'ധര്‍മ്മരാജാവ്' എന്നുള്ള പ്രസിദ്ധിയോടുകൂടി കൊല്ലം 933-ആം ആണ്ടുമുതല്‍ 973-ആം ആണ്ടുവരെ തിരുവിതാംകൂര്‍ രാജ്യം വാണിരുന്ന കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മമഹാരാജാവ് തിരുമനസ്സിലെ കാലത്തു തിരുവിതാംകൂര്‍, കൊച്ചി എന്നീ രാജ്യങ്ങള്‍ കൂടിച്ചേരുന്ന അതിര്‍ത്തിസ്ഥലത്തുള്ള ഒരു മലയില്‍ കൊച്ചി സര്‍ക്കാരില്‍നിന്ന് ഒരിക്കല്‍ തീര്‍പ്പിച്ച (കുഴപ്പിച്ച) ഒരാനക്കുഴി തിരുവിതാംകൂറിലേക്കു സ്വല്‍പം കടത്തിയിരുന്നു. ഈ വിവരം മഹാരാജാവു തിരുമനസ്സുകൊണ്ട് ഉടനെ അറിഞ്ഞുവെങ്കിലും കല്‍പിച്ച് ഒന്നും ചെയ്തില്ല. അക്കാലത്ത് അതിര്‍ത്തി തിരിച്ച് എലുകക്കല്ലുകളിടുകയും മറ്റും ചെയ്തിരുന്നില്ല. ആദായങ്ങളെടുക്കുന്നത് അപ്പോഴത്തെത്തരംപോലെയും അവരവരുടെ സാമര്‍ത്ഥ്യംപോലെയുമായിരുന്നു അക്കാലത്തു നടന്നിരുന്നത്. അതിനാല്‍ കുഴിയില്‍ ആന വീഴുമ്പോള്‍ അതിനേക്കുറിച്ച് ആലോചിച്ചാല്‍ മതിയല്ലോ എന്നായിരുന്നു തിരുമനസ്സിലെ വിചാരം. എന്നു മാത്രമല്ല, അന്നു കൊച്ചി രാജ്യം വാണിരുന്നത് പ്രസിദ്ധനായ ശക്തന്‍ തമ്പുരാന്‍ തിരുമനസ്സുകൊണ്ടുമായിരുന്നു. ആ തിരുമനസ്സുകൊണ്ടും മഹാരാജാവു തിരുമനസ്സുകൊണ്ടും പരസ്പരം ഏറ്റവും സ്നേഹമായിട്ടാണ് ഇരുന്നിരുന്നത്. അതിനാല്‍ തല്‍ക്കാലം വഴക്കുണ്ടാക്കി ശക്തന്‍തിരുമേനിയെ മുഷിപ്പിക്കേണ്ട എന്നുള്ള വിചാരവും മഹാരാജാവു തിരുമനസ്സിലേക്കുണ്ടായിരുന്നു. അതുകൊണ്ടുംകൂടിയാണ് ഈ കുഴിയെടുപ്പിച്ചതിനെക്കുറിച്ചു മഹാരാജാവു തിരുമനസ്സുകൊണ്ട് ഒന്നും മിണ്ടാതെ മൗനത്തെ അവലംബിച്ചത്.
അതൊക്കെ എങ്ങനെയായാലും ആ കുഴി തീര്‍ത്തതു നല്ല സ്ഥലത്തും നല്ല സമയത്തുമായിരുന്നു എന്നുള്ളതിനു സംശയമില്ല. അതു തീര്‍ന്നിട്ട് അധികം താമസിയാതെതന്നെ അതില്‍ ഒരു കൂട്ടിക്കൊമ്പന്‍ വീണു. ആ ആനക്കുട്ടി സര്‍വ്വശുഭലക്ഷണങ്ങളും തികഞ്ഞതായിരുന്നു. ഉടലിന്റെ പുഷ്ടിയും ഭംഗിയും ഇത്രയുമുള്ള ഒരാനക്കുട്ടിയെ അതിനുമുമ്പ് ആരും കണ്ടിട്ടില്ലായിരുന്നു. ഈ വര്‍ത്തമാനം കേട്ട് ആ കുട്ടിക്കൊമ്പനെ കുഴിയില്‍നിന്നു കയറ്റിക്കുന്നതിനു ശക്തന്‍തമ്പുരാന്‍ തിരുമനസ്സുകൊണ്ടും കുഴിസ്ഥലത്തെഴുന്നള്ളി. കൊച്ചിരാജ്യത്തുള്ള താപ്പാനകളെക്കൊണ്ട് ഈ കുട്ടിക്കൊമ്പനെ കുഴിയില്‍നിന്നു കയറ്റുവാന്‍ മതിയാവുകയില്ലെന്നു തിരുമനസ്സില്‍ തോന്നുകയാല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ വകയായി അതിര്‍ത്തിസ്ഥലത്തു നിന്നിരുന്ന ഒരു താപ്പാനയെക്കൂടെ അവിടെ വരുത്തി. യാതൊരു തരക്കേടും കൂടാതെ ആ ആനക്കുട്ടിയെ കരയ്ക്കു കയറ്റി. ആ ആനക്കുട്ടിയെ കുഴിയില്‍ നിന്നു കയറ്റിക്കണ്ടസമയം ശക്തന്‍തിരുമനസ്സിലേക്കുണ്ടായ സന്തോഷവും വിസ്മയവും സീമാതീതങ്ങളായിരുന്നു. അതിര്‍ത്തിസ്ഥലത്തു കൊച്ചി സര്‍ക്കാര്‍ വകയായിട്ടുണ്ടായിരുന്ന ആനക്കൂട്ടില്‍ ഈ ആനയെ ആക്കിക്കുകയും ആ കുട്ടിക്കൊമ്പനെ ഇടംവലം മുതലായവ പഠിപ്പിച്ചു പഴക്കുകയും പ്രത്യേകം സൂക്ഷിക്കുകയും ചെയ്യുന്നതിനു വേണ്ടതെല്ലാം കല്‍പിച്ചു ചട്ടംകെട്ടുകയും ചെയ്തതിന്റെ ശേഷമേ തിരുമനസ്സു കൊണ്ട് അവിടെ നിന്നു തൃപ്പൂണിത്തുറയ്ക്കു തിരിയെ എഴുന്നള്ളിയുള്ളൂ. ഈ ആനക്കുട്ടിയെ കൂട്ടിലാക്കിയതിന്റെശേഷം ശക്തന്‍ തിരുമനസ്സുകൊണ്ടു താരിവിതാംകൂറില്‍നിന്നു വരുത്തിയ താപ്പാനയുടെ ആനക്കാരനോട് "എന്തെടാ കുട്ടിയാന കേമനല്ലേ" എന്നു കല്‍പ്പിച്ചു ചോദിച്ചു. അതിനു മറുപടിയായി ആനക്കാരന്‍ "റാന്‍, അടിയന്റെ ആന, തിരുമനസ്സിലെ ആന, ഒന്നാന്തരമാന, പൊന്നുതമ്പുരാന്റെ ആന" എന്നു തിരുമനസ്സറിയിച്ചു. അപ്പോള്‍ ശക്തന്‍ തിരുമനസ്സുകൊണ്ട്, "പോ മടയാ! നിന്റെ ആനയേയുംകൊണ്ടു പൊയ്ക്കോ" എന്നു കല്‍പിക്കുകയും ആ ആനക്കാരനു രണ്ടു മുണ്ടു കല്‍പിച്ചു കൊടുക്കകയും ചെയ്തു. ആനക്കാരന്‍ മുണ്ടു വാങ്ങി തൊഴുതിട്ട് അപ്പോള്‍ത്തന്നെ ആ താപ്പാനയേയുംകൊണ്ട് മടങ്ങിപ്പോരികയും ചെയ്തു.
ഈ താപ്പാന കൊച്ചിരാജ്യത്തുള്ള ഒരാനക്കുഴിയില്‍ വീണതും തിരുവിതാംകൂര്‍ സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ ഉപായത്തില്‍ അവിടെനിന്നു കയറ്റിക്കൊണ്ടുവന്നു പഴക്കി തിരുവിതാംകൂര്‍ സര്‍ക്കാര്‍വക ആക്കീത്തീര്‍ത്തതുമായിരുന്നു. ആനക്കാരന്‍ ശക്തന്‍തിരുമനസ്സിലെ അടുക്കല്‍ "അടിയന്റെ ആന, തിരുമനസ്സിലെ ആന" എന്നറിയച്ചതിന്റെ അര്‍ത്ഥം ഇതായിരുന്നു. പിന്നെ "ഒന്നാന്തരമാന, പൊന്നു തമ്പുരാന്റെ ആന" എന്നറിയച്ചതിന്റെ അര്‍ത്ഥം ഇപ്പോള്‍ കുഴിയില്‍വീണുകിട്ടിയ ആന ഒന്നാംതരമാണെന്നും അതിനെ ഏതുവിധവും പൊന്നുതമ്പുരാന്‍ (തിരുവിതാംകൂര്‍ മഹാരാജാവു) കൈവശപ്പെടുത്തുമെന്നുമായിരുന്നു.
ഈ സംഗതികളെല്ലാം രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മഹാരാജാവു തിരുമനസ്സു കൊണ്ടു തന്റെ ചാരന്മാര്‍ മുഖാന്തരമറിയുകയും ശക്തന്‍ തിരുമനസ്സിലെ അടുക്കല്‍ ഉചിതമായ മറുപടി അറിയിച്ച ആനക്കാരനു പ്രതിമാസം പതിനഞ്ചുപണംകൂടി ശമ്പളം കൂട്ടിക്കൊടുക്കുന്നതിനു കല്‍പിച്ചു ചട്ടംകെട്ടുകയും ചില സമ്മാനങ്ങള്‍ കല്‍പിച്ച് അയച്ചുകൊടുക്കുകയും ചെയ്തു.
ആനക്കുട്ടിയുടെ യോഗ്യതകളെക്കുറിച്ചു കേട്ടപ്പോള്‍ അതിനെ ഏതുവിധവും കൈവശപ്പെടുത്തണമെന്നു മഹാരാജാവു തിരുമനസ്സുകൊണ്ടു കല്‍പിച്ചു നിശ്ചയിച്ചു. അതിനുള്ള കൗശലം ആലോചിച്ചു നിശ്ചയിക്കുന്നതിനായി ദിവാന്‍ജിയെ തിരുമുമ്പാകെ വരുത്തി, "നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തിക്കകത്തു കടന്നു കൊച്ചിക്കാര്‍ ഒരാനക്കുഴി തീര്‍ക്കുകയും അതില്‍ ഒരു കൊമ്പന്‍കുട്ട വീഴുകയും അതിനെ അവര്‍ കയറ്റിക്കൊണ്ടുപോയി കൊച്ചി സര്‍ക്കാര്‍ വക ആനക്കൂട്ടിലാക്കി അടയ്ക്കുകയും ചെയ്ത കഥ കേശവന്‍ അറിഞ്ഞുവോ?" എന്നു കല്പിച്ചു ചോദിച്ചു.
ദിവാന്‍: റാന്‍, അടിയന്‍ അറിഞ്ഞു. ഇന്നലെ കൊട്ടാരക്കരെ വെച്ചാണ്, അടിയന്‍ ഈ സംഗതി അറിഞ്ഞത്.
മഹാരാജാവ്: ആ കുട്ടിക്കൊമ്പന്‍ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരൊന്നാന്തരം ആനയാണെന്നാണു കേട്ടത്. അതിനെ അവര്‍ കൈവശപ്പെടുത്തിയതിനെക്കുറിച്ചു നമുക്കു സാമാന്യത്തിലധികം കുണ്ഠിതമുണ്ട്. അതിനെ ഏതു വിധവും നമുക്കു കൈവശപ്പെടുത്തണം. അതിനെന്താ കൗശലം?
ദിവാന്‍: അതിനെക്കുറിച്ചു തിരുമനസ്സില്‍ ഒട്ടും കുണ്ഠിതംവേണ്ട. ആ ആന താമസിയാതെ ഇവിടെ വന്നുചേരും.
മഹാ: അതെങ്ങനെ?
ദിവാന്‍: അടിയന്‍ ഈ വര്‍ത്തമാനമിഞ്ഞ ക്ഷണത്തില്‍ ആനയെ കൈവശപ്പെടുത്തി കൊണ്ടുവരുന്നതിനായി കുഞ്ചിക്കുട്ടിയെ അങ്ങോട്ടയച്ചിട്ടുണ്ട്. സഹായത്തിനായി വൈക്കം പത്മനാഭപിള്ളയെയും കുതിരപ്പക്ഷിയെയുംകൂടി പിന്നാലെ വിടകൊണ്ടയച്ചിട്ടാണ് അടിയന്‍ ഇങ്ങോട്ടു വിടകൊണ്ടു പോന്നത്.
മഹാ: കുഞ്ചിക്കുട്ടിക്ക് ഇപ്പോഴത്തെ പെരുമ്പടത്തില്‍ മൂപ്പിലോക്കുറിച്ച് അറിയാമോ എന്തോ? അദ്ദേഹത്തിന്റെ 'ശക്തന്‍' എന്നുള്ള പേരു യഥാര്‍ത്ഥമായിട്ടുള്ളതാണ്. അദ്ദേഹം നരസിംഹത്തിന്റെ അവതാരമാണെന്നാണു ജനങ്ങള്‍ പറയുന്നത്.
ദിവാന്‍: അതൊക്കെ ശരിതന്നെ എങ്കിലും കുഞ്ചിക്കുട്ടി ഒരു കാര്യത്തിനായിപ്പോയാല്‍ അതു സാധിക്കാതെ മടങ്ങിപ്പോരുന്ന ആളല്ലെന്നാണ് അടിയന്റെ വിശ്വാസം. കുഞ്ചിക്കുട്ടി തേവലശ്ശേരി നമ്പിയുടെ ശിഷ്യനായതുകൊണ്ട്, ആനയെ അല്ല, സിംഹത്തെത്തന്നെയും സ്വാധീനപ്പെടുത്തിക്കൊണ്ടുപോരുന്നതിന് അയാള്‍ക്ക് ഒരു പ്രയാസവുമില്ല. എന്നു മാത്രമല്ല, അയാള്‍ ചെങ്ങന്നൂര്‍ ചെന്നു നമ്പിയെക്കണ്ടിട്ടല്ലാതെ കൊച്ചിയിലേക്കു വിടകൊള്ളുകയില്ല. പിന്നെ സഹായത്തിനു വിട കൊണ്ടിട്ടുള്ളവരും സാമാന്യക്കാരല്ലല്ലോ.
മഹാ: അതൊക്കെ ശരിയാണ്. കുഞ്ചിക്കുട്ടി പോയാല്‍ കാര്യം സാധിക്കാതെയിരിക്കുകയില്ലെന്നുതന്നെയാണു നമുക്കും തോന്നുന്നത്.
ഈ സംഭാഷണം കഴിഞ്ഞതിന്റെ ശേഷം ദിവാന്‍ജി തിരുമുമ്പില്‍നിന്നു മടങ്ങിപ്പോയി, അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ജി കേശവപിള്ള (കേശവദാസ്) ആയിരുന്നു എന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ.
ദിവാന്‍ജിയുടെ ഉത്തരവു കിട്ടിയ ഉടനെ പുറപ്പെട്ടു കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യക്കാര്‍ ചെങ്ങന്നൂരെത്തി തേവലശ്ശേരി നമ്പിയെക്കണ്ടു വന്ദിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിക്കൊണ്ട് അന്നുതന്നെ അവിടെനിന്നു മടങ്ങിപ്പോരികയും അടുത്തദിവസം വൈകുന്നേരമായപ്പോഴേയ്ക്കും ആലങ്ങോട്ടുള്ള സ്വഗൃഹത്തിലെത്തുകയും ചെയ്തു. അപ്പോഴേക്കും വൈക്കം പത്മനാഭപിള്ളയും കുതിരപ്പക്ഷിയും അവിടെ ചെന്നുചേര്‍ന്നു. പിന്നെ അവര്‍ മൂന്നുപേരുംകൂടി പിന്നീടു വേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് നിശ്ചയിക്കുകയും കുഞ്ചിക്കുട്ടിപ്പിള്ള പിന്നാലെ എത്തിക്കൊള്ളാമെന്നു പറഞ്ഞു മറ്റവരെ രണ്ടുപേരെയും ഊണു കഴിപ്പിച്ച് അപ്പോള്‍ത്തന്നെ അവിടെനിന്നു പറഞ്ഞയയ്ക്കുകയും ചെയ്തു.
പത്മനാഭപിള്ളയും കുതിരപ്പക്ഷിയും രണ്ടു വഴിപോക്കരുടെ വേഷത്തിലാണു പുറപ്പെട്ടത്. അവര്‍ ആലങ്ങാട്ടുനിന്നു പിറപ്പെട്ടതിന്റെ പിറ്റേദിവസംതന്നെ കൊച്ചി സര്‍ക്കാര്‍വക ആനക്കൂടിന്റെ സമീപത്തെത്തി. ആനക്കൂടിന്റെ തണലത്തിരുന്ന് ഒന്നു മുറുക്കിയതിന്റെ ശേഷം കൂട്ടില്‍ നിന്നിരുന്ന ആനകളെ നോക്കി പത്മനാഭപിള്ള ആനകളുടെ ലക്ഷണങ്ങളെക്കുറിച്ചു ചില ശ്ളോകങ്ങള്‍ ചൊല്ലുകയും അവയുടെ അര്‍ത്ഥം കുതിരപ്പക്ഷിയെ പറഞ്ഞുകേള്‍പ്പിക്കുകയും ചെയ്തുതുടങ്ങി. പത്മനാഭപിള്ള ആനകളുടെ ലക്ഷണങ്ങളും മറ്റും പറയുന്ന 'മാതംഗലീല' മുതലായ അനേകം ശാസ്ത്രഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ടായിരുന്നതിനാല്‍ ആ വക ഗ്രന്ഥങ്ങളിലുള്ള ചില ശ്ളോകങ്ങള്‍ ചൊല്ലിയാണ് കുതിരപ്പക്ഷിയോട് അര്‍ത്ഥം പറഞ്ഞത്. ഇതു കേട്ടപ്പോള്‍ അവിടെയുണ്ടയിരുന്ന ആനക്കാരെല്ലാം ഇവരുടെ അടുക്കല്‍ ചെന്നുകൂടി. ആനകളുടെ ലക്ഷണങ്ങളും മറ്റും പറയുന്നതു കേള്‍ക്കാന്‍ ആനക്കാര്‍ക്ക് അഭിരുചിയുണ്ടാകുന്നതു സ്വാഭാവികമാണല്ലോ. ആ ആനക്കാരില്‍ ചിലര്‍ മാതംഗലീലയും മറ്റും കുറേശ്ശെ പഠിച്ചിട്ടുള്ളവരുമായിരുന്നു. അവരില്‍ ചിലര്‍ പത്മനാഭപിള്ളയോടു ചില സംശയങ്ങള്‍ ചോദിക്കുകയും അവയ്ക്കെല്ലാം പത്മനാഭപിള്ള ശരിയായ സമാധാനങ്ങള്‍ പറഞ്ഞ് അവരെ സമ്മതിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ആ ആനക്കാര്‍ക്കു പത്മനാഭപിള്ളയെക്കുറിച്ചു വളരെ ബഹുമാനമുണ്ടായിത്തീര്‍ന്നു. ഉടനെ ആ ആനക്കാര്‍ വഴിപോക്കരോട്, "നിങ്ങള്‍ എവിടത്തുകാരാണ്? എവിടെപ്പോയി വരുന്നു?" എന്നും മറ്റും ചോദിച്ചു: അതിനു മറുപടിയായി വഴിപോക്കര്‍, "ഞങ്ങളുടെ ദിക്കു കുറച്ചു തെക്കാണ്. ഞങ്ങളുടെ ദിക്കിലുള്ള ഒരു വലിയ പ്രഭുവിന് ഒരു ആനയെ വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. അതിനായിട്ടു ഞങ്ങള്‍ അന്വേഷിച്ചു പുറപ്പെട്ടിരിക്കുകയാണ്" എന്നു പറഞ്ഞു.
ഇവര്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്ന സമയം ഏറ്റവും പ്രാകൃതവേഷക്കാരനായ ഒരു പട്ടണി അവിടെച്ചെന്ന് "യശമാനന്മാരേ, ഒന്നു തിന്നാന്‍ പൊഹല തരാമോ?" എന്നു ചോദിച്ചു. അതുകേട്ടു വഴിപോക്കരില്‍ ഒരാള്‍ (പത്മനാഭപിള്ള) "ഇതു പുകയിലക്കച്ചവടസ്ഥലമല്ല; ഇത് ആനക്കൂടാണ്. ഇവിടെ പുകയിലയില്ല. ഒരാനയെ വേണമെങ്കില്‍ത്തരാം" എന്നു നേരമ്പോക്കുരീതിയില്‍ പറഞ്ഞു. ഉടനെ പട്ടാണി, "എന്നാല്‍ ആനയായാലുംമതി" എന്നു പറഞ്ഞു. അപ്പോള്‍ വഴിപോക്കന്‍ ആനക്കാരന്മാരോട്, "നമുക്ക് ഇയ്യാളെ ഒരാനപ്പുറത്തൊന്നു കേറ്റണം" എന്നു പറഞ്ഞു. "അങ്ങനെ തന്നെ" എന്ന് ആനക്കാര്‍ സമ്മതിക്കുകയും ചെയ്തു. അപ്പോള്‍ മറ്റേ വഴിപോക്കന്‍ (കുതിരപ്പക്ഷി) "ഞങ്ങള്‍ ഇവിടെ അടുത്തൊരു സ്ഥലത്തു പോയി ക്ഷണത്തില്‍ മടങ്ങിവരാം. എന്നിട്ടാവാം. ആനപ്പുറത്തു കേറ്റുകയും മറ്റും. നേരം അസ്തമിക്കാറായി" എന്നു പറഞ്ഞിട്ട് ആനക്കാരെയെല്ലാം വിളിച്ചുകൊണ്ടു പോയി. അടുത്തുണ്ടായിരുന്ന ഒരു മദ്യശാലിയില്‍ക്കയറി മദ്യം വാങ്ങിക്കൊടുത്ത് ആനക്കാരെയെല്ലാം മൂക്കോളം കുടിപ്പിച്ചു. ആ വഴിപോക്കന്‍ കുടിച്ചുമില്ല. ഉടനെ അവര്‍ മടങ്ങി ആനക്കൂട്ടില്‍വന്നു. ഉടനെ ആനക്കാര്‍, "ഏതാനയുടെ പുറത്താണ് കേറേണ്ടത്?" എന്നു പട്ടാണിയോടു ചോദിച്ചു. പട്ടാണി, "ഇതിന്റെ പുറത്ത്" എന്നുപറഞ്ഞ് ആ പുതിയ കുട്ടിക്കൊമ്പനെ തൊട്ടുകാണിച്ചു. പട്ടാണി തൊട്ടയുടനെ ആ ആനക്കുട്ടി പട്ടാണിയെക്കുത്താനായിത്തിരിഞ്ഞുനിന്നു. അപ്പോള്‍ ആനക്കാര്‍ "എടോ മാറി നില്‍ക്കൂ! ഇത് ഉപ്പാപ്പനും മറ്റുമല്ല, ആനക്കുട്ടിയാണ്. അവനെ കുഴിയില്‍നിന്നു കേറ്റി കൂട്ടിലാക്കീട്ടു നാലഞ്ചുദിവസമേ ആയുള്ളു. ഒട്ടും പഴകീട്ടുമില്ല. അവന്‍ മഹാവിഷമക്കാരനാണ്. മിനിഞ്ഞാന്ന് ഒരാനക്കാരന്റേയും ഇന്നലെ ഈ കൂട്ടില്‍ കിടന്നിരുന്ന ഒരാനുയുടെയും കഥ ഇവന്‍ കഴിച്ചു" എന്നു പറഞ്ഞു. അതുകേട്ട് ഒരു വഴിപോക്കന്‍, "എങ്കിലും അയാള്‍ക്ക് അതിന്റെ പുറത്തു കയറാനാണ് ആഗ്രഹമെങ്കില്‍ നമുക്കതു സാധിപ്പിക്കണമല്ലോ. ചാകാതെയിരിക്കാന്‍ സൂക്ഷിക്കേണ്ടത് അയാളുടെ ചുമതലയാണ്" എന്നു പറഞ്ഞു. ഉടനെ ആനക്കാര്‍, "എന്നാലങ്ങനെയാവാം" എന്നു പറഞ്ഞ് ആ കുട്ടിയാനയെ രണ്ടു വടങ്ങളിട്ടു കെട്ടി, രണ്ടു താപ്പാനകളെ രണ്ടുവശത്തും നിറുത്തി പിടിച്ചു കൂട്ടിനു വെളിയിലിറക്കി. ഉടനെ ഒരു വഴിപോക്കന്‍ (പത്മനാഭപിള്ള) അടുത്തുചെന്ന് ആ കുട്ടിക്കൊമ്പനെ ഒന്നു തടവുകയും പുറത്തു കയറിക്കൊള്ളുന്നതിനു പട്ടാണിയോടു പറയുകയും ചെയ്തു. "മരിക്കാന്‍ മനസ്സും ധൈര്യവുമുണ്ടെങ്കില്‍ കേറിക്കൊള്ളൂ" എന്ന് ആനക്കാരും സമ്മതിച്ചു. ഇതു കേട്ട ക്ഷണത്തില്‍ പട്ടാണി ഒരു ചാട്ടത്തിന് ആനപ്പുറത്തു കയറിക്കഴിഞ്ഞു. ഇതു കണ്ടപ്പോള്‍ ആനക്കാര്‍, "ഇതെന്തൊരത്ഭുതമാണ്? ആന മടക്കാതെ ഒരു ചാട്ടത്തിന് ആനപ്പുറത്തു കയറിയ ഇവനാരാണ്? ആരായാലും സാമാന്യക്കാരനല്ല, നിശ്ചയും തന്നെ" എന്നും മറ്റും വിചാരിച്ച് അന്ധാളിച്ചു നിന്നുപോയി. പട്ടാണി തന്റെ അരവാളൂരി ആനനയുടെ രണ്ടുവശങ്ങളിലുണ്ടായിരുന്ന വടങ്ങള്‍ വെട്ടിമുറിച്ചു കളഞ്ഞു. ആ സമയം പാന്ഥവേഷധാരിയായിരുന്ന പത്മനാഭപിള്ള വടം പിടിച്ചിരുന്ന താപ്പാനകള്‍ക്ക് ഓരോ അടിവെച്ചുകൊടുത്തു. അടികൊണ്ട മാത്രയില്‍ ആ ആനകള്‍ ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടി കാടുകേറി. വടങ്ങള്‍ വെട്ടിമുറിച്ചു കഴിഞ്ഞപ്പോള്‍ ആ കുട്ടിക്കൊമ്പന്‍ നടന്നുതുടങ്ങി. പിന്നാലെ വല്ലവരും വന്നെങ്കില്‍ കാണണമെന്നും വിചാരിച്ചു പട്ടാണി ആനയെ തിരിച്ചു പിമ്പോട്ടു നടത്തിയാണ് കൊണ്ടുപോയത്. അങ്ങനെ അതിര്‍ത്തികടന്ന് ഏകദേശം ഒന്നരനാഴിക ദൂരത്തായിതിന്റെ ശേഷം പട്ടാണി ആനയെ മുമ്പോട്ടുതന്നെ നടത്തിക്കൊണ്ടുപോയി. പട്ടാണിവേഷം ധരിച്ചു വന്ന ഈ മനുഷ്യന്‍ കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യക്കാരാണെന്നു പറയാതെ തന്നെ വായനക്കാര്‍ ഊഹിച്ചറിഞ്ഞിരിക്കുമല്ലോ.
ഏകദേശം പത്തുനാഴിക ഇരുട്ടിയപ്പോഴേക്കും കുഞ്ചിക്കുട്ടിപ്പിള്ള ആനയേയുംകൊണ്ട് ആലങ്ങാട്ടു സ്വഗൃഹത്തിലെത്തി. അപ്പോഴേക്കും പത്മനാഭപിള്ളയും കുതിരപ്പക്ഷിയും അവിടെ വന്നുചേര്‍ന്നു. ഉടനെ അവര്‍ അത്താഴം കഴിക്കുകയും ആനയ്ക്കു തീറ്റയും വെള്ളവും കൊടുക്കുകുയം ചെയ്തതിന്റെ ശേഷം മൂന്നു പേരുംകൂടി ആനയെയും കൊണ്ട് അപ്പോള്‍തന്നെ പുറപ്പെട്ടു. ഈ ആനക്കുട്ടിയെ മഹാരാജാവു തിരുമനസ്സിലെ തിരുമുമ്പാകെ കൊണ്ടുചെന്നു കാണിക്കാനുള്ള ധൃതിയും അത്യുത്സാഹവും നിമിത്തം അവര്‍ ആലങ്ങാട്ടുനിന്നു പുറപ്പെട്ടിട്ട് രണ്ടു ദിവസംകൊണ്ട് കൊട്ടാരക്കരയെത്തി. അനന്തരം ആ മഹാന്മാര്‍ മൂന്നുപേരും പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചു നോക്കീട്ടും ആനയെ അവിടെനിന്ന് ഒരടിപോലും നടത്താന്‍ സാധിച്ചില്ല. ആനയെ തിരുവനന്തപുരത്തു തിരുമുമ്പാകെ കൊണ്ടുചെന്നു കാണിച്ചെങ്കിലല്ലാതെ തങ്ങളുടെ പ്രയത്നം സഫലമാവുകയില്ലല്ലോ എന്നു വിചാരിച്ചാണ് അവര്‍ ശ്രമിച്ചത്. എന്തൊക്കെ ചെയ്തിട്ടും ആനയെ അവിടെനിന്നു കൊണ്ടുപോകുവാന്‍ അവര്‍ക്കു സാധിച്ചില്ല. ആന ഒന്നുരണ്ടു ദിസവസം രാപ്പകല്‍ ഒരുപോലെ അധികദൂരം നടന്നതുകൊണ്ടുള്ള ക്ഷീണം നിമിത്തമായിരിക്കും നടക്കാത്തതെന്നു വിചാരിച്ചു ധാരാളമായി തീറ്റയും മറ്റും കൊടുത്ത് ഒന്നുരണ്ടു ദിവസം ആനയെ അവിടെ നിറുത്തി വിശ്രമിപ്പിച്ചിട്ടു പിന്നെയും കൊണ്ടുപോകാനായി ശ്രമിച്ചുനോക്കി. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. ആന അവിടെത്തന്നെ നിന്നതേയുള്ളൂ. അപ്പോള്‍ ആ ദിക്കുകാരായ ചില വയോവൃദ്ധന്മാര്‍ കുഞ്ചിക്കുട്ടിപ്പിള്ളയോട് "ഈ ആനയെ ഇവിടെ കൊണ്ടുവന്നിട്ടു മഹാദേവനു നടയ്ക്കിരുത്താതെ കൊണ്ടുപൊയ്ക്കളയാമെന്നു നിങ്ങള്‍ വിചാരിച്ചത് വലിയ സാഹസമായിപ്പോയി. ഈ ആനയെ ഇവിടെ നടയ്ക്കിരുത്താതെ കൊണ്ടുപോകാന്‍ ആരു വിചരിച്ചാലും ഒരിക്കലും സാധിക്കയില്ല. മഹാദേവന്‍ ആനയെ വിട്ടയയ്ക്കാതെ എങ്ങനെ കൊണ്ടുപോകും? മഹാദേവനു കൊടുത്തതായി സങ്കല്‍പ്പിച്ചു നടയ്ക്കിരുത്തിയാല്‍ പിന്നെ എവിടെ വേണമെങ്കിലും കൊണ്ടുപോകാം" എന്നു പറയുകയും അതു വാസ്തവമായിരിക്കുമെന്നു കുഞ്ചിക്കുട്ടിപ്പിള്ളയ്ക്കു തോന്നുകയും ചെയ്യുകയാല്‍ അദ്ദേഹം ഈ സംഗതികളെല്ലാം തിരുമനസ്സറിയിക്കുന്നതിനു കേശവപിള്ളദിവാന്‍ജിയുടെ പേര്‍ക്കു വിവരത്തിന് ഒരെഴുത്തഴുതിക്കൊടുത്തു പത്മനാഭപിള്ളയെ തിരുവനന്തപുരത്തിനയയ്ക്കുകയും ആനയെ സൂക്ഷിക്കുകയും പഴക്കുകയും ചെയ്തുകൊണ്ടു കുഞ്ചിക്കുട്ടിപ്പിള്ള കൊട്ടാരക്കരെത്തന്നെ താമസിക്കുകയും ചെയ്തു.
സര്‍വ്വാധികാര്യക്കാരുടെ എഴുത്തു കണ്ടയുടനെ ദിവാന്‍ജി തിരുമുമ്പാകെ ചെന്നു സകലവിവരങ്ങളും തിരുമനസ്സറിയിച്ചു. അപ്പോള്‍ മഹാരാജാവു തിരുമനസ്സു കൊണ്ട് "കുഞ്ചിക്കുട്ടി ആനയെ കൊണ്ടുപോകുന്നതുവരെയുള്ള സംഗതികളെല്ലാം ചാരന്മാര്‍ മുഖാന്തരം നാം മുമ്പേ തന്നെ അറിഞ്ഞിരിക്കുന്നു. അതില്‍ പിന്നീടുള്ള വിവരങ്ങള്‍ ഇപ്പോള്‍ മനസ്സിലായല്ലോ. സന്തോഷമായി. വിചാരിച്ച കാര്യം സാധിച്ചത് ഈശ്വരാനുകൂല്യംകൊണ്ടാണല്ലോ. അതിനാല്‍ ആ ആനയെ ഈശ്വരനു സമര്‍പ്പിക്കുന്നതും നമുക്ക് സന്തോഷകരംതന്നെ. താമസിയാതെ നാം കൊട്ടാരക്കരെച്ചെന്ന് ആ ആനക്കുട്ടിയെ നടയ്ക്കിരുത്തിയേക്കാം. അതിനു വേണ്ടുന്നതെല്ലാം ഉടനെ ചട്ടംകെട്ടിക്കൊള്ളണം" എന്നും കൊട്ടാരക്കരയ്ക്ക് എഴുന്നള്ളത്തു പുറപ്പെടുന്നത് ഇന്ന ദിവസമാണെന്നും കല്‍പ്പിച്ചു.
കല്പനപ്രകാരം ദിവാന്‍ജി എഴുന്നള്ളത്തിനും ആനയെ നടയ്ക്കിരുത്തുന്നതിനും വേണ്ടുന്നതെല്ലാം ചട്ടംകെട്ടുകയും നിശ്ചിതദിവസം തന്നെ തിരുമനസ്സു കൊണ്ട് കൊട്ടാരക്കരെ എഴുന്നള്ളുകയും ചെയ്തു. അപ്പോഴേക്കും കുഞ്ചിക്കുട്ടിപ്പിള്ള ആനപ്പാവുപരിചയമുള്ള 'രാമശ്ശാരെ'ന്നു പ്രസിദ്ധനായ ഒരാനക്കാരന്റെ സഹായത്തോടുകൂടി ആ കുട്ടിക്കൊമ്പനെ ഇടവും വലവും മറ്റും പഠിപ്പിച്ചു നല്ലതു പോലെ പഴക്കിയിരുന്നു. സര്‍വ്വലക്ഷണങ്ങളും തികഞ്ഞ ആ ആനക്കുട്ടിയെ കണ്ടപ്പോള്‍ തിരുമനസ്സിലേക്കുണ്ടായ സന്തോഷം അപരിമിതമായിരുന്നു. ആകപ്പാടെ കണ്ടപ്പോള്‍ത്തന്നെ അവന്‍ മഹാശൂരനും ധീരനുമാണെന്നു തിരുമനസ്സുകൊണ്ടു നിശ്ചയിച്ചു. അക്കാലത്ത് ആ ആനയ്ക്ക് ഏകദേശം ഇരുപതു വയസ്സു പ്രായമായിട്ടുണ്ടായിരുന്നു. ഒരു മുഴത്തില്‍ കുറയാതെ കൊമ്പുകള്‍ പുറത്തേക്കു കാണ്‍മാനുണ്ടായിരുന്നു. ദേഹത്തിന്റെ പുഷ്ടിയും ഉയരവും തലക്കട്ടിയും മസ്തകത്തിന്റെ വിരിവും കൊമ്പിന്റെ ഭംഗിയും മറ്റും ഇത്രത്തോളമുള്ള ഒരാന അക്കാലത്തു വേറെ ഇല്ലായിരുന്നുവെന്നു മാത്രമല്ല, അതിനു മുമ്പ് ഉണ്ടായിരുന്നുമില്ല. ആ കുട്ടിയാനയുടെ പുറത്ത് ആറുപേര്‍ക്ക് ധാരാളമായിട്ടിരിക്കാമായിരുന്നു. നട്ടെല്ലിന്റെ രണ്ടുവശത്തും ഓരോരുത്തര്‍ക്കു നീണ്ടു നിവര്‍ന്നു കിടക്കുകയും ചെയ്യാമായിരുന്നു. നട്ടെല്ലു ലേശംപോലും എഴുന്നിരുന്നില്ല. അതിനാല്‍ ആ ആനയുടെ പുറത്തിരുന്നാല്‍ മെത്തപ്പുറത്തിരുന്നാലെന്നതുപോലുള്ള സുഖം തോന്നുമായിരുന്നു. അവന്റെ മുഖത്തു സദാ പ്രകാശിച്ചിരുന്നത് വീരരസമായിരുന്നു. ആ കൊമ്പന്റെ നെറ്റിയില്‍ ചന്ദ്രക്കലപോലെ ഒരു രേഖ ശോഭിച്ചു കാണ്‍മാനുണ്ടായിരുന്നു. അതുകൊണ്ടും കൊട്ടാരക്കരദേവന്‍ ചന്ദ്രശേഖരന്‍ (ശിവന്‍) ആയിരുന്നതിനാലും ആ ആനക്കുട്ടിക്കു മഹാരാജാവു തിരുമനസ്സുകൊണ്ടു ചന്ദ്രശേഖരന്‍ എന്നുതന്നെ പേരിട്ട് അവിടെ നടയ്ക്കിരുത്തി. പിന്നീട് 'കൊട്ടാരക്കരച്ചന്ദ്രശേഖരന്‍' എന്നു പ്രസിദ്ധനായിത്തീര്‍ന്ന ഗജശ്രഷ്ഠന്‍ ഈ കുട്ടിക്കൊമ്പനാണെന്നു വിശേഷിച്ചു പറയണമെന്നില്ലല്ലൊ. ആനയെ നടയ്ക്കിരുത്തിയതു സംബന്ധിച്ചു തിരുമനസ്സിലെ വകയായി അന്ന് അവിടെ ക്ഷേത്രത്തില്‍ കേമമായിട്ടു കളഭവും വിളക്കും സദ്യയും മറ്റുമുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞിട്ടു നാലുദിവസംകൂടി അവിടെ എഴുന്നള്ളിത്താമസിക്കുകയും കുഞ്ചിക്കുട്ടിപ്പിള്ളയ്ക്കു വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊണ്ടിരുന്നു രാമശ്ശാരെത്തന്നെ ചന്ദ്രശേഖരന്റെ ആനക്കാരനായി കല്‍പിച്ചു നിയമിക്കുകയും "ചന്ദ്രശേഖരനു തീറ്റയും മറ്റും വേണ്ടതുപോലെ കൊടുത്ത് അവനെ ശരിയായി രക്ഷിച്ചു കൊള്ളണം" എന്നു പ്രത്യേകം കല്‍പ്പിക്കുകയും ചെയ്തിട്ടാണ് തിരുമനസ്സുകൊണ്ടു തിരുവനന്തപുരത്തേക്കു തിരിച്ചെഴുന്നള്ളിയത്. ചന്ദ്രശേഖരനെ കൊട്ടാരക്കര നടയ്ക്കിരുത്തിയത് കൊല്ലം 948-ആം ആണ്ടാണ്. അതിനുശേഷം അവനെ സംബന്ധിച്ചുണ്ടായിട്ടുള്ള ചില വിശേഷസംഗതികള്‍ താഴെപ്പറയുന്നു.
കാലക്രമേണ ചന്ദ്രശേഖരനെക്കുറിച്ചുള്ള സന്തോഷം തിരുമനസ്സിലേക്കും ജനങ്ങള്‍ക്കും സീമാതീതമായി വര്‍ദ്ധിച്ചു. അവനു തീറ്റ കൊടുക്കുന്നതിനും അവനെ കുളിപ്പിക്കുന്നതിനും മറ്റും ഒട്ടും അമാന്തം വന്നുപോകരുതെന്നു കരുതി രാമാശ്ശാരുടെ അസിസ്റ്റന്റായി 'കൊച്ചുകുഞ്ഞ്' എന്നൊരാളെക്കൂടി ആനക്കാരനായി നിയമിച്ചു. കൊട്ടാരക്കര ദേശത്തുള്ള ജനങ്ങള്‍ ചന്ദ്രശേഖരനെക്കുറിച്ചുള്ള സന്തോഷംകൊണ്ട് ആനയെ വൈകുന്നേരം കെട്ടുന്നത് ഓരോ ദിവസം ഓരോരുത്തരുടെ പുരയിടങ്ങളില്‍ വേണമെന്നും തീറ്റി അവര്‍ ശേഖരിച്ചു കൊടുത്തു കൊള്ളാമെന്നും രാമശ്ശാരോടു പറയുകയും രാമശ്ശാര്‍ അങ്ങനെ സമ്മതിക്കുകയും അപ്രകാരം നടത്തിവരികയും ചെയ്തു. ആനയെ എവിടെക്കെട്ടിയാലും പിറ്റേദിവസം രാവിലെ കൊച്ചുകുഞ്ഞ് ആ സ്ഥലത്തുചെന്ന് ആനയെ പൊടിതട്ടിക്കളയുകയും വെള്ളം കൊടുക്കുകയും കൊണ്ടുപോയി കുളിപ്പിക്കുകയും ചെയ്യണമെന്നാണു രാമശ്ശാര് ഏര്‍പ്പാട് ചെയ്തിരുന്നത്. അങ്ങനെ പതിവായി നടന്നുവരികയും ചെയ്തു. ചന്ദ്രശേഖരന്റെ ശുശ്രൂഷകളെല്ലാം ചെയ്തിരുന്നത് കൊച്ചുകുഞ്ഞായിരുന്നുവെങ്കിലും അവനു സ്നേഹവും ബഹുമാനവും രാമശ്ശാരെക്കുറിച്ചുള്ളതു പോലെ മറ്റാരെക്കുറിച്ചുമുണ്ടായിരുന്നില്ല. കൊച്ചുകുഞ്ഞിനെ ചന്ദ്രശേഖരന്‍ കൂലിക്കാരനായിട്ടു മാത്രമേ വിചാരിച്ചിരുന്നുള്ളു. രാമശ്ശാര്‍ക്കു ചന്ദ്രശേഖരനെക്കുറിച്ചു പുത്രനിര്‍വ്വിശേഷമായ സ്നേഹവും വാത്സത്യവുമുണ്ടായിരുന്നു. അയാള്‍ ചന്ദ്രശേഖരനെ സാധാരണയായി വിളിച്ചു വന്നിരുന്നതും 'മകനേ!' എന്നായിരുന്നു. ചന്ദ്രശേഖരന്‍ അതിനെ സമ്മതിച്ചും രാമശ്ശാരെ തന്റെ പിതാവിനെപ്പോലെ വിചാരിച്ചുമാണ് വര്‍ത്തിച്ചിരുന്നത്.
ഇപ്രകാരമെല്ലാമിരുന്നപ്പോള്‍ ഒരു ദിവസം കാലത്ത് ആനയെ അഴിക്കുന്നതിനും മറ്റും പതിവുപോലെ കൊച്ചുകുഞ്ഞു വന്നില്ല. അയാള്‍ കള്ളുകുടിച്ച് ബോധംകെട്ട് എവിടെയോ കിടന്നുപോയി. കൊച്ചുകുഞ്ഞ് പതിവുപോലെ വരുമല്ലോ എന്നു വിചാരിച്ചു രാമശ്ശാരും രാവിലെ വന്നില്ല. അയാള്‍ ഏകദേശം പത്തുമണിയായപ്പോഴാണ് ആനയുടെ അടുക്കല്‍ വന്നത്. അപ്പോള്‍ ആനയെ അതുവരെ അഴിക്കുകയും പൊടിയടിക്കുകയും വെള്ളം കൊടുക്കുകയും ചെയ്തിട്ടില്ലെന്നറിഞ്ഞു രാമശ്ശാര്‍ വളരെ വ്യസനിച്ചു. ചന്ദ്രശേഖരനും സ്വല്‍പം സങ്കടം പ്രദര്‍ശിപ്പിച്ചു. ഉടനെ രാമശ്ശാര്‍, "മകനേ ആ കുരുത്തംകെട്ടവന്‍ പതിവുപോലെ വരുമെന്നു വിചാരിച്ചാണ് ഞാന്‍ വരാന്‍ താമസിച്ചത്. ഇനി ഇങ്ങനെ ഒരിക്കലും വരാതെ ഞാന്‍ കരുതിക്കൊള്ളാം" എന്നു പറഞ്ഞ് ആനയെ അഴിച്ചു പൊടിയടിച്ചുകൊണ്ടിരുന്ന സമയം കൊച്ചുകുഞ്ഞും അവിടെച്ചെന്നുചേര്‍ന്നു. കൊച്ചുകുഞ്ഞിനെക്കണ്ടിട്ട് ദേഷ്യം കലശലായിട്ടു വരികയാല്‍ രാമശ്ശാര്‍ അയാളെ സ്വല്‍പം ശാസിക്കുകയും ശകാരിക്കുകയും ചെയ്തു. അതു കൊച്ചുകുഞ്ഞിന് ഒട്ടും രസിച്ചില്ല. കൊച്ചുകുഞ്ഞിനു കള്ളിന്റെ ലഹരി നല്ലപോലെ പോയിട്ടില്ലായിരുന്നതുകൊണ്ടും ശകാരം കേട്ടപ്പോള്‍ ദേഷ്യം വന്നതു കൊണ്ടും അയാള്‍ രാമശ്ശാരെത്തല്ലാനായി കൈയോങ്ങിക്കൊണ്ടു പാഞ്ഞുചെന്നു. അതു ചന്ദ്രശേഖരന് ഒട്ടും രസിച്ചില്ല. അവന്‍ കൊച്ചുകുഞ്ഞിന്റെ കാലിന്മേല്‍ പിടികൂടി. അതുകണ്ടു രാമശ്ശാര്‍, "അയ്യോ മകനേ! ചതിക്കരുതേ" എന്നു പറഞ്ഞതും ചന്ദ്രശേഖരന്‍ കൊച്ചുകുഞ്ഞിനെ പിടിച്ച് ഒരു മരത്തിന്മേല്‍ അടിച്ചതും കൊച്ചുകുഞ്ഞിന്റെ തല പൊട്ടിത്തെറിച്ചതും ചന്ദ്രശേഖരന്‍ കൊലവിളി വിളിച്ചതുമെല്ലാമൊരുമിച്ചു കഴിഞ്ഞു. കൊച്ചുകുഞ്ഞിനെ മരത്തിന്മേലടിക്കാതിരിക്കുന്നതിനു തടസ്സം പിടിക്കാനായി അടുത്തുചെന്ന രാമശ്ശാരുടെ മേല്‍ തുമ്പിക്കൈ സ്വല്‍പം ഏശുകയാല്‍ അയാള്‍ ബോധംകെട്ടു രണ്ട് ദണ്ഡ് അകലെപ്പോയി വീണു. ആ സമയം അവിടെത്താമസിച്ചിരുന്ന വീട്ടുകാര്‍ക്കുണ്ടായ ഭയവും പരിഭ്രമവും അവര്‍ണ്ണനീയമായിരുന്നു. ചന്ദ്രശേഖരന്റെ കൊലവിളികേട്ട് അസംഖ്യമാളുകള്‍ അവിടെ വന്നുകൂടുകയും ചെയ്തു.
രാമശ്ശാര്‍ വീണുകിടക്കുന്നതു കണ്ടു ചന്ദ്രശേഖരന്‍ വളരെ വ്യസനിച്ചു. ശ്വാസം നേരെ പോകാതെയും ബോധംകെട്ടും കുളിച്ചതുപോലെ വിയര്‍ത്തുമാണ് രാമശ്ശാര്‍ കിടന്നിരുന്നത്. ചന്ദ്രശേഖരന്‍ ഓടിച്ചെന്ന് അയാളെ തുമ്പിക്കൈയില്‍ കോരിയെടുത്തുംകൊണ്ട് അവിടെനിന്നു പോയി. ഏകദേശം അരനാഴിക ദൂരെച്ചെന്നപ്പോള്‍ അവിടെ ഒരു മൈതാനവും മൈതാനത്തിന്റെ മദ്ധ്യത്തിങ്കല്‍ ഒരു പ്ലാവും നല്ല തണലുമുണ്ടായിരുന്നു. ചന്ദ്രശേഖരന്‍ രാമശ്ശാരെ ആ തണലത്തു കിടത്തിയിട്ട് പ്ലാവിന്റെ തൂപ്പ് (ഇലയോടുകൂടിയ ചെറിയ കൊമ്പുകള്‍) ഒടിച്ചെടുത്തു വീശിത്തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ രാമശ്ശാര്‍ കണ്ണുതുറന്നു. അപ്പോള്‍ ഒരു മുഹമ്മദീയ സ്ത്രീ ഒരു കുടവുംകൊണ്ട് അവിടെ അടുത്തുണ്ടായിരുന്ന കിണറ്റിന്‍കരെ വന്നു വെള്ളം കോരി കുടത്തിലൊഴിച്ചു നിറച്ചു. അതുകണ്ടു ചന്ദ്രശേഖരന്‍ അങ്ങോട്ടു ചെന്നു. ചന്ദ്രശേഖരന്‍ ചെല്ലുന്നതുകണ്ട് ആ സ്ത്രീ കുടമെടുക്കാതെ ഓടി മാറി. ചന്ദ്രശേഖരന്‍ പതുക്കെ ആ കുടവും വെള്ളവുമെടുത്തുകൊണ്ടുവന്നു രാമശ്ശാരുടെ അടുക്കല്‍ വെച്ചിട്ടു തുമ്പിക്കൈകൊണ്ടു കുറച്ചു വെള്ളമെടുത്ത് രാമശ്ശാരുടെ ദേഹത്തില്‍ തളിച്ചു. പിന്നെയും കുറച്ചുകൂടി വീശി. അപ്പോള്‍ രാമശ്ശാര് എഴുന്നേറ്റിരുന്നു. അതു കണ്ടപ്പോള്‍ ചന്ദ്രശേഖരനു സ്വല്‍പം മനസ്സമാധാനമുണ്ടായി. അവന്‍ കുടം യഥാപൂര്‍വ്വം കിണറ്റിന്‍കരെ കൊണ്ടുവെച്ചിട്ടു മടങ്ങിവന്നു. പിന്നെയും തൂപ്പെടുത്ത് രാമശ്ശാരെ വീശിക്കൊണ്ടുനിന്നു. അപ്പോള്‍ രാമശ്ശാര് "മകനേ! ചന്ദ്രശേഖരാ! നീയെന്നെ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല" എന്നു പറഞ്ഞു. അതുകേട്ടു ചന്ദ്രശേഖരന്‍ "അറിയാതെ വന്നുപോയ അബദ്ധമാണെന്നു" ഭാവംകൊണ്ടു രാമശ്ശാരെ മനസ്സിലാക്കുകയും കണ്ണീരൊലിപ്പിച്ചുകൊണ്ടു വളരെ കരയുകയും ചെയ്തു.
കാലത്ത് അഴിച്ച് പൊടിതട്ടിയാലുടനെ ചന്ദ്രശേഖരനു കുടിക്കാന്‍ വെള്ളം കൊടുക്കുക പതിവായിരുന്നു. അന്ന് അതിനിടയായില്ലല്ലോ. അതിനാല്‍ അവനു കലശലായിട്ടു ദാഹമുണ്ടായിരുന്നു. രാമശ്ശാര്‍ക്കു കുറച്ചു സുഖമുണ്ടെന്നു കണ്ടപ്പോഴേക്കും ചന്ദ്രശേഖരനു വെള്ളം കുടിക്കാന്‍ ധൃതിയായി. അവന്‍ കിണറ്റിന്‍കരെച്ചെന്നു കുടത്തില്‍ നോക്കി. അതില്‍ വെള്ളമുണ്ടായിരുന്നില്ല. അതിനാല്‍ മടങ്ങിപ്പോന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ പിന്നെയും പോയി നോക്കി. അപ്പോഴും കുടത്തില്‍ വെള്ളമുണ്ടായിരുന്നില്ല. അതിനാല്‍ ആ പ്രാവശ്യവും ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോന്നു. അങ്ങനെ മൂന്നുനാലു പ്രാവശ്യമായപ്പോള്‍ രാമശ്ശാര്, "മകനേ! എനിക്ക് എണീക്കാറായാല്‍ ഞാന്‍ വെള്ളം കോരിത്തരാം" എന്നു പറഞ്ഞു. ആ മുഹമ്മദീയസ്ത്രീ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ട് അവിടെ ഒരു സ്ഥലത്ത് ഒളിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. വെള്ളം കുടിക്കാന്‍ വൈകീട്ട് ചന്ദ്രശേഖരനുണ്ടായ പാരവശ്യം കണ്ടിട്ട് ആ സ്ത്രീ 'എന്തെങ്കിലും വരുന്നതു വരട്ടെ' എന്നു നിശ്ചയിച്ച് കിണറ്റിന്‍കരെച്ചെന്നു കുടം നിറച്ചു വെള്ളം കോരിയൊഴിച്ചിട്ടു മാറിനിന്നു. ചന്ദ്രശേഖരനെ നോക്കി "വെള്ളം കുടത്തില്‍ നിറച്ചിട്ടുണ്ട്. വേണമെങ്കില്‍ എടുത്തു കുടിക്കാം. എന്റെ കുടം പൊട്ടിച്ചേക്കരുത്" എന്നു പറഞ്ഞു. അതു കേട്ടു ചന്ദ്രശേഖരന്‍ ചെന്നു വെള്ളമെടുത്തു കുടിച്ചിട്ടു മതിയായില്ലെന്നുള്ള ഭാവത്തോടുകൂടി മാറിനിന്നു. മുഹമ്മദീയസ്ത്രീ പിന്നേയും ചെന്നു വെള്ളം കോരിയൊഴിച്ചു കുടം നിറച്ചിട്ടു മാറിനിന്നു.
ചന്ദ്രശേഖരന്‍ ആ വെള്ളവുമെടുത്തു കുടിച്ചു. ഇങ്ങനെ രണ്ടുമൂന്നു പ്രാവശ്യമായപ്പോള്‍ ചന്ദ്രശേഖരനു വെള്ളം മതിയാവുകയാല്‍ അവന്‍ കുടം പതുക്കെ അവിടെ വെച്ചിട്ടു രാമശ്ശാരുടെ അടുക്കലേക്കു പോന്നു. അപ്പോള്‍ ആ മുഹമ്മദീയ സ്ത്രീ വീണ്ടും ചെന്നു വെള്ളംകോരി കുടം നിറച്ച് എടുത്തുകൊണ്ട് അവരുടെ വാസസ്ഥലത്തേക്കും പോയി. അപ്പോഴേക്കും രാമശ്ശാര്‍ക്ക് ക്ഷീണം ഒരുവിധം മാറിയതിനാല്‍ അയാള്‍ ചന്ദ്രശേഖരനോടുകൂടി അയാളുടെ വീട്ടിലേക്കും പോയി.
കൊച്ചുകുഞ്ഞിനെക്കൊന്നതിന്റെശേഷം ചന്ദ്രശേഖരനെ കുടിപാര്‍പ്പുള്ള പുരയിടങ്ങളില്‍ കെട്ടാന്‍ ആരും സമ്മതിക്കാതെയായി. അതിനാല്‍ നേരം വൈകുമ്പോള്‍ രാമശ്ശാര്‍ അവനെക്കൊണ്ടുപോയി ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പുകളിലാണു പിന്നീടു കെട്ടയിരുന്നത്. എങ്കിലും ജനങ്ങള്‍ കൂടെക്കൂടെ ചന്ദ്രശേഖരനു പഴക്കുല, കരിമ്പ്, ശര്‍ക്കര, നാളികേരം മുതലായവ കൊണ്ടുചെന്നു കൊടുത്തിരുന്നു. അങ്ങനെ ആരെങ്കിലും എന്തെങ്കിലും കൊണ്ടുചെന്നു കൊടുത്താല്‍ അതില്‍നിന്ന് ഒരു ഭാഗമെടുത്തു മാറ്റിവെച്ചിട്ടു ശേഷമേ അവന്‍ തിന്നാറുള്ളൂ. സ്വദേശത്തുവെച്ചാണെങ്കില്‍ മാറ്റി വെയ്ക്കുന്ന ഭാഗം അവന്‍തന്നെ എടുത്തുകൊണ്ടുപോയി, അവനു വെള്ളം കോരിക്കൊടുത്ത മുഹമ്മദീയസ്ത്രീയുടെ കുടിലിന്റെ വാതില്‍ക്കല്‍ വെച്ച് എടുത്തുകൊള്ളുവാന്‍ ആംഗ്യം കാണിച്ചിട്ടു മടങ്ങിപ്പോരും. ഇതിനു രാമശ്ശാര്‍ കൂടെച്ചെല്ലുകയും മറ്റും വേണ്ട. ഉത്സവങ്ങളില്‍ എഴുന്നള്ളിപ്പിനും മറ്റുമായി ദൂരസ്ഥലങ്ങളില്‍ച്ചെല്ലുമ്പോള്‍ പഴക്കുല മുതലായവ ആരെങ്കിലും കൊടുത്താല്‍ ചന്ദ്രശേഖരന്‍ മുഹമ്മദീയസ്ത്രീയ്ക്കുള്ള ഭാഗമെടുത്ത് രാമശ്ശാരെ ഏല്‍പ്പിക്കും. രാമശ്ശാര്‍ അതു വിറ്റുകിട്ടുന്ന പണം സ്വദേശത്തു ചെല്ലുമ്പോള്‍ മുഹമ്മദീയസ്ത്രീക്കു കൊടുക്കണം എന്നാണു ചന്ദ്രശേഖരന്‍ നിശ്ചയിച്ചിരുന്നത്. രാമശ്ശാര്‍ അങ്ങനെ തന്നെ ചെയ്തിരുന്നു.
ഒരിക്കല്‍ സ്വദേശത്തു (കൊട്ടാരക്കര) വെച്ചുതന്നെ ഒരാള്‍ ചന്ദ്രശേഖരനു നാലഞ്ചു പഴക്കുല കൊണ്ടുചെന്നു കൊടുത്തു അതില്‍നിന്ന് ഒന്നാംതരം ഒരു കുലയെടുത്തു മാറ്റിവെയ്ക്കുകയും ശേഷമുണ്ടായിരുന്നതു തിന്നുകയും ചെയ്തതിന്റെശേഷം മാറ്റിവെച്ച കുലയുമെടുത്തുകൊണ്ടു ചന്ദ്രശേഖരന്‍ മുഹമ്മദീയ സ്ത്രീയുടെ കുടിലിങ്കലേക്കു പോയി. അവിടെച്ചെന്നപ്പോള്‍ ആ സ്ത്രീയും അവരുടെ ഭര്‍ത്താവും അവിടെയുണ്ടായിരുന്നില്ല. മുഹമ്മദീയന്‍ എവിടെയോ കൂലിവേലയ്ക്കും സ്ത്രീ വെള്ളം കോരിക്കൊണ്ടു വരാനും പോയിരിക്കുകയായിരുന്നു. അവരുടെ രണ്ടു കുട്ടികള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അഞ്ചും മൂന്നും വീതം മാത്രം വയസ്സു പ്രായമായിരുന്ന ആ കുട്ടികള്‍ കുടിലിനകത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം കുടിലിന്റെ മേല്‍ക്കൂടിനു തീ പിടിച്ചു കത്തിക്കൊണ്ടിരുന്നു. ഈ കുട്ടികള്‍ അതിറിഞ്ഞില്ല. അഥവാ അവരറിഞ്ഞാലും വിശേഷമൊന്നുമില്ലല്ലോ. കുടിലിനു തീ പിടിച്ചിരിക്കുന്നതു കണ്ട് ചന്ദ്രശേഖരന്‍ ക്ഷണത്തില്‍ അടുത്തുചെന്നു പഴക്കുല അവിടെവെച്ചിട്ട് തുമ്പിക്കൈകൊണ്ടു കുടിലിന്റെ മേല്‍ക്കൂടിന് ഒരു തട്ടുകൊടുത്തു. മേല്‍ക്കൂടു തെറിച്ചു ദൂരെപ്പോയി വീണു. അത് അവിടെക്കിടന്ന് അശേഷം ദഹിച്ചുപോയി. കാട്ടുകമ്പുകള്‍കൊണ്ടു കെട്ടിയുണ്ടാക്കി ഓലമേഞ്ഞതും തീപ്പുകകൊണ്ടും മറ്റും ഉണങ്ങിയിരുന്നതുമായ ആ മേല്‍പ്പുരയ്ക്കു തീപ്പിടിച്ചാല്‍പ്പിന്നെ ദഹിക്കാന്‍ താമസിക്കുമോ? അതു മുഴുവനും ദഹിച്ചുപോയെങ്കിലും ചന്ദ്രശേഖരനതു തട്ടിക്കളഞ്ഞതുകൊണ്ട് ആ കുട്ടികള്‍ക്കും കുടിലിനകത്തുണ്ടായിരുന്ന സാധനങ്ങള്‍ക്കും തരക്കേടൊന്നും പറ്റിയില്ല. മുഹമ്മദീയസ്ത്രീ എന്തോ വറക്കുന്നതിനായി ഒരു പാത്രത്തില്‍ വെളിച്ചെണ്ണ അടുപ്പത്തു വെച്ചിട്ട് അതു ചൂടുപിടിക്കുമ്പോഴേക്കു മടങ്ങിവരാമെന്നു വിചാരിച്ചാണ് പോയത്. വഴിക്ക് ആരാണ്ടേക്കണ്ടപ്പോള്‍ ഇതു മറന്ന് അവരുമായി സംസാരിച്ചുകൊണ്ടു സ്വല്‍പമധികം സമയം താമസിച്ചുപോയതിനാല്‍ വെളിച്ചെണ്ണയ്ക്കു തീ പിടിച്ച് അതു പാളിക്കത്തി മേല്‍പ്പൂരയ്ക്കു തീപിടിച്ചു. ആ സമയത്താണ് ചന്ദ്രശേഖരന്‍ അവിടെയെത്തിയത്. ചന്ദ്രശേഖരന്‍ മേല്‍പ്പൂര തട്ടിക്കളഞ്ഞതിന്റെ ശേഷം ആ രണ്ടുകുട്ടികളേയും താങ്ങിയെടുത്ത് ഒരു മരത്തണലില്‍ക്കൊണ്ടുചെന്നിരുത്തി, പഴക്കുലയെടുത്ത് അവരുടെ മുമ്പില്‍ വെച്ചുകൊടുത്തിട്ടു ദൂരെ മാറിനിന്നു. പാര്‍പ്പിടം പോയതുകൊണ്ടുള്ള വിഷമത എത്രമാത്രമുണ്ടെന്ന് അറിയാറായിട്ടില്ലാതെയിരുന്ന കുട്ടികള്‍ പഴമെടുത്തു തിന്നു സന്തോഷിച്ചു കളിച്ചുകൊണ്ട് ആ തണലത്തിരുന്നു.
മഹമ്മദീയ സ്ത്രീ വെള്ളം കോരിക്കൊണ്ടു പകുതി വഴി വന്നപ്പോള്‍ അതികശലായിട്ടുള്ള തീജ്വാലയും പുകയും കണ്ട്, "അയ്യോ, എന്റെ കുട്ടികളുടെ കഥ കഴിഞ്ഞു" എന്നു പറഞ്ഞു വെള്ളവും കുടവും ദൂരെയെറിഞ്ഞിട്ട് തല്ലിയലച്ചു നിലവിളിച്ചുകൊണ്ട് ഓടിയെത്തി. കുടിലിന്റെ സമീപത്തായപ്പോള്‍ കുട്ടികള്‍ പഴംതിന്നു കളിച്ചുകൊണ്ടിരിക്കുന്നതും ചന്ദ്രശേഖരന്‍ അവരെ കാത്തുകൊണ്ടു ദൂരെ മാറി നില്‍ക്കുന്നതും ആ സ്ത്രീ കണ്ടു. അപ്പോള്‍ അവരുടെ മനസ്സിനു വളരെ സമാധാനമായി. കുട്ടികള്‍ കുടിലില്‍ക്കിടന്നു വെന്തുപൊയിയെന്നുതന്നെയായിരുന്നു ആ സ്ത്രീയുടെ വിചാരം. ചന്ദ്രശേഖരന്‍ പഴക്കുലയും മറ്റുംകൊണ്ടു കൂടെക്കൂടെ ചെല്ലുക പതിവായിരുന്നതിനാല്‍ പഴക്കുല അവിടെയിരിക്കുന്നതും ചന്ദ്രശേഖരന്‍ കാത്തു നില്ക്കുന്നതും കണ്ടിട്ടു തന്റെ കുട്ടികളെ രക്ഷിച്ചതു ചന്ദ്രശേഖരന്‍ തന്നെയെന്നു നിശ്ചയിച്ചുകൊണ്ട് ആ സ്ത്രീ, "എന്റെ ചന്ദ്രശേഖരാ, എന്റെ ഓമനക്കുട്ടികളെ രക്ഷിച്ചതു നീയാണല്ലോ! നിന്നെ പടച്ചവന്‍ രക്ഷിക്കട്ടെ" എന്നു പറഞ്ഞു. ഉടനെ ചന്ദ്രശേഖരന്‍ അവിടെനിന്നു പോയി. മുഹമ്മദീയസ്ത്രീ തന്റെകുട്ടികളേയുംകൊണ്ടു അഗ്നിഗ്ദ്ധശിഷ്ടമായ കുടിലില്‍ച്ചെന്നു നോക്കിയപ്പോള്‍ അതിലുണ്ടായിരുന്ന സാധനങ്ങളൊന്നും നഷ്ടപ്പെട്ടുപോയിട്ടില്ലെന്നറിഞ്ഞ് അല്‍പംകൂടി സന്തോഷിച്ചു. എങ്കിലും നേരം വൈകുമ്പോള്‍ കിടക്കാനൊരു പുരയില്ലല്ലോ എന്നു വിചാരിച്ചു വിഷാദവും അവര്‍ക്കുണ്ടാകാതെയിരുന്നില്ല.
കൂലിവേലയ്ക്കു പോയിരുന്ന മുഹമ്മദീയന്‍ നേരം വൈകിയപ്പോള്‍ മടങ്ങിയെത്തി. അപ്പോള്‍ തന്റെ പാര്‍പ്പിടം വെന്തുപോയെന്നറിഞ്ഞു ദുഃഖിക്കുകയും തന്റെ മക്കള്‍ക്കു തരക്കേടൊന്നും പറ്റിയില്ലെന്നറിഞ്ഞ് ഏറ്റവും സന്തോഷിക്കുകയും ചെയ്തു. പിന്നെ ആ മുഹമ്മദീയനും ഭാര്യയുംകൂടി തങ്ങളുടെ കുടില്‍ യഥാപൂര്‍വ്വം കെട്ടിയുണ്ടാക്കുന്നതിന് എന്താ കൗശലമെന്നുള്ള ആലോചനയായി. സാരമില്ലാത്തതാണെങ്കിലും കുറെ കാലും കോലും മുളയും വാരിയുമൊക്കെയില്ലാതെ അതു സാധിക്കുകയില്ലല്ലോ. അഗതികളായ അവര്‍ക്ക് അതത്ര ക്ഷിപ്രസാദ്ധ്യമായ കാര്യമല്ലായിരുന്നു.
അവര്‍ അങ്ങനെ ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ ചന്ദ്രശേഖരന്‍ കുറെ കാട്ടുകമ്പുകളും അഞ്ചെട്ടു മുളയും വരിഞ്ഞുകെട്ടാനാവശ്യമുള്ള ചൂരലും വിലച്ചെടുത്തു കൊണ്ട് അവിടെയെത്തി. ആ സാമാനങ്ങളെല്ലാം ആ മുഹമ്മദീയന്റെ മുമ്പിലിട്ടു കൊടുത്തിട്ടു രാമശ്ശാരുടെ അടുക്കലേക്കു പോയി. സാമാനങ്ങളൊക്കെ കിട്ടിയപ്പോള്‍ മുഹമ്മദീയനു വളരെ സമാധാനമായി. അയാള്‍ നല്ല വേലക്കാരനായിരുന്നതുകൊണ്ട് ആ സാമാനങ്ങളെല്ലാമെടുത്തുപയോഗിച്ചു പിറ്റെദിവസം നേരം വെളുക്കുന്നതിനു മുമ്പ് കുടില്‍ കെട്ടിയുണ്ടാക്കി. നേരം വെളുക്കുന്നതിനു മുമ്പ് കുടില്‍ കെട്ടിയുണ്ടാക്കി. നേരം വെളുത്തിന്റെ ശേഷം ചില മാന്യന്മാരുടെ അടുക്കല്‍ ചെന്നു ചോദിച്ചിട്ടു കിട്ടിയ ഓലകൊണ്ട് ഉടനെ മേച്ചിലും കഴിച്ചു. അഞ്ചെട്ടു നാഴിക പുലര്‍ന്നപ്പോള്‍ ചന്ദ്രശേഖരന്‍ അവിടെ ചെന്നു നോക്കി. അപ്പോള്‍ യഥാപൂര്‍വ്വം കുടിലുണ്ടാക്കി ആ മുഹമ്മദീയകുടുംബക്കാരവിടെ പാര്‍പ്പു തുടങ്ങിയിരിക്കുന്നതായിക്കണ്ടു സന്തോഷിച്ചു മടങ്ങിപ്പോയി.
ആ മുഹമ്മീയസ്ത്രീക്കു വിറകിനാവശ്യമുള്ള ഉണങ്ങിയ തടികള്‍ യഥാകാലം ചന്ദ്രശേഖരന്‍ മലകളില്‍നിന്നു ശേഖരിച്ചുകൊണ്ടുചെന്നു കൊടുത്തിരുന്നു. ഇതെല്ലാം അവന് ഒരു ദിവസം ദാഹിച്ചപ്പോള്‍ ആ സ്ത്രീ കുറച്ചു വെള്ളം കോരിക്കൊടുത്തതിന്റെ നന്ദിയാണെന്നുള്ളതു പറയണമെന്നില്ലല്ലോ. ചന്ദ്രശേഖരനെപ്പോലെ കൃതജ്ഞതയുണ്ടായിട്ടു വേറെ ഒരാന അക്കാലത്തെന്നല്ല, അതിനു മുന്‍പും ഉണ്ടായിരുന്നില്ല. അതില്‍പ്പിന്നെ ഉണ്ടായിട്ടുമില്ല. എന്നാല്‍ അവനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ എന്തെങ്കിലും അവനതിനു പകരം ചെയ്യാതെയുമിരിക്കയില്ല.
ഒരിക്കല്‍ കൊട്ടാരക്കര താലൂക്കില്‍ത്തന്നെ കല്‍പിടദേശത്തുള്ള ചിറ്റുമലക്ഷേത്രത്തില്‍ ഒരെഴുന്നള്ളിപ്പു കഴിഞ്ഞതിന്റെശേഷം രാമശ്ശാര്‍ ചന്ദ്രശേഖരെ ക്ഷേത്രസമീപത്തുതന്നെ ഒരു മരത്തിന്മേല്‍ തളച്ചു തീറ്റയ്ക്കു വേണ്ടുന്ന തെങ്ങിന്‍ പട്ട മുതലായവ ഇട്ടുകൊടുത്തിട്ടു കുളിക്കാനുമുണ്ണാനും പോയി. ആ സമയം ചില കുട്ടികള്‍ ചന്ദ്രശേഖരന്റെ ചുറ്റും ചെന്നുകൂടി. ഏറ്റവും ദുര്‍ബുദ്ധിയായ ഒരു ബാലന്‍ ഒരു കല്ലെടുത്ത് ഒന്നെറിഞ്ഞു. അങ്ങോട്ടുമെറിയുന്നതിനായി ചന്ദ്രശേഖരന്‍ ആ കല്ലു തപ്പിയെടുത്തു. അപ്പോഴേക്കും ആ ബാലന്‍ ഓടിക്കളഞ്ഞു. എങ്കിലും ചന്ദ്രശേഖരന്‍ ആ കുട്ടിയെ നോക്കി മനസ്സിലാക്കിവെച്ചു. കല്ലു കാലിനടിയിലാക്കി സൂക്ഷിച്ചുകൊണ്ടു ചന്ദ്രശേഖരന്‍ തീറ്റതിന്നുകയും തിന്നുകഴിഞ്ഞ ഉടനെ കല്ലെടുത്തു വായിലാക്കി സൂക്ഷിക്കുകയും ചെയ്തു. പിന്നെ പതിവായി ചന്ദ്രശേഖരന്‍ വല്ലതും തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ വായില്‍നിന്നു കല്ലെടുത്തു താഴെവയ്ക്കുകയും അതു കഴിഞ്ഞാല്‍ പിന്നെയും കല്ലെടുത്തു വായിലാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങനെ പതിവായി കണ്ടിരുന്നവെങ്കിലും ഇതിന്റെ കാരണവും ഉദ്ദേശവുമെന്താണെന്ന് രാമശ്ശാര്‍ക്കും അറിഞ്ഞുകൂടായിരുന്നു. ആ ബാലന്‍ ചന്ദ്രശേഖരനെ എറിഞ്ഞപ്പോള്‍ രാമശ്ശാരടുക്കലുണ്ടായിരുന്നില്ലല്ലോ.
ചന്ദ്രശേഖരനെ ആണ്ടുതോറും ഉത്സവങ്ങള്‍ക്കും മുറജപമുള്ള കാലങ്ങളില്‍ നെടുമ്പുരകളുടെ തൂണുകള്‍ നിവര്‍ത്തു നാട്ടുന്നതിനും ലക്ഷദീപദിവസം ആ തൂണുകളെല്ലാമെടുത്തു മാറ്റുന്നതിനും തിരുവനന്തപുരത്ത് കൊണ്ടുപോവുക പതിവായിരുന്നു. അവിടെ കൊണ്ടുചെന്നാലുടനെ തിരുമുമ്പില്‍ കൊണ്ടുചെല്ലണമെന്നും പ്രത്യേകം കല്പനയുണ്ടായിരുന്നു. ആ പതിവനുസരിച്ച് രാമശ്ശാര്‍ ചന്ദ്രശേഖരനെ അക്കൊല്ലവും ഉത്സവത്തിനു തിരുവന്തപുരത്തിനു കൊണ്ടുപോവുകയും അവിടെ എത്തിയ ദിവസം തന്നെ അവനെ തിരുമുമ്പില്‍ കൊണ്ടുചെല്ലുകയും ചെയ്തു. രാമവര്‍മ്മ മഹാരാജാവ് തിരുമനസ്സിലേക്കു ചന്ദ്രശേഖരനെക്കുറിച്ച് പ്രത്യേക വാത്സല്യവും അതിനു കാരണവുമുണ്ടായിരുന്നുവല്ലോ. തിരുമുമ്പില്‍ ചെന്നയുടനെ ചന്ദ്രശേഖരന്‍ നടനാലും മടക്കി നമസ്കരിച്ചു. ചന്ദ്രശേഖരന്‍ തിരുമുമ്പില്‍ ചെല്ലുമ്പോളെല്ലാം അങ്ങിനെ ചെയ്യുക പതിവാണ്. അത് രാമശ്ശാര്‍ പറഞ്ഞിട്ടും മറ്റുമല്ല, അവന്‍ സ്വമേധയാ ചെയ്യുന്നതാണ്. ചന്ദ്രശേഖരന്‍ നമസ്കരിച്ചെണിറ്റപ്പോഴേക്കും കല്പനപ്രകാരം പതിവുള്ള, പഴക്കുലകള്‍, നാളികേരം, ശര്‍ക്കര മുതലായവയെല്ലാം അവിടെ കൊണ്ടുചെന്നു കഴിഞ്ഞു. അവയെല്ലമെടുത്തു രാമശ്ശാര്‍ ചന്ദ്രശേഖരന്റെ മുമ്പില്‍വച്ചുകൊടുത്തു. ചന്ദ്രശേഖരന്‍ പതിവുപോലെ അതില്‍ നിന്ന് നല്ലതായിട്ടു ഒരു പഴക്കുലയും ഏതാനും നാളികേരവും ശര്‍ക്കരയും എടുത്തു മാറ്റിവച്ചു. അത് കണ്ടിട്ട്, അതിന്റെ കാരണം എന്തെന്ന് കല്പിച്ചു ചോദിക്കുകയും രാമശ്ശാര്‍ മുഹമ്മദീയസ്ത്രീയുടെ കാര്യവും മാറ്റിവച്ച സാമാനങ്ങള്‍ വിറ്റുകിട്ടുന്ന പണം താന്‍ ആ സ്ത്രീക്കു കൊണ്ടുചെന്നു കൊടുക്കണമെന്നുള്ള വിവരവും തിരുമനസ്സറിയിക്കുകയും ചെയ്തു. ഉടനെ തിരുമനസ്സുകൊണ്ടു "ചന്ദ്രശേഖരാ! അത് വച്ചേക്കണമെന്നില്ല. അതിന്റെ വില ഇവിടെ നിന്ന് കൊടുത്തേക്കാം" എന്നു കല്പിക്കുകയും അപ്പോള്‍തന്നെ ആ വകയ്ക്കു നാലുറുപ്പിക കല്പിച്ച് രാമശ്ശാരെ ഏല്പിക്കുകയും ചെയ്തു. ഉടനെ ചന്ദ്രശേഖരന്‍ വായില്‍നിന്ന് കല്ലെടുത്ത് താഴെ വച്ചിട്ട് ആ പഴക്കുലയും മറ്റും മുഴുവനും തിന്നുകയും കല്ലെടുത്ത് പിന്നെയും വായിലാക്കുകയും ചെയ്തു. അത് കണ്ടിട്ട് അതിന്റെ കാരണവും ഉദ്ദേശവുമെന്തെന്നും കല്പിച്ചു ചോദിച്ചു. അപ്പോള്‍രാമശ്ശാര്‍ "എന്തോ അടിയനു അറിഞ്ഞുകൂട. കുറച്ചു നാളായിട്ട് ഇങ്ങിനെ കാണുന്നുണ്ട്" എന്നു തിരുമനസ്സറിയിച്ചു. പതിവുപോലെ ഉത്സവം കഴിയുന്നതുവരെ ചന്ദ്രശേഖരനേയും കൊണ്ടു രാമശ്ശാര്‍ തിരുവനന്തപുരത്തു താമസിക്കുകയും അനന്തരം യാത്രയറിയിച്ചു പതിവുള്ള സമ്മാനവും വാങ്ങിക്കൊണ്ടു ചന്ദ്രശേഖരസമേതം കൊട്ടരക്കരയ്ക്കുതന്നെ മടങ്ങിപ്പോകുകയും ചെയ്തു.
പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ (973-ആമാണ്ട് കുംഭമാസത്തില്‍) രാമവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടുനീങ്ങിപ്പോയി എന്നുള്ള വര്‍ത്തമാനം കേട്ടിട്ട് ചന്ദ്രശേഖരനുണ്ടായ സങ്കടം ഒട്ടും ചില്ലറയല്ലായിരുന്നു. അത് കേട്ടപ്പോള്‍ മുതല്‍ അവന്‍ ഉറക്കെ നിലവിളി തുടങ്ങി. മൂന്നഹോരാത്രം മുഴുവന്‍ കിടക്കുകയും ഉറങ്ങുകയും വെള്ളം കുടിക്കുകയും ചെയ്യാതെ ചന്ദ്രശേഖരന്‍ നിലവിളിച്ചുകൊണ്ടുതന്നെ നിന്നു. അവന്റെ നിലവിളി കേട്ടു ദിഗ്വാസികളെല്ലാം വളരെ പരിശ്രമിച്ചു. പിന്നെ കാരണമറിഞ്ഞതിന്റെ ശേഷമേ അവര്‍ക്കൊക്കെ സമാധാനമായുള്ളൂ. ഏകദേശം ഇങ്ങിനെയുള്ള ഒരു ദുഃഖം ചന്ദ്രശേഖരനു കുഞ്ചികുട്ടിപിള്ള സര്‍വാധികാര്യക്കാര്‍ മരിച്ചു പോയി എന്നു കേട്ടപ്പോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മുന്നു ദിവസം കഴിഞ്ഞതിനുശേഷം രാമശ്ശാരുടെ നിര്‍ബന്ധം കൊണ്ടു ചന്ദ്രശ്ശേഖരന്‍ കുറേശ്ശെ വെള്ളം കുടിക്കുകയും തീറ്റതിന്നുകയും ചെയ്തു തുടങ്ങി. സാമാന്യം പോലെ വെള്ളം കുടിക്കുകയും തീറ്റ തിന്നുകയും ചെയ്തു തുടങ്ങിയത് ഒരു കൊല്ലം കഴിഞ്ഞതിന്റെ ശേഷമാണ്. ആ ഒരു കൊല്ലം മുഴുവനും ചന്ദ്രശേഖരന്‍ ദിവസംതോറും പതിവായി കാലത്തും വൈകുന്നേരവും തെക്കോട്ടു നോക്കിനിന്നു മൂന്നു പ്രാവശ്യം വീതം ഉറക്കെ നിലവിളിച്ചിരുന്നു. ചന്ദ്രശേഖരനെ ആണ്ടുതോറും ഹരിപ്പാട്, അമ്പലപ്പുഴ, ആറന്മുള, വൈക്കം മുതലായ മഹാക്ഷേത്രങ്ങളില്‍ ഉത്സവകാലത്ത് എഴുന്നള്ളിപ്പിനു കൊണ്ടുപോവുക പതിവായിരുന്നു. എങ്കിലും ഈ ഒരു കൊല്ലം അവനെ എങ്ങും കൊണ്ടുപോകാന്‍ സാധിച്ചില്ല.
അനന്തരം വളരെക്കാലം കഴിഞ്ഞു സ്വാതിതിരുനാള്‍രാമവര്‍മ മഹാരാജാവു തിരുമനസ്സിന്റെ കാലത്തു പതിവുപോലെ ചന്ദ്രശേഖരനെ തിരുവനന്തപുരത്ത് ഒരു ഉത്സവത്തിനു കൊണ്ടുപോയിരുന്നപ്പോള്‍ അവിടെവെച്ചു ഒരു വിശേഷമുണ്ടായി. ആറാട്ടുകഴിഞ്ഞു ശംഖുമുഖ(സമുദ്ര)തീരത്തുനിന്നു തിരിച്ചെഴുന്നള്ളിച്ചു. കുറച്ചു കിഴക്കോട്ടു വന്നപ്പോള്‍ തന്നെ പണ്ടു കല്ലുകൊണ്ടെറിഞ്ഞയാള്‍ എഴുന്നള്ളിപ്പു കണ്ടുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്നത് ചന്ദ്രശേഖരന്‍കണ്ടു. ഉടനെ അവന്‍ വായില്‍ സൂക്ഷിച്ചിരുന്ന കല്ല് തുമ്പികൈയ്യിലെടുത്ത് അയാള്‍ക്കിട്ട് ഒരേറു കൊടുത്തു. ആ ഏറുകൊണ്ട് കാലിന്റെ മുട്ടൊടിഞ്ഞ് ആ മനുഷ്യന്‍ അവിടെ വീണു. ഉടനെ ചന്ദ്രശേഖരന്‍ ആ സ്ഥലത്തേക്ക് പാഞ്ഞുചെന്നു, അപ്പോള്‍ അവിടെ ഉണ്ടായ ബഹളം കേവലം അവര്‍ണ്ണനീയമായിരുന്നു. മേളക്കാരും തീവെട്ടിക്കാരും പട്ടാളക്കാരും, അകമ്പടിക്കാരും കാഴ്ചക്കാരുമെല്ലാം പ്രാണഭീതിയോടുകൂടി നാലു പുറത്തേക്കും ഓടി. മഹാരാജാവു തിരുമനസ്സിലേക്കു മാത്രം ഒരിളക്കവുമുണ്ടയില്ല. അവിടന്നു എഴുന്നള്ളി നിന്നിടത്തു തന്നെ നിന്നു. ചന്ദ്രശേഖരന്‍ ആള്‍ക്കൂട്ടത്തിലേക്കു പാഞ്ഞുചെന്നത് ആ കല്ലെടുത്തു വായിലാക്കാനായിട്ടു മാത്രമായിരുന്നു. അല്ലാതെ ആരെയും ഉപദ്രവിക്കണമെന്നു അവനുണ്ടായിരുന്നില്ല. ആരെയും അവന്‍ ഉപദ്രവിച്ചുമില്ല. എങ്കിലും അവന്റെ അന്തര്‍ഗ്ഗതം ജനങ്ങള്‍ എങ്ങിനെ അറിയുന്നു? "ഒരാണ്ടില്‍ തിരുവന്തപുരത്ത് ആറാട്ടുനാള്‍ ഒരു വലിയ കൊമ്പനാന പിണങ്ങി സ്വാതിതിരുനാള്‍ തിരുമനസ്സിന്റെ നേരെ പാഞ്ഞുചെന്നു. അവിടന്നു നരസിംഹത്തിന്റെ അവതാരമായിരുന്നതിനാല്‍ അവിടേക്ക് ഒരു കൂസലുമുണ്ടായില്ല. ആന അടുത്തുചെന്നപ്പോള്‍ തിരുമനസ്സുകൊണ്ടു തൃക്കണ്ണു തുറന്ന് ആനയുടെ നേരെ ഒന്നുനോക്കി. അപ്പോള്‍ ആന തിരുമുമ്പില്‍ ചെന്നു കൊമ്പുകുത്തി" എന്നും മറ്റും ഇപ്പോഴും ജനങ്ങള്‍ പറഞ്ഞുവരുന്നുണ്ടല്ലോ. ആ പറച്ചിലിന്റെ അടിസ്ഥാനം ഈ സംഭവം മാത്രമാണ്. ഈ ബഹളം താന്‍ മനപ്പൂര്‍വം ഉണ്ടാക്കിയതെല്ലെന്നും ജനങ്ങള്‍ വെറുതെ ഉണ്ടാക്കിത്തീര്‍ത്തതാണെന്നും ഇതുനിമിത്തം തന്റെ പേരില്‍ തിരുവുള്ളക്കേടുണ്ടാകരുതെന്നുമുള്ള ഭാവത്തോടുകൂടി ചന്ദ്രശേഖരന്‍ നമസ്കരിക്കുക മാത്രമേ ഉണ്ടായുള്ളു. കൊമ്പുകുത്തുകയും മറ്റുമുണ്ടായില്ല ചന്ദ്രശേഖരന്‍ യഥാസ്ഥാനം ചെന്നു നിന്നുകഴിഞ്ഞപ്പോള്‍ മേളക്കാരും തീവെട്ടിക്കാരും അകമ്പടിക്കാരും മറ്റും വന്നു കൂടുകയും ആറാട്ടിന്റെ എഴുന്നള്ളിപ്പു ഭംഗിയായി കഴിഞ്ഞുകൂടുകയും ചെയ്തു. ആറാട്ട് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചന്ദ്രശേഖരനേയും അവന്റെ ഏറുകൊണ്ട് കാലൊടിഞ്ഞ മനുഷ്യനെയും തിരുമുന്‍പാകെ കൊണ്ടുചെല്ലുവാന്‍ കല്പനയുണ്ടാവുകയാല്‍ രാമശ്ശാര്‍ ചന്ദ്രശേഖരനെയും, രാജഭാടന്മാര്‍ ഓടിനടന്നു അന്വേഷിച്ചു കണ്ടുപിടിച്ചു കേട്ടിയെടുത്തു കാലൊടിഞ്ഞ ആ മനുഷ്യനെയും തിരുമുമ്പാകെ കൊണ്ടുചെന്നു. അപ്പോള്‍ തിരുമനസ്സുകൊണ്ടു ആ മനുഷ്യനോട്, "ചന്ദ്രശേഖരന്‍ നിന്നെ എറിയാനെന്താണ് കാരണം? ഒരു കാരണവും കൂടാതെ ചന്ദ്രശേഖരന്‍ അങ്ങിനെ ചെയ്യുകയില" എന്ന് കല്പിചു. അപ്പോള്‍ ആ മനുഷ്യന്‍ "അടിയന്‍ അടിയന്റെ ചെറുപ്പത്തില്‍ ഒരു കല്ലെടുത്ത് ചന്ദ്രശേഖരനെ ഒന്നെറിഞ്ഞു. അത് അവന്റെ കാലിന്മേല്‍ കൊണ്ടു. അതിനു പകരമാണ് അവന്‍ അടിയന്റെ കാലൊടിച്ചത്. ആ കല്ലുകൊണ്ട അവന്‍ അന്ന് തന്നെ എറിയാന്‍ ഭാവിച്ചു. അടിയന്‍ ഓടിക്കളഞ്ഞതുകൊണ്ട് അപ്പോള്‍ അതു സാധിച്ചില്ല. അന്ന് മുതല്‍ക്കു തന്നെ അവന്‍ ആ കല്ല് അവന്റെ വായിലാക്കി സുക്ഷിച്ചു തുടങ്ങി. എന്നെങ്കിലുമവന്‍ പ്രതിക്രിയ ചെയ്യുമെന്നുള്ള വിചാരം അടിയന്റെ പഴമനസ്സിലുണ്ടായിരുന്നതിനാല്‍ അടിയന്‍ ഒളിച്ചുമാറിയേ വിടകൊണ്ടു നില്ക്കാറുള്ളൂ. ഏകദേശം നാല്പതു കൊലം മുമ്പാണ് അടിയന്‍ ചന്ദ്രശേഖരനെ എറിഞ്ഞത്. അടിയന് അന്ന് പത്തോ പന്ത്രണ്ടോ വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അടിയനെ കണ്ടാല്‍ അറിയുകയില്ലായിരിക്കും എന്നു വിചാരിച്ചും എഴുന്നള്ളിപ്പ് കാണാനുള്ള മോഹം കൊണ്ടുമാണ് അടിയന്‍ ഇന്നലെ അവിടെ വിടകൊണ്ടുനിന്നിരുന്നത് ചന്ദ്രശേഖരന്‍ ഒരിക്കല്‍ കണ്ടിട്ടുള്ളവരെ പിന്നെ എത്ര കൊല്ലം കഴിഞ്ഞിട്ട് കണ്ടാലും അറിയുമെന്നും അവനെ ഉപദ്രവിച്ചാല്‍ എന്നെങ്കിലും അവനതിനു പകരം ചെയ്യാതിരിക്കില്ലെന്നും ഇന്നലെ ഏറുകൊണ്ടാപ്പോള്‍ അടിയനു മനസ്സിലായി".
തിരുമനസ്സുകൊണ്ട്: നീ ഏതു ദിക്കുകാരന്‍?
കാലോടിഞ്ഞവന്‍: അടിയന്റെ കുപ്പമാടം കലടയാണ്. അടിയന്‍ ഒരഗതിയാണ്. കൂലിവേല ചെയ്താണ് അടിയന്‍കാലം കഴിച്ചിരുന്നത്. ഇനി അതിനും നിവൃത്തിയില്ല.
ഇത് കേട്ടു തിരുമനസ്സുകൊണ്ട് അവന്റെ ചികിത്സക്ക് വേണ്ടിവരുന്ന പണവും പിന്നിട് അവന്റെ ജിവാവസാനം വരെ പ്രതിമാസം ഇരുപത്തഞ്ചു പണം വീതം സര്‍ക്കാരില്‍നിന്ന് കൊടുത്തു കൊള്ളുവാന്‍ കല്പിച്ചു ചട്ടംകെട്ടീട്ടു അവനെ അവിടെനിന്നു എടുത്തു കൊണ്ട് പൊയ്ക്കൊള്ളുവാന്‍ കല്പിച്ചു. അവനെ കൊണ്ടുപോയ്ക്കഴിഞ്ഞയുടനെ ചന്ദ്രശേഖരന്‍ തന്റെ വായില്‍ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് തിരുമുമ്പില്‍വെച്ചിട്ട് കാല്‍മടക്കി നമസ്കരിചു. തിരുമനസ്സുകൊണ്ട് ആ കല്ല് വെള്ളത്തില്‍ കഴുകിച്ചു വൃത്തിയാക്കിച്ചു വരുത്തിയതിന്റെ ശേഷം തൃക്കൈയ്യിലെടുത്തു നോക്കി. ആ കല്ലിനു ക്രമത്തിലധികം ഭാരമുണ്ടായിരുന്നതിനാല്‍ അതിനകത്ത് എന്തോ സാധാനമുണ്ടെന്നും ആ കല്ല് പൊട്ടിച്ചു നോക്കിയാല്‍കൊള്ളമന്നും തിരുമനസ്സില്‍തോന്നിട്ടു, "ചന്ദ്രശേഖരാ! ഈ കല്ലൊന്നു പൊട്ടിച്ചു നോക്കുന്നതിനു സമ്മതമുണ്ടോ?" എന്നു കല്പിച്ചു ചോദിച്ചു. സമ്മതം തന്നെ എന്നു ചന്ദ്രശേഖരന്‍ തലകുലുക്കി. ഉടനെ തിരുമനസ്സു കൊണ്ട് ഒരു കൂടം വരുത്തി തിരുമുമ്പാകെ വെച്ച് തന്നെ അടിച്ചുടപ്പിച്ചു. അപ്പോള്‍ അതിനകത്ത് ഏറ്റവും പ്രകാശത്തോടുകൂടിയ ഒരു ദിവ്യരത്നം കാണപ്പെട്ടു. അപ്പോള്‍ തിരുമനസ്സുകൊണ്ടും അവിടെയുണ്ടായിരുന്ന മറ്റാളുകളും അത്യന്തം വിസ്മയിച്ചു. തീക്കട്ടപോലെ പ്രകാശമുള്ള ആ രത്നം സന്തോഷസമേതം തൃക്കൈയ്യിലെടുത്ത് നോക്കീട്ടു "ചന്ദ്രശേഖരാ! ഈ രത്നം നാം എടുത്തുകൊള്ളുന്നതിനു നിനക്കു സമ്മതമുണ്ടോ?" എന്നു കല്പിച്ചു ചോദിച്ചു. ചന്ദ്രശേഖരന്‍ സന്തോഷത്തോടുകൂടി സമ്മതിച്ചു തലകുലുക്കി. പിന്നെ ചന്ദ്രശേഖരനു പതിവുള്ള പഴക്കുല മുതലായവയും മുഹമ്മദീയസ്ത്രീക്കുള്ള പണവും രാമശ്ശാര്‍ക്കു പതിവുള്ള സമ്മാനവും കല്പിച്ചു കൊടുത്തു അവരെ അയച്ചു.
കല്ലിനകത്തു നിന്ന് കിട്ടിയ ദിവ്യരത്നം തിരുമനസ്സുകൊണ്ട് തങ്കം കൊണ്ട് കെട്ടിച്ചു അവിടുന്നു വിശേഷദിവസങ്ങളില്‍ ചാര്‍ത്താനുള്ള രത്നമാലയുടെ നടുനായകമാക്കി കോര്‍ത്തുവച്ചു. ആ മാല സ്വാതിതിരുനാള്‍ തിരുമനസ്സുകൊണ്ടു വിശേഷദിവസങ്ങളിലെല്ലാം പതിവായി എടുത്തു ചാര്‍ത്താറുണ്ടായിരുന്നു. ആ മാല ഇപ്പോഴും വലിയ കൊട്ടാരംവക ഭാണ്ഡാരത്തിലിരിക്കുന്നുണ്ടെന്നാണ് കേള്‍വി.
ചന്ദ്രശേഖരന്‍ ഒരു ദിവസം കാലത്തു പുഴയില്‍പ്പോയി കുളിച്ചു രാമശ്ശാരുടെ വാസസ്ഥലത്തേക്കു മടങ്ങിപോയത് ഒരു വലിയ ചൂണ്ടപ്പനയുടെ ചുവട്ടില്‍കുടിയായിരുന്നു. ആ പനയില്‍നിന്നും പതിവായി മൂന്നു പറ കള്ളുവീതം കിട്ടുമായിരുന്നു. അതിനാല്‍ അത് ചെത്തുന്ന ഈഴവന്‍ ഒരു പാത്രം പനയുടെ ചുവട്ടില്‍കൊണ്ട് വച്ച് ഒരു പ്രാവശ്യം പനയുടെ മുകളില്‍ കയറി പകുതി കള്ളു പാളയിലാക്കിക്കൊണ്ടു താഴെയിറങ്ങി അത് പാത്രത്തിലൊഴിച്ചിട്ടു ശേഷം കൂടിയെടുക്കുന്നതിനു മുകളില്‍ കയറിയ സമയത്താണ് ചന്ദ്രശേഖരന്‍ പനയുടെ ചുവട്ടിലെത്തിയത്. ചന്ദ്രശേഖരനെ താഴെ കണ്ടിട്ട് ഈഴവന്‍ മുകളിലിരുന്നുകൊണ്ട്, "ചന്ദ്രശേഖരാ! നിനക്ക് കള്ളുവേണമെങ്കില്‍ ആ പാത്രത്തില്‍ ഇരിക്കുന്നത് എടുത്തു കുടിക്കുന്നതിനു വിരോധമില്ല. കുറച്ചുകുടി വേണമെങ്കില്‍ ഞാനിറങ്ങി വന്നാല്‍ തരികയും ചെയ്യാം. എന്റെ പാത്രം പൊട്ടിച്ചേക്കരുത്" എന്നു പറഞ്ഞു. അത് കേട്ടു ചന്ദ്രശേഖരന്‍ ആ പാത്രത്തിലുണ്ടായിരുന്ന കള്ളെടുത്ത് കുടിച്ചിട്ടു പാത്രത്തിനു കേടൊന്നും വരുത്താതെ താഴെ വച്ചിട്ട് രാമശ്ശാരുടെ അടുക്കലേക്കു പോയി.
ചന്ദ്രശേഖരന്‍ കള്ളു കുടിച്ചത് അന്ന് ഇദംപ്രഥമമായിട്ടായിരുന്നു. അതിനുമുമ്പ് ഒരിക്കലും അവന്‍ അതിന്റെ സ്വാദു നോക്കുകപോലും ചെയ്തിരുന്നില്ല. അന്ന് കുടിച്ചപ്പോള്‍ ഇത് നല്ലതാണെന്നു തോന്നുകയാല്‍ അവന്‍ പിന്നെയും ചിലപ്പോള്‍ കുളികഴിഞ്ഞു പോകുമ്പോള്‍ അതിലെ ചെല്ലുകയും ചെല്ലുമ്പോളൊക്കെ ആ ഈഴവന്‍ ചന്ദ്രശേഖരനു കുറേശ്ശെ കള്ളു കൊടുക്കുകയും ചെയ്തിരുന്നു. മറ്റൊരാളുടെ മുതല്‍ വിലകൊടുക്കാതെ വാങ്ങിയനുഭവിക്കുന്നത് ന്യായമാല്ലെന്നുള്ള വിചാരമുണ്ടായിരുന്നതിനാല്‍ ചന്ദ്രശേഖരന്‍ എല്ലാ ദിവസവും അതിലെ പോകുകയുംകള്ളുവാങ്ങിക്കുടിക്കുകയും ചെയ്തിരുന്നില്ല. ചില ദിവസങ്ങളില്‍ വാങ്ങിക്കുടിക്കുന്നതിനു പ്രതിഫലമായി ചന്ദ്രശേഖരന്‍ ആ ഈഴവന് കള്ളു കുറുക്കി പാനിയാക്കുന്നതിനും മറ്റും ആവശ്യമുള്ള വിറകു മലമുകളില്‍നിന്നു ശേഖരിച്ചു കൊണ്ടുചെന്നു കൊടുക്കുകയും ചെയ്തിരുന്നു.
അങ്ങിനെയിരുന്നപ്പോള്‍ കൊട്ടരക്കരതന്നെ ഒരു നായര്‍ഭവനത്തില്‍ ഒരു സദ്യയുണ്ടായി. ആ ദേശത്ത് എവിടെയെങ്കിലും സദ്യയുണ്ടായാല്‍ രാമശ്ശാരെ ക്ഷണിക്കുകയും അയാള്‍ പോകുമ്പോള്‍ ചന്ദ്രശേഖരനെ കൂടെ കൊണ്ടുപോകുകയും പതിവായിരുന്നു. ആ പതിവുപോലെ ഇവിടെയും ക്ഷണിക്കുകയും ചന്ദ്രശേഖരനോടുകൂടി പോകുകയും ചെയ്തിരുന്നു. അങ്ങിനെ ചെന്നാല്‍ രാമശ്ശാരുണ്ണാനിരിക്കുമ്പോള്‍ സദ്യയുടെ ഉടമസ്ഥന്‍ ചന്ദ്രശേഖരനും ചോറും പായസ്സവും പഴക്കുലയും മറ്റും കൊടുക്കുക പതിവാണ്. എന്നാല്‍ ഇവിടെ അങ്ങിനെ ഉണ്ടായില്ല.
പ്രധാനന്മാരുടെ സദ്യയൊക്കെക്കഴിഞ്ഞു അവരെല്ലാവരും പിരിഞ്ഞുപോവുകയും സര്‍വ്വാണിസദ്യ ആരംഭിക്കുകയും ചെയ്തിട്ടും ചന്ദ്രശേഖരന് ആരും ഒന്നും കൊടുത്തില്ല. കൊടുക്കാനുള്ള ഭാവം പോലും അവിടെ കണ്ടുമില്ല. അതിനാല്‍ രാമശ്ശാര്‍ ചന്ദ്രശേഖരനെ നിറുത്തിയിരുന്ന സ്ഥലത്തു ചെന്ന് "ഇനി നമുക്ക് പോകാം മകനേ" എന്നു പറഞ്ഞു യാത്രയായി. പിന്നാലെ ചന്ദ്രശേഖരനും ചെന്നു. പറമ്പില്‍നിന്നിറങ്ങി പടിക്കല്‍ ചെന്നപ്പോള്‍ അവിടെ ഏറ്റവും വലിയതായ ഒരാഞ്ഞി(അയനി)ത്തടി കിടക്കുന്നത് കണ്ടു. അത് ആ വീട്ടുടമസ്ഥന്‍ പുരയുടെ ജീര്‍ണോദ്ധാരണം വകയ്ക്കായി വരുത്തിയിട്ടതായിരുന്നു. നാലു വലിയ ആനകള്‍ കൂടിപിടിപ്പിച്ചായിരുന്നു ആ തടി കൊണ്ടുവന്നിട്ടത്. ചന്ദ്രശേഖരന്‍ വക്കപ്പഴുതില്‍ തുമ്പിക്കൈ ചുറ്റിപ്പിടിച്ചു ആ തടി വലിച്ചുകൊണ്ടുപോയി. സര്‍വ്വാണി സദ്യയില്‍ ഉത്സാഹിച്ചു കൊണ്ടുനിന്ന വീട്ടുടമസ്ഥന്‍ തടി ചന്ദ്രശേഖരന്‍ കൊണ്ടുപോയത് അപ്പോള്‍ അറിഞ്ഞില്ല. സദ്യസ്ഥലത്തുനിന്നു രാമശ്ശാരുടെ വീട്ടിലേക്കു മൂന്നു നാഴിക ദുരമുണ്ടായിരുന്നു. ഈ തടി വലിച്ചുകൊണ്ട് ഒന്നുരണ്ടു നാഴിക പോയപ്പോഴേക്കും ചന്ദ്രശേഖരന്‍ വല്ലാതെ ക്ഷീണിച്ചു. സദ്യസ്ഥലത്തു ചോറും പായസ്സവും മറ്റും കിട്ടുമല്ലോ എന്നു വിചാരിച്ചു ചന്ദ്രശേഖരന്‍ അന്ന് കാലത്തു കുറച്ചു വെള്ളം കുടിച്ചതല്ലാതെ തീറ്റ ഒന്നും തിന്നിരുന്നില്ല. തടി സാമാന്യത്തിലധികം വലുതുമായിരുന്നുമല്ലോ. അതെല്ലാം കൊണ്ടുമാണ് ചന്ദ്രശേഖരന്‍ ക്രമത്തിലധികം ക്ഷീണിച്ചത്. അങ്ങിനെ പ്രയാസപ്പെട്ട് കുറചുകൂടി പോയപ്പോള്‍ അവിടെ വഴിയരികില്‍ത്തന്നെ ഒരു മദ്യശാലയുണ്ടായിരുന്നു. അത് ചന്ദ്രശേഖരനു കള്ളു കൊടുക്കുന്ന ഈഴവന്റെതായിരുന്നു. അതിനാല്‍ ചന്ദ്രശേഖരന്‍ തടി വഴിയിലിട്ടിട്ടു മദ്യശാലയുടെ അടുക്കലേക്കു ചെന്നു. അപ്പോള്‍ ആ ഈഴവന്‍ ചന്ദ്രശേഖരന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നതായി കണ്ടിട്ട് നല്ല കള്ളു ധാരാളമായി കൊടുത്തു. കള്ളുകുടി കഴിഞ്ഞപ്പോള്‍ചന്ദ്രശേഖരനു ഉത്സാഹമായി.പിന്നെ തടി വലിച്ചു കൊണ്ട് ക്ഷണത്തില്‍നടന്നു രാമശ്ശാരുടെ വാസസ്ഥലത്തെത്തി തടി അവിടെ പടിക്കലിട്ടിട്ടു ചന്ദ്രശേഖരന്‍ അവന്റെ പതിവു സ്ഥലത്തു ചെന്നു നിന്നു. ഉടനെ രാമശ്ശാര്‍ അവന്റെ പതിവുള്ള തീറ്റ സാമാനങ്ങലെല്ലാം കൊണ്ടു ചെന്നു കൊടുക്കുകയും ചെയ്തു.
സദ്യയുടെ തിടുക്കവും കോലാഹലവുമെല്ലാം കഴിഞ്ഞപ്പോളാണ് തറവാട്ടില്‍ കാരണവര്‍ തടി ചന്ദ്രശേഖരന്‍ കൊണ്ടുപോയി എന്നറിഞ്ഞത്. അപ്പോള്‍ ആ മനുഷ്യന് തടി പോയതിനെ കുറിച്ചുള്ള മനസ്താപവും ചന്ദ്രശേഖരന് ഒന്നും കൊടുക്കനിടയാകാത്തതിനെക്കുറിച്ചുളള പശ്ചാത്താപവും സാമാന്യത്തിലധികമുണ്ടായി. അപ്പോഴേക്കും നേരം വൈകിപ്പോയതു കൊണ്ട് പിന്നെ ഒന്നും ചെയ്യാന്‍ തരമില്ലായിരുന്നു.. അതിനാല്‍ ആ മനുഷ്യന്‍ വിഷമിച്ചുകൊണ്ടുതന്നെ അന്നത്തെ രാത്രി ഒരുവിധം കഴിച്ചുകൂട്ടി. പിറ്റേ ദിവസം കാലത്തെ അഞ്ചു പറ നെല്ലളന്നു ഒരു പാത്രത്തിലാക്കിക്കെട്ടി ഒരു ഭൃത്യനെ ഏല്പിച്ചിട്ട്, "നീയിതു കൊണ്ടുചെന്നു ചന്ദ്രശേഖരന്റെ മുമ്പില്‍വെച്ചിട്ട്, ഇന്നലെ ഇവിടെ സദ്യശ്രമം മുതലായ കാര്യാന്തരവ്യഗ്രത നിമിത്തം ചന്ദ്രശേഖരനെ വേണ്ടതുപോലെ സല്ക്കരിച്ചയക്കാന്‍ സാധിക്കാത്തതില്‍ വളരെ മനസ്താപമുണ്ട്. ആ തെറ്റിന്റെ പ്രായശ്ചിത്തമായി അഞ്ചു പറ നെല്ല് കൊടുത്തയക്കുന്നു. ഇത് സദയം സ്വീകരിക്കുകയും എന്റെ തെറ്റിനെ ക്ഷമിക്കുകയും എന്റെ തടി ഇന്നുതന്നെ ഇവിടെ എത്തിച്ചു തരികയും ചെയ്യണമെന്നു അപേക്ഷിക്കുന്നു. തടിയും കൊണ്ട് ഇവിടെ വരുമ്പോള്‍ വേണ്ടതുപോലെ എല്ലാം ചെയ്തുകൊള്ളാം എന്നു നടുവിലെ വീട്ടിലെ മാധവന്‍പിള്ള പറഞ്ഞയച്ചിരിക്കുന്നു എന്നു പറയണം" എന്നു പറഞ്ഞു. ആ ഭൃത്യന്‍ അപ്രകാരം ചെയ്തു.
ഉടനെ ചന്ദ്രശേഖരന്‍ ആ നെല്‍ച്ചുമടെടുത്ത് കൊണ്ടുപോയി അവനു കള്ളു കൊടുക്കാറുള്ള ഈഴവന് കൊടുത്തിട്ടു തടിയും കൊണ്ട് യാത്രയായി. പിന്നാലെ രാമശ്ശാരും പോയി. ചന്ദ്രശേഖരന്‍ തടി നടുവിലെ വീട്ടിലെ പടിക്കല്‍ മുമ്പ് കിടന്നിരുന്ന സ്ഥലത്തു കൊണ്ടുചെന്നിട്ടു. അപ്പോഴേക്കും ആ വീട്ടിലെ കാരണവര്‍ (മാധവന്‍പിള്ള) പടിക്കല്‍ചെന്നു അകത്തേക്ക് വിളിക്കുകയാല്‍ രാമശ്ശാര്‍ ചന്ദ്രശേഖരനെയും കൊണ്ട് പടിക്കകത്ത് മുറ്റത്തു ചെന്നു. ഉടനെ മാധവന്‍പിള്ള ചന്ദ്രശേഖരനു പഴക്കുല, പായസം, നാളികേരം, കരിമ്പ് മുതലായവയും രാമശ്ശാര്‍ക്ക് യഥായോഗ്യം ഭക്ഷണവും മുണ്ടും നേര്യതും കൊടുക്കുകയും മുഹമ്മദീയസ്ത്രീക്ക് കൊടുക്കുന്നതിനു പത്തു പണം രാമശ്ശാരെ തന്നെ ഏല്പിക്കുകയും ചെയ്തു സന്തോഷിപ്പിച്ചു പറഞ്ഞയച്ചു.
രാമശ്ശാര്‍ ചന്ദ്രശേഖരനെ തീറ്റിക്കു മിക്ക ദിവസവും കാട്ടിലേക്ക് പറഞ്ഞയക്കുകയും അവന്‍ പോയി തിന്നു വയര്‍നിറച്ചു നേരം വൈകുമ്പോള്‍ മടങ്ങി രാമശ്ശാരുടെ വീട്ടിലെത്തി അവന്റെ സ്ഥാനത്തു ചെന്നു കിടക്കുകയും പതിവായിരുന്നു. ആ പതിവിന്‍പ്രകാരം ഒരു ദിവസം കാട്ടിലേക്ക് പറഞ്ഞയച്ച ചന്ദ്രശേഖരന്‍അന്ന് രാത്രിയായിട്ടും തിരിച്ചു വരായ്കയാല്‍ അയാള്‍ ഏറ്റവും വിഷണ്ണനായിത്തിര്‍ന്നു. വിഷാദം കൊണ്ട് അയാള്‍ അന്ന് അത്താഴമുണ്ടില്ലെന്നല്ല, രാത്രിയില്‍ കിടന്നിട്ട് ഉറക്കവും വന്നില്ല. പിറ്റേ ദിവസം അതിരാവിലെ രാമശ്ശാര്‍ കാട്ടില്‍ചെന്നു ചന്ദ്രശേഖരന്‍ സഞ്ചരിക്കാറുള്ള സ്ഥലങ്ങളിലെല്ലാം നോക്കി. എങ്ങും ചന്ദ്രശേഖരനെ കണ്ടില്ല. അപ്പോള്‍ രാമശ്ശാര്‍ വിഷാദവിഹ്വലന്‍ മാത്രമല്ല, ഭയപരവശനുമായിത്തീര്‍ന്നു. രാമശ്ശാര്‍ ചന്ദ്രശേഖരനെ സ്വന്തമെന്നപോലെയാണ് രക്ഷിച്ചു നടന്നിരുന്നതെങ്കിലും ആ ആന സര്‍ക്കാര്‍വകയായിരുന്നല്ലോ. ആ ആനയെ കാണ്മാനില്ലെന്നറിഞ്ഞാല്‍ ഗവണ്മെന്റ് വെറുതെ വിടുമോ? ആകപ്പാടെ രാമശ്ശാര്‍ വലിയ പരുങ്ങലിലായിത്തീര്‍ന്നു. അയാള്‍ ഊണും ഉറക്കവും ഇല്ലാതെ പല സ്ഥലങ്ങളില്‍ അന്വേഷിച്ചു നടന്നു. ഒരു ഫലവുമുണ്ടായില്ല, അങ്ങനെ പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ചന്ദ്രശേഖരനെ കാണാനില്ലെന്നുള്ള വിവരം ഗവണ്മെന്റിന് അറിവു കിട്ടി. ഉടനെ രാമശ്ശാരെ പിടിച്ചു ചോദ്യം ചെയ്യുന്നതിന് ഉത്തരവ് വരികയാല്‍ സര്‍ക്കാരാളുകള്‍ രാമശ്ശാരെ അന്വേഷിച്ചു തുടങ്ങി. ആ വിവരമറിഞ്ഞു രാമശ്ശാര്‍ എവിടെയോ പോയി ഒളിച്ചു. സര്‍ക്കാരാളുകള്‍ പല വിധത്തില്‍ അന്വേഷണം നടത്തിയിട്ടും ചന്ദ്രശേഖരനെയും രാമശ്ശാരെയും കണ്ടു കിട്ടിയില്ല. ചന്ദ്രശേഖരനും രാമശ്ശാരും നാടുവിട്ടുപോയതാണെന്നു ഒടുക്കം എല്ലാവരും തീര്‍ച്ചപ്പെടുത്തി. സര്‍ക്കാരിന്റെ അന്വേഷണവും ഒരുവിധം ശമിച്ചു. അങ്ങിനെ രണ്ട് മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ചന്ദ്രശേഖരന്‍ ഒരു വലിയ പിടിയാനയോടുകൂടി കൊട്ടാരക്കര വന്നു ചേര്‍ന്നു. ആ പിടിയാന ഒരു കാട്ടാനയായിരുന്നു. മനുഷ്യരെക്കണ്ടപ്പോള്‍ അത് വിരണ്ട് ഓടാന്‍ ഭാവിച്ചു. എങ്കിലും ചന്ദ്രശേഖരന്‍ അതിനെ വിട്ടയച്ചില്ല. ചന്ദ്രശേഖരന്‍ ഒരു കാട്ടാനയെ പിടിച്ചുകൊണ്ടു വന്നിരിക്കുന്നു എന്നു കേട്ടുകേട്ട് അസംഖ്യമാളുകള്‍ അവിടെക്കൂടി. ആ കൂട്ടത്തില്‍ രാമശ്ശാരും അവിടെ വന്നുചേര്‍ന്നു. ചന്ദ്രശേഖരന്റെ സഹായത്തോടുകൂടി രാമശ്ശാര്‍ പത്തുപതിനഞ്ചു ദിവസംകൊണ്ട് ആ പിടിയാനയെപ്പഴക്കി സ്വാധീനപ്പെടുത്തി. കൊച്ചുകുഞ്ഞു മരിച്ചതിന്റെശേഷം അയാള്‍ക്കു പകരം രാമശ്ശാരുടെ സഹായത്തിനായി കേശവന്‍ എന്ന ഒരാളെയാണ് നിയമിച്ചിരുന്നത്. ഈ പിടിയാനയെ പഴക്കി സ്വാധീനിച്ചതിന്റെ ശേഷം രാമശ്ശാരുടെ ശുപാര്‍ശപ്രകാരം ആ പിടിയാനയുടെ ആനക്കാരനായി കേശവനെ നിയമിച്ചു. ആ പിടിയാനയ്ക്കു കല്പനപ്രകാരം "ഭവാനി" എന്നു പേരിട്ടു. ചന്ദ്രശേഖരനും ഭവാനിയും കാലക്രമേണ പരസ്പരം വലിയ സ്നേഹമായിത്തീര്‍ന്നു. ഭവാനിയെക്കാണാതെ ചന്ദ്രശേഖരനും ചന്ദ്രശേഖരനെക്കാണാതെ ഭവാനിയും മാത്രനേരം പോലും നില്‍ക്കാതെയായി. രണ്ടാനകളും നില്‍പും കിടപ്പും തീറ്റയും കുളിയുമെല്ലാം ഒരുമിച്ചുതന്നെ. എഴുന്നള്ളിപ്പിനും മറ്റും ആ രണ്ടാനകളെയും ഒരുമിച്ചല്ലാതെ എങ്ങും കൊണ്ടുപോയിരുന്നില്ല. കൊണ്ടുപോവാന്‍ സാധിക്കുകയുമില്ലായിരുന്നു. ആ ആനകള്‍ ഭാര്യഭര്‍ത്താക്കന്മാരുടെ നിലയിലാണ് വര്‍ത്തിച്ചിരുന്നത്.
ഇങ്ങിനെയിരുന്ന കാലത്തു ഒരാണ്ടില്‍ അരിപ്പാട്ടുത്സവത്തില്‍ എഴുന്നള്ളിപ്പിനു ചന്ദ്രശേഖരനേയും ഭവാനിയേയും കൊണ്ടുപോയിരുന്നു. ഈ ആനകളെ ഏഴാമുത്സവദിവസം കാലത്തെ കൊണ്ടുചെല്ലണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എങ്കിലും ചില അസകൗര്യങ്ങള്‍ നിമിത്തം ഒമ്പതാമുത്സവദിവസം രാത്രി ഏകദേശം പത്തുമണിയായപ്പോഴാണ് ആനകളെയും കൊണ്ട് രാമശ്ശാരും കേശവനും അവിടെ എത്തിയത്. അപ്പോഴേക്കും അവിടെ എഴുന്നള്ളത്ത് ആരംഭിച്ചിരുന്നു. അക്കാലത്ത് അരിപ്പാട്ടു ദേവസ്വത്തില്‍ത്തന്നെ വലിയ വേലായുധന്‍ എന്നു പേരായിട്ടു ഒരു നല്ല കൊമ്പനാനയുണ്ടായിരുന്നു. അതിനാല്‍ ആ ആനയുടെ പുറത്തായിരുന്നു അരിപ്പാട്ടു ദേവനെ എഴുന്നള്ളിച്ചിരുന്നത്. ഉപദേവന്മാരെയൊക്കെ മറ്റാനകളുടെ പുറത്തും എഴുന്നള്ളിച്ചിരുന്നു. അരിപ്പാട്ടു ദേവനെ എഴുന്നള്ളിച്ചു കിഴക്കെ ആനക്കൊട്ടിലില്‍ നിറുത്തി കഴിയുമ്പോള്‍ കിഴക്കുനിന്നു ഒരു ഭഗവതിയെ എഴുന്നള്ളിച്ചു കൊണ്ട് ഒരു പുറപ്പാടു പതിവുണ്ട്. ആ പുറപ്പാടും വളരെ കേമവും പ്രധാനവുമായിട്ടുള്ളതുമാണ്. ആ എഴുന്നള്ളത്ത് ആരംഭിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോളാണ് ചന്ദ്രശേഖരനും ഭവാനിയും അവിടെ എത്തിയത്. ഉടനെ കാര്യക്കാര്‍ (അക്കാലത്ത് തഹശീല്‍ദാരെ കാര്യക്കാര്‍ എന്നാണു പറഞ്ഞിരുന്നത്) ഈ ആനകള്‍ ചെന്നിരിക്കുന്ന വിവരം അറിഞ്ഞു അവിടെ ചെന്നു ആ ആനകള്‍ക്കും തലയില്‍ക്കെട്ടു കെട്ടിക്കുകയും ഭഗവതിയുടെ എഴുന്നള്ളത്തു ചന്ദ്രശേഖരന്റെ പുറത്തേക്ക് മാറ്റിക്കുകയും ഭവാനിയെ അകമ്പടിയാക്കുകയും ചെയ്തു. അങ്ങിനെ ഭഗവതിയുടെ എഴുന്നള്ളത്തു കുറച്ചുകൂടി പടിഞ്ഞാട്ടു ചെന്നപ്പോള്‍ ചന്ദ്രശേഖരനും വലിയ വേലായുധനും പരസ്പരം കാണാറായി. ഉടനെ ചന്ദ്രശേഖരന്‍ ഒരു വലിയ ശബ്ദം പുറപ്പെടുവിച്ചു. അതുകേട്ടു വലിയ വേലായുധനും അതുപോലെ തന്നെ ഒരു ശബ്ദം പുറപ്പെടുവിച്ചു. പിന്നെ വലിയ വേലായുധന്‍ കിഴക്കോട്ടും ചന്ദ്രശേഖരന്‍ പടിഞ്ഞാട്ടും അതിവേഗത്തില്‍ നടന്നു തുടങ്ങി. അപ്പോള്‍ ആനകള്‍ രണ്ടും പിണങ്ങിയെന്നും ഇവര്‍ തമ്മില്‍ വലിയ യുദ്ധമുണ്ടാകുമെന്നും അഥവാ ആനകള്‍ രണ്ടും ഓടിത്തുടങ്ങിയേക്കുമെന്നും മറ്റും വിചാരിച്ചു മരണഭയത്തോടുകുടി വാദ്യക്കാരും തീവെട്ടിക്കാരും കാഴ്ചക്കാരുമെല്ലാം നാലുപുറത്തേക്കും ഓടി. ആ സമയം അവിടെയുണ്ടായ ലഹളയും ബഹളവും ഒട്ടും ചില്ലറയല്ലായിരുന്നു. ആ വലിയ ആനകള്‍ രണ്ടും പിണങ്ങി ആള്‍ക്കൂട്ടത്തില്‍ ഓട്ടം തുടങ്ങിയാല്‍ എന്തെല്ലാം അനര്‍ഥങ്ങളാണ് വന്നുകൂടിയേക്കവുന്നതു? പലര്‍ക്കും അംഗഭംഗങ്ങളും ചിലര്‍ക്ക് മരണം തന്നെയും വന്നേക്കാമല്ലോ. അതിനാല്‍ ജനങ്ങള്‍ ഭയപ്പെട്ടോടിയതും ബഹളമുണ്ടാക്കിയതും ഒട്ടും അത്ഭുതമല്ല. പക്ഷേ ഇവിടെ ആനകള്‍ പിണങ്ങുകയും ഓടുകയും യുദ്ധം ചെയ്യുകയുമൊന്നും ഉണ്ടായില്ല. ആ ആനകള്‍ രണ്ടും അടുത്ത് കൂടിയപ്പോള്‍ വലിയ സ്നേഹത്തോടുകൂടി തുമ്പിക്കൈകള്‍നീട്ടി പരസ്പരം പിടിച്ചു സന്തോഷസൂചകമായി ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചതിന്റെ ശേഷം തിരിച്ചുപോയി. പൂര്‍വ്വസ്ഥിതിയില്‍ അവരവരുടെ സ്ഥാനത്ത് ചെന്നു നില്‍ക്കുക മാത്രമേ ഉണ്ടായുള്ളൂ. ആനകള്‍ പിണങ്ങുകയല്ലെന്നറിഞ്ഞപ്പോള്‍ വാദ്യക്കാരും തീവെട്ടിക്കാരും മറ്റും തിരിച്ചുവരികയും എഴുന്നള്ളിപ്പ് ഭംഗിയായി കഴിഞ്ഞുകൂടുകയും ചെയ്തു.
എഴുന്നള്ളിപ്പ് കഴിഞ്ഞു ചന്ദ്രശേഖരനേയും ഭവാനിയേയും വലിയ വേലായുധനേയും കൊണ്ടുപോയി തളച്ചു തീറ്റ കൊടുത്തത് ഒരുസ്ഥലത്ത് തന്നെയായിരുന്നു. എങ്കിലും ചന്ദ്രശേഖരനേയും ഭവാനിയേയും ഒരു മരത്തിന്മേലും വലിയ വേലായുധനെ മറ്റൊരു മരത്തിന്മേലും ആണ് തളച്ചത്. പിറ്റേ ദിവസം കാലത്ത് ആ മൂന്നു ആനകളെയും ഒരുമിച്ചു കുളിപ്പിച്ചു കിഴക്കേ നടയില്‍കൊണ്ടുവന്നു. ഉടനെ ചന്ദ്രശേഖരന്‍ കിഴക്കോട്ടു നടന്നു തുടങ്ങി. ചന്ദ്രശേഖരന്റെ പിന്നാലെ ഭവാനിയും അവളുടെ പിന്നാലെ വലിയ വേലായുധാനും നടന്നു. ചന്ദ്രശേഖരന്റെ പുറത്ത് രാമശ്ശാരും ഭവാനിയുടെ പുറത്ത് കേശവനും വലിയ വേലായുധന്റെ പുറത്ത് ആ ആനയുടെ ആനക്കാരനുമുണ്ടായിരുന്നു. അരിപ്പാട്ട് 'ആനപ്പേരി' വീട്ടുകാര്‍ ആനപ്പാവില്‍ പ്രസിദ്ധരും വിദഗ്ദ്ധന്മാരും പാരമ്പര്യക്കരുമായിരുന്നു. ആ വീട്ടിലെ ഒരാള്‍തന്നെയായിരുന്നു വലിയ വേലായുധന്റെ പുറത്തിരുന്നിരുന്നത്. ചന്ദ്രശേഖരന്‍ എന്തെങ്കിലും ഉദ്ദേശത്തോടുകൂടിയല്ലതെ ഇങ്ങിനെ പോവുകയില്ലെന്നും അവന്‍ ഒരു സ്ഥലത്തേക്ക് പോകാനായി നിശ്ചയിചു പുറപ്പെട്ടാല്‍ പിന്നെ തടുത്താല്‍ നില്‍ക്കുകയില്ലെന്നും കാരണം കൂടാതെ ആരെയും ഉപദ്രവിക്കുകയില്ലെന്നും നല്ല നിശ്ചയമുണ്ടായിരുന്നതിനാല്‍ രാമശ്ശാര്‍ചന്ദ്രശേഖരനെ നിരോധിച്ചില്ല. ചന്ദ്രശേഖരന്‍ പോയാല്‍ പിന്നെ ഭവാനി നില്‍ക്കുകയില്ലെന്നുള്ള കാര്യം തീര്‍ച്ചയാണല്ലോ. വലിയ വേലായുധന്റെ സ്വഭാവവും ഏകദേശം ചന്ദ്രശേഖരന്റെ സ്വഭാവം പോലെ തന്നെയായിരുന്നതിനാല്‍ അവന്റെ നിയന്താവ് അവനെയും തടുത്തില്ല. അതിനാല്‍ ചന്ദ്രശേഖരന്‍ മുമ്പിലും ഭവാനിയും വലിയ വേലായുധനും പിന്നാലെയുമായി നടന്നു രണ്ടുരണ്ടര നാഴിക കിഴക്കു തെക്കു പള്ളിപ്പാട് എന്ന ദേശത്തുള്ള 'നാടാലയ്ക്കല്‍' (നാടകശാലയ്ക്കല്‍) എന്ന വീട്ടില്‍ എത്തി. അത് കുഞ്ചുകുട്ടിപിള്ള സര്‍വാധികാര്യക്കാരുടെ ഭാര്യാഗ്രഹമായിരുന്നു. സര്‍വാധികാര്യക്കാരദ്ദേഹം വളരെ മുമ്പേ മരിച്ചുപോയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും മുന്നു പുത്രന്മാരും അപ്പോഴും ആ ഗൃഹത്തിലുണ്ടായിരുന്നു. പുത്രന്മാരില്‍ മൂത്തയാളുടെ പേര്‍ രാമന്‍ എന്നായിരുന്നു. ആ മനുഷ്യനു വൈദ്യവിഷയത്തില്‍ നല്ലപോലെ നൈപുണ്യവും കൈപ്പുണ്യവുമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തെ എലാവരും 'കൊചുരാമന്‍വൈദ്യന്‍' എന്നാണ് പറഞ്ഞിരുന്നത്. ആ ഗൃഹത്തിന്റെ സമീപത്തുതന്നെ സര്‍വാധികാര്യക്കാരദ്ദേഹത്തിന്റെ ഒരു പ്രതിമ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നു. ആനകള്‍ അവിടെ ചെന്നയുടനെ ചന്ദ്രശേഖരന്‍ ആ പ്രതിമയുടെ മുമ്പില്‍ ചെന്നു മുട്ടുകുത്തി നമസ്കരിച്ചു. അതുകണ്ട് ഭവാനിയും വലിയ വേലായുധനും അപ്രകാരം ചെയ്തു. അതുകഴിഞ്ഞിട്ട് മുന്നാനകളും ഗൃഹത്തിന്റെ കിഴക്കുവശത്തു മുറ്റത്തു നിരന്നു നിന്നു.
തലേ ദിവസം രാത്രിയില്‍ ആ ഗൃഹത്തില്‍ സ്വല്പമൊരു വിശേഷമുണ്ടായി. അതുകൂടി ഇവിടെ വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതെന്തെന്നാല്‍ സര്‍വാധികാര്യക്കാരുടെ ഭാര്യ ഒരു സ്വപ്നം കണ്ടു എന്നുള്ളതാണ്. സര്‍വാധികാര്യക്കാരദ്ദേഹം ആ സ്ത്രീയുടെ അടുക്കല്‍ച്ചെന്ന് "എന്നെ വന്ദിക്കുന്നതിന്നായി നാളെ കാലത്തു മുന്നാനകള്‍ ഇവിടെ വരും. ഒന്ന് നമ്മുടെ ചന്ദ്രശേഖരന്‍ തന്നെ. പിന്നെ ഒന്ന് പിടിയും. മറ്റൊന്ന് അരിപ്പാട്ടുപതിവായിട്ടുള്ള എഴുന്നള്ളത്തിന്നു നിര്‍ത്തിയിരിക്കുന്ന വലിയ വേലായുധനുമായിരിക്കും. ഒരു പാത്രത്തില്‍ മുപ്പത്താറേകാലിടങ്ങഴിയും വേറെ രണ്ടുപാത്രങ്ങളില്‍ ഇരുപത്തിനാലേകാലിടങ്ങഴി വീതവും അരിയിട്ട് അതിനുവേണ്ടുന്ന ശര്‍ക്കരയും നാളികേരവും നെയ്യും ചേര്‍ത്ത് പായസം വച്ച് അതും മൂന്നു പാത്രങ്ങളില്‍ പ്രത്യേകം പ്രത്യേകം പാനകം (ശര്‍ക്കര)കലക്കി അതും ആനകള്‍ക്കു കൊടുക്കണം. മുപ്പത്താറേകാലിടങ്ങഴി അരികൊണ്ടുള്ള പായസം ചന്ദ്രശേഖരനുള്ളതാണെനെന്നറിയാമല്ലോ. ഈ ആനകളെ കാണാനും മറ്റുമായി വിശേഷാല്‍ വന്നുകൂടുന്നവര്‍ക്ക് ചതുര്‍വിഭവങ്ങളോടുകൂടി ഭക്ഷണം കൊടുക്കുകയും വേണം" എന്നു പറഞ്ഞു എന്നായിരുന്നു സ്വപ്നം. വെറുതെ ഇങ്ങിനെ ഒരു സ്വപ്നം കാണുകയില്ലെന്നും ഇതു സര്‍വാധികാര്യക്കാരദ്ദേഹം പറഞ്ഞത് തന്നെയാണെന്നും വിശ്വസിച്ച് ആ വീട്ടുകാര്‍ ഇപ്രകാരം എല്ലാം തയ്യാറാക്കി വച്ചു.
സര്‍വാധികാര്യക്കാരദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രന്‍ ചിലപ്പോള്‍ അച്ഛന്റെ അധിവാസമുണ്ടായി തുള്ളുകയും ആവശ്യമുള്ള കാര്യങ്ങള്‍ പറയുകയും ചെയ്യാറുണ്ടായിരുന്നു. അന്ന് അവിടെ ആനകള്‍ക്കുള്ള പായസവും വിശേഷാല്‍ വരുന്നവര്‍ക്കുള്ള സദ്യയുടെ വിഭവങ്ങളുമെല്ലാം കാലമായിക്കഴിഞ്ഞപ്പോള്‍ ആ മനുഷ്യനു കലികൊണ്ടുപോയി കുളിച്ചു വന്നു. അപ്പോഴേക്കും അവിടെ പതിവുപോലെ ഭസ്മം, ചന്ദനം, കട്ടിമുണ്ട്, കവണിമുണ്ട് മുതലായവയെല്ലാം തയ്യാറാക്കിവെച്ചിരുന്നു. കുളിച്ചു തുള്ളിക്കൊണ്ടു വന്ന മനുഷ്യന്‍ ഭസ്മവും ചന്ദനവും ധരിച്ചു കട്ടിയും കവണിയുമുടുത്ത് ഒരു കസേരയില്‍ കാലിന്മേല്‍ക്കാല്‍ കയറ്റി മുറയ്ക്കിരുന്നു. അപ്പോള്‍ ഒരാള്‍ വിശറിയെടുത്ത് പുറകില്‍നിന്നു വീശിത്തുടങ്ങി. ഉടനെ ഒരാള്‍ വെറ്റില നൂറുതേച്ചു കൊടുത്തുതുടങ്ങി. മറ്റൊരാള്‍ അടയ്ക്ക നുറുക്കി കൊടുത്തുതുടങ്ങി. വേറെ ഒരാള്‍ പുകയില മുറിച്ചു കൊടുത്തു. തുള്ളിക്കൊണ്ടിരുന്ന മനുഷ്യന്‍ അതൊക്കെ വാങ്ങി മുറയ്ക്ക് മുറുക്കുതുടങ്ങി. അപ്പോഴേക്കും അവിടെ ഒരു വലിയ കോളാമ്പി ഒരാള്‍ കൊണ്ടുചെന്നു വച്ചു. അധിവാസം കൊണ്ടിരുന്നയാള്‍ കൂടെക്കൂടെ തുപ്പുകയും പിന്നെയും മുറുക്കുകയും മുറയ്ക്ക് ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ ആ മനുഷ്യനെ കണ്ടാല്‍ സാക്ഷാല്‍ കുഞ്ചിക്കുട്ടിപ്പിള്ള സര്‍വാധികാര്യക്കാര്‍ തന്നെയാണെന്നു തോന്നുമായിരുന്നു. അപ്പോഴേക്കും സ്ഥലം കാര്യക്കാര്‍ (കാര്‍ത്തികപ്പള്ളി തഹസീദാര്‍) മുതലായി അനേകമാളുകള്‍ അവിടെ ചെന്നുകൂടി. ആകപ്പാടെ ഇതെലാം കണ്ടു ചന്ദ്രശേഖരന്‍ കണ്ണീരൊലിപ്പിചു കൊണ്ട് ഉറക്കെക്കരഞ്ഞു തുടങ്ങി. അതു കണ്ടു ഭവാനിയും വലിയ വേലായുധനും കരഞ്ഞു തുടങ്ങി. അപ്പോള്‍ ആ തുള്ളിക്കൊണ്ടിരുന്ന മനുഷ്യന്‍ "എന്റെ കുട്ടികള്‍ ഒട്ടും വ്യസനിക്കേണ്ടാ, നിങ്ങളെ കാണാനാണലോ ഞാന്‍വന്നിരിക്കുന്നത് എന്റെ കുട്ടികള്‍ അടുത്ത് വരുവിന്‍" എന്ന് പറഞ്ഞു. ഉടനെ ചന്ദ്രശേഖരന്‍ വിനയത്തോടുകൂടി അടുത്തുചെന്ന് ആ മനുഷ്യന്റെ മുമ്പില്‍ മുട്ടുകുത്തി നമസ്കരിച്ചു. പിന്നാലെ ഭവാനിയും വലിയ വേലായുധനും ചെന്നു അപ്രകാരം ചെയ്തു. ആ മനുഷ്യന്‍ വാത്സല്യപൂര്‍വ്വം മുന്നാനകളുടെയും തുമ്പിക്കൈയില്‍തൊട്ടു തലോടീട്ടു ചന്ദ്രശേഖരനോട്, "ചന്ദ്രശേഖരാ! നീയിവിടെ വന്നസ്ഥിതിക്ക് എന്തെങ്കിലും ഇവിടെ കൊടുക്കാതെ പോകുന്നത് ശരിയല്ല. അതിനാല്‍ "ഇതാ ഇവിടെ" എന്നു പറഞ്ഞു ഒരു സ്ഥലം ചുണ്ടിക്കാണിച്ചു കൊടുത്തു. ചന്ദ്രശേഖരന്‍ ആ സ്ഥലത്തു ചെന്നു കുനിഞ്ഞു കൊമ്പുകൊണ്ട് കുത്തി മണ്ണിളക്കി മറിച്ചു. അപ്പോള്‍ മണ്ണോടുകൂടി ഒരു പിച്ചളചെല്ലം ഇളകിവന്നു. ചന്ദ്രശേഖരന്‍ ആ ചെല്ലമെടുത്ത് തുള്ളിക്കൊണ്ടിരുന്ന മനുഷ്യന്റെ കൈയ്യില്‍ കൊടുത്തു. ആ മനുഷ്യന്‍ ആ ചെല്ലം തുറന്നു അതിലുണ്ടായിരുന്ന ചെറിയ താളിയോലഗ്രന്ഥമെടുത്തു കൊച്ചുരാമന്‍വൈദ്യന്റെ കൈയ്യില്‍ കൊടുത്തിട്ട്, "നിനക്കു പുരുഷപ്രായമാകുന്നതിനു മുമ്പ് ഞാന്‍ ഭൂലോകവാസം വെടിഞ്ഞു പോയതിനാല്‍ ഇതു നിന്റെ കൈയ്യില്‍ തരുന്നതിനു എനിക്കു തരമായില്ല. ഞാന്‍ നിന്റെ അമ്മയുടെ കൈയ്യില്‍ നിനക്കു തരാനായി ഏല്‍പ്പിച്ചിരുന്ന ഗ്രന്ഥങ്ങളെല്ലാം നിനക്കു കിട്ടീട്ടുണ്ടല്ലോ. അവ നിമിത്തമാണല്ലോ നീയീ സ്ഥിതിയിലായതും കാലക്ഷേപം ചെയ്തു പോരുന്നതും. അവകൊണ്ട് പോരാത്തതെല്ലാം ഇതിലുണ്ട്. ഇതില്‍ പറയപ്പെട്ടിരിക്കുന്നതെല്ലാം കഠിനക്രിയകളാണ്. അവയിലൊന്നും സാധാരണയായി ചെയ്തുപോകരുത്. വേറെ നിവൃത്തിയില്ലാതെയും അത്യാവശ്യമായും വന്നാല്‍ നല്ലപോലെ ആലോചിച്ചു മാത്രമേ ഇതിലുള്ളതോരോന്നും ചെയ്യാവൂ. ഈ ഗ്രന്ഥം എനിക്ക് എന്റെ ഗുരുനാഥനായ തേവലശ്ശേരി നമ്പിയദ്ദേഹം തന്നതാണ്. ഇത് കൈമോശം വരാതെ നല്ലപോലെ സുക്ഷിചു കൊള്ളണം" എന്നു പറഞ്ഞിട്ട് ആനകളെ മുറയ്ക്ക് നിറുത്തുവാന്‍ ആജ്ഞാപിച്ചു. ചന്ദ്രശേഖരനെ നടുക്കും ഭവാനിയെ അവന്റെ ഇടത്തുവശത്തും വലിയവേലായുധനെ വലത്തുവശത്തും നിര്‍ത്തി യഥാക്രമം അവയ്ക്കുള്ള പായസവും ധാരാളമായി പാനകവും കൊടുപ്പിക്കുകയും വന്നിരിക്കുന്നവര്‍ക്കൊക്കെ യഥായോഗ്യം ഭംഗിയായി ഭക്ഷണം കൊടുക്കുന്നതിനുചട്ടം കെട്ടുകയും ചെയ്തതിന്റെ ശേഷം ആ മനുഷ്യന്‍ കൊച്ചുരാമന്‍വൈദ്യനോടു വീണ്ടും "ഈ ചന്ദ്രശേഖരനും വലിയവേലായുധാനും ഒരു മലയില്‍ത്തന്നെ ജനിച്ചു ഒരുമിച്ചു കളിച്ചു നടന്നു വളര്‍ന്നവരാണ്. വലിയ വേലായുധന്‍ കുഴിയില്‍ വീണു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോളാണ് ചന്ദ്രശേഖരന്‍ കുഴിയില്‍വീണത്. വലിയ വേലായുധന്‍ വീണ കുഴി തിരുവിതാംകുറില്‍ തന്നെയായിരുന്നു. ചന്ദ്രശേഖരന്‍ വീണ കുഴി മുക്കാല്‍ഭാഗം തിരുവിതാംകൂറിലും കാല്‍ഭാഗം കൊച്ചിരാജ്യത്തുമായിരുന്നു. അതിനാല്‍ ഇവനെ കൊച്ചീ സര്‍ക്കാര്‍ ആളുകള്‍ കുഴിയില്‍നിന്നും കയറ്റിക്കൊണ്ടുപോയി കൈവശപ്പെടുത്തി. പിന്നെ മഹാരാജാവുതിരുമാനസ്സിലെ കല്പനപ്രകാരം ഇവനെ അവിടെ നിന്നു ഉപായത്തില്‍കൊണ്ടു പോന്നതു ഞാനാണ്. ഇവരുടെ ബാല്യകഥകള്‍ ഒന്നും ഇപ്പോഴും ഇവന്‍ മറന്നിട്ടില്ല. അതിനാലാണ് അവര്‍ കണ്ടപ്പോള്‍ പരസ്പരം അറിഞ്ഞതും ഇപ്പോഴും സ്നേഹിതരായി വര്‍ത്തിക്കുന്നതും. എനിക്കും ചന്ദ്രശേഖരനും തമ്മിലുള്ള ബന്ധം നീയും അറിഞ്ഞിരിക്കെണ്ടാതാകയാല്‍ ഞാനിത്രയും പറഞ്ഞതാണ്. ഇനി ഞാന്‍ പോകട്ടെ" എന്നു പറഞ്ഞിട്ട് പൂമുഖത്തു പോയിക്കിടന്നു. ആ മനുഷ്യനു ബോധം വീണത് പിന്നെ മൂന്നേമുക്കാല്‍നാഴിക കഴിഞ്ഞിട്ടാണ്. അപ്പോഴേക്കും അവിടെ കൂടിയിരുന്നവരെല്ലാം പിരിയുകയും ആനക്കാര്‍ ആനകളെയും കൊണ്ട് പോവുകയും ചെയ്തിരുന്നു.
അന്ന് അരിപ്പാട്ടു ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ആറാട്ടയിരുന്നല്ലോ. അന്നത്തെ എഴുന്നള്ളിപ്പു തലേ ദിവസത്തേക്കാള്‍ ഭംഗിയായിരുന്നു. ചന്ദ്രശേഖരന്റെ പുറത്ത് അരിപ്പാട്ടു ദേവനെ എഴുന്നള്ളിച്ചു നടുവിലും ഭവാനിയുടെ പുറത്ത് ഭഗവതിയെ എഴുന്നള്ളിച്ചു ഇടതുവശത്തും വലിയവേലായുധന്റെ പുറത്ത് ഒരുപദേവനെ എഴുന്നള്ളിച്ചു വലതുവശത്തും നിര്‍ത്തിയായിരുന്നു അന്നത്തെ എഴുന്നള്ളിപ്പ്. ഭവാനിക്കും വലിയവേലായുധനും പൊക്കം ഒരേ പോലെയായിരുന്നു ചന്ദ്രശേഖരനു ഈ രണ്ടാനകളേക്കാള്‍ ഒരു മുഴം പൊക്കം അധികവുമായിരുന്നു. അങ്ങിനെയായാലാണല്ലോ എഴുന്നള്ളിപ്പിന്റെ ഭംഗിക്കു തികച്ചില്‍വരുന്നത്.എന്നാല്‍ അന്നും ഒരു ന്യൂനതയുണ്ടായിരുന്നു. അത് ചന്ദ്രശേഖരനെ കെട്ടിച്ച തലയില്‍ക്കെട്ടിനു വലിപ്പം പോരായിരുന്നു എന്നുള്ളതാണ്. വലിയവേലായുധന്‍ അക്കാലത്തുണ്ടായിരുന്ന ആനകളെക്കാലെല്ലാം വലുതായിരുന്നു. അങ്ങിനെയിരുന്ന ആ ആനയ്ക്ക് കെട്ടിയാല്‍ കണ്ണുമൂടിപ്പോകുമെന്നുള്ളതിനാല്‍ കെട്ടിയ്ക്കാതെ വെറുതെ വെച്ചിരുന്നതായിരുന്നു അരിപ്പാട്ടെ വലിയ സ്വര്‍ണ്ണതലയില്‍ക്കെട്ട്. ആ തലയില്‍ക്കെട്ടായിരുന്നു ചന്ദ്രശേഖരനെ അണിയിച്ചിരുന്നത്. എന്നിട്ടും ചന്ദ്രശേഖരനു പാകമാകുന്നതിന്നു എട്ടംഗുലം വീതിയും പത്തിനാറംഗുലം നീളവും കൂടി വേണ്ടിയിരുന്നു. എന്നാല്‍ ഈ ന്യൂനത അരിപ്പാട്ടു മാത്രമുണ്ടായി എന്നല്ല; അമ്പലപ്പുഴ, ആറന്മുള, വൈക്കം മുതലായ മഹാക്ഷേത്രങ്ങളിലെ വലിയ തലയില്‍ക്കെട്ടുകളായാലും ചന്ദ്രശേഖരനു കെട്ടിച്ചാല്‍ ഇങ്ങനെതന്നെയാണ് ഇരിക്കാറുള്ളത്.
അരിപ്പാട്ട് ഉത്സവം കഴിഞ്ഞതിന്റെ ശേഷം അരിപ്പാട്ടുനിന്നു രണ്ടുമൂന്നു നാഴിക തെക്കു "മുതുകുളം' എന്ന ദേശത്ത് താമസിച്ചിരുന്ന 'മൂലയ്ക്കല്‍പിള്ള' എന്നൊരാള്‍ ചെന്നു ചന്ദ്രശേഖരനെ ഒന്ന് സല്‍ക്കരിക്കുന്നതിനായി അയാളുടെ വീട്ടില്‍ കൊണ്ടുചെന്നാല്‍ക്കൊള്ളാമെന്നു രാമശ്ശാരോടു പറഞ്ഞു. അതനുസരിച്ച് രാമശ്ശാരും കേശവനും ചന്ദ്രശേഖരനേയും ഭവാനിയേയും കൊണ്ട് അവിടെപ്പോയിരുന്നു. വിരുന്നുസല്‍ക്കാരം ബഹുകേമമായിരുന്നു. ചന്ദ്രശേഖരനും ഭവാനിക്കും തീറ്റക്ക് തെങ്ങിന്‍പട്ടകൂടാതെ പഴക്കുല, നാളികേരം, പായസം മുതലായവയും ധാരാളമായി കൊടുത്തു. രാമശ്ശാരുടെയും കേശവന്റെയും ഊണിന്റെ വട്ടവും കേമമായിരുന്നു. മൂലയ്ക്കല്‍ പിള്ള ചന്ദ്രശേഖരനെ ക്ഷണിച്ചു ഇപ്രകാരം സല്ക്കരിച്ചതിനു കാരണമുണ്ടായിരുന്നു. മൂലയ്ക്കല്‍ പിള്ള കുഞ്ചിക്കുട്ടിപ്പിള്ള സര്‍വാധികാര്യക്കാരദ്ദേഹത്തിന്റെ ഒരാപ്തമിത്രമായിരുന്നു. ചന്ദ്രശേഖരന്‍ സര്‍വാധികാര്യക്കാരദ്ദേഹത്തിന്റെ വാത്സല്യഭാജനവുമായിരുന്നല്ലോ. എന്നു മാത്രമല്ല, സര്‍വാധികാര്യക്കാരദ്ദേഹം ഒടുക്കം ദിക്കുവിട്ടുപോയപ്പോള്‍ മൂലയ്ക്കല്‍പിള്ളയുടെ വീട്ടില്‍കയറി അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണപ്പിടിവാളും മറ്റും പിള്ളയെ ഏല്പിച്ചു കൊടുക്കുകയും "ഞാന്‍തിരിച്ചു വന്നുവെങ്കില്‍ ഇവയെല്ലാം തിരിയെത്തരണം വന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എടുക്കാം." എന്നു പറയുകയും ചെയ്തിട്ടാണ് പോയത്. സര്‍വാധികാര്യക്കാരദ്ദേഹം തിരിച്ചുവരായ്ക കൊണ്ട് ആ സാധനങ്ങളെല്ലാം ആ പിള്ളയ്ക്കു കിട്ടി. ആ സ്വര്‍ണ്ണപ്പിടിവാള്‍ മൂലയ്ക്കല്‍ പിള്ളയുടെ വീട്ടില്‍ ഇപ്പോഴും ഇരിക്കുന്നുണ്ട്. അന്ന് ആ പിള്ള ആ സ്വര്‍ണ്ണപ്പിടിവാളെടുത്തു ചന്ദ്രശേഖരനെ കാണിക്കുകയും അവന്‍ ഏറ്റവും ദുഖത്തോടുകൂടി മുട്ടുകുത്തി നമസ്കരിക്കുകയും ചെയ്തു. മൂന്നു ദിവസം സുഖമായിട്ടു അവിടെ താമസിച്ചതിന്റെ ശേഷം നാലാം ദിവസം ചന്ദ്രശേഖരന്‍ അവിടെ നിന്നു യാത്രയായി. അപ്പോഴും പിള്ള ചന്ദ്രശേഖരനും ഭവാനിക്കും പഴക്കുല മുതലായവ കൊടുക്കുകയും രാമശ്ശാര്‍ക്കും കേശവനും മുണ്ടും നേര്യതും സമ്മാനിക്കുകയും മുഹമ്മദീയസ്ത്രീക്ക് കൊടുക്കുന്നതിനു മൂന്നര രൂപ രാമശ്ശാരെ ഏല്പിക്കുകയും ചെയ്തു സന്തോഷിപ്പിച്ചയച്ചു.
മൂലക്കല്‍ പിള്ളയുടെ വീട്ടില്‍നിന്നു പോയവഴിക്കു പിന്നെയും ചന്ദ്രശേഖരന്‍ നാടാലയ്ക്കല്‍ കയറി. ഭവാനിയും ആനക്കാരന്മാരും കൂടെ പറയണമെന്നില്ലല്ലോ. കൊച്ചുരാമവൈദ്യര്‍ ഉണ്ടായിരുന്നുവെന്നുള്ളത് അപ്പോഴും ചന്ദ്രശേഖരനും ഭവാനിക്കും പഴക്കുല മുതലായവയും ആനക്കാര്‍ക്ക് ഭക്ഷണവും സമ്മാനങ്ങളും വഴിച്ചെലവിനുവേണ്ട പണവും മുഹമ്മദീയസ്ത്രീയുടെ കാര്യം രാമശ്ശാര്‍ പറഞ്ഞറിയുകയാല്‍ അവള്‍ക്കു കൊടുക്കുന്നതിനു പ്രത്യേകം അഞ്ചു രൂപയും കൊടുത്തു. ചന്ദ്രശേഖരന്‍ അപ്പോഴും സര്‍വാധികാര്യക്കാരദ്ദേഹത്തിന്റെ പ്രതിമയ്ക്ക് മൂന്നു പ്രദിക്ഷണം വചു മുട്ടുകുത്തി നമസ്കരിചിട്ട് അപ്പോള്‍തന്നെ പുറപ്പെടുകയും നാലു ദിവസം കൊണ്ട് ഭവാനി, രാമശ്ശാര്‍, കേശവന്‍ എന്നിവരോടുകൂടി സസുഖം കൊട്ടാരക്കരെ ചെന്നുചേരുകയും ചെയ്തു.
ചന്ദ്രശേഖരന്‍ രണ്ടുമൂന്നു മാസത്തേക്ക് സ്വസ്ഥാനം വിട്ട് എവിടെയോ പോയിരുന്നു എന്നും പിന്നെ ഒരു പിടിയാനയെ (ഭവാനി)യും കൊണ്ട് മടങ്ങി വന്നു എന്നും തിരികെ വന്നു എന്നും മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍ ചന്ദ്രശേഖരന്‍ പോയിരുന്നത് ഈ പിടിയാനയെ കൊണ്ടുവരാനായിട്ടല്ലായിരുന്നു. അവന്‍ പോയതിന്റെ കാരണം വേറെയായിരുന്നു. അതോടുകൂടി ഇതും സാധിച്ചുവെന്നെയുള്ളൂ. ചന്ദ്രശേഖരന്‍ സംസ്ഥാനം വിട്ടുപോയതിന്റെ വാസ്തവകാരണം താഴെ പറഞ്ഞുകൊള്ളുന്നു.
മുന്‍കാലങ്ങളില്‍ കൊട്ടാരക്കാരെ നിന്നും ചെങ്കോട്ടയ്ക്കു പോകുന്നതിനു പത്തനാപുരം, ആര്യങ്കാവ് മുതലായ സ്ഥലങ്ങളില്‍കൂടി ഒരു മൂന്നടിപ്പാത മാത്രമെയുണ്ടായിരുന്നുള്ളു. അതുതന്നെ കാട്ടാന, കടുവാ, കരടി മുതലായ ദുഷ്ടമൃഗങ്ങള്‍ നിറഞ്ഞ വനാന്തരങ്ങളില്‍ കൂടിയായിരുന്നു. പത്തനാപുരത്തുനിന്നു പുറപ്പെട്ടാല്‍ മനുഷ്യര്‍ക്ക് അഭയസ്ഥാനമായിട്ടു പതിനാലു നാഴിക കിഴക്കു 'കഴുതയുരുട്ടി' എന്ന സ്ഥലത്തുള്ള ഒരൂട്ടുപുര മാത്രമേ മുന്‍പുണ്ടായിരുന്നുള്ളൂ. മുന്‍കാലങ്ങളില്‍ ചെങ്കോട്ടയ്ക്കു പോകുന്നവര്‍ പത്തനാപുരത്തുനിന്ന് പുറപ്പെട്ടാല്‍ കഴുതയുരുട്ടിയില്‍ച്ചെന്ന് ഊണു കഴിച്ച് ഉടനെ പുറപ്പെട്ടു വൈകുന്നേരം ആര്യങ്കാവില്‍ എത്തി താമസിക്കുകയും പിറ്റേദിവസം അവിടെനിന്നു പോയി ചെങ്കോട്ടയിലെത്തുകയുമായിരുന്നു പതിവ്. വഴിയുടെ ഭയങ്കരത്വം നിമിത്തം പത്തും പതിനഞ്ചും പേരൊരുമിച്ചലാതെ അക്കാലത്ത് അതിലെ പോകാറില്ല. എന്നാല്‍ത്തന്നെയും പ്രാണഭീതിയോടു കൂടിയാണ് മനുഷ്യര്‍ അതിലെ പോകുന്നത്.
ഒരു കാലത്ത് ആര്യങ്കാവിനും കഴുതയുരുട്ടിക്കും മദ്ധ്യേയുള്ള കൊടുങ്കാട്ടില്‍ കൊലകൊമ്പനും ഒറ്റയാനും (കൂട്ടുവിട്ടു ഒറ്റയ്ക്ക് നടക്കുന്നവനും) ആയ ഒരു വലിയ കാട്ടാന വന്നുചേര്‍ന്നു. ആ ആന അതിലെ പോകുന്ന വഴിപോക്കരെ പലവിധത്തില്‍ ഉപദ്രവിക്കുകയും കുത്തിക്കൊല്ലുകയും ചെയ്തുകൊണ്ടിരുന്നു. ഒരിക്കല്‍ ഏതാനും പരദേശബ്രാഹ്മണര്‍ കൊട്ടാരക്കര വരാനായി ചെങ്കോട്ടയില്‍നിന്നു പുറപ്പെട്ടു. ആര്യങ്കാവ് കഴിഞ്ഞു സ്വല്പം പടിഞ്ഞാറോട്ടു വന്നപ്പോള്‍ മേല്പറഞ്ഞ കൊമ്പന്‍ കാടും പടലുമാകപ്പാടെ തകര്‍ത്തുകൊണ്ടു പാഞ്ഞുവരുന്നതുകണ്ട്, അവര്‍ പ്രാണഭീതിയോടുകൂടി ഓടിത്തുടങ്ങി. അവരുടെ പിന്നാലെ ആനയുമെത്തി. ആയുര്‍ബ്ബലംകൊണ്ടും ഇശ്വരകാരുണ്യത്താലും ആ ബ്രാഹ്മണര്‍ ആ കൊലകൊമ്പന്റെ കൈയില്‍പ്പെടാതെ ഓടിയോടി ഒരുവിധത്തില്‍ കഴുതയുരുട്ടിയിലുള്ള ഊട്ടുപുരയില്‍ ചെന്നെത്തി. അതില്‍പ്പിന്നെയാണ് അവുടെ ശ്വാസം വീണത്. ആ ഊട്ടുപുരയില്‍ കയറിയാല്‍പ്പിന്നെ പേടിക്കാനൊന്നുമില്ല. ദുഷ്ടമൃഗങ്ങളെ ഭയപ്പെട്ടു ഊട്ടുപുരയുടെ ചുറ്റും വലിയ കിടങ്ങും ആ കിടങ്ങിന്റെ അകവശത്ത് തടികള്‍കൊണ്ട് ഏറ്റവും ബലത്തൊടുകൂടിയ അഴിയുമുണ്ടായിരുന്നു. മനുഷ്യര്‍ക്ക് കിടങ്ങുകടന്നു ഊട്ടുപുരയില്‍ ചെല്ലുന്നതിനു ഒരു തടിപ്പാലവും ഇട്ടിട്ടുണ്ടായിരുന്നു. ആ ഒറ്റത്തടി പാലത്തില്‍ന്മേല്‍ക്കൂടി മനുഷ്യര്‍ക്കല്ലാതെ മൃഗങ്ങള്‍ക്ക് കടന്നുചെല്ലാന്‍ നിവൃത്തിയുമില്ലായിരുന്നു. ഒരിക്കല്‍ ഒരു കരടി ആ ഊട്ടുപുരയില്‍നിന്നു ഒരു ബ്രാഹ്മണനെ പിടിച്ചുകൊണ്ടുപോയി. അതില്‍പ്പിന്നെയാണ് അവിടെ കിടങ്ങും അഴിയുമുണ്ടാക്കിയത്.
ബ്രാഹ്മണര്‍ ഊട്ടുപുരയിലെത്തിയപ്പോഴേക്കും കാട്ടാന കിടങ്ങിന്റെ മറുകരയില്‍ എത്തിക്കഴിഞ്ഞു. ആന കോപാന്ധനായി പാലം വലിച്ചുകളഞ്ഞിട്ടു അവിടെ നിന്നുകൊണ്ട് രണ്ടു മൂന്നു പ്രാവശ്യം വലിയ ശബ്ദം പുറപ്പെടുവിച്ചു. കിടങ്ങിനപ്പുറം കടക്കാന്‍ ആ കൊമ്പനാന വളരെ ശ്രമിച്ചുനോക്കി. എങ്കിലും സാധിച്ചില്ല. ഒടുക്കം ആ കൊലകൊമ്പന്‍ ഇച്ഛാഭംഗത്തോടെ മടങ്ങിപ്പോയി. എങ്കിലും ആ ബ്രാഹ്മണര്‍ക്കും ഊട്ടുപുരയിലുണ്ടായിരുന്ന മറ്റു വഴിപോക്കാര്‍ക്കും അവിടെ സ്ഥിരതാമസക്കാരായ ഭരിപ്പുകാര്‍ മുതലായവര്‍ക്കും ഭയം നിമിത്തം അന്ന് രാത്രിയില്‍ ഉറക്കം നേരെ വന്നില്ല. എല്ലാവരും അത്താഴം കഴിച്ച് വാതിലുമടച്ചു കിടന്നു. പിറ്റേദിവസം നേരം വെളുത്തിട്ടും ആ ബ്രാഹ്മണര്‍ക്ക് അവിടെ നിന്നുപോകുവാന്‍ ധൈര്യമുണ്ടായില്ല. അവര്‍ അന്ന് ഉച്ചയ്ക്ക് ഊണു കഴിഞ്ഞിട്ടേ അവിടെ നിന്നും പോയുള്ളൂ.
അന്നു വൈകുന്നേരമായപ്പോഴേക്കും ആ ബ്രാഹ്മണര്‍ കൊട്ടാരക്കരയെത്തി. ഉടനെ കുളിച്ചു അവര്‍ ഗണപതിയുടെ നടയില്‍ച്ചെന്നു നിന്ന് "അല്ലയോ ഭഗവാനെ! വിഘ്നേശ്വരാ! ഒരു കൊമ്പനാനായുടെ ഉപദ്രവം നിമിത്തം മനുഷ്യര്‍ക്ക് ഇവിടെ നിന്ന് കിഴക്കോട്ടുപോകുന്നതിനും കിഴക്കുള്ളവര്‍ക്ക് ഇങ്ങോട്ട് വരുന്നതിനും നിവൃത്തിയില്ലാതായിരിക്കുന്നു. ഇതിനു ഭഗവാന്‍ തന്നെ ഒരു നിവൃത്തിയുണ്ടാക്കിത്തരണം. ഇവിടെ വിചാരിച്ചാല്‍ ഇതിനു യാതൊരു പ്രയാസവുമില്ല. ചന്ദ്രശേഖരനെ ഇവിടെ നിന്ന് അയച്ചാല്‍മതി. അവന്‍ ചെന്ന് ആ കൊലക്കൊമ്പന്റെ കഥകഴിച്ചുവരും. അതിനാല്‍ അതിലേക്കു കൃപയുണ്ടാകണം" എന്നു സങ്കടത്തോടുകൂടി മനസ്സിരുത്തി ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിച്ചു. അതിനാല്‍ ആ ഗണപതി ഭഗവാന്‍ തോന്നിച്ചിട്ടു ആ കാട്ടാനയെ കൊല്ലാനായിട്ടാണ് ചന്ദ്രശേഖരന്‍ പോയിരുന്നത്. അന്ന് അതിനായി കാട്ടില്‍ത്താമസിച്ചിരുന്നപ്പോള്‍ ആ പിടിയാനയുമായി പരിചയപ്പെടുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുകയാല്‍ ചന്ദ്രശേഖരന്‍ ആ പ്രണയിനിയെക്കൂടെ കൊണ്ടുപോന്നു എന്നേയുള്ളൂ.
ചന്ദ്രശേഖരന്‍ കാട്ടാനയെ കൊല്ലാനായി പോയിട്ട് കഴുതയുരുട്ടിയില്‍നിന്ന് സ്വല്പം കിഴക്കോട്ടു ചെന്നു. വഴിയില്‍നിന്നുകൊണ്ട് അത്യുച്ചത്തില്‍ ഒന്നു കൂകി അതുകേട്ടു ആ കാട്ടാനയും കൂകി. ചന്ദ്രശേഖരന്‍ പിന്നെയും കൂകി. അപ്പോഴും കാട്ടാന ഏറ്റു കൂകി. ചന്ദ്രശേഖരന്‍ മൂന്നാമതു കൂകിയപ്പോഴേക്കും കാട്ടാന അടുത്തെത്തിക്കഴിഞ്ഞിരുന്നു. ഉടനെ അവര്‍ തമ്മില്‍ യുദ്ധവുമാരംഭിച്ചു. വഴിയില്‍ നിന്നുകൊണ്ട് അവര്‍ തമ്മിലുണ്ടായ ആ യുദ്ധം ഏറ്റവും ഭയങ്കരമായിരുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും കിഴക്കോട്ടു പോകുന്നതിനായി രണ്ടുഭാഗത്തും വന്നുകൂടിയ ഏറിയോരു ജനങ്ങള്‍ ദൂരെ മാറിനിന്നുകൊണ്ടും വലിയ മരങ്ങളിലും മറ്റും കയറിയിരുന്നുകൊണ്ടും ആ യുദ്ധം കണ്ടു ഭയപ്പെടുകയും അത്ഭുതപ്പെടുകയും ചെയ്തു. ആ യുദ്ധകാലത്തു പേടിച്ചിട്ട് ആരും ആ വഴിയെ കിഴക്കോട്ടും പടിഞ്ഞാട്ടും പോവുകയുണ്ടായില്ല. ആ ആനകള്‍ തമ്മില്‍ കൊമ്പുകള്‍ കൂട്ടിയിടിച്ച അടികളുടെ ശബ്ദം വളരെദൂരെ കേള്‍ക്കാമായിരുന്നു. അങ്ങനെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആ കാട്ടാന പിന്‍തിരിഞ്ഞു കാട്ടിലേക്ക് ഓടി. പിന്നാലെ ചന്ദ്രശേഖരനും ഓടി. പിന്നത്തെക്കഥയൊന്നും ആര്‍ക്കും അറിയാന്‍പാടില്ലായിരുന്നു.
അനന്തരം അഞ്ചെട്ടുദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ചന്ദ്രശേഖരന്‍ കഴുതയുരുട്ടിയിലുള്ള ഊട്ടുപുരയുടെ സമീപത്തു കിടങ്ങിന്റെ മറുകയില്‍ വന്നുനിന്ന് ഉറക്കെ ഒരു ശബ്ദം പുറപ്പെടുവിച്ചു. അതു കേട്ടു ഭയപ്പെട്ടു ഭരിപ്പുകാരന്‍ മുതലായവര്‍ മുമ്പു ബ്രാഹ്മണരെ ഓടിച്ചു കൊണ്ടുവന്ന കാട്ടാനയായിരിക്കുമെന്നു വിചാരിച്ചു കിടങ്ങിന്റെ ഇക്കരെ നിന്നുകൊണ്ടു നോക്കി. അപ്പോള്‍ ഇതു കാട്ടാനയല്ലെന്നും ചന്ദ്രശേഖരനാണെന്നും അവര്‍ക്കു മനസ്സിലായി. ചന്ദ്രശേഖരനെക്കണ്ട് അവര്‍ക്കൊക്കെ നല്ല പരിചയമുണ്ടായിരുന്നു. ചന്ദ്രശേഖരനെ രാമശ്ശാര്‍ പലപ്പോഴും കൊണ്ടുചെല്ലുകയും ആ സമയങ്ങളിലെല്ലാം ചന്ദ്രശേഖരന് ഊട്ടുപുരയില്‍ നിന്നു ചോറും മറ്റും കൊടുക്കുകയും ചെയ്തിരുന്നു. അതോര്‍ത്താണ് അവന്‍ അവിടെ ചെന്നു വിളിച്ചത്. കാട്ടാനയുമായുള്ള യുദ്ധം തുടങ്ങിയതില്‍പ്പിന്നെ അവന്‍ ആഹാരമൊന്നും കഴിച്ചിരുന്നില്ല. അതിനാലിപ്പോള്‍ ചന്ദ്രശേഖരനു വിശപ്പും ദാഹവും കലശലായിട്ടുണ്ടായിരുന്നു. അവന്‍ വളരെ ക്ഷീണിക്കുകയും ചെയ്തിരുന്നു. ചന്ദ്രശേഖരന്റെ പാരവശ്യം കണ്ടിട്ട് ഭരിപ്പുകാരന്‍ "ചന്ദ്രശേഖരാ! നീ കുറചു ദൂരെ മാറിനിന്നാല്‍ നിനക്കു വെള്ളവും ചോറും തരാം" എന്നു വിളിച്ചുപറഞ്ഞു. അതുകേട്ടു ചന്ദ്രശേഖരന്‍ മാറിനിന്നു. ഭരിപ്പുകാരന്റെ ഭൃത്യന്മാര്‍ ചന്ദ്രശേഖരനു മതിയാകത്തക്കവണ്ണം ചോറും വെള്ളവും പാലത്തിന്മേല്‍ക്കൂടി കിടങ്ങിന്റെ മറുകരയില്‍ കൊണ്ടുചെന്നു കൊടുത്തു. ചന്ദ്രശേഖരന്‍ ചോറും തിന്നു വെള്ളവും കുടിച്ചു വയര്‍ നിറച്ചുകൊണ്ടാണു പിടിയാനയോടുകൂടി കൊട്ടാരക്കരെ ചെന്നുചേര്‍ന്നത്. പിന്നെ ആ കാട്ടാനയെ ആ ദിക്കിലെങ്ങും കാണാതെയായതിനാല്‍ വഴിപോക്കര്‍ യഥാപൂര്‍വ്വം ആ വഴിയെ സഞ്ചരിച്ചുതുടങ്ങുകയും ചെയ്തു. ചന്ദ്രശേഖരന്‍ പിടിയാനയോടുകൂടി കൊട്ടാരക്കരെയെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും വഴിക്കാരെ ഉപദ്രവിചുകൊണ്ടിരുന്ന കാട്ടാനയെ ചന്ദ്രശേഖരന്‍ കുത്തിക്കൊന്നു ജനോപദ്രവം തീര്‍ത്തിരിക്കുന്നു എന്നുള്ള വര്‍ത്തമാനം സര്‍വ്വത്ര പ്രസിദ്ധമായി. അനന്തരം അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ ആര്യങ്കാവിനും കഴുതയുരുട്ടിക്കും മധ്യേയുള്ള കൊടുങ്കാട്ടില്‍ ഒരു വലിയ ആനയുടെ അസ്ഥികൂടവും കൊമ്പും കിടക്കുന്നതായി പത്തനാപുരം തഹശീല്‍ദാര്‍ക്ക് അറിവുകിട്ടി. ഈവര്‍ത്തമാനം അറിഞ്ഞപ്പോള്‍ ഈ അസ്ഥികൂടവും കൊമ്പുകളും ചന്ദ്രശേഖരന്‍ കുത്തിക്കൊന്ന കാട്ടാനയുടേതാണെന്നു തഹശീല്‍ദാര്‍ തീര്‍ച്ചപ്പെടുത്തി. ഈ കൊമ്പുകളെടുത്തു സര്‍ക്കാരിലേല്പിക്കേണ്ടത് അത്യാവശ്യമാകയാല്‍ അവ കിടക്കുന്ന സ്ഥലത്തു പോകണമെന്നും അദ്ദേഹം നിശ്ചയിച്ചു. എന്നാല്‍ അവ കിടക്കുന്നത് എവിടെയാണെന്നറിയാതെ പോയാലെങ്ങനെയാണെന്നുള്ള സംശയവും ദുഷ്ടമൃഗങ്ങള്‍ നിറഞ്ഞ കാട്ടില്‍ സഞ്ചരിക്കാനുള്ള ഭയവും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടാകാതെയിരുന്നില്ല. ഇതിനെക്കുറിച്ചു വളരെ നേരം ആലോചിച്ചതിന്റെ ശേഷം ചന്ദ്രശേഖരനെ വരുത്തി അവനോടുകൂടി പൊയ്ക്കളയാമെന്ന് ഒടുക്കം അദ്ദേഹം തീര്‍ച്ചപ്പെടുത്തി. "ചന്ദ്രശേഖരന്‍ കൂടെയുണ്ടായിരുന്നാല്‍ പിന്നെ ദുഷ്ടമൃഗങ്ങളെ ഭയപ്പെടാനില്ല. കാട്ടാനയെ കൊന്നിട്ട സ്ഥലം അവന്‍ കാണിച്ചു തരികയും ചെയ്യും" എന്നായിരുന്നു തഹശീല്‍ദാരുടെ വിശ്വാസം. അതിനാലദ്ദേഹം രാമശ്ശാര്‍ ചന്ദ്രശേഖരനോടുകൂടി പത്തനാപുരത്തു ചെല്ലുന്നതിന് എഴുതിയയച്ചു ചട്ടംകെട്ടി. അതനുസരിച്ചു രാമശ്ശാര്‍ ചന്ദ്രശേഖരനെയും കൊണ്ട് ഒരു ദിവസം നേരം വെളുത്തപ്പോള്‍ തഹശീല്‍ദാര്‍ താമസിക്കുന്ന വീട്ടിന്റെ പടിക്കലെത്തി. ഭവാനിയോടുകൂടി കേശവനും ഒരുമിച്ചുതന്നെയുണ്ടായിരുന്നു. തഹശീല്‍ദാരദ്ദേഹം കാലത്ത്, ഉണര്‍ന്നെണീറ്റു പുറത്തു വന്നപ്പോള്‍ ആദ്യം കണ്ടതു ചന്ദ്രശേഖരനെയാണ്. "ഇന്നു കാഴ്ച കണ്ടതു ചന്ദ്രശേഖരനെയാണല്ലോ. ഇതൊരു സുദിനം തന്നെ, ഇനി കാര്യമെല്ലാം സഫലമാകും" എന്നു മനസ്സില്‍ വിചാരിച്ചുകൊണ്ട് അദ്ദേഹം ചന്ദ്രശേഖരനും ഭവാനിക്കും ഉടനെ വേണ്ടതുപോലെ തീറ്റകൊടുക്കുന്നതിനു ചട്ടംകെട്ടീട്ടു ദിനകൃത്യങ്ങള്‍ക്കായി പോയി. അദ്ദേഹം കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും കഞ്ഞി കാലമായിരുന്നു. (അക്കാലത്തു കാലത്തേ കഞ്ഞിയാണ്. കാപ്പിയും മറ്റും പതിവില്ലായിരുന്നു). ഉടനെ തഹശീല്‍ദാരദ്ദേഹം കഞ്ഞി കുടിക്കുകയും രാമശ്ശാര്‍ക്കും കേശവനും കഞ്ഞി കൊടുപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ചന്ദ്രശേഖരനും ഭവാനിയും തീറ്റ തിന്നുകഴിഞ്ഞിരുന്നു. ഉടനെ തഹസീല്‍ദാരദ്ദേഹം ചന്ദ്രശേഖരന്റെ അടുക്കല്‍ച്ചെന്ന്, ചന്ദ്രശേഖരാ! നീയാ കാട്ടാനയെ കുത്തിക്കൊന്നിട്ടത് എവിടെയാണെന്നു കാണിച്ചുതരണം. അതിനായിട്ടാണ് നിന്നെ ഞാനിവിടെ വരുത്തിയിരിക്കുന്നത്" എന്നു പറഞ്ഞു. അതു കേട്ടു ചന്ദ്രശേഖരന്‍ സമ്മതിച്ചതായി തലകുലുക്കുകയും ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. ഉടനെ തഹശീല്‍ദാര്‍ യാത്രയ്ക്കൊരുങ്ങിപ്പുറപ്പെട്ടു. അപ്പോള്‍ ചന്ദ്രശേഖരന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ചെന്നു നട നാലും മടക്കിയിരുന്നു. ചന്ദ്രശേഖരന്‍ മടക്കിയാലും മടക്കിയ മുന്‍കാലിന്മേലും പിന്നെയൊരു കയറ്റു കോവണിപ്പടിയിന്മേലും കൂടി ചവിട്ടിയെങ്കിലേ അവന്റെ കഴുത്തില്‍ക്കയറാന്‍ സാധിക്കയുള്ളൂ. അവന്റെ തലയുടെ ഉയര്‍ച്ച അത്രയ്ക്കുമാത്രമുണ്ടായിരുന്നു. അതിനാല്‍ ഒരു കയറ്റുകോണി അവന്റെ കചക്കയറിന്മേല്‍ കെട്ടി സദാ തൂക്കിയിട്ടിരിക്കും. തഹശീല്‍ദാരദ്ദേഹം പതിവുപോലെ കാലിന്മേലും കയറ്റുകോവണിമേലും ചവിട്ടി ചന്ദ്രശേഖരന്റെ കഴുത്തില്‍ കയറിയിരുന്നു. ഉടനെ ചന്ദ്രശേഖരന്‍ കിഴക്കോട്ടു നടന്നുതുടങ്ങി. ഭവാനിയുടെ പുറത്തുകയറി രാമശ്ശാരും കേശവനും പിന്നാലെയും പോയി. അവര്‍ ഏകദേശം പതിനൊന്നു മണിയായപ്പോഴേക്കും കഴുതയുരുട്ടിയിലെത്തി. വിചാരിച്ചിരിക്കാത്ത സമയത്തു തഹശീല്‍ദാര്‍ ചെന്നുചേര്‍ന്നതുകൊണ്ടു കാര്യമെന്തെന്നറിയാതെ ഭരിപ്പുകാരനും മറ്റും ആദ്യം സ്വല്പമൊന്നു അന്ധാളിച്ചു. പിന്നെ കാര്യം മനസ്സിലാവുകയാല്‍ അവര്‍ക്കു സമാധാനമായി, ഉടനെ അവര്‍ ഊണു കാലമാക്കി. തഹശീല്‍ദാരും രാമശ്ശാരും കേശവനും ഊണു കഴിച്ചു. തെങ്ങിന്‍പട്ട, ചോറ്, പഴക്കുല മുതലായവ ചന്ദ്രശേഖരനും ഭവാനിക്കും ധാരാളമായി കൊടുക്കയും ചെയ്തു. ഉടനെ അവര്‍ അവിടെ നിന്നു യഥാപൂര്‍വ്വം യാത്രയായി. പിന്നത്തെ യാത്ര വലിയകൊടുങ്കാട്ടില്‍ക്കൂടിയായിരുന്നു. "ഏതെങ്കിലും വരുന്നതൊക്കെ വരട്ടെ" എന്നു വിചാരിച്ചു തഹശീല്‍ദാരും ആനക്കാരും ധൈര്യസമേതം ആനകളുടെ പുറത്തുതന്നെയിരുന്നു. എന്നാല്‍ തഹശീല്‍ദാരുടെയും മറ്റും മേല്‍ വള്ളികളുടെ അഗ്രം പോലും മുട്ടാതെ സൂക്ഷിച്ചാണ് ചന്ദ്രശേഖരനും ഭവാനിയും അവരെക്കൊണ്ടുപോയത്. അങ്ങനെ പോയി "ഒറ്റക്കല്ല്" എന്നു പറയുന്ന സ്ഥലത്തുനിന്ന് ഏകദേശം ആറുനാഴിക കിഴക്കുവടക്കായിട്ട് ഒരു സ്ഥലത്തുചെന്നപ്പോള്‍ ചന്ദ്രശേഖരന്‍ അവിടെനിന്നു. അപ്പോള്‍ അവിടെ മലയില്‍നിന്നൊഴുകുന്ന ഒരു തോട്ടില്‍ (അരുവിയില്‍) ഒരാനയുടെ അസ്ഥികൂടവും കൊമ്പുകളും കിടക്കുന്നതു തഹശീല്‍ദാരും മറ്റും കണ്ടു. ചന്ദ്രശേഖരന്‍ ആ കൊമ്പുകള്‍ ഇളക്കിയെടുത്ത്, ഒന്ന് ഭവാനിയുടെ കൈയില്‍ കൊടുത്തു. ഒന്ന് അവന്‍തന്നെ വഹിക്കുകയും ചെയ്തുകൊണ്ട് അവിടെനിന്ന് തിരിയെ യാത്രയായി. ആ കൊമ്പുകളുടെ വലിപ്പം അസാമാന്യമായിരുന്നതിനാല്‍ അവ കണ്ടു തഹശീല്‍ദാരും മറ്റും വളരെ അത്ഭുതപ്പെട്ടു. ആ കൊമ്പുകള്‍ക്ക് വലിയ കൊലയാനകളുടെ കൊമ്പുകളില്‍ ഇരട്ടി വലിപ്പമുണ്ടായിരുന്നു.
അവര്‍ ഏകദേശം മൂന്നുമണിയായപ്പോഴേക്കും തിരിയെ കഴുതയുരുട്ടിയിലെത്തി. ആനക്കാരും അവിടെയിരുന്നു കുറച്ചുനേരം വിശ്രമിച്ചു. ചന്ദ്രശേഖരനും ഭവാനിയും കുറേശ്ശെ വെള്ളം കുടിക്കുകയും ചെയ്തു. ആ ആനക്കൊമ്പുകള്‍ കണ്ടപ്പോള്‍ ഭരിപ്പുകാരന്‍ മുതലായവര്‍ക്ക് അവിടെ മുന്‍പു ചിലപ്പോള്‍ വരാറുള്ള വലിയ കാട്ടാനയെക്കുറിച്ച് ഓര്‍മ്മ വരികയാല്‍ ആ ആനയെ സംബന്ധിച്ചുള്ള കഥകളെല്ലാം അവര്‍ പറഞ്ഞു തഹശീല്‍ദാരെ കേള്‍പ്പിച്ചു. അപ്പോള്‍ത്തന്നെ തഹശീല്‍ദാര്‍ ചന്ദ്രശേഖരന്റെ കഴുത്തിലും രാമശ്ശാരും കേശവനും ഭവാനിയുടെ പുറത്തും കയറി അവിടെ നിന്നും രാത്രി പുറപ്പെട്ട് ഏഴുമണിയായപ്പോഴേക്കും പത്തനാപുരത്തു തഹശീല്‍ദാരുടെ വീട്ടിലെത്തി. അപ്പോഴേക്കും തഹശീല്‍ദാര്‍ക്കും ആനക്കാര്‍ക്കും അത്താഴത്തിനും ആനകള്‍ക്കു തീറ്റയ്ക്കും വേണ്ടതെല്ലാം തയ്യാറായിരുന്നു. ചന്ദ്രശേഖരനും ഭവാനിയും ആ ആനക്കൊമ്പുകള്‍ തഹശീല്‍ദാരുടെ വീട്ടിന്റെ വരാന്തയില്‍ കൊണ്ടുചെന്നുവെച്ചിട്ട് മുറ്റത്തു നിന്നു. തഹശീല്‍ദാര്‍ അത്താഴത്തിനിരുന്ന ഉടനെ ആനക്കാര്‍ക്കും ചോറുകൊടുക്കാന്‍ പറഞ്ഞു. അരിവെയ്പുകാരന്‍ അവരെ അത്താഴത്തിനു വിളിചപ്പോള്‍, "ഞങ്ങള്‍ ഈ ആനകളെക്കൊണ്ടുപോയി തളച്ചു തീറ്റ കൊടുത്തിട്ടുവരാം" എന്നു പറഞ്ഞു. ഉടനെ അയാള്‍ ചെന്നു ചന്ദ്രശേഖരനെ വിളിച്ചിട്ട് അവന്‍ പോയില്ല. ഈ ആനക്കൊമ്പുകളുടെ അടുക്കല്‍നിന്നു പോകുവാന്‍ സമ്മതമില്ലാഞ്ഞിട്ടാണ് ചന്ദ്രശേഖരന്‍ ചെല്ലാത്തതെന്നു രാമശ്ശാര്‍ക്കു മനസ്സിലായി. അതിനാല്‍ അയാളും കേശവനും കൂടിപ്പോയി തീറ്റയ്ക്കുള്ളതു വലിച്ചു മുറ്റത്തുകൊണ്ടുവന്ന് ഇട്ടുകൊടുത്തിട്ട് അവരും അത്താഴത്തിനു പോയി. എല്ലാവരും അത്താഴം കഴിച്ചിട്ടു വന്നപ്പോള്‍ ആനകള്‍ രണ്ടും തീറ്റ തിന്നുകൊണ്ടു മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ തഹശീല്‍ദാര്‍ "ഈ ആനകളെ തളയ്ക്കേണ്ടായോ" എന്നു രാമശ്ശാരോടു ചോദിച്ചു. അതിനു മറുപടിയായിട്ടു രാമശ്ശാര്‍ "ഒന്നും വേണ്ട. അവര്‍ അവിടെ നില്‍ക്കുകയോ കിടക്കുകയോ എന്തെങ്കിലും ചെയ്തുകൊള്ളും. ഉപദ്രവമൊന്നും ചെയ്കയില്ല" എന്നു പറഞ്ഞു. "എന്നാലവിടെ നില്ക്കട്ടെ" എന്നു പറഞ്ഞു തഹശീല്‍ദാര്‍ കിടക്കാന്‍ പോയി. തഹശീല്‍ദാര്‍ പുരയ്ക്കകത്തും ആനക്കാര്‍ വരാന്തയിലും കിടന്നുറങ്ങി. ആനകള്‍ രണ്ടും തീറ്റ തിന്നു കഴിഞ്ഞിട്ടു മുറ്റത്തും കിടന്നു. ആനക്കൊമ്പുകള്‍ വരാന്തയില്‍ത്തന്നെ ഇരുന്നതിനാല്‍ ചന്ദ്രശേഖരന്‍ ഉറങ്ങിയില്ല. ചന്ദ്രശേഖരന്‍ ഉറങ്ങാത്തതിനാല്‍ ഭവാനിക്കും ഉറക്കം വന്നില്ല. എങ്കിലും തഹശീല്‍ദാരും ആനക്കാരും കിടന്നയുടനെ ഉറങ്ങി. അവര്‍ പകല്‍ വളരെ നേരം ആനപ്പുറത്തിരുന്നു ബുദ്ധിമുട്ടിയവരായിരുന്നുവല്ലോ. നേരം വെളുത്തപ്പോള്‍ രാമശ്ശാരും കേശവനും ഉണര്‍ന്നെണീറ്റു യാത്രയ്ക്കു തയ്യാറായി. അപ്പോഴേക്കും തഹശീല്‍ദാരദ്ദേഹം ഉണര്‍ന്നെണീറ്റു പുറത്തു വന്നു. ചന്ദ്രശേഖരനും ഭവാനിയും മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. രാമശ്ശാര്‍ തഹശീല്‍ദാരദ്ദേഹത്തെ വന്ദിച്ചിട്ട് ചന്ദ്രശേഖരനോട്, "മകനേ, ചന്ദ്രശേഖരാ! ഇനി നമുക്കു കൊട്ടാരക്കരയ്ക്കു പോകാം" എന്നു പറഞ്ഞു. ചന്ദ്രശേഖരന്‍ അതുകേട്ടിട്ട് കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. അതിനാല്‍ അപ്പോള്‍ പോകാന്‍ ചന്ദ്രശേഖരനു സമ്മതമില്ലെന്നു രാമശ്ശാര്‍ക്കു മനസ്സിലായി. സമ്മതമുണ്ടായിരുന്നുവെങ്കില്‍ അവന്‍ തലകുലുക്കുകയും സമ്മതിച്ചതായി ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് പതിവ്. ചന്ദ്രശേഖരന്റെ ഹിതം പോലെയല്ലാതെ രാമശ്ശാര്‍ ഒന്നും പ്രവര്‍ത്തിക്കാറില്ല. അതിനാല്‍ അയാള്‍ വീണ്ടും, "എന്നാലിനി എപ്പോള്‍ പോകാം?" എന്നു ചോദിച്ചു. അപ്പോള്‍ തഹശീല്‍ദാരദ്ദേഹം, "ഈ കൊമ്പുകള്‍ തിരുവനന്തപുരത്തു കൊണ്ടുപോയി തിരുമുമ്പാകെ കാഴ്ചവെച്ചതിന്റെ ശേഷം, അല്ലേ, ചന്ദ്രശേഖരാ?" എന്നു ചോദിച്ചു. അപ്പോള്‍ ചന്ദ്രശേഖരന്‍, സമ്മതിച്ചതായി തലകുലുക്കുകയും ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. പിന്നെ ഒട്ടും അമാന്തിക്കാതെ തഹശീല്‍ദാരും ആനക്കാരും കുളിയും ഊണും കഴിക്കുകയും ചന്ദ്രശേഖരനെയും ഭവാനിയേയും കുളിപ്പിച്ചു വയര്‍ നിറയത്തക്കവണ്ണം തീറ്റകൊടുക്കുകയും ചെയ്തിട്ട് അവരെല്ലാവരുംകൂടി തിരുവനന്തപുരത്തേക്കു യാത്രയായി. അപ്പോഴും തഹശീല്‍ദാര്‍ ചന്ദ്രശേഖരന്റെ കഴുത്തിലും ആനക്കാര്‍ ഭവാനിയുടെ പുറത്തും കയറിയും ആനക്കൊമ്പുകളില്‍ ഒന്നു ചന്ദ്രശേഖരനും ഒന്നു ഭവാനിയും എടുത്തുകൊണ്ടുപോയിരുന്നു.
പത്തനാപുരത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാംദിവസം അവര്‍ തിരുവനന്തപുരത്തെത്തി. തഹശീല്‍ദാര്‍ ഒരു സേവകന്‍ മുഖാന്തരം തിരുമനസ്സറിയിച്ച് അനുവാദം വാങ്ങിക്കൊണ്ട് ആനക്കാരോടും കൊമ്പുകളുമെടുത്തിരുന്ന ആനകളോടും കൂടി തിരുമുമ്പാകെച്ചെന്നു മുഖം കാണിച്ചു. ആനകള്‍ കൊമ്പുകള്‍ തിരുമുമ്പില്‍ വെച്ചു കാല്‍മടക്കി നമസ്കരിചു. തഹശീല്‍ദാര്‍ ആ ആനകൊമ്പുകളെസ്സംബന്ധിച്ച് ഉണ്ടായ സംഗതികളെല്ലാം വിവരമായി തിരുമനസ്സറിയിച്ചു. സംഗതികളെല്ലാം കേട്ടും ആനക്കൊമ്പുകളുടെ വലിപ്പം കണ്ടും തിരുമനസ്സുകൊണ്ട് വളരെ സന്തോഷിക്കുകയും അത്ഭുതപ്പെടുകയും തഹശീല്‍ദാര്‍ക്കും ആനക്കാര്‍ക്കും യഥായോഗ്യം സമ്മാനങ്ങള്‍ കല്പിച്ചുകൊടുക്കുകയും ചെയ്തതിന്റെ ശേഷം കല്പിച്ചു പഴക്കുലകള്‍ വരുത്തി തിരുമുമ്പില്‍ വെച്ചുതന്നെ രണ്ടാനകള്‍ക്കും പ്രത്യേകം പ്രത്യേകം ധാരാളമായി കൊടുപ്പിച്ചു. ചന്ദ്രശേഖരന്‍ അവനു കൊടുത്തതില്‍നിന്ന് ഒരു പഴക്കുലയെടുത്തു മാറ്റിവെച്ചിട്ടു ശേഷം തിന്നു. അതു കണ്ടിട്ടു തിരുമനസ്സുകൊണ്ട്, "ആ ഒരു പഴക്കുല മാറ്റി വെച്ചതെന്താണ്?" എന്നു കല്പിച്ചു ചോദിച്ചു. അപ്പോള്‍ രാമശ്ശാര്‍ ചന്ദ്രശേഖരനു ഇഷ്ടമായിട്ടുള്ള മുഹമ്മദീയസ്ത്രീയുടെ കഥയും ഈ പഴക്കുല വിറ്റുകിട്ടുന്ന പണം അയാള്‍ ആ സ്ത്രീക്കു കൊണ്ടുചെന്നു കൊടുക്കാനായിട്ടാണ് അതു മാറ്റിവെച്ചതെന്നും ഇതു പതിവാണെന്നും മറ്റുമുള്ള വിവരവും തിരുമനസ്സറിയിച്ചു. ഇതൊന്നും ആ തിരുമനസ്സുകൊണ്ട് അറിഞ്ഞിരുന്നില്ല. ഉടനെ തിരുമനസ്സുകൊണ്ട്, "ചന്ദ്രശേഖരാ, അതു വെച്ചേക്കണമെന്നില്ല. ആ സ്ത്രീക്കു കൊടുക്കുവാനുള്ള പണം ഇവിടെത്തന്നേക്കാം" എന്നു കല്പിക്കുകയും അതിലേക്കു ഉടനെ മൂന്നരരൂപ രാമശ്ശാരുടെ പക്കല്‍ കല്പിച്ചു കൊടുക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ട് ആനക്കാര്‍ക്കു വഴിച്ചെലവിനും ആനകള്‍ക്കു തീറ്റിവകയ്ക്കും വേണ്ടുന്ന പണം കല്പിച്ചുകൊടുത്ത് അവരെ യാത്രയാക്കുകയും തഹശീല്‍ദാരെ ശമ്പളക്കൂടുതലുള്ള മുളകുമടിശ്ശീലകാര്യക്കാരുദ്യോഗത്തിനു കല്പിച്ചു നിയമിക്കുകയും ചെയ്തു.
രാമശ്ശാരും കേശവനും ചന്ദ്രശേഖരനേയും ഭവാനിയേയും കൊണ്ട് അന്നുതന്നെ തിരുവനന്തപുരത്തുനിന്നു പോരുകയും മൂന്നാംദിവസം കൊട്ടാരക്കരയെത്തുകയും ചെയ്തു. അവര്‍ പിന്നെയും യഥാപൂര്‍വ്വം സുഖമായിത്തന്നെ വളരെക്കാലം ജീവിച്ചിരുന്നു. അതിനിടയ്ക്ക് ചന്ദ്രശേഖരനു ഭവാനിയില്‍ ഒരു പുത്രന്‍ ജനിച്ചു. അതു കൊല്ലം 994-ആമാണ്ടു കുംഭമാസം 23-ആം തീയതി വെള്ളിയാഴ്ചയും മകയിരം നക്ഷത്രവും പൂര്‍വ്വപക്ഷത്തില്‍ നവമിയും കൂടിയ ശുഭസമയമായിരുന്നു.
ആ കുട്ടിയാനയുണ്ടായിട്ട് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ (995-ല്‍) അനായാസേന രാമശ്ശാര്‍ ചരമഗതിയെ പ്രാപിച്ചു. അപ്പോള്‍ ചന്ദ്രശേഖരനുണ്ടായ ദുഃഖം അപരിമിതം തന്നെയായിരുന്നു. രാമശ്ശാര്‍ കഴിഞ്ഞതിന്റെ ശേഷം രണ്ടുമൂന്നുപേര്‍ ചന്ദ്രശേഖരന്റെ ആനക്കാരായിത്തീര്‍ന്നു. അവരാരും രാമശ്ശാരെപ്പോലെ ചന്ദ്രശേഖരന്റെ ഹിതാനുവര്‍ത്തികളായിരുന്നില്ല. അതിനാല്‍ അവരെയെല്ലാം ചന്ദ്രശേഖരന്‍ ഓരോരിക്കലായിക്കൊന്നു. ഒടുക്കം രാമശ്ശാരുടെ മകന്‍ കൃഷ്ണന്‍ ചന്ദ്രശേഖരന്റെ ആനക്കാരനായിത്തീര്‍ന്നു. അവന്‍ രാമശ്ശാരെപ്പോലെതന്നെ സ്നേഹപൂര്‍വ്വം ചന്ദ്രശേഖരന്റെ ഹിതത്തെ അനുവര്‍ത്തിച്ചിരുന്നു. രാമശ്ശാരോടുണ്ടായിരുന്നതു പോലെയുള്ള സ്നേഹം കൃഷ്ണനോടും ചന്ദ്രശേഖരനുണ്ടായിരുന്നു. അതിനാല്‍ ചന്ദ്രശേഖരന്റെ ജീവാവസാനംവരെ ആ കൃഷ്ണന്‍ തന്നെ ആനക്കാരനായിരുന്നു.
കൊല്ലം 1022-ആമാണ്ടു സ്വാതിതിരുനാള്‍ മഹാരാജാവു തിരുമനസ്സു കൊണ്ടു നാടുനീങ്ങിയെന്നു കേട്ടപ്പോഴും ചന്ദ്രശേഖരന്‍ വളരെ ദുഃഖിച്ചു. ആ ദുഃഖവും അവന്‍ ഒരു കൊല്ലം മുഴുവന്‍ ആചരിച്ചിരുന്നു. ഇപ്രകാരമെല്ലാം ഗുണവും യോഗ്യതയുമുണ്ടായിരുന്ന ചന്ദ്രശേഖരന്‍ കൊല്ലം 1027-ആമാണ്ടു കാലധര്‍മ്മത്തെ പ്രാപിക്കുകയും ചെയ്തു.