ആര്യന്‍ നാരായണമൂസ്സ് ഏകദേശം പതിനാറു വയസ്സായപ്പോഴേക്കും ഉപനയനം, സമാവര്‍ത്തനം, വൈദ്യശാസ്ത്രാഭ്യസനം, മുതലായവയെല്ലാം കഴിഞ്ഞു ചികിത്സ ആരംഭിച്ചു. അക്കാലം മുതല്‍ വസയ്ക്കരയില്ലത്തു വരുന്ന രോഗികളെ നോക്കി ചികിത്സകള്‍ നിശ്ചയിച്ചു പറഞ്ഞും കുറിച്ചുകൊടുത്തും അയയ്ക്കുകയും അത്യാവശ്യപ്പെട്ടാല്‍ ചില സ്ഥലങ്ങളില്‍ പോയി രോഗികളെ കണ്ടു ചികിത്സകള്‍ നിശ്ചയിക്കുകയുമെല്ലാം സ്വപിതാവിന്റെ ആജ്ഞപ്രകാരം ആര്യന്‍ നാരായണമൂസ്സ് അവര്‍കള്‍ തന്നെയാണു ചെയ്തിരുന്നത്. അങ്ങനെ ഒന്നുരണ്ടു കൊല്ലം കഴിഞ്ഞപ്പോഴേക്കും,
മന്ദോല്‍കണ്ഠഃ കൃതാസ്തേന ഗുണാധികതയാ ഗുര
ഫലേന സഹകാരസ്യ പുഷ്പോല്‍ഗമ ഇവ പ്രജാഃ
എന്നു പറഞ്ഞതുപോലെ രോഗികള്‍ക്ക് അച്ഛന്‍മൂസ്സ് അവര്‍കളെക്കാണുന്നതിനുള്ള ആഗ്രഹവും ആവശ്യവും കുറയ്ക്കുകയും ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളെ കണ്ടാല്‍ മതിയെന്നു തോന്നിത്തുടങ്ങുകയും ചെയ്തു. എങ്കിലും വൈദ്യവിഷയമായി സ്വപുത്രനെ താന്‍ ഗ്രഹിപ്പിച്ചതെല്ലാം ഗ്രഹിപ്പിച്ചുകഴിഞ്ഞു എന്നുള്ള വിചാരം ആ അച്ഛനും താന്‍ ഗ്രഹിക്കേണ്ടതെല്ലാം ഗ്രഹിച്ചുകഴിഞ്ഞു എന്നുള്ള വിചാരം ആ പുത്രനുമുണ്ടായില്ല. അതിനാല്‍ അച്ഛന്‍ മൂസ്സവര്‍കള്‍ പിന്നെയും സൗകര്യമുള്ള സമയങ്ങളിലെല്ലാം പുത്രനെ അടുക്കല്‍ വിളിച്ചിരുത്തി ചികിത്സകള്‍ സംബന്ധിച്ചുള്ള ഓരോ കാര്യങ്ങളെക്കുറിച്ചും ഓരോ ഔഷധങ്ങളുടെ ഗുണങ്ങളെപ്പറ്റിയും മറ്റും പലതും ഉപദേശിച്ചുകൊണ്ടിരുന്നു. ഇപ്രകാരമുള്ള അഭിമുഖോപദേശം ആ വൃദ്ധവൈദ്യന്‍ തനിക്കു തീരെ വയ്യാതെയാകുന്നതുവരെതന്നെ ചെയ്തിരുന്നു. ആര്യന്‍ നാരായണന്‍മൂസ്സവര്‍കള്‍ക്കു ചികിത്സാവിഷയത്തിള്‍ അനന്യസാധാരണമായ ഒരു വിശേഷവും മാഹാത്മ്യവുമുണ്ടായിത്തീര്‍ന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നു വളരെക്കാലം അനുസ്യൂതമായി ഉണ്ടായ ഈ ഉപദേശം കൂടിയാണ്.ആര്യന്‍ നാരായണന്‍ മൂസ്സവര്‍കള്‍ ചികിത്സാസംബന്ധമായി ചെയ്തിട്ടുള്ള ചില വിശേഷാല്‍ സംഗതികള്‍ താഴെ പറഞ്ഞുകൊള്ളുന്നു.
1. ഒരിക്കല്‍ ആലപ്പുഴ കച്ചവടം വക സൂപ്രണ്ടായിരുന്ന കോലഫ് സായിപവര്‍കള്‍ക്ക് സഹിക്കവയ്യാതെകണ്ടുള്ള ഒരു തലവേദനയുണ്ടാവുകയും അനേകം വൈദ്യന്‍മാരെക്കൊണ്ടു ചികിത്സകള്‍ ചെയ്യിച്ചു നോക്കീട്ടും ഒരു ഗുണവും കാണായ്കയാല്‍ വയസ്ക്കര അറിയിക്കുന്നതിനായി സായ്പവര്‍കള്‍ കോട്ടയത്തു വന്നു ചേരുകയും ചെയ്തു.കോലഫ് സായ്പവര്‍കളുടെ സഹോദരി കോട്ടയത്തു താമസിച്ചിരുന്നു. സായ്പവര്‍കള്‍ ആ (വല്യ) മദാമ്മയുടെ ബംഗ്ലാവില്‍ താമസിച്ചുകൊണ്ടു വയസ്ക്കരെ ആളയച്ചു ദീനവിവരമെല്ലാം അറിയിക്കുകയും മൂസ്സവര്‍കള്‍ അങ്ങോട്ടു ചെന്നാല്‍ക്കൊള്ളാമെന്ന് അപേക്ഷിക്കുകയും മഞ്ചല്‍ അയച്ചുകൊടുക്കുകയും ചെയ്തു. ആര്യന്‍ നാരായണന്‍ മൂസ്സവര്‍കള്‍ അച്ഛന്‍ മൂസ്സവര്‍കളുടെ ആജ്ഞപ്രകാരം ഉടനെ യാത്രയായി. അവിടുന്ന് ഒരു പെട്ടി തുറന്ന് ഒരു ഗുളികയെടുത്തു ഒരു പിലാവിലയില്‍പ്പൊതിഞ്ഞു കൈയില്‍ വെചുകൊണ്ടാണ് മഞ്ചലില്‍ക്കയറിപ്പോയത്. സായ്പിനെക്കണ്ടതിന്റെ ശേഷം ഒരുതുടം മുലപ്പാല്‍ വേണമെന്നു പറഞ്ഞു. ഉടനെ ഭൃത്യന്‍മാരോടി പ്പോടി മുലപ്പാല്‍ കൊണ്ടുവന്നു. മൂസ്സതു തന്റെ കൈയിലുണ്ടായിരുന്ന ഗുളിക ആ ഭൃത്യന്‍മാരെക്കൊണ്ടു മുലപ്പാലില്‍ അരച്ചു കലക്കിച്ചു. ആ സമയം സായിപ്പ് തലവേദനയുടെ കാഠിന്യംകൊണ്ടു കണ്ണു തുറക്കാനും മിണ്ടാനും വയ്യാതെ കട്ടിലില്‍ക്കിടക്കുകയായിരുന്നു. മൂസ്സവര്‍കള്‍ സായ്പവര്‍കളുടെ തല നേരെ വെയ്പ്പിച്ചിട്ടു മുലപ്പാലെടുത്തു നസ്യം ചെയ്തു. അപ്പോള്‍ വേദന പൂര്‍വാധികം കലശലാവുകയാല്‍ സായ്പവര്‍കള്‍ പെട്ടെന്നു പിടച്ചെണീറ്റിരിക്കുകയും ഒന്നു തുമ്മുകയും അതോടുകൂടി രണ്ടു നാസാദ്വാരങ്ങളില്‍ നിന്നും ഓരോ പുഴുക്കള്‍ താഴെ വീഴുകയും ചെയ്തു. ആ പുഴുക്കള്‍ ഒന്നര അംഗുലംവീതം നീളമുള്ളവയും തല കറുത്തവയയുമായിരുന്നു. പുഴുക്കള്‍ പോയതിനോടുകൂടി സായ്പിന്റെ തലവേദന മാറി നല്ല സുഖമായി. അദ്ദേഹം മടങ്ങിവന്ന് വിവരമെല്ലാം അച്ഛന്‍മൂസ്സ് അവര്‍കളുടെ അടുക്കല്‍ പറഞ്ഞപ്പോള്‍ "ഇതു സ്വല്‍പം സാഹസമായിപ്പോയി. ഗ്രന്ഥത്തില്‍ക്കാണുന്നവയെല്ലാം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ ചിലത് അബദ്ധമായിട്ടും തീര്‍ന്നേയ്ക്കാം. ഇങ്ങനെയുള്ളതൊക്കെ വളരെ ആലോചിച്ചും വേറെ നിവൃത്തിയില്ലാതെ വരുന്ന സമയത്തും മാത്രമേ ചെയ്യാവൂ. ഈശ്വരകാരുണ്യംകൊണ്ട് ഇപ്പോള്‍ വേണ്ടതുപോലെയായല്ലോ" എന്ന് അവിടുന്ന് പറഞ്ഞു. സായ്പവര്‍കള്‍ സന്തോഷിച്ച് ആയിരം രൂപയും ഒരു കൊമ്പനാനയേയും സംഭാവനയായി എഴുത്തോടുകൂടി വയസ്ക്കരെ അയച്ചുകൊടുത്തു. ആ സംഭാവന എന്തോ, അവിടെ സ്വീകരിച്ചില്ല അച്ഛന്‍മൂസ്സ് "ഞങ്ങള്‍ ചെയുന്നത് ധര്‍മ്മചികിത്സയാണ്. അതിനു പ്രതിഫലം വാങ്ങുക പതിവില്ല. സായ്പ്പിന്റെ ഔദാര്യത്തിനായി നന്ദി പറഞ്ഞുകൊള്ളുന്നു" എന്നു മറുപടി അയച്ചുകൊടുക്കുകയും ചെയ്തു. കോലഫ് സായപവര്‍കളുടെ തലവേദന ഭേദമാക്കിയ കാലത്ത് ആര്യന്‍ നാരായണന്‍മൂസ്സ് അവര്‍കള്‍ക്കു പതിനെട്ടു വയസ്സേ പ്രായമായിരുന്നുള്ളു.
2. പ്രസിദ്ധ വൈദ്യനും ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കളുടെ പിതൃവ്യപുത്രനും ജേഷ്ഠഭ്രാതാവുമായിരുന്ന പിലാമന്തോള്‍ ശങ്കുണ്ണി മൂസ്സിനു കഴുത്തിന്റെ പിന്‍ഭാഗത്തു ഒരിക്കല്‍ ഒരരിമുറിപോലെ ഏറ്റവും ചെറുതായ ഒരു കുരു ഉണ്ടാവുകവും ക്ഷൗരം ചെയ്യിച്ചപ്പോള്‍ അതു മുറിഞ്ഞുപോവുകയും ചെയ്തു. വലിയ വേദനയും മറ്റുമുണ്ടായില്ലെങ്കിലും അന്നു വൈകുന്നേരമായപ്പോഴേയ്ക്കും ആ കുരു വീര്‍ത്ത് ചുണ്ടങ്ങായോളമാവുകയും വേദന കലശലായിത്തീരുകയും ചെയ്തു. രണ്ടുമൂന്നു ദിവസംകൊണ്ട് ആ കുരു വീര്‍ത്തുവീര്‍ത്തു ഒരു തേങ്ങായോളമായി. അതിന്റെ നീരു കഴുത്തിനു ചുറ്റും മാത്രമല്ല, കുറേശ്ശെ മുഖത്തേയ്ക്കുംകൂടി വ്യാപിച്ചുതുടങ്ങി. വേദനയുടെ കാഠിന്യംകൊണ്ടു ശങ്കുണ്ണിമൂസ്സവര്‍കള്‍ കുളിക്കാനും ഉണ്ണാനും ഉറങ്ങാനുമൊന്നും വയ്യാതെ ഏറ്റവും അവശതയോടുകൂടി കിടപ്പിലായി. ഇത്രയുമായതിന്റെ ശേഷമാണ് ഈ വിവരത്തിനു വയസ്ക്കരയ്ക്ക് എഴുതിയയച്ചത്. പിലാമന്തോളില്ലത്തെ വര്‍ത്തമാനങ്ങള്‍ വയസ്ക്കരയ്ക്ക് എഴുതിയയയ്ക്കുന്നതു ശങ്കുണ്ണിസൂസ്സ് അവര്‍കള്‍ തന്നെയല്ലാതെ അന്യന്മാരെക്കൊണ്ട് എഴുതിയയപ്പിക്കാറില്ല. ഈ എഴുത്ത് പിലാമന്തോളില്ലത്ത് അക്കാലത്തു കാര്യസ്ഥനായിരുന്ന പിഷാരടിയാണ് എഴുതിയയച്ചത്. ആ എഴുത്തു കണ്ടപ്പോള്‍ത്തന്നെ ദീനം സാമാന്യത്തിലധികം കലശലായിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞു. എഴുത്തുകണ്ടിട്ടു ഒരുമണിക്കൂര്‍ കഴിയുന്നതിനുമുമ്പ് അദ്ദേഹം പിലാമന്തോള്‍ക്ക് യാത്രയായി. അക്കാലത്ത് ഇപ്പോഴത്തെപ്പോലെ വാഹനസകൗര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം കോട്ടയത്തു നിന്നും ചാവക്കാടുവരെ തോണിക്കും. അവിടെനിന്നു കൂലിക്കു കുതിരവണ്ടി പിടിച്ചും മറ്റുമാണ് യാത്രചെയ്തത്. എങ്കിലും അദ്ദേഹം കോട്ടയത്തുനിന്നു പുറപ്പെട്ടിട്ടു മൂന്നാംദിവസം പിലാമന്തോളില്ലത്തെത്തി. അപ്പോഴേയ്ക്കും അവിടെ കുട്ടഞ്ചേരി മൂസ്സ്, ആലത്തൂര്‍ നമ്പി മുതലായ വൈദ്യശ്രേഷ്ഠന്‍മാരെല്ലാവരുമെത്തുകയും മുറയ്ക്കു ചികിത്സകളാരംഭിക്കുകയും ചെയ്തിരുന്നു. ആര്യന്‍ നാരായണന്‍മാസ്സ് അവര്‍കള്‍ അവിടെയെത്തി, ക്ഷണത്തില്‍ കുളികഴിച്ച് അകത്തു ചെന്നപ്പോള്‍ ശങ്കുണ്ണി തെറുത്തുവെച്ച ഒരു മെത്തയിന്മേല്‍ച്ചാരി കമിഴ്ന്നുകിടക്കുകയായിരുന്നു. ആര്യന്‍നാരായണന്‍ മൂസ്സവര്‍കളെക്കണ്ടിട്ടു രോഗി ആളറിഞ്ഞു എങ്കിലും ഒന്നും സംസാരിക്കാന്‍ ശക്തനല്ലാത്തവണ്ണം അവശനായിപ്പോയിരുന്നതിനാല്‍ മുഖത്തുനോക്കി കണ്ണീരൊലിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആര്യന്‍ നാരായണന്‍ മൂസ്സവര്‍കള്‍ "ക്ഷീണം ഇത്രമാത്രം വര്‍ദ്ധിപ്പിച്ചുവല്ലോ?"എന്നു പറഞ്ഞു. അതുകേട്ട് അവിടെയുണ്ടായിരുന്ന വൈദ്യശ്രേഷ്ഠന്‍മാര്‍ "ക്ഷീണം വര്‍ദ്ധിക്കാതിരിക്കുന്നതെങ്ങനെ? ആറു ദിവസമായിട്ടു യാതൊരാഹാരവും കഴിക്കുന്നില്ല. യാതൊന്നിനും രുചിയില്ലെന്നാണു പറയുന്നത്. പാലാണെങ്കില്‍ കുറച്ചു കുടിക്കാമെന്നു തോന്നുന്നുണ്ടെന്നു പറയുന്നു.അതു കൊടുക്കാനും പാടില്ലല്ലോ. പാല്‍ ഈ രോഗത്തിനു വിരോധമാണെന്നല്ലേ പറഞ്ഞിരിക്കുന്നത്?" എന്നാണ് സമാധാനം പറഞ്ഞത്. അപ്പോള്‍ ആര്യന്‍ നാരായണന്‍മൂസ്സ് അവര്‍കള്‍ "പാല്‍ കൊടുക്കുന്നതിനു വിരോധമില്ല. എവിടെ നിന്നെങ്കിലും ക്ഷണത്തില്‍ കുറച്ചു പാല്‍ വരുത്തണം" എന്നു പിഷാരടിയോടു പറഞ്ഞു.
ഉടനെ പിഷാരടി "കുറച്ചു പാല്‍ ഇവിടെത്തന്നെ കാണും. പോരാത്തത് ഇപ്പോള്‍ ആളയചുവരുത്തുകയും ചെയാം" എന്നു പറയുകയും അപ്പോള്‍ത്തന്നെ ആളയയ്ക്കുകയും ചെയ്തു.
ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കള്‍ ഇല്ലത്ത് ഇരുന്നിരുന്ന പാല്‍ ക്ഷണത്തില്‍ കാച്ചിച്ചു സ്വല്‍പ്പം പഞ്ചസാരയും ചേര്‍ത്തു പിലാവിലകൊണ്ടു കോരി രോഗിക്ക് കുറേശ്ശെ കുറേശ്ശെ കൊടുത്തു. തൊണ്ട ഉണങ്ങിപ്പോയതുകൊണ്ട് ഒരു തുടം പാല്‍ കുടിക്കുന്നതിന് ഏകദേശം ഒരു നാഴിക വേണ്ടിവന്നു. പിന്നെ വലിയ പ്രയാസം കൂടാതെ ഒരു തുടം പാല്‍കൂടെ കുടിച്ചു. ഉടനെ രണ്ടു തുടം പാല്‍കൂടി കഴിക്കുന്നതിന്നു പ്രയാസമുണ്ടായിരുന്നില്ല. അങ്ങനെ നാഴിപ്പാല്‍ കുടിച്ചുകഴിഞ്ഞപ്പോള്‍ രോഗി "ആവൂ എനിക്കിപ്പോള്‍ ക്ഷീണത്തിനു കുറച്ചു കുറവുണ്ട്. കുറേശ്ശെ സംസാരിക്കാമെന്നു തോന്നുന്നുണ്ട്. നാവും തൊണ്ടയും ഉടങ്ങി വരണ്ടു പോയതുകൊണ്ട് ഇതുവരെ മിണ്ടാന്‍ വയ്യായിരുന്നു. ഇനി വേണ്ടതൊക്കെ പിന്നെ നിശ്ചയിക്കാം. അനുജന്‍ ഉണ്ടില്ലല്ലോ. പോയി ഊണുകഴിചു വരൂ" എന്നു പറഞ്ഞു. അതുകേട്ട് അദ്ദേഹം ഒരുവിധം സമാധാനത്തോടെ ഉണ്ണാന്‍ പോയി. കോട്ടയത്തുനിന്നു പുറപ്പെട്ടിട്ടു വഴിക്ക് ഒരു നേരം മാത്രമേ ഉണ്ടിരുന്നുളളു. എങ്കിലും തന്റെ ജ്യേഷ്ഠന്റെ അവശത കണ്ടപ്പോള്‍ വിശപ്പും ദാഹവും ക്ഷീണവുമെല്ലാം അവിടുന്ന് വിസ്മരിച്ചുപോയി. ഇവര്‍ രണ്ടുപേരും ഭിന്നോദരസഹോദരന്മാരായിരുന്നുവെങ്കിലും അവരുടെ പരസ്പരസ്നേഹം എകോദരസഹോദരനിര്‍വിശേഷമായിരുന്നു.
ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കള്‍ ഊണുകഴിച്ചു വന്നതിന്റെ ശേഷം ചികിത്സകളെല്ലാം ആലോചിച്ചു നിശ്ചയിച്ചു. അവയില്‍ പ്രധാനമായി നിശ്ചയിച്ചത് ഒരു പാല്‍കഷായവും ഒരു പാല്‍കഞ്ഞിയുമായിരുന്നു. രണ്ടിനും മരുന്നുകള്‍ രണ്ടുമൂന്നു കൂട്ടം വീതമേ ഉണ്ടായിരുന്നുള്ളു. ആ മരുന്നുകള്‍ ചതച്ചു കിഴി കെട്ടിയിട്ടു പാല്‍ക്കഞ്ഞിയും പാല്‍ക്കഷായവുമുണ്ടാക്കി പ്രതിദിനം രണ്ടോ മൂന്നോ പ്രാവശ്യം വീതം ദഹനത്തിനു തക്കവണ്ണവും ആവശ്യം പോലെയും കൊടുക്കാനാണു നിശ്ചയിച്ചത്. അങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞാഴേയ്ക്കും ശങ്കുണ്ണിക്ക് ക്ഷീണം മിക്കവാറും മാറി. പിന്നെ കുരുവിന്റെ വേദന മാത്രമേ ഉണ്ടായിരുന്നുളളു. അതിനു പിന്നെ ഒരു മരുന്നുണ്ടാക്കിയിട്ടു, ആ മരുന്നു രണ്ടു നാലു ദിവസമിട്ടപ്പോള്‍ കുരു പഴുത്തുപൊട്ടി. അപ്പോള്‍ വേദനയുംമാറി. ക്രമേണ നീരും പോയി. പിന്നെ വ്രണമുണങ്ങാനുള്ള മരുന്നും ഉണ്ടാക്കിയിടുകയും ക്രമേണ വ്രണമുണങ്ങുകയും ശങ്കുണ്ണി മൂസ്സ് അവര്‍കള്‍ സ്വസ്ഥശരീരനായി പൂര്‍വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. ഇതിനെല്ലാത്തിനുംകൂടി ഏകദേശം മൂന്നുമാസം വേണ്ടിവന്നു. അത്രയും കാലം ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കളുടെ സ്ഥിരവാസം പിലാമന്തോളില്ലത്തു തന്നെയായിരുന്നു.
ശങ്കുണ്ണിമൂസ്സ് അവര്‍കള്‍ സ്വസ്ഥതയെ പ്രാപിചതിന്റെ ശേഷം ഒരു ദിവസം ആര്യന്‍ നാരായണന്‍മൂസ്സ് അവര്‍കളോട് അവിടുത്തെ മാതുലനും മഹാവൈദ്യനും വലിയ വിദ്വാനുമായിരുന്ന കുട്ടഞ്ചേരി അപ്ഫന്‍മൂസ്സ് അവര്‍കള്‍, "ഈ ദീനം വന്നാലും ഭേദമാകും ഇല്ലേ കുഞ്ഞാ?" എന്നു ചോദിച്ചു. (കുട്ടഞ്ചേരി അപ്ഫന്‍മൂസ്സ് അവര്‍കള്‍ തന്റെ ഭാഗിനേയനായ ആര്യന്‍ നാരായണന്‍മൂസ്സ് അവര്‍കളെ കുഞ്ഞാ എന്നാണു വിളിച്ചിരുന്നത്). അതിനുത്തരമായി ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കള്‍ "ബുദ്ധിയുംയുക്തിയും ശാസ്ത്രജ്ഞാനവും ഗുരുത്വവും കൈപ്പുണ്യവുമുള്ള വൈദ്യന്‍ ചികിത്സിക്കുകയും രോഗിക്ക് ആയുര്‍ബലവും ഈശ്വരസഹായവുമുണ്ടായിരിക്കുകയും ചെയ്താല്‍ ഭേദമായിയെന്നും വരാം എന്ന് അച്ഛന്‍പറഞ്ഞിട്ടുണ്ട്" എന്നു പറഞ്ഞു. അപ്ഫന്‍മൂസ്സ് വീണ്ടും "ആട്ടെ കുഞ്ഞാ! ഈ ദീനത്തിനു പാല്‍ കൊടുക്കാമെന്നു പറഞ്ഞിട്ടുള്ളത് എവിടെയാണ്? ഞാന്‍നോക്കീട്ടുള്ള ഗ്രന്ഥിലെങ്ങും ഇങ്ങനെ കണ്ടിട്ടില്ല. കുഞ്ഞന്‍ വല്ല ഗ്രന്ഥത്തിലും കണ്ടിട്ടുണ്ടോ?" എന്നു ചോദിച്ചു. അതിനു മറുപടിയായി ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കള്‍ പറഞ്ഞത്, "അത്യാവശ്യപ്പെട്ടാല്‍ പാലും കൊടുക്കാം. സര്‍വ്വപ്രധാനമായി നോക്കേണ്ടത് പ്രാണനെ രക്ഷിക്കാനാണ്. മരിച്ചവര്‍ക്കു ചികിത്സയില്ലലോ എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാല്‍ കൊടുത്തു എന്നേ ഉള്ളൂ" എന്നാണ്. ഇതു കേട്ടപ്പോള്‍ അവിടെകൂടിയിരുന്ന വൈദ്യന്‍മാരെല്ലാവരും "ഇങ്ങനെ ഒരച്ഛനും മകനും നമ്മുടെ കൂട്ടത്തില്‍ വേറെയെങ്ങും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുന്ന കാര്യം എന്തോ, ഈശ്വരനറിയാം" എന്നും മറ്റും പറഞ്ഞ്, വയസ്കര അച്ഛന്‍ മൂസ്സ് അവര്‍കളെയും അവിടുത്തെ പുത്രനായ ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കളെയും വളരെ പ്രശംസിച്ചു.
3. ശങ്കുണ്ണിമൂസ്സ് അവര്‍കളെ ചികിത്സിക്കുന്നതിനായി ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കള്‍ ഏകദേശം മൂന്നു മാസത്തോളം പിലാമന്തോളില്ലത്തു താമസിച്ചിരുന്നു എന്നു മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ. അക്കാലത്തിനിടയ്ക്ക് സാമൂതിരിപ്പാടു തമ്പുരാന്‍ തിരുമനസ്സിലേക്കും പുറത്ത് ഒരു വലിയ കുരുവുണ്ടായി. അതു ക്ഷണത്തില്‍ വളര്‍ന്നു നാലഞ്ചു ദിവസംകൊണ്ട് ഒരു പൊതിയാത്തേങ്ങായോളമായി. വേദനമൂലം തിരുമനസ്സുകൊണ്ട് സ്നാനാശനനിദ്രാദികളൊന്നുമില്ലാതെ ഏറ്റവും പാരവശ്യത്തോടുകൂടി കിടപ്പിലായിത്തീര്‍ന്നു. അതിനാല്‍ ശങ്കുണ്ണിമൂസ്സ് അവര്‍കളെ കൊണ്ടുപോകാനായി കോഴിക്കോട്ടുനിന്നു പിലാന്തോളില്ലത്തു ആളുകള്‍ വന്നു. ശങ്കുണ്ണിമൂസ്സിനു ദീനമാണെന്നുള്ള വര്‍ത്തമാനം കോഴിക്കോട്ട് അറിഞ്ഞിരുന്നില്ല. ശങ്കുണ്ണിമൂസ്സ് അവര്‍കള്‍ കോഴിക്കോടുമുതലായ പ്രദേശങ്ങളിലും പ്രസിദ്ധനും സര്‍വ്വസമ്മതനുമായിരുന്നു എന്നു മാത്രമല്ല, അക്കാലത്തു സാമൂതിരിക്കോവിലകത്തും മറ്റും ശങ്കുണ്ണിമൂസ്സവര്‍കളെക്കൊണ്ടല്ലാതെ ചികിത്സിപ്പിക്കാറുമില്ലായിരുന്നു.
ശങ്കുണ്ണി മൂസ്സ് അവര്‍കള്‍ ആര്യന്‍ നാരായണന്‍മൂസ്സ് അവര്‍കളോട്, "സാമൂതിരിക്ക് സുഖക്കേടായിട്ട് ആളയയ്ക്കുകയും അനുജന്‍ ഇവിടെ ഉണ്ടായിരിക്കുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് ഒന്നു പോകാതിരിക്കുന്നതു ഭംഗിയല്ല. എന്നെ അവിടെ ഒരു സ്നേഹിതന്റെ നിലയിലാണു വെച്ചിരിക്കുന്നത്. അതുകൊണ്ട് അനുജന്‍ പോയിനോക്കി വേണ്ടുന്ന ചികിത്സകള്‍ നിശ്ചയിച്ച് എഴുതിക്കൊടുക്കുകയും എന്റെ ദീനസ്ഥിതി അവിടെ അറിയിക്കുകയും ചെയ്തിട്ട് ഉടനെതന്നെ മടങ്ങിപ്പോരണം. താമസിക്കരുത്. എനിക്കിപ്പോള്‍ കുറച്ച് ആശ്വാസമുണ്ടല്ലോ. അനുജന്‍ മടങ്ങി വരുന്നതുവരെ ഇപ്പോള്‍ ചെയ്തു വരുന്നതുപോലെയൊക്കെ ചെയ്തുകൊണ്ടിരിക്കാം" എന്നു പറഞ്ഞു. അപ്പോള്‍ ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കള്‍, "ഞാനറിയുന്നവരായിട്ടും അവിടെ ആരുമുണ്ടെന്നു തോന്നുന്നില്ല എങ്കിലും ജ്യേഷ്ഠന് അങ്ങനെ താല്പര്യമുണ്ടെങ്കില്‍ ഞാന്‍ പോവുകയും അവിടെച്ചെന്നു കണ്ടിട്ടു യുക്തംപോലെ എന്തെങ്കിലും ചെയ്യുകയോ നിശ്ചയിച്ച് എഴുതിക്കൊടുക്കുകയോ ചെയ്തിട്ടു പോരികയും ചെയ്യാം" എന്നു പറഞ്ഞിട്ട് ആ വന്നിരുന്ന ആളുകളോടുകൂടിത്തന്നെ പോയി. പിറ്റേ ദിവസം രാവിലെ മൂസ്സ് അവര്‍കള്‍ സാമൂതിരി കോവിലകത്തെത്തുകയും ഉടനെ കുളിക്കാന്‍ പോവുകയും ചെയ്തു. ആ സമയം അദ്ദേഹത്തെക്കണ്ടിട്ട് സാമൂതിരിപ്പാട്ടിലെ സേവകനും കോവിലകത്തു താമസക്കാരനുമായ ഒരു നമ്പൂതിരി "അല്ലാ! ഈ വിദ്വാനാണോ ചാടിവന്നിരിക്കുന്നത്? ഇയ്യാള്‍ക്കു വല്ലതുമറിയാമോ ആവോ?" എന്നു മറ്റൊരു നമ്പൂതിരിയോടു പറഞ്ഞു. സ്വകാര്യമായിട്ടാണ് ഇങ്ങനെ പറഞ്ഞത്.
എങ്കിലും പുച്ഛരസത്തോടുകൂടിയ ആ വാക്കു കുറേശ്ശെ മൂസ്സ് അവര്‍കളുംകേട്ടു. എന്നാല്‍ അവിടുന്ന് അതു കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കളുടെ യോഗ്യതയെക്കുറിച്ച് ആ നമ്പൂരിക്കെന്നല്ല, ആ ദിക്കുകാര്‍ക്കും തന്നെ അക്കാലത്തു ലേശംപോലും അറിവില്ലായിരുന്നു. സ്വല്പമെങ്കിലും അറിഞ്ഞിരുന്നുവെങ്കില്‍ ആ നമ്പൂരി ഇങ്ങനെ പറയുമായിരുന്നില്ല.
മൂസ്സ് കുളിയും നിത്യകര്‍മ്മാനുഷ്ഠാനാദികളും കഴിച്ചു കോവിലകത്തു ചെന്നു സാമൂതിരിപ്പാടു തമ്പുരാനെ കണ്ടു. അപ്പോള്‍ തമ്പുരാന്‍ കുരുവിന്റെ വേദനകൊണ്ടും ക്ഷീണംകൊണ്ടും അവശനായി ഒരു ചാവട്ടയിന്‍മേല്‍ ചാരി കമിഴ്ന്നു കിടക്കുകയായിരുന്നു. അദ്ദേഹത്തെക്കണ്ടപ്പോള്‍ തമ്പുരാന്‍ "എന്റെ മൂസ്സേ! എനിക്കു വേദന സഹിക്കവയാതെയായിരിക്കുന്നു. ഈ വേദന കുറയുന്നതിനു എന്തെങ്കിലും ക്ഷണത്തില്‍ ചെയ്യണേ" എന്നു പറഞ്ഞു. ആ സമയം മുമ്പു പുച്ഛിച്ചു പറഞ്ഞ ആ നമ്പൂരി അവിടെച്ചെന്ന് അദ്ദേഹത്തോട് "ഊണു കാലമായി. ഇങ്ങോട്ടു വരാം" എന്നു പറഞ്ഞു. അതിനു മറുപടിയായി മൂസ്സ് പറഞ്ഞു " ഞാന്‍ ഉണ്ണാനായിട്ടല്ല, സാമൂതിരിപ്പാട്ടിലേക്കു സുഖക്കേടാകയാല്‍ ഇവിടെ വന്നു നോക്കി ഇതിനു വല്ലതും ചെയ്യണമെന്നു ജ്യേഷ്ഠന്‍ പറഞ്ഞയച്ചിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. അതിനാല്‍ ഇതിനു തല്‍ക്കാലം വേണ്ടതു ചെയ്തു കഴിഞ്ഞിട്ടു പിന്നെ ഊണിന്റെ കാര്യം ആലോചിക്കാം""എന്നു പറഞ്ഞിട്ട് അവിടെ നിന്നു ഇറങ്ങിപ്പോയി. അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ നമ്പൂരി സാമാന്യത്തിലധികം ഇളിഭ്യനായി. താന്‍ മുന്‍പു പറഞ്ഞതു മൂസ്സു കേട്ടിരിക്കുമോ? കേട്ടുവെങ്കില്‍ കാര്യം ചീത്തയായി. വഷളത്തം പറയണ്ടായിരുന്നു എന്നും മറ്റും വിചാരിച്ചുകൊണ്ട് അദ്ദേഹം അവിടെത്തന്നെ നിന്നും. അദ്ദേഹം കോവിലകത്തോടടുത്തുള്ള വളപ്പില്‍ (പറമ്പില്‍) ചെന്നു ചുറ്റി നടന്നുനോക്കി എന്തോ ഒരു പച്ചില പറിച്ചു കൈയിലിട്ടു കശക്കിക്കൊണ്ടു മടങ്ങിവന്ന് അവിടെ നിന്നിരുന്ന കുട്ടിപ്പട്ടരുടെ കൈയില്‍ കൊടുത്തു അതു പച്ചവെള്ളത്തിലരച്ചു കുഴമ്പു പോലെയാക്കിക്കൊണ്ടുവരുവാന്‍ പറഞ്ഞു. കുട്ടിപ്പട്ടര് ഉടനെ അതു കുഴമ്പുപോലെയാക്കിക്കൊണ്ടുവന്നു. മൂസ്സവര്‍കള്‍ കുരുവിന്റെ ഒരു സ്ഥാനം പറഞ്ഞുകൊടുത്ത് ആ മരുന്ന് അവിടെ ഇടുവിച്ചു. ഒരു നാഴികകഴിഞ്ഞപ്പോള്‍ കുരു പൊട്ടി ചോരയും ചലവുമായി ഒരു രണ്ടുമൂന്നിടങ്ങഴിക്കു മാത്രം ഒഴിഞ്ഞുപോയി. തമ്പുരാന്‍ എണീറ്റിരുന്ന് "ഇപ്പോള്‍ വേദന ഒട്ടുമില്ല. ഇനി ക്ഷീണം മാത്രമാണു ദുസ്സഹമായിട്ടുള്ളത്"" എന്നു പറഞ്ഞു. അപ്പോള്‍ മൂസ്സവര്‍കള്‍ "കുറചു കഞ്ഞി കുടിച്ചാല്‍ ക്ഷീണവും കുറയും" എന്നു പറഞ്ഞു. ഉടനെ തമ്പുരാന്‍, "എന്നാല്‍ കഞ്ഞി കൊണ്ടു വരട്ടെ" എന്നു പറയുകയും കുട്ടിപ്പട്ടര്‍ കഞ്ഞികൊണ്ടുചെന്നു കൊടുക്കുകയും ചെയ്തു. അപ്പോള്‍തന്നെ തമ്പുരാന്‍ ഒരു നാഴിയരിയുടെ കഞ്ഞികുടിചു. കഞ്ഞി കുടിചു കൈകഴുകിക്കഴിഞ്ഞപ്പോള്‍ മൂസ്സവര്‍കള്‍ "ഇനികട്ടിലില്‍ കുറച്ചുനേരം ഇടത്തുവശം ചെരിഞ്ഞു കിടക്കുക" എന്നു പറഞ്ഞു. ഉടനെ തമ്പുരാന്‍ അങ്ങനെ കിടക്കുകയും ഒരു മാത്രനേരം കഴിഞ്ഞപ്പോള്‍ ഉറങ്ങിത്തുടങ്ങുകയും ചെയ്തു. പിന്നെ മൂസ്സവര്‍കള്‍, "ഉറക്കത്തിനു വിഘ്നം വരത്തക്കവണ്ണം ഇവിടെ ആരും ശബ്ദമൊന്നും ഉണ്ടാക്കരുതെന്നു" പറഞ്ഞിട്ട് ഊണുകഴിക്കാന്‍ പോയി. ഊണു കഴിഞ്ഞു മൂസ്സവര്‍കള്‍ കോവിലകത്തുതന്നെ മറ്റൊരു സ്ഥലത്തു പോയിരുന്നു വിശ്രമിച്ചു.
തമ്പുരാന്‍ ഉറങ്ങിത്തുടങ്ങീട്ട് ഏകദേശം നാലു മണിക്കൂറുകഴിഞ്ഞപ്പോള്‍ ഉണര്‍ന്നു. പിന്നെയും കുറച്ചു കഞ്ഞി കുടിച്ചു. തമ്പുതാന്റെ കഞ്ഞികുടി കഴിഞ്ഞപ്പോഴേയ്ക്കും മൂസ്സവര്‍കള്‍ വീണ്ടും അവിടെയെത്തി. അപ്പോള്‍ തമ്പുരാന്‍ "മൂസ്സിന്റെ ചികിത്സ എനിക്കു നല്ലപോലെ ഫലിച്ചു. ഞാന്‍അഞ്ചാറു ദിവസം കൂടീട്ടാണ് ഇന്നു കുറച്ചു കഞ്ഞി കുടിക്കുകയും ഉറങ്ങുകയും ചെയ്തത്. എനിക്കിപ്പോള്‍ വളരെ സുഖം തോന്നുന്നുണ്ട്. വേദന ഒട്ടുമില്ല. ഇനി കുരുവിന്റെ വ്രണമുടങ്ങുകയും ദേഹത്തിന്റെ ക്ഷീണം മാറുകയും മാത്രംമതി. എനിക്കു നല്ല സുഖമായിട്ടേ മൂസ്സ് ഇവിടെനിന്നു പോകാവൂ. അതുവരെ ഇവിടെത്താമസിക്കണം" എന്നു പറഞ്ഞു. അതിനു മറുപടിയായി മൂസ്സവര്‍കള്‍, "ഇനിയും ഇവിടെത്താമസിക്കാന്‍ നിവൃത്തിയില്ല. എനിക്ക് ഇപ്പോള്‍ത്തന്നെ മടങ്ങിപ്പോകേണ്ടിയിരിക്കുന്നു. ജ്യേഷ്ഠനിപ്പോള്‍ സുഖക്കേടായിട്ടു കിടപ്പാണ്. ജ്യേഷ്ഠനെ ചികിത്സിക്കാനായിട്ടാണ് ഞാന്‍ പിലാമന്തോളില്ലത്തു വന്നിരിക്കുന്നത്. ഇവിടെ ശീലായ്മയാണെന്നറിയുകയും ആളയയ്ക്കുകയും ജ്യേഷ്ഠന്‍ നിര്‍ബന്ധപൂര്‍വം പറയുകയും ചെയ്തതുകൊണ്ടാണ് ഞാന്‍ ഇങ്ങോട്ടു പോന്നത്. ഇനി ഇവിടെ ഭയപ്പെടാനൊന്നുമില്ല. ഏതാനും ദിവസംകൊണ്ടു ദീനങ്ങളെല്ലാം മാറി സുഖമാവും. ഇനി ചേയ്യേണ്ടുന്ന ചികിത്സകള്‍ക്കൊക്കെ ഇവിടെ എഴുതിക്കൊടുത്തേക്കാം. അതുപോലെയൊക്കെ ചെയ്താല്‍ മതി" എന്നറിയിച്ചു.
അതു തമ്പുരാന്‍ അനുവദിക്കുകയും ചികിത്സയ്ക്കു വേണ്ടതെല്ലാമെഴുതിക്കൊടുത്തിട്ടു മൂസ്സവര്‍കള്‍ അപ്പോള്‍ത്തന്നെ യാത്രയാവുകയും ചെയ്തു. ആ സമയം തമ്പുരാന്‍ തിരുമനസ്സുകൊണ്ട് മൂസ്സവര്‍കള്‍ക്കു ചില സമ്മാനങ്ങള്‍ കല്‍പിച്ചു കൊടുക്കാന്‍ ഭാവിച്ചു. മൂസ്സവര്‍കള്‍ അതൊന്നും സ്വീകരിച്ചില്ല. "അതൊക്കെ ജ്യേഷ്ഠന്‍ വരുമ്പോള്‍ മതി. ഞാന്‍ജ്യേഷ്ഠന്റെ പ്രതിപുരുഷന്‍ മാത്രമായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. ജ്യേഷ്ഠന്‍ പറഞ്ഞയച്ചിട്ടുള്ളതുപോലെ വല്ലതും ചെയ്യാനല്ലാതെ ഇവിടെനിന്ന് എന്തെങ്കിലും വാങ്ങാന്‍ എനിക്കര്‍ഹതയില്ല" എന്നു പറഞ്ഞു മടങ്ങിപ്പോന്നു. ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കള്‍ നിശ്ചയിച്ച് എഴുതി ക്കൊടുത്ത ചികിത്സകള്‍കൊണ്ടുതന്നെ സാമൂതിരിപ്പാടു തിരുമനസ്സിലേക്ക് അചിരേണ പൂര്‍ണ്ണസുഖം സിദ്ധിച്ചു. അതിനാല്‍ ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കളുടെ കീര്‍ത്തി മലബാറിലും സര്‍വത്ര വ്യാപിച്ചു.
ശങ്കുണ്ണിമൂസ്സ് അവര്‍കളുടെ ദീനം ഭേദമായി അവിടേക്കു പൂര്‍ണ്ണസുഖം സിദ്ധിച്ചതിന്റെ ശേഷം "ഇനി പാല്‍ക്കഞ്ഞി മതിയാക്കി യഥാപൂര്‍വ്വം ഭക്ഷണം കഴിച്ചു തുടങ്ങാം. എന്നാല്‍ പാല്‍കഷായം ഒരിക്കലും വേണ്ടെന്നു വെയ്ക്കേണ്ട. അത്താഴം കഴിഞ്ഞ് അതു പതിവായി സേവിച്ചേക്കണം. ഈ ദീനം ഇനിയും വരാതിരിക്കണമല്ലോ" എന്നു പറഞ്ഞിട്ടാണ് ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കള്‍ കോട്ടയത്തേക്കു മടങ്ങിപ്പോയത്. ശങ്കുണ്ണിമൂസ്സവര്‍കള്‍ ആ പാല്‍കഷായം ആജീവനാന്തം സേവിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
4. ഒരിക്കല്‍ ചെങ്ങന്നൂര്‍ക്കാരന്‍ ഒരു മാപ്പിള ദീനമായിട്ടു വയസ്ക്കരെ വന്നിരുന്നു. ആ സമയം ആര്യന്‍ നാരായണന്‍ മൂസ്സ്അവര്‍കള്‍ ഇല്ലത്തിന്റെ തെക്കുവശത്തെ വരാന്തയില്‍ത്തന്നെ ഉണ്ടായിരുന്നു. മാപ്പിള മൂസ്സവര്‍കളെക്കണ്ടു തൊഴുതുകൊണ്ടു "പൊന്നുതിരുമേനി! അടിയനു നില്‍ക്കാന്‍ വയ്യാ" എന്നു പറഞ്ഞു ആ മുറ്റത്തുതന്നെ ഇരുന്നു. ഉടനെ മൂസ്സവര്‍കള്‍ "സുഖക്കേടുകള്‍ എന്തെല്ലാമാണ്?" എന്നു ചോദിച്ചു. അതിനു മറുപടിയായി മാപ്പിള "അടിയനു നടക്കുമ്പോള്‍ നെഞ്ചിടിപ്പും ശ്വാസംമുട്ടലും തലതിരിച്ചലും മനംമറിച്ചിലും കണ്ണിരുട്ടിക്കലും കാലുകള്‍ മുറിഞ്ഞുപോകാന്‍ പോണതുപോലെ തോന്നുകയും ദേഹത്തിനു വിളര്‍ച്ച യും വയറ്റില്‍ ഒരെരിച്ചലും മറ്റുമുണ്ട്. ചിലപ്പോള്‍ മഞ്ഞവെള്ളം ശര്‍ദ്ധിക്കും. തീരെ നടക്കാന്‍ വയ്യ. ഇവിടെ വിടകൊണ്ടിരിക്കുന്ന മറ്റു ചിലരുടെ വള്ളത്തില്‍ക്കൂടിയാണ് അടിയന്‍ വിടകൊണ്ടത്. അടിയനൊരു പാവപ്പെട്ടവനാണ്. അടിയന് ഒരു പെണ്‍പിള്ളയും രണ്ടുമൂന്നു ചെറിയ കുട്ടികളുമല്ലാതെ വേറെ ആരുമില്ല. അടിയന്‍ അന്നന്നു കൂലിവേല ചെയ്താണ് ആ കുടുംബം പുലര്‍ത്തിപ്പോരുന്നത്. അടിയനു വേലയൊന്നും ചെയ്യാന്‍ വയ്യാതെയായതില്‍പ്പിന്നെ അടിയങ്ങള്‍ ഒരുവിധം തെണ്ടിത്തിന്നുതന്നെയാണ് ദിവസവൃത്തി കഴിച്ചുപോരുന്നത്. മരുന്നുവല്ലതുമുണ്ടാക്കി സേവിക്കണമെന്നു കല്‍പിച്ചാല്‍ അടിയനു യാതൊരു നിവൃത്തിയുമില്ല. തിരുമനസ്സുകൊണ്ടു കൃപയുണ്ടായിട്ട് ദൈവത്തെ ഓര്‍ത്തു വല്ലതും മരുന്നു കല്പിച്ചു തന്ന് അടിയനെ രക്ഷിക്കണം" എന്നും മറ്റും ഏറ്റവും സങ്കടത്തോടുകൂടി പറഞ്ഞു. മാപ്പിളയുടെ ദീനവചനങ്ങളെല്ലാം കേട്ടതിന്റെ ശേഷം മൂസ്സത് തന്റെ ഒരു ഭൃത്യനെ വിളിച്ച് "ആ കൊന്നമരത്തിന്‍മേല്‍ പടര്‍ന്നുകിടക്കുന്ന ഇത്തിക്കണ്ണി (ഇത്തിള്‍) കുറേ ഒടിച്ചെടുത്തു കെട്ടി ആ ചെങ്ങന്നൂര്‍ക്കാരന്‍ മാപ്പിളമാരുടെ തോണിയില്‍ കൊണ്ടുചെന്ന് ഇട്ടുകൊടുക്കണം" എന്നു പറഞ്ഞു (അന്നു വയസ്ക്കര ഇല്ലത്തിന്റെ തെക്കുപുറത്തു മുറ്റത്തു ഒരു കൊന്നമരവും അതിന്‍മേല്‍ നിറച്ച് ഇത്തിക്കണ്ണിയുമുണ്ടായിരുന്നു). അതുകേട്ടു ഭൃത്യന്‍ ഉടനെ അപ്രകാരം ചെയ്തു. പിന്നെ മൂസ്സ് ആ മാപ്പിളയോട് "ആ മരുന്ന് ഉണക്കിപ്പൊടിച്ചു ദിവസംതോറും കാലത്തുകാലത്ത് ഒന്നരക്കഴഞ്ചു പൊടി കാഞ്ഞ വെള്ളത്തില്‍ സേവിക്കണം. ഒരു മുപ്പതുദിവസത്തില്‍ക്കുറയാതെ സേവിച്ചാല്‍ നല്ല സുഖമാകും" എന്നു പറഞ്ഞു. അതുകേട്ടു മാപ്പിള "കല്‍പനപോലെ ചെയ്യാം. തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ" എന്നു പറഞ്ഞു വീണ്ടും തൊഴുതുകൊണ്ടുപോയി.
ഇതിനുശേഷം ഏകദേശം ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ കറുത്തു തടിച്ചു കൂറ്റനായ ഒരു മാപ്പിള ഒരു ദിവസം വയസ്ക്കരെ വന്ന് ഒരു പുകയിലയും നാലഞ്ചു വെറ്റിലയും രണ്ടുമൂന്നു പഴുക്കടയ്ക്കയും കൂടി മൂസ്സവര്‍കളുടെ മുമ്പില്‍ വച്ചു വന്ദിച്ചു. അപ്പോള്‍ മൂസ്സ് അവര്‍കള്‍ ആ മാപ്പിളയോട് "എന്താ വന്നത്" എന്നു ചോദിചു.
തൃപ്പാദം കണ്ടു വന്ദിക്കാനായിട്ടാണ്"
മൂസ്സവര്‍കള്‍: ദീനവര്‍ത്തമാനം വല്ലതും പറയാനാണോ?"
മാപ്പിള: ഇപ്പോള്‍ അടിയനു വിശേഷിച്ചു പടുകാലമൊന്നുമില്ല. അടിയന്‍ ഒന്നൊന്നരമാസം മുമ്പ് ഇവിടെ വിടകൊണ്ടിരുന്നു. അന്ന് അടിയന്റെ ദേഹം വിളറി പച്ചക്കൂമ്പാളപോലെയാണിരുന്നിരുന്നത്. അതു കൊണ്ട് ആളറിഞ്ഞില്ലായിരിക്കും. അന്ന് അടിയനു രണ്ടു ചുവടുതികച്ചു നടക്കാന്‍ വയ്യായിരുന്നു. ഇപ്പോള്‍ അതൊക്കെ തിരുമനസ്സിലെ കൃപകൊണ്ടു ദേഭമായി. അടിയനിപ്പോള്‍ ചെങ്ങന്നൂരുനിന്നു കരയ്ക്കു നടന്നാണു വിടകൊണ്ടത്. അടിയനു സേവിക്കാന്‍ ചുണ്ടിക്കാണിച്ചു കൊണ്ട്) ഈ കൊന്നമരത്തിന്‍മേലേ ഇത്തിക്കണ്ണിയാണലോ കല്‍പിചു തന്നയച്ചത്. കല്‍പിച്ചതുപോലെ ആ മരുന്ന് ഉണക്കിപ്പൊടിച്ച് ഒരു മാസം കാഞ്ഞവെള്ളത്തില്‍ സേവിച്ചപ്പോള്‍ അടിയന്റെ പടുകാലമൊക്കെ മാറി സുഖമായി. എങ്കിലും അടിയന്‍ അതു പത്തു ദിവസംകൂടി, നാല്‍പതു ദിവസം തികച്ചു സേവിച്ചു. ആ മരുന്നു കുറച്ചുകൂടി ഇരിക്കുന്നുണ്ട്. ഇനിയും വേണമെങ്കില്‍ സേവിക്കാം. ഇപ്പോള്‍ അടിയനു പടുകാലമൊന്നുമില്ല. പണ്ടത്തെപ്പോലെ വേലകളെടുക്കുകയും നടക്കുകയുമൊക്കെ ചെയ്യാറായി. ഈ വര്‍ത്തമാനം ഇവിടെ വിടകൊണ്ട് അറിയിക്കാതെയിരിക്കുന്നതു നന്ദികേടാണല്ലോ എന്നു വിചാരിച്ചു മാത്രമാണ് അടിയനിപ്പോള്‍ വിടകൊണ്ടത്."
മൂസ്സവര്‍കള്‍: "ദീനം ഭേദമായാല്‍ ആ വിവരം പിന്നെയിവിടെ അറിയിക്കുന്നവര്‍ ചുരുക്കമാണ്. നിനക്ക് ഇങ്ങനെ വേണമെന്നു തോന്നിയല്ലോ. സന്തോഷമായി. ഇപ്പോള്‍ ദീനമൊന്നുമില്ലാത്തസ്ഥിതിക്ക് ആ മരുന്നിനി സേവിക്കണമെന്നില്ല" എന്നു പറഞ്ഞു.
മാപ്പിള: എന്നാല്‍ അടിയന്‍ വിടകൊള്ളട്ടെ!
മൂസ്സത്: (ഒരു രൂപയെടുത്ത് അവിടെ വെച്ചിട്ട്) "വഴിച്ചെലവിന് ഇതു കൂടിയിരിക്കട്ടെ" എന്നു പറഞ്ഞു.
മാപ്പിള: അയ്യോ! അടിയന് ഇതൊന്നും വേണ്ടാ. തിരുമനസ്സിലെ കൃപ കൊണ്ട് അടിയനിപ്പോള്‍ വേലയെടുക്കാറായല്ലോ.
മൂസ്സവര്‍കള്‍: "ആട്ടെ, കൊണ്ടുപൊയ്ക്കോ, സംശയിക്കേണ്ട. നീയൊരു പാവമല്ലേ?" എന്നും മറ്റും പറഞ്ഞു വീണ്ടും നിര്‍ബന്ധിക്കയാല്‍ മാപ്പിള രൂപയെടുത്തു വീണ്ടും തൊഴുതു യാത്രപറഞ്ഞുപോയി.
5.കാടമുറി ഗ്രാമത്തിലുള്‍പ്പെട്ട നാരായണമംഗലത്തില്ലത്തു കഴിഞ്ഞുപോയ അച്ഛന്‍ നമ്പൂരി അവര്‍കള്‍ ഒരു വിധം പ്രസിദ്ധിയോടും പ്രതാപത്തോടും കൂടിയിരുന്ന കാലത്ത് ഒരു ദിവസം അദ്ദേഹത്തിന്റെ മക്കളില്‍ ഒരുണ്ണിയോടും ഒരു പെണ്‍കിടാവിനോടുംകൂടി വയസ്ക്കര വന്നിരുന്നു. നമ്പൂരിയെക്കണ്ടപ്പോള്‍ മൂസ്സവര്‍കള്‍, "എന്താ, നാറാണമംഗലം വിശേഷിച്ച്?" എന്നു ചോദിച്ചു.
അച്ഛന്‍ നമ്പൂരി: വലിയ വിശേഷമൊന്നുമില്ല. ഈ ഉണ്ണിക്ക് ഒരു ചുമ തുടങ്ങീട്ട് ഏകദേശം ഒരു മാസമായി. പൊയ്ക്കൊള്ളും, പൊയ്ക്കൊള്ളും എന്നു വിചാരിച്ചിരുന്നിട്ട് അതു പോകുന്നില്ല. അതിനെന്താണിനി ചെയ്യേണ്ടത്?
മൂസ്സവര്‍കള്‍: ഹേ! ഉണ്ണിക്കാണോ സുഖക്കേട്? പെണ്ണിനായിരിക്കുമെന്നു ഞാന്‍വിചാരിച്ചു.
അച്ഛന്‍ നമ്പൂരി: പെണ്ണിനിപ്പോള്‍ സുഖക്കേടൊന്നുമില്ല ഞാന്‍ തോണിക്കാണു പോന്നത്, തോണിയില്‍ക്കേറാനുള്ള ഉത്സാഹംകൊണ്ട് അവളും പോന്നു എന്നേ ഉള്ളൂ.
മൂസ്സവര്‍കള്‍: ഉണ്ണിയുടെ സുഖക്കേടു സാരമുള്ളതല്ല. അതിനു കടുക്കയും ജീരകവുംകൂടി പൊടിച്ചു പഞ്ചസാര ചേര്‍ത്തു കൂടെക്കൂടെ കുറേശ്ശെ കൊടുത്താല്‍ മതി. നാലഞ്ചുദിവസം കഴിയുമ്പോഴേക്കും ഭേദമാകും. പെണ്ണിനെന്താ ചെയ്യേണ്ടതെന്നു ഞാന്‍സംശയിച്ചു.
അച്ഛന്‍ നമ്പൂരി: അവള്‍ക്കിപ്പോള്‍ ഒന്നും ചെയ്യണമെന്നു തോന്നുന്നില്ല.
മൂസ്സവര്‍കള്‍: വേണ്ട, വല്ലതും ചെയ്യണമെന്ന് എനിക്കും അഭിപ്രായമില്ല. അങ്ങനെ സംശയിച്ചു എന്നു പറഞ്ഞു എന്നേ ഉള്ളൂ.
അച്ഛന്‍നമ്പൂരി: ഞാന്‍ഇപ്പോള്‍ത്തന്നെ പോകുന്നു. സന്ധ്യയ്ക്കു മുമ്പ് അങ്ങോട്ടെത്തണം.
മൂസ്സവര്‍കള്‍: ഇപ്പോള്‍ത്തന്നെ പോകുന്നുവെങ്കില്‍ ഒട്ടും താമസിക്കേണ്ട. രാത്രിയില്‍ ഉപദ്രവമാണ്.
അച്ഛന്‍ നമ്പൂരി: അതെയതെ, രാത്രിയില്‍ വലിയ ഉപദ്രവമാണ് എന്നു പറഞ്ഞു.
അദ്ദേഹം അപ്പോള്‍ത്തന്നെ തോണികേറിപ്പോവുകയും സന്ധ്യയ്ക്കുമുമ്പായി ഇല്ലെത്തെത്തുകയും അന്യന്മാര്‍ക്ക് അറിയാവുന്ന വിധത്തില്‍ യാതൊരു സുഖക്കേടുമില്ലാതെയിരുന്ന ആ പെണ്‍കിടാവ് അന്നു രാത്രിയില്‍ത്തന്നെ മരിക്കുകയും ചെയ്തു. ആ പൊടിയുണ്ടാക്കി നാലഞ്ചുദിവസം കൊടുത്തപ്പോള്‍ ഉണ്ണിയുടെ ചുമ മാറി സുഖമാവുകയും ചെയ്തു.
6. കായംകുളത്തിനു സമീപം "എരുവ" എന്ന സ്ഥലത്ത് ഒരു സ്ത്രീ (ആളെ സ്പഷ്ടമായി പറഞ്ഞാല്‍ അവര്‍ക്കതു രസിക്കാതെവന്നെങ്കിലോ എന്നു വിചാരിച്ച് അങ്ങനെ ചെയ്യാത്തതാണ്) പ്രസവിച്ചതോടുകൂടി പൊട്ടിക്കീറി രണ്ടു ദ്വാരങ്ങള്‍ ഒന്നായിത്തീര്‍ന്ന് മലവും മൂത്രവും ഒരു മാര്‍ഗ്ഗമായിത്തന്നെ പുറത്തേക്കു പോയിത്തുടങ്ങി. ആ സ്ത്രീയുടെ ഭര്‍ത്താവും മറ്റും പല നാട്ടുവൈദ്യന്മാരോടും പറഞ്ഞിട്ടും ഇതിലേക്ക് ഒരു സമാധാനവുമുണ്ടായില്ല. "ആസ്പത്രിയില്‍ കൊണ്ടുപോയി തുന്നിക്കെട്ടാതെ ഇതു ശരിയാകുന്ന കാര്യം അസാദ്ധ്യമാണ്" എന്നാണ് എല്ലാവരും പറഞ്ഞത്. അതിന് ആ സ്ത്രീക്കും സ്ത്രീയുടെ ഭര്‍ത്താവു മുതലായവര്‍ക്കും നല്ല സമ്മതമില്ലായിരുന്നു. "വയസ്ക്കരത്തിരുമനസ്സിലെ അടുക്കല്‍കൂടി അറിയിച്ചിട്ട് അവിടുന്നും ഇങ്ങനെതന്നെ അഭിപ്രായപ്പെടുകയാണെങ്കില്‍ പിന്നെ എന്തുവേണം എന്നാലോചിക്കാം" എന്നു പറഞ്ഞു നിശ്ചയിച്ച് ആ സ്ത്രീയുടെ ഭര്‍ത്താവും മറ്റും കൂടി വയസ്ക്കരെ വന്നു. ഇത് ഒരു ദിവസം കാലത്തായിരുന്നു. ആ സമയം ആര്യന്‍ നാരായണന്‍മൂസ്സ് അവര്‍കള്‍ കുളപ്പുരയുടെ മുറ്റത്താണ് ഇരുന്നിരുന്നത്. കുളിക്കാന്‍ ചെന്നപ്പോള്‍ കടവില്‍ അവിടുത്തെ അമ്മ കുളിക്കുന്നുണ്ടായിരുന്നതിനാലാണ് അവിടെ ഇരുന്നത്. ആ മുറ്റത്തു കുറേശ്ശെ മുത്തങ്ങാംപുല്ലു നില്‍ക്കുന്നുണ്ടായിരുന്നു. ആ പുല്ലു പറിച്ചുകൊണ്ടാണ് അവിടുന്ന് അവിടെ ഇരുന്നിരുന്നത്. അപ്പോള്‍ ഇവര്‍ അടുത്തുചെന്നു വന്ദിച്ചു. സ്ത്രീയുടെ സുഖക്കേടിന്റെ വിവരമെല്ലാമറിയിച്ചു. അതെല്ലാംകേട്ടുകഴിഞ്ഞപ്പോള്‍ മൂസ്സവര്‍കള്‍ നാലഞ്ചുകൂട്ടം മരുന്നുകളുടെ പേരു പറഞ്ഞിട്ട്, "ഇവയെലാം കൂടിയിട്ട കഷായംവെചു പഞ്ചസാര മേമ്പൊടിയായിട്ട് കൊടുക്കുക. കഷായമൊരു മുപ്പതുദിവസം കൊടുത്തേക്കണം" എന്നു പറഞ്ഞു. അപ്പോഴേക്കും കടവൊഴിയുകയാല്‍ അവിടുന്നു കുളിക്കാന്‍ പോവുകയും ചെയ്തു. മരുന്നുകള്‍ കേട്ടു ധരിക്കാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കുറിച്ചുകൊടുത്തില്ല. അവിടുന്നു പറഞ്ഞ മരുന്നുകളുടെ കൂട്ടത്തില്‍ മുത്തങ്ങാക്കിഴങ്ങുമുണ്ടായിരുന്നു. അവിടുന്ന് അവിതെ പറിച്ചുകൂട്ടിയ മുത്തങ്ങാപ്പുല്ലു കിഴങ്ങോടുകൂടിയതുമായിരുന്നു. അതിനാലവര്‍ "നമുക്കു മുത്തങ്ങാക്കിഴങ്ങും വേണമല്ലോ. അതുതിരുമനസ്സിലെ തൃക്കൈകൊണ്ടു പറിച്ചതും ഈ മുറ്റത്തു മുളച്ചതുമാകയാല്‍ ഇതിന് പ്രത്യേകമായൊരു മാഹാത്മ്യമുണ്ടായിരിക്കും" എന്നു പറഞ്ഞ് അതെല്ലാം വാരിയെടുത്തു പൊതിഞ്ഞുകെട്ടിക്കൊണ്ടുപോയി.
ആ കഷായം പത്തുപതിനഞ്ചുദിവസം സേവിച്ചപ്പോഴേക്കും സ്ത്രീക്കു പൊട്ടിക്കീറിയിരുന്ന സ്ഥലം കൂട്ടിപ്പിടിച്ച് ഉണങ്ങിത്തുടങ്ങുകയും മലമൂത്രങ്ങള്‍ യഥാകാലം രണ്ടുവഴിയായിത്തന്നെ വേണ്ടപോലെ പോയിത്തുടങ്ങുകയും ചെയ്തു. ഒരു മാസം കഷായം സേവിച്ചപ്പോഴേക്കും എല്ലാം യഥാപൂര്‍വ്വം ശരിയായി സ്ത്രീ പൂര്‍ണ്ണസുഖത്തെ പ്രാപിച്ചു. ആ സ്ത്രീ പിന്നെയും നാലഞ്ചു പ്രസവിച്ചു. യാതൊരപകടവുമുണ്ടായില്ല. അവര്‍ ഇപ്പോഴും സുഖമായി ജീവിച്ചിരിക്കുന്നുണ്ട്.
ആസ്പത്രിയില്‍ കൊണ്ടുപോയി തുന്നിക്കെട്ടാതെ ഇതു ശരിയാവുകയില്ല എന്നു പറഞ്ഞ ചില വൈദ്യന്മാരോട് ഈ സ്ത്രീയുടെ ഭര്‍ത്താവ് ഈ വിവരം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്, "ആസ്പത്രിയില്‍ കൊണ്ടുപോയി തുന്നിക്കെട്ടാതെ മനുഷ്യര്‍ വിചാരിച്ചാല്‍ ഇതു ശരിയാക്കാന്‍ സാധിക്കയില്ല എന്നല്ലേ പറഞ്ഞത്? വയസ്ക്കരത്തിരുമേനി കേവലം മനുഷ്യനല്ല. സാക്ഷാല്‍ ധന്വന്തരിയുടെ ഒരവതാരമാണ്. അവിടുന്നു വിചാരിച്ചാല്‍ അസാദ്ധ്യമായിട്ടൊന്നുമില്ല" എന്നാണ്.
7. കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ പള്ളിപ്പാട്ടുദേശത്തു കോയിക്കലേത്തായ ഈരിക്കല്‍വീട്ടില്‍ കേശവപ്പിള്ള എന്നു പ്രസിദ്ധനായ ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരിക്കല്‍ ഒരു സുഖക്കേടുണ്ടായി. അതു മൂത്രമൊഴിവായിരുന്നുവെങ്കിലും സാധാരണമട്ടിലല്ലായിരുന്നു. നേരം വെളുക്കുമ്പോള്‍ അടിവയറ്റില്‍നിന്ന് ഒരെരിച്ചില്‍ മേല്‍പോട്ടു കയറിവരും. അതു തൊണ്ടവരെയാകുമ്പോള്‍ തൊണ്ടയും നാവും ഉണങ്ങി വരണ്ടു ദാഹം തുടങ്ങും. വെള്ളം കുടിച്ചു തുടങ്ങിയാല്‍ മൂത്രം പോയിത്തുടങ്ങും. പകല്‍ പല പ്രാവശ്യമായിട്ട് മൂന്നു നാലു പറയോളം വെള്ളം കുടിക്കും. പല തവണയായിട്ട് അത്രയും തന്നെ മൂത്രം പോവുകയും ചെയ്യും. രാത്രിയാകുമ്പോള്‍ ദാഹവും വെള്ളംകുടിയും മൂത്രംപോക്കും കുറഞ്ഞു സാമാന്യംപോലെയാകും. ഇങ്ങനെയായിരുന്നു ദീനത്തിന്റെ സ്വഭാവം. ഇതിനു കേശവപിള്ളയവര്‍കള്‍ അനേകം വൈദ്യന്മാരെ വരുത്തുകയും അവരുടെ വിധിപ്രകാരം പല പല ചികിത്സകള്‍ ചെയ്തുനോക്കുകയും ചെയ്തു. നാട്ടുവൈദ്യന്മാരും ഇംഗ്ലീഷുവൈദ്യന്മാരും മാറി മാറി പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചു നോക്കീട്ടും ദീനത്തിനു യാതൊരു കുറവുമുണ്ടായില്ല. ഇങ്ങനെ അഞ്ചാറുമാസം കഴിഞ്ഞപ്പോഴേക്കും പരസഹായം കൂടാതെ എണീക്കാന്‍പോലും വയാത്തവിധത്തില്‍ കേശവപിള്ള അവര്‍കള്‍ ഏറ്റവും പരവശനായിത്തീര്‍ന്നു. ഇത്രയുമായതിന്റെ ശേഷം അദ്ദേഹം വള്ളംവഴി ഒരു വിധത്തില്‍ വയക്കരെ വന്നെത്തി, ദീനത്തിന്റെ സ്വഭാവവും അതുവരെ ചെയ്ത ചികിത്സകളുടെ വിവരവുമെല്ലാം ആര്യന്‍ നാരായണന്‍മൂസ്സവര്‍കളുടെ അടുക്കല്‍ അറിയിച്ചു. അവിടുന്ന് അതെല്ലാം കേട്ടു കഴിഞ്ഞതിന്റെ ശേഷം ഒരു നെയ്ക്കു ചാര്‍ത്തിക്കൊടുക്കുകയും ആ നെയ്യു കാച്ചി പതിവായി കാലത്തുകാലാത്ത് അരയ്ക്കാല്‍ത്തുടംവീതം ചൂടുള്ള കഞ്ഞിയിലൊഴിച്ചു കുടിക്കാന്‍ പറയുകയും ചെയ്തു. കേശവപിള്ള അവര്‍കള്‍ ചാര്‍ത്തുവാങ്ങി ഒരാളെക്കൊണ്ടു വായിപ്പിച്ചു കേട്ടതിന്റെ ശേഷം "ഈ നെയ്യു മുന്നാഴി വീതം മൂന്നുപ്രാവശ്യം കാച്ചിസ്സേവിച്ചിട്ട് ഒരു ഗുണവുമുണ്ടായില്ല" എന്നറിയിച്ചു.
മൂസ്സവര്‍കള്‍: ആട്ടെ, ഒരു മുന്നാഴികൂടി കാചുക; ഗുണമുണ്ടാകും.
കേശവപിള്ള: ഇയ്യിടെ കാച്ചിയ ഒരു മുന്നാഴി നെയ്യ് ഇരിക്കുന്നുണ്ട്. അതുപയോഗിച്ചാല്‍ മതിയാകുമോ?
മൂസ്സവര്‍കള്‍: അതുവേണ്ട. ഈ കുറിപ്പനുസരിച്ചു വേറെതന്നെ മുന്നാഴി കാച്ചുകയാണു നല്ലത്.
കേശവപിള്ള: കല്പനപോലെ ചെയ്യാം എന്നു പറഞ്ഞു
വീണ്ടും വന്ദിച്ചുകൊണ്ട് തോണികേറി അപ്പോള്‍ത്തന്നെ പോവുകയും ചെയ്തു. വയസ്ക്കരനിന്നു കൊടുത്ത ചാര്‍ത്തനുസരിച്ചു കേശവപിള്ള അവര്‍കള്‍ പിന്നേയും മുന്നാഴി നെയ്യ് യഥാക്രമം കാച്ചിയരിപ്പിക്കുകയും അതു കാച്ചിയരിച്ചതിന്റെ പിറ്റേദിവസം രാവിലെ കഞ്ഞി വെയ്പ്പിച്ച് അരയ്ക്കാല്‍ത്തുടം നെയ്യുമൊഴിച്ചു ചെറുചൂടോടുകൂടി കഞ്ഞി കുടിക്കുകയും ചെയ്തു. അടിവയറ്റില്‍നിന്നുള്ള എരിച്ചില്‍ മേല്പോട്ട് കേറിവന്നു തുടങ്ങിയപ്പോഴാണ് കഞ്ഞി കുടിച്ചത്. ആദ്യം കുടിച്ച ആ ഒരു പിലാവിലക്കഞ്ഞി കീഴ്പോട്ടു ഇറങ്ങിയതോടുകൂടി ആ എരിച്ചിലും കീഴ്പോട്ടിറങ്ങി. പിന്നെ ആ എരിച്ചില്‍ ഒരിക്കലും മേല്പോട്ടു കയറിവന്നില്ല. അതിനാല്‍ ക്രമത്തിലധികമുണ്ടായിരുന്ന ദാഹവും വെള്ളം കുടിയും മൂത്രംപോക്കുമെല്ലാം അതോടുകൂടി നിന്നു. പിന്നെ അതൊന്നും അദ്ദേഹത്തിന് ഒരിക്കലുമുണ്ടായിട്ടില്ല. വാസ്തവം വിചാരിച്ചാല്‍ ആ ഒരു പിലാവിലക്കഞ്ഞി കുടിച്ചതോടുകൂടിത്തന്നെ കേശവപിള്ള അവര്‍കളുടെ സുഖക്കേടുകളെല്ലാം ഭേദമായിയെന്നു പറയേണ്ടിയിരിക്കുന്നു. എങ്കിലും അദ്ദേഹം ആ മുന്നാഴി നെയ്യ് തീരുന്നതുവരെ അരയ്ക്കാല്‍ത്തുടംവീതം പതിവായി കഞ്ഞിയിലൊഴിച്ചു കുടിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ക്ഷീണമെല്ലാം മാറി യഥാപൂര്‍വ്വം ബലവത്തരമായിത്തീരുകയും പിന്നെയും അദ്ദേഹം ഏതാനും കൊല്ലം സുഖമായി ജീവിച്ചിരിക്കുകയും ചെയ്തു. അദ്ദേഹം അജീവനാന്തം ഈ സംഗതിയെക്കുറിച്ച് കൃതജ്ഞതാപൂര്‍വ്വം പലരോടും പറയറുണ്ടായിരുന്നു. "ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കുവേണ്ടി നമ്മുടെ ഗവര്‍മ്മെന്റ് പ്രതിവത്സരം വളരെ പണം വ്യയം ചെയ്യുന്നുണ്ടല്ലോ. എന്നാല്‍ ഏറിയൊരു ജനങ്ങളുടെ ജീവന്‍ രക്ഷിച്ചുകൊണ്ടിരിക്കുന്ന വയസ്ക്കരത്തിരുമേനിക്കു ഗവര്‍മ്മെന്റില്‍ നിന്നു പറയത്തക്കവണ്ണമുള്ള ധനസഹായമൊന്നും ചെയ്യാത്തതു കഷ്ഠം തന്നെ. ഡര്‍ബാര്‍ ഫിസിഷ്യനു ഗവര്‍മ്മെന്റു പ്രതിമാസം ആയിരംരൂപ വീതമാണ് കൊടുക്കുന്നതെങ്കില്‍ വയസ്ക്കരത്തിരുമേനിക്കു പതിനായിരം വീതം കൊടുക്കണം. അത്രയ്ക്കുമാത്രം രക്ഷ അവിടുന്നു ജനങ്ങള്‍ക്കു ചെയ്യുന്നുണ്ട്" എന്നും മറ്റുമായിരുന്നു കേശവപിള്ള അവര്‍കള്‍ പറഞ്ഞിരുന്നത്.
8. കുമാരനല്ലൂര്‍ ഗ്രാമവാസിയും കുമാരനല്ലൂര്‍ അമ്പലപ്പുഴ മുതലായ മഹാക്ഷേത്രങ്ങളിലെ തന്ത്രിയും പ്രസിദ്ധ കര്‍മ്മിയുമായ "കുടിയക്കോല്‍" അച്ഛന്‍ തുപ്പന്‍ നമ്പൂരി അവര്‍കള്‍ ഒരിക്കല്‍ അരോചകരോഗബാധിതനായിത്തീര്‍ന്നു. കഞ്ഞി, ചോറ്, കാപ്പി, ചായ, പലഹാരങ്ങള്‍, പഴങ്ങള്‍ മുതലായി യാതൊന്നിനും രുചിയില്ലാതെ വരികയാല്‍ ഭക്ഷണമൊന്നും കഴിക്കാതെയാവുകയും തന്നിമിത്തം ക്ഷീണം വര്‍ദ്ധിക്കുകയും അച്ഛന്‍ നമ്പൂരി അവര്‍കള്‍ക്കു പരസഹായം കൂടാതെ എണീറ്റിരിക്കാന്‍പോലും വയ്യാതായിത്തീരുകയും ചെയ്തു. അനേകം വൈദ്യന്മാര്‍ മാറി മാറി പല ചികിത്സകള്‍ ചെയ്തുനോക്കീട്ടും ഒരു ഫലവും കാണായ്കയാല്‍ ഒടുക്കം അപ്ഫന്‍ നമ്പൂരിയവര്‍കള്‍ വയസ്ക്കരവാന് ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളെ കൊണ്ടുപോയി. മൂസ്സവര്‍കള്‍ കുടിയക്കോലില്ലത്തെത്തി അച്ഛന്‍ നമ്പൂരി അവര്‍കളെ കണ്ടപ്പോള്‍ "കുടിയക്കോലിനു യാതൊന്നിനും രുചിയില്ലേ? എന്തെങ്കിലും ഭക്ഷിക്കാമെന്നോ കുടിക്കാമെന്നോ തോന്നന്നുണ്ടോ?" എന്നു ചോദിച്ചു.
അച്ഛന്‍ നമ്പൂരി അവര്‍കള്‍: എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല.
മൂസ്സവര്‍കള്‍: കുമാരനെല്ലൂരമ്പലത്തിലെ ഇടിച്ചുപിഴിഞ്ഞ പായസമായാലോ?
അച്ഛന്‍ നമ്പൂരി അവര്‍കള്‍: എന്തോ പരീക്ഷിച്ചുനോക്കണം.
മൂസ്സവര്‍കള്‍: (അപ്ഫന്‍ നമ്പൂരി അവര്‍കളോട്) അതിനു രുചിയില്ലാതെ വരികയില്ല. അവിടെ ഇടിച്ചുപിഴിഞ്ഞ പായസം പതിവായിട്ടുണ്ടായിരിക്കുമല്ലോ. കുടിയക്കോല്‍ അവിടെ തന്ത്രിയായതുകൊണ്ട് അതു കിട്ടാനും പ്രയാസമുണ്ടാവില്ല. അതു വരുത്തി ദിവസം തോറും രണ്ടു പ്രാവശ്യം വീതം കുറേശ്ശെ കൊതുക്കണം. അങ്ങനെ രണ്ടുമൂന്നു ദിവസം കഴിയുമ്പോള്‍ കഞ്ഞിയും ചോറുമൊക്കെ കഴിച്ചു തുടങ്ങും. ഭക്ഷണം കഴിച്ചുതുടങ്ങിയാല്‍ ക്രമേണ ക്ഷീണം മാറും. അത്രയും മതിയല്ലോ.
അപ്ഫന്‍ നമ്പൂരി അവര്‍കള്‍: ദീനവും ക്ഷീണവും മാറിയാല്‍ മതി. പായസം ഇന്നു മുതല്‍ക്കുതന്നെ വരുത്തിക്കൊടുക്കാം. വേറെ മരുന്നു വേണ്ടെന്നോ?
മൂസ്സവര്‍കള്‍: മരുന്നോ? ഇതുതന്നെ ഒരു മരുന്നാണ്. പിന്നെ (അപ്പോള്‍ അവിടെ മുറ്റത്തു നില്‍ക്കുന്ന മാവിന്റെ ചുവട്ടില്‍ തളിരു ധാരാളം വീണുകിടക്കുന്നുണ്ടായിരുന്നു. അതു ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ മാന്തളിര്, ഇഞ്ചി, കൂവളത്തിന്‍ വേര് തൊലി കളഞ്ഞ്, മലര്, ഇവയിട്ടു കഷായംവെച്ച് അരക്കഷായം വീതം രണ്ടുനേരവും പഞ്ചസാര മേന്‍പൊടി ചേര്‍ത്തു കൊടുക്കുകകൂടി ചെയ്തേക്കണം. അതു മതി എന്നു പറഞ്ഞു മൂസ്സവര്‍കള്‍ അപ്പോള്‍ത്തന്നെ മടങ്ങിപ്പോരികയും ചെയ്തു. അന്നുതന്നെ കുമാരനെല്ലൂര്‍നിന്ന് ഇടിച്ചുപിഴിഞ്ഞ പായസം വരുത്തിക്കൊടുത്തു. അച്ഛന്‍നമ്പൂരിയവര്‍കള്‍ അപ്പോഴും വൈകുന്നേരവും കുറേശ്ശെ ഉണ്ടു. അന്നുതന്നെ കഷായവുമുണ്ടാക്കിക്കൊടുത്തുതുടങ്ങി. അങ്ങനെ രണ്ടുമൂന്നു ദിവസം രണ്ടുനേരവും കഷായം സേവിക്കുകയും പായസമുണ്ണുകയും ചെയ്തപ്പോള്‍ അച്ഛന്‍ നമ്പൂരിയവര്‍കള്‍ക്കു രുചിയുണ്ടായിത്തുടങ്ങുകയും ചെയ്തു. അഞ്ചാറു ദിവസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം സാമാന്യംപോലെ ഊണു കഴിച്ചുതുടങ്ങി. കിം ബഹുനാ? പത്തുപതിനഞ്ചു ദിവസം കൊണ്ട് അച്ഛന്‍നമ്പൂരിയവര്‍കള്‍ ദീനം മാറി സ്വസ്ഥശരീരനായിത്തീര്‍ന്നു. ഈ സംഗതി അദ്ദേഹവും അപ്ഫന്‍നമ്പൂരിയവര്‍കള്‍ മുതലായവര്‍ ഇപ്പോഴും ചിലപ്പോള്‍ പ്രസംഗവശാല്‍ കൃതജ്ഞതാപൂര്‍വം പറയാറുണ്ട്.
9. ഒരു കഥകളിയോഗത്തിലെ പ്രധാനനും പ്രസിദ്ധനും നല്ല വേഷക്കാരനും ആട്ടക്കാരനുമായിരുന്ന തകഴിയില്‍ വേലുപ്പിള്ള ഒരിക്കല്‍ വയസ്ക്കരയിലത്തു വന്നപ്ഫോള്‍ ആര്യന്‍ നാരായണന്‍മൂസ്സ് അവര്‍കള്‍ "വേലുപ്പിള്ള തനിച്ചോ? യോഗത്തോടുകൂടിയോ?" എന്നു ചോദിച്ചു.
വേലുപ്പിള്ള: യോഗത്തോടുകൂടിത്തന്നെയാണ്.
മൂസ്സവര്‍കള്‍: ഇന്നു കളി എവിടെയാണ്?
വേലുപ്പിള്ള: കാരാപ്പുഴെ അമ്പലക്കടവിലമ്പലത്തില്‍.
മൂസ്സവര്‍കള്‍: നാളെയോ?
വേലുപ്പിള്ള: നാളെ ഇവിടെ തിരുമുമ്പിലെന്നാണ് അടിയന്‍ വിചാരിച്ചിരിക്കുന്നത്.
മൂസ്സവര്‍കള്‍: ഓഹോ, വിരോധമില്ല. നേരത്തെ പെട്ടിയും കോപ്പും ഇങ്ങോട്ടെടുപ്പിച്ചോളൂ.
ഇതുകേട്ടു വേലുപ്പിള്ള സന്തോഷത്തോടുകൂടി വീണ്ടും വന്ദിച്ചു കൊണ്ടുപോയി.
വേലുപ്പിള്ള പറഞ്ഞതുപോലെ അന്ന് കാരാപ്പുഴ കളിയുണ്ടായിരുന്നു. കഥ നളചരിതം രണ്ടാം ദിവസത്തേതായിരുന്നു. വേലുപ്പിള്ള നളന്റെ വേഷംകെട്ടി ആടിക്കൊണ്ടുനിന്ന സമയം ഒരു ചെവിപ്പൂവു താഴെ വീണു. അതു കോല്‍ മേല്പോട്ടായിട്ടു കമഴ്ന്നാണ് വീണത്. അതറിയാതെ വേലുപ്പിള്ള അതിന്റെ മീതെ ചവിട്ടി. ചവിട്ടു നല്ല ഊക്കോടു കൂടിയായിരുന്നു. ചെവിപ്പൂവിന്റെ കോല്‍ വേലുപ്പിള്ളയുടെ ഉള്ളങ്കാലില്‍ കുത്തിക്കേറി. അതിന്റെ അഗ്രം മറുവശത്തുവന്നു. അതോടുകൂടി വേലു പ്പിള്ള ബോധംകെട്ടു പുറകോട്ടു മലര്‍ന്നു. ഉടന്‍ പാട്ടുകാരും മേളക്കാരും കൂടി താങ്ങിപ്പിടിച്ചതുകൊണ്ട് നിലത്തു വീണില്ല. അവര്‍ വേലുപ്പിള്ളയെ താങ്ങിയെടുത്ത് അണിയറയില്‍ കൊണ്ടുചെന്നു കിടത്തി. കോപ്പുകളെല്ലാമൊരുവിധത്തില്‍ അഴിച്ചെടുക്കുകയും ഉള്ളങ്കാലില്‍ തറച്ചിരുന്ന ചെവിപ്പൂവൂരിയെടുക്കുകയും ചെയ്തു. വേലുപ്പിള്ളയുടെ മുറിവുപറ്റിയ ആ കാലിലിരുന്ന സ്ഥലമെല്ലാം രക്തമയമായി. ഉടുത്തുകെട്ടു മുതലായവയും മിക്കവാറും രക്തംകൊണ്ടു നനഞ്ഞു. വേലുപ്പിള്ളയ്ക്ക് ഈ ആപത്തുപറ്റിയതോടുകൂടി അന്നത്തെ കളി അവസാനിക്കുകയും കാഴ്ചക്കാരെല്ലാം പിരിയുകയും ചെയ്തു. സ്ഥലത്തെ ചില പ്രധാനന്മാരും വേലുപ്പിള്ളയുടെ ശിഷ്യന്മാരും മറ്റും മാത്രമേ പിന്നെയവിടെയുണ്ടായിരുന്നുള്ളൂ. അവര്‍ ചില ശുശ്രൂഷകള്‍ ചെയ്തുകൊണ്ട് വേലുപ്പിള്ളയുടെ ചുറ്റും കൂടി. അവര്‍ വേലുപ്പിള്ളയ്ക്കു ജലധാരയോ ഏതാണ്ടൊക്കെ ചെയ്തതിനാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ബോധം വീണു. അപ്പോള്‍ വേദനയുടെ കാഠിന്യംകൊണ്ട് വേലുപ്പിള്ള നിലവിളിച്ചുതുടങ്ങി. അങ്ങനെ "അവിദിതഗതയാമാരാത്രിരേവം വ്യരംസീല്‍" എന്നുള്ളതുപോലെതന്നെ നേരം വെളുത്തു.അപ്പോഴേക്കും വേലുപ്പിള്ളയുടെ ആ ഒരു കാലിന്മേല്‍ മുഴുവനും നീരുവന്നു വീര്‍ത്തിരുന്നു. മുട്ടിനു താഴെ വലിയ മന്തുപോലെയല്ല, അതിലധികം നീരുണ്ടായിരുന്നു. വേദനകൊണ്ട് കാലു മാറ്റിവെയ്ക്കാനെന്നല്ല, കാലിന്മേല്‍ തൊടാന്‍പോലും വയ്യായിരുന്നു. പിന്നെ എല്ലാവരും കൂടിഎന്താ വേണ്ടതെന്ന് ആലോചനയായി. വേലുപ്പിള്ള ഈ സ്ഥിതിയിലായിപ്പോയതുകൊണ്ട് അന്നു വയസ്ക്കരെ കളിയുണ്ടാവുകയില്ലെന്നുതന്നെ തീര്‍ച്ചപ്പെടുത്തി. എങ്കിലും ഈ വിവരം അവിടെ അറിയിക്കുകയും ഇതിനെന്താണു ചെയ്യേണ്ടതെന്നു ചോദിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണല്ലോ എന്നു വിചാരിച്ച് വേലുപ്പിള്ളയുടെ ശിഷ്യന്മാരില്‍ ചിലര്‍ ഓടി വയസ്ക്കരെയെത്തി വിവരമെല്ലാമറിയിച്ചു. അപ്പോള്‍ മൂസ്സവര്‍കള്‍, "വേലുപ്പിള്ളയ്ക്കു വേഷം കെട്ടാന്‍ വയ്യെങ്കിലും കളി വേണ്ടെന്നു വിചാരിക്കുന്നില്ല. അതു വേണമെന്നു നിശ്ചയിച്ചതല്ലേ? വേഷം കേട്ടാവുന്നവര്‍ കെട്ടിയാല്‍ മതി. പെട്ടിയും കോപ്പും ഇങ്ങോട്ടുകൊണ്ടുപോരട്ടെ. വേലുപ്പിള്ളയേയും ഇങ്ങോട്ടു കൊണ്ടുവരിക. എന്താ ചെയ്യേണ്ടതെന്നു കണ്ടിട്ടു നിശ്ചയിക്കാം" എന്നാണു പറഞ്ഞത്. അതു കേട്ടു വേലുപ്പിള്ളയുടെ ശിഷ്യന്മാര്‍ ഓടിപ്പോയി വേലുപ്പിള്ളയെ ഒരു മഞ്ചലിലാക്കിയെടുത്ത് വയസ്ക്കരെ കൊണ്ടുവന്നു. പെട്ടിയും കോപ്പുമായി ശേഷമുണ്ടായിരുന്നവരും പിന്നാലെ അവിടെ വന്നുചേര്‍ന്നു.
അന്നു വയസ്ക്കരയില്ലത്തിന്റെ തെക്കുവശത്തു പടിഞ്ഞാറുമാറി (ഇപ്പോഴത്തെ പുത്തന്‍മാളികയുടെ സ്ഥാനത്തുതന്നെ) രണ്ടുമൂന്നുമുറികളും ഒരു പൂമുഖവും പടിഞ്ഞാട്ട് ഒരു മുഖപ്പും മറ്റുമായ് ഒരു കെട്ടിടമുണ്ടായിരുന്നു.
പകല്‍സമയങ്ങളില്‍ മൂസ്സവര്‍കള്‍ ആ പൂമുഖത്താണ് സാധാരണയായ് ഇരിക്കുക പതിവ്. വേലുപ്പിള്ളയെ കൊണ്ടുവന്ന സമയത്തും മൂസ്സവര്‍കള്‍ അവിടെയുണ്ടായിരുന്നു. വേലുപ്പിള്ളയുടെ കാലിന്മേലുണ്ടായിരുന്ന നീരും മുറിവുമെല്ലാം നോക്കിക്കണ്ടതിന്റെ ശേഷം അവിടുന്ന് അകത്തുപോയി എന്തോ ഒരു തൈലം ഏകദേശം ഒരു തുടത്തോളം ഒരു ഇരുമ്പുകരണ്ടിയിലെടുത്തു കൊണ്ടുവന്നു കൊടുത്തിട്ട് "വേലുപ്പിള്ളയെ ആ മുഖപ്പില്‍ക്കൊണ്ടു പോയിക്കിടത്തി, നീരും മുറിവുമുള്ള സ്ഥലത്തൊക്കെ തൈലം പുരട്ടുക. ഒരു നാഴിക കഴിയുമ്പോള്‍ പിന്നെയും പുരട്ടണം. അങ്ങനെ മൂന്നു പ്രാവശ്യം പുരട്ടിയാല്‍ കൊള്ളാം. അതിനിടയ്ക്ക് വേലുപ്പിള്ള ഉറങ്ങിയെങ്കില്‍ പിന്നെ പുരട്ടണമെന്നില്ല. ഉണരുമ്പോള്‍ കഞ്ഞി കൊടുക്കണം. ഉറക്കം മത്യായിട്ട് ഉണരുകയലാതെ ഇടയ്ക്ക് ഉണര്‍ത്തരുത്" എന്ന് വേലുപ്പിള്ളയുടെ ശിഷ്യന്മാരോടു പറയുകയും ആട്ടക്കാര്‍ക്ക് അരിയും കോപ്പുകളും കൊടുക്കുന്നതിന് കാര്യസ്ഥനെ വിളിച്ചു ചട്ടംകെട്ടുകയും ചെയ്തിട്ടു കുളിക്കാന്‍ പോയി.
ആ തൈലം രണ്ടുപ്രാവശ്യം പുരട്ടിയപ്പോഴേക്കും വേലുപ്പിള്ളഉറങ്ങിത്തുടങ്ങി. ആ ഉറക്കം ഏകദേശം മൂന്നുമൂന്നരമണിക്കൂര്‍നേരമുണ്ടായി. വേലുപ്പിള്ള ഉണര്‍ന്നപ്പോഴേക്കും കാലിന്മേലുണ്ടായിരുന്ന നീരും വേദനയുമെല്ലാം പോയിരുന്നു. മുറിവിന്റെ പാടുപോലും കാണ്മാനുണ്ടായിരുന്നില്ല. നിലത്തു ചവിട്ടിയാലും നടന്നാലും എന്നല്ല, വിരല്‍കൊണ്ടു കുത്തിയാല്‍പ്പോലും ആ മുറിഞ്ഞ സ്ഥലത്തുപോലും വേദനയില്ലായിരുന്നു. പിന്നെ വേലുപ്പിള്ളയ്ക്കു സ്വല്പം ക്ഷീണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഞ്ഞികുടി കഴിഞ്ഞപ്പോള്‍ അതും മാറി.
വേലുപ്പിള്ള പകലെ പോയി കുളിക്കുകയും പതിവുപോലെ ഊണുകഴിക്കുകയും രാത്രിയില്‍ വേഷം കെട്ടി വെടിപ്പായിട്ടാടുകയും ചെയ്തു. അന്നും കഥ നളചരിതം രണ്ടാംദിവസത്തേതും നളന്റെ വേഷം കെട്ടിയത് വേലുപ്പിള്ളയുമായിരുന്നു. കളി കഴിഞ്ഞപ്പോള്‍ നേരം വെളുത്തു. വേലുപ്പിള്ള വേഷമഴിച്ചു മുഖവും തുടച്ചു മുണ്ടും മാറിയുടുത്ത് മൂസ്സ് അവര്‍കളുടെ മുമ്പില്‍ച്ചെന്നു നിന്നു. അപ്പോള്‍ മൂസ്സ് അവര്‍കള്‍, "വേലുപ്പിള്ളയുടെ ആട്ടം ഇന്നലെ പതിവിലധികം നന്നായി. കുറച്ചധികം മനസ്സിരുത്തിയിരിക്കും" എന്നു പറഞ്ഞു. പതിവുള്ള പണവും വിശേഷാല്‍ സമ്മാനമായി രണ്ടു മുണ്ടും കൊടുത്തു. വേലുപ്പിള്ള അതു തൊഴുതു വാങ്ങീട്ട്, "അടിയന് ഇന്നലെ വേഷം കെട്ടുന്നതിനും തൃക്കൈയില്‍നിന്ന് ഇന്നിതു വാങ്ങുന്നതിനും സംഗതിയാകുമെന്ന് അടിയന്‍ ഒട്ടുംതന്നെ വിചാരിച്ചിരുന്നില്ല. അടിയനുണ്ടായ ആ ആപത്ത് ഇത്ര ക്ഷണത്തില്‍ ഭേദപ്പെട്ടു സുഖമായത് തിരുമനസ്സിലെ കൃപകൊണ്ടുതന്നെയാണ്" എന്നുപറഞ്ഞു.
മൂസ്സവര്‍കള്‍: വേലുപ്പിള്ളയുടെ സുഖക്കേടൊക്കെ ഭേദമായിയെന്നാണോ വിചാരിക്കുന്നത്? അതു ഭേദമായിട്ടില്ല. ആ മുറിവു പറ്റിയത് ഒരു വല്ലാത്ത സ്ഥലത്താണ്. അതു ഭേദമാകുന്നതിന് ഒരു മൂന്നു മാസത്തില്‍ക്കുറയാതെ വേണ്ടിവരും. കഷായം വല്ലതും സേവിക്കുകയും വേണം. ഇപ്പോഴത്തെ ഈ ഭേദം വകവെയ്ക്കേണ്ട. ഇന്നോ നാളെയോ ആ മുറിവു കാണാറാവുകയും പഴുത്തുതുടങ്ങുകയും ചെയ്യും.
വേലുപ്പിള്ള: (ഇതു കേട്ടു വ്യസനത്തോടുകൂടി) എന്നാലടിയന്‍ ഇവിടെയെങ്ങാനും താമസിച്ചു വല്ലതും ചെയ്ത് ഇതു നല്ലപോലെ ഭേദമാക്കീട്ടേ വിടകൊള്ളുന്നുള്ളൂ. ഇനി എന്താണ് ചെയ്യേണ്ടതെന്നു കല്പിക്കണം.
അതുകേട്ടു മൂസ്സവര്‍കള്‍ ഒരു കഷായത്തിനു കുറിച്ചുകൊടുത്തു. വേലുപ്പിള്ള അതുവാങ്ങി വന്ദിച്ചുകൊണ്ട് അവിടെന്നു പിരിയുകയും കഥകളിയോഗക്കാരെ സഞ്ചാരത്തിനായിട്ട് അവിടെനിന്ന് പറഞ്ഞയച്ചിട്ട് ഒരു ശിഷ്യനോടുകൂടി കോട്ടയത്തു താമസം തുടങ്ങുകയും ചെയ്തു. അന്നുതന്നെ വൈകുന്നേരം വേലുപ്പിള്ള കുളിക്കാനായി ചെന്നു വെള്ളത്തിലിറങ്ങിയ സമയം ഉള്ളങ്കാലിലെ മുറിവു പൊട്ടി വേദന തുടങ്ങുകയും ചെയ്യുകയാല്‍ അടുത്തദിവസംതന്നെ കഷായം സേവിച്ചു തുടങ്ങി. ഒരു ശിഷ്യന്‍ കൂടെത്താമസിച്ചിരുന്നതുകൊണ്ട് മരുന്നുകള്‍ ശേഖരിക്കുകയും കഷായവും കഞ്ഞിയും ചോറുമൊക്കെ പാകത്തിനുണ്ടാക്കിക്കൊടുക്കു കയും മറ്റും അയാള്‍ ചെയ്തുകൊണ്ടിരുന്നു. ഏകദേശം മൂന്നു മാസം കഷായം സേവിച്ചപ്പോഴേക്കും നടക്കാറാവുകയും ആ മനുഷ്യന്‍ വീണ്ടും വയസ്ക്കരെച്ചെന്നു മൂസ്സവര്‍കളെക്കണ്ടു വന്ദിച്ചു യാത്രപറഞ്ഞുകൊണ്ട് സ്വദേശത്തേക്കു പോവുകയും ചെയ്തു.
ആര്യന്‍ നാരായണന്‍ മൂസ്സവര്‍കള്‍ ഒരു വിഷയത്തിലും ഭ്രമമുള്ള ആളല്ലായിരുന്നു. ഗംഭീരാശയനായിരുന്ന ആ മഹാനെ ഭ്രമിപ്പിക്കുന്നതിന് ആര്‍ക്കും ഒന്നുകൊണ്ടും സാദ്ധ്യവുമല്ലായിരുന്നു. എന്നാല്‍ അവിടുന്നു കേവലം വിരക്തനായിരുന്നുമില്ല. "ന പീഡയേദിന്ദ്രിയാണി ന ചൈതാന്യതിലാളയേല്‍" എന്നുള്ള പ്രമാണമനുസരിച്ചായിരുന്നു അവിടുത്തെ മനസ്ഥിതി. എങ്കിലും ഒരു കാലത്ത് അവിടേക്കു കഥകളിയില്‍ ഒരു വിധംഭ്രമമുണ്ടായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. അവിടുന്നു വൈശാഖമാഹാത്മ്യം, ദുര്യോധനവധം എന്നീ രണ്ടാട്ടക്കഥകളുണ്ടാക്കി അരങ്ങേറ്റം കഴിപ്പിക്കുകയും ഏതു കഥകളിയോഗക്കാര്‍ വന്നാലും ഒരു ദിവസമെങ്കിലും നിശ്ചയമായി കളിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടുള്ളതു കൂടാതെമേല്പറഞ്ഞപ്രകാരം അന്നു വേലുപ്പിള്ളയെക്കൊണ്ടു വേഷംകെട്ടിച്ച് ആടിക്കുകയും ചെയ്തതു വിചാരിക്കുമ്പോള്‍ ആ അഭിപ്രായം ഏകദേശം ശരിയാണെന്നു തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു.
10. ആര്യന്‍ നാരായണന്‍ മൂസ്സവര്‍കള്‍ ഒരു കൊലം കന്നിമാസത്തില്‍ ശ്രീമൂലംതിരുനാള്‍ സംബന്ധിച്ചു മുഖം കാണിക്കുന്നതിനായി തിരുവനന്തപുരത്തു പോയി താമസിച്ചിരുന്ന സമയം തിരുവനന്തപുരത്തു സ്ഥിരതാമസക്കാരനും "തിരുവല്ലാ വേലുപ്പിള്ള" എന്നു പ്രസിദ്ധനുമായ ഒരു ക്രിമിനല്‍ വക്കീല്‍ മൂസ്സവര്‍കളെ കാണാന്‍ വന്നിരുന്നു. വക്കീലിനെ കണ്ടപ്പോള്‍ മൂസ്സവര്‍കള്‍ "വേലുപ്പിള്ളയുടെ ദേഹമിത്ര ക്ഷീണിച്ചിരിക്കുന്നതെന്താണ്? സുഖക്കേടു വല്ലതുമുണ്ടോ?" എന്നു ചോദിച്ചു. വക്കീല്‍: അടിയനു രണ്ടുമൂന്നു മാസമായിട്ടു നല്ല സുഖമില്ലാതെ യിരിക്കുകയാണ്. സദാ ഒരു ദാഹം. വെള്ളം എത്ര കുടിച്ചാലും മതിയാവുകയില്ല. മൂത്രം വളരെയധികം പോകുന്നുമുണ്ട്. ഇത്രയുമൊക്കെ യാണു പ്രധാനമായിട്ടുള്ളത്. ക്ഷീണം സാമാന്യത്തിലധികമുണ്ട്. ഈ ദിക്കിലുള്ള നാട്ടുവൈദ്യന്മാരും ഇംഗ്ലീഷ് വൈദ്യന്മാരുമെലാം കഴിയുന്നതൊക്കെ ചെയ്തുനോക്കി. ഒരു ഫലവുമുണ്ടായില്ല. ഇപ്പോള്‍ എല്ലാവരും ഒരു വിധം ഒഴിഞ്ഞുമാറിയിരിക്കുകയാണ്. അതു നന്നായി എന്ന് അടിയനും നിശ്ചയിച്ചു. പത്തുപന്ത്രണ്ടുദിവസമായിട്ടൊന്നും ചെയ്യുന്നില്ല. ഒരു ഫലവുമില്ലെന്നു കണ്ടാല്‍പ്പിന്നെ വെറുതെ ബുദ്ധിമുട്ടുകയും പണം ചെലവാ ക്കുകയും ചെയ്യുന്നതെന്തിനാണെന്നാണ് അടിയന്റെ വിചാരം. തിരുനാളിനു തക്കവണ്ണം ഇവിടെ എഴുന്നള്ളാതിരിക്കുകയില്ലെന്ന് അടിയനറിയാം. അതുകൊണ്ടു തിരുമനസ്സറിയിച്ചു കല്പിക്കുന്നപോലെയല്ലാതെ ഇനി യാതൊന്നും ചെയ്കയില്ലെന്നുള്ള നിശ്ചയത്തോടുകൂടിയാണ് അടിയന്‍ ചികിത്സകളൊക്കെ നിര്‍ത്തിവച്ചത്. അടിയന്റെ ആയുസ്സു മുഴുവനും തീര്‍ന്നുപോയിട്ടില്ലെങ്കില്‍ അടിയന്റെ സുഖക്കേടു ഭേദമാക്കാന്‍ ഇവിടെ വിചാരിച്ചാല്‍ കഴിയുമെന്നാണ് അടിയന്റെ വിശ്വാസം. അഥവാ ഇതു ഭേദമാകാത്തതാണെന്നാണ് ഇവിടെയും അഭിപ്രായമെങ്കില്‍ അതും കല്പിക്കണം. അങ്ങനെയല്ലെങ്കില്‍ ഇനിയെന്താണു ചെയ്യേണ്ടതെന്നു കല്പിക്കണം.
മൂസ്സവര്‍കള്‍: ചില വലിയ ആളുകള്‍ക്കു വരുന്ന ദീനം വന്നാല്‍ക്കൊള്ളാമെന്നു വേലുപ്പിള്ളയ്ക്ക് ആഗ്രഹമുണ്ടെന്നു തോന്നുന്നു.വെറുതെ ഒന്നും ധ്യാനിച്ചുണ്ടാക്കേണ്ട. ഇതൊന്നുമല്ല. ഇതു ദേഹം വല്ലാതെ കാഞ്ഞിട്ടു വന്നിട്ടുള്ളതാണ്. ഇതിനെക്കുറിച്ച് പരിഭ്രമിക്കാനൊന്നുമില്ല. ഒരു പന്ത്രണ്ടു ദിവസം പതിവായി രാവിലെ തേച്ചുകുളിക്കുകയും നെയ്യുകൂട്ടി യഥേഷ്ടം ഊണു കഴിക്കുകയും അത്താഴം കഴിഞ്ഞു കുറേശ്ശെ പാല്‍കുടിക്കുകയും മനസ്സിരുത്തി കേസ്സുകളും മറ്റും നോക്കാതെയും കച്ചേരിക്കുപോകാതെയും സ്വസ്ഥമായിട്ടിരിക്കുകയും ചെയ്താല്‍ ഇതുഭേദമാകും. ഇത്രയുമൊക്കെയല്ലാതെ വിശേഷിച്ചു ചികിത്സയൊന്നും ആവശ്യമില്ല. വേലുപ്പിള്ളയ്ക്കിപ്പോള്‍ ദീനമൊന്നുമില്ലല്ലോ. "എന്നാല്‍ കല്പിചതുപോലെ ചെയ്യാം" എന്നു പറഞ്ഞു വന്ദിച്ചുകൊണ്ട് വക്കീല്‍ മടങ്ങിപ്പോയി. മൂസ്സവര്‍കള്‍ പറഞ്ഞതുപോലെ പന്ത്രണ്ടുദിവസം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ദാഹവും വെള്ളംകുടിയും മൂത്രം പോക്കുമെല്ലാം മാറി സുഖമായി. ക്രമേണ ക്ഷീണവും മാറി അദ്ദേഹം സ്വസ്ഥശരീരനായിത്തീര്‍ന്നു. പിന്നെ വേലുപ്പിള്ള അവര്‍കള്‍ പ്രസംഗവശാല്‍ പലരോടും ഈ സംഗതി പറഞ്ഞ് മൂസ്സവര്‍കളെ വളരെ പ്രശംസിക്കാറുണ്ട്. "വയസ്ക്കരത്തിരുമേനി കേവലം മനുഷ്യനല്ല. അവിടുന്നു ധന്വന്തരിയുടെ ഒരവതാരമൂര്‍ത്തിയാണ്. ദീനങ്ങള്‍ ഭേദമാക്കാന്‍ അവിടേക്കു ചികിത്സയും മറ്റും വേണ്ടാ. അവിടുന്നു ദീനമുണ്ടെന്നു കല്പിച്ചാലുണ്ട്, ഇല്ലെന്നു കല്പിച്ചാലില്ല. അത്രയേ ഉള്ളൂ. ദീനങ്ങള്‍ക്കൊക്കെ അവിടുത്തെക്കുറിച്ച് ഭയമുണ്ട്" എന്നും മറ്റുമാണ് ആ മനുഷ്യന്‍ പറയുക പതിവ്.
11. മേല്പറഞ്ഞ സംഗതികള്‍ ഞാന്‍കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളവയാണ്. ഇനി ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരു സംഗതികൂടി പറയാം. എനിക്ക് ഒരിക്കല്‍ ഒരു പനിയും അതോടൂകൂടി നെഞ്ചിനകത്ത് ഒരു വേദനയും ശ്വാസംമുട്ടലുമുണ്ടായി. ഈ ദീനവിവരം വയസ്ക്കര ആര്യന്‍ നാരായണന്‍ മൂസ്സ് അവര്‍കളുടെ അടുക്കല്‍ അറിയിക്കുകയും അവിടുന്ന് ഒരു കഷായത്തിനു പറയുകയും ആ കഷായം പതിന്നാലു ദിവസം സേവിച്ചപ്പോള്‍ എന്റെ സുഖക്കേടുകളെല്ലാം ഭേദമാവുകയും ചെയ്തു. എങ്കിലും അവിടുത്തെ ആജ്ഞപ്രകാരം പിന്നേയും പതിന്നാലു ദിവസംകൂടി കഷായം സേവിച്ചു. അതിനുശേഷം നന്നാലു ദിവസം കൂടുമ്പോള്‍ വെള്ളം വെന്തുകരയ്ക്കുവെച്ചു തേച്ചുകുളിക്കുന്നതിന് അവിടുന്നനുവദിച്ചു. അഞ്ചാറു തേച്ചുകുളി കഴിഞ്ഞതിന്റെ ശേഷം ഒന്നരാടന്‍ തേച്ചുകുളിയും ഒന്നരാടന്‍ വെറുംകുളിയുമായിട്ടു കുറെ ദിവസം കഴിഞ്ഞു. പിന്നെ മുങ്ങിക്കുളിയും തുടങ്ങി. ഈ കുളിയൊക്കെക്കഴിഞ്ഞിട്ടും വിശേഷമൊന്നുമുണ്ടായില്ല. അതുകൊണ്ടും ക്ഷൗരംചെയ്യിക്കാന്‍ വളരെ വൈകിയിരുന്നതുകൊണ്ടും അവിടുത്തെ അടുക്കല്‍ അറിയിച്ച് അനുവാദം വാങ്ങാതെ ഞാന്‍ ക്ഷൗരം ചെയ്യിക്കുകയും ഉടനേ ചെന്നു മുങ്ങിക്കുളിക്കുകയും ചെയ്തു. മുങ്ങിക്കയറിയപ്പോഴേക്കും പനിയും വേദനയും ശ്വാസംമുട്ടലുമെല്ലാം പൂര്‍വ്വാധികം ശക്തിയോടുകൂടി വന്നുചേര്‍ന്നു. കിടുകിടുത്തിട്ട് എനിക്ക് നിന്നുകൊണ്ട് തുവര്‍ത്താന്‍തന്നെ പ്രയാസമായിരുന്നു. ഒരു വിധത്തില്‍ തുവര്‍ത്തിക്കൊണ്ടു ഗൃഹത്തിലെത്തി പുതച്ചുമൂടിക്കിടന്നു. ഉടനെ ഒരാള്‍ വയസ്ക്കരെച്ചെന്നു മൂസ്സവര്‍കളെക്കണ്ട് ഈ വിവരമറിയിച്ചു. അവിടുന്ന് അല്പനേരം ചിന്താഗ്രസ്തനെന്നപോലെ ഇരുന്നതിന്റെ ശേഷം "കുളിച്ചപ്പോഴാണല്ലോ പനിയും മറ്റും വന്നത്. അവ കുളികൊണ്ടുതന്നെ പോകണം. വെള്ളം വെന്തു കരയ്ക്കുവെച്ചു പതിവായി പന്ത്രണ്ടുദിവസം തേച്ചുകുളിക്കട്ടെ. നേരത്തേ കുറെ കഞ്ഞി കുടിച്ചിട്ട് ഉച്ചയാകുമ്പോള്‍ കുളിച്ചാല്‍ മത്. കുളി കഴിഞ്ഞാല്‍ ഇഷ്ടംപോലെ എന്തെങ്കിലും കൂട്ടാനും മോരുംകൂട്ടി ഊണു കഴിക്കട്ടെ. പഥ്യമൊന്നും ആചരിക്കണമെന്നില്ല" എന്നു പറഞ്ഞയച്ചു. ഞാന്‍ അപ്രകാരംതന്നെ പിറ്റേദിവസം മുതല്‍ തേച്ചുകുളി തുടങ്ങി. അഞ്ചാറുദിവസം തേച്ചുകുളിച്ചപ്പോഴേക്കും എന്റെ സുഖക്കേടുകളെല്ലാം ഭേദമായി. എങ്കിലും ഞാന്‍പന്ത്രണ്ടുദിവസംതന്നെ മുടങ്ങാതെ തേച്ചുകുളിച്ചു. അപ്പോഴേക്കും എനിക്കു മുമ്പുണ്ടായിരുന്ന ക്ഷീണവുംകൂടി മാറി. അടുത്ത ദിവസം ഞാന്‍ നിഷ്പ്രയാസം നടന്നു വയസ്ക്കരച്ചെന്നു മൂസ്സവര്‍കളെ ക്കണ്ടു. അപ്പോള്‍ അവിടുന്ന്, "എന്താ സുഖക്കേടൊക്കെ ഭേദമായോ?"എന്നു ചോദിച്ചു.
ഞാന്‍: ഒക്കെ ഭേദമായിയെന്നാണു തോന്നുന്നത്. ഇപ്പോള്‍ പനിയും ശ്വാസംമുട്ടലുമില്ല. നെഞ്ചിലുണ്ടായിരുന്ന വേദനയും മാറി. ഇന്നലെവരെ തേച്ചുകുളിച്ചു. മുങ്ങിക്കുളി തുടങ്ങിയില്ല.
മൂസ്സവര്‍കള്‍: ഇനി പതിവായി മുങ്ങിക്കുളിക്കാം. എങ്കിലും നെഞ്ചിനകത്തെ ആ വേദന നിശ്ശേഷം വിട്ടുമാറിയതായി വിചാരിക്കേണ്ട. ഉറക്കമിളയ്ക്കുക, ഉറക്കെ സംസാരിക്കുക, അധികമായി വഴിനടക്കുക, മുതലായ സകല പ്രവൃത്തികള്‍ ചെയ്യുമ്പോഴും ഇങ്ങനെ ഒരു ദീനം തനിക്കുണ്ടെന്നുള്ള ഓര്‍മ്മയുണ്ടായിരിക്കണം. ഒരു നെയ്യുകാച്ചി പതിവായി കൂട്ടിയുണ്ണുകയും അത്താഴം കഴിഞ്ഞു പതിവായി ഒരു പാല്‍കഷായം സേവിക്കുകയും ചെയ്താല്‍ വലിയ ഉപദ്രവം കൂടാതെയിരിക്കും" എന്നു പറഞ്ഞ് നെയ്യും പാല്‍ക്കഷായത്തിനുമുള്ള മരുന്നുകളും പറഞ്ഞുതരികയും ചെയ്തു. ആ നെയ്യും പാല്‍ക്കഷായവും ഞാനിപ്പോഴും പതിവായി ശീലിച്ചുകൊണ്ടാണിരിക്കുന്നത്. അന്യദിക്കുകളില്‍പ്പോയിത്താമസിക്കേണ്ടുന്നതായിവരുമ്പോള്‍ മാത്രമേ അവ മുടക്കാറുള്ളൂ. അഞ്ചെട്ടു ദിവസമടുപ്പിച്ചു നെയ്യില്ലാതെയിരുന്നാല്‍ കുറേശ്ശെ വേദന ആരംഭിക്കും. പിന്നെ നാലഞ്ചു ദിവസം നെയ്യു കൂട്ടിയുണ്ണുമ്പോള്‍ ആ വേദന പോവുകയും ചെയ്യും. അങ്ങനെ ഇപ്പോഴും കണ്ടുവരുന്നുണ്ട്.
12. ആര്യന്‍ നാരായണന്‍ മുസ്സവര്‍കള്‍ തേചുകുളികൊണ്ട് എന്റെ പനി മാത്രമല്ല ഭേദമാക്കീട്ടുള്ളത്. കോട്ടയത്തുനിന്ന് നാലു നാഴികവടക്കുപടിഞ്ഞാറ് "ഒളശ" എന്ന സ്ഥലത്ത് ഒരിക്കല്‍ ഒരു നായര്‍ക്ക് ഒരു പനിയുണ്ടായി. അതു തുള്ളല്‍പ്പനിയായിരുന്നു. അതിന് അനേകം വൈദ്യന്മാര്‍ മാറിമാറി ആറുമാസത്തോളം കാലം ചികിത്സിച്ചിട്ടും പനി മാറിയില്ല. അങ്ങനെയിരുന്നപ്പോള്‍ ആര്യന്‍ നാരായണന്‍ മൂസ്സവര്‍കള്‍ ഒരടിയന്തിരത്തിനായി ഒളശയില്‍ ചിരട്ടമണ്ണമൂസ്സിന്റെ ഇല്ലത്തു പോയിരുന്നു. മൂസ്സിന്റെ ഇല്ലത്തേക്കു പോകാനുള്ള വഴി ഈ നായരുടെ വീട്ടിന്റെ പടിക്കല്‍കൂടിയാണ്. ആര്യന്‍ നാരായണന്‍ മൂസ്സവര്‍കള്‍ അതിലേ വരുമെ ന്നറിഞ്ഞ് നായര്‍ പരസഹായത്തോടുകൂടി ഒരുവിധത്തില്‍ പടിക്കലെത്തി മുന്‍കൂട്ടി കാത്തിരുന്നു. മൂസ്സവര്‍കള്‍ പടിക്കലെത്തിയപ്പോള്‍ നായര്‍ തൊഴുതുകൊണ്ട് "പൊന്നുതിരുമേനീ! അടിയനെ രക്ഷിക്കണേ" എന്നു പറഞ്ഞു. അതുകേട്ടു മൂസ്സവര്‍കള്‍ അവിടെ നില്ക്കുകയും നായര്‍ ദീനത്തിന്റെ സ്വഭാവവും അതുവരെ ചെയ്ത ചികിത്സകളുടെ വിവരവുമെല്ലാം പറഞ്ഞുകേള്‍പ്പിക്കുകയും ചെയ്തു. നായര്‍ പറഞ്ഞതെല്ലാം കേട്ടതിന്റെ ശേഷം മൂസ്സവര്‍കള്‍ "പനി തുടങ്ങീട്ട് ആറു മാസമായെങ്കില്‍ ഇനി കുളിക്കണം. വെള്ളമ് വെന്തു കരയ്ക്കുവെച്ചു തേച്ചുകുളിക്കുക. ഒരു പതിന്നാലു ദിവസം കുളിക്കുമ്പോള്‍ പനി മാറും. പിന്നെ മുങ്ങിക്കുളിയും വെറും കുളിയും തുടങ്ങാം. കുളിച്ചാല്‍ തല രണ്ടുമൂന്നു പ്രാവശ്യം നല്ലപോലെ തുവര്‍ത്തീട്ടു രാസ്നാദിപൊടി തിരുമ്മണം. അല്ലാതെയൊന്നും ഇനി ചെയ്യണമെന്നില്ല" എന്നു പറഞ്ഞിട്ടു മൂസ്സിന്റെ ഇല്ലത്തേക്കു പോയി. ആ നായര്‍ മൂസ്സവര്‍കള്‍ പറഞ്ഞതുപോലെ പതിന്നാലുദിവസം തേച്ചുകുളിച്ചപ്പോഴേക്കും പനിമാറി. പിന്നെ അയാള്‍ മുങ്ങിക്കുളിയും വെറുംകുളിയും തുടങ്ങി. ക്രമേണ അയാളുടെ ക്ഷീണവും മാറി അയാള്‍ പൂര്‍വസഥിതിയെ പ്രാപിക്കുകയും ചെയ്തു.
13. ഒളശയില്‍ത്തന്നെ മറ്റൊരു വീട്ടില്‍ ഒരിക്കല്‍ ഒരു വിശേഷമുണ്ടായി. ഒരു ദിവസം അവിടെയെല്ലാവരും അത്താഴം കഴിഞ്ഞ് അവരവരുടെ പതിവുസ്ഥലങ്ങളില്‍ പോയി കിടന്നുറങ്ങി. ഒരു സ്ത്രീയും അവരുടെ രണ്ടുമൂന്നു കുട്ടികളുംകൂടി ഒരു മച്ചിട്ട മുറിക്കകത്തു വാതിലുകളെല്ലാമടച്ചു തഴുത് (സാക്ഷ) ഇട്ടിട്ടാണ് കിടന്നുറങ്ങിയത്. ഒരു നെരിപ്പോടില്‍ ഉമിയും തീയുമിട്ട് ആ മുറിക്കകത്ത് വെച്ചിട്ടുമുണ്ടായിരുന്നു. നേരം വെളുത്തപ്പോള്‍ ശേഷമെല്ലാവരുമുണര്‍ന്നെണീറ്റിട്ടും ആ സ്ത്രീയും കുട്ടികളും ഉണരുകയും മുറിയുടെ വാതില്‍ തുറക്കുയും ചെയ്തില്ല. അതിനാല്‍ ചിലര്‍ ചെന്നു വാതിലില്‍ മുട്ടി വിളിച്ചു. എന്നിട്ടും ആരും മിണ്ടിയില്ല. അപ്പോള്‍ എല്ലാവര്‍ക്കും പരിഭ്രമമായി. ഒടുക്കം വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോള്‍ ആ സ്ത്രീയും കുട്ടികളും ബോധരഹിതരായി കിടക്കുന്നതുകണ്ടു. ശ്വാസം നിന്നിട്ടില്ലായിരുന്നു. അതിനാല്‍ മരിച്ചിട്ടില്ലെന്നു തീര്‍ച്ചപ്പെടുത്തി. എങ്കിലും ഇങ്ങനെ വരാനുള്ള കാരണമെന്താണെന്നറിയാതെ ആദ്യം എല്ലാവരും ചിന്താപരവശരായി. അപ്പോള്‍ മുറിക്കകത്തു നെരിപ്പോടും തീയുമിരിക്കുന്നതു കണ്ടു. ഉമിത്തീയുടെ പുക മൂക്കിലും മറ്റുംകൂടി ശിരസ്സില്‍ കയറിയതിനാലാണ് അങ്ങനെ വന്നതെന്നു തീര്‍ച്ചയാക്കി. ഉടനെ ചിലരോടി വയസ്ക്കരെയെത്തി. ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളെക്കണ്ടു വിവരമറിയിച്ചു. അപ്പോള്‍ മൂസ്സവര്‍കള്‍ "മുറ്റത്തു നല്ലപോലെ വെയില്‍ വരുന്ന സ്ഥലത്തു വല്ലതും വിരിച്ച് ആ സ്ത്രീയേയും കുട്ടികളേയുമെടുത്തു കിടത്തണം; കുറേക്കഴിയുമ്പോള്‍ അവരെണീറ്റ് പൊയ്ക്കൊള്ളും" എന്നു പറഞ്ഞു. വയസ്ക്കരെ വന്നിരുന്നവര്‍ മടങ്ങിച്ചെന്ന് അപ്രകാരം ചെയ്തു. വെയില്‍ മൂത്തുതുടങ്ങിയപ്പോള്‍ സ്ത്രീയും കുട്ടികളും പിടച്ചു തുടങ്ങി. ഏകദേശം മദ്ധ്യാഹ്നമായപ്പോള്‍ അവര്‍ ഓരോരുത്തരായി എണീറ്റുതുടങ്ങി. പിന്നെ അവര്‍ക്കു കുറേശ്ശെ ക്ഷീണമുണ്ടായിരുന്നു. കുളിയും കഞ്ഞികുടിയും കഴിഞ്ഞപ്പോള്‍ അതും മാറി അവര്‍ക്കു സുഖമാവുകയും ചെയ്തു.
14. മുന്‍സിപ്പു കോടതി വക്കീലായി വളരെക്കാലം കോട്ടയത്തുതാമസിച്ചിരുന്ന കഴിഞ്ഞുപോയ കുമാരമേനോന്‍ (ഇപ്പോള്‍ മധുരയില്‍ പ്രാക്റ്റീസുചെയ്യുന്ന ബാരിസ്റ്റര്‍ ഗോപാലമേനോന്‍* അവര്‍കളുടെ അച്ഛന്‍)അവര്‍കള്‍ക്ക് ഒരിക്കല്‍ പൊക്കിളില്‍ ഒരു നീരുണ്ടായി. അന്നു വയസ്ക്കരെ മൂസ്സവര്‍കളും കുമാരമേനോനവര്‍കളും തമ്മില്‍ ചില കാരണവശാല്‍ നല്ല രസമില്ലാതെയിരിക്കുകയായിരുന്നതിനാല്‍ മേനോനവര്‍കള്‍ മറ്റുചില വൈദ്യന്മാരെക്കൊണ്ടാണ് ചികിത്സിപ്പിച്ചത്. ആ നീരു പൊട്ടിയാല്‍ അപകടമാണെന്നും പൊട്ടിക്കാതെ കഴിക്കാമെന്നുമായിരുന്നു ആ വൈദ്യന്മാരുടെ അഭിപ്രായം. അതിനാലവര്‍ നീരു പൊട്ടിക്കാതെ വറ്റിപ്പോകുന്ന തിനുള്ള ചികിത്സകളാണ് ചെയ്തത്. എങ്കിലും ക്രമേണ അതു പഴുത്ത് ഉരുണ്ടുകൂടിപൊട്ടുമെന്നുള്ള സ്ഥിതിയിലായി. അപ്പോഴേക്കും വേദന കലശലാവുകയാല്‍ മേനോന്‍ ഊണും ഉറക്കവുമില്ലാതെ ഏറ്റവും പരവശനായിത്തീര്‍ന്നു. ഈ സ്ഥിതി ആകപ്പാടെ കണ്ടപ്പോള്‍ വന്നതുപോലെത്തന്നെ വൈദ്യന്മാരെല്ലാം ഓരോരുത്തരായി പിന്മാറിത്തുടങ്ങുകയും വിളിച്ചാലും വരാതാവുകയും ചെയ്തു. ആ കൂട്ടത്തില്‍ ഒടുക്കം ചികിത്സ മതിയാക്കിപ്പോയ വൈദ്യന്‍ ഒരു ദിവസം ആ രോഗിയുടെ സ്നേഹിതന്മാരോട്, "ഇനി ആര്‍ക്കും ആളയയ്ക്കണമെന്നില്ല. രോഗസ്ഥിതി കണ്ടറിഞ്ഞവരും ഒരു വിധം വിവരമുള്ളവരുമായ വൈദ്യന്മാരും ഇനി ഈ രോഗത്തിനു ചികിത്സിക്കാനായി വരികയില്ല. ഞാനും ഇതാ യാത്രയായിക്കഴിഞ്ഞു. നീരു രണ്ടു ദിവസത്തിനകം പൊട്ടും; അതോടുകൂടി കാര്യവും കഴിയും. മിസ്റ്റര്‍ മേനോന്‍ സമര്‍ത്ഥനും നല്ലയാളുമായിരുന്നു. എന്തുചെയ്യാം? ഈശ്വരവിധിയെത്തടുക്കാന്‍ വൈദ്യന്മാരെന്നല്ല, ആരു വിചാരിച്ചാലും സാധിക്കയില്ലല്ലോ. നാം തമ്മിലുള്ള സ്നേഹംകൊണ്ട് ഞാന്‍ പരമാര്‍ത്ഥം പറഞ്ഞു എന്നേയുള്ളൂ. സംഗതി പരസ്യമാക്കണമെന്നില്ല" എന്നു പറഞ്ഞിട്ട് ഉടനെ ഇറങ്ങിപ്പോയി. വൈദ്യന്മാരെലാം ഉപേക്ഷിച്ചുപോയതിനുശേഷം മിസ്റ്റര്‍ മേനോന്റെ സ്നേഹിതന്മാരില്‍ ചിലര്‍ വയസ്ക്കരെ വന്നു വിവരമെല്ലാം ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളുടെ അടുക്കല്‍ അറിയിക്കുകയും അവിടുന്നു ചെന്നു രോഗിയെ കണ്ടു വേണ്ടുന്ന ചികിത്സകള്‍ നിശ്ചയിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അപ്പോള്‍ മൂസ്സവര്‍കള്‍, "ഞാനൊരു ശത്രുവാണെന്നല്ലേ കുമാരമേനോന്‍ വിചാരിക്കുകയും പലരോടും പറയുകയും ചെയ്തിട്ടുള്ളത്? ആ സ്ഥിതിക്ക് ഞാന്‍വന്നു കണ്ടു വല്ലതും ചെയ്താല്‍ അയാള്‍ ഒരു സമയം മരിച്ചുപോവുകയാണെങ്കില്‍ ഞാന്‍ കൊന്നു എന്നു ജനങ്ങള്‍ പറയുമല്ലോ. ആ അപവാദം വരുത്തിവയ്ക്കാതിരിക്കുകയല്ലേ നല്ലത്?" എന്നു ചോദിച്ചു.
വന്നവര്‍: മിസ്റ്റര്‍ മേനോന്‍ മരിച്ചുപോവുകയാണെങ്കില്‍ ഇവിടേക്ക് അപവാദമൊന്നും ഉണ്ടാകാന്‍ മാര്‍ഗ്ഗമില്ല. ഈ ദീനം ഭേദമായി അദ്ദേഹം ജീവിച്ചിരിക്കുകയില്ലെന്ന് ഇതുവരെ ചികിത്സിച്ച വൈദ്യന്മാരെല്ലാവരും അഭിപ്രായപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രണ്ടുമൂന്നു ദിവസത്തിനകം ആ നീരു പൊട്ടുമെന്നും അതോടുകൂടി മിസ്റ്റര്‍ മേനോന്റെ കഥ കഴിയുമെന്നുമാണ് അവരുടെ എല്ലാവരുടേയും അഭിപ്രായം. പിന്നെ ഇവിടേക്ക് അപവാദത്തിനു വഴിയില്ലല്ലോ. ഇവിടുത്തേക്കൂടി ഒന്നു കാണിക്കാതെയിരുന്നാല്‍ അത് അടിയങ്ങള്‍ക്ക് ഒരപവാദത്തിനു കാരണമാകുമല്ലോ എന്നു വിചാരിച്ചു മാത്രമാണ് അടിയങ്ങള്‍ വിടകൊണ്ടിരിക്കുന്നത്. അതിനാല്‍ സദയം എഴുന്നള്ളണം. വണ്ടി കൊണ്ടു വിടകൊണ്ടിട്ടുണ്ട്.
മൂസ്സവര്‍കള്‍: നീരു പൊട്ടിയാല്‍ മേനോന്‍ മരിക്കും എന്നാണല്ലോ അവരുടെയൊക്കെ അഭിപ്രായം?
വന്നവര്‍: ഇറാന്‍, അങ്ങനെയാണ്.
മൂസ്സവര്‍കള്‍: എന്നാല്‍ എന്റെ അഭിപ്രായമങ്ങനെയല്ല ആ നീരു പുറത്തേക്കു പൊട്ടുകയാണെങ്കില്‍ വൈഷമ്യമില്ല. പുറത്തേക്കു പൊട്ടാതെ അകത്തേക്കു പൊട്ടുകയാണെങ്കില്‍ ദുര്‍ഘടമാകും എന്നാണ് എനിക്കു തോന്നുന്നത്. ഏതെങ്കിലും നിങ്ങള്‍ക്കൊക്കെ നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ വരാം. എനിക്കു കുമാരമേനോനോടു വിരോധമൊന്നുമില്ല.
എന്നു പറഞ്ഞ് മൂസ്സവര്‍കള്‍ അപ്പോള്‍ത്തന്നെ വണ്ടിയില്‍ക്കയറി അവരോടുകൂടിപ്പോയി. രോഗിയുടെ അടുക്കലെത്തി നീരു കണ്ടയുടനെ മൂസ്സവര്‍കള്‍ ഒരു പച്ചമരുന്നു പച്ചവെള്ളത്തിലരച്ചു നീരിനിടാന്‍ പറഞ്ഞു. ആ മരുന്നിട്ട് ഒരു നാഴിക കഴിഞ്ഞപ്പോള്‍ നീരു പൊട്ടുകയും ചോരയും ചലവും കൂടി ഏകദേശം ഒരിടങ്ങഴിയോളം ഒലിച്ചുപോവുകയും ചെയ്തു. അപ്പോള്‍ത്തന്നെ വേദന മാറുകയാല്‍ മിസ്റ്റര്‍ മേനോന്‍ കുറേശ്ശെ കഞ്ഞി കുടിച്ചുതുടങ്ങി. പിന്നെ മൂസ്സവര്‍കള്‍ മടങ്ങി ഇല്ലത്തു വന്നതിന്റെശേഷം ഒരു കഷായത്തിനു കുറിച്ചുകൊടുത്തു. ആ കഷായം മൂന്നു മാസം സേവിച്ചപ്പോള്‍ മിസ്റ്റര്‍ മേനോന്റെ ദീനവും ക്ഷീണവുമെല്ലാം മാറി യഥാപൂര്‍വം അദ്ദേഹം കോടതിയില്‍ പോയിത്തുടങ്ങുകയും പിന്നെ വളരെക്കാലം സസുഖം ജീവിച്ചിരിക്കുകയും ചെയ്തു. ഇതു കോട്ടയത്തും അടുത്ത പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്കും മേനോന്റെ ബന്ധുമിത്രാദികളായ ദൂരസ്ഥന്മാര്‍ക്കും ഏറ്റവും അത്ഭുതകരവും സന്തോഷപ്രദവുമായ ഒരു കാര്യമായിരുന്നു.
15. പള്ളത്തുകാരന്‍ മിസ്റ്റര്‍ പി. എം. ചാക്കോ ബി.എ. കോട്ടയത്തു സി.എം.എസ്. കോളേജില്‍ ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒരു കാലിന്റെ പെരുവിരലില്‍ ചെറുതായിട്ട് ഒരു കുരുവുണ്ടായി. അതിന്റെ വേദന കലശലായിത്തീരുകയാല്‍ മി. ചാക്കോ ഒരിഗ്ലീഷു വൈദ്യനെക്കൊണ്ട് ആ കുരു കീറിച്ചു. *അപ്പാത്തിക്കിരി കീറി മരുന്നുവെച്ചു കെട്ടിക്കഴിഞ്ഞപ്പോള്‍ വേദന പൂര്‍വ്വാധികം കലശലായി. നീരും വന്നുതുടങ്ങി. കുരു വീണ്ടും കുത്തിമൂടി വീര്‍ത്തുതുടങ്ങുകയും ചെയ്തു. മി. ചാക്കോയ്ക്ക് ഇരിക്കാനും കിടക്കാനും ഉണ്ണാനുമുറങ്ങാനുമൊന്നും വയ്യാതെയായി.രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും കാലി ന്മേല്‍ വലിയ മന്തുപോലെ നീരുവന്നുവീര്‍ത്തു. അപ്പാത്തിക്കിരി പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചിട്ടും വേദനയും നീരും കുറഞ്ഞില്ല. ഒടുക്കം ഇത് അസാദ്ധ്യമെന്നു തീര്‍ച്ചയാക്കി പിന്മാറി. അതിന്റെ ശേഷം ചിലര്‍ കൂടി മി.ചാക്കോയെ ഒരു മഞ്ചലിലാക്കി എടുപ്പിച്ചു വയസ്ക്കരെ കൊണ്ടുവന്നു വിവരങ്ങളെല്ലാം ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളുടെ അടുക്കലറിയിച്ചു. മൂസ്സവര്‍കള്‍ വിവരമെല്ലാം കേള്‍ക്കുകയും നീരും മറ്റും നോക്കിക്കാണുകയും ചെയ്തതിന്റെ ശേഷം "ഒരു കോഴിമുട്ടയും ഒരു പാത്രത്തില്‍ കുറച്ചു പചവെള്ളവും കൊണ്ടുവരണം" എന്നു പറഞ്ഞിട്ട് തെക്കെ പറമ്പിലേക്കുപോയി. മി. ചാക്കോ, "പൊന്നുതിരുമേനീ! അടിയനെ രക്ഷിക്കണേ! അല്ലെങ്കില്‍ അടിയന്റെ പ്രാണനിപ്പോള്‍ പോകുമേ" എന്നു പറഞ്ഞു കരഞ്ഞുകൊണ്ടു മഞ്ചലില്‍ കിടന്നു. മൂസ്സവര്‍കള്‍ പറഞ്ഞതു കേട്ട ക്ഷണത്തിന് ഒരാള്‍ ഓടിപ്പോയി ഒരു കോഴിമുട്ടയും ഒരു പാത്രത്തില്‍ വെള്ളവും കൊണ്ടുവന്നു. അപ്പോഴേക്കും ഒരു പച്ചമരുന്നു പറിച്ചു കൈക്കകത്തുവെച്ചു തിരുമ്മിക്കൊണ്ട് മൂസ്സവര്‍കളും മടങ്ങിവന്നു.
അവിടുന്ന് ആ കോഴിമുട്ട പൊട്ടിച്ച് കൈയിലുണ്ടായിരുന്ന പച്ചമരുന്നു കശക്കിപ്പിഴിഞ്ഞ് രണ്ടുതുള്ളി നീരും ആ വെള്ളത്തിലൊഴിച്ചിട്ട് ആ വെള്ളമെടുത്തുവെച്ചു കാലിന്റെ പെരുവിരലിന്മേല്‍ പിലാവിലകൊണ്ടു ധാരകോരുവാന്‍ പറഞ്ഞു. ഉടനെ ഒരാള്‍ ഒരു പിലാവില കുത്തിയെടുത്തു ധാരകോരിത്തുടങ്ങി. ഒരു കാല്‍ നാഴികനേരം ധാരകോരിയപ്പോഴേക്കും മി. ചാക്കോ ഉറക്കമായി. അപ്പോള്‍ മൂസ്സവര്‍കള്‍ "ഇനി മഞ്ചലിന് ഇളക്കം തട്ടാതെ എടുത്തു വീട്ടില്‍ കൊണ്ടുപോയി, ഉറക്കത്തിനു വിഘ്നം വരാതെ മഞ്ചല്‍ ഒരു സ്ഥലത്തു വയ്ക്കണം. ഉണരുമ്പോള്‍ കഞ്ഞി കൊടുക്കണം. അപ്പോഴത്തെ സ്ഥിതി അറിഞ്ഞുകൊണ്ടു ഒരാള്‍ ഇങ്ങോട്ടു വന്നാല്‍ പിന്നെ വേണ്ടതു പറഞ്ഞയയ്ക്കാം" എന്നു പറഞ്ഞു. മി. ചാക്കോയെ കൊണ്ടുവന്നിരുന്നവര്‍ അപ്രകാരം തന്നെ ചെയ്തു. അഞ്ചാറു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും വയസ്ക്കരെ വന്ന് മി. ചാക്കോ ഏകദേശം പത്തു നാഴിക നേരം ഉറങ്ങിയെന്നും ഉണര്‍ന്നപ്പോഴേക്കും വേദന നിശ്ശേഷം മാറിയിരുന്നതിനാല്‍ കഞ്ഞി ധാരാളം കുടിച്ചുവെന്നും അറിയിച്ചു. ഉടനെ മൂസ്സവര്‍കള്‍ ഒരു മരുന്നു കാലിന്മേല്‍ അരച്ചിടുന്നതിനും ഒരു കഷായത്തിനും കുറിച്ചുകൊടുത്തു. ആ മരുന്നു മൂന്നു ദിവസം അരച്ചിട്ടപ്പോള്‍ കാലിന്മേലുണ്ടായിരുന്ന നീര്‍ അശേഷം പോയി. പതിനാലു ദിവസം കഷായം സേവിച്ചപ്പോള്‍ വ്രണമുണങ്ങി. മിസ്റ്റര്‍ ചാക്കോ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.
16. കോട്ടയം ഡിവിഷന്‍ അസിസ്റ്റന്റും ഒന്നാംക്ലാസ്സു മജിസ്ട്രറ്റുമായിരുന്ന മിസ്റ്റര്‍ കുഞ്ഞുകൃഷ്ണപ്പണിക്കര്‍ ബി.എ.ബി.എല്‍. ഒരു വായുക്ഷോഭക്കാരനായിരുന്നു. അദ്ദേഹം ഉദ്യോഗമായി ആലപ്പുഴ മുതലായ സ്ഥലങ്ങളില്‍ താമസിച്ചിരുന്ന കാലത്ത് ഓരോ വൈദ്യന്മാരുടെ വിധിപ്രകാരമുള്ള ചികിത്സകള്‍കായി പ്രതിവത്സരം മുന്നൂറ്, നാന്നൂറ് രൂപാവീതം ചെലവു ചെയ്തുകൊണ്ടിരുന്നു. എങ്കിലും ആണ്ടില്‍ ആറുമാസം വീതമെങ്കിലും സുഖമായിരിക്കുന്നതിനും കച്ചേരിയില്‍ പോയി ജോലി നോക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. കോട്ടയത്തു സ്ഥലം മാറിവന്നയുടനെ അദ്ദേഹം വയസ്ക്കരെ വന്ന് ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളെ കണ്ടു ദീനസ്ഥിതിയെല്ലാമറിയിച്ചു. ഉടനെ മൂസ്സവര്‍കള്‍ ഒരുപൊടിക്കു കുറിച്ചുകൊടുത്തു. ആ പൊടിയുണ്ടാക്കി പതിവായി സേവിക്കുന്നതിനു മി. പണിക്കര്‍ക്കു പ്രതിമാസം രണ്ടണ മാത്രമേ ചെലവായിരുന്നുള്ളൂ. ഒരു ദിവസം പോലും സുഖക്കേടായിട്ടു കച്ചേരിക്കു പോകുവാന്‍ നിവൃത്തിയില്ലാതെ വന്നിരുന്നുമില്ല. മി. പണിക്കര്‍ നല്ല ഊര്‍ജ്ജസ്വലതയോടും ഔര്‍ജ്ജിത്യത്തോടുംകൂടി അരോഗദൃഢഗാത്രനെന്നപോലെ തന്നെയാണ് കോട്ടയത്തു താമസിച്ചിരുന്നത്.
17. കണ്ണന്തോട്ടത്തു (കെ.പി.) ശങ്കരമേനോന്‍ ബി.എ.ബി.എല്‍. അവര്‍കള്‍ ഹൈക്കോടതി വക്കീലായി മദ്രാസില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് ഒരു ശാസംമുട്ടലുണ്ടായി. ശ്വാസംമുട്ടലെന്നു വച്ചാല്‍ അതു സാധാരണമായിട്ടുള്ള വിധത്തിലൊന്നുമല്ലായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു ശ്വാസം നിന്നുപോവുകയും സംസാരിക്കാന്‍ വയ്യാതെയാവുകയുമായിരുന്നു അദ്ദേഹത്തിന്റെ ദീനം. ഇതു നിമിത്തം വക്കീല്‍പണി ഉപേക്ഷിച്ച് കോട്ടയത്തുവന്ന് ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളെ കണ്ടു ദീനസ്ഥിതിയെല്ലാമറിയിക്കുകയും മൂസ്സവര്‍കളുടെ ചികിത്സയില്‍ ഏതാനും മാസം കോട്ടയത്തു താമസിക്കുകയും ചെയ്തു. ആ ചികിത്സ നിമിത്തം സ്വസ്ഥശരീരനായിത്തീര്‍ന്നതുകൊണ്ടാണ് ശങ്കരമേനോനവര്‍കള്‍ക്കു നാഗരുകോവിലിലും കൊല്ലത്തും ഡിസ്ട്രിക്ട് ജഡ്ജിയായും കോട്ടയത്തു ദിവാന്‍ പേഷ്കാരായും ഒടുക്കം ഹൈക്കോര്‍ട്ടു ജഡ്ജിയായുമിരിക്കുന്നതിനു സാധിച്ചത്.
ഇങ്ങനെ ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളുടെ ചികിത്സാനൈപുണ്യത്തെയും കൈപ്പുണ്യത്തെയും മറ്റും കുറിച്ച് ഇനിയും വളരെപ്പറയുവാനുണ്ട്. അവ ഇനിയൊരവസരത്തിലായിക്കൊള്ളാമെന്നു വിചാരിച്ച് ഇപ്പോള്‍ ചുരുക്കുന്നു.
ആര്യന്‍ നാരായണന്‍ മൂസ്സവര്‍കള്‍ ആസന്നമരണന്മാരായ രോഗികളെ കാണാന്‍ പോവുക പതിവില്ല. പോകാതെയിരിക്കാന്‍ നിവൃത്തിയില്ലാതെ വന്നാല്‍ പോയിക്കണ്ടു തല്‍ക്കാലം വല്ലതുമൊന്നു ചെയ്യുകയോ പറയുകയോ ചെയ്തിട്ട് ഉടനെ മടങ്ങിപ്പോരും. അങ്ങനെയാണു പതിവ്.
1. കൊല്ലം മുപ്പത്താറാമാണ്ടു നാടുനീങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവു തിരുമനസ്സിലേക്കു ശീലായ്മയായപ്പോള്‍ അച്ഛന്‍ മൂസ്സവര്‍കളെ കൊണ്ടുപോകുന്നതിനായി കല്പനപ്രകാരം തിരുവനന്തപുരത്തുനിന്നു ചില ഹരിക്കാരന്മാരും മറ്റും വയസ്ക്കരെ വന്നിരുന്നു. ശീലായ്മയുടെ വിവരങ്ങള്‍ കേട്ടപ്പോള്‍ത്തന്നെ സുഖമാകുന്ന കാര്യം അസാദ്ധ്യമാണെന്ന് അച്ഛന്‍ മൂസ്സവര്‍കളും മകന്‍ (ആര്യന്‍ നാരായണന്‍) മൂസ്സവര്‍കളും നിശ്ചയിചു. എങ്കിലും കല്പനപ്രകാരം ആളുകള്‍ വന്നിരിക്കുന്ന സ്ഥിതിക്ക് ആരും പോകാതെയിരിക്കുന്നതു ശരിയല്ലെന്നു വിചാരിച്ച് അച്ഛന്‍ മൂസ്സവര്‍കള്‍ ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളെ പറഞ്ഞയച്ചു. മൂസ്സവര്‍കള്‍ തിരുവനന്തപുരത്തെത്തി തിരുമനസ്സിലെക്കണ്ടയുടനെ ഒരു ഗുളിക കൊടുത്ത് അതു ജീരകവെള്ളത്തില്‍ക്കലക്കിച്ചു തിരുമനസ്സിലേക്കു കൊടുപ്പിച്ചു. ആ ഗുളിക സേവിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ തിരുമനസ്സുകൊണ്ട് എണീറ്റിരിക്കുകയും കുറച്ചു കഞ്ഞി അമൃതേത്തു കഴിക്കുകയും ചെയ്തിട്ട് മൂസ്സവര്‍കളോട്, "എനിക്കിപ്പോള്‍ വളരെ സുഖംതോന്നുന്നുണ്ട്. എന്റെ സുഖക്കേടു നല്ലപോലെ ഭേദമാക്കീട്ടേ മൂസ്സു പോകാവൂ" എന്നു കല്പിചു. അപ്പോള്‍ മൂസ്സവര്‍കള്‍, "ഒരു ശ്രാദ്ധമൂട്ടാനുണ്ട്. അതു ഞാനും അമ്മയുംകൂടി ഊട്ടേണ്ടതാണ്. ഇന്നുതന്നെ പോയെങ്കിലേ അതിനവിടെ എത്താന്‍ സാധിക്കൂ. ശ്രാദ്ധം കഴിഞ്ഞാലന്നുതന്നെ പുറപ്പെട്ടു വന്നുകൊള്ളാം. പിന്നെ ശീലായ്മ ഭേദമാകുന്നതുവരെ ഇവിടെ താമസിക്കുകയും ചെയ്യാം. അതിനാല്‍ ഒന്നുപോയിവരുന്നതിനു കല്പനയുണ്ടാവണം" എന്നറിയിച്ചു. തിരുമനസ്സിലേക്ക് ഇതത്ര സമ്മതമായില്ല. എങ്കിലും ശ്രാദ്ധം മുട്ടിക്കാന്‍ പാടില്ലല്ലോ എന്നു വിചാരിച്ച് അങ്ങനെ കല്പിച്ചനുവദിച്ചു. പിന്നെ മൂസ്സവര്‍കള്‍ അടുത്ത രാജ്യാവകാശിയായിരുന്ന ആയില്യം തിരുനാള്‍ മഹാരാജാവു തിരുമനസ്സിലെ മുഖം കാണിച്ചു യാത്രയറിയിച്ച സമയം "അമ്മാമന്റെ ശീലായ്മ എങ്ങനെയിരിക്കുന്നു?" എന്നു കല്പിച്ചു ചോദിച്ചു. അതിനു മറുപടിയായിട്ട് മൂസ്സവര്‍കള്‍, "ശീലായ്മ ഒരു വിധം നല്ലപോലെയുണ്ട്. കല്പിചു എപ്പോഴും അവിടുത്തെ അടുക്കല്‍ത്തന്നെ ഉണ്ടായിരുന്നാല്‍ക്കൊള്ളാം" എന്നറിയിച്ചിട്ട് അന്നുതന്നെ മടങ്ങിപ്പോന്നു. മൂസ്സവര്‍കള്‍ കോട്ടയത്തെത്തുന്നതിനുമുമ്പുതന്നെ മഹാരാജാവു തിരുമനസ്സുകൊണ്ട് നാടുനീങ്ങിയിരിക്കുന്നു എന്നുള്ള അടിയന്തിരം (ഉത്തരവ്) അഞ്ചല്‍മാര്‍ഗ്ഗം കോട്ടയത്തെത്തി.
2. മൂസ്സവര്‍കള്‍ 1076-ാമാണ്ടു കന്നിമാസത്തില്‍ ശ്രീമൂലം തിരുനാള്‍ സംബന്ധിച്ചു തിരുവനന്തപുരത്തു പോയിരുന്നപ്പോള്‍ തിരുനാള്‍ ദിവസം അശ്വതിതിരുനാള്‍ ബി.എ. തിരുമനസ്സിലെ മുഖം കാണിക്കാന്‍ പോയിരുന്നു. മൂസ്സവര്‍കളെ കണ്ടപ്പോള്‍ തിരുമനസ്സുകൊണ്ട്, "എനിക്കു നാലഞ്ചു ദിവസമായിട്ടു നല്ല സുഖമില്ലാതെയിരിക്കുകയാണ്. എന്ന് അമ്മയുടെ ശ്രാദ്ധവും ഇന്നലെ ഒരിക്കലൂണുമായിരുന്നതിനാല്‍ രണ്ടു ദിവസവും മുങ്ങിക്കുളിച്ചു. അതുകൊണ്ടായിരിക്കാം ഇന്നു തലവേദനയുണ്ട്. സംസാരിക്കാന്‍ പ്രയാസം. ഞാന്‍കുറച്ചു കിടക്കട്ടെ" എന്നു കല്പിച്ചു. "തലവേദനയുണ്ടെങ്കില്‍ സംസാരിക്കാതെയിരിക്കുകയാണ് വേണ്ടത്" എന്നറിയിച്ചിട്ടു മൂസ്സവര്‍കള്‍ അപ്പോള്‍ത്തന്നെ മടങ്ങിപ്പോന്നു.
തിരുനാളിനു പോയാല്‍ തിരുനാള്‍ കഴിഞ്ഞിട്ട് നാലഞ്ചുദിവസംകൂടി താമസിച്ചിട്ടേ മൂസ്സവര്‍കള്‍ മടങ്ങിപ്പോരുക പതിവുള്ളൂ. ആ പ്രാവശ്യം തിരുനാള്‍ കഴിഞ്ഞിട്ടു പിറ്റേദിവസം രാവിലെ മൂസ്സവര്‍കള്‍ "നമുക്ക് ഇന്നുതന്നെ പോകണം" എന്നു കൂടെയുണ്ടായിരുന്നവരില്‍ ചിലരോട് പറയുകയും അന്നുച്ചയ്ക്കു വലിയ കൊട്ടാരത്തില്‍പ്പോയി യാത്രയറിയിക്കുകയും അത്താഴം കഴിഞ്ഞു വള്ളംകയറിപ്പോരികയും ചെയ്തു. പതിവിനു വിരോധമായി ഇത്ര ബദ്ധപ്പെട്ടു പോന്നതിന്റെ കാരണമെന്തെന്നു കൂടെയുണ്ടായിരുന്നവര്‍ക്കാര്‍ക്കും തല്‍ക്കാലം മനസ്സിലായില്ല. തിരുവനന്തപുരത്തുനിന്നും വള്ളം നീങ്ങി ഒന്നുരണ്ടു നാഴിക പോന്നപ്പോള്‍ മൂസ്സവര്‍കള്‍, "ഏതെങ്കിലും പോന്നുവല്ലോ. അശ്വതിതിരുനാള്‍ തിരുമനസ്സിലേക്കു നല്ല സുഖമില്ലാതെയാണിരിക്കുന്നത്. ഈ അവസരത്തില്‍ അവിടെത്താമസിക്കാതെ കഴിക്കണമെന്നു വിചാരിച്ചാണ് ഇന്നുതന്നെ പോന്നത്" എന്നു പറഞ്ഞു. അപ്പോള്‍ കൂടെയുണ്ടായിരുന്ന ഒരു നമ്പൂരി "ശീലായ്മ കലശലാണോ" എന്നു ചോദിച്ചു. അതിനുത്തരമായി മൂസ്സവര്‍കള്‍ "അതൊന്നുമല്ല. സാരമില്ലെന്നാണ് അവിടുന്നു കല്പിച്ചത്. എങ്കിലും പന്തിയില്ലെന്നാണ് എനിക്കു തോന്നിയത്" എന്നു പറഞ്ഞു. സംഗതി അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. മൂസ്സവര്‍കളുടെ വള്ളം കോട്ടയത്തെത്തിയതിന്റെ തലേദിവസംതന്നെ തിരുമനസ്സുകൊണ്ട് നാടുനീങ്ങിയിരിക്കുന്നു എന്നുള്ള അടിയന്തിരക്കമ്പി കോട്ടയത്തെത്തി.
3. ഒരിക്കല്‍ മാവേലിക്കരക്കൊട്ടാരത്തില്‍ ഒരു തമ്പുരാട്ടിക്കു ശീലായ്മയായിട്ട് ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളെ കൊണ്ടുപോകാനായി എഴുത്തും വള്ളവും കൊണ്ട് ആളുകള്‍ വന്നിരുന്നു. എഴുത്ത് അനന്തപുരത്തു കൊട്ടാരത്തില്‍ മൂത്തകോയിത്തമ്പുരാനവര്‍കളുടെ (കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ സി.എസ്. ഐ. തിരുമനസ്സിലെ ജ്യേഷ്ഠന്റെ)യായിരുന്നു. അതില്‍ പറഞ്ഞിരുന്നത് "ഇവിടെ ഒരു തമ്പുരാട്ടിക്കു നല്ല സുഖമില്ലാതെയിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ ഇവിടെ യുണ്ട്. എങ്കിലും ചികിത്സയൊന്നും നിശ്ചയിച്ചിട്ടില്ല. മൂസ്സുകൂടി വന്നിട്ട് ആലോചിച്ചു നിശ്ചയിക്കാമെന്നു വിചാരിക്കുന്നു. അതിനാല്‍ ഇവിടെ നിന്നയയ്ക്കുന്ന ഈ വള്ളത്തില്‍ത്തന്നെ മൂസ്സ് ഉടനെ പുറപ്പെട്ടു വന്നുചേരേണ്ടിയിരിക്കുന്നു. ഒട്ടും അമാന്തിക്കയില്ലല്ലോ" എന്നായിരുന്നു. മൂത്ത കോയിത്തമ്പുരാനവര്‍കള്‍ ഒരു വൈദ്യനും വിദ്വാനും മാന്യനുമായിരുന്നുവെന്നു മാത്രമല്ല, മൂസ്സവര്‍കളുടെ ഒരാപ്തമിത്രവുമായിരുന്നു. സുഖക്കേടു മാവേലിക്കരക്കൊട്ടാരത്തിലെ തമ്പുരാട്ടിക്കുമായിരുന്നുവല്ലോ. ഇങ്ങനെ പല കാരണങ്ങള്‍കൊണ്ടും മൂസ്സവര്‍കള്‍ ആ എഴുത്തിന്‍പ്രകാരം ഉടനെ പോകേണ്ടതായിരുന്നു എങ്കിലും എന്തോ അവിടുന്നു പോയില്ല. "രാമനൊന്നു പോയി നോക്കിവരൂ. വേണമെങ്കില്‍ ഞാന്‍പിന്നെപ്പോകാം" എന്നു പറഞ്ഞ് അവിടുത്തെക്കൂടെത്താമസിച്ചിരുന്ന രാമവാര്യരവര്‍കളെ പറഞ്ഞയയ്ക്കുകയാണ് ചെയ്തത്. രാമവാര്യരവര്‍കള്‍ മാവേലിക്കര നിന്ന് അയച്ചിരുന്ന വള്ളത്തില്‍ത്തന്നെ കയറിപ്പോവുകയും പിറ്റേദിവസംതന്നെ മടങ്ങിവരുകയും ചെയ്തു. രാമവാര്യരവര്‍കളെ കണ്ടയുടനെ മൂസ്സവര്‍കള്‍, "രാമന്‍ അവിടെ എത്തിയതില്‍പ്പിന്നെയോ, അതിനുമുമ്പുതന്നെ കഴിഞ്ഞുവോ?" എന്നു ചോദിച്ചു. അതിനു രാമവാര്യരവര്‍കളുടെ മറുപടി, "അടിയന്‍ അവിടെയെത്തി ഒരു നാഴിക കഴിഞ്ഞപ്പോള്‍ നിലത്തിറക്കി" എന്നായിരുന്നു. ഇങ്ങനെ മൂസ്സവര്‍കളുടെ ദിവ്യത്വങ്ങളും പറഞ്ഞാലവസാനിക്കാത്തവണ്ണമുണ്ട്. രോഗിയെക്കാണാതേയും ദീനസ്ഥിതി ആരും പറയാതേയും മരണം നിശ്ചയിക്കുവാന്‍ മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.
4. തിരുവിതാംകൂര്‍ ഇളയതമ്പുരാനായിരുന്ന ചതയം തിരുനാള്‍ തിരുമനസ്സിലേക്കു ശീലായ്മയായപ്പോള്‍ ആര്യന്‍ നാരായണന്‍മൂസ്സവര്‍കളെ കൊണ്ടുചെല്ലുന്നതിനു അന്നു കോട്ടയത്തു ഡിവിഷന്‍ അസിസ്റ്റന്റും ഒന്നാം ക്ലാസ്സു മജിസ്ട്രറ്റുമായിരുന്ന കുഞ്ഞുകൃഷ്ണപ്പണിക്കരവര്‍കളുടെ പേര്‍ക്കു വടക്കെക്കൊട്ടാരം (ഇളയ തമ്പുരാന്റെ കൊട്ടാരം) കാര്യക്കാര്‍ എഴുതിയയയ്ക്കുകയാല്‍ മിസ്റ്റര്‍ പണിക്കര്‍ വയസ്ക്കരെ വന്നു വിവരമറിയിച്ചു. അപ്പോള്‍ മൂസ്സവര്‍കള്‍ "ഇന്നു വലിയ മഴയായിരിക്കുന്നുവല്ലോ. നാളെയോ മറ്റോ ആവട്ടെ" എന്നു പറഞ്ഞു. പിറ്റേദിവസത്തേക്കു പണിക്കരവര്‍കള്‍ ഒരു ബോട്ടു വയസ്ക്കരക്കടവില്‍ ഹാജരാക്കി. മിസ്റ്റര്‍ പണിക്കര്‍ നിര്‍ബന്ധപൂര്‍വം അപേക്ഷിചുകൊണ്ടും മൂസ്സവര്‍കള്‍ "നാളെയാവട്ടെ", "മറ്റന്നാളാവട്ടെ" എന്നിങ്ങനെ അവധി പറഞ്ഞുകൊണ്ടുമിരുന്നു. അങ്ങനെ നാലു ദിവസം കഴിഞ്ഞപ്പോഴേക്കും മിസ്റ്റര്‍ പണിക്കര്‍ക്കു സാമാന്യത്തിലധികം മുഷിഞ്ഞു. പരിഭവത്തോടുകൂടി മൂസ്സവര്‍കളുടെ അടുക്കല്‍ ചിലതൊക്കെപ്പറഞ്ഞിട്ട് വയസ്ക്കരെനിന്ന് ഇറങ്ങിപ്പോവുകയും ബോട്ട് അതിന്റെ ഉടമസ്ഥനെ തിരിയെ ഏല്പിക്കുകയും ചെയ്തു. അഞ്ചാം ദിവസം ഉച്ചതിരിഞ്ഞപ്പോള്‍ ഇളയതമ്പുരാന്‍ തിരുമനസ്സുകൊണ്ടു നാടു നീങ്ങിയിരിക്കുന്നു എന്നുള്ള കമ്പി മിസ്റ്റര്‍ പണിക്കര്‍ക്കു കിട്ടി. ആ കമ്പിവര്‍ത്തമാനമെഴുതിയിരുന്ന കടലാസ്സും കൊണ്ട് പണിക്കരവര്‍കള്‍ ഉടനെ വയസ്ക്കരെയെത്തി നാടുനീങ്ങിയ വര്‍ത്തമാനമറിയിച്ച ശേഷം "എഴുന്നള്ളത്തു പുറപ്പെടാതിരുന്നതു വളരെ നന്നായി. ഇങ്ങനെ വരുമെന്നറിഞ്ഞിരുന്നുവെങ്കില്‍ അടിയന്‍ തിരുമനസ്സിലെ അടുക്കല്‍ അത്ര നിര്‍ബന്ധിക്കയില്ലായിരുന്നു. ഇവിടുത്തെ അമാന്തം കണ്ടിട്ട് അടിയനു വല്ലാത്ത സങ്കടമോ കുറച്ചു ദേഷ്യമോ ഏതാണ്ടൊക്കെ ഉണ്ടായി. അടിയന്റെ സങ്കടം സഹിക്കവയ്യാതെയായിട്ട് ഏതാണ്ടൊക്കെ അക്രമമായി അറിയിക്കുകയും ചെയ്തുപോയി. അതൊക്കെ ഇവിടെ ക്ഷമിക്കണം. അടിയന്റെ കഥയില്ലായ്മകൊണ്ടു വന്നുപോയ തെറ്റിന് അടിയന്‍ മാപ്പുചോദിച്ചുകൊള്ളുന്നു. ഇങ്ങനെ സംഭവിക്കുമെന്നു വിചാരിച്ചിട്ടായിരിക്കുമല്ലോ അടിയന്‍ നിര്‍ബന്ധിച്ചിട്ടും തിരുമനസ്സുകൊണ്ട് യാത്ര പുറപ്പെടാതെയിരുന്നത്. ഇവിടെ ഇതൊക്കെ മുന്‍കൂട്ടി നിശ്ചയിക്കുന്നതെങ്ങനെയാണാവോ" എന്നു പറഞ്ഞു. മൂസ്സവര്‍കള്‍, "നാലഞ്ചു ദിവസമായിട്ടു സദാ മഴതന്നെയായിരുന്നുവല്ലോ. ഇങ്ങനെ ഇടവിടാതെ കണ്ടുള്ള മഴ കണ്ടാല്‍ എങ്ങോട്ടും യാത്ര പുറപ്പെടരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ പുറപ്പെടാതെയിരുന്നത്. അലാതെ യാതൊന്നുംകൊണ്ടുമല്ല" എന്നു മറുപടിയും പറഞ്ഞു.
പരസ്പരം സ്പര്‍ദ്ധയുള്ളവരായ മറ്റുള്ള അഷ്ടവൈദ്യന്മാര്‍ക്കും ആര്യന്‍ നാരായണന്‍ മൂസ്സവര്‍കളെക്കുറിച്ചു വളരെ ബഹുമാനമുണ്ടായിരുന്നു. ഇതിലേക്കു താഴെപ്പറയുന്ന സംഗതി ഒരു ദൃഷ്ടാന്തമാണ്.
ഒരിക്കല്‍ ഒരമ്മത്തമ്പുരാന്‍ തിരുമനസ്സിലേക്കു ശീലായ്മയാവുകയാല്‍ ചികിത്സയ്ക്കായി അന്നത്തെ വലിയതമ്പുരാന്‍ തിരുമനസ്സുകൊണ്ട് അഷ്ടവൈദ്യന്മാരില്‍ മിക്കവരെയും തൃപ്പൂണിത്തുറെ വരുത്തിയിരുന്നു. അവരെല്ലാവരുംകൂടിയാലോചിചാണ് ചികിത്സ നടത്തിയിരുന്നത്. അങ്ങനെ അവരവിടെ താമസിച്ചിരുന്നപ്പോള്‍ ഒരു ദിവസം വലിയ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് അവരോടെലാവരോടുംകൂടി "അഷ്ടവൈദ്യന്മാരില്‍ ചികിത്സാവിഷയത്തില്‍ അധികം യോഗ്യതയുള്ളതാര്‍ക്കാണ്?" എന്നു കല്പിച്ചു ചോദിച്ചു. കുറച്ചുനേരത്തേക്ക് ഇതിന് ആരും മറുപടിയൊന്നും പറഞ്ഞില്ല പിന്നെ തൃശ്ശിവപേരൂര്‍ തൈക്കാട്ട് അച്ഛന്‍ മൂസ്സവര്‍കള്‍ (ഇപ്പോഴത്തെ മൂസ്സവര്‍കളുടെ അച്ഛന്‍) "ഇത് ഏറ്റവും അപകടമായിട്ടുള്ളഒരു ചോദ്യമാണ്. ഇതിന് ഇതിലാരും ഉത്തരം പറയുമെന്നു തോന്നുന്നില്ല. എല്ലാവരേയുംകാള്‍ സമര്‍ത്ഥന്‍ താനാണെന്നുള്ള വിചാരം എല്ലാവര്‍ക്കുമുണ്ടായിരിക്കും. എന്നാല്‍ അതു സ്പഷ്ടമായിപ്പറയാന്‍ ആര്‍ക്കും ധൈര്യമു ണ്ടായിരിക്കുകയുമില്ല. പിന്നെയെങ്ങനെയാണ് ഇതിനുത്തരം പറയുന്നത്? കല്പിച്ചു ചോദിചതിന് ആരും ഉത്തരം പറയാതെയിരിക്കുന്നത് ന്യായ വുമല്ല. അതിനാല്‍ എന്റെ അഭിപ്രായം ഞാനിവിടെ ഉണര്‍ത്തിക്കാം. എല്ലാവര്‍ക്കും എല്ലാവിഷയങ്ങളിലും ഒരുപോലെ യോഗ്യതയുണ്ടായിരിക്കു കയില്ല. ഓരോരുത്തര്‍ക്ക് ഓരോ വിഷയത്തിലായിരിക്കും യോഗ്യത. അഷ്ടാംഗഹൃദയത്തിന്റെ അര്‍ത്ഥം പറയുന്നതിനു സമര്‍ത്ഥന്‍ കുട്ടഞ്ചേരി അപ്ഫന്‍തന്നെയാണ്. ആ വിഷയത്തില്‍ അദ്ദേഹത്തോളം യോഗ്യതയുള്ളവര്‍ ഞങ്ങളുടെ കൂട്ടത്തില്‍ വേറെ ആരുമില്ല. രോഗം നിശ്ചയിക്കുന്നതിന് ആലത്തൂര്‍ നമ്പിയോളം യോഗ്യത മറ്റാര്‍ക്കും ഇല്ല. ചികിത്സ ചെയ്യുന്നതിന് അധികം യോഗ്യന്‍ പിലാമന്തോള്‍ മൂസ്സാണ്. അദ്ദേഹം ചികിത്സിച്ചാല്‍ ഭേദമാകുന്ന രോഗങ്ങളെല്ലാം ഭേദമാകും. ഇനി എന്റെ യോഗ്യതകൂടി പറഞ്ഞേക്കാം. മരണലക്ഷണം കണ്ടു നിശ്ചയിക്കുന്നതിന് എന്നോളം സാമര്‍ത്ഥ്യം മറ്റാര്‍ക്കുമെല്ലെന്നാണ് എന്റെ അഭിമാനം. ഒരാറു മാസത്തിനകം മരിക്കുന്ന ഒരാളെക്കണ്ടാല്‍ അയാള്‍ ഇന്ന ദിവസം മരിക്കുമെന്നു ഞാന്‍ തീര്‍ച്ചയായിപ്പറയാം. അതു തെറ്റുകയുമില്ല. എന്നാല്‍ ഈ വക യോഗ്യതകളെല്ലാം പൂര്‍ണ്ണമായിത്തികഞ്ഞിട്ടുള്ള ഒരാള്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അദ്ദേഹം ഇപ്പോള്‍ ഇവിടെ വന്നിട്ടില്ല. ആ മഹാന്‍ വയസ്ക്കര ആര്യന്‍ നാരായണന്‍ മൂസ്സാണ്. അദ്ദേഹം വിചാരിച്ചാല്‍ ഭേദമാകാത്ത രോഗവും ഭേദമാക്കാന്‍ കഴിയും. അങ്ങനെ യൊരാള്‍ ഞങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹമല്ലാതെ വേറെ ആരുമില്ല" എന്നു പറയുകയും അതു ശരിയാണെന്ന് അവിടെയുണ്ടായിരുന്നവരെല്ലാം സമ്മതിക്കുകയും ചെയ്തു. ആര്യന്‍ നാരായണന്‍ മൂസ്സവര്‍കള്‍ക്കു ചികിത്സാവിഷയത്തിലും മറ്റുമുണ്ടായിരുന്ന യോഗ്യതകള്‍ എന്നെക്കാളധികം കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞിട്ടുള്ളവരില്‍ പലരും ഇപ്പോഴും ജീവിച്ചിരിപ്പുള്ളതിനാല്‍ ഞാനീ പറഞ്ഞിട്ടുള്ളതില്‍ അല്പം പോലും അതിശയോക്തിയില്ലെന്നും മൂസ്സവര്‍കള്‍ എന്റെ ഗുരുനാഥനായിരുന്നതുകൊണ്ട് ഞാന്‍ വെറുതെ പ്രശംസിക്കുകയല്ലെന്നുമുള്ള വാസ്തവം അവര്‍ക്കറിയാവുന്നതാണ്. മൂസ്സവര്‍കളെ സംബന്ധിച്ചു ഞാന്‍ പറഞ്ഞിട്ടുള്ളവ കൂടാതെ വേറെയും പല സംഗതികളറിയാവുന്നവര്‍ ഇപ്പോഴും പലരുമുണ്ടായിരിക്കാനിടയുള്ളതുകൊണ്ട് അവര്‍ക്കറിയാവുന്നവയെല്ലാം എഴുതി പ്രസിദ്ധപ്പെടുത്തിയാല്‍ കൊള്ളാമെന്നുള്ള അപേക്ഷയോടുകൂടി ഞാന്‍ ഇപ്പോള്‍ വിരമിക്കുന്നു.