ഐതിഹ്യമാല/ചിറ്റൂര്‍കാവില്‍ ഭഗവതി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ചിറ്റൂര്‍ക്കാവ് ,കൊച്ചി രാജ്യത്തിന്റെ കിഴക്കേ അറ്റത്തുള്ളതും ബ്രിട്ടീഷുരാജ്യത്താല്‍ ചുറ്റപ്പെട്ടതുമായ ചിറ്റൂര്‍ താലൂക്കില്‍ ചേര്‍ന്ന ചിറ്റൂര്‍ ദേശത്തു തന്നെയാണ്. അവിടെ പ്രതിഷ്​ഠിക്കപ്പെട്ടിരിക്കുന്ന ഭദ്രകാളിയെയാണ് 'ചിറ്റൂര്‍ക്കാവില്‍ ഭഗവതി ' എന്നു പറഞ്ഞു വരുന്നത്. ആ ധേശക്കാര്‍ ആ ദേവിയെ തങ്ങളുടെ പരദേവതയായിട്ടു തന്നെയാണ് ആദരിക്കുകയും ആചരിക്കുകയും ചെയ്തു പേരുന്നതെന്നും അവര്‍ പണ്ടേ തന്നേ ഭദ്രകാളിയെക്കുറിച്ചു വളരെ ഭക്തിയും വിശ്വാസവുമുള്ളവരായിരുന്നുവെന്നുമുള്ളതു പ്രസിദ്ധമാണ്. ഭഗവതി ആ ദേശക്കാരെക്കുറിച്ചു വളരെ കൃപയോടും വാത്സല്യത്തോടുംകൂടി വര്‍ത്തിച്ചുപോരുന്നുമുണ്ട്. പണ്ടൊരിക്കല്‍ കൊങ്ങുരാജ്യാധിപനായ രാജാവ് ചിറ്റൂര്‍ ദേശം പിടിച്ചടക്കാനായി സൈന്യസമേതം ആദേശത്തു വന്നു ചേര്‍ന്നു. ചിറ്റൂര്‍ ദേശക്കാരും യുദ്ധ വിദഗ്ധന്മാരായിരുന്നതിനാല്‍ രണ്ടു കൂട്ടരും തമ്മില്‍ നേരിട്ട് അതി ഭയങ്കരമായ യുദ്ധമുണ്ടായി. സ്വല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ചിറ്റൂര്‍ക്കാര്‍ ഏറ്റവും പരവശന്മാരായിത്തീരുകയും കൊങ്ങപ്പടയെ ജയിക്കുന്ന കാര്യം തങ്ങളാല്‍ സാദ്ധ്യമല്ലെന്ന് അവര്‍‌ക്കു തോന്നുകയും ചെയ്തു. അപ്പോള്‍ അവരെല്ലാവരും ക്ഷേത്രസന്നിധിയില്‍ ചെന്നു തങ്ങളുടെ പരദേവതയായ ഭഗവതിയെ ഭക്തി പൂര്‍വ്വം വന്ദിച്ചുകൊണ്ട്, “ഭൂവില്‍പ്പുകഴും ചിറ്റൂര്‍ - ക്കാവില്‍ വിളങ്ങും കൃതാന്തരിപുപുത്രി! ഈവിധമായൊരു മക്കളെ- യാവിര്‍മ്മോദം തുണയ്ക്ക മാതാവേ!” “ഞങ്ങളെ വെല്‍വാന്‍ വന്നൊരു കൊങ്ങപ്പടയേ വധിച്ചു വേഗത്തില്‍ മങ്ങലൊഴിക്കുക മായേ! മംഗളമൂര്‍ത്തേ! നമോ നമസ്തുഭ്യം.” എന്നു പ്രാര്‍ത്ഥിച്ചു. അതു കേട്ട് ആര്‍ത്തത്രാപരായണയും ഭക്തവല്‍സലയും ലോകമാതാവുമായ ഭഗവതി ഉടന്‍ പ്രത്യക്ഷമായി പോര്‍ക്കളത്തിലെത്തി തന്റെ നാന്ദകംവാള്‍കൊണ്ടു കൊങ്ങപ്പടകളെ വെട്ടി വധിച്ചു തുടങ്ങി. ക്ഷണനേരംകൊണ്ടു കൊങ്ങപ്പട മിക്കവാറും നശിച്ചു. ഏതാനും സൈനികന്മാര്‍ പ്രാണഭീതിയോടുകൂടി ഓടി സ്വദേശത്തേക്കു മടങ്ങിപ്പോവുകയും ചെയ്തു. അപ്പോള്‍ കൊങ്ങു രാജാവ് ദേവിയോടു നേരിട്ടു യുദ്ധം തുടങ്ങി. ആആ യുദ്ധം ഏറ്റവും ഭയങ്കരം തന്നെയായിരുന്നു. കൊങ്ങുരാജാവ് അന്തകനെപ്പോലെ ഒരു പോത്തിന്റെ പുറത്തു കയറിയായിരുന്നു യുദ്ധത്തിനു വന്നിരുന്നത്. ദേവി തന്റെ വാള്‍കൊണ്ട് ആ പോത്തിന്റെ തല വെട്ടി താഴെയിടുകയും കൊങ്ങുരാജാവിന്റെ കഴുത്തു മുറിച്ചു തല ദാരുകന്റെ ശിരസ്സിനെപ്പോലെ തൃക്കൈയിലെടുക്കുകയും ചെയ്തു. അങ്ങനെ ആ യുദ്ധം അവസാനിച്ചതിന്റെ ശേഷം ദേവി ഒരു ശിലാതലത്തില്‍ ചെന്നിരുന്നു വിശ്രമിച്ചു. അപ്പോള്‍ ദേശക്കാരെല്ലാവരും അവിടെ എത്തി ഭഗവതിയെക്കണ്ടു വന്ദിച്ചു സ്തുതിച്ചു.അവരപ്പോള്‍ ഭഗവതിയെ കണ്ടത് എട്ടു തൃക്കൈകളോടും ആ തൃക്കൈകളില്‍ വരദാഭയമുദ്രകളും നാന്ദകം വാള്‍,ശൂലം,ഗദ,ശംഖം,വട്ടക,കൊങ്ങു രാജാവിന്റെ ശിരസ്സ് എന്നിവ ധരിച്ചു കൊണ്ടും കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരിക്കുന്നതുമായിട്ടായിരുന്നു. ഭഗവതി അങ്ങനെ അവിടെ ഇരുന്നപ്പോള്‍ അതിലേ കടന്നുപോയ ചില ചക്കിലിയന്മാര്‍ അവരുടെ കൈവശമുണ്ടായിരുന്ന മദ്യവും മാംസവും തിരുമുല്‍ക്കാഴ്ചയായി ദേവിയുടെ തൃപ്പാദ സന്നിധിയില്‍ വച്ചു വന്ദിച്ചു. ദേവി അവയെ സസന്തോഷം സ്വീകരിക്കുകയും ആ മദ്യം സ്വല്‍പ്പം സേവിക്കുകയും മാംസം കുറച്ചെടുത്തു ഭക്ഷിക്കുകയും ചെയ്തിട്ടു ശേഷം ഉണ്ടായിരുന്നത് അവിടെ കൂടിയിരുന്ന ജനങ്ങള്‍ക്കു കൊടുക്കുകയും ജനങ്ങള്‍ അവ വാങ്ങി ദേവിയുടെ പ്രസാദമെന്നുള്ള സങ്കല്‍പ്പത്തോടു കൂടി ആസ്വദിക്കുകയും ചെയ്തു. അപ്പോഴേക്കും ദേവി അവിടെ നിന്ന് അന്തര്‍ദ്ധാനം ചെയ്തുകളകയാല്‍ ആ ദിവ്യ സ്വരൂപം അവര്‍ക്കാര്‍ക്കും പിന്നെ കാണ്മാന്‍ കഴി‍‍ഞ്ഞില്ല. അതിനാല്‍ പിന്നെ ആദേശക്കാരായ എല്ലാവരും കൂടി " ദേവിയുടെ ഈ ദിവ്യ സ്വരൂപം എന്നു കണ്ടു വന്ദിക്കാനായി ഇപ്പോള്‍ നമ്മള്‍ കണ്ടതുപോലെതന്നെ ഒരു വിഗ്രഹമുണ്ടാക്കിച്ച് ഇവിടെ പ്രതിഷ്ഠിക്കണം" എന്നു നിശ്ചയിച്ച് അപ്രകാരമൊരു വിഗ്രഹം മണ്ണുകൊണ്ടുണ്ടാക്കിച്ചു ചൂളയില്‍വെച്ചു തയ്യാറാക്കി. ആ സമയത്ത് ഒരു യോഗിനി അവിടെ വന്നു ചേരുകയും ആ ബിംബമെടുത്തുകൊണ്ടു പോയി നിശ്ചിത സ്ഥലത്തു പ്രതിഷ്ഠിക്കുകയും ചെയ്തിട്ട് ഉടന്‍തന്നെ അദൃശ്യയായി ഭവിക്കുകയും ചെയ്തു. ആ യോഗിനി ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും എങ്ങോട്ടാണ് പോയതെന്നും ആര്‍ക്കും നിശ്ചയമില്ല. പ്രതിഷ്ഠിച്ചത് പൂര്‍വ്വക്ഷേത്രത്തിന്റെ കിഴക്കുവശത്തു സ്വല്‍പം തെക്കോട്ടുമാറിയാണെന്ന് ഇപ്പോഴും എല്ലാവര്‍ക്കും കണ്ടറിയാവുന്നതുമാണ്. ഈ പ്രതിഷ്ഠ നടന്നത് കൊല്ലവര്‍ഷം 71 കുംഭമാസം 26 -ാം തിയതിയായിരുന്നു എനാണ് പറഞ്ഞുവരുന്നത്.

ബിംബപ്രതിഷ്ഠ കഴിഞ്ഞാലുടനെ ഒരു നിവേദ്യം കഴിക്കേണ്ടത് അത്യാവശ്യമാണല്ലോ. അതിനെന്താണ് വേണ്ടതെന്ന് അവിടെക്കൂടിയവരെല്ലാവരുംകൂടി ആലോചിച്ചു. അപ്പോള്‍ അവരില്‍ ദേവീഭക്തശിരോമണിയും ജ്ഞാനിയുമായിരുന്ന ഒരു നായര്‍ "ചക്കിലിയമ്മാര്‍ കൊടുത്ത മദ്യവും മാംസവും ദേവി സസന്തോഷം സ്വീകരിച്ചുവല്ലോ. അതിനാല്‍ ഇപ്പോഴും അവതന്നെ മതി" എന്നു വിധിക്കുകയും അത് എല്ലാവരും സമ്മതിക്കുകയും ചെയ്തു. ഉടനെ അപ്രകാരം വിധിച്ച ആ നായര്‍ തന്നെ പോയി കുറച്ചു മദ്യവും മാംസവും കൊണ്ടുവന്നു ദേവിക്കു നിവേദിച്ചു. നിവേദ്യം കഴിഞ്ഞതിന്റെ ശേഷം നിവേദിക്കപ്പെട്ട ആ സാധനങ്ങള്‍ അവിടെക്കൂടിയിരുന്നവര്‍ക്കെല്ലാം കുറേശ്ശെ കൊടുക്കുകയും എല്ലാരും ദേവീപ്രസാദമെന്നുള്ള സങ്കല്പത്തോടുകൂടി അവ വാങ്ങി സേവിക്കുകയും ഭക്ഷിക്കുകയും ചെയ്തു. പിന്നെ അതവിടെ പതിവായിത്തീര്‍ന്നു. ഇപ്പോഴും അവിടെ മദ്യവും മാംസവും തന്നെയാണ് പതിവ്. നിവേദിക്കുന്നത് നായന്മാരുമാണ്. എന്നാലവിടെ ചില വിഡശേഷദിവസങ്ങളിലല്ലാതെ ദിവസംതോറും പൂജ പതിവില്ല. എങ്കിലും അവിടെ രണ്ടു നേരവും വിളക്കു വെയ്ക്കുക പതിവുണ്ട്. അല്ലാതെയൊന്നുമില്ല.

എന്നാല്‍ ആദ്യമുണ്ടായതായ മൂലക്ഷേത്രത്തില്‍ അങ്ങനെയൊന്നുമല്ല. അവിടെ പതിവായി രണ്ടു നേരവും പൂജയുമുണ്ട്. അതു നടത്തുന്നതു ബ്രാഹ്മണരാണ്. അവിടെ നായന്മാര്‍ പൂജിക്കുകയും മദ്യവും മാംസവും നിവേദിക്കുകയും പതിവില്ല. അവിടത്തെ ചട്ടവട്ടങ്ങളെല്ലാം സാധാരണ ക്ഷേത്രങ്ങളിലെപ്പോലെതന്നെയാണ്. മദ്യമാംസാദികളൊന്നും ആ ക്ഷേത്രത്തിന്റെ അടുക്കലെങ്ങും കൊണ്ടുചെല്ലാന്‍ തന്നെ പാടില്ല. കൊണ്ടുചെന്നാല്‍ ക്ഷേത്രമശുദ്ധമാകുമെന്നും പിന്നെ അവിടെ ശുദ്ധികലശം മുതലായവയൊക്കെ നടത്തണമെന്നുമാണ് വെച്ചിരിക്കുനത്. അവിടെ ഭഗവതിയുടെ ചൈതന്യം സാമന്യതിലതികം കണ്ടു വരുന്നുണ്ട്. അവിടെ ഭജനമിരുന്ന്‍ ആ ദേവിയെ സേവിച്ചാല്‍ ഭേദമാകാത്ത രോഗവും ഒഴിയാത്ത ബാധയും സടിക്കാത്ത കാര്യവും ഒന്നും തന്നെയില്ലെന്ന്‍ തീര്‍ച്ചയായും പറയാം. ആ ദേവി സന്നിധിയില്‍ ഭജനമിരുന്നിട്ട് അപസ്മാരം, ഉന്മാദം, മുതലായവ ഭേദമായി സ്വസ്തതയെ പ്രപിച്ചവരായി ഇപ്പോഴും പലരുമുണ്ട്. ഈ അടുത്ത കാലത്തുതന്നെ സന്തത്യര്‍ത്തമായി അവിടെ ഭജനമിരുന്നിന്നിട്ട് സല്സന്താനങ്ങളെ ലഭിച്ചവരുടെ സംഖ്യ ഒട്ടും ചില്ലറയല്ല.

ആ ദേശക്കാര്‍ക്കു പണ്ടുണ്ടയിരുന്നത് പോലെ പരസ്പരം സ്നേഹവും വിശ്വാസവും ഐകമത്യവും ഇപ്പൊളില്ലെന്ന്‍ അവരില്‍ ചിലര്‍ പറഞ്ഞ് ഇയ്യിടെ കേട്ട്തുടങ്ങിയിട്ടുണ്ട്. എങ്കിലും ആ ദേവിക്ഷേത്രത്തില്‍ പൂര്‍വികന്മാര്‍ നടത്തിപ്പോന്നിരുന്ന അടിയന്തരങ്ങളെല്ലാം ആധുനികന്മാരും നടത്തിപോരുന്നുണ്ട്. അവിടെ ആണ്ട്തോറും പതിവായി ദേശക്കാര്‍ നടത്തിപോരുന്ന അടിയന്തരങ്ങളില്‍ പ്രധനങ്ങള്‍ മണ്ഡല വിളക്കും കൊങ്ങപ്പടയുമാണ്. മണ്ടലവിളക്ക് എന്ന് പറഞ്ഞാല്‍ വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ നാല്പത്തൊന്നു ദിവസം ക്ഷേത്രത്തില്‍ നിറമാലയും വിളക്കും നടത്തുകയാണ്. അത് വളരെ കേമമയിട്ടുള്ള ഒരടിയന്തരമാനെന്നതില്‍ സംശയമില്ല. അതിനു പണ്ടാര വിലക്കെന്നാണ് പേര് പറഞ്ഞ പോരുന്നത്. ഭക്തിരസപ്രധാനമായ ഈ അടിയന്തരത്തില്‍ ഭാരവാഹികളല്ലാത്തവരും ദേവിദര്‍ശനത്തിനായി അവിടെ വന്നു കൂടാറുണ്ട്.

കൊങ്ങപ്പട എന്നാ ആഘോഷം പണ്ട് കൊങ്ങുരാജാവ്‌ ചിറ്റൂര്‍ ദേശം പിടിച്ചടക്കാനായി സൈന്യസമേദം അവിടെ വരികയും ചിറ്റൂര്‍ ഭഗവതി അവരെ സംഹതരാക്കുകയും ചെയ്തതിന്റെ സ്മാരകമായി ആണ്ട്തോറും നടത്തിവരുന്നതും വളരെ കേമമായിട്ടുള്ളതാണ്. അതില്‍ പലവിധത്തിലുള്ള വേഷങ്ങളുടെ പുറപ്പാടും മട്ടുമുള്ളതിനാല്‍ അതു സകലരസസമ്പൂര്‍ണ്ണമായ ഒരഘോഷമാനെന്നു തന്നെ പറയാം. അതിന്റെ ഓരോ ചടങ്ങുകള്‍ കുംഭമാസത്തില്‍ ശിവരാത്രിക്ക്മുന്‍പ്‌ തുടങ്ങിയാല്‍ മീനമാസത്തിലാണ്‌ അവസനികുന്നത്. അവയെല്ലാം അറിയാനഗ്രഹിക്കുന്നവര്‍ അവിടെ ചെന്ന് കണ്ടുതന്നെ മനസ്സിലക്കുകയല്ലാതെ എഴുതി അറിയിക്കുന്ന കാര്യം അസാധ്യമാകയാല്‍ അതിനാല്‍ ഉദ്യമിക്കുന്നില്ല.

ചിറ്റൂരുനിന്ന്‍ ഏകദേശം നാലു നാഴിക അകലെ ബ്രിട്ടീഷ്‌ മലബാറില്‍ പെരുവെമ്പ് എന്നൊരു ദേശമുണ്ടല്ലോ. അവിടെ ഉണ്ടായിരുന്ന ഒരു നായര്‍ക്ക്‌ ചിറ്റൂര് ഒരു വീട്ടില്‍ സംബന്ധമുണ്ടായിരുന്നു. സംബന്ധം ചെയ്യപ്പെട്ട സ്ത്രീയുടെ വീട്ടില്‍ ധാരാളം സമ്പതുണ്ടായിരുന്നു. എന്ന് മാത്രമല്ല, ആ സ്ത്രീയെ ആ വീടിലുള്ളവര്‍ വളരെ വല്സല്യത്തോടു കൂടിയാണ് വളര്‍ത്തിയിരുന്നത്. അതിനാല്‍ ആ സ്ത്രീയുടെ മാതാപിതാക്കന്മാരും മതുലന്മാരും അമൂല്യങ്ങളായ അനേകം ആഭരണങ്ങലുണ്ടാക്കിചു കൊടുത്തിരുന്നു. ആ സ്ത്രീ മിക്ക സമയത്തും അവയെല്ലാം അണിഞ്ഞുകൊണ്ട് തന്നെയാണ് നടക്കുക പതിവ്‌. ആ സ്ത്രീക്ക് ചിറ്റൂര്‍കാവില്‍ ഭഗവതിയെ കുറിച്ച് അളവറ്റ ഭക്തിയും വിശ്വസവുമുണ്ടായിരുന്നതിനാല്‍ രണ്ടു നേരവും കാവില്‍ പോയി ദേവിയെ വന്ദിക്കുക പതിവായിരുന്നു. കാവില്‍ പോകുന്ന സമയങ്ങളില്‍ ആ സ്ത്രീ തന്റെ ആഭരണങ്ങളെല്ലാമെടുത്തു അണിയാതിരിക്കാറില്ല. സംബന്ധക്കാരനായ ആ നായര്‍ ഒരത്യഗ്രഹിയും ദുഷ്ടനുമായിരുന്നതിനാല്‍ ഈ ആഭരണങ്ങളെല്ലാംപതിവയിക്കണ്ടാപ്പോള്‍ ഇവയെല്ലാം തട്ടിക്കൊണ്ടു പോകണമെന്ന് തോന്നിത്തുടങ്ങി. അതിനാല്‍ അയാള്‍ അതിനുള്ള ഒരു കള്ളകൌശലം ആലോചിച്ചു നിശ്ചയിച്ചുകൊണ്ട് ഒരു ദിവസം ഭാര്യയോട്‌ സ്വകാര്യംയിട്ട് "നിന്നെ ഒന്ന് കാണാന്‍ വൈകിയിരിക്കുന്നതിനാല്‍ അങ്ങോട്ട്‌ കൊണ്ട് ചെല്ലണമെന്ന് എന്റെ അമ്മ എന്നോട് പറഞ്ഞു തുടങ്ങീട്ട് വളരെ ദിവസമായി. അതിനാല്‍ നമുക്ക്‌ അങ്ങോട്ടോന്നു പോകണം. അവിടെ മൂന്നു ദിവസം താമസിച്ചിട്ടു നാലാം ദിവസം നമുക്ക് മടങ്ങിപ്പോരാം. അതിനെന്താ വിരോധമുണ്ടോ ?" എന്ന് ചോദിച്ചു. അതിനുത്തരമയിട്റ്റ്‌ ഭാര്യ "ഒരു വിരോധവുമില്ല. അച്ഛനുമമ്മയും മറ്റും സമ്മതിച്ചാല്‍ നമുക്ക് നാളെത്തന്നെ പോകാം. എന്നാല്‍ മൂന്നു ദിവസം മൂന്നു ദിവസം അവിടെ താമസിക്കാന്‍ നിവൃത്തിയില്ല. എനിക്ക് പതിവായി കാവില്‍ കാവില്‍ തൊഴാന്‍ പോകണമല്ലോ.ഒരു ദിവസത്തെ തൊഴുക കഴിഞ്ഞിട്ട നമുക്ക്‌ അങ്ങോട്ട്‌ പോകാം. പിറ്റേദിവസം തോഴനീങ്ങോട്ടെത്തനം. ദേവീ ദര്‍ശനം മുട്ടിക്കുന്ന കാര്യം സങ്കടമാണ്" എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ നായര്‍ക്ക്‌ സന്തോഷമായി. അയാള്‍ ആ സ്ത്രീയുടെ മാതാപിതാക്കന്മാരോടും മറ്റും വിവരം പറഞ്ഞ് അവരെയെല്ലാം സമ്മതിപ്പിക്കുകയും പിറ്റേ ദിവസം തന്നെ സ്ത്രീ കാവില്‍പ്പോയി കുളിച്തൊഴുതു വന്നയുടനെ ഭര്‍ത്താവും ഭാര്യയും ഊണ് കഴിച്ചു വീട്ടില്‍ നിന്നു പുറപ്പെടുകയും ചെയ്തു. അപ്പോഴേക്കും ആ സ്ത്രീ അവരുടെ ആഭാരനങ്ങലെടുതനിഞ്ഞിരുന്നു എന്നുള്ളതു വിശേഷിച്ച്പറയണമെന്നില്ലല്ലോ.

ആ നായരും ഭാര്യയുംകൂടി കുറച്ചുദൂരം പോയപ്പോള്‍ വഴിക്കടുതുതന്നെ ആ നായരുടെ ഒരു സ്നേഹിതന്റെ വീടുണ്ടയിരുന്നതിനാല്‍ അവര്‍ അവിടെക്കയറി. ആ വീടുകര്‍ ഈ ദമ്പതിമാരെ അവിടെ സാദരം ക്ഷണിച്ചിരുത്തി കുഷലപ്രശ്നാനന്തരം വേദികള്‍ പറഞ്ഞ് തുടങ്ങി. പിന്നെ അവരെ ഒരു ലഘുഭക്ഷണം കഴിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും നേരം സന്ധ്യയോടടുത്തതിനാല്‍ ആ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആ വീട്ടുകാരോടു യാത്രയും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി നടന്നു. കുറച്ചു ദൂരം ചെന്നപ്പോള്‍ അവിടെ ചിറ്റൂര്‍ പുഴയായി. ചിറ്റൂര്‍ പുഴയില്‍ അക്കാലത്ത്‌ പാലമുണ്ടയിരുന്നില്ല. കഴിഞ്ഞ രാത്രിയില്‍ കലശലായിട്ടു മഴയുണ്ടയതിനാല്‍ പുഴയില്‍ വെള്ളം സ്വല്പം പെരുകിയിരുന്നു. അതിനാല്‍ നായര്‍ ഭാര്യയോട്, "പുഴയില്‍ വെള്ളം കുറച്ചധികമാനെന്നാണ് തോന്നുന്നത്. അതിനാല്‍ ഇറങ്ങിക്കടക്കാമോ എന്ന് ഞാനോന്നിറങ്ങി നോക്കട്ടെ. ഞാന്‍ മടങ്ങിവന്നിട്ടു പിന്നെ നമുക്കൊരുമിച്ചു പോകാം. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. നീ തനിച്ച് ഇവിടെ നില്‍ക്കുമ്പോള്‍ വല്ലവനും വന്ന്‍ ഈ ആഭരണങ്ങള്‍ അഴിച്ചുകൊണ്ട് പോയെങ്കില്‍ നീയെന്തു ചെയ്യും? അതുകൊണ്ട് അവയൊക്കെ അഴിച്ചു ഇങ്ങോട്ട് തന്നേക്കു. പുഴ കടന്നിട്ടു കെട്ടിയാല്‍ മതി" എന്ന് പറഞ്ഞ്. ശുദ്ധഹൃദയയായ ആ സ്ത്രീ അത് കേട്ടു സത്യമെന്നു വിചാരിച്ച് ആഭരണങ്ങളെല്ലമഴിച് വിശ്വാസപൂര്‍വം ഭര്‍ത്താവിന്റെ കയ്യില്‍ കൊടുത്തു. ദുഷ്ടനും വഞ്ചകനുമായ ആ നായര്‍ അവയെല്ലാം വാങ്ങി ഒരു മുണ്ടില്‍പൊതിഞ്ഞു കക്ഷത്തില്‍ വെച്ചുകൊണ്ടു പുഴയിറങ്ങി മറുകരയിലേക്ക് പോയി. ആ സ്ത്രീ അവിടെ വളരെ നേരം നിന്നിട്ടും നായര്‍ മടങ്ങി വന്നില്ല. നേരമേകദേശം പാതിരവോടടുത്തു. ഖോരന്ധകാരം കൊണ്ട് ദിക്കൊക്കെ മറഞ്ഞു. ഒന്നും കാണ്മാന്‍ വയ്യതെയായി, അതികടിനമായ മഴയും തുടങ്ങി. അപ്പോള്‍ ആ അമ്മയുടെ മന:സ്ഥിതി ഏതുപ്രകാരമായിരുന്നു എന്നു പറഞ്ഞറിയിക്കുന്ന കാര്യം അസാദ്ധ്യം തന്നെ. ഭീതികൊണ്ടും വ്യസനം കൊണ്ടും ആ പതിവൃത ഏറ്റവും പറവശയയിതീര്‍ന്നു എന്നു തന്നെ പറയാം. നിസ്സഹായയും ദുസ്സഹ ദു:ഖമഗ്നയുമായിതീര്‍ന്ന ആ സാധ്വി ഉടനെ തന്റെ പരദേവതയായ ഭഗവതിയെ ഭക്തിപാരവശ്യങ്ങളോട് കൂടി വിളിച് കരഞ്ഞു പ്രാര്‍ത്ഥിച്ചു തുടങ്ങി. "അയ്യോ! അമ്മെ! നിസ്സഹായയിതീര്‍ന്നിരിക്കുന്ന ഈ അഗതിയെ രക്ഷിക്കണേ. അമ്മയല്ലാതെ അടിയാണ് വേറെ ഒരു ശരനവുമില്ലേ, എന്റെ ചിറ്റൂര്‍ കാവിലമ്മേ! രക്ഷിക്കണേ, അമ്മയല്ലാതെ അടിയനു വേറെ ഒരു ശരണവുമില്ലേ, എന്റെ ചിറ്റൂര്‍ കാവിലമ്മേ! രക്ഷിക്കണേ, രക്ഷിക്കണേ" എന്നും മറ്റുമായിരുന്നു ആ അബലയുടെ വിളിയും പ്രാര്‍ത്ഥനയും അങ്ങനെ ആ സ്ത്രീ കുറച്ചുനേരം ദേവിയെ വിളിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ ഒരു സ്ത്രീ വിളക്കും കൊണ്ട് അവിടെയെത്തി. ആ സ്ത്രീയോറ്റ് “ ഇനി എന്തിന് ഇവിടെ നില്‍ക്കുന്നു? നമുക്കു വീട്ടിലേയ്ക്കു പോകാം. നേരം പാതിരാവായിരിക്കുന്നു. അയാള്‍ ഈ ഇരുട്ടിലകപ്പെട്ടു വഴിതെറ്റി എവിടെയോ പോയി നേരത്തേ അങ്ങു വരും” എന്നു പറഞ്ഞു. ആ സ്ത്രീ തന്റെ പെറ്റമ്മയാണെന്നു തോന്നുകയാല്‍ മറ്റേ സ്ത്രീ സന്തോഷിച്ച് അവരുടെ കൂടെപ്പോയി. രണ്ടുപേരും തമ്മില്‍ ഓരോ വര്‍ത്തമാനങ്നഗ്ലും പറഞ്ഞുകൊണ്ട് നടന്നു വീട്ടിലെത്തി വിളിച്ചു വാതില്‍ തുറപ്പിച്ചപ്പോള്‍ ആ സ്ത്രീയുടെ സാക്ഷാല്‍ പെറ്റമ്മ അവിടെത്തന്നെ ഉണ്ടായിരുന്നു. പുഴക്കടവില്‍ നിന്ന് ആ സ്ത്രീയെ വീട്ടില്‍ക്കൊണ്ടുചെന്നാക്കിയ അമ്മ അവരുടെ കൈയിലുണ്ടായിരുന്ന വിളക്കോടു കൂടി അപ്പോഴേയ്ക്കും അദൃശ്യയായി തീരുകയും ചെയ്തു. പിന്നെ വീട്ടിലുണ്ടായിരുന്ന സാക്ഷാല്‍ അമ്മ മകളോട് അവള്‍ ഭര്‍ത്താവിനോടുകൂടിപ്പോയിട്ടു പിന്നെയുണ്ടായ കഥകളൊക്കെ ചോദിക്കുകയും മകള്‍ എല്ലാം വിസ്തരിച്ചു പറഞ്ഞ് അമ്മയെ കേള്‍പ്പിക്കുകയും ചെയ്തു. വര്‍ത്തമാനങ്ങളെല്ലാം കേട്ടപ്പോള്‍ ആ അമ്മയ്ക്ക് ആഭരണങ്ങളെല്ലാം പോയതുകൊണ്ടുള്ള സന്താപത്തേക്കാളധികം മകള്‍ ആപത്തൊന്നും കൂടാതെ മടങ്ങി വന്നു ചേര്‍ന്നതുകൊണ്ടുള്ള സന്തോഷമാണുണ്ടായത്.

പിറ്റേദിവസം നേരം വെളുത്തപ്പോള്‍ ആ നായര്‍ ഒരു ഭ്രാന്തനെപ്പോലെ ഓടിവന്ന് ആ ആഭരണപ്പൊതി ആ വീട്ടിലിട്ടിട്ട് ഒന്നും മിണ്ടാതെ വന്നതുപോലെ ഇറങ്ങിഓടിപ്പോയി. പിന്നെ അയാളെക്കാണാനും അയാളെക്കുറിച്ച് എന്തെങ്കിലും കേള്‍ക്കാനും ആര്‍ക്കും സാധിച്ചിട്ടില്ല. നേരം കുറച്ചു പുലര്‍ന്നപ്പോഴേയ്ക്കും ഈ വര്‍ത്തമാനങ്ങളെല്ലാം കര്‍ണ്ണാകര്‍ണ്‍നികയാ ആ ദേശത്ത് എല്ലാവരുമറിഞ്ഞു. ഉടനെ എല്ലാവരും ക്ഷേത്രസന്നിധിയില്‍ കൂടി. അപ്പോഴേയ്ക്കും വെളിച്ചപ്പാടും അവിടെ എത്തുകയും ഉടനെ വെളിപാടുണ്ടാവുകയും ജനങ്ങളോട് “ നിങ്ങളാരും ഒട്ടും സംശയിക്കേന്റ, എന്നെ ഭക്തിപൂര്‍വം സേവിച്ചുകൊണ്ടിരിക്കുന്ന എന്റെ മകള്‍ എന്നെ വിളിച്ചു കരഞ്ഞപ്പോള്‍ പുഴക്കടവില്‍ ചെന്ന് അവളെ വിളിച്ചുകൊണ്ടുപോയി അവളുടെ വീട്ടിലാക്കിയതു ഞാനാണ്. ആ വഞ്ചകനെക്കൊണ്ട് ആ ആഭരണങ്ങളെല്ലാം മടക്കിക്കൊടുപ്പിച്ചതും ഞാന്‍ തന്നെ. ആ ദുഷ്ടന്റെ കഥ ഞാന്‍ കഴിച്ചിരിക്കുന്നു. അവന്റെ ശവം പോലും ആര്‍ക്കും കാണ്മാന്‍ കഴിയില്ല.” എന്നു കല്‍‌പ്പിക്കുകയും ചെയ്തു. ചിറ്റൂര്‍ക്കാവില്‍ ഭഗവതിയുടെ ഭകതവാത്സല്യം സീമാതീതമാണെന്നുള്ളതിന് ഇതും ഒരു ഉത്തമദൃഷ്ടാന്തമാണല്ലോ.

വെളിച്ചപ്പാടിന്റെ കലിയടങ്ങിയതിനു ശേഷം നാട്ടുകാരില്‍ പ്രധാനനമാരെല്ലാവരും കൂടി നടയില്‍ വച്ചു “ പെരുവെമ്പുദേശക്കാരായ നായന്മാരെക്കൊണ്ട് മേലൊരിക്കലും ചിറ്റൂര്‍ ദേശത്തു സംബന്ധം ചെയ്യിക്കാന്‍ പാടില്ല” എന്നു നിശ്ചയം ചെയ്തു. ആ നിശ്ചയത്തെ ഇപ്പോഴും ആ നാട്ടുകാര്‍ ഭേദപ്പെടുത്തിയിട്ടില്ല.

ചിറ്റൂര്‍ ഭഗവതിയുടെ ഭക്തവാത്സല്യം അപരിമിതമാണെന്നു ജനങ്ങള്‍ക്കു ബോധം വരത്തക്കവണ്ണം അവിടെ നടത്തിയിട്ടുള്ള മറ്റൊരു സംഗതി കൂടി ചുരുക്കത്തില്‍ താഴെ പറഞ്ഞുകൊള്ളുന്നു.

ചിറ്റൂരുള്ള ഒരു നായര്‍ ഗൃഹത്തിലെ ‘കുപ്പാണ്ടി’ എന്നു പേരായ ഒരു കുട്ടി ഒരു കൊല്ലം മണ്ഡലവിളക്കു കാണാനായിഒരു ദിവസം ചില കൂട്ടുകാരോടുകൂടി അമ്പലത്തിലേയ്ക്കു പോയി. കുറച്ചുനേരം വിളക്കുകണ്ടു നിന്നപ്പോള്‍ ഉറക്കം കലശലായിട്ടു വരികയാല്‍ ആ കുട്ടി വടക്കേ നടയില്‍ ഒരു സ്ഥലത്തു ചെന്നു കിടന്നു സുഖമായിട്ടുറങ്ങി. വിളക്കു കഴിഞ്ഞിട്ടും കുപ്പാണ്ടി ഉണര്‍ന്നില്ല. വിളക്കു കഴിഞ്ഞപ്പോള്‍ ആളുകളൊക്കെ പിരിഞ്ഞുപോയി. കുപ്പാണ്ടിയുടെ കൂട്ടുകാരും കുട്ടിയെ വിളിക്കാനോര്‍ത്തില്ല. കുപ്പാണ്ടി ഉണര്‍ന്നു നോക്കിയപ്പോള്‍ അവിടെയെങ്ങും ആരുമില്ലായിരുന്നു. ആ പ്രദേശമെല്ലാം അന്ധകാരപൂര്‍ണ്ണമായിരുന്നു. അതിനാല്‍ കുപ്പാണ്ടി ഏറ്റവൌം ഭയവിഹ്വലതയോടെ “അമ്മേ , അമ്മേ!” എന്നുറക്കെ വിളിച്ചുകൊണ്ട് കരഞ്ഞു തുടങ്ങി. വീട്ടില്‍ കിടന്നുറങ്ങിയാലും ഉണരുമ്പോള്‍ അടുക്കലാരെയും കണ്ടില്ലെങ്കില്‍ അമ്മയെ വിളിച്ചുകരയുക പതിവായിരുന്നു അതിവിടെയും ചെയ്തെന്നേയുള്ളൂ. എങ്കിലും കുട്ടിയുടെ അമ്മയ്ക്കു ഭഗവതിയെക്കുറിച്ച അളവറ്റ ഭക്തിയും വിശ്വാ‍സവുമുണ്ടായിരുന്നതിനാല്‍ ആ കുട്ടിയുടെ സങ്കടം ഭഗവതിയ്ക്ക് ഏറ്റവും ദുസ്സഹമായി തീര്‍ന്നു. കുപ്പാണ്ടി മേല്പ്രകാരം അമ്മയെ വിളിച്ചു കരഞ്ഞ ക്ഷണത്തില്‍ ഒരു സ്ത്രീ വിളക്കെടുത്തുകൊണ്ട് അടുക്കല്‍ ചെന്ന് “നീയെന്തിനു കരയുന്നു? നമുക്ക് വീട്ടിലേയ്ക്ക് പോകാം” എന്നു പറഞ്ഞ് ചെന്ന സ്ത്രീ സ്വന്തം അമ്മയാണെന്ന് തോന്നുകയാല്‍ ആ കുട്ടി സസന്തോഷം അവരുടെ കൂടെ പോയി. വഴിയില്‍ വച്ച് കുട്ടി “ അമ്മേ എനിക്കു കലശലായി വിശക്കുന്നു” എന്നു പറഞ്ഞതിന് മറുപടിയായിട്ട് ആ സ്ത്രീ “വീട്ടില്‍ ചെന്നാല്‍ അതിനു വല്ലതും സമാധാനമുണ്ടാക്കാം” എന്നു പറഞ്ഞു. അങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ട് അവര്‍ നടന്നു. വിളക്കു കഴിഞ്ഞ് കുപ്പാണ്ടി മടങ്ങിയെത്താനുള്‍ല നേരമായിട്ടും കുപ്പാണ്ടിയെ കാണായ്കയാല്‍ വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിഭ്രമമായി. അതിനാല്‍ അവിടെ നിന്നു ചിലര്‍ വെളിച്ചം കൊണ്ടു കുപ്പാണ്ടിയെ അന്വേഷിച്ചു പുറപ്പെട്ടു. അവര്‍ കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു സ്ത്രീ വെളിച്ചം കാണിച്ചു കുപ്പാണ്ടിയെയും കൊണ്ടു വരുന്നത് ദൂരെ വച്ചു തന്നെ കണ്ടു. അവര്‍ അടുത്തു ചെന്നപ്പോള്‍ ആ സ്ത്രീ വെളിച്ചത്തോടു കൂടി അദൃശ്യയായി തീര്‍ന്നു. കുപ്പാണ്ടി മാത്രം വഴിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതിനാലവര്‍ കുട്ടിയെയും കൊണ്ടു വീട്ടിലെത്തി. അപ്പോള്‍ കുപ്പാണ്ടിയുടെ സാക്ഷാലമ്മ വീട്ടിലുണ്ടായിരുന്നു. ആ അമ്മ കുട്ടിയോട് “ നീ ആരുടെ കൂടെയാണ് വന്നത്?” എന്നു ചോദിച്ചു. അതിനു കുട്ടിയുടെ മറുപടി, “അമ്മയല്ലേ വിളക്കും കൊണ്ടു വന്ന് എന്നെക്കൊണ്ടു പോന്നത്? പിന്നെ ഇങ്ങനെ ചോദിക്കുന്നതെന്താണ്? വഴിയില്‍ വച്ച് എനിക്കു വിശക്കുന്നു എന്നു പറഞ്ഞപ്പോള്‍ അതിനു വീട്ടില്‍ച്ചെന്നാല്‍ സമാധാനമുണ്ടാക്കാം എന്ന് അമ്മ പറഞ്ഞില്ലേ? ഇപ്പോള്‍ സമാധാനമുണ്ടാക്കാത്തതെന്താണ്?” എന്നായിരുന്നു. ഈ മറുപടി കേട്ടപ്പോല്‍ അവിടെ എല്ലാവരും വിസ്മയിക്കുകയും എല്ലാം ചിറ്റൂര്‍ക്കാവിലമ്മയുടെ മായാവിലാസം തന്നെയെന്നു തീര്‍ച്ചപ്പെടുത്തുകയും ആ ദേവിയെ ഭക്തിപൂര്‍വം മനസ്സുകൊണ്ട് നമസ്കരിക്കുകയും ചെയ്തു. പിന്നെ അവിയ്ടെയിരിപ്പുണ്ടായിരുന്ന പഴമോ പലഹാരമോ ഏതാണ്ടൊക്കെ കൊടുത്ത് കുപ്പാണ്ടിയെ സമാധാനപ്പെടുത്തിയതിന്റെ ശേഷം എല്ലാവരും കിടന്നുറങ്ങി.

ഇനി ഇപ്രകാരമല്ലെങ്കിലും മറ്റൊരു പ്രകാരം ചിറ്റൂര്‍കാവില്‍ ഭഗവതിയുടെ ഭക്തവാത്സല്യത്തിനു ദൃഷ്ടാന്തമായി അവിടെയുണ്ടായ മറ്റൊരു സംഗതി പറയാം. ചിറ്റൂര്‍ തന്നെയുള്ള വീട്ടില്‍ ‘കുപ്പുവമ്മ’ എന്നൊരു സ്ത്രീയുണ്ടായിരുന്നു. അ സ്ത്രീ നല്ല പതിവൃതയും സദ്വൃത്തയും ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയും വിശ്വാസവുമുള്ള കൂട്ടത്തിലുമായിരുന്നു. അവര്‍ക്ക് ദേശത്തുകാരന്‍ തന്നെയായ ഒരു നാരായണമേനോന്‍ സംബന്ധം ചെയ്ത് ഭരത്താവായി തീര്‍ന്നു. അയാള്‍ പ്രകൃത്യാ ഒരു വിടനായിരുന്നു. അതിനാലയാള്‍ ആ ദേശത്തു തന്നെയുള്ള മറ്റൊരു സ്ത്രീയില്‍ അനുരക്തനായി തീരുകയും ആ സ്ത്രീയ്ക്കും സംബന്ധം ചെയ്‌വാന്‍ ഉത്സാഹിച്ചു തുടങ്ങുകയും ചെയ്തു. ആ ഉത്സാഹം മുറുക്കമായപ്പോല്‍ ആ സ്ത്രീ അയാളോട് “ നിങ്ങള്‍ക്കിപ്പോള്‍ ഒരു ഭാര്യയുണ്ടല്ലോ, ഇനി ഒരു സംബന്ധം കൂടി ചെയ്യുന്നത് ന്യായമല്ല.എനിക്ക് സപത്നിയായിരിക്കാന്‍ മനസ്സുമില്ല. എന്നു മാത്രമല്ല. ആ സംബന്ധമുള്ളപ്പോള്‍ നിങ്ങള്‍ ഈ പടിക്കകത്ത് കടക്കാന്‍ തന്നെ പാടില്ല.” എന്നു പറഞ്ഞു. അപ്പോള്‍ ആ മേനോന്‍ “എന്നാലീസ്സംബന്ധം ഇപ്പോള്‍ തന്നെ മതിയാക്കിയേക്കാം” എന്നു പറഞ്ഞു പിരിഞ്ഞു. അന്നു രാത്രി ഏകദേശം പത്തുമണിയായപ്പോള്‍ കുപ്പുവമ്മയുടെ വീട്ടിലെത്തി. ആ സാധ്വി ശുദ്ധമേ കുലടയാണെന്ന് തനിക്ക് അറിവുകിട്ടിയിരിക്കുന്നു എന്നും അതിനാല്‍ താന്‍ സംബന്ധം മതിയാക്കിയിരിക്കുന്നു എന്നും മറ്റും പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങിപ്പോയി. ഇതൊക്കെ കേള്‍ക്കുകയും ഭര്‍ത്താവ് കലഹിച്ച് ഇറങ്ങിപ്പോവുകയും ചെയ്തപ്പോള്‍ കുപ്പുവമ്മയ്ക്കു ദുസ്സഹമായ ദുഃഖമുണ്ടായി എന്നുള്ളത് പറയണമെന്നില്ലല്ലോ. അവര്‍ കണ്ണീരൊലിപ്പിച്ച് കരഞ്ഞുകൊണ്ട് “ എന്റെ ചിറ്റൂര്‍ക്കാവിലമ്മേ! ഈ അപവാദം പരസ്യപ്പെടുത്താനിടയാകാതെ എന്നെയും എന്റെ ഭര്‍ത്താവിനെയും രക്ഷിക്കണേ” എന്നു പ്രാര്‍ത്ഥിച്ചു. മേനോന്‍ ആ വീട്ടില്‍ നിന്നിറങ്ങി കുറേ ദൂരം പോയപ്പോള്‍ ചില ഭയങ്കരമൂര്‍ത്തികള്‍ അയാളെത്തടുത്തു ഭയപ്പെടുത്തി തിരിയെ ഓടിച്ചു ഭാര്യാഗൃഹത്തില്‍ കൊണ്ടുചെന്നാക്കി. അയാള്‍ അവിടെ ചെന്ന് ആരോടും മിണ്ടാതെ അകത്തുകയറിക്കിടന്നു.

പിറ്റേദിവസം കാലത്തു കുപ്പുവമ്മ പതിവുപോലെ കുളിച്ചുതൊഴാനായിട്ടു കാവിലെത്തി. പിന്നാലെ നാരായണമേനോനും അവിടെ ചെന്നു ചേര്‍ന്നു. അപ്പോള്‍ വെളിച്ചപ്പാട് അവിടെ വരികയും ഉടനെ വെളിപാടുണ്ടാവുകയും ചെയ്തു. വെളിച്ചപ്പാട് മേനവനോട് “ എന്റെ ഭക്തയും സദ്വൃത്തയുമായിരിക്കുന്ന മകളെക്കുറിച്ച് ഇന്നലെ അപവാദങ്ങള്‍ പറഞ്ഞു രാത്രിയില്‍ അവിടെ നിന്നിറങ്ങിപോയിട്ടു മടങ്ങി അങ്ങോട്ടു തന്നെ ചെന്നതെന്താണ്? വഴിയില്‍ വച്ചു തടുത്തതും മടക്കി അയച്ചതും എന്റെ പരിവാരങ്ങളാണ്. ഇനിയൊരിക്കല്‍ ഇങ്ങനെ പരയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താലവര്‍ എന്റെ മകനെ ചീന്തി ചോര കുടിക്കും. ഓര്‍മ്മ ഉണ്ടായിരിക്കട്ടെ” എന്നു കല്‍‌പ്പിച്ചു. അതുകേട്ടു മേനോന്‍ ഏറ്റവും ഭയത്തോടും ഭക്തിയോടും കൂടി, “പൊന്നമ്മേ! സമസ്താപരാധങ്ങളും പൊറുത്തു രക്ഷിക്കണം. ഇനി ഒരിക്കലും അങ്ങനെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്കയില്ല.” എന്നുണര്‍ത്തി. ഉടനെ വെളിച്ചപ്പാട് “ നല്ല നിശ്ചയമുണ്ടെങ്കില്‍ എന്റെ ആയുധം തൊട്ട് അങ്ങനെ സത്യം ചെയ്യുക” എന്നു കല്‍‌പ്പിച്ചിട്ട് നാന്ദകം വാള്‍ നീട്ടി കാണിച്ചു. ഉടനെ പള്ളിവാള്‍ തൊട്ടുംകൊണ്ട് “ ഞന്‍ ഇന്നലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതുപോലെ ഇനി ചെയ്കയില്ല.” എന്നു സത്യം ചെയ്തു. ഉടനെ വെളിച്ചപ്പാടിന്റെ കലി അടങ്ങുകയും ല്ലാവരും പിരിഞ്ഞുപോവുകയും ചെയ്തു. കുപ്പുവമ്മയ്ക്ക് അപ്പോളുണ്ടായ സന്തോഷവും മേനോനുണ്ടായ ലജ്ജയും എത്രമാത്രമായിരുന്നെന്ന് പറയുവാന്‍ പ്രയാസം. മേനോന്‍ പിന്നെ വിടത്വം വിട്ടു കുപ്പുവമ്മയുടെ സംബന്ധം മുറയ്ക്കു നടത്തിക്കൊണ്ടിരുന്നു.

പണ്ടു ചിട്ടൊരുണ്ടായിരുന്ന പരദേശബ്രാഹ്മണര്‍ക്ക് (പട്ടന്മാര്‍ക്ക്) ആ കാവിലെ ഭഗവതിയെക്കുറിച്ച് ഭക്തിയുണ്ടായിരുന്നില്ല. എന്നു മാത്രമല്ല കുറെശ്ശെ പുച്ഛമുണ്ടായിരിക്കുകയും ചെയ്തു. അവിടെയുള്ള ഈ ക്ഷേത്രത്തിലെ ഭഗവതിക്കു മദ്യവും മാംസവും നിവേദിക്കുകയും നായന്മാര്‍ പൂജ കഴിക്കുകയും ചെയ്യുന്നതുകൊണ്ടായിരുന്നു അവര്‍ക്ക് പുച്ഛം. അവിടെയുള്ള ലങ്കേശ്വരം ഗ്രാമത്തിലെ ശിവനെ മാത്രമേ അവര്‍ വന്ധിച്ചിരുന്നുള്ളൂ. ആ ശിവക്ഷേത്രത്തില്‍ വേണ്ടുന്ന കാര്യങ്ങളെല്ലാം അവര്‍ കൂടി ശ്രമിച്ചു നടത്തിയിരുന്നു എന്നല്ല, ഇപ്പോഴും നടത്തുന്നുമുണ്ട്. ആ ശിവക്ഷേത്രത്തില്‍ ആണ്ടുതോറും ധനുമാസത്തില്‍ തിരുവാതിരനാള്‍ പതിവുള്ള രഥോത്സവത്തില്‍ ഊരുവലത്തിനു രഥം വലിച്ചുകൊണ്ടു പോവുകതന്നെ ഈ ബ്രാഹ്മണന്മാരാണ് പതിവ്.

ഒരാണ്ടില്‍ ഊരുവലത്തിനു രഥം വലിച്ചുകൊണ്ട് ഭഗവതിക്ഷേത്രത്തിന്റെ വടക്കേ നടയിലെത്തിയപ്പോള്‍ അവിടെ റോഡില്‍ നിന്നിരുന്ന ദേവീഭക്തന്മാരായ ചില നായന്മാരോട് ഒരു പട്ടര്‍ “ നിങ്ങളുടെ കള്ളുകുടിക്കുന്ന തള്ളയ്ക്ക് ശക്തിയുണ്ടെങ്കില്‍ ഈ രഥം ഇവിടെയിന്നിളകാതെ ഇവിടെ നിര്‍ത്തട്ടെ” എന്നു പറഞ്ഞു. ഉടനെ തേരവിടെ നിന്നു. അവിടെ നിന്നും രഥം ഇളക്കിക്കൊണ്ടു പോകുന്നതിന് ആ ദേശത്തുണ്ടായിരുന്ന ബ്രാഹ്മണരെല്ലാവരും കൂടി ഉന്തിയും തള്ളിയും പിടിച്ചും വലിച്ചും വളരെ ശ്രമിച്ചു നോക്കി. എങ്കിലും രഥം അവിടെ നിന്ന് കടുകിട മാറിയില്ല. പിന്നെ അവര്‍ ആനകളെ കൊണ്ടു വന്ന് തള്ളിച്ചു നോക്കി. നാലഞ്ചു വലിയ ആനകള്‍ മസ്തകം വെച്ചു തള്ളിയിട്ടും മസ്തകം പൊട്ടി ചോരയൊലിച്ചു തുടങ്ങിയതല്ലാതെ തേരു ലേശം പോലും ഇളകിയില്ല. എന്നു മാത്രമല്ല ദേവിയെ നിന്ദിച്ചു പറഞ്ഞ ആ പട്ടര്‍ക്കും അപ്പോഴേയ്ക്കും ശ്വാസം മുട്ടി വയര്‍ വീര്‍ത്തു തുടങ്ങി. അദ്ദേഹത്തിനു അവിടെ നില്ക്കാന്‍ വയ്യാതെയായിട്ട് അദ്ദേഹം മഠത്തിലേക്കു പോയി. അപ്പോഴേക്കും സുഖക്കേടുകള്‍ കുറച്ചുകൂടി കലശലായി. മലവും മൂത്രവും പോകാതെയും വീര് പ്പുമുട്ടിയും വയര്‍ വീര്ത്തും കുളിച്ചപോലെ ദേഹം വിയര്ത്തും പട്ടര്‍ ഏറ്റവും പരവശനായി നിലത്തു കിടന്ന് ഉരുണ്ടു തുടങ്ങി. ചെന്നു കണ്ടവര് ക്കൊക്കെ അദ്ദേഹം അപ്പോള്‍ മരിക്കുമെന്നു തോന്നി. അപ്പോല്‍ ചിലര്‍ “ഇതു ഭഗവതിയെ നിന്ദിച്ചു പറഞ്ഞതിന്റെ ഫലമാണ്. അവിടെത്തന്നെ ചെന്നപേക്ഷിച്ചാലല്ലാതെ ഇനിനു സമാധാനമുണ്ടാവുകയില്ല” എന്നു പറഞ്ഞു. ഉടനെ ആ പട്ടരുടെ ബന്ധുക്കളായ ചിലര്‍ കാവിലേക്ക് ഓടിപ്പോയി. അവര്‍ നടയില് ച്ചെന്ന് അപേക്ഷിച്ചു. ഉടനെ വെളിച്ചപ്പാട് അവിടെ വരികയും വെളിപാടുണ്ടാവുകയും ചെയ്തു. അപ്പോള്‍ അവിടെച്ചെന്നിരുന്നവര്‍ “പൊന്നുതമ്പുരാട്ടീ! സര് വ്വാപരാധങ്ങളും പൊറുത്തു രക്ഷിക്കണം. അയാള്‍ അറിവില്ലായ്കകൊണ്ട് അങ്ങനെയൊക്കെ പറഞ്ഞതാണ്” എന്നുണര് ത്തിച്ചു. അപ്പോള്‍, “എന്നെ നിന്ദിച്ചതുകൊണ്ട് എനിക്കൊന്നുമില്ല. ആ വാക്കുകള്‍ എന്റെ ഭക്തന്മാരായ മക്കള് ക്കു വലിയ സങ്കടമുണ്ടാക്കി. അതാണ് എനിക്ക് ദുസ്സഹദുഃഖകാരണമായിത്തീര് ന്നത്. രഥം പിടിച്ചു നിര് ത്തിയിരിക്കുന്നത് എന്റെ പരിവാരങ്ങളാണ്. അവര് ക്ക് എന്നെ നിന്ദിച്ച ആ ആളുടെ പുത്രനെ വെട്ടി ബലികൊടുത്തല്ലാതെ രഥം ഇളകുകയും ഈ ആളുകളുടെ സുഖക്കേടു മാറുകയുമില്ല. അങ്ങനെ ചെയ്തില്ലെങ്കില്‍ ആ ആളുകളുടെ കഥ ഇന്നു കഴിയും” എന്നാണു കല്പനയുണ്ടായത്. ഈ കല്പന കേട്ടപ്പോള്

ആ ബന്ധുജനങ്ങള്ക്ക് അളവറ്റ സങ്കടമുണ്ടായി. ആ ബ്രാഹ്മണനു പുരുഷസന്താനമായിട്ട് ഈ ഒരു കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. ആ കുട്ടിയുടെ കഥ കഴിക്കുക എന്നുള്ള കാര്യം അവര്

ക്ക് എങ്ങനെ സഹ്യമായിത്തീരും? എങ്കിലും പിന്നെ അവര്ക്ൿ ഒന്നു തോന്നി. അതെങ്ങനെയെന്നാല്‍ “കല്പന പോലെ ചെയ്യാതെയിരുന്നാല്‍ ഒരു സമയം അച്ഛന്റേയും മകന്റേയും കഥ കഴിഞ്ഞുപോയി എന്നു വന്നേക്കാം. മകന്‍ പോയാലും അച്ഛന്‍ ജീവിച്ചിരുന്നാല്‍ ഭഗവതിയുടെ കൃപകൊണ്ട് അദ്ദേഹത്തിനു പിന്നെയും പുത്രന്മാരുണ്ടാകാം.” ഇങ്ങനെ അവര്‍ ആലോചിച്ചു നിശ്ചയിച്ചു മഠത്തില്ച്ചെന്ന് ആ സുഖക്കേടായിക്കിടന്നിരുന്ന ബ്രാഹ്മണനോടും ഈ സംഗതികളെല്ലാം പറഞ്ഞു. അവര്‍ പറഞ്ഞതെല്ലാം അദ്ദേഹവും സമ്മതിച്ചു. അപ്പോഴേക്കും അദ്ദേഹത്തിനു കുറച്ചു സുഖമായി. പിന്നെ അവരെല്ലാവരുംകൂടി കുട്ടിയെയുംകൊണ്ടു ക്ഷേത്രത്തിലെത്തി. അപ്പോഴും വെളിച്ചപ്പാടിന്റെ കലി അടങ്ങിയിട്ടില്ലായിരുന്നു. വെളിച്ചപ്പാട് ഇവരെക്കണ്ടപ്പോള്‍ “എന്താ ഞാന്‍ പറഞ്ഞതുപോലെ ചെയ്‌വാന്‍ സമ്മതമാണോ?” എന്നു ചോദിച്ചു. അപ്പോള്‍ സുഖക്കേടായിരുന്ന ആ ബ്രാഹ്മണന്‍ “പൂര് ണ്ണസമ്മതമാണ്, കല്പനപോലെ ചെയ്യാം, കുട്ടിയെ ഇതാ കൊണ്ടുവന്നിട്ടുണ്ട്” എന്നറിയിച്ചു. അതുകേട്ട് വെളിച്ചപ്പാട് ഒന്നു ചിരിച്ചിട്ട് “മതി, ഇത്രയും മതി. ഇനി നരബലി വേണ്ട. അതു ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ഈ നരബലിക്കു പകരം ഒരു മൃഗബലി മതി. ഒരാടിനെ കൊണ്ടുവന്ന് ആ സ്ഥലത്തുവെച്ചു വെട്ടി എന്റെ പരിവാരങ്ങള്ക്കു ബലി കൊടുത്താല്‍ രഥമിളകി മുറയ്ക്കു പൊയ്ക്കൊള്ളും എന്നാല്‍ ആണ്ടുതോറും രഥമിവിടെ വരുമ്പോള്‍ അപ്രകാരം ചെയ്തുകൊള്ളണം. അങ്ങനെ ചെയ്യാതിരുന്നാല്‍ ഇപ്രകാരം ദുര്ഘടമായിത്തീരും” എന്നു കല്പിച്ചു. ഉടനെ ആ ബ്രാഹ്മണന്‍ പോയി ഒരാടിനെക്കൊണ്ടുവന്നു ദേവിയുടെ പരിവാരമൂര്ത്തികള്ക്കെന്നു സങ്കല്പിച്ച് ആ സ്ഥലത്തുവെച്ചു വെട്ടിച്ചു. തല്ക്ഷണം രഥമിളകിപ്പോവുകയും ആ പട്ടര്ക്കു സുഖമാവുകയും ചെയ്തു. ആ ദേശത്തു താമസക്കാരായിരുന്ന പരദേശബ്രാഹ്മണര്ക്ക് ആ ഭഗവതിയെക്കുറിച്ചുണ്ടായിരുന്ന പുച്ഛമെല്ലാം അസ്തമിച്ചു. അവര്‍ വലിയ ദേവീഭക്തന്മാരായിത്തീരുകയും ചെയ്തു. ഇപ്പോഴും ആണ്ടുതോറും രതോത്സവത്തില്‍ രഥം വടക്കേനടയില്‍ വരുമ്പോള്‍ അവിടെവെച്ച് ഒരാടിനെ വെട്ടുക പതിവാണ്.

ഭക്തിഹീനന്മാരും ദുഷ്ടന്മാരുമായ ആളുകളെ നല്ലപാഠം പഠിപ്പിച്ചു ഭക്തന്മാരും ശിഷ്ടന്മാരുമാക്കിത്തീര്ക്കുന്നതിനു ചിറ്റൂര്കാവില്‍ ഭഗവതിക്കുള്ള വൈഭവം അപരിമിതം തന്നെയാണ്. ചിറ്റൂര്കാവില്‍ ആണ്ടുതോറും കൊണ്ടപ്പട എന്നൊരാഘോഷം നടത്തുക പതിവാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതു നടത്തുന്നതിനു ദേശക്കാരെല്ലാവരുംകൂടി നാലുവീട്ടില്‍ മേനോന്മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവര്‍ അതിലേക്കു വേണ്ടുന്ന പണം ദേശക്കാരില് നിന്നു പിരിച്ചെടുത്താണ് അതു നടത്തുക പതിവ്. പണം കൊടുക്കാന്‍ നിവൃത്തിയില്ലാത്തവര്‍ അവിടെ ആവശ്യമുള്ള ഊഴിയവേല എന്തെങ്കിലും ചെയ്താലും മതിയെന്നും വെച്ചിട്ടുണ്ട്. ഊഴിയവേല ചെയ്യാതെയും പണം കൊടുക്കാതെയുമിരിക്കുന്നവരുടെ വീടുകളില്‍ നിന്ന് അവര്‍ കൊടുക്കേണ്ടുന്ന പണത്തോളം വിലവരുന്ന എന്തെങ്കിലും സാധനങ്ങള്‍ എടുത്തുകൊണ്ടുപോരുന്നതിനും ആ മേനോന്മാരെ ദേശക്കാരധികാരപ്പെടുത്തീട്ടുണ്ട്.

ഇങ്ങനെയിരിക്കെ ഒരാണ്ടില്‍ ചില വീട്ടുകാര്‍ ഊഴിയവേലകള്ക്കു ചെല്ലുകയും പണം കൊടുക്കുകയും ചെയ്തില്ല. അതിനാല്‍ നാലുവീട്ടില്‍ മേനോന്മാര്‍ ആ വീടുകളില്‍ ചെന്നു ചില സാധനങ്ങള്‍ എടുത്തുകൊണ്ടുപോന്നു. ആ വീട്ടുകാര്‍ ഈ മേനോന്മാരുടെ പേരില്‍ ഭവനഭേദനത്തിനും കയ്യേറ്റത്തിനുമായി മജിസ്ട്രേട്ടുകോര്‍ട്ടില്‍ അന്യായം കൊടുത്തു. കേസ്സുവിചാരണദിവസം കാലത്തു കാവില്‍ വെളിച്ചപ്പാടു ചെല്ലുകയും വെളിപാടുണ്ടാവുകയും ചെയ്തു. ഉടനെ മജിസ്ട്രേട്ടിനെ ഗ്രഹിപ്പിച്ചു. അതുകേട്ട് മജിസ്ട്രേട്ട് “എനിക്ക് അവിടെ വന്നിട്ടു കാര്യമൊന്നിമില്ല, എനിക്കു ജോലി കച്ചേരിയിലാണ്‌” എന്നു പറഞ്ഞ്ഞ്ഞയച്ചു. പിന്നെയും കല്പിച്ചാളെ അയച്ചു. അപ്പോഴേക്കും മജിസ്ട്രേട്ട് കച്ചേരിക്കു പോകാനായി വണ്ടിയില്‍ കയറി യാത്രയായിരിക്കഴിഞ്ഞു. മജിസ്ട്രേട്ടിന്റെ വണ്ടി എകദേശം ക്ഷേത്രനടക്കലായപ്പോളാണ്‌ മൂന്നാമത്തെ ആള്‍ ചെന്നു പറഞ്ഞത്. ഉടനെ മജിസ്ട്രേട്ട് കോപത്തോടുകൂടി “ഇതൊരു നാശമായിത്തീര്‍ന്നല്ലോ” എന്നു പറഞ്ഞു വണ്ടിയില്‍നിന്നിറങ്ങി വെളിച്ചപ്പാടിന്റെ അടുക്കല്‍ ചെന്ന് “എന്താണ് എന്നെ വിളിപ്പിച്ചത്? എന്നെക്കൊണ്ട് ഇവിടെ എന്താ കാര്യം?” എന്നു ചോദിച്ചു. ഉടനെ വെളിച്ചപ്പാട് “എന്റെ മക്കളുടെ പേരില്‍ ഉടയതിന്റെ അടുക്കല്‍ (വെളിപാടുണ്ടായാല്‍ ദേശക്കാരെ മക്കളെന്നും ഉദ്യോഗസ്ഥന്മാരെ ഉടയതെന്നുമാണ് അവിടെ പറയുക) ഒരു പരാതി വന്നിട്ടുണ്ടല്ലോ; ആ കാര്യം ഞാനിവിടെ തീര്‍ച്ചയാക്കിക്കൊള്ളാം. ഉടയത് അതിനൊന്നും ചെയ്യണമെന്നില്ല” എന്നു കല്പിച്ചു. അപ്പോള്‍ മജിസ്ട്രേട്ട്, “ഇങ്ങനെയുള്ള കാര്യങ്ങള്‍ തീര്‍ച്ചയാക്കാന്‍ ഇവിടെ അധികാരമുണ്ടെന്നു ഞാനറിഞ്ഞിട്ടില്ല. അങ്ങനെ വല്ല തീട്ടൂ‍രമോ ഉത്തരവോ ഉണ്ടെങ്കില്‍ അതു കാണിക്കണം. അല്ലെങ്കില്‍ ന്യായം പോലെ ഞാന്‍ തീര്‍ച്ചയാക്കും” എന്നു പറഞ്ഞിട്ടു വണ്ടിയില്‍ക്കയറിപ്പോയി. കുറച്ചുദൂരം പോയപ്പോള്‍ വണ്ടിയുടെ അച്ചുതണ്ട് ഒടിയുകയും മജിസ്ട്രേട്ട് താഴെ വീഴുകയും ചെയ്തു. മജിസ്ട്രേട്ടിനു വലിയ കേടൊന്നും പറ്റിയില്ല. കാലിനു സ്വല്പം പരുക്ക് പറ്റിപ്പോയതേയുള്ളൂ. വണ്ടിക്കു കേടും കാലിനു പരുക്കും പറ്റിയപ്പോഴേക്കും മജിസ്ട്രേട്ടിനു കോപം കലശലായി. “നാലുവീട്ടില്‍ മേനോന്മാരെ ഇതിനാലെ നല്ല പാഠം പഠിപ്പിച്ചേക്കാം” എന്നു തീര്‍ച്ചപ്പെടുത്തിക്കൊണ്ട് ഒരുവിധം നടന്നു കച്ചേരിയിലെത്തി. അപ്പോഴേക്കും അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് ഒരാള്‍ ഓടി കച്ചേരിയിലെത്തി വീട്ടില്‍ എല്ലാവര്‍ക്കും വിഷൂചിക തുടങ്ങിയിരിക്കുന്നുവെന്നും ക്ഷണത്തില്‍ വീട്ടിലേയ്ക്കു ചെല്ലണമെന്നും ഗ്രഹിപ്പിച്ചു. ഉടനെ മജിസ്ട്രേട്ട് കച്ചേരിയില്‍നിന്നിറങ്ങി പതുക്കെപ്പതുക്കെ നടന്നു വീട്ടിലെത്തി. അപ്പോളവിടെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഭാര്യയുടെ അമ്മയും ഭൃത്യന്മാരുമെല്ലാം അതിസാരവും ഛര്‍ദ്ദിയും ഉരുണ്ടുകേറ്റവും കലശലായിട്ട് ഉറക്കെ നിലവിളിച്ചുകൊണ്ടു കിടന്നുരുളന്നതായിട്ടാണ് അദ്ദേഹം കണ്ടത്. ഈ കാഴ്ച കണ്ടപ്പോള്‍ത്തന്നെ മജിസ്ട്രേട്ടിന്റെ കോപമൊക്കെപ്പോയി താപം മനസ്സില്‍ നിറഞ്ഞു. എന്നു മാത്രമല്ല, അദ്ദേഹത്തിനു വയറടച്ചു വീര്‍ക്കുകയും കുറേശ്ശെ ഓക്കാനം വന്നുതുടങ്ങുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സ്നേഹിതന്‍ “ഇത് ആകപ്പാടെ കണ്ടിട്ട് ചിറ്റൂര്‍കാവില്‍ ഭഗവതിയുടെ മായാപ്രയോഗമാണെന്നാണ് തോന്നുന്നത് അതിനാല്‍ ദേവിയെത്തന്നെ ശരണം പ്രാപിക്കണം. നമുക്കു കാവിലേക്കു പോകാം. ഞാന്‍ കൂടെ വരാം” എന്നു പറഞ്ഞു. മജിസ്ട്രേട്ട് അതു സമ്മതിക്കുകയും അവര്‍ രണ്ടുപേരുംകൂടി കാവിലേക്കു പോകുകയും ചെയ്തു. അവരവിടെ ചെന്നപ്പോഴും വെളിച്ചപ്പാടു തുള്ളിക്കൊണ്ടുതന്നെ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. വെളിച്ചപ്പാടു മജിസ്ട്രേട്ടിനെ കണ്ടപ്പോള്‍ “ഉടയതിന് ഇവിടെ വന്നിട്ടു കാര്യമൊന്നുമില്ലെന്നല്ലേ കാലത്തു പറഞ്ഞത്? ഇപ്പോള്‍ കാര്യമുണ്ടായോ? എന്നു ചോദിച്ചു. ഉടനെ മജിസ്ട്രേട്ട് “ഒന്നുതമ്പുരാട്ടീ! ലോകമാതാവേ! സമസ്താപരാധങ്ങളും പൊറുത്തു രക്ഷിക്കണേ; ഇവിടുന്നല്ലാതെ ഇയ്യുള്ളവര്‍ക്കു വേറെ ഒരു ശരണവുമില്ല” എന്നു പറഞ്ഞുകൊണ്ട് അവിടെ വീണു നമസ്ക്കരിച്ചു. അപ്പോള്‍ വെളിച്ചപ്പാട് ഒരു പിടി ഭസ്മം വാരി മജിസ്ട്രേട്ടിന്റെ തലയിലിട്ടിട്ട് “ആട്ടെ, ഈ പ്രാവശ്യം ഞാന്‍ ക്ഷമിച്ചിരിക്കുന്നു. ഇനി ഇങ്ങനെ വരരുത്, പൊയ്ക്കൊള്ളു. ഇനി ഒട്ടും ഭയപ്പെടുകയും സംശയിക്കുകയും വേണ്ട. എല്ലാവര്‍ക്കും ഇപ്പോള്‍ സുഖമാകും” എന്നു കല്പിക്കുകയും വീട്ടില്‍ കിടക്കുന്നവരുടേയും തലയിലിടാനായി ഒരു പിടി ഭസ്മം അങ്ങോട്ടു കൊടുത്തയയ്ക്കുകയും ചെയ്തു. വെളിച്ചപ്പാടു ഭസ്മമിട്ടപ്പോള്‍ത്തന്നെ മജിസ്രേട്ടിനു സുഖമായി. കൊടുത്തയച്ച ഭസ്മംകൊണ്ടു തലയിലിട്ടപ്പോള്‍ വീട്ടില്‍ കിടന്നിരുന്നവര്‍ക്കും സുഖമായി. മജിസ്ട്രേട്ടും വീട്ടില്‍ കിടന്നിരുന്നവരുമെല്ലാം പിറ്റേദിവസം കുളിച്ചു കാവില്‍ച്ചെന്നു തൊഴുതു പല വഴിപാടുകളും കഴിച്ചു. അന്നു മജിസ്ട്രേട്ട് നടയ്ക്കുവെച്ച സ്വര്‍ണ്ണമാല ഇപ്പോഴും അവിടെ കാണ്മാനുണ്ട്. ആ മജിസ്ട്രേട്ടിനു പിന്നെ ആജീവനാന്തം ആ ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. ചിറ്റൂര്‍കാവില്‍ ഭഗവതിയുടെ പ്രതിഷ്ഠ രണ്ടു സ്ഥലത്തുണ്ടെന്നും അവയില്‍ ഒരു സ്ഥലത്തു ശാന്തി (പൂജ) നടത്തുന്ന്ത ബ്രാഹ്മണന്മാരാണെന്നും അവിടെ എല്ലാ ദിവസങ്ങളിലും പൂജ പതിവുണ്ടെന്നും മറ്റേ സ്ഥലത്തു ചൊവ്വ, വെള്ളി ഈ ആഴ്ചകളില്‍ മാത്രമേ പൂജയുള്ളൂ എന്നും അതു നടത്തുന്നതു നായന്മാര് (കുളങ്ങര വീട്ടുകാര്‍) ആണെന്നും മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.

ഒരു കാലത്ത് ആ താലൂക്കില്‍ താസില്‍ദാരും മജിസ്ട്രേട്ടുമായിരുന്ന ഉദ്യോഗസ്ഥന്‍ ഒരു ഞായറാഴ്ചദിവസം ക്ഷേത്രത്തില്‍ തൊഴാനായിച്ചെന്നപ്പോള്‍ അവിടെ ഒരു ശ്രീകോവില്‍ തുറക്കാതെയും വിളക്കു വെയ്ക്കാതെയും കിടക്കുന്നതുകണ്ടിട്ട് അതിന്റെ കാരണവും അവിടുത്തെ പതിവുമെല്ലാം ചിലരോടു ചോദിച്ചറിയുകയും “ഇവിടെ നായരുടെ ശാന്തി മാറ്റുകയും മംഗലാപുരത്തുനിന്ന് എമ്പ്രാന്മാരെ വരുത്തി ശാന്തിക്കാക്കുകയും പൂജ ദിവസംതോറും തന്നെ ആക്കുകയും ചെയ്യേണ്ടതാണ് എന്നു മനസ്സില്‍ വിചാരിക്കുകയും ചെയ്തുകൊണ്ടു മടങ്ങിപ്പോയി.

അടുത്ത ചൊവ്വാഴ്ചദിവസം വെളിച്ചപ്പാടു ക്ഷേത്രത്തില്‍ച്ചെല്ലുകയു ഉടനെ വെളിപാടുണ്ടാവുകയും ചെയ്തു. അപ്പോള്‍ താസീല്‍ദാരും അവിടെയെത്തി വിനയാദരഭാവത്തോടുകൂടി ഒതുങ്ങിനിന്നു. അതുകണ്ടു വെളിച്ചപ്പാട് താസില്‍ദാരുടെ അടുക്കല്‍ച്ചെന്ന് “ഉടയനിതു ഞാനോ നാട്ടുകാരോ വേണ്ടത്?” എന്നു ചോദിച്ചു. അതിനു മറുപടിയായിട്ടു താസീല്‍ദാര്‍ “രണ്ടും വേണം” എന്നു പറഞ്ഞു. അപ്പോള്‍ വെളിച്ചപ്പാട് “എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ത്തന്നെ ഇരുന്നാല്‍ മതി. പരദേശികളെക്കൊണ്ട് ദിവസം തോറും പൂജ നടത്തിച്ചാല്‍ ഞാനിവിടെ ഇല്ലാതെയാകും” എന്നു കല്പിച്ചു. അതു കേട്ടപ്പോള്‍ താസില്‍ദാര്‍ താനാരോടും പറയാതെ മനസ്സില്‍ വിചാരിക്കുകമാത്രം ചെയ്ത് കാര്യം ദേവി അറിഞ്ഞുവല്ലോ എന്നു വിചാരിച്ചു വിസ്മയിക്കുകയും അദ്ദേഹത്തിനു ഭഗവതിയെക്കുറിച്ചു മുമ്പുണ്ടായിരുന്ന ഭക്തിയും വിശ്വാസവും ദ്വിഗുണീഭവിക്കുകയും ചെയ്തു. ഭഗവതിയുടെ ഹിതത്തിനു വിരോധമായി താന്‍ വിചാരിച്ചുപോയല്ലോ എന്നു വിചാരിച്ച് അദ്ദേഹം അതിനു പ്രായശ്ചിത്തമായി അവിടെ ചില വഴിപാടുകള്‍ നടത്തുകയും ചെയ്തിട്ടാണ് മടങ്ങിപ്പോയത്.

കൊല്ലം 1068-59 ആയിടയ്ക്ക് ചിറ്റൂര്‍ദേശത്ത് നടപ്പുദീനം (വിക്ഷൂചിക) കുറേശ്ശേ ആരംഭിച്ചു. ആദ്യം അതിനെ ആരും അത്ര വകവെച്ചില്ല. ക്രമേണ അതു ജനങ്ങളുടെ മേല്‍ പടര്‍ന്നുപിടിച്ചു. ദിവസംതോറും മരണം വര്‍ദ്ധിച്ചുതുടങ്ങി. അപ്പോള്‍ ജനങ്ങള്‍ കൂട്ടംകൂടി ക്ഷേത്രനടയില്‍ച്ചെന്ന് “പൊന്നമ്മേ! തമ്പുരാട്ടീ! സങ്കടം തീര്‍ത്തു രക്ഷിക്ക്ണേ” എന്നു പ്രാര്‍ത്ഥിച്ചു. ഉടനെ വെളിച്ചപ്പാടു തുള്ളി ദേശത്തിന്റെ നാലതിര്‍ത്തികളിലും ചെന്ന് അരി വാരിയെറിഞ്ഞു. അന്നുമുതല്‍ ആ സാംക്രമികരോഗം ശമിച്ചുതുടങ്ങി. അതില്‍പ്പിന്നെ അക്കാലത്ത ആ രോഗംകൊണ്ട് ആ ദേശത്ത ആരും മരിച്ചിട്ടില്ല.

ചിറ്റൂരിനു സമീപം ബ്രിട്ടീഷ് മലബാറില്‍ ഒരു പ്രദേശത്ത് ‘കണ്ടത്താര്‍’ (കണ്ടത്തു രാമന്‌നായര്‍) എന്നു പ്രസിദ്ധനായിട്ട് ഒരു ദുര്‍മ്മന്ത്രവാദിയുണ്ടായിരുന്നു. അയാള്‍ മരിച്ചതിന്റെ ശേഷം അയാളുടെ പരേതാത്മാവ് ആ ദേശത്തെയല്ല ആ വീട്ടുകാരെയും ഉപദ്രവിച്ചുതുടങ്ങി.

“ അബ്ദ ദീക്ഷാദിലോപേന പ്രേതായാന്തി പിശാചതാം സ്വാജനാന്‍ ബാധമാനാസ്തേ വിചരന്തി മഹീതലേ”

എന്നുണ്ടല്ലോ. അതിനാല്‍ ആ വീട്ടുകാര്‍ ഒരു പ്രതിമയുണ്ടാക്കിച്ചു കണ്ടത്താരെ ആ പ്രതിമയിന്മേലാവാഹിച്ചു കുടിയിരുത്തി പൂജിച്ചുകൊണ്ടിരുന്നു. അപ്പോള്‍ അയാളുടെ ഉപദ്രവം ഒരുവിധം ശമിച്ചു. എങ്കിലും ജനങ്ങള്‍ തമ്മില്‍ പിണങ്ങിയാല്‍ ഒരു കൂട്ടക്കാര്‍ എതിരാളികളെയ് ഉപദ്രവിക്കാന്‍ കണ്ടത്താരെ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചാല്‍ അയാള്‍ ചെന്ന് ആ വിരോധികളെ ഉപദ്രവിക്കുക പതിവായിരുന്നു. അങ്ങ്നെ ആരെങ്കിലും പ്രാര്‍ത്ഥിച്ചാല്‍ കണ്ടത്താര്‍ ചിറ്റൂരും ചെന്നു ജനങ്ങളെ ഉപദ്രവിച്ചിരുന്നു. അങ്ങനെ ഒരിക്കല്‍ ചിറ്റൂര്‍ ദേശക്കാരനായ ഒരാളെ കണ്ടത്താരു ബാധിച്ച് ഉപദ്രവിച്ചുതുടങ്ങിയപ്പോള്‍ ആ ഉപദ്രവത്തിന്നു വിഷയീഭവിച്ച മനുഷ്യനെ അയാളുടെ ഉടമസ്ഥന്മാര്‍ പിടിച്ചു ക്ഷേത്രത്തില്‍ കൊണ്ടുപോവുകയും ഈ ഉപദ്രവം മാറ്റിക്കൊടുക്കണമെന്നു ഭഗവതിയുടെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഉടനെ വെളിച്ചപ്പാടു തുള്ളി “ഇനിയൊരിക്കലും ചിറ്റൂര്‍ദേശത്തു കടക്കുകയില്ല” എന്നു കണ്ടത്താരെക്കൊണ്ടു സത്യം ചെയ്യിച്ചു വിട്ടയച്ചു. അതില്‍പ്പിന്നെ കണ്ടത്താരുടെ ഉപദ്രവം ആ ദേശത്തുണ്ടായിട്ടില്ല. ഇങ്ങനെ ചിറ്റൂര്‍കാവില്‍ ചെന്നിട്ട് അനേകം ബാധകള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്.

ഒരിക്കല്‍ പാണ്ടിയില്‍നിന്ന് ഒരു പട്ടര്‍ കുടുംബസഹിതം കൊടുങ്ങല്ലൂര്‍ വന്നു താമസിച്ചിരുന്നു. അദ്ദേഹത്തിന് ഒരു ബാധോപദ്രവമുണ്ടായി. ഒരു പിശാചാണ് അദ്ദേഹത്തെ ബാധിച്ചത്. ആ പിശാചിന്റെ ആവേശമുണ്ടാകുന്ന സമയങ്ങളില്‍ അദ്ദേഹം തുള്ളുകയും ചാടുകയും ചെയ്തിരുന്നില്ല. എവിടെയെങ്കിലും ഒരു സ്ഥലത്തുചെന്ന് ഒന്നും മിണ്ടാതെയിരിക്കും അപ്പോള്‍ അദ്ദേഹത്തോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ മറുപടി ഒന്നും പറയുകയില്ല. ചില ദിവസങ്ങളില്‍ ആ പിശാചിന്റെ ആവേശം നിമിത്തം അദ്ദേഹം കുളിക്കാതെയും ഉണ്ണാതെയും ഉറങ്ങാതെയുമിരിക്കാറുണ്ടായിരുന്നു. ഈ ബാധോപദ്രവമൊഴിക്കുന്നതിനായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പല മന്ത്രവാദികളെ വരുത്തി അനേകവിധം മന്ത്രവാദങ്ങള്‍ ചെയ്യിക്കുകയും ഇദ്ദേഹത്തെ കൊണ്ടുപോയി പല ക്ഷേത്രങ്ങളില്‍ ഭജിപ്പിക്കുകയും മറ്റും ചെയ്തു. ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. അപ്പോള്‍ “ഇദ്ദേഹത്തെ ചിറ്റൂര്‍കാവില്‍ കൊണ്ടുപോയി ഭജനമിരുത്തിയാല്‍ ഈ ബാധ നിശ്ചയമായിട്ടും ഒഴിഞ്ഞുപോകും” എന്നു ചിലര്‍ പറയുകയാല്‍ ബന്ധുക്കളായവര്‍ അദ്ദേഹത്തെ ചിറ്റൂര്‍കാവില്‍ കോണ്ടുപോയി ഭജിപ്പിച്ചു. അപ്പോഴും ആ പിശാചിന്റെ ആവേശം ഉണ്ടാക്കിക്കൊണ്ടുതന്നെയിരുന്നു. അതുണ്ടാകുന്ന സമയങ്ങളില്‍ അദ്ദേഹം അവിടെ കൊടിമരത്തിന്റെ സമീപത്തു ചെന്നു കിടക്കും. അപ്പോള്‍ ആരെല്ലാമെന്തെല്ലാം ചോദിച്ചാലും അദ്ദേഹം ഒന്നും മിണ്ടുകയില്ല.

അങ്ങനെ ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടും ഭജനത്തിന്റെ ഫലമൊന്നും കാണായ്കയാല്‍ അദ്ദേഹത്തിന്റെ കൂടെച്ചെന്നിരുന്ന ബന്ധുക്കള്‍ ഒരു ദിവസം വെളിച്ചപ്പാടു തുള്ളിയപ്പോള്‍ അവിടെച്ചെന്നു സങ്കടം പറഞ്ഞു. അപ്പോള്‍ വെളിച്ചപ്പാടു കൊടിമരത്തിന്റെ ചുവട്ടില്‍ കിടന്നിരുന്ന ആ ബ്രാഹ്മണനെ തന്റെ അടുക്കലേക്കു വിളിച്ചു. അദ്ദേഹം ചെന്നില്ല. ഉടനെ വെളിച്ചപ്പാട് അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന് “നീയാരാണ്? ഒഴിഞ്ഞുപൊയ്ക്കൊള്ളാമോ?” എന്നും മറ്റും ചോദിച്ചു. അതിനുമദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. അപ്പോള്‍ വെളിച്ചപ്പാടു തന്റെ കയ്യിലിരുന്ന ആയുധം (നാന്ദകം വാള്‍) കൊണ്ടു തന്റെ തല വെട്ടിപ്പൊളിച്ചു കുറച്ചു രക്തവും മാംസവും വടിച്ചെടുത്ത് ആ പട്ടരുടെ മുഖത്തേക്ക് ഒരേറു വച്ചുകൊടുത്തു. അപ്പോള്‍ പട്ടര്‍ “അയ്യോ! വേണ്ട. ഞാനൊരു പിശാചാണ്. ഇതാ ഞാന്‍ ഒഴിഞ്ഞുപോകുന്നു” എന്നു പറയുകയും ഉടനെ പട്ടര്‍ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ കൂടെച്ചെന്നിരുന്ന ബന്ധുക്കള്‍ക്ക് ഇതുകൊണ്ടു നല്ല തൃപ്തിയും വിശ്വാസവും വന്നില്ല. “ഈ പിശാചു സത്യം ചെയ്തില്ലല്ലോ. അതുകൊണ്ട് അത് ഒഴിഞ്ഞുപോയിരിക്കയില്ല” എന്നായിരുന്നു അവരുടെ വിചാരം. അത്നാലവര്

 അദ്ദേഹത്തെ കൊണ്ടുപോകാതെ പിന്നേയും അവിടെത്തന്നെ താമസിപ്പിച്ചു. അതുവേണ്ടായിരുന്നു എന്നായിരുന്നു അന്യന്മാരായ ചിലരുടെ വിചാരം. എങ്കിലും അധികം താമസിയാതെ ആ ബന്ധുക്കളുടെ വിചാരംതന്നെയാണ് തന്നെയാണ് ശരിയായിരുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യമായി. അടുത്ത വെള്ളിയാഴ്ച ആ പിശാചു പിന്നേയും ആ പട്ടരെ ബാധിച്ചു. അപ്പോള്‍ അദ്ദേഹം യഥാപൂര്‍വ്വം മൌനിയായി കൊടിമര്‍ത്തിന്‍ ചുവട്ടില്‍ ചെന്നു കിടന്നു. ഉടനെ വെളിച്ചപ്പാടു തുള്ളി അവിടെച്ചെന്നു മുമ്പു ചെയ്തതുപോലെ തല വെട്ടിപ്പൊളിച്ചു രക്തവും മാംസവും വടിച്ചെടുത്തു പട്ടരുടെ മുഖത്തേക്കു വലിച്ചെറിഞ്ഞു. അപ്പോള്‍ പട്ടര്‍ “വേണ്ട, ഞാന്‍ ഒഴിഞ്ഞുപൊയ്ക്കൊള്ളാ’മെന്നു വീണ്ടും പറഞ്ഞു. ഉടനെ വെളിച്ചപ്പാട് ഇനി ഒരിക്കലും ഈ ദേഹത്തെ ബാധിക്കയില്ലെന്നു സത്യം ചെയ്യിച്ച് ആ പിശാചിനെ ഒഴിച്ചുവിട്ടു. പട്ടര്‍ നല്ല സ്വസ്ഥനായി ദേവിക്ക് അനേകം വഴിപാടുകള്‍ കഴിച്ചു വന്ദിച്ചിട്ടു ബന്ധുക്കളോടുകൂടി സ്വഗൃഹത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. 

കരുണാനിധിയും ആര്‍ദ്രമാനസയുമായ ചിറ്റൂര്‍കാവില്‍ ഭഗവതി തന്നോടെതിര്‍ക്കുന്ന ഭക്തിഹീനന്മാരെ നല്ലപോലെ മര്‍ദ്ദിച്ചു ഭക്തന്മാരാക്കിത്തീര്‍ക്കുകയല്ലാതെ നിഗ്രഹിക്കാറില്ലെന്നുള്ള വസ്തുത മേല്‍പ്പറഞ്ഞ സംഗതികള്‍കൊണ്ടു സ്പഷ്ടമാകുന്നുണ്ടല്ലൊ. എന്നാല്‍ ആ ദേവി തന്നെ ഭക്തന്മാരെ സങ്കടപ്പെടുത്തുന്നവരെ നിഗ്രഹിക്കുക തന്നെ ചെയ്യും. അതിനു ദൃഷ്ടാന്തമായി ചില സംഗതികള്‍ താഴെ പറഞ്ഞുകൊള്ളുന്നു. ചിറ്റൂര്‍കാവില്‍ വെളിച്ചപ്പാടാവാനുള്ള അവകാശം അവിടെയുള്ള രണ്ടു വീട്ടുകാര്‍ക്കു മാത്രമേ കൊടുത്തിരുന്നുള്ളു. അതില്‍ ഒന്ന് വര്‍വൂര്‍ വീട്ടിലേക്കും പിന്നെ ഒന്ന് ഒരു തരകന്റെ വീട്ടിലേക്കുമായിരുന്നു. ഒരുകാലത്തു ചാമുത്തരകന്‍ എന്നൊരാള്‍ അവിടെ വെളിച്ചപ്പാടായിത്തീര്‍ന്നു. അയാള്‍ക്ക് പണത്തിലുള്ള ആഗ്രഹ്ം ക്രമത്തിലധികമായിരുന്നതിനാല്‍ ചിലപ്പോള്‍ കളവായിട്ടും തുള്ളാറുണ്ടായിരുന്നു. അത് ആ ദേശത്തെ പ്രധാനന്മാരിലൊരാളായിരുന്ന അമ്പാട്ടു രാമച്ചമേനോന്‍ എന്ന ആള്‍ക്ക് ഒട്ടും രസിച്ചിരുന്നില്ല. രാമച്ചമേനോന്‍ ഭഗവതിയെക്കുറിച്ചു വളരെ ഭക്തിയും വിശ്വാസവും ഉള്ള ആളായിരുന്നു. ഈ ചാമുത്തരകന്‍ ഇങ്ങനെ കള്ളത്തുള്ളല്‍ തുള്ളിക്കൊണ്ടിരുന്നാല്‍ ജനങ്ങള്‍ക്കു ഭഗവതിയെക്കുറിച്ചുള്ള ഭ്ക്തിയും വിശ്വാസവും കുറഞ്ഞുപോവുകയും അപ്പോള്‍ ക്ഷേത്രകാര്യങ്ങളൊന്നും നേരെ നടക്കാതാവുകയും ചെയ്യുമല്ലോ എന്നായിരുന്നു രാമച്ചമേനോന്റെ വിചാരം. അത് അദ്ദേഹത്തിനു വലിയ സങ്കടവുമായിരുന്നു. ഒരു ദിവസം വെളിച്ചപ്പാടു തുള്ളിയപ്പോല്‍ ജനങ്ങളുടെ കൂട്ടത്തില്‍ രാമച്ചമേനോനെ കാണാഞ്ഞിട്ടു വെളിച്ചപ്പാട് “ഇന്ന് എന്റെ മക്കളുടെ കൂട്ടത്തില്‍ ഒരാളെ കാണുന്നില്ലല്ലോ. ഒരാള്‍ ചെന്നു ക്ഷണത്തില്‍ വിളിച്ചുകൊണ്ടുവരട്ടെ” എന്നു കല്പിച്ചു. ഉടനെ ഒരാള്‍ ഓടിപ്പോയി രാമച്ചമേനവനെക്കണ്ടു കല്പനയറിയിച്ചു. അപ്പോള്‍ രാംച്ചമേനോന്‍, “എനിക്കിപ്പോള്‍ വരാന്‍ മനസ്സില്ല. ചാമു വിളിക്കുന്നിടത്തു വരാനുള്ളവന്‍ ഞാനല്ല” എന്നു പറഞ്ഞയച്ചു. അത് ആ ആള്‍ ചെന്നറിയിച്ചു. “എന്റെ മകന്‍ ഇങ്ങോട്ടു വരാന്‍ മനസ്സില്ലെങ്കില്‍ ഞാനങ്ങോട്ടു ചെല്ലാം” എന്നു കല്പിച്ചിട്ട് അങ്ങോട്ടു പുറപ്പെട്ടു. അപ്പോള്‍ രാമച്ചമേനോന്‍ ഇങ്ങോട്ടും പുറപ്പെട്ടിരുന്നു. മദ്ധ്യേമാര്‍ഗ്ഗം രണ്ടുപേരും തമ്മില്‍ കണ്ടു. അപ്പോള്‍ വെളിച്ചപ്പാട് “എന്റെ മകനു ഞാന്‍ വിളിക്കുന്നിടത്തു വരാന്‍ മനസ്സില്ല, അല്ലേ? എന്നു ചോദിച്ചു. അതിനു മറുപടിയായിട്ടു രാമച്ചമേനോന്‍ “ദേവി വിളിച്ചാല്‍ എവിടെയായാലും എപ്പോളായാലും വരാന്‍ തയ്യാറാണ്. ചാമു വിളിക്കുന്നിടത്തു വരാന്‍ മനസ്സില്ല എന്നേ പറഞ്ഞുള്ളു. അയാള്‍ ചിലപ്പോള്‍ കളവായിട്ടും തുള്ളുന്നതുകൊണ്ടു ജനങ്ങള്‍ക്കു ദേവിയെക്കുറിച്ചുള്ള ഭക്തിയും വിശ്വാസവും കുറഞ്ഞുതുടങ്ങീട്ടുണ്ട്. ദേവി ഇതൊന്നും അറിഞ്ഞിട്ടില്ലാത്ത വിധത്തിലായിരിക്കുന്നു. ഇങ്ങനെയായാല്‍ ഇവിടെ കാര്യമൊന്നും നടക്കാതെയാവും. അതു വലിയ സങ്കടമാണ്” എന്നറിയിച്ചു. അപ്പോള്‍ വെളിച്ചപ്പാട് “ഞാനെല്ലാമറിഞ്ഞുകൊണ്ടുതന്നെയാണിരിക്കുന്നത്. എന്റെ മക്കള്‍ ഒട്ടും സങ്കടപ്പെടേണ്ട. ഈ സങ്ക്ടം ഞാനുടനെ തീര്‍ത്തുകൊള്ളാം” എന്നു കല്പിക്കുകയും പിന്നെ എല്ലാവരുംകൂടി ക്ഷേത്രത്തിലേക്കു പോവുകയും ചെയ്തു. അവിടെ എത്തിയ ക്ഷണത്തില്‍ വെളിച്ചപ്പാടിന്റെ കലിയടങ്ങി. ചാമുത്തരകന്‍ അവിടെത്തന്നെ വീണു. പിന്നെ ആളുകള്‍ കൂടി അടുത്താണ് അയാളെ വീട്ടിലേക്കു കൊണ്ടുപോയത്. വീട്ടിലെത്തിയപ്പോഴേക്കും അയാള്‍ക്കു പനി തുടങ്ങിയിട്ടുണ്ടായിരുന്നു. മൂന്നാം ദിവസമായപ്പോഴേക്കും അയാളുടെ ദേഹത്തിലെല്ലാം വസൂരിക്കുരുക്കള്‍ നിറഞ്ഞു. ഏഴാം ദിവസം അയാള്‍ മരിക്കുകയും ചെയ്തു.

ഒരു വെളിച്ചപ്പാടു കഴിഞ്ഞാല്‍ പിന്നെ ആദ്യം തുള്ളി ക്ഷേത്രത്തില്‍ച്ചെന്ന് അട്ടഹസിക്കുന്ന ആളെയാണ് അവിടെ പിന്നെ വിളിച്ചപ്പാടായി നിയമിക്കുക പതിവ്. ചാമുത്തരകന്‍ കഴിഞ്ഞതിന്റെ ശേഷം ആദ്യം തുള്ളിക്ഷേത്രത്തില്‍ച്ചെന്ന് അട്ടഹസിച്ചത് വരവൂരെ ശാമുമേനോനായിരുന്നു. അതിനാല്‍ ആ ആളെത്തന്നെ പിന്നത്തെ വെളിച്ചപ്പാടായി അവിടെ നിയമിച്ചു. ആ ശാമുമേനോന്‍ കവിതിലകനായിരുന്ന കഴിഞ്ഞുപോയ ശാമുമേനോന്റെ ഒരു മാതുലനയിരുന്നു. ആ മനുഷ്യന്‍ കളവായിട്ടു തുള്ളാറില്ലായിരുന്നുവെങ്കിലും ഒരു നല്ലവനല്ലായിരുന്നു. ഏഷണിപ്രയോഗങ്ങള്‍കൊണ്ടും മറ്റും ദേശത്തുള്ള ജനങ്ങളെ ഭിന്നിപ്പിച്ചു വഴക്കുണ്ടാക്കുകയായിരുന്നു അയാളുടെ പ്രധാന തൊഴില്‍. ആ ദേശത്തുള്ളവരെല്ലാം ആയുധവിദ്യ അഭ്യസിക്കുക ശ്രീകണ്ഠത്തു പണിക്കരുടെ കളരിയിലായിരുന്നു പണ്ടേ തന്നെ പതിവ്. ഈ ശാമുമേനോന്‍ ജനങ്ങളെപ്പറഞ്ഞു പിണക്കി അഭ്യാസത്തിന് അവിടെ ആരും പോകാതെയാക്കി. ശ്രീകണ്ഠത്ത് അക്കാലത്തുണ്ടായിരുന്ന മൂത്തപണിക്കര്‍ ഒരു ശുദ്ധാത്മാവും ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയുള്ള ആളുമായിരുന്നു. അഭ്യാസത്തിന് അവിടെ ആരും ചെല്ലാതെയായതുകൊണ്ട് മൂത്തപണിക്കര്‍ക്കു വളരെ സങ്കടമുണ്ടായി. അങ്ങനെയിരുന്നപ്പോള്‍ ആ ശാമുമേനോന്‍ ഒരു ദിവസം രാത്രിയില്‍ ഒരു ദുഷ്ടനെക്കൊണ്ടു ശ്രീകണ്ഠത്തു പണിക്കരുടെ പുരയ്ക്കു തീ വെയ്പ്പിക്കുകയും ചെയ്തു. പുരയ്ക്കു തീ പിടിപ്പിച്ചു കത്തുന്നതു കണ്ടിട്ടു മൂത്തപണിക്കര്‍ അതു കെടുത്താന്‍ ശ്രമിക്കാത ധൈര്യസമേതം അതു നോക്കിക്കൊണ്ട് “എന്റെ ഭഗവതീ! ഈ കത്തുന്നത് എന്റെ ഗൃഹമല്ല. ദേവിയുടെ ക്ഷേത്രമാണ്. അവിടുന്നുതന്നെ ഇതിനു സമാധാനമുണ്ടാക്കണം” എന്നു പറഞ്ഞു. ആ സമയം ശാമുമേനോന്‍ ഒരു വീടിന്റെ മാളികയിലിരിക്കുകയായിരുന്നു. അയ്യാള്‍ അവിടെ നിന്ന് ഇറങ്ങിയപ്പാള്‍ കോവണിയില്‍ നിന്നു കാല്‍ തെറ്റി താഴെ വീണു തല പൊട്ടി മരിച്ചു. അപ്പോഴും ശ്രീകണ്ഠത്തെ പുര മുഴുവനും കത്തികഴിഞ്ഞിട്ടില്ലായിരുന്നു. ആ പുര പോയിട്ട് ഭഗവതിയുടെ ക്രപ കൊണ്ടു ക്ഷണത്തില്‍ ശ്രീകണ്ഠത്തു പൂര്‍വ്വാധികം ഭംഗിയായിട്ടു പുരപണി നടന്നു.

ശാമുമേനോന്‍ കഴിഞ്ഞിട്ടു പിന്നെ കാവില്‍ വെളിച്ചപ്പാടായി തീര്‍ന്നത് ഒരു ചാമുത്തരകനായിരുന്നു. അയ്യാള്‍ കളവായിട്ട് ഒന്നും തുള്ളാറില്ലായിരുന്നു. അയ്യാള്‍ക്കു ഭഗവതിയെക്കുറിച്ചു വളരെ ഭക്തിയും ഭയവും വിശ്വാസവുമുണ്ടായിരുന്നു. അയ്യാള്‍ക്കു പ്രായാധിക്യം നിമിത്തം തുള്ളാനെന്നല്ല, എഴുനേറ്റു നടക്കാന്‍കൂടി വയ്യാതെ കിടപ്പിലായപ്പോള്‍ വരവുരു വീട്ടിലെ ഒരാള്‍ക്കു ദിവസം പ്രതി കുറച്ചുനേരത്തേക്ക് ഒരു വിറയല്‍ തുടങ്ങി. അതു ക്രമേണ വര്‍ദ്ധിച്ച് ഒടുക്കം അയ്യാള്‍ തുള്ളി ക്ഷേത്രത്തില്‍ച്ചെന്ന് അട്ടഹസിച്ചു. അക്കാലത്ത് ചിറ്റുര്‍ ദേശക്കാര്‍ പിണങ്ങി രണ്ടു കക്ഷികളായി പിരിഞ്ഞിരിക്കുകയായിരുന്നു. അതില്‍ ഒരു കക്ഷികാര്‍ വരവൂര്‍ക്കാരുടെ ഭാഗത്തും മറ്റവര്‍ തരകന്റെ ഭാഗത്തുമായിരുന്നു. തരകന്റെ ഭാഗത്തായി വരുന്നവര്‍ക്കു വരവൂരുമേനോന്‍ വെളിച്ചപ്പാടാകുന്നതില്‍ സമ്മതമല്ലായിരുന്നു. അതിനാലവര്‍ വാര്‍ദ്ധക്യത്താല്‍ കിടപ്പായിരുന്ന തരകന്റെ മകനായ കൃഷ്ണത്തരകനെ പറഞ്ഞിളക്കിത്തുള്ളിച്ചു. അയ്യാളും ക്ഷേത്രത്തിചെന്ന് അട്ടഹസിച്ചു. അത് മറ്റേക്കക്ഷിക്കാര്‍ക്കെന്നല്ല, അയ്യാളുടെ അച്ഛനുതന്നെയും സമ്മതമല്ലായിരുന്നു. ആ വൃദ്ധന്‍ മകനെ വിളിച്ചു ദേവിയുടെ അനുഗ്രഹമില്ലാതെ ഇങ്ങനെ തുള്ളുന്നതു ദോഷമാണെന്നു മറ്റും വളരെയഥികം പറഞ്ഞു നോക്കി. അതൊന്നും കൃഷ്ണത്തരകനു സമ്മതമായില്ല. ഒരു ദിവസം ഇതിനെക്കുറിച്ചു വ്യസനിച്ചുകൊണ്ട് ആ വ‌ദ്ധന്‍ രാത്രിയില്‍ കിടന്നുറങാങിയപ്പാള്‍ ഭഗവതി അയ്യാളുടെ അടുക്കല്‍ച്ചെന്ന് "എന്റെ മകന്‍ ഇതിനെക്കുറിച്ച് ഒട്ടും വ്യസനിക്കേണ്ട. ഒരു കൊല്ലം കഴിയുന്നതിനുമുന്പ് ഞാനിതിനു നിവൃത്തിയുണ്ടാക്കിക്കൊള്ളാം. ഇങ്ങനെയുള്ള മക്കള്‍ ഉണ്ടായിരിക്കുന്നതിനേക്കാള്‍ നല്ലത് ജല്ലാതെയിരിക്കുന്നതാണല്ലോ" എന്നു കല്പിച്ചതായി അയ്യാള്‍ക്കു തോന്നി. അയ്യാളുണര്‍ന്നു കണ്ണുതുറന്നു നോക്കിയപ്പോള്‍ ഒരു തേജസ്സു മാത്രം അയ്യാളുടെ അടുക്കല്‍ നിന്നു അയ്യാള്‍ കാണുകയും ചെയ്തു. ഈ സംഗതി പിറ്റേദിവസം കാലത്ത് പലരോടും, വിഷേശിച്ചു തന്റെ മകനോടും, പറയുകയുണ്ടായി. കിം ബഹുനാ? ഈ സ്ഗതിയുണ്ടായിട്ട് ഒരു കൊല്ലം തികയുന്ന ദിവസം കൃഷ്ണത്തരകന്‍ ഒരു കിണറ്റില്‍ വീണു മരിച്ചു. അതില്‍ പ്പിന്നെ ഇതുവരെ ചിറ്റുര്‍കാവില്‍ വെളിച്ചപ്പാടുണ്ടായിട്ടില്ല.

ഇനി ഒരു സംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പുക്കാമെന്നു വിചാരിക്കുന്നു. ചിറ്റുര്‍ ദേശത്തു ചിറ്റടത്ത് 'അച്ചുതാനന്ദയോഗി' എന്നൊരു ദിവ്യനും അദ്ദേഹത്തിന്റെ ശിഷ്യനായിട്ടു 'തെക്കേഗ്രാമം ശങ്കരനാരായണശാസ്ത്രികള്‍' എന്നൊരു പണ്ഡിതനുമുണ്ടായിരുന്നു. ശാസ്ത്രികള്‍ തന്റെ ഗുരുവായ ആ യോഗിയുടെ ഉപദേശപ്രകാരം അമാവാസി തോറും പതിവായി ശക്തിപൂജ കഴിച്ചിരുന്നു. പൂജയുള്ള ദിവസം ശാസ്ത്രികള്‍ സന്ധ്യയാകുമ്പോള്‍ കുളി കഴിഞ്ഞു പുരയ്ക്കകത്ത് കയറി വാതിലടച്ചാല്‍ പൂജ കഴിഞ്ഞല്ലാതെ വാതില്‍ തുറക്കാറില്ല. പൂജ കഴിയുമ്പോള്‍ നേരമേകദേശം പാതിരാനായികിക്കും. അങ്ങനെയാണ് പതിവ്.

ഒരാണ്ടില്‍ കുംഭമാസത്തില്‍ അമാവാസിനാള്‍ ശാസ്ത്രികള്‍ പൂജ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന അമ്യാര്‍ എന്തോ ആവശ്യത്തിനായി മുറ്റത്തേക്കിറങ്ങി. അപ്പോള്‍ രാത്രി ഏകദേശം പത്തു നാഴികയായിരുന്നു. വിളക്കും മറ്റും കൂടാതെ ഇരുട്ടത്താണ് അമ്യാര്‍ അങ്ങോട്ടിറങ്ങിയത്. അപ്പോള്‍ ആരോ അവിടെ വന്ന് അമ്യാരുടെ കഴുത്തിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം അറുത്തെടുത്തുകൊണ്ട് ഓടിക്കളഞ്ഞു. അമ്യാര്‍ ഉറക്കെ നിലവിളിച്ചു. അതുകേട്ട് അയല്‍പക്കത്തുണ്ടായിരുന്നവരെല്ലാം പരിഭ്രമിച്ച് അവിടെ ഓടിയെത്തി. വിവരമറിഞ്ഞപ്പോള്‍ അവരാല്‍ കഴിയുന്ന അന്വേഷണങ്ങളെല്ലാം ചെയ്തു നോക്കി. എങ്കിലും കള്ളനെകണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പൂജ കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്ന് ശാസ്ത്രികളും പുറത്തു വന്നു. ഈ സംഗതി അദ്ദേഹവും അറിഞ്ഞു. അദ്ദേഹമാരോടുമോന്നും മിണ്ടാതെ അവിടെ നിന്നിറങ്ങി നടന്നു. അദ്ധേഹത്തിന്റെ പിന്നാലെ ചില അയല്‍പക്കക്കാരും ചെന്നു. അവര്‍ നേരെ അച്യുതാനന്ദയോഗിയുടെ അടുക്കലെത്തി. യോഗി മുമ്പേ തന്നെ ഈ സംഗതി ദിവ്യദൃഷ്ടി കൊണ്ട് കണ്ടരിഞ്ഞിരിരുന്നതിനാല്‍ ശാസ്ത്രികളോട് " ശാസ്ത്രികളെ ! സംഗതി ഞാന്‍ അറിഞ്ഞിരിക്കുന്നു. ക്ഷണത്തില്‍ കാവില്‍ ചെന്നു ദേവിയുടെ സന്നിധിയില്‍ സങ്കടമാരിയിക്കു. നിവൃത്തിമാര്‍ഗം ഭഗവതി ഉണ്ടാക്കിത്തരും " എന്ന് പറഞ്ഞു . ഉടനെ ശാസ്ത്രികള്‍ കാവിലെത്തി ഭഗവതിയെ സ്തുതിച്ചു. ശാസ്ത്രികള്‍ ഒരു ദ്രുതകവിയുമായിരുന്നതിനാല്‍ സ്തുതി പദ്യമയിട്ടായിരുന്നു. അന്ജെട്ടു പദ്യം ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും ശ്രികോവിലില്‍നിന്ന് ഒരു തേജസ്സ് പുറത്തേക്കുവന്നു നേരെ തെക്കൊട്ടുപോയി. അതിന്റെ പിന്നാലെ ശാസ്ത്രികളും കൂട്ടരും നടന്നു. തേജസ്സ് മേല്‍ ഭാഗത്തുകൂടിയും ശാസ്ത്രികളും കൂട്ടരും നിലതുകൂടിനടന്നുമാണ് പോയത്. തെജസ്സ് അവിടെയുള്ള പുഴയ്ക്കക്കരെ പട്ടാന്ജേരി നായരുടെ വീട്ടിനു സമീപമുള്ള കിണറ്റിനു ഒരു പ്രദക്ഷിണം വെച്ചിട്ട് മേല്‍ ഭാഗത്തു നിന്നു. ശാസ്ത്രികള്‍ വീട്ടിന്റെ പടിക്കല്‍ചെന്നു വിളിച്ചു പടിവാതില്‍ തുറപ്പിച്ച് ആ വീട്ടിലെ മൂത്ത നായരോട് സംഗതികളെല്ലാം പറഞ്ഞു. ആ നായര്‍ ശാസ്ത്രികളുടെ ശിഷ്യനുമായിരുന്നു. മൂത്ത നായര്‍ ചില സാമാനങ്ങള്‍ അന്ന് പകല്‍ തന്റെ ഭ്രിത്യന്റെ കയ്യില്‍ കൊടുത്ത്‌ ശാസ്ത്രികളുടെ മഠത്തിലേക്ക്‌ അയച്ചിരുന്നു. അവന്‍ മടങ്ങിവന്നത് രാത്രി പത്തുപന്ദ്രണ്ട്നാഴിക കഴിഞ്ഞതിന്റെ ശേഷമായിരുന്നു. അതുകൊണ്ട് മൂത്തനായര്‍ കള്ളന്‍ തന്റെ ഭൃത്യന്‍ തന്നെയെന്നു ഏകദേശം തീ൪ച്ചപ്പെടുത്തിക്കൊണ്ട് ആ ഭ്രുത്യനെ വിളിച്ചുവരുത്തി ചോദ്യം തുടങ്ങി . അപ്പോള്‍ മേല്‍ ഭാഗത്തു നിന്നിരുന്ന ആ തേജസ്സ് ആ ഭ്രുത്യന്റെ തലക്കുമീതെ വന്നു ഒരു പ്രദക്ഷിണം വെച്ചിട്ട് മറഞ്ഞുപോയി. അപ്പോള്‍ സംഗതി ശാസ്ത്രികള്‍ക്കും മൂത്ത നായര്‍ക്കും കുറച്ചുകൂടി നിശ്ചയമായി. ഉടനെ മൂത്ത നായര്‍ ആ ഭ്രുത്യനെ മറ്റുള്ള ചില ഭ്രുത്യന്മാരെക്കൊണ്ട് പിടിപ്പിച്ച്‌ ഒരു മരത്തിന്മേല്‍ ചേര്‍ത്ത് കേട്ടിച്ചിട്ട് മൂത്തനായര്‍ തന്നെ രണ്ടുമൂന്നു വീക്ക് വെച്ചുകൊടുത്തു. അപ്പോള്‍ ആ അടിക്കപ്പെട്ട കള്ളന്‍ പരമാ൪ത്തമെല്ലാം ഉണ്ടായതുപോലെ പറയുകയും തേജസ്സ് പ്രദക്ഷിണം വെച്ച ആ കിണറ്റിലിറങ്ങി ഒരു പൊതിക്കെട്ടെടുത്ത് കൊണ്ടുവന്നു ശാസ്ത്രികള്‍ക്ക് കൊടുക്കുകയും ചെയ്തു . ശാസ്ത്രികള്‍ ആ പൊതി അഴിച്ചുനോക്കിയപ്പോള്‍ അമ്യാരുടെ ആഭരണങ്ങളെല്ലാം അതിലുണ്ടായിരുന്നു. ശാസ്ത്രികള്‍ സന്തോഷിച്ചു രണ്ടുകയ്യും ഉയര്‍ത്തി മൂത്തനാരെ അനുഗ്രഹിച്ചിട്ട് ആഭരണങ്ങളും കൊണ്ട് മഠത്തിലേക്ക് പോയി. ആ പൊതി കിണട്ടിലിട്ടിരുന്നത് ആ കള്ളന്‍ തന്നെയായിരുന്നു എന്നുള്ളത് പറയണമെന്നില്ലല്ലോ. ശാസ്ത്രികള്‍ ആഭരണങ്ങലെല്ലം മഠത്തില്‍ കൊണ്ട് ചെന്നു അമ്യാരുടെ കയ്യില്‍ കൊടുക്കുകയും ഉണ്ടായ സംഗതികളെല്ലാം പറഞ്ഞു കേള്‍പിക്കുകയും ചെയ്തു. അപ്പോള്‍ അമ്യാര്‍ക്കുണ്ടായ സന്തോഷം എത്രമാത്രമെന്നു പറയാന്‍ പ്രയാസം. പിറ്റേ ദിവസം കാലത്തേ ശാസ്ത്രികളും അമ്യാരും കുളിച്ചു കാവില്‍പ്പോയി ഭഗവതിയെ വന്ദിച്ച്‌ ചില വഴിപാടുകളും കഴിച്ചു മടങ്ങിവന്നു യഥാപൂര്‍വ്വം സുഖമായി താമസിച്ചു.

ഇങ്ങനെ ചിറ്റൂര്‍കാവില്‍ ഭഗവതിയുടെ മാഹാത്മ്യങ്ങളും അത്ഭുതപ്രവൃത്തികളും ഇനിയും വളരെ പറയാനുണ്ട് . എങ്കിലും വിസ്തരഭയത്താല്‍ ഇപ്പോള്‍ വിരമിക്കുന്നു .