അഷ്ടവൈദ്യന്മാരുടെ ഇല്ലങ്ങള്‍ ഇപ്പോള്‍ എട്ടു മാത്രമേ ഉള്ളുവെങ്കിലും അവ ഒരു കാലത്തു ശാഖോപശാഖകളായി വര്‍ദ്ധിച്ചു പതിനെട്ടായിത്തീര്‍ന്നു. അക്കാലത്തു കുട്ടഞ്ചേരി മൂസ്സിനുതന്നെ മൂന്നില്ലങ്ങളുണ്ടായിരുന്നുവെന്നും ആ മൂന്നുസ്ഥലങ്ങളിലും പ്രത്യേകം പ്രത്യേകം ഓരോ ശാഖക്കാര്‍ താമസിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്. അവയില്‍ ഒരില്ലം കൊച്ചിശ്ശീമയില്‍ തലപ്പിള്ളിത്താലൂക്കില്‍ കണ്ടാണശ്ശേരി വില്ലേജില്‍ വടുതല ദേശത്തായിരുന്നു. അതു വളരെക്കാലം മുന്‍പുതന്നെ നാമാവശേഷമായിപ്പോയി. പിന്നെയൊന്നു തലപ്പിള്ളിത്താലൂക്കില്‍ത്തന്നെ കുമരനല്ലൂര്‍ (വടക്കാഞ്ചേരി) ദേശത്താണ്. ആ ഇല്ലവും മൂസ്സിന്റെ സ്വന്തമായി ഒരു ക്ഷേത്രവും ഏതാനും വസ്തുക്കളും അവിടെ ഇപ്പോഴുമുണ്ട്. എങ്കിലും ആ ഇല്ലത്തും കുറച്ചു കാലമായിട്ട് ആരും ചെന്ന് സ്ഥിരമായി താമസിക്കാറില്ല. ഇപ്പോള്‍ ഈ ഇല്ലക്കാരുടെ സ്ഥിരവാസം ബ്രിട്ടീഷുമലബാറില്‍ പൊന്നാനി താലൂക്കില്‍ ചാഴിയാട്ടിരി അംശത്തില്‍ അകലാണം (അകലമണ്ണ്) ദേശത്താണ്. ഏതു ദേശത്തായാലും ഇല്ലപ്പേരു 'കുട്ടഞ്ചേരി' എന്നു തന്നെയാണു പറയുക പതിവ്. എങ്കിലും ഈ ഇല്ലത്തിന് ആ ദേശത്തുള്ളവരില്‍ ചിലര്‍ 'അകലമണ്ണുമന' എന്നും പറയാറുണ്ട്.
മുന്‍കാലങ്ങളില്‍ കേരളീയ രാജാക്കന്മാര്‍ ഓരോരുത്തരും അഷ്ടവൈദ്യന്മാരില്‍ ആരെയെങ്കിലും ഒരാളെ സ്വന്തം വൈദ്യനാക്കി വെച്ചു ചില അനുഭവങ്ങള്‍ പതിവായി കൊടുത്തുവന്നിരുന്നു. അക്കൂട്ടത്തില്‍ കൊച്ചിരാജാവ് തന്റെ പ്രധാനവൈദ്യനാക്കിവെച്ചത് കുട്ടഞ്ചരി മൂസ്സിനെ ആണ്. അതിനാല്‍, പണ്ടത്തെ ആ പതിവനുസരിച്ചു കൊച്ചിരാജകുടുംബത്തില്‍ നിന്നു കുട്ടഞ്ചരി മൂസ്സിനു കൊല്ലംതോറും വര്‍ഷാശനമായി അഞ്ഞൂറും 'താനം' വകയായി നൂറ്റൊന്നും 'കലം' വകയായി അന്‍പത്തൊന്നും പുത്തന്‍വീതം ഇപ്പോഴും കൊടുത്തുവരുന്നുണ്ട്. (പുത്തന്‍ എന്നത് ഏതാനും കൊല്ലങ്ങള്‍ക്കു മുന്‍പുവരെ കൊച്ചിരാജ്യത്തുനടപ്പുണ്ടായിരുന്നതും പത്തു പൈ വിലയുള്ളതുമായ ഒരു വെള്ളിനാണയമാണ്). ഈ സംഖ്യകളെല്ലാം അതാതു കാലത്തു നാടുവാഴുന്ന വലിയതമ്പുരാന്റെ തിരുനാള്‍ ദിവസമാണ് കൊടുക്കുക പതിവ്.
ചിലര്‍ക്കു പുത്തരിച്ചോറുണ്ടാല്‍ വയറ്റില്‍ സുഖക്കേടുണ്ടാകാറുണ്ടല്ലോ. ഇരിങ്ങാലക്കുട കുടല്‍മാണിക്യദേവനും അങ്ങനെയുള്ള ഒരാളാണത്രേ. അവിടേക്കും പുത്തരിനിവേദ്യം കഴിഞ്ഞാല്‍ സുഖക്കേടുണ്ടാകുമെന്നാണ് വെച്ചിരിക്കുന്നത്. കൂടല്‍മാണിക്യദേവന് ആണ്ടുതോറും പുത്തരിനിവേദ്യം തുലാമാസത്തില്‍ തിരുവോണദിവസം മകരം രാശി സമയത്താണ് പതിവ്. അതു കഴിഞ്ഞാല്‍ പിറ്റേ ദിവസം ഒരു മുക്കുടിനിവേദ്യവും പതിവുണ്ട്.മുക്കുടി വയറ്റില്‍ സുഖക്കേടിനു വിധിച്ചിട്ടുള്ളതാണല്ലോ. കൂടല്‍മാണിക്യദേവനു മുക്കുടിക്കുള്ള മരുന്നുകള്‍ അവിടെക്കൊണ്ടുചെന്ന് ബ്രാഹ്മണരെക്കൊണ്ട് അരപ്പിച്ചു പാകപ്പെടുത്തിച്ചു കൊടുക്കുന്നതിനുള്ള ചുമതല കുട്ടഞ്ചരി മൂസ്സിനാണ്. മൂസ്സ് മരുന്നുകളുംകൊണ്ട്പുത്തരിയുടെ തലേദിവസം ഇരിങ്ങാലക്കുടെ എത്തണം. മരുന്നുകള്‍ ഇല്ലത്തുനിന്നു തന്നെകൊണ്ടുപോവുകയാണ് പതിവ്.അവ എന്തെല്ലാമാണെന്ന് കുട്ടഞ്ചരി മൂസ്സന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ. അവര്‍ ആ യോഗം അന്യന്മാര്‍ക്കു പറഞ്ഞുകൊടുക്കാറില്ല. ഈ മരുന്നുകള്‍ കൊണ്ടുചെന്നു കൊടുക്കുന്ന വകയ്ക്കു മൂസ്സിനു ദേവസ്വത്തില്‍ നിന്നു കൊല്ലത്തില്‍ നൂറു പറ നെല്ലും കര്‍മ്മികളുടെ സഭവക സ്വത്തില്‍ നിന്ന് ഒരു രൂപയും വീതം അനുഭവം കൊടുത്തുവരുന്നുണ്ട്. ഈ മുക്കുടി സേവിച്ചാല്‍ സകലരോഗങ്ങളും, വിശേഷിച്ച് എല്ലാ ഉദരരോഗങ്ങളും ശമിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ മുക്കുടി നിവേദ്യദിവസം കൂടല്‍മാണിക്യക്ഷേത്രത്തില്‍ ദര്‍ശനത്തിനായി അസംഖ്യമാളുകള്‍ ചെല്ലുകയും ചെല്ലുന്നവര്‍ക്കൊക്കെ മുക്കുടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നു മാത്രമല്ല, ഈ ദിവ്യൗഷധം ദേവസ്വത്തില്‍ നിന്ന് കൊച്ചിരാജകുടുംബത്തിലേക്കും എത്തിച്ചുകൊടുക്കുക പതിവാണ്.
ഈ മുക്കുടി മരുന്നുകള്‍ കൊടുക്കാനുള്ള അവകാശം കുട്ടഞ്ചേരി മൂസ്സിനു സിദ്ധിച്ചതിനെക്കുറിച്ചു കേട്ടിട്ടുള്ള ഒരൈതിഹ്യം താഴെച്ചേര്‍ക്കുന്നു.
പണ്ടൊരിക്കല്‍ ഒരു കുട്ടഞ്ചേരി മൂസ്സ് തെക്ക് എവിടെയോ പോകുന്നതിനായി തൃശ്ശിവപേരൂര്‍ വഴി പുറപ്പെട്ട് ഒരു ദിവസം ഏകദേശം പത്തുനാഴിക രാച്ചെന്ന സമയം ഇരിങ്ങാലക്കുടെ വടക്കുവശത്തുള്ള പാടത്തെത്തി. അപ്പോള്‍ ശരത്ക്കാലമായിരുന്നതിനാല്‍ ചന്ദ്രിക നല്ലപോലെ പ്രകാശിച്ചിരുന്നതുകൊണ്ട് അവിടെ ഒരാള്‍ ഇരിക്കുന്നതായിക്കണ്ടു. മൂസ്സു കടന്നുപോയപ്പോള്‍ അവിടെ ഇരുന്നിരുന്നയാള്‍ അദ്ദേഹത്തെ അടുക്കല്‍ വിളിച്ച് അദ്ദേഹം ആരാണെന്നും എവിടെപ്പോവുകയാണെന്നും മറ്റും ചോദിച്ചറിഞ്ഞതിന്റെശേഷം, "ഇന്നു പുത്തരിച്ചോറുണ്ടതുകൊണ്ട് എനിക്കു വയറ്റില്‍ നല്ല സുഖമില്ല. കൂടെക്കൂടെ വയറിളകിപ്പോകുന്നു. ഇതാ ഇപ്പോള്‍ത്തന്നെ മലവിസര്‍ജനത്തിനായിട്ടാണ് ഞാന്‍ ഇവിടെ വന്നത്. അതിനാല്‍ മൂസ്സ് ഒരു മുക്കുടിക്കു വേണ്ടുന്ന മരുന്നുകള്‍ നാളെ രാവിലെ ബ്രാഹ്മണരെക്കൊണ്ട് അരപ്പിച്ചു കൂടല്‍മാണിക്യസ്വാമിയുടെ നടയില്‍ വെയ്പിച്ചു കൊടുക്കണം. ശേഷം വേണ്ടുന്നതെല്ലാം അവിടെയുള്ളവര്‍ ചെയ്തുകൊള്ളും. എന്നെ അവിടെക്കണ്ടില്ലെങ്കിലും ഞാനവിടെ ഉണ്ടെന്നുതന്നെ വിശ്വസിച്ചുകൊള്ളണം" എന്നു പറയുകയും ഉടനെ അദൃശ്യനായി ഭവിക്കുകയും ചെയ്തു. അപ്പോള്‍ മൂസ്സ് ഭയവിസ്മയപരവശനായിട്ട്, "ഈ ആള്‍ കേവലം മനുഷ്യനല്ല. മനുഷ്യാകൃതികൈക്കൊണ്ടിരിക്കുന്ന ഒരു ദേവനോ മറ്റോ ആയിരിക്കണം. ഒരു സമയം കൂടല്‍മാണിക്യസ്വാമിതന്നെയാണെന്നും വരാം. ഏതായാലും ഈ ദിവ്യന്‍ പറഞ്ഞതുപോലെ ചെയ്യാതെ പോകുന്നതു ശരിയല്ല" എന്നു വിചാരിച്ച് ഉടനെ കൂടല്‍മാണിക്യക്ഷേത്രസന്നിധിയിലെത്തി, അന്ന് അവിടെത്താമസിച്ചു. ആ രാത്രിയില്‍തന്നെ കൂടല്‍മാണിക്യക്ഷേത്രത്തിലെ ഉദ്യോഗസ്ഥന്മാര്‍ക്കും മേല്‍ശാന്തി മുതലായവര്‍ക്കും ഒരു സ്വപ്നമുണ്ടായി. അവര്‍ ഉറങ്ങിക്കിടന്നിരുന്നപ്പോള്‍ ആരോ ഒരാള്‍ അടുക്കല്‍ച്ചെന്ന്, "നാളെ രാവിലെ കുട്ടഞ്ചേരി മൂസ്സ് ഇവിടെ വന്ന് ഒരു മുക്കുടിക്കുള്ള മരുന്നകള്‍ അരപ്പിച്ചു നടയില്‍ വെയ്ക്കും. അതെടുത്തു കലക്കിത്തിളപ്പിച്ചു മുക്കുടിയാക്കി നിവേദിക്കുകയും മരുന്നുകള്‍ കൊണ്ടുവരുന്നതിന്റെ പ്രതിഫലമായി മൂസ്സിനു ദേവസ്വത്തില്‍ നിന്നു നൂറ്റൊന്നു പറ നെല്ലു കൊണ്ടുക്കുകയും ഇതും പതിവുകണക്കില്‍ ചേര്‍ത്തു കൊല്ലംതോറും പുത്തരിയുടെ പിറ്റേദിവസം മുക്കുടി നിവേദ്യം പതിവായി നടത്തുകയും ചെയ്യണം" എന്നു പറഞ്ഞതായി തോന്നി. അവര്‍ക്കെല്ലാവര്‍ക്കും ഈ സ്വപ്നമുണ്ടായത് ഒരേ സമയത്തും ഒരേ വിധത്തിലുമായിരുന്നു. പിറ്റേദിവസം രാവിലെ അവരെല്ലാവരും ഈ സംഗതി പരസ്പരം പറയുകയും ദേവസ്വക്കാര്‍ ഒരു പ്രശ്നക്കാരനെ വരുത്തി കൂടല്‍മാണിക്യ സ്വാമിയുടെ നടയില്‍ വച്ചു പ്രശ്നം വെയ്പിച്ച് നോക്കിക്കുകയും അവരുടെ അടുക്കല്‍ച്ചെന്നു മേല്‍പ്പപറഞ്ഞപ്രകാരം പറഞ്ഞതു കൂടല്‍മാണിക്യസ്വാമി തന്നെയാണെന്നു പ്രശ്നക്കാരന്‍ വിധിക്കുകയും അപ്പോഴേയ്ക്കും കുട്ടഞ്ചേരി മൂസ്സ് മരുന്നുകള്‍ അരപ്പിച്ചു നടയില്‍ കൊണ്ടുവന്നു വെയ്ക്കുകയും തലേദിവസം രാത്രിയില്‍ ഒരാള്‍ പാടത്തുവെച്ചു തന്നോടു പറഞ്ഞവിവരം ദേവസ്വക്കാരേയും മറ്റും ഗ്രഹിപ്പിക്കുകയും ശാന്തിക്കാര്‍ ആ മരുന്നെടുത്തു മുക്കുടിയാക്കി ദേവനു നിവേദിക്കുകയും ദേവസ്വക്കാര്‍ മൂസ്സിന് നൂറ്റൊന്നു പറ നെല്ലു കൊടുക്കുകയും അതു പതിവായിത്തീരുകയും ചെയ്തു. ഇപ്രകാരം ആ മുക്കുടിനിവേദ്യം ഇപ്പോഴും അവിടെ നടന്നു വരുന്നുണ്ട്.
കുട്ടഞ്ചേരി മൂസ്സന്മാര്‍ വൈദ്യശാസ്ത്രം അഭ്യസിച്ചുകഴിഞ്ഞാല്‍ 'നെല്ലുവായി' ക്ഷേത്രത്തില്‍ച്ചെന്ന് ഒരു സംവത്സരം ഭജിച്ചതിനുശേഷമേ ചികിത്സകള്‍ ചെയ്തു തുടങ്ങാറുള്ളൂ. ഇതിനെക്കുറിച്ചു കേട്ടിട്ടുള്ള കാരണവും താഴെ ചേര്‍ക്കുന്നു.
ഒരു കാലത്ത് കുട്ടഞ്ചേരി മൂസ്സിന്റെ ഇല്ലത്തു ജ്യേഷ്ഠാനുജന്മാരായി രണ്ടു പേരുണ്ടായിരുന്നു. ബുദ്ധിയും ശാസ്ത്രജ്ഞാനവും ആ രണ്ടുപേര്‍ക്കും ഒരുപോലെ തന്നെയായിരുന്നു. എങ്കിലും ജ്യേഷ്ഠന്‍ മൂസ്സിനു ഭാഗ്യവും കൈപുണ്യവും വളരെ കുറവായിരിന്നു. അതിനാല്‍ ചികിത്സാവിഷയത്തില്‍ അദ്ദേഹത്തിനും പ്രസിദ്ധിയും പ്രചാരവും അനുജന്‍ മൂസ്സിനെപോലെ ഉണ്ടായിരുന്നില്ല. രോഗവിവരങ്ങള്‍ അറിയിക്കുന്നതിനായും രോഗികളെ കാണിക്കുന്നതിന് മൂസ്സിനെ കൂട്ടിക്കൊണ്ടുപ്പോകുന്നതിനായും ഇല്ലത്തു വരുന്നവരാരും ജ്യേഷ്ഠന്‍ മൂസ്സിനെ അന്വേഷിക്കുകയും കാണുകയും ചെയ്തിരുന്നില്ല. എല്ലാവരും അനുജന്‍ മൂസ്സിനെതന്നെയാണ് കാണുകയും കൂട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നത്.
അങ്ങനെയിരുന്ന കാലത്ത് അക്കാലത്തെ സാമൂതിരിപ്പാട്ടിലേക്ക് എന്തോരോഗം ബാധിക്കുകയാ,അനുജന്‍ മൂസ്സിനെ കൂട്ടിക്കൊണ്ടുചെല്ലനായി ആളെ അയച്ചു. അയയ്ക്കപ്പെട്ടയാള്‍ മൂസ്സിന്റെ ഇല്ലത്തു ചെന്നപ്പോള്‍ അനുജന്‍ മൂസ്സ് അവിടെയില്ലായിരുന്നു. അതിനാല്‍ ആ ആള്‍ ജ്യേഷ്ഠന്‍ മൂസ്സിനെക്കണ്ടു വിവരം പറഞ്ഞു. അപ്പോള്‍ ജ്യേഷ്ഠന്‍ മൂസ്സ്, "അനുജന്‍ ഇപ്പോള്‍ ഇവിടെയില്ല. ദൂരെ ഒരു സ്ഥലത്തുപോയിരിക്കുകയാണ്. മടങ്ങി വരുന്നതിന് ഏതാനും ദിവസത്തെ താമസമുണ്ടായേക്കും. അതിനാല്‍ ഞാന്‍ നിങ്ങളോടുകൂടി വന്നേക്കാം." എന്നു പറഞ്ഞു. ഉടനെ ആ വന്നയാള്‍ "അതു വേണമെന്നില്ല. അനുജന്‍ മൂസ്സിനെ കൊണ്ടു ചെല്ലണമെന്നാണ് കല്‍പ്പന." എന്നു പറഞ്ഞ് മടങ്ങിപ്പോയി. ജ്യേഷ്ഠന്‍ മൂസ്സിന് അപാരമായ മനസ്താപമുണ്ടായി. "കഷ്ടം! ഈശ്വരാ! എന്റെ സ്ഥിതി ഇങ്ങനെയായല്ലോ. ഞാനും അനുജനും പഠിച്ചിട്ടുള്ളത് ഒരുപോലെയാണ്. എങ്കിലും എന്നെ ആര്‍ക്കും ആവശ്യമില്ല. എല്ലാവര്‍ക്കും അനുജന്‍ മതി. ഈ സ്ഥിതിയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്? ഞാനിങ്ങനെയായിപ്പോയത് എനിക്ക് അനുജനുള്ളതുപോലെ ഈശ്വരസഹായമില്ലാഞ്ഞിട്ടായിരിക്കും. അതിനാല്‍ ഇവിടെ ഈശ്വരനെ സേവിക്കുക തന്നെയാണ് വേണ്ടത്" എന്ന് ആലോചിച്ചുകൊണ്ട് അദ്ദേഹം ഇല്ലത്തിനു സമീപമുള്ള നെല്ലുവായില്‍ ക്ഷേത്രത്തില്‍ ചെന്നു വലിയ നിഷ്ഠയോടുകൂടി ഭജനം തുടങ്ങി. തലപ്പിള്ളിത്താലൂക്കില്‍ വടക്കാഞ്ചേരിയിലുള്ള ഇല്ലത്തുനിന്ന് ഏകദേശം ആറു നാഴിക പടിഞ്ഞാറാണ് നെല്ലുവായില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനാല്‍ വിചാരിച്ച ദിവസംതന്നെ അദ്ദേഹത്തിനു ഭജനം തുടങ്ങാന്‍ സാധിച്ചു. ഒരു സംവത്സരം ഭക്തിപൂര്‍വ്വം ധന്വന്തരിയെസ്സേവിച്ചതിന്റെശേഷം ജ്യേഷ്ഠന്‍ മൂസ്സ് മടങ്ങി ഇല്ലത്തെത്തി. അക്കാലം മുതല്‍ അദ്ദേഹത്തെ കാണാന്‍ രോഗികള്‍ ധാരാളമായി വന്നുതുടങ്ങുകയും അദ്ദേഹം ചെയ്ത ചികിത്സകളെല്ലാം ശരിയായി ഫലിച്ചുതുടങ്ങുകയും ചെയ്തു. ക്രമേണ അദ്ദേഹത്തിന്റെ കീര്‍ത്തി ലോകത്തിന്റെ സര്‍വ്വത്രവ്യാപിച്ചു. ജേഷ്ഠന്‍മൂസ്സ് ചികിത്സിച്ചാല്‍ അസാദ്ധ്യരോഗങ്ങളും ഭേദമാകുമെന്നൊരുവിശ്വാസം ജങ്ങള്‍ക്ക് പരക്കെ ഉണ്ടായിത്തീരുകയും ചെയ്തു. ഒരു കൊല്ലത്തിനുമുമ്പ് സാമൂതിരിപ്പട്ടിലേക്ക് ആരംഭിച്ചിരുന്ന ദീനം അനുജന്‍ മൂസ്സിന്റെ ചികിത്സകൊണ്ടു സ്വല്‍പം ശമിച്ചുവെന്നല്ലാതെ അപ്പോഴും നല്ലപോലെ ഭേദമായിരുന്നില്ല. അതിനാല്‍ സാമൂതിരിപ്പാട്ടീന്ന് ആളയച്ചു ജ്യേഷ്ഠന്‍ മൂസ്സിനെ കൊണ്ടുപോയി. ജ്യേഷ്ഠന്‍ മൂസ്സിന്റെ ചികിത്സകൊണ്ട് സാമൂതിരിപ്പാട് അചിരേണ പൂര്‍ണ സുഖത്തെ പ്രാപിക്കുകയും അവിടെനിന്നു മൂസ്സിനു വിലപിടിച്ച പല സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്തു. അക്കാലം മുതല്‍ക്കാണ് കുട്ടഞ്ചേരി മൂസ്സന്മാര്‍ വൈദ്യശാസ്ത്രം അഭ്യസിച്ചു കഴിഞ്ഞാല്‍ നെല്ലുവായില്‍ ക്ഷേത്രത്തില്‍ സംവത്സര ഭജനം കൂടി കഴിഞ്ഞിട്ടേ ചികിത്സിച്ചു തുടങ്ങാവൂ എന്നുള്ള ഏര്‍പ്പാടു വെച്ചത്.
കുട്ടഞ്ചേരി മൂസ്സന്മാര്‍ അവരുടെ പൂര്‍വ്വന്മാരുടെ അടുക്കലല്ലാതെ അന്യന്മാരുടെ അടുക്കല്‍ വൈദ്യശാസ്ത്രം പഠിക്കുക പതിവില്ല. നേരെ മറിച്ച് അവിടെച്ചെന്നു പലരും പഠിക്കാറുമുണ്ട്. അഷ്ടവൈദ്യന്മാരില്‍ തന്നെ പ്രസിദ്ധന്മാരായിരുന്ന എളേടത്തു തൈക്കാട്ടു മൂസ്സ്, തൃശ്ശിവപേരൂര്‍ മൂസിന്റെ ശിഷ്യന്മാരായിരുന്നുവല്ലോ.
കഴിഞ്ഞുപോയ കുട്ടഞ്ചേരി വാസുദേവന്‍(അപ്ഫന്‍) മൂസ്സവര്‍കള്‍ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിന് ഏറ്റവും സമര്‍ത്ഥനായിരുന്നു. അഷ്ടാംഗഹൃദയത്തിന്റെ അര്‍ത്ഥം പറയുന്നതിന് അവിടുത്തെപ്പോലെ ആരുമില്ലായിരുന്നുവെന്നുള്ളതു പ്രസിദ്ധമാണല്ലോ. പണ്ട് അഷ്ടവൈന്മാരിലാരും അഷ്ടാഗഹൃദയത്തിന്റെ സൂത്രസ്ഥാനം നായന്മാര്‍ മുതലായവരെ പഠിപ്പിക്കാറില്ലായിരുന്നു. ആ സ്ഥാനം നായന്മാര്‍ മുതലായവരെ പഠിപ്പിച്ചു തുടങ്ങിയത് അപ്ഫന്‍ മൂസ്സവര്‍കളാണ്. ആ സ്ഥാനം പഠിക്കുന്നവര്‍ അതു പഠിച്ചു കഴിയുന്നതുവരെ അവിടുത്തെ ക്ഷേത്രത്തില്‍ ഭജിക്കണമെന്നുകൂടി അവിടേക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു.
ഈ അപ്ഫന്‍ മൂസ്സവര്‍കളുടെ ജേഷ്ഠന്റെ പുത്രനായ ഇപ്പോഴത്തെ അച്ഛന്‍ മൂസ്സവര്‍കള്‍ ചികിത്സാവിഷയത്തില്‍ സ്വല്‍പം ഔദാസീന്യമുള്ള ആളാണെങ്കിലും ശാസ്ത്രം നല്ലപോലെ പഠിച്ചിട്ടുള്ള ഒരു നല്ല വൈദ്യനാണ്. ഈ മൂസ്സവര്‍കളെപ്പോലെ ജാമാതൃഭാഗ്യം ഇതിനു മുമ്പ് ആ ഇല്ലത്തു മറ്റാര്‍ക്കുമുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. അഷ്ടവൈദ്യന്മാരുടെ മിക്ക കുടുംബങ്ങളിലേക്കും സ്വപുത്രിമാരെ വിവാഹം കഴിച്ചു കൊടുത്ത് അവരുടെയെല്ലാം ബന്ധുത്വം സമ്പാദിക്കന്‍ സംഗതിയായത് ഒരു വലിയ ഭാഗ്യമാണല്ലോ.