പിലമന്തോള്‍ മൂസ്സിന്റെ ഇല്ലം ബ്രിട്ടീഷുമലബാറില്‍ വള്ളുവനാടു താലൂക്കില്‍ പിലമന്തോള്‍ അംശത്തില്‍ പിലാമന്തോള്‍ ദേശത്താണ്. ഈ ഇല്ലക്കാര്‍ പണ്ടു സാമുരിരിപ്പാടു തമ്പുരാന്റെ ഇഷ്ടന്മാരും പ്രത്യേക വൈദ്യന്മാരും വൈദ്യവിഷയത്തില്‍ അതിവിദഗ്ദ്ധന്മാരും സുപ്രസിദ്ധന്മാരുമായിരുന്നു. ആ സ്ഥിതിക്കു ഇപ്പോഴും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല.
പണ്ടൊരിക്കല്‍ (അന്നു നാടുവാണിരുന്ന) തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സിലേക്ക് അതികഠിനമായ ഒരു ശീലായ്മ (വയറ്റില്‍ വേദന) ഉണ്ടാവുകയും തിരുവിതാംകൂറിലും കൊച്ചിയിലും മറ്റുമുള്ള പ്രസിദ്ധന്മാരായ സകല വൈദ്യന്മാരും പഠിച്ച പണി എല്ലാം നോക്കീട്ടും അതു ഭേദമാകാതെയിരിക്കുകയും ചെയ്യുകയാല്‍ ഒടുക്കം പിലാമന്തോള്‍ മൂസ്സിനെ വരുത്തണമെന്നു നിശ്ചയിച്ചു അങ്ങോട്ടാളയച്ചു. മുമ്പുണ്ടായിരുന്ന പിലമന്തോള്‍ മൂസ്സന്മാരെക്കുറിച്ചുള്ള കേള്‍വി നിമിത്തമാണ് അങ്ങോട്ടാളയച്ചത്. എന്നാല്‍ അക്കാലത്ത് അവിടെ പ്രായപൂര്‍ത്തി വന്നവരോ വൈദ്യവിദ്യ അഭ്യസിച്ചവരോ ആയ പുരുഷന്മാര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഏകദേശം പതിന്നാലു വയസ്സുമാത്രം പ്രായമായ ഒരു ഉണ്ണിമൂസ്സു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഉപനയനവും സമാവര്‍ത്തനവും കഴിഞ്ഞിരുന്നുവെങ്കിലും വൈദ്യവിഷയകമായി യാതൊന്നും അവിടുന്നു പഠിച്ചിരുന്നില്ല. മഹാരാജാവു തിരുമനസ്സിലെ ആളുകള്‍ ചെന്നു വിവരം പറഞ്ഞപ്പോള്‍ അവിടുന്ന് അത്യന്തം വിഷണ്ണനായിത്തീര്‍ന്നു. "എന്റെ പൂര്‍വന്മാര്‍ മഹായോഗ്യന്മാരും വലിയ വൈദ്യന്മാരും വൈദ്യവിഷയമായി പല അത്ഭുതകര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ളവരും പ്രസിദ്ധന്മാരുമായിരുന്നതിനാലാണല്ലോ മഹാരാജാവു കല്പിച്ച് ഇവിടെ ആളയയ്ക്കാനിടയായത്. കഷ്ടം! ഈശ്വരാ! ഞാനിങ്ങനെയായിപ്പോയല്ലോ. എന്റെ അച്ഛന്‍ എനിക്കു ബാല്യമായിരുന്നപ്പോള്‍തന്നെ മരിച്ചുപോയതിനാലാണല്ലോ എനിക്ക് ഒന്നും പഠിക്കാനിടയാകാഞ്ഞത്. തിരുവിതാംകൂറില്‍ പോയി മഹാരാജാവിന്റെ സുഖക്കേടു ഭേദമാക്കിയെങ്കില്‍ എനിക്കു വളരെ ശ്രയസ്സും യശസ്സും ബഹുമതിയും ലഭിക്കുമായിരുന്നു. ഒന്നും പഠിച്ചിട്ടില്ലാത്ത ഞാന്‍ വിചാരിച്ചാല്‍ അതു സാധ്യമല്ലല്ലോ. ഈശ്വരാ! ഇപ്പോള്‍ ഞാന്‍ഇവിടെ എന്താണ് ചെയ്യേണ്ടത്? എനിക്കൊന്നു അറിഞ്ഞുകൂടെന്നു പറഞ്ഞാല്‍ ഈ കുടുംബത്തേക്കുകൂടി കുറിച്ചിലായിത്തീരുമല്ലോ" എന്നിങ്ങനെ വിചാരിച്ച് അവിടുന്ന് ഏറ്റവും വിഷാദത്തോടുകൂടി അകത്തു ചെന്നു തന്റെ അമ്മയെ വിളിച്ചു വിവരമെല്ലാം പറഞ്ഞു. അപ്പോള്‍ ആ അന്തര്‍ ́നം, "ഉണ്ണി ഒട്ടും വിഷാദിക്കേണ്ടാ, നമ്മുടെ പരദൈവമായ പരമേശ്വരനെ ഭക്തിപൂര്‍വം പന്ത്രണ്ടു ദിവസം ഭജിക്കുക. അദ്ദേഹം എന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരും. ഭജനം കഴിഞ്ഞിട്ടു ചെല്ലാമെന്നു പറഞ്ഞു മഹാരാജാവിന്റെ ആളുകളെ അയയ്ക്കുക" എന്നു പറഞ്ഞു. അപ്രകാരംതന്നെ ഉണ്ണിമൂസ്സ് പുറത്തുവന്നു മഹാരാജാവിന്റെ ആളുകളോട്,"എനിക്ക് ഇപ്പോള്‍ അമ്പലത്തില്‍ ഭജനമാണ്. അതിനി പന്ത്രണ്ടു ദിവസംകൂടിയുണ്ട്. അതു കഴിഞ്ഞല്ലാതെ വരാന്‍ എനിക്കു നിവൃത്തിയില്ല. നിങ്ങള്‍ പോയി ഭജനം കഴിയുമ്പോഴേക്കും വരുക. പിന്നെ നമുക്ക് ഒരുമിച്ചു പോകാം" എന്നു പറഞ്ഞു. അതു കേട്ടു രാജപുരുഷന്മാര്‍, "പന്ത്രണ്ടു ദിവസം കഴിഞ്ഞാല്‍ മതിയല്ലോ. അത്രയും ദിവസംകൊണ്ട് പോയിവരാന്‍ സാധിക്കയില്ല. സ്വല്പം താമസിച്ചാലും ഒരുമിച്ചു കൊണ്ടു ചെല്ലണമെന്നാണ് കല്പന. അതിനാല്‍ ഭജനം കഴിയുന്നതുവരെ ഞങ്ങള്‍ ഇവിടെ താമസിചുകൊള്ളാം" എന്നു പറഞ്ഞു. "എന്നാല്‍ അങ്ങനെതന്നെ" എന്നു ഉണ്ണിമൂസ്സും സമ്മതിക്കുകയും അവിടുന്നു അന്നുതന്നെ ഭജനം ആരംഭിക്കുകയും ചെയ്തു. ഭജനം അത്യന്തം ഭക്തിയോടും വലിയ നിഷ്ഠയോടുംകൂടിയായിരുന്നു. ഭജനം തുടങ്ങിയതിന്റെ പതിനൊന്നാം ദിവസം രാത്രിയില്‍ ഉണ്ണിമൂസ്സ് അമ്പലത്തില്‍ക്കിടന്നുറങ്ങിയ സമയം ഒരു വൃദ്ധബ്രാഹ്മണന്‍ തന്റെ അടുക്കല്‍ വന്ന് "ഹേ! അങ്ങ് ഒട്ടും വ്യസനിക്കേണ്ടാ. അങ്ങു തിരുവിതാംകൂറില്‍ച്ചെന്ന്, ഇതാ, ഈ മരുന്നു മൂന്നു നേരം കാഞ്ഞവെള്ളത്തില്‍ കലക്കി മഹാരാജാവിനു കൊടുക്കണം. ഇതുകൊണ്ടു നല്ല സുഖമാകും. മഹാരാജാവ് എന്തെങ്കിലും തന്നാല്‍ ഒന്നും വാങ്ങരുത്. "എനിക്ക് ഇതൊന്നും വേണ്ടാ" എന്നു പറയണം. അപ്പോള്‍ "പിന്നെ എന്താണ് വേണ്ടത്?" എന്നു മഹാരാജവു ചോദിക്കും. ഉടനെ അങ്ങ് "താമ്രപര്‍ണ്ണീനദിയില്‍ ധന്വന്തരിയുടെ വിഗ്രഹം കിടക്കുന്നുണ്ട്. അത് അവിടെനിന്ന് എടുപ്പിച്ച് എന്റെ പരദേവതയായ ശിവന്റെ ഇടത്തുവശത്ത് ആ അമ്പലത്തില്‍ത്തന്നെ പ്രതിഷ്ഠ കഴിപ്പിച്ചുതരണം. ഇതാണ് എനിക്ക് വേണ്ടത്. ബിംബം മുങ്ങിയെടുക്കാനുള്ള ആളുകള്‍ താമ്രാപര്‍ണ്ണീതീരത്തു ചെല്ലുമ്പോള്‍, അതു കിടക്കുന്ന സ്ഥലം കാണിച്ചുകൊടുക്കുന്നതിനും പ്രതിഷ്ഠ കഴിക്കുന്നതിനുമുള്ള ആള്‍ അവിടെ വരും. ആള്‍ പറയുന്ന സ്ഥലത്തുനിന്നു ബിംബമെടുപ്പിച്ച് ആ ആളെക്കൊണ്ടു പ്രതിഷ്ഠ കഴിപ്പിചാല്‍ മതി" എന്നു പറയണം. "ഇത് എങ്ങനെ അറിഞ്ഞു?" എന്നു മഹാരാജവു ചോദിച്ചാല്‍ ഈ പരമാര്‍ത്ഥമൊന്നും പറയരുത്. "ഞാന്‍ഇങ്ങനെ കേട്ടിട്ടുണ്ട്" എന്നു മാത്രമേ പറയാവൂ. മഹാരാജാവു ബിംബം എടുപ്പിച്ചു പ്രതിഷ്ഠ കഴിപ്പിചാല്‍പ്പിന്നെ ഇപ്പോള്‍ ശിവനെ എന്നപോലെതന്നെ ധന്വന്തരിയെയും പരദേവതയായി വിചാരിച്ചു സേവിച്ചു കൊള്ളണം. പൂജാനിവേദ്യാദികള്‍ രണ്ടു സ്ഥലത്തും യാതൊരു വ്യത്യാസവും കൂടാതെ ഭക്തിപൂര്‍വ്വം ഒരുപോലെ നടത്തിച്ചുകൊള്ളണം. എന്നാല്‍ നിങ്ങള്‍ക്കു ഐശ്വര്യവും വൈദ്യത്തില്‍ പ്രസിദ്ധിയും പൂര്‍വ്വാധികം വര്‍ദ്ധിക്കും" എന്നു പറഞ്ഞു മൂന്നു ഗുളിക തന്റെ കയ്യില്‍ വച്ചതായി ഉണ്ണി മൂസ്സിനു തോന്നി. ഉടനെ ഉണര്‍ന്നു നോക്കിയപ്പോള്‍ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും മൂന്നു ഗുളിക തന്റെ കൈയ്യില്‍ ഇരിക്കുന്നതായി കണ്ട് ഉണ്ണിമൂസ്സു വളരെ വിസ്മയിക്കുകയും വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ തന്റെ അടുക്കല്‍ വന്ന് ഇപ്രകാരം പറയുകയും മരുന്നു തരുകയും ചെയ്തത് തന്റെ പരദേവതയായ ശ്രീപരമേശ്വരന്‍തന്നെയാണെന്നു വിശ്വസിക്കുകയും ചെയ്തു.
പന്ത്രണ്ടു ദിവസംകഴിഞ്ഞു പതിമൂന്നാം ദിവസം യഥാവിധി ഭജനം കാലംകൂടുകയും ഇല്ലത്തു ചെന്ന് അമ്മയെ വിളിച്ചു വിവരമെല്ലാം ധരിപ്പിക്കുകയും പാദത്തിങ്കല്‍ വീണു നമസ്ക്കരിച്ചു യാത്ര പറഞ്ഞ് അനുഗ്രഹവും അനുവാദവും വാങ്ങിയതിന്റെ ശേഷം ഉണ്ണിമൂസ്സു മഹാരാജാവിന്റെ ആളുകളോടുകൂടി തിരുവിതാംകൂറിലേക്ക് പുറപ്പെടുകയും യഥാകാലം രാജധാനിയിലെത്തി മഹാരാജാവിനെ കാണുകയും തന്റെ കൈവശമുണ്ടായിരുന്ന ഗുളിക മൂന്നും മൂന്നു നേരമായി മഹാരാജാവിനെ സേവിപ്പിക്കുകയും ചെയ്തു.
ആ ഗുളിക സേവിച്ചതോടുകൂടി തിരുമനസ്സിലേക്കു വയറ്റില്‍ വേദന നിശ്ശേഷം വിട്ടുമാറി. അവിടുന്നു പരിപൂര്‍ണ്ണസുഖത്തെ പ്രാപിച്ചു. അതിനാല്‍ അവിടുന്നു സന്തോഷിച്ച് ഉണ്ണിമൂസ്സിനു വിലപിടിച്ച അനേകം സമ്മാനങ്ങള്‍ കല്‍പ്പിച്ചു കൊടുത്തു. ഉണ്ണിമൂസ്സ്, "എനിക്ക് ഇതൊന്നും ആവശ്യമില്ല" എന്നു പറഞ്ഞ് ഉപേക്ഷിച്ചതല്ലാതെ അവയിലൊന്നും സ്വീകരിച്ചില്ല. "പിന്നെ മൂസ്സിന് എന്താണ് വേണ്ടതെ"ന്ന് കല്‍പ്പിച്ചു ചോദിച്ചപ്പോള്‍ ഉണ്ണിമൂസ്സു തന്നോട് ഉറക്കത്തില്‍ വൃദ്ധബ്രാഹ്മണന്‍ പറഞ്ഞതുപോലെയൊക്കെ പറയുകയും അപ്രകാരമെല്ലാം ചെയ്യുന്നതിനു വേണ്ടുന്ന പണവുംകൊടുത്തു തക്കതായ ആളുകളെ കല്‍പ്പിച്ചയയ്ക്കുകയും ചെയ്തു.
മഹാരാജാവു തിരുമനസ്സുകൊണ്ടു കല്‍പ്പിച്ചയച്ച ആളുകള്‍ താമ്രപര്‍ണ്ണീ തീരത്തെത്തി, ഏതു ഭാഗത്താണ് മുങ്ങിത്തപ്പേണ്ടതെന്നു സംശയിച്ചുകൊണ്ടുനിന്നപ്പോള്‍ എവിടെനിന്നോ അവിടെ ഒരു സന്യാസി ചെന്നുചേര്‍ന്നു. അപ്പോള്‍ ഒരു കൃഷ്ണപ്പരുന്തു നദിയുടെ മേല്‍ഭാഗത്തു വട്ടത്തില്‍ പറന്നുകൊണ്ടിരിക്കുകയും ചെയ്തു. ആ സന്യാസി രാജപുരുഷന്മാരോടു "നിങ്ങള്‍ എന്താണ് സംശയിച്ചു നില്‍ക്കുന്നത്? ആ പരുന്തു പറക്കുന്നതിന്റെ നേരെ താഴെ മുങ്ങി നോക്കിയാല്‍ ബിംബം കിട്ടും" എന്നു പറഞ്ഞു. മഹാരാജാവിന്റെ ആളുകള്‍ അവിടെ മുങ്ങിത്തപ്പുകയും ധന്വന്തരിയുടെ ഒരു ശിലാവിഗ്രഹം കണ്ടുകിട്ടുകയും ചെയ്തു. ബിംബമെടുത്തു കരയ്ക്കു കൊണ്ടുവന്നപ്പോള്‍ ആ സന്യാസി, "നിങ്ങള്‍ ഈ ബിംബം കൊണ്ടുപോയി പ്രതിഷ്ഠയ്ക്കു വേണ്ടതൊക്കെ തയ്യാറാക്കുവിന്‍. പ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തമാകുമ്പോള്‍ ഞാനവിടെ വന്നു പ്രതിഷ്ഠ നടത്തിക്കൊള്ളാം"എന്നു പറഞ്ഞിട്ട് അവിടെനിന്നു പോവുകയും ചെയ്തു. ആ സന്യാസി എവിടെനിന്നാണ് വന്നതെന്നും എങ്ങോട്ടാണ് പോയതെന്നും ആര്‍ക്കും നിശ്ചയമില്ല.
മഹാരാജവിന്റെ ആളുകള്‍ ബിംബവുംകൊണ്ടു പിലാമന്തോള്‍ എത്തി, ബിംബം അവിടെ പുഴയില്‍ ജലാധിവാസം ചെയ്യിക്കുകയും മൂസ്സിന്റെ പരദേവതയായ ശിവന്റെ അമ്പലത്തില്‍ത്തന്നെ മുമ്പുണ്ടായിരുന്ന ശ്രീകോവിലിന്റെ ഇടത്തുവശത്തായി ഒരു ശ്രീകോവില്‍കൂടി പണിയിക്കുകയും പ്രതിഷ്ഠയ്ക്ക് ഒരു ശുഭമുഹൂര്‍ത്തം നിശ്ചയിക്കുകയും മുഹൂര്‍ത്ത സമയമായപ്പോള്‍ മേല്‍പ്പറഞ്ഞ സന്യാസി അവിടെ എത്തുകയും ബിംബമെടുത്തുകൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും ചെയ്തു. ഉടനെ രണ്ടു ബ്രാഹ്മണശ്രഷ്ഠന്മാര്‍ പോയി ബിംബമെടുക്കാന്‍ നോക്കിയിട്ടു സാധിക്കായ്കയാല്‍ പിന്നെ നാലഞ്ചുപേര്‍കൂടി പോയി. എന്നിട്ടു സാധിച്ചില്ല. കിം ബഹുനാ? അസംഖ്യം ബാഅണന്മാര്‍കൂടി ശ്രമിച്ചിട്ടും ആ ബിംബം കിടന്ന സ്ഥലത്തുനിന്ന് ഇളക്കിയെടുക്കാന്‍പോലും കഴിഞ്ഞില്ല. ആരു വിചാരിച്ചാലും ബിംബം അവിടെനിന്ന് ഇളക്കിയെടുക്കാന്‍ സാധിക്കയില്ലെന്നു തീര്‍ച്ചയായപ്പോള്‍ ആ സന്യാസി ഒരു ജലപാത്രവുമെടുത്തുകൊണ്ട് ആ സ്ഥലത്തേക്കു ചെല്ലുകയും ഒരു കൈകൊണ്ടു നിഷ്പ്രയാസം ആ ബിംബം പുഴയില്‍നിന്ന് എടുക്കുകയും മറ്റേക്കയ്യിലുണ്ടായിരുന്ന ജലപാത്രത്തില്‍ വെള്ളം മുക്കിയെടുക്കുകയും ചെയ്തുകൊണ്ട് അമ്പലത്തിലെത്തി. മുഹൂര്‍ത്തസമയത്തുതന്നെ ബിംബം പ്രതിഷ്ഠിക്കുകയും ജലപാത്രത്തിലുണ്ടായിരുന്ന വെള്ളംകൊണ്ട് ബിംബത്തിന് അഭിഷേകം കഴിക്കുകയും ചെയ്തു. അന്നുമുതല്‍ പിലമന്തോള്‍ മൂസ്സന്മാര്‍ക്കു ശിവനും ധന്വന്തരിയും പരദേവതമാരായിത്തീര്‍ന്നു. അവര്‍ ഇന്നും ആ രണ്ടു ദേവന്മാരെയും ഒരുപോലെ സേവിക്കുകയും ആചരിക്കുകയും ചെയ്തുവരുന്നു. അവിടെ രണ്ടു ദേവന്മാര്‍ക്കും നിത്യനിദാനം, മാസവിശേഷം, ആട്ടവിശേഷം മുതലായവയെല്ലാം ഇന്നും ഒരുപോലെ തന്നെയാണ് നടത്തിവരുന്നത്. ആരെങ്കിലും അവിടെ വഴിപാടു കഴിക്കുകയാണെങ്കിലും രണ്ടു ദേവന്മാര്‍ക്കും ഒരുപോലെ വേണം. ഒരു കദളിപ്പഴം നിവേദിക്കുകയാണെങ്കില്‍ അതു നടുവേ മുറിച്ചു രണ്ടിടത്തു ഒരുപോലെ നിവേദിക്കണം. ഇങ്ങനെയെല്ലാം ഇപ്പോഴും നടന്നുവരുന്നു.
തിരുവിതാംകൂര്‍ മഹാരാജാവിന്റെ സുഖക്കേടു ഭേദമാക്കിയ ഉണ്ണിമൂസ്സ് ധന്വന്തരിയുടെ പ്രതിഷ്ഠ കഴിഞ്ഞതിന്റെ ശേഷം ആ ദേവനെയും പൂര്‍വ്വപരദേവതയായ ശിവനെയും ഭക്തിപൂര്‍വ്വം വളരെ സേവിക്കുകയും അഷ്ഠവൈദ്യന്മാരിലൊരാളായ ആലത്തൂര്‍നമ്പിയുടെ അടുക്കല്‍ യഥാക്രമം വൈദ്യശാസ്ത്രം പഠിക്കുകയും വൈദ്യവിഷയത്തില്‍ അവിടുന്ന് അതിസമര്‍ത്ഥനും വിശ്വവിശ്രുതനുമായിത്തീരുകയും അനന്തരം തന്റെ ഗുരുനാഥന്റെ പുത്രിയായ ഒരു കന്യകയെ യഥാക്രമം വിവാഹം കഴിക്കുകയും അതില്‍ അവിടേക്കു ധാരാളം പുത്രസന്താനങ്ങളുണ്ടാവുകയും ആ സന്താനപരമ്പര ക്രമേണ വര്‍ദ്ധിക്കുകയും അവരെല്ലാവരും അവരുടെ പരദേവതമാരെ യഥാക്രമം സേവിക്കുകയാല്‍ വൈദ്യവിഷയത്തില്‍ പൂര്‍വന്മാരെ അതിശയിചു പ്രസിദ്ധന്മാരായിത്തീരുകയും ചെയ്തു.
ധന്വന്തരിയെ പ്രതിഷ്ഠിച്ച സന്യാസി പ്രതിഷ്ഠാനന്തരം എങ്ങോട്ടും പോയില്ല. തപസ്സുചെയ്തുകൊണ്ട് ആ അമ്പലത്തില്‍ത്തന്നെ വളരെക്കാലമിരിക്കുകയും ഒടുക്കം അവിടെവച്ചുതന്നെ സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്തു. സന്യാസിയുടെ മൃതശരീരം ആ അമ്പലത്തില്‍ത്തന്നെ രണ്ടു ശ്രീകോവിലുകളുടെയും മദ്ധ്യത്തിലായി ഭൂമിദാനം ചെയ്യ(സംസ്കരിക്ക)പ്പെടുകയും ആ സ്ഥലത്ത് ഒരു തറകെട്ടിച്ചു തുളസി നടുകയും ചെയ്തു. ആ തുളസിത്തറയും തുളസിയും ഇപ്പോഴും അവിടെ കാണ്‍മാനുണ്ട്.
ധന്വന്തരിയുടെ പ്രതിഷ്ഠയും സന്യാസിയുടെ സ്വര്‍ഗ്ഗാരോഹണവും മറ്റും കഴിഞ്ഞിട്ടു വളരെ തലമുറകള്‍ക്കുശേഷം പിലാമന്തോള്‍ മൂസ്സിന്റെ ഇല്ലത്ത് ഒരു കാലത്ത് ഓരോരുത്തരായി കാലധര്‍മ്മത്തെ പ്രാപിക്കുകയും ഒടുക്കം ഒരു കന്യക മാത്രം ശേഷിക്കുകയും ചെയ്തു. അക്കാലത്തു നാടുവാണിരുന്ന സാമൂതിരിപ്പാടു തമ്പുരാന്റെ പുറത്ത് ഏറ്റവും വലിയതായ ഒരു പ്രമേഹകുരു ഉണ്ടാവുകയും അതിനു ചികിത്സിക്കുന്നതിനു പിലമന്തോള്‍ ഇല്ലത്തു മൂസ്സന്മാരാരും ഇല്ലാതെയിരിക്കുകയും ചെയ്കയാല്‍ അവിടുത്തെ പ്രധാന ശിഷ്യന്മാരിലൊരാളും പിലമന്തോള്‍ക്കു സമീപം "കുലുക്കലൂര്‍" എന്ന ദേശത്തുകാരനും "വടക്കുംകര" എന്ന് ഇല്ലപ്പേരുമായ ഒരു നമ്പൂതിരിയെക്കൊണ്ടു ചികിത്സിപ്പിച്ചു. ശസ്ത്രക്രിയ ചെയ്യാതെ സുഖപ്പെടുത്താന്‍ പ്രയാസമാണെന്നു തോന്നുകയാല്‍ നമ്പൂരി കുരു കീറുകയും ചികിത്സിച്ചു ദീനം ഭേദമാക്കുകയും ചെയ്തു. ശസ്ത്രക്രിയ ചെയ്യുകയാല്‍ ആ നമ്പൂരിയുടെ ശ്രാദ്ധാദികള്‍ ശേഷമുള്ള നമ്പൂതിരിമാര്‍ നടത്തിക്കൊടുക്കാതിരിക്കുകയും അദ്ദേഹത്തിനു സ്വന്തം ഇല്ലത്തുതന്നെ താമസിക്കാന്‍ പാടില്ലെന്നായിത്തീരുകയും ചെയ്തു. അതിനാല്‍ ആ വിവരം നമ്പൂരി സാമൂതിരിപ്പാടുതമ്പുരാന്റെ അടുക്കല്‍ അറിയിക്കുകയും തമ്പുരാന്‍ ആ നമ്പൂതിരിയെക്കൊണ്ട് പിലാമന്തോളില്ലത്തുണ്ടായിരുന്ന കന്യകയെ വിവാഹം കഴിപ്പിക്കുകയും സര്‍വ്വസ്വദാനമായി അവിടെ ദത്തു കയറ്റി താമസിപ്പിക്കുകയും ആ നമ്പൂതിരിക്കായി വളരെ വസ്തുവഹകള്‍ കല്പിച്ചു കൊടുക്കുകയും ചെയ്തു. പിലാമന്തോള്‍ മൂസ്സിന്റെ ഇല്ലത്തേക്ക് ഇപ്പോള്‍ ഉള്ള വസ്തുക്കളില്‍ മിക്കവയും സാമൂതിരിപ്പാടു തമ്പുരാന്‍ ഇപ്രകാരം കല്പിച്ചു കൊടുത്തിട്ടുള്ളവയും ആ ഇല്ലത്തുള്ളവര്‍ വടക്കുംകര നമ്പൂരിയുടെ സന്താനപരമ്പരയിലുള്‍പ്പെട്ടവരുമാണ്. ഇപ്പോള്‍ ഈ ഇല്ലത്ത് ഒരു മൂസ്സും അവിടുത്തെ അമ്മയും അവിടുന്നു വിവാഹം കഴിച്ചിട്ടുള്ള അന്തര്‍ജ്ജനവും രണ്ടു പുരുഷസന്താനങ്ങളും ഒരു സ്ത്രീ സന്താനവും മാത്രമേ ഉള്ളു. ആ പുരാതന കുടുംബം സകലൈശ്വര്യങ്ങളോടുംകൂടി എന്നെന്നും വര്‍ദ്ധിച്ചിരിക്കുവാന്‍ സ്വര്‍വ്വേശ്വരന്‍ കടാക്ഷിക്കുമാറാകട്ടെ.