തേവലശ്ശേരി നമ്പിയുടെ ഭവനം തിരുവിതാംകൂറില്‍ പ്രസിദ്ധപ്പെട്ട ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍നിന്നു സ്വല്പം തെക്കു മാറിയായിരുന്നു. ആ കുടുംബക്കാരെ "തേവലശ്ശേരിത്താന്‍" എന്നും പറഞ്ഞിരുന്നു. ഇവര്‍ അമ്പലവാസി വര്‍ഗ്ഗത്തിലുള്‍പ്പെട്ട ഒരു ജാതിക്കാരാണ്. ഇവര്‍ക്ക് പാരമ്പര്യമായിട്ടുള്ള കുലവിദ്യ മന്ത്രവാദമായിരുന്നു. ഇവരുടെ കുടുംബവകയായി ആറന്മുള വടക്കേക്കര നെടുംപ്രയാര്‍ എന്ന ദേശത്ത് ഏതാനും സ്ഥാവരവസ്തുക്കളും ഒരു കളരിയുമുണ്ട്. ആ കളരിയ്യില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മൂര്‍ത്തി ഭദ്രകാളിയാണ്. തേവലശ്ശേരി നമ്പിയുടെ ഗൃഹത്തിലുണ്ടാകുന്ന പുരുഷന്മാരെല്ലാവരും ഉപനയനവും സമാവര്‍ത്തനവും കഴിഞ്ഞാല്‍ അവിടെച്ചെന്ന് ഒരു സംവല്‍സരകാലം ഭജിച്ചു പാര്‍ക്കുക മുമ്പിനാലെ ഉള്ള പതിവാണ്. അക്കാലത്താണ് അവര്‍ മന്ത്രവാദം പഠിക്കുകയും മന്ത്രദീക്ഷ നിര്‍വ്വഹിക്കുകയും മന്ത്രസിദ്ധി വരുത്തുകയും പതിവ്. ആ കാലത്ത് അവരെ മന്ത്രവാദഗ്രന്ഥങ്ങള്‍ നോക്കിക്കുന്നതിന്നും പഠിപ്പിക്കുന്നതിനും ഉപദേശിക്കുന്നതിനും മറ്റുമായി ഗൃഹത്തില്‍നിന്നു വയോവൃദ്ധന്മാരും വിദ്യാവൃദ്ധന്മാരുമായിട്ടുള്ളവരില്‍ ഒരാള്‍ കൂടി അവിടെ ചെന്നു പാര്‍ക്കുകയും പതിവാണ്. ഇങ്ങനെ ആ സംവത്സരഭജനം കഴിഞ്ഞതിനു ശേഷം മാത്രമേ അവര്‍ മന്ത്രവാദം ചെയ്തുതുടങ്ങാറുള്ളു.
തേവലശ്ശേരി കുടുംബത്തില്‍ ഒടുവില്‍ അവശേഷിച്ചിരുന്ന ആളായ ദാമോദരന്‍ നമ്പിയെക്കുറിച്ചാണ് ഇവിടെ വിവരിക്കാന്‍ ഭാവിക്കുന്നത്. ഇദ്ദേഹം പൂര്‍വ്വാചാരപ്രകാരം നെടുമ്പ്രയാറ്റുകളരിയ്യില്‍ സംവല്‍സരഭജനവും മന്ത്രദീക്ഷയും നിര്‍വിഘ്നം നിര്‍വ്വഹിക്കുകയും മന്ത്രസിദ്ധി വരുത്തുകയും മന്ത്രവാദം സംബന്ധിച്ച് മന്ത്രസാരം, യന്ത്രസാരം, പ്രപഞ്ചസാരം, പ്രയോഗസാരം, ശാരദാതിലകം മുതലായ അനേകം ഗ്രന്ഥങ്ങള്‍നോക്കിപ്പഠിച്ചു ഹൃദിസ്ഥമാക്കുകയും പൂര്‍വ്വികന്മാരോട് ഉപദേശവും അനുഗ്രഹവും വാങ്ങുകയും ചെയ്തിരുന്നതു കൂടാതെ സംസ്കൃതഭാഷയില്‍ അപാരമായ പാണ്ഡിത്യവും സമ്പാദിച്ചിരുന്നു. ഇദ്ദേഹം മന്ത്രവാദം സംബന്ധിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ക്ക് അവസാനമില്ല. അദ്ദേഹത്തിന്റെ പ്രസിദ്ധി ഭൂലോകത്തില്‍ സര്‍വത്ര പ്രസരിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ നാലേക്കാട്ടുപിള്ളമാരെക്കുറിച്ചു വിവരിച്ചിട്ടുള്ള 12-ആം ഉപന്യാസത്തില്‍ യോഗീശ്വരന്‍ രാമന്‍പിള്ളയുടെ ഭാര്യയെ ബാധിച്ചിരുന്ന ഗന്ധര്‍വനെ ഒഴിച്ചതായി പറയപ്പെട്ടിരിക്കുന്ന 'തേവലശ്ശേരിത്താന്‍' ഈ മഹാന്‍ തന്നെയാണെന്നു വായനക്കാര്‍ മനസ്സിലാക്കിക്കൊള്ളേണ്ടതാണ്.
ദാമോദരന്‍നമ്പിയുടെജനനം 930-ാമാണ്ടാണെന്നാണ് കേട്ടിട്ടുള്ളത്. ഇദ്ദേഹത്തിനു മന്ത്രവാദത്തില്‍ മാത്രമല്ല, വൈദ്യം, ഇന്ദ്രജാലം മുതലായവയിലും അസാമാന്യമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ഇദ്ദേഹം നെടുംപ്രയാറ്റുകളരിയിലെ സംവല്‍സരഭജനം നിര്‍വഹിച്ചതിന്റെ ശേഷം മൂന്നു സംവത്സരക്കാലം മൗനവ്രതമായി സ്വഗൃഹത്തില്‍ നിലവറയിലിരുന്നു ഭഗവതിയെ സേവിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ കുളി ഏഴരനാഴിക വെളുക്കാനുള്ളപ്പോഴും, അസ്തമിച്ചു പത്തു നാഴിക രാച്ചെന്നതിനു ശേഷവുമായിരുന്നു പതിവ്. ഈ മൂന്ന് സംവത്സരക്കാലത്തിനിടക്ക് അദ്ദേഹം സ്വന്തം ജ്യേഷ്ഠനെയും അമ്മയെയുമല്ലാതെ മറ്റാരെയും ദര്‍ശിക്കുകപോലുമുണ്ടായിട്ടില്ല. ഈ മൂന്നു സംവത്സരത്തെ മൗനവ്രതാനുഷ്ഠാനം കഴിഞ്ഞതിന്റെശേഷം ഇദ്ദേഹം നാല്‍പ്പത്തൊന്നുദിവസം ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ പടിഞ്ഞാറെ നടയിലും ഭജനം നടത്തി. ഇത്രയുമൊക്കെ സാധിച്ചതിന്റെ ശേഷം പതിനെട്ടാമത്തെ വയസ്സിലാണ് അദ്ദേഹം മന്ത്രവാദം ചെയ്തു തുടങ്ങിയത്.
ഈ തേവലശ്ശേരി നമ്പി മന്ത്രവാദം ചെയ്തുതുടങ്ങിയ കാലത്ത് പരദേശത്തു നിന്ന് ഒരു സ്ത്രീ അച്ചന്‍കോവിലില്‍ വന്നു ശാസ്താവിന്റെ ക്ഷേത്രത്തില്‍ ഭജനമിരിക്കുന്നുണ്ടായിരുന്നു. ഒരു ബാധയുടെ ഉപദ്രവം ഒഴിക്കാനായിട്ടാണ് അവര്‍ അവിടെ വന്നു ഭജനം തുടങ്ങിയത്. അവിടെ ഒരു സംവത്സരം ഭജിച്ചിട്ടും ബാധ ഒഴിഞ്ഞു പോകായ്കയാല്‍ ആ സ്ത്രീയുടെ ഉടമസ്ഥന്മാര്‍ പിന്നെ മന്ത്രവാദികളെ അന്വേഷിച്ചു തുടങ്ങി. അപ്പോള്‍ തേവലശ്ശേരി നമ്പി വലിയ മന്ത്രവാദിയാണെന്നും അദ്ദേഹം ഏതു ബാധയെയും ഒഴിപ്പിക്കുമെന്നും മറ്റും ചിലര്‍ പറഞ്ഞറിയുകയാല്‍ അവര്‍ ആ സ്ത്രീയെയും കൊണ്ട് ചെങ്ങന്നൂര്‍ക്ക് പുറപ്പെട്ടു. അവര്‍ നമ്പിയെക്കണ്ട് വിവരം പറഞ്ഞപ്പോള്‍, "ആട്ടെ പന്ത്രണ്ടു ദിവസം ചെങ്ങന്നൂര്‍ പടിഞ്ഞാറെ നടയില്‍ ഭജനമിരിക്കട്ടെ. അതുകഴിഞ്ഞിട്ടു പിന്നെ എന്തെങ്കിലും വേണമെങ്കില്‍ ചെയ്യാം" എന്നാണു അദ്ദേഹം പറഞ്ഞത്. അതിനാല്‍ ആ സ്ത്രീയെ പടിഞ്ഞാറെ നടയില്‍ കൊണ്ടുപോയി ഭജനമിരുത്തി. ഭജനമായിപ്പാര്‍ത്ത പന്ത്രണ്ടു ദിവസവും ആ സ്ത്രീ സദാ ചിരിച്ചുകൊണ്ടുതന്നെ ഇരുന്നിരുന്നു. സന്ധ്യാസമയത്ത് നമ്പി പതിവായി തൊഴാന്‍ ചെല്ലുമ്പോള്‍ ആ സ്ത്രീ അദ്ദേഹത്തിന്റെ നേരെ നോക്കി കണ്ണുരുട്ടുകയും പതിവായിരുന്നു. പന്ത്രണ്ടാം ദിവസം സന്ധ്യയ്ക്ക് നമ്പി തൊഴാന്‍ ചെന്നപ്പോള്‍ ആ സ്ത്രീ പതിവിലധികം രൂക്ഷതയോടുകൂടി നമ്പിയുടെ നേരെ തുറിച്ചുനോക്കുകയും വിശേഷാല്‍ ചില ഗോഷ്ടികള്‍ കാണിക്കുകയും ചെയ്തു. ഉടനെ നമ്പി ശാന്തിക്കാരനെ വിളിച്ച്, "ഇന്നിന്ന മന്ത്രങ്ങള്‍ക്കൊണ്ട് ഇത്രയിത്ര ഉരുവീതം പുഷ്പാഞ്ജലി ചെയ്യണം. അതു കഴിയുമ്പോഴേക്കും ഞാനൊന്നു പോയി വരാം" എന്ന് പറഞ്ഞു ചട്ടം കെട്ടീട്ട് അവിടെനിന്നു പോയി. നമ്പി സ്വഗൃഹത്തില്‍ച്ചെന്നു നിലവറയിലിറങ്ങി ചില മന്ത്രങ്ങള്‍ ജപിചുകൊണ്ട് അവിടെ മൂന്നേമുക്കാല്‍ നാഴിക ഇരുന്നതിന്റെ ശേഷം താന്‍ പതിവായി വച്ചു പൂജിച്ചിരുന്ന ചൂരല്‍വടിയുമെടുത്തുകൊണ്ട് വീണ്ടും അമ്പലത്തിലെത്തി. നമ്പിയെക്കണ്ടപ്പോള്‍ ആ സ്ത്രീ പിന്നെയും തുറിച്ചു നോക്കുകയും ഗോഷ്ടികള്‍കാട്ടുകയും "എന്താ വടി കൊണ്ടുവന്നിരിക്കുന്നത്? എന്നെ അടിച്ചോടിക്കാമെന്ന് വിചാരിച്ചായിരിക്കും, അല്ലേ? എന്നാല്‍ അടികൊള്ളുന്നതും ഓടുന്നതുമാരാണെന്ന് ഒടുക്കം നമുക്കറിയാം" എന്നും മറ്റും പറയുകയും ചെയ്തു തുടങ്ങി. നമ്പി അതൊന്നും കണ്ടതായിട്ടും കേട്ടതായിട്ടും ഭാവിക്കാതെ അമ്പലത്തിനകത്തേക്ക് ചെന്നു. അപ്പോഴേക്കും പുഷ്പാഞ്ജലി കഴിഞ്ഞിരുന്നതിനാല്‍ പ്രസാദം (പുഷ്പാഞ്ജലി കഴിച്ച പൂവ്) വാങ്ങിക്കൊണ്ടു പുറത്തിറങ്ങി അമ്പലത്തിനു മൂന്നു പ്രദക്ഷിണം വച്ചു പടിഞ്ഞാറെനടയിലെത്തി. ആ സ്ത്രീ അപ്പോഴും ഗോഷ്ടികള്‍ കാട്ടുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. നമ്പി പുഷ്പാഞ്ജലി പ്രസാദം ആ സ്ത്രീയുടെ ശിരസ്സിലിട്ടിട്ടു ചൂരല്‍വടി അവരുടെ കയ്യില്‍കൊടുത്ത്. അവള്‍ തുള്ളിക്കൊണ്ട് ആ വടി വാങ്ങി തന്നെത്താന്‍ അടി തുടങ്ങി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ ആ സ്ത്രീ, "അയ്യോ ഞാന്‍പൊയ്ക്കൊള്ളാമേ. എന്റെ അമ്മ എന്നോടിങ്ങനെ ചെയ്യുമെന്ന് ഞാന്‍വിചാരിച്ചിരുന്നില്ല. എനിക്ക് നിവൃത്തിയില്ലാതെയായിരിക്കുന്നു. അതിനാല്‍ ഞാന്‍ ഇനിയൊരിക്കലും ഈ ദേഹത്തെ ബാധിക്കയില്ലെന്നു സത്യം ചെയ്തു ഒഴിഞ്ഞുപോയ്കൊള്ളാം" എന്ന് വിളിച്ചുപറഞ്ഞു തുടങ്ങി. ഉടനെ നമ്പി സത്യവാചകം പറഞ്ഞുകൊടുക്കുകയും ബാധ അപ്രകാരം സത്യം ചെയ്തു ഒഴിഞ്ഞുപോവുകയും സ്ത്രീ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു. ആ സ്ത്രീയുടെ ഭര്‍ത്താവ് അമ്പലത്തില്‍ അനേകം വഴിപാടുകള്‍ നടത്തുകയും നമ്പിക്കു പട്ടുകളും മുണ്ടുകളും പണവും മറ്റുമായി അസംഖ്യം സമ്മാനങ്ങള്‍ കൊടുക്കുകയും മറ്റും ചെയ്തിട്ട് സ്ത്രീയെയും കൊണ്ട് പരിവാരസമേതം സ്വദേശത്തെക്കു മടങ്ങിപ്പോയി. നമ്പി പട്ടും പണവുമെല്ലാം ചെങ്ങന്നൂര്‍ ഭഗവതിക്ക് വഴിപാടായി നടയ്ക്കു വച്ചിട്ട് മുണ്ടുകള്‍മാത്രം സ്വഗൃഹത്തിലേക്കു കൊണ്ടുപോവുകയും ചെയ്തു. ഈ മന്ത്രവാദം കഴിഞ്ഞപ്പോള്‍ നമ്പിയുടെ കീര്‍ത്തി പരദേശങ്ങളിലും പൂര്‍വാധികം വ്യാപിച്ചു.
മന്ത്രവാദം സംബന്ധിച്ചു മോഹനം, സ്തംഭനം, ബന്ധനം, മാരണം, വിദ്വേഷണം, വശീകരണം, ആകര്‍ഷണം, ഉച്ചാടനം മുതലായ പ്രയോഗങ്ങളെല്ലാം നമ്പിക്കറിയാമായിരുന്നു. എന്നല്ല, അദേഹത്തിന് അറിഞ്ഞുകൂടാത്തതായി ഒന്നും തന്നെയില്ലായിരുന്നു എന്നു തീര്‍ച്ചയായും പറയാം. യക്ഷി, ഗന്ധര്‍വന്‍ മുതലായവരെ വരുത്തി അദ്ദേഹം പലരെയും പ്രത്യക്ഷമാക്കി കാണിച്ചിട്ടുണ്ട്. അദ്ദേഹം ഒന്നാന്തരം വൈദ്യനും അദ്വിതീയനായ വിഷവൈദ്യനുമായിരുന്നു. സിംഹവ്യാഘ്രാദികളായ ക്രൂരമൃഗങ്ങളെപ്പോലും ആജ്ഞാനുസാരികളാക്കുന്നതിനുള്ള ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. ദാമോദരന്‍നമ്പിയുടെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കയ്യും കണക്കുമില്ല. വന്ധ്യകളെന്നു തീര്‍ച്ചപ്പെടുത്തപ്പെട്ടവരും വയോവൃദ്ധകളുമായ അനേകം സ്ത്രീകള്‍ നമ്പിയുടെ ചികിത്സയും മന്ത്രവാദവും കൊണ്ട് ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ ജീവിപ്പിച്ചു കുറച്ചു ദൂരം നടത്താനും രണ്ടും മൂന്നും വാക്കുകള്‍ സംസാരിപ്പിക്കാനും കൂടി അദ്ദേഹത്തിനു കഴിയുമായിരുന്നു. ആകെപ്പാടെ വിചാരിച്ചാല്‍ നമ്പി അമാനുഷപ്രഭാവനായ ഒരു ദിവ്യനായിരുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
അത്യാവശ്യകാര്യങ്ങള്‍ക്കായിട്ടല്ലാതെ നമ്പി സ്വഗൃഹത്തിലെ നിലവറ വിട്ടു പുറത്തിറങ്ങാറില്ല. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും രാവിലെ നെടുംപ്രയാറ്റു കളരിയില്‍ പോയി വന്ദിക്കുകയും പ്രതിദിനവും കാലത്തും വൈകുന്നേരവും ചെങ്ങന്നൂര്‍ പടിഞ്ഞാറെ നടയില്‍ചെന്ന് തൊഴുകയും അദ്ദേഹം ആജീവനാന്തം പതിവായി നടത്തിയിരുന്നു. മന്ത്രവാദത്തിനും മറ്റുമായി ദൂരസ്ഥലങ്ങളില്‍ പോയാലും ഈ പതിവ് അദ്ദേഹം മുടക്കാറില്ല. എട്ടും പത്തും ദിവസത്തെ വഴിക്കപ്പുരത്തുള്ള സ്ഥലങ്ങളില്‍പ്പോയി അദ്ദേഹം പത്തും പതിനഞ്ചും ദിവസം വീതം ചിലപ്പോള്‍ താമസിക്കാറുണ്ട്. അക്കാലങ്ങളിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും രാവിലെ കളരിയിലും കാലത്തും വൈകുന്നേരവും ചെങ്ങന്നൂര്‍ പടിഞ്ഞാറെ നടയിലും അദ്ദേഹത്തെ പതിവായി കണ്ടിരുന്നു. ഇത് സാധാരണ മനുഷ്യര്‍ക്ക് സാധ്യമല്ലാത്ത കാര്യമാണല്ലോ.
മുന്‍കാലങ്ങളില്‍ അടയ്ക്കാ കവു(കഴു)ങ്ങിന്മേല്‍ പഴുത്തു നിന്നാല്‍ സര്‍ക്കാരിലേക്ക് പറിപ്പിചെടുക്കുകയല്ലാതെ കുട്ടികള്‍ പറിച്ചെടുത്തുകൂടാ എന്നൊരേര്‍പ്പാടുണ്ടായിരുന്നു. ഒരിക്കല്‍ നമ്പിയുടെ പുരയിടത്തില്‍ വളരെ അടയ്ക്കാ പഴുത്തുനില്‍ക്കുന്നതായി അറിഞ്ഞു പാര്‍വത്യകാര്‍, മുന്നിലക്കാരന്‍, ചേരുമാനക്കാരന്‍ മുതലായവര്‍ പഴുക്കാ പറിപ്പിക്കുന്നതിനായി അവിടെ ചെന്നു. കവുങ്ങിന്മേല്‍ കയറുന്നതിനു വേറെ ആരെയും കിട്ടായ്കയാല്‍ ചേരുമാനക്കാരന്‍തന്നെ കയറിത്തുടങ്ങി. അപ്പോള്‍ നമ്പി നിലവറയില്‍ തേവാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ നമ്പിയുടെ അമ്മ നിലവറവാതില്‍ക്കല്‍ച്ചെന്ന്, 'നമ്മുടെ പഴുക്കാപ്പാക്കെല്ലാം പറിച്ചു കൊണ്ടുപോകുവാന്‍ സര്‍ക്കാരാളുകള്‍ വന്നിരിക്കുന്നു. ചേരുമാനക്കാരന്‍ അടക്കാമാരത്തിന്മേല്‍ കയറിത്തുടങ്ങി' എന്നു പറഞ്ഞു. അതുകേട്ട് നമ്പി ഒരു തിരിയും കൊളുത്തിയെടുത്ത് ഒരു കിണ്ടി വെള്ളവും കൊണ്ടു നിലവറക്കു പുറത്തുവന്നു. നടുമുറ്റത്തിറങ്ങി തിരിമേല്പോട്ട് എറിയുകയും വെള്ളം നടുമുറ്റത്ത് ഒഴിക്കുകയും ചെയ്തിട്ട് അമ്മയോട്, 'അവര്‍ കയറുകയോ ഇറങ്ങുകയോ എന്തെങ്കിലും ചെയ്യട്ടെ. അമ്മ സ്വസ്ഥമായി ഇരിക്കണം. നമുക്കുള്ളതൊന്നും ആരും കൊണ്ടുപോവുകയില്ല' എന്നു പറയുകയും പിന്നെയും നിലവറയില്‍ത്തന്നെ പോയി ഇരിക്കുകയും ചെയ്തു. ചേരുമാനക്കാരന്‍ അടക്കാമരത്തിന്റെ മധ്യത്തിലായപ്പോള്‍ അതിന്റെ അഗ്രഭാഗത്തു തീ കത്തുന്നതു കണ്ടു ഭയപ്പെട്ടു കീഴ്പ്പോട്ടിറങ്ങിത്തുടങ്ങി. അപ്പോള്‍ അടിയില്‍ വെള്ളം പൊങ്ങിവരുന്നതായിക്കണ്ടു. വെള്ളത്തിലിറങ്ങിയാല്‍ നീന്തി എവിടെയെങ്കിലും ചെന്നു രക്ഷപ്രാപിക്കാമെന്നു വിചാരിച്ച് കീഴ്പ്പോട്ടുത്തന്നെ ഇറങ്ങിനിലത്തുവന്നപ്പോള്‍ മുകളില്‍ തീയും താഴെ വെള്ളവും കാണ്മാനില്ലായിരുന്നു. "ഇതു നമ്പിയുടെ ജാലവിദ്യകൊണ്ട് വെറുതെ തോന്നിയതാണ്. പഴുക്കാക്കുല പറിക്കുകതന്നെവേണം" എന്നു പറഞ്ഞു അയാള്‍ പിന്നെയും കയറിത്തുടങ്ങി. അപ്പോഴും യഥാപൂര്‍വം മുകളില്‍ തീ കത്തുന്നതും താഴെ വെള്ളം പോങ്ങിവരുന്നതും പൊങ്ങിവരുന്നതും കണ്ട് അയാള്‍ പിന്നെയും താഴെയിറങ്ങി. ഇങ്ങനെ നാലഞ്ചു പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്തിട്ട് ഒടുക്കം, "ആശാന്റെ (ആ ദിക്കുകാര്‍ നമ്പിയെ ആശാനെന്നാണ് പറഞ്ഞുവന്നിരുന്നത്) പഴുക്കാ നമുക്കു വേണ്ടാ" എന്നു പറഞ്ഞു അവര്‍ മടങ്ങിപ്പോയി. അതില്‍പ്പിന്നെ പഴുക്കാ പറിക്കാന്‍ അവിടെ ആരും ചെല്ലാറില്ല.
പണ്ട് റാന്നിക്കര്‍ത്താവ് ദേശാധിപത്യമുള്ള ഒരിടപ്രഭുവായിരുന്നു. ആ ദേശത്തു കുഴിയില്‍ വീഴുന്ന ആനകളുടെ ഉടമസ്ഥാവകാശം കര്‍ത്താവിനായിരുന്നു. അതിനാല്‍ കര്‍ത്താവ് തന്റെ മലകളില്‍ ആനക്കുഴികളുണ്ടാക്കിക്കയും ആനകളെ പിടിക്കുകയും പതിവായിരുന്നു. ഒരാണ്ടില്‍ കുഴിയില്‍ വീഴേണ്ടുന്ന കാലത്ത് വീഴാതെയിരുന്നതിനാല്‍ അതിന്റെ കാരണമറിയുന്നതിനായി കര്‍ത്താവ് പ്രശ്നംവെപ്പിച്ചു നോക്കിച്ചു. അപ്പോള്‍ അച്ചന്‍കോവില്‍ ശാസ്താവിന്റെ വിരോധം കൊണ്ടാണ് ആന കുഴിയില്‍ വീഴാത്തതെന്നു പ്രശ്നക്കാരന്‍ വിധിച്ചു. ഈ വിരോധം തീരുന്നതിനു ചില പ്രതിവിധികള്‍ നിശ്ചയിച്ച് അയാള്‍ ഒരു ചാര്‍ത്തും എഴുതിക്കൊടുത്തു. ആ ചാര്‍ത്തിന്‍പ്രകാരമുള്ള പ്രതിവിധികളെല്ലാം ചെയ്തിട്ട് ആ ആണ്ടില്‍ ആനകളെ പിടിക്കുന്ന കാര്യം അസാദ്ധ്യമായിരുന്നതിനാല്‍ കര്‍ത്താവിനു വളരെ മനസ്താപമുണ്ടായി. അങ്ങനെയിരുന്ന കാലത്ത് സമീപമൊരു സ്ഥലത്ത് മന്ത്രവാദത്തിനായി തേവലശ്ശേരി നമ്പി വന്നിട്ടുണ്ടെന്നു കേട്ട് കര്‍ത്താവും അവിടെച്ചെന്ന് നമ്പിയെക്കണ്ട് വിവരമെല്ലാം പറഞ്ഞു. അപ്പോള്‍നമ്പി, "ഇതിനെക്കുറിച്ച് ഒട്ടും കുണ്ഠിതം വേണ്ടാ. കാര്യം ഞാന്‍സാധിപ്പിച്ചു തന്നുകൊള്ളാം. അങ്ങേക്ക് ഒമ്പതു കുഴികളല്ലേ ഉള്ളത്? അവയിലെല്ലാം ഇന്നു രാത്രിയില്‍ത്തന്നെ ആനവീഴും. നാളെ രാവിലെ ചെന്നു നോക്കിയാല്‍ കാണാം" എന്നു പറഞ്ഞു. ഇതു കേട്ടിട്ടു കര്‍ത്താവിനു നല്ല വിശ്വാസമായില്ല. "അച്ചന്‍കോവില്‍ ശാസ്താവിന്റെ വിരോധം നമ്പിയുടെ ഈ വാക്കുകൊണ്ടു തീരുമോ" എന്നു സംശയിച്ചുക്കൊണ്ടു കര്‍ത്താവ് പോയി അത്താഴം കഴിച്ചു കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ കര്‍ത്താവു നല്ല വിശ്വാസത്തോടു കൂടിയല്ലെങ്കിലും മലയില്‍ചെന്നു കുഴികളില്‍ നോക്കിയപ്പോള്‍ ഒമ്പതു കുഴികളിലും ഓരോ ആന വീതം വീണിട്ടുണ്ടായിരുന്നു. പക്ഷേ, ഒമ്പതും പിടിയാനകളായിരുന്നു. അതിനാല്‍ കര്‍ത്താവിന്റെ കുണ്ഠിതം മുഴുവനും വിട്ടുമാറിയില്ല. ആ ആനകളെ കുഴിയില്‍ നിന്നു കയറ്റി കൂടുകളിലാക്കി അടക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ട് കര്‍ത്താവ് ചെന്നു പിന്നെയും നമ്പിയെ കണ്ടു. "എന്താ, കുഴികളിലൊക്കെ ആനകള്‍ വീണില്ലേ" എന്നു നമ്പി ചോദിച്ചു. "ആനകള്‍ വീണു പക്ഷേ, എല്ലാം പിടിയാനകളാണ്. രണ്ടു മൂന്നെണ്ണമെങ്കിലും കൊമ്പനായിരുന്നില്ലല്ലോ എന്നുള്ള മനസ്താപമേയുള്ളൂ" എന്നു കര്‍ത്താവു പറഞ്ഞു. അപ്പോള്‍ നമ്പി, "ഓ അതു സാരമില്ല. ഇന്ന് രാത്രിയില്‍ വീഴുന്നതെല്ലാം കൊമ്പനായിരിക്കും; എന്നാല്‍ പോരേ?അങ്ങു പോയി കുഴികള്‍ക്ക് അറ്റകുറ്റം വല്ലതും വന്നിട്ടുണ്ടെങ്കില്‍ തീര്‍ത്ത് എല്ലാം ശരിയാക്കിയിടുവിക്കണം" എന്നു പറഞ്ഞു കര്‍ത്താവിനെ അയച്ചു. കര്‍ത്താവു പോയി കുഴികളെല്ലാം അറ്റകുറ്റങ്ങള്‍ തീര്‍ത്തു ശരിയാക്കിയിടുവിക്കുകയും ചെയ്തു.
അന്നു രാത്രിയില്‍ കര്‍ത്താവു കിടന്നുറങ്ങിയപ്പോള്‍ ഒരു സ്വപ്നം കണ്ടു. "കുഴികളിലെലാം ആനകള്‍ വീണിട്ടുണ്ട്. എലാം കൊമ്പനാണ്. എങ്കിലും അഞ്ചാമത്തെ കുഴിയില്‍വീണിരിക്കുന്ന ആ ആനയെ തേവലശ്ശേരിനമ്പി കൂടി വരാതെ കുഴിയില്‍നിന്നു കരക്കു കയറ്റരുത്. അല്ലെങ്കില്‍ ആപത്തുണ്ടാകും" എന്നായിരുന്നു സ്വപ്നത്തിന്റെ സാരം. പിറ്റേദിവസം രാവിലെ കര്‍ത്താവു മലയില്‍ച്ചെന്നു കുഴികളില്‍ നോക്കിയപ്പോള്‍ എല്ലാ കുഴികളിലും ആനകള്‍ വീണിട്ടുണ്ടായിരുന്നു. എല്ലാം കൊമ്പനാനകളുമായിരുന്നു. അപ്പോള്‍ കര്‍ത്താവിനുണ്ടായ സന്തോഷം എത്രമാത്രമെന്നു പറയാന്‍പ്രയാസം. ഉടനെ താപ്പാനകളെയും മറ്റും വരുത്തി. നാല് കുഴികളിലെ ആനകളെ കയറ്റി കൂടുകളിലാക്കിയടച്ചു. അഞ്ചാമത്തെക്കുഴിയിലെ ആനയെക്കയറ്റാന്‍ നമ്പിയെക്കൂടി വരുത്തീട്ടാവാമെന്നു വിചാരിച്ചു കര്‍ത്താവു നമ്പി വന്നിരുന്ന സ്ഥലത്തേക്ക് പോയി. അവിടെ ചെന്നന്വേഷിച്ചപ്പോള്‍ നമ്പി ഒരു മന്ത്രവാദത്തിനായി പോയി എന്നും അവിടെ നിന്നു രണ്ടുമൂന്നാളുകള്‍ വന്നു നാലഞ്ചുദിവസം മുമ്പു മുതല്‍ക്കുതന്നെ നിര്‍ബന്ധിച്ചുക്കൊണ്ടു കൂടിയിട്ടുണ്ടായിരുന്നുവെന്നും അറിയുകയാല്‍ കര്‍ത്താവു ഇ¢ാഭംഗത്തോടുകൂടി മടങ്ങിപ്പോന്നു. അദ്ദേഹം അഞ്ചാമത്തെ കുഴിയുടെ സമീപത്തു ചെന്നു സൂക്ഷിച്ചുനോക്കിയപ്പോള്‍മറ്റുള്ള ആനകളൊക്കെ പോയാലും ആ കുഴിയില്‍ വീണിരിക്കുന്ന ആനയെ ഏതുവിധത്തിലും ക്ഷണത്തില്‍കുഴിയില്‍നിന്നു കയറ്റി കൂട്ടിലാക്കി അടക്കണമെന്ന് അദ്ദേഹത്തിനു തോന്നി. സകല ലക്ഷണങ്ങളും പൂര്‍ണമായിത്തികഞ്ഞ ഒരൊന്നാന്തരം കൊമ്പനായിരുന്നു ആ കുഴിയില്‍വീണിരുന്നത്. അഴകുകൊണ്ടും പുഷ്ടികൊണ്ടും ലക്ഷണങ്ങള്‍കൊണ്ടും മറ്റും ഇത്രയും യോഗ്യത തികഞ്ഞ ഒരാനയെ കര്‍ത്താവ് അതിനുമുമ്പ് ഒരിക്കലും ഒരിടത്തും കണ്ടിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ഉടന്‍ ആ ആനയെ കുഴിയില്‍നിന്നു കയറ്റാനുള്ള ശ്രമം തുടങ്ങി. ആ സമയം അതിഭയങ്കരമൂര്‍ത്തിയായ ഒരു വലിയ വ്യാഘ്രം പെട്ടെന്നു കാട്ടില്‍നിന്നു ചാടിയിറങ്ങിവന്നു. കര്‍ത്താവിനെ കടിച്ചെടുത്തുകൊണ്ട് കാട്ടിലേക്കുതന്നെ കയറിപ്പോയി. അപ്പോള്‍ അവിടെയുണ്ടായിരുന്ന വേലക്കാരും മറ്റും ഭയം കൊണ്ടും പരിഭ്രമം കൊണ്ടും വ്യസനം കൊണ്ടും വിവശന്മാരായിത്തീര്‍ന്നുവെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ. എല്ലാവരും അവിടെനിന്നു നാലുവഴിക്കുമായി ക്ഷണത്തില്‍ ഓടിപ്പോയി.
ഇനി നമ്പി മന്ത്രവാദത്തിനു പോയ സ്ഥലത്തെ കഥ പറയാം. അവിടെ ഒരു സ്ത്രീക്ക് ഒരു ഗന്ധര്‍വന്റെ ഉപദ്രവമായിരുന്നു. അനേകം മന്ത്രവാദികള്‍ ആ ഗന്ധര്‍വനെ ഒഴിവാക്കാനായി പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കി. ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. അക്കാലത്ത് "ഉശകാരാവുത്തര്‍"' എന്നു പ്രസിദ്ധനായ ഒരു മാന്ത്രികന്‍ തൊടുപുഴെ ഉണ്ടായിരുന്നു. മേല്‍പ്പറഞ്ഞ ഗന്ധര്‍വബാധിതയായ സ്ത്രീയുടെ വീട്ടിനു സമീപം ഉശകാ രാവുത്തരുടെ ചാര്‍ച്ചക്കാരനായ ഒരു മഹമ്മദീയന്‍ താമസിച്ചിരുന്നു. അവന്‍ മുഖാന്തരം രാവുത്തരെയും അവിടെക്കൊണ്ടു പോയി മന്ത്രവാദം ചെയ്യിച്ചു. രാവുത്തര്‍ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കീട്ടും ഗന്ധര്‍വനെ ഒഴിക്കാന്‍കഴിഞ്ഞില്ല. ഇനി വേറെ വല്ല മന്ത്രവാദികളും വന്നു ഈ ഗന്ധര്‍വനെ ഒഴിക്കുകയാണെങ്കില്‍ അതു തനിക്കു കുറച്ചിലായിത്തീരുമല്ലോ എന്നു വിചാരിച്ച് ആരു വിചാരിച്ചാലും ആ ഗന്ധര്‍വനെ ഒഴിക്കാന്‍കഴിയാത്തവിധത്തില്‍ ചില പ്രയോഗങ്ങള്‍ കൂടി ചെയ്യുകയും ഇനി ഈ വീട്ടുകാര്‍ വല്ല മന്ത്രവാദികളെയും ഇവിടെ വരുത്തുന്നതായാല്‍ ഉടനെ ആ വിവരം തന്നെ അറിയിക്കണമെന്നു തന്റെ ചാര്‍ച്ചക്കാരനോടു പറഞ്ഞു ചട്ടംകെട്ടുകയും ചെയ്തിട്ടാണ് ഒടുക്കം രാവുത്തര്‍ അവിടെനിന്നു മടങ്ങിപ്പോന്നത്. രാവുത്തരുടെ ഈ ഗൂടന്മപ്രയോഗങ്ങള്‍ ആരും അറിഞ്ഞുമില്ല. ഇങ്ങനെയിരുന്ന സമയത്താണ് ആ സ്ത്രീയുടെ ഉടമസ്ഥന്മാര്‍ തേവലശ്ശേരി നമ്പിയെ അവിടെ കൂട്ടിക്കൊണ്ടുപോയത്. നമ്പിയെക്കൊണ്ടുവരാന്‍ ആള്‍ പോകുന്നു എന്നു കേട്ട ക്ഷണത്തില്‍ രാവുത്തരുടെ ചാര്‍ച്ചക്കാരനായ മഹമ്മദീയന്‍ വിവരം രാവുത്തരെ അറിയിക്കുകയും നമ്പി അവിടെ എത്തുന്നതിനു മുമ്പുതന്നെ രാവുത്തര്‍ ആ ചാര്‍ച്ചക്കാരന്റെ വീട്ടിലെത്തി താമസം തുടങ്ങുകയും ചെയ്തിരുന്നു. ഈ വിവരൊന്നും അറിയാതെ നമ്പി അവിടെച്ചെന്നു ചേര്‍ന്നു. നമ്പി സന്ദൗര്യവും ദേഹപുഷ്ടിയും വസ്ത്രാഭരണാദ്യലങ്കാരപ്പ്രൗഢിയും മെരട്ടും തട്ടിപ്പും ജാടയുമൊന്നുമില്ലാത്ത ആളായിരുന്നതിനാല്‍ അദ്ദേഹത്തെക്കണ്ടിട്ട് ആ ദിക്കുകാര്‍ക്ക് അത്ര ബഹുമാനമുണ്ടായില്ല. "ഉശകരാവുത്തര്‍ മുതലായ യോഗ്യന്മാര്‍ വിചാരിച്ചിട്ട് ഒഴിക്കാന്‍ കഴിയാത്ത ഗന്ധര്‍വനെ ഈ ശോങ്കിയാണോ ഇനി ഒഴിക്കാന്‍പോകുന്നത്? ഇയാളെ ഇവിടെ വലിച്ചുകൊണ്ടു വന്നതുതന്നെ കേവലം അനാവശ്യവും വിഡ്ഢിത്തവുമായിപ്പോയി" എന്നും മറ്റും ചിലര്‍ കുറേശ്ശെ പറയുകയും ചെയ്തു. അതൊക്കെ കുറേശ്ശെ നമ്പിയും കേട്ടു. എങ്കിലും അദ്ദേഹം അതൊന്നും കേട്ടതായി നടിച്ചില്ല. അന്യന്മാര്‍ ഇങ്ങനെയൊക്കെ പറയുകയും വിചാരിക്കുകയും ചെയ്തുവെങ്കിലും ആ സ്ത്രീയുടെ ഭര്‍ത്താവ് മുതലായവര്‍ നമ്പിയെ സാദരം സ്വീകരിക്കുകയും അദ്ദേഹത്തിനു ഭക്ഷണത്തിനും മറ്റും വെടിപ്പായി ഏര്‍പ്പാടു ചെയ്തുകൊടുക്കുകയും ഈ ഗന്ധര്‍വന്റെ ഉപദ്രവം നിമിത്തമുണ്ടായിട്ടുള്ള കഷ്ടനഷ്ടങ്ങളെക്കുറിച്ചും ഈ ബാധ ഒഴിക്കുന്നതിനായി ഓരോ മന്ത്രവാദികളെ വരുത്തി മന്ത്രവാദങ്ങള്‍ ചെയ്യിച്ച വിവരവും വിസ്തരിച്ചു പറയുകയും ഏതുവിധവും ഈ ഉപദ്രവം ഒഴിച്ചുകൊടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. നമ്പി, "പല യോഗ്യന്മാര്‍ പരീക്ഷിച്ചിട്ടു സാധിക്കാത്തകാര്യം സാധിക്കാമെന്നു ഞാന്‍ ഉറപ്പു പറയുന്നില്ല. എന്നാല്‍ കഴിയുന്നതു ഞാനും ചെയ്തുനോക്കാമെന്നു മാത്രമേ പറയാന്‍ നിവൃത്തിയുള്ളൂ. എങ്കിലും ഭഗവതിയുടെ കാരുണ്യംകൊണ്ടു സാധിക്കാതെ വരുകയില്ലെന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഒരു മന്ത്രവാദത്തിനു ചെന്നിട്ടു ബാധയൊഴിയാതെ ഇതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ ഇതും ഒഴിയുമെന്നുതന്നെ വിചാരിക്കാം" എന്നു പറയുകയും വേണ്ടുന്ന ഉപകരണങ്ങള്‍ക്കും മറ്റും ഒരു ചാര്‍ത്തെഴുതി കൊടുക്കുകയും ചെയ്തു. നമ്പിയുടെ മന്ത്രവാദത്തിനു അധികമായിട്ട് ഉപകരണങ്ങളൊന്നും പതിവില്ല. നമ്പി ആദ്യംതന്നെ പത്മമിട്ടു വിളക്കുവച്ചു ഭഗവതിക്ക് ഒരു പൂജ കഴിക്കും. പിന്നെ ഉമിചാരംകൊണ്ട് ഒരു ചക്രം വരചുവച്ച് അതില്‍ പിണിയാളെ ഇരുത്തും. പിണിയാളുടെ അടുക്കല്‍ ഒരു ചൂരല്‍വടിയും ജപിച്ചു വയ്ക്കും. ഇത്രയും ചെയ്തിട്ട് നമ്പി കിടന്നുറങ്ങും. കുറച്ചു കഴിയുമ്പോള്‍ പിണിയാള്‍ തുള്ളി, ചൂരല്‍വടിയെടുത്തു തന്നെത്താന്‍ അടിച്ചുതുടങ്ങും. അങ്ങനെ കുറച്ചുനേരം കഴിയുമ്പോള്‍തുള്ളുന്നയാള്‍ "അയ്യോ ഞാന്‍പൊയ്ക്കൊള്ളാമേ" എന്നു വിളിച്ചു പറഞ്ഞു തുടങ്ങും. അപ്പോള്‍ നമ്പി എണീറ്റു പിണിയാളെക്കൊണ്ട് പൊന്നും വിളക്കും പിടിപ്പിച്ചു സത്യം ചെയ്യിക്കും. ബാധ ഒഴിഞ്ഞു പോകുകയും ചെയ്യും. ഇത്രയുമല്ലാതെ നമ്പിയുടെ മന്ത്രവാദത്തിനു വലിയ വട്ടങ്ങളൊന്നും പതിവില്ല. എന്നാല്‍ഇവിടെ അങ്ങനെയായാല്‍ പോരെന്ന് അദ്ദേഹം നിശ്ചയിച്ചു. തന്നെ കണ്ടിട്ടുതന്നെ പുച്ഛം തോന്നിയിരിക്കുന്നവര്‍ക്കു നിസ്സാരമായ ചാര്‍ത്തുകൂടി കണ്ടാല്‍ ആക്ഷേപമധികമാകും എന്നു വിചാരിച്ചു നമ്പി കെങ്കേമമായിട്ടാണ് ചാര്‍ത്തെഴുതിക്കൊടുത്തത്. എങ്കിലും ഉച്ചയായപ്പോഴേക്കും സകലവും ആ വീട്ടുകാര്‍ തയ്യാറാക്കിക്കൊടുത്തു. മുറ്റത്തു കുത്തിമറച്ചു കെട്ടി വിതാനിച്ച് അലങ്കരിച്ച പന്തലില്‍നമ്പി പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടു ഗന്ധര്‍വന്റെ ഒരു കളം (രൂപം) എഴുതി. ജീവനുണ്ടെന്നു തോന്നത്തക്കവണ്ണം രസികനായ കളം കണ്ടപ്പോള്‍ നമ്പി നിസ്സാരനല്ലെന്നു ജനങ്ങള്‍ക്കു തോന്നിത്തുടങ്ങി. കളം എഴുതിത്തീര്‍ന്നതിന്റെ ശേഷം അദ്ദേഹം പൂജയ്ക്കുള്ള പത്മമിടുകയും പിണിയാളെ ഇരുത്താനുള്ള ചക്രം വരക്കുകയും കളത്തിനടുക്കല്‍ സുരഭിലകുസുമങ്ങള്‍ കൊണ്ട് ഒരു പൂപ്പട കൂട്ടുകയും ചെയ്തു. അപ്പോഴേക്കും നേരം വൈകിത്തുടങ്ങിയതിനാല്‍ "ഇനി ശേഷമെല്ലാം സന്ധ്യാവന്ദനം കഴിഞ്ഞു വന്നിട്ടാവാം" എന്നു പറഞ്ഞു നമ്പി പുറത്തേക്കിറങ്ങിപ്പോയി. നാലഞ്ചുനാഴിക കഴിഞ്ഞിട്ടും നമ്പി മടങ്ങി വരായ്കയാല്‍ ചിലര്‍, "കഴിഞ്ഞു അയാളുടെ മന്ത്രവാദം. ഇത്രയേ ഉള്ളൂ. സാധു ഇവിടെ വന്നപ്പോഴാണ് ഇവിടെ സൂത്രം കൊണ്ടൊന്നും കാര്യം പറ്റുകയില്ലെന്നും വലിയ കെങ്കേമന്മാരൊക്കെ വിചാരിച്ചിട്ടു നടക്കാത്ത കാര്യമാണിതെന്നും മനസ്സിലാക്കിയത്. അയാള്‍ ഒളിച്ചുപോയതാണ്. അയാള്‍ വരാനായിട്ട് ഇനി കാത്തിരിക്കണമെന്നില്ല" എന്നും മറ്റും പറഞ്ഞുതുടങ്ങി.
ഇങ്ങനെ ഓരോരുത്തര്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ നമ്പി വന്നുചേര്‍ന്നു. ഉടനെ അദ്ദേഹം ഭഗവതിയുടെ പൂജ ആരംഭിച്ചു. അപ്പോഴേക്കും നമ്പിയുടെ മന്ത്രവാദം കാണാനായി അസംഖ്യം ആളുകള്‍ അവിടെ വന്നുകൂടി. അക്കൂട്ടത്തില്‍ ഉശകാരാവുത്തരുമുണ്ടായിരുന്നു. പിണിയാള്‍ തുള്ളാതിരിക്കുന്നതിനും തുള്ളിയാലും ബാധ ഒഴിയാതിരിക്കുന്നതിനുമായി ചില പ്രയോഗങ്ങള്‍ രാവുത്തര്‍ മുമ്പേ തന്നെ ചെയ്തിരുന്നതുകൂടാതെ അപ്പോഴും ചിലതൊക്കെക്കൂടി ചെയ്തിട്ടാണ് അക്കൂട്ടത്തില്‍ വന്നുകൂടിയത്. പൂജ കഴിഞ്ഞപ്പോള്‍ പിണിയാളെക്കൊണ്ടു വന്നു ചക്രത്തിലിരുത്തി. നമ്പി ഉടനെ പൂജയ്ക്കു പുഷ്പാഞ്ജലി ചെയ്തതില്‍നിന്നു കുറെ പൂവും അക്ഷതവും (നെല്ലുമരിയും) കൂടി യെടുത്തു ജപിച്ചു പിണിയാളുടെ ശിരസ്സിലിട്ടു. നമ്പി പൂവും അക്ഷതവും ജപിച്ചിട്ടാല്‍ ഏതു ബാധയും ഉടനെ തുള്ളുകയാണ് പതിവ്. എങ്കിലും ഈ പിണിയാള്‍തുള്ളിയില്ല. അപ്പോള്‍ത്തന്നെ അതിന്റെ കാരണം ഏകദേശം ഊഹിച്ചുക്കൊണ്ട് നമ്പി, "ഈ കൂട്ടത്തില്‍ മന്ത്രവാദിയായിട്ടാരെങ്കിലുമുണ്ടോ?" എന്നു വിളിച്ചു ചോദിച്ചു. അപ്പോള്‍ അക്കൂട്ടത്തില്‍നിന്നും ഒരാള്‍ "ഇല്ല" എന്നുത്തരം പറഞ്ഞു. അത് രാവുത്തരായിരുന്നു. ആ ആള്‍ ഇന്നാരാണെന്നു വ്യക്തമായിട്ടറിഞ്ഞില്ലെങ്കിലും ഈ പറഞ്ഞ ആളാണ് തന്റെ പ്രതിയോഗി എന്ന് ആ ശബ്ദം കൊണ്ടു തീര്‍ച്ചപ്പെടുത്തിക്കൊണ്ട് നമ്പി, "ഒടുക്കം നിങ്ങളൊരു മന്ത്രവാദിയാണെന്നു വന്നേക്കാം" എന്ന് പറഞ്ഞിട്ട് അദ്ദേഹം ഒരു കഷണം ഓലയെടുത്തു അതില്‍ ഒരു മന്ത്രമെഴുതുകയും അത് ശകലം ശകലമായി കീറി മേല്‍പ്പോട്ടെറിയുകയും ചെയ്തു. അപ്പോള്‍ അവിടെ അടുത്തുനിന്നിരുന്ന കരിമ്പനയുടെ ചുവട്ടില്‍ കിടന്നിരുന്ന വള്ളി തുള്ളിത്തുള്ളി കരിമ്പനയുടെ അഗ്രഭാഗം വരെ കയറുകയും ഉടനെ പനപൊട്ടിക്കീറി ഇഞ്ചനാരുപോലെയായി നിലത്തുവീഴുകയും ചെയ്തു. ആ വള്ളി നമ്പിയെ അകപ്പെടുത്താനായി രാവുത്തര്‍ എന്തോ പ്രയോഗമൊപ്പിച്ചു ഇട്ടിരുന്നതായിരുന്നു എന്നു വിശേഷിച്ചു പറയണമെന്നില്ലല്ലോ. ഇത്രയും കഴിഞ്ഞപ്പോള്‍ രാവുത്തര്‍ അവിടെനിന്നു പൊയ്കളഞ്ഞു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ നമ്പിയുടെ വയര്‍ വല്ലാതെ വീര്‍ത്തുതുടങ്ങി. അതു വര്‍ദ്ധിച്ചുവര്‍ദ്ധിച്ച് അദ്ദേഹം ഇരിക്കാനും ശ്വാസോച്ഛ്വാസം ചെയ്യാനും വയ്യാതെ ഏറ്റവും വിവശനായിത്തീര്‍ന്നു. ഉടനെ നമ്പി ഒരു നാരായമെടുത്തുകൊണ്ട് പുറത്തേക്കിറങ്ങി, ആ നാരായം ജപിച്ച് ഒരു വാഴയിന്മേല്‍ഒരു കുത്തുകൊടുത്തു, നാരായം കൊണ്ട ദ്വാരത്തിലൂടെ ഉടനെ വെള്ളം പ്രവഹിച്ചുതുടങ്ങി. അങ്ങനെ കുറെ വെള്ളം വാഴയില്‍നിന്നു പോയപ്പോള്‍ നമ്പിയുടെ വയറൊട്ടുകയും അദ്ദേഹം യഥാപൂര്‍വം സ്വസ്ഥശരീരനായിത്തീരുകയും ചെയ്തു. നമ്പിക്ക് ഈ അസ്വാസ്ഥ്യമുണ്ടായിത്തീര്‍ന്നതും രാവുത്തരുടെ ദുഷ്പ്രയോഗം കൊണ്ടാണെന്നുള്ളത് സ്പഷ്ടമാണലോ. നമ്പിയെ അകപ്പെടുത്താനും അപമാനിച്ചയയ്ക്കാനുമായി രാവുത്തര്‍ ഇങ്ങനെ പലതും പ്രയോഗിച്ചുനോക്കി. നമ്പി ഉടനുടന്‍ പ്രതിവിധികള്‍ ചെയ്തുകൊണ്ടിരുന്നതിനാല്‍ അദ്ദേഹത്തിനു ഒന്നും പറ്റിയില്ല. തന്റെ വിദ്യകളൊന്നും നമ്പിയുടെ അടുക്കല്‍ ഫലിക്കയില്ലെന്നു തീര്‍ച്ചയായപ്പോള്‍ രാവുത്തര്‍ പിന്നെയും ജനക്കൂട്ടത്തില്‍ വന്നു നിന്നു. അപ്പോള്‍ രാവുത്തരെ ഒന്ന് പറ്റിക്കണമെന്നും ആളെ അറിയിക്കാതെ ഒളിച്ചുവന്നു നില്‍ക്കുന്ന അയാളെക്കൊണ്ടുതന്നെ അയാളുടെ പേരു വിളിച്ചുപറയിക്കണമെന്നും നിശ്ചയിച്ച് നമ്പി കുറച്ചു ഭസ്മമെടുത്തു ജപിച്ച് ആള്‍ക്കൂട്ടത്തിലേക്ക് ഊതിപ്പറപ്പിചു. ആ ഭസ്മം ആരുടെയെല്ലാം ദേഹത്തില്‍പതിച്ചുവോ, അവരൊക്കെ ഉടനെ തുള്ളിത്തുടങ്ങി. ആ കൂട്ടത്തില്‍ രാവുത്തരുമുണ്ടായിരുന്നു. ആ തുള്ളലിനിടയ്ക്കു നമ്പി ഗന്ധര്‍വ്വന്റെ കളത്തിങ്കലും ഒരു പൂജ കഴിച്ചു. രാവുത്തരുടെ തുള്ളല്‍ മുറുകിയപ്പോഴേക്കും മറ്റുള്ളവരുടെ തുള്ളലെല്ലാം ശമിച്ചു. വലിയ തടിയനും കുടവയറനുമായിരുന്ന രാവുത്തര്‍ രണ്ടുമൂന്നു നാഴിക നേരം ചാടിത്തുള്ളിയപ്പോഴേക്കും വിയര്‍ത്തൊലിച്ച് ഏറ്റവും പരവശനായിത്തീര്‍ന്നു. ഒരു നിവൃത്തിയുമില്ലെന്നായപ്പോള്‍ രാവുത്തര്‍, "അയ്യോ, എന്നെ രക്ഷിക്കണേ, ഞാന്‍ഉശകാ രാവുത്തരാണേ, അങ്ങയുടെ യോഗ്യത അറിയാതെയും എന്റെ അഹമ്മതിയും കഥയില്ലായ്കയും കൊണ്ടും അങ്ങയുടെ മന്ത്രവാദം ഫലിക്കാതെയിരിക്കുന്നതിനും പിണിയാള്‍ തുള്ളാതിരിക്കുന്നതിനും അങ്ങേക്കു ജീവഹാനി സംഭവിക്കുന്നതിനും ഞാന്‍ ചിലതൊക്കെ ചെയ്തുപോയി. അവയെല്ലാം വിഫലീഭവിക്കുകയും ചെയ്തു. എന്റെ തെറ്റുകളെല്ലാം ക്ഷമിച്ച് അവിടുന്നെന്നെ സദയം രക്ഷിക്കണം. ഇനിയും എന്നെ ഇങ്ങനെ തുള്ളിക്കുകയാണെങ്കില്‍ ഞാന്‍ ഇവിടെത്തന്നെ വീണു മരിച്ചുപോകും. ഇനി ഞാന്‍ഒരുകാലത്തും ഒരിടത്തും മന്ത്രവാദസംബന്ധമായി യാതൊന്നും ചെയ്യുകയില്ലെന്നു സത്യം ചെയ്യണമെങ്കില്‍ അതും ചെയ്യാം. എന്നാലും എന്നെ കൊല്ലാതെ വിട്ടയയ്ക്കണമേ" എന്നു വിളിച്ചുപറഞ്ഞു. അതു കേട്ട് നമ്പി, "ഉശകാ രാവുത്തരോ? എന്നാല്‍ ഇവിടെ അടുത്തുവരാമല്ലോ" എന്നു പറഞ്ഞു. ഉടനെ രാവുത്തരുടെ തുള്ളല്‍ നിന്നു. അടുത്തുചെന്നപ്പോള്‍ നമ്പി "രാവുത്തര്‍ അവിടെ ഇരിക്കുക. ഉശകാ രാവുത്തരെന്ന് ഞാന്‍കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്നു കാണാനുള്ള ഭാഗ്യവും സിദ്ധിച്ചുവല്ലോ. വളരെ സന്തോഷമായി. രാവുത്തര്‍ ഇവിടെയുള്ള സ്ഥിതിക്ക് ഈ ഗന്ധര്‍വ്വനെ ഒഴിവാക്കാന്‍ രാവുത്തര്‍തന്നെ വേണം" എന്നു വീണ്ടും പറഞ്ഞു. ഇത് കേട്ടിട്ട് ഇരിക്കാതെ വന്ദിച്ചുകൊണ്ട് രാവുത്തര്‍, "അവിടുന്ന് ഇനിയും എന്നെ അപമാനിക്കാന്‍ തുടങ്ങുന്നതു സങ്കടമാണ്. ഞാന്‍ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചിട്ട് ഒഴിയാത്ത ഈ ഗന്ധര്‍വ്വനെ ഒഴിക്കാന്‍ ഞാന്‍ ശക്തനല്ല. എന്നു മാത്രമല്ല, ഇത് ഒരിക്കലും ഒഴിയാതെയിരിക്കത്തക്കവണ്ണം ഞാന്‍ചിലതൊക്കെ ചെയ്തുപോയിട്ടുമുണ്ട്."
നമ്പി:അതു സാരമില്ല. അങ്ങനെവല്ലതും ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പരിഹാരം ചെയ്താല്‍മതിയല്ലോ.
രാവുത്തര്‍: പരിഹാരമില്ലാത്ത പ്രവൃത്തികളാണ് ഞാന്‍ചെയ്തു പോയിട്ടുള്ളത്.
നമ്പി: പരിഹാരമില്ലാത്ത പ്രവൃത്തി ഒന്നുമില്ല.
രാവുത്തര്‍: അവിടുന്നു വിചാരിച്ചാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകും. എനിക്ക് അവിടുത്തെപ്പോലെ പഠിത്തവും പരിചയവും പാരമ്പര്യവുമില്ല. നിത്യവൃത്തിക്കു ഗതിയില്ലാത്ത ഞാന്‍ കാടുകേറി നടന്നപ്പോള്‍ ഒരാളില്‍നിന്ന് ഒരു ഗ്രന്ഥം കിട്ടാനിടയായി. അതില്‍നോക്കി ഞാന്‍ ചില തൊക്കെ പ്രയോഗിക്കുകയും ചിലതൊക്കെ ഫലിക്കുകയും തന്നിമിത്തം ദൈവഗത്യാ പേര് കിട്ടുകയും ചെയ്തു എന്നലാതെ എനിക്കു വാസ്തവത്തില്‍ വലിയ പഠിപ്പൊന്നുമില്ല.
നമ്പി: അതൊന്നുമല്ല, രാവുത്തരെക്കുറിച്ചു ഞാന്‍നല്ലപോലെ കേട്ടുമനസ്സിലാക്കിയിട്ടുണ്ട്. രാവുത്തര്‍ ഒരു ഒന്നാന്തരം മന്ത്രവാദിയാണെന്ന് എനിക്കറിയാം. ഇതാ ഈ പൂവ് ആ പിണിയാളുടെ ശിരസ്സിലിടുക.
എന്നു പറഞ്ഞു നമ്പി ഗന്ധര്‍വനു പൂജിച്ച പൂവു കുറച്ചെടുത്ത് രാവുത്തരുടെ കയ്യില്‍കൊടുത്തു. അതു വാങ്ങി പിണിയാളുടെ ശിരസ്സിലിട്ടു. പിണിയാള്‍ തുള്ളിത്തുടങ്ങി. നമ്പിയുടെ ആജ്ഞപ്രകാരം രാവുത്തര്‍ പിണിയാളെക്കൊണ്ടു പൊന്നും വിളക്കും പിടിപ്പിച്ചു സത്യം ചെയ്യിച്ചു. ഗന്ധര്‍വ്വന്‍ ഒഴിഞ്ഞുപോവുകയും ചെയ്തു. ആ വീട്ടുകാര്‍ പണമായും പണ്ടങ്ങളായും നമ്പിക്കു വളരെ സമ്മാനങ്ങള്‍കൊടുത്തു. നമ്പി അവയെല്ലാം കയ്യില്‍ വാങ്ങീട്ടു "വാസ്തവത്തില്‍ ഒടുവില്‍ ഗന്ധര്‍വ്വനെ ഒഴിച്ചതുരാവുത്തരാകുകയാല്‍ ഇവയ്ക്കൊക്കെ അര്‍ഹന്‍ രാവുത്തരാണ്" എന്ന് പറഞ്ഞ് അവയെല്ലാം രാവുത്തര്‍ക്കു കൊടുത്തു. രാവുത്തര്‍ അവ വാങ്ങാന്‍ വളരെ മടിച്ചു. ഒടുക്കം നമ്പിയുടെ നിര്‍ബന്ധം കൊണ്ട് മനസ്സില്ലാമനസ്സോടെ അവയെല്ലാം രാവുത്തര്‍ വാങ്ങി. എങ്കിലും എന്നെങ്കിലും നമ്പിയെ അകപ്പെടുത്തണമെന്നു തന്നെയായിരുന്നു പിന്നെയും അയാളുടെ വിചാരം.
മന്ത്രവാദമെല്ലാം കഴിഞ്ഞയുടനെ നമ്പി സ്വദേശത്തേക്ക് പുറപ്പെട്ടു. നമ്പി ഒരിക്കലും വാലിയക്കാരെ കൊണ്ടുനടക്കാറില്ല. വാലിയക്കാര്‍ക്കു പകരം അദ്ദേഹം ചില സേവാമൂര്‍ത്തികളെയാണ് ഉപയോഗപ്പെടുത്തുക പതിവ്. ഈ യാത്രയും അങ്ങനെത്തന്നെയായിരുന്നു. രാത്രിയായിരുന്ന തിനാല്‍ ചില മൂര്‍ത്തികള്‍ വിളക്കുമായി മുന്‍പേ നടന്നു. പിന്നാലെ നമ്പിയും പോയി. നമ്പി ചെങ്കോട്ട, തെങ്കാശി മുതലായ കിഴക്കന്‍ ദിക്കുകളിലേക്കു പോവുകയും മടങ്ങിവരുകയും ചെയ്യുന്നത് അച്ചന്‍കോവില്‍ വഴിക്കാണ് പതിവ്. അതിനാല്‍ ഈ പ്രാവശ്യവും ആ വഴിക്കു തന്നെയാണ് പോയത്. രാത്രി ഏകദേശം ഒരുമണിയായപ്പോള്‍ അദ്ദേഹം അച്ഛന്‍കോവിലിനു സ്വല്പം കിഴക്കുവന്നു. ആ സമയത്തു കറുത്ത് തടിച്ചു കൂറ്റനായ ഒരു പാണ്ടിപ്പിള്ള കാട്ടില്‍നിന്ന് ഇറങ്ങിവന്ന്, "ഈ അസമയത്ത് ഇതിലേ കടന്നുപോകുന്നതാരാണ്" എന്നു ചോദിച്ചു. നമ്പി മറുപടി ഒന്നും പറഞ്ഞില്ല. അപ്പോള്‍ ആ പാണ്ടിപ്പിള്ള, "ഓഹോ, മനസ്സിലായി. അച്ഛന്‍കോവിലിലയ്യപ്പനെ ജയിച്ചു റാന്നിക്കാര്‍ത്താവിന്റെ കുഴികളില് ആനകളെ വീഴിച്ചുകൊടുത്ത ആളാണ്, അല്ലേ? കര്‍ത്താവിനെ അയ്യപ്പന്റെ കാട്ടുനായ്ക്കള്‍ പിടിചുകൊണ്ടുപോയി. ഇത് അയപ്പന്റെ കാട്ടുനായ്ക്കള്‍ ധാരാളമുള്ള ദിക്കാണ്, സൂക്ഷിച്ചു നടക്കണം" എന്നു വീണ്ടും പറഞ്ഞു. അതിനും നമ്പി മറുപടി യാതൊന്നും പറഞ്ഞില്ല. എങ്കിലും നമ്പി അയാളുടെ നേരെ തിരിഞ്ഞുനിന്ന് ഒരാകര്‍ഷണവും ബന്ധനവും ഒരുമിച്ചു കഴിച്ചുകൊണ്ടു പിന്നെയും നടന്നുതുടങ്ങി. നമ്പിയുടെ പിന്നാലെ പിള്ളയും നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ "ഹേ, അങ്ങെന്തിനാണ് എന്റെ കഴുത്തില്‍ കയറിട്ടുകെട്ടി വലിച്ചുകൊണ്ടുപോകുന്നത്? എന്നെ വിട്ടയയ്ക്കണം. ഞാന്‍ അച്ഛന്‍കോവില്‍ അമ്പലത്തില്‍ വിളക്കുവെപ്പുകാരനാണ്. ഭൈരവന്‍പിള്ള എന്നാണ് എന്റെ പേര്. എന്നെ വിട്ടയച്ചില്ലെങ്കില്‍ ഞാന്‍ പോകും."
നമ്പി: പോകാനായി നിങ്ങള്‍ പല വിദ്യകള്‍ പ്രയോഗിച്ചു നോക്കിയല്ലോ. എന്നിട്ട് എന്താ പോകാഞ്ഞത്? ഇനി ചിലതൊക്കെക്കൂടി വിചാരിച്ചിട്ടുണ്ടല്ലോ. അവ കൂടിക്കഴിയട്ടെ. ഞാന്‍ നിങ്ങളുടെ കഴുത്തില്‍ കയറിട്ടു കെട്ടിവലിക്കുന്നില്ല.
ഭൈരവന്‍പിള്ള: അങ്ങേക്കു കെട്ടിവലിക്കാന്‍ കയറും മറ്റും വേണമെന്നില്ലല്ലോ.
ഇങ്ങനെ പറഞ്ഞുകൊണ്ടു കുറചുകൂടി നടന്നപ്പോള്‍ അസംഖ്യം വ്യാഘ്രങ്ങള്‍ വഴിയില്‍ നിരന്നുനില്‍ക്കുന്നതായി കണ്ടു. ഇവയോടു നമ്പി മടങ്ങും, അപ്പോള്‍ തനിക്കു പോകാന്‍ മാര്‍ഗമുണ്ടാകും എന്നു ഭൈരവന്‍പിള്ളയും ഇവയെക്കൂടി കൊണ്ടുപോകണം എന്നു നമ്പിയും നിശ്ചയിച്ചു. വ്യാഘ്രങ്ങളെ കണ്ടിട്ടു നമ്പിക്കു സ്വല്പം പോലും ഭയവും കൂസലുമുണ്ടായില്ല. അദ്ദേഹം അവയുടെ അടുക്കല്‍ക്കൂടി കടന്നുപോയി. നമ്പിയെ കണ്ട ക്ഷണത്തില്‍ ഒരു വലിയ കടുവാ കാട്ടിലേക്ക് ഓടിപ്പോയി. ശേഷിച്ചുണ്ടായിരുന്നവ നമ്പിയുടെ പിന്നാലെ നടന്നുതുടങ്ങി. അവയുടെ പിന്നാലെ ഭൈരവന്‍പിള്ളയും നടന്നു.
അടുത്ത ദിവസം സന്ധ്യയ്ക്കു മുമ്പായി നമ്പി വ്യാഘ്രങ്ങളോടും ഭൈരവന്‍പിള്ളയോടും കൂടി റാന്നിയില്‍ കര്‍ത്താവിന്റെ ഗൃഹത്തിലെത്തി. അപ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാം കടുവാ പിടിച്ചുകൊണ്ടുപോയ കാരണവരുടെ പുല ആചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന കര്‍ത്താക്കന്മാര്‍ കാരണവരുടെ മരണവൃത്താന്തം വിവരിച്ചു നമ്പിയോടു പറഞ്ഞുകൊണ്ടിരുന്ന അവസരത്തില്‍ മുമ്പു നമ്പിയെ കണ്ട ക്ഷണത്തില്‍ കാട്ടിലേക്കു കയറിപ്പോയ കടുവായുടെ കഴുത്തില്‍ക്കയറി, കാരണവന്‍കര്‍ത്താവും അവിടെ എത്തി. അപ്പോള്‍ മുമ്പേ അവിടെ വന്നുനിന്നിരുന്ന വ്യാഘ്രങ്ങളെല്ലാം അവിടെനിന്ന് ഓടിപ്പോയി. അതു നമ്പി അവയെ ഉച്ചാടനം ചെയ്തിട്ടാണെന്നുള്ളത് പറയണമെന്നില്ലല്ലോ. ഇവയെല്ലാം കണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഭയാത്ഭുതപരവശന്മാരായിത്തീര്‍ന്നു. ആ സമയത്തും ഭൈരവന്‍പിള്ള നമ്പിയോട് "ഇനിയെങ്കിലും എന്നെക്കൂടെ വിട്ടയയ്ക്കണേ" എന്നപേക്ഷിച്ചു. അതിനു മറുപടിയായി നമ്പി, "എന്റെ മനസ്സോടുകൂടി ഇപ്പോള്‍ ഞാന്‍നിങ്ങളെ വിട്ടയയ്ക്കുകയില്ല പോകാമെങ്കില്‍ പൊയ്ക്കൊള്ളണം""എന്നാണു പറഞ്ഞത്. അപ്പോള്‍ കാരണവന്‍ കര്‍ത്താവ് ഭൈരവന്‍പിള്ളയെ കണ്ടിട്ട്, "എന്നെ കടുവാ പിടിചു കാട്ടില്‍ക്കൊണ്ടുപോയി താമസിച്ചിരുന്നപ്പോള്‍ എനിക്കു ഭക്ഷണവും മറ്റും തന്ന് എന്നെ രക്ഷിച്ചത് ഈ ഭൈരവന്‍പിള്ള തന്നെയാണല്ലോ. ഇദ്ദേഹം ഈ കടുവാക്കൂട്ടത്തിന്റെ ഒരു മേലാവാണ്"എന്നു പറഞ്ഞു. യൂഥത്തലവനായ ആ വലിയ കടുവാ ഭൈരവന്‍പിള്ളയുടെ പാദങ്ങളെ നക്കുകയും നമസ്ക്കരിക്കുകയും മറ്റും ചെയ്ത് അദ്ദേഹത്തെ അസാമാന്യമായി ബഹുമാനിക്കുന്നതും അപ്പോള്‍ എല്ലാവരും കണ്ടു .
അനന്തരം നമ്പി കര്‍ത്താവിനോട്, "ഇനി ഈയാണ്ടില്‍ ആനകളെ പിടിക്കാന്‍ ശ്രമിക്കേണ്ടാ, നാലാമത്തെ കുഴിയില്‍വീണുകിട്ടിയ ആ കൊമ്പനെ അച്ചന്‍കോവില്‍ ശാസ്താവിനു വഴിപാടായി അയച്ചുകൊടുത്തേക്കണം. ഞാന്‍ ഇപ്പോള്‍ത്തന്നെ പോകുന്നു" എന്നു പറഞ്ഞു യാത്രയായി. "ഇപ്പോള്‍ത്തന്നെ പോകുന്നതു വലിയ സങ്കടമാണ്. രണ്ടുദിവസമെങ്കിലും ഇവിടെ താമസിച്ചിട്ടു പോയാല്‍മതി" എന്നും മറ്റും കര്‍ത്താക്കന്മാര്‍ ലൗകികം പറഞ്ഞു. എങ്കിലും നമ്പി അതൊന്നും അനുവദിച്ചില്ല. അദ്ദേഹം ഭൈരവന്‍പിള്ളയെ ആ വലിയ കടുവയുടെ കഴുത്തില്‍ക്കയട്ടി ഇരുത്തുകയും പിന്‍ഭാഗത്തു താനും കയറിയിരിക്കുകയും ചെയ്തിട്ട്, "സന്ധ്യാവന്ദനത്തിനു അമാന്തം വരാത്തവിധത്തില്‍ ചെങ്ങന്നൂരെത്തിക്കണം" എന്ന് കടുവായോട് പറഞ്ഞു. ഉടനെ കടുവായാത്രയാവുകയും നിശ്ചിതസമയത്തിനു മുന്‍പേതന്നെ ചെങ്ങന്നൂരെത്തുകയും ചെയ്തു. അനന്തരം നമ്പി ഒരു മണിയെടുത്തു ജപിച്ചു കടുവായുടെ കഴുത്തില്‍കെട്ടീട്ട് "നിനക്ക് ഞാന്‍മണികണ്ഠന്‍എന്നു പേരിട്ടിരിക്കുന്നു. ഇനിയും ഞാന്‍ വിചാരിക്കുന്ന സമയം എന്റെ അടുക്കല്‍വരണം. ഇപ്പോള്‍ നിനക്കു പോകാം" എന്നു കടുവായോട് പറയുകയും കടുവാ നമ്പിയെയും ഭൈരവന്‍പിള്ളയേയും നമസ്ക്കരിച്ചിട്ടു പോവുകയും ചെയ്തു. ആ സമയത്ത് ഭൈരവന്‍പിള്ള, ഇനിയെങ്കിലും എന്നെ വിട്ടയയ്ക്കണേ" എന്ന് നമ്പിയോടപേക്ഷിച്ചു. "നിങ്ങളെ അത്രയെളുപ്പത്തില്‍ വിട്ടയയ്ക്കുകയില്ല" എന്നു നമ്പി അപ്പോഴും മറുപടി പറഞ്ഞു. അതിന്റെശേഷം നമ്പി കുളിയും നിത്യകര്‍മാനുഷ്ഠാനാദികളും അത്താഴവും കഴിക്കുകയും ഭൈരവന്‍പിള്ളയെ ഊണു കഴിപ്പിക്കുകയും ചെയ്തിട്ട് അവര്‍രണ്ടുപേരും ഒരു മുറിക്കകത്തു ചെന്നുകിടന്നു. അപ്പോള്‍, ഭൈരവന്‍പിള്ള, "എന്നെ വെറുതെ ഇങ്ങനെ താമസിപ്പിക്കുന്നതെന്തിനാണ്? വിട്ടയയ്ക്കുന്നതിന് എന്താണ് വിരോധം?" എന്നു ചോദിച്ചു .
നമ്പി: "വിരോധമൊന്നുമില്ല. കുറച്ചു ദിവസം ഇവിടെ താമസിച്ചിട്ടു വിട്ടയച്ചേക്കാം."
ഭൈരവന്‍പിള്ള: ഇനിയും കുറച്ചുദിവസംകൂടി എന്നെ ഇവിടെ താമസിപ്പിക്കണമെന്നു വിചാരിക്കുന്ന പക്ഷം എനിക്കൊരാഗ്രഹമുണ്ട്; അതുംകൂടി സാധിപ്പിച്ചുതന്നാല്‍ കൊള്ളാം.
നമ്പി: ആഗ്രഹമെന്താണ്?
ഭൈരവന്‍പിള്ള: നിങ്ങളില്‍നിന്നു കുറച്ചു മന്ത്രവാദം പഠിച്ചാല്‍ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം.
നമ്പി: നിങ്ങള്‍ എന്നെക്കാള്‍ വലിയ മന്ത്രവാദിയും ശാസ്ത്രജ്ഞനുമാണെന്ന് എനിക്കറിയാം. പക്ഷേ, നിങ്ങള്‍ക്കു രണ്ടു ദോഷങ്ങളുണ്ട്; അവ രണ്ടും ഉപേക്ഷിച്ചാല്‍ പിന്നെ നിങ്ങളെപ്പോലെ യോഗ്യനായ ഒരു മന്ത്രവാദി ലോകത്തില്‍ വേറെ ഉണ്ടായിരിക്കയില്ല.
ഭൈരവന്‍പിള്ള: ആ ദോഷങ്ങള്‍ എന്തെല്ലാമാണ്?
നമ്പി: ചില ബാധകള്‍ തുള്ളുമ്പോള്‍ നിങ്ങളെ ആണും പെണ്ണും തിരിച്ചറിയാത്തവന്റെ മകന്‍ എന്നും മറ്റും പറയും. അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു ലജ്ജയുണ്ടാകുന്നു. അതൊരു ദോഷമാണ്. പിന്നെ നിങ്ങള്‍ക്ക് ആശ്രിതന്മാരില്‍ അനുകമ്പയില്ല. അത് സര്‍വ്വപ്രധാനമായ വലിയ ദോഷമാണ്.
ഭൈരവന്‍പിള്ള: ആശ്രിതന്മാരില്‍ അനുകമ്പയില്ലാതെ ഞാന്‍ എന്താണു പ്രവര്‍ത്തിച്ചിട്ടുള്ളത്?
നമ്പി: റാന്നിക്കര്‍ത്താവു നിങ്ങളുടെ ഒരു ആശ്രിതനല്ലേ? അദ്ദേഹം എന്തോ തരാമെന്നു പറഞ്ഞിരുന്നത് ആ അവധിദിവസംതന്നെ തരാതെയിരുന്നതുകൊണ്ടല്ലേ അദേഹത്തിന്റെ കുഴികളില് ആനകള്‍ വീഴാതെയാക്കിയത്? എന്നാല്‍ അദ്ദേഹം അത് അവധിദിവസം തരാതെ യിരുന്നതെന്തുകൊണ്ടാണെന്നും അവധി തെറ്റിയാലും അദ്ദേഹം തരുന്ന ആളാണെന്നും നിങ്ങള്‍ വിചാരിക്കാതെയിരുന്നതെന്താണ്? ആ അവധി ദിവസം അദ്ദേഹത്തിനു അമ്മ മരിച്ച പുലയല്ലായിരുന്നുവോ? പിന്നെ എന്റെ മന്ത്രശക്തികൊണ്ട് ഞാന്‍ കുഴിയില്‍ വീഴിച്ച കൊമ്പനാനകളില്‍ നാലെണ്ണത്തിനെ കുഴികളില്‍ നിന്നു കയറ്റിയതിന്റെ ശേഷം അഞ്ചാമത്തെ കുഴിയില്‍ നിന്നു കര്‍ത്താവിനെയെടുപ്പിച്ചുകൊണ്ടുപോയി വലിയ ലഹള ഉണ്ടാക്കിത്തീര്‍ത്തതെന്തിനാണ് ?
ഭൈരവന്‍പിള്ള: ആ ഒന്‍പതാനകളില്‍ വാസ്തവത്തില്‍ നല്ല ലക്ഷണങ്ങളോടുകൂടിയ നാലെണ്ണമേ ഉണ്ടായിരുന്നുള്ളൂ. ശേഷമുണ്ടായിരുന്ന അഞ്ചാനകളും കണ്ടാല്‍ നല്ല ലക്ഷണയുക്തങ്ങളാണെന്നു തോന്നത്തക്കവയായിരുന്നെങ്കിലും വാസ്തവത്തില്‍ അവ വിലക്ഷണങ്ങളായിരുന്നു. ആ ആനകളെ കയറ്റിക്കൊണ്ടു പോയിരുന്നുവെങ്കില്‍ കര്‍ത്താവിന്റെ ഐശ്വര്യം നിശ്ശേഷം നശിക്കുകയും അദ്ദേഹത്തിന് അനേകമനര്‍ത്ഥങ്ങള്‍ ഉണ്ടായിത്തീരുകയും ചെയ്യുമായിരുന്നു. അങ്ങനെ വരരുതെന്നു വിചാരിച്ചാണ് ഞാന്‍എന്റെ കാട്ടുനായയെ അയയ്ക്കുകയും മറ്റും ചെയ്തത്.
നമ്പി: ശരി, എന്നാല്‍ ഞാനിങ്ങോട്ടു പോന്നപ്പോള്‍ നിങ്ങള്‍ എന്റെ പിന്നാലെ വന്നതെന്തിനാണ്?
ഭൈരവന്‍പിള്ള: എന്റെ കാട്ടുനായ്ക്കളെ നിങ്ങള്‍ ഉപദ്രവിക്കാതിരിക്കാനായിട്ടും കര്‍ത്താവിന്റെ കാര്യം പറയാനായിട്ടുമാണ്.
നമ്പി: ശരി. നിങ്ങളില്‍നിന്ന് അറിയാനുണ്ടായിരുന്നതെല്ലാം ഇപ്പോള്‍ ഞാനറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഇനി നിങ്ങള്‍ക്കു പോകാം.
ഭൈരവന്‍പിള്ള: ഞാനാരാണെന്നുള്ളതും നിങ്ങള്‍ അറിഞ്ഞുവല്ലോ.
നമ്പി: ഓഹോ. അത് ആദ്യം പാണ്ടിപ്പിള്ളയുടെ വേഷത്തില്‍ കണ്ടപ്പോള്‍ത്തന്നെ മനസ്സിലാക്കി.
ഭൈരവന്‍പിള്ള: എന്നാല്‍ എനിക്കിനി ചില സംഗതികള്‍ കൂടി പറയാനുണ്ട്. മുന്‍കാലങ്ങളില്‍ പരദേശങ്ങളിലുള്ളവര്‍ക്ക് വല്ല ബാധോപദ്രവമോ മറ്റോ ഉണ്ടായാല്‍ എന്റെ സന്നിധിയില്‍വന്ന് എന്നെ ഭജിക്കുകയും ശരണം പ്രാപിക്കുകയും ഞാന്‍ അവരുടെ ഉപദ്രവങ്ങള്‍ നീക്കി സുഖപ്പെടുത്തി അയയ്ക്കുകയുമായിരുന്നു പതിവ്. നിങ്ങള്‍ പരദേശങ്ങളിലും പോയി മന്ത്രവാദം ചെയ്തുതുടങ്ങിയതില്‍പ്പിന്നെ എന്റെ അടുക്കല്‍ ആരും വരാതെയായിരിക്കുന്നു, അതിനാല്‍ എനിക്കു മുമ്പുണ്ടായിക്കൊണ്ടിരുന്ന ആദായം ഇപ്പോള്‍ നിന്നുപോയിരിക്കുന്നതുകൊണ്ട് മേലാല്‍ നിങ്ങള്‍ പരദേശങ്ങളില്‍പ്പോയി മന്ത്രവാദം ചെയ്കയില്ലെന്നു തീര്‍ച്ചപ്പെടുത്തണം. പരദേശികള്‍ക്കു ബാധോപദ്രവമോ മറ്റോ ഉണ്ടായാല്‍ അവര്‍ എന്റെ സന്നിധിയില്‍ വരണമെന്നും അതു ധനുമാസത്തില്‍ എന്റെ ഉത്സവകാലത്തായിരിക്കണമെന്നും വ്യവസ്ഥചെയ്യുകയും അക്കാലത്തു നിങ്ങളും അവിടെ ഉണ്ടായിരിക്കുകയും വേണം. അക്കാലത്ത് അവര്‍ക്കു വേണ്ടുന്ന മന്ത്രവാദം എന്റെ സന്നിധിയില്‍വച്ചു നിങ്ങള്‍തന്നെ ചെയ്യുന്നതിനു വിരോധമില്ല. പരദേശികള്‍ക്കു നിങ്ങള്‍ മന്ത്രവാദം ചെയ്യുന്നത് എന്റെസന്നിധിയില്‍വച്ചും ഉത്സവകാലത്തുമായിരിക്കണമെന്നു മാത്രമേ എനിക്ക് നിര്‍ബന്ധമുള്ളൂ. അങ്ങനെയായാല്‍ അതും ഉത്സവത്തിന്റെ ആഘോഷങ്ങളിലൊന്നായിത്തീരുമല്ലോ. നിങ്ങള്‍ ആണ്ടുതോറും ധനുമാസം ഒന്നാം തിയ്യതി രാവിലെ അവിടെയെത്തുകയും ഉത്സവം കഴിയുന്നതുവരെ അവിടെത്താമസിക്കുകയും വേണം. നിങ്ങളെ അങ്ങോട്ട് കൊണ്ടുവരുന്ന തിനു നമ്മുടെ മണികണ്ഠനെ ഞാനിവിടെ അയച്ചുകൊള്ളാം. നിങ്ങളെ ഞാനും എന്റെ ആശാനായി സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അവിടെ വന്നാല്‍വേണ്ടുന്ന ആചാരോപചാരങ്ങളൊക്കെ ചെയ്യുന്നതിനു ഞാന്‍ഏര്‍പ്പാടു ചെയ്തുകൊള്ളാം.
ഭൈരവന്‍പിള്ള പറഞ്ഞതെല്ലാം നമ്പി പൂര്‍ണ്ണമായി സമ്മതിക്കുകയും ഭൈരവന്‍പിള്ള അപ്പോള്‍ത്തന്നെ അവിടെനിന്നു പോവുകയും ചെയ്തു. ഈ ഭൈരവന്‍പിള്ള സാക്ഷാല്‍ അച്ചന്‍കോവില്‍ ശാസ്താവായിരുന്നു എന്നുള്ള വാസ്തവം ഇപ്പോള്‍ വായനക്കാര്‍ ഊഹിച്ചറിഞ്ഞിരിക്കുമെന്നു വിശ്വസിക്കുന്നു.
ആ ആണ്ടില്‍ ധനുമാസം ഒന്നാം തിയ്യതിയുടെ തലേദിവസം രാത്രിയില്‍ അച്ചന്‍കോവില്‍ ദേവസ്വക്കാര്‍ക്ക് ഒരു സ്വപ്നമുണ്ടായി. "നാളെ രാവിലെ തേവലശ്ശേരി നമ്പി ഇവിടെ വരും. അദ്ദേഹം എന്റെയും ഗുരുവാണ്. അതിനാല്‍ നിങ്ങള്‍ അദ്ദേഹത്തെ സാദരം എതിരേല്‍ക്കുകയും സബഹുമാനം ആചാരോപചാരങ്ങള്‍ ചെയ്യുകയും വേണം. ബലിക്കല്‍പ്പുരയുടെ വടക്കേപ്പടിയില്‍ വെള്ളയും കരിമ്പടവും വിരിച്ച് അദ്ദേഹത്തെ ഇരുത്തണം. അവിടെ ഒരു ചങ്ങലവട്ടക കൊളുത്തിവയ്ക്കുകയും വേണം. അദ്ദേഹം ഇവിടെത്താമസിക്കുന്ന ദിവസങ്ങളിലെല്ലാം തന്ത്രിയുടെ പതിവുപോലെ അരിക്കോപ്പുകളും പകര്‍ച്ചയും കൊടുക്കണം. അദ്ദേഹത്തിന്റെ പരിവാരങ്ങളെയും യഥായോഗ്യം ആദരിക്കണം" എന്നായിരുന്നു സ്വപ്നം. ധനുമാസം ഒന്നാം തിയ്യതിയുടെ തലേദിവസം വൈകുന്നേരം മണികണ്ഠന്‍ നമ്പിയുടെ അടുക്കല്‍ എത്തുകയും നമ്പി മണികണ്ഠന്റെ കഴുത്തില്‍കയറി പരിവാരസമേതം പുറപ്പെട്ടു ധനുമാസം ഒന്നാം തിയ്യതി രാവിലെ അച്ചന്‍കോവിലില്‍ ചെന്നുചേരുകയും ദേവസ്വക്കാര്‍ സ്വപ്നപ്രകാരമെല്ലാം അദ്ദേഹത്തെ എതിരേറ്റ് സല്‍ക്കരിക്കുകയും ചെയ്തു.
അച്ചന്‍കോവിലില്‍ പ്രധാനമായിട്ടുള്ള നടവരവു നെയ്യാണ്. അതവിടെ ധാരാളമായി വരുകയും ചെയ്യും. എങ്കിലും വിളക്കിനും മറ്റും ഉപയോഗിക്കുകയല്ലാതെ അത് ആരും കൂട്ടി ഊണുകഴിക്കാറില്ല. അവിടെ നെയ്യുകൂട്ടിയൂണ് കഴിച്ചാല്‍ മാത്ര കഴിയുമ്പോള്‍ പനി തുടങ്ങുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. അതുകൊണ്ട് അവിടെ തന്ത്രിക്കുപോലും പകര്‍ച്ചയ്ക്കു നെയ്യ് കൊടുക്കാറില്ല. എങ്കിലും തേവലശ്ശേരി നമ്പിക്കു പകര്‍ച്ച ക്കൂട്ടത്തില്‍ ഒരു തുടം നെയ്യുകൂടി കൊടുക്കുകയും അദ്ദേഹം അതുകൂട്ടി ഉണ്ണുകയും ചെയ്തു. നമ്പിക്ക് അതുകൊണ്ട് പനിയെന്നല്ല, യാതൊരു സുഖക്കേടും ഉണ്ടായിട്ടില്ല. ഇതറിഞ്ഞപ്പോള്‍ തന്ത്രിക്ക് അപരിമിതമായ കുണ്ഠിതമുണ്ടായി. നെയ്യുകൂട്ടിയിട്ട് നമ്പിക്ക് സുഖക്കെടൊന്നും ഉണ്ടാകാതെയിരുന്നതു ശാസ്താവിന്റെ കരുണകൊണ്ടായിരിക്കണമെന്നും താന്‍ തന്ത്രിയായിരിക്കുന്ന സ്ഥിതിക്ക് തന്നെക്കുറിച്ചുള്ളതിലധികം കരുണ ശാസ്താവിനു മറ്റൊരാളുടെ പേരിലുണ്ടാകുന്നതു തനിക്കു കുറച്ചിലാ ണല്ലോ എന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ വിചാരം. അദ്ദേഹത്തിന് നെയ്യു കൂട്ടി ഉണ്ണണമെങ്കില്‍ അവിടെ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എങ്കിലും പനി വന്നെങ്കിലോ എന്നുള്ള ഭയം നിമിത്തം അദ്ദേഹത്തിന് അതിനു ധൈര്യമുണ്ടായില്ല. ഏതെങ്കിലും ഇതിനൊരു തീര്‍ച്ചയുണ്ടായിട്ടല്ലാതെ ഇനി ഊണു കഴിക്കുകയില്ല"എന്നു നിശ്ചയിച്ച് അദ്ദേഹം പിറ്റേദിവസം ഉച്ചതിരിയുന്നതുവരെ ഉണ്ണാതെയിരുന്നു. തന്ത്രി ഉണ്ണാതെ താനുണ്ണുന്നത് വിഹിതമല്ലല്ലോ എന്നു വിചാരിച്ചു നമ്പിയും ഊണുകഴിച്ചില്ല. ഉച്ചതിരിഞ്ഞപ്പോള്‍ ശ്രീകോവിലിനകത്തുനിന്ന് "നമ്പിക്ക് ഒരു തുടം കൊടു, താഴമണ്ണിന് ഒരു തുടം ചുടു" എന്നൊരശരീരി വാക്കുണ്ടായി. ഇത് ശാസ്താവിന്റെ കല്പനയാണെന്ന് അവിടെയുണ്ടായിരുന്ന സകലരും വിശ്വസിച്ചു. എങ്കിലും ഇതിന്റെ അര്‍ത്ഥമെന്തെന്ന് സംശയിച്ച് ചിലര്‍ നമ്പിയോടു ചോദിച്ചു. അപ്പോള്‍ നമ്പി, "ഇതിന്റെ അര്‍ത്ഥം എനിക്ക് ഒരു തുടം നെയ്യു തരണമെന്നും താഴമണ്‍പോറ്റി (ഇദ്ദേഹമാണ് ഇവിടുത്തെ തന്ത്രി) നെയ്യു തുടത്തിലെടുത്ത് ചൂടുപിടിപ്പിച്ചു കൂട്ടിക്കൊള്ളണമെന്നുമാണ്" എന്നു പറഞ്ഞു. തന്ത്രി അപ്രകാരം നെയു കൂട്ടിയുണ്ടു. അദ്ദേഹത്തിനു പനി വന്നുമില്ല. പിന്നെ അതു പതിവായിത്തീര്‍ന്നു.
തേവലശ്ശേരി നമ്പി അദ്ദേഹത്തിന്റെ ജീവാവസാനം വരെ ധനുമാസം ഒന്നാം തിയ്യതിതോറും അച്ചന്‍കോവിലില്‍ എത്തി ഉത്സവം കഴിയുന്നതു വരെ അവിടെ താമസിക്കുകയും അക്കാലത്തു ബാധോപദ്രവക്കാരായും മറ്റും അനേകം പരദേശികള്‍ അവിടെ വരുകയും നമ്പി അവിടെവച്ചു മന്ത്രവാദം ചെയ്ത് അവരുടെ ബാധകളെയും മറ്റും ഒഴിച്ചു സുഖപ്പെടുത്തി അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനാല്‍ അക്കാലത്തു വഴിപാടുകളായും മറ്റും ദേവസ്വത്തിലേക്കുള്ള വരവു വളരെ വര്‍ദ്ധിച്ചു. നമ്പി വിചാരിക്കുന്ന കാര്യങ്ങളെല്ലാം അച്ചന്‍കോവില്‍ ശാസ്താവു സാധിപ്പിച്ചു കൊടുത്തുകൊണ്ടുമിരുന്നു.
കൊല്ലം 'തൊള്ളായിരത്തില്‍പ്പരമൊരെഴുപതും മൂന്നുമാം കുംഭമാസേ' നാട് നീങ്ങിയ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മമഹാരാജാവു തിരുമനസ്സുകൊണ്ട് ഒരിക്കല്‍ മസൂരി ബാധിതനായിത്തീര്‍ന്നു. അപ്പോള്‍ തേവലശ്ശേരി നമ്പി മസൂരികാരോഗം ആകര്‍ഷിച്ചു മാറ്റുമെന്നുള്ളതു പ്രസിദ്ധമായിരുന്നതിനാല്‍ കല്‍പ്പന പ്രകാരം ആള്‍ വന്നു നമ്പിയെ തിരുവനന്തപുരത്തു കൊണ്ടുപോയി. രോഗം ഏറ്റവും കടുത്തവകയായി രുന്നതിനാല്‍ തിരുമനസ്സുകൊണ്ട് അത്യന്തം അവശനായി കിടപ്പുതന്നെയായിരുന്നു. നമ്പി ആ രോഗം ആകര്‍ഷിച്ചു തന്റെ ദേഹത്തിന്മേലാക്കി. ഉടനെ തിരുമനസ്സിലെ ദേഹത്തിന്മേലുണ്ടായിരുന്ന കുരുക്കളെല്ലാം കാണാതെയായിത്തീരുകയും തിരുമനസ്സിലേക്കു വളരെ സുഖം തോന്നുകയാല്‍ അവിടുന്ന് എഴുന്നേറ്റിരിക്കുകയും ചെയ്തു. എങ്കിലും നമ്പിയുടെ ദേഹത്തി ലെല്ലാം തല്‍ക്ഷണം കുരുക്കള്‍ കാണപ്പെടുകയും നമ്പി ഏറ്റവും പരവശ നായി അവിടെത്തന്നെ വീഴുകയും ചെയ്തു. അപ്പോള്‍ നമ്പിയുടെ ആകൃതി കണ്ടിട്ടു തിരുമനസ്സിലേക്കു തന്നെ ഭയം തോന്നി. ഉടനെ "ഇത് എനിക്കും തനിക്കുമരുത്" എന്നു കല്‍പ്പിചു. അപ്പോള്‍നമ്പി, "പിന്നെ ആര്‍ക്കാകാമെന്നുകൂടി കല്പ്പിക്കണം" എന്നറിയിച്ചു. തിരുമനസ്സുകൊണ്ട് സ്വല്പം ആലോചിച്ചിട്ട്, "ഇവിടെനിന്ന് ഏകദേശം നാല്‍പ്പതു നാഴിക ദൂരം കിഴക്കു വഴിയരികിലായിട്ട് ഒരു കാവിന്‍കൂട്ടമുണ്ട്. അവിടെ രണ്ടു വലിയ പാലകള്‍ നില്‍ക്കുന്നുണ്ട്. അവയില്‍ അനേകം ദുര്‍ദേവതമാര്‍ വന്നുവാസമായിട്ടുണ്ട്. ആ ദേവതമാരുടെ ഉപദ്രവം നിമിത്തം പകല്‍സമയത്ത് പോലും ആ വഴിയെ ജനങ്ങള്‍ക്കു സഞ്ചരിക്കാന്‍ നിവൃത്തിയില്ലാതായിരിക്കുന്നു. ഈ രോഗം ആകര്‍ഷിച്ച് ആ പാലകളില്‍ ആക്കിയാല്‍ അവ നശിക്കുകയും അപ്പോള്‍ ആ ദുര്‍ദ്ദേവതമാര്‍ അവിടം വിട്ടുപോവുകയും ആ വഴി ജനങ്ങള്‍ക്കു സഞ്ചാരയോഗ്യമായിത്തീരുകയും ചെയ്യുന്നതാകയാല്‍ അതൊരു വലിയ ഉപകാരമായിരിക്കും. അതുകൊണ്ട് അങ്ങനെ ചെയ്താല്‍ കൊള്ളാം" എന്നരുളിച്ചെയ്തു. അപ്പോള്‍ നമ്പി, "എന്നാല്‍ എന്നെ ആ സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനുകൂടി കല്പനയുണ്ടാകണം. എനിക്കു നടന്നുപോകാന്‍ നിവൃത്തിയില്ലാതായിരിക്കുന്നു" എന്നറിയിച്ചു. ഉടനെ കല്പനപ്രകാരം ഏതാനുമാളുകള്‍വന്നു നമ്പിയെ ഒരു മഞ്ചലി ലാക്കിയെടുത്ത് ആ സ്ഥലത്തു കൊണ്ടുപോവുകയും നമ്പി ആ മസൂരി രോഗത്തെ തന്റെ ദേഹത്തില്‍നിന്ന് ആകര്‍ഷിച്ച് ആ പാലകളിലാക്കുകയും ആ പാലകള്‍ ഏഴു ദിവസംകൊണ്ട് ഉണങ്ങിയൊടിഞ്ഞു നിലംപതിക്കു കയും ദുര്‍ദേവതമാരെല്ലാം അവിടം വിട്ടു പോവുകയും ആ വഴി ജനങ്ങള്‍ക്കു സഞ്ചാരയോഗ്യമായിത്തീരുകയും നമ്പി സ്വസ്ഥശരീരനായി തിരിയെ തിരുവനന്തപുരത്തെത്തുകയും ചെയ്തു. അപ്പോഴേക്കു തിരുമനസ്സിലേക്കു ക്ഷീണവും മറ്റും തീര്‍ന്നു സുഖമാവുകയും ചെയ്തിരുന്നു. തിരുമനസ്സുകൊണ്ട് സന്തോഷിച്ചു നമ്പിക്കു പല സമ്മാനങ്ങള്‍ കല്പിച്ചുകൊടുത്തതു കൂടാതെ കല്‍പ്പന പ്രകാരം ഏതാനും വസ്തുക്കള്‍ കരമൊഴിവായി പതിച്ചുകൊടുക്കുകയും ചെയ്തു.
ഈ നമ്പി പ്രസിദ്ധ യുദ്ധവിദഗ്ദ്ധന്മാരായിരുന്ന കുഞ്ചിക്കുട്ടിപ്പിള്ള സര്‍വാധി കാര്യക്കാര്‍, കുതിരപ്പക്ഷി, വൈക്കം പത്മനാഭപിള്ള എന്നിവര്‍ക്കു ചില ഉപദേശങ്ങള്‍ കൊടുക്കുകയും ശത്രുക്കളുടെ ആയുധം കൊണ്ടു മരിക്കാതെയിരിക്കുന്നതിനായി ചില മന്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. വേലുത്തമ്പിദളവാ അവസാനകാലത്തു രക്ഷാമാര്‍ഗ്ഗമൊന്നുമില്ലാതായപ്പോള്‍ വിവരം നമ്പിയെ ഗ്രഹിപ്പിക്കുകയും തേവലശ്ശേരിയില്‍ ചെന്നാല്‍ രക്ഷിച്ചുകൊള്ളാമെന്നു നമ്പി തമ്പിയെ അറിയിക്കുകയും ചെയ്തിരുന്നു. ദുഷ്ക്കാലശക്തി നിമിത്തം തമ്പിക്ക് അവിടെച്ചെന്നു ചേരാന്‍ സാധിക്കായ്കയാലാണ് ഒടുക്കം ആത്മഹത്യ ചെയ്യേണ്ടതായി വന്നത്. ഈ തേവലശ്ശേരി നമ്പിയുടെ കാലത്തുതന്നെ 'താമരശ്ശേരിനമ്പി' എന്നു പ്രസിദ്ധനായിട്ട് ഒരു മന്ത്രവാദി ആറന്മുളെയുണ്ടായിരുന്നു. താമരശ്ശേരിനമ്പി തേവലശ്ശേരി നമ്പിയുടെ സജാതീയനായിരുന്നുവെങ്കിലും അദ്ദേഹത്തിനു തേവലശ്ശേരി നമ്പിയെക്കുറിച്ചു പുച്ഛമായിരുന്നു. തന്നെ ജയിക്കത്തക്കവണ്ണമുള്ള യോഗ്യത തേവലശ്ശേരിക്കില്ലെന്നായിരുന്നു താമരശ്ശേരിയുടെ വിചാരം. അങ്ങനെ അദ്ദേഹം ചിലപ്പോള്‍ ചിലരോടു പ്രസംഗവശാല്‍ കുറേശ്ശെ പറയാറുമുണ്ടായിരുന്നു. ഇതിനെക്കുറിച്ചു തേവലശ്ശേരി നമ്പിയും അറിയാതെയിരുന്നില്ല. "തേവലശ്ശേരിയുമായി നേരിട്ടു കാണാനിടയാക്കരുത്.നേരിട്ടു കണ്ടാല്‍നാശമുണ്ടാകും" എന്ന് ആരോ തന്റെ അടുക്കല്‍ വന്നു പറഞ്ഞതായി താമരശ്ശേരി നമ്പി കൂടെക്കൂടെ സ്വപ്നം കാണാറുണ്ടായിരുന്നു. നേരിട്ടു കണ്ടാല്‍ നാശമുണ്ടാകുന്നതു തേവലശ്ശേരിക്കാണെന്നാണ് താമരശ്ശേരി നമ്പി ഈ സ്വപ്നം കൊണ്ടു മനസ്സിലാക്കിയത്. തേവലശ്ശേരിയേക്കാള്‍ യോഗ്യത തനിക്കുണ്ടെന്നുള്ള വിചാരം മനസ്സിലിരിക്കുമ്പോള്‍ അദ്ദേഹത്തിന് അങ്ങനെയല്ലാതെ തോന്നാന്‍തരമില്ലല്ലോ.
തേവലശ്ശേരി നമ്പി അന്യദേശങ്ങളില്‍പ്പോയും സ്വദേശത്തുവച്ചും മന്ത്രവാദസംബന്ധമായി പ്രതിദിനമെന്നപോലെ ഓരോ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു ഭൂലോകത്തില്‍ സര്‍വ്വത്ര വ്യാപിച്ചു. അതിനാല്‍ മന്ത്രവാദത്തിനായി താമരശ്ശേരി നമ്പിയുടെ അടുക്കല്‍ ആരും ചെല്ലാതെയും അദ്ദേഹത്തെ ആരും എങ്ങും കൊണ്ടുപോകാതെയുമായി. അപ്പോള്‍ താമരശ്ശേരി നമ്പിക്കു തേവലശ്ശേരി നമ്പിയെക്കുറിച്ചുള്ള അസൂയ സഹിക്കവയ്യാതായിത്തീര്‍ന്നു. തേവലശ്ശേരി നമ്പി ജീവിച്ചിരിക്കുന്ന കാലത്തു തന്റെ കീര്‍ത്തിക്ക് പ്രചാരമുണ്ടാകുന്ന കാര്യം അസാദ്ധ്യമാണെന്ന് തോന്നുകയാല്‍ ഏതുവിധവും തേവലശ്ശേരി നമ്പിയുടെ കഥ കഴിക്കണമെന്നു താമരശ്ശേരി നമ്പി തീര്‍ച്ചപ്പെടുത്തി. നേരിട്ടു കണ്ടാല്‍നാശമുണ്ടാകുമെന്നു സ്വപ്നമുണ്ടായിട്ടുണ്ടല്ലോ. അതിനാല്‍നേരിട്ടു കാണ്മാന്‍ മാര്‍ഗമുണ്ടാക്കണമെന്നു തന്നെ അദ്ദേഹമുറച്ചു. അതിനെന്താണ് വഴിയെന്നാലോചിച്ചപ്പോള്‍ തേവലശ്ശേരി നമ്പി ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വെളുപ്പാന്‍കാലത്തു പതിവായി നെടുംപ്രയാറ്റു കളരിയിലേക്കു പോകാറുണ്ടെന്നും അത് ആറ്റിലൂടെയാണ് പതിവെന്നും അറിവ് കിട്ടി. അതിനാല്‍ അടുത്ത വെള്ളിയാഴ്ച വെളുപ്പാന്‍കാലത്തു ജലമാര്‍ഗ്ഗമായി ഒന്നു യാത്ര ചെയ്യണമെന്നു താമരശ്ശേരി നമ്പി നിശ്ചയിച്ചു. ഈ വിവരമെല്ലാം തേവലശ്ശേരി നമ്പി എങ്ങനെയോ മനസ്സിലാക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന് അതുകൊണ്ടു കൂസലൊന്നുമുണ്ടായില്ല. അദ്ദേഹം പതിവുപോലെ വെള്ളിയാഴ്ച വെളുപ്പാന്‍കാലത്തു നെടുംപ്രയാറ്റെക്ക് പുറപ്പെട്ടു. തേവലശ്ശേരി നമ്പി ഒരരകല്ല് (അമ്മി) എടുത്തിട്ട് അതിന്മേല്‍ക്കയറി, അതിന്റെ തലയ്ക്കല്‍ ഒരു പന്തവും കൊളുത്തിക്കുത്തിക്കൊണ്ടാണ് ആറ്റില്‍ക്കൂടി കിഴക്കോട്ടു പുറപ്പെട്ടത്. ആ സമയത്തുതന്നെ താമരശ്ശേരി നമ്പി കിഴക്കുനിന്നു പടിഞ്ഞാട്ടും പുറപ്പെട്ടു. താമരശ്ശേരി നമ്പി ഒരു തൂശനില വെള്ളത്തിലിട്ട് അതിന്മേല്‍ക്കയറിയാണ് പുറപ്പെട്ടത്. താമരശ്ശേരി നമ്പി 'അത്തിമൂട്' എന്ന സ്ഥലത്തായപ്പോള്‍ പടിഞ്ഞാറ് അസാമാന്യമായ ഒരു തേജസ്സു കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ തേവലശ്ശേരി നമ്പിയുടെ വരവാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. ആ സമയം "ഒഴിഞ്ഞുപോയ്ക്കൊള്ളണം; അല്ലെങ്കില്‍ ആപത്തുണ്ടാകും" എന്ന് ആരോ വിളിച്ചു പറഞ്ഞതായി താമരശ്ശേരി നമ്പിക്കു തോന്നി. ആ ദുര്‍ന്നിരീക്ഷ്യമായ തേജസ്സു കാണുകയും മേല്പറഞ്ഞ വാക്കുകള്‍കേള്‍ക്കുകയും ചെയ്തപ്പോള്‍താമരശ്ശേരി നമ്പിയുടെ ഹൃദയം വല്ലാതെ ഭയപരവശമായിത്തീര്‍ന്നു. എങ്കിലും അദ്ദേഹം പിന്നെയും മുമ്പോട്ടുതന്നെ പോയി. അപ്പോഴേക്കും തേവലശ്ശേരി നമ്പി വന്നടുത്തു കഴിഞ്ഞു. തേവലശ്ശേരി നമ്പിയുടെ മുഖത്ത് അപ്പോള്‍ അതിഭയങ്കരമായ ഒരു തേജസ്സു ജ്വലിച്ചുകൊണ്ടിരുന്നു. ആ മുഖം കണ്ടപ്പോള്‍ താമരശ്ശേരി നമ്പിയുടെ ഭയം ശതഗുണീഭവിച്ചു. അപ്പോള്‍ തേവലശ്ശേരി നമ്പി, "ഇത് ഒടുവിലത്തെ കാഴ്ചയാണ്" എന്നു പറയുകയും താമരശ്ശേരി നമ്പിയുടെ തൂശനിലക്ക് തീപിടിച്ച് അത് ഭസ്മമായിപ്പോവുകയും നമ്പി അവിടെയുണ്ടായിരുന്ന ഒരു നീര്‍ച്ചുഴിയില്‍ അകപ്പെട്ടു താണുപോവുകയും ചെയ്തു. തേവലശ്ശേരി നമ്പി നേരെ കിഴക്കോട്ടു ചെന്നു നെടുംപ്രയാറ്റു കളരിയിലെത്തി. വന്ദിച്ചിട്ടുതിരിയെപ്പോയി ചെങ്ങന്നൂര്‍ പടിഞ്ഞാറെ നടയിലും ദര്‍ശനം കഴിച്ചു സ്വഗൃഹത്തിലേക്കു പോവുകയും ചെയ്തു.
വെളുപ്പാന്‍കാലത്തു വെള്ളത്തില്‍ മുങ്ങിപ്പോയ താമരശ്ശേരി നമ്പി പിറ്റേ ദിവസം ആറേഴുനാഴിക പുലര്‍ന്നപ്പോഴേക്കും ഒരു വിധത്തില്‍ ആറന്മുള ക്ഷേത്രത്തിനു വടക്കുവശത്തുള്ള കടവിലെത്തി. അപ്പോള്‍ അദ്ദേഹത്തിനു വലിയ തരക്കേടൊന്നും പറ്റിയിരുന്നില്ല. കരയ്ക്കുകയറി സ്വല്പം നടന്നപ്പോഴേക്കും അദ്ദേഹം ബോധംകെട്ടു നിലത്തുവീണു. അതു കണ്ടു ചിലര്‍കൂടി എടുത്ത് അദ്ദേഹത്തെ അദ്ദേഹത്തിന്റെ ഗൃഹത്തില്‍ കൊണ്ടുചെന്നാക്കി. ഉടനെ പണി തുടങ്ങുകയും മൂന്നാം ദിവസം ദേഹത്തില്‍ സര്‍വ്വത്ര മസൂരിക്കുരു പുറപ്പെടുകയും പന്ത്രണ്ടാം ദിവസം അദ്ദേഹം മരിക്കുകയും അതോടുകൂടി ആ കുടുംബം അവസാനിക്കുകയും ചെയ്തു.
സാധാരണ മന്ത്രവാദികള്‍ കൈവിഷം ശര്‍ദ്ധിപ്പിച്ചും മറ്റുമാണല്ലോ കളയുക പതിവ്. എന്നാല്‍തേവലശ്ശേരി നമ്പി അങ്ങനെയൊന്നുമല്ല ചെയ്യാറുള്ളത്. കൈവിഷം ഭക്ഷിച്ചിട്ടുള്ളവര്‍ അതു കളയുന്നതിനായി അദ്ദേഹത്തിന്റെ അടുക്കല്‍ചെന്നാല്‍ഒരു കരിക്കുചെത്തി തുളച്ചു വലിയ ദ്വാരമുണ്ടാക്കീട്ട് അത് ആ വിഷം ഭക്ഷിച്ചിട്ടുള്ള ആളുടെ വയറോടു ചേര്‍ത്തു പിടിച്ചുകൊണ്ടു അദ്ദേഹം ഒരു മന്ത്രം ജപിക്കും. അത് കഴിഞ്ഞ് കരിക്കെടുത്തു നോക്കിയാല്‍ കൈവിഷം ഏതു സാധനത്തിലാണ് അകത്ത് ചേര്‍ന്നിട്ടുള്ളതെന്നു വെച്ചാല്‍ ആ സാധനം ആ കരിക്കിന്‍വെള്ളത്തില്‍ കാണും. അതോടുകൂടി കൈവിഷം ഭക്ഷിച്ച ആള്‍ക്കു സുഖമാകുകയും ചെയ്യും. ഇങ്ങനെയാണ് നമ്പിയുടെ പതിവ്.
തേവലശ്ശേരി നമ്പി ഒന്നാന്തരം വിഷവൈദ്യനുമായിരുന്നു. ഒരു ദിവസം രാത്രിയില്‍ അദ്ദേഹവും ഒരു വിഷവൈദ്യനും കൂടി ഒരു സ്ഥലത്തേക്കു പോയപ്പോള്‍ മധ്യേമാര്‍ഗ്ഗം ഒരാള്‍കൂടെ വന്നുകൂടി. അയാളുടെ തലയില്‍ ഒരു പാത്രവും അതില്‍ കുറച്ചു പായസവുമുണ്ടായിരുന്നു. മൂന്നുപേരും കൂടി കുറചുദൂരം പോയപ്പോള്‍ ആ പായസം തലയില്‍ വച്ചുകൊണ്ടുപോയ ആളുടെ കാലിന്മേല്‍ ഒരു പാമ്പു കടിച്ചു. ഉടനെ അയാള്‍, "അയ്യോ, ആശാനെ എന്റെ കാലിന്മേല്‍ ഏതാണ്ടു കടിച്ചുവലോ" എന്നു പറഞ്ഞു . അത് കേട്ടു നമ്പി, "ഓ, അതു സാരമില്ല. വിഷം ഇപ്പോള്‍ ഇറക്കിക്കളയാം" എന്നു പറഞ്ഞു അവിടെയിരുന്ന് ഒരു മന്ത്രം ജപിച്ചു വിഷമിറക്കിത്തുടങ്ങി. വിഷം സ്വല്പമിറങ്ങിയെങ്കിലും വീണ്ടും മേല്‍പ്പോട്ടു കേറിത്തുടങ്ങി. അപ്പോള്‍ വിഷബാധിതന്‍, "അയ്യോ, ആശാനേ വിഷം മേല്‍പ്പോട്ടു കേറുകയാണെന്നാണല്ലോ തോന്നുന്നത്. ആദ്യം എന്റെ പാദത്തിന്മേലായിരുന്നു വേദന. അതിപ്പോള്‍ മുട്ടിന്മേലായിരിക്കുന്നു" എന്നു പറഞ്ഞു. ഇത് കേട്ടപ്പോള്‍, കൂടെയുണ്ടായിരുന്ന വിഷവൈദ്യന്‍ തന്നെ പരീക്ഷിക്കാനോ അപമാനിക്കാനോ ആയിട്ട് എന്തോ കശൗലം പ്രയോഗിക്കുന്നുണ്ടെന്നു നമ്പി തീര്‍ച്ചയാക്കി. "എന്നാല്‍ മേല്പോട്ടുതന്നെ കേറട്ടെ" എന്ന് അദ്ദേഹം നിശ്ചയിക്കുകയും ചെയ്തു. വിഷം മുറയ്ക്ക് മേല്‍പ്പോട്ടു കേറിക്കൊണ്ടിരുന്നു. "ഇപ്പോള്‍ വേദനയെവിടെയാണ്, ഇപ്പോള്‍ എവിടെയാണ്" എന്നിങ്ങനെ നമ്പി കൂടെക്കുടെ ചോദിച്ചുകൊണ്ടും സര്‍പ്പദഷ്ടനായ ആള്‍, "ഇപ്പോള്‍ വയറ്റില്‍, ഇപ്പോള്‍ നഞ്ചില്‍, ഇപ്പോള്‍ നെറ്റിയില്‍" എന്നിങ്ങനെ പറഞ്ഞുകൊണ്ടുമിരുന്നു. ഒടുക്കം ദഷ്ടന്‍, "ഇപ്പോള്‍ വേദന ഉച്ചി(നിറുക)യിലായിരിക്കുന്നു" എന്നു പറഞ്ഞപ്പോള്‍ നമ്പി "എന്നാല്‍ തലയിലിരിക്കുന്നതു ദൂരെക്കളഞ്ഞേക്കൂ" എന്നു പറഞ്ഞു. ദഷ്ടന്‍ തലയിലിരുന്ന പായസം ദൂരെ കളയുകയും ചെയ്തു. അപ്പോള്‍ നമ്പി, "ഇപ്പോള്‍ എവിടെയെങ്കിലും വേദന തോന്നുന്നുണ്ടോ" എന്നു ചോദിചു. "ഇല്ല സുഖമായി" എന്നു ദഷ്ടന്‍ പറഞ്ഞു. ഉടനെ നമ്പി, "എന്നാല്‍ പോയ്ക്കൊള്ളൂ. ഇനി ഭയപ്പെടാനൊന്നുമില്ല. വിഷമിറങ്ങി പ്പോയി" എന്നു പറയുകയും ദഷ്ടന്‍ അവിടെനിന്നു പോവുകയും ചെയ്തു. അപ്പോള്‍ ആ വിഷവൈദ്യന്‍ നമ്പിയോട്, "തലയിലിരുന്നതു ദൂരെക്കളയാന്‍ പറഞ്ഞതെന്തിനാണ്" എന്നു ചോദിച്ചു.
നമ്പി: വിഷം ശിരസ്സിലായി എന്നറിഞ്ഞപ്പോള്‍ ഞാനത് അവിടെനിന്ന് ആകര്‍ഷിച്ച് ആ പായസത്തിലാക്കി. പിന്നെ ആ പായസം ആരെങ്കിലും ഭക്ഷിച്ചാല്‍ മരിച്ചു പോകുമല്ലോ. അതുകൊണ്ടാണ് അതു ദൂരെക്കളഞ്ഞേക്കാന്‍ പറഞ്ഞത്.
വൈദ്യന്‍: അതു ഞാന്‍ വിചാരിച്ചില്ല. വിഷം ശിരസ്സില്‍ കയറിയാല്‍ പിന്നെ ഇറക്കാന്‍ സാധിക്കയില്ലല്ലോ, ദഷ്ടന്‍ മരിക്കുകയും ചെയ്യും എന്നായിരുന്നു എന്റെ വിചാരം.
നമ്പി: ഒന്നു വിചാരിച്ചാല്‍ അവസാനംവരെ വിചാരിക്കുകയും ഒന്നും ചെയ്താല്‍ അവസാനംവരെ ചെയ്യുകയും ചെയ്യാത്തവരെയാണ് ജനങ്ങള്‍ മുറിവൈദ്യന്മാര്‍' എന്നു പറയുന്നത്.
ഇതു കേട്ടു വിഷവൈദ്യന്‍ ഏറ്റവും ലജ്ജിക്കുകയും, "എല്ലാംകൊണ്ടും ആശാനോടു മടക്കംതന്നെ. ശിരസ്സില്‍ക്കയറിയ വിഷം അവിടെനിന്ന് ആകര്‍ഷിച്ചെടുത്തുകളയുക എന്നൊരു വിദ്യയുണ്ടെന്നു ഞാനിതുവരെ അറിയുകയും വിചാരിക്കുകയും ചെയ്തിരുന്നില്ല" എന്നു പറയുകയും ചെയ്തിട്ടു പോയി.
തേവലശ്ശേരി നമ്പിയുടെ ഗൃഹത്തിനു സമീപംതന്നെ ഒരു പോറ്റിയുടെ മഠത്തില്‍ ഒരു പുത്തന്‍ തിരുവാതിരയ്ക്ക് (വേളി കഴിച്ചു വച്ചിട്ട് ആദ്യത്തെ ധനുമാസത്തില്‍ തിരുവാതിരയ്ക്ക് സ്വജനങ്ങളുടെ മഠങ്ങളില്‍നിന്നും ദേശക്കാരുടെ വീടുകളില്‍നിന്നും സ്ത്രീകളാരും പോകരുതെന്നു വേറൊരു പോറ്റി വിരോധിച്ചു. അദ്ദേഹം ഒരു പ്രബലനായിരുന്നതിനാല്‍ അത് എല്ലാവരും സമ്മതിക്കുകയും ചെയ്തു. പുത്തന്‍ തിരുവാതിരയ്ക്ക് സ്ത്രീകള്‍ ധാരാളമായി കൂടുകയും തിരുവാതിര കളിക്കുകയുമാണല്ലോ പ്രധാനമായിട്ടു വേണ്ടത്. അതിനു സ്ത്രീകളാരും ചെല്ലുകയില്ലെന്നറിഞ്ഞപ്പോള്‍ പുത്തന്‍തിരുവാതിര നടത്തേണ്ടുന്ന മഠത്തിലെ പോറ്റിമാര്‍ക്കും അന്തര്‍ജ്ജനങ്ങള്‍ക്കും വലിയ കുണ്ഠിതമായി. ഈ വിരോധിച്ച പോറ്റി അടിയന്തിരക്കാരന്‍പോറ്റിയുടെ ഒരു ചാര്‍ച്ചക്കാരനായിരിക്കുന്നു. ഈ അടിയന്തിരക്കാരന്‍ തിരുവാതിര ഏതെല്ലാം പ്രകാരമാണ് ആഘോഷിക്കേണ്ടതെന്ന് ആ ചാര്‍ച്ചക്കാരനുമായി ആലോചിക്കാതെയാണ് നിശ്ചയിച്ചത്. അത് ചാര്‍ച്ചക്കാരന്‍ പോറ്റിക്കു രസിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം എല്ലാവരെയും വിരോധിച്ചത്. എന്നാല്‍ ഈ അടിയന്തിരക്കാരന്‍ പോറ്റി ചെന്നു മറ്റേ പോറ്റിയോട് ഒന്നു പറഞ്ഞാല്‍ എല്ലാവരെയും പറഞ്ഞയച്ചേക്കാം എന്ന് അദ്ദേഹത്തിനു സമ്മതമുണ്ടായിരുന്നു. എങ്കിലും അത് അടിയന്തിരക്കാരന്‍ പോറ്റിക്കു സമ്മതമായില്ല. "എന്തെല്ലാം ദോഷങ്ങള്‍ വന്നാലും അയാളെ ചെന്ന് ആശ്രയിക്കാന്‍ കഴികയില്ല" എന്നായിരുന്നു അടിയന്തിരക്കാരന്റെ വിചാരം. അതിനാല്‍ അദ്ദേഹം തേവലശ്ശേരി നമ്പിയുടെ അടുക്കല്‍ ചെന്നു വിവരമെല്ലാം ഗ്രഹിപ്പിക്കുകയും ഇതിലേക്ക് എന്തെങ്കിലും നിവൃത്തിയുണ്ടാക്കിക്കൊടുക്കണെമെന്ന് അപേക്ഷിക്കുകയും ചെയ്തു. അതു കേട്ടു നമ്പി, "ആട്ടെ പൊയ്ക്കൊള്ളു. കളി തുടങ്ങാനുള്ള സമയമാകുമ്പോള്‍ കളിക്കു വേണ്ടുന്നവരെല്ലാം അവിടെയുണ്ടായിരിക്കും"എന്നു പറഞ്ഞ് അദ്ദേഹത്തെ സമാധാനപ്പെടുത്തിയയച്ചു. നമ്പി പറഞ്ഞതുപോലെതന്നെ കളി തുടങ്ങാനുള്ള സമയമായപ്പോഴേക്കും ആ ദിക്കിലുണ്ടായിരുന്ന അന്തര്‍ജനങ്ങളും ദേശക്കാരുടെ വീടുകളിലെ സ്ത്രീജനങ്ങളും എല്ലാം അവിടെയെത്തുകയും ഉടനെ തിരുവാതിരകളി തുടങ്ങുകയും ചെയ്തു. പാട്ടുകേട്ട് അവിടെ അടുത്തുള്ള ഒരു മഠത്തിലെ ഒരു പോറ്റി അവിടെ ചെന്നു നോക്കിയപ്പോള്‍ ആ ദിക്കിലുള്ള സ്ത്രീജനങ്ങളെല്ലാം അവിടെ കളിക്കുന്നതായി കണ്ടു. എന്നുമാത്രമല്ല, കളിയില്‍ പ്രാധാന്യം വഹിച്ചിരുന്നത് ആരും പോകരുതെന്നു വിരോധിച്ച പോറ്റിയുടെ അന്തര്‍ജ്ജനവുമായിരുന്നു. ഇതുകണ്ട്, ആ പോറ്റി ആ വിരോധിച്ച പോറ്റിയുടെ മഠത്തിലെത്തി അദ്ദേഹത്തെ കണ്ട്, "ഹേ, അങ്ങു നല്ല ചതിവാണല്ലോ പറ്റിച്ചത്. പുത്തന്‍തിരുവാതിരയ്ക്ക് ആരും പോകരുതെന്ന് അങ്ങു പറഞ്ഞതനുസരിച്ചാണല്ലോ ഞങ്ങളുടെ മഠത്തില്‍നിന്ന് അന്തര്‍ജ്ജനങ്ങളാരും പോകാതിരിക്കുന്നത്. ഇവിടെനിന്നു അന്തര്‍ജ്ജനങ്ങളെയൊക്കെ പറഞ്ഞയയ്ക്കുകയും ചെയ്തു. ആ മഠക്കാര്‍ക്കു ഞങ്ങളോടു വെറുതേ വിരോധമുണ്ടാക്കിത്തീര്‍ക്കാനല്ലേ അങ്ങ് ഈ വിദ്യ പ്രയോഗിച്ചത്? ഇതൊട്ടും മര്യാദയായില്ല" എന്നും മറ്റും പറഞ്ഞു. അപ്പോള്‍ ആ മഠത്തിലെ അന്തര്‍ജ്ജനങ്ങളെല്ലാവരും അവിടെത്തന്നെ ഉണ്ടായിരുന്നതിനാല്‍ ആ പോറ്റി, "താനെന്താണ് അസംബന്ധം പറയുന്നത്" ഇവിടെയുള്ളവരൊക്കെ ഇവിടെത്തന്നെയുണ്ട്. അവരാരും എങ്ങുംപോയിട്ടില്ല" എന്നു പറഞ്ഞു. "അസംബന്ധമല്ല ഹേ ഇവിടുത്തെ അന്തര്‍ജ്ജനം അവിടെ തിരുവാതിര കളിക്കുന്നതു സത്യമായിട്ട് എന്റെ കണ്ണുകൊണ്ട് ഞാന്‍കണ്ടതാണ്" എന്നു മറ്റേ പോറ്റി പറഞ്ഞു. അപ്പോള്‍ ആ മഠത്തിലെ പോറ്റി താനറിയാതെ അന്തര്‍ജ്ജനങ്ങള്‍ പുത്തന്‍ തിരുവാതിര സ്ഥലത്തു പോവുകയും ക്ഷണത്തില്‍ തിരികെ പോരുകയും ചെയ്തതായിരിക്കുമോ എന്നു സംശയിച്ച് അന്തര്‍ജ്ജനങ്ങളോടു ചോദിച്ചിട്ട് അവരാരും അന്നേദിവസം മഠത്തില്‍നിന്നു പുറത്തിറങ്ങിയിട്ടില്ലെന്നു സത്യം ചെയ്തു പറഞ്ഞു. ആകെപ്പാടെ പോറ്റിമാര്‍ക്കു വലിയ സംശയമായിത്തീര്‍ന്നു. "എന്നാല്‍ നമുക്ക ആ തിരുവാതിരക്കളി നടക്കുന്ന സ്ഥലത്തുപോയി അന്വേഷിക്കാം" എന്നു പറഞ്ഞു പോറ്റിമാര്‍ രണ്ടുപേരും കൂടി അങ്ങോട്ടുപോയി. അവിടെച്ചെന്നു നോക്കിയപ്പോള്‍ രണ്ടുപേരുടെ അന്തര്‍ജ്ജനങ്ങളും അവിടെ തിരുവാതിര കളിക്കുന്നുണ്ടായിരുന്നു. അവര്‍ തിരിയ അവരുടെ മഠത്തില്‍ ചെന്നപ്പോള്‍ അവരുടെ അന്തര്‍ജ്ജനങ്ങള്‍ എങ്ങും പോയിരുന്നില്ല. ആ രണ്ടു സ്ഥലത്തുമുണ്ടായിരുന്നു. ആ പോറ്റിമാര്‍ പിന്നെ മറ്റു മഠങ്ങളിലും വീടുകളിലും പോയി അന്വേഷിച്ചു. ആരും എങ്ങും പോയിരുന്നില്ല. എല്ലാവരും അവരവരുടെ ഗൃഹങ്ങളില്‍ത്തന്നെ ഉണ്ടായിരുന്നു. വീണ്ടും പുത്തന്‍തിരുവാതിര സ്ഥലത്തു ചെന്നു നോക്കിയപ്പോള്‍ സ്വദേശത്തുള്ള സകല സ്ഥലങ്ങളിലെ അന്തര്‍ജ്ജനങ്ങളും മറ്റുള്ള സ്ത്രീജനങ്ങളും അവിടെ തിരുവാതിര കളിക്കുന്നതായിട്ടു കണ്ടു. ആകെപ്പാടെ ആ പോറ്റിമാര്‍ അത്ഭുതപരവശന്മാരായിത്തീര്‍ന്നു. അവര്‍ ഈ വിവരം ആ ദിക്കിലുള്ള മറ്റു ജനങ്ങളെയും അറിയിച്ചു. എല്ലാവരും അവരവരുടെ ഗൃഹങ്ങളിലുള്ള സ്ത്രീകള്‍ അവരവരുടെ ഗൃഹങ്ങളിലും തിരുവാതിരകളി സ്ഥലത്തും സ്ഥിതിചെയ്യുന്നതായി കണ്ടു വിസ്മയിച്ചു. ഒടുക്കം ഇതു തേവലശ്ശേരിനമ്പി തന്റെ ഇന്ദ്രജാലവിദ്യകൊണ്ടു ജനങ്ങളെ ഭ്രമിപ്പിക്കുന്നതാണെന്നറിഞ്ഞ് എല്ലാവരും സമാധാനപ്പെട്ടു.
ഒരിക്കല്‍ വിടനും രസികനുമായ ഒരു നമ്പൂരി തേവലശ്ശേരി നമ്പിയോട്, "യക്ഷികളുടെ ധ്യാനം പലവിധത്തില്‍ കാണുന്നുണ്ട്. ആ ധ്യാനപ്രകാരം അവരെ കാണാന്‍ സാധിക്കുമോ? എന്നു ചോദിച്ചു.
നമ്പി: യക്ഷികളെ കാണാന്‍ സാധിക്കും. അവരുടെ സൗന്ദര്യം കണ്ടു ഭ്രമിച്ചാല്‍ അപകടമായിത്തീരുകയും ചെയ്യും.
നമ്പൂരി: എനിക്ക് അങ്ങനെയൊരു ഭ്രമവും മറ്റുമുണ്ടാകുകയില്ല. സാധിക്കുമെങ്കില്‍ ഒരു യക്ഷിയെ കാണിച്ചുതന്നാല്‍ കൊള്ളാം.
നമ്പി: ഒന്നെന്നു വെയ്ക്കണ്ട, ധാരാളം കാണിച്ചുതരാം. ഇന്നു പത്തുനാഴിക ഇരുട്ടുമ്പോള്‍ കാണാം, പ്രതീക്ഷിച്ചിരുന്നുകൊള്ളുക. അപകടത്തില്‍ ചാടാതെ പ്രത്യേകം സൂക്ഷിചുകൊള്ളണം.
നമ്പൂരി അത്താഴം കഴിഞ്ഞു ശയനഗൃഹത്തിലെത്തി കാത്തിരുന്നു. ഏകദേശം പത്തുനാഴിക രാത്രിയായപ്പോള്‍ ചില സുരഭിലകുസുകങ്ങളുടെയും കളഭം, കസ്തൂരി മുതലായവയുടെയും സരൗഭ്യം വരുന്നതായി നമ്പൂരിക്കു തോന്നി. ഉടനെ സര്‍വാംഗ സുന്ദരിയും നവയവൗന യുക്തയുമായ ഒരു സ്ത്രീ വാതില്‍ തുറന്നു മുറിക്കത്തേക്കു കടന്നു വരുന്നത് അദ്ദേഹം കണ്ടു. അപ്പോള്‍തന്നെ അദ്ദേഹം കാമപരവശനായിത്തീര്‍ന്നു. സ്വല്പം കഴിഞ്ഞപ്പോള്‍ ലാവണ്യസമ്പൂര്‍ണ്ണകളായ അനേകം യുവതികള്‍ പിന്നാലെ പിന്നാലെയായി അവിടെ ചെന്നു കയറി നമ്പൂരി ഇരുന്നിരുന്ന കട്ടിലിനു ചുറ്റും ചെന്നു നില്‍പ്പായി. അദ്ദേഹം വല്ലാതെ കുഴങ്ങി. എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിഷമിച്ചു. ഒടുക്കം അദ്ദേഹം വളരെ പ്രയാസപ്പെട്ട്, ആദ്യം വന്ന സ്ത്രീയോട്, "ഇവരൊക്കെ എന്തിനാണ് വന്നത്? ഇത്ര വളരെ ആളുകള്‍ ഇവിടെ ആവശ്യമില്ല. ഇവിടെ നീ മാത്രം മതി. മറ്റവരെയൊക്കെ പറഞ്ഞയയ്ക്കുക" എന്നു പറഞ്ഞു. നമ്പൂരി ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും പിന്നാലെ വന്ന സ്ത്രീകളെല്ലാം അദൃശ്യകളായിത്തീര്‍ന്നു. ആദ്യം വന്ന സ്ത്രീ മാത്രം പിന്നെയും അവിടെത്തന്നെ നിന്നുരുന്നു. അപ്പോള്‍ നമ്പൂരി, "ഈ കട്ടിലില്‍ ഇരിക്കുക" എന്നു പറഞ്ഞ് ആ സ്ത്രീയെ പിടിച്ചിരുത്താനായി കൈ നീട്ടി. ആ സമയം ആ സ്ത്രീയുടെ മുഖഭാവം പെട്ടെന്നു മാറുകയും അവള്‍ അതിഭയങ്കരാകൃതിയായിത്തീരുകയും ഉറക്കെ അട്ടഹസിച്ചുകൊണ്ട് കൈനിവര്‍ത്തി നമ്പൂരിയുടെ ചെകിടത്ത് ഒരു അടിവച്ചു കൊടുത്തിട്ട് അവിടെനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നമ്പൂരി അടികൊണ്ട ക്ഷണത്തില്‍ ബോധരഹിതനായി നിലത്തുവീണു. നേരത്തോടുനേരം കഴിഞ്ഞിട്ടേ അദ്ദേഹത്തിനു ബോധം വീണുള്ളു. ബോധം വീണ് എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന്റെ വായില്‍ പല്ലൊന്നുമുണ്ടായിരുന്നില്ല. പല്ലെല്ലാം നിലത്തു കിടന്നിരുന്നു. എന്നാല്‍ രക്തം ഒരു തുള്ളിപോലും പോയിരുന്നില്ല. ബോധം വീണു കുറച്ചു കഴിഞ്ഞപ്പോഴാണ് നമ്പി പറഞ്ഞിരുന്നതു നമ്പൂരീ ഓര്‍ത്തത്. ആ സ്ത്രീകളെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധി വല്ലാതെ ഭ്രമിച്ചുപോയതിനാല്‍ നമ്പി പറഞ്ഞി രുന്നതും മറ്റും അദ്ദേഹം ഓര്‍ത്തില്ല. "പ്രായസ്സമാപന്നവിപത്തികാലേ ധിയോപി പുംസാം മലിനാ ഭവന്തി" എന്നുണ്ടല്ലോ.
ഒരിക്കല്‍ മണ്ണടിക്കാവില്‍ഭഗവതിയുടെ സങ്കേതത്തിലുള്‍പ്പെട്ട ഒരു ഗൃഹത്തില്‍ ഒരു സ്ത്രീക്കു ചില ബാധോപദ്രവങ്ങള്‍ ഉണ്ടായിത്തീര്‍ന്നു. ഈ ഉപദ്രവങ്ങള്‍ നിമിത്തം ഗര്‍ഭം ധരിക്കാതെയും ഈ സ്ത്രീ പ്രസവിച്ചിട്ടല്ലാതെ ആ ഗൃഹത്തില്‍ സന്താനമുണ്ടാകുന്നതിനു വേറെ മാര്‍ഗ്ഗം ഇല്ലാതെയും ഇരുന്നു. ആ സങ്കേതത്തില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ എവിടെയെങ്കിലും ആര്‍ക്കെങ്കിലും ബാധോപദ്രവങ്ങളുണ്ടായാല്‍ കാവില്‍ ചെന്നു ഭഗവതിയെ ഭജിച്ചു പാര്‍ക്കുകയും കാമ്പിത്താന്‍ തുള്ളി ഭസ്മമിട്ടു ബാധകളെ ഒഴിക്കുകയുമല്ലാതെ അവിടെ ആരും മന്ത്രവാദികളെക്കൊണ്ടു ഒന്നു ചെയ്യിക്കുകയും മന്ത്രവാദികള്‍ അവിടെ ചെന്ന് എന്തെങ്കിലും ചെയ്യുകയും പതിവില്ല. അതിനാല്‍ മേല്‍പറഞ്ഞ വീട്ടുകാര്‍ ഈ സ്ത്രീയെ കീഴ്മര്യാദപ്രകാരം കാവില്‍ക്കൊണ്ടുചെന്നു ഭജനമിരുത്തി. പന്ത്രണ്ടു ദിവസത്തെ ഭജനം കഴിഞ്ഞപ്പോള്‍ കാമ്പിത്താന്‍ തുള്ളിഭസ്മമിട്ട് ഓരോ ബാധകളെ പ്രത്യേകം പ്രത്യേകം സത്യം ചെയിച്ച് ഒഴിച്ചു. ഒടുക്കം ഒരു ബാധ മാത്രം ശേഷിച്ചു. അതൊരു ഗന്ധര്‍വ്വനായിരുന്നു. കാമ്പിത്താന്‍ വളരെ ശ്രമിച്ചിട്ടും ആ ഗന്ധര്‍വന്‍ ഒഴിഞ്ഞുപോയില്ല. ഒടുക്കം ആ സ്ത്രീ തുള്ളി, "ഞാനൊരു ഗന്ധര്‍വ്വനാണ്. ഞാന്‍ഈ ദേഹവും കൊണ്ടല്ലാതെ ഒഴിഞ്ഞുപോവുകയില്ല. എന്നെ ഒഴിച്ചുവിടാനായി ആരും ശ്രമിക്കേണ്ടാ. തേവലശ്ശേരി നമ്പി വന്നാലും എന്നെ ഒഴിച്ചുവിടാന്‍ സാധിക്കയില്ല" എന്നു പറഞ്ഞു. അപ്പോള്‍ തുള്ളികൊണ്ടു നിന്ന കാമ്പിത്താന്‍, "എന്നാല്‍ തേവലശ്ശേരിയില്‍ത്തന്നെ കൊണ്ടു പോകണം. നമ്പി ഈ ഗന്ധര്‍വനെ ഒഴിച്ചുവിടും" എന്നു കല്‍പ്പിച്ചു. ആ സ്ത്രീയുടെ വീട്ടുകാര്‍ ആ വിവരം നമ്പിയെ അറിയിച്ചപ്പോള്‍, " ആ സ്ത്രീയെ ഇവിടെ കൊണ്ടുവരേണ്ടാ. ഇവിടെവച്ചു ഗന്ധര്‍വനെ ഒഴിക്കുന്ന കാര്യം അസാധ്യമാണ്, വേണമെങ്കില്‍ ഞാനവിടെ വന്നു ശ്രമിച്ചുനോക്കാം" എന്നാണ് നമ്പി പറഞ്ഞത്. അപ്പോള്‍ ആ വീട്ടുകാര്‍ക്കു വലിയ സംശയമായി. മണ്ണടികാവില്‍ ഭഗവതിയുടെ സങ്കേതത്തില്‍വെച്ച് ആരെക്കൊണ്ടും മന്ത്രവാദം ചെയ്യിക്കാറില്ലല്ലോ. ആ സ്ഥിതിക്കു നമ്പിയെ അവിടെക്കൊണ്ടുപോയി മന്ത്രവാദം ചെയ്യിക്കുന്നതു ഭഗവതിക്കു ഹിതമാകുമോ എന്നായിരുന്നു അവരുടെ സംശയം. ഇതിനെക്കുറിച്ചു കല്‍പ്പന കേള്‍ക്കുന്നതിനായി അവര്‍ കാവില്‍ചെന്നു മുട്ടുപാടിരുന്നു. അപ്പോള്‍ കാമ്പിത്താന്‍ തുള്ളി, "എന്റെ സങ്കേതത്തില്‍വച്ചു തേവലശ്ശേരി എന്തുചെയ്യുന്നതും എനിക്കു സമ്മതവും സന്തോഷവുമാണ്. മറ്റൊരു മന്ത്രവാദി ഇവിടെ വന്ന് ഒന്നും ചെയ്യാന്‍ പാടില്ലെന്നുമാത്രമേ എനിക്കു നിര്‍ബന്ധമുള്ളു" എന്നു കല്പിച്ചു. ആ വീട്ടുകാര്‍ ഈ വിവരവും നമ്പിയെ അറിയിച്ചു. അപ്പോള്‍ അദ്ദേഹം ഒരു ചാര്‍ത്തെഴുതിക്കൊടുക്കുകയും ദിവസം നിശ്ചയിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തു. വീട്ടുകാര്‍ ചാര്‍ത്തിന്‍പ്രകാരമുള്ള ഉപകരണങ്ങളെല്ലാം ശേഖരിച്ചുവച്ചു. നിശ്ചിത ദിവസം വെളുപ്പാന്‍കാലത്തു നമ്പി അവിടെയെത്തി. പ്രായാധിക്യം കൊണ്ടു നടക്കാന്‍ പ്രയാസമായിരുന്നതിനാല്‍ മണികണ്ഠന്റെ കഴുത്തില്‍ കയറിയാണ് അദ്ദേഹം അവിടെ എത്തിയത്. ചെന്നയുടനെ കുളിയും നിത്യകര്‍മ്മാനുഷ്ഠാനാദികളും കഴിച്ചു നമ്പി കാവിലെത്തി ഭഗവതിയെ സേവിച്ചുകൊണ്ട് അവിടെയിരുന്നു. അന്നു പകലും രാത്രിയും മുഴുവന്‍ ക്ഷേത്രാപവാസമായി അവിടെത്തന്നെ ഇരുന്നതേയുള്ളു. അന്നു ജലപാനംപോലും അദ്ദേഹം കഴിച്ചില്ല. ഭഗവതിക്കു വഴിപാടായി ഒരു കൂട്ടുപായസനിവേദ്യവും പുഷ്പാഞ്ജലിയും നടത്തിക്കുകയും ചെയ്തു.
പിറ്റേദിവസം വെളുപ്പാന്‍കാലത്തെ കുളിയും നിത്യകര്‍മ്മാദികളും കഴിച്ചു നമ്പി മന്ത്രവാദത്തിനു നിശ്ചയിച്ചിരുന്ന സ്ഥലത്തെത്തി. ആ വീട്ടുകാരുടെ വക ഒരു മഠത്തില്‍വച്ചാണ് മന്ത്രവാദം നടത്താന്‍ നിശ്ചയിച്ചിരുന്നത്. നമ്പി അവിടെ ചെന്നയുടനെ ഒരു ത്രികാലപൂജയ്ക്കു പത്മമിട്ടു വിളക്കുവച്ചു. പൂജ ആരംഭിക്കുകയും അഷ്ടദ്രവ്യം കൂട്ടി ഒരു ഗണപതിഹോമം കഴിക്കുകയും ചെയ്തു. ഉചപ്പൂജയായപ്പോള്‍ ആ സ്ത്രീ തുള്ളി, "എന്നെ ഒഴിച്ചുവിടാനായി ശ്രമിക്കരുത്. ഞാന്‍ഈ ശരീരത്തോടു കൂടിയല്ലാതെ ഒഴിഞ്ഞുപോവുകയില്ല. അങ്ങനെയല്ലാതെ എന്നെ ഒഴിച്ചാല്‍ ഞാന്‍ശപിക്കും" എന്നു മറ്റും പറഞ്ഞുതുടങ്ങി. നമ്പി അതൊന്നും കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. ഉചപൂജയും പുഷ്പാഞ്ജലിയും കഴിഞ്ഞപ്പോള്‍ നമ്പി വീട്ടുകാരോട്, "വൈകുന്നേരത്തെ പൂജയ്ക്ക് നിവേദ്യത്തിനു മുപ്പത്താറിടങ്ങഴിപ്പാലും മുപ്പത്താറു പലം പഞ്ചസാരയും കൂടി വേണം" എന്നു പറഞ്ഞു. അപ്പോള്‍ വീട്ടുകാര്‍, "അതൊക്കെ ഉണ്ടാക്കം. അവിടുന്ന് ഊണു കഴിക്കണം. ഇന്നലെത്തന്നെ ആഹാരമൊന്നും കഴിച്ചിട്ടില്ലല്ലോ. ഭക്ഷണത്തിനു വേണ്ടതെലാം ബ്രാഹ്മണരെക്കൊണ്ടു തയ്യാറാക്കിച്ചിട്ടുണ്ട്. അവിടുന്ന് ഈ വയസ്സുകാലത്ത് ഇവിടെ വന്നു പട്ടിണി കിടക്കുന്നതു ഞങ്ങള്‍ക്കു വലിയ സങ്കടമാണ്" എന്നു പറഞ്ഞു. നമ്പി അതിന്, "ഞാന്‍ ഉണ്ണാനായിട്ടല്ലല്ലോ ഇവിടെ വന്നിരിക്കുന്നത്. നിങ്ങള്‍ എന്നെ വരുത്തുകയും ഞാനിവിടെ വരുകയും ചെയ്തിരിക്കുന്നതിന്റെ ഉദ്ദേശ്യം സാധിച്ചല്ലാതെ ഞാന്‍ ഊണു കഴിക്കയില" എന്നാണ് മറുപടി പറഞ്ഞത്. അദ്ദേഹം ആഹാരമൊന്നും കഴിക്കാതെ തന്നെ ജപിച്ചുകൊണ്ടിരുന്നു. നേരം വൈകിയപ്പോള്‍ നമ്പി പോയിക്കുളിച്ചു. സന്ധ്യാവന്ദനാദികളെല്ലാം കഴിച്ചു വന്നു. പൂജയ്ക്കു ആദ്യം നിശ്ചയിച്ചിരുന്ന നിവേദ്യങ്ങളും മൂപ്പത്താറിടങ്ങഴി പാല്‍കാച്ചി പഞ്ചസാരയിട്ട് അതും തയ്യാറാക്കിവച്ചു. പൂജയ്ക്കു വിളക്കു വച്ചിരുന്ന മുറിയുടെ വാതില്‍ക്കല്‍ പുറത്തായി ഉമിച്ചാരംകൊണ്ടു ഒരു ചക്രം വരച്ച് അതില്‍ പിണിയാളെ (ബാധോപദ്രവ മുള്ള സ്ത്രീയെ) ഇരുത്തീട്ട് അദ്ദേഹം മുറിക്കകത്തു കയറി വാതിലടച്ചി രുന്നു പൂജ തുടങ്ങി. ഏകദേശം ഏഴര നാഴികയിരുട്ടിയപ്പോഴേക്കും പൂജയും പുഷ്പാഞ്ജലിയും കഴിഞ്ഞു നമ്പി മുറിയുടെ വാതില്‍ തുറന്നു. ഉടനെ അദ്ദേഹം കുറെ തീര്‍ത്ഥവും പ്രസാദവും അക്ഷതവുംകൂടിയെടുത്തു ഭയങ്കരമായ ഒരു ഹുങ്കാരത്തോടുകൂടി പിണിയാളുടെ മുഖത്തെക്കെറിഞ്ഞു. ഉടനെ പിണിയാള്‍ തുള്ളിത്തുടങ്ങി. അപ്പോഴേക്കും കാവില്‍നിന്നു കാമ്പിത്താനും തുള്ളിക്കൊണ്ട് അവിടെയെത്തി. പിണിയാള്‍ (ഗന്ധര്‍വന്‍) അപ്പോള്‍, "അയ്യോ എനിക്കു ദാഹിക്കുന്നു" എന്നു പറഞ്ഞു. നമ്പി, കാച്ചി പഞ്ചസാരയിട്ടുവച്ചിരുന്ന പാലെടുത്തു പിണിയാളുടെ അടുക്കല്‍ വച്ചുകൊടുത്തു. പിണിയാള്‍ ആ മുപ്പത്താറിടങ്ങഴി പാല്‍ മുഴുവനും കുടിച്ചുകഴിഞ്ഞപ്പോള്‍, "ഇപ്പോള്‍ ഇതുമതി, തൃപ്തിയായി, സന്തോഷമായി. എങ്കിലും ഞാന്‍ഈ ദേഹത്തെ വിട്ടൊഴിഞ്ഞു പോവുകയില്ല. അതിനായിട്ടു നിര്‍ബന്ധിക്കുകയുമരുത്" എന്നു പറഞ്ഞു. അപ്പോള്‍ കാമ്പിത്താന്‍, "എന്റെ നമ്പിയെ പരീക്ഷിക്കേണ്ടാ. ക്ഷണത്തില്‍ ഈ ദേഹത്തില്‍നിന്നു ഒഴിഞ്ഞുപോവുകയാണ് നല്ലത്. അലെങ്കില്‍ നമ്പി ഉപദ്രവിക്കും. ഒടുക്കം സന്താപത്തോടും അപമാനത്തോടും കൂടി പോകേണ്ടതായി വരും. ഇപ്പോളാണെങ്കില്‍ സന്തോഷത്തോടും ബഹുമാനത്തോടുംകൂടി പോകാം" എന്നു കല്‍പ്പിചു. ഉടനെ പിണിയാള്‍ (ഗന്ധര്‍വന്‍) "നമ്പി അത്ര യോഗ്യനോ?" എന്നാല്‍ അതൊന്നറിയണമല്ലോ" എന്നു പറഞ്ഞിട്ടു മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, പ്രപഞ്ചസാരം മുതലായവയിലുള്ള ചില ഗൂടന്മാര്‍ത്ഥങ്ങളെപ്പറ്റി നമ്പിയോടു ചോദ്യം തുടങ്ങി. ഗന്ധര്‍വന്റെ ചോദ്യങ്ങള്‍ക്കെല്ലാം നമ്പി ശരിയായിട്ടുത്തരം പറഞ്ഞു. അപ്പോള്‍ ഗന്ധര്‍വന്‍, "ഇത്രയും പഠിപ്പും മറ്റു യോഗ്യതകളും തികഞ്ഞ ഒരു മന്ത്രവാദി ഒരഞ്ഞൂറു സംവല്‍സരത്തിനിപ്പുറം ഭൂലോകത്തിലുണ്ടായിട്ടില്ലെന്നുള്ളതിനു സംശയമില്ല. ഇപ്രകാരം യോഗ്യനായിരിക്കുന്ന ഇദ്ദേഹവുമായി പിണങ്ങേണ്ടതായിവന്നിരിക്കന്നതില്‍ എനിക്കു വളരെ മനസ്താപമുണ്ട്. അതിനാല്‍ ഇദ്ദേഹം എന്നെ ഉപദ്രവിച്ചോടിക്കാനുദ്യമിക്കാതെ മടങ്ങിപ്പോവുകായാണു വേണ്ടത്. അഥവാ എന്നെ ഉപദ്രവിക്കാന്‍തന്നെ ഭാവിക്കുകയാണെങ്കില്‍ ഞാന്‍ശപിക്കും. ഈ ദേഹത്തെവിട്ടു ഞാന്‍പോകുകയുമില്ല" എന്നു പറഞ്ഞതിന്റെ ശേഷം കര്‍ണ്ണാനന്ദകരമാകും വണ്ണം ചില ദിവ്യരാഗങ്ങള്‍ ആലപിക്കുകയും മനോഹരങ്ങളായ ചില ഗീതങ്ങള്‍ പാടുകയും ഇടയ്ക്കിടെ പുഞ്ചിരിയിടുകയും മറ്റും ചെയ്തു തുടങ്ങി.
നമ്പി: ഈവക വിദ്യകള്‍ കൊണ്ടു വിരണ്ടുപോകുന്നവനല്ല ഞാന്‍. എനിക്കു ശാപത്തെക്കുറിച്ചും മറ്റും ലേശംപോലും ഭയമില്ല. ഈശ്വരവിധിപോലെയല്ലാതെ ഒന്നും വരുകയില്ലെന്നു എനിക്കു നല്ല നിശ്ചയമുണ്ട്. എന്റെ ശിരസ്സിലെഴുത്തിനെ മാറ്റാന്‍ ഇനി ആരു വിചാരിച്ചാലും സാധിക്കുകയില്ലല്ലോ. അതിനാല്‍ വേഗത്തില്‍ ഈ ദേഹത്തെ വിട്ടു പൊയ്ക്കൊള്ളുകയാണു നലത്. മനസ്സോടുകൂടി പോകാത്ത പക്ഷം ഞാനയയ്ക്കും.
ഗന്ധര്‍വന്‍: അയ്യോ ഇതു സങ്കടമാണ്. ഞാന്‍പോകണെമെന്നു നിര്‍ബന്ധമാണെങ്കില്‍ ഒരു മൂന്നു സംവല്‍സരത്തെ അവധി എനിക്കുതരണം. മൂന്നു സംവല്‍സരം കഴിഞ്ഞാല്‍ ഈ ദേഹം വിട്ട് ഞാന്‍ പൊയ്ക്കൊള്ളാം; അതിനനുവദിക്കണം.
നമ്പി: അനുവദിക്കയില്ല; മൂന്നു സംവല്‍സരമെന്നല്ല, മൂന്നു നാഴികപോലും ഇനി ഈ ദേഹത്തിലിരിക്കാന്‍ പാടില്ല.എന്നു പറഞ്ഞു നമ്പി ഉമിചാരംകൊണ്ട് അവിടെ ഒരു ചക്രം വരചിട്ട് ഒരു ചൂരല്‍ വടിയെടുത്തു ജപിച്ച് ആ ചക്രത്തില്‍ മൂന്നടി അടിച്ചു. അപ്പോള്‍ ഗന്ധര്‍വന്‍, "അയ്യോ ഞാന്‍പൊയ്ക്കൊള്ളാമേ. അങ്ങയുടെ മന്ത്രശക്തിയെ തടുക്കുന്നതിനു സഹിക്കുന്നതിനും ഞാന്‍ശക്തനല്ല. നിര്‍ബന്ധപൂര്‍വ്വം എന്നെ ഇങ്ങനെ ദണ്ഡിപ്പിച്ചയയ്ക്കുന്നതുകൊണ്ട് അങ്ങേക്കു സന്തതിയുണ്ടാവാതെ പോട്ടെ; അങ്ങയുടെ വംശം അങ്ങയുടെ കാലാവസാനത്തോടുകൂടി നശിച്ചു പോട്ടെ; എന്നു പറഞ്ഞു.
നമ്പി: ഈ ശാപം ഒരനുഗ്രഹമാണെന്നാണ് ഞാന്‍വിചാരിക്കുന്നത്. ഇതുവരെ ഞാന്‍വിവാഹം കഴിച്ചിട്ടില്ല. എനിക്കിപ്പോള്‍ വയസ്സ് എഴുപത്തഞ്ചായിരിക്കുന്നു. ഇതുവരെ നിത്യബ്രഹ്മചാരിയായി ജീവിച്ച ഞാന്‍ഇനി വിവാഹം കഴിക്കണമെന്നോ സന്തതിയുണ്ടാകണമെന്നോ വിചാരിച്ചു എന്നു വരുന്നതല്ലല്ലോ. എന്റെ കുടുംബത്തില്‍ ഇപ്പോള്‍ ഞാനല്ലാതെ ആരുമില്ലതാനും. അതിനാല്‍ വിചാരിച്ചിരിക്കാത്ത ആപത്തൊന്നും ഈ ശാപംകൊണ്ട് എനിക്കുണ്ടായിട്ടില്ല ഇനി സത്യം ചെയ്ത് ഒഴിഞ്ഞുപോയ്ക്കൊള്ളുക. പോകുന്നില്ലെങ്കില്‍ ഇനിയും ഞാന്‍ ചില വിദ്യകള്‍ കൂടി പ്രയോഗിക്കും.
ഗന്ധര്‍വന്‍: അയ്യോ വേണ്ടാ, ഞാന്‍പൊയ്ക്കൊള്ളാം. ഞാന്‍ ഇതാ ഈ ദേഹത്തില്‍നിന്നു വിട്ടുമാറുന്നു. ഇനി ഒരു കാലത്തും ഞാന്‍ ഈ ദേശത്തെയും ഈ കുടുംബത്തെയും ബാധിക്കുകയില്ലെന്നു മാത്രമല്ല, ഈ ദേശത്തു കടക്കുകപോലും ചെയ്കയില്ല ഇതു സത്യം, സത്യം, സത്യം.
സത്യം ചെയ്തുകഴിഞ്ഞതോടുകൂടി പിണിയാള്‍ പിന്നാക്കം മലര്‍ന്നുവീണു. ഉടനെ ആ ഗൃഹത്തിലുണ്ടായിരുന്ന പടിപ്പുരയും പുറത്തേക്കു മറിഞ്ഞുവീണു. അതു ഗന്ധര്‍വന്‍ പോയ പോക്കിനു തട്ടിയിട്ടതാണെന്നുള്ളതു പറയേണ്ടതില്ലല്ലോ. ഗന്ധര്‍വന്‍ പോയപ്പോള്‍ കാമ്പിത്താന്റെ തുള്ളലും നിന്നു. ആ വീട്ടുകാര്‍ നമ്പിക്ക് ആയിരം പണം ദക്ഷിണയും മറ്റനേകം സമ്മാനങ്ങളും കൊടുത്തു. ആ പണം മുഴുവനും നമ്പി മണ്ണടിക്കാവില്‍ ഭഗവതിക്കു വഴിപാടായി കാമ്പിത്താനെ ഏല്‍പ്പിച്ചുകൊടുത്തിട്ടു മണികണ്ഠന്റെ കഴുത്തില്‍ക്കയറി അപ്പോള്‍ത്തന്നെ സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു. ഗന്ധര്‍വന്‍ ബാധിച്ച സ്ത്രീക്കു ബാധ ഒഴിഞ്ഞതിന്റെ ശേഷം രണ്ടുമുന്നു ദിവസത്തേക്കു വലിയ ക്ഷീണമുണ്ടായിരുന്നു. ക്രമേണ അതു ഭേദമാവുകയും ആ സ്ത്രീ ഗര്‍ഭം ധരിച്ചു പ്രസവിച്ചു കാലക്രമേണ ആ ഗൃഹത്തില്‍ ധാരാളം സന്തതികളുണ്ടാവുകയും ചെയ്തു. നമ്പിയുടെ കാലം കഴിയുന്നതുവരെ ആ വീട്ടുകാര്‍ അദ്ദേഹത്തെ ഈശ്വരനിര്‍വിശേഷമായി ബഹുമാനിച്ചുകൊണ്ടിരുന്നു.
തേവലശ്ശേരി നമ്പുയോടു മല്‍സരിച്ചു ജയിക്കാനായി അനേകം മന്ത്രവാദികള്‍ ഉദ്യമിച്ചിട്ടുണ്ട്. അവരെല്ലാവരും തോറ്റ് ഒടുക്കം അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീരുകയാണ് ചെയ്തിട്ടുള്ളത്. ആവക കഥകളും നമ്പിയുടെ അത്ഭുതകര്‍മ്മങ്ങളും പറഞ്ഞവസാനിപ്പിക്കാന്‍ ആരാലും കഴിയുന്നതല്ല. അതിനാല്‍ അതിനായിത്തുനിയുന്നില്ല. അദ്ദേഹത്തിന്റെ അവസാനത്തെക്കുറിച്ചുകൂടി പറഞ്ഞിട്ട് ഈ ഉപന്യാസം സമാപിക്കാമെന്നേ വിചാരിക്കുന്നുള്ളൂ.
ഒരിക്കല്‍ ഒരു നമ്പൂരി ഉശകാരാവുത്തരുടെ അടുക്കല്‍ച്ചെന്നു ഒരു കാര്യം സാധിപ്പിചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അതിലേക്ക് ഇന്നതു പ്രതിഫലം കിട്ടണമെന്നു രാവുത്തര്‍ പറഞ്ഞതിനെ നമ്പൂരി സമ്മതിക്കുകയും ചെയ്തു. എങ്കിലും രാവുത്തര്‍ വളരെ ശ്രമപ്പെട്ടിട്ടും അതു സാധിപ്പിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ നമ്പൂരി ഇച്ഛാഭംഗത്തോടു കൂടി അവിടെനിന്നു പിരിയുകയും വിവരം തേവലശ്ശേരി നമ്പിയെ അറിയിക്കുകയും നമ്പി പ്രതിഫലേച്ഛകൂടാതെ കാര്യം നിഷ്പ്രയാസമായി നമ്പൂരിക്കു പെട്ടെന്നു സാധിപ്പിച്ചുകൊടുക്കുകയും ചെയ്തു. രാവുത്തര്‍ പൂര്‍വവൈരം നിമിത്തം നമ്പിയെ അകപ്പെടുത്താനായി ചില ഗൂടന്മപ്രയോഗങ്ങള്‍ ചെയ്തുകൊണ്ടാണിരുന്നിരുന്നത്. പക്ഷേ, നമ്പിയുടെ മുന്‍കരുതലുകള്‍കൊണ്ട് അതൊന്നും ഫലിച്ചിരുന്നില്ല. അങ്ങനെയിരുന്നപ്പോളാണ് ഈ സംഗതിയുണ്ടായത്. ഇതു കേട്ടപ്പോള്‍ രാവുത്തര്‍ക്കുണ്ടായിരുന്ന വൈരം ദ്വിഗുണീഭവിച്ചു. ഏതുവിധവും നമ്പിയെ താമസിയാതെ അപായപ്പെടുത്തണമെന്ന് അയാള്‍ അപ്പോള്‍ തീര്‍ച്ചപ്പെടുത്തുകയും അതിനൊരുപായം കണ്ടുപിടിക്കുകയും അതു തയ്യാറാക്കിവയ്ക്കുകയും ചെയ്തു. അങ്ങനെയിരിക്കുന്ന കാലത്തു രാവുത്തരും പണ്ടത്തെ നമ്പൂരിയും തമ്മില്‍ കാണുന്നതിനിടയായി. അപ്പോള്‍ പ്രസംഗവശാല്‍ നമ്പൂരി "രാവുത്തരു വിചാരിച്ചിട്ടു സാധിക്കാത്ത കാര്യം തേവലശ്ശേരി നമ്പി എനിക്കു സാധിച്ചുതന്നു" എന്നു പറഞ്ഞു. രാവുത്തര്‍ അതു മുമ്പേ തന്നെ അറിഞ്ഞിരുന്നുവെങ്കിലും അതു പറയാതെയും ഭാവിക്കാതെയും അപ്പോള്‍ മാത്രമേ അറിഞ്ഞുള്ളു എന്നുള്ള ഭാവത്തില്‍ അത്ഭുതവും സന്തോഷവും നടിച്ചുകൊണ്ട്, "അതുവ്വോ സന്തോഷമായി, തേവലശ്ശേരി നമ്പി സാമാന്യനല്ല. അദ്ദേഹത്തെപ്പോലെ സമര്‍ത്ഥനായിട്ട് ഒരു മന്ത്രവാദി ഇപ്പോള്‍ ഭൂലോകത്തിലില്ല. അവിടെക്കു ആ കാര്യം സാധിപ്പിച്ചുതന്നതില്‍ എനിക്കുള്ള അപാരമായ സന്തോഷത്തെ കാണിക്കുന്നതിനായി ഞാന്‍ തരുന്ന സമ്മാനം അവിടുന്നുതന്നെ നമ്പിക്കു കൊണ്ടുചെന്നു കൊടുത്തു ഞാന്‍തന്നയച്ചതെന്നു പറയണം" എന്നു പറഞ്ഞ്, അയാളുടെ കൈവിരലിന്മേല്‍ കിടന്നിരുന്ന ഒരു സ്വര്‍ണ്ണമോതിരമൂരി കൊടുത്തിട്ട്, "എന്റെ കാര്യം സാധിപ്പിചുതന്നതില്‍ ഉശകാരാവുത്തര്‍ക്കുള്ള സന്തോഷത്തെ പ്രദര്‍ശിപ്പിക്കാനായി ഇതു രാവുത്തര്‍ തന്നയച്ചതാണ്" എന്നു പറഞ്ഞു. അതു കേട്ടപ്പോള്‍ത്തന്നെ ഇതു തന്നെ അകപ്പെടുത്താനുള്ള വിദ്യയാണെന്നു നമ്പിക്കു മനസ്സിലായി. അതു കയ്യില്‍ വാങ്ങിപ്പോയതിനാല്‍ പിന്നെ പരിഹാരമൊന്നുമിലതെയിരുന്നതുകൊണ്ട്, "ഇത് ഈശ്വരവിധി തന്നെ" എന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി. എങ്കിലും തനിക്ക് അബദ്ധം പറ്റിപ്പോയി എന്നുള്ള വിവരം ഭാവിക്കുകയും പറയുകയും ചെയ്യാതെ അദ്ദേഹം ഒരു സന്തോഷഭാവത്തില്‍ നമ്പൂരിയോട്, "രാവുത്തരില്‍നിന്ന് ഒരു സമ്മാനം കിട്ടാനിടയായതുകൊണ്ട് എനിക്കു വളരെ സന്തോഷമുണ്ട്. അത് ഇവിടെക്കിട്ടിയ വിവരത്തിനു ഞാനൊരെഴുത്തു തരാം അത് അങ്ങുതന്നെ കൊണ്ടുചെന്നു രാവുത്തര്‍ക്കുകൊടുക്കണം" എന്നു പറഞ്ഞു നമ്പി ഒരോലക്കഷണമെടുത്ത് അതില്‍, "ഇത് എന്നെങ്കിലുമുണ്ടാകുമെന്നു ഞാന്‍വിചാരിച്ചിരുന്നതാണ്. ഇതുവരെ കര്‍മ്മവും കാലവുംകൂടി ഒത്തുവന്നില്ല. ഇപ്പോള്‍ രണ്ടുമൊത്തു. ആട്ടെ, വിരോധമില്ല. എനിക്ക് നാല്‍പത്തൊന്നാണെങ്കില്‍ നിനക്കു പന്ത്രണ്ട്" എന്നെഴുതി നമ്പൂരിയുടെ കയ്യില്‍ കൊടുത്തു. നമ്പൂരി അതു കൊണ്ടു ചെന്ന് രാവുത്തര്‍ക്കും കൊടുത്തു. അതിന്റെ പന്ത്രണ്ടാംദിവസം രാവുത്തരും മോതിരം കയ്യില്‍ വാങ്ങിയതിന്റെ നാല്‍പത്തൊന്നാംദിവസം നമ്പിയും മരിച്ചു. അപ്പോള്‍ നമ്പിക്കു പ്രായം എഴുപത്തേഴു വയസ്സായിരുന്നു. അദ്ദേഹത്തോടുകൂടിത്തന്നെ അദ്ദേഹത്തിന്റെ വംശവും തീര്‍ന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ.