ഐതിഹ്യമാല/പാക്കില്‍ ശാസ്താവ്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പാക്കില്‍ ശാസ്താവിന്റെ ക്ഷേത്രം തിരുവിതാംകൂറില്‍ കോട്ടയം താലൂക്കില്‍ നാട്ടകം പകുതിയിലാണ്. ഈ ക്ഷേത്രം പണ്ട് ഏറ്റവും പ്രസിദ്ധവും പ്രാധാന്യവുമുള്ളതായിരുന്നു. ഇതിനു പുരാതനത്വവും ഒട്ടും കുറവില്ല.


ശ്രീ പരശുരാമന്‍ കേരളത്തിന്റെ രക്ഷയ്ക്കായിട്ട് കിഴക്കു മലകളിലും പടിഞ്ഞാറു സമുദ്രതീരങ്ങളിലുമായി പല സ്ഥലങ്ങളില്‍ ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. പാക്കില്‍ശാസ്താവും ആ കൂട്ടത്തിലുള്ളതായി വിചാരിക്കാം. എന്നാല്‍ സ്വല്‍പം ഭേദമില്ലെന്നുമില്ല.


ഒരിക്കല്‍ ബ്രഹ്മാവു തന്റെ ഹേമകുണ്ഡത്തില്‍നിന്ന് ഉദ്ഭൂതമായ ഒരു ശാസ്തൃവിഗ്രഹം അഗ്നിദേവന്റെ കയില്‍ കൊടുത്ത്, "ഇതു പരശുരാമന്റെ കയ്യില്‍ കൊടുത്ത്, ഇതിനെ യഉേു015ന്ധാചിതം എവിടെയെങ്കിലും ഒരു നല്ല സ്ഥലത്തു പ്രതിഷ്ഠിക്കാന്‍ പറയണം" എന്നു പറഞ്ഞയച്ചു. അഗ്നിദേവന്‍ അപ്രകാരം ചെയുകയാല്‍ പരശുരാമന്‍ ആ വിഗ്രഹവും കൊണ്ട് പുറപ്പെട്ട് "പാക്ക്" എന്നു പറഞ്ഞുവരുന്ന ആ സ്ഥലത്തു വന്നപ്പോള്‍ ഈ സ്ഥലം കൊള്ളാമെന്നു തോന്നുകയാല്‍ ആ ബിംബം അവിടെ പ്രതിഷ്ഠിച്ചു. എങ്കിലും അത് അവിടെ ഉറയ്ക്കാതെ ഇളകി ഉദ്ഗമിച്ചുകൊണ്ടിരുന്നു. പല പ്രാവശ്യം പിടിച്ചിരുത്തീട്ടും ബിംബമവിടെ ഇരിക്കായ്കയാല്‍ പരശുരാമന്‍ ഏറ്റവും വി‌ഷണ്ണനായിത്തീര്‍ന്നു. ആ സമയം ദൈവഗത്യാ സാക്ഷാല്‍ പാക്കനാരും ഭാര്യയും കൂടി അവിടെ വന്നുചേര്‍ന്നു. പാക്കനാരെ കണ്ടപ്പോള്‍ പരശുരാമന്‍ പരമാര്‍ത്ഥമെലാം പറഞ്ഞു. ഉടനെ പാക്കനാര്‍ ആ ബിംബത്തിന്മേല്‍പ്പിടിച്ച് കീഴ്പ്പോട്ട് അമര്‍ത്തിക്കൊണ്ട് "ഇവിടെപ്പാര്‍ക്ക്" എന്നു പറഞ്ഞു. അതോടുകൂടി ബിംബം അവിടെ ഉറച്ചു. പാക്കനാര്‍ "പാര്‍ക്ക്" എന്നു പറഞ്ഞതിനാല്‍ ആ ദേശത്തിനു "പാര്‍ക്ക്" എന്നു തന്നെ പേരു സിദ്ധിച്ചു. അതു കാലക്രമേണ "പാക്ക്" എന്നായിത്തീര്‍ന്നു. ഇപ്രകാരമൊക്കെയാണ് പാക്കില്‍ ശാസ്താവിന്റെ ആഗമം. അതിനാല്‍ ഈ ശാസ്താവിനെ പ്രതിഷ്ഠിച്ചതു പരശുരാമനാണെന്നും പാക്കനാരാണെന്നും അഗ്നിദേവനാണെന്നും ഓരോരുത്തര്‍ ഓരോവിധം പറയുന്നു. പ്രതിഷ്ഠ കഴിഞ്ഞു പരശുരാമന്‍ പോയതിന്റെ ശേ‌ഷം ശാസ്താവ് ദിവ്യനായ പാക്കനാര്‍ക്കു പ്രത്യക്ഷീഭവിക്കുകയും "പാക്കനാരെ ആണ്ടിലൊ രിക്കലെങ്കിലും ഇവിടെ കണ്ടാല്‍ കൊള്ളാമെന്നുണ്ട്" എന്നരുളിചെയ്കയും അങ്ങനെയാകാമെന്നു പാക്കനാര്‍ സമ്മതിക്കുകയും ചെയ്തു. പാക്കനാര്‍ മുറം വിറ്റുകൊണ്ട് സഞ്ചരിച്ചിരുന്ന അവസരത്തിലാണ് അവിടെച്ചെന്നിരു ന്നത്. അതുപോലെ പാക്കനാര്‍ പിന്നെയും ആണ്ടുതോറും കര്‍ക്കടക സംക്രാന്തിനാള്‍ അവിടെ ചെന്നിരുന്നു. പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണല്ലോ. പാക്കനാര്‍ പതിവായി കര്‍ക്കടകസംക്രാന്തിനാള്‍ പാക്കില്‍ചെന്നിരുന്നതിന്റെ സ്മാരകമായി ഇപ്പോഴും അവിടെ കര്‍ക്കടക സംക്രാന്തിതോറും ജനങ്ങള്‍ കൂടി ഒരു കച്ചവടം നടത്തിവരുന്നുണ്ട്. അതിനു 'സംക്രാന്തിവാണിഭം" എന്നാണ് പേരു പറഞ്ഞുവരുന്നത്. ആ ദിവസം അവിടെ പലജാതിക്കാരായി അസംഖ്യം ആളുകള്‍ കൂടുകയും കച്ചവടത്തിനായി അനേകം സാമാനങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നു ണ്ട്. എന്നാല്‍ വരുന്നവരില്‍ അധികം പേരും പറയറും പുലയരും സാമാനങ്ങളില്‍ അധികവും കുട്ട, മുറം മുതലായവയുമായിരിക്കും.


പ്രതിæാനന്തരം പരശുരാമന്‍ തദ്ദേശവാസികളായ ജനങ്ങളെ അവിടെ വരുത്തി ഈ ശാസ്താവിനെ എല്ലാവരും ദേശപരദേവതയായി ആദരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നു ഉപദേശിച്ചു. അതനു സരിച്ചു ജനങ്ങള്‍ കൂടി അവിടെ ഉപായത്തില്‍ ഒരമ്പലം പണി കഴിപ്പിക്കുകയും സമീപസ്ഥനായ അയര്‍ക്കാട്ടു നമ്പൂരിയെക്കൊണ്ട് കലശം നടത്തിക്കുകയും ചെയ്തു. ആ ദേവന് ആദ്യം നിവേദ്യം കഴിച്ചതു നാഴിയരിവച്ച് അതിന്റെ മുകളില്‍ ഒരു തുടം വെണ്ണയും വച്ചാണ്. അതിനാല്‍ അങ്ങനെയുള്ള നിവേദ്യം ആ ദേവനു വളരെ പ്രധാനവും പ്രിയതരവുമായിത്തീര്‍ന്നു. അങ്ങനെ വഴിപാടായിട്ട് ഇപ്പോഴും പലരും അവിടെ നടത്തിവരുന്നുണ്ട്. അതിനു നാഴിയരിയും വെണ്ണയും എന്നാണ് പേരു പറഞ്ഞുവരുന്നത്.


ദേശക്കാര്‍ക്കൂടി ഉപായത്തില്‍ ആദ്യം പണികഴിപ്പിച്ച ഈ ക്ഷേത്രത്തിനു പിന്നീടു വേണ്ടുന്ന പു ഉു0ന്ധ08ിയൊക്കെ വരുത്തിയതു തെക്കും കൂര്‍ രാജാവാണ്. ഒരു കാലത്തു നാടുവാണിരുന്ന തെക്കുംകൂര്‍ രാജാവ് ആണ്ടുതോറും മകരസംക്രാന്തിക്ക് ശബരിമല ക്ഷേത്രത്തില്‍പ്പോയി സ്വാമിദര്‍ശനം കഴിച്ചുവന്നിരുന്നു. ആ തമ്പുരാനു പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം നിമിത്തം അതു ദു‌ഷ്ക്കരമായിത്തുടങ്ങിയതിനാല്‍ ഒരാണ്ടില്‍ അവിടെച്ചെന്നിരുന്നപ്പോള്‍ നടയില്‍ തൊഴുതുകൊണ്ടുനിന്ന് "എന്റെ സ്വാമിന്‍! ഇവിടെ വന്നു ദര്‍ശനം കഴിചപോകാന്‍ ഞാന്‍ ശക്തനല്ലാതെയായിത്തീര്‍ന്നിരിക്കുന്നു. ഇതു മുടങ്ങീട്ടു ജീവിച്ചിരിക്കുക യെന്നുള്ളത് എനിക്കു പരമസങ്കടമാണ്. അതിനാല്‍ ഇതിന് എന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരണേ" എന്നു ഭക്തിപൂര്‍വം പ്രാര്‍ത്ഥിച്ചു. അന്നു രാത്രിയില്‍ തമ്പുരാന്‍ കിടന്നുറങ്ങിയിരുന്ന സമയം ഒരാള്‍ അടുക്കല്‍ ച്ചെന്ന്, "ഇവിടെ വന്ന് എന്നെ ദര്‍ശിക്കുന്നതിന് നിവൃത്തിയില്ലാത്തവര്‍ എന്റെ കിഴക്കേ നടയില്‍ വന്ന് എന്നെക്കണ്ടാലും മതി. പാക്കില്‍ പാര്‍ക്കുന്നതും ഞാന്‍തന്നെയാണ്" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉണര്‍ന്ന് ഉടനെ കണ്ണുതുറന്നു നോക്കിയപ്പോള്‍ അവിടെയെങ്ങും ആരെയും കണ്ടില്ല. അതിനാല്‍ ഇത് കരുണാനിധിയായ ശബരിമല ശാസ്താവു തന്റെ പ്രാര്‍ത്ഥനയെ കൈക്കൊണ്ട് അരുളിച്ചെയ്തതാണെന്നു തന്നെ തമ്പുരാന്‍ വിശ്വസിച്ചു.


തമ്പുരാന്‍ ശബരിമലയില്‍നിന്ന് തിരിയെ രാജധാനിയില്‍ എത്തിയതിന്റെ ശേ‌ഷം ഒട്ടും താമസിയാതെ പാക്കില്‍ ശാസ്താവിന്റെ അമ്പലം, നാലമ്പലം, ബലിക്കല്‍പ്പുരം, വാതില്‍മാടം മുതലായവയോടു കൂടി ഭംഗിയായി പണിയിക്കുന്നതിനു കല്‍പന കൊടുത്തു. രണ്ടുമൂന്നു മാസംകൊണ്ട് അമ്പലം പണിയും പരിവാര പ്രതിഷ്ഠയും കലശവും നടത്തിക്കുകയും ഉത്സവം മുതലായ ആട്ടവിശേ‌ഷങ്ങള്‍ക്കും മാസവിശേ‌ഷ ങ്ങള്‍ക്കും നിത്യനിദാനം മുതലായതിനും പതിവുകള്‍ നിശ്ചയിക്കുകയും അവയ്ക്കെല്ലാം വേണ്ടിടത്തോളം വസ്തുവകകള്‍ ദേവസ്വംപേരില്‍ പതിച്ചുകൊടുക്കുകയും ചെയ്തു. ആകെപ്പാടെ പാക്കില്‍ ക്ഷേത്രം ഒരു മഹാക്ഷേത്രമാക്കിത്തീര്‍ത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ. ക്ഷേത്രം പണി കഴിഞ്ഞിട്ട് അന്നു കലശം നടത്തിച്ചതും അയര്‍ക്കാട്ടു നമ്പുരിയെക്കൊണ്ടുതന്നെയാണ് അതിനാല്‍ ആ നമ്പൂരി ആ ക്ഷേത്രത്തിലെ തന്ത്രിയായിത്തീര്‍ന്നു. ഇപ്പോഴും അവിടെ തന്ത്രി അദ്ദേഹം തന്നെ. അക്കാലം മുതല്‍ തെക്കുംകൂര്‍ രാജാക്കന്മാര്‍ പാക്കില്‍ ശാസ്താവിനെ അവരുടെ ഒരു പരദേവതയായി ആചരിച്ചുതുടങ്ങുകയും ചെയ്തു. അവര്‍ അക്കാലത്തു മാസത്തിലൊരിക്കലെങ്കിലും അവിടെപ്പോയി സ്വാമിദര്‍ശനം കഴിക്കാതെയിരിക്കാറില്ല. അന്നു രാജധാനി കോട്ടയത്തു തളിയിലായിരുന്നതിനാല്‍ പാക്കില്‍ ക്ഷേത്രത്തിലേക്കു നാലഞ്ചു നാഴികയിലധികം ദൂരമുണ്ടായിരുന്നില്ല. അതിനാല്‍ അങ്ങോട്ടു കൂടെക്കൂടെ പ്പോകുന്നതിനു സകൗര്യവുമുണ്ടായിരുന്നു.


പെരുമാക്കന്മാരുടെ ഭരണാനന്തരം കേരളരാജ്യം പല ഖണ്ഡങ്ങളായി ഭാഗിച്ചു ചില രാജാക്കന്മാരും ഇടപ്രഭുക്കന്മാരും പ്രത്യേകം പ്രത്യേകം ഭരിച്ചുതുടങ്ങിയപ്പോള്‍ അവര്‍ തമ്മില്‍ കൂടെക്കൂടെ യുദ്ധമുണ്ടാവുക സാധാരണമായിത്തീര്‍ന്നു. അതിനാല്‍ അവര്‍ക്കെല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം സൈന്യങ്ങളെ ശേഖരിക്കേണ്ടത് അത്യാവശ്യമായും വന്നുകൂടി. തെക്കുംകൂര്‍ രാജാവും ഇക്കൂട്ടത്തില്‍ പ്രാധനപ്പെട്ട ഒരിടപ്രഭുവായിരുന്ന തിനാല്‍ അദ്ദേഹത്തിനു ഒരു സൈന്യശേഖരം വേണ്ടിവന്നു. അതിനാല്‍ അദ്ദേഹം രാജ്യത്തുള്ള ഓരോ കരകളിലും ഓരോരുത്തരെ ആശാന്മാരായി നിശ്ചയിക്കുകയും അവര്‍ക്കെല്ലാം ചില സ്ഥാനമാനങ്ങളും മറ്റും കല്പിച്ചു കൊടുക്കുകയും ആ ആശാന്മാര്‍ ഓരോ കരകളിലും കളരികള്‍ കെട്ടി നാട്ടുകാരായ പുരു‌ഷന്മാരെയല്ലാം ആയോധനവിദ്യ അഭ്യസിപ്പിക്കണമെന്ന് ഏര്‍പ്പാടു ചെയ്യുകയും അങ്ങനെ അവിടേക്കു ധാരാളം സൈന്യങ്ങളുണ്ടാ യിത്തീരുകയും ചെയ്തു. എന്നു മാത്രമല്ല, ഇപ്രകാരം യുദ്ധം അഭ്യസിക്ക പ്പെടുന്നവര്‍ക്കു ആണ്ടിലൊരിക്കല്‍ ഒരു പരീക്ഷ നടത്തണമെന്നും ആ പരീക്ഷ നടത്തുന്നതു പാക്കില്‍ ശാസ്താവിന്റെ സന്നിധിയില്‍വച്ചു വേണമെന്നും നിശ്ചയിച്ചു.


ആണ്ടുതോറും വിജയദശമിക്കു വിദ്യാംരംഭം കഴിഞ്ഞിട്ട് രാജാവ് ഒരു നല്ല ദിവസം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തും. ആ ദിവസം രാജ്യത്തുള്ള സകല കരകളില്‍നിന്നും ആശാന്മാര്‍ അവരവരുടെ ശി‌ഷ്യന്മാരോടുകൂടി പാക്കില്‍ വന്നുചേരും. അപ്പോള്‍ രാജാവും അവിടെയെത്തും. പിന്നെ പോരാളികളായിട്ടുള്ളവരെ യഉു015ന്ധായോഗ്യം രണ്ടുഭാഗമായി തിരിച്ചു നിര്‍ത്തും. അവര്‍ തെക്കും വടക്കുമായി പിരിഞ്ഞ് അണിനിരക്കും. എല്ലാവരും സന്നദ്ധരായി നിന്നു കഴിയുമ്പോള്‍ യുദ്ധം തുടങ്ങുന്നതിന് രാജാവ് കല്പനകൊടുക്കും. ഉടനെ യുദ്ധമാരംഭിക്കുകയും ചെയ്യു. ഇങ്ങനെയൊക്കെയായിരുന്നു ഇതിന്റെ പതിവ്. ഈ പരീക്ഷായുദ്ധത്തിന് പാക്കില്‍ പട എന്നാണ് പേരു പറഞ്ഞുവന്നിരുന്നത്. ഈ യുദ്ധത്തിനായി പാക്കില്‍ ക്ഷേത്രത്തിനുസമീപം മതില്‍ക്കുപുറത്തായിട്ട് ഏതാനും സ്ഥലം ഒഴിച്ചിട്ടിരുന്നു. ആ സ്ഥലത്തിന് 'പടനിലം' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ യുദ്ധത്തില്‍ ജയിക്കുന്നവര്‍ക്കു സൈന്യത്തില്‍ ചില സ്ഥാനങ്ങളും ചില സമ്മാനങ്ങളും മറ്റും രാജാവു കല്‍പിച്ചു കൊടുക്കുകയും ചെയ്തിരുന്നു. യുദ്ധത്തില്‍ ജയിക്കുന്നതിനു പ്രധാനമായി സഹായിക്കുന്ന ദേവന്മാര്‍ വേട്ടയ്ക്കൊരു മകനും ശാസ്താവുമാണെന്നാണല്ലോ വച്ചിരി ക്കുന്നത്. അതിനാല്‍ തെക്കുംകൂര്‍ രാജാവും രാജ്യവാസികളും മാത്രമല്ല, മറ്റു ചില രാജാക്കന്മാരും കോയിത്തമ്പുരാക്കന്മാരും കൂടി പാക്കില്‍ ശാസ്താവിനെ ഒരു പരദേവതയായിട്ടാണ് ആചരിച്ചുവരുന്നത്. നാട്ടുരാജാ ക്കന്മാര്‍ തമ്മില്‍ യുദ്ധമില്ലാതായപ്പോള്‍ മുതല്‍ അതിനൊക്കെ സ്വല്പം കുറവു വന്നു തുടങ്ങി. എങ്കിലും, പള്ളം, ലക്ഷ്മീപുരം, അനന്തപുരം, പാലിയക്കര, ഗ്രാമം മുതലായ കോയിത്തമ്പുരാക്കന്മാരുടെ കൊട്ടാരങ്ങ ളിലും മറ്റും കൊച്ചുതമ്പുരാക്കന്മാരുടെ അന്നപ്രാശനവും കൊച്ചുതമ്പുരാട്ടി മാരുടെ പള്ളിക്കെട്ടു കഴിഞ്ഞാല്‍ പാക്കില്‍ കൊണ്ടുചെന്നു ദര്‍ശനം കഴിപ്പിചു കൊണ്ടുപോവുക ഇപ്പോഴും പതിവുണ്ട്.


ശബരിമലശാസ്താവും പാക്കില്‍ ശാസ്താവും ഒന്നുതന്നെയെ ന്നാണ് ജനങ്ങളുടെ വിശ്വാസം. ശബരിമലയ്ക്ക് പോകുവാന്‍ സാധിക്കാ ത്തവരും മറ്റുമായി അനേകം ജനങ്ങള്‍ മകരസംക്രാന്തിക്കു പാക്കില്‍ പോയി ദര്‍ശനം കഴിക്കുക ഇപ്പോഴും പതിവാണ്.


പാക്കില്‍ ശാസ്താവിനു മുന്‍കാലങ്ങളില്‍ ഇപ്രകാരമെല്ലാം പ്രസിദ്ധിയും പ്രാധാന്യവും ഉണ്ടായിരുന്നുവെങ്കിലും തെക്കുംകൂര്‍ രാജ്യം തിരുവിതാംകൂറില്‍ ചേര്‍ന്നതോടുകൂടു അതിനൊക്കെ വളരെ ഭേദഗതി വന്നുപോയി. എങ്കിലും ദേവസാന്നിദ്ധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു മാറ്റവും വന്നിട്ടില്ല. ആ ദേശക്കാര്‍ ഇപ്പോഴും ആ ശാസ്തവിനെ തങ്ങളുടെ ദേശപരദേവതയായിട്ടുതന്നെ ആചരിച്ചുവരുന്നുണ്ട്. ആണ്ടു തോറുമുള്ള ഉത്സവത്തിനു സര്‍ക്കാരില്‍നിന്നു സ്വല്പം നെല്ലും പണവും പതിച്ചുവച്ചിട്ടുണ്ടെങ്കിലും പോരാത്തതെല്ലാം ചെലവുചെയ്ത് ഉത്സവം കേമമാക്കുന്നതും അഹസ്സുകള്‍ നടത്തുന്നതും ഇപ്പോഴും ദേശക്കാര്‍ തന്നെയാണ്. പാക്കില്‍ ശാസ്താവിന്റെ മാഹാത്മ്യങ്ങള്‍ പറയുകയാണെങ്കില്‍ വളരെയുണ്ട്. വിസ്തരഭയത്താല്‍ അതിനായി ഇപ്പോള്‍ തുനിയുന്നില്ല.