ഇദ്ദേഹം ഒരു മലയാള ബ്രാഹ്മണകുലത്തില്‍ ജനിച്ച ആളായിരുന്നു എന്നല്ലാതെ ഇദ്ദേഹത്തിന്റെ ഇല്ലം എവിടെയായിരുന്നുവെന്നും സാക്ഷാല്‍ പേരെന്തായിരുന്നുവെന്നും ജീവിച്ചിരുന്ന കാലമേതെന്നും മറ്റുമറിയുന്നതിനു ശരിയായ ലക്ഷ്യമൊന്നും കാണുന്നില്ല. എങ്കിലും ഇദ്ദേഹം അഭിഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെയും ആശ്ചര്യമഞ്ജരി എന്ന ഗദ്യപ്രബന്ധത്തിന്റെയും നിര്‍മാതാവും കേരളചക്രവര്‍ത്തി യുമായിരുന്ന 'കുലശേഖരവര്‍മാ'വെന്ന ചേരമാന്‍ പെരുമാളുടെകൂടെ സേവകനായി തിരുവഞ്ചിക്കുളത്തു താമസിച്ചിരുന്നതായി കേള്‍വിയുണ്ട്. അതിനാല്‍ തോലകവി ജീവിച്ചിരുന്നത് ആ ചേരമാന്‍ പെരുമാളുടെ കാലത്തായിരുന്നു എന്നു വിചാരിക്കാം. തോലകവിയുടെ കുടുംബവും വംശ്യന്മാരും ഇപ്പോള്‍ ഇല്ലെന്നു തീര്‍ച്ചയാണ്. അദ്ദേഹത്തിന്റെ ചരിത്രം വിചാരിച്ചാല്‍ അതൊന്നുമുണ്ടായിരിക്കാന്‍ മാര്‍ഗവുമില്ല. തോലകവി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു. പിന്നെ ആ കുടുംബത്തില്‍ അദ്ദേഹവും വിധവയായ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. തോലകവി വിവാഹം കഴിച്ചിരുന്നില്ല. പിന്നെ ആ വംശം വര്‍ദ്ധിക്കാനിടയില്ലല്ലോ.
തോലകവി ചെറുപ്പത്തില്‍ത്തന്നെ ബുദ്ധിയും യുക്തിയുമുള്ള ആളും ഫലിതക്കാരനും പരിഹാസശീലനുമായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്ത് ഊണുകഴിച്ചുകൊണ്ടും അമ്മ വിളമ്പിക്കൊടുത്തു കൊണ്ടുമിരുന്ന സമയം അവിടെ ദാസ്യ പ്രവൃത്തികള്‍ ചെയ്തു താമസിച്ചിരുന്ന 'ചക്കി' എന്നു പേരായ വൃഷലി ഇതൊരു നല്ല അവസരമാണെന്നു കരുതി നെല്ലു മോഷ്ടിച്ചെടുക്കാനായി പത്തായത്തില്‍ കയറി. തോലനും അമ്മയും അടുക്കളയിലായിരുന്നതിനാല്‍ ആരും കാണുകയില്ലെന്നു വിചാരിച്ചാണ് അവള്‍ ആ തരം നോക്കി പത്തായത്തില്‍ കയറിയത്. എങ്കിലും തോലന്‍ അതു കണ്ടു. ബ്രഹ്മചാരികള്‍ ഉണ്ടിരിക്കുമ്പോള്‍ മിണ്ടരുതെന്നും അഥവാ വല്ലതും സംസാരിക്കുകയാണെങ്കില്‍ അതു സംസ്കൃതത്തിലേ ആകാവൂ എന്നും മലയാള ബ്രാഹ്മണരുടെ ഇടയില്‍ ഒരു ചട്ടമുണ്ട്. തോലന് സംസ്കൃതഭാഷാജ്ഞാനമില്ലായിരുന്നതിനാല്‍ ഒരു സമയം അദ്ദേഹം കണ്ടാലും തത്ക്കാലമൊന്നും മിണ്ടുകയില്ലെന്നുള്ള വിചാരവും ചക്കിക്ക് ഉണ്ടായിരുന്നു. എന്നാല്‍ തോലന്‍ ഇതു കണ്ടിട്ടു മിണ്ടാതെയിരുന്നില്ല. അദ്ദേഹത്തിനു ഗീര്‍വ്വാണഭാഷാജ്ഞാനമില്ലായിരുന്നുവെങ്കിലും തല്‍ക്കാലാവശ്യത്തിനായി അദ്ദേഹം തന്റെ യുക്തികൊണ്ടും ബുദ്ധികൊണ്ടും ചില വാക്കുകള്‍ സൃഷ്ടിച്ചാണ് സംസാരിച്ചത്. അത് 'പനസി ദശായാം പാശി' എന്നായിരുന്നു. പനസം എന്നു പറഞ്ഞാല്‍ ചക്ക എന്നും ദശ എന്നു പറഞ്ഞാല്‍ പത്ത് എന്നും പാശം എന്നു പറഞ്ഞാല്‍ കയറ് എന്നും അര്‍ത്ഥമുള്ളതിനാല്‍ പനസി എന്നു പറഞ്ഞാല്‍ ചക്കി എന്നും ദശായാം എന്നു പറഞ്ഞാല്‍ പത്തായത്തിലെന്നും പാശി എന്നു പറഞ്ഞാല്‍ കയറി എന്നും അര്‍ത്ഥം സിദ്ധിക്കുമെന്നു യുക്തികൊണ്ടു നിശ്ചയിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തോലന്റെ അമ്മയും പുത്രനെപ്പോലെത്തന്നെ ബുദ്ധിയും യുക്തിയുമുള്ള കൂട്ടത്തിലായിരുന്നു. അതിനാല്‍ ആ അന്തര്‍ജനം പുത്രന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കുകയും ഉടന്‍ ഓടിച്ചെന്ന് ചക്കിയുടെ കളവു കണ്ടുപിടിക്കുകയും ചെയ്തു എങ്കിലും 'ഇനി മേലാല്‍ ഇങ്ങനെ ചെയ്യരുതെ'ന്നും പറഞ്ഞു ശാസിച്ചതല്ലാതെ ആ അന്തര്‍ജനം ചിരപരിചിതയും അനന്യശരണയുമായിരുന്ന ആ വൃഷലിയെ ഉപേക്ഷിച്ചില്ല. അതിനാല്‍ അവള്‍ പിന്നെയും യഥാപൂര്‍വ്വം അവിടെത്തന്നെ താമസിച്ചു. എങ്കിലും അക്കാലം മുതല്‍ അന്തര്‍ജനവും തോലനും പ്രത്യേകം സൂക്ഷിച്ചു തുടങ്ങിയതുകൊണ്ട് അവള്‍ക്ക് അവിടെനിന്ന് ഒന്നും മോഷ്ടിച്ചെടുക്കാന്‍ തരമില്ലാതെയായിത്തീര്‍ന്നു. അതിനാലവള്‍, 'ബ്രഹ്മചാരിയെ ഏതു വിധവും സ്വാധീനപ്പെടുത്തണം. ഇദ്ദേഹത്തിന്റെ സഹായം കൂടാതെ ഇവിടെനിന്നും യാതൊന്നും കൈക്കലാക്കുവാന്‍ സാധിക്കയില്ല' എന്നു വിചാരിച്ച് അദ്ദേഹത്തെ വശപ്പെടുത്താന്‍ ഉത്സാഹിച്ചു തുടങ്ങി. ഈ ആഗ്രഹം സാധിക്കുന്നതിനായി അവള്‍ പ്രയോഗിച്ച ഉപായങ്ങള്‍ ഗൂഡമായി ചില നര്‍മ്മാലാപങ്ങളും ശൃംഗാരചേഷ്ടകളും മറ്റുമായിരുന്നു. ആദ്യ കാലത്ത് ഇവകൊണ്ട് വിശേഷിചു ഫലമൊന്നും ഉണ്ടായില്ല. എങ്കിലും ക്രമേണ തോലനു പ്രായം കൂടിവരികയും അതോടുകൂടി അദ്ദേഹത്തിനു ചക്കിയുടെ ചേഷ്ടകളിലും നാട്യങ്ങളിലും രഹസ്സല്ലാപങ്ങളിലും ഒരു കൌതുകം ജനിക്കുകയും ചെയ്തു. പതിനാറു വയസ്സാകാതെ സമാവര്‍ത്തനം കഴിച്ചുകൂടാ എന്നാണല്ലോ മലയാള ബ്രാഹ്മണരുടെ നിയമം. ഈ ബ്രഹ്മചാരി പതിനാറു വയസ്സാകുന്നതിനു മുമ്പു തന്നെ മന്മഥാക്രാന്തഹൃദയനായിത്തീരുകയും ചക്കിയുടെ അപാംഗവലയിലകപ്പെടുകയും അങ്ങനെ ബ്രഹ്മചര്യവ്രതത്തിനു ഭംഗം വരുത്തുകയും അതു പലരും അറിയുന്നതിന് ഇടയാവുകയും ചെയ്തു. ഇതിനു വിധിപ്രകാരം പ്രായശ്ചിത്തവും മറ്റും ചെയ്യിച്ച് അദ്ദേഹത്തെ ശുദ്ധീകരിച്ചെടുക്കുന്നതിന് അദ്ദേഹത്തിന് അച്ഛനും മറ്റും ജീവിച്ചിരിക്കുന്നുണ്ടായിരുന്നില്ലല്ലോ. എന്നു മാത്രമല്ല, അദ്ദേഹം തരം കിട്ടുമ്പോഴെല്ലാം എല്ലാവരെയും പരിഹസിക്കാറുമുണ്ടായിരുന്നതുകൊണ്ട് സ്വജനങ്ങള്‍ക്കൊക്കെ അദ്ദേഹത്തോടു വിരോധവുമുണ്ടായിരുന്നു. അതിനാല്‍ എല്ലാവരും കൂടി അദ്ദേഹത്തെ ഭ്രഷ്ടനാക്കിക്കളഞ്ഞു. സമാവര്‍ത്തനത്തിന്റെ കാലമായിട്ടും ആരും അത് നടത്താതെയിരിക്കുകയും നടത്തുകയില്ലെന്നു തീര്‍ച്ചയാവുകയും ചെയ്ത പ്പോള്‍ അദ്ദേഹം സ്വയമേവ അദ്ദേഹത്തിന്റെ കഴുത്തില്‍ക്കിടന്നിരുന്ന തോല്‍ പറിച്ചു കളഞ്ഞു. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമാവര്‍ത്തനം. ബ്രാഹ്മണകുമാരന്മാരെ ഉപനയിക്കുമ്പോള്‍ പൂണൂലോടു കൂടി തോലും (കൃഷ്ണാജിനവും) ഇടുക പതിവുണ്ടല്ലോ. അതിനാല്‍ ബ്രഹ്മചാരികളെ തോലിട്ട ഉണ്ണി എന്നും ചിലര്‍ പരിഹാസമായിട്ടു തോലന്‍ എന്നും പറയാറുണ്ട്. ആ തോല്‍ എടുത്തുകളയുന്നത് സമാവര്‍ത്തന സമയത്താണ്. ഈ ഉണ്ണിക്കു തോല്‍ ഇട്ടതല്ലാതെ മുറപ്രകാരം എടുത്തു കളയുകയുണ്ടായില്ലല്ലോ. അതുകൊണ്ടും സ്വയമേവ തോല്‍ പറിച്ചു കളഞ്ഞതുകൊണ്ടും അദ്ദേഹത്തെ എല്ല്ലാവരും തോലന്‍ എന്നു പറഞ്ഞു തുടങ്ങുകയും ആ പേരുതന്നെ ക്രമേണ സ്ഥിരപ്പെടുകയും അതിനാല്‍ അദ്ദേഹത്തിന്റെ സാക്ഷാല്‍ പേര്‍ എന്തായിരുന്നുവെന്നു കാലാന്തരത്തില്‍ ആര്‍ക്കും നിശ്ചയമില്ലാതെയായിത്തീരുകയും ചെയ്തു. ഭ്രഷ്ടനായിപ്പോയ അദ്ദേഹത്തിനു സ്വജനങ്ങളായിട്ടുള്ളവരാരും പെണ്ണിനെ കൊടുക്കാഞ്ഞിട്ടാണ് അദ്ദേഹം വിവാഹം കഴിക്കാതെയിരിക്കുകയും അദ്ദേഹത്തിന്റെ വംശം നശിച്ചുപോവുകയും ചെയ്തതെന്നു വിശേഷിച്ചു പറയണമെന്നില്ലല്ലോ. ആരും പെണ്ണിനെ കൊടുക്കുകയില്ലെന്നു തീര്‍ച്ചയായപ്പോള്‍ ചക്കിയെത്തന്നെ അദ്ദേഹം ഭാര്യയായി സ്വീകരിച്ചു.
അനന്തരം തോലന്‍ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും അചിരേണ വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ പ്രകൃതിസിദ്ധമായുള്ള പരിഹാസശീലത്തിനും ഫലിതോക്തിക്കും യാതൊരു ഭേദവും വന്നില്ല. ചക്കിയെക്കുറിച്ചുതന്നെ അദ്ദേഹം വര്‍ണ്ണിച്ചു പല ശ്ലോകങ്ങളുണ്ടാക്കിയിട്ടുണ്ട്. അവയില്‍ ചിലതു താഴെ ചേര്‍ക്കുന്നു:
'അന്നൊത്ത പോക്കീ! കുയിലൊത്ത പാട്ടീ!
തേനൊത്ത വാക്കീ! തിലപുഷ്പമൂക്കീ!
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ!'
ഈ ശ്ലോകം ചക്കിക്ക് ഒട്ടും സന്തോഷകരമായില്ല. 'എന്നെ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്നും മറ്റും പറയരുത്' എന്നവള്‍ പറഞ്ഞു. അതിനാല്‍ തോലന്‍ നല്ല ഭംഗിയുള്ള പദങ്ങള്‍ ചേര്‍ത്തു പിന്നെയൊരു ശ്ലോകമുണ്ടാക്കി. അത്:
'അര്‍ക്കശുഷ്കഫലകോമളസ്തനീ!
ശര്‍ക്കരാസദൃശ ചാരുഭാഷിണീ!
തന്ത്രിണീദല സമാന ലോചനേ!
സിന്ധുരേന്ദ്രരുചിരാമലദ്യുതേ!
ഇതു ചക്കിക്കു നല്ലപോലെ ബോധിച്ചു. ചക്കി കേവലം വിഡ്ഢിയായിരുന്നുവെന്നും ശ്ലോകങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ അവള്‍ക്കു ശക്തിയില്ലായിരുന്നുവെന്നും വിശേഷിച്ചു പറയണമെന്നില്ലല്ലോ. തോലകവി ചക്കിയെ വര്‍ണ്ണിച്ചുണ്ടാക്കിയ മറ്റൊരു ശ്ലോകവും താഴെ ചേര്‍ക്കുന്നു:
'മുളഞ്ഞാസന സൃഷ്ടീങ്കല്‍
വിളങ്ങും ചേര്‍ജലോചനേ!
പൊതിപ്പെണ്ണച്ചനോടൊത്ത
മാര്‍ജദ്വന്ദം വിരാജതേ!'
ചില ആശാന്മാര്‍ 'വിരിഞ്ചഃ കമലാസനഃ' എന്നുള്ളത് 'വിരിംചക്കമലാസന' എന്നു ചൊല്ലിക്കൊടുത്തു കുട്ടികളെ പഠിപ്പിക്കുന്നതുകേട്ടിട്ട് ആ ആശാന്മാരെ പരിഹസിക്കാനും തന്റെ യുക്തി കാണിക്കാനും കൂടിയാണ് തോലന്‍ ഈ ശ്ലോകമുണ്ടാക്കിയത്. ചക്കമലാസനനന്‍ ചക്കയുടെ മലം ആസനമായിട്ടുള്ളവന്‍. ചക്കയുടെ മലം മുളഞ്ഞ്.
'വിരിഞ്ചഃ കമലാസനഃ' എന്നുള്ളതു ബ്രഹ്മാവിന്റെ പര്യായങ്ങളാണല്ലോ. ബ്രഹ്മാവിനെ 'ചക്കമലാസനന്‍' എന്നു പറയാമെങ്കില്‍ 'മുളഞ്ഞാസനന്‍' എന്നും പറയാമെന്നാണ് തോലന്റെ യുക്തി. ചേര്‍ = പങ്കം. ചേര്‍ജം എന്നു പറഞ്ഞാല്‍ പങ്കജം എന്നര്‍ത്ഥം. കാളപ്പുറത്തു കെട്ടിയിടുന്ന ചുമടിനു പൊതിയെന്നു പറയാറുണ്ടല്ലോ. അപ്പോള്‍ കാളപ്പുറത്തിരിക്കുന്നതിനു പൊതിയെന്നു പറയാമെന്നു സിദ്ധിക്കുന്നു. ശിവനും കാളപ്പുറത്തിരിക്കു മല്ലോ. അതിനാല്‍ ശിവനെയും പൊതിയെന്നു പറയാം. ആ പൊതിയുടെ പെണ്ണ് ശ്രീപാര്‍വതി. ശ്രീപാര്‍വതിയുടെ അച്ചന്‍ (അച്ഛന്‍) ഹിമവാന്‍. അപ്പോള്‍ 'പൊതിപ്പെണ്ണച്ചനോടൊത്ത്' എന്നു പറഞ്ഞാല്‍ 'പര്‍വത തുല്യമായ' എന്നര്‍ത്ഥം. മാര്‍ജം മാറില്‍ ജനിച്ചത്. സ്തനം എന്നു താല്‍പര്യം. ഉരോജം, വക്ഷോജം ഇത്യാദി എന്നപോലെ.
ഈ ശ്ലോകവും ചക്കിക്ക് ഏറ്റവും സന്തോഷകരമായിരുന്നതിനാല്‍ ഒരു ശ്ലോകം കൂടിയുണ്ടാക്കണമെന്ന് അവള്‍ പറയുകയും ഉടനെ തോലകവി താഴെക്കാണുന്ന പ്രകാരം ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലുകയും ചെയ്തു.
'വക്ത്രാംഭോജം തു കൈലാസവദിദമളകാലംകൃതം, കൊങ്കയുഗ്മം
വൃത്രാരാതേഃ കഠോരം കുലിശമിവപരി¢ിന്നസാരം ഗിരീണാം.
മധ്യം മത്തേഭവത്തേ പിടിയിലമരുവൊന്നെത്രയും ചിത്രമോര്‍ത്താല്‍
മുഗ്ദ്ധേ, മല്‍പ്രാണനാഥേ, വപുരുദധിരിവാഭാതി ലാവണ്യപൂര്‍ണ്ണം.'
ഇങ്ങനെ ചക്കിയുടെ ആവശ്യപ്രകാരവും അല്ലാതെയും ശൃംഗാരഹാസ്യരസ പ്രധാനങ്ങളും ഫലിതമയങ്ങളുമായിട്ടുള്ള അനേകം ശ്ലോകങ്ങള്‍ തോലകവി ഉണ്ടാക്കീട്ടുണ്ട്. എല്ലാത്തിന്റെയും രീതി ഇതു തന്നെ.
തോലകവിയുടെ ഭക്തിരസപ്രധാനങ്ങളായ ശ്ലോകങ്ങള്‍ ഫലിതമയങ്ങളും യുക്തികൊണ്ട് അര്‍ത്ഥം ഗ്രഹിക്കേണ്ടുന്നവയുമാണ്. രീതി കാണിക്കാനായി ഒരു ശ്ലോകം താഴെ ചേര്‍ക്കുന്നു:
'പല്ലിത്തോലാടയാം യസ്യ യസ്യ പന്ത്രണ്ടര പ്രിയാ കോണച്ചേട്ടാഭിധാനസ്യ അര്‍ദ്ധാര്‍ദ്ധം പ്രണതോസ്മ്യഹം.'
പല്ലിനു സംസ്കൃതത്തില്‍ ദന്തമെന്നു പറയുമല്ലോ. അപ്പോള്‍ പല്ലി എന്നു പറഞ്ഞാല്‍ ദന്തി ആന എന്നര്‍ത്ഥം. പന്ത്രണ്ടര ആറ്. ഗംഗ എന്നു താല്‍പര്യം. കോണ് = മുക്ക്. ചേട്ടന്‍ = അണ്ണന്‍. കോണചേട്ടന്‍ = മുക്കണ്ണന്‍. അര്‍ദ്ധാര്‍ദ്ധം = അര്‍ദ്ധത്തിന്റെ അര്‍ദ്ധം. അര്‍ദ്ധം = പകുതി. അര എന്നു താല്‍പര്യം. അതിന്റെ അര്‍ദ്ധം കാല്‍ = പാദം എന്നര്‍ത്ഥം. ആനത്തോല്‍ വസ്ത്രമായും ഗംഗ ഭാര്യയായും മുക്കണ്ണന്‍ എന്നു പേരോടുകൂടിയവനുമായിരിക്കുന്ന അവന്റെ പാദത്തെ ഞാന്‍ നമസ്കരിക്കുന്നു എന്ന് ആകപ്പാടെയുള്ള അര്‍ത്ഥം.
തോലകവി ശിവനെക്കുറിച്ചുതന്നെ മറ്റൊരു വന്ദനശ്ലോകമുണ്ടാക്കി യിട്ടുണ്ട്. അതും താഴെ ചേര്‍ക്കുന്നു:
'മാരാരേ, തവ ദാസോഹം വാരി യസ്യ ജടാന്തരേ യം പ്രാഹുരവ്യയം നിത്യം തന്ത്രിണേത്രം നമാമ്യഹം.'
കേവലം സംസ്കൃതഭാഷയിലുള്ള ഈ ശ്ലോകത്തിലും അദ്ദേഹം മാരാര്‍, വാരിയര്‍, എമ്പ്രാന്‍, തന്ത്രി എന്നിവരുടെ പേരുകള്‍ വരുത്തി യിരിക്കുന്നു. ഇതും ഒരുവക ഫലിതമാണല്ലോ. പരപരിഹാസാര്‍ത്ഥമായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കീട്ടുണ്ട്. 'ഒന്നായ്ച്ചേര്‍ക്കയുമാം പദങ്ങളിടവിട്ടെങ്ങെങ്കിലും ചേര്‍ത്തിടാം' എന്നാണല്ലോ സംസ്കൃതനിയമം. ആ നിയമവും പ്രാസം, യമകം മുതലായ ശബ്ദഭംഗിക്കും പാദപൂരണത്തിനും മറ്റുമായി നിരര്‍ത്ഥകങ്ങളും അനാവശ്യകങ്ങളുമായ പദങ്ങള്‍ പ്രയോഗിക്കുന്നതും തോലകവിക്ക് ഇഷ്ടമല്ല. അങ്ങനെ പ്രയോഗിക്കുന്ന വരെ ആക്ഷേപിച്ചു തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങളും താഴെ ചേര്‍ക്കുന്നു:
ഥപ്രഥനന്ദാനന്ദം
പദദ്വയം നാത്ര ജനിതനന്ദാനന്ദം
തനയം വന്ദേ വക്യാ
നിരന്വയം ദലിതദാനവന്ദേവക്യാഃ
ഈ ശ്ലോകത്തില്‍ ഥപ്രഥനം, ദാനന്ദം, വക്യാഃ ഈ മൂന്നു പദങ്ങള്‍ നിരര്‍ത്ഥങ്ങളും യമകത്തിനായിട്ടു മാത്രം ചേര്‍ത്തിട്ടുള്ളവയുമാണ്. ശേഷമുള്ള പദങ്ങള്‍കൊണ്ടു മാത്രമേ കാര്യമുള്ളു. ആവശ്യമില്ലാത്ത
പദങ്ങളോടു ചേര്‍ത്തുതന്നെ 'പദദ്വയം നാത്ര' എന്നും 'നിരന്വയം'എന്നും പ്രയോഗിച്ച് അവ അനാവശ്യകങ്ങളാണെന്നു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതും ഒരു സാമര്‍ത്ഥ്യമാണല്ലോ. ഇനി ഇതുപോലെത്തന്നെ വേറൊരു ശ്ലോകം:
'ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വ ടഃ
ഏഷ ആഹ്വയതേ കുക്കു
ച വൈ തു ഹി ച വൈ തു ഹി'
ഇവിടെ 'കുക്കു' എന്നുള്ളതിനോടു 'ടഃ' എന്നുകൂടിച്ചേര്‍ത്ത് അന്വയിക്കണം. പദങ്ങളെ അങ്ങുമിങ്ങുമായി പ്രയോഗിക്കാമെങ്കില്‍ അക്ഷരങ്ങളെയും
അങ്ങനെ പ്രയോഗിക്കാം എന്നാണ് തോലകവിയുടെ
അഭിപ്രായം. അപ്രകാരം തന്നെ 'ച, വൈ, തു, ഹി ഇത്യാദി അനാവശ്യകങ്ങളായിട്ടുള്ള അവ്യയപദങ്ങള്‍ അങ്ങുമിങ്ങുമായി ഇടയ്ക്കിടയ്ക്കു ചേര്‍ത്തു പ്രയോഗിക്കുന്നതെന്തിന്? എല്ലാംകൂടി ഒരുമിച്ചിരിക്കട്ടെ. ആവശ്യം പോലെ ഓരോ പദങ്ങള്‍ എടുത്ത് അന്വയിക്കാമല്ലോ' എന്നു വിചാരിച്ചാണ് തോലകവി ആ വക പദങ്ങള്‍ കൊണ്ടുതന്നെ നാലാം പാദം തീര്‍ത്തത്. അനാവശ്യങ്ങളും അനര്‍ത്ഥങ്ങളുമായ പദങ്ങളെ ഔചിത്യം കൂടാതെ പ്രയോഗിക്കുന്ന കവികള്‍ക്ക് ഈ ആക്ഷേപങ്ങള്‍ മര്‍മഭേദകങ്ങളായിരിക്കുമല്ലോ.
അന്യരുടെ കൃതികള്‍ക്കു കുറ്റവും കുറവും പറയുന്നവര്‍ ധാരാളവും നിരാക്ഷേപമായി കവനം നിര്‍മിക്കുവാന്‍ കഴിയുന്നവര്‍ ലോകത്തില്‍ ചുരുക്കവുമാണല്ലോ. എന്നാല്‍ തോലകവി അന്യന്മാരുടെ കൃതികളെ ആക്ഷേപിക്കുന്നതിനും അന്യന്മാര്‍ ആക്ഷേപിക്കാത്തവിധത്തില്‍ കാവ്യ ങ്ങള്‍ നിര്‍മിക്കുന്നതിനും കഴിയുന്ന ആളായിരുന്നു. അദ്ദേഹം അന്വയ ക്രമത്തിനു പദങ്ങള്‍ ചേര്‍ത്തും അനാവശ്യപദങ്ങള്‍ കൂടാതെയും കാവ്യം നിര്‍മിച്ചിട്ടുണ്ട്. അതിലുള്ള ശ്ലോകങ്ങളില്‍ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഒന്നു താഴെ ചേര്‍ക്കുന്നു.
'സ്വര്‍ജാലികാനിര്‍ജരനിര്‍ഝരിണ്യാം
തദീയസധൗാഗ്രജുഷാം വധൂനാം
ആലോലനേത്രപ്രകരം നിരീക്ഷ്യ
ഝഷഭ്രമാര്‍ജാലശതം ക്ഷിപന്തി.'
ഈ കാവ്യം കൂടി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും തോലകവി വിശ്വവിശ്രുതനായിത്തീര്‍ന്നു. അദ്ദേഹത്തെ 'തോലന്‍' എന്നു പറഞ്ഞിരുന്ന അസൂയാലുക്കളായ വിരോധികള്‍ പോലും 'തോലകവി' എന്നുതന്നെ പറഞ്ഞുതുടങ്ങുകയും ചെയ്തു.
ഇങ്ങനെയിരുന്ന കാലത്താണ് കുലശേഖരവര്‍മാവെന്ന് പ്രസിദ്ധനാ യിരുന്ന ചേരമാന്‍ പെരുമാള്‍ സംസ്കൃതനാടകങ്ങള്‍ ചാക്യാന്മാരെ ക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കുവാന്‍ ഉത്സാഹിച്ചു തുടങ്ങിയത്. അദ്ദേഹം ആദ്യംതന്നെ ചാക്യാന്മാരെക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കാനുത്സാഹിച്ചതു ശാകുന്തളം നാടകമാണ്. അരങ്ങേറ്റത്തിനു സൂതന്റെ വേഷം ധരിച്ച ചാക്യാര്‍ 'രാജാനം മൃഗഞ്ചാവലോക്യ' (മൃഗമതിനെയുമാത്തചാപനാകും ജഗദഭിവന്ദ്യ ഭവാനെയും വിലോക്യ) എന്നുള്ള ഭാഗം യഥാക്രമം അഭിനയിച്ചപ്പോള്‍ ആ ചാക്യാരുടെ കണ്ണു പൊട്ടിപ്പോവുകയാല്‍ അരങ്ങേറ്റം നടന്നില്ല. പിന്നെ പെരുമാള്‍ അഭിഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം ഇങ്ങനെ മൂന്നു നാടകങ്ങള്‍ സ്വയമേ നിര്‍മിക്കുകയും അവ ഉടനെ ചാക്യാന്മാരെക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു. ആ മൂന്നു നാടകങ്ങളില്‍ ഒടുവിലുണ്ടാക്കിയ സുഭദ്രാധനഞ്ജയമാണ് പെരുമാള്‍ക്ക് അധികം ബോധിച്ചത്. അതിനാല്‍ അതു തന്നെ ആദ്യം അരങ്ങേറ്റം കഴിപ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. എങ്കിലും അതു വിദ്വാന്മാരെ ഒന്നു കേള്‍പ്പിച്ചിട്ടു വേണം ചാക്യാന്മാരെ ഏല്‍പിക്കാനെന്ന് അദ്ദേഹത്തിനു തോന്നി. 'ആപരിതോഷാദ്വി ദുഷാം ന സാധു മന്യേ പ്രയോഗവിജ്ഞാനം' എന്നുണ്ടല്ലോ. അതിനാല്‍ ചേരമാന്‍ പെരുമാള്‍ ഒരു ദിവസം തന്റെ സദസ്യന്മാരും സമീപസ്ഥന്മാരുമായ വിദ്വാന്മാരെയെല്ലാം വിളിച്ചുകൂട്ടി. ആ സദസ്സില്‍ തോലകവിയും ചെന്നു ചേര്‍ന്നിരുന്നു. ആ സഭാവാസികളെ ചേരമാന്‍ പെരുമാള്‍ സുഭദ്രാധനഞ്ജയം സ്വയമേവ വായിച്ചു കേള്‍പ്പിക്കാനാരംഭിചു. ഒന്നാമങ്കം കഴിഞ്ഞു രണ്ടാമങ്കം വയിച്ചുതുടങ്ങിയപ്പോള്‍ തന്നെ തോലകവി കുറേശ്ശെ വിറച്ചു തുടങ്ങി. രണ്ടാമങ്കം ഏകദേശം പകുതിയായപ്പോള്‍ തോലകവി അത്യുച്ചത്തില്‍ അട്ടഹസിച്ചുകൊണ്ടും 'അയ്യോ, എനിക്കു സഹിക്കാന്‍ വയ്യേ' എന്നു പറഞ്ഞുകൊണ്ട് ചാടിയെണീറ്റുനിന്നു വെളിച്ചപ്പാടിനെ പ്പോലെ തുള്ളിത്തുടങ്ങി. സദസ്യരെല്ലാം പരിഭ്രമിച്ച് എണീക്കുകയും 'ആരാണ്? കാര്യമെന്താണ്?' എന്നും മറ്റും ചോദിക്കുകയും ചെയ്തു. അപ്പോള്‍ തോലകവി 'ഞാന്‍ശാകുന്തളം നാടകമാണ്. എനിക്കുള്ള അര്‍ത്ഥകല്‍പ്പനകളും Cായയുമെല്ലാമപഹരിച്ച് സുഭദ്രാധനഞ്ജയത്തിനു കൊടുത്തിരിക്കുന്നു. ഇതെനിക്കു സഹിക്കാവുന്നതല്ല' എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഇതു തോലകവി ചേരമാന്‍ പെരുമാളെ പരിഹസി ക്കാനായിട്ടെടുത്ത വിദ്യയാണെന്നു സദസ്യര്‍ക്കു മനസ്സിലാവുകയും ചിലര്‍ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോവുകയും ഏതാനും പേര്‍ തങ്ങള്‍ക്കു വന്ന ചിരി പെരുമാളെ ഭയപ്പെട്ട് ഉള്ളില്‍ ഒതുക്കുകയും ചെയ്തു. പെരുമാള്‍ ഏറ്റവും വിഷണ്ണനായിത്തീര്‍ന്നു എന്നുള്ളതു പറയണമെന്നി ല്ലല്ലോ. അദ്ദേഹം ശേഷം വായിക്കാന്‍ ശക്തനാകാതെ ലജ്ജാവനതമുഖനായി അവിടെനിന്ന് എണീറ്റുപോയി. ഉടനെ തോലകവിയുടെ തുള്ളല്‍ നില്‍ക്കുകയും സഭാവാസികളെല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു.
അന്നു രാത്രിയില്‍ കിടന്നിട്ടു ചേരമാന്‍ പെരുമാള്‍ക്ക് ഉറക്കം വന്നില്ല. തന്റെ നാടകങ്ങള്‍ വിദ്വജ്ജനങ്ങള്‍ക്കു രുചിക്കയും അവയ്ക്കു പ്രസിദ്ധിയും പ്രചാരവും സിദ്ധിക്കുകയും ചെയ്യുന്നതിന് എന്താണ് വേണ്ടതെന്ന് അദ്ദേഹം വളരെ നേരം വിചാരിച്ചു നോക്കീട്ടും ശരിയായ മാര്‍ഗ്ഗമൊന്നും കണ്ടില്ല. ഒടുക്കം തോലകവിയെ തന്നെ വരുത്തി ആലോചിക്കാമെന്നു നിശ്ചയിച്ചു. ചേരമാന്‍ പെരുമാള്‍ ആ രാത്രിയില്‍ ത്തന്നെ ആളയച്ചു തോലകവിയെ ഗൂടമമായി തന്റെ അടുക്കല്‍ വരുത്തി അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം നാടകാഭിനയത്തിനുവേണ്ടുന്ന മുറകളെല്ലാം വ്യവസ്ഥപ്പെടുത്തി. വിദൂഷകനുള്ള നാടകങ്ങള്‍ അഭിനയിക്കുന്ന തിന് ആദ്യം തന്നെ വിദൂഷകവേഷധാരിയായ ഒരു നടന്‍ പ്രവേശിച്ചു വിവാദു തീര്‍ത്തു എന്നും വിനോദം, വഞ്ചനം, അശനം, രാജസേവ എന്നീ പുരുഷാര്‍ത്ഥങ്ങള്‍ സാധിച്ചു എന്നും പറയണമെന്നും അവയ്ക്കും നാടക ങ്ങളിലെ വിദൂഷകന്റെ വാക്യങ്ങള്‍ക്കു പകരമായിട്ടും മണിപ്രവാളമായും മറ്റു ചിലശ്ലോകങ്ങള്‍ കൂടി വേണമെന്നും മറ്റുമാണ് അവര്‍ വ്യവസ്ഥ പ്പെടുത്തിയത്. ആ വക ശ്ലോകങ്ങളെല്ലാമുണ്ടാക്കുന്നതിന് ചേരമാന്‍ പെരുമാള്‍ തോലകവിയെത്തന്നെ ഏല്‍പിക്കുകയും അദ്ദേഹം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
വിവാദുതീര്‍ക്കുക എന്നുവെച്ചാല്‍ അനധീതമംഗലം ഗ്രാമക്കാരും പെരുംതൃക്കോവിലെന്ന ക്ഷേത്രത്തിലെ ഊരാളന്മാരുമായ മേയ്ക്കാന്തല, കിഴക്കാന്തല എന്നു രണ്ടുകൂട്ടര്‍ തമ്മിലുള്ള അധികാരത്തര്‍ക്കം തീര്‍ക്കുക യാണ്. ഇതില്‍ ഊരാളന്മാര്‍, സമുദായം, ശാന്തിക്കാര്‍, വാരിയര്‍, മാരാര് മുതലായ ക്ഷേത്രാധികാരികളുടെയും ക്ഷേത്രസംബന്ധികളുടെയും ചാക്യാര്‍, നമ്പ്യാര്‍ മുതലായവരുടെയും സ്വഭാവങ്ങളെ വര്‍ണ്ണിച്ച് അനവധി ശ്ലോകങ്ങള്‍ തോലകവി ഉണ്ടാക്കി. വിനോദം എന്നത് ഈ ഊരാളന്മാര്‍ മുതലായവരെല്ലാംകൂടി 'ഭ്രമരികുലകോലാഹലത്തുണ്ണിമഞ്ജരി' എന്നൊരു വേശ്യാസ്ത്രീയുടെ അടുക്കല്‍ച്ചെന്നു തൃതീയപുരുഷാര്‍ത്ഥം സാധിക്കുക യാണ്. ഇതിന് സ്ത്രീകളുടെ സ്വഭാവങ്ങളെ വര്‍ണ്ണിച്ചും വളരെ ശ്ലോകങ്ങള്‍ തോലകവി നിര്‍മ്മിച്ചു. വഞ്ചനം എന്നത് വിനോദം സാധിക്കാന്‍ പോയവരില്‍ ഒരാള്‍ ഉണ്ണിമഞ്ജരിയുടെ വെള്ളിക്കരണ്ടകം മോഷ്ടിച്ച് ആരുമറിയാതെ വായിലാക്കി കൊണ്ടുപോന്നു എന്നുള്ളതാണ്. അതിന് അധികം വിസ്താരവും വര്‍ണ്ണനയുമൊന്നുമില്ല. പിന്നെ അശനം എന്നത് ണ്ഠീം ണ്ഠീം നായ്ക്കരുടെ പന്ത്രണ്ടാം മാസസദ്യ ഇവര്‍ പോയി ഉണ്ടു എന്നുള്ളതാണ്. ഇതു വളരെ കേമമാക്കി. സദ്യയുടെ ഓരോ വിഭവങ്ങളെയും പ്രത്യേകം പ്രത്യേകം വിവരിച്ചും വര്‍ണ്ണിച്ചും വളരെ ശ്ലോകങ്ങള്‍ കവി ഉണ്ടാക്കി. ഇങ്ങനെ മൂന്നു പുരുഷാര്‍ത്ഥങ്ങള്‍ സാധിച്ചുകഴിഞ്ഞാല്‍ പിന്നെ രാജസേവയായി. അതിന് ഈ ഊരാളന്മാര്‍ മുതലായവരില്‍ സമര്‍ത്ഥനായ ഒരാളെ തിരഞ്ഞെടുത്ത് അയയ്ക്കുകയാണ്. അയാള്‍, പിന്നീടഭിനയിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നാടകെമേതോ അതിലെ കഥാനായകനായ രാജാവിനെ സേവിച്ചു താമസിച്ചു എന്നു പറഞ്ഞ് നാടകവുമായി സംബന്ധം വരുത്തണം. നാടകത്തിലെ വിദൂഷകനായിത്തീരുന്നതും അയാള്‍ തന്നെയാണ്. ഈ നാലാമത്തെ പുരുഷാര്‍ത്ഥം പറയുന്നതിനും രാജാക്കന്മാരുടെ സ്വഭാവങ്ങളെ വര്‍ണ്ണിച്ച് അനവധി ശ്ലോകങ്ങള്‍ തോലകവി ഉണ്ടാക്കി. വിവാദു തീര്‍ത്തതായും പുര്‍ഷാര്‍ത്ഥങ്ങള്‍ സാധിച്ചതായും പറയുന്നതിലേക്കായി തോലകവി ഉണ്ടാക്കിയ ശ്ലോകങ്ങളെല്ലാം സരസങ്ങളും ഫലിതഭരിതങ്ങളുമാണ്. അവയില്‍ മിക്കവയും മണിപ്രവാളങ്ങളും ചിലതു സംസ്കൃതങ്ങളുമാണ്. ഭര്‍ത്തൃഹരി മുതലായവയില്‍നിന്നും ചില ശ്ലോകങ്ങള്‍ ഈ ആവശ്യത്തിലേക്കായി അദ്ദേഹം യഥോചിതം എടുത്തു ചേര്‍ത്തിട്ടുമുണ്ട്. തോലകവി ഉണ്ടാക്കീ 155 ട്ടുള്ള ശ്ലോകങ്ങള്‍ കേട്ടാല്‍ പ്രത്യേകമറിയാം. അവയുടെ രസികത്വം ഒന്നു വേറെ തന്നെയാണ്.
മേല്‍പറഞ്ഞ ചടങ്ങുകളോടും തോലകവിയുടെ സഹായത്തോടും കൂടി ചേരമാന്‍ പെരുമാള്‍ തന്റെ നാടകങ്ങളെലാം അരങ്ങേറ്റം കഴിപ്പിക്കുകയും എല്ലാവരും വളരെ രസിക്കുകയും സന്തോഷിക്കുകയും ചെയ്തു. അപ്പോള്‍ മാത്രമേ ചേരമാന്‍ പെരുമാള്‍ക്കു മുമ്പുണ്ടായ കുണ്ഠിതം നിശ്ശേഷം തീര്‍ന്നുള്ളു. പിന്നെ അദ്ദേഹം തോലകവിക്കു വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോഷിപ്പിച്ച് അദ്ദേഹത്തിനെ തന്റെ കൂടെത്തന്നെ താമസിപ്പിചു.
അനന്തരം ചേരമാന്‍ പെരുമാള്‍ നാഗാനന്ദം മുതലായ ചില നാടകങ്ങള്‍ക്കു കൂടി തോലകവിയെക്കൊണ്ടു വിദൂഷകശ്ലോകങ്ങളുണ്ടാക്കി ക്കുകയും അവയും ആശ്ചര്യചൂഡാമണി, കല്യാണസഗൗന്ധികം മുതലായി മറ്റു ചില നാടകങ്ങളും കൂടി അരങ്ങേറ്റം കഴിപ്പിക്കുകയും ചെയ്തു. ചാക്യാന്മാര്‍ നാടകങ്ങളിലഭിനയിക്കുന്നതിനു ചേരമാന്‍ പെരുമാള്‍ നിശ്ചയിച്ചിട്ടുള്ള പേര് 'കൂടിയാട്ടം' എന്നാണ് അങ്ങനെതന്നെ ഇപ്പോഴും പറഞ്ഞുവരുന്നു. അതിന് ആകപ്പാടെയുള്ള പേര് കൂത്ത് എന്നുമാണ്. രസവാസനയും നാട്യസാമര്‍ത്ഥ്യവും വേഷഭംഗിയുമുള്ള ചാക്യാന്മാര്‍ നായകന്റെ ഭാഗവും, മനോധര്‍മ്മവും യുക്തിയും വാഗ്മിത്വവും വാq് മാധുര്യവുമുള്ള ചാക്യാന്മാര്‍ വിദൂഷകന്റെ ഭാഗവും നിര്‍വ്വഹിക്കുന്നതായാല്‍ കൂടിയാട്ടം കാണാനും കേള്‍ക്കാനും വളരെ നല്ലതാണ്. പക്ഷേ അങ്ങനെയുള്ള ചാക്യാന്മാര്‍ ഇപ്പോള്‍ ചുരുക്കമാണെന്നേയുള്ളു. വിദൂഷകനില്ലാത്ത നാടകങ്ങള്‍ അഭിനയിക്കുന്നതിനു പുര്‍ഷാര്‍ത്ഥങ്ങളും മറ്റും പറയുക പതിവില്ലാത്തതിനാല്‍ നല്ല ആട്ടക്കാരായിട്ടുള്ള ചാക്യന്മാരുണ്ടായാലും മതി. അതിനും യോഗ്യന്മാരായിട്ടുള്ളവര്‍ വളരെ ചുരുക്കമാണ്. കൂത്ത് ക്ഷേത്രങ്ങളില്‍ മാത്രമേ പാടുള്ളൂ എന്നാണ് ചേരമാന്‍ പെരുമാള്‍ നിശ്ചയിച്ചിട്ടുള്ളത്. കൂത്തിനുള്ള വിളക്കിനു വെളിച്ചെണ്ണയും വേഷം കെട്ടുന്നതിനു വെളുത്തേടന്റെ മാറ്റും മാലയ്ക്കു ചെത്തിപ്പൂവും വേണമെന്നാണ് നിശ്ചയം. 'കലിയുഗം മൂക്കുമ്പോള്‍ ഇല്ലത്തു കൂത്തും കൊമ്പത്തെണ്ണ (പുന്നക്കായെണ്ണ, പൂവത്തെണ്ണ, മരോട്ടിയെണ്ണ മുതലായവ) യും മണ്ണാത്തി മാറ്റും അശകിന്‍ പൂവും വേണമെന്നു ജനങ്ങള്‍ പറഞ്ഞുതുടങ്ങും. അപ്പോള്‍ നിങ്ങളുടെ അണയലങ്ങള്‍ (വേഷം കെട്ടാനുള്ള കോപ്പുകള്‍) തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തില്‍ കൊണ്ടു ചെന്നു മണ്ഡപത്തില്‍ കെട്ടിത്തൂക്കീട്ടു നിങ്ങള്‍ തീര്‍ത്ഥാടനം ചെയ്തുകൊള്ളണം' എന്നു ചേരമാന്‍ പെരുമാള്‍ ചാക്യാരോടും പറഞ്ഞിട്ടുണ്ടെന്ന് ഒരു കേള്‍വിയുണ്ട്. ഇതുകൊണ്ടും മുമ്പു വിവരിച്ചിട്ടുള്ള ചില സംഗതികള്‍ കൊണ്ടും കുലശേഖരവര്‍മ്മാവു താമസിച്ചിരുന്നതു തിരുവഞ്ചിക്കുളത്തുതന്നെയായിരുന്നുവെന്നും തോലകവിയുടെ വാസ സ്ഥലവും അവിടെ സമീപത്തെവിടെയോ ആയിരുന്നുവെന്നും ഊഹിക്കേ ണ്ടിയിരിക്കുന്നു.
തോലകവി ഉണ്ടാക്കീട്ടുള്ള പുര്‍ഷാര്‍ത്ഥശ്ലോകങ്ങളുടെയും നാടക ശ്ലോകങ്ങളുടെയും രസികത്വം വിചാരിക്കുമ്പോള്‍ അവയില്‍ ചിലതുകൂടി ഇവിടെ പകര്‍ത്തിയാല്‍ കൊള്ളാമെന്നു തോന്നുന്നുണ്ട്. ലേഖനദൈര്‍ഘ്യം വിചാരിക്കുമ്പോള്‍ അതിനു മനസ്സു വരുന്നുമില്ല. എങ്കിലും ചിലതു താഴെ ചേര്‍ക്കുന്നു:
'ശാന്തിദ്വിജഃ പ്രകുരുതേ ബഹുദീപശാന്തിം
തത്രത്യവാരവനിതാമദനാഗ്നിശാന്തിം
പക്വാജ്യപായസഗുളൈര്‍ജഠരാഗ്നിശാന്തിം
കാലക്രമേണ പരമേശ്വരശക്തിശാന്തിം.'
'കുളിച്ചു കുറ്റിത്തലയും കുടഞ്ഞ-
ങ്ങമന്ത്രകുംഭം ചൊരിയുന്ന നേരം
ഭ്രമിച്ചു ദേവന്‍ ചുമരോടലച്ചു
നീരോകിലൂടെ ഗമനം കരോതി.'
ഈ ശ്ലോകങ്ങള്‍ വിവാദു തീര്‍ക്കുന്നതിലുള്ളവയാണ്. ഇനി വിനോദത്തിലെ ചില ശ്ലോകങ്ങള്‍ താഴെ കുറിക്കുന്നു:
'പത്തചങ്ങു പടിപ്പുരയ്ക്കു പുറമേ നില്‍പ്പാ, നകം പൂകുവാന്‍ പത്താനക്കളഭാ, നകത്തൊരു പദം വെയ്പാന്‍ സുവര്‍ണ്ണാചലം മറ്റേകാല്‍ക്കു സുരദ്രുമം, പുണരുവാന്‍ വിശ്വം തരേണം നമു- ക്കിത്ഥം ചൊല്‍വൊരു നാരിമാരൊടണയുന്നോര്‍ക്കേഷ ബദ്ധാഞ്ജലിഃ'
അശനത്തിലെ പ്രധാനവും പ്രഥമവുമായ ശ്ലോകം കൂടി അടിയില്‍ ചേര്‍ക്കുന്നു:
വെണ്ണസ്മേരമുഖീം വറത്തു വരളും വാര്‍ത്താകദന്തച്ഛദാം ചെറ്റോമന്മധുരക്കറിസ്തനഭരാമമ}ാപദം ശോദരീം ചേണാര്‍ന്നോരെരുമത്തയിര്‍ക്കുടിതടാം ചിങ്ങമ്പഴോരുദ്വയീ മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ ലോകഃ കഥം ജീവതി?'
രാജാക്കന്മാരുടെ സ്വഭാവങ്ങളെ വര്‍ണ്ണിച്ചു രാജസേവയിലും വളരെ ശ്ലോകങ്ങളുണ്ട്. വിസ്തരഭയത്താല്‍ അവയൊന്നും ഇവിടെ പകര്‍ത്തുന്നില്ല.
കേരളത്തില്‍ ബ്രാഹ്മണര്‍ക്കു ശാസ്ത്ര(സംഘ)ക്കളിയും നായന്മാര്‍ മുതലായവര്‍ക്ക് ഏഴാമത്തു കളിയുമുള്ളതുപോലെ അമ്പലവാസിവര്‍ഗ്ഗ ക്കാര്‍ക്കു കൂറപ്പാറകന്‍ എന്നൊരു കളിയുണ്ടല്ല്ലോ. അതില്‍ ഉപയോഗി ക്കുന്നതിനായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കി ആ വക ക്കാര്‍ക്കു കൊടുത്തു. ആ കളിയിലും അനേകം വേഷങ്ങളുണ്ട്. അവര്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ കൂടി ഇവിടെ ഉദ്ധരിക്കാം. പാത്രം തേയ്ക്കാന്‍ പോകുന്ന ഭാവത്തില്‍ പ്രവേശിക്കുന്ന വാരസ്യാരെക്കുറിച്ചുള്ള ശ്ലോക മാണ് താഴെ പകര്‍ത്തുന്നത്:
'വെണ്ണീറ്റുകട്ട വലിയോന്നു വലത്തുകൈയില്‍,
മറ്റേതില്‍ വറ്റുരുളി, ചട്ടക, മൊട്ടു വയ്ക്കോല്‍
ഓമല്‍ക്കഴുത്തിലൊരു മദ്ദളവും ധരിച്ചു
കൈലാസനാരി വരവുണ്ടതു കാണ്മനീ ഞാന്‍.'
ഒരു വൃദ്ധയും മകളും പ്രവേശിച്ചിട്ടു വൃദ്ധ മകളോടു പറയുന്നതായി ചൊല്ലുന്ന ശ്ലോകം കൂടി താഴെ ചേര്‍ക്കുന്നു:
'പത്തു പത്തനമൊത്തോണം
ശുദ്ധശൂന്യം വരുത്തി ഞാന്‍
പത്താലൊന്നു മുടിച്ചീടാന്‍
മുഗ്ധേ! നീ മതിയാകുമോ?'
കൂട്ടപ്പാഠകത്തില്‍ ഉപയോഗിച്ചുവരുന്ന ശ്ലോകങ്ങളെല്ലാം തോലകവി ഉണ്ടാക്കീട്ടുള്ളവയാണെന്നാണ് പറയുന്നത്. എന്നാല്‍ അവയില്‍ ചില ശ്ലോകങ്ങള്‍ കേട്ടല്‍ രീതിഭേദം കൊണ്ട് അവ മറ്റാരോ ഉണ്ടാക്കിയ താണെന്ന് തോന്നിപ്പോകും. അങ്ങനെയുള്ള ചില ശ്ലോകങ്ങള്‍ കൂടിയാട്ട ങ്ങളില്‍ ചാക്യാന്മാരുപയോഗിക്കുന്ന വിദൂഷകശ്ലോകങ്ങളിലും കാണു ന്നുണ്ട്. അവയുടെ വ്യത്യാസം കവിതാമര്‍മ്മജ്ഞന്മാരായ സഹൃദയന്മാര്‍ ക്കറിയാവുന്നതാണ്. അതൊക്കെ എങ്ങിനയായാലും കൂട്ടപ്പാഠകം എന്നൊന്ന് ഉണ്ടാക്കിത്തീര്‍ത്തതു തോലകവിതന്നെയാണെന്നു വിശ്വസി ക്കേണ്ടിയിരിക്കുന്നു.
'പോരുന്ന ലോകരു പരമ്പരയാ പറഞ്ഞു
പോരുന്ന വാക്കിലയഥാര്‍ത്ഥവിചാരമാകാ'
എന്നുണ്ടല്ലോ. ഇനി നാടകങ്ങളില്‍ വിദൂഷകനു ചൊല്ലാനായി തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങള്‍ കൂടി ഇവിടെ ഉദ്ധരിക്കാം.
സുഭദ്രാധനഞ്ജയത്തില്‍ സുഭദ്രയെക്കുറിച്ചുള്ള 'സൌന്ദര്യം, സുകുമാരതാ' ഇത്യാദി ശ്ലോകത്തിനു പകരം,
'വാനാറ്റം കവര്‍നാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം
നോക്കും വാക്കുമിതാദിസര്‍ഗ്ഗവിഭവാന്‍ നിശ്ശേഷചക്കീഗുണാന്‍
ഇച്ചക്ക്യാമുപയുജ്യ പത്മജനഹോ! ശക്യാണ, ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം.'
'നാഴിഭിരുരിഭിരുഴഗ്ഭിഃ
പാതി മണല്‍ഭിസ്തഥൈവ ചവലരിഭിഃ
യത്ര മനോരഥമുടനേ
സിധ്യയി തസ്യൈ നമോ നമശ്ചക്ക്യൈ'
തനിക്കു വിവേവകമില്ലാതെയിരുന്ന ചെറുപ്പകാലത്തു തന്നെ മയക്കി ഭ്രഷ്ടനാക്കിത്തീര്‍ത്ത ചക്കിയെക്കുറിച്ചു തോലകവിക്കു പിന്നീടു വൈരസ്യ മുണ്ടായതായി മേലെഴുതിയിരിക്കുന്ന ഈ ശ്ലോകങ്ങള്‍കൊണ്ടു വിചാരി ക്കാം. അഥവാ അദ്ദേഹത്തിനു പ്രകൃത്യാ ഉള്ള പരിഹാസശീലം കൊണ്ട് ഇങ്ങനെയുണ്ടാക്കിയതാണെന്നും വരാം. ഏതായാലും അദ്ദേഹം ചക്കിയെ ഒരുകാലത്തും മറന്നിരുന്നില്ലെന്നു സ്പഷ്ടമാകുന്നുണ്ട്.
മലയാളപദങ്ങള്‍ക്കു (നാമമായാലും ക്രിയയായാലും) സംസ്കൃത പ്രത്യയങ്ങള്‍ ചേര്‍ത്തു പ്രയോഗിക്കുകയെന്നുള്ള വിദ്യ ആദ്യം തുടങ്ങിയത് തോലകവി തന്നെയാണെന്നാണു തോന്നുന്നത്. അദ്ദേഹത്തിന്റെ മിക്ക പദ്യങ്ങളിലും അങ്ങനെയുള്ള പ്രയോഗങ്ങള്‍ കാണാം. അങ്ങനെയുള്ളതും പ്രസിദ്ധവുമായ ഒരു സന്ധ്യാവര്‍ണ്ണനശ്ലോകം കൂടി താഴെ ചേര്‍ക്കുന്നു:
'താഴ്പൂട്ടിയന്തി തകരാഃ കറികൊയ്തശേഷാഃ
കാകാഃ കരഞ്ഞു മരമേറിയുറങ്ങിയന്തി
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ
മിന്നാമിനുങ്ങനിവഹാþഃ മിനുങ്ങയന്തി.'
തോലകവി ചേരമാന്‍ പെരുമാളുടെ സേവകനായിത്താമസിച്ചിരുന്ന കാലത്തുണ്ടായ ചില നേരമ്പോക്കുകള്‍ കൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.
ഒരിക്കല്‍ ചേരമാന്‍ പെരുമാള്‍ എണ്ണതേച്ച സമയം തന്റെ കൈ വിരലില്‍ കിടന്നിരുന്ന തിരുവാഴി (മോതിരം) ഊരി താഴെ വച്ചിട്ട് എണ്ണ തേച്ചു. കുളി കഴിഞ്ഞു പോന്ന സമയം ആ മോതിരമെടുക്കാന്‍ അദ്ദേഹം മറന്നുപോയി. കൂടെയുണ്ടായിരുന്ന പരിചാരകന്മാരും മോതിരത്തിന്റെ കാര്യം ഓര്‍ത്തില്ല. ചേരമാന്‍ പെരുമാള്‍ കുളികഴിഞ്ഞു പോയ ഉടനെ തോലകവി കടവില്‍ച്ചെന്നപ്പോള്‍ തിരുവാഴി അവിടെയിരിക്കുന്നതു കണ്ടു. അദ്ദേഹം ആരും കാണാതെയും ആരോടും പറയാതെയും നേരമ്പോക്കി നായി അതെടുത്തുകൊണ്ടു പോയി വാളിന്റെ ഉറയിലിട്ട് ഒളിച്ചുവച്ചു. പിന്നെ അദ്ദേഹം ആ കടവില്‍ പോകാതെ മറ്റൊരു സ്ഥലത്തു പോയി കുളിച്ചു പോരികയും ചെയ്തു. ചേരമാന്‍ പെരുമാള്‍ ഊണു കഴിഞ്ഞു കൈ കഴുകിയപ്പോഴാണ് മോതിരത്തെക്കുറിച്ച് ഓര്‍ത്തത്. ഉടനെ ആളയച്ചു കടവില്‍ നോക്കിച്ചു. മോതിരം അവിടെ കാണായ്കയാല്‍ മുറയ്ക്ക് അന്വേഷണം തുടങ്ങി. പലവിധത്തില്‍ അന്വേഷിച്ചിട്ടും ഒരു തുമ്പുമു ണ്ടായില്ല. തോലകവി സേവകന്മാരില്‍ പ്രധാനിയായിത്തീരുകകൊണ്ടും അദ്ദേഹം എല്ലാവരെയും പരിഹസിച്ചിരുന്നതിനാലും പലര്‍ക്കും അദ്ദേഹ ത്തോടു വിരോധവും അസൂയയുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി തിരുവാഴി മോഷ്ടിച്ചതു തോലകവിയാണെന്നു പെരുമാളുടെ അടുക്കല്‍ പറഞ്ഞു വിശ്വസിപ്പിച്ചു. പെരുമാള്‍ ചോദിച്ചിട്ടും തോലവവി കുറ്റം സമ്മതിച്ചില്ല. ഒടുക്കം തോലകവി കൈ മുക്കണമെന്നു പെരുമാള്‍ വിധിച്ചു. കൈ മുക്കുകയെന്നാല്‍ ഇരുനാഴിയുരി നെയ്യ് ഒരു പാത്രത്തിലൊഴിച്ച് അടുപ്പത്തുവെച്ച് തിളപ്പിച്ച് ചൂടോടുകൂടി വങ്ങിവെച്ച് അതില്‍ കൈ മുക്കുകയാണ്. കൈ പൊള്ളിയെങ്കില്‍ മോഷ്ടിച്ചു എന്നും പൊള്ളിയി ല്ലെങ്കില്‍ മോഷ്ടിച്ചില്ലെന്നും തീര്‍ച്ചപ്പെടുത്തും. ഒരിക്കല്‍ എന്തെങ്കിലും കുറ്റം ചെയ്തതായി സംശയം ജനിക്കുകയും സംശയിക്കപ്പെടുന്നയാള്‍ കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്താല്‍ സംശയം തീര്‍ക്കുന്നതിന് അക്കാലത്ത് ഇങ്ങനെ ഒരു വിദ്യയാണ് ചെയ്തിരുന്നത്. (മുന്‍കാലങ്ങളില്‍ സ്മാര്‍ത്തവിചാരത്തില്‍ സംശയഗ്രസ്തന്മാരായിത്തീരുന്നവര്‍ ശുചീന്ദ്രത്തു നടയില്‍വെച്ച് കൈ മുക്കുക പതിവായിരുന്നുവല്ലോ.) അങ്ങനെ ചെയ്യാ മെന്നു തോലകവി സമ്മതിക്കുകയും ചെയ്തു. ഉടനെ ചിലര്‍ കൂടി ചേരമാന്‍ പെരുമാളുടെ മുമ്പില്‍ത്തന്നെ ഒരടുപ്പുണ്ടാക്കി തീ കത്തിച്ചു, പാത്രത്തില്‍ നെയ്യൊഴിച്ച്, അടുപ്പത്തു വച്ച് തിളപ്പിച്ചു. നെയ്യ് നല്ലപോലെ തിളച്ച സമയം ഒരാള്‍ കൈക്കല കൂട്ടിപ്പിടിച്ച് അതു വാങ്ങിത്താഴെവെച്ചു. ഉടനെ തോലകവി 'ഇനി ഞാന്‍കൈ മുക്കണമെന്നുണ്ടോ? കളവിവിടെ തെളിഞ്ഞുവല്ലോ. ഈ നെയ്യു വാങ്ങിവെച്ച ആളാണ് തിരുവാഴി മോഷ്ടി ച്ചത്. അല്ലെങ്കില്‍ അയാള്‍ കൈക്കല കൂട്ടിപ്പിടിച്ചതെന്തിനാണ്? അയാള്‍ മോഷ്ടിച്ചില്ലെങ്കില്‍ അയാളുടെ കൈ പൊള്ളുകയില്ലല്ലോ'എന്നു പറഞ്ഞു. ഇതിനു ശരിയായ സമാധാനം പറയാന്‍ ആര്‍ക്കും തോന്നിയില്ല. പെരുമാളും മൗനത്തെത്തനെ അവലംബിച്ചു. അപ്പോള്‍ തോലകവി 'ഇതൊക്കെ വിഢ്ഢികളെപ്പറ്റിക്കാനുള്ള വിദ്യകളാണ്. ഇതൊന്നും എന്നോടു പറ്റുകയില്ല. ബുദ്ധിയുള്ളവര്‍ ശരിയായി അന്വ്വേഷിച്ചിരുന്നെങ്കില്‍ തിരുവാഴി കിട്ടുമായിരുന്നു. തമ്പുരാന്റെ ചോറു തിന്നുന്നവരില്‍ അങ്ങനെയുള്ള വരാരും ഇവിടെയില്ല. എല്ലാവരുടെയും ഉത്സാഹമൊക്കെക്കഴിഞ്ഞുവല്ലോ. ഇനി തിരുവാഴി ഞാന്‍കണ്ടെടുത്തുതരാം' എന്നു പറഞ്ഞു തിരുവാഴി വാളുറയില്‍ നിന്നെടുത്തു തിരുമുമ്പില്‍ വെച്ചുകൊടുത്തു.
ഇപ്രകാരം തന്നെ പിന്നെയുമൊരിക്കല്‍ ചിലര്‍ കൂടി തോലകവി യുടെ മേല്‍ ഒരു കുറ്റം സ്ഥാപിച്ചുകൊണ്ട് തിരുമനസ്സറിയിച്ചു. തോലകവി ആ കുറ്റം സമ്മതിച്ചില്ല. അതിനു ചേരമാന്‍ പെരുമാള്‍ വിധിച്ചത് തോലകവി ഒരു കയത്തില്‍ ചാടണമെന്നായിരുന്നു. മനുഷ്യരോ മറ്റു ജീവജന്തുക്കളോ വീണാല്‍ ഉടനെ പിടിച്ചുതിന്നുന്നവയായ വലിയ മുതലകള്‍ ആ കയത്തില്‍ വളരെയുണ്ടായിരുന്നു. തോലകവി അതില്‍ ചാടീട്ടു മുതല പിടിച്ചില്ലെങ്കില്‍ നിര്‍ദ്ദോഷനാണെന്നു വിശ്വസിക്കാമെന്നാ യിരുന്നു കല്‍പ്പന. തോലകവി അതും സമ്മതിച്ചു. കയത്തില്‍ ചാടാനുള്ള ദിവസവും സമയവും നിശ്ചയിച്ചു മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തുകയും ആ സമയത്തു പെരുമാളും അസംഖ്യം ജനങ്ങളും കയത്തിന്റെ കരയിലെത്തു കയും ചെയ്തു. ആ സമയം, ജനിച്ചിട്ടു കണ്ണുതുറക്കുകപോലും ചെയ്യാത്ത രണ്ടു പട്ടിക്കുട്ടികളെ തോലകവി കയത്തിലേയ്ക്ക് എറിയുകയും തല്‍ക്ഷണം മുതലകള്‍ വന്ന് അവയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. അപ്പോള്‍ തോലകവി ചേരമാന്‍ പെരുമാളുടെ അടുക്കല്‍ച്ചെന്ന് 'ആ പട്ടിക്കുട്ടികള്‍ ജനിച്ചിട്ട് കണ്ണു തുറക്കുക പോലും ചെയ്തിട്ടില്ല. അവ യാതൊരപരാധവും ചെയ്തിരിക്കയില്ലല്ലോ. അവയെയും ഈ മുതലകള്‍ പിടിച്ചു. അതിനാല്‍ ഈ മുതലകള്‍ അപരാധികളെയും നിരപരാധ ന്മാരെയും തിരിച്ചറിയുന്നവയാണെന്നു തോന്നുന്നില്ല. അവ ആരെയും പിടിച്ചു തിന്നും. ഈ സ്ഥിതിക്കു ഞാന്‍ചാടിയാല്‍ എന്നെയും പിടിക്കയില്ലയോ എന്നു ഞാന്‍സംശയിക്കുന്നു' എന്നു പറഞ്ഞു. ഇതിനും ശരിയായ മറുപടിയൊന്നും പറയാന്‍ തോന്നായ്കയാല്‍ ചേരമാന്‍ പെരുമാള്‍ ഒന്നും മിണ്ടാതെ തിരിച്ചെഴുന്നള്ളി. പുരുഷാരങ്ങളും പിരിഞ്ഞു. തോലകവിയും മടങ്ങിപ്പോയി. അതില്‍പ്പിന്നെ ആരും അദ്ദേഹത്തെക്കുറിച്ചു പെരുമാളുടെ അടുക്കല്‍ ഏഷണി പറയുകയും പെരുമാള്‍ കുറ്റം വിധിക്കു കയുമുണ്ടായില്ല.
ഇങ്ങനെ തോലകവിയെക്കുറിച്ച് ഇനിയും പല കഥകള്‍ പറയാനുണ്ട്. വിസ്തരഭയത്താല്‍ ഇപ്പോള്‍ വിരമിക്കുന്നു.