മലയാളഭാഷയുടെ പരിഷ്കാരാഭിവൃദ്ധികള്‍ക്കായി സര്‍വ്വാത്മനാ പരിശ്രമിച്ചുകൊണ്ടിരുന്ന മഹാനും ‘മലയാളമനോരമ’ പത്രം, ‘ഭാഷാപോഷിണി’ മാസിക എന്നിവയുടെ നിര്‍മ്മാതാവുമായ പരേതനായ കെ. ഐ. വര്‍ഗീസുമാപ്പിള അവര്‍കള്‍ കോട്ടയത്തു വന്നു സ്ഥിരതാമസം തുടങ്ങിയ കാലം മുതല്‍ ആജീവനാന്തം അദ്ദേഹം ഭാഷാവിഷയമായി ചെയ്തിട്ടുള്ള പരിശ്രമങ്ങളെല്ലാം എന്നെക്കൂടി ഒരു ഭാഗഭാക്കാക്കിവെച്ചുകൊണ്ടാണ് ഇരുന്നിരുന്നതെന്നുള്ള വാസ്തവം അദ്ദേഹത്തെയും എന്നെയുംപറ്റി അറിവുള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്. ഞങ്ങള്‍ രണ്ടുപേരുംകൂടി മനോരമ ആപ്പീസിലിരുന്നു പത്രസംബന്ധമായും മറ്റും ഓരോന്ന് എഴുതുക, വായിക്കുക, തിരുത്തുക മുതലായി അന്നന്നു തീര്‍ക്കേണ്ടുന്ന ജോലികള്‍ ചെയ്തു തീര്‍ത്താല്‍ പകലേ നാലുമണിക്കുശേഷം കുറച്ചു സമയം സ്വൈരസല്ലാപം ചെയ്തു വിശ്രമിക്കുന്നതിനുകൂടി അദ്ദേഹം നിശ്ചയിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെയും എന്റെയും സ്നേഹിതന്മാരും സരസന്മാരുമായി ചില മാന്യന്മാര്‍കൂടി വന്നുചേരുകയും പതിവായിരുന്നു. അങ്ങനെ ഞങ്ങള്‍ എല്ലാവരുംകൂടി ചില നേരമ്പോക്കുകളും ഫലിതങ്ങളും പറഞ്ഞു രസിച്ചുകൊണ്ടിരുന്ന മദ്ധ്യേ പ്രസംഗവശാല്‍ ഒന്നുരണ്ടു ദിവസം ഞാന്‍ ചില ഐതിഹ്യങ്ങള്‍ പറയുകയും അവ വരുഗീസുമാപ്പിള അവര്‍കള്‍ക്കു വളരെ രസിക്കുകയും അതിനാല്‍ പിന്നെയും ചിലപ്പോള്‍ വല്ല ഐതിഹ്യങ്ങളും പറയുന്നതിന് അദ്ദേഹം ആവശ്യപ്പെടുകയും ഞാന്‍ പറയുകയും ചെയ്തു. ക്രമേണ മിക്കവാറും അതൊരു പതിവായിത്തീരുന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം മിസ്റ്റര്‍ വറുഗീസുമാപ്പിള, “ഈ ഐതിഹ്യങ്ങളെല്ലാം ഇങ്ങനെ വെറുതെ പറഞ്ഞുകളഞ്ഞാല്‍ പോരാ, ഇവയില്‍ അനേകം നേരമ്പോക്കുകളും അതിശയോക്തികളും അസംബന്ധങ്ങളും ഉണ്ടെങ്കിലും നാം അറിഞ്ഞിരിക്കേണ്ടുന്നവയായ പല തത്ത്വങ്ങളും സാരാംശങ്ങളുംകൂടിയുണ്ട്. അതിനാല്‍ ഇവയെല്ലാം ഒന്നെഴുതണം. നമുക്കു മനോരമയിലും ഭാഷാപോഷിണിയിലുമായി പ്രസിദ്ധപ്പെടുത്താം. ഏതു തരം വായനക്കാര്‍ക്കും ഈവക ഐതിഹ്യങ്ങള്‍ രുചിക്കാതെവരുമെന്നു തോന്നുന്നില്ല. സാരാംശങ്ങള്‍ ഗ്രഹിക്കാന്‍ ശക്തിയുള്ളവര്‍ അവയെ ഗ്രഹിക്കും. അതില്ലാത്തവര്‍ നേരമ്പോക്കിനായിട്ടെങ്കിലും ഈവക ഉപന്യാസങ്ങള്‍ വായിക്കാതെ ഇരിക്കുകയില്ല” എന്നു പറയുകയും മറ്റു ചില മാന്യന്മാര് അതിനെ അനുസരിച്ചു പറയുകയും ചെയ്തു. അതിന്റെശേഷം യഥാവസരം ഞാന്‍ ചില ഐതിഹ്യോപന്യാസങ്ങള്‍ എഴുതാനും മിസ്റ്റര്‍ വര്‍ഗീസുമാപ്പിള അവയെ യഥായോഗ്യം ‘മനോരമ’യിലും ‘ഭാഷാപോഷിണി’ മാസികയിലുമായി പ്രസിദ്ധപ്പെടുത്താനും തുടങ്ങി. ആ ശേഖരത്തില്‍ ഞാന്‍ എഴുതിയ ‘പറയിപെറ്റ പന്തിരുകുലം’ എന്ന ഉപന്യാസം 1073-ല്‍ കുംഭം, മീനം, മേടം എന്നീ മാസങ്ങളിലെ ‘ഭാഷാപോഷിണി’ മാസികയില്‍ ചേര്‍ത്തു പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിനെപ്പറ്റി ആയിടയ്ക്ക് ഒരു ‘യോഗ്യന്‍’ ഒരു വര്‍ത്തമാനപത്രത്തില്‍, “ഭാഷാപോഷിണീസഭവകമാസിക മിസ്റ്റര്‍ വറുഗീസുമാപ്പിളയുടെയും കൊട്ടാരത്തില്‍ ശങ്കുണ്ണി അവര്കളുടെയും തറവാട്ടുവക അല്ലാത്തതിനാല്‍ കേവലം നിസ്സാരങ്ങളും യാതൊരുപയോഗവുമില്ലാത്തവയുമായ ‘പറയിപെറ്റ പന്തിരുകുലം’ എന്നും മറ്റുമുള്ള ഉപന്യാസങ്ങള്‍ അതില്‍ ചേര്‍ക്കുന്നതു ന്യായമല്ല. മിസ്റ്റര്‍ ശങ്കുണ്ണിയുടെ ഈവക ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതിലേക്കു ചെലവായിട്ടുള്ള കടലാസ്സുകളുടെ വിലയും അച്ചടിക്കൂലിയും ശങ്കുണ്ണി അവര്‍കളില്‍നിന്ന് ഈടാക്കി, ‘കേരളപാണിനീയ’ത്തെപ്പറ്റിയും മറ്റും പ്രൌഢങ്ങളായ ലേഖനങ്ങളെഴുതുന്ന ശേഷഗിരിപ്രഭു അവര്‍കള്‍ക്കു കൊടുക്കേണ്ടതാണ്” എന്നു പ്രസ്താവിച്ചിരിക്കുന്നതായി കണ്ടു. എങ്കിലും അതിനുമുമ്പായിത്തന്നെ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ സി. എസ്സ്. ഐ തിരുമനസ്സുകൊണ്ടു മുതലായ പല മഹാന്മാരും പ്രൌഢലേഖനകര്‍ത്താവായ ശേഷഗിരിപ്രഭു എം. ഏ. അവര്‍കള്‍തന്നെയും മിസ്റ്റര്‍ വറുഗീസുമാപ്പിളയുടെ പേര്‍ക്ക് “കൊട്ടാരത്തില്‍ ശങ്കുണ്ണി അവര്‍കള്‍ എഴുതുന്ന ‘പറയിപെറ്റു പന്തിരുകുലം’ മുതലായ ലേഖനങ്ങള്‍ സരസങ്ങളും സാരസംയുക്തങ്ങളുമായിരിക്കുന്നു. ഈ വക ഐതിഹ്യങ്ങള്‍ ഒരു കാലത്തു വളരെ വിലയുള്ളവയായിരുന്നതും ഇവയില്‍ നിന്ന് നമുക്ക് അനേകം തത്ത്വങ്ങള്‍ ഗ്രഹിക്കാവുന്നതുമാണ്. അതിനാല്‍ മിസ്റ്റര്‍ ശങ്കുണ്ണിയെ ഉത്സാഹിപ്പിച്ച് ഈ വക ലേഖനങ്ങള്‍ കഴിയുന്നതും വിസ്തരിച്ച് എഴുതിക്കാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ കൊള്ളാം” എന്നും മറ്റും എഴുതിയയ്ച്ചിരുന്ന അനേകം എഴുത്തുകള്‍ ഞാന്‍ കണ്ടിട്ടുള്ളതിനാല്‍ മേല്പറഞ്ഞ ‘യോഗ്യ’ന്റെ അഭിപ്രായപ്രകടനം എനിക്ക് ഇച്ഛാഭംഗത്തിനോ നിരുത്സാഹതയ്ക്കോ കാരണമായിട്ടില്ല. അതിനാല്‍ വീണ്ടും ഞാന്‍ ഓരോന്ന് എഴുതിക്കൊണ്ടും മിസ്റ്റര്‍ വറുഗീസുമാപ്പിള അവയെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടുമിരുന്നു.
മനോരമയിലേക്ക് എന്നുദ്ദേശിച്ച് എഴുതുന്ന ലേഖനങ്ങള്‍ പത്രത്തിനെ സ്ഥലദൌര്‍ലഭ്യം വിചാരിച്ച് ഞാന്‍ അധികം വിസ്തരിക്കാതെ ചുരുക്കി എഴുതുന്നതു കണ്ടിട്ട് ഒരിക്കല്‍ മിസ്റ്റര്‍ വറുഗീസുമാപ്പിള, “ഈ വക ഐതിഹ്യങ്ങള്‍ ചുരുക്കി എഴുതിയാല്‍ നന്നായിരിക്കുകയില്ല. കഴിയുന്നതും വിസ്തരിച്ചുതന്നെ എഴുതിക്കൊളൂ. പത്രത്തില്‍ സ്ഥലം മതിയാകാതെ വന്നാല്‍ രണ്ടോ മൂന്നോ ലക്കങ്ങളിലായി തുടരെ ചേര്‍ത്തു പ്രസിദ്ധപ്പെടുത്താമല്ലോ. ഇവയെല്ലാംകൂടി ചേര്‍ത്ത് ഒടുക്കം ഒരു പുസ്തകമാക്കി പ്രസിദ്ധപ്പെടുത്തണമെന്നുകൂടി ഞാന്‍ വിചാരിച്ചിട്ടുണ്ട്. അതിനാല്‍ ഒട്ടും ചുരുക്കണമെന്നില്ല” എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ “ഇതു പുസ്തകമാക്കണമെങ്കില്‍ എല്ലാം മാറ്റിയെഴുതണമല്ലോ. ഇപ്പോള്‍ ഞാന്‍ ഇവയെല്ലാം ലേഖനരീതിയിലാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു. അതിന് വറുഗീസ് മാപ്പിള അവര്‍കള്‍, “മാറിയെഴുതുകയൊന്നും വേണ്ട. പുസ്തകമാകുമ്പോള്‍ കുറച്ചുകൂടി പ്രൌഢതയും അര്‍ത്ഥഗാംഭീര്യവും ചമത്കാരവുമൊക്കെ ഉണ്ടായിരുന്നാല്‍ കൊള്ളാം. എങ്കിലും ഈ രീതിയില്‍ത്തന്നെ ഇരുന്നാലും പോരെന്നില്ല. പിന്നെ പുസ്തകമായി അച്ചടിക്കുന്ന കാലത്തു വല്ലതും തിരുത്തണമെന്നു തോന്നിയാല്‍ നമുക്ക് അങ്ങിനെയും ചെയ്യാമല്ലോ. അതൊക്കെ അപ്പോള്‍ നിശ്ചയിക്കാം. ഇപ്പോള്‍ ഈ രീതിയില്‍തന്നെ കഴിയുന്നതും വിസ്തരിച്ചെഴുതിക്കോളൂ; അതു മതി” എന്നാണ് മറുപടി പറഞ്ഞത്. അതിനാല്‍ ഞാന്‍ അതില്പിന്നെ എഴുതിയ ഉപന്യാസങ്ങള്‍ എല്ലാം ചുരുക്കാതെയും മുന്‍രീതിയില്‍ത്തന്നെയുമാണ്. എങ്കിലും വറുഗീസുമാപ്പിള അവര്‍കളുടെ അകാല നിര്യാണം നിമിത്തം എന്റെ ഉപന്യാസങ്ങള്‍ക്കു പുസ്തകരൂപേണ പുറത്തുവരാനുള്ള ഭാഗ്യം ഏതത്കാലപര്യന്തം സിദ്ധിച്ചിട്ടില്ല. മിസ്റ്റര്‍ വറുഗീസുമാപ്പിളയുടെ വിയോഗത്തോടുകൂടി ഈവക ഉപന്യാസങ്ങളെഴുതുവാന്‍ എനിക്ക് തീരെ ഉത്സാഹമില്ലാതെയായി. എങ്കിലും ചില ഉപന്യാസങ്ങള്‍ അതില്‍ പിന്നീടും ഞാന്‍ എഴുതീട്ടുണ്ട്. വറുഗീസുമാപ്പിള അവര്‍കള്‍ കുറച്ചുകാലംകൂടി സ്വസ്ഥശരീരനായി ജീവിച്ചിരുന്നെങ്കില്‍ ഞാന്‍ ഈവക ഉപന്യാസങ്ങള്‍ ഇതിലധികമായി എഴുതുന്നതിനും അവയെല്ലാം ഇതിനുമുമ്പു പുസ്തകാകൃതിയില്‍ പുറത്തുവരുന്നതിനും ഇടയാകുമായിരുന്നു എന്നുള്ളതിനു സംശയമില്ല. വറുഗീസുമാപ്പിള അവര്‍കള്‍ കഴിഞ്ഞതിന്റെ ശേഷം ഈ ഉപന്യാസങ്ങള്‍ പുസ്തകരൂപേണ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തണമെന്നോ ആരെങ്കിലും പ്രസിദ്ധപ്പെടുത്തുമെന്നോ ഉള്ള വിചാരം ഒരിക്കലും ലേശംപോലും എനിക്കുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കുമ്പോള്‍ ഇക്കഴിഞ്ഞ മകരമാസത്തില്‍ ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ മാനേജരായ വെള്ളായ്ക്കല്‍ നാരായണമേനോനവര്‍കള്‍ എന്റെ ഈവക ഉപന്യാസങ്ങള്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിവരുന്ന ‘ലക്ഷ്മീഭായിഗ്രന്ഥാവലി’യില്‍ ചേര്‍ത്തു പുസ്തകരൂപേണ പ്രസിദ്ധപ്പെടുത്തുന്നതിന് എനിക്ക് സമ്മതമുണ്ടോ എന്ന് എന്നോട് എഴുതിച്ചോദിക്കുകയും അതിന് ഞാന്‍ സന്തോഷസമേതം സമ്മതിച്ചു മറുപടി അയച്ചു കൊടുക്കുകയും ചെയ്തു. ഞാന്‍ മനോരമയിലും ഭാഷാപോഷിണിയിലും മറ്റും എഴുതീട്ടുള്ള ഐതിഹ്യോപന്യാസങ്ങളെല്ലാം ശേഖരിക്കുന്നതിന് അദ്ദേഹത്തിന് സൌകര്യമില്ലാത്തതിനാല്‍ അതുകൂടി ഞാന്‍ ചെയ്താല്‍ കൊള്ളാമെന്ന് അദ്ദേഹം വീണ്ടും എഴുതി അയയ്ക്കുകയാല്‍ ഈ ഒന്നാംഭാഗം പുസ്തകത്തിലേക്ക് ആവശ്യപ്പെട്ട ഇരുപത്തൊന്ന് ഉപന്യാസങ്ങള്‍ ഞാന്‍ ഉടനെ ശേഖരിച്ച് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ എന്റെ ഇതര കൃതികളുടെ ബാഹുല്യം നിമിത്തം അവയെ ആകപ്പാടെ മാറ്റിയെഴുതി ശരിപ്പെടുത്തുന്നതിന് എനിക്ക് സാധിച്ചില്ല. സ്വല്പമായി ചില ഭേദഗതികള്‍ വരുത്തി ക്രമപ്പെടുത്തുന്നതിനു മാത്രമേ തരപ്പെട്ടുള്ളൂ. അതിനാല്‍ വാചക രീതിയിലും മറ്റും ഇതില്‍ കാണുന്ന ന്യൂനതകള്‍ സജ്ജനങ്ങളായ വായനക്കാര്‍ ക്ഷമിച്ചുകൊള്ളുമെന്നു വിശ്വസിക്കുന്നു.
ഇത്രയും പറഞ്ഞുകൊണ്ട് ‘ഐതിഹ്യമാല’ എന്ന ഈ പുസ്തകത്തില്‍ക്കാണുന്ന ഉപന്യാസങ്ങള്‍ ഞാന്‍ പലപ്പോഴായി എഴുതുകയും മലയാളമനോരമ, ഭാഷാപോഷിണി മാസിക മുതലായവയില്‍ ചേര്‍ത്തു പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളവയാണെന്നും ഇവയെ ഇപ്പോള്‍ ഇപ്രകാരം അച്ചടിപ്പിച്ചു പുറത്തിറക്കീട്ടുള്ളത് ഭാഷാപോഷണാര്‍ത്ഥം പല പ്രകാരത്തില്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എന്റെ പ്രിയമിത്രമായ വെള്ളായ്ക്കല്‍ നാരായണമേനോനവര്‍കളാണെന്നും സ്പഷ്ടമായിട്ടുണ്ടല്ലോ. എന്നാല്‍ ഇതില്‍ ഇരുപത്തൊന്നാമതായി ചേര്‍ത്തിരിക്കുന്ന ‘കിടങ്ങൂര്‍ കണ്ടങ്കോരന്’ എന്ന ആനയെക്കുറിച്ചുള്ള ഉപന്യാസം ‘വിദ്യാവിനോദിനി’ എന്നു പ്രസിദ്ധിയോടുകൂടി പ്രചരിച്ചിരുന്ന മാസികയിലേക്ക് ഞാന്‍ ‘ഭക്തപ്രിയന്’ എന്ന പേരുവച്ച് എഴുതിയയയ്ക്കുകയും 1078 തുലാത്തിലെ വിനോദിനിയില്‍ ചേര്‍ത്തു പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഇപ്രകാരം ഞാന്‍ എഴുതുകയും മനോരമയിലും ഭാഷാപോഷിണിയിലും മറ്റും ചേര്‍ത്തു പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളവയും ഈ ഒന്നാം ഭാഗത്തില്‍ ഉള്‍പ്പെടാത്തവയുമായി ഇനി ചില ഉപന്യാസങ്ങള്‍കൂടിയുണ്ട്. ഈ ഒന്നാംഭാഗം വായനക്കാര്‍ക്കു രുചിക്കുന്നപക്ഷം അവയെല്ലാംകൂടി ചേര്‍ത്ത് രണ്ടാംഭാഗമായി ഒരു പുസ്തകംകൂടി പ്രസിദ്ധപ്പെടുത്താന്‍ ഈ പ്രസാധകന്‍തന്നെ വിചാരിച്ചിട്ടുണ്ടെന്നുള്ള വിവരവും വായനക്കാരെ അറിയിച്ചുകൊണ്ടും എന്റെ ഈ ഉപന്യാസങ്ങളെ ഇപ്രകാരം പുസ്തകരൂപേണ പ്രസിദ്ധപ്പെടുത്തുകയും ഇതില്‍ എന്റെ ജീവചരിത്രസംക്ഷേപംകൂടി എഴുതിച്ചുചേര്‍ക്കുകയും ചെയ്തിട്ടുള്ളതില്‍ പ്രസാധകന്റെ പേരില്‍ എനിക്കുള്ള കൃതജ്ഞത സീമാതീതമായിരിക്കുന്നു എന്നുള്ള വാസ്തവംകൂടി പ്രസ്താവിച്ചുകൊണ്ടും ഈ പ്രസ്താവനയെ ഇവിടെ സമാപിപ്പിച്ചുകൊള്ളുന്നു.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
- കൊട്ടാരത്തില്‍ ശങ്കുണ്ണി
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
കോട്ടയം
5-9-1084 (17-4-1909)