ചു. പിറ്റേ ദിവസം വൈകുന്നേരം തിരുമനസ്സുകൊണ്ട് പത്മനാഭസ്വാമി ദര്‍ശനത്തിനായി മതിലകത്ത് എഴുന്നളളിയ സമയം അവിടെയെല്ലാം പഴക്കുല വാഴകൊണ്ട് അലങ്കരിച്ചിരുന്നു. ചിറപ്പു കേമമായും ഭംഗിയായും നടക്കുകയും അവിടുന്നു സന്തോഷിച്ചു സര്‍വ്വാധികാര്യക്കാര്‍ക്കു ചില സമ്മാനങ്ങള്‍ കല്‍പിച്ചു കൊടുക്കുകയും ചെയ്തു. സര്‍വ്വാധികാര്യക്കാര്‍ പല ദിക്കുകളിലേക്ക് ആളുകളെ ഓടിച്ച് അസംഖ്യം പഴുക്കടയ്ക്കയും കുലച്ച വാഴകളും വരുത്തി, കായയെല്ലാമറുത്തുകളഞ്ഞ് അവയുടെ സ്ഥാനത്തു പഴുക്കടയ്ക്ക കുത്തിക്കോര്‍ത്താണ് പഴക്കുലവാഴകളുണ്ടാക്കിച്ചത്. അവിടത്തെ അഭിപ്രായവും അതുതന്നെയായിരുന്നു. ബുദ്ധിമാനായ സര്‍വ്വാധികാര്യക്കാര്‍ അതറിഞ്ഞു പ്രവര്‍ത്തിച്ചതിനാലാണ് തിരുമനസ്സില്‍ സന്തോഷമുണ്ടാകുകയും കല്‍പ്പിച്ചു സമ്മാനം കൊടുക്കുകയും ചെയ്തത്. തിരുമനസ്സിലേക്ക് സന്തോഷം തോന്നിയാല്‍ ഉടനെ എന്തെങ്കിലും കല്‍പ്പിച്ചു സമ്മാനം കൊടുക്കുക പതിവാണ്. ഒരിക്കല്‍ തിരുവനന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവകാലത്ത് ഒരു ദിവസം ശീവേലിക്കെഴുന്നള്ളിച്ചിരുന്ന സമയം മഹാരാജാവു തിരുമനസ്സുകൊണ്ടു ശ്രീപത്മനാഭസ്വാമിയെ ഉദ്ദേശിച്ച് തന്റെ അടുക്കല്‍ നിന്നിരുന്ന സേവകനും വിദ്വാനും മഹാകവിയുമായിരുന്ന കിളിമാനൂര്‍ ചെറുണ്ണിക്കോയിത്തമ്പുരാനവര്‍കളോട്:
-
- "ശിബികായാം വിഭാത്യേഷഃ
- ശ്രീമാനംബുരുഹേക്ഷണഃ"
എന്നൊരു ശോകത്തിന്റെ പൂര്‍വാര്‍ദ്ധം തത്ക്ഷണമുണ്ടാക്കി കല്‍പ്പിക്കുകയും ഉടനെ കോയിത്തമ്പുരാനവര്‍കള്‍ ഉത്തരാര്‍ദ്ധമായി,
-
- "കനകാദ്രിസമാരൂടന്മ
- ഘനകാന്തിം വിഡംബയന്‍"
എന്നുണ്ടാക്കിച്ചൊല്ലുകയും ശീവേലി കഴിഞ്ഞു കൊട്ടാരത്തിലെഴുന്നള്ളിയ ഉടനെ തിരുമനസ്സുകൊണ്ടു കോയിത്തമ്പുരാന് ആയിരംരൂപാ വിലയുള്ള വൈരക്കല്ലുകള്‍ വച്ച ഒരു ജോടി കടുക്കനും ഇപ്രകാരംതന്നെ ഒരാറാട്ടുദിവസം പത്മനാഭസ്വാമിയെ ശംഖുമുഖത്തേക്ക് (പടിഞ്ഞാറെ സമുദ്രതീരത്തേക്ക്) എഴുന്നള്ളിച്ച സമയം അകമ്പടിയായി എഴുന്നെള്ളിയിരുന്ന തിരുമനസ്സുകൊണ്ടു വഴിയുടെ രണ്ടു ഭാഗത്തുമുള്ള മേടകളില്‍ സുന്ദരിമാരായ സ്ത്രീകളുടെ മുഖങ്ങള്‍ കണ്ടിട്ട്
-
- "രാകാശശാങ്കകലിതായതാമാലികേവ
- മുഗ്ദ്ധാംഗനാവദനപംക്തിരിഹാവഭാതി"
എന്നൊരു ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം തത്ക്ഷണമുണ്ടാക്കിക്കല്‍പ്പിക്കുകയും അതിന്റെ ഉത്തരാര്‍ദ്ധമായി കോത്തമ്പുരാനവര്‍കള്‍ ഉടനെ
-
- "കിന്ത്വത്ര പങ്കജധിയാ മധുപാവലീവ
- ദുരാത്സമാപതതി കാമിജനാക്ഷിപംക്തിഃ"
എന്നുണ്ടാക്കിച്ചൊല്ലുകയും തിരുമനസ്സുകൊണ്ട് സന്തോഷിച്ച് അതിലേക്ക് കോയിത്തമ്പുരാനവര്‍കള്‍ക്ക് ഒരട്ടത്തോടന്‍ വീരശൃംഖലയും കല്‍പ്പിച്ചു സമ്മാനിച്ചു എന്നുള്ളതു പ്രസിദ്ധമാണല്ലോ.
ഇങ്ങനെ അവിടുന്ന് ഓരോ സന്ദര്‍ഭങ്ങളില്‍ ഓരോ കാരണങ്ങളാല്‍ പലര്‍തക്കും അനേകം സമ്മാനങ്ങള്‍ കല്‍പിച്ചുകൊടുത്തിട്ടുണ്ട്. തിരുമനസ്സുകൊണ്ടു വലിയ വിദ്വാനും മഹാകവിയുമായിരുന്നതിനാല്‍ സംസ്കൃതവിദ്വാന്‍മാരും സംഗീതവിദ്വാന്‍മാരും മറ്റുമായ യോഗ്യന്‍മാര്‍ പ്രതിദിനമെന്നപോലെ അവിടുത്തെ മുഖം കാണിക്കുന്നതിനായി ദൂരദേശങ്ങളില്‍നിന്നു തിരുവനന്തപുരത്തു വന്നുകൊണ്ടിരുന്നു. അവരെയെല്ലാം തിരുമനസ്സുകൊണ്ട് യഥായോഗ്യം സല്‍ക്കരിക്കുകയും ചെയ്തിരുന്നു. തിരുമനസ്സുകൊണ്ടു സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ പാണ്ഡിത്യമുള്ള ആളായിരുന്നതിനാല്‍ വരുന്നവരെല്ലാം ഒരുവിധം ലജ്ജാവനതമുഖന്‍മാരായിട്ടാണ് മടങ്ങിപ്പോവുക പതിവ്. താര്‍ക്കികന്‍മാരും വൈയാകരണന്‍മാരും ആലങ്കാരികന്‍മാരും മറ്റുമായി പരദേശങ്ങളില്‍നിന്നു വരുന്ന വിദ്വാന്‍മാരോടു തിരുമനസ്സു കൊണ്ട് കല്‍പ്പിച്ചു രണ്ടോ മൂന്നോ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴേക്കും അവര്‍ തോല്‍ക്കുക പതിവാണ്. അപ്രകാരംതന്നെ സംഗീതവിദ്വാന്‍മാര്‍ വന്നാലും അവരില്‍ പാട്ടുകാരെകൊണ്ടു പാടിക്കുകയും വീണവായനക്കാരെക്കൊണ്ടു വീണ വായിപ്പിക്കുകയും കല്‍പ്പിച്ചുകേട്ടിട്ടു സസന്തോഷം അവതെ വളരെ ശാഘിച്ചു ചിലതൊക്കെ കല്‍പ്പിക്കുകയും ഒടുക്കം തിരുമനസ്സുകൊണ്ടു സ്വല്‍പം പാടുകയോ വീണവായിക്കുകയോ ചെയ്യുകയും പതിവാണ്. തിരുമനസ്സിലെ പാട്ടോ വീണവായനയോ കേള്‍ക്കുന്ന വിദ്വാന്‍മാരെല്ലാം അത്ഭുതപരവശന്‍മാരും ലജ്ജാവിഹ്വലന്‍മാരുമായിത്തീരും. ഈ ഗന്ധര്‍വ്വന്റെ മുമ്പില്‍ വന്നു തങ്ങളുടെ അല്പജ്ഞതയെ പ്രകടിപ്പിച്ചതു ഭോഷത്വമായിയെന്നും "ഇവിടെനിന്നു സമ്മാനമൊന്നും കിട്ടണമെന്നില്ല, വല്ലവിധവും പോയിപ്പിഴച്ചാല്‍ മതി" എന്നും അവര്‍ വിചാരിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും തിരുമനസ്സുകൊണ്ട് എല്ലാവര്‍ക്കും യഥായോഗ്യം സമ്മാനങ്ങള്‍ കല്‍പ്പിച്ചുകൊടുക്കാറുണ്ട്.
തിരുമനസ്സിലേക്ക് മലയാളത്തിലെന്നപോലെ സംസ്കൃതം, തമിഴ്, ഹിന്ദുസ്ഥാനി, തെലുങ്ക് മുതലായി അനേകം ഭാഷകളില്‍ അപാരമായ പാണ്ഡ്യത്യമുണ്ടായിരുന്നു. അവയിലെല്ലാം കല്പിച്ചു പാട്ടുകളും മറ്റുമായി കവിതകളുണ്ടാക്കീട്ടുണ്ട്. അവയില്‍ പ്രധാനങ്ങള്‍ ഉത്സവവര്‍ണ്ണനം, മണി പ്രവാളബന്ധവും മണിപ്രവാളപദങ്ങളും, സംസ്കൃതത്തില്‍ അജാമിളോപാഖ്യാനം, കുചേലോപാഖ്യാനം എന്നിവയുമാണ്. ഇവകൂടാതെ അനേകം പദങ്ങളും വര്‍ണ്ണങ്ങളും കീര്‍ത്തനങ്ങളും മറ്റും കല്‍പ്പിച്ചുണ്ടാക്കീട്ടുണ്ട്. കല്‍പ്പിച്ചുണ്ടാക്കീട്ടുള്ള കീര്‍ത്തനങ്ങളും പദങ്ങളും വര്‍ണ്ണങ്ങളും മറ്റും കേരളത്തിലും പരദേശങ്ങളിലുമുള്ള സംഗീതവിദ്വാന്‍മാര്‍ ഇപ്പോഴും പഠിക്കുകയും പാടുകയും ചെയ്തുവരുന്നുണ്ട്.
തിരുമനസ്സുകൊണ്ട് സ്വായത്തസിദ്ധിയായ ഒരു മഹാരാജാവു തന്നെയായിരുന്നു. സകലകാര്യങ്ങളും സ്വയമേവ ആലോചിച്ചു തീര്‍ച്ചചെയ്യുന്ന തല്ലാതെ അന്യോപദേശപ്രകാരം അവിടുന്നു യാതൊന്നും കല്പിച്ചു ചെയ്തിരുന്നില്ല. രാജ്യകാര്യങ്ങളെല്ലാം അവിടുന്നുതന്നെയാണ് അന്വേഷിക്കുകയും നടത്തുകയും ചെയ്തിരുന്നത്. കല്‍പ്പനപ്രകാരമല്ലാതെ ഒരു കാര്യവും അക്കാലത്തു രാജ്യത്തു നടന്നിരുന്നില്ല. ദിവാന്‍ജി മുതലായ ഉദ്യോഗസ്ഥന്‍മാര്‍ തിരുമനസ്സിലെ കല്‍പ്പന പ്രകാരം കാര്യങ്ങള്‍ ചട്ടംകെട്ടി നടത്തുക മാത്രമേ അക്കാലത്തു ചെയ്തിരുന്നുള്ളു. അന്നത്തെ ദിവാന്‍ജി ഒരിക്കല്‍ ഒരുമാസത്തെ അവധി കിട്ടിയാല്‍ക്കൊള്ളാമെന്നു തിരുമനസ്സിലെ അടുക്കല്‍ അപേക്ഷിക്കുകയും അപേക്ഷപ്രകാരം കല്‍പ്പിച്ചനുവദിക്കുകയും ചെയ്തു. ദിവാന്‍ജി ജോലി വിട്ടു പോകുന്നതിനു നിശ്ചയിച്ച ദിവസം തിരുമുമ്പാകെച്ചെന്നു മുഖം കാണിക്കുകയും "പകരം കല്‍പ്പിചു നിയമിക്കുന്നതു പഴക്കവും പരിചയമുള്ളവരില്‍ ആരെയെങ്കിലും വേണം. അല്ലെങ്കില്‍ കാര്യങ്ങള്‍ക്കു കുഴപ്പം നേരിട്ടേയ്ക്കും" എന്നു തിരുമനസ്സറിയിക്കുകയും അപ്രകാരം ഒരു ഭൃത്യനെ വിളിച്ച് "ഹജൂര്‍ കച്ചേരി അടിച്ചുവാരി പഴകിത്തേഞ്ഞിട്ടുള്ള ഒരു ചൂലെടുത്തു ദിവാന്‍ജി കച്ചേരിയില്‍ പതിവായിട്ടിരിക്കുന്ന കസേരയില്‍ വച്ചേക്കണം. ദിവാന്‍ജി തിരിച്ചുവന്നിട്ടല്ലാതെ അത് അവിടെ നിന്ന് എടുത്തുമാറ്റുകയുമരുത്" എന്നു കല്‍പ്പിച്ചു. ആ ഭൃത്യന്‍ അപ്രകാരം ചെയ്തു. ദിവാന്‍ജിക്കു പകരം ജോലി നോക്കുന്നതിന് ആരെയും കല്പിച്ചു നിയമിച്ചുമില്ല. ഒരു മാസം കഴിഞ്ഞു ദിവാന്‍ജി തിരിച്ചുവന്നു ജോലിയില്‍ പ്രവേശിക്കുന്നതിനായി കച്ചേരിയില്‍ ചെന്നപ്പോള്‍ താന്‍ പതിവായിട്ടിരിക്കുന്ന കസേരയില്‍ ഒരു ചൂലിരിക്കുന്നത് കണ്ട് അതവിടെ കൊണ്ടു ചെന്നു വെച്ചതാരാണെന്നു ചോദിച്ചു ദേഷ്യപ്പെട്ടു. അപ്പോള്‍ ഒരു ശിപായി കല്‍പ്പനപ്രകാരമാണ് അങ്ങനെ ചെയ്തതെന്നു ബോധിപ്പിക്കുകയും ചൂല് അവിടെനിന്ന് എടുത്തു മാറ്റുകയും ചെയ്തു. ദിവാന്‍ജി സ്ഥലത്തില്ലാതെയിരുന്ന ഒരു മാസത്തിനിടയ്ക്കു രാജകാര്യങ്ങളില്‍ യാതൊരു കുഴപ്പവും കൂടാതെ എല്ലാം ശരിയായി നടന്നിരുന്നു എന്നറിഞ്ഞപ്പോള്‍ ദിവാന്‍ജി എന്നൊരാളെ പേരിനു മാത്രമായിട്ടാണ് കല്‍പ്പിച്ചു നിയമിച്ചിട്ടുളളതെന്നും രാജ്യകാര്യങ്ങളെല്ലാം തിരുമനസ്സിലെ ശക്തികൊണ്ടാണ് നടന്നുപോകുന്നതെന്നും തന്നെ അറിയിക്കാനായിട്ടാണ് കല്പിച്ച് ഇപ്രകാരം ചെയ്യിച്ചതെന്നു ബുദ്ധിമാനായ ദിവാന്‍ജി മനസ്സിലാക്കുകയാല്‍ പിന്നെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞതുമില്ല.
ഈ തിരുമനസ്സുകൊണ്ടു പ്രധാനമായി കല്‍പ്പിച്ചു ചെയ്തിട്ടുള്ള സംഗതികള്‍, തിരുവനന്തുപുരത്ത് ഇദംപ്രഥമമായി ഒരിംഗ്ലീഷ് പള്ളിക്കൂടവും നക്ഷത്രബംഗാവും സ്ഥാപിക്കുകയും ഇപ്പോഴും "പുത്തന്‍മാളിക" എന്നുതന്നെ പറഞ്ഞുവരുന്ന കെട്ടിടം പണിയിക്കുകയും രഥമുണ്ടാക്കിച്ചു രഥത്തിലെഴുന്നള്ളത്തു തുടങ്ങുകയും ഹജൂര്‍കച്ചേരിയും മറ്റും കൊല്ലത്തുനിന്നു മാറ്റി തിരുവനന്തപുരത്താക്കുകയും ജനങ്ങള്‍ക്കു ദുസ്സഹങ്ങളും ദുര്‍വ്വഹങ്ങളുമായിരുന്ന ചില നികുതികള്‍ നിര്‍ത്തുകയും സര്‍വ്വേ തുടങ്ങിക്കുകയും മറ്റുമാണ്. ഈ തിരുമനസ്സുകൊണ്ട് ധാര്‍മ്മികനും ദാനശീലനും അനേകം ദാനധര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ള ആളുമായിരുന്നു. അവിടുന്നു സിംഹാസനാരോഹണം ചെയ്തതായ 1004-ആമാണ്ടു തന്നെ തുലാപുരുഷദാനവും 1009-ആമാണ്ടു പത്മഗര്‍ഭദാനവും കല്പിച്ചു നടത്തി. ഇപ്രകാരമെല്ലാം ഗുണവാനും അമാനുഷപ്രഭാവനുമായിരുന്ന ആ മഹാരാജാവു തിരുമനസ്സുകൊണ്ട് 34-ആമത്തെ തിരുവയസ്സില്‍ 1022-ആമാണ്ടു ധനുമാസത്തില്‍ നിത്യാനന്ദപ്രദമായ പത്മനാഭ സായൂജ്യത്തെ പ്രാപിക്കുകയും ചെയ്തു.