ഐതിഹ്യമാല/പെരുമ്പിലാവില്‍ കേളുമേനോന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പെരുമ്പിലാവില്‍ എന്ന വീട് ബ്രിട്ടീഷു മലബാറില്‍ പൊന്നാനിത്താലൂക്കില്‍ച്ചേര്‍ന്ന പള്ളിക്കര അംശത്തില്‍ വടക്കും‌മുറി ദേശത്ത്, ലോകപ്രസിദ്ധമായ മൂക്കോല ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഏകദേശം കാല്‍ നാഴിക വടക്കു പടിഞ്ഞാ‍റാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.ഈ ഗൃഹം പൊന്നാനിയില്‍ തൃക്കാവില്‍ ക്ഷേത്രത്തിനു സമീപമായിരുന്നു.അവിടെനിന്ന് ഇത് ഇവിടെയാക്കിയത് നമ്മുടെ കഥാ നായകന്റെ മാതാമഹനായിരുന്ന അച്ചാഴിയത്തു കോന്തിമേനോന്‍ എന്ന മഹാനാണ്. ഈ തറവാട്ടുകാര്‍ മുമ്പിനാലെ നടത്തി വരുന്ന ദാനധര്‍മ്മങ്ങള്‍ക്കും ഈശ്വരസേവാദികള്‍ക്കും ഇപ്പോഴും യാതൊരു ലോപവും വരുത്തീട്ടില്ലാത്തതിനാലും അവരുടെ പേരില്‍ മൂക്കോല ഭഗവതിയുടെ കാരുണ്യം ധാരാളമായിട്ടുള്ളതുകൊണ്ടും അവിടെ ഇക്കാലത്തും സന്തതിയും സമ്പത്തും സുഖവും കീര്‍ത്തിയും വര്‍ദ്ധിച്ചുകൊണ്ടു തന്നെയിരിക്കുന്നു.

നമ്മുടെ കഥാ നായകനായ കേളുമേനോന്‍ ജനിച്ചതു 991- ആ മാണ്ടായിരുന്നു.അദ്ദേഹത്തിന് ഒരു ജ്യേഷ്ഠ സഹോദരനും നാലു സഹോദരിമാരുമുണ്ടായിരുന്നു.അവരെയെല്ലാം യഥാകാലം കാരണവന്മാര്‍ വിദ്യാഭ്യാസത്തിനു നിയമിക്കുകയും അവരെല്ലാം അക്കാലത്തെ രീതിയനുസരിച്ചു പഠിച്ച് എഴുതാനും വായിക്കാനും ശീലമാക്കുകയും ചെയ്തു. കുശാഗ്രബുദ്ധിയായിരുന്ന കേളുമേനോന് എഴുത്തും വായനയും ശീലമാക്കാന്‍ അധികദിവസത്തെ പരിശ്രമം വേണ്ടിവന്നില്ല. അദ്ദേഹത്തിനു ബുദ്ധിക്കു ചേര്‍ന്നതായ ഉത്സാഹ ശീലവുമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം കാരണവന്മാരുടേയും മറ്റും ശാ‍സനയില്‍ അമര്‍ന്നു നില്‍ക്കാത്ത ഒരു സ്വതന്ത്ര ബുദ്ധിയായിരുന്നു. സ്വഗൃഹത്തില്‍ താമസിച്ചാല്‍ കാരണവന്മാരുടെ ആജ്ഞ അനുസരിക്കാതെ യഥേഷ്ടം നടക്കാന്‍ സാധിക്കുകയില്ലല്ലോ. അതുകൊണ്ട് അദ്ദേഹം പതിനാറാമത്തെ വയസ്സില്‍ സ്വന്തം നാടും വീടും വിട്ടുപോയി.

ഏതാനും ദിവസം ചില സ്ഥലങ്ങളില്‍ അലഞ്ഞു നടന്നതിന്റെ ശേഷം കേളു മേനോന്‍ എടക്കുളം എന്ന ദിക്കില്‍ ചെന്നു ചേര്‍ന്നു.അവിടെ വച്ച് ഒരു മാന്യ നായര്‍ കുടുംബത്തിലെ കാരണവര്‍ ദൈവഗത്യാ ഇദ്ദേഹത്തെ സബഹുമാനം വിളിച്ചു സ്വഗൃഹത്തില്‍ കൊണ്ടുപോയി യഥായോഗ്യം സല്‍ക്കരിച്ചു താമസിപ്പിച്ചു. ആ കാരണവര്‍ ഈ കുട്ടിക്കു യാതൊരു ബുദ്ധിമുട്ടിനും ഇടയാക്കാതെ പുത്രനിര്‍വിശേഷമായ വാത്സല്യത്തോടു കൂടിയാണ് അവിടെ താമസിപ്പിച്ചത്. അതിനാല്‍ അവിടെ താമസിക്കുന്നതിന് അദ്ദേഹത്തിന് ഒട്ടും വൈരസ്യം തൊന്നിയില്ല.

അവിടെ അടുത്തുതന്നെ ചങ്ങമ്പള്ളിക്കുരുക്കള്‍ എന്നു പ്രസിദ്ധനായ ഒരു മുഹമ്മദീയാഭ്യാസി ഒരു കളരികെട്ടി ഏതാനും കുട്ടികളെച്ചേര്‍ത്തു കായികാഭ്യാസം പരിശീലിപ്പിച്ചിരുന്നു.അതറിഞ്ഞു കേളുമേനോന്‍ ഒരു ദിവസം അവിടെച്ചെന്ന് അവിടുത്തെ അഭ്യാസമുറകളെല്ലാം കാണുകയും ആ കളരിയില്‍ച്ചേര്‍ന്നു പഠിച്ചാല്‍ക്കൊള്ളാമെന്ന് അദ്ദേഹത്തിനും ആഗ്രഹം ജനിക്കുകയും ആ വിവരം അദ്ദേഹം താമസിച്ചിരുന്ന വീട്ടിലെ കാരണവരെ ഗ്രഹിപ്പിക്കുകയും അദ്ദേഹവും അവിടെച്ചേര്‍ന്നു പഠിച്ചുതുടങ്ങുകയും ചെയ്തു.സമര്‍ത്ഥനായ ഈ കുട്ടിയെ വീട്ടില്‍ കാണാതെയായപ്പോള്‍ അവിടെയെല്ലാവര്‍ക്കും വലിയ പരിഭ്രമവും സങ്കടവുമുണ്ടായി.അവര്‍ നാലു വഴിക്കും ആളുകളെ അയച്ചു നടത്തിയ അന്വേഷണം‌മൂലം കുട്ടി ഇന്ന ദിക്കില്‍,ഇന്ന സ്ഥിതിയില്‍ താമസിക്കുന്നു എന്നറിയുകയാല്‍ അവിടെയെല്ലാവര്‍ക്കും സമാധാനവും സന്തോഷവുമായി. “എന്നാല്‍ പഠിക്കട്ടെ” എന്നു പറഞ്ഞ് കുട്ടിക്ക് താമസിക്കാനും പഠിക്കാനും വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുത്തതല്ലാതെ കാരണവന്മാര്‍ ഇദ്ദേഹത്തെ തിരിച്ചു കൊണ്ടുപോരാന്‍ ഉത്സാഹിച്ചില്ല.കുട്ടിയുടെ ബുദ്ധിഗുണവും സാമര്‍ത്ഥ്യവും കണ്ടിട്ട് പഠിപ്പിക്കുന്നതിന് കുരുക്കള്‍ക്കും കുരുക്കള്‍ക്ക് അനന്യസാധാരണമായ ശിക്ഷാ സാമര്‍ത്ഥ്യമുണ്ടെന്നറികയാല്‍ പഠിക്കുന്നതിന് കുട്ടിക്കും അസാമാന്യമായ ഉത്സാഹവുമുണ്ടായിത്തീരുകയാല്‍ കേളുമേനോന്റെ ഈ കായികാഭ്യാസം പന്ത്രണ്ടുകൊല്ലം മുടക്കം കൂടാതെ നടന്നു. അപ്പോഴെക്കും അദ്ദേഹം ഒരൊന്നാന്തരം അഭ്യാസിയായിത്തീരുകയും ചെയ്തു.അനന്തരം കേളുമേനോന്‍ കുരുക്കളോടും താന്‍ താമസിച്ചിരുന്ന വീട്ടിലെ കാരണവര്‍ മുതലായവരോടും യാത്ര പറഞ്ഞുകൊണ്ടു സ്വന്തം വീട്ടിലേക്കു മടങ്ങിച്ചെന്നു. ഇദ്ദേഹത്തെ വളരെക്കാലംകൂടിക്കണ്ടതുകൊണ്ട് അവിടെയെല്ലാവര്‍ക്കും വളരെ സന്തോഷമുണ്ടായി.തന്റെ അനന്തരവനെ വിദ്യാഭ്യാസം ചെയ്യിച്ച കുരുക്കളെ വരുത്തി യഥായോഗ്യം ഗുരുദക്ഷിണ ചെയ്യിക്കണമെന്നു നിശ്ചയിച്ചു കാരണവര്‍ അടുത്ത ദിവസം തന്നെ ക്ഷണക്കത്തോടുകൂടി ഒരു ഭൃത്യനെ കുരുക്കളുടെ അടുക്കലേക്കയക്കുകയും ഇന്ന ദിവസം വന്നുകൊള്ളാമെന്നു സമ്മതിച്ച് ഗുരുക്കളുടെ മറുപടി ലഭിക്കുകയും ചെയ്തു.അതിനാല്‍ കാരണവര്‍ ഗുരുദക്ഷിണയ്ക്കു വേണ്ടതെല്ലാം ഉടനെ വട്ടം കൂട്ടി.കുരുക്കള്‍ ഗുരുക്കളാണെന്നു മാത്രമല്ല മുഹമ്മദീയരുടെ മതാദ്ധ്യക്ഷനായ ഒരു തങ്ങളും കൂടിയായിരുന്നതിനാല്‍ സത്കാരമൊട്ടും മോശമായിപ്പോകരുതെന്നു വിചാരിച്ചു കാരണവര്‍ വളരെ കേമമായി തന്നെയാണ് വട്ടം കൂട്ടിയത്.

കുരുക്കള്‍ വരാമെന്നു സമ്മതിച്ചിരുന്ന ആ ദിവസം അദ്ദേഹം വരുമ്പോഴേക്കും മൂക്കോല ക്ഷേത്രത്തില്‍ ചെന്നു ദേവീദര്‍ശനവും കഴിച്ചുവരാമെന്നു നിശ്ചയിച്ചു കേളുമേനോന്‍ അതിരാവിലെ എഴുന്നേറ്റു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.അദ്ദേഹം വരുന്നതിനു മുമ്പു കുരുക്കള്‍ പെരുമ്പിലാവിലെത്തി. കാരണവര്‍ അവിടെത്തന്നെ ഉണ്ടായിരുന്നു.അദ്ദേഹം കുരുക്കളെ യഥായോഗ്യം സല്‍ക്കരിച്ചിരുത്തി കുശലപ്രശ്നം ചെയ്തു.കാരണവരുടെ വര്‍ത്തമാനം കൊണ്ടു കേളുമേനോന്‍ തല്‍ക്കാലമവിടെയില്ലെന്നും പുറത്തുപോയിരിക്കയാണെന്നും ഉടനെ മടങ്ങിവരുമെന്നും അറിയുകയാല്‍ കുരുക്കള്‍ പടിപ്പുര അടപ്പിച്ചു സാക്ഷയിടുവിച്ചു.മുറ്റത്ത് ഒരു വാഴ കുഴിച്ചു വെപ്പിക്കുകയും ചെയ്തു. കേളുമേനോന്‍ കുളിയും ദേവീദര്‍ശനവും കഴിച്ചു മടങ്ങി വന്നപ്പോള്‍ പടിപ്പുര അടച്ചു സാക്ഷയിട്ടിരിക്കുന്നതായി കണ്ടു. പകല്‍ സമയത്തു പതിവില്ലാത്ത വിധം പടിപ്പുര അടച്ചിട്ടിരിക്കുന്നതു കണ്ടപ്പോള്‍ തന്നെ അദ്ദേഹം അതിന്റെ കാരണം ഏകദേശം ഊഹിച്ചറിഞ്ഞുകൊണ്ടു സ്വല്പം പിന്നോട്ടു നടന്നു പടിപ്പുരയുടെ മുകളിലൂടെ പുറകു മറിഞ്ഞു മുറ്റത്തു ചെന്ന് അവിടെ സ്വൈരസല്ലാപം ചെയ്തുകൊണ്ടിരിക്കുന്ന ഗുരുവിനെയും കാരണവരേയും വന്ദിച്ചു. അതു കണ്ടു സന്തോഷിച്ചു കുരുക്കള്‍ ശിഷ്യനോട് “ആ മുറ്റത്തു നില്‍ക്കുന്ന വാഴ വെട്ടിക്കളയൂ” എന്നു പറഞ്ഞു. അതു കേട്ടു കേളുമേനോന്‍ തന്റെ കയിലിരുന്ന വാള്‍ കൊണ്ട് ഏറ്റവും ബലം പിടിച്ച് ഒരു വെട്ടുകൊടുത്തു.വെട്ടുകൊണ്ടു വാഴയും അതിനകത്ത് ആരുമറിയാതെ കുരുക്കള്‍ ചെലുത്തിയിരുന്ന ഇരുമ്പ് കമ്പിയും മുറിഞ്ഞതു കൂടാതെ അതിനടുത്തുതന്നെ കിടന്നിരുന്ന കരിങ്കല്‍ത്തൊട്ടി തകര്‍ന്നു പോവുകയും ചെയ്തു. അതു കണ്ടു കുരുക്കള്‍ “ഇത്രയധികം ബലം പ്രയോഗിച്ചതെന്തിനാണ്?” എന്നു ചോദിച്ചു.അതിനുത്തരമായി കേളുമേനോന്‍, “വാഴയ്ക്കകത്ത് ഇരുമ്പുകമ്പിയെന്നല്ല, ചെമ്പുകമ്പിയായിരിക്കുമെന്നാണ് വിചാരിച്ചത്” എന്നു പറഞ്ഞു.അതുകേട്ട് കുരുക്കള്‍ “എപ്പോഴും എല്ലാക്കാലങ്ങളിലും ഇങ്ങനെതന്നെ കരുതിക്കൊള്ളണം” എന്നുപദേശിച്ചു.ഇതെല്ലാം കണ്ടും കേട്ടും കാരണവര്‍ ഏറ്റവും സന്തോഷിക്കുകയും ഗുരുക്കള്‍ക്കു യഥായോഗ്യം ഭക്ഷണവും ദക്ഷിണയും കൊടുപ്പിച്ചു സബഹുമാനം അദ്ദേഹത്തെ പറഞ്ഞയക്കുകയും ചെയ്തു.

അനന്തരം കേളുമേനോന്‍ ഒരു വില്ലേജുമേനവന്‍ എന്ന ഉദ്യോഗം സ്വീകരിച്ചുകൊണ്ട് സ്ഥിരവാസം സ്വദേശത്തു തന്നെയാക്കി.അപ്പോഴേക്കും അദ്ദേഹത്തിനു ചെറുപ്പത്തിലുണ്ടായിരുന്ന ദുസ്വഭാവങ്ങളെല്ലാം മാറി അദ്ദേഹം നല്ല മര്യാദക്കാരനായിത്തീര്‍ന്നു. എങ്കിലും ആത്മാഭിമാനം വിട്ട് ആരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നില്ല.അദ്ദേഹത്തിന് ആഡംഭര ഭ്രമം ലേശം പോലുമുണ്ടായിരുന്നില്ല.അദ്ദേഹം വീട്ടിലിരിക്കുമ്പോളെന്നല്ല,പുറത്തിറങ്ങി നടക്കുമ്പോഴും സാധാരണമനുഷ്യരെപ്പോലെയല്ലാതെ വലിയ വേഷം കെട്ടി നടക്കാറില്ല.സാധു ജനങ്ങളെയെല്ലാമദ്ദേഹം നിവൃത്തിയുള്ളിടത്തോളം സഹായിച്ചിരുന്നു. എന്നാല്‍ തന്നോട് എതിര്‍ക്കുന്നവരെ അദ്ദേഹം നല്ല പാഠം പഠിപ്പിക്കാതെ വിടാറുമില്ല.

ഒരു ദിവസം കേളുമേനോന്‍ ഒരത്യാവശ്യകാര്യത്തിനായി ഒരു സ്ഥലത്തേക്കു പാടത്തിറങ്ങി വരമ്പത്തൂടെ പോയപ്പോള്‍ അദ്ദേഹത്തിന്റെ നേരേ ഒരു മുഹമ്മദീയന്‍ വന്നു. മേനവനു വേഷാഡംഭരമൊന്നുമുണ്ടായിരുന്നില്ല. പ്രസ്തുത മുഹമ്മദീയന്‍ ഇടുത്തുകെട്ടിച്ചമഞ്ഞ് അഴകിയ രാവണന്റെ വേഷത്തിലാണ് പുറപ്പെട്ടിരുന്നത്.അവന്‍ വലിയ ധനവാനും അന്തസുകാരനുമായിരുന്നു.തന്റെ നേര്‍ക്കു വരുന്നവരെല്ലാം തനിക്കു വഴിയൊഴിഞ്ഞു തരണമെന്നും താന്‍ മറ്റൊരാള്‍ക്കു വഴിയൊഴിഞ്ഞു കൊടുക്കുന്നതു തനിക്കു വലിയ കുറച്ചിലാണെന്നുമായിരുന്നു അവന്റെ വിചാരം. അതിനാലവന്‍ ഒട്ടും കൂസല്‍കൂടാതെ മേനവന്റെ നേരേ തന്നെ വന്നു. മുഹമ്മദീയന്‍ വന്നടുത്തു തൊട്ടു തൊട്ടില്ല എന്ന സ്ഥിതിയായപ്പോള്‍ മേനോന്‍ തന്റെ ഒരു കൈവിരല്‍ കൊണ്ട് അവന്റെ ദേഹത്തില്‍ എവിടെയോ ഒന്നു തൊട്ടു.തത്ക്ഷണം ആ മുഹമ്മദീയ പ്രഭു വെട്ടിയിട്ട മരം പോലെ പാടത്തേക്കു മറിഞ്ഞു ചെളിയില്‍ ആറാടി ‘ചേര്‍ത്തലക്കാര‘നായിട്ട് അവിടെ കിടപ്പായി.ഉടനേ മേനോന്‍ അദ്ദേഹത്തിന്റെ കാര്യത്തിനു പോവുകയും ചെയ്തു.മുഹമ്മദീയന്‍ അവിടെ നിന്ന് എഴുനേല്‍ക്കാനായി വളരെ ശ്രമിച്ചുനോക്കി.ഒരു ഫലവുമുണ്ടായില്ല.അപ്പോള്‍ ആ വഴിയേ വന്ന ചിലര്‍ അവനെക്കണ്ടിട്ടു “മുതലാളിയെന്താണ് ഈ ചെളിയിലിങ്ങനെ കിടക്കുന്നത്?” എന്നു ചോദിച്ചു.അതിനുത്തരമായിട്ടു മുഹമ്മദീയന്‍ “ഇപ്പോള്‍ ഇതിലേ പോയ ആ മനുഷ്യന്‍ എന്നെ അകപ്പെടുത്തിയതാണ്.എനിക്ക് എഴുനേല്‍ക്കാന്‍ വയ്യാ”എന്നു പറഞ്ഞു. അപ്പോള്‍ ആ വഴിപോക്കര്‍ “എന്നാല്‍ പറ്റി.ഇനി അദ്ദേഹം തന്നെ വന്നെങ്കിലേ എഴുനേല്‍ക്കാന്‍ സാധിക്കൂ.ആ പോയയാള്‍ ആരെന്നു മുതലാളിക്കു മനസിലായില്ലായിരിക്കും.അദ്ദേഹം സാക്ഷാല്‍ പെരുമ്പിലാവില്‍ കേളുമേനോന്‍ എന്ന മഹാനാണ്.ആള്‍ ഒട്ടും ചില്ലറക്കാരനല്ല” എന്നു പറഞ്ഞ് അവര്‍ പോയി.അധികം താമസിയാതെ മേനോന്‍ ആ വഴിയേ തന്നെ തിരിച്ചുവന്നു.അദ്ദേഹത്തെ കണ്ടപ്പോള്‍ മാപ്പിള ചെളിയില്‍ തന്നെ കിടന്നു കൊണ്ട് “ പൊന്നെജമാനനേ, ആളറിയാതെ വന്നുപോയ തെറ്റു സദയം ക്ഷമിച്ചു രക്ഷിക്കണേ” എന്നു പറഞ്ഞു.ഉടനേ മേനോന്‍ അടുത്തുചെന്ന് അവന്റെ ശരീരത്തില്‍ എവിടെയോ ഒന്ന് തൊട്ടു.മാപ്പിള തത്ക്ഷണം എഴുനേറ്റ് മേനോനെ വന്ദിച്ചു.മേനോന്‍ “മേലാല്‍ എല്ലാവരോടും ആളെ അറിഞ്ഞു പെരുമാറിക്കൊള്ളണം “ എന്നു പറഞ്ഞിട്ട് അവിടെ നിന്നു പോയി. മേനോന്‍ തൊട്ടപ്പോള്‍ത്തന്നെ സ്വസ്ഥശരീരനായിത്തീര്‍ന്നതിനാല്‍ മുഹമ്മദീയനും നിഷ്പ്രയാസം നടന്ന് അവന്റെ വഴിക്കുപോയി.

സാധുജന സംരക്ഷണാര്‍ത്ഥം കേളുമേനോന്‍ ഒന്നു രണ്ടുതവണ കൂട്ടുകാരോടൊപ്പം കൂടി ചില ധനവാന്മാരുടെ വീടുകളില്‍ കവര്‍ച്ചയ്ക്കു പോവുകയുണ്ടായി. കുന്നംകുളത്ത് ഒരു കൃസ്ത്യാനിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയപ്പോള്‍ എല്ലാവരും പുറത്തിറങ്ങുന്നതിനു മുന്‍പ് അവിടെ ആളുകള്‍ വന്നുകൂടി.അപ്പോള്‍ ഓരോരുത്തര്‍ ഓരോരോ വഴിയേ പുറത്തുചാടി.കേളുമേനോന്‍ നടുമുറ്റത്ത് അകപ്പെട്ടു.പുറത്തുകടക്കാന്‍ വഴിയൊന്നും കാണായ്കയാല്‍ അദ്ദേഹം പുരയുടെ മുകളിലൂടെ പുറകുമറിഞ്ഞു പുറത്തുവന്നു.പിന്നെ എല്ലാവരും കൂടി അവിടെ നിന്നോടി ആര്‍ത്താറ്റു പള്ളിയിലെത്തി.അവിടെവച്ച് ആളുകളെയെല്ലാം തിട്ടപ്പെടുത്തി നോക്കിയപ്പോള്‍ ഒരാള്‍ കുറവുണ്ടായിരുന്നു.അതു കേളുമേനോന്റെ ഒരു ശിഷ്യനുമായിരുന്നു.അതിനാലദ്ദേഹം കവര്‍ച്ച നടന്ന സ്ഥലത്തേക്കു പിന്നേയും പോയി.അവിടെ നിന്ന് ആളുകളെല്ലാം ഒഴിഞ്ഞുപോകുന്നതുവരെ ഒരു സ്ഥലത്ത് ഒളിച്ചിരുന്നു.അവിടെനിന്ന് എല്ലാവരും ഒഴിഞ്ഞുപോയി വീട്ടിലാരുമില്ലെന്നായപ്പോള്‍ കേളുമേനോന്‍ അവിടെച്ചെന്നു പുരയുടെ മുകളിലൂടെ പുറകുമറിഞ്ഞു നടുമുറ്റത്തു ചെന്നപ്പോള്‍ തന്റെ ശിഷ്യനെ അവിടെ ഒരു കല്‍‌ത്തൂണിന്മേല്‍ ബന്ധിച്ചിട്ടിരിക്കുന്നതായി കണ്ടു.അയാളെ ബന്ധനമുക്തനാക്കുന്നതിനായി കേളുമേനോന്‍ അടുത്തപ്പോള്‍ അവിടെ ഒളിച്ചിരുന്ന ഒരാള്‍ പെട്ടെന്ന് ചാടിച്ചെന്നു മേനോനെ പിടികൂടി. ഉടനെ മേനോന്‍ തന്റെ അരവാളെടുത്ത് ആ മനുഷ്യന്റെ കണ്ഠനാളത്തെ ലക്ഷ്യമാക്കി ഒരു വെട്ടുകൊടുത്തു. ആ വെട്ടുകൊണ്ടു പ്രതിയോഗിയുടെ തല താഴെവീണതു കൂടാതെ ആ കരിങ്കല്‍ തൂണിനും സ്വല്പം കേടുപറ്റി.ഉടനെ കേളുമേനോന്‍ ശിഷ്യനെ ബന്ധനമുക്തനാക്കി തന്റെ ചുമലില്‍ കയറ്റിക്കൊണ്ട് യഥാപൂര്‍വം പുരയുടെ മുകളിലൂടെ പുറകുമറിഞ്ഞു പുറത്തു കടന്നു കൂട്ടത്തിലെത്തി.അങ്ങനെ എല്ലാവരും രക്ഷപ്രാപിച്ചു.കേളുമേനോന്റെ വെട്ടുകൊണ്ട പാട് ഇപ്പോഴും ആ തൂണിന്മേല്‍ കാണാനുണ്ടത്രേ.

കേളുമേനോന്റെ കാരണവരായിരുന്ന കോന്തിമേനോനെ എന്തോ കുറ്റസംഗതിക്കു പിടിച്ചു ഹാജരാക്കുന്നതിനു താസില്‍ദാര്‍ ഒരിക്കല്‍ വാറണ്ടു കൊടുത്തിരുന്നു. കേളുമേനോനെക്കുറിച്ചുള്ള ഭയം നിമിത്തം അവിടെച്ചെന്നു കോന്തിമേനോനെ പിടിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.അങ്ങനെയിരുന്നപ്പോള്‍ പൊന്നാനിയില്‍ ഒരു പുതിയ താസില്‍ദാര്‍ വന്നു ചേര്‍ന്നു.അദ്ദേഹം അതിശൂരനായ ഒരു പട്ടരായിരുന്നു. കോന്തിമേനോനെ പിടിച്ചു ഹാജരാക്കുന്നതിനു ശേവുകക്കാരാരും ശക്തരല്ലെന്നറിയുകയാല്‍ താന്‍ തന്നെ ചെന്നു പിടിച്ചുകളയാമെന്ന് നിശ്ചയിച്ച് ഒരു ദിവസം താസില്‍ദാര്‍ മഞ്ചലില്‍ കയറി പെരുമ്പിലാവിലേക്കു പുറപ്പെട്ടു.പടിക്കല്‍ ചെന്നപ്പോള്‍ കേളുമേനോന്‍ കുളിക്കാന്‍ പോയിരിക്കുകയാണെന്നും കാരണവര്‍ മാളികയിലുണ്ടെന്നുമറിഞ്ഞു താസില്‍ദാര്‍ മാളികയില്‍ ചെന്നു കേറി കോന്തിമേനോനെ പിടികൂടി.ഉടനെ ഈ സംഗതി ഒരു ഭൃത്യന്‍ മുഖാന്തിരം അറിയുകയാല്‍ കുളിക്കാനിറങ്ങിയ കേളുമേനോന്‍ ആ വിധത്തില്‍ തന്നെ വീട്ടിലേക്കു ചെന്നു.അദ്ദേഹത്തിന്റെ വരവുകണ്ടു പേടിച്ചു താസില്‍ദാര്‍ താഴത്തിറങ്ങി പ്രാണഭീതിയോടുകൂടി ഓടിപ്പോയി.അതില്‍‌പിന്നെ കോന്തിമേനോനെപ്പിടിക്കാന്‍ അവിടെ ആരും പോവുകയുണ്ടായില്ല. കേളുമേനോന്‍ പ്രകൃത്യ ഒരു മുന്‍‌കോപിയായിരുന്നു.അദ്ദേഹത്തെ ആരെങ്കിലും ശാസിക്കുകയോ ശകാരിക്കുകയോ ചെയ്താല്‍ അദ്ദേഹത്തിനു പെട്ടെന്നു ദേഷ്യം വരും.ഉടന്‍ അദ്ദേഹം പ്രതിക്രിയ നടത്തുകയും ചെയ്യും.അതു ചെയ്യാതെയിരുന്നാല്‍ അദ്ദേഹത്തിന്റെ കോപം ഒരിക്കലും ശമിക്കയില്ല.

താസില്‍ദാര്‍ ഓടിപ്പോയതിന്റെ ശേഷം കേളുമേനോന്‍ കുളികഴിച്ച് ഉണ്ണാനായിട്ടു ചെന്നിരുന്നു. ഉടനെ അദ്ദേഹത്തിന്റെ അമ്മ ചോറു വിളമ്പിക്കൊടുത്തതിന്റെ ശേഷം “കുട്ടാ നീയെന്താണ് ഇങ്ങനെ വികൃതിത്തരങ്ങള്‍ കാട്ടുന്നത്? എല്ലാവരേയും ഒന്നുപോലെ വിചാരിച്ചല്‍ മതിയോ? സര്‍ക്കാരുദ്യോഗസ്ഥരേയും മറ്റും അപമാനിക്കുന്നതു മര്യാദയാണോ?” എന്നും മറ്റും കുറച്ചു ശാസിച്കു സംസാരിച്ചു.അതുകേട്ടപ്പോള്‍ കേളുമേനോന്റെ മനസില്‍ വല്ലാതെ കോപം ജനിച്ചു. ഉടനെ ഉണ്ണാതെ എഴുനേറ്റു കൈ കഴുകി. അമ്മയോട് ഒന്നും പറയാനും പ്രവര്‍ത്തിപ്പാനും നിവൃത്തിയില്ലാത്തതുകൊണ്ട് അദ്ദേഹം തന്റെ അരവാളെടുത്തുകൊണ്ടു മുറ്റത്തിറങ്ങി.അവിടെ അതി കൂറ്റനായ ഒരു മാവു നില്‍ക്കുന്നുണ്ടായിരുന്നു. കോപശമനത്തിനായി അരവാള്‍ കൊണ്ട് ആ മാവിന്മേല്‍ ഒരു വെട്ടുകൊടുത്തിട്ട് അവിടെനിന്ന് ഇറങ്ങിപ്പോയി.പിന്നെ അദ്ദേഹം രണ്ടുമൂന്നു ദിവസത്തേക്കു വീട്ടില്‍ ചെന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മാവിന്റെ ഇലയെല്ലാം വാടിക്കൊഴിഞ്ഞു തുടങ്ങി.അതു കണ്ട് പുരയുടെ മുകളിലേക്ക് മാവു വീണേക്കുമോ എന്നു ഭയപ്പെട്ട് അമ്മ കരയാനും തുടങ്ങി. നാലം ദിവസം മകന്‍ അമ്മയുടെ അടുക്കലെത്തി, ആപത്തൊന്നുമുണ്ടാവുകയില്ലെന്ന് പറഞ്ഞു സമാധാനപ്പെടുത്തി.പിന്നെ കേളുമേനോന്‍ മുറ്റത്തിറങ്ങി ഒരു കൈവിരല്‍ കൊണ്ട് ആ മാവിന്മേല്‍ ഒരു കുത്തുകൊടുത്തു. വട്ടം മുറിഞ്ഞു നിന്നിരുന്ന ആ മാവു കുത്തേറ്റു മറുവശത്തേക്കു മറിഞ്ഞു വീണു.മാവിന്റെ വീഴ്ചനിമിത്തം പുരയ്ക്കെന്നല്ല യാതൊന്നിനും യാതൊരു ദോഷവും സംഭവിച്ചില്ല. അതിനാല്‍ അമ്മയ്ക്കും മറ്റും വളരെ സന്തോഷമായി.

ഒരു ദിവസം കേളുമേനോന്‍ അത്താഴം കഴിച്ചു വീട്ടില്‍ നിന്നു ഭാര്യാഗൃഹത്തിലേക്ക് പോകുവാന്‍ രാതി വളരെ അധികമായതിന്റെ ശേഷമേ സാധിച്ചുള്ളൂ. അദ്ദേഹം കുറച്ചു ദൂരം പോയപ്പോള്‍ അദ്ദേഹത്തിന്റെ നേരേക്ക് ആരോ എറിയുന്ന കല്ലുകള്‍ വരുന്നതായി കണ്ടുതുടങ്ങി. അദ്ദേഹം ആ കല്ലുകള്‍ പിടിച്ചെടുത്ത് ആ ഏറുതുടങ്ങുന്ന സ്ഥലത്തേക്കും തന്നെ എറിഞ്ഞുകൊണ്ട് അങ്ങോട്ടു ചെന്നു.അവിടെ ഒരു സ്ഥലത്ത് ഏതാനും കവര്‍ച്ചക്കാര്‍ കൂടിയിരുന്നു.അവര്‍ അന്നു മോഷ്ടിച്ച മുതലുകള്‍ ഭാഗിക്കുകയായിരുന്നു.അങ്ങോട്ടാരും അടുത്തു ചെല്ലാതെയിരിക്കാനായിട്ട് ഒരാള്‍ കണ(കവണ)യില്‍ കല്ലുവച്ചു നാലുപുറത്തേക്കും എറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കേളുമേനോന്‍ ആ ഏറു വകവയ്ക്കാതെയാണല്ലോ അങ്ങോട്ടു ചെന്നത്.അദ്ദേഹത്തെ കണ്ടപ്പോള്‍ തസ്കരന്മാരെല്ലാം എഴുനേറ്റ് ആചാരോപചാരങ്ങള്‍ ചെയ്ത് ഒരു പൊന്നിന്‍ വെള്ളരിക്ക കാഴ്ചവെച്ചു വന്ദിച്ചുകൊണ്ടു “യജമാനന്‍ സദയം ഞങ്ങളെ രക്ഷിക്കണം” എന്നപേക്ഷിച്ചു.അതിനു മറുപടിയായി കേളുമേനോന്‍ “ഓഹോ! ഞാനൊന്നും ഉപദ്രവിക്കുന്നില്ല. മേലാല്‍ സൂക്ഷിച്ചുകൊള്ളണം അല്ലെങ്കില്‍ അകപ്പെട്ടുപോയി എന്നും വന്നേക്കും” എന്നു പറഞ്ഞിട്ട് ആ വെള്ളരിക്കയുമെടുത്തുകൊണ്ടു ഭാര്യാഗൃഹത്തിലേക്കു പോയി. അദ്ദേഹം ആ പൊന്നിന്‍ വെള്ളരിക്ക അവിടെക്കൊണ്ടുചെന്നു തന്റെ മകള്‍ക്കു കളിക്കാനായി കൊടുത്തു. അന്നു ബാല്യമായിരുന്ന ആ മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

കേളുമേനോന്റെ ദേശത്തു കൂനിയായി ഒരു സ്ത്രീയുണ്ടായിരുന്നു.ആ സ്ത്രീയുടെ കൂനിക്കൂനിയുള്ള നടപ്പുകണ്ടിട്ടു ദയ തോന്നുകയാല്‍ കേളുമേനോന്‍ ഒരു ദിവസം ആ സ്ത്രീയെപ്പിടിച്ചു പാദങ്ങളില്‍ ചവുട്ടിപ്പിടിച്ചുകൊണ്ട് തലയ്ക്കുപിടിച്ചു നിവര്‍ത്തീട്ടു പുറകോട്ടൊന്നു ഞെളിച്ചു. അതോടുകൂടി അവരുടെ കൂനു നിവര്‍ന്നു സാമാന്യം പോലെയായി.പിന്നെ ആ സ്ത്രീ ആജീവനാന്തം സാധാരണ സ്ത്രീയെപ്പോലെ നടന്നിരുന്നു.

അക്കാലങ്ങളില്‍ ദേശാധിപത്യവും മറ്റുമുള്ള പ്രഭുക്കന്മാരും ധനവാന്മാരായ വലിയ തറവാട്ടുകാരും മറ്റും ആയുധാഭ്യാസത്തില്‍ അതിവിദഗ്ദ്ധന്മാരെന്നു പ്രസിദ്ധന്മാരായവരെ ക്ഷണിച്ചു വരുത്തി അവരുടെ ആയുധവിദ്യയില്‍ മത്സര പരീക്ഷ നടത്തി ജയിക്കുന്നവര്‍ക്കു സമ്മാനങ്ങള്‍ കൊടുക്കുക സാധാരണമായിരുന്നു.എന്നാലതു കല്യാണം മുതലായ അടിയന്തിരങ്ങളില്‍ വെച്ചാണ് അധികം പതിവ്.പ്രസ്തുത കാലത്തു വടക്കുമ്മുറി ദേശത്തു’വടക്കത്ത്’എന്നു സുപ്രസിദ്ധമായ വീട്ടില്‍ ഒരു താലികെട്ടു കല്യാണമുണ്ടായി.അത് ആഘോഷങ്ങളോടുകൂടി വളരെ കേമമായിട്ടാണ് നടത്തിയത്.അക്കാലത്തുണ്ടായിരുന്ന ആയുധാഭ്യാസികളില്‍ പ്രസിദ്ധന്മാരും പ്രധാനന്മാരുമായിരുന്നത് ദക്ഷിണകേരളത്തില്‍ എടക്കുളം ദേശക്കാരനായ ചങ്ങമ്പിള്ളി കുരുക്കളും ഉത്തരകേരളത്തില്‍ കടത്തനാട്ടുകാരനായ ഒരു കുറുപ്പുമായിരുന്നു.അവര്‍ രണ്ടുപേരും പ്രത്യേകം കളരി സ്ഥാപിച്ചു കുട്ടികളെ ആയുധവിദ്യ അഭ്യസിപ്പിച്ചിരുന്നതിനാല്‍ രണ്ടുപേര്‍ക്കും ശിഷ്യന്മാരും ധാരാളമുണ്ടായിരുന്നു.ആ രണ്ട് അഭ്യാസിപ്രധാനന്മാരെയും വടക്കത്തു വീട്ടില്‍ കല്യാണത്തിനു ക്ഷണിച്ചിരുന്നു. ആ സ്ഥലത്തുവെച്ച് അവരുടെ ഒരഭ്യാസപരീക്ഷ നടത്തി ജയിക്കുന്നവര്‍ക്കു നല്ല സമ്മാനങ്ങള്‍ കൊടുത്തയയ്ക്കണമെന്നു ദേശക്കാരില്‍ ചില മഹാന്മാര്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്തിരുന്നു.കല്യാണദിവസമായപ്പോഴേക്കും ശിഷ്യന്മാരോടുകൂടി കുറുപ്പും കുരുക്കളും സ്ഥലത്തെത്തി. അടിയന്തിരത്തില്‍ സംബന്ധിക്കുന്നതിനും മത്സരപരീക്ഷ മുതലായവ കാണുന്നതിനും മറ്റുമായി അസംഖ്യം ജനങ്ങളും അവിടെ വന്നുകൂടി. കുരുക്കള്‍ക്കു പ്രായാധിക്യം നിമിത്തം കായബലം കുറഞ്ഞുപോയിരുന്നതിനാല്‍ മത്സരപരീക്ഷയില്‍ ചേര്‍ന്നു ജയം നേടിക്കൊള്ളാമെന്നുള്ള ധൈര്യം ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. എങ്കിലും തന്റെ പ്രധാന ശിഷ്യനായ കേളുമേനോന്‍ ഈ ദേശക്കാരനായിരുന്നതുകൊണ്ട് അദ്ദേഹം ഇവിടെ ഉണ്ടായിരിക്കുമെന്നും അദ്ദേഹം മൂലം ജയം നേടിക്കൊള്ളാമെന്നും വിചാരിച്ചാണ് അദ്ദേഹം വന്നുചേര്‍ന്നത്. നേരേമറിച്ചു കുറുപ്പു നല്ല യൌവനയുക്തനും കുരുക്കളുമായി സാമാന്യത്തിലധികം കിടമത്സരമുള്ള ആളുമായിരുന്നതിനാല്‍ കുരുക്കളെത്തോല്‍‌പിച്ചു ജയം നേടിക്കൊള്ളാമെന്നായിരുന്നു അദ്ദേഹത്തിന്റെ കരുതല്‍. തെക്കേ മലയാളത്തുകാരും വടക്കേ മലയാളത്തുകാരും തമ്മില്‍ കിടമത്സരം പണ്ടേതന്നെ ഉള്ളതാണ്.

കുരുക്കള്‍ സ്ഥലത്തെത്തി കേളുമേനോനെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം എന്തോ കാര്യത്തിനായി കൊച്ചി രാജ്യത്ത് ഒരു സ്ഥലത്തു പോയിരിക്കുകയാണെന്നും മടങ്ങി വരുന്നത് ഏതാനും ദിവസത്തെ താമസമുണ്ടാകുമെന്നും അറിയുകയാല്‍ അദ്ദേഹം കേവലം നിരുത്സാഹവാനായിത്തീര്‍ന്നു.ആ ദേശത്തുണ്ടായിരുന്ന പ്രധാനന്മാരെല്ലാം കുരുക്കളുടെ കൂട്ടുകാരായിരുന്നതിനാല്‍ അവര്‍ മത്സരപ്പരീക്ഷ നാലാം കല്യാണദിവസം മതിയെന്നു തീര്‍ച്ചപ്പെടുത്തി. അന്നത്തേക്കു കേളുമേനോന്‍ വന്നുചേരുമായിരിക്കുമെന്നു വിചാരിച്ചാണ് അവരങ്ങനെ നിശ്ചയിച്ചത്.പക്ഷേ അതൊന്നും കടത്തനാട്ടുകാര്‍ ഗ്രഹിച്ചില്ല.പിന്നെ കുരുക്കള്‍ “ഞാന്‍ പരീക്ഷയില്‍ ചേരണമെങ്കില്‍ എനിക്കു ബോധിച്ച വാള്‍ കിട്ടണം” എന്നു മുന്‍കൂട്ടി പറഞ്ഞു. അതും ഒരു കൌശലം തന്നെയായിരുന്നു.അതിന്റെ ഉദ്ദേശമെന്താണെന്നും സാധാരണ ജനങ്ങള്‍ക്കു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല.

പ്രധാന മത്സരപരീക്ഷ കല്യാണത്തിന്റെ നാലാം ദിവസമെന്നു തീര്‍ച്ചപ്പെടുത്തിയതിനാല്‍ അതിനു മുമ്പു മൂന്നു ദിവസങ്ങളിലും രണ്ടു ഗുരുനാഥന്മാരുടെയും ശിഷ്യന്മാര്‍ തമ്മില്‍ മുച്ചാന്‍, പന്തീരാന്‍,ഒറ്റക്കോല്‍ മുതലായ ചില പയറ്റുകളും ചില അലങ്കാരക്കൈകളും കാണിക്കുക മാത്രമേ ഉണ്ടായുള്ളു. നാലാം ദിവസമായപ്പോള്‍ പ്രധാനന്മാരായ കുറുപ്പും കുരുക്കളും തമ്മില്‍ത്തന്നെ നേരിടേണ്ടതായി വന്നു. കുരുക്കള്‍ അദ്യം തന്നെ ഒരിരുമ്പുവടി കാണിച്ചുകൊണ്ട് അതു വെട്ടിമുറിക്കുവാന്‍ ആവശ്യപ്പെട്ടു.കുറുപ്പ് അല്പം പ്രയാസത്തോടുകൂടിയെങ്കിലും അത് ഒരു വെട്ടിനു തന്നെ മുറിച്ചിട്ടു ജയം നേടി. പിന്നെ അവര്‍ രണ്ടുപേരും തമ്മില്‍ വിനോദരീതിയില്‍ ചില അടവുകള്‍ പൊരുതിക്കൊണ്ടിരുന്നു. കുരുക്കള്‍ കുറുപ്പിന്റെ പ്രയോഗങ്ങളെ തടുത്തുകൊണ്ടു നിന്നതല്ലാതെ കുറുപ്പിനു നേരേ ഒന്നും പ്രയോഗിച്ചില്ല.എങ്കിലും സ്വല്പം കഴിഞ്ഞപ്പോള്‍ കുരുക്കള്‍ വല്ലാതെ ക്ഷീണിച്ചു.അദ്ദേഹം വാര്‍ദ്ധക്യം നിമിത്തം കായബലം മിക്കവാറും ക്ഷയിച്ച ആളായിരുന്നുവല്ലോ. കുരുക്കള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു എന്നറിഞ്ഞിട്ട് അദ്ദേഹത്തിന്റെ പാര്‍ശ്വവര്‍ത്തികളായ ചില പ്രധാനന്മാര്‍ “പ്രധാന മത്സരപ്പരീക്ഷ രാത്രിയില്‍ നടത്താമെന്നാണ് തീര്‍ച്ചയാക്കിയിരിക്കുന്നത്.അതിനാല്‍ വിനോദങ്ങളും അഭ്യാസങ്ങളുമൊക്കെ ഇപ്പോള്‍ മതിയാക്കാം.ഇനി രണ്ടുപേരും രാത്രിയാകുമ്പോഴേക്കും തയ്യാറായിക്കൊണ്ടാല്‍ മതി” എന്നു പറഞ്ഞു.ഉടനെ അഭ്യാസവിനോദങ്ങളെല്ലാം നിര്‍ത്തുകയും ചെയ്തു.

രാത്രിയായപ്പോഴേക്കും കാഴ്ചക്കാരും മധ്യസ്ഥന്മാരായ പ്രമാണികളും അഭ്യാസത്തലവന്മാരും അവരുടെ ശിഷ്യന്മാരും മറ്റും അത്താഴം കഴിച്ചുകൊണ്ട് സഭയില്‍ ഹാജരായി. രാത്രിയിലേക്കു നിശ്ചയിച്ചിരുന്ന പരീക്ഷ വളരെ പ്രയാസമുള്ളതായിരുന്നു.ഒരു തൂക്കുവിളക്കു നിറച്ച് എണ്ണയും തിരിയുമിട്ടു ഭദ്രദീപമാക്കിക്കൊളുത്തി ഒരു സ്ഥലത്തു തൂക്കുക.അതിന്റെ ചുവട്ടില്‍ ആ വിളക്കിന്റെ തട്ടു ശരിയായി കടക്കുവാന്‍ മാത്രം വൃത്തമുള്ള ഒരിടങ്ങഴി(ചങ്ങഴി)വെയ്ക്കുക. വിളക്കിന്റെ ചങ്ങല ഒരു വാള്‍കൊണ്ട് ഒരു വെട്ടിനു മുറിക്കണം.വിളക്കിലെ ഒരു തിരിയെങ്കിലും കെടുകയോ ഒരു തുള്ളിയെങ്കിലും താഴെപ്പോവുകയോ ചെയ്തുകുടാ.ഇങ്ങനെയായിരുന്നു നിശ്ചയം ചെയ്തിരുന്നത്. എല്ലാവരും സഭയിലെത്തിയപ്പോഴേക്കും ഈ പറഞ്ഞ പ്രകാരമെല്ലാം തയ്യാറാക്കിയിരുന്നു. ഈ പരീക്ഷയില്‍ ജയം നേടുക എന്നുള്ള കാര്യം തന്നെക്കൊണ്ട് സാധ്യമല്ലെന്നുമുള്ള ബോധം കുരുക്കള്‍ക്കു നല്ലപോലെയുണ്ടായിരുന്നു. പിന്നെ ഒരു കള്ളക്കൌശലം പ്രയോഗിച്ചു ജയിക്കാന്‍ നോക്കാമെന്നു മാത്രം വിചാരിച്ചാണ് അദ്ദേഹം സഭയിലേക്കു പോയത്. ആ സമയത്തും കേളുമേനോന്‍ വന്നിട്ടില്ലെന്നറിയുകയാല്‍ മനസ്സു ചഞ്ചലപ്പെട്ടുകൊണ്ടു തന്നെ ഇരുന്നു. കാലത്തു തന്നെ പറഞ്ഞിരുന്ന പ്രകാരം വാളിന്റെ കുറ്റം പറഞ്ഞൊഴിയാമോ എന്നു നോക്കിയതില്‍ അതിനും നിവൃത്തിയില്ലായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നുമായി ഒന്നാം തരത്തിലുള്ള നൂറു വാളുകള്‍ വരുത്തി സഭയില്‍ വച്ചിരുന്നു. പകല്‍ തന്നെ കുരുക്കള്‍ പറഞ്ഞതുപോലെ ഇരുമ്പുവടി വെട്ടിമുറിക്കുകയെന്നുള്ള കൃത്യം കുറുപ്പു നിര്‍വഹിച്ചിരുന്നതിനാല്‍ പിന്നത്തെ ഊഴം കുരുക്കളുടേതായിരുന്നു. ഇങ്ങനെ പലതുകൊണ്ടും കുരുക്കള്‍ക്ക് ഒഴിഞ്ഞുമാറാന്‍ നിവൃത്തിയില്ലാതെയായി. അതിനാലദ്ദേഹം സഭയില്‍ച്ചെന്ന് ഒരു വാളെടുത്തു മൂര്‍ച്ച നോക്കിയതിന്റെ ശേഷം ഊക്കോടുകൂടി ഒന്നിളക്കി. ആ വാള്‍ രണ്ടുകഷണമായി മുറിഞ്ഞു താഴെ വീണു.കുരുക്കള്‍ വേറൊരു വാളെടുത്ത് ഒന്നുലച്ചപ്പോള്‍ അതു വളഞ്ഞുപോയി.ഇങ്ങനെ കുരുക്കള്‍ എട്ടുപത്തു വാളെടുത്ത് ഇളക്കിനോക്കി. അവയ്ക്കൊക്കെ ഓരോ കേടുകള്‍ സംഭവിക്കുകയാല്‍ അവയെല്ലാം താഴെയിട്ടു. ഇതുകണ്ടു സാധാരണന്മാരായ കാഴ്ചക്കാര്‍ കുരുക്കള്‍ വിളക്കുവെട്ടാത്തത് വാളിന്റെ കുറ്റം കൊണ്ടാണെന്നും കുരുക്കള്‍ക്കു വയ്യാഞ്ഞിട്ടല്ലെന്നും തീര്‍ച്ചയാക്കി. സ്വല്പമെങ്കിലും ആയുധാഭ്യാസം ശീലിച്ചിട്ടുള്ളവര്‍ക്കൊക്കെ ഇങ്ങനെ വാളുകള്‍ കേടുകള്‍ വരുത്തുകയെന്നുള്ള വിദ്യ ഒരു പ്രയാസവുമില്ലാത്തതായിരുന്നതിനാല്‍ അഭ്യാസികളായിട്ടുള്ളവരെല്ലാം ഇതു കുരുക്കളുടെ കള്ളക്കൌശലമാണെന്നു മനസിലാക്കുകയും ചെയ്തു.അതിനാല്‍ കുറുപ്പു മുന്നോട്ടു ചെന്ന്, “ഈ വാളുകളൊക്കെ കേടുവരുത്തിക്കളഞ്ഞതുകൊണ്ട് അതൊരു ജയമാവുകയില്ല.വിളക്കുവെട്ടുക എന്ന കൃത്യം നിര്‍വഹിക്കുവാന്‍ വടക്കുനിന്നു വന്നിട്ടുള്ള ആണ്‍‌കുട്ടികളില്‍ ആരെങ്കിലും വിചാരിച്ചാല്‍ കഴിയും. പിന്നെ കുരുക്കളെന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്?” എന്നത് എല്ലാവരും കേള്‍ക്കെ പറഞ്ഞു. ഇതു കേട്ടപ്പോള്‍ കുരുക്കള്‍ക്ക് എത്രമാത്രം കുണ്ഠിതമുണ്ടായിയെന്നും പറയണമെന്നില്ലല്ലോ. ആ സമയത്ത് ആ സദസ്സ് ആകപ്പാടെ നിശ്ശബ്ദമായിത്തീര്‍ന്നു.

ആ സമയത്തു കുരുക്കളുടെ പിന്നില്‍ നിന്നുകൊണ്ട് ഒരു യുവാവ് കുറുപ്പിനോട് “അത് ഇതിന് ഈ ദിക്കില്‍ ആണ്‍‌കുട്ടികളാരുമില്ലെന്നു തീര്‍ച്ചയായതിനു ശേഷം മതിയല്ലോ” എന്നു പറഞ്ഞു. ആ ശബ്ദം കേട്ടു കുരുക്കള്‍ തിരിഞ്ഞു നോക്കി.”ഹേ കേളുവോ? ഇനി ഇതു നീ ചെയ്താല്‍ മതി. ഞാന്‍ വേണമെന്നില്ല” എന്നു പറഞ്ഞു വാള്‍ കേളുമേനോന്റെ കയ്യില്‍ക്കൊടുത്തു.(കേളുമേനോന്‍ കുരുക്കളുടെ അടുക്കല്‍ച്ചെന്നുചേര്‍ന്ന കാലം മുതല്‍ അദ്ദേഹത്തെ കുരുക്കള്‍ പേരുമാത്രമേ വിളിക്കാറുള്ളൂ. കേളുമേനോനു സന്തോഷവും അതായിരുന്നു.) കേളുമേനോന്‍ ഗുരുവിനെ വന്ദിച്ചു വാള്‍ കയ്യില്‍ വാങ്ങി വിളക്കിന്റെ അടുക്കല്‍ ചെന്ന് ഒരു വെട്ടിനു ചങ്ങല മുറിച്ചു. വിളക്കിന്റെ തട്ടു താഴെ വെച്ചിരുന്ന ഇടങ്ങഴിക്കകത്തു ശരിയായി ചെന്നിരുന്നു.വിളക്കിലെ ഒരു തിരിയെങ്കിലും കെടുകയോ ഒരു തുള്ളി എണ്ണയെങ്കിലും താഴെപ്പോവുകയോ ചെയ്തില്ല. കേളുമേനോന്റെ ഈ അത്ഭുതപ്രവൃത്തി കണ്ടു സഭാവാസികളെല്ലാം സന്തോഷാധിക്യത്താല്‍ കൈകൊട്ടി ആര്‍ത്തുവിളിച്ചു. കുരുക്കള്‍ ആനന്ദാശ്രു പൊഴിച്ചുകൊണ്ടു തന്റെ പ്രിയ ശിഷ്യനെ മാറോടണച്ചു ഗാഢാശ്ലേഷം ചെയ്തുകൊണ്ട് “നിന്റെ കീര്‍ത്തി ആചന്ദ്രാര്‍ക്കം ലോകത്തില്‍ വിളങ്ങുമാറാകട്ടെ” എന്നനുഗ്രഹിച്ചു. കടത്തനാട്ടുകാരന്‍ കുറുപ്പു കുരുക്കളോട് അപ്പോള്‍ അങ്ങനെ പറഞ്ഞുവെങ്കിലും ഈ കാര്യം അസാധ്യമെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റേയും വിചാരം. ഇതു സാധിച്ചതിനാല്‍ കടത്തനാട്ടുകാര്‍ക്കും കേളുമേനോനെക്കുറിച്ചുണ്ടായ ബഹുമാനം സീമാതീതം തന്നെയായിരുന്നു. കേളുമേനോന് അവിടെവെച്ച് അമൂല്യങ്ങളായ അനേകം സമ്മാനങ്ങള്‍ കിട്ടി. അദ്ദേഹം അവയെല്ലാം വാങ്ങി കുരുക്കളുടെ പാദത്തിങ്കല്‍ വെച്ചു വന്ദിച്ചു. അങ്ങനെ നമ്മുടെ കഥാനായകന്‍ അവിടെവെച്ചും ഗുരുത്വവും ജയവും ഒരുമിച്ചു നേടി.

ഇപ്രകാരമെല്ലാം വിശ്വവിശ്രുതനായിത്തീര്‍ന്ന ആ മഹാന്‍ കൊല്ലാം 1027-ആമാണ്ടു കുംഭമാസം 12- തീയതി മുപ്പത്താറാമത്തെ വയസ്സില്‍ യശോമാത്രശരീരനായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരുകൊത്തിയതും വെള്ളികെട്ടിയതുമായ ഒരു പിശ്ശാങ്കത്തിയും എഴുത്താണി(നാരായം)യും ചില വാളുകളും ഇപ്പോഴും പെരുമ്പുലാവില്‍ത്തറവാട്ടില്‍ കാണുന്നുണ്ട്.