ചെങ്ങന്നൂര്‍ മഹാക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തികള്‍ പാര്‍വ്വതീ പരമേശ്വരന്മാരാണ്. എന്നാല്‍ആദേവിയുടെ പേരിനു മാത്രമേ പ്രസിദ്ധി യുള്ളൂ. ദേവീസാന്നിദ്ധ്യം കൂടിയുള്ള സ്ഥലങ്ങളിലെല്ലാം ഇങ്ങിനെയിരി ക്കുന്നതു സാധാരണമാണ്. തിരുമാന്ധാംകുന്ന്, കൊടുങ്ങല്ലൂര്‍, പനയന്നാര്‍ ക്കാവ് ഈ ക്ഷേത്രങ്ങളില്‍ പ്രധാനമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതു ശിവനാണല്ലോ. എങ്കിലും ആ സ്ഥലങ്ങളിലെല്ലാം ഭഗവതികള്‍ക്കാണു പ്രസിദ്ധി. അതുപോലെതന്നെ ചെങ്ങന്നൂരും ഭഗവതിയെ കുറിച്ചല്ലാതെ ശിവനെക്കുറിച്ചു ആരുമൊന്നുംപറഞ്ഞു കേള്‍ക്കുന്നില്ല. ആ ദേവിയുടെ പ്രസിദ്ധിയും മാഹാത്മ്യവും ഒട്ടും ചില്ലറയല്ലതാനും. അവയെക്കുറിച്ചു പിന്നാലെ പ്രസ്താവിയ്ക്കാം. ഈ ദേവീ ദേവന്മാര്‍ ഇവിടെ ആവിര്‍ഭവിച്ചതിന്റെ കാരണം തന്നെ ആദ്യമെ പറഞ്ഞു കൊള്ളുന്നു.
പണ്ടു പാര്‍വ്വതീസ്വയംവരത്തിനായിട്ടു ശ്രീ പരമേശ്വരനും തദ്ദര്‍ശാനാര്‍ഥം ബ്രഹ്മാവും, വിഷ്ണുവും, ഇന്ദ്രാദിദേവന്മാരും, സിദ്ധന്മാര്‍, സാദ്ധ്യന്മാര്‍, കിന്നരന്മാര്‍, കിമ്പുരുഷന്മാര്‍, യക്ഷന്മാര്‍, ഗന്ധര്‍വന്മാര്‍ മുതലായ ദേവയോനികളും, അപ്സരസ്സുകളും സകല മഹര്‍ഷികളും മറ്റും ഹിമവല്‍ പാര്‍ശ്വത്തിങ്കല്‍ ചെന്നു ചേര്‍ന്നപ്പോള്‍ അവരുടെ ഭാരം കൊണ്ടു ഭൂഗോളം വടക്കോട്ടു മറിഞ്ഞേക്കുമോ എന്നു സംശയിച്ചു ബ്രഹ്മാദികളായ ത്രിമൂര്‍ത്തികള്‍ അത്യന്തം തപശ്ശക്തിയുള്ള മഹാനായ അഗസ്ത്യമഹര്‍ഷിയെ വിളിച്ചു തെക്കു പമ്പാനദിയുടെ തെക്കെക്കരയിലുള്ള ശോണാദ്രിയില്‍ ച്ചെന്നു, ഈ സ്വയംവരം കഴിഞ്ഞു ഹിമവല്‍ പാര്‍ശ്വത്തിങ്കല്‍നിന്നു എല്ലാവരും പിരിഞ്ഞുപോകുന്നതുവരെ ഇരിക്കാന്‍ നിയോഗിച്ചു. അതു കേട്ടു അഗസ്ത്യമഹര്‍ഷി "ശോണാദ്രിയില്‍ ചെന്നു ഇരിക്കുന്നതിനു വിരോധ മില്ല. എങ്കിലും ദേവിയുടെ സ്വയംവരമഹോത്സവം കാണാതെ പോകുന്ന കാര്യത്തില്‍ അപാരമായ മനസ്താപമുണ്ട് എന്നു പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ് അതിനെക്കുറിച്ചു മനസ്താപം വേണ്ട, ഇവിടെയുണ്ടാകുന്ന ഘോഷങ്ങളെല്ലാം അവിടെ കാണീച്ചു തരാം" എന്നു പറഞ്ഞു. ഉടനെ മഹര്‍ഷി എന്നാല്‍ മതി എന്നു സമ്മതിച്ചു അവിടെനിന്നു പോയി ശോണാദ്രിയിലെത്തി തപോനിഷ്ഠയോടുകൂടിതന്നെ അവിടെയിരുന്നു. സ്വയംവരാനന്തരം ശ്രീപരമേശ്വരനും, ശ്രീപാര്‍വ്വതിയും, ബ്രഹ്മാവും, വിഷ്ണുവും, ഇന്ദ്രാദിദേവന്മാരും മറ്റും ശോണാദ്രിയില്‍ അഗസ്ത്യമഹര്‍ഷി യുടെ അടുക്കല്‍ സാഘോഷം ചെന്നുചേര്‍ന്നു. അപ്പോള്‍ ശ്രീപാര്‍വതി തൃപ്പൂത്ത് (ഋതു) ആയി. പിന്നെ ഋതുശാന്തിക്കല്യാണം അവിടെ വെച്ചു കെങ്കേമമായിനടത്തി. അതിന്റെ ഘോഷങ്ങളെല്ലാം കണ്ടപ്പോള്‍ അഗസ്ത്യ മഹര്‍ഷിക്കു സ്വയംവരോത്സവം കാണാഞ്ഞിട്ടുണ്ടായ മനസ്താപം തീര്‍ന്നു. അനന്തരം ബ്രഹ്മാദികള്‍ അവിടെ നിന്നു പിരിഞ്ഞു പോവുകയും ചെയ്തു. അവിടം അന്നു വലിയ വനപ്രദേശമായിരുന്നു. പിന്നെയും വളരെക്കാലം അങ്ങിനെ തന്നെ കിടന്നിരുന്നു.
അനന്തരം ശ്രീപരശുരാമന്‍ പരദേശങ്ങളില്‍ നിന്നു ബ്രാഹ്മണരേയും മറ്റും കേരളത്തില്‍ കൊണ്ടുവന്നതിന്റെ ശേഷം അവരില്‍ ചിലര്‍ ഈ സ്ഥലം വെട്ടി തെളിച്ചു ജനവാസയോഗ്യമാക്കിതീര്‍ത്തു. പിന്നെ കേരള രാജ്യത്തെ വടക്കു മുപ്പത്തിരണ്ട്, തെക്കു മുപ്പത്തിരണ്ട് ഇങ്ങനെ അറുപത്തി നാലു ഗ്രാമങ്ങളാക്കി വിഭജിച്ചപ്പോള്‍ ഈ സ്ഥലവും ഒരു ഗ്രാമവും മലയാളബ്രാഹ്മണസങ്കേതവും, അഞ്ഞിപ്പുഴതമ്പുരാന്‍ ഈ ദേശത്തിന്റെ അധിപനുമായിത്തീര്‍ന്നു. "ശോണാദ്രി" എന്നുള്ള ഗീര്‍വ്വാണപദം മലയാള ത്തിലായപ്പോള്‍ "ചെങ്കുന്നു" എന്നായി. അതു ഒരു ഊരു (ഗ്രാമം) കൂടിയാ യപ്പോള്‍ ചെങ്കുനൂരെന്നായി. അതു കാലക്രമേണ ചെങ്ങനൂരായി പരിണമിച്ചു.
ഇപ്പോള്‍ ചെങ്ങന്നൂര്‍ ക്ഷേത്രമിരിക്കുന്ന സ്ഥലം വഞ്ഞിപ്പുഴ തമ്പുരാന്റെ അധീനതയിലുള്‍പ്പെട്ടതായിരുന്നതിനാല്‍ അവിടുന്നു ആ സ്ഥലം "നയനാരുപിള്ള" എന്നൊരാള്‍ക്കു പാട്ടത്തിനു കൊടുത്തിരുന്നു. ആ നയനാരുപിള്ളയുടെ കൂലിവേലക്കാരത്തിയായ ഒരു കുറത്തി ഒരു ദിവസം അവളുടെ അരിവാള്‍മൂര്‍ച്ച കൂട്ടാനായി അവിടെ കണ്ട ഒരു കല്ലിന്മേല്‍ ഇട്ടു തേച്ചു. അപ്പോള്‍ ആ കല്ലില്‍ നിന്നും രക്തം പ്രവഹിച്ചു തുടങ്ങി. അവള്‍ അതു കണ്ടു പേടിച്ചു പരിഭ്രമിച്ചു ഓടിച്ചെന്ന് ഈ വിവരം നായനാരുപിള്ളയോടു പറഞ്ഞു. നയനാരുപിള്ള അതു വഞ്ഞിപുഴ തമ്പുരാന്റെ അടുക്കലറിയിച്ചു. തമ്പുരാന്‍ ഉടനെ തന്റെ സ്വജനങ്ങളായ ബ്രാഹ്മണശ്രഷ്ഠന്മാരോടുകൂടി ആ സ്ഥലത്തെത്തി. അപ്പോഴേയ്ക്കും പരൗ പ്രധാനന്മാരായ പല യോഗ്യന്മാരും അവിടെ വന്നു കൂടി. തമ്പുരാന്റെ കൂടെ ചെന്ന ബ്രാഹ്മണരില്‍ ഒരാള്‍ അവിടുത്തെ സ്വജനവും പ്രസിദ്ധ തന്ത്രിയുമായിരുന്ന താഴമണ്‍ പോറ്റിയായിരുന്നു. അദ്ദേഹം മന്ത്രതന്ത്രങ്ങളി ലെന്നപോലെ സകലശാസ്ത്രങ്ങളിലും അതി നിപുണനായ ഒരു ദിവ്യനു മായിരുന്നു. അദ്ദേഹം ആ ശിലയും രക്തപ്രവാഹവും കണ്ടിട്ടു സ്വˉനേരം ധ്യാനനിഷ്ഠനായി ഇരുന്നതിനു ശേഷം "ഇതു കേവലം കാട്ടുശിലയല്ലെന്ന് ഈ രക്തപ്രവാഹം കൊണ്ടു തന്നെ സ്പ ഷ്ടമാകുന്നുണ്ടല്ലോ. ഇതു സ്വയം ഭൂവായ ശിവലിംഗമാണ്. ഇങ്ങിനെ കാണപ്പെടുന്ന ഈശ്വരബിംബത്തിങ്കല്‍ ഉടനെ ഒരു നിവേദ്യമെങ്കിലും കഴിക്കാഞ്ഞാല്‍ പെട്ടന്നു അപ്രത്യക്ഷമായി പ്പോയെന്നും വരാം. ഈ രക്തപ്രവാഹം നില്ക്കുന്നതിനു തല്‍ക്കാലം മുപ്പത്തിയാറു പറ നെയ്യു ഈ ബിംബത്തിനു ആടേണ്ടിയിരിക്കുന്നു. സമന്ത്രം ഘൃതധാര ചെയ്യാതെ ഈ രക്തസ്രാവം നില്ക്കുകയില്ല"എന്നു പറഞ്ഞു. ഉടനെ വഞ്ഞിപ്പുഴതമ്പുരാന്‍ നിവേദ്യത്തിനു വേണ്ടുന്ന സാധന ങ്ങളും ആടുന്നതിനു മുപ്പത്തിയാറു പറ നെയ്യും അവിടെ വരുത്തി ക്കൊടുത്തു. താഴമണ്‍പോറ്റി അവയെടുത്തു നിവേദ്യവും നെയ്യാട്ടവും നടത്തുകയും ഉടനെ രക്തസ്രാവം നിലയ്ക്കുകയും ചെയ്തു.
അനന്തരം വഞ്ഞിപുഴതമ്പുരാന്‍ താഴമണ്‍പോറ്റി മുതലായവര്‍ യോഗം കൂടി അവിടെ ക്ഷേത്രം പണിയിക്കുന്നതിനുള്ള ആലോചന തുടങ്ങി. അപ്പോള്‍ താഴമണ്‍ പോറ്റി "ഇവിടെ ശിവന്‍ മാത്രമല്ല ഇളകൊണ്ടിരിക്കുന്നത്, ശ്രീ പാര്‍വ്വതിയുടെ സാന്നിദ്ധ്യവുമുണ്ട്. അതിനാല്‍ ക്ഷേത്രം പണിയുമ്പോള്‍ ശിവന്റെ ശ്രീ കൊവിലോടുകൂടി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനും ഒരു ഗര്‍ഭഗൃഹമുണ്ടായിരിക്കണം" എന്നു പറഞ്ഞു.
ഇങ്ങനെ യോഗക്കാര്‍ ഓരോന്നു പറയുകയും ആലോചിക്കുകയും ചെയ്തുകൊണ്ടിരുന്ന അവസരത്തില്‍ സാക്ഷാല്‍ ഉളിയന്നൂര്‍ പെരുന്തച്ചന്‍ ദൈവഗത്യാ അവിടെ വന്നുചേര്‍ന്നു. പെരുന്തച്ചനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാവരും "അയേ! മൃഗ്യമാണാ ലതാ പാദയോഃ പ്രാതാ (തേടിയ വള്ളി കാലില്‍ ചുറ്റി) എന്നു വിചാരിച്ചു ഏറ്റവും സന്തോഷത്തോടു കൂടി അദ്ദേഹത്തെ സാദരം സത്കരിച്ചു ഇരുത്തി, അവിടെയുണ്ടായ സംഗതികളും തങ്ങളുടെ ആലോചനയും അദ്ദേഹത്തെ ഗ്രഹിപ്പിക്കുകയും
അമ്പലം പണിയുന്നതിനു ഒരു കണക്കു ചാര്‍ത്തിക്കൊടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. പെരുന്തച്ചന്‍ രണ്ടുമൂന്നു ദിവസം അവിടെ താമസിച്ച് അമ്പലം, കൂത്തമ്പലം, ഗോപുര ങ്ങള്‍ മുതലായവയുടെ കണക്കുകള്‍ ചാര്‍ത്തിക്കൊടുക്കുകയും "താമസി യാതെ ഇനിയും വന്നുകൊള്ളാം" എന്നു പറഞ്ഞിട്ടു അവിടെ നിന്നു പോവുകയും ചെയ്തു.
അനന്തരം ഏതാനും മാസങ്ങള്‍ക്കു ശേഷം പെരുന്തച്ചന്‍ പിന്നെയും അവിടെ ചെന്നിരുന്നു. അപ്പോഴേയ്ക്കും അമ്പലം പണി മിക്കവാറും തീര്‍ന്നിരുന്നു. ശിവന്റെ ശ്രീകോവില്‍ കിഴക്കോട്ടു ദര്‍ശനമായി തുരവാ യിട്ടും പാര്‍വ്വതിയുടെ ശ്രീകോവില്‍ തുരവിനു പുറത്തു പടിഞ്ഞാട്ടു ദര്‍ശന വുമായിട്ടായിരുന്നു പണിതിരുന്നത്. പെരുന്തച്ചന്‍ നിശ്ചയിച്ചിരുന്നതും അങ്ങിനെ തന്നെയായിരുന്നു. ചുറ്റമ്പലം, തിടപ്പള്ളി മുതലായവയും പണി തീര്‍ത്തിരുന്നു. എന്നാല്‍ കൂത്തമ്പലത്തിന്റെ പണി ആരംഭിക്കുകപോലും ചെയ്തിരുന്നില്ല. അതിന്റെ കണക്കു സാധാരണ രീതിയിലല്ല പെരുന്തച്ചന്‍ കണക്കു കൊടുത്തിരുന്നത്. കൂത്തമ്പലം കുക്കുടാണ്ഡാകൃതിയില്‍ പണിതീര്‍ക്കത്തക്കവണ്ണമായിരുന്നു കണക്കുണ്ടാക്കിക്കൊടുത്തിരുന്നത്. അങ്ങനെ പണിതീര്‍ക്കുന്നതിന് ആ ദിക്കിലും അടുത്ത പ്രദേശങ്ങളിലുമു ണ്ടായിരുന്ന ആശാരിമാര്‍ വിചാരിച്ചിട്ടു സാധിച്ചില്ല. അതിനാല്‍ പെരുന്തച്ചന്‍ ഏതാനും മാസങ്ങള്‍ അവിടെ താമസിച്ചു സ്വയമേവ പണിതും പറഞ്ഞുകൊടുത്തു മറ്റുള്ള ആശാരിമാരെക്കൊണ്ടു പണിയിച്ചും കൂത്തമ്പലം തീര്‍ത്തു.
അമ്പലം പണിയെല്ലാം കുറ തീര്‍ന്നപ്പോള്‍ വഞ്ഞിപ്പുഴതമ്പുരാന്‍ മുതലായവര്‍ ശ്രീപാര്‍വതിയുടെ ഒരു ശിലാവിഗ്രഹം പെരുന്തച്ചന്‍ തന്നെ ആവശ്യപ്പെട്ടു. ഉടനെ പെരുന്തച്ചന്‍ ഉണ്ടാക്കിക്കൊടുക്കണമെന്ന് മതില്‍ക്കകത്തെല്ലാം ചുറ്റി നടന്നു, ആ സ്ഥലം ആകപ്പാടെ പരിശോധി ച്ചതിന്റെ ശേഷം മതില്‍ക്കകത്തു വായു കോണില്‍ ഒരു സ്ഥലം തൊട്ടു കാണിച്ചിട്ട് അവിടെ വെട്ടി കുഴിച്ചു മണ്ണു മാറ്റിക്കുവാന്‍പറഞ്ഞു. തമ്പുരാന്റെ കˉനപ്രകാരം അങ്ങനെ ചെയ്തപ്പോള്‍ മണ്ണീനടിയില്‍ നിന്നും ദേവിയുടെ ഒരു ശിലാവിഗ്രഹം യാതൊരു കേടുംകൂടാതെ കണ്ടുകിട്ടി. പെരുന്തച്ചന്‍ ആ വിഗ്രഹമെടുത്ത് അവിടെ കൊടുത്തിട്ടു പിന്നെയും അവിടെനിന്നു പോയി.
അടുത്തുണ്ടായിരുന്ന ശുഭമുഹൂര്‍ത്തത്തില്‍ ദേവീപ്രതിഷ്ഠയും ദേവനും ദേവിയ്ക്കും യഥാവിധി കലശം ഉത്സവം മുതലായവയും നടത്തു കയും നിത്യദാനം, മാസവിശേഷം, ആട്ടവിശേഷം മുതലായവ നിശ്ചയിച്ചു അവയ്ക്കെല്ലാം പതിവുകളേര്‍പ്പെടുത്തുകയും ചെയ്തു. ആണ്ടുതോറും ധനുമാസത്തില്‍ കൊടി കയറി ഇരുപത്തെട്ടു ദിവസത്തെ ഉത്സവം വേണമെന്നാണ് നിശ്ചയിച്ചത്. അങ്ങനെ ഇപ്പൊഴും നടന്നു വരുന്നുണ്ട്. ആ മുറയ്ക്കു സാധാരണ ആറാട്ടു മകരമാസത്തില്‍ തിരുവാതിര നാളാകും. എന്നാല്‍ ചില കൊല്ലം ധനുമാസത്തില്‍ രണ്ടു തിരുവാതിര വന്നാല്‍ ആദ്യത്തെ തിരുവാതിര കൊടിയേറ്റും രണ്ടാമത്തെ തിരുവാതിര ആറാട്ടു മായിരിക്കും.
ദേവിയെക്കുറിച്ചു ജനങ്ങള്‍ക്കു ഭക്തിയും വിശ്വാസവും വര്‍ദ്ധിക്കു ന്നതിന് ഒരു കാരണവും കൂടി ഉണ്ടായിത്തീര്‍ന്നു. ഒരു ദിവസം ശാന്തി ക്കാരന്‍ കുളിച്ചു ചെന്നു ദേവിയുടെ നട തുറന്നു നിര്‍മ്മാല്യം വാങ്ങിയ പ്പോള്‍ ഉടയാടയില്‍ രജസ്സു കാണുകയാല്‍ സംശയിച്ചു നിര്‍മ്മാല്യ ത്തോടു(പൂവ്, മാല മുതലായവയോടു)കൂടെ ഉടയാട പതിവുപോലെ പുറത്തിടുകയും സംശിയിക്കപ്പെട്ട സംഗതി സ്വകാര്യമായി കഴകക്കാരന്‍ വാര്യരോടു പറയുകയും ചെയ്തു. വാരിയര്‍ ആ സംഗതി ദേവസ്വക്കാരെ അറിയിക്കുകയും അവരുടെ നിയോഗപ്രകാരം ആ ഉടയാട പൊതിഞ്ഞു കെട്ടി വഞ്ഞിപ്പുഴ മഠത്തില്‍ കൊണ്ടുപോയി അകത്തു കൊടുപ്പിച്ചു വലിയതമ്പുരാട്ടിയെ കാണിക്കുകയും വലിയ തമ്പുരാട്ടി നോക്കി പരിശോധിച്ചു ദേവി ഋതുവായതു തന്നെയാണന്നു തീര്‍ച്ചപ്പെടുത്തുകയും എങ്കിലും താഴമണ്‍ മഠത്തില്‍ കൊണ്ടു പോയി അവിടുത്തെ വലിയ അന്തര്‍ ́നത്തെക്കൂടെ കാണിച്ചേക്കണം എന്നു കˉിചു ഉടയാട മടക്കി ക്കൊടുക്കുകയും ചെയ്തു. വാരിയര്‍ ഉടയാട താഴമണ്‍ മഠത്തിലും കൊണ്ടുപോയി ദാസികള്‍ മുഖാന്തിരം അകത്തു കൊടുത്തു കാണിച്ചു. അവിടുത്തെ വലിയ അന്തര്‍ ́നവും നോക്കി വലിയ തമ്പുരാട്ടി കˉിച്ചതു പോലെ തന്നെ തീര്‍ച്ചപ്പെടുത്തി പറഞ്ഞു. ഇങ്ങനെ സംഗതി തീര്‍ച്ചയായ തിന്റെ ശേഷം തന്ത്രിയായ താഴമണ്‍ പോറ്റി അമ്പലത്തില്‍ ചെന്നു പടിഞ്ഞാറെ ചുറ്റമ്പലത്തിന്റെ വടക്കെ മൂലയില്‍ (വായു കോണില്‍) ഉള്ള ഒരു മുറി ദേവസ്വക്കാര്‍ മുഖാന്തിരം കെട്ടി വിതാനിച്ചു അലങ്കരിപ്പിച്ചു ദേവിയെ ശ്രീ കോവിലനകത്തു നിന്നു എഴുന്നള്ളിച്ചു ആ മുറിയിലിരുത്തി ഉടനെ ശ്രീകോവിലടചുപൂട്ടുകയും ചെയ്തു. പിന്നെ മൂന്നു ദിവസത്തേയ്ക്കു ദേവിയ്ക്കു പൂജ, ദീപാരാധന മുതലായവയെല്ലാം ദേവിയെ എഴുന്നുള്ളി ച്ചിരുത്തിയ സ്ഥലത്തു വച്ചു തന്നെ നടത്തി. രാത്രിയില്‍ ദേവിയ്ക്കു തുണയായി മൂന്നു ദിവസം പടിഞ്ഞാറെ ചുറ്റമ്പലത്തില്‍ കിടക്കുന്നതിനു നാലു നായര്‍ സ്ത്രീകളെ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇങ്ങനെ മൂന്നു ദിവസം കഴിഞ്ഞതിന്റെ ശേഷം നാലാം ദിവസം രാവിലെ ദേവിയെ തൃപ്പൂത്താറാട്ടിനായി(ഋതുസ്നാനതിനായിട്ട്) പിടിയാനപ്പുറത്തു കയറ്റി പമ്പാനദിയുടെ കൈവഴിയായ മിത്രപ്പുഴക്കടവ്' എന്ന സ്ഥലത്തേയ്ക്കു വാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചു കൊണ്ടുപോയി. അന്തര്‍ ́ന ങ്ങളുടെ ഋതുസ്നാനം പോലെ മണ്ണാത്തി മാറ്റു മുതലായ ഉപകരണങ്ങ ളോടും പരിചയപ്പെട്ട സ്ത്രീകളുടെ സാഹചര്യത്തോടും കൂടി ആറാടിച്ചു. തന്ത്രി, പരികര്‍മ്മികള്‍ മുതലായവര്‍ ചെന്നു സാധാരണമായി ആറാട്ടുകള്‍ ക്കുള്ള ചടങ്ങുകളോടു കൂടി പുണ്യാഹം, പൂജ മുതലായവയും കഴിച്ചു ദേവിയെ പിടിയാനപ്പുറത്തുതന്നെ വാദ്യഘോഷങ്ങളോടുകൂടി തിരികെ എഴുന്നള്ളിച്ചു മതില്‍ക്കകത്തെത്തിയപ്പോള്‍ പതിവുള്ള എതിരുത്ത (കാലത്തെയുള്ള) ശീവേലിയ്ക്ക് ദേവനെയും എഴുന്നള്ളിച്ചു. പിന്നെ രണ്ടു എഴുന്നള്ളത്തുകളും കൂടി മൂന്നു പ്രദിക്ഷണം കഴിഞ്ഞു ദേവനെ ദേവന്റെ ശ്രീകോവിലിലേയ്ക്കും ദേവിയെ ദേവിയുടെ ശ്രീകോവിലിലേയ്ക്കും എഴുന്നള്ളിച്ചു. അങ്ങിനെ ആ അടിയന്തിരം അവസാനിച്ചു.
അടുത്തമാസത്തിലും ദേവി ഋതുവായി. അപ്പോഴും ശാന്തിക്കാരന്‍ മുന്മാസത്തിലേതുപോലെ ഉടയാട നിര്‍മ്മാല്യത്തോടെയെടുത്തു പുറത്തിടു കയും സംഗതി വാരിയരോടു സ്വകാര്യമായി പറയുകയും ചെയ്തു. വാരിയര്‍ ഉടയാട വഞ്ഞിപ്പുഴമഠത്തിലെ വലിയ തമ്പുരാട്ടിയേയും താഴമണ്‍ മഠത്തിലെ അന്തര്‍ ́നത്തിനെയും കാണിച്ചു സംഗതി തീര്‍ച്ചപ്പെടുത്തു കയും വിവരം ദേവസ്വക്കാരെ അറിയിക്കുകയും തന്ത്രി മുതലായവര്‍ കൂടി തൃപ്പൂത്താറാട്ടുവരെയുള്ള സകല കാര്യങ്ങളും യഥാപൂര്‍വം ഭംഗിയായി നടത്തുകയും ചെയ്തു. അനന്തരം വഞ്ഞിപ്പുഴത്തമ്പുരാന്‍ മുതലായവര്‍ യോഗം കൂടി ദേവി പിന്നെയും മാസം തോറും ഋതുവാകുമെന്നു തന്നെ തീര്‍ച്ചപ്പെടുത്തി. അതു സംബന്ധിച്ചു വേണ്ടുന്ന ചെലവിലേയ്ക്കായി മുതല്‍ വകവെച്ചു ദേവസ്വം വക പതിവു കണക്കില്‍ ചേര്‍ത്തെഴുതിക്കുകയും ദേവിയുടെ പരിചയപ്പെട്ടവരായി ചില വീട്ടുകാരെ നിശ്ചയിക്കുകയും അവര്‍ക്കും ചില അനുഭവങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. ആ അടിയന്തിരം പിന്നെ മുറയ്ക്കു നടന്നു കൊണ്ടിരുന്നു.
അങ്ങിനെയിരുന്ന കാലത്തു പെരുന്തച്ചന്‍ പിന്നെയുമൊരുദിവസം ചെങ്ങന്നൂര്‍ ചെന്നിരുന്നു. അപ്പോള്‍ പഞ്ചലോഹങ്ങള്‍ ചേര്‍ത്തു ഒരു ദേവീ വിഗ്രഹം വാര്‍ത്തുണ്ടാക്കി കൊണ്ടാണ് അദ്ദേഹം ചെന്നത്. ആ ബിംബം തന്ത്രിയായ താഴ്മണ്‍ പോറ്റിയെ ഏˉിച്ചു കൊടുത്തിട്ട് "ഇനിയും ഏതാനും ശതാബ്ദങ്ങള്‍ കഴിയുമ്പോള്‍ ഈ അമ്പലത്തിനു അഗ്നിബാധയുണ്ടാകും. അപ്പോള്‍ അമ്പലത്തോടുകൂടി ഇപ്പോഴത്തെ ദേവീ വിഗ്രഹവും ന ഷ്ടപ്പെട്ടു പോകും. പിന്നീടു അമ്പലം പണി കഴിഞ്ഞു പ്രതിഷ്ഠിക്കുമ്പോള്‍ ഈ വിഗ്രഹം ഉപയോഗിക്കണം. അക്കാലം വരെ ഈ വിഗ്രഹം വടക്കു വശത്തോടുകൂടി ഒഴുകുന്ന നദിയുടെ കരയോടു ചേര്‍ന്നു കാണുന്ന പാറയുടെ സമീപത്തുള്ള കയത്തിലിട്ടേക്കണം. അക്കലത്തുണ്ടായിരിന്ന വര്‍ക്കു ഇതൊന്നുമറിഞ്ഞു കൂടായിരിക്കുമല്ലോ. അതിനാല്‍ അവരുടെ അറിവിനായി ഈ വിവരങ്ങളെല്ലാം ഒരു ഗ്രന്ഥത്തിലെഴുതി സൂക്ഷിച്ചു വയ്ക്കുകയും വേണം" എന്നു പറഞ്ഞിട്ടു പെരുന്തച്ചന്‍ പോവുകയും ആ താഴമണ്‍ പോറ്റി അപ്രകാരമെല്ലാം ചെയ്യുകയും ചെയ്തു.
അനന്തരം ഏതാനും ശതാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ പെരുന്തച്ചന്‍ പറഞ്ഞതുപോലെ അമ്പലത്തിനു അഗ്നിബാധയുണ്ടായി. അപ്പോള്‍ ബിംബഹാനി വരരുതെന്നു കരുതി ജനങ്ങള്‍ കൂടി ആദ്യം ശിവന്റെ ശ്രീകോവിലിനകത്തു ചെളി കോരികൊണ്ടുവന്നിട്ടു നിറച്ചു. പിന്നെ ദേവിയുടെ ശ്രീകോവിലിനകത്തു കൂടെ അപ്രകാരം ചെയ്യുന്നതിനു ചെന്നപ്പോഴേയ്ക്കും തീജ്വാലകൊണ്ട് ആര്‍ക്കും അങ്ങോട്ട് അടുക്കാന്‍ വയ്യാതെയായിപ്പോയതിനാല്‍ അമ്പലം വെന്തു വെണ്ണീറായതിനോടു കൂടിദേവിയുടെ വിഗ്രഹം പൊട്ടിത്തകര്‍ന്നുപോയി. അഗ്നിബാധയില്‍പ്പെട്ട് അമ്പലവും, കൂത്തമ്പലവും ഗോപുരങ്ങളുമെല്ലാം നിശ്ശേഷം അഗ്നിക്കിര യായിതീര്‍ന്നു.
പിന്നെ വഞ്ഞിപ്പുഴതമ്പുരാന്‍ മുതലായയോഗക്കാരും മറ്റും കൂടിയാലോചിച്ചു അധികം താമസിയാതെ അമ്പലവും മറ്റും യഥാപൂര്‍വ്വം പുത്തനായി പണികഴിപ്പിചു. കൂത്തമ്പലം പണിയുന്നതിനു അറിയാവുന്ന ആശാരിമാരില്ലാതെയിരുന്നതിനാല്‍ അതുമാത്രം പണിയിച്ചില്ല. കുക്കുടാ ണ്ഡാകൃതിയിലുള്ള അതിന്റെ തറ ഇപ്പൊഴും അവിടെ കാണ്മാനുണ്ട്. അമ്പലം പണികഴിഞ്ഞതിന്റെ ശേഷം ദേവീ വിഗ്രഹം ഉണ്ടാക്കാനുള്ള ആലോചനയായി ലക്ഷണപ്പിഴ കൂടാതെ ശാസ്ത്രപ്രകാരം ബിംബം പണിയാന്‍ പഠിപ്പും പരിചയവുമുള്ള ശിˉാചാരി എവിടെ യുണ്ടന്നു അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാലത്തു അന്നു താഴമണ്‍ മഠത്തില്‍മൂപ്പായിരുന്ന നീലകണ്ഠന്‍ പോറ്റി ഒരു ദിവസം അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയപ്പോള്‍ അദ്ദേഹത്തിനു ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ അടുക്കല്‍ ആരോ ചെന്നു "ഗ്രന്ഥം നോക്കണം എന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം. ഉടനെ അദ്ദേഹം ഉണര്‍ന്നു നോക്കീട്ട് അവിടെ ആരെയും കണ്ടില്ല. "എന്തോ സാരമില്ല" എന്നു വിചാരിച്ചു അദ്ദേഹം പിന്നെയും കണ്ണടച്ചുറങ്ങിയപ്പോള്‍ വീണ്ടും മേല്‍പ്രകാരം സ്വപ്നമുണ്ടായി. അങ്ങിനെ അന്നു മുതല്‍ നാലഞ്ചു ദിവസം അടുപ്പിച്ചു രാത്രി തോറും നാലുമഞ്ചും പ്രാവശ്യം സ്വപ്നം കണ്ടു. അതിന്റെ സാരമെന്താണന്നു മനസ്സിലായില്ലങ്കിലും "ഗ്രന്ഥം നോക്കണം" എന്നു പറഞ്ഞതായിട്ടാണല്ലോ സ്വപ്നമുണ്ടായത്. ഏതെങ്കിലും ഗ്രന്ഥങ്ങളഴിച്ചു പരിശൊധിക്കുക തന്നെ എന്നു വിചാരിച്ചു അദ്ദേഹം അടുത്ത ദിവസം ഗ്രന്ഥപ്പെട്ടിതുറന്നു ഓരോ ഗ്രന്ഥങ്ങളഴിച്ചു പരിശോധിച്ചു തുടങ്ങി. അപ്പോല്‍ ഒരു ഗ്രന്ഥത്തില്‍ "പെരുന്തച്ചന്‍ ഒരിക്കല്‍ ഇവിടെ വന്നിരുന്നു അദ്ദേഹം ഇനി ഏതാനും ശതബ്ദങ്ങള്‍ കഴിയുമ്പോള്‍ ഇവിടെ അമ്പല ത്തിനു അഗ്നിബാധ ഉണ്ടാവുകയും അമ്പലത്തോടു കൂടി ദേവീവിഗ്രഹ വും ന ഷ്ടപ്പെട്ടു പോവുകയും ചെയ്യും. അപ്പോള്‍ ആ വിഗ്രഹത്തിനു പകരം ഈ വിഗ്രഹം പ്രതിഷ്ഠിച്ചു കൊള്ളണം എന്നു പറഞ്ഞു പഞ്ചലോഹ നിര്‍മിതമായ ഒരു ദേവീവിഗ്രഹം തന്നിട്ടാണു പോയത്. ആ വിഗ്രഹം ഇവിടെ വടക്കു വശത്തുള്ള പുഴവക്കത്തു കാണുന്ന പാറയുടെ സമീപ മുള്ള കയത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. ആവശ്യപ്പെടുമ്പോള്‍ എടുത്തു കൊള്ളണം" എന്നു ഏഴുതിയിരിക്കുന്നതായി കണ്ടു. ആ വിവരം നീലകണ്ഠന്‍പോറ്റി വഞ്ഞിപ്പുഴ തമ്പുരാന്‍ മുതലായവരെ അറിയിച്ചു. ഉടനെ തമ്പുരാന്‍ അനേകമാളുകളെ അയച്ചു കയത്തില്‍ മുങ്ങിതപ്പി നോക്കിച്ചു. ഒരു ഫലവുമുണ്ടായില്ല.
അങ്ങിനെയിരിക്കെ കരുനാഗപ്പള്ളിക്കാരായ ചില മരയ്ക്കാന്മാര്‍ വഞ്ചികളില്‍ കയറി വല വീശി മത്സ്യം പിടിചു നടന്ന കൂട്ടത്തില്‍ മേˉറഞ്ഞ കയത്തിനു സമീപം വഞ്ചികളടുപ്പിച്ചു കരയ്ക്കിറങ്ങി കയത്തില്‍ കുളിച്ചു. അപ്പോള്‍ അതില്‍ ഒരുത്തന് കയത്തിന് എത്രമാത്രം ആഴമുണ്ടന്നു നോക്കണമെന്നു തോന്നി. അവന്‍ ആ കയത്തില്‍ മുങ്ങി അടിയില്‍ ച്ചെന്നപ്പോള്‍ ഘനമുള്ള എന്തോ ഒരു വസ്തു അവന്റെ കാലില്‍ തടഞ്ഞു. അവന്‍ അതെടുത്തു കരയ്ക്കു കൊണ്ടുവന്നു. അതു ഒരു ദേവീവിഗ്രഹം തന്നെയായിരുന്നു. ഉടനെ ഈ വിവരം വഞ്ഞിപുഴതമ്പുരാന്‍ മുതലായവ രറിഞ്ഞു. ചിലരെപ്പറഞ്ഞയച്ചു ആ മരയ്ക്കാന്മാരെകൊണ്ടു തന്നെ ആ വിഗ്രഹമെടുപ്പിച്ചു പടിഞ്ഞാറെ ഗോപുരത്തിങ്കല്‍ വരുത്തി. അപ്പോള്‍ ആ മരയ്ക്കാന്മാര്‍ വിശപ്പുകൊണ്ട് ഏറ്റവും വലഞ്ഞിരുന്നു. എങ്കിലും അന്നു ശിവരാത്രി ആയിരുന്നതിനാല്‍ അവര്‍ക്കു കരിയ്ക്ക്, പഴം മുതലായവ ധാരാളമായി കൊടുത്തു സന്തോഷിപ്പിച്ചു അവരെ പറഞ്ഞയച്ചു.
പിന്നെ നവീകരണക്രിയാദികളോടുകൂടി ശുഭമുഹൂര്‍ത്തത്തിങ്കല്‍ ദേവിയുടെ ബിംബപ്രതിഷ്ഠയും, കലശവും, ഉത്സവവും മറ്റും യഥാവിധി നടത്തുകയും ക്ഷേത്രകാരങ്ങളെല്ലാം യഥാപൂര്‍വ്വം മുറയ്ക്കു നടന്നു തുടങ്ങുകയും ചെയ്തു. എങ്കിലും ആ നവീനപ്രതിഷ്ഠ കഴിഞ്ഞതില്‍പ്പിന്നെ അവിടെ ദേവിയുടെ ചൈതന്യം ലേശം പോലും ഇല്ലാതായിതീര്‍ന്നു. അവിടെ ഭജനത്തിനായും ദര്‍ശനത്തിനായും ആരും വരാതെയും വഴിപാടുകളൊന്നും ഇല്ലാതെയുമായി. ഇങ്ങിനെയൊക്കെ ആയിതീര്‍ന്നതു പ്രതിഷ്ഠ മുതലായവ നടത്തിയ തന്ത്രിക്കു തപശക്തിയും, മനഃശുദ്ധിയും മന്ത്രതന്ത്രാദികളില്‍ പാണ്ഡിത്യവും പരിചയവുമില്ലാഞ്ഞിട്ടാണെന്നു പറഞ്ഞു ജനങ്ങള്‍ അദ്ദേഹത്തെ പരിഹസിപ്പാനും തുടങ്ങി. ക്രമേണ നീലകണ്ഠന്‍ പോറ്റിയ്ക്കു പരപരിഹാസവും തന്നിമിത്തമുള്ള മനസ്താപവും അതിനാലദ്ദേഹം ഭക്തിപൂര്‍വ്വം ദേവിയെ ദുസ്സഹമായിത്തീര്‍ന്നു. ഭജിക്കുകയും ചില ദിവ്യമന്ത്രങ്ങള്‍ കൊണ്ട് പതിവായി പുഷ്പാജ്ഞലി കളും ചില ദിവ്യ മന്ത്രങ്ങള്‍ ജപിച്ചു നിവേദ്യങ്ങളില്‍ ഉപസ്തരിക്കുകയും മറ്റും ചെയ്തു തുടങ്ങി. അങ്ങിനെ രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴെയ്ക്കും അവിടെ ദേവിയുടെ സാന്നിദ്ധ്യവും ചൈതന്യവുമുണ്ടായിത്തുടങ്ങിയതായി ജങ്ങള്‍ക്കു തോന്നിത്തുടങ്ങി. അപ്പോഴേയ്ക്കും അവിടെ ഭജനത്തിനായും ദര്‍ശനത്തിനായും ജനങ്ങള്‍ കുറേശ്ശെ വന്നു തുടങ്ങി. വഴിപാടുകളു ണ്ടായിത്തുടങ്ങി. ദേവി ചിലപ്പോള്‍ ഋതുവായിത്തുടങ്ങുകയും ചെയ്തു.
ഇങ്ങിനെ നീലകണ്ഠന്‍പോറ്റിയുടെ അതിനിഷ്ഠയോടു കൂടിയ ഭജനം ഒരു സംവത്സരമായപ്പോഴേയ്ക്കും അവിടെ ദേവിയുടെ ചൈതന്യം പണ്ടത്തേതില്‍ പതിന്മടങ്ങു വര്‍ദ്ധിച്ചു. പിന്നെ അതു അവിടെ ഒരിക്കലും കുറഞ്ഞിട്ടില്ല. ഇപ്പോഴും അതവിടെ പ്രതിദിനമെന്നപോലെ വര്‍ദ്ധിച്ചു കൊണ്ടു തന്നെയിരിക്കുന്നു. പത്തു പതിനഞ്ചു ഭജനക്കാരെങ്കിലും ഇല്ലാതെ ഒരിക്കലും വരാറില്ല, ചിലപ്പോള്‍ നൂറും നൂറ്റമ്പതും പേരുണ്ടായി യെന്നു വരും. പ്രതിദിനം ദര്‍ശനത്തിനായി അസംഖ്യമാളുകള്‍ വരുന്നുണ്ട്. കണക്കില്ലാത്ത വഴിപാടികളുമുണ്ടാകുന്നുണ്ട്. ആ ദേവി സകല ജനങ്ങള്‍ ക്കും സകലാഭീ ഷ്ടങ്ങളും സാധിപ്പിച്ചു കൊടുക്കുന്നുമുണ്ട്. അവിടെ ചെന്നു കണ്ടാല്‍ ദേവിയെകുറിച്ചുള്ള ഭക്തിയും വിശ്വാസവും പുരുഷന്മാരേ ക്കാളധികം സ്ത്രീകള്‍ക്കാണെന്നു തോന്നും. ദേവി ഋതുവായിരിക്കുന്ന കാലങ്ങളില്‍ അവിടെ ചെന്നു ദര്‍ശനം കഴിക്കുന്നതു സന്തതിക്കും സമ്പത്തിനും സഭൗാഗ്യത്തിനും നെടുമാംഗല്യത്തിനും വളരെ നല്ലതാണെ ന്നുള്ള പ്രസിദ്ധി നിമിത്തം അക്കാലങ്ങളില്‍ അവിടെ ദര്‍ശനത്തിനായി വരുന്ന സ്ത്രീകള്‍ക്കു കണക്കില്ല. അപ്രകാരം തന്നെ തൃപ്പൂത്താറാട്ടു സംബന്ധിച്ചുള്ള എഴുന്നള്ളത്തിന്റെ മുന്‍പില്‍ താലപ്പൊലി എടുക്കുന്ന തിനും അസംഖ്യം ആളുകള്‍ അവിടെ വന്നു കൂടുന്നുണ്ട്. ദേവിയുടെ തൃപ്പൂത്താറാട്ട് സംബന്ധിച്ചുള്ള എഴുന്നള്ളത്തു കാണുന്നതിനു ദേവന്മാ രോടുകൂടി ദേവസ്ത്രീകളും ആകാശത്തിങ്കല്‍ വന്നു നില്‍ക്കുമെന്നാണല്ലോ പ്രസിദ്ധി.
ദേവിയെക്കുറിച്ചുള്ള പ്രസിദ്ധി ലോകത്തില്‍ സര്‍വ്വത്ര വ്യാപിക്കു കയും തങ്ങള്‍ എടുത്തു കൊടുത്ത വിഗ്രഹമാണു അവിടെ പ്രതിഷഠിക്ക പ്പെട്ടതെന്നു
അറിയുകയും ചെയ്തപ്പോള്‍ കരുനാഗപ്പള്ളിക്കാരായ
മരയ്ക്കാന്മാര്‍ക്കും ഭഗവതിയെക്കുറിച്ചു ക്രമത്തിലധികമായ ഭക്തിയും പ്രതിപത്തിയുമുണ്ടായിത്തീരുകയും അവര്‍ ശിവരാത്രി തോറും ദേവിയെ വന്ദിക്കുന്നതിനായി ചെങ്ങനൂര്‍ പടിഞ്ഞാറെ നടയ്കല്‍ പോയി തുടങ്ങു കയും, അവരവിടെ ചെന്നാല്‍ ദേവസ്വക്കാര്‍ അവര്‍ക്ക് കരിക്കും, പഴവും കൊടുത്തു തുടങ്ങുകയും ചെയ്തു. കാലക്രമേണ അതൊരു പതിവായി ത്തീര്‍ന്നു. ആ മരയ്ക്കാന്മാരുടെ വംശക്കാര്‍ ഇപ്പോഴും ശിവരാത്രി തോറുമവിടെ വരികയും ദേവസ്വത്തില്‍ നിന്നുഅവര്‍ക്കു കരിക്കും പഴവും കൊടുക്കുകയും ചെയ്തു വരുന്നുണ്ട്.
സ്വയംവരാനന്തരം പാര്‍വതീ പരമേശ്വരന്മാരും ബ്രഹ്മാദി ദേവന്മാരും മറ്റും കൂടി ശോണാദ്രിയില്‍ ചെന്നുവെന്നും അപ്പോള്‍ ദേവി ഋതുവായിയെന്നും അവിടെ വച്ചു ഋതുശാന്തി കല്യാണം നടത്തിയെന്നും മുന്‍പു പറഞ്ഞിട്ടുണ്ട്. അന്നു ആ ഋതുശാന്തി സംബന്ധിച്ചു ഹോമം കഴിച്ച സ്ഥലം കാലക്രമേണ ഒരു തടാകമായിത്തീര്‍ന്നു. ആ തടാകമാണു ചെങ്ങന്നൂര്‍ വടക്കെക്കുളമായിപ്പരിണമിച്ചത്. ആ കുളത്തിനു ഇപ്പോഴും പറഞ്ഞു വരുന്ന പേരു ശക്തികുണ്ഡതീര്‍ത്ഥം എന്നാണ്. ആ കുളം സ്വച്ഛമാക്കുന്നതിനായി അടുത്തകാലത്തു വെള്ളം തേകി വറ്റിച്ചു ചേറെടുത്തു മാറ്റിയപ്പോള്‍ അടിയ്ക്കു മദ്ധ്യഭാഗത്തായി ഒരു ഹോമകുണ്ഡം കാണുകയുണ്ടായി. ഇങ്ങനെ മേˉറഞ്ഞ സംഗതികളുടെ യാഥാര്‍ത്ഥ്യത്തെ തെളിയിക്കുന്ന അനേകം ദൃഷ്ടാന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായി ക്കൊണ്ടുമിരിക്കുന്നുണ്ട്. അവയെല്ലാം യഥാക്രമം വിവരിക്കുന്നതാ യാല്‍ ലേഖനം സാമാന്യത്തിലധികം ദീര്‍ഘിച്ചു പോകും. ഇപ്പോള്‍തന്നെ ലേഖനത്തിന്റെദൈര്‍ഘ്യം വിചാരിച്ചതിലധികമായിരിക്കുന്നു. അതിനാലിനി ചുരുക്കത്തില്‍ ചില സംഗതികള്‍മാത്രമേ വിവരിക്കാന്‍ വിചാരിക്കുന്നുള്ളു.
പറവൂര്‍വരെയുള്ള വടക്കന്‍ പ്രദേശങ്ങളും അവയിലുള്ള അനേകം ക്ഷേത്രങ്ങളും തിരുവതാംകൂറില്‍ ചേര്‍ത്തതിന്റെ ശേഷം ദേവസ്വങ്ങളിലെ പതിവു കണക്കുകള്‍ പരിഷ്കരിച്ചു മാറിയെഴുതി ശരിപ്പെടുത്തിയതു ബ്രിട്ടിഷ് റസിഡണ്ടും തിരുവതാംകൂര്‍ ദിവാനുമായിരുന്ന മണ്‍ട്രാ സായ്പായിരുന്നല്ലോ. ചെങ്ങന്നൂര്‍ ദേവസ്വംവക പതിവുകണക്കു പരിഷ്കരിചപ്പോള്‍ ദേവി ഋതുവായാല്‍ തൃപ്പൂത്താറട്ടുവരെയുള്ള ചെലവു കളുടെ പതിവ് അദ്ദേഹം തള്ളിക്കളഞ്ഞു. ദേവി ഋതുവാകുമെന്നുള്ളതില്‍ അദ്ദേഹത്തിനു ലേശവും വിശ്വാസമുണ്ടായില്ല. അതു ചില ജനങ്ങള്‍ വെറുതെ പറഞ്ഞുണ്ടാക്കിയതാണന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. എങ്കിലും ആ പതിവു കണക്കു വെട്ടിക്കുറച്ചപ്പോള്‍ സായ്പിന്റെ ഭാര്യയായ മദാമ്മയ്ക്കു രക്തസ്രാവമാരംഭിച്ചു. അതിനു പല ചികിത്സകള്‍ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. അതിനാല്‍ സായ്പിന്റെ ഇ ഷ്ടനും കണക്കെഴുത്തുകാരനുമായിരുന്ന ഒരു നായര്‍ സായ്പിന്റെ അറിവും സമ്മതവും കൂടാതെ ഒരു നല്ല പ്രശ്നക്കാരനെകൊണ്ടു മദാമ്മയുടെ രോഗത്തിനു കാരണമെന്താണന്നും അതിന്റെ പ്രതിവിധി എന്താണന്നും പ്രശ്നം വയ്പിചു നോക്കി. അപ്പോള്‍ പ്രശ്നക്കാരന്‍ രോഗകാരണം ചെങ്ങന്നൂര്‍ ഭഗവതിയുടെ വിരോധമാണന്നും അവിടുത്തെ പതിവു കണക്കു പൂര്‍വ്വസ്ഥിതിയില്‍ ആക്കിയാല്‍ രോഗം ഭേദമാകുമെന്നും വിധിച്ചു. സായ്പിന്റെ ഇ ഷ്ടനായ നായര്‍, ആ സംഗതി ഗൂടന്മമായി സായ്പിനെ ഗ്രഹിപ്പിചു. ഇതു കേട്ടിട്ട് സായ്പ് "എന്നാല്‍ മദാമ്മയുടെ സുഖക്കേട് ഉടനെ ഭേദമാകട്ടെ. ആ ദേവസ്വത്തിലെ പതിവു കണക്കു പൂര്‍വസ്ഥിതിയില്‍ ആക്കിയേക്കാം. എന്നു മാത്രമല്ല ആണ്ടു തോറും ദേവി ആദ്യം ഋതുവാകുമ്പോളതു സംബന്ധിച്ചുള്ള ചെലവുകള്‍ പലിശകൊണ്ടു കഴിയാന്‍ തക്കവണ്ണമുള്ള സംഖ്യ ഞാന്‍എന്റെ കൈയില്‍ നിന്നു ആ ദേവസ്വത്തില്‍ ഏˉിക്കുകയും ചെയ്തേക്കാം എന്നു പറയുകയും ഉടനെ ഒരു സംഖ്യ എടുത്തു പ്രത്യേകം കെട്ടിവയ്ക്കുകയും ചെയ്തു. അനന്തരം നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ മദാമ്മയുടെ ദീനം നിശ്ശേഷം ഭേദമായി. അവര്‍ പൂര്‍വസ്ഥിതിയെ പ്രാപിചു. അപ്പോള്‍ സായ്പ് "ചെങ്ങന്നൂര്‍ ഭഗവതിയുടെ മാഹാത്മ്യം അത്ഭുതാവഹം തന്നെ" എന്നു പറയുകയും ഉടനെ ചെങ്ങനൂര്‍ ചെന്നു ദേവസ്വത്തിലെ പതിവു കണക്കു പൂര്‍വ്വസ്ഥിതി യിലാക്കുകയും താന്‍ നിശ്ചയിച്ചു കെട്ടിവച്ച സംഖ്യ ദേവസ്വത്തി ലേˉിക്കുകയും ചെയ്തു.
കൊല്ലം 1055-ാമാണ്ടു നാടു നീങ്ങിയ ആയില്യം തിരുനാള്‍ മഹാരാജാവ് തിരുമനസ്സിലേക്കാലത്തു സൂര്യനാരായണയ്യന്‍ എന്നു പേരായ ഒരു പരദേശബ്രാഹ്മണന്‍ സ്വˉശമ്പളമായ ഒരു സര്‍ക്കാരുദ്യോഗ ത്തോടു കൂടിതിരുവനന്തപുരത്തു താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ തിരുമനസ്സിലേയ്ക്ക് എന്തോ തിരുവുള്ളക്കേട്(വിരോധം) ഉണ്ടായി ത്തീരുകയാല്‍ അദ്ദേഹത്തെപ്പിടിച്ചു തോവാളകോട്ട (തിരുവതാംകൂറിന്റെ അതിര്‍ത്തി) കടത്തിവിടാന്‍ കˉനയുണ്ടാവുകയും അപ്രകാരം ചെയ്യുകയും ചെയ്തു. അദ്ദേഹം ആരുമറിയാതെ ഉപായത്തില്‍ മടങ്ങി വന്നു തിരുവല്ലായിലെത്തി 'വിദ്വാന്‍ ഭട്ടതിരി' എന്നു പ്രസിദ്ധനായിരുന്ന കുഴിക്കാട്ട് അച്ഛന്‍ ഭട്ടതിരിയുടെ അടുക്കല്‍ നിന്നു ചില ദിവ്യമന്ത്രാപ ദേശങ്ങളും വാങ്ങികൊണ്ടു ചെങ്ങനൂര്‍ ചെന്നു ദേവീസന്നിധിയില്‍ ഭജനം തുടങ്ങുകയും ഒരു പുഷ്പാജ്ഞലി തുടങ്ങിക്കുകയും ചെയ്തു. പുഷ്പാജ്ഞലിക്കുള്ള മന്ത്രം ആ ബ്രാഹ്മണന്‍ സോപനത്തിങ്കല്‍ നിന്നു ചൊല്ലിക്കൊടുക്കുകയും ശാന്തിക്കാരന്‍ അതുകേട്ടു ചൊല്ലി പുഷ്പാജ്ഞലി ചെയ്യുകയുമായിരുന്നു. അങ്ങിനെ നാˉത്തൊന്നു ദിവസം കഴിഞ്ഞപ്പോള്‍ മഹാരാജാവിന്റെ തിരുമനസ്സില്‍ സൂര്യനാരായണനെ വരുത്തി ഉദ്യോഗംകൊടുക്കണമെന്നു തോന്നിത്തുടങ്ങി. ഉടനെ അദ്ദേഹത്തെ എവിടെ നിന്നെങ്കിലും അന്വേഷിച്ചു കണ്ടുപിടിച്ചു കൊണ്ടു വരണമെന്നു കˉനയാവുകയും, കˉനപ്രകാരം പല സ്ഥലങ്ങളിലു മെഴുതിയയച്ചും ആളുകളെ അയച്ചും മുറയ്ക്കു അന്വേഷണം തുടങ്ങുകയും ചെയ്തു. ഭജനം തൊണ്ണൂറു ദിവസമായപ്പോഴെയ്ക്കും ചിലര്‍ ചെങ്ങന്നൂര്‍ എത്തി അദ്ദേഹത്തെ കണ്ടു പിടിക്കുകയും ഉടനെ തിരുവന്തപുരത്തു കൊണ്ടുപോയി ഹാജരാക്കുകയും ഉടനെ കˉനപ്രകാരം അദ്ദേഹത്തെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ തഹശീല്‍ മജിസ്ത്രട്ടായി നിയമിക്കുകയും ചെയ്തു. പിന്നെ അദ്ദേഹം പല താലൂക്കുകളില്‍ തഹശീല്‍ മജിസ്ത്രട്ടായും ഒടുക്കം കണ്ടെഴുത്തു പേഷ്ക്കാരായും വളരെക്കാലം ഇരുന്നതിന്റെ ശേഷമാണ് മരിച്ചത്. മരിക്കുന്നതുവരെ അദ്ദേഹത്തിനു ഉദ്യോഗമുണ്ടായിരുന്നു. അദ്ദേഹം ഉദ്യോഗത്തിലിരുന്ന കാലത്തും ആണ്ടു തോറും മൂന്നു പ്രാവശ്യത്തില്‍ കുറയാതെ ചെങ്ങന്നൂര്‍ ചെന്നു ദര്‍ശനം കഴിക്കുകയും പുഷ്പാജ്ഞലി നടത്തിക്കുകയുംചെയ്തിരുന്നു. അദ്ദേഹം ചിലപ്പോള്‍ നൂറും ഇരുനൂറും പറ പൂ കൊണ്ടു പുഷ്പാജ്ഞലി കഴിപ്പിച്ചിരുന്നു. ആ സൂര്യനാരായണയ്യന്റെ ഭജനകാലം മുതല്‍ക്കാണു ചെങ്ങനൂര്‍ ഭഗവതിയ്ക്കു പുഷ്പാജ്ഞലി ഒരു പ്രത്യേക വഴിപാടായി ത്തീര്‍ന്നത്. ഇപ്പോള്‍ ജനങ്ങള്‍ ഓരോ കാര്യങ്ങള്‍ സാധിക്കുന്നതിനായി അവിടെ യഥാശക്തി രണ്ടണ മുതല്‍ രണ്ടായിരം പണം വരെ ചെലവു ചെയ്തു പുഷ്പാജ്ഞലി നടത്തിക്കുന്നുണ്ട്. അവിടെ ഇപ്പോള്‍ ഒരു ദിവസം പത്തുപന്ത്രണ്ട് പേരുടെ പേര്‍ക്കെങ്കിലും പുഷ്പാജ്ഞലിയുണ്ടാ കാതെയിരിക്കാറില്ല. ചിലപ്പോള്‍ നൂറും നൂറ്റമ്പതും അതിലധികവുംപേരുടെ പേര്‍ക്കും ഉണ്ടാകാറുണ്ട്.
എം.സി നാരായണപിള്ള എന്നൊരാള്‍ ചെങ്ങന്നൂര്‍ തഹശീല്‍ ദാരായിരുന്ന കാലത്തു അക്കൊല്ലത്തെ ഉത്സവം പതിവിലധികം കേമമാക്ക ണമെന്നു വിചാരിച്ചു അതിനു തക്കവണ്ണം വേണ്ടുന്ന ഏര്‍പ്പടുകളെല്ലാം ചെയ്തു ഉത്സവം കെങ്കേമമായി നടത്തിത്തുടങ്ങി. ഞ്ജ6-ാമുത്സവമായപ്പോള്‍ ദേവി ഋതുവായിരിക്കുന്നു എന്നുള്ള അടയാളം ഉടയാടയില്‍ കാണുകയും ആ വിവരം വാരിയര്‍ ദേവസ്വക്കാരെ അറിയിക്കുകയും ചെയ്തു. ദേവി ഋതുവായാല്‍ പിന്നെ അവിടെ ആഘോഷങ്ങളൊന്നും പതിവില്ലാത്തതി നാല്‍ ഇതറിഞ്ഞപ്പോള്‍ തഹശീല്‍ദാര്‍ക്കു വളരെ കുണ്ഠിതമുണ്ടായി. അദ്ദേഹം വാരിയരെ വിളിച്ചു ദേഷ്യപ്പെടുകയും ശകാരിക്കുകയും ഒന്നുമില്ലാതെയാക്കി തീര്‍ക്കുന്നതിനു സ്വകാര്യമായി തന്ത്രിയെ ചട്ടം കെട്ടുകയും ചെയ്തു. വാരിയര്‍ ഉടയാട താഴമണ്‍ മഠത്തില്‍ കൊണ്ടു ചെന്നപ്പോള്‍ അകത്തു കാണിക്കാതെ തന്ത്രി വാങ്ങി നോക്കി ഒന്നുമില്ല എന്നു പറഞ്ഞു മടക്കിക്കൊടുത്തയച്ചു. ദേവി ഋതുവായാല്‍ പതിവുള്ളതു പോലെയൊന്നും ചെയ്യാതെ ഉത്സവം തഹശീല്‍ദാര്‍ വിചാരിച്ചതുപോലെ കേമമായി നടത്തി. എങ്കിലും ഉത്സവം മുഴുവനാകുന്നതിനു മുന്‍പു തന്നെ തന്ത്രിയുടെ അന്തര്‍ ́നത്തിനും തഹശീല്‍ദാരുടെ ഭാര്യയ്ക്കും രക്തസ്രാവം ആരംഭിച്ചു. ഉത്സവം കഴിഞ്ഞപ്പോഴേയ്ക്കും അതു രണ്ടു പേര്‍ക്കും കലശ ലായി. പിന്നെ പ്രശ്നവിധിപ്രകാരം തന്ത്രിയും തഹശീല്‍ദാരും ദേവിയുടെ നടയില്‍ പ്രായച്ഛിത്തം ചെയ്യുകയും പുഷ്പാജ്ഞലി മുതലായി അനേകം വഴിപാടുകളും ദേവി ഋതുവായപ്പോള്‍ ചെയ്യേണ്ടതൊന്നും ചെയ്യതെയിരു ന്നതിനു ചില പ്രതിവിധികളും നടത്തുകയും ചെയ്തപ്പോള്‍ രണ്ടു പേര്‍ക്കും സുഖമാവുകയും ചെയ്തു.
കുംഭകോണത്തുകാരനും വലിയ ധനവാനുമായ ഒരു രായരുടെ ഭാര്യയ്ക്കു ഒരിക്കല്‍ ഒരു ബാധോപദ്രവമുണ്ടായി. ആ ദേവതാഗോഷ്ഠി കണ്ടാല്‍ വലിയ മുഴുഭ്രാന്താണന്നു തന്നെ തോന്നുമായിരുന്നു. അതിനു പല വിധത്തിലുള്ള ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെ ചെയ്തിട്ടും യാതൊരു ഭേദവും കണ്ടില്ല. അപ്പോള്‍ സേതുസ്നാനം ചെയ്യിച്ചാല്‍ ഇതു ഭേദമാകുമെന്ന് ആരോ പറയുകയാല്‍ രായര്‍ ഭാര്യയേയും കൊണ്ട് രാമേശ്വരത്തേക്കു പുറപ്പെട്ടു. മധുരയില്‍ വച്ചു യജ്ഞവേദശാസ്ത്രികള്‍ എന്നൊരു വിദ്വാനെ കാണുകയും അദ്ദേഹം ഇതിന് സേതുസ്നാനമല്ല വേണ്ടത്, ചെങ്ങന്നൂര്‍ ഭഗവതിയുടെ സന്നിധിയില്‍ ഒരു മണ്ഡലം ഭജിക്കുകയും പുഷ്പാജ്ഞലി ചെയ്യുകയുമാണു യുക്തമായിട്ടുള്ളത്. അതു രണ്ടും ചെയ്താല്‍ ഈ ഉപദ്രവം മാറും പിന്നെ വേണമെങ്കില്‍ സേതുസ്നാനവും കഴിയ്ക്കാം" എന്നു പറയുകയാല്‍ രായര്‍ ഭാര്യയോടുകൂടി ചെങ്ങന്നൂര്‍ എത്തി ഭജനവും പുഷ്പാജ്ഞലിയും തുടങ്ങിച്ചു. നാˉതാംദിവസം ആ രായര്‍സ്ത്രീയിലാവേശിച്ചിരുന്ന ബാധ തുള്ളി അവര്‍ അണിഞ്ഞിരുന്ന അമൂല്യങ്ങളായ ആഭരണമെല്ലാം അഴിച്ചു ദേവിയുടെ നടയില്‍ വച്ചിട്ട് സത്യം ചെയ്തു ബാധ ഒഴിഞ്ഞുപോയി. രായര്‍ സന്തോഷിച്ചു പിന്നെയും പല വഴിപാടുകളും കഴിയ്ക്കുകയും വിലയേറിയാരു പട്ടും ഏതാനും പണവും കൂടി ഭഗവതിയുടെ നടയില്‍ വെച്ചു വന്ദിക്കുകയും ചെയ്തിട്ട് അടുത്ത ദിവസം തന്നെ ഭാര്യയോടുകൂടി മടങ്ങിപ്പോയി. ഇതു ഏകദേശം പതിനൊന്നു കൊല്ലം മുന്‍പുണ്ടായ സംഗതിയാണ്.
ഇങ്ങിനെ അവിടെ ഭജനമിരുന്നിട്ട് അടുത്ത കാലത്തു തന്നെ അനേകം പേരുടെ ബാധകള്‍ സത്യം ചെയ്തു ഒഴിഞ്ഞുപോയിട്ടുണ്ട്. അവയെല്ലാം പ്രത്യേകം വിവരിക്കുവാന്‍ ഇപ്പോള്‍ നിവൃത്തിയില്ല. ആ പടിഞ്ഞാറെ നടയിലെ സത്യത്തിന്റെ സ്വഭാവം കൂടി ചുരുക്കത്തില്‍ പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കണമെന്നെ വിചാരിക്കുന്നുള്ളൂ.
കോര്‍ട്ടു വിധിപ്രകാരവും മറ്റും സത്യം ചെയ്യുന്നതിനായി അവിടെ ചെന്നാല്‍ പടിഞ്ഞറേ ഗോപുരത്തിന്റെ അകത്തുവശത്തു വലതുഭാഗത്തുള്ള കട്ടിളക്കാലിലോട് ഒട്ടടുത്ത് തറയ്ക്ക് അˉം താഴത്തുമായിട്ടുള്ള ദ്വാരത്തില്‍ കൈവിരലിട്ടുകൊണ്ട് ഗോപുരപ്പടിയിന്മേല്‍ നിന്നു കൊണ്ടാണു സത്യം ചെയുക പതിവ്. കള്ളസത്യമാണങ്കില്‍ ദ്വാരത്തിലിടുന്ന കൈവിരലിന്മേല്‍ ഒരു സര്‍പ്പം ദംശിക്കുകയും സത്യം ചെയ്യുന്ന ആള്‍ ഗോപുരത്തിനു പുറത്തേയ്ക്കു മലര്‍ന്നു വീഴുകയും മരിയ്ക്കുകയും ഉടനെ കഴിയും. ഈ ഏര്‍പ്പാടിന്റെ ഭയങ്കരത്വം നിമിത്തം വളരെക്കാലമായിട്ട് ഇവിടെ സത്യം ചെയ്യാന്‍ ആരും സന്നദ്ധരാകാറില്ല. ചെങ്ങന്നൂര്‍ പടിഞ്ഞാറെ നടയിലെ സത്യം എന്നു കേള്‍ക്കുന്നതു തന്നെ ജനങ്ങള്‍ക്കു ഭയമാണ്. പിന്നെ അതിനു ആരെങ്കിലും പുറപ്പെടുമോ? ഇങ്ങനെ ഈ ദേവിയുടെ മാഹാത്മ്യത്തെക്കുറിച്ചു ഇനിയും വളരെ പറയാനുണ്ട്. എങ്കിലും ഇപ്പോള്‍ ഇങ്ങനെ നിറുത്തുന്നു.