ഐതിഹ്യമാല/നടുവിലേപ്പാട്ട് ഭട്ടതിരി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വികടത്വംകൊണ്ടു വിശ്വവിശ്രൂതനും അപകടത്വംകൊണ്ട് അദ്വിതീയനുമായിരുന്ന നടുവിലേപ്പാട്ടു ഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീഷുമലബാറിലുള്‍പ്പെട്ട പൊന്നാനിത്താലൂക്കില്‍ വന്നേരി എന്ന ദേശത്താണെന്നാണ് കേട്ടിട്ടുള്ളത്. ഇദ്ദേഹം ചെറുപ്പത്തില്‍ വേദാധ്യായനം ചെയ്തു താമസിച്ചിരുന്നത് തൃശ്ശിവപേരൂര്‍ ബ്രഹ്മസ്വം മഠത്തിലായിരുന്നു. അതിനുശേഷവും പല കാരണവശാല്‍ ഇദ്ദേഹം ബ്രഹ്മസ്വംമഠത്തില്‍ വന്നു പലപ്പോഴും താമസിക്കാറുണ്ടായിരുന്നു. അതുകൂടാതെ കൊച്ചി രാജ്യത്തുതന്നെ തലപ്പിള്ളിത്താലൂക്കില്‍ വടക്കാഞ്ചേരിക്കു സ്വല്‍പം പടിഞ്ഞാറുള്ള ചിറ്റണ്ട ദേവസ്വത്തിലെ ഊരാളന്‍മാരിലൊരാളെന്ന നിലയില്‍ പലതവണയായി അവിടെയും വളരെക്കാലം താമസിച്ചിരുന്നുവത്ര.ഇദ്ദേഹത്തിന്റെ വികടത്വങ്ങള്‍ വിവരിക്കുകയാണെങ്കില്‍ വളരെയുണ്ട്. പക്ഷെ അവയില്‍ അധികവും അസഭ്യങ്ങളാകയാല്‍ അവയെ ഉപേക്ഷിച്ച് ഒരുവിധം സഭ്യങ്ങളായിട്ടുള്ളവ മാത്രം താഴെപ്പറഞ്ഞു കൊള്ളുന്നു.

നമ്മുടെ കഥാനായകന്റെ അച്ഛനും നല്ല വികടന്‍തന്നെയായിരുന്നു. ആ പാരമ്പര്യപ്രകാരമാണ് ഇദ്ദേഹം ഇങ്ങനെയായിത്തീര്‍ന്നത്. ഇദ്ദേഹത്തിനു ചെറുപ്പത്തില്‍തന്നെ അച്ഛന്റെ അനുഗ്രഹവും കിട്ടീട്ടുണ്ടായിരുന്നു. പ്രസ്തുതഭട്ടതിരി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായിരുന്ന കാലത്തു ചാര്‍ച്ചയുള്ള ഒരില്ലത്ത് എന്തോ കേമമായിട്ട് ഒരടിയന്തിരമുണ്ടായി. അങ്ങോട്ടു പോകാനായി ഇവര്‍ അച്ഛനും മകനുംകൂടി യാത്രയായപ്പോള്‍ അങ്ങോട്ടു പോകാനായിട്ടുതന്നെ വേറെയും ചില നമ്പൂരിമാര്‍ അവിടെ ചെന്നുകൂടി. പിന്നെ എലാവരുംകൂടിപ്പോയി. ഒന്നുരണ്ടു നാഴിക ദൂരം ചെന്നപ്പോള്‍ വഴിക്ക് ഒരു പുഴയുണ്ടായിരുന്നു. വേനല്‍ക്കാലമായിരുന്നതിനാല്‍ പുഴയില്‍ വെള്ളമധികമുണ്ടായിരുന്നില്ല. ഇറങ്ങിക്കടക്കാമായിരുന്നു. എങ്കിലും നടുക്കു ചെല്ലുമ്പോള്‍ നനച്ചേയ്ക്കുമോ എന്നു ചിലര്‍ക്കു സംശയം. അതുകൊണ്ട് ആരും വെള്ളത്തിലിറങ്ങാതെ എല്ലാവരും സംശയിച്ചു കരയ്ക്കു നിന്നു. അപ്പോള്‍ നമ്മുടെ കഥാനായകന്‍ "നിങ്ങള്‍ക്കെല്ലാവര്‍ക്കും സംശയമാണെങ്കില്‍ ആദ്യം ഞാനിറങ്ങി നോക്കാം. അപ്പോള്‍ സംശയം തീരുമല്ലോ?" എന്നു പറഞ്ഞു അദ്ദേഹം വെള്ളത്തിലിറങ്ങി നടന്നുതുടങ്ങി. കുറച്ചു നടന്നതിന്റെ ശേഷം ക്രമേണ താണു നടുക്കു ചെന്നപ്പോള്‍ അവിടെ ഇരുന്നു. അപ്പോള്‍ വെള്ളം അദ്ദേഹത്തിന്റെ കഴുത്തോളമായി. പിന്നെ കുറച്ചിട നിരങ്ങി നിരങ്ങിപ്പോയി. അപ്പോളൊക്കെ കരയ്ക്കു നിന്നിരുന്നവര്‍ക്ക് അദ്ദേഹം നടന്നുപോകുന്നു എന്നു തന്നെയാണു തോന്നിയത്. അങ്ങനെ തോന്നത്തക്കവിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പോക്ക്. പിന്നെ ക്രമേണ പൊങ്ങിപ്പൊങ്ങിയെണീറ്റു നടന്ന് അക്കരെച്ചെന്നു കയറി. അപ്പോള്‍ "ഈ ഉണ്ണിക്കു കഴുത്തോളം വെള്ളമുള്ള സ്ഥിതിക്കു നമുക്കു നനയ്ക്കുമെന്നുള്ള കാര്യം തീര്‍ച്ചതന്നെ" എന്നു പറഞ്ഞു നമ്പൂരിമാരെല്ലാവരും ഉടുത്തിരുന്ന മുണ്ടഴിച്ചു തലയില്‍ കെട്ടിക്കൊണ്ടു പുഴയിലിറങ്ങി നടന്നുതുടങ്ങി. അക്കരെച്ചെന്നു കയറുന്നതുവരെ അവര്‍ക്കാര്‍ക്കും ഒരിടത്തും മുട്ടോളം തന്നെ വെള്ളമുണ്ടായിരുന്നില്ല. അപ്പോളാണ് ഈ ബ്രഹ്മചാരി സൂത്രം കാണിച്ചു തങ്ങളെ വിഡ്ഢികളാക്കുകയാണു ചെയ്തതെന്നു നമ്പൂരി മാര്‍ക്ക് മനസ്സിലായത്. മുട്ടോളംതന്നെ വെള്ളമില്ലാതിരുന്ന പുഴയില്‍ പകല്‍സമയത്ത് ഒട്ടു വളരെപ്പേര്‍ ഉടുത്തതും പറിച്ചു തലയില്‍ക്കെട്ടിക്കൊണ്ടു നടക്കുന്നതു കണ്ടിട്ടു രണ്ടു കരയിലും നിന്നിരുന്ന ആളുകള്‍ കൈകൊട്ടിച്ചിരിച്ചു. നമ്പൂരിമാര്‍ സാമാന്യത്തിലധികം മധ്യമമായിയെന്നുള്ളതു പറയേണ്ടതില്ലല്ലോ. അക്കരെച്ചെന്നു കയറിയപ്പോള്‍ നമ്പൂരിമാര്‍ "ഉണ്ണി ഞങ്ങളെയെല്ലാവരെയും മധ്യമമാക്കിയല്ലോ. ചെറുപ്പത്തിലേതന്നെ അപകടമാണല്ലേ പഠിക്കുന്നത്? തരക്കേടില" എന്നു പറഞ്ഞു. അപ്പോള്‍ അച്ഛന്‍ ഭട്ടതിരി "ആവൂ! മനസ്സിനു സമാധാനവും സന്തോഷവുമായി. എന്റെ കാലം കഴിഞ്ഞാല്‍ പിന്നെ ഈ പാരമ്പര്യം പുലര്‍ത്തിക്കൊണ്ടുപോകുന്നതിന് ആരുമില്ലാതെവന്നേക്കുമോ എന്നുള്ള വിചാരം എനിക്കു വളരെയുണ്ടായിരുന്നു. ഇപ്പോള്‍ അതു തീര്‍ന്നു. എന്റെ ഉണ്ണി നന്നായ് വരട്ടെ!" എന്നും "അവനിങ്ങനെതന്നെ ഓരോന്നു തോന്നട്ടെ!" എന്നും പറഞ്ഞു. അക്കാലം മുതല്‍ക്കാണു നമ്മുടെ കഥാനായകന്‍ പ്രസിദ്ധനായിത്തീര്‍ന്നത്. പിന്നെ അധികം താമസിയാതെ അച്ഛന്‍ ഭട്ടതിരി മരിച്ചു. അച്ഛന്റെ ദീക്ഷയും സമാവര്‍ത്തനവും കഴിഞ്ഞയുടനെ കഥാനായകന്‍ വേദാധ്യയനത്തിനായി തൃശ്ശിവപേരൂര്‍ ബ്രഹ്മസ്വംമഠത്തില്‍ ചെന്നുചേര്‍ന്നു. പിന്നെ അദ്ദേഹം അവിടെവച്ചു കാണിച്ചിട്ടുള്ള കുണ്ടാമണ്ടികള്‍ക്കും കുസൃതികള്‍ക്കും അവസാനമില്ല.

ഭട്ടതിരി ചെന്നുചേര്‍ന്ന കൊല്ലം അക്ഷയതൃതീയദിവസം ബ്രഹ്മസ്വം മഠത്തില്‍ കേമമായിട്ട് ഒരു സദ്യയുണ്ടായിരുന്നു. മേടമാസം കാലമായിരുന്നതിനാല്‍ സദ്യയ്ക്ക് മാമ്പഴപ്പുളിശ്ശേരിയും മാമ്പഴവും ധാരാളമുണ്ടായിട്ടുണ്ടായിരുന്നു. മാമ്പഴമുള്ള കാലത്ത് മോരു കൂട്ടിയാല്‍ മാമ്പഴംകൂടെ പിഴിഞ്ഞുകൂട്ടുക എല്ലാവര്‍ക്കുംതന്നെ പ്രായേണ രസമായിട്ടുള്ളതാണല്ലോ. വിശേഷിച്ചും നമ്പൂരിമാര്‍ക്ക് അതു ബഹുരസമായിട്ടുള്ളതാണ്. മാമ്പഴം ധാരാളമായിട്ടുണ്ടെങ്കില്‍ നൂറും നൂറ്റമ്പതും മാമ്പഴം വീതം പിഴിഞ്ഞു കൂട്ടുക നമ്പൂരിമാരുടെയിടയില്‍ സാധാരണമാണ്. അന്നു സദ്യയ്ക്ക് മാമ്പഴം ധാരാളമായിട്ടുണ്ടായിരുന്നുവെന്നുമാത്രമല്ല, നമ്പൂരിമാരും പതിവില്‍ വളരെയധികം വന്നുകൂടീട്ടുണ്ടായിരുന്നു. എല്ലാവരും മാമ്പഴം ധാരാളമായി പിഴിഞ്ഞുകൂട്ടി. ഊണ് ഏകദേശം കഴിയാറായപ്പോള്‍ ഭട്ടതിരി ഒരു മാമ്പഴം പിഴിഞ്ഞ് അതിന്റെ അണ്ടി തെറിപ്പിച്ചു(തെറ്റിച്ചു). ആ അണ്ടി ചാടിച്ചാടി ആ പന്തിയിലിരുന്ന പത്തുപതിനഞ്ചു നമ്പൂരിമാരുടെ ഇല അശുദ്ധപ്പെടുത്തി. ഉടനെ അവരൊക്കെ കൈ കുടഞ്ഞ് എണീറ്റു. ഭട്ടതിരി അവിടെയിരുന്നു കരഞ്ഞുതുടങ്ങി. അപ്പോള്‍ ചില നമ്പൂരിമാര്‍ "നടുവിലേപ്പാട് ഒട്ടും വിഷാദിക്കേണ്ട. ഞങ്ങള്‍ക്കാര്‍ക്കും ഇതുകൊണ്ട് ഒരു പരിഭവവുമില്ല. ഇങ്ങനെയൊക്കെ അബദ്ധം എല്ലാവര്‍ക്കും വരുന്നതാണ്. നടുവിലേപ്പാടിനു ചെറുപ്പമല്ലേ? മേലാല്‍ ഇങ്ങനെ വരാതെയിരിക്കാന്‍ സൂക്ഷിക്കണം" എന്നു പറഞ്ഞു. അതുകേട്ടിട്ടു ഭട്ടതിരി "ഇനി ഇങ്ങനെ വരാതിരിക്കാന്‍ ഞാന്‍കഴിയുന്നതും കരുതിക്കൊള്ളാം. പക്ഷെ ഞാന്‍ വിഷാദിക്കുന്നതിന്റെ കാരണം നിങ്ങള്‍ വിചാരിക്കുന്നതല്ല. എന്റെ അച്ഛന്‍ ഇങ്ങനെ അണ്ടി തെറിപ്പിച്ചാല്‍ ആ അണ്ടി ആ പന്തിയിലുള്ള ഇലകളിലൊക്കെച്ചാടീട്ടു മറുപന്തിയിലും ചെന്ന് ഏതാനുമിലകള്‍ ശുദ്ധം മാറ്റുമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഞാന്‍ അണ്ടി തെറിപ്പിച്ചിട്ട് ഈ പന്തിയില്‍ത്തന്നെ മുഴുവനുമെത്തിക്കാന്‍ കഴിഞ്ഞില്ലല്ലോ. അതു വിചാരിച്ചാണു ഞാന്‍ വിഷാദിക്കുന്നത്. എങ്കിലും നിങ്ങള്‍ പറഞ്ഞതുപോലെ മേലാല്‍ ഇങ്ങനെയായിപ്പോകാതിരിക്കാന്‍ ഞാന്‍ നല്ലപോലെ സൂക്ഷിച്ചു കൊള്ളാം" എന്നാണ് പറഞ്ഞത്. ഇതു കേട്ടപ്പോള്‍ നമ്പൂരിമാരില്‍ ചിലര്‍ക്കു ദ്വേഷ്യവും ചിലര്‍ക്കു ചിരിയും വന്നു. എല്ലാവരും "അമ്പടാ!വീരാ!" എന്നു മാത്രം പറഞ്ഞിട്ടു കൈ കഴുകാന്‍ പോയി.

ഒരിക്കല്‍ ഭട്ടതിരി തൃശ്ശിവപേരൂര്‍ പടിഞ്ഞാറേ പ്രദക്ഷിണവഴിയില്‍ നിന്നിരുന്നപ്പോള്‍ ഒരു പട്ടരുടെ ശവം ചിലര്‍കൂടി കെട്ടിയെടുത്തു ശ്മശാനസ്ഥലത്തേയ്ക്കു കൊണ്ടുപോകുന്നതു കണ്ടിട്ടു ഭട്ടതിരി "ഈ പട്ടര്‍ക്കു ദീനമെന്തായിരുന്നു?" എന്നു ചോദിച്ചു. അപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്നതിലൊരാള്‍ "ദീനം വിശേഷിച്ചൊന്നുമുണ്ടായിരുന്നില്ല. വിഷംതീണ്ടി മരിച്ചതാണ്" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്നാല്‍ എനിക്കുകൂടി ഒന്നു നോക്കണം. മരിച്ചുപോയിയെന്നുള്ള കാര്യംതന്നെ എനിക്കത്ര വിശ്വാസമായിട്ടില്ല. ശവം അവിടെ താഴെ വെയ്ക്കാന്‍ പറയുക" എന്നു പറഞ്ഞു. അപ്പോള്‍ ഒരാള്‍ "വാസുനമ്പ്യാര്‍, മാളിയേക്കല്‍ക്കര്‍ത്താവ്,കാക്കരനമ്പൂരി മുതലായ യോഗ്യന്‍മാരൊക്കെ പഠിച്ച വിദ്യകളെല്ലാം പരീക്ഷിച്ചു നോക്കീട്ടും ഫലമുണ്ടായില്ല. മരിച്ചുപോയി എന്ന് അവരെല്ലാവരും തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. ഇനി ഇദ്ദേഹമെന്തിനാണ് നോക്കുന്നത്? ഒന്നും വേണ്ട. നടക്കുവിന്‍" എന്നു പറഞ്ഞു. ഉടനെ മറ്റൊരാള്‍ "അങ്ങനെ തീര്‍ച്ചപ്പെടുത്തേണ്ട. അവരൊക്കെ നോക്കീട്ടു ഫലമുണ്ടായില്ലെന്നുവെച്ച് ഇദ്ദേഹം നോക്കീട്ട് ഫലമുണ്ടാകരുതെന്നില്ലല്ലോ. ഉണ്ടായില്ലെങ്കില്‍ വേണ്ട. അതുകൊണ്ടു നമുക്കു നഷ്ടമൊന്നും വരാനില്ലല്ലോ. ഒരു സമയം ഇദ്ദേഹത്തിന്റെ പ്രയോഗം ഫലിച്ചുവെങ്കില്‍ വലിയ കാര്യമായല്ലോ. ഇല്ലെങ്കില്‍പ്പിന്നെ നമുക്കു കൊണ്ടുപോയി ദഹിപ്പിക്കാം" എന്നു പറഞ്ഞു. ഏതെങ്കിലും ശവം താഴെയിറക്കിവെച്ചു. ഉടനെ ഭട്ടതിരി അടുത്തുചെന്നു കുനിഞ്ഞു ചെവിയില്‍ "പെരുമനത്ത മ്പലത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ തിരുനാള്‍സംബന്ധിച്ചുള്ള അമ്പലംകുലുക്കി വാരം നാളെയാണ്. ഇക്കൊല്ലം വിശേഷാല്‍ ഓരോ ഉറുപ്പിക പ്രതിഗ്രഹവുമുണ്ട്" എന്നു മൂന്നു പ്രാവശ്യം പറഞ്ഞു. ശവത്തിനു ഒരിളക്കവുമുണ്ടായില്ല. ഉടനെ ഭട്ടതിരി "ഇനി കൊണ്ടുപോയി ദഹിപ്പിക്കാം. മരിച്ചുപോയതുതന്നെ. തീര്‍ച്ചയായി. പട്ടരുടെ ഒരു തലയ്ക്കെങ്കിലും സ്വല്‍പ്പം ജീവനുണ്ടെങ്കില്‍ സദ്യയും പ്രതിഗ്രഹവുമുണ്ടെന്നു കേട്ടാല്‍ തല പൊക്കാതിരിക്കയില്ല. നിങ്ങള്‍ ഇനി ഒരു കാര്യംകൂടി ചെയ്യണം.വിഷമിറക്കാന്‍ ശ്രമിച്ചവരുടെ പേരു പറയുന്ന കൂട്ടത്തില്‍ നടുവിലേപ്പാട്ട് ഭട്ടതിരിയും നോക്കി എന്നുകൂടി പറഞ്ഞേയ്ക്കണം. അത്രതന്നെ" എന്നു പറഞ്ഞു. ശവം കൊണ്ടുവന്നവര്‍ അതു ദഹിപ്പിക്കാന്‍ കൊണ്ടുപോവുകയും ചെയ്തു.

വാധ്യാന്‍നമ്പൂരിക്കു തൃശ്ശിവപേരൂര്‍ ഒരിടത്ത് ഉപായത്തില്‍ ഒരു കിടപ്പിന്റെ വട്ടമുണ്ടായിരുന്നു. അദ്ദേഹം വേളികഴിച്ചിരുന്ന ആളായിരുന്നതിനാല്‍ ഇത് ഏറ്റവും ഗോപ്യമായിട്ടായിരുന്നു. വേളി കഴിച്ചിട്ടുള്ളവര്‍ വേറെ ഒരു കിടപ്പിന്റെ വട്ടം കൂടിയുണ്ടാക്കുന്നത് ഏറ്റവും നിഷിദ്ധമായിട്ടാണ് അക്കാലത്ത് എല്ലാവരും വിചാരിച്ചിരുന്നത്. അതിനാല്‍ ഇത് ആരും അറിയരുതെന്നും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു വാധ്യാന്‍നമ്പൂരിയുടെ വിചാരം. എങ്കിലും ഇത് എല്ലാവരും അറിഞ്ഞിട്ടുമുണ്ടായിരുന്നു. ഇത് ഇല്ലത്തറിഞ്ഞാല്‍ അന്തര്‍ജ്ജനം മനസ്താപപ്പെടുകയും ശണ്ഠകൂടുകയും ചെയ്തെങ്കിലോ എന്നുള്ള വിചാരം അദ്ദേഹത്തിനുണ്ടായിരുന്നു.അതിനാല്‍ പതിവായി കിടപ്പു ബ്രഹ്മസ്വംമഠത്തില്‍ത്തന്നെയാണെന്നാണ് അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നത്. അത്താഴം കഴിഞ്ഞാല്‍ അദ്ദേഹം ബ്രഹ്മസ്വംമഠത്തില്‍ കിടക്കാറുമുണ്ടായിരുന്നു. പക്ഷേ അവിടെ എല്ലാവരും ഉറക്കമാകുമ്പോള്‍ അദ്ദേഹം പതുക്കെയെണീറ്റു പുറത്തിറങ്ങിപ്പോകുമെന്നേ ഉള്ളൂ. ആരും കാണാതെയിരിക്കാനായി ഇരുട്ടത്താണ് വാധ്യാന്‍ നമ്പൂരിയുടെ എഴുന്നള്ളത്ത് പതിവ്.

വാധ്യാന്‍നമ്പൂരി പുറത്തിറങ്ങിപ്പോയാലുടനെ ഭട്ടതിരിയും പോകും.ഭട്ടതിരിയുടെ കിടപ്പ് ഇന്ന സ്ഥലത്തെന്നു നിശ്ചയമില്ല. തരമുള്ളിടത്തെന്നേ അദ്ദേഹം നിശ്ചയിച്ചിരുന്നുള്ളു. അതിനാല്‍ ഓരോ ദിവസം ഓരോ സ്ഥലത്തു മാറിമാറിയതായിരിക്കും അദ്ദേഹത്തിന്റെ കിടപ്പ്. എവിടെയായി രുന്നാലും വാധ്യാന്‍നമ്പൂരി തിരിച്ചുവരുന്നതിനുമുമ്പു ഭട്ടതിരി ബ്രഹ്മസ്വം മഠത്തിലെത്തും. അങ്ങനെയാണു പതിവ്. എന്നാല്‍ ചില ദിവസങ്ങളില്‍ മുന്‍പേ മഠത്തിലെത്തുന്നതു വാധ്യാന്‍നമ്പൂരിയായിരിക്കും. അങ്ങനെയുള്ള ദിവസങ്ങളില്‍ വാധ്യാന്‍നമ്പൂരി ഭട്ടതിരിയെ ദേഷ്യപ്പെടുകയും ശകാരിക്കുകയും മറ്റും ചെയ്യുകയും പതിവായിരുന്നു. അതുകൂടാതെയിരിക്കുന്നതിനു ഭട്ടതിരി ഒരു കൗശലം കണ്ടുപിടിച്ചു. കിടപ്പെവിടെയായിരുന്നാലും വെളുപ്പാന്‍കാലത്തേ പോയി കുളിച്ചു വടക്കുന്നാഥനെ ദര്‍ശനം കഴിക്കുക എന്നൊരു പതിവുവെച്ചു. മഠത്തില്‍ ചെല്ലാന്‍ സ്വല്‍പം താമസിച്ചു പോയാലും "എവിടെപ്പോയിരുന്നു?" എന്നു വാധ്യാന്‍നമ്പൂരി ചോദിച്ചാല്‍ 'കുളിച്ചുതൊഴാന്‍ പോയിരുന്നു' എന്നു പറയാമല്ലോ. ഇതായിരുന്നു ഭട്ടതിരി കണ്ടുപിടിച്ച കൗശലം!

അക്കാലത്തു ജനങ്ങള്‍ക്കു ഈശ്വരഭക്തി ഇക്കാലത്തുള്ളതില്‍ വളരെയധികമുണ്ടായിരുന്നു. അക്കാലത്തു തൃശ്ശിവപേരൂരുണ്ടായിരുന്ന സ്ത്രീകളിലും വെളുപ്പാന്‍കാലത്തേ പോയി ചിറയില്‍ച്ചെന്നു കുളിച്ചു വടക്കുന്നാഥദര്‍ശനം കഴിക്കാത്തവര്‍ അധികമുണ്ടായിരുന്നില്ല. ഭട്ടതിരിക്കും ഇതൊരു വലിയ ഭാഗ്യമായിട്ടാണ് തോന്നിയിരുന്നത്. കാലത്തേ കുളിച്ച് അമ്പലത്തിലെത്തി, മണ്ഡപത്തില്‍ കയറി ജപിച്ചുകൊണ്ടിരുന്നതിനാല്‍ തൊഴാനായി നടയില്‍ ഇരിപ്പും ജപവുമൊക്കെ കണ്ടാല്‍ അദ്ദേഹം ഇഹലോകത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന്റെ മനസ്സു സാക്ഷാല്‍ പരമാത്മാവിങ്കല്‍ ലയിച്ചിരിക്കുകയാണെന്നും തോന്നുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണും ചെവിയും മനസ്സുമെല്ലാം നടയില്‍ തൊഴാന്‍ ചെല്ലുന്നവരില്‍ത്തന്നെയായിരുന്നു. അതിനാല്‍ ഒരു സ്ത്രീ തനിച്ചു പതിവായി വടക്കുന്നാഥന്റെ നടയില്‍ ചെന്നു തൊഴുതു വളരെ പതുക്കെ പ്രാര്‍ത്ഥിച്ചിരുന്നതുകൂടി എന്താണെന്നു അദ്ദേഹം മനസ്സിലാക്കി. ആ സ്ത്രീ പതിവായി പ്രാര്‍ത്ഥിച്ചിരുന്നത് "എന്റെ വടക്കുന്നാഥ! എനിക്ക് ഉടലോടുകൂടി സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സംഗതിയാക്കിത്തരണേ" എന്നായിരുന്നു. ഒരു ദിവസം ആ സ്ത്രീ തൊഴാന്‍ വരുന്ന സമയത്ത് ആരും കാണാതെ ശ്രീകോവിലിനകത്തു കടന്നു ബിംബത്തിന്റെ പുറകില്‍ചെന്ന് ഒളിച്ചിരുന്നു. സ്ത്രീ വന്നു പതിവുപോലെ തൊഴുതു പ്രാര്‍ത്ഥിച്ചപ്പോള്‍ ഭട്ടതിരി ശബ്ദം മാറ്റി "അങ്ങനെതന്നെ. അടുത്ത കറുത്തവാവുന്നാള്‍ അര്‍ദ്ധരാത്രി സമയത്തു ശ്രീമൂലസ്ഥാനത്തുള്ള ആല്‍ത്തറയില്‍ വന്നാല്‍ മതി. അവിടെ വിമാനം വരും" എന്നു പറഞ്ഞു. സ്ത്രീ അതുകേട്ടു "ഇതു വടക്കുന്നാഥന്‍ തന്നെക്കുറിച്ചു പ്രസാദിച്ച് അരുളിച്ചെയ്തതാണ്" എന്നു വിശ്വസിച്ചു സന്തോഷസമേതം വീണ്ടും വന്ദിച്ചുകൊണ്ട് വീട്ടിലേയ്ക്കു മടങ്ങിപ്പോയി. സ്ത്രീ പോയയുടനെ ഭട്ടതിരി പുറത്തിറങ്ങി ബ്രഹ്മസ്വംമഠത്തിലേയ്ക്കും പോയി.

തനിക്കുണ്ടാകാന്‍ പോകുന്ന അഭ്യുദയത്തെക്കുറിച്ചു സ്ത്രീയും താന്‍ നിശ്ചയിച്ചിരിക്കുന്ന വിദ്യയെക്കുറിച്ചു ഭട്ടതിരിയും ആരോടും പറഞ്ഞില്ല. രണ്ടുപേരും കറുത്തവാവു വരാനായി കാത്തിരുന്നു. വാവുന്നാള്‍ രാത്രിയില്‍ ബ്രഹ്മസ്വംമഠത്തില്‍ എല്ലാവരും ഏകദേശമുറക്കമായപ്പോള്‍ ഭട്ടതിരി അവിടെ നിന്നിറങ്ങി, ഒരു സ്ഥലത്തുനിന്ന് ഒരു തൊട്ടില്‍ കൈവശപ്പെടുത്തി, ഭംഗിയായി അലങ്കരിച്ച് അതും ഒരു കപ്പിയും കയറുമെടുത്തുകൊണ്ട് ശ്രീമൂലസ്ഥാനത്തു ചെന്ന് ആലിന്‍മേല്‍ കയറിയിരുന്നുകൊണ്ട് കപ്പിയും കയറുമിട്ടു തൊട്ടില്‍ മേല്‍പോട്ടു വലിചുകയറ്റാനും കീഴ്പോട്ട് ഇറക്കാനും സൗകര്യപ്പെടുത്തി ആലിന്റെ ഒരു കൊമ്പത്തു കെട്ടിതൂക്കിയുറപ്പിച്ചു. പറഞ്ഞിരുന്ന സമയത്തുതന്നെ സ്ത്രീ അവിടെ ചെന്നുചേര്‍ന്നു. ഉടനെ ഭട്ടതിരി കയറയച്ചു തൊട്ടില്‍ മന്ദം മന്ദം ഇറക്കിക്കൊടുത്തു. ഇരുട്ടായിരുന്നുവെങ്കിലും നക്ഷത്രപ്രകാശംകൊണ്ടു സ്ത്രീ അതു കണ്ടു വിമാനംതന്നെ എന്നു തീര്‍ച്ചപ്പെടുത്തി. അതില്‍ കയറാനായി ഭാവിച്ചപ്പോള്‍ ഭട്ടതിരി വല്ലാത്ത ഒരു ശബ്ദത്തില്‍ "വസ്ത്രമെല്ലാം അഴിച്ചു താഴെയിട്ടിട്ടു വേണം കയറാന്‍" എന്നു പറഞ്ഞു. സ്ത്രീ അപ്രകാരം ചെയ്തു. സ്ത്രീ തൊട്ടിലില്‍ കയറി ഇരുന്നുകഴിഞ്ഞപ്പോള്‍ ഭട്ടതിരി കയറു പിടിച്ചു സാവധാനത്തില്‍ മേല്‍പോട്ടു വലിച്ചു. സ്ത്രീക്കു കീഴ്പോട്ടു ചാടാനും മേല്‍പോട്ടു കയറാനും ആലിന്റെ കൊമ്പത്തു പിടിക്കാനും ഒട്ടും വയ്യാത്ത സ്ഥിതിയിലായപ്പോള്‍ കയറ് ആലിന്റെ കൊമ്പത്തു കെട്ടിയുറപ്പിച്ചു. പിന്നെ ഭട്ടതിരി "ഇനി അവിടെയിരുന്നു സുഖിക്കാം. ഇതുതന്നെ സ്വര്‍ഗ്ഗം" എന്നു പറഞ്ഞിട്ട് ഇറങ്ങിപ്പോയി.

നേരം വെളുത്തപ്പോള്‍ സ്വാമിദര്‍ശനത്തിനായിട്ടു വന്നവരും മറ്റുമായി ശ്രീമൂലസ്ഥാനത്തു അസംഖ്യമാളുകള്‍ കൂടി. എല്ലാവരും മേല്‍പോട്ടു നോക്കി. "ഇതെന്താരത്ഭുതം" എന്നു പറഞ്ഞുകൊണ്ടു കൊട്ടുകയും ചിരിക്കുകയും ആര്‍ത്തുവിളിക്കുകയും മറ്റും ചെയ്തു കലശല്‍കൂട്ടി. അപ്പോള്‍ ആ സ്ത്രീക്കുണ്ടായ ലജ്ജയും വ്യസനവും എത്രമാത്രമെന്നു പറയുവാന്‍ പ്രയാസം. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീയുടെ വീട്ടുകാര്‍ ഇതറിഞ്ഞു ആളുകളെ അയച്ചു സ്ത്രീയെ താഴെയിറക്കി വസ്ത്രം ധരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി. അതോടുകൂടി ആ സ്ത്രീ ഉടലോടുകൂടി സ്വര്‍ഗ്ഗത്തില്‍ പോകണമെന്നുള്ള ആഗ്രഹവും പ്രാര്‍ത്ഥനയും വേണ്ടെന്നുവെച്ചു എന്നുമാത്രമല്ല ലജ്ജ കൊണ്ടു അധികം പുറത്തിറങ്ങി സഞ്ചരിക്കാതെയുമായി.

ഭട്ടതിരി ആ സ്ത്രീയെ സ്വര്‍ഗ്ഗത്തിലാക്കാന്‍ പോയ സമയത്തു വാധ്യാന്‍നമ്പൂരി അദ്ദേഹത്തെ അന്വേഷിക്കുകയും കാണാഞ്ഞിട്ടു വളരെ ദേഷ്യപ്പെടുകയും ചെയ്തു. രാത്രി ഏകദേശം ഒരു മണി കഴിഞ്ഞപ്പോഴേക്കും ഭട്ടതിരി മഠത്തിലെത്തി. അപ്പോഴും വാധ്യാന്‍ നമ്പൂരി ഉണര്‍ന്നു കിടക്കുകയായിരുന്നു. അതിനാല്‍ ഭട്ടതിരി ചെന്നതറിഞ്ഞു ഉടനെ വിളിച്ചു വീണ്ടും വളരെ ദേഷ്യപ്പെട്ടിട്ട് "നടുവിലേപ്പാട് ഇനി പതിവായി ഞാന്‍കിടക്കുന്ന കട്ടിലിന്റെ ചുവട്ടില്‍തന്നെ കിടക്കണം മാറിക്കിടന്നിട്ടാണ് ഞാനറിയാതെ ഇറങ്ങിപ്പോകാനിടയാകുന്നത്. കുളിക്കാനും തൊഴാനുമൊന്നും വെളുപ്പാന്‍കാലത്തു പോകണമെന്നില്ല. അതൊക്കെ നേരം വെളുത്തിട്ടു മതി. വെളുപ്പാന്‍കാലത്തു കിടക്കുന്ന സ്ഥലത്തുതന്നെ ഇരുന്നു വല്ല സങ്കീര്‍ത്തനങ്ങളോ മറ്റോ ചൊല്ലിയാല്‍ മതി" എന്നു പറഞ്ഞു. ഭട്ടതിരി "ഈ പതിവു വലിയ ഉപദ്രവമാണ്. ഇതൊന്നു ഭേദപ്പെടുത്തണം. ആട്ടെ, തരമുണ്ടാക്കാം" എന്നു മനസ്സുകൊണ്ട് ആലോചിച്ചു തീര്‍ച്ചയാക്കി തരംനോക്കിക്കൊണ്ടിരുന്നു. ആയിടയ്ക്ക് വാധ്യാന്‍ നമ്പൂരിയും അത്താഴം കഴിഞ്ഞാല്‍ ബ്രഹ്മസ്വംമഠത്തില്‍തന്നെ കിടക്കുകയല്ലാതെ പുറത്തേയ്ക്കിറങ്ങാറില്ലായിരുന്നു. അതിനാല്‍ ഭട്ടതിരിക്കു തരമൊന്നും കിട്ടിയില്ല.

അങ്ങനെ പത്തുപതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം രാത്രിയില്‍ മഠത്തില്‍ എല്ലാവരും ഉറക്കമായ സമയം വാധ്യാന്‍നമ്പൂരി "നടുവിലേപ്പാട് ഉറക്കമായോ?" എന്നു ചോദിച്ചു. ഭട്ടതിരി അപ്പോള്‍ ഉറക്കമായിട്ടില്ലായിരുന്നു. എങ്കിലും മിണ്ടാതെ ഉറങ്ങിയതുപോലെ കിടന്നു. എല്ലാവരും ഉറക്കമായി എന്നു തീര്‍ച്ചപ്പെടുത്തി വാധ്യാന്‍നമ്പൂരി പതുക്കെയെണീറ്റു വാതില്‍ തുറന്നു, പുറത്തിറങ്ങി വാതില്‍ചാരിക്കൊണ്ട് അവിടെ നിന്നു യാത്രയായി. വാധ്യാന്‍ നമ്പൂരി പോയി സ്വല്‍പം കഴിഞ്ഞപ്പോള്‍ ഭട്ടതിരിയും പിന്നാലെ പോയി. വാധ്യാന്‍നമ്പൂരി പോകുന്നത് ഇന്ന സ്ഥലത്തേയ്ക്കാണെന്നു നിശ്ചയമുണ്ടായിരുന്നതിനാല്‍ ഭട്ടതിരി ഒരെളുപ്പവഴിയില്‍കൂടിപ്പോയി വാധ്യാന്‍നമ്പൂരിയെത്തുന്നതിനു മുന്‍പേ അവിടെയെത്തി ഒരു സ്ഥലത്ത് ഒളിച്ചിരുന്നു. അപ്പോള്‍ കറുത്തപക്ഷമായിരുന്നതിനാല്‍ ആരും കാണുകയില്ലെന്നുള്ള നിശ്ചയമുണ്ടായിരുന്നു. വാധ്യാന്‍ നമ്പൂരി അവിടെയെത്തി വാതിലിനു മുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ വാതില്‍ തുറന്നു. അകത്തു കടന്നയുടനെ കാല്‍ തേച്ചുകഴുകാനും മറ്റുമായി ഓവറയിലേയ്ക്കു പോയി. വെള്ളം അവിടെ ഉണ്ടായിരുന്നതുകൊണ്ടു തികഞ്ഞില്ലെങ്കിലോ എന്നു വിചാരിച്ചു ഒരു തമല വെള്ളമെടുത്തുകൊണ്ടു പിന്നാലെ ഭാര്യയും പോയി. വാതില്‍ അടച്ചില്ല. തുറന്നുതന്നെ കിടന്നിരുന്നു. അതിനാല്‍ ആ തരത്തിനു ഭട്ടതിരി അകത്തു കടന്നു കട്ടില്‍ച്ചുവട്ടില്‍ ചെന്നു കിടന്നു. അവിടെ പിന്നെയും വിളക്കു കൊളുത്തുകയുണ്ടായില്ല. അതിനാല്‍ അദ്ദേഹത്തെ കാണാനിടയായുമില്ല.

വെളുപ്പാന്‍കാലമായപ്പോള്‍ ഭട്ടതിരി എണീറ്റിരുന്നു "തുമ്പിക്കയ്യിലമര്‍ന്ന പൊന്‍കലശവും മറ്റുള്ള കൈപത്തിലും" ഇത്യാദി സങ്കീര്‍ത്തനം ചൊല്ലിത്തുടങ്ങി. അന്ന് ഉറങ്ങാന്‍ താമസിച്ചതുകൊണ്ട് ആ സങ്കീര്‍ത്തനം കേട്ടാണ് വാധ്യാന്‍നമ്പൂരി ഉണര്‍ന്നത്. ഉടനെ അദ്ദേഹം ദേഷ്യത്തോടും ലജ്ജയോടും കൂടി "ആരാണത്, കട്ടില്‍ച്ചുവട്ടില്‍ സങ്കീര്‍ത്തനം തുടങ്ങിയിരിക്കുന്നത്?" എന്നു ചോദിച്ചു.

ഭട്ടതിരി: ഞാന്‍തന്നെ

വാധ്യാന്‍: ആര് നടുവിലേപ്പാടോ?

ഭട്ടതിരി: അതെ.

വാധ്യാന്‍: എന്നേ! അപകടം. താനെന്തിനാണ് ഇവിടെ വന്നത്?

ഭട്ടതിരി: ഞാന്‍വാധ്യാന്‍ കിടക്കുന്ന കട്ടിലിന്റെ ചുവട്ടില്‍ത്തന്നെ കിടക്കണമെന്നും വെളുപ്പാന്‍കാലത്തു സങ്കീര്‍ത്തനം ചൊല്ലണമെന്നുമല്ലേ പറഞ്ഞിരുന്നത്? ഗുരുനാഥന്‍ പറയുന്നതുപോലെ ചെയ്യാതിരിക്കുന്നത് ഗുരുത്വത്തിനു പോരായ്കയാണല്ലോ എന്നു വിചാരിച്ചു ഞാനിവിടെ വന്നു കിടന്നു. വെളുപ്പാന്‍ കാലമായതുകൊണ്ടു സങ്കീര്‍ത്തനം ചൊല്ലിത്തുടങ്ങിയതാണ്.

വാധ്യാന്‍: വെളുപ്പാന്‍കാലമായോ?

ഭട്ടതിരി: ഉവ്വ്

ഇതു കേട്ടപ്പോള്‍ വാധ്യാന്‍നമ്പൂരിക്കു പരിഭ്രമമായി. "എന്നാല്‍ വേഗം പോകാം" എന്നു പറഞ്ഞു രണ്ടുപേരുംകൂടി അവിടെ നിന്നുപോയി. വഴിക്കുവെച്ചു വാധ്യാന്‍നമ്പൂരി ഭട്ടതിരിയോട് "മേലാല്‍ നടുവിലേപ്പാടിന്റെ ഇഷ്ടംപോലെ എവിടെയെങ്കിലും കിടക്കുകയോ പോവുകയോ ഒക്കെ ചെയ്തോളു. എന്നെ ഇങ്ങനെയൊക്കെ ഉപദ്രവിക്കാതിരുന്നാല്‍ മാത്രം മതി. നടുവിലേപ്പാടിനു ഞാന്‍ സ്വാതന്ത്ര്യം തന്നിരിക്കുന്നു" എന്നു പറഞ്ഞു. "എനിക്ക് സ്വാതന്ത്ര്യം വേണമെന്നും മറ്റുമില്ല എല്ലാം വാധ്യാന്റെ ഇഷ്ടംപോലെ മതി" എന്നു ഭട്ടതിരിയും പറഞ്ഞു. ഏതെങ്കിലും അന്നു മുതല്‍ ഭട്ടതിരി സ്വതന്ത്രനായിത്തീര്‍ന്നു. എവിടെക്കിടന്നാലും എവിടെപ്പോയാലും എന്തായാലും ഒരു ചോദ്യവുമില്ലാതെയുമായി. അതിനാല്‍ ഭട്ടതിരി പിന്നെ വേദാധ്യയനം മതിയാക്കി കുറച്ചുകാലം ദേശസഞ്ചാരം ചെയ്തിരുന്നു.

ഒരിക്കല്‍ ഭട്ടതിരി കോഴിക്കോട്ടെത്തി താമസിച്ചിരുന്ന കാലത്തു "കോപ്പാട്ടാട്ടി" എന്നു പ്രസിദ്ധയായിരുന്ന സ്ത്രീ എങ്ങനെയോ അബദ്ധത്തില്‍ കിണറ്റില്‍ വീണുപോകുന്നതിനിടയായി. കോപ്പാട്ടാട്ടിക്ക് ഇരുപത്തേഴു ഭര്‍ത്താക്കന്‍മാരും പിന്നെ ഒട്ടുവളരെ ഇഷ്ടന്‍മാരും അസംഖ്യം സേവന്‍മാരും അനവധി വേഴ്ചക്കാരുമുണ്ടായിരുന്നു. ആട്ടി കിണറ്റില്‍ച്ചാടിയെന്നു കേട്ട ക്ഷണത്തില്‍ അവരെല്ലാവരും അവിടെ ഓടിയെത്തി. ചെന്നവരെല്ലാം ആട്ടിയെ പിടിച്ചു കയറ്റാനായി കിണറ്റിലേയ്ക്കു ചാടി. അങ്ങനെ ആളുകളെക്കൊണ്ടു കിണറു നിറഞ്ഞു. ആ സമയത്തു നടുവിലേപ്പാടു ഭട്ടതിരിയും അവിടെയെത്തി. അപ്പോള്‍ ആളുകളെക്കൊണ്ടു കിണറു നിറഞ്ഞിരിക്കുന്നതായി കണ്ട് അദ്ദേഹം അവിടെനിന്നു പോയി അതിനടുത്ത വീട്ടിലെ കിണറ്റില്‍ച്ചെന്നു ചാടി. കോപ്പാട്ടാട്ടിയെ എല്ലാവരുംകൂടി കരയ്ക്കു കയറ്റിക്കഴിഞ്ഞപ്പോള്‍ അടുത്ത വീട്ടില്‍ ഒരു നിലവിളി കേള്‍ക്കുകയാല്‍ അതിന്റെ കാരണമറിയുന്നതിനായി എല്ലാവരും അങ്ങോട്ടോടി. അവിടെയും കിണറ്റില്‍ തന്നെയായിരുന്നു നിലവിളി. ചെന്നു നോക്കിയപ്പോള്‍ കിണറ്റില്‍ നടുവിലേപ്പാടു ഭട്ടതിരിയായിരുന്നു. എല്ലാവരുംകൂടി അദ്ദേഹത്തെയും കരയ്ക്കു കയറ്റിയിട്ട് "അവിടെയ്ക്കെന്താണിങ്ങനെ അബദ്ധം പറ്റിയത്?" എന്നു ചോദിച്ചപ്പോള്‍ ഭട്ടതിരി "എനിക്ക് അബദ്ധമൊന്നും പറ്റിയില്ല. ഞാന്‍ കോപ്പാട്ടെ കിണറ്റില്‍ച്ചെന്നു നോക്കിയപ്പോള്‍ അവിടെ സ്ഥലമൊട്ടുമുണ്ടായിരുന്നില്ല. കൊപ്പാട്ടാട്ടിയുടെ സേവ നമുക്കുണ്ടായാല്‍ കൊള്ളാമല്ലോ എന്നു വിചാരിച്ചു ഞാന്‍ പിന്നെ ഇവിടെ വന്ന് ഈ കിണറ്റില്‍ ചാടി അത്രേയുള്ളൂ" എന്നു പറഞ്ഞു. അപ്പോള്‍ കാര്യമൊന്നുമില്ലാതെ സേവയ്ക്കുവേണ്ടി മാത്രം കിണറ്റില്‍ ചാടിയ വരെല്ലാം സാമാന്യത്തിലധികം മധ്യമമായിയെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ.

ഇങ്ങനെ ഓരോ മന്നത്തങ്ങള്‍ കാണിച്ചുകൊണ്ടു കോഴിക്കോട്ടു കുറച്ചു ദിവസം താമസിച്ചതിനുശേഷം ഭട്ടതിരിയുടെ യാത്ര നേരെ തിരുവനന്തപുരത്തേയ്ക്കായിരുന്നു. തിരുവനന്തപുരത്തു ചെന്നു മഹാരാജാവു തിരുമനസ്സിലെ മുഖം കാണിച്ചതിന്റെ ശേഷം ഏതാനും ദിവസം അവിടെത്താമസിച്ചു. അതിനിടയ്ക്ക് ഭട്ടതിരി അനേകം മന്നത്തങ്ങള്‍ കാണിക്കുകയും പറയുകയുമുണ്ടായി. അച്ഛന്‍ അനുഗ്രഹിച്ചിട്ടുള്ളതിന്റെ ഫലമോ എന്തോ ഭട്ടതിരിയുടെ ഫലിതപ്രയോഗങ്ങളും വാക്കുകളുമെല്ലാം തിരുമനസ്സിലേയ്ക്കു വളരെ രസിക്കുകയാണു ചെയ്തത്. കുറച്ചു ദിവസംകൊണ്ടു ഭട്ടതിരി അവിടെ ഒരുവിധം സേവന്‍മാരുടെ കൂട്ടത്തിലായിത്തീര്‍ന്നു. സമയം ചോദിക്കാതെ തിരുമുമ്പില്‍ ചെല്ലാം, വെടിപറയാം, ചിരിക്കാം ഇതിനൊന്നും വിരോധമില്ലാതെയായി. അവിടെയുള്ള സേവന്‍മാരും ഉദ്യോഗസ്ഥന്‍മാരും മറ്റുമൊക്കെ ഭട്ടതിരിക്കു പരിചിതന്‍മാരായിത്തീരുകയും ചെയ്തു.

ഇത്രയുമൊക്കെ ആയതിന്റെ ശേഷം ഒരു ദിവസം ഭട്ടതിരി പത്മതീര്‍ത്ഥത്തിന്റെ തെക്കേക്കരെ നിന്നിരുന്നപ്പോള്‍ സര്‍വ്വാധികാര്യക്കാര്‍ അതിലെകൂടി കടന്നു വലിയ കൊട്ടാരത്തിലേക്കു പോയി. അദ്ദേഹം പൊന്നാരഞ്ഞാണവും അരനിറച്ചു പൊന്നേലസ്സും ധരിച്ചു നേര്യമുണ്ടു മുടുത്ത് മാര്‍ത്താണ്ഡവര്‍മ്മയിലെ പപ്പുത്തമ്പിയുടെ വേഷത്തിലായിരുന്നു പോയത്. അതു കണ്ടിട്ടു ഭട്ടതിരി പഞ്ചപുച്ഛമൊതുക്കി വാപൊത്തി ഓച്ഛാനിച്ചുകൊണ്ടു പിന്നാലെ ചെന്നു. അപ്പോള്‍ സര്‍വ്വാധികാര്യക്കാര്‍ തിരിഞ്ഞുനോക്കീട്ടു ഗൗരവത്തോടുകൂടി "എന്താ?" എന്നു ചോദിച്ചു. അപ്പോള്‍ ഭട്ടതിരി ആരും കേള്‍ക്കാത്തവിധത്തില്‍ പതുക്കെ "ആസനം കടിക്കാമോ?" എന്നു ചോദിച്ചു. അതു കേട്ടു സര്‍വ്വാധികാര്യക്കാര്‍ ദേഷ്യപ്പെട്ടു മുഖം വീര്‍പ്പിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ക്ഷണത്തില്‍ പോയി. തിരുമുമ്പാകെച്ചെന്നയുടനെ വളരെ സങ്കടത്തോടുകൂടി "ഒരു വടക്കന്‍പട്ടേരി കുറച്ചു ദിവസമായി ഇവിടെ താമസിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിന്റെ ശകാരംകൊണ്ട് അടിയന് ഇവിടെ കഴിച്ചുകൂട്ടാന്‍ നിവൃത്തിയില്ലാതെയായി. അദ്ദേഹത്തിന് ഇന്നതേ പറയാവൂ എന്നില്ല. ശുദ്ധമേ അസഭ്യം തന്നെയാണ് പറയുന്നത്. അടിയന്‍ ഇപ്പോള്‍ ഇങ്ങോട്ടു വിടകൊണ്ടപ്പോള്‍ത്തന്നെ അദ്ദേഹം ഒരു ചീത്തവാക്കു പറയുകയുണ്ടായി. ഇതൊക്കെ തിരുമനസ്സറിയിക്കാവുന്നതല്ലാത്തതുകൊണ്ട് അറിയിക്കുന്നില്ല. ഇവിടെ അദ്ദേഹത്തെ വേണ്ടതിലധികം കല്‍പിച്ചു ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ആരെയും ഭയവും ബഹുമാനവും ഇല്ലാതെയാവുകയും അധികപ്രസംഗം വര്‍ദ്ധിക്കുകയും ചെയ്യുന്നത്" എന്നും മറ്റും തിരുമനസ്സറിയിച്ചു. ഉടനെ കല്‍പ്പിച്ചു ഒരു ഹരിക്കാരനെ അയച്ചു വിളിപ്പിച്ചു ഭട്ടതിരിയെ തിരുമുമ്പാകെ വരുത്തി. "ഭട്ടതിരി സര്‍വ്വാധികാര്യക്കാരെ ശകാരിച്ചു എന്നും മറ്റും പറയുന്നുവല്ലോ എന്താ അത്?" എന്നു കല്പ്പിച്ചു ചോദിച്ചു. അപ്പോള്‍ ഭട്ടതിരി "ഞാന്‍ ശകാരിക്കുകയും മറ്റുമുണ്ടായില്ല. അങ്ങനെ അറിയിച്ചുവെങ്കില്‍ അതു ഭോഷ്ക്കാണ്. ഉണ്ടായ സംഗതി ഞാനിവിടെ അറിയിക്കാം. സര്‍വ്വാധികാര്യക്കാര്‍ ഈ നേര്യമുണ്ടുമുടുത്തു ഇങ്ങോട്ടു പോന്നപ്പോള്‍ ഈ പൊന്നേലസ്സും പൊന്നരഞ്ഞാണവും വെളുത്തു ചുമന്ന് ഉരുണ്ടുതടിച്ച ഈ ആസനവും ഒക്കെപ്പാടെ കണ്ടപ്പോള്‍ ഈ ആസനമൊന്നു കടിച്ചാല്‍ കൊള്ളാമെന്ന് എനിക്കൊരു മോഹം തോന്നി. അദ്ദേഹത്തിന്റെ അനുവാദവും സമ്മതവും കൂടാതെ പിടിച്ചു കടിക്കുന്നതു ന്യായമല്ലല്ലോ എന്നു വിചാരിച്ചു ഞാന്‍'ആസനം കടിക്കാമോ' എന്നു ചോദിച്ചു. അതിന് ഇത്രമാത്രം ദേഷ്യപ്പെടാനും സങ്കടപ്പെടാനും തിരുമനസ്സറിയിക്കാനും മറ്റുമുള്ള കാര്യമൊന്നുമില്ല. മനസ്സുണ്ടെങ്കില്‍ സമ്മതിക്കണം ഇല്ലെങ്കില്‍ മനസ്സില്ലെന്നു പറഞ്ഞേയ്ക്കണം. അല്ലാതെ വല്ലതുമുണ്ടോ" എന്നു തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് "ഇതിനെക്കുറിച്ചാലോചിച്ചു വേണ്ടതുപോലെ ചെയ്തുകൊള്ളാം. ഇപ്പോള്‍ നിങ്ങള്‍ക്കു പോകാം" എന്നു കല്പ്പിച്ചു രണ്ടുപേരെയും അയച്ചു.

സര്‍വ്വാധികാര്യക്കാരന്‍ നേര്യമുണ്ടുമുടുത്തു തിരുമുമ്പില്‍ ചെല്ലുന്നതു തിരുമനസ്സിലേയ്ക്കും ഒട്ടും രസമില്ലായിരുന്നു. അതിനെക്കുറിച്ച് ഒന്നും കല്‍പിക്കാറില്ലായിരുന്നു എന്നേ ഉള്ളൂ. അങ്ങനെയിരുന്നപ്പോള്‍ ഭട്ടതിരി ഈ വഴക്കുണ്ടാക്കിത്തീര്‍ത്തതു തിരുമനസ്സിലേയ്ക്കു വളരെ സന്തോഷമായി. അതിനാല്‍, "മേല്‍മുണ്ടുകൂടാതെ ഒറ്റമുണ്ടുമാത്രം ഉടുത്തു മേലാല്‍ ആരും തിരുമുമ്പില്‍ച്ചെന്നുകൂടാ" എന്നു അന്നുതന്നെ കല്‍പന പ്രസിദ്ധപ്പെടുത്തി. ഇതു ഭട്ടതിരിക്കും മറ്റും പലര്‍ക്കും വളരെ സന്തോഷകരമായിയെങ്കിലും സര്‍വ്വാധികാര്യക്കാര്‍ക്കു ഒട്ടും രസമായില്ല. എങ്കിലും കല്‍പ്പന അനുസരിക്കാതെയിരിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അടുത്ത ദിവസം മുതല്‍ സര്‍വ്വാധികാര്യക്കാരും മേല്‍മുണ്ടുപയോഗിച്ചുതുടങ്ങി. ആ കല്‍പ്പന പിന്നീടാരും ഭേദപ്പെടുത്തിയില്ല അത് അങ്ങനെതന്നെ സ്ഥിരപ്പെട്ടു. ഇപ്പോഴും അങ്ങനെതന്നെ നടന്നുവരുന്നുമുണ്ടല്ലോ.

ആ സംഗതി ഇങ്ങനെ അവസാനിച്ചുവെങ്കിലും സര്‍വ്വാധികാര്യക്കാര്‍ക്കു ഭട്ടതിരിയോടുള്ള വിരോധം തീര്‍ന്നില്ല. പക്ഷെ അതു ഫലിപ്പിക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ലാതെയിരുന്നതുകൊണ്ട് അദ്ദേഹമതു മനസ്സില്‍വെച്ചുകൊണ്ടിരുന്നു. അതു ഭട്ടതിരി മനസ്സിലാക്കി എങ്കിലും കൂട്ടാക്കിയില്ല. ഭട്ടതിരി ആരെയും കൂട്ടാക്കുന്ന ആളല്ലല്ലോ. തരം കിട്ടിയാല്‍ ഇനിയും സര്‍വ്വാധികാര്യക്കാരെ മധ്യമമാക്കണമെന്നു ഭട്ടതിരിയും നിശ്ചയിച്ചു.

ഒരു ദിവസം രാത്രിയില്‍ ഭട്ടതിരി ഒരു റോഡരികില്‍ മലവിസര്‍ജ്ജനം ചെയ്തുകൊണ്ടിരിന്ന സമയം സര്‍വ്വാധികാര്യക്കാര്‍ ഗൂഢമായി ഒരു സ്ഥലത്തു പോകുന്നതിനായി ആ റോഡില്‍ക്കൂടിചെന്നു.അദ്ദേഹത്തിന്റെ കൂടെ ആരുമുണ്ടായിരുന്നില്ല. അടുത്തുചെന്നപ്പോള്‍ റോഡരികില്‍ ഒരാള്‍ ഇരിക്കുന്നതായിത്തോന്നീട്ട് അദ്ദേഹം "ആരത്" എന്നു ചോദിച്ചു. ഉടനെ ഭട്ടതിരി "ആളറിഞ്ഞിട്ടെന്തുവേണം" എന്ന് അങ്ങോട്ടും ചോദിച്ചു. ഇരുട്ടുകൊണ്ടു കാണാന്‍ വയ്യായിരുന്നുവെങ്കിലും ഒച്ചകേട്ടു പരസ്പരം അറിഞ്ഞു. അതിനാല്‍ സര്‍വാധികാര്യക്കാര്‍ "മതി മതി, മനസ്സിലായി" എന്നു പറഞ്ഞു. അപ്പോള്‍ ഭട്ടതിരി "മതിയെങ്കില്‍ ഇനി പ്രയാസപ്പെടണമെന്നില്ല. അധികമുള്ളത് അവിടെ കിടന്നോട്ടെ. പട്ടി തിന്നു കൊള്ളും" എന്നു പറഞ്ഞിട്ട് എണീറ്റുപോയി. "ഈ മന്നനോട് ഇനിയും സംസാരിച്ചാല്‍ വല്ലവരും കേട്ടേയ്ക്കും അതു കുറച്ചിലാണ്" എന്നു വിചാരിച്ചു സര്‍വ്വാധികാര്യക്കാരും പോയി. എങ്കിലും അദ്ദേഹം സാമാന്യത്തിലധികം മധ്യമമായിയെന്നുള്ളതു പറയണമെന്നില്ലല്ലോ.

ഈ വിരോധമെല്ലാം മനസ്സില്‍വെച്ചുകൊണ്ടു സര്‍വ്വാധികാര്യക്കാര്‍ പിറ്റേദിവസം ഒരു കാര്യം ചെയ്തു. തിരുവനന്തപുരത്തു നമ്പൂരിമാര്‍ എത്രപേരു ചെന്നാലും അവരെയൊക്കെ മണ്ഡപത്തില്‍ ജപത്തിനു ചാര്‍ത്തുകയും ജപക്കാര്‍ക്കു പ്രതിദിനം ഒരു പണം വീതം ദക്ഷിണ കൊടുക്കുകയും പതിവാണ്. അതനുസരിച്ചു ഭട്ടതിരിയും തിരുവനന്തപുരത്തു ചെന്ന ദിവസംതന്നെ ജപം ചാര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ആ പണം ഭട്ടതിരിക്കു പൂജ്യമാക്കണമെന്നു നിശ്ചയിച്ചു സര്‍വ്വാധികാര്യക്കാര്‍ ജപം ചാര്‍ത്തുന്ന പിള്ളയെ വരുത്തി ഭട്ടതിരിയുടെ പേരു കുത്തിക്കളയാന്‍ ചട്ടംകെട്ടുകയും പിള്ള കുത്തിക്കളയുകയും ചെയ്തു. ഭട്ടതിരി അതറിഞ്ഞിട്ടു പിന്നെ മൂന്നുദിവസം കൊട്ടാരത്തില്‍ പോയില്ല. നാലാം ദിവസം തിരുമുമ്പാകെച്ചെന്നപ്പോള്‍ "എന്താ ഭട്ടതിരി ഇയ്യിടെ ഇങ്ങോട്ട് കാണാതിരുന്നത്?" എന്നു കല്‍പ്പിച്ചു ചോദിച്ചു.

ഭട്ടതിരി: മൂന്നു ദിവസത്തേയ്ക്ക് ഒരശുദ്ധിയുണ്ടായിരുന്നു.

മഹാരാജാവ്: ആരാണ് മരിച്ചത്?

ഭട്ടതിരി: സാരമില്ല, എന്റെ പേരാണ്

മഹാരാജാവ്: പേരോ? പേരു മരിക്കുമോ? അസംബന്ധം പറയുന്നതെന്താണ്?

ഭട്ടതിരി: അസംബന്ധമല്ല, വാസ്തവമാണ്. സര്‍വ്വാധികാര്യക്കാര്‍ എന്റെ പേരു കുത്തി. അദ്ദേഹം വലയ താപ്പാനയാണെന്നാണ് എല്ലാവരും പറയുന്നത്. അദ്ദേഹം കുത്തിയാല്‍ മരിക്കാതെയിരിക്കുമോ?

ഇതു കേട്ടപ്പോള്‍ തിരുമനസ്സിലേയ്ക്കു കാര്യം മനസ്സിലായി. ഉടനെ ഭട്ടതിരിയുടെ പേരു വീണ്ടും ചാര്‍ത്തുന്നതിനും പേരു കുത്തിയ ദിവസങ്ങളിലെ ദക്ഷിണകൂടി കൊടുക്കുന്നതിനും കല്‍പിച്ചു ചട്ടം കെട്ടി. അതിലും സര്‍വ്വാധികാര്യക്കാര്‍ മധ്യമമാവുകതന്നെ ചെയ്തു. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മഹാരാജാവു തിരുമനസ്സുകൊണ്ടു കല്‍പ്പിച്ചു അമ്മച്ചിക്കു പുത്തനായിപ്പണിയിച്ചു കൊടുത്ത അമ്മവീട്ടിന്റെ വാസ്തുബലിയും പാലുകാച്ചുമായി. പുണ്യാഹവും പാലുകാച്ചും അവിടെവച്ചു കേമമായിട്ടു ഒരു ബ്രാഹ്മണസ്സദ്യയും കഴിച്ച് ഗൃഹപ്രവേശം നടത്തുകയെന്നാണു തീര്‍ചപ്പെടുത്തിയത്. ജപത്തിനായും പള്ളിത്തേവാരത്തിനായും മറ്റും തിരുവനന്തപുരത്തു താമസിച്ചിരുന്ന നമ്പൂരിമാരെയും സദ്യയ്ക്കു ക്ഷണിച്ചു. അപ്പോള്‍ നമ്പൂരിമാര്‍ക്കു വലിയ സംശയമായിത്തീര്‍ന്നു. "പുത്തനായിപ്പണിയിച്ചതാണെങ്കിലും അമ്മവീടെന്നു സങ്കല്‍പിച്ചിരിക്കുന്ന സ്ഥലത്തു പോയി ഊണു കഴിക്കാമോ?" എന്നായിരുന്നു അവരുടെ സംശയം. പോകാതെയിരുന്നാല്‍ മഹാരാജാവു തിരുമനസ്സിലേയ്ക്കു തിരുവുള്ളക്കേടുണ്ടായേയ്ക്കുമോ എന്നുള്ള ശങ്കയും അവര്‍ക്കുണ്ടാകാതെയിരുന്നില്ല. ആകപ്പാടെ നമ്പൂരിമാര്‍ വലിയ പരുങ്ങലിലായിത്തീര്‍ന്നു. ഒടുക്കം അവരെല്ലാവരുകൂടി നടുവിലേപ്പാടിനോടുകൂടി ആലോചിച്ചിട്ട് തീര്‍ച്ചയാക്കാം എന്നു നിശ്ചയിച്ചു. അവരെല്ലാം ഒരു സ്ഥലത്തു കൂടിയിരുന്നുകൊണ്ടു ഭട്ടതിരിയെ വരുത്തി ഈ വസ്തുതകളെല്ലാം പറഞ്ഞു. ഭട്ടതിരി മനസ്സുകൊണ്ടു സ്വല്‍പമാലോചിച്ചിട്ട്, "ഇതിനു ഞാന്‍ വല്ലതും സമാധാനമുണ്ടാക്കാം. നമ്മുടെ അവസ്ഥയ്ക്കു കുറവു വരികയുമില്ല. തിരുവുള്ളക്കേടുണ്ടാവുകയുമില്ല. എന്നാല്‍പ്പോരേ? പക്ഷേ ഒരു കാര്യം വേണം. തല്‍ക്കാലം നിങ്ങളിലാരെങ്കിലും രണ്ടോ മൂന്നോ ഉറുപ്പിക ഇങ്ങോട്ടു തരണം. ഇന്നുതന്നെ വൈകുന്നേരം അതു മടക്കിത്തരികയും ചെയ്യാം. സദ്യ നാളെയാണല്ലോ.അതുകൊണ്ട് ഇനിയും ഒട്ടും താമസിക്കാന്‍ പാടില്ല" എന്നു പറഞ്ഞു.

അതുകേട്ടു സന്തോഷിച്ച് ഉടനെ ഒരു നമ്പൂരി മൂന്നു രൂപാ കൊടുത്തു. ഭട്ടതിരി അതു ചാലക്കടയില്‍ കൊണ്ടു ചെന്നു കൊടുത്തു ഒരു കോളാമ്പി മേടിച്ചു. അപ്പോള്‍ത്തന്നെ കച്ചവടക്കാരോട് "ഇത് എനിക്കല്ല മറ്റൊരാള്‍ക്കുവേണ്ടയാണ്. ഇതുകൊണ്ടുചെന്ന് അയാളെക്കാണിച്ചിട്ട് കോളാമ്പിയുടെ ഭാഷയും വിലയും അയാള്‍ക്കു സമ്മതമായെങ്കില്‍ കോളാമ്പിയെടുക്കും. അയാള്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ കോളാമ്പി തിരിയെ കൊണ്ടുവരും. അപ്പോള്‍ പണം മടക്കിത്തരണം" എന്നു ഭട്ടതിരി പറയുകയും അങ്ങനെ ചെയ്യാമെന്നു കച്ചവടക്കാരന്‍ സമ്മതിക്കുകയും ചെയ്തിട്ടാണ് കോളാമ്പി വാങ്ങിയത്.

ഭട്ടതിരി കോളാമ്പി ഒരു മുണ്ടില്‍ പൊതിഞ്ഞു കക്ഷത്തില്‍ വെച്ചു കൊണ്ട് ഉടനെ തിരുമുമ്പാകെച്ചെന്നു. അപ്പോള്‍ തിരുമനസ്സുകൊണ്ട് "കക്ഷത്തിലെന്താണ്?""എന്നു കല്‍പ്പിചു ചോദിച്ചു.

ഭട്ടതിരി: ഇത് ഇവിടെ അറിയിക്കാന്‍ തക്കവണ്ണമുള്ളതൊന്നുമല്ല. രണ്ടുമൂന്നു ദിവസത്തിനകം വടക്കോട്ടു പോയാല്‍ കൊള്ളാമെന്നുണ്ട്. അപ്പോള്‍ കൊണ്ടുപോകാനായിട്ട് ഇപ്പോള്‍ ചാലക്കടയില്‍ നിന്നു വാങ്ങിയതാണ്.

മഹാരാജാവ്: അതുകൊണ്ട് നമുക്കു കാണാന്‍ പാടില്ലെന്നുണ്ടോ?

ഭട്ടതിരി: എന്നന്നൊന്നുമില്ല. ഒരു നിസ്സാര സാധനമാണ് എന്നേ ഉള്ളൂ.

മഹാരാജാവ്: ആട്ടെ, എങ്കിലും കാണട്ടെ; എടുക്കൂ

ഭട്ടതിരി പിന്നെയും വളരെ മടി ഭാവിച്ചു. ഒടുക്കം തിരുമനസ്സിലെ നിര്‍ബന്ധംകൊണ്ടു കോളാമ്പി മുണ്ടിനകത്തുനിന്നെടുത്തു താഴെവെച്ചു.

മഹാരാജാവ്: ഹേ! കോളാമ്പിയോ! നല്ല ശിക്ഷയായി. നാം തന്നെ ഒന്നു മുറുക്കി ആദ്യം ഇതില്‍ത്തുപ്പാം.

ഭട്ടതിരി: അങ്ങനെയാവാം. പക്ഷേ അത് ഇന്നു പാടില്ല. ഒരു വഴിപാട് നിശ്ചയിച്ചിട്ടുണ്ട്. അതു കഴിഞ്ഞിട്ടേ ഇതില്‍ത്തുപ്പാവൂ എന്നാണു വെച്ചിരിക്കുന്നത്.

മഹാരാജാവ്: എന്തു വഴിപാടാണ്?

ഭട്ടതിരി: ആദ്യം ഇതില്‍ പാല്‍പ്പായസം വെച്ചു പത്മനാഭസ്വാമിക്കു നിവേദിക്കുക. പിന്നെത്തുപ്പിത്തുടങ്ങുക എന്നാണു നിശ്ചയിരിക്കുന്നത്.

മഹാരാജാവ്: (തിരുമനസ്സില്‍ സ്വല്‍പമൊന്നാലോചിച്ചിട്ട്) മനസ്സിലായി, പൊയ്ക്കോളൂ.

ഇതു കേട്ടു ഭട്ടതിരി ഇറങ്ങിപ്പോയി, കോളാമ്പി ചാലക്കടയില്‍ കൊണ്ടു ചെന്നു കൊടുത്തു രൂപാ വാങ്ങി, അതു കൊടുത്ത നമ്പൂരിക്കു മടക്കിക്കൊടുത്തു. ഭട്ടതിരി പോയയുടനെ തിരുമനസ്സുകൊണ്ട് അമ്മവീട്ടിലേക്കു കല്പിച്ചാളയച്ചു ബ്രാഹ്മണസദ്യ അമ്മവീട്ടില്‍വെച്ചു വേണ്ടെന്നും അമ്പലങ്ങളില്‍ എവിടെയെങ്കിലും വെച്ചു നടത്തികൊള്ളാമെന്നും ചട്ടംകെട്ടി. അമ്മവീട്ടില്‍ ആദ്യം ബ്രാഹ്മണസ്സദ്യ നടത്തുകയും പിന്നീട് അമ്മച്ചി പാര്‍ക്കുകയും ചെയ്യുന്നതു കോളാമ്പിയില്‍ നിവേദ്യംവെച്ച് ആദ്യം ദേവനു നിവേദിക്കുകയും പിന്നീട് തുപ്പുകയും ചെയ്യുന്നതുപോലെയാണെന്നാണ് ഭട്ടതിരിയുടെ വാക്കിന്റെ സാരമെന്നു തിരുമനസ്സിലേയ്ക്ക് അതു കേട്ടപ്പോള്‍ത്തന്നെ മനസ്സിലായി എന്നു പിന്നീടുണ്ടായ ചട്ടംകെട്ടുകൊണ്ടു സ്പഷ്ടമാകുന്നുണ്ടല്ലോ.

ഭട്ടതിരി ഒരിക്കല്‍ ഒരു വഴിയാത്രയില്‍ ഒരു ദിവസം നേരം വൈകിയപ്പോള്‍ അത്താഴം കഴിച്ചുപോകണമെന്നു വിചാരിച്ച് ഒരമ്പല ത്തിങ്കല്‍ ചെന്നുചേര്‍ന്നു. നേരം സന്ധ്യയാകാറായിട്ടും അവിടെ ശാന്തിക്കാരന്‍ വന്നു നട തുറക്കുകയോ വിളക്കു വെയ്ക്കുകയോ ചെയ്തിരുന്നില്ല. നട തുറന്നു തൊഴുതിട്ടു പോയാല്‍ കൊള്ളാമെന്നു വിചാരിച്ച് അവിടെ ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അയാളല്ലാതെ അവിടെയെങ്ങും വേറെ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ ഭട്ടതിരി ആ മനുഷ്യനോടുതന്നെ ആ ക്ഷേത്രം ആരുടെ വകയാണെന്നും അവിടുത്തെ പതിവുകളെങ്ങനെയൊക്കെയാണെന്നും മറ്റും ചോദിച്ചു. അപ്പോള്‍ ആ മനുഷ്യന്‍ "അമ്പലം ഇവിടെ അടുക്കല്‍തതന്നെയുള്ള ഒരു മനയ്ക്കലെ വകയാണ്. ഇവിടെ കാലത്തു രണ്ടേകാലും വൈകുന്നേരം ഒന്നേകാലും ഇടങ്ങഴി അരിവീതമാണ് പൂജാനിവേദ്യത്തിനു വകവെച്ചിരിക്കുന്നത്. അതുകൂടാതെ കാലത്തും വൈകുന്നേരവും ഈരണ്ടു നമസ്ക്കാരത്തിനും വകവെച്ചിട്ടുണ്ട്. നമസ്ക്കാരം വഴിപോക്കരായി വരുന്ന ബ്രാഹ്മണര്‍ക്കു കൊടുക്കണമെന്നാണ് വെച്ചിരിക്കുന്നത്. ഈ വകയ്ക്കെല്ലാമുള്ള നെല്ലു മനയ്ക്കല്‍നിന്നു കഴകക്കാരന്‍ വാരിയരെ ഏല്‍പ്പിച്ചുകൊടുക്കും. വാരിയര്‍ പതിവായി കണക്കുപ്രകാരമുള്ള അരി കൊടുത്തുകൊള്ളണമെന്നാണ് ഏര്‍പ്പാട്. എന്നാല്‍ ഇവിടെ ബ്രാഹ്മണര്‍ക്കു നമസ്ക്കാരം (ഭക്ഷണം) കൊടുക്കുകയാകട്ടെ കണക്കുപ്രകാരമുള്ള അരി മുഴുവനും വെച്ച് ദേവനു നിവേദിക്കുകയാകട്ടെ ഒരിക്കലും പതിവില്ല. നമസ്ക്കാരത്തിനുള്ള അരി മുഴുവനും ശാന്തിക്കാരന്‍ അദ്ദേഹത്തിന്റെ മഠത്തില്‍ക്കൊണ്ടുപോയിവെച്ച് ഊണു കഴിക്കും. നിവേദ്യത്തിനു രണ്ടു നേരവും ഒഴക്കരിയിലധികം വാരിയര്‍ കൊടുക്കാറില്ല. നെല്ലു മുഴുവനും പുഴുങ്ങിയുണക്കിക്കുത്തിവെച്ചു വാര്യത്തുള്ളവരൂണുകഴിക്കും. ഒഴക്കരിയില്‍ കൂടുതലിട്ടു നിവേദ്യം വെയ്ക്കണമെങ്കില്‍ വഴിപാടുകാരാരെങ്കിലും കൊണ്ടുവരണം. ഇങ്ങനെയൊക്കെയാണ് ഇവിടുത്തെ പതിവ്. സന്ധ്യ കഴിയാതെ ഇവിടെ ഒരു ദിവസവും നടതുറന്നു വിളക്കുവെയ്ക്കാറില്ല. പ്രതിദിനം മൂന്നാഴിയെണ്ണവീതം ഇവിടെ വിളക്കുവകയ്ക്കു മനയ്ക്കല്‍നിന്നു കൊടുക്കുന്നുണ്ട്. അതു മുഴുവനും ശാന്തിക്കാരനും കഴകക്കാരനുംകൂടി പങ്കുവെച്ച് എടുക്കുകയാണ് പതിവ്. ഇവിടെ വിളക്കിനു വഴിപാടുകാര്‍ കൊണ്ടുവരുന്ന എണ്ണ തന്നെ മുഴവന്‍ വേണ്ടാ. രണ്ടുനേരവും മിന്നാമിനുങ്ങിന്റെ പൃഷ്ടം പോലെ ഓരോ തിരി കൊളുത്തിവെച്ചാല്‍ മതിയല്ലോ. മനയ്ക്കലേക്ക് ഇതുപോലെ നാല്‍പതു ക്ഷേത്രങ്ങളുണ്ട്. എല്ലാ സ്ഥലങ്ങളിലും ദിവസംതോറും ചെന്നു കാര്യങ്ങളന്വേഷിക്കുക പ്രയാസമാവുകയാല്‍ ഇവിടുത്തെ കാര്യങ്ങള്‍ക്കെല്ലാം ശാന്തിക്കാരനെയും കഴകക്കാരനെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. മനയ്ക്കല്‍നിന്ന് ഒന്നും അന്വേഷിക്കാറില്ല. എല്ലാം ശരിയായി നടക്കുന്നുണ്ടെന്നാണ് അവിടുത്തെ വിശ്വാസം. അതുകൊണ്ടാണ് ഇവരുടെ അഴിമതിയും അക്രമവും ഇത്രത്തോളം വര്‍ദ്ധിച്ചത്. ചിലപ്പോള്‍ മനയ്ക്കല്‍ നിന്നു വലിയ തിരുമേനി ഇവിടെ എഴുന്നള്ളുകയും ഇവരുടെ ചില കളവുകള്‍ കണ്ടുപിടിക്കുകയും കഴകക്കാരനെ പിടിച്ചു പ്രഹരിക്കുകയും ശാന്തിക്കാരനെമ്പ്രാന്തിരിക്കു രണ്ടും നാലും പണവും മറ്റും പ്രായശ്ചിത്തം നിശ്ചയിക്കുകയും ചെയ്യാറുണ്ട്. എങ്കിലും ഇവിടെ ഇവരുടെ അക്രമങ്ങള്‍ക്ക് ഇതുവരെ യാതൊരു കുറവും വന്നിട്ടില്ല"" എന്നു പറഞ്ഞു. ഭട്ടതിരി ഇതെല്ലാം കേട്ടുധരിച്ചതിന്റെ ശേഷം "ആട്ടെ, എങ്കിലും കുളി കഴിക്കാമല്ലോ" എന്നു പറഞ്ഞ് അമ്പലക്കുളത്തില്‍ത്തന്നെയിറങ്ങി കുളികഴിച്ച് അമ്പലത്തില്‍ച്ചെന്നു മുണ്ടുകള്‍ രണ്ടും ഉണങ്ങാനിട്ടിട്ടു കൗപീനമാത്രധാരിയായി അവിടെയിരുന്നു. അപ്പോഴേയ്ക്കും ഒരു ചെറിയ പാത്രത്തില്‍ ഒഴക്കരിയും ഒരു തീക്കൊള്ളിയുമെടുത്തുകൊണ്ടു കഴകക്കാരനുമവിടെയെത്തി. ഉടനെ ഭട്ടതിരി "വാരിയരേ! നമുക്ക് അത്താഴം കഴിച്ചു പോയാല്‍ക്കൊള്ളാമെന്നുണ്ട് അതിവിടെ തരമാകുമോ?" എന്നു ചോദിച്ചു. അതിനുത്തരമായി വാരിയര്‍ "എന്തോ എനിക്കറിഞ്ഞുകൂടാ. ശാന്തിക്കാരനോടു ചോദിക്കണം" എന്നു പറഞ്ഞു.

ഭട്ടതിരി: അങ്ങനെ പറഞ്ഞാല്‍പ്പോരാ. നമുക്കിവിടെച്ചില വഴിപാടുകളും നടത്തേണ്ടിയിരിക്കുന്നു. അതിനൊക്കെ വാരിയരുടെ സഹായമാണ് നമുക്കു പ്രധാനമായി വേണ്ടത്.

വാരിയര്‍: റാന്‍, വഴിപാട് എന്തൊക്കെയാണാവോ

ഭട്ടതിരി: വിളക്ക്, മാല, പഞ്ചസാരപ്പായസനിവേദ്യം, പിന്നെ ഒരു രണ്ടേകാലിടങ്ങഴി വെള്ളനിവേദ്യം ഇതൊക്കെ വേണം. വ്യാഴാഴ്ചതോറും ഇവയൊക്കെ ഒരു വിഷ്ണുക്ഷേത്രത്തില്‍ നടത്താറുണ്ട്. ഒരു ബ്രാഹ്മണനെ കാല്‍കഴുകിച്ച് ഊട്ടുകയുംവേണം. അതിനു ശാന്തിക്കാരനായാലും മതി. സാമാന്യംപോലെ ഒരു ഭക്ഷണത്തിന്റെ വട്ടമൊക്കെ വേണം. അതൊട്ടും മോശമാകരുത്. നമ്മുടെ കയ്യില്‍ പണമുണ്ട് അതെത്ര വേണമെങ്കിലും ചെലവുചെയ്യാന്‍ തയ്യാറാണ്. എങ്കിലും വാരിയരുടെ സഹായംകൂടാതെ ഒന്നും നടക്കുകയില്ലല്ലോ.

വാരിയര്‍: പണമുണ്ടെങ്കില്‍ ഒക്കെ നടക്കും. അടിയന്‍ എല്ലാം ശരിയാക്കാം.

ഭട്ടതിരി: എന്നാല്‍ മതി. ഒടുക്കം വാരിയര്‍ പറയുന്ന സംഖ്യ ബോധ്യപ്പെടുത്താം.

വാരിയര്‍ : എന്നാല്‍ വേണ്ടതെല്ലാം ഇപ്പോള്‍കൊണ്ടു വിടകൊള്ളാം.

എന്നു പറഞ്ഞു വാരിയര്‍ ഓടിപ്പോയി. പോകുന്ന വഴിക്കു ശാന്തിക്കാരനെക്കണ്ട് "ഇന്നു വിശേഷാല്‍ച്ചില വഴിപാടുകളുണ്ട്. ക്ഷണത്തില്‍ക്കുളിച്ച് അമ്പലത്തിലേയ്ക്ക് ചെല്ലണം" എന്നു കൂടി പറഞ്ഞിട്ടാണ് വാരിയര്‍ പോയത്. വാരിയരുടെ വാക്കു കേട്ടു തനിക്കും വല്ലതുമാദായമുണ്ടാകുമെന്നു വിചാരിച്ചു ശാന്തിക്കാരനും ക്ഷണത്തില്‍ "കുളിച്ച് കുറ്റിത്തലയും കുടഞ്ഞ്" അമ്പലത്തിലെത്തി. തന്റെ പതിവും ആവശ്യങ്ങളുമെല്ലാം ഭട്ടതിരി ശാന്തിക്കാരനോടു പറഞ്ഞു. അതു കേട്ടു ശാന്തിക്കാരനും സന്തോഷിച്ച് ഓടിപ്പോയി അദ്ദേഹത്തിന്റെ മഠത്തില്‍നിന്ന് അരിയും കറിക്കോപ്പുകളും പാലും മറ്റും കൊണ്ടുവന്ന് എല്ലാം തയ്യാറാക്കിത്തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ സകല സാധനങ്ങളും കൊണ്ടു വാരിയരും അമ്പലത്തിലെത്തി. അപ്പോഴേയ്ക്കും ശാന്തിക്കാരന്‍ നിവേദ്യങ്ങള്‍ അടുപ്പത്താക്കുകയും കറിക്കു നുറുക്കുകയും കഴിച്ചിരുന്നു. അതു കണ്ടിട്ട് എമ്പ്രാന്‍ തന്നെ നഷ്ടപ്പെടുത്താന്‍ ഭാവിക്കുകയാണല്ലോ എന്നു വിചാരിച്ചു വാരിയര്‍ക്കും വാരിയര്‍ സാമാനങ്ങളെല്ലാം കൊണ്ടുവന്നിരിക്കുന്നതു തന്നെ നഷ്ടപ്പെടുത്താനാണല്ലോ എന്നു വിചാരിച്ചു എമ്പ്രാനും ദേഷ്യം കലശലായി. വാരിയര്‍ എമ്പ്രാനോട് "സാമാനങ്ങളെല്ലാം വട്ടം കൂട്ടിക്കൊണ്ടുവരണമെന്ന് ആവശ്യക്കാരന്‍ എന്നോടാണ് ആദ്യം പറഞ്ഞത്. അതുകൊണ്ട് ഞാന്‍കൊണ്ടുവന്നിരുക്കുന്ന സാമാനങ്ങള്‍തന്നെ എടുത്തു ഉപയോഗിക്കണം. അങ്ങേടെ സാമാനമൊന്നും ഇവിടെ ഉപയോഗിക്കാന്‍ പാടില്ല" എന്നു പറഞ്ഞു. അതുകേട്ട് എമ്പ്രാന്‍ "വാരിയരുടെ സാമാനങ്ങളൊന്നും ഇവിടെക്കൊള്ളുകയില്ല. പാല്‍ വെള്ളം ചേര്‍ത്തതാണ്. അരി വെളുത്തിട്ടില്ല" എന്നും മറ്റും പറഞ്ഞുതുടങ്ങി. അമ്പലത്തില്‍ ജപിച്ചു കൊണ്ടിരുന്ന ഭട്ടതിരി ഇവരുടെ വഴക്കുകേട്ടിട്ട്, "നിങ്ങള്‍ തമ്മില്‍ ശണ്ഠ കൂടേണ്ട. രണ്ടുപേരുടെ സാമാനങ്ങളും ഉപയോഗപ്പെടുത്തിക്കൊള്ളണം. അതുകൊണ്ടു ദോഷമൊന്നും വരാനില്ലല്ലോ. നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും പണം കിട്ടണമെന്നല്ലേ ഉള്ളു? അതു ബോധ്യപ്പെടുത്താന്‍ ഞാനുണ്ടല്ലോ. വഴക്കും ശണ്ഠയും കൂടാതെ കാര്യം നടക്കട്ടെ" എന്നു പറഞ്ഞു. അതു കേട്ടു രണ്ടുപേരും സമാധാനപ്പെടുകയും ചെയ്തു.

എമ്പ്രാന്തിരി വെപ്പെല്ലാം കഴിച്ചു പൂജയ്ക്കു പോയി. പ്രസന്ന പൂജയ്ക്ക് നടയടച്ചപ്പോള്‍ ഭട്ടതിരി തിടപ്പള്ളിയിലെത്തി ഒരിലയെടുത്തു വെച്ചു താനേ വിളമ്പി ഊണു തുടങ്ങി. എമ്പ്രാന്തിരി "അല്ലാ! ഇങ്ങനെയാണോ കാല്‍കഴുകിച്ചൂട്ടുന്നത്?" എന്നു ചോദിച്ചു. അതിനു മറുപടിയായി ഭട്ടതിരി "കാല്‍കഴുകിച്ചൂട്ടുക എന്നു പറഞ്ഞാല്‍ തന്റെ മുതല്‍ ചെലവുചെയ്ത് ഒരു ബ്രാഹ്മണനു ഭക്ഷണം കൊടുക്കുക എന്നേ അര്‍ത്ഥമുള്ളു. പൊരുള്‍ പോകുന്നിടത്താണല്ലോ പുണ്യം. എമ്പ്രാന്റെ ഊണു കഴിയുമ്പോള്‍ കാല്‍കഴുകിച്ചൂട്ടിയതിന്റെ ഫലം എനിക്കു കിട്ടും. എമ്പ്രാനും ഒരിയിലയെടുത്തുവെച്ചു വിളമ്പിയുണ്ടോളൂ" എന്നു പറഞ്ഞു. ഉടനെ എമ്പ്രാന്തിരിയും ഉണ്ണാനിരുന്നു. പിന്നെ ഭട്ടതിരി എമ്പ്രാന്തിരിയുടെ കൈപ്പുണ്യത്തെ വര്‍ണ്ണിച്ചുതുടങ്ങി.

"ഹേ! എമ്പ്രാന്‍ ദേഹണ്ഡമൊക്കെ വളരെ നന്നായി. ഈ അമ്പലക്കിണറ്റിലെ വെള്ളം വളരെ മാഹാത്മ്യമുള്ളതുതന്നെ. എന്നും കോരി ദേവന്റെ തലയിലൊഴിക്കുന്നതല്ലേ? അങ്ങനെയല്ലാതെയിരിക്കുമോ? അതോടുകൂടി എമ്പ്രാന്റെ കൈപ്പുണ്യവുംകൂടി ചേര്‍ന്നപ്പോള്‍ മുഴുവനായി. പഞ്ചസാരപ്പായസത്തിനെന്നല്ല, സകലവിഭവങ്ങള്‍ക്കും ഈ വെള്ളത്തിന്റെ സ്വാദാണു മുമ്പിട്ടുനില്‍ക്കുന്നത്. കുറേശ്ശെ അമൃതിന്റെ സ്വാദുമുണ്ട്. അതു എമ്പ്രാന്റെ കൈപ്പുണ്യംകൊണ്ടു വന്നതായിരിക്കും" എന്നും മറ്റുമായിരുന്നു ഭട്ടതിരി പറഞ്ഞത്. ഈ ശകാരമെല്ലാം സ്തുതിയാണെന്നാണ് എമ്പ്രാന്തിരി മനസ്സിലാക്കിയത്. അതിനാല്‍ ഇതിനു മറുപടിയായി എമ്പ്രാന്തിരി പറഞ്ഞത് "ഇതൊന്നും നമ്മുടെ സാമര്‍ത്ഥ്യംകൊണ്ടല്ല. എല്ലാം ഭഗവാന്റെ കൃപകൊണ്ടാണ്" എന്നായിരുന്നു.

ഭട്ടതിരിയും എമ്പ്രാന്തിരിയും ഊണു കഴിഞ്ഞു കൈ കഴുകി ബലിക്കല്‍പ്പുരയില്‍ പോയിരുന്നു പണത്തിന്റെ കണക്കു പറഞ്ഞു തുടങ്ങി. വാരിയര്‍ തിടപ്പള്ളിയില്‍ക്കയറി ഉണ്ണാനുമിരുന്നു. എമ്പ്രാന്തിരി പറഞ്ഞ കണക്കൊന്നും ഭട്ടതിരി സമ്മതിച്ചില്ല. ഒടുക്കം ഭട്ടതിരി "ഇവിടെ രണ്ടു നേരവും ഈരണ്ടുപേര്‍ക്കു നമസ്ക്കാരത്തിനു വകവെച്ചിട്ടുണ്ടല്ലോ. അതെല്ലാം താന്‍ മോഷ്ടിച്ചെടുക്കുകല്ലേ പതിവ്? ഇന്ന് ഒരു നേരം ഞാനുണ്ടതിനു തനിക്കു പണം തരണമോ? ഞാനൊരു കാശും തരാന്‍ ഭാവമില്ല. താനെന്തു ചെയ്യും?" എന്നു ചോദിച്ചു. അതു കേട്ട് എമ്പ്രാന്തിരി കോപിച്ചു വിറച്ചു ഭട്ടതിരിയെ തല്ലാനായി കൈയോങ്ങിക്കൊണ്ട് അടുത്തു ചെന്നു. ഉടനെ ഭട്ടതിരി എണീറ്റു എമ്പ്രാന്തിരിയുടെ കൈക്ക് ഒരു തട്ടും ചെകിട്ടത്ത് ഒരടിയും വെച്ചുകൊടുക്കുകയും "അയ്യോ!" എന്ന് ഉറക്കെ ഒന്നു നിലവിളിക്കുകയും ഒരുമിച്ചുകഴിഞ്ഞു. അടികൊണ്ട ക്ഷണത്തില്‍ എമ്പ്രാന്തിരി ബോധം കെട്ടു നിലത്തു വീണു. നിലവിളി കേട്ടു വാരിയര്‍ പരിഭ്രമിച്ചു എച്ചില്‍ക്കൈ മടക്കിപ്പിടിച്ചുകൊണ്ടു ബലിക്കല്‍പ്പുരയിലേയ്ക്ക് ഓടിച്ചെന്നു. "ഇവിടെ എന്താണ് ഒരു നിലവിളി കേട്ടത്? ആരാണു നിലവിളിച്ചത്?" എന്നു വാരിയര്‍ ചോദിച്ചു. അപ്പോള്‍ ഭട്ടതിരി കരഞ്ഞുംകൊണ്ട് "ഈ എമ്പ്രാന്‍ ഞാന്‍ പണം കൊടുത്തത് പോരെന്നും പറഞ്ഞ് എന്നെത്തല്ലി. ഞാനാണു നിലവിളിച്ചത്. ഇതിനെല്ലാം സാക്ഷി വാരിയരാണ്. ഈ ഉണ്ടായ സംഗതികളെല്ലാം ക്ഷേത്രത്തിന്റെ ഉടമസ്ഥനോട് ഇപ്പോള്‍ത്തന്നെ പറയണം. സാക്ഷി പറയാന്‍ വാരിയരും എന്റെ കൂടെ വരണം. ഊണു കഴിച്ചുവരൂ. വാരിയരുടെ പണം ഞാന്‍ ഒട്ടും കുറയ്ക്കുകയില്ല എന്നെത്തല്ലിയതുകൊണ്ട് എമ്പ്രാന് ഇനി ഞാന്‍ ഒരു കാശുപോലും കൊടുക്കയില്ല. എമ്പ്രാനു കൊടുക്കാനുള്ളതുകൂടി വാര്യര്‍ക്കു തന്നേയ്ക്കാം" എന്നു പറഞ്ഞു. ഇതു കേട്ടു സന്തോഷിച്ചു വാരിയര്‍ ഊണു മുഴുവനാക്കാനായിട്ട് തിടപ്പള്ളിയിലേക്കു പോയി. ക്ഷണത്തില്‍ ഊണു കഴിച്ചു കൈയും കഴുകി വാരിയര്‍ വീണ്ടും ബലിക്കല്‍പ്പുരയിലെത്തി. എമ്പ്രാന്തിരി അപ്പോഴും പൂര്‍വ്വസ്ഥിതിയില്‍ ബോധരഹിതനായി അവിടെത്തന്നെ കിടന്നിരുന്നു. ഭട്ടതിരിയെ അവിടെയെങ്ങും കണ്ടുമില്ല. അദ്ദേഹം വാരിയര്‍ വരുന്നതിനു മുമ്പേ പമ്പകടന്നിരിക്കുന്നു.

പിന്നെയൊരിക്കല്‍ ഭട്ടതിരി ഒരു വഴിയാത്രയില്‍ ഒരു ദിവസം മധ്യാഹ്നസമയത്ത് ഊണുകഴിച്ചു പോകണമെന്നുള്ള ഉദ്ദേശത്തോടുകൂടി ത്തന്നെ ഒരില്ലത്തു കയറിച്ചെന്നു. അപ്പോള്‍ അവിടെ പുരയുടെ വാതിലുകളൊക്കെ അടച്ചിരുന്നതിനാല്‍ മുറ്റത്തു നിന്നുകൊണ്ടു രണ്ടുമൂന്നു ചുമച്ചു. എന്നിട്ടും ആരെയും പുറത്തേയ്ക്കു കാണാതെയിരുന്നതിനാല്‍ ഇറയത്തു കയറിയിരുന്നുകൊണ്ട് "ഹേ ഹേ! ഇവിടെ ആരുമില്ലയോ? ഈ വാതിലൊന്നു തുറക്കണം" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അങ്ങനെ നാലഞ്ചു പ്രാവശ്യം പറഞ്ഞപ്പോള്‍ ഗൃഹസ്ഥന്‍ നമ്പൂരി വന്നു വാതില്‍ തുറന്നു ദുര്‍മുഖം കാണിച്ചുകൊണ്ടു പുറത്തേയ്ക്കു വന്ന് ഉച്ചസ്വരത്തില്‍ "ആരാണിവിടെക്കയറിവന്നു കലശല്‍കൂട്ടുന്നത്? പടിക്കു പുറത്തു പോകണം" എന്നു പറഞ്ഞു. അതു കേട്ടിട്ടും ഭട്ടതിരി "അയ്യോ! അങ്ങനെ പറയരുതേ. ഞാന്‍വഴിപോക്കനായ ഒരു ബ്രാഹ്മണനാണ്. വഴി നടന്നും വെയിലു കൊണ്ടും ഞാന്‍ ഏറ്റവും അവശനായിരിക്കുന്നു. വിശപ്പും ദാഹവും സഹിക്കവയ്യാതെയായിട്ടാണ് ഇവിടെക്കയറി വന്നത്. എനിക്കിപ്പോള്‍ കുറച്ചു കഞ്ഞിയോ ചോറോ വല്ലതും തന്നാല്‍ അതൊരു വലിയ സുകൃതമായിരിക്കും. ഒന്നും കഴിക്കാതെ ഇനി ഇവിടെനിന്ന് ഒരടിപോലും നടക്കാന്‍ ഞാന്‍ശക്തനല്ല" എന്ന ഏറ്റവും താണ സ്വരത്തില്‍പ്പറഞ്ഞു. ഇതുകേട്ടിട്ടും ഗൃഹനാഥന്റെ മനസ്സിന് ഒരലിവുമുണ്ടായില്ല. അദ്ദേഹം വീണ്ടും ഉച്ചത്തില്‍ത്തന്നെ "പോകാനല്ലേ പറഞ്ഞത്. നടക്കാന്‍ വയ്യെങ്കില്‍ പടിക്കു പുറത്തു പോയിക്കിടന്നോളൂ. ഇവിടെ ഇരിക്കാന്‍ പാടില്ല. വരുന്നവര്‍ക്കൊക്കെ കഞ്ഞിയോ ചോറോ കൊടുക്കാന്‍ ഇവിടെ വഴിയൂട്ടും മറ്റുമില്ല. ആരും കാണമിട്ടിട്ടുമില്ല. ഇങ്ങനെ തട്ടിപ്പും പറഞ്ഞ് ഉണ്ണാനായിട്ടു കയറിവരുന്നവര്‍ക്കൊക്കെ ചോറു കൊടുത്തിട്ടുള്ള പുണ്യം ഇവിടെ ആവശ്യമില്ല" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്നാല്‍ വെറുതേ വേണ്ട. ഞാന്‍ പണം തരാം. ഏതുവിധത്തിലായാലും സ്വല്‍പം വല്ലതും കഴിക്കാതെ പോകാന്‍ നിവൃത്തിയില്ല. ഞാന്‍ സാമാന്യത്തിലധികം വലഞ്ഞു. അതുകൊണ്ട് പറയുന്നതാണ്. കൃപയുണ്ടാകണം" എന്ന് പിന്നെയും പറഞ്ഞു. അതു കേട്ടിട്ടും ഗൃഹസ്ഥന്റെ മനസ്സിനു ഒരിളക്കവുമുണ്ടായില്ല. "എടോ തന്റെ ജാടയൊന്നും ഇവിടെപ്പറ്റുകയില്ലെന്ന് ആദ്യമേ ഞാന്‍ പറഞ്ഞില്ലേ? അങ്ങോട്ടു പറയുന്നതൊന്നും മനസ്സിലാക്കാത്തതെന്താണ്? തന്റെ മര്‍ക്കടമുഷ്ടിയുംകൊണ്ടു താനിറങ്ങിപ്പോവൂ. ഇവിടെ പറ്റുകയില്ല. പണത്തിനു ചോറുകൊടുക്കാന്‍ ഇതു ഹോട്ടലും മറ്റുമല്ല.പടിക്കു പുറത്തിറങ്ങിപ്പോവാനല്ലേ പറഞ്ഞത്? ഇനിയും പോകാത്തപക്ഷം ഞാന്‍ തീക്കനല്‍ കോരിക്കൊണ്ടുവന്നു തന്റെ തലയിലിടും. അതിനിടയാക്കാതെ താനിറങ്ങിപ്പോവൂ" എന്നാണു ഗൃഹസ്ഥന്‍ പറഞ്ഞത്. ഇത്രയും കേട്ടിട്ടും ഭട്ടതിരി ഒഴിച്ചുപോയില്ല. അദ്ദേഹം പിന്നെയും താണു തൊഴുതുകൊണ്ട് "അയോ മൂസ്സ്, ഇതു കഠിനമാണ്. ഇങ്ങനെ പറയരുത്. ഒരു നിവൃത്തിയുമില്ലാതെയായിട്ടു ഞാന്‍ പറയുന്നതാണ്. ഒരു പിടിച്ചോറെങ്കിലും തരുന്നതിനു ദയവുണ്ടാകണം. അതിനൊന്നിനും മനസ്സില്ലെങ്കില്‍ കുറച്ചു പച്ചവെള്ളം തന്നാലും മതി. ഒന്നും കഴിക്കാതെ എനിക്ക് എണീക്കാന്‍പോലും വയ്യ. ഞാന്‍വല്ലാതെ ക്ഷീണിച്ചുപോയി" എന്നു പറഞ്ഞു. ഇതിനു മറുപടിയായി ഗൃഹസ്ഥന്‍ പറഞ്ഞത് "തനിക്കു വെള്ളം കോരിക്കൊണ്ടു വന്നു തരാന്‍ തന്റെ ശമ്പളക്കാരാരും ഇവിടെയില്ല. വെളളം കുടിക്കണമെങ്കില്‍ പുഴയില്‍ച്ചെന്നു കോരിക്കുടിക്കൂ. ഇവിടെ അതൊന്നും സാദ്ധ്യമല്ല. താനിവിടെ നിന്ന് ഇറങ്ങിപ്പോവൂ. ഇനിയും താനിറങ്ങിപ്പോവാത്തപക്ഷം ഇവിടെപ്പാര്‍ക്കുന്ന വൃഷലിപ്പെണ്ണിനെ ഞാനിങ്ങോട്ടുവിളിക്കും. അവള്‍ മുറ്റമടിക്കുന്ന ആയുധവും കൊണ്ടിങ്ങോട്ടു വന്നാല്‍ തന്നെ ഇവിടെനിന്നോടിക്കും. അതിനിടയാക്കാതെ ഇറങ്ങിപ്പോവുകയാണു നല്ലത്" എന്നാണ്. ഇത്രയും കേട്ടപ്പോള്‍ ഭട്ടതിരി "ഇവിടെ മര്യാദകൊണ്ടു കാര്യമൊന്നും പറ്റുകയില്ല ഏതെങ്കിലും ഒരു പൊടിക്കൈകൂടി പ്രയോഗിച്ചു നോക്കാം" എന്നുവിചാരിച്ചു. കോപഭാവത്തോടുകൂടി എണീറ്റു രണ്ടാംമുണ്ട് അരയില്‍ മുറുക്കിക്കെട്ടി കണ്ണും ചുവത്തി വിറച്ചുകൊണ്ടു ഗൃഹസ്ഥനോടു "എടോ! താന്‍ മഹാദുഷ്ടന്‍തന്നെ. തന്നെമാത്രം വിചാരിച്ചാല്‍ പോരല്ലോ, ഇവിടെ ഒരന്തര്‍ജ്ജനവും രണ്ടുമൂന്നു കിടാങ്ങളുമുണ്ടല്ലോ. പുരാതനമായ ഒരു ബ്രാഹ്മണഗൃഹവുമാണല്ലോ എന്നു വിചാരിച്ചു ഞാനിതുവരെ ക്ഷമിച്ചു. ഞാനൊരു കടുംകൈ പ്രയോഗിച്ചാല്‍ അതു പ്രതിവിധി ഇല്ലാത്തതായിരിക്കും. നാലഞ്ചു ദിവസം മുന്‍പ് ഇതുപോലെ ഞാനൊരില്ലത്തു പോയിരുന്നു. അവിടുത്തെ ഗൃഹസ്ഥനും തന്നെപ്പോലെ ഒരു ദുഷ്ടനായിരുന്നു. അവിടെയും ഞാന്‍ ‍ആദ്യം വളരെ ക്ഷമിച്ചു. ഒടുക്കം അതുകൊണ്ടൊന്നും പറ്റുകയില്ലെന്നു തോന്നുകയാല്‍ ഞാനൊരു കടുംകെ അവിടെ പ്രയോഗിച്ചു. അതുതന്നെ ഇവിടെയും പ്രയോഗിക്കാനാണു ഞാന്‍ ഭാവിക്കുന്നത്. അതു സമ്മതമാണോ എന്ന് അകത്തു ചെന്ന് അന്തര്‍ജ്ജനഇത്തോടുകൂടി ചോദിക്കൂ. പിന്നെ പശ്ചാത്തപിച്ചാല്‍ ഫലമൊന്നുമുണ്ടാവുകയില്ല. അതും ഞാനാദ്യമേ പറഞ്ഞേയ്ക്കാം" എന്നു പറഞ്ഞു. ഇവരുടെ സംവാദങ്ങളെല്ലാം കേട്ടുകൊണ്ട് അകത്തു നിന്നിരുന്ന അന്തര്‍ജ്ജനം ഭട്ടതിരിയുടെ അപ്പോഴത്തെ ഭാവം കാണുകയും ഒടുക്കം പറഞ്ഞ വാക്കു കേള്‍ക്കുകയും ചെയ്തു വല്ലാതെ ഭയപ്പെട്ടു നമ്പൂരിയെ അകത്തേക്കു വിളിച്ചു. "ഇയ്യാള്‍ സാമാന്യക്കാരനല്ലെന്നാണു തോന്നുന്നത്. എന്തെല്ലാമനര്‍ത്ഥങ്ങളാണാവോ ഉണ്ടാക്കിത്തീര്‍ക്കുന്നത്? രണ്ടുമൂന്നു കിടാങ്ങളുള്ളവര്‍ക്കെങ്കിലും ആപത്തൊന്നും വരാതെ സൂക്ഷിക്കണമല്ലോ. അതുകൊണ്ട് ക്ഷണത്തില്‍ച്ചെന്ന് അദ്ദേഹത്തെ സമാധാനപ്പെടുത്തി ഭക്ഷണം കൊടുത്തു സന്തോഷിപ്പിച്ചയയ്ക്കണം. അല്ലെങ്കില്‍ വലിയ ആപത്തു വല്ലതും വന്നു കൂടുമെന്നാണു തോന്നുന്നത്" എന്നു പറഞ്ഞു. ഭട്ടതിരിയും ഗൃഹസ്ഥന്‍ നമ്പൂരിയും തമ്മില്‍ അത്യുച്ചത്തിലുണ്ടായ സംവാദം കേട്ട് അതിന്റെ കാരണമറിയുന്നതിനായി അയല്‍വാസികളായ ഒട്ടുവളരെ ജനങ്ങളും അവിടെ വന്നുകൂടിയിരുന്നു. അവരുമെല്ലാവരും അന്തര്‍ജ്ജനം പറഞ്ഞതു പോലെ തന്നെ പറഞ്ഞു. അതെല്ലാംകൂടി കേള്‍ക്കുകയും കോപിച്ചു സംഹാരരുദ്രനെപ്പോലെയുള്ള ഭട്ടതിരിയുടെ നില കാണുകയും ചെയ്തപ്പോള്‍ ഗൃഹസ്ഥന്‍നമ്പൂരിയും ഭയവിഹ്വലനായിത്തീര്‍ന്നു. ഉടനെ അദ്ദേഹം ഭട്ടതിരിയുടെ അടുക്കല്‍ച്ചെന്നു പാദങ്ങളില്‍ വീണു നമസ്കരിച്ചിട്ട് "അല്ലയോ ബ്രഹ്മണോത്തമ! ക്ഷമിക്കണേ, ക്ഷമിക്കണേ. അങ്ങയുടെ മാഹാത്മ്യമറിയാതെ ഞാന്‍ പറഞ്ഞുപോയതെല്ലാം സദയം ക്ഷമിക്കണേ. കോപത്തെ അടക്കിയാലും. ആപത്തൊന്നുമുണ്ടാക്കിത്തീര്‍ക്കാതെ എന്നെയും ഈ കുടുംബത്തെയും അവിടുന്നു രക്ഷിക്കണം. ക്ഷണത്തില്‍ കുളിച്ചുവരിക. ഇവിടെ ഊണിനെല്ലാം കാലമായിരിക്കുന്നു. കുളിച്ചുവരാത്ത താമസമേ ഉള്ളൂ. അങ്ങേയ്ക്കു കുടിക്കുനീര്‍വീഴ്ത്തീട്ടു വേണം എനിക്കും ഉണ്ണാന്‍" എന്നു പറഞ്ഞു. അതു കേട്ടു ഭട്ടതിരി തന്റെ കൗശലം ഫലിച്ചുവല്ലോ എന്നു വിചാരിച്ചു ഉള്ളുകൊണ്ട് ചിരിച്ച് "ഇപ്പോളെങ്കിലും നല്ല ബുദ്ധിയുണ്ടായല്ലോ. ഭാഗ്യംതന്നെ. ഇവിടെ മറ്റേതിന്റെ കാലമായില്ലെന്നാണ് തോന്നുന്നത്. ഇനി എനിക്കു കോപവും ദേഷ്യവുമൊന്നുമില്ല.അതൊക്കെത്തീര്‍ന്നിരിക്കുന്നു. ഞാന്‍ ‍ക്ഷണത്തില്‍ കുളിച്ചുവന്നേയ്ക്കാം. എന്റെ ഒരു കുളിയും തേവാരവുമൊക്കെ രാവിലെ കഴിഞ്ഞിരിക്കുന്നു. വഴി ശുദ്ധമായതുകൊണ്ടു ഒന്നു കുളിക്കണമെന്നേ ഉള്ളൂ. രണ്ടാംകുളിക്കു താമസത്തിനു വകയില്ലല്ലോ. ഇപ്പോള്‍ വന്നേയ്ക്കാം" എന്നു പറഞ്ഞു പോയി ക്ഷണത്തില്‍ കുളി കഴിച്ചുവന്നു. ഭട്ടതിരി കുളിച്ചുവന്നപ്പോഴേയ്ക്കും ഇലയും പലകയും വെച്ച് എല്ലാം തയ്യാറാക്കിയിരിക്കുന്നു. ഗൃഹസ്ഥന്‍തന്നെ സാദരം വിളമ്പിക്കൊടുത്തു. ഭട്ടതിരി സുഖമായി ഊണു കഴിക്കുകയും ചെയ്തു. ഊണു കഴിഞ്ഞു കൈ കഴുകിക്കഴിഞ്ഞയുടനെ ഭട്ടതിരിയെ ഗൃഹസ്ഥന്‍നമ്പൂരി പുറന്തളത്തില്‍ കൊണ്ടുപോയി ഒരു പായയും തലയിണയും മുറുക്കാനുള്ള സാധനങ്ങളും കൊണ്ടുചെന്നു കൊടുക്കുകയും "ഇനി ഇവിടെ ഇരിക്കുകയോ കിടക്കുകയോ മുറുക്കുകയോ ഒക്കെയാവാം. ഞാനുംപോയി ഊണു കഴിച്ചുവരാം" എന്നു പറയുകയും ചെയ്തിട്ട് ഉണ്ണാന്‍ പോയി.

ഗൃഹസ്ഥന്‍ നമ്പൂരി ഊണുകഴിച്ചു ഭട്ടതിരിയുടെ അടുക്കലെത്തിയപ്പോഴേയ്ക്കും അവിടെ ദിവ്യനായിട്ട് ഒരാള്‍ വന്നിരിക്കുന്നു എന്നു കേട്ടു വേറെയും പലര്‍ വന്നുകൂടി. അപ്പോള്‍ ഗൃഹസ്ഥന്‍നമ്പൂരി ഭട്ടതിരിയോട് "ഇപ്പോള്‍ ഒക്കെ സാമാധാനമായല്ലോ ഇനി വര്‍ത്തമാനമൊക്കെ പറയുക. ഇല്ലം എവിടെയാണ്? ഇല്ലപ്പേരെന്താണ്? നാലഞ്ചു ദിവസം മുമ്പ് ഒരില്ലത്തു ഒരു കടുംകൈ പ്രയോഗിച്ചതായിപ്പറഞ്ഞുവല്ലോ അതെന്താണ്? ഇതൊക്കെ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്റെ ഇല്ലം കുറച്ചു തെക്കാണ്. ഇല്ലപ്പേരു 'നടുവിലേപ്പാട്ട്' എന്നാണ് സാധാരണയായി പറഞ്ഞുവരുന്നത്. ഞാന്‍പ്രയോഗിച്ച കടുംകൈയിനെക്കുറിച്ചു ചോദിക്കേണ്ട. അതു കേള്‍ക്കാതെയിരിക്കുകയാണു നല്ലത്. കേട്ടാല്‍ നിങ്ങളെല്ലാവരും മൂക്കത്തു കൈവിരല്‍ വെച്ചുപോകും. അതുകൊണ്ട് അതു പറയാന്‍ നിര്‍ബന്ധിക്കരുത്" എന്നു പറഞ്ഞു. അതു കേട്ട് എല്ലാവരും "അവിടുന്ന് അങ്ങനെ പറയുന്നത് സങ്കടമാണ്. അതു കേട്ടാല്‍ക്കൊള്ളാമെന്ന് ഞങ്ങള്‍ക്കൊക്കെ വളരെ ആഗ്രഹമുണ്ട്. അതു കൊണ്ട് അതു നിശ്ചയമായിപ്പറയണമെന്നു ഞങ്ങളെല്ലാവരും നിര്‍ബന്ധപൂര്‍വം അപേക്ഷിച്ചുകൊള്ളുന്നു" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "അത്ര നിര്‍ബന്ധമാണെങ്കില്‍പ്പറയാം. കേട്ടോളൂ. ഞാന്‍ആ ഇല്ലത്തു ചെന്നിട്ട് ആദ്യം ഇവിടെപ്പറഞ്ഞതുപോലെയൊക്കെ വളരെപ്പറഞ്ഞുനോക്കി. ഒടുക്കം അവിടെ പച്ചവെളളംപോലും കിട്ടുകയില്ലെന്നു തീര്‍ച്ചയായപ്പോള്‍ ഞാനെന്റെ രണ്ടാംമുണ്ടും കുടയുമെടുത്തു പടിക്കലിറങ്ങി എന്റെ വഴിക്കങ്ങു പോയി. അതാണു ഒടുക്കം പ്രയോഗിച്ച കടുംകൈ. അതു തന്നെയാണ് ഞാനിവിടെയും പ്രയോഗിക്കാന്‍ ഭാവിച്ചത്. അല്ലാതെ ഞാനെന്തു ചെയ്യും? ഞാനും നിങ്ങളെപ്പോലെ ഒരു മനുഷ്യനാണല്ലോ" എന്നു പറഞ്ഞു ഇതു കേട്ടു നമ്പൂരിയെ നോക്കി എല്ലാവരും ചിരിച്ചു. തനിക്കു പറ്റിയ വിഡ്ഢിത്തം വിചാരിച്ചു ഗൃഹസ്ഥന്‍ നമ്പൂരി സാമാന്യത്തിലധികം ഇളിഭ്യനായി. ഭട്ടതിരി അവിടെ നിന്നിറങ്ങിപ്പോവുകയും ചെയ്തു.