പ്രസിദ്ധ മാന്ത്രികനും യുദ്ധവിദഗ്ദ്ധനും ചാരാഗ്രസരനും ധീരനും ശൂരനും അനന്യസാധാരണമായ കായബലത്തോടുകൂടിയ പുരുഷകേസരിയുമായിരുന്ന കുഞ്ചിക്കുട്ടിപ്പിള്ളയുടെ ജനനം ആലങ്ങാട്ടു താലൂക്കില്‍ കോട്ടപ്പുറം ദേശത്തു ചന്ത്രത്തില്‍ എന്നു പ്രസിദ്ധമായ നായര്‍ ഗൃഹത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ഒരു ശാഖാകുടുംബമായി ഈ പേരോടു കൂടിത്തന്നെ ഒരു വീട് പറവൂര്‍ താലൂക്കില്‍ പറവൂത്തറ ദേശത്ത് ഇപ്പോഴുമുണ്ട്.
കുഞ്ചിക്കുട്ടിപ്പിള്ള ബാല്യത്തില്‍ അക്കാലത്തു നടപ്പുണ്ടായിരുന്ന രീതിയില്‍ വിദ്യാഭ്യാസം ചെയ്തു. മലയാളവും തമിഴും സാമാന്യംപോലെ എഴുതാനും വായിക്കാനും, കണക്കും ശീലമാക്കിയതിന്റെ ശേഷം ഏതാനും കാലം കായികാഭ്യാസവും യുദ്ധമുറകളും പരിശീലിച്ചു. പിന്നെ അദ്ദേഹം കുറച്ചുകാലം ദേശസഞ്ചാരം ചെയ്തിരുന്നു. അനന്തരം അദ്ദേഹം വീണ്ടും സ്വദേശത്തുതന്നെ മടങ്ങിയെത്തി. അക്കാലത്തു നാടുവാഴികളായിരുന്ന ആലങ്ങാട്, പറവൂര്‍ എന്നീ രാജാക്കന്മാരുടെ സേവകനായും ആ രാജാക്കന്മാരുടെ മേല്‍ക്കോയ്മസ്ഥാനം വഹിച്ചിരുന്ന കൊച്ചി രാജാവിന്റെ ആശ്രിതനായും താമസിച്ചിരുന്നു. അക്കാലത്താണ് 97-ാമാണ്ട് നാടുനീങ്ങിയ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു കൊച്ചി രാജാവിന്റെ ദാനപ്രകാരം ആലങ്ങാടും പറവൂരും തിരുവിതാംകൂറില്‍ ചേര്‍ത്തു നാടുവാണിരുന്നത്. അലങ്ങാടും പറവൂരും കൈവിട്ടുകളഞ്ഞതായി അറിഞ്ഞ ഉടനെ കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തെത്തി മഹാരാജാവു തിരുമനസ്സിലെ മുഖം കാണിച്ചു തന്റെ സ്ഥിതികളെല്ലാം തിരുമനസ്സറിയിക്കുകയും കല്‍പനപ്രകാരം ആ തിരുമനസ്സിലെ സേവകനായി അവിടെ താമസമുറപ്പിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞു കൊച്ചി രാജാവു ഗൂഡമായി ആളയച്ചു കുഞ്ചിക്കുട്ടിപ്പിള്ളയെ തന്റെ അടുക്കല്‍ വരുത്തി, 'നീ നമ്മുടെ അധികാരത്തിലിരുന്നിരുന്ന രാജ്യത്തു ജനിച്ചു വളര്‍ന്നവനാണല്ലോ. എന്നിട്ട് ഇപ്പോള്‍ തിരുവിതാംകൂറില്‍പ്പോയി ആ രാജാവിനെ സേവിച്ചു താമസിക്കുന്നതെന്താണ്? ഇതു ന്യായവും നമ്മുക്കു സമ്മതമായിട്ടുള്ളതുമല്ല. കുഞ്ചിക്കുട്ടി നമ്മുടെ അടുക്കല്‍ത്തന്നെ താമസിക്കണം' എന്നു കല്‍പിച്ചു. ഇതിനു മറുപടിയായി കുഞ്ചിക്കുട്ടിപ്പിള്ള, 'അടിയന്റെ ജന്മഭൂമി തിരുമനസ്സുകൊണ്ടു കൈവിട്ടുകളഞ്ഞുവല്ലോ. ആ സ്ഥലം ഇപ്പോള്‍ തിരുവിതാംകൂറിലായിരിക്കുന്നതിനാലാണ് അടിയന്‍ അങ്ങോട്ടു വിടകൊണ്ടത്. ആ ദേശം തിരുമനസ്സുകൊണ്ടു വീണ്ടെടുക്കുന്ന കാലത്ത് അടിയന്‍ ഇവിടെ വിടകൊണ്ടു താമസിച്ചുകൊള്ളാം' എന്നറിയിച്ചിട്ട് അപ്പോള്‍ത്തന്നെ മടങ്ങിപ്പോന്നു.
കുഞ്ചിക്കുട്ടിപ്പിള്ള കൊച്ചിയില്‍ നിന്നു മടങ്ങിയെത്തി തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്ത് ആയോധനവിദ്യ കുറച്ചുകൂടി അഭ്യസിച്ച് അതില്‍ അദ്വിതീയനായിത്തീര്‍ന്നു. ദേശസഞ്ചാരത്തില്‍ അദ്ദേഹം പലരോടും പരിചപ്പെടുകയും പലരില്‍ നിന്നുമായി പല ഭാഷകളും പഠിക്കുകയും ചെയ്തിരുന്നു. അനന്തരം അദ്ദേഹം തിരുമനസ്സിലെ അനുവാദത്തോടുകൂടി ചെങ്ങന്നൂര്‍ തേവലശ്ശേരി ദാമോദരന്‍ നമ്പിയുടെ അടുക്കല്‍ച്ചെന്നു താമസിച്ചു മന്ത്രവാദം പഠിച്ച് അതിലും അസാമാന്യമായ നൈപുണ്യം സമ്പാദിച്ചു. കുഞ്ചിക്കുട്ടിപ്പിള്ളയെക്കുറിച്ചു വളരെ സന്തോഷം തോന്നുകയാല്‍ നമ്പി ഒരു സ്വര്‍ണ്ണത്തകിടില്‍ ഒരു യന്ത്രമെഴുതി മന്ത്രസംഖ്യ കഴിച്ചു കുഞ്ചിക്കുട്ടിപ്പിളയുടെ ഒരു തുട കീറി യന്ത്രം സ്ഥാപിച്ച് ഒരു പച്ചമരുന്നു തേച്ച് മുറിവുണക്കി ശരിയാക്കി. 'ഈ തകിടു ദേഹത്തിലിരിക്കുന്ന കാലത്ത് കുഞ്ചിക്കുട്ടിക്കു ശത്രുക്കളുടെ ആയുധമേറ്റു മരിക്കാനിടവരില്ല.' എന്നു പറഞ്ഞു അനുഗ്രഹിച്ചയച്ചു. കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തെത്തി വിവരമെല്ലാം തിരുമനസ്സറിയിച്ചു. തിരുമനസ്സിലേക്കു വളരെ സന്തോഷമായെന്നു മാത്രമല്ല, കുഞ്ചിക്കുട്ടിപ്പിള്ളയെ ശമ്പളക്കൂടുതലോടുകൂടി വലിയ കൊട്ടാരം ഹേഡ്രായസമായി കല്‍പിച്ചു നിയമിക്കുകയും ചെയ്തു.
അങ്ങനെയിരിക്കുന്ന കാലത്താണ്‍ ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വരുന്നു എന്നുള്ള വിവരം തിരുമനസ്സിലേക്ക് അറിവു കിട്ടിയത്. എന്നാല്‍ ആ മൈസൂര്‍ കടുവായുടെ വരവ് ഏതു വഴിക്കാണെന്ന് അറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ തിരുമനസ്സുകൊണ്ട് 'രാജാകേശവദാസന്‍' എന്നു പ്രസിദ്ധനായിരുന്ന കേശവപിള്ള ദിവാന്‍ജിയുമായി ആലോചിച്ച് ഈ വിവരം ഗൂഡമായി തിരക്കിയറിഞ്ഞു വരുന്നതിനായിട്ട് കുഞ്ചിക്കുട്ടിപ്പിളയെ നിയമിച്ചു. കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു മധ്യേമാര്‍ഗ്ഗം സന്യാസിവേഷം ധരിച്ചുകൊണ്ട് മൈസൂറിലെത്തി ടിപ്പുവിന്റെ യാത്രാമാര്‍ഗ്ഗവും മറ്റും ഉപായത്തില്‍ മനസ്സിലാക്കിക്കൊണ്ടു മടങ്ങി തിരുവനന്തപുരത്തെത്തി. ടിപ്പുസുല്‍ത്താന്‍ തൃക്കണാമതിലകം വഴിയാണ് വരുന്നതെന്നും അതിനാല്‍ വടക്കേ അതിര്‍ത്തിയാണ് ഉറപ്പിക്കേണ്ടതെന്നും തിരുമനസ്സറിയിക്കുകയും ദിവാന്‍ജിയെ ഗ്രഹിപ്പിക്കുകയും ചെയ്തു. ഈ അറിവു കിട്ടുകയാല്‍ അങ്ങുമിങ്ങുമായി താമസിച്ചിരുന്ന സൈന്യങ്ങളെയൊക്കെ ശേഖരിച്ചു രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ അയച്ചു താമസിപ്പിച്ച് ആ ഭാഗം മുന്‍കൂട്ടി ഉറപ്പിക്കുന്നതിനു കേശവപിള്ള ദിവാന്‍ജിക്ക് സാധിച്ചു.
ടിപ്പു സുല്‍ത്താന്‍ ആലുവായിലെത്തി പാളയമടിച്ചു താമസിച്ച സമയം മലവെള്ളം പൊങ്ങി യുദ്ധക്കോപ്പുകളും സൈന്യത്തില്‍ ഏതാനും ഭാഗവും നശിച്ചു പോവുകയാല്‍ ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോയി എന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. എന്നാല്‍ അതിനും കാരണഭൂതന്‍ കുഞ്ചിക്കുട്ടിപ്പിള്ളതെന്നെയായിരുന്നു. പെരിയാറ്റിന്റെ ഉദ്ഭവസ്ഥനത്തിനു സമീപം ഒരു വലിയ തടാകമുണ്ടായിരുന്നു. മലവഴി വരുന്ന വെള്ളം മുഴുവനും പെരിയാറുവഴി താഴേക്കു വരികയാണെങ്കില്‍ ആലുവാ മുതലായ സ്ഥലങ്ങളില്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കു പലവിധത്തിലുള്ള നാശങ്ങള്‍ സംഭവിക്കുമായിരുന്നു. അങ്ങനെ വരാതെയിരുന്നത് മലവഴി വരുന്ന വെള്ളത്തില്‍ ഏതാനും ഭാഗം ആ തടാകത്തില്‍ വന്നു വീണു കെട്ടിനിന്നതുകൊണ്ടായിരുന്നു. തടാകത്തിന്റെ ഒരു വശം മലയും ശേഷം ഭാഗങ്ങളില്‍ വലിയ ഉരുളന്‍ പാറകള്‍ കൊണ്ടുള്ള ചിറയുമുണ്ടായിരുന്നതിനാലാണ് വെള്ളം അവിടെ കെട്ടിനിന്നിരുന്നത്. ടിപ്പുവിന്റെ സൈന്യങ്ങള്‍ തിരുവിതാംകൂറിലുള്ളതില്‍ വളരെയധികമുണ്ടായിരുന്നതിനാല്‍ അവനെ ജയിക്കാന്‍ കഴിയുമോ എന്നു സംശയം തോന്നുകകൊണ്ട് കുഞ്ചിക്കുട്ടിപ്പിള്ള ഒരു കശൗലം ആലോചിച്ചു നിശ്ചയിച്ചുകൊണ്ട് ഒരു ഗൂടന്മമാര്‍ഗ്ഗത്തില്‍ക്കൂടി കിഴക്കോട്ട് പുറപ്പെട്ടു. കുഞ്ചിക്കുട്ടിപ്പിള്ള മുന്‍പു ചെയ്ത ദേശാടനത്തില്‍ കിഴക്കന്‍ പ്രദേശങ്ങളിലെ മലകളും കാടുകളും കുഴികളും സ്ഥിതികളുമെല്ലാം നോക്കിക്കണ്ടു ധരിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ ഏതു വഴിയേ പോകുന്നതിനും ഏതു ദിക്കില്‍ സഞ്ചരിക്കുന്നതിനും അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അദ്ദേഹം കിഴക്കോട്ടു പുറപ്പെട്ടതു രാത്രിയിലായിരുന്നു. കുറേ പോയതിനു ശേഷം രണ്ടു മൂന്നു നാഴിക വിസ്താരം കുറഞ്ഞ ഒരു ഇടവഴിയില്‍ക്കൂടിത്തന്നെ പോകേണ്ടിയിരുന്നു. ആ വഴിയുടെ രണ്ടു വശങ്ങളും വലിയ മതില്‍കെട്ടിയതു പോലെ പാറകളായിരുന്നു. വഴി ഏകദേശം പകുതിയായപ്പോള്‍ മുന്‍വശത്തു സ്വല്‍പം ദൂരെയായി ഒരു വെളിച്ചം കണ്ടു. ഉടനേതന്നെ അത് അദൃശ്യമാകുകയും ചെയ്തു. സ്വല്‍പം കഴിഞ്ഞപ്പോള്‍ കുറചുകൂടി അടുത്തു പിന്നെയും യഥാപൂര്‍വ്വം വെളിച്ചം കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ തനിക്ക് എതിരായി ഏറ്റവും കൂറ്റനായ ഒരു പന്നി വരുന്നെണ്ടെന്നും അതിന്റെ തേറ്റകള്‍ പാറകളില്‍ മുട്ടീട്ടു പുറപ്പെടുന്ന തീയുടെ വെളിച്ചമാണ് താന്‍ കണ്ടതെന്നും അദ്ദേഹത്തിനു മനസ്സിലായി. പുറകോട്ടു പോവുകയാണെങ്കില്‍ ആ ഇടുങ്ങിയ വഴിയുടെ ദൈര്‍ഘ്യം കുറച്ചൊന്നുമല്ല. പന്നി അടുത്തു വന്നാല്‍ ഉപദ്രവിക്കുമെന്നുള്ള കാര്യം തീര്‍ച്ച തെന്നെ. ഒഴിഞ്ഞു മാറാന്‍ അവിടെ മാര്‍ഗ്ഗവുമില്ല. ആകപ്പാടെ അദ്ദേഹം കുഴങ്ങി വശായി. 'ഈശ്വരാ! ഇനി എന്താണ് ചെയ്യേണ്ടത്?' എന്നു വിചാരിച്ച് അങ്ങനെ നിന്നപ്പോള്‍ അദ്ദേഹത്തിന് ഒരു കശൗലം തോന്നി. വഴിയുടെ രണ്ടു വശങ്ങളിലുമുള്ള രണ്ടു പാറകളില്‍ കാലുകളുറപ്പിച്ചു പന്നിക്കു കടന്നു പോകാവുന്ന വിധത്തില്‍ കവച്ചു നിന്നു. പന്നികള്‍ മേല്‍പോട്ടു നോക്കുക പതിവില്ലല്ലോ. അതിനാല്‍ അത് അദ്ദേഹം അവിടെ അങ്ങനെ നിന്നിരുന്നതു കാണാതെ മുമ്പോട്ടു കടന്നുപോയി. പന്നി അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ക്കൂടി കടന്ന ക്ഷണത്തില്‍ അദ്ദേഹം താഴെചാടുകയും പന്നിയുടെ പിന്‍കാലുകള്‍ രണ്ടും കൂട്ടിപ്പിടിചെടുത്ത് നിലത്ത് ഒരടിയടിക്കുകയും ഒരുമിച്ചു കഴിഞ്ഞു. അതോടുകൂടി പന്നിയുടെ കഥയും കഴിഞ്ഞു. ഇതുകൊണ്ടുതന്നെ കുഞ്ചിക്കുട്ടിപ്പിള്ളയുടെ കായബല വും കരബലവും സാമാന്യമല്ലായിരുന്നു എന്നു തീര്‍ച്ചയാക്കാമല്ലോ. സൂകരവധം കഴിച്ചതിന്റെ ശേഷം അദ്ദേഹം പിന്നെയും യാത്ര തുടര്‍ന്നു. അങ്ങനെ പോയിപ്പോയി മേല്‍പറഞ്ഞ തടാകത്തിന്റെ വക്കത്തിരുന്നതും പത്താളുകള്‍ കൂടിപ്പിടിചാലിളകാത്തതുമായ ഒരു കല്} അദ്ദേഹം ഇളക്കിയുരുട്ടി മാറ്റി. അപ്പോള്‍ തടാകത്തിലെ വെള്ളം വലിയ അണമുറിച്ചുവിട്ടാലെന്നവണ്ണം ഊക്കോടുകൂടി പടിഞ്ഞാട്ട് ഒഴുകിത്തുടങ്ങി. ആ സമയം കാലവര്‍ഷത്തിന്റെ ആരംഭഘട്ടമായതിനാല്‍ മലവെള്ളപ്പാച്ചില്‍ തുടങ്ങിയിരുന്നു. അതോടുകൂടി തടാകത്തിലെ വെള്ളവും ചെന്നു ചേര്‍ന്നതിനാലാണ് ക്ഷണത്തില്‍ ആലുവാപ്പുഴ കവിഞ്ഞൊഴുകുന്നതിനും ടിപ്പുവിനു വിചാരിച്ചിരിക്കാത്ത ആപത്തുകളും അനര്‍ത്ഥങ്ങളും സംഭവിക്കുന്നതിനും അവന്‍ പ്രാണഭയത്തോടുകൂടി മടങ്ങിയോടുന്നതിനും ഇടയായത്.
ടിപ്പു സുല്‍ത്താന്റെ ഉപദ്രവം നിമിത്തം പല ദേശക്കാര്‍ നാടും വീടും വിട്ട് ഓടി തിരുവതാംകൂറിലെത്തി മഹാരാജാവിനെ ശരണം പ്രാപിക്കുകയും അവിടുന്ന് എല്ലാവരെയും അഭയം കൊടുത്തു രക്ഷിക്കുകയും ചെയ്തുവെന്നുള്ളതു പ്രസിദ്ധമാണല്ലോ. അങ്ങനെ തിരുവനന്തപുരത്തു വന്നു ചേര്‍ന്നവരുടെ കൂട്ടത്തില്‍ മൈസൂര്‍ക്കാരനും ടിപ്പുവിന്റെ ചാരനുമായ ഒരു ദുഷ്ടനുമുണ്ടായിരുന്നു. അവന്‍ സദാ മാഹാരാജാവിനെ നിഗ്രഹിക്കാനുള്ള മാര്‍ഗ്ഗവും തരവും നോക്കിക്കൊണ്ടു തന്നെയാണ് തിരുവനന്തപുരത്തു താമസിച്ചത്. ഇതൊന്നും മനസ്സിലാക്കുന്നതിന് അവിടെ ആര്‍ക്കും കഴിഞ്ഞില്ല. എങ്കിലും കുഞ്ചിക്കുട്ടിപ്പിള്ള ഈ വന്നിരിക്കുന്നവന്‍ ആരാണെന്നും ഏതു ദേശക്കാരനാണെന്നും അവന്റെ ഉദ്ദേശ്യമെന്താണെന്നും മറ്റും ഉപായത്തില്‍ മനസ്സിലാക്കുകയും അവനെ സദാ പ്രത്യേകം സൂക്ഷിചുകൊണ്ടിരിക്കുകയും ചെയ്തു.
എന്നാല്‍ ഇതൊന്നും അവനറിഞ്ഞുമില്ല. അവന്‍ മഹാരാജാവിനെ അകപ്പെടുത്തുന്നതിനു പല മാര്‍ഗ്ഗങ്ങള്‍ നോക്കീട്ടും ഒന്നും ശരിയായി കണ്ടില്ല. ഒടുക്കം അവന്‍ ഒരു കശൗലം കണ്ടുപിടിച്ചു നിശ്ചയിച്ചു. മഹാരാജാവു തിരുമനസ്സിലെ പള്ളിയറ മാളികയുടെ സമീപത്തായി ഒരു മരം നില്‍ക്കുന്നുണ്ടായിരുന്നു. രാത്രി സമയം ഒരു കയറും കൊണ്ട് ആ മരത്തിന്മേല്‍ കയറിയാല്‍ കയറിന്റെ ഒരറ്റം മരത്തിന്റെ ഒരുകൊമ്പിന്മേലും മറ്റേ അറ്റം തന്റെ അരയ്ക്കും കെട്ടിമുറുക്കിക്കൊണ്ട് കീഴ്പോട്ടു നിന്നാല്‍ ആടിച്ചെന്നു ജനലില്‍പ്പിടിക്കാം. മഹാരാജാവ് നല്ല ഉറക്കമാകുന്ന സമയം ജന്നലില്‍ക്കൂടി അകത്തു കടന്നു മഹാരാജാവിന്റെ കഥ കഴിക്കാം എന്നാണ് അവന്‍ നിശ്ചയിചുറചത്. ഒരു ദിവസം പകല്‍ സമയം ആ ചാരന്‍ പള്ളിയറയുടെ സമീപത്തു ചുറ്റി നടക്കുന്നതും ആ മരത്തിന്റെ ചുവട്ടില്‍ച്ചെന്നു മേല്‍പോട്ടും മറ്റും നോക്കുന്നതും കുഞ്ചിക്കുട്ടിപ്പിള്ള ഒരു സ്ഥലത്ത് ഒളിച്ചുനിന്നു കണ്ടു. അപ്പോള്‍ത്തന്നെ അവന്റെ അന്തര്‍ഗ്ഗതം മനസ്സിലാക്കുകയും ചെയ്തു.
ഒരു ദിവസം രാത്രിയില്‍ ഏകദേശം പന്ത്രണ്ടുമണിയായ സമയം ആ ചാരന്‍ ഒരു വലിയ കയറും കൊണ്ട് ആ മരത്തില്‍ചെന്നു കയറി. ജന്നലില്‍ക്കൂടി മാളികയിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. മാളികയില്‍ വിളക്കു കൊളുത്തിവെച്ചിരുന്നതുകൊണ്ട് അവിടത്തെ സ്ഥിതികളെലാം അവനു സ്പഷ്ടമായിക്കാണാമായിരുന്നു. അവന്‍ അവിടെത്തന്നെ ദൃ ഷ്ടി ഉറപ്പിച്ചുകൊണ്ടിരുന്ന സമയം കുഞ്ചിക്കുട്ടിപ്പിള്ള ഒരു കറുത്ത വസ്ത്രവും ധരിച്ച് ഒരായുധവുമായി മരത്തിന്റെ മറ്റേവശത്തുകൂടി മന്ദം മന്ദം കയറി മുകളിലെത്തി ശിഖരങ്ങളുടെ മറവിലായി ഒളിച്ചിരുന്നു. മഹാരാജാവു തിരുമനസ്സുകൊണ്ട് പള്ളിക്കുറുപ്പായി എന്നു തോന്നിയപ്പോള്‍ ആ ചാരന്‍ കയറെടുത്ത് ഒരറ്റം മരത്തിന്റെ കൊമ്പത്തും മറ്റേ അറ്റം തന്റെ അരയിലും കെട്ടിമുറുക്കിക്കൊണ്ട് കീഴ്പോട്ടു പോന്നു. ആ സമയം കുഞ്ചിക്കുട്ടിപ്പിള്ള തന്റെ കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് കയറിന്റെ മുകളിലത്തെ അറ്റം അറുത്തുമുറിച്ചു. ചാരന്‍ ചക്കവെട്ടിയതുപോലെ 'പൊത്തോ'യെന്നു നിലത്തു ചെന്നു വീണു. കുഞ്ചിക്കുട്ടിപ്പിള്ളയുടെ നിയോഗപ്രകാരം അവിടെ ഒരു സ്ഥലത്ത് ഒളിച്ചിരുന്ന ഭടന്മാര്‍ ഉടനെ വന്ന് അവനെ പിടികൂടി. അപ്പോഴേക്കും കുഞ്ചിക്കുട്ടിപ്പിള്ളയും താഴെയിറങ്ങി അവിടെയെത്തി ആ ചാരന്റെ അരയില്‍ കെട്ടിയിരുന്ന കയറുകൊണ്ടുതന്നെ അവന്റെ കൈകള്‍ കൂട്ടിക്കെട്ടി കൊണ്ടുപോയി. നേരം വെളുക്കുന്നതുവരെ അവനെ പാറാവില്‍ വച്ചു സൂക്ഷിച്ചു. നേരം വെളുത്തപ്പോള്‍ കുഞ്ചിക്കുട്ടിപ്പിള്ള ആ ചാരണെ തിരുമുമ്പാകെ ഹാജരാക്കിക്കൊണ്ടു സംഗതികളെല്ലാം തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് ആ ദുഷ്ടനെ തൂക്കിക്കൊല്ലുന്നതിനു കല്‍പിക്കുകയും കുഞ്ചിക്കിട്ടിപ്പിള്ളയെ സര്‍വ്വാധികാര്യക്കാരായി കല്‍പിച്ചു നിയമിച്ചു നീട്ടു കൊടുക്കുകയും ചെയ്തു.
കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യക്കാരായിരുന്ന കാലത്തു കൊച്ചി യും തിരുവിതാംകൂറും കൂടിച്ചേര്‍ന്നതായ അതിര്‍ത്തിസ്ഥലത്ത് ഒരാന കുഴിയില്‍ വീണു. അതറിഞ്ഞ് ആ ആനയെ കുഴിയില്‍നിന്നു കയറ്റി ക്കൊണ്ടുപോരാനായി കല്‍പന പ്രകാരം കുഞ്ചിക്കുട്ടിപ്പിള്ള പരിവാര സമേതം പോയിരുന്നു. അദ്ദേഹം സ്ഥലത്തെത്തിയപ്പോഴേക്കും കൊച്ചി സര്‍ക്കാരില്‍നിന്നു താപ്പാനകളെയും മറ്റും കൊണ്ട് ആളുകള്‍ വന്ന് ആനയെ കുഴിയില്‍നിന്നു കയറ്റി അതിര്‍ത്തി കടത്തിക്കഴിഞ്ഞിരുന്നു. കുഞ്ചിക്കുട്ടിപ്പിള്ള അടുത്തു ചെന്ന് തന്റെ മന്ത്രശക്തികൊണ്ട് ആനയെ പിറകോട്ടു നടത്തിത്തിരിച്ചു കൊണ്ടുവന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ വക ആനക്കൂട്ടിലാക്കിയടച്ചു. ഇണക്കവും പരിചയം വരാത്ത കാട്ടാനയെ പിടിക്കാനോ തടുക്കാനോ അതിന്റെ അടുക്കല്‍ ചെല്ലാനോ ആര്‍ക്കും സാധ്യമല്ലല്ലോ. അതിനാല്‍ കൊച്ചിയില്‍നിന്നു വന്നവര്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നോക്കിക്കൊണ്ടു നിന്നതേയുള്ളു.
അക്കാലത്തു കൊച്ചിയില്‍ നാടുവാണിരുന്നത് അമാനുഷപ്രഭാവനും പ്രസിദ്ധനുമായിരുന്ന ശക്തന്‍ തമ്പുരാന്‍ തിരുമനസ്സുകൊണ്ടായിരുന്നു. ആ തിരുമനസ്സുകൊണ്ടു കുഞ്ചിക്കുട്ടിപ്പിള്ളയുടെ ഈ ദിവ്യത്വത്തെക്കുറിച്ചു കേട്ടിട്ടു തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സിലേക്ക് 'അവിടെ ഇപ്പോള്‍ സര്‍വ്വാധിയായിരിക്കുന്ന കുഞ്ചിക്കുട്ടിയെ ഒന്നു കണ്ടാല്‍ക്കൊള്ളാ മെന്നുണ്ട്. അതിനാല്‍ സകൗര്യംപോലെ അവനെ ഇങ്ങോട്ടൊന്ന് അയച്ചാല്‍ക്കൊള്ളാം' എന്നൊരു തിരുവെഴുത്ത് എഴിതിയയച്ചു. തിരുവെ ഴുത്തു കണ്ടയുടനെ മഹാരാജാവു തിരുമനസ്സുകൊണ്ട് സര്‍വ്വാധികാര്യ ക്കാരെ തിരുമുമ്പില്‍ വരുത്തി, 'കുഞ്ചിക്കുട്ടിയെ ഒന്നു കാണാനായിട്ടു തൃപ്പൂണിത്തുറേയ്ക്കയചാല്‍ കൊള്ളാമെന്നു പെരുമ്പടപ്പില്‍ മൂപ്പിലെ എഴുത്തു വന്നിരിക്കുന്നു. എന്താ ഒന്നു പോയിവരാന്‍ വയ്യേ?' എന്നു കല്‍പിച്ചു ചോദിച്ചു. അതിനുത്തരമായി 'കല്‍പനയുണ്ടെങ്കില്‍ വിട കൊള്ളാം' എന്നു സര്‍വ്വാധികാര്യക്കാര്‍ അറിയിക്കുകയും, 'ആട്ടെ ഒന്നു പോയി വരൂ: സൂക്ഷിച്ചുവേണം. അദ്ദേഹം ഒരു ശുദ്ധാത്മാവാണ്. എങ്കിലും മുന്‍കോപം കലശലായിട്ടുണ്ട്. ദേഷ്യം വന്നാല്‍ എന്തും ചെയും. { അങ്ങനെയാണ് സ്വഭാവം. ആളറിഞ്ഞു പെരുമാറിക്കൊണ്ടാല്‍ മതി' എന്നു കല്‍പിക്കുകയും ചെയ്തു.
സര്‍വ്വാധികാര്യക്കാര്‍ മഹാരാജാവു തിരുമനസ്സിലെ വന്ദിച്ചുകൊണ്ട് അന്നു തന്നെ പുറപ്പെട്ട്, നാലാം ദിവസം തൃപ്പൂണിത്തുറയെത്തി. സേവകന്മാര്‍ മുഖാന്തരം അനുവാദം വാങ്ങിക്കൊണ്ടു തിരുമുമ്പാകെ യെത്തി. ആ സമയം ശക്തന്‍ തിരുമനസ്സുകൊണ്ട് കളിമാളികയുടെ വരാന്തയില്‍ ഒരു ചാരുകസാലയില്‍ എഴുന്നള്ളിയിരിക്കുകയായിരുന്നു. തൃക്കൈയില്‍ ഒരു വാളുമുണ്ടായിരുന്നു. സര്‍വ്വാധികാര്യക്കാര്‍ അടുത്തു ചെന്നു വന്ദിച്ചു. വിനീതഭാവത്തില്‍ പഞ്ചപുച്ഛമൊതുക്കി നിന്നു. അപ്പോള്‍ ശക്തന്‍ തിരുമനസ്സുകൊണ്ട് 'കുഞ്ചിക്കുട്ടിയെക്കുറിച്ചു ധാരാളമായി കേട്ടിട്ടുണ്ട്. കാണാന്‍ കഴിഞ്ഞിട്ടില്ല. ഒന്നു കണ്ടാല്‍ക്കൊള്ളാമെന്നു ഞാന്‍ വിചാരിച്ചുതുടങ്ങീട്ടു വളരെ ദിവസമായി. ഇന്നു കണ്ടുവല്ലോ. സന്തോഷ മായി' എന്നരുളിച്ചെയ്തു.
സര്‍വ്വാധികാര്യക്കാര്‍: ഇവിടെ വിടകൊണ്ട് തൃപ്പാദം കണ്ടു വന്ദി ച്ചാല്‍ കൊള്ളാമെന്ന് അടിയനും വിചാരിക്കാറുണ്ട്. അതിനുള്ള വിധി ഇന്നേ അടിയനു ലഭിച്ചുള്ളൂ.
ശക്തന്‍: (തൃക്കൈയിലിരുന്ന വാള്‍ കാണിച്ചുകൊണ്ട്) കുഞ്ചിക്കുട്ടി ഇതു കണ്ടുവോ?
സര്‍വ്വാധികാര്യക്കാര്‍: ഇറാന്‍. ചെറുതായിട്ടൊന്ന് അടിയന്റെ കൈയി ലുമുണ്ട്. (എന്നു പറഞ്ഞ് അരയില്‍ ഒളിച്ചുവെച്ചിരുന്ന അരവാളെടുത്തു കാണിച്ചു.)
ശക്തന്‍: കാണട്ടെ. അതിങ്ങോട്ടു തരൂ.
സര്‍വ്വാധികാര്യക്കാര്‍: തൃക്കൈയിലിരിക്കുന്നത് ഇങ്ങോട്ടു കല്‍പിച്ചു തന്നാല്‍ കൊള്ളാം. (ശക്തന്‍ തിരുമനസ്സുകൊണ്ടു തൃക്കൈയിലിരുന്ന വാള്‍ കല്‍പ്പിച്ചു കൊടുക്കുകയും സര്‍വ്വാധികാര്യക്കാര്‍ താണു തൊഴുതു രണ്ടു കൈയ്യും നീട്ടി സാദരം വാങ്ങുകയും ചെയ്തതിന്റെ ശേഷം)
ശക്തന്‍: ഇനി അതിങ്ങോട്ടു തരരുതോ?
സര്‍വ്വാധികാര്യക്കാര്‍: നിവൃത്തിയില്ല. ഇതു തിരുവിതാംകൂര്‍ മഹാ രാജാവു തിരുമനസ്സുകൊണ്ട് അടിയനു കല്‍പിച്ചു തന്നിട്ടുള്ളതാണ്. അത് അടിയന്‍ ജീവനുള്ളപ്പോള്‍ താഴെ വെയ്ക്കുകയോ മറ്റൊരാളുടെ കൈയ്യില്‍ കൊടുക്കുകയോ ചെയ്കയില്ല.
ശക്തന്‍: എന്നാല്‍ ഞാന്‍തന്നത് ഇങ്ങോട്ടു തന്നേക്കൂ.
സര്‍വ്വാധികാര്യക്കാര്‍: അടിയന് ഇവിടുത്തെക്കുറിച്ചും ഭക്തി ഒട്ടും കുറവില്ല. ഇവിടുന്ന് അടിയനു കല്‍പ്പിച്ചുതന്നത് അടിയന്‍ തിരിച്ചുതരു ന്നതു മര്യാദയല്ല. കല്‍പ്പിച്ചു തന്നതു തിരിച്ചുവാങ്ങുന്നത് ഇവിടേയ്ക്കും യുക്തമല്ലല്ലോ. ഇതും അടിയന്‍ അടിയന്റെ ജീവനുള്ളപ്പോള്‍ താഴെ വയ്ക്കുകയോ മറ്റൊരാളുടെ കൈയില്‍ കൊടുക്കുകയോ ചെയ്കയില്ല.
ശക്തന്‍: എടാ! സമര്‍ത്ഥാ! നീ കുഞ്ചിക്കുട്ടിയല്ല. ആനക്കുട്ടിയാണ്.
സര്‍വ്വാധികാര്യക്കാര്‍: ഇവിടെ വിചാരിച്ചാല്‍ അടിയനെ ആനക്കുട്ടി യാക്കാനും പൂനക്കുട്ടിയാക്കാനും കഴിയും.
ശക്തന്‍: ആട്ടെ, സന്തോഷമായി. കുലശേഖരപെരുമാളുടെ ആളുക ളെല്ലാം നമ്മുടെയും സ്വന്തമാണ്.
എന്ന് അരുളിച്ചെയുകയും ഒരു കുത്തു പാവുമുണ്ടും ഒരു വീരശൃംഖലയും കൂടി സമ്മാനമായി കല്‍പ്പിച്ചു കൊടുത്തു സര്‍വ്വ്വാധികാര്യ ക്കാരെ മടക്കിയയയ്ക്കുകയും ചെയ്തു.
കുഴിയില്‍ വീണ ആനയെ തിരിച്ചു കൊണ്ടുപോന്നതിനെക്കുറിച്ചു വല്ലതും കല്‍പ്പിച്ചു ചോദിച്ചേക്കുമോ എന്നുള്ള വിചാരം സര്‍വ്വാധികാര്യ ക്കാരുടെ മനസ്സില്‍ സാമാന്യത്തിലധികമുണ്ടായിരുന്നു. ഈശ്വരകാരുണ്യം കൊണ്ട് അതിനെക്കുറിച്ചു യാതൊന്നും കല്‍പിച്ചു ചോദിച്ചില്ല. തേവല ശ്ശേരി നമ്പി ധരിപ്പിച്ച രക്ഷയുണ്ടായിരുന്നതുകൊണ്ടു തിരുമനസ്സിലെ ആയുധമേറ്റു മരിക്കാനിടയാവുകയില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നു വെങ്കിലും തിരുമുമ്പാകെനിന്നു പിരിഞ്ഞുപോന്നതിന്റെ ശേഷമേ സര്‍വ്വാധി കാര്യക്കാരുടെ മനസ്സിനു സമാധാനമുണ്ടായുള്ളു. സര്‍വ്വാധികാര്യക്കാര്‍ അന്നുതന്നെ തൃപ്പൂണിത്തുറനിന്നു പുറപ്പെടുകയും യഥാകാലം തിരുവനന്തപുരത്തെത്തുകയും തൃപ്പൂണിത്തുറെ ചെന്നിട്ടുണ്ടായ സകല സംഗതികളും മഹാരാജാവു തിരുമനസ്സിലെ അടുക്കല്‍ അറിയിക്കുകയും ചെയ്തു. ഇങ്ങനെ അദ്ദേഹത്തിന്റെ യോഗ്യതാംശങ്ങള്‍ വളരെപ്പറയാനുണ്ട്. വിസ്തരഭത്താല്‍ ചുരുക്കുന്നു.
കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യക്കാര്‍ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ആ സ്ത്രീയില്‍ അദ്ദേഹത്തിനു ചില സന്താനങ്ങളുണ്ടാവു കയും ചെയ്തു. ആസന്താനപരമ്പരയിലുള്‍പ്പെട്ട ഒരു വീട്ടുകാര്‍ ഇപ്പോഴും കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ ഏവൂര്‍ ദേശത്ത് ഉള്ളതായി അറിയുന്നുണ്ട്.
ഇപ്രകാരം അര്‍ത്ഥപുത്രമിത്രകളത്രാദികളോടും ഉദ്യോഗപദവി യോടും കൂടി മഹാരാജാവു തിരുമനസ്സിലെ പ്രീതിഭാജനമായി പാര്‍ത്തിരുന്ന സര്‍വ്വാധികാര്യക്കാര്‍ ഒരു യോഗീശ്വരന്റെ സാഹചര്യം നിമിത്തം ഒരു വിരക്തനായ സന്യാസിയായിത്തീര്‍ന്നു. പിന്നെ മുറയ്ക്കു യോഗശാസ്ത്രമഭ്യസിച്ചു വലിയ യോഗിയായിത്തീരുകയും ഒടുക്കം സര്‍വ്വസ്വവുമുപേക്ഷിച്ചു ദേശം വിട്ടുപോവുകയും ചെയ്തു. പിന്നെ അദ്ദേഹം കാട്ടുപഴങ്ങളും കാട്ടുകിഴങ്ങുകളും ഭക്ഷിച്ചുകൊണ്ടു വനങ്ങളി ലും മലകളിലും സഞ്ചരിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു മലയുടെ അടിവാരത്തു സമാധിയില്‍ ഇരുന്നിരുന്ന സമയം ഒരു ഉരുള്‍ (മലയുടെ ജലഗര്‍ഭമായ സ്ഥലം) പൊട്ടി അത്യുഗ്രമായ ജലപ്രവാഹമുണ്ടാവുകയും അദ്ദേഹം അതില്‍പ്പെട്ട് ഒഴുകിപ്പോവുകയും ഒടുക്കം അദ്ദേഹത്തിന്റെ ദേഹം സമുദ്രത്തിലും ദേഹി പരമാത്മാവിങ്കലും ചെന്നു ചേരുകയും ചെയ്തു. കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യക്കാര്‍ ചരമഗതിയെ പ്രാപിച്ചതും കൊല്ലം 969-ാമാണ്ടാണെന്നാണ് കേട്ടിട്ടുള്ളത്.