മണ്ടക്കാട്ട് എന്ന സ്ഥലം തിരുവിതാംകൂര്‍ സംസ്ഥാനത്ത് ഇരണിയല്‍(ഇപ്പോള്‍ കല്‍ക്കുളം)താലൂക്കിന്റെ തെക്കേ അറ്റവും സമുദ്രതീരവുമാണ്. ഇവിടെ ഒരു ബ്രാഹ്മണാലയവും നാലഞ്ചു നായര്‍ ഗൃഹങ്ങളും ഏതാനും വാണിയന്മാരുടെ പാര്‍പിടങ്ങളും പലതരക്കാരായ ഒട്ടുവളരെ മറ്റു ജാതികാരുടെ വാസസ്ഥലങ്ങളും ഇവയുടെ ഇടയ്ക്ക് ഒരു അമ്മന്‍കോവിലും (ഭഗവതിക്ഷേത്രവും) ഒരു ശാസ്താംകോവിലും (ശാസ്താവിന്റെ അമ്പലവും) ഉണ്ട്.
ഇനി അവിടെ ഈ അമ്മന്‍കോവിലുണ്ടായത് എങ്ങനെയെന്നു പറയാം. ഇരണിയല്‍ മുതലായ പ്രദേശങ്ങളില്‍ കന്നുകാലികളെ മേയ്ക്കുന്നപുലയര്‍ രണ്ടുഭാഗമായി നിന്നു മദ്ധ്യഭാഗത്ത് ഒരു പനന്തേങ്ങയിട്ട് അങ്ങോട്ടുമിങ്ങോട്ടും അടിച്ചു കളിക്കുക ആ ദിക്കുകളില്‍ സാധാരണമാണ്. ഒരിക്കല്‍ അങ്ങന്നെ അടിച്ച ഒരു പനന്തേങ്ങ അവിടെ അടുത്തുണ്ടായിരുന്ന ഒരു ചിതല്‍പ്പുറ്റിന്മേല്‍ ചെന്നു കൊള്ളുകയും പുറ്റു സ്വല്പം പൊട്ടുകയും ആ പൊട്ടിയ സ്ഥലത്തു നിന്നു രക്തം പ്രവഹിച്ചുതുടങ്ങുകയും ചെയ്തു. കളിച്ചുകൊണ്ടു നിന്നിരുന്ന പുലയര്‍ ആ രക്തപ്രവാഹം കണ്ടു ഭയവിഹ്വലരായി ഉറക്കെ നിലവിളിച്ചു. ചിലര്‍ ബോധം കെട്ട് അവിടെത്തന്നെ വീഴുകയും ചെയ്തു. അപ്പോഴേക്കും ഈ വര്‍ത്തമാനം അറിഞ്ഞ് ആ സ്ഥലത്തിന്റെയും കന്നുകാലികളുടെയും ഉടമസ്ഥന്മാരും മറ്റനേകം ജനങ്ങളും താലൂക്കില്‍നിന്നു തഹശീല്‍ദാര്‍ മുതലായവരും ആ സ്ഥലത്തെത്തി. അപ്പോഴും പുറ്റില്‍നിന്നു രക്തം പ്രവഹിച്ചുകൊണ്ടുതന്നെയിരുന്നു. അപ്പോള്‍ അമ്മന്റെ ഒരു ഭൂതം ഒരു മനുഷ്യന്റെ ദേഹത്തിന്മേല്‍ ആവേശിച്ച് അയാള്‍ തുള്ളി. ഈ പുറ്റു സാക്ഷാല്‍ അമ്മന്റെ വിഗ്രഹമാണെന്നും അമ്മന്‍ വല്മീക (പുറ്റു) രൂപത്തില്‍ ഇവിടെ ആവിഭവിച്ചിരിക്കുകയാണെന്നും ഈ പുറ്റ് ദേവി (ഭദ്രകാളി) തന്നെയെന്നു വിശ്വസിച്ചു പൂജിക്കുകയും വന്ദിക്കുകയും ചെയ്താല്‍ മനുഷ്യര്‍ക്കു സകലാഭിഷ്ടങ്ങളും സിദ്ധിക്കുമെന്നും ഈ ചിതല്‍പ്പുറ്റു പൊട്ടിയിരിക്കുന്ന സ്ഥലത്തു ചന്ദനമരച്ചു തേച്ചു വിടവടച്ചാല്‍ രക്തപ്രവാഹം നില്‍ക്കുമെന്നും താന്‍ അമ്മന്റെ ഒരു ഭൂതമാണെന്നും പറഞ്ഞു. ഉടനെ തഹശീല്‍ദാരും മറ്റും കൂടി ഒരു നല്ല പ്രശ്നകാരനെ വരുത്തി പ്രശനംവെപ്പിച്ചു നോക്കികുകയും ആ മനുഷ്യന്‍ തുള്ളിപ്പറഞ്ഞതെല്ലാം വാസ്തവമാണെന്നു പ്രശ്നകാരന്‍ വിധിക്കുകയും അപ്പോള്‍ ഈ പുറ്റും അമ്മന്‍തന്നെയാണെന്ന് എല്ലാവര്‍ക്കും വിശ്വാസമാവുകയും ചെയ്തു.
അനന്തരം ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ ബ്രാഹ്മണരെകൊണ്ടു രണ്ടുമൂന്നു തുലാം ചന്ദനമരച്ചു പുറ്റിന്റെ വിടവ് അടപ്പിക്കുകയും അപ്പോള്‍ രക്തപ്രവാഹം നില്‍ക്കുകയും ചെയ്തു. പിന്നെ അമ്മനു മുറയ്ക്കു പൂജയും തുടങ്ങിച്ചു. ഇപ്രകാരമാണ് മണ്ടക്കാട്ട് അമ്മന്റെ ആഗമം.
അമ്മന്റെ വിഗ്രഹമായ ആ പുറ്റു നനയാതെയിരിക്കുന്നതിനു അവിടെ അശുദ്ധിയും മറ്റും ബാധിക്കാതെയിരിക്കുന്നതിനുമായി സ്ഥലത്തിന്റെ ഉടമസ്ഥന്‍ തന്നെ തല്‌ക്കാലം ഓലമേച്ചിലായിട്ട് ഒരു മേല്ക്കുരയുണ്ടാക്കിക്കുകയും ചുറ്റും വേലി കെട്ടിക്കുകയും ചെയ്തു. പതിവായി പൂജയും മറ്റും തുടങ്ങിയപ്പോള്‍ അവിടെ അമ്മന്റെ ചൈതന്യം വര്‍ദ്ധിച്ചു തുടങ്ങി. അപ്പോള്‍ ജനങ്ങള്‍ അവിടെചെന്ന് അമ്മനെ വന്ദിക്കുകയും സേവിക്കുകയും ഓരോ കാര്യങ്ങള്‍ സാധിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ കഴിക്കുകയും തുടങ്ങി. അങ്ങനെയായപ്പോള്‍ മണ്ടക്കാട്ട് അമ്മന്റെ അടുക്കല്‍ അപേക്ഷിച്ചാല്‍ സകല കാര്യങ്ങളും സാധിക്കുമെന്നൊരു വിശ്വാസം ജനങ്ങളുടെ മനസ്സില്‍ ദൃഢീഭവിച്ചു. മണ്ടക്കാട്ടമ്മന്‍ എന്നുള്ള പ്രസിദ്ധി ലോകത്തില്‍ സര്‍വത്ര പരക്കുകയും ചെയ്തു.അപ്പോള്‍ ദേവീദര്‍ശനത്തിനായും അവിടെ ഭജിക്കുന്നതിനായും വഴിപാടുകള്‍നടത്തുന്നതിനായും മറ്റും ദൂരസ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ അവിടെ വന്നുതുടങ്ങി. അപ്പോള്‍ ചൊവ്വാഴ്ച, വെള്ളിയാഴ്ച ഇങ്ങനെയുള്ള വിശേഷദിവസങ്ങളില്‍ അവിടെ കൂടുന്ന ജനങ്ങള്‍ക്കു സംഖ്യയില്ലാതെയായി. അതിനാല്‍ പണമായിട്ടും പണ്ടങ്ങളായിട്ടും മറ്റു സാധങ്ങളായിട്ടുമുള്ള നടവരവും അസാമാന്യമായി വര്‍ദ്ധിച്ചു. അവയെല്ലാം ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ എടുക്കുകയും യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യാമായിരുന്നതുകൊണ്ട് അയാള്‍ വലിയ ധനവാനായിത്തീരുകയും ചെയ്തു. അമ്മനു പതിവായി പൂജയും മറ്റും തുടങ്ങിയപ്പോള്‍ അമ്മന്റെ വിഗ്രഹം (പുറ്റു) ക്രമേണ വളര്‍ന്നു തുടങ്ങി. ഇപ്പോളത് ഒരു ചെറിയ പര്‍വ്വതം പോലെയായിട്ടുണ്ട്. അതിനിപ്പോള്‍ ഏകദേശം ഇരുപതടി പൊക്കവും നാല്പതടി ചുറ്റളവും അഗ്രഭാഗത്തു രണ്ടുമൂന്നു ശിഖരങ്ങളുമുണ്ട്. ആ കൊടുമുടികള്‍ അതിനൊരു ഭൂഷണമായിത്തന്നെ ശോഭിക്കുന്നു. ഇത്രയുമായിട്ടും അമ്മന്റെ വളര്‍ച്ച നിന്നിട്ടില്ല.
അമ്മന്‍ കോവിലിന്റെ ഉടമസ്ഥാവകാശം സിദ്ധിച്ചിരുന്ന കുടുംബക്കാര്‍ നടവരവുകൊണ്ടും മറ്റും വലിയ ധനവാന്മാരായിത്തീര്‍ന്നപ്പോള്‍ അവര്‍ക്കു പണം സമ്പാദിക്കുന്നതിലുള്ള ആഗ്രഹം വര്‍ദ്ധിക്കുകയും ദേവിയെക്കുറിച്ചുളള ഭക്തിയും ദേവീകാര്യങ്ങളിലുള്ള ശ്രദ്ധയും കുറയുകയും ചെയ്തു. നേരനീക്കം കൂടാതെ പൂജയും മറ്റും നടത്തിക്കണമെന്നുള്ള വിചാരം പോലും അവര്‍ക്കില്ലാതെയായി. അപ്പോളവിടെ സര്‍ക്കാരില്‍ നിന്നു പ്രവേശിച്ച് അമ്മന്‍കോവിലും ആ സ്ഥലവും മറ്റും സര്‍ക്കാരില്‍ ചേര്‍ത്തു. അതിനെക്കുറിച്ച് ഉടമസ്ഥന്മാര്‍ മഹാരാജാവ് തിരുമനസ്സിലെ സന്നിധിയില്‍ സങ്കടമറിയിക്കുകയാല്‍ കല്പനപ്രകാരം അവര്‍ക്ക് ഏതാനും പണം കൊടുത്ത് അവരുടെ ഉടമസ്ഥാവകാശം സര്‍ക്കാരിലേക്ക് എഴുതി വാങ്ങി. അങ്ങനെ അമ്മന്‍കോവിലും അതിനോടു ചേര്‍ന്ന സഥലവുമെല്ലാം തിരുവിതംകൂറ് സര്‍ക്കാര്‍വകയായിത്തീര്‍ന്നു. പിന്നെ സര്‍ക്കാരില്‍നിന്നു കോവിലിലെ നിത്യനിദാനം, മാസവിശേഷം, ആട്ടവിശേഷം മുതലായവയ്ക്കെല്ലാം പതിവുകള്‍ നിശ്ചയിക്കുകയും അതു പ്രകാരം സകലതും ശരിയായി നടത്തിത്തുടങ്ങുകയും ചെയ്തു.
പൂജയും മറ്റും ശരിയായി നടത്തിത്തുടങ്ങിയപ്പോള്‍ അവിടെ അമ്മന്റെ ശക്തിയും ചൈതന്യവും പൂര്‍വ്വാധികം വര്‍ദ്ധിച്ചു. ദേവിക്കു ‘ഭയങ്കരി’ എന്നുളള നാമം യഥാര്‍ത്ഥമായിത്തീര്‍ന്നു. നട്ടുച്ച സമയത്തുപോലും ഭയം നിമിത്തം ജനങ്ങളവിടെ പോകാതായി. അപ്പോള്‍ ദേവിയുടെ ശക്തി കുറയുന്നതിനായി പതിവായിട്ടുള്ള പൂജ കുരുക്കള്‍ എന്ന ജാതിക്കാര്‍ നടത്തുന്നതിനും ബ്രാഹ്മണരുടെ പൂജ വിശേഷദിവസങ്ങളില്‍ മാത്രം മതിയെന്നും നിശ്ചയിച്ചു. അങ്ങനെ നടത്തിത്തുടങ്ങിയപ്പോള്‍ അമ്മന്റെ ശക്തി കുറഞ്ഞു യഥാപൂര്‍വ്വം പാകത്തിലായി. അതിനാല്‍ ഇപ്പോഴും അങ്ങനെ തന്നെ നടന്നുവരുന്നു.
ഇനി കൊടയെക്കുറിച്ചു പറയാം. ‘മണ്ടക്കാട്ടുകൊട’ എന്നു പറഞ്ഞാല്‍ മണ്ടക്കാട്ടമ്മന്റെ പരിവാരങ്ങളായ ഭൂതപ്രേതപിശാചാദികള്‍ക്ക് ആടും കോഴിയും വെട്ടി ബലി കൊടുക്കുകയാണ്. ദേവി വസൂരിവിത്തു തന്റെ പരിവാരങ്ങളില്‍ കൊടുക്കുകയും അവര്‍ കൊണ്ടുപോയി ജനങ്ങളുടെ മേല്‍ വിതയ്ക്കുകയും ചെയ്യുന്നു എന്നും അങ്ങനെയാണ് ജനങ്ങള്‍ക്ക് വസൂരി അല്ലെങ്കില്‍ മസൂരി ഉണ്ടാകുന്നതെന്നും ദേവിയുടെ പരിവാരങ്ങള്‍ക്കു ബലി കൊടുത്തു പ്രസാദിപ്പിച്ചുകൊണ്ടാല്‍ ആ ദീനം ഉണ്ടാവുകയില്ലെന്നും ഈ പരിവാരങ്ങളെ പ്രസാദിപ്പിക്കുന്നത് ദേവിക്കും സന്തോഷകരമാണെന്നുമാണ് ജനങ്ങളുടെ വിശ്വാസം.
അമ്മന്‍കോവിലില്‍ പ്രധാന ദിവസം ചൊവ്വാഴ്ചയാണ് വിശേഷിച്ചു മാസംതോറും ഒടുവിലത്തെ ചൊവ്വാഴ്ച അതിപ്രധാനമാണ്. അതിനാല്‍ ചൊവാഴ്ചതോറുമാണ് അവിടെ ദര്‍ശനത്തിനും വഴിപാടുകള്‍ നടത്താനുമായി ജനങ്ങള്‍ വന്നുകൂടുന്നത്. എല്ലാ ചൊവ്വാഴ്ചയ്ക്കും അവിടെ സ്ത്രീകളും പുരുഷന്മാരുമായി അഞ്ഞൂറില്‍ കുറയാത്ത ജനങ്ങള്‍ കൂടുന്നുണ്ട്. ഒടുവിലത്തെ ചൊവ്വാഴ്ച കൂടുന്ന ജനങളുടെ സംഖ്യ ആയിരത്തില്‍ ഒട്ടും കുറവായിരിക്കയില്ല. ഒടുവിലത്തെ ചൊവ്വാഴ്ചതോറും അവിടെ അമ്മനെ എഴുന്നള്ളിക്കുകയും പതിവാണ്. അതൊരു പതിവടിയന്തിരമാകയാല്‍ അതിനു വലിയഘോഷമൊന്നുമില്ല. ചെറിയ ശ്രീകോവില്‍ പോലെ അല്ലെങ്കില്‍ പഴുക്കാമണ്ഡപം പോലെ ഒരു വാഹനം കെട്ടിയുണ്ടാക്കി അലങ്കരിച്ച് അതില്‍ ദേവിയുടെ പരിശൂലം വെച്ചാണ് എഴുന്നള്ളിക്കുന്നത്. ശ്രീകോവില്‍ പോലെ കെട്ടിയുണ്ടാക്കുന്ന വാഹനത്തിന്‍ അവിടെ പറയുന്ന പേര്‍ ’ചപ്രം’ എന്നാണ്. ചൊവ്വാഴ്ചയ്ക്ക് അവിടെ കൂടുന്ന ജനങ്ങള്‍ അരി വീതിച്ചെടുത്തു കഞ്ഞിവെച്ചു പാവങ്ങള്‍ക്കു കൊടുക്കുകയും പതിവാണ്. അതും ദേവീപ്രസാദകരമായ ഒരു വഴിപാടാണ്. ഇങ്ങനെ കഞ്ഞി കൊടുക്കുന്നതിനു മാസംതോറും ഏകദേശം മുപ്പതു നാല്പതു പറ അരിയോളം വേണ്ടിവരും. ഇതുകൊണ്ട് അവിടെ കൂടുന്ന അഗതികളും കുറച്ചൊന്നുമല്ലെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.
കൊട കുഭമാസത്തെ ഒടുവിലത്തെ ചൊവ്വാഴ്ച നടത്തണമെന്നാണ് വെച്ചിരിക്കുന്നത്. എന്നാല്‍ അന്ന് ഏകാദശിയാണെങ്കില്‍ കൊട അതിന്റെ മുമ്പിലത്തെ ചൊവ്വാശ്ചയായിരിക്കും. കൊടയുടെ പത്തു ദിവസം മുമ്പ് വരുന്ന ഞായറാഴ്ച കൊടിയേറി പത്തു ദിവസത്തെ ഉത്സവവും അതിനിടയ്ക്കു വരുന്ന വെള്ളിയാഴ്ച ദിവസം ‘വലിയ പഴുക്ക’ എന്നൊരു അടിയന്തരവും പതിവുണ്ട്. ഒട്ടുവളരെ മലരും പഴവും അട, വട, അപ്പം, തിരളി മുതലായവയുണ്ടാക്കി നടയില്‍ കൊണ്ടുചെന്നു കൂട്ടുന്നതിനാണ് ‘വലിയ പടുക്ക’ എന്നു പറയുന്നത്. ഇതും ദേവിയുടെ പരിവാരങ്ങള്‍ പ്രസാദിക്കാനായി ചെയ്യുന്നതാണ്. കൊടയുടെ ദിവസമറിഞ്ഞു ദൂരസ്ഥലങ്ങളില്‍ നിന്നുകൂടെ ജനങ്ങള്‍ വന്നു ചേരേണ്ടതാകകൊണ്ട് കൊട, കൊടിയേറ്റ്, വലിയ പടുക്ക ഇവയുടെ ദിവസങ്ങള്‍ രണ്ടുമൂന്നു മാസം മുമ്പേ നോക്കിയറിഞ്ഞ് ‘ഇരുമ്പിലി ആശാന്‍’ എന്ന സ്ഥാനി താലൂക്കിലേക്ക് എഴുതിയയയ്ക്കുകയും അതു തഹശീല്‍ദാര്‍ എഴുതിയയച്ചു സര്‍ക്കാര്‍ ഗസറ്റില്‍ ചേര്‍ത്തു പ്രസിദ്ധപ്പെടുത്തുകയും പതിവാണ്‍. ഗസറ്റുകളിലെ പരസ്യം കണ്ടു കൊടിയേറ്റു മുതല്‍ പല സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ മണ്ടക്കാട്ടു വന്നുകൂടിത്തുടങ്ങും. എങ്കിലും കൊല്ലത്തു നിന്നാണ് അധികമാളുകള്‍ അവിടെ വന്നു കൂടുന്നത്. അതിനാല്‍ ഏതു ദിക്കില്‍നിന്നു വരുന്നവരേയും ആ ദിക്കുകാര്‍ പറയുന്നതു ‘കൊല്ലത്തുകാര്‍’ എന്നാണ്‍. കൊല്ലത്തുകാര്‍ വന്നു തുടങ്ങി, കൊല്ലത്തുകാര്‍ പോയിത്തുടങ്ങി എന്നു പറയുക അവിടെ സാധാരണമാണ്. കൊടയ്ക്കായി മണ്ടക്കാട്ടു വന്നു കൂടുന്നത് അധികവും താഴ്ന്ന ജാതിക്കാരാണ്. ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കള്‍ വളരെ ചുരുക്കമായിട്ടേ വരാറുള്ളൂ. അടുത്ത ദേശക്കാരില്‍ അധികം അവിടെ കൂടുന്നതു കുളച്ചല്‍ ചെട്ടികളും കീഴ്ക്കര കൃഷ്ണന്‍വകക്കാരെന്നു പറയപ്പെടുന്ന ജാതിക്കാരുമാണ്. ഇവരൊക്കെ വരുന്നതു പല തരത്തിലുളള ആടുകളേയും കോഴികളേയും കൊണ്ടാണ്. അവര്‍ക്ക് ആടുകളേയും കോഴികളേയും വെട്ടി വധിച്ചുതുടങ്ങുക പതിവായിരുന്നു. കൊടിയേറ്റു മുതല്‍ കൊടദിവസം കഴിയുന്നതുവരെ ആ ദേശത്തെല്ലാം സദാ ആടുകളുടെയും കോഴികളുടെയും മരണവേദനയോടെയുളള രോദനം കേട്ടിരുന്നു. കരുണാനിധിയായ സേതുലക്ഷ്മീഭായി സി. ഐ. മഹാരാജ്ഞി തിരുമനസ്സിലെ റീജന്‍സി ഭരണകാലത്തുണ്ടായ ജീവകാരുണ്യസംയുക്തമായ കല്പന നിമിത്തം ഇപ്പോള്‍ അവിടെ അതു നിശ്ശേഷം നിന്നുപോയിരിക്കുന്നു. എന്നാല്‍ കൊട സംബന്ധിച്ചുള്ള മറ്റു ചടങ്ങുകള്‍ക്കും ഉത്സവം, വലിയ പടുക്ക മുതലായവയ്ക്കും യാതൊരു കുറവും വ്യത്യാസവും വന്നിട്ടില്ല. അവയെല്ലാം യഥാപൂര്‍വ്വം ഇപ്പോഴും നടന്നുവരുന്നുണ്ട്.
മുമ്പു മണ്ടക്കാട്ടമ്മനു മീനമാസത്തില്‍ ഭരണിനാള്‍ തൂക്കം എന്നൊരു വഴിപാടു പതിവുണ്ടായിരുന്നു. അത് ഏറ്റവും ഭയങ്കരവും ആപല്‌ക്കരവുമായിരുന്നതിനാല്‍ ഏതാനും കൊല്ലങ്ങള്‍ക്കു മുമ്പ് അതും സര്‍ക്കാരില്‍ നിന്നു നിര്‍ത്തലാക്കി. ഇതൊന്നുകൊണ്ടും അവിടെ അമ്മന്റെ ചൈതന്യവും ശക്തിയും കുറഞ്ഞിട്ടില്ല. അവ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടുതന്നെയാണിരിക്കുന്നത്.
മണ്ടക്കാട്ട് അമ്മന്‍കോവില്‍ സര്‍ക്കാര്‍ വകയായതില്‍പ്പിന്നെ അവിടെ വളരെ പരിഷ്ക്കാരം വന്നിട്ടുണ്ട്. കോവിലിന്റെ മേച്ചില്‍ ഓലയായിരുന്നതു മാറ്റി ഓടാക്കി. കോവിലിന്റെ ചുറ്റുമുള്ള തിരുമുറ്റത്തിനു വിസ്താരം വളരെ വര്‍ദ്ധിപ്പിച്ചു. കോവിലിന്റെ ദര്‍ശനം വടക്കോട്ടാകയാല്‍ ആ വശത്തു നല്ലതായിട്ട് ഒരു കളിത്തട്ടുണ്ടാക്കിച്ചു. മാറിയുള്ള ശാസ്താങ്കോവിലിന്റെ ജീര്‍ണ്ണോദ്ധാരണം കഴിപ്പിച്ചു. അവിടെയിപ്പോഴും അടുത്തെങ്ങും ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളുടെ വാസമില്ലെന്നുള്ള ദോഷം മാത്രമേ ഉള്ളൂ. കാലക്രമേണ ആ ദോഷവും നീങ്ങിപ്പോകുമായിരിക്കാം.
കടുത്ത വേനല്‍ക്കാലമാകുമ്പോള്‍ (മീനം, മേടം ഈ മാസങ്ങളില്‍) അമ്മന്റെ വിഗ്രഹം (ആ ചിതല്‍പ്പുറ്റ്) ചില ഭാഗങ്ങളില്‍ പൊട്ടി വിടവുണ്ടാവുക പതിവാണ്. ദേവിയുടെ പരിവാരങ്ങള്‍ വസൂരിവിത്തു കൊണ്ടുപോയി മനുഷ്യരുടെ ദേഹത്തില്‍ വിതച്ചുകഴിഞ്ഞിട്ടു മിച്ചം വരുന്നത് അക്കാലത്ത് തിരികെ കോണ്ടു ചെന്നു ദേവിയ ഏല്പിക്കും അതു വാങ്ങി ദേവി തന്റെ ദേഹത്തിലാക്കി സൂക്ഷിക്കും അതുകൊണ്ടാണ് ദേവിയുടെ ദേഹത്തില്‍ ഈ പൊട്ടലുണ്ടാകുന്നതെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. ഇങ്ങനെ പൊട്ടലുണ്ടായാല്‍ ബ്രാഹ്മണരെക്കൊണ്ടു ചന്ദനമരപ്പിച്ചു തേപ്പിച്ച് ആ വിടവുകളടയ്ക്കുക പതിവാണ്. ഇതിനു മുപ്പതു നാല്പതു തുലാം ചന്ദനം വേണ്ടിവരും. ആ വിടവുകള്‍ ഇങ്ങനെ അടയ്ക്കാതെയിരുന്നാല്‍ വസൂരിവിത്തു തന്നെ പൊട്ടി പുറത്തേക്കു തെറിച്ചു സര്‍വത്ര വ്യാപിക്കും . വേനല്‍ക്കാലങ്ങളില്‍ ചിലപ്പോള്‍ ദക്ഷിണതിരുവിതാം കൂറില്‍ വസൂരി കലശല്‍ കൂട്ടുന്നത് ഈ വിടവുകളടയ്ക്കാന്‍ താമസിച്ചിട്ടാണത്രേ. ഇങ്ങനെ മണ്ടക്കാട്ടമ്മന്റെ കഥകള്‍ ഇനിയും വളരെപ്പറയാനുണ്ട്. ഇപ്പോഴത്തെ പുതിയ പരിഷ്ക്കാരികള്‍ക്ക് ഈ വകയിലൊന്നും വിശ്വാസമില്ലത്തതിനാല്‍ ഇനി അധികം വിസ്തരിക്കുന്നില്ല.