ഐതിഹ്യമാല/മുണ്ടേമ്പിള്ളി കൃഷ്ണമാരാര്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മുണ്ടേമ്പിള്ളി മാരാരുടെ ഗൃഹം കൊച്ചിരാജ്യത്തു തൃപ്പൂണിത്തുറെ യാണ്. എന്നു മാത്രമല്ല, തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ പതിവായിട്ടുള്ള കൊട്ട്, പാട്ട് മുതലായ അടിയന്തിരങ്ങള്‍ നടത്താനുള്ള സ്ഥാനവും ആ കുടുംബത്തേക്കായിരുന്നു.


ഇക്കാലത്തു കുലവിദ്യയായ ചെണ്ടകൊട്ടും മറ്റും അഭ്യസിക്കുന്നതും ക്ഷേത്രപ്രവൃത്തി നടത്തുന്നതും മാത്രമല്ല, മാരാന്മാരെന്നു പറയുന്നതു തന്നെ വലിയ കുറച്ചിലാണെന്നുള്ള വിചാരം അവരില്‍ പലര്‍ക്കുമുണ്ടാ യിട്ടുണ്ട്. അതിനാലവര്‍ ജാതിപ്പേരുമാറ്റി നായര്‍, പിള്ള, പണിക്കര്‍ ഇത്യാദി നാമങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. കൊച്ചിരാജ്യത്തുള്ള ഈ ജാതിക്കാര്‍ ആധാരങ്ങളിലും മറ്റും എഴുതുന്നത് മാരാര്‍ എന്നുതന്നെ യാണെങ്കിലും അവരോടാരെങ്കിലും ജാതിയെന്താണെന്നു ചോദിച്ചാല്‍ "അമ്പലവാസി" എന്നാണ് അവര്‍ മറുപടി പറയുന്നത്. എങ്കിലും അമ്പല ത്തിലെ പ്രവൃത്തികള്‍ നടത്താന്‍ അവരുടെ ദുരഭിമാനം അവരെ അനുവദിക്കുന്നുമില്ല. അമ്പലത്തിലെ വാസമെന്നല്ല, അമ്പലത്തില്‍ പോകുന്നതുതന്നെ അപമാനകരമാണെന്നു വിചാരിക്കുന്നവര്‍ അമ്പല വാസികളാവുന്നതെങ്ങനെയാണാവോ? കുലവിദ്യയായ ചെണ്ടകൊട്ട്, പാണികൊട്ട് മുതലായവ അഭ്യസിച്ചിട്ടുള്ളവര്‍ക്കു ആഭിജാത്യം കുറയും എന്നുള്ള നാട്യവും ഇവരില്‍ പലര്‍ക്കും കണ്ടുവരുന്നുണ്ട്. ജാതിത്തൊഴില്‍ അഭ്യസിക്കാതെയും പാരമ്പര്യമുറയ്ക്ക് നടത്തിവന്നിരുന്ന ക്ഷേത്രപ്രവൃത്തി കള്‍ നടത്താതെയുമിരിക്കുക നിമിത്തം പതിവായി കിട്ടിവന്നിരുന്ന ചോറു കിട്ടാതെയും ക്ഷേത്രദര്‍ശനത്തിനുപോലും സംഗതിയാകാതെയും കഷ്ട പ്പെട്ട് അലഞ്ഞു നടക്കുന്നവര്‍ ഇവരുടെ കൂട്ടത്തിലിപ്പോള്‍ ധാരാളമായി രിക്കുന്നു.


എന്നാല്‍ കൃഷ്ണമാരാര്‍ ഇക്കൂട്ടത്തിലുള്ള ഒരാളല്ലായിരുന്നു. കുലവിദ്യ അഭ്യസികുകയും അതു സാമാന്യംപോലെ പ്രവര്‍ത്തിക്കാറാവുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതു കുറച്ചിലല്ലെന്നും പ്രത്യുത അതു മാന്യത യാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിനാല്‍ കൃഷ്ണ മാരാര്‍ അക്ഷരാഭ്യാസത്തോടുകൂടിത്തന്നെ കുലവിദ്യയും അഭ്യസിച്ചു തുടങ്ങുകയും സാമാന്യംപോലെ എഴുതാനും വായിക്കാനും പഠിച്ചു കഴിഞ്ഞപ്പോഴേക്കും ചെണ്ട, തിമില, മദ്ദളം എടയ്ക്ക മുതലായവ കൊട്ടാനും സോപാനത്തിങ്കല്‍ സാധാരണമായി പാടാറുള്ള കീര്‍ത്തന ങ്ങള്‍, അഷ്ടപദി മുതലായവ പാടാനും ശീലമാക്കി. കൃഷ്ണമാരാര്‍ ചെണ്ട കൊട്ട് മുതലായവ അഭ്യസിച്ചത് അദ്ദേഹത്തിന്റെ മാതുലന്മാരുടെ അടുക്കല്‍ത്തന്നെ ആയിരുന്നു. അവരും മാരാന്മാര്‍ക്കു വേണ്ടുന്ന തൊഴിലു കളെല്ലാം പഠിച്ചിരുന്നവരും പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. കുലവിദ്യ പ്രവര്‍ത്തിക്കുന്നത് അപമാനകരമാണെന്നുള്ള വിചാരവും അതിനെ ക്കുറിച്ചു നിന്ദയും അവര്‍ക്കുമുണ്ടായിരുന്നില്ല. അവരെ ജാതിപ്പേരു ചേര്‍ത്തു വിളിക്കുന്നതില്‍ സന്തോ‌ഷമല്ലാതെ വിരോധവും അവര്‍ ഭാവിച്ചി രുന്നില്ല.


കൃഷ്ണമാരാര്‍ കൊട്ട്, പാട്ട് മുതലായവ പഠിക്കുകയും അവയെല്ലാം സാമാന്യം പോലെ പ്രയോഗിക്കാറാവുകയും ചെയ്തതിന്റെ ശേ‌ഷം എവിടെയെങ്കിലും ചെന്നു സ്വവിദ്യകള്‍ക്കു സ്വല്‍പം കൂടി നൈപുണ്യം സമ്പാദിക്കണമെന്നു നിശ്ചയിച്ച് സ്വദേശം വിട്ടുപോയി. അങ്ങനെ ഒന്നു രണ്ടു ദിവസത്തെ വഴി വടക്കോട്ടു ചെന്നപ്പോള്‍ വഴിക്കുവെച്ചു ചില മലയാളികളെ കാണുകയും അവര്‍ മൂകാംബിയില്‍ ഭജനത്തിനു പോകുന്ന വരാണെന്നും പറയുകയും ചെയ്യുകയാല്‍ അവരോടുകൂടി കൃഷ്ണമാരാരും മൂകാംബിയിലെത്തി ഭജനം തുടങ്ങി.


മൂകാംബിയില്‍ ചില വിശേ‌ഷങ്ങളുണ്ട്. അവിടെ അത്താഴപ്പൂജ കഴിഞ്ഞു നടയടയ്ക്കുന്ന സമയം ത്രിമധുരനിവേദ്യത്തിനു വേണ്ടുന്ന തേനും കദളിപ്പഴവും പഞ്ചസാരയും കൂടി ഒരു പാത്രത്തിലാക്കി ബിംബ ത്തിന്റെ മുന്‍പില്‍ വെച്ചിട്ടു വേണം നടയടയ്ക്കാന്‍. അതു ദേവിക്കു നിവേദിക്കുന്നത് ദേവന്മാരാണ്. ദേവന്മാര്‍ രാത്രികാലങ്ങളില്‍ പതിവായി അവിടെ വരികയും ഈ ത്രിമധുരം നിവേദിച്ചു ദേവിയെ വന്ദിച്ചു പോവുകയും ചെയ്യുന്നുണ്ട്. അതിനാല്‍ മിക്ക ദിവസങ്ങളിലും കല്പവൃക്ഷ സുമങ്ങള്‍ ബിംബത്തിങ്കല്‍ കാണും. അതൊന്നും ശാന്തിക്കാര്‍ ആരെയും കാണിക്കുകയും ആരോടും പറയുകയും ചെയ്യാറില്ല. "അകത്തു കണ്ടതു പുറത്തു പറയുകയില" എന്നു സത്യം ചെയിചിട്ടാണ് അവിടെ ശാന്തിക്കാരെ അവരോധിക്കുന്നത്. ഏഴര നാഴിക വെളുപ്പാനുള്ളപ്പോള്‍ ശാന്തിക്കാര്‍ കുളിച്ചുചെന്നു നടതുറന്നു നിര്‍മ്മാല്യം (തലേദിവസത്തെ പൂവും മാലയും) വാങ്ങി അതും ദേവന്മാര്‍ നിവേദിക്കുന്ന ത്രിമധുരവും കൊണ്ടുപോയി ഒരു കിണറ്റിലിടുകയാണ് പതിവ്. ആ ത്രിമധുരം ആര്‍ക്കും കൊടുക്കാറില്ല. ആ ത്രിമധുരം സേവിച്ചാല്‍ മലയാളികള്‍ ഏറ്റവും ബുദ്ധിമാന്മാരും വലിയ വിദ്വാന്മാരുമായിത്തീരും. പരദേശികള്‍ സേവിച്ചാല്‍ ഒരു വിശേ‌ഷവുമുണ്ടാവുകയില്ല.


കൃഷ്ണമാരാര്‍ ഭജനം തുടങ്ങി രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഈ വിശേ‌ഷങ്ങളെല്ലാം ആരോ പറഞ്ഞറിയുകയാല്‍ ഏതു വിധവും ആ ത്രിമധുരം സ്വല്‍പമെങ്കിലും സേവിക്കണമെന്ന് തീര്‍ച്ചപ്പെടുത്തി. പക്ഷേ അതത്ര ക്ഷിപ്രസാദ്ധ്യമായ കാര്യമല്ലായിരുന്നു. ശാന്തിക്കാര്‍ മനസ്സറിഞ്ഞ് അതാര്‍ക്കും കൊടുക്കുകയില്ല. ത്രിമധുരം കൊണ്ടുചെന്നിടുന്ന കിണറ്റിന് അടപ്പൂം പൂട്ടും അവിടെ കാവല്‍ക്കാരുമുണ്ട്. ശാന്തിക്കാര്‍ ത്രിമധുരം കൊണ്ടുചെല്ലുന്ന സമയം കാവല്‍ക്കാര്‍ പൂട്ടു തുറന്ന് അടപ്പു മാറ്റുകയും ശാന്തിക്കാര്‍ ത്രിമധുരം കിണറ്റിലിട്ടു പോവുകയും ഉടനെ കാവല്‍ക്കാര്‍ കിണറടചു പൂട്ടുകയുമാണ് പതിവ്. ഈ സ്ഥിതിയില്‍ മാരാരുടെ ആഗ്രഹം സാധിക്കുന്നതെങ്ങനെയാണ്? എങ്കിലും പ്രകൃത്യാതന്നെ അപകടനും വക്രബുദ്ധിയുമായിരുന്ന ആ മനു‌ഷ്യന്‍ ഈ വിവരങ്ങളൊക്കെ അറിഞ്ഞിട്ടു നിരുത്സാഹനായില്ല. പതിവായി ശാന്തിക്കാരന്‍ കുളിച്ചുവന്നു നട തുറക്കു മ്പോഴേക്കും കൃഷ്ണമാരാരും കുളിച്ചു നിര്‍മാല്യം തൊഴാനായി അമ്പലത്തി ലെത്തും. അത് ഏഴര നാഴിക വെളുപ്പിനായിരിക്കുമല്ലോ. ആ സമയത്തു ശാന്തിക്കാര്‍ക്കു കിണറ്റിന്‍ കരയിലേക്കു വെളിച്ചം കാണിച്ചുകൊടുക്കാന്‍ ക്ഷേത്രത്തിലെ നടകാവല്‍ക്കാരനും കുളിച്ച് അവിടെ എത്തിയിരിക്കണ മെന്നാണ് ചട്ടം. എന്നാല്‍ ചില ദിവസം അയാള്‍ വരാന്‍ സ്വല്‍പം താമസിച്ചു പോകും. അങ്ങനെ വരുന്ന ദിവസങ്ങളില്‍ വിളക്കു കാണിച്ചു കൊടുക്കാന്‍ ശാന്തിക്കാരന്‍ കൃഷ്ണമാരാരോടു പറയുകയും ആ മനു‌ഷ്യന്‍ സസന്തോ‌ഷം വിളക്കു കാണിച്ചുകൊടുക്കുകയും ചെയ്തു തുടങ്ങി. അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുശാഗ്രബുദ്ധിയായ മാരാര്‍ ഒരു കശൗലം കണ്ടുപിടിച്ചു. വെളുപ്പാന്‍കാലത്തു കിടന്നുറങ്ങാതെ ശാന്തിക്കാര്‍ ത്രിമധുരവുംകൊണ്ടു ചെല്ലുന്നതുവരെ കാത്തു നില്‍ക്കുന്ന കാര്യം വലിയ ബുദ്ധിമുട്ടായിട്ടുള്ളതാകയാല്‍ കിണറു കാവല്‍ക്കാര്‍ ഒരുറക്കം കഴിഞ്ഞുണരുമ്പോള്‍ പന്ത്രണ്ടു മണിക്കോ, ഒരു മണിക്കോ, രണ്ടു മണിക്കോ എപ്പോഴെങ്കിലും കിണറ്റിന്റെ പൂട്ടു തുറന്നിട്ടേക്കും. പിന്നെയത് പൂട്ടുന്നത്, അവര്‍ രണ്ടാമത് ഉണരുമ്പോളാണ്. അതു ചിലപ്പോള്‍ നേരം വെളുത്തിട്ടായിയെന്നും വരും. ഇത് ഏറ്റവും രഹസ്യമായിട്ടുള്ള ഒരേര്‍പ്പാടാണ്. ഈ പതിവ് ശാന്തിക്കാര്‍ക്കും കാവല്‍ക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടായിരുന്നു. എങ്കിലും രണ്ടുമൂന്നു ദിവസത്തെ സഹകരണംകൊണ്ട് സുക്ഷ്മഗ്രാഹിയായ മാരാര്‍ അതു മനസ്സിലാക്കി. അതിനാല്‍ ആ മനു‌ഷ്യന്‍ പിന്നെ തക്കം നോക്കിത്തുടങ്ങി. ഒരു ദിവസം വെളുപ്പാന്‍കാലത്തു കുളിയും നിര്‍മ്മാല്യം തൊഴുകയും കഴിഞ്ഞ്, ത്രിമധുരമിടുന്ന കിണറ്റിന്‍കരെ ചെന്ന് ഇരുട്ടത്ത് മാറി ഒളിച്ചിരുന്നു. ആ സമയം ശാന്തിക്കാര്‍ പതിവുപോലെ ത്രിമധുരവും പൂവും മാലയും എല്ലാം കൂടെ കിണറ്റിലിട്ടിട്ട് പോയതു കാണുകയും കാവല്‍ക്കാര്‍ നല്ല ഉറക്ക മാണെന്ന് അറിയുകയും ചെയ്യുകയാല്‍ മാരാര്‍ പെട്ടന്നു ചെന്നു കിണറ്റി ലിറങ്ങി തപ്പി നോക്കിയപ്പോള്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്നിരുന്ന മാലയി ന്മേല്‍ പറ്റിയിരുന്ന ഒരു കദളിപ്പഴക്ക‌ഷണം കൈയില്‍ കിട്ടിയതു വായി ലാക്കി ഇറക്കികൊണ്ട് ഉടനെ കയറി അമ്പലത്തിലേക്കു പോയി. ആ കദളി പ്പഴക്ക‌ഷണത്തിന്മേല്‍ കുറേശ്ശ തേനും പഞ്ചസാരയും പുരണ്ടിട്ടുണ്ടായി രുന്നതുകൊണ്ട് മാരാര്‍ ത്രിമധുരം സേവിച്ചു എന്നുതന്നെ പറയാം. പക്ഷേ ഇങ്ങനെ കള്ളക്കശൗലം പ്രയോഗിച്ചു ത്രിമധുരം സേവിച്ചല്‍ ഉണ്ടാകുന്ന വിദ്വത്വത്തോടുകൂടി സ്വല്‍പമൊരപകടത്തവും സംഭവിക്കും. വൈക്കത്തു മുട്ടസ്സുനമ്പൂരിക്കു പറ്റിയ അബദ്ധവും അതാണല്ലോ. എങ്കിലും ആ ത്രിമധുരത്തിന്റെ മാഹത്മ്യം ഒട്ടും ഇല്ലാതെ പോവുകയില്ല. കൃഷ്ണമാരാര്‍ ചെണ്ടകൊട്ട്, മദ്ദളംകൊട്ട്, തിമിലകൊട്ട്, എടയ്ക്കകൊട്ട്, മൃദംഗവായന, നാഗസ്വരവായന, വീണവായന, ഫിഡില്‍വായന, പാട്ട് മുതലായവയില്‍ അദ്വിതീയനും അതിപ്രസിദ്ധനുമായിത്തീര്‍ന്നത് ആ ത്രിമധുരത്തിന്റെ മാഹാത്മ്യംകൊണ്ടുതന്നെയാണ്. ഗുരു മുഖേനയുള്ള അഭ്യാസം മാരാര്‍ക്കു ബാല്യത്തിലുണ്ടായിട്ടുള്ളതുകൂടാതെ അധികമൊന്നുമുണ്ടായിട്ടില്ല. ദേവി പ്രസാദവും വാസനാബലവും തന്നെയായിരുന്നു ആ മഹാനു പ്രധാന മായിട്ടുണ്ടായിരിന്നത്.


ഇപ്രകാരം വിശ്വവിശ്രുതനായിത്തീര്‍ന്ന കൃഷ്ണമാരാര്‍ക്കു ശി‌ഷ്യ സമ്പത്തു വളരെ ചുരുക്കമായിരുന്നു. ഗുരുക്കന്മാര്‍ പറഞ്ഞുകൊടുത്തിട്ടു പഠിക്കുന്നവര്‍ക്കു മാത്രമേ ശി‌ഷ്യന്മാര്‍ക്കു പറഞ്ഞുകൊടുത്തു പഠിപ്പിക്കാന്‍ കഴിയുകയുള്ളു. കൃഷ്ണമാരാരുടെ പ്രയോഗങ്ങളെല്ലാം അപ്പോളപ്പോള്‍ പുത്തന്‍പുത്തനായി ത്തോന്നുന്ന മനോധര്‍മ്മപ്രകാരമുള്ളവയായിരുന്നു. ഒരിക്കല്‍ പ്രയോഗിക്കുന്നതുപോലെ പിന്നെയൊരിക്കല്‍ക്കൂടി പ്രയോഗി ക്കുന്ന കാര്യം ആ മനു‌ഷ്യനു സാധ്യമല്ലായിരുന്നു. അങ്ങനെയുള്ള ഒരാള്‍ക്കു ശി‌ഷ്യന്മാരുണ്ടാകുന്നതെങ്ങനെയാണ്?


മൂകാംബിയിലെ ഭജനം കഴിഞ്ഞതിന്റെശേ‌ഷം കൃഷ്ണമാരാര്‍ കുറച്ചു കാലം പരദേശങ്ങളില്‍ സഞ്ചരിച്ചിരുന്നു. അക്കാലത്തു വലിയ സംഗീത വിദ്വാന്മാരായ പലരുടെ പാട്ടും നാഗസ്വരവായനയും കേള്‍ക്കാനിടയായതു കൊണ്ട് മാരാര്‍ക്കു ആ വി‌ഷയത്തിലുണ്ടായിരുന്ന പാണ്ഡിത്യത്തിനു പൂര്‍ണ്ണത സിദ്ധിച്ചു. അതുകൂടാതെ അദ്ദേഹം ആ ദിക്കുകളില്‍നിന്നു പലരോടുമായി ചെപ്പടിവിദ്യ, ആള്‍മാറാട്ടം (അന്യാനുകരണം) മുതലായവ യിലും നൈപുണ്യം സമ്പാദിച്ചു.


കൃഷ്ണമാരാര്‍ സ്വദേശത്തു മടങ്ങിയെത്തിയതു മേല്‍മീശയും പിന്‍കുടുമയും ധരിച്ചു സോമനുമുടുത്തു കേവലം പാണ്ടിക്കാരന്റെ വേ‌ഷത്തിലായിരുന്നു. സ്വദേശത്തെത്തി കുലവിദ്യകള്‍ പ്രയോഗിച്ചു തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കു മാരാരെക്കുറിച്ചുണ്ടായിരുന്ന ബഹുമാനം ശതഗുണീഭവിച്ചു. കൃഷ്ണമാരാരുടെ കൊട്ടോ പാട്ടോ ഉണ്ടെന്നു കേട്ടാല്‍ ജനങ്ങള്‍ ഊണും ഉറക്കവുമുപേക്ഷിച്ചു ചെന്നുകൂടിത്തുടങ്ങി.


ചെണ്ട കൊട്ടുന്നതിനു കൃഷ്ണമാരാര്‍ക്കു തുല്യനായിട്ട് ഒരാള്‍ അക്കാലത്ത് ഒരിടത്തുമുണ്ടായിരുന്നില്ലെന്നല്ല, അതിനു മുന്‍പും പിന്നെയും ഉണ്ടായിട്ടുമില്ല. ഇനി ഉണ്ടാകുന്ന കാര്യം അസാധ്യവുമാണ്. കൃഷ്ണ മാരാരുടെ മേളംപറ്റു മുതലായ ചെണ്ടപ്രയോഗങ്ങള്‍ എല്ലാംതന്നെ അന്യാദൃശങ്ങളായിരുന്നു. വിശേ‌ഷിച്ചും തായമ്പക അത്യത്ഭുതകരവുമാ യിരുന്നു. ആ വിദ്വാന്‍ തായമ്പകയ്ക്കു കൊട്ടുന്നത് അന്യന്മാര്‍ കൊട്ടുന്ന എണ്ണങ്ങളൊന്നുമല്ലെന്നു മാത്രമല്ല, ഒരിക്കല്‍ കൊട്ടുന്ന എണ്ണങ്ങളൊന്നു മായിരിക്കയില്ല പിന്നെയൊരിക്കല്‍ കൊട്ടുന്നത്. അദ്ദേഹത്തിന്റെ പ്രയോഗ ങ്ങളൊക്കെ അപ്പോളപ്പോള്‍ പുത്തന്‍പുത്തനായി തോന്നുന്ന മനോധര്‍മ്മ പ്രകാരമാണെന്നു മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ. ചിലപ്പോള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന് "ഇന്നലെ തായമ്പകയ്ക്ക് കൊട്ടിയ എണ്ണങ്ങള്‍ കേട്ടിട്ടു മതിയായില്ല. ഇന്നുകൂടി അവതന്നെ കൊട്ടിക്കേട്ടാല്‍ കൊള്ളാമെന്നുണ്ട്" എന്നു പറഞ്ഞിട്ട് "എന്റെ കുട്ടികളെ! അതുമാത്രം എന്നോടു പറയരുത്. അത് എന്നാല്‍ സാദ്ധ്യമല്ല. ഇതൊന്നും ഞാന്‍അഭ്യസിച്ചു പഠിച്ചിട്ടുള്ള വയല്ല ഇന്നലെ കൊട്ടിയവ എന്തെല്ലാമായിരുന്നു എന്നും ഇന്നിനി കൊട്ടുന്നത് എന്തെല്ലാമായിരിക്കുമെന്നും എനിക്കു നിശ്ചയമില്ല" എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്.


കൃഷ്ണമാരാര്‍ പരദേശത്തിനിന്നു തിരിച്ചുവന്ന് സ്വദേശത്തു താമസി ച്ചിരുന്ന കാലത്ത് ബ്രിട്ടീ‌ഷു മലബാറില്‍ ചെര്‍പ്പുളശ്ശേരി ദേശത്തു ചെണ്ട കൊട്ടിനു പ്രസിദ്ധരായ ചില പുതുവാളന്മാരുണ്ടായിരുന്നു. അവരെക്കുറിച്ചു പലരും പുകഴ്ത്തുന്നതു കേട്ടിട്ട് തൃശ്ശിവപേരുരുണ്ടായിരുന്ന ചില മേളപ്രിയന്മാര്‍ ഒരു കൊല്ലം പൂരത്തിന് അവരെ വരുത്തി കൊട്ടിച്ചു. അന്നു കൃഷ്ണമാരാരും അവിടെയെത്തിയിരുന്നു. പുതുവാളന്മാരുടെ കൊട്ടിനെ ക്കുറിച്ച് കൃഷ്ണമാരരുടെ അഭിപ്രായമറിയുന്നതിനായി ചിലര്‍ ചോദിച്ചിട്ട് "ചെണ്ടയിന്മേല്‍ '"പുതോം"'"പുതോം" എന്ന് ഒച്ച കേള്‍പ്പിക്കാനവര്‍ക്ക റിയാം. അതുകൊണ്ടല്ലെ അവരെ "പുതു"വാള്‍ "പുതു"വാള്‍ എന്നെലാ വരും പറയുന്നതു?" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൃഷ്ണ മാരാര്‍ക്ക് സമ്മതന്മാരായ കൊട്ടുകാരും പാട്ടുകാരും അക്കാലത്ത് എങ്ങുമു ണ്ടായിരുന്നില്ല. ആ കൊട്ടുകാരായ പൊതുവാളന്മാരില്‍ കൃഷ്ണന്‍ എന്നു പേരായിട്ട് ഒരാള്‍ ഉണ്ടായിരുന്നു. അവരില്‍ പ്രധാനന്‍ ആ കൃഷ്ണ പ്പുതുവാളായിരുന്നു. ആ മനു‌ഷ്യനെക്കുരിചുള്ള അഭിപ്രായം പ്രത്യേകം


ചോദിച്ചപ്പോള്‍ കൃഷ്ണമാരാര്‍ പറഞ്ഞ മറുപടി:


"മാരഃ കൃ‌ഷണഃ പുതുഃ കൃÿഃ കോ ഭേദഃ പുതുമാരായോഃ
ഇണ്ടിണ്ടികാലേ സമ്പ്രാപ്തേ മാരോ മാരഃ പുതുഃ പുതുഃ"

എന്നായിരുന്നു. ഇതില്‍ സ്വല്‍പം ആത്മപ്രശംസകൂടി സ്ഫുരിക്കു ന്നുണ്ടെങ്കിലും കൃഷ്ണമാരാര്‍ ഒരു രസികനും സരസനും ഫലിതക്കാരനു മായിരുന്നുവെന്നും സ്പഷ്ടമാണല്ലോ. സംഗീതവി‌ഷയത്തില്‍ അതിപ്രസിദ്ധനായിരുന്ന മഹാവൈത്തി ഭാഗവതര്‍ ഒരിക്കല്‍ തൃശ്ശിവപേരൂര്‍ ചെന്നിരുന്നപ്പോള്‍ ആ ദിക്കിലുണ്ടാ യിരുന്ന ചില സംഗീതരസികന്മാരുത്സാഹിച്ച് ഒരു പാട്ടുകച്ചേരി നടത്തുക യുണ്ടായി. അന്നവിടെ കേള്‍വിക്കാരുടെ കൂട്ടത്തില്‍ കൃഷ്ണമാരാരുമുണ്ടായി രുന്നു. ഭാഗവതര്‍ക്കു അധികം നൈപുണ്യമുണ്ടായിരുന്നത് രാഗവിസ്താര ത്തിലായിരുന്നു. താളത്തിനു സ്വല്‍പം വലിവുണ്ടായിരുന്നതിനാല്‍ പല്ലവി പാടിയത് കൃഷ്ണമാരാര്‍ക്ക് അത്ര രസിച്ചില്ല. പാട്ടുകച്ചേരി പിരിഞ്ഞതിന്റെ ശേ‌ഷം ഭാഗവതരുടെ പാട്ടിനെക്കുറിച്ച് ചിലര്‍ കൃഷ്ണമാരാരോട് അഭിപ്രായം ചോദിച്ചപ്പോള്‍ "ഭാഗവതരുടെ പേര്‍ യഉു015ന്ധാര്‍ത്ഥമാണ്. അദ്ദേഹം മഹാ പൈത്തിതന്നെ" എന്നാണു മറുപടി പറഞ്ഞത്. ഇതുകൊണ്ട് കൃഷ്ണ മാരര്‍ക്കു സകലവിദ്വാന്മാരെക്കുറിച്ചും പുച്ഛമായിരുന്നു എന്ന് ആരും തെറ്റിദ്ധരിക്കരുത്. അദ്ദേഹത്തിനു തോന്നുന്നതു മറച്ചുവെയ്ക്കാതെ നേരെ തുറന്നു പറയും എന്നേ ഉള്ളു.


പാട്ടിനു രാഘവഭാഗവതരും വീണവായനയ്ക്ക് കല്യാണകൃഷ്ണ ഭാഗവതരും കഴിഞ്ഞല്ലാതെ ആരുമില്ലെന്നായിരുന്നു കൃഷ്ണമാരാരുടെ അഭിപ്രായം. അവരെ രണ്ടുപേരെയും കുറിച്ചു മാരാര്‍ക്കുണ്ടായിരുന്ന ബഹുമാനം സീമാതീതമായിരുന്നു. അപ്രകാരംതന്നെ കല്യാണകൃഷ്ണ ഭാഗവതര്‍ക്കു കൃഷ്ണമാരാരെക്കുറിച്ചും വളരെ ബഹുമാനമുണ്ടായിരുന്നു. "കൃഷ്ണമാരാര്‍ ചെണ്ടകൊട്ടുകയല്ല, വായിക്കുകയാണ് ചെയ്യുന്നത്" എന്നാണ് കല്യാണകൃഷ്ണഭാഗവതര്‍ പറയാറുള്ളത്.


കൃഷ്ണമാരാര്‍ക്കു കൊട്ട്, പാട്ട് മുതലായവയില്‍ മാത്രമല്ല അഭിജ്ഞത യുണ്ടായിരുന്നത്. മാതംഗലീല, വസൂരിചികിത്സ, തച്ചുശാസ്ത്രം, തന്ത്ര സമുച്ചയം മുതലായവയിലും നല്ല പരിജ്ഞാനമുണ്ടായിരുന്നു. മദമിളകി പ്പാഞ്ഞു നടക്കുന്ന വലിയ കൊലകൊമ്പന്‍മാരെപ്പോലും യാതൊരു ദേഹോപദ്രവവും ഏല്‍പിക്കാതെ പിടിച്ചു ബന്ധിക്കാന്‍ കൃഷ്ണമാരാര്‍ക്കു യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ ഉത്സവകാലത്ത് ആനപ്പിണക്കമുണ്ടാവുക സാധാരണമാണ്. എന്നാല്‍ കൃഷ്ണമാരാരവിടെയുണ്ടായിരുന്ന കാലങ്ങളിലെങ്ങും അതുകൊണ്ട് ആര്‍ക്കും യാതൊരുപദ്രവവും ഉണ്ടാകാറില്ല. ആന പിണങ്ങാന്‍ ഭാവിക്കുന്നുവെന്നറിഞ്ഞാല്‍ ഏതാനയായാലും ഉടനെ കൃഷ്ണമാരാര്‍ ചെന്നു പിടിച്ചു ബന്ധിക്കും. പിന്നെ ഉപദ്രവങ്ങളുണ്ടാവാന്‍ സംഗതിയാവുക യില്ലല്ലോ. ഇത് എവിടെയായാലും പതിവാണ്.


കാശിയില്‍വെച്ച് കഴിഞ്ഞുപോയ പാലിയത്തു വലിയച്ചനും കൃഷ്ണ മാരാരും തമ്മില്‍ വലിയ സ്നേഹമായിരുന്നു. അതിനാല്‍ കൃഷ്ണമാരാര്‍ ചിലപ്പോള്‍ ചേന്നമംഗലത്തു ചെന്നു താമസിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ കൃഷ്ണമാരാര്‍ അങ്ങനെ അവിടെച്ചെന്നു താമസിച്ചിരുന്നപ്പോള്‍ പാലിയം വക "കുട്ടി" എന്നു പേരായിരുന്ന കൊമ്പനാന മദഭ്രാന്തിളകി ആനക്കാരനെ കുത്തിക്കൊന്നതിന്റെ ശേ‌ഷം അവിടെയെല്ലാം ഓടി നടന്നു പലവിധ ത്തിലുള്ള ഉപദ്രവങ്ങള്‍ ചെയ്തുതുടങ്ങി. ആ ആന മഹാവികൃതി യായിരുന്നുവെങ്കിലും കണ്ടാല്‍ നല്ല ഭംഗിയും ദേഹപു ഉു0ന്ധ08ിയുമുള്ള തായിരുന്നതിനാല്‍ വലിയച്ചന് അവനെക്കുറിച്ച് വളരെ വാത്സല്യ മുണ്ടായിരുന്നു. ആ ആനയെ ദേഹോപദ്രവമേല്‍പിക്കുന്ന കാര്യം വലിയച്ചന് വലിയ സങ്കടവുമായിരുന്നു. ആന ഓടിനടന്നു കലശല്‍ കൂട്ടിത്തുടങ്ങിയപ്പോഴേക്കും അവിടെയെല്ലാവരും അലയും മുറയും തുടങ്ങുകയും പേടിച്ചു പലരും പുരയ്ക്കകത്തു കയറി വാതിലടച്ചി രിപ്പാവുകയും ചെയ്തു. അപ്പോള്‍ വലിയച്ചന്‍ കൃഷ്ണമാരാരോട് "ഈ ആനയെ ഒന്നു പിടിച്ചുകെട്ടാന്‍ വല്ല വിദ്യയുമുണ്ടോ? ഉണ്ടെങ്കില്‍ അങ്ങനെ ചെയ്താല്‍ കൊള്ളാം. അവനെ വേദനപ്പെടുത്താതെ സാധിക്കണം" എന്നു പറഞ്ഞു. ഉടനെ മാരാര്‍ "ഞാനൊന്നു പരീക്ഷിച്ചു നോക്കട്ടെ"എന്നു പറഞ്ഞിട്ട് ഒരു ചെറിയ കോലെടുത്ത് അതുകൊണ്ട് ആനയുടെ നേരെ ചില ആംഗ്യങ്ങള്‍ കാണിച്ചു. ആന തല്‍ക്ഷണം മാരാരുടെ മുന്‍പില്‍ ചെന്നു കൊമ്പുകുത്തി. മാരാര്‍ ഉടനെ ആനയെ പിടിച്ചു ബന്ധിക്കുകയും ചെയ്തു.


കൃഷ്ണമാരാര്‍ പ്രകൃത്യാ ദീനദയാലുവും ഉദാരശീലനുമായിരുന്നു. അദ്ദേഹത്തിനു വസൂരീ ദീനമുണ്ടായിട്ടില്ലെങ്കിലും അഗതികളായിട്ടുള്ളവര്‍ ആ ദീനം പിടിപെട്ടു രക്ഷകരിലാതെ കഷ്ടപ്പെടുന്നതായി അറിഞ്ഞാല്‍ അദ്ദേഹം ചെന്ന് അവരെ വേണ്ടതുപോലെ ശുശ്രൂ‌ഷിച്ചു രക്ഷിക്കുക പതിവായിരുന്നു. അതിലേക്ക് അദ്ദേഹം യാതൊരു പ്രതിഫലവും ആഗ്രഹിക്കുകയില്ലെന്നു മാത്രമല്ല, വേണ്ടിവന്നാല്‍ സാധുക്കള്‍ക്കു വേണ്ടി യഉു015ന്ധാശക്തി വല്ലതും ചെലവുചെയ്യാനും അദ്ദേഹം സന്നദ്ധനായിരുന്നു. മാരാരുടെ വസൂരിചികിത്സയ്ക്ക് ഒരു വിശേ‌ഷവിദ്യകൂടിയുണ്ടായിരുന്നു. സാധാരണ വസൂരിചികിത്സകന്മാര്‍ അപഉു015ന്ധ്യമെന്നു വിചാരിച്ചുവരുന്നവ ചെയ്താണ് മാരാര്‍ ദീനക്കാരെ രക്ഷിക്കുക പതിവ്. അതിനെക്കുറിച്ചു പലരും അത്ഭുതപ്പെടാറുണ്ട്.


മാന്യന്മാരെ മാനിക്കുന്നതിന് കൃഷ്ണമാരാര്‍ക്കു ഒട്ടും മടിയുണ്ടാ യിരുന്നില്ല. എങ്കിലും ആള്‍ഭേദം വിചാരിക്കാതെ എല്ലാവരോടും ഒരു പോലെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനു ധാരാളമുണ്ടായിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും കേള്‍ക്കുകയും കാണുകയും ചെയ്താല്‍ അദ്ദേഹം ഒന്നാന്തരം മുട്ടാളാനാണെന്നും ചിലപ്പോള്‍ വലിയ വിനയ ശാലിയാണെന്നും തോന്നുമായിരുന്നു. ആകപ്പാടെ വിചാരിച്ചാല്‍ വലിയ ഒരപരിച്ഛദ്യേ സ്വഭാവനായിരുന്നുവെന്നുതെന്ന പറയേണ്ടിയിരിക്കുന്നു.


മാരാര്‍ പരദേശത്തിനിന്നു തിരിച്ചുവന്ന കാലത്ത് അന്നത്തെ കൊച്ചി വലിയ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് മാരാരെ തിരുമുമ്പാകെ വരുത്തി, "കൃഷ്ണന്റെ ഈ വേ‌ഷം മാറ്റണം. പിന്‍കുടുമയും മേള്‍മീശയും മലയാളി കള്‍ക്കു ചേര്‍ന്നതല്ല. ഈ വേ‌ഷത്തില്‍ ക്ഷേത്രപ്രവൃത്തികള്‍ നടത്തുന്നതു തന്നെ ശരിയല്ല" എന്നു കല്‍പിച്ചു. ഇതിനു മറുപടിയായി കൃഷ്ണമാരാര്‍ അറിയിചത്, "കല്‍പന അനുസരിക്കേണ്ടത് അടിയന്റെ കൃത്യമാണ്.


ആശ്രിതന്മാരുടെ അഭീ ഉു0ന്ധ08ം അനുവദിച്ചുകൊടുക്കുകയെന്നുള്ളത് ഇവിടു ത്തെ ധര്‍മ്മവുമാണ്. അതിനാല്‍ ഇക്കാര്യം രാജിയായിട്ടു തീര്‍ത്താല്‍ കൊള്ളാമെന്നാണ് അടിയന്റെ അപേക്ഷ. പിന്‍കുടുമ മാറ്റണമെന്നുള്ള കല്‍പന സാദരം അടിയന്‍ സമ്മതിച്ചിരിക്കുന്നു. ഉടനെ അതു കളഞ്ഞു മുന്‍കുടുമ വെച്ചുകൊള്ളാം. മേല്‍മീശ ശൂരത്വമുള്ള പുരു‌ഷന്മാര്‍ക്കു അവശ്യം വേണ്ടതാകയാല്‍ അത് ഇരുന്നുകൊള്ളട്ടെ എന്നു കല്‍പിച്ചനു വദിക്കുകയും വേണം. ഇതാണ് രാജിയുടെ സ്വഭാവം" എന്നായിരുന്നു. മാരാരോടു നിര്‍ബന്ധിച്ചാല്‍ ഫലിക്കുകയില്ലെന്നു തിരുമനസ്സിലേക്കു നല്ല നിശ്ചയമുണ്ടായിരുന്നതിനാല്‍ ഒടുക്കം "എന്നാല്‍ കൃഷ്ണന്റെ ഹിതംപോലെ യാവട്ടെ" എന്നു കല്‍പിചു. കൃഷ്ണമാരാര്‍ അന്നുതന്നെ പിന്‍കുടുമ മാറ്റി മുന്‍കുടുമയാക്കുകയും ചെയ്തു.കൃഷ്ണമാരാരുടെ വീടു പഴക്കംകൊണ്ടു വളരെ ജീര്‍ണ്ണപ്പെട്ടിരുന്ന തിനാല്‍ ആ വിവരം ഒരിക്കല്‍ കൊച്ചി വലിയ തമ്പുരാന്‍ തിരുമനസ്സിലെ അടുക്കല്‍ അറിയിക്കുകയാല്‍ പുരപണിക്കായി രണ്ടായിരം രൂപാ കല്‍പിച്ചു കൊടുത്തു. അതുകൊണ്ടു പോയി കൃഷ്ണമാരാര്‍ പറമ്പിനു മതില്‍ കെട്ടിച്ചുതുടങ്ങി. തിരുമനസ്സുകൊണ്ട് ആ വിവരമറിഞ്ഞ് അതിനെക്കുറിച്ചു കല്‍പിചു ചോദിച്ചപ്പോള്‍ "പറമ്പിനകത്താണല്ലോ പുര. പറമ്പിനു രക്ഷയി ല്ലാഞ്ഞാല്‍ പുരയ്ക്കുറപ്പു മതിയാവുകയില്ലല്ലോ എന്നു വിചാരിച്ചാണ്" എന്നു തിരുമനസ്സറിയിച്ചു. കല്‍പിച്ചുകൊടുത്ത പണം തീര്‍ന്നപ്പോള്‍ മതില്‍കെട്ടും മതിയാക്കി. ഒടുക്കം മതില്‍ മുഴുവനുമായില്ല. പുര പണിയിച്ചുമില്ല. അക്കാര്യം അങ്ങനെ തീര്‍ന്നു. കൊച്ചിയിലെ, മിഉു015ന്ധുനമാസത്തില്‍ തീപ്പെട്ട വലിയ തമ്പുരാന്‍ തിരുമനസ്സു കൊണ്ടു കൃ‌ഷണമാരാരും സമപ്രായക്കാരായിരുന്നു. കൃഷ്ണ മാരാരുടെ കൊട്ട്, പാട്ട് മുതലായവയുടെ ഗുണമറിഞ്ഞ് രസിക്കുന്നതിനും യോഗ്യതാനുരൂപം ബഹുമാനിക്കുന്നതിനും വേണ്ടുന്ന ജ്ഞാനം ആ തിരുമനസ്സിലേക്കു ധാരാളമായിട്ടുണ്ടായിരുന്നു. എങ്കിലും അവിടുത്തെ സേവന്മാര്‍ മാരാരുടെ യോഗ്യതയ്ക്കു തക്കവണ്ണമുള്ള സംഭാവനകള്‍ കല്‍പിച്ചുചെയ്വാന്‍ ഇടയാക്കാതെയിരിക്കുകയും തരംപോലെ ചില ഏ‌ഷണികള്‍ പ്രയോഗിച്ചു കൂടെക്കുടെ മാരാരുടെ പേരില്‍ തിരുവുള്ളക്കേടുണ്ടാക്കിത്തീര്‍ക്കുകയും ചെയ്തിരുന്നു. സേവന്മാര്‍ക്കു മാരാരോടു വിരോധത്തിനു കാരണം അവരെ മാരാര്‍ ക്രമത്തിലധികം ബഹുമാനിക്കാതെയിരുന്നതാണ്. മാരാര്‍ തമ്പുരാനെയല്ലാതെ സേവന്മാരെ അത്ര വകവെയ്ക്കാറില്ല. ദേവനെയല്ലാതെ ബലിക്കല്ലുകളെക്കൂടി വന്ദി ക്കാന്‍ കഴികയില്ല എന്നായിരുന്നു മാരാരുടെ അഭിപ്രായം. ഏ‌ഷണിമൂല മുണ്ടാകുന്ന കല്‍പനയേയും മാരാരത്ര വകവെയ്ക്കാറില്ല. അങ്ങനെ വല്ല കല്‍പനയുമുണ്ടായാല്‍ ഉടനെ എന്തെങ്കിലും അപകടം കാണിക്കുകയോ പറയുകയോ ആണ് മാരാരുടെ പതിവ്.


ഒരിക്കല്‍ തൃപ്പൂണിത്തുറക്ഷേത്രത്തില്‍ ഉത്സവകാലത്ത് കൃഷ്ണമാരാര്‍ ക്ഷേത്രത്തില്‍ മതില്‍ക്കകത്തു കടക്കരുതെന്നൊരു കല്‍പനയുണ്ടായി. ഇതു സേവകന്മാരുടെ ഏ‌ഷണി നിമിത്തമുണ്ടായതാണെന്നു അറിയാമാ യിരുന്നതുകൊണ്ട് മാരാര്‍ മദ്ദളപ്പറ്റിന്റെ സമയത്ത് ഒരു മദ്ദളമെടുത്തുകൊണ്ട് മതിലിന്മേള്‍ കയറിനിന്ന് കൊട്ടിതുടങ്ങി. അതു കണ്ട് കാരണമെന്തന്ന് ചിലര്‍ ചോദിച്ചപ്പോള്‍ "ഞാന്‍മതില്‍ക്കകത്തു കടക്കരുതെന്നു കല്‍പന യുണ്ടായിട്ടുണ്ട്. കല്‍പന അനുസരിക്കാതെയിരിക്കാന്‍ നിവൃത്തിയില്ലല്ലോ. എന്നാല്‍ എന്റെ ക്ഷേത്രപ്രവൃത്തി കല്‍പ്പിച്ചു വിരോധിച്ചിട്ടുമില്ല. അതു കൊണ്ട് എന്റെ തൊഴില്‍ നടത്താതെയിരിക്കാനും എനിക്കു നിവൃത്തിയില്ല. അതുകൊണ്ട് ഇവിടെ നിന്നു കൊട്ടുന്നതാണ്" എന്നായിരിരുന്നു മറുപടി പറഞ്ഞത്. ഈ വര്‍ത്തമാനങ്ങളെല്ലാം അപ്പോള്‍തന്നെ സേവന്മാര്‍ മുഖാന്തരം തിരുമനസ്സിലേക്കറിവു കിട്ടുകയാല്‍ കല്‍പിച്ച് ഒരാളെ അയച്ചു വിളിപ്പിച്ച് മാരാരെ തിരുമുമ്പാകെ വരൂത്തീട്ട്, "ഇനി കൃഷ്ണനെ നമ്മുടെ രാജ്യത്ത് കാണരുത്" എന്നു കല്പിച്ചു. ഇതിനു മറുപടിയായി മാരാര്‍ തിരുമനസ്സറിയിച്ചത് "റാന്‍, ഒരു വിരല്‍ നീളത്തില്‍ ഒരു മുറിത്തിരികൂടി തരാന്‍ കല്‍പനയുണ്ടാകണം" എന്നായിരുന്നു. മാരാരുടെ വാക്കിന്റെ സാരം കൊച്ചിരാജ്യം ഒരു മുറിത്തിരികൊണ്ട് മറുരാജ്യത്തെത്താവുന്ന വിധത്തില്‍ ഏറ്റവും ചെറിയതാണെന്നും ഭൂമി വിപുലമായതുകൊണ്ട് എവിടെ യെങ്കിലും പോയി കാലക്ഷേപം ചെയ്തുകൊള്ളമെന്നുമാണല്ലോ. രാജഭക്തനായിരുന്ന കൃഷ്ണമാരാര്‍ ഇപ്രകാരം തിരുമനസ്സറിയച്ചത് തമ്പുരാനെക്കുറിച്ചുള്ള വൈരസ്യംകൊണ്ടോ ധിക്കാരംകൊണ്ടോ അല്ലായിരുന്നു. സേവകന്മാരെക്കുറിച്ചുള്ള പുച്ഛംകോണ്ട് അവരെ മദ്ധ്യമമാക്കാനായിട്ടു മാത്രമായിരുന്നു.


തിരുമനസ്സിലേക്കു തിരുവുള്ളക്കേടുണ്ടായാല്‍ അതു മാറ്റുന്നതിനു മാരാര്‍ക്കു ഒരു നല്ല കശൗലമുണ്ടായിരുന്നു. അക്കാലത്തു കോവിലകത്തു കഥകളിയില്ലാത്ത ദിവസം ചുരുക്കമായിരുന്നു. എന്നാല്‍ കഥകളിക്കു കൊട്ടാന്‍ കൃഷ്ണമാരാര്‍ അധികം പോകാറില്ല. കളി തൃക്കണ്‍പാര്‍ക്കുന്നതിന് തിരുമനസ്സുകൊണ്ട് തോടയം, പുറപ്പാട്, മഞ്ജുതര മുതലായവയൊക്കെ ക്കഴിഞ്ഞ് കഥ തുടങ്ങിയതിന്റെ ശേ‌ഷമേ പുറത്ത് എഴുന്നള്ളി യിരിക്കാറുള്ളു. മാരാരോടു തിരുവുള്ളക്കേടുണ്ടായിരിക്കുന്ന കാലങ്ങളില്‍ മാരാര്‍ മഞ്ജുതരയാകുമ്പോള്‍ അരങ്ങത്തെത്തി ചെണ്ടയെടുത്തു തോളത്തിട്ടു കൊട്ടിത്തുടങ്ങും. ഉടനെ പുറത്തെഴുന്നള്ളും. കൃഷ്ണമാരാരുടെ ഇടംകൈ ചെണ്ടപ്പുറത്തു വീണാലുള്ള ശബ്ദം തിരുമനസ്സിലേക്കു പ്രത്യേകമറിയാമായിരുന്നു. തിരുമനസ്സുകൊണ്ട് എഴുന്നള്ളിയിരുന്നാല്‍ കളി കഴിയുന്നതുവരെ മാരാര്‍ കൊട്ടുകയും മാരാര്‍ കൊട്ടാനുണ്ടായാല്‍ തിരുമനസ്സുകൊണ്ട് കളി കഴിയുന്നതുവരെ എഴുന്നള്ളിയിരുന്ന് തൃക്കണ്‍പാര്‍ക്കുകയും പതിവാണ്. ഒടുക്കം എന്തെങ്കിലും ഒരു സമ്മാനം മാരാര്‍ക്കു കല്‍പിച്ചുകൊടുക്കകയും അതോടുകൂടി തിരുവുള്ളക്കേടു തീരുകയും ചെയ്യും. ഇതാണു മാരാരുടെ കശൗലം. ഇതില്‍ സേവക ന്മാരുടെ സുത്രമൊന്നും പറ്റാറുമില്ല.


ഒരിക്കല്‍ തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ കൃഷ്ണമാരാര്‍ ഉചപ്പൂജയ്ക്കു കൊട്ടുകയും പാടുകയും ചെയ്തുകൊണ്ടിരുന്നു. പതിവില്‍ ഇരട്ടി സമയ മായിട്ടും തന്ത്രി നടതുറക്കായകയാല്‍ മാരാര്‍ ഇടയ്ക്ക അവിടെത്തൂക്കീട്ടു വീട്ടിലേക്കു പോയി. അന്ന് ഉച്ചതിരിഞ്ഞപ്പോള്‍ തന്ത്രി ചെന്നു വിവരം തിരുമനസ്സറിയിച്ചു. ഉടനെ മാരാരെ തിരുമുമ്പാകെ വരുത്തി, "പൂജ കഴിഞ്ഞു നട തുറക്കുന്നതിനു മുമ്പു കൊട്ടു നിറുത്തി പൊയ്ക്കളഞ്ഞ തെന്താണെ"ന്ന് കല്‍പ്പിച്ചു ചോദിച്ചു. അതിനു മാരാരുടെ മറുപടി, "പ്രസന്നപൂജയ്ക്ക് ഇത്ര സമയം വേണമെന്ന് അടിയനു നിശ്ചയമുണ്ട്. അത് അടിയന്‍ പ്രമാണസഹിതം ഇവിടെ ബോധ്യപ്പെടുത്താം. ആവശ്യ മുള്ളതില്‍ ഇരട്ടി സമയം അടിയന്‍ കൊട്ടുകയും പാടുകയും ചെയ്തു. പിന്നെയും നട തുറക്കാതെയിരുന്നത് അടിയന്റെ കുറ്റമല്ല" എന്നായിരുന്നു. മാരാരറിയിച്ചതു വാസ്തവമാണെന്നു തിരുമനസ്സിലേക്കു തോന്നി. എങ്കിലും തന്ത്രിയുടെ പരാതി അവിടെ വകവെച്ചില്ലെന്നു വരുത്തുന്നതു ശരിയില്ലല്ലോ എന്നു വിചാരിച്ച് "ഇങ്ങനെ സമാധാനം പറഞ്ഞാലും മറ്റും പോരാ; ഇന്നത്തേതേതെങ്കിലും കഴിഞ്ഞുവല്ലോ. ഇനി അതിനെക്കുറി ച്ചൊന്നും പറയുന്നില്ല. മേലാല്‍ ഇങ്ങനെ വരരുത്. തന്ത്രി അകത്തു കയറി വാതിലടച്ചാല്‍ തുറക്കുന്നതുവരെ കൊട്ടിക്കൊള്ളണം" എന്നു കല്‍പിച്ചു. "റാന്‍, മേലാലങ്ങനെ ചെയ്തുകൊള്ളാം" എന്നറിയിച്ചിട്ട് മാരാര്‍ പോയി.


തന്ത്രിക്കു ഉച്ചയ്ക്കു ഊണു കഴിഞ്ഞാല്‍ ഉടനെ കിടന്ന് ഒരു രണ്ടു നാഴിക നേരമെങ്കിലും ഉറങ്ങാഞ്ഞാല്‍ വലിയ സുഖക്കേടാണ്. അദ്ദേഹം ആ പകലുറക്കം ഒരു നിത്യകര്‍മ്മംപോലെ പതിവായി നടത്തിയിരുന്നു. അതിനു വിഘ്നമുണ്ടാക്കുന്നതു അദ്ദേഹത്തിനു പരമസങ്കടമായിരുന്നു. മാരാരെക്കുറിച്ചു പരാതി തിരുമനസ്സറിയിച്ചതിന്റെ പിറ്റേ ദിവസം ഉചയ്ക്ക് തന്ത്രി ഊണു കഴിഞ്ഞു പുരയ്ക്കകത്തു കയറി വാതിലടച്ചു കിടന്നു നല്ല ഉറക്കമായപ്പോള്‍ കൃഷ്ണമാരാര്‍ ഒരു ചെണ്ടയും കൊണ്ട് അവിടെയെത്തി പുറത്തുനിന്നു കേമമായിട്ടു കൊട്ടിതുടങ്ങി. കൊട്ടു കേട്ടു തന്ത്രി ഉണര്‍ന്നു ശുണ്ഠികടിച്ചുകൊണ്ടെണീറ്റു വാതില്‍ തുറന്നു. ഉടനെ മാരാര്‍ കൊട്ടും നിര്‍ത്തി. തന്ത്രി ദേ‌ഷ്യപ്പെട്ട് പലുകടിചുകൊണ്ട് "എന്താ കൃÿാ! ഇങ്ങനെ ഉപദ്രവിക്കുന്നത്?" എന്നു ചോദിച്ചു. അതിനു മാരാരുടെ മറുപടി, "വലിയതമ്പുരാന്‍ തിരുമനസ്സിലെ കല്‍പന അവിടുന്നും കേട്ടില്ലേ? തന്ത്രി അകത്തു കയറി വാതിലടച്ചാല്‍ തുറക്കുന്നതുവരെ കൊട്ടണം എന്നല്ലേ കല്‍പിചത്? കല്‍പന പ്രകാരം ചെയാതിരിക്കാന്‍ എനിക്കു നിവൃത്തി യുണ്ടോ?" എന്നായിരുന്നു. ഉച്ചസമയത്ത് അകാരണമായിക്കേട്ട കൊട്ടിന്റെ കാരണമറിയുന്നതിനായി അവിടെ വന്നുകൂടിയിരുന്നവരെല്ലാം മാരാരുടെ ഈ മറുപടി കേട്ടു പൊട്ടിച്ചിരിച്ചു. തന്ത്രി ഏറ്റവും ഇളിഭ്യനായിത്തീരുകയും ചെയ്തു. പിന്നെ ഒരിക്കലും തന്ത്രി പൂജയടച്ചാല്‍ തുറക്കുന്നതിനു ക്രമത്തിലധികം താമസിപ്പിച്ചു മാരാരെ ബുദ്ധിമുട്ടിച്ചിരുന്നില്ല.


കൃഷ്ണമാരാര്‍ പരദേശങ്ങളില്‍ സഞ്ചരിച്ചിരുന്നപ്പോള്‍ ചെപ്പടിവിദ്യയും ആള്‍മാറാട്ടവും പഠിച്ചതായി മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ രണ്ടു വിദ്യകളും മാരാര്‍ തൃപ്പൂണിത്തുറെ ഉത്സകാലത്ത് കാണിക്കാറുണ്ടായിരുന്നു. തൃപ്പൂണി ത്തുറ ക്ഷേത്രത്തില്‍ ആണ്ടുതോറും പതിവുള്ള മൂന്നുത്സവങ്ങളില്‍ പ്രാധാന്യം വൃശ്ചികമാസത്തിലേതിനാണ്. വൃശ്ചികമാസത്തില്‍ ചോതി കൊടിയേറ്റും തിരുവോണം ആറാട്ടുമാണ് പതിവ്. അതില്‍ നാലാമുത്സവം തൃക്കേട്ട അവിടെ വളരെ പ്രധാനമാണ്. അന്ന് അവിടെ ദേവദര്‍ശനം വളരെ പ്രധാനമാകയാല്‍ മറ്റുള്ള ദിവസങ്ങളിലേക്കാള്‍ വളരെയധികം ആള്‍ക്കൂട്ടമുണ്ടാകും. അന്നത്തെ എഴുന്നള്ളിപ്പിനു 'തൃക്കേട്ടപ്പുറപ്പാട്' എന്നാണ് പറഞ്ഞുവരുന്നത്. വലിയ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് എഴുന്നള്ളത്തു തൃക്കണ്‍പാര്‍ക്കുന്നതിന് എഴുന്നള്ളിയിരിക്കുന്നതു പടിഞ്ഞാറെത്തട്ടിന്മേല്‍ (മതില്‍മാളികയില്‍) ആണ് പതിവ്. എഴുന്നള്ളിപ്പു തിരുമനസ്സിലെ തിരുമുമ്പിലാകുന്ന സമയത്താണ് മാരാന്മാര്‍ മേളം പൊടിപൊടിക്കുന്നത്. അതിനു പറഞ്ഞുവരുന്ന പേരുതന്നെ "തിരുമുമ്പില്‍ മേളം" എന്നാണ്. ഒരു കൊലം നാലാമുത്സവദിവസം വിളക്കിന്റെ തിരുമുമ്പില്‍ മേളസമയത്ത് ഒരു കുറുങ്കുഴല്‍ക്കാരന്‍ അവിടെയെത്തി കുഴലൂതിത്തുടങ്ങി. ഈ കുഴല്‍ക്കാരന്‍ അവിടെയെല്ലാവര്‍ക്കും അപരിചി തനും ആദ്യംതന്നെ ചെന്നു ചാര്‍ത്തിക്കാതെ നാലാമുത്സവദിവസം രാത്രിയില്‍ ചെന്നു ചേര്‍ന്നായാളുമായതിനാല്‍ അവിടെയുണ്ടായിരുന്ന മറ്റു കുഴല്‍ക്കാര്‍ ഈ പുതിയ മനു‌ഷ്യനു മാന്യസ്ഥാനം കൊടുത്തില്ല. അതിനാല്‍ ആ മനു‌ഷ്യന്‍ സ്വല്‍പം പിന്നോക്കം മാറിനിന്നാണ് ഊതിയത്. ആ കുഴലൂത്തിന്റെ രസികത്വം തിരുമനസ്സിലേക്കു സര്‍വ്വോപരി കര്‍ണ്ണാനന്ദ കരവും മനസ്സമാകര്‍‌ഷകവുമായിത്തീരുകയാല്‍ ആ കുഴല്‍ക്കാരനെക്കുറിച്ച് അപ്പോള്‍തന്നെ കല്‍പിച്ചന്വേ‌ഷിക്കുകയും വിളക്കിനെഴുന്നള്ളിച്ചതിന്റേ ശേ‌ഷം വന്നുചേര്‍ന്ന ഒരു പുതിയ ആളാണെന്നു മനസ്സിലാക്കുകയും ചെയ്തു. തിരുമുമ്പില്‍ മേളം കലാശിച്ചയുടനെ ഒരാളെ അയച്ച് ആ കുഴല്‍ക്കാരനെ തിരുമുമ്പാകെ വരുത്തി, "കുഴല്‍ ഇന്നേ ചാര്‍ത്തിയുള്ളു, അല്ലേ? എന്നു കല്‍പ്പിച്ചു ചോദിച്ചു.

കുഴല്‍ക്കാരന്‍: റാന്‍.

തമ്പുരാന്‍: ആദ്യംതന്നെ വരാഞ്ഞതെന്താണ്?

കുഴല്‍ക്കാരന്‍: കുഴല്‍ക്കാരുടെ കൂട്ടത്തില്‍ കാണാറില്ലല്ലോ.

കുഴല്‍ക്കാരന്‍: ഇന്നലെവരെ ചെണ്ടകൊട്ടുകയായിരുന്നു.

തമ്പുരാന്‍: സ്വദേശം എവിടെയാണ്?

കുഴല്‍ക്കാരന്‍: ഇവിടെയടുത്തുതന്നെയാണ്.

തമ്പുരാന്‍: 'പേരെന്താണ്?


കുഴല്‍ക്കാരന്‍: മുണ്ടേമ്പിള്ളി കൃഷ്ണന്‍.

തമ്പുരാന്‍:"ഹേ നമ്മുടെ കൃഷ്ണനോ? അത്ഭുതം തന്നെ! കണ്ടിട്ട് നാം അശേ‌ഷമറിഞ്ഞില്ല. കൃഷ്ണന്‍ ഇങ്ങനെ ചില വിദ്യകള്‍ പഠിച്ചിട്ടുണ്ടെന്നു നാം ധരിച്ചിട്ടുണ്ട്. അനുഭവപ്പെട്ടതിന്നാണ്. സന്തോ‌ഷമായി" എന്നു കല്‍പിക്കുകയും ചില സമ്മാനങ്ങള്‍ കല്‍പിച്ചുകൊടുക്കുകയും ചെയ്തു. ഇങ്ങനെ കൃഷ്ണമാരാര്‍ വേ‌ഷമാറ്റവും മോടി (ചെപ്പടി) വിദ്യകളും കാണിച്ചു തിരുമനസ്സിലെ തൃക്കൈയില്‍നിന്നു കൂടെക്കൂടെ സമ്മാനങ്ങള്‍ വാങ്ങി യിരുന്നു. വിസ്തരഭയത്താല്‍ അവയൊന്നും വിവരിക്കുന്നില്ല.


കൃഷ്ണമാരാര്‍ കൂടെക്കൂടെ ദേശസഞ്ചാരം ചെയ്യുകയും ചെല്ലുന്ന ദിക്കുകളിലെല്ലാം പണി ധാരാളമായി കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ വല്ലതും സ്വല്‍പം സമ്പാദിക്കണമെന്നുള്ള വിചാരം ആ മനു‌ഷ്യനു ലേശംപോലുമുണ്ടായിരുന്നില്ല. കിട്ടുന്നതെല്ലാം ചെലവുതന്നെ. ഒരിക്കലും കൈവശം പണമുണ്ടായിരിക്കാറില്ല.


ഒരിക്കല്‍ മാരാര്‍ ദേശസഞ്ചാരത്തിനു പുറപ്പെട്ടപ്പോള്‍ ഉടുത്തി രുന്നതുള്‍പ്പെടെ രണ്ടു മുണ്ടല്ലാതെ പണമായിട്ട് കൈവശം അധികമൊന്നു മുണ്ടായിരുന്നില്ല. ഒരു ഭൃത്യനെക്കൂടെ കൊണ്ടുപോയിട്ടുമുണ്ടായിരുന്നു. അതിനാല്‍ കോയമ്പത്തൂരെത്തിയെപ്പോഴേക്കും കൈവശമുണ്ടായിരുന്ന പണം മുഴുവനും തീര്‍ന്നു. അന്ന് അവിടെ ഒരു ബ്രാഹ്മണഗൃഹത്തില്‍ കെങ്കേമമായിട്ടുള്ള ഒരു വിവാഹമടിയന്തിരമായിരുന്നു. മാരാരും ഭൃത്യനും കൂടി അവിടെചെന്നു കയറി. അപ്പോള്‍ അവിടെ മഹായോഗ്യന്മാരായ ഭാഗവതര്‍മാരും മൃദംഗക്കാരും കൂടിയിരുന്നുള്ള ഒരു പാട്ടുകച്ചേരി യായിരുന്നു. കൃഷ്ണമാരാര്‍ ഒരു മൃദംഗക്കാരന്റെ അടുക്കല്‍ചെന്നുകൂടി കുറച്ചു കഴിഞ്ഞപ്പോള്‍ മാരാര്‍ ആ മൃദംഗക്കാരനോട്, "ക്ഷീണമായെങ്കില്‍ ഇനി കുറച്ചുനേരം ഞാനാവാം" എന്നു പറഞ്ഞു. മൃദംഗവായനയ്ക്കു തന്നോളം യോഗ്യതയുണ്ടായിട്ടു ലോകത്തിലാരുമില്ലെന്നായിരുന്നു ആ മൃദംഗക്കാരന്റെ വിചാരം. അതിനാല്‍ മാരാര്‍ പറഞ്ഞത് അയാള്‍ക്കു രസിച്ചില്ല. "ഇയാള്‍ ഒരു വിഡ്ടന്മ്യാനാണ്. അല്ലെങ്കില്‍ എന്നോടിങ്ങനെ പറയുമോ? ഇയ്യാളുടെ വിഡ്ടന്മിത്തമൊന്നു പുറത്താക്കണം. ഇയ്യാള്‍ മൃദംഗം വായിച്ചു തുടങ്ങുമ്പോള്‍ ഇയ്യാളെ ജനങ്ങള്‍ ഇവിടെ നിന്നു ആട്ടിയോടിക്കും. അപ്പോള്‍ ഇയ്യാളുടെ ഗര്‍വ്വു ശമിക്കും" എന്നൊക്കെ വിചാരിച്ച് ആ മൃദംഗക്കാരന്‍ "എന്നാലാട്ടെ" എന്നു പറഞ്ഞു മൃദംഗം മാറ്റി വെച്ചു കൊടുത്തു. മാരാര്‍ ഉടനെ വായനയും തുടങ്ങി. മാരാരുടെ മൃദംഗപ്രയോഗം സ്വല്‍പം കേട്ടപ്പോഴേക്കും അവിടെയുണ്ടായിരുന്ന വരെല്ലാം ആനന്ദാത്ഭുതപരവശന്മാരായിത്തീര്‍ന്നു. ഇത്രയം സരസവും സുഖവഴിയിലുള്ളതുമായ മൃദംഗവായന അതിനുമുമ്പ് അവരാരും കേട്ടിരുന്നില്ല. ഉടനെ പ്രധാനന്മാര്‍ ചെന്നു മാരാരെ കളഭം പൂശിചു വെറ്റിലപാക്കു കൊടുത്തു മാന്യസ്ഥാനത്തു മാറ്റിയിരുത്തി. പാട്ടുകച്ചേരി കഴിഞ്ഞയുടനെ മാരാരെയും ഭൃത്യനേയും ചതുര്‍വ്വിധ വിഭവങ്ങളോടുകൂടി ഊണു കഴിപ്പിക്കുകയും വിവാഹത്തിന്റെ ചടങ്ങുകള്‍ നാലു ദിവസത്തേക്കുണ്ടായിരുന്നതിനാല്‍ നാലു ദിവസം താമസിക്കുന്നതിനു മാരാരെ ക്ഷണിക്കുകയും ചെയ്തു. മാരാര്‍ സുഖമായിട്ടു നാലു ദിവസം അവിടെ താമസിച്ചു. ഒടുക്കം മാരാര്‍ക്കും വളരെ സമ്മാനങ്ങളും ഭാഗവതന്മാരോടൊപ്പം പണവും കൊടുത്താണ് അവര്‍ അവിടെ നിന്നയ്യച്ചത്.


മാരാര്‍ പിന്നെയും പല സ്ഥലങ്ങളില്‍ സഞ്ചരിക്കുകയും ഒട്ടു വളരെ സമ്മാനങ്ങളും പണവും കിട്ടുകയും ചെയ്തു. എങ്കിലും തിരിച്ചു സ്വദേശത്തു വന്നപ്പോള്‍ പോയ സമയം കൊണ്ടുപോയ രണ്ടു മുണ്ടും ആ ഭൃത്യനുമല്ലാതെ യാതൊന്നുമുണ്ടായിരുന്നില്ല. മാരാര്‍ക്കു സ്ത്രീവി‌ഷയ ത്തില്‍ ക്രമത്തിലധികം ഭ്രമമുണ്ടായിരുന്നുവെന്നും കിട്ടുന്നതെല്ലാം ചെലവുചെയ്തിരുന്നത് ആ വി‌ഷയത്തിലായിരുന്നുവെന്നുമാണ് കേള്‍വി. ഇതല്ലാതെ വേറെ ഒരു ദുര്‍ന്നടപ്പും മാരാര്‍ക്കുണ്ടായിരുന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല.


യോഗ്യന്മാരായിട്ടുള്ളവരെ മധ്യമമാക്കുന്നത് ഒരു യോഗ്യതയാണെ ന്നുള്ള വിചാരം മാരാര്‍ക്കു ധാരാളമായിട്ടുണ്ടായിരുന്നു. യോഗ്യന്മാരാ യിട്ടുള്ള പലരെ മധ്യമമാക്കുന്നതിനു മാരാര്‍ ശ്രമിക്കുകയും പലപ്പോഴും അതു സാധിക്കുകയും എന്നാല്‍ ചിലപ്പോള്‍ സാധിക്കാതെ പോവുകയും ചെയ്തിട്ടുണ്ട്.


ശങ്കരപ്പണിക്കര്‍ എന്നു പ്രസിദ്ധനായിട്ട് ഒരു കുറുങ്കുഴല്‍ക്കാരനുണ്ടാ യിരുന്നു. അയാളോട് കൃഷ്ണമാരാര്‍ക്കു സാമാന്യത്തിലധികം സ്പര്‍ദ്ധയും അയാളെ ഒന്ന് അബദ്ധമാക്കിയാല്‍ കൊള്ളാമെന്നു വളരെ മോഹവുമുണ്ടാ യിരുന്നു. അതിനു തരം നോക്കികൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ തൃപ്പൂണി ത്തുറ ക്ഷേത്രത്തില്‍ സന്ധ്യ വേലയ്ക്ക് അവര്‍ രണ്ടുപേരും കൂടി കൂടാനിടയായി. മാരാര്‍ ചെണ്ടയും പണിക്കര്‍ കുറുങ്കുഴലുമായിരുന്നു എടുത്തിരുന്നത്. ഇടക്കലാശങ്ങളില്‍വെച്ചു പണിക്കരെ താളം പിഴപ്പിക്കാ നായിട്ടു മാരാര്‍ വളരെ ശ്രമിച്ചുനോക്കി. പണിക്കര്‍ക്കു താളത്തിനു നല്ല നിശ്ചയവും ഉറപ്പുമുണ്ടായിരുന്നതിനാല്‍ മാരാരുടെ വിദ്യയൊന്നു ഫലി ച്ചില്ല. അയാളെ താളംതെറ്റിക്കാന്‍ സാധിക്കയില്ലെന്നു തീര്‍ച്ചയായപ്പോള്‍ മാരാര്‍ "ഈ ചെണ്ട അങ്ങോട്ടു തരാം, കുഴല്‍ ഇങ്ങോട്ടു തരിക, എന്നിട്ട് നമുക്കൊന്നു നോക്കാം" എന്നു പറഞ്ഞു. അപ്പോള്‍ പണിക്കര്‍, "അതു ഞാന്‍അഭ്യസിച്ചിട്ടില്ല. ഇതു ഞാന്‍അഭ്യസിച്ചിട്ടുണ്ട്. ഇതില്‍ എന്നെ തെറ്റിക്കാമെങ്കില്‍ താന്‍ യോഗ്യനെന്നു ഞാന്‍സമ്മതിക്കാം. പഠിച്ചിട്ടില്ലാ ത്തതു പ്രയോഗിക്കണമെന്നു പറയുന്നതു യോഗ്യതയല്ല" എന്നു പറഞ്ഞു. അതിനാല്‍ മാരാര്‍ ഇ¢ാഭംഗത്തോടുകൂടി പിരിയേണ്ടതായി വന്നു. മാരാര്‍ക്കു ഇങ്ങനെ ഒരു തോല്‍വിയല്ലാതെ വേറെ ഒന്നും ഒരിക്കലം ഉണ്ടായിട്ടില്ല.


കൃഷ്ണമാരാര്‍ പല ദേശങ്ങളിലും സഞ്ചരിക്കാറുണ്ടായിരുന്നുവെ ങ്കിലും തിരുവനന്തപുരത്തു പോകാറില്ലായിരുന്നു. തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ ഉത്സവങ്ങള്‍ക്കും മറ്റും സര്‍വ്വപ്രധാനമായിട്ടുള്ളത് പാണ്ടിവാദ്യവും നാഗസ്വരവുമാണ്. കൊമ്പ്, കുഴല്‍ മുതലായവയോടു കൂടിയുള്ള ചെണ്ടമേളവും തായമ്പകയും മറ്റും ആ ദിക്കുകളില്‍ അത്ര പ്രധാനങ്ങളല്ല. അതിനാല്‍ ചെണ്ട മുതലായ വാദ്യങ്ങളില്‍ പ്രതിപത്തിയും അവയിലുള്ള പ്രയോഗചാതുര്യമറിയുന്നതിനുള്ള ശക്തിയും തെക്കന്‍ ദിക്കുലുള്ളവര്‍ക്കു ഇല്ലെന്നായിരുന്നു മാരാരുടെ ധാരണ. അതുകൊണ്ടാ യിരുന്നു ആ മനു‌ഷ്യന്‍ തിരുവിതാംകൂറില്‍ സഞ്ചരിക്കാതെയിരുന്നത്.


കൊല്ലം 10ന്ധ6-ാമാണ്ടു നാടുനീങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ മഹാ രാജാവു തിരുമനസ്സുകൊണ്ടു കഥകളിയില്‍ വളരെ പ്രതിപത്തിയുള്ള ആളായിരുന്നുവല്ലോ. അക്കാലത്തു കൊട്ടാരത്തില്‍ കഥകളിയില്ലാത്ത ദിവസം വളരെ ചുരുക്കമായിരുന്നു. "കഥകളിക്കു ചെണ്ട കൊട്ടുന്നതിനു മുണ്ടേമ്പിള്ളി കൃഷ്ണനു ശരിയായിട്ടു ലോകത്തിലാരുമില്ല" എന്നും മറ്റും ചില നമ്പൂരിമാര്‍ തിരുമനസ്സറിയിക്കുകയാല്‍ കല്‍പനപ്രകാരം എഴുതി അയച്ച് ഒരിക്കല്‍ കൃഷ്ണമാരാരെ തിരുവനന്തപുരുത്തു വരുത്തിയിരുന്നു. കൃഷ്ണമാരാര്‍ തിരുവനന്തപുരത്തെത്തിയ ദിവസംതന്നെ മുഖം കാണിക്കു കയും കല്‍പനപ്രകാരം കഥകളിക്കു ചെണ്ടകൊട്ടുകയും ചെയ്തു. മഹാരാജാവു തിരുമനസ്സിലെ സേവന്മാരിലും കഥകളിയോഗത്തിലും പ്രധാനന്‍ ഈശ്വരപിള്ള വിചാരിപ്പുകാരദ്ദേഹമായിരുന്നുവല്ലോ. അതിനാല്‍ അദ്ദേഹത്തെത്തന്നെ ഒന്നബദ്ധമാക്കണമെന്നു മാരാര്‍ നിശ്ചയിച്ചു. എന്നാല്‍ മാരാര്‍ക്കു ഇങ്ങനെയൊരപകടസ്വഭാവവും കരുതലുമുണ്ടെന്നുള്ളതു വിചാരിപ്പുകാരദ്ദേഹം അറിഞ്ഞിരുന്നില്ല. അതുകൊണ്ടും മാരാര്‍ കരുതി ക്കൂട്ടിക്കൊണ്ട് അപകടമായിട്ടു കൊട്ടിയതിനാലും വിചാരിപ്പുകാരദ്ദേഹ ത്തിന്റെ ഒരെടുത്തുകലാശം അവതാളത്തിലായിപ്പോയി. കഥകളി തൃക്കണ്‍പാര്‍ത്തുകൊണ്ട് തിരുമനസ്സുകൊണ്ടു എഴുന്നള്ളിയിരിക്കുന്നുണ്ടാ യിരുന്നു. മാരാര്‍ മനഃപൂര്‍വ്വമായി വിചാരിപ്പുകാരദ്ദേഹത്തെ അബദ്ധത്തി ലാക്കുകയാണു ചെയ്തതെന്ന് തിരുമനസ്സിലേക്ക് അപ്പോള്‍തന്നെ മനസ്സിലായി. എങ്കിലും അപ്പോള്‍ അതിനെക്കുറിച്ചൊന്നും കല്‍പിച്ചില്ല. ഒരിക്കല്‍ അബദ്ധം പറ്റിയതിനാല്‍ പിന്നെ വിചാരിപ്പുകാരദ്ദേഹം നല്ല പോലെ കരുതിയതുകൊണ്ടും, "ഒന്നു പറ്റിയല്ലോ, അതു മതി" എന്നു വിചാരിച്ചു മാരാര്‍ പിന്നെ അപകടമായിട്ടു കൊട്ടാതെയിരുന്നതിനാലും വിചാരിപ്പുകാരദ്ദേഹത്തിന് ആ ഒരു പ്രാവശ്യമല്ലാതെ പിന്നെ അബദ്ധ മൊന്നും പറ്റിയില്ല. പിന്ന മാരാര്‍ അപകടമൊന്നും കൂടാതെ കൊണ്ടു പിടിച്ചുകൊട്ടുകയും ചെയ്തു. വിചാരിപ്പുക്കരദ്ദേഹത്തെ അവതാളത്തിലാ ക്കിയതു കൊണ്ട് തിരുമനസ്സിലേക്ക് ആദ്യം സ്വല്‍പം തിരുവുള്ള ക്കേടുണ്ടായെങ്കിലും പിന്നെ മാരാരുടെ കൊട്ടു കേട്ട് അവിടുന്നു വളരെ സന്തോ‌ഷിക്കയും ചെയ്തു.


പിറ്റേ ദിവസം ഉച്ചതിരിഞ്ഞ സമയം മാരാര്‍ തിരുമുമ്പാകെ ചെന്നു. അപ്പോള്‍ വിചാരിപ്പുകാരദ്ദേഹവും അവിടെയുണ്ടായിരുന്നു. മാരാരെ കണ്ടയുടനെ തിരുമനസ്സുകൊണ്ട് "ഇന്നലെ കൃഷ്ണന്‍ ഈചരന്റെ ഒരു കലാശം പിഴപ്പിചു, ഇലേ?" എന്നു കല്‍പിചു ചോദിചു. അതിനു മറുപടിയായി മാരാര്‍ തിരുമനസ്സിറിയിച്ചത് "ഗുരുക്കന്മാരുടെ അടുക്കല്‍ അഭ്യസിച്ചു പഠിപ്പിച്ചുള്ളവര്‍ക്കും മറ്റൊരാള്‍ പിഴപ്പിച്ചാലും ഒന്നും പിഴയ്ക്കുകയില്ല" എന്നായിരുന്നു. അതു തിരുമനസ്സിലേക്കു നല്ല രസ മായില്ല. എങ്കിലും തിരുവുള്ളക്കേടായിട്ടു ഒന്നു കല്പിച്ചില്ല. "ആട്ടെ, കൃഷ്ണന്‍ കുറച്ചു ദിവസംകൂടി ഇവിടെ താമസ്സിച്ചിട്ടേ പോയ്ക്കളയാവൂ, കൃഷ്ണന്റെ കൊട്ടു കേട്ടിട്ടു മതിയായില" എന്നാണ് അവിടുന്ന് കല്‍പിചത്.


കല്‍പനപ്രകാരം മാരാര്‍ ഏതാനും ദിവസം തിരുവനന്തപുരത്തു താമസിക്കുകയും പതിവായി കഥകളിക്കു വിചാരിപ്പുകാരദ്ദേഹം മുതലായ പ്രധാനവേ‌ഷക്കാരുടെ ആട്ടത്തിനു കൊട്ടുകയും ചെയ്തിരുന്നു. ഒടുക്കം മാരാര്‍ യാത്രയറിയിച്ച സമയം ഒരു വീരശൃംഖലയെടുത്തു തൃക്കൈയില്‍ പിടിചുകൊണ്ട് കൈ നീട്ടാന്‍ കല്‍പിചപ്പോള്‍ മാരാര്‍ ഇടത്തുകൈ നീട്ടി. ഉടനെ വലത്തുകൈ നീട്ടാന്‍ കല്‍പിചു. അപ്പോള്‍ മാരാര്‍, "അത് അടിയന്റെ തമ്പുരാന്‍ വല്ലതും കല്‍പിച്ചുതരുമ്പേഴത്തേക്കിരിക്കട്ടെ" എന്നറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് ഒരു വീരശൃംഖലകൂടി തൃകൈ യിലെടുത്തു. അപ്പോള്‍ മാരാര്‍ രണ്ടുകൈയും നീട്ടിക്കൊടുത്തു. തിരുമനസ്സുകൊണ്ട് മാരാരുടെ രണ്ടു കൈയ്ക്കും വീരശൃംഖല ഇടുവിച്ചു കൊടുക്കുകയും മാരാര്‍ക്കു വഴിച്ചെലവിനായി നിത്യച്ചെലവുവക യില്‍നിന്നു നൂറു രൂപാ കല്‍പിച്ചു കൊടുപ്പിച്ചു സന്തോ‌ഷിപ്പിച്ചയയ്ക്കു കയും ചെയ്തു.


പിന്നെ കൃഷ്ണമാരാര്‍ 1055-ാമാണ്ടു നാടുനീങ്ങിയ ആയില്യം തിരുനാള്‍ തിരുമനസ്സിലെക്കാലത്തും 60-ാമാണ്ടു നാടുനീങ്ങിയ വിശാഖം തിരുനാള്‍ തിരുമനസ്സിലെക്കാലത്തും തിരുവനന്തപുരത്തു പോവുകയും മാരാരുടെ കൊട്ട്, പാട്ട് മുതലായവ കേട്ടു സന്തോ‌ഷിച്ച് ആ രണ്ടു മഹാരാജാക്കന്മാരും മാരാര്‍ക്കു പല സമ്മാനങ്ങള്‍ കല്‍പിച്ചു കൊടുക്കുകയുമുണ്ടായി. കൃഷ്ണമാരാര്‍ക്കു സാമൂതിരിപ്പാടു തമ്പുരാക്കന്മാരും വീരശൃംഖല മുതലായ സമ്മാനങ്ങള്‍ കല്‍പിച്ചുകൊടുക്കുകയുണ്ടായിട്ടുണ്ട്. ഇങ്ങനെ മൂന്നു സംസ്ഥാനത്തു നിന്നും രാജസംഭാവനക!ള്‍ ലഭിച്ചിട്ടുള്ള മാരാന്മാര്‍ വേറെ ഉണ്ടായിരുന്നതായി കേട്ടിട്ടില്ല. ഇപ്പോള്‍ ഇല്ലെന്നുള്ള കാര്യം തീര്‍ച്ചയും ഇനി ഉണ്ടാകുന്ന കാര്യം സംശയവുമാണ്.