ഐതിഹ്യമാല/കുളപ്പുറത്തു ഭീമന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മീനച്ചില്‍ താലൂക്കില്‍ കയ്യ്യൂര്‍ ദേശത്തു കുളപ്പുറത്ത് എന്ന നായര്‍ ഗൃഹത്തില്‍ കൊല്ലവര്‍‌ഷം ഒന്‍പതാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു മനു‌ഷ്യന്റെ പേരാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. ഈ മനു‌ഷ്യന്റെ സാക്ഷാല്‍ പേര് എന്തായിരുന്നു എന്ന് നിശ്ചയമില്ല. അത്ഭുതകര്‍മ്മങ്ങള്‍ നിമിത്തം ജനങ്ങള്‍ കൊടുത്തിട്ടുള്ളതാണ്. കുളപ്പുറത്തു ഭീമന്റെ അത്ഭുതകര്‍മ്മങ്ങള്‍ പറയുകയെന്നുവച്ചാല്‍ അവസാനമില്ലാതെയുണ്ട്. അവയില്‍ ചിലതു മാത്രമേ ഇവിടെ വിവരിക്കണമെന്നു വിചാരിക്കുന്നുള്ളു.

ആജാനുബാഹുവും സ്ഥൂലശരീരനും ഉന്നതകായനുമായിരുന്ന ഭീമന്‍ കാഴ്ചയില്‍ ഒരു ഭീമന്‍ തന്നെയായിരുന്നുവെങ്കിലും ഒട്ടും വിരൂപനായിരുന്നില്ല "വ്യൂടേന്മാരസ്കോവൃ‌ഷസ്കന്ധസ്സാലപ്രാംശുര്‍മ്മഹാഭുജഃ" എന്നു കാളിദാസന്‍ ദിലീപരാജാവിനെ വര്‍ണ്ണിച്ചിട്ടുള്ളതു നമ്മുടെ ഭീമനും നല്ലപോലെ ചേരുമായിരുന്നു. എന്നാല്‍ നമ്മുടെ ഭീമനു ചെറുപ്പത്തില്‍ മതിയാകത്തക്കവണ്ണമുള്ള ആഹാരം സ്വഗൃഹത്തില്‍ നിന്നു ലഭിച്ചിരുന്നില്ല. ഭീമനു ഭക്ഷണം സാധാരണ മനു‌ഷ്യരെപ്പോലെ ആയാല്‍ മതിയാവുക യില്ലെന്ന് അറിഞ്ഞിരുന്നതുകൊണ്ട് അയാള്‍ക്കു പതിവായി കാലത്തു കഞ്ഞിക്കു മൂന്നേകാലും അത്താഴത്തിന് ആറേകാലും ഇടങ്ങഴി അരിവീതമാണ് കാരണവര്‍ പതിവുവച്ചിരുന്നത്. അതുകൊണ്ട് നമ്മുടെ ഭീമന് ഒട്ടും മതിയായിരുന്നില്ല. അതിനാല്‍ അയാള്‍ സമീപത്തുള്ള കാടുകളില്‍ കയറി ഉടുമ്പ്, മുയല്‍ മുതലായവയെ പിടിച്ചു കൊണ്ടുവന്നു ചുട്ടു തിന്നു കൂടിയാണ് ചെറുപ്പത്തില്‍ ജീവിച്ചിരുന്നത്. കാരണവര്‍ മരിക്കുകയും തനിക്കു തറവാട്ടില്‍ കാരണവസ്ഥാനവും സ്വാതന്ത്യ്രവും ലഭിക്കകയും ചെയ്ത കാലം മുതല്‍ ഭീമന്‍ തന്റെ ഭക്ഷണത്തിനുള്ള പതിവു ഭേദപ്പെടുത്തി. കാലത്തു കഞ്ഞിക്ക് ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേര്‍ന്ന പുഴുക്കും അത്താഴത്തിനു മൂന്നു പറ അരിയും അതിനു ചേര്‍ന്ന മറ്റു വിഭവങ്ങളുമാണ് ഭീമന്‍ സ്വയമേവ നിശ്ചയിച്ചപതിവ്. ഈ പതിവ് അയാളുടെ പതിനാറാമത്തെ വയസ്സില്‍ നിശ്ചയിച്ചതാണ്. അതിനെ പിന്നെ ഒരിക്കലും അയാള്‍ ഭേദപ്പെടുത്തി യിരുന്നുമില്ല. എന്നാല്‍ ഇത്രയും കൊണ്ട് അയാള്‍ക്കു മതിയായിരുന്നു എന്ന് ആരും വിചാരിച്ചുപോകരുത് അയാള്‍ കാരണവരായപ്പോള്‍ തറവാട്ടില്‍ അധികച്ചെലവുണ്ടാക്കി എന്നുള്ള ദു‌ഷ്പേരു തനിക്കുണ്ടാകരുതല്ലോ എന്നു വിചാരിച്ചും ഇതിലധികം ചെലവുചെയ്യാന്‍ മുതലില്ലാ തെയിരുന്നതുകൊണ്ടും ഇത്രയും മതിയെന്നു നിശ്ചയിച്ചു എന്നേയുള്ളു. പോരാത്തതു യഥാപൂര്‍വ്വം വന്യമൃഗങ്ങളെക്കൊണ്ടുതന്നെയാണ് അയാള്‍ നികത്തിപ്പോന്നത്. പക്ഷേ, പ്രായത്തിനും സ്ഥിതിക്കും തക്കവണ്ണം അയാള്‍ അതൊന്നു പരി‌ഷ്കരിച്ചിരുന്നു. ചെറുപ്പത്തില്‍ ഉടുമ്പ്, മുയല്‍ മുതലായവയെ പിടിച്ചു ചുട്ടു തിന്നുകയാണല്ലോ അയാള്‍ ചെയ്തിരുന്നത്. യവൗനമായപ്പോള്‍ മാന്‍, പന്നി മുതലായവയെ പിടിച്ചു കൊണ്ടുവന്നു കാലുകള്‍ കെട്ടി വലിയ ചെമ്പിലോ വാര്‍പ്പിലോ ഇട്ട് അടുപ്പത്തുവച്ചു വെള്ളമൊഴിച്ചു വേവിച്ചെടുത്തു തോല്‍ പൊളിച്ചാണ് അയാള്‍ തിന്നിരുന്നത്. അതും ഒരു വിശേ‌ഷ രീതിയിലായിരുന്നു. ഭീമനു പകല്‍ സമയം കിടക്കുന്നതിന് ഒരു തൂക്കുവഞ്ചി (ഊഞ്ഞാല്‍ക്കട്ടില്‍) ഒരു മുറിക്കകത്തു തൂക്കിയിരുന്നു. ഇതിന്റെ തലയ്ക്കലായി മാന്‍,പന്നി മുതലായവയുടെ വേവിച്ച മാംസം പൊക്കംപാകത്തിനു കെട്ടിത്തൂക്കും. പിന്നെ ഊഞ്ഞാല്‍ക്കട്ടിലില്‍ മലര്‍ന്നു കിടന്ന് ആടിക്കൊണ്ടു കടിച്ചു കടിച്ചു തിന്നും. ഇങ്ങനെയാണ് പതിവ്. കഞ്ഞിയും ചോറും കറികളും കുടാതെ രണ്ടു പന്നിയെയും ഒരു മാനിനെയും അയാള്‍ പ്രതിദിനം ഇങ്ങനെ ഭക്ഷിച്ചിരുന്നു.

നമ്മുടെ ഭീമന്‍ ഗംഭീരനായിരുന്നുവെങ്കിലും ഒരു വിനോദശീലനു മായിരുന്നു. അയാള്‍ മാനിനെയും പന്നിയെയും മറ്റും പിടിക്കാന്‍ കാട്ടില്‍ പോകുമ്പോള്‍ ചില ദിവസങ്ങളില്‍ നാലും അഞ്ചും പുലിക്കുട്ടികളെയും പിടിച്ചുകൊണ്ടു പോരും അവയെ വീട്ടില്‍ കൊണ്ടുവന്നു പൂച്ചക്കുട്ടികളെ പ്പോലെ വളര്‍ത്തി, ചില കളികള്‍ പഠിപ്പിച്ചു സര്‍ക്കസ്സുകാരെപ്പോലെ കളിപ്പിക്കുക പതിവായിരുന്നു. ഒരിക്കല്‍ ഭീമന്‍ കാട്ടില്‍ ചെന്നപ്പോള്‍ ഒരു വലിയ കടുവയെ കണ്ടു. അതിനെയും അയാള്‍ പിടിച്ചു വീട്ടില്‍ കൊണ്ടു വന്നു. ശ്രീകൃ‌ഷ്ണന്‍ ഉരല്‍ വലിച്ചുകൊണ്ടു ചെന്ന വഴിയില്‍ നിന്നിരുന്ന കകുഭദ്രുമങ്ങള്‍ പോലെ രണ്ടു മരങ്ങള്‍ അടുത്തടുത്തു കുളപ്പുറത്തു പുരയിടത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഭീമന്‍ ആ കടുവായെ ആ മരങ്ങളുടെ ഇടയ്ക്കു കയറ്റി ഒന്നമര്‍ത്തി അവിടെ നിറുത്തി. കടുവാകാലുകള്‍ നിലത്തു തൊടാതെയും വായ്പൊളിച്ചും നാക്കുനീട്ടിയും കണ്ണുകള്‍ മിഴിച്ചും മുന്‍പോട്ടും പുറകോട്ടും പോകാന്‍ നിവൃത്തിയില്ലാതെയും അവിടെ നിലായായി. അതിനാല്‍ ആ ദിക്കുകാര്‍ക്കു ജീവനോടു കൂടിയ കടുവയെ നിര്‍ഭയമായി അടുത്തു കാണുന്നതിന് അന്നു തരപ്പെട്ടു.

ഒരിക്കല്‍ ഭീമന്‍ കാട്ടില്‍ ചെന്നപ്പോള്‍ ഒരു കാട്ടുപോത്ത് അയാളെ വെട്ടാനായി ചാടിച്ചെന്നു. പൊത്തിനെ കണ്ടപ്പോള്‍ അയാള്‍ക്കു സ്വല്‍പം ഭയമുണ്ടായി എങ്കിലും അയാള്‍ ധൈര്യസമേതം അതിന്റെ കൊമ്പുകളില്‍ പ്പിടിച്ചു തല കുനിച്ചു മോന്ത നിലത്തിട്ട് ഉരച്ചു തുടങ്ങി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ പോത്തിന്റെ മുന്‍വശത്തുണ്ടായിരുന്ന പലുകളെലാം രക്തപ്രാവാഹത്തോടുകൂടി നിലത്തു വീണു. ഭീമനെ കൊല്ലാനായി വന്ന പോത്തിന്റെ വിചാരം അപ്പൊള്‍ താന്‍ ചാകാതെ വല്ല പ്രകാരവും പോയി പ്പിഴച്ചാല്‍ മതിയെന്നായി. ആ സമയം ഭീമന്‍ പോത്തിനെ പുറകോട്ടൊന്നു തള്ളുകയും പോത്ത് അവിടെ മറിഞ്ഞു വീഴുകയും ആ തരത്തിനു ഭീമന്‍ ഓടി വീട്ടിലേക്കും പോത്ത് ഒരു വിധം എഴുന്നേറ്റ് കാട്ടിലേക്കും പോവുകയും ചെയ്തു.

ഭീമന്‍ ജീവിചിരിന്ന കാലത്ത് കയ്യൂര്‍ ദേശത്തും സമീപപ്രദേശങ്ങളിലും കച്ചവടസ്ഥലങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആ ദേശക്കാര്‍ക്ക് ഉപ്പ് എട്ടുപത്തു നാഴിക കിഴക്ക് ഈരാറ്റുപേട്ട എന്ന സ്ഥലത്തു പോയി വാങ്ങിക്കൊണ്ട് വരേണ്ടിയിരുന്നു. കുളപ്പുറത്തു വിട്ടിലേക്കു ഭീമന്‍ തന്നെ പോയി അഞ്ചാറു പറ ഉപ്പ് ഒരുമിച്ചു വാങ്ങിക്കൊണ്ടുപോരുകയാണ് പതിവ്. ഭീമന്‍ ഉപ്പുവാങ്ങാന്‍ പോകുന്ന സമയം അയല്‍ വീട്ടുകാരും അവരവര്‍ക്കു ആവശ്യമുള്ള ഉപ്പിനു വേണ്ടുന്ന പണവും പാത്രവും അയാളെ ഏല്‍പ്പിച്ചയയ്ക്കുക പതിവാണ്. അക്കാലത്ത് ഇപ്പോഴത്തെപ്പോലെ ചാക്കു സുലഭ മല്ലാതിരുന്നതിനാല്‍ ഉപ്പും മറ്റും വാങ്ങിക്കൊണ്ട് പോരുന്നതു നെപ്പട്ടിലായിരുന്നു. ഒരു നെപ്പട്ടില്‍ ആറു പറ ഉപ്പുകൊള്ളും. അതിനാല്‍ ഒരു ചുമടുപ്പ് എന്നു പറഞ്ഞാല്‍ ആറു പറ ഉപ്പെന്നു കണക്കാക്കാം. ഒരിക്കല്‍ ഭീമന്‍ പോയി തനിക്കും അയല്‍ വിട്ടുകാര്‍ക്കും കൂടി ആറു ചുമടുപ്പു വാങ്ങിക്കെട്ടി മീതെയ്ക്കു മീതെയായി തലയില്‍ക്കയറ്റിക്കൊണ്ട് ഈരാറ്റുപേട്ടയില്‍ നിന്നു സ്വദേശത്തേക്കു പുറപ്പെട്ടു. അങ്ങനെ ഏകദേശം നാലു നാഴിക ദൂരം പോയപ്പോള്‍ കുറേശ്ശേ മഴ ആരംഭിച്ചു. ഉപ്പു നനഞ്ഞാല്‍ ന ഷ്ടപ്പെട്ടുപോകുമല്ലോ അതു നനയ്ക്കാതെ കൊണ്ടു പോകാന്‍ എന്താണ് കശൗലമെന്നു വിചാരിച്ചു നോക്കിയപ്പോള്‍ വഴിക്കടുത്തുതന്നെ ഒരു വലിയ ആഞ്ഞിലിത്തടി കാമരം കേറ്റിയറുത്തി നടു പൊളിച്ചിട്ടു വച്ചിരിക്കുന്നതായി ക്കണ്ടു ഭീമന്‍ അതിലൊരു പൊളിപ്പെടിത്തു ചുമടുകളുടെ മീതെ വച്ചുകൊണ്ട് ഉപ്പു നനയ്ക്കാതെ കൊണ്ടുപോയി. വീട്ടിലെത്തിയപ്പോഴേക്കും മഴ മറിയതിനാല്‍ അയാള്‍ ആ തടിയെടുത്ത് ഒരു മാവിന്മേല്‍ ചാരിവച്ചിട്ട് ചുമടുകള്‍ ഒരോന്നായി താഴെ ഇറക്കി വയ്ക്കുകയും അയല്‍ക്കാര്‍ക്കു ള്ളതു കൊടുക്കുകയും തനിക്കുള്ളതു വീട്ടുകാരെ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നെ ഭീമന്‍ തന്റെ പുരപൊളിചു പണി കഴിചപ്പോള്‍ അന്നു മാവിന്മേല്‍ ചാരി വച്ചിരുന്ന തടികൂടി എടുത്തുപയോഗിച്ചു. ഇരുപത്തൊമ്പതുകോല്‍ പതിനാറുകണക്കില്‍ പണിയിച്ച തായിപ്പുരയുടെ പടി (നെടിയതും കുറിയതും) നാലും ആ ഒരു പൊളിപ്പുകൊണ്ടു തീര്‍ന്നു. പടി ഒന്നേകാല്‍ക്കോല്‍ ചതുരമായിരുന്നു. അതുകൊണ്ട് ആ തടിയുടെ വലിപ്പം എത്രമാത്രമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലോ. ആ പുരയും പടിയും കണ്ടിട്ടുള്ളവരില്‍ പലര്‍ ഇപ്പോഴും ആ ദേശത്തു ജീവിച്ചിരിക്കുന്നുണ്ട്.

മീനച്ചില്‍ മുതലായ സ്ഥലങ്ങളില്‍ പ്രധാനമായി നെല്‍ കൃ‌ഷി ചെയ്യുന്നതു മലകളിലാണല്ലോ. മലകളില്‍ നെല്‍കൃ‌ഷി ചെയ്യുന്നതു പത്തും പന്ത്രണ്ടും കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രമേ പതിവുള്ളൂ. അതിനാല്‍ ഒരു സ്ഥലത്തു വലിയ മരങ്ങളും കാടുകളും നിറഞ്ഞിരിക്കും. വിതയ്ക്കുന്ന കാലത്തിനു രണ്ടുമൂന്നു മാസം മുന്‍പേ ഉടമസ്ഥന്മാര്‍ ആ മരങ്ങളും കാടുകളുമെല്ലാം കൂലിക്കാരെക്കൊണ്ടു വെട്ടിച്ചിടും. അതിന് ഉഴവുവെട്ട് എന്നാണ് പേര്‍ പറഞ്ഞുവരുന്നത്. ആ മരങ്ങളും കാടുകളുമെല്ലാം ഉണങ്ങിക്കഴിയുമ്പോള്‍ ഉടമസ്ഥന്മാര്‍ കൂലിക്കാരെയും ആനക ളെയും കൊണ്ട് ആ സ്ഥലത്തു ചെന്ന് വേലിക്കാവശ്യമുള്ള തടികള്‍ പിടിച്ചു വിതയ്ക്കാനുള്ള സ്ഥലത്തിന്റെ നാലരികുകളിലും വെയ്പിക്കുകയും അധികമുള്ള തടികള്‍ പിടിപ്പിച്ചു കൃ‌ഷിസ്ഥലത്തിനു പുറത്താക്കു കയും ഉണങ്ങിക്കിടക്കുന്ന കാടുകളും മറ്റും തീയിട്ടു ചുടുകയും ചെയ്യും. അതിന് ഉഴവു ചുടുക എന്നണ് കൃ‌ഷിക്കാര്‍ പറയുന്നത്. ഇത്രയും കഴിഞ്ഞാല്‍പ്പിന്നെ നിലം ഉഴുതും കിളച്ചും കല്ലും കട്ടകളും പെറുക്കിമാറ്റിയും പുല്ലും മറ്റും പറിച്ചും പെറുക്കിയും കളഞ്ഞും വെടിപ്പാക്കും. അതിന് ഉഴവൊരുക്കുക എന്നാണ് പറയുന്നത് ഈ പണികളില്‍ പ്രധാനമായതും പ്രയാസമേറിയതും ഉഴവു ചുടുക എന്നുള്ളതാണ്.

എന്നാല്‍ അതിനു നമ്മുടെ ഭീമന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. ഭീമന്‍ ഉഴവുചുടാന്‍ പോകുമ്പോള്‍ അയാള്‍ക്കു സഹായത്തിനു കൂലിക്കാരും ആനകളും ഒന്നും വേണ്ടാ. അയാള്‍ ആ ജോലി മുഴുവനും തീര്‍ത്തു തിരിയെ വീട്ടില്‍ വന്നിട്ടില്ലാതെ കഞ്ഞിയും ചോറുമൊന്നും കഴിക്കാറില്ല. ആ ജോലിക്കിടയില്‍ അയാള്‍ കാച്ചിലും കിഴങ്ങും ചേനയും മറ്റും ധാരാളമായി ചുട്ടുതിന്നും. മലയിലേക്കു പോകുന്ന സമയം തന്നെ ചുട്ടുതീറ്റിക്കുള്ള സാമാനങ്ങള്‍ കൂടി അയാള്‍ കൊണ്ടുപോകും; അങ്ങനെയാണ് പതിവ്. ഭീമന്‍ ഉഴവുസ്ഥലത്തു ചെന്നാലുടനെ വേലിക്ക് ആവശ്യമുള്ള തടികള്‍ പെറുക്കിയെടുത്തു നാലരികുകളിലും അടുക്കി വയ്ക്കും. പിന്നെ ഒരു തടി കയിലെടുത്ത് അതുകൊണ്ട് ശേ‌ഷമുള്ള തടികള്‍ നാലു വശത്തേക്കും തോണ്ടി എറിയും ആ തടികള്‍ ചുറ്റുമുള്ള അയല്‍ വസ്തുക്കളില്‍ ചെന്നുവീഴും. അതിനാല്‍ ഭീമന്‍ ഉഴവുചുടുന്ന സ്ഥലത്തിനു സമീപം ചുറ്റുമുള്ള വസ്തുക്കളില്‍ ആരും കൃ‌ഷി നടത്താറില്ല. ഭീമന്‍ തോണ്ടിയെറിയുന്ന തടികള്‍ ആനകളെക്കൊണ്ടല്ലാതെ മാറ്റാന്‍ സാധിക്കുകയില്ലല്ലോ. അതിനുള്ള പ്രയാസം കൊണ്ടാണ് അയല്‍വസ്തുക്കളുടെ ഉടമസ്ഥന്മാര്‍ കൃ‌ഷി വേണ്ടെന്നു വയ്ക്കുന്നത്. തടികളെല്ലാം മാറ്റിക്കഴിഞ്ഞാല്‍പ്പിന്നെ ഭീമന്‍ ഉണങ്ങിക്കിടക്കുന്ന കാടിനു തീവയ്ക്കും ആ തീയിലിട്ടാണ് അയാള്‍ കാച്ചില്‍, കിഴങ്ങു മുതലായവ ചുട്ടു തിന്നുന്നത്. ആ സമയം മുയല്‍ പന്നി മുതലായവയെയും അനായാസേന ലഭിച്ചാല്‍ അയാള്‍ ഉപേക്ഷിക്കാറില്ല. അവയെയും അയാള്‍ ചുട്ടു തിന്നുക തന്നെ ചെയ്യും. ഇപ്രകാരമെല്ലാമായിരുന്നു ഭീമന്റെ ഉഴവുചുടല്‍.

അടുത്തുള്ള പൂഞ്ഞാര്‍ എന്ന സ്ഥലത്ത് ഒരു വീട്ടുകാര്‍ ഒരു കിണര്‍ കുഴിപ്പിച്ചു. കുഴിച്ചു കുഴിച്ച് അടിയില്‍ ച്ചെന്നപ്പോള്‍ അവിടെ ഒരു വലിയ പാറ കാണപ്പെട്ടു. ആ പാറയുടെ അടിയില്‍ ധാരാളം വെള്ളവുമുണ്ടായിരുന്നു. എങ്കിലും ആ പാറ എടുത്തു മാറ്റാതെ വെള്ളം കോരിയെടുക്കാന്‍ നിവൃത്തിയില്ലായിരുന്നു. വെള്ളത്തിനു മീതെ ആ പാറ ഒരടപ്പുപോലെ യാണ് കിടന്നിരുന്നത്. അതിനാല്‍ ആ പാറ എടുത്തു മറ്റുന്നതിനായി വലിയ വടങ്ങളും ചങ്ങലകളുമിട്ടു കെട്ടി അനേകമാളുകള്‍ കൂടി പിടിക്കുകയും ആനകളെക്കൊണ്ടു പിടിപ്പിക്കുകയും ചെയ്തു നോക്കീട്ടും ആ പാറ ഇളക്കാന്‍പോലും സാധിച്ചില്ല. ഒടുക്കം ആ വീട്ടുകാര്‍ ഈ കാര്യം നമ്മുടെ ഭീമനെക്കൊണ്ട് കഴിപ്പിക്കണമെന്നു നിശ്ചയിച്ച് ഒരു സദ്യയ്ക്കു വട്ടം കൂട്ടി. ഭീമനെ ക്ഷണിച്ചുവരുത്തി കേമമായി ഭക്ഷണം കഴിപ്പിച്ചു ഭീമന്‍ ഊണും കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ആ വീട്ടുകാര്‍ അയാളോടു "കൈകഴുകുവാന്‍ വെള്ളം കിണറ്റിലാണ് വെള്ളം കോരിയെടുത്തു കൈ കഴുകിക്കൊള്ളണം" എന്നു പറഞ്ഞ്, ഒരു പാളയും കയറും എടുത്തുകൊടുത്തു. ഭീമന്‍ പാളയും കയറും ഇടത്തുകൈകൊണ്ട് എടുത്തുകൊണ്ടുപോയി. കിണറ്റില്‍ നോക്കിയപ്പോള്‍ അതില്‍ ഒരു വലിയ പാറയും അതിന്മേല്‍ ചില വടങ്ങളും ചങ്ങലകളുമിട്ടു കെട്ടിയിരിക്കുന്നതു കണ്ടു. ഉടനെ അയാള്‍ പാളയും കയറും അവിടെ വെച്ചിട്ട് ഇടത്തുകൈകൊണ്ടു തന്നെ വടങ്ങളില്‍ പിടിച്ചുവലിച്ചു നി‌ഷ്പ്രയാസം പാറ കരയ്ക്കെടുത്തിടുകയും പാളയും കയറുമെടുത്തു വെള്ളംകോരി കൈകഴുകുകയും ചെയ്തു. ഇതു കണ്ടിട്ട് ആ വീട്ടുകാര്‍ക്കും അന്യന്മാര്‍ക്കുമുണ്ടായ സന്തോ‌ഷവും വിസ്മയവും സീമാതീതമായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.

നമ്മുടെ ഭീമന്‍ പൂഞ്ഞാറ്റില്‍ത്തമ്പുരാക്കന്മരുടെ ഒരു ഇഷ്ടനാ യിരുന്നു. അയാള്‍ തമ്പുരാക്കന്മാരുടെ ആവശ്യപ്രകാരം കൂടെക്കൂടെ അവിടെപ്പോവുകയും മനു‌ഷ്യര്‍ക്കു ദുസ്സാധ്യങ്ങളായ അനേകം കാര്യങ്ങള്‍ സാധിച്ചുകൊടുക്കുകയും തമ്പുരാക്കന്മാര്‍ സന്തോ‌ഷിച്ച് ഇയാള്‍ക്ക് ചില സമ്മാനങ്ങള്‍ കൊടുക്കുകയും സാധാരണമായിരുന്നു. അങ്ങനെ ഉണ്ടായിട്ടുള്ളവയില്‍ ഒരു സംഗതി മാത്രം താഴെ കുറിക്കുന്നു.

ഒരിക്കല്‍ പാണ്ടിക്കാരായ മറവരും മുഹമ്മദീയരും കുടി പൂഞ്ഞാര്‍ ദേശത്തെ ആക്രമിക്കുവാന്‍ വരുന്നതായിക്കേട്ടു പൂഞ്ഞാറ്റില്‍ വലിയ തമ്പുരാന്‍ ആ വിവരം കുളപ്പുറത്തു ഭീമനെ അറിയിച്ചു. ഉടനെ ഭീമന്‍ ആളയച്ചു തന്റെ സ്നേഹിതനായ മന്ദത്തുപണിക്കരെയും കുളപ്പുറത്തു വരുത്തി. പണിക്കര്‍ കുളപ്പുറത്ത് ഭീമനോളം തന്നെ ദേഹപുഷ്ടിയും കായബലവുമുള്ള ആളല്ലായിരുന്നുവെങ്കിലും ഒരു ചെറിയ ഭീമന്‍ തന്നെയായിരുന്നു. അയാള്‍ക്കു കാലത്തെ കഞ്ഞിക്കു പന്ത്രണ്ടേകാലിടങ്ങഴി അരിയും അതിനു ചേര്‍ന്ന പുഴുക്കുമേ പതിവുണ്ടായിരുന്നുള്ളൂ. അവര്‍ തമ്മില്‍ ആലോചിച്ച് ഉടനെ പൂഞ്ഞാറ്റിലേക്ക് പോകണമെന്നു തീര്‍ച്ചപ്പെടുത്തീട്ടു രണ്ടു പേരും കൂടി ഉണ്ണാനിരുന്നു. ഊണ് ഏകദേശം പകുതിയായപ്പോള്‍ ഒരാള്‍ ഓടിവന്നു"മറവരും മുഹമ്മദീയരും വന്നടുത്തിരിക്കുന്നു. ഉടനെ വരണമെന്നു തമ്പുരാന്‍ കല്‍പിചിരിക്കുന്നു" എന്നു പറഞ്ഞു. അതു കേട്ട് "എന്നാലിനി പോയിവന്നിട്ട് ഊണു മുഴുവനാക്കാം" എന്നു പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റ് കൈകഴുകി. അപ്പോള്‍ തക്കതായ ആയുധമൊന്നും കാണാഞ്ഞിട്ടു രണ്ടുപേരും ഓരോ കൊന്നത്തെങ്ങു ചുവടോടെ പറിച്ചെടുത്തു കൊണ്ട് ഓടിപ്പോയി. ഭീമനും പണിക്കരും കൊന്നത്തെങ്ങുമായി ചെല്ലുന്നതു കണ്ടപ്പോള്‍ത്തന്നെ മറവരും മുഹമ്മദീയരും പേടിച്ചോടി പമ്പകടന്നൊളിച്ചു. ഊണു മുഴുവനാക്കണമല്ലോ എന്നു വിചാരുച്ചു ഭീമനും പണിക്കരും അപ്പോള്‍ത്തന്നെ തിരിച്ചു പോരുകയും ചെയ്തു.

ഈ സംഗതി നടന്നത് ഒരു വെള്ളപ്പൊക്കക്കാലത്തായിരുന്നു. ഇവര്‍ അങ്ങോട്ടു പോയപ്പോള്‍ വെള്ളം ആറു നിറഞ്ഞിരുന്നതേയുള്ളൂ ഇവര്‍ ഇങ്ങോട്ടു വന്നപ്പോഴേക്ക് ആ വെള്ളം കരകവിഞ്ഞൊഴുകി ഇരുകരയിലും സാധാരണമനു‌ഷ്യര്‍ക്കു നിലയില്ലാതെയായിരുന്നു. എങ്കിലും ഭീമന് അരയോളവും പണിക്കര്‍ക്കു മുലയോളവും മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. അവര്‍ ആ വെള്ളത്തില്‍ക്കൂടിയാണ് നടന്നുപോയത്. അവര്‍ അങ്ങനെ പോന്നപ്പോള്‍ ഒരു വീട്ടിന്റെ ഇറയത്ത് ഒരു പത്തായമിരിക്കുന്നത് കണ്ടു ആ വിട്ടിനകത്തും വെള്ളം കയറിയിരുന്നതിനാല്‍ അവിടെപ്പാര്‍ത്തിരുന്നവരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയിരുന്നതുകോണ്ട് ആ വീടു കേവലം നിര്‍ ́നമായിരുന്നു; പത്തായവും ഇളകിപ്പോകാറായിരുന്നു. ആര്‍ക്കും ഉപയോഗപ്പെടാതെ വെറുതെ പോകേണ്ടാ എന്നു വിചാരിച്ച് ഭീമന്‍ അതെടുത്തു തലയില്‍വച്ചുകൊണ്ടു നടന്നു. സ്വഗൃഹത്തിലെത്തി പത്തായം താഴെ ഇറക്കി വച്ചു. അതിലുണ്ടായിരുന്ന നെല്ല് വാരിയിട്ട് അളന്നുനോക്കീട്ടു നൂറുപറയുണ്ടായിരുന്നു. നെല്ലു തിരിയെ പത്തായത്തില്‍ത്തന്നെ ആക്കിക്കഴിഞ്ഞപ്പോഴേക്കും പണിക്കരും അവിടെയെത്തി.

പിന്നെ രണ്ടുപേരും കൂടി പകുതിയാക്കി വച്ചിരുന്ന ഭക്ഷണം മുഴുവനാക്കുകയും പണിക്കര്‍ അപ്പോള്‍ത്തന്നെ യാത്ര പറഞ്ഞ് അയാളുടെ വീട്ടിലേക്ക് പോകയും ഭീമന്‍ അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്തു.

നമ്മുടെ ഭീമന്റെ കഥകള്‍ ഇനിയും വളരെ പറയാനുണ്ട്. എങ്കിലും വിസ്തരഭയം നിമിത്തം അതിനായി തുനിയുന്നില്ല. ഇത്രയും പറഞ്ഞതുകൊണ്ടു തന്നെ നമ്മുടെ കഥാനായകന്‍ ഒരസാമാന്യമനു‌ഷ്യനായിരുന്നു എന്നു സ്പ ഷ്ടമാകുന്നുണ്ടല്ലോ. നമ്മുടെ ഭീമന് ഈശ്വരഭക്തി, സത്യം മുതലായ സല്‍ഗുണങ്ങള്‍ ധാരാളമായിട്ടുണ്ടായിരുന്നു. "ബ്രാഹ്മേ മുഹുര്‍ത്ത ഉത്തി‌ഷ്ഠേല്‍സ്വസ്ഥേ രക്ഷാര്‍ത്ഥമായു‌ഷഃ" എന്നുള്ള പ്രമാണത്തെ അയാള്‍ ആജീവനാന്തം ശരിയായി ആചരിച്ചിരുന്നു. അതിനാല്‍ അയാള്‍ നൂറു വയസ്സു തികഞ്ഞതിന്റെ ശേ‌ഷമാണ് ചരമഗതിയെ പ്രാപിച്ചത്. അതും അനായസേന തന്നെയായിരുന്നു. നമ്മുടെ കഥാനായകനു രോഗപീഡ നിമിത്തവും മറ്റും ഒരു ദിവസം പോലും കിടന്നു ക ഷ്ടപ്പെടേണ്ടതായി വന്നില്ല.

ഭീമന്‍ മരിച്ചതിന്റെ ശേ‌ഷം അയാളുടെ പ്രതം (പരേതാത്മാവ്) ആ വീട്ടുകാരെയും മറ്റും അസാമാന്യമായി ഉപദ്രവിചുകൊണ്ടിരുന്നു. അത് അയാളുടെ അപരക്രിയകള്‍ ആരും വേണ്ടതുപോലെ ചെയ്യാഞ്ഞിട്ടായിരിക്കാം.

"ആബ്ദദീക്ഷാദിലോപേന പ്രതാ യാന്തി പിശാചതാം
സ്വജനാന്‍ ബാധമാനാസ്തേ വിചരന്തി മഹീതലേ "

എന്നുണ്ടല്ലോ ആ ഉപദ്രവം ഈ പ്രതത്തിന്റേതാണെന്നും മറ്റും അറിയാതെതന്നെ വളരെക്കാലം കഴിഞ്ഞു. ക്രമേണ ആ ഉപദ്രവം ദുസ്സഹമായി ത്തീരുകയാല്‍ ഈ അടുത്ത കാലത്തു പ്രശ്നംവെപ്പിച്ചു നോക്കിക്കികയും അപ്പോള്‍ അത് ഈ ഭീമന്റെ ഉപദ്രവമാണെന്നും ഭീമന്‍ സാധാരണ മനു‌ഷ്യനല്ലായിരുന്നുവെന്നും അയാള്‍ ദേവാംശമായിട്ടുള്ള ഒരു അവതാരപുരു‌ഷനായിരുന്നുവെന്നും അയാളുടെ വിഗ്രഹമുണ്ടാക്കിച്ചു പ്രതത്തെ ആ വിഗ്രഹത്തിന്മേലാവാഹിച്ചു പ്രതി‌ഷ്ഠ കഴിപ്പിക്കുകയും ആണ്ടുതോറും മുടങ്ങാതെ പൂജ നടത്തിക്കുകയും ചെയ്തല്ലാതെ ഉപദ്രവം നീങ്ങുകയില്ലെന്നും കാണുകയാല്‍ ആ വീട്ടുകാര്‍ അപ്രകാരമൊക്കെ ചെയ്യിച്ചു പൂജ ആണ്ടുതോറും ഇപ്പോഴും നടത്തിവരുന്നുണ്ട്. പ്രതി‌ഷ്ഠ കുളപ്പുറത്തുപുരയിടത്തിന്റെ കന്നിപദത്തില്‍ ദ്രകാളിമറ്റപ്പിള്ളി നമ്പൂതിരിപ്പാട്ടിലേ ക്കൊണ്ടാണ് നടത്തിച്ചത്. പ്രതി‌ഷ്ഠ കഴിഞ്ഞതില്‍പ്പിന്നെ ഭീമന്റെ ഉപദ്രവം ആ വീട്ടിലെന്നല്ല ആ ദേശത്തു തന്നെ എങ്ങും ഉണ്ടാകാറില്ല. പ്രതി‌ഷ്ഠിക്കപ്പെട്ടിരിക്കുന്ന വിഗ്രഹം കണ്ടാല്‍ ഭീമന്റേതാണെന്നുതന്നെ തോന്നും. അതിന്റെ സ്ഥല്യൗം അത്രയ്ക്കു മാത്രമുണ്ട്. അവിടെ സാന്നിദ്ധ്യത്തിനും ഒട്ടും കുറവില്ല. ചില കാര്യങ്ങള്‍ സാധിക്കുന്നതിനുവേണ്ടി പലരും ഭീമനു വഴിപാടുകള്‍ കഴിക്കുകയും ചിലര്‍ക്കു ചിലതു സാധിക്കുകയും ചെയ്യുന്നുണ്ട്. അവിടെ സാധാരണ വഴിപാടു കരിക്കും പഴവും നിവേദിക്കുകയാണ്. ചിലര്‍ അപ്പം, അട, കൊഴുക്കട്ട മുതലായവ ഉണ്ടാക്കിച്ചു നിവേദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവയ്ക്ക് അരി ഒന്നേകാലിടങ്ങഴി മുതല്‍ മുപ്പത്തറേകാലിടങ്ങഴി വരെ നടപ്പുണ്ട്. അവിടെ പ്രതി‌ഷ്ഠ ഒരു മേടമാസം പതിനാലാം തീയതിയായിരുന്നതിനാല്‍ ആണ്ടുതോറും വിശേ‌ഷദിവസമായി ആചരിച്ചുവരുന്നത് ആ ദിവസമാണ്.