ഐതിഹ്യമാല/ശ്രീകൃഷ്ണകര്‍ണാമൃതം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഒരു വില്വമംഗലത്തു നമ്പൂരി അദ്ദേഹത്തിന്റെ ഇല്ലത്തുനിന്നു രണ്ടുമൂന്നു നാഴിക അകലെയുള്ള ഒരമ്പലവാസിസ്ത്രീയെ സംബന്ധം ചെയ്തിരുന്നു. അദ്ദേഹത്തിന് ആ ഭാര്യയെക്കുറിച്ച് അളവറ്റ പ്രമമുണ്ടാ യിരുന്നതിനാല്‍ അദ്ദേഹം എവിടെയെല്ലാം പോയാലും എന്തെല്ലാം പ്രതിബന്ധങ്ങള്‍ നേരിട്ടാലും രാത്രിയില്‍ ഭാര്യഗൃഹത്തില്‍ച്ചെന്നല്ലാതെ കിടക്കുകയില്ലെന്നു നിശ്ചയം ചെയ്തിരുന്നു. ഒരു ദിവസം ഉച്ചയായപ്പോള്‍ മുതല്‍ അതികലശലായിട്ട് മഴ തുടങ്ങി. നമ്പൂരി അത്താഴം കഴിഞ്ഞ് മഴ മാറാനായി വളരെ നേരം കാത്തിരുന്നു. പത്തു നാഴിക രാച്ചെന്നിട്ടും മഴ മാറിയില്ല. അപ്പോള്‍ കറുത്തപക്ഷമായിരുന്നതിനാല്‍ അതികഠിനമായ ഇരുട്ടുമുണ്ടായിരുന്നു. എങ്കിലും പുറപ്പെടുകതന്നെ എന്നു നിശ്ചയിച്ച് അദ്ദേഹം ചൂട്ടും കത്തിച്ച് ഇല്ലത്തുനിന്നു പുറപ്പെട്ടു. കുടയുണ്ടായിരുന്നു വെങ്കിലും കാറ്റടികൊണ്ടു നനഞ്ഞു. അരനാഴിക കഴിയുന്നതിനുമുമ്പു ചൂട്ടുകെട്ടു. പിന്നെ കൂരിരുട്ടുകൊണ്ടു കണ്ണുതീരെ കാണാന്‍ പാടില്ലായി രുന്നു. എങ്കിലും തപ്പിത്തടഞ്ഞ് അദ്ദേഹം മുമ്പോട്ടുതന്നെ നടന്നു. അങ്ങനെ ഒരു വിധത്തില്‍ മധ്യേമാര്‍ഗ്ഗമുണ്ടായിരുന്ന പുഴക്കടവില്‍ച്ചെന്നു ചേര്‍ന്നു. രാവിലെ ഭാര്യാഗൃഹത്തില്‍നിന്നു പോന്ന സമയം ആ പുഴയില്‍ അദ്ദേഹത്തിനു ക ഷ്ടിച്ചു പാദം മുങ്ങാന്‍മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. രാത്രിയായപ്പോഴേക്കും കിഴക്കന്‍ വെള്ളം വന്നു പുഴ നിറഞ്ഞുകവിഞ്ഞൊ ഴുകിത്തുടങ്ങിയിരുന്നു. കടവിലെങ്ങും ആളുമില്ല, തോണിയുമില്ല. തുമ്പി ക്കൈവണ്ണത്തില്‍ ധാരമുറിയാതെയുള്ള മഴയും അതികഠിനമായ കാറ്റുമുള്ള സമയത്ത് വിളിച്ചാലാരും കേള്‍ക്കുകയുമില്ലല്ലോ. എന്താ നിവൃത്തി? പോകാതെയിരിക്കാനും പാടില്ല. ആകെപ്പാടെ നമ്പൂരി ഏറ്റവും വിശ നായിത്തീര്‍ന്നു. ആ സമയം ദൈവഗത്യാ ഒരു ഇടിമിന്നലുണ്ടായി. അപ്പോള്‍ ആ കടവില്‍ ഒരു തടി അടുത്തു കിടക്കുന്നതായി അദ്ദേഹം കണ്ടു. ഉടനെ തപ്പിപ്പിടിച്ച് ആ തടിയിന്മേല്‍ക്കയറി കൈകൊണ്ടും കാല്‍ കൊണ്ടും തുഴഞ്ഞ് ഒരു വിധത്തില്‍ മറുകരയിലടുത്തു. ആ കരയ്ക്കിറങ്ങി യപ്പോള്‍ കാലിന്മേല്‍ ഒരു കയറു തടഞ്ഞു. തപ്പിനോക്കിയപ്പോള്‍ ആ തടി യുടെ ഒരറ്റത്തുകെട്ടിയിട്ടുള്ളതാണെന്നു മനസ്സിലായി. അതിനാല്‍ നമ്പൂരി ആ തടി ഒഴുകിപ്പോകാതെയിരിക്കാനായി കയറിന്റെ ഒരറ്റം പിടിച്ച് ഒരു മരത്തിന്മേല്‍ കെട്ടിയിട്ടിട്ടാണ് പോയത്.


ഏകദേശം അര്‍ദ്ധരാത്രിയായപ്പോഴേക്കും നമ്പൂരി നനഞ്ഞൊലിച്ച് ഭാര്യാഗൃഹത്തില്‍ ചെന്നുചേര്‍ന്നു. അപ്പോള്‍ നമ്പൂരിയുടെ ഭാര്യ ഉറങ്ങി യിട്ടില്ലായിരുന്നു. അവര്‍ വിളക്കത്ത് എന്തോ ഒരു പുസ്തകമെടുത്തു വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ നമ്പൂരി ചെന്നു വിളിച്ച ഉടനെ വാതില്‍ തുറന്നു. നമ്പൂരി മുണ്ടുപിഴിഞ്ഞു തലയും മേലുമെല്ലാം തോര്‍ത്തിയതിന്റെ ശേ‌ഷം അകത്തു കടന്ന് ഈറന്‍ മാറിയപ്പോഴേക്കും ഭാര്യ മുറുക്കാനെടുത്തു കൊടുത്തു. നമ്പൂരി മുറുക്കിയതിന്റെ ശേ‌ഷം അന്നു വഴിക്കുണ്ടായ ക ഷ്ടപ്പാടുകളെല്ലാം വിസ്തരിച്ചു ഭാര്യയെ കേള്‍പ്പിച്ചു. അതൊക്കെ കേട്ടപ്പോള്‍ ആ പതിവ്രതാരത്നത്തിനു വളരെ വി‌ഷാദമു ണ്ടായി. ആ സ്ത്രീ ഭര്‍ത്താവിനെപ്പോലെതന്നെ വൈദു‌ഷ്യമുള്ള കൂട്ടത്തി ലായിരുന്നു. നമ്പൂരി വര്‍ത്തമാനമെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ ആ സ്ത്രീ ആ മുറിക്കകത്തു ഭിത്തിയിന്മേല്‍ ആണി തറച്ചു തൂക്കിയിരുന്ന ചിത്രപടത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് "അവിടേക്ക് അടിയെനെക്കുറിച്ചുള്ള ഏകാഗ്രചിത്തത്വം അങ്ങോട്ടായിരുന്നുവെങ്കില്‍ ഇതിനു മുമ്പു തന്നെ സായൂജ്യം ലഭിക്കുമായിരുന്നു. ഈ ബ്രാഹ്മണജന്മം ഇപ്രകാരം തുലച്ചു കളയുന്നതു ക ഷ്ടം തന്നെ" എന്നു പറഞ്ഞു. ആ ചിത്രപടം ശ്രീകൃ‌ഷ്ണ ന്റേതായിരുന്നു.


ഭാര്യയുടെ ഈ വചനശല്യം നമ്പൂരിയുടെ ഹൃദയത്തില്‍ നല്ല പോലെ കൊണ്ടുതറച്ചു. അതോടുകൂടി അദ്ദേഹത്തിനു പരമാര്‍ത്ഥജ്ഞാന മുണ്ടാവുകയും ചെയ്തു. അദ്ദേഹം ആ ചിത്രപടത്തില്‍ത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടു നിശ്ച ഷ്ടേനായി ഇരുന്നതിന്റെ ശേ‌ഷം "ശരിതന്നെ, നീ പറഞ്ഞതു പരമാര്‍ത്ഥമാണ്. ഇപ്പോഴാണ് എനിക്കു തത്ത്വബോധമുണ്ടാ യത്. ഇപ്പോള്‍ എന്റെ മനസ്സ് നിങ്കല്‍നിന്നു നിവര്‍ത്തിച്ചു ഭഗവാങ്കല്‍ പതിഞ്ഞിരിക്കുന്നു. എന്റെ മനസ്സിനെ ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നു തിരിച്ചു സന്മാര്‍ഗ്ഗത്തിങ്കലാക്കിത്തീര്‍ത്ത നിന്നെ ഞാന്‍എന്റെ ഒരു ഗുരുവെന്നു തന്നെ വിചാരിക്കുന്നു" എന്നു പറഞ്ഞിട്ട് അദ്ദേഹം വീണ്ടും ആ ചിത്രപടത്തില്‍ ദൃ ഷ്ടി പതിപ്പിച്ചുകൊണ്ട് അവിടെത്തന്നെ ഇരുന്നു. ആ സമയം ആ ദ്വിജേന്ദ്രന്റെ മുഖസുധാകരങ്കല്‍നിന്ന് അനര്‍ഗ്ഗളമായി പ്രവഹിച്ച പദ്യപരമ്പരയാണ് "ശ്രീകൃ‌ഷ്ണകര്‍ണ്ണാമൃത"മെന്നു പറയുന്നത് (ആ പദ്യവൃന്ദം ശ്രീകൃ‌ഷ്ണനെക്കുറിച്ചുള്ളതും ശ്രാതാക്കള്‍ക്കു കര്‍ണ്ണാമൃതമായിട്ടുള്ളതുമാകയാലായിരിക്കാം അതിനു ശ്രീകൃ‌ഷ്ണ കര്‍ണ്ണാമൃതമെന്നു നാമം സിദ്ധിച്ചത്. അഥവാ, അതു ശ്രീകൃ‌ഷ്ണനു തന്നെ കര്‍ണ്ണാമൃതമായിത്തീര്‍ന്നതിനാലാണ് ഈ പേരു സിദ്ധിച്ചതെന്നും വരാം). നമ്പൂരി ശ്ലോകങ്ങള്‍ ചൊല്ലിത്തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ അവ എഴുതിത്തുടങ്ങുകയും ചെയ്തു. എന്നാല്‍ നമ്പൂരി ചൊല്ലിയ ശ്ലോക ങ്ങളെല്ലാം ആ വിദു‌ഷി എഴുതിയെടുത്തില്ല. നമ്പൂരി ശ്ലോകം ചൊല്ലി ത്തുടങ്ങിയപ്പോള്‍ ആ ചിത്രപടം തലകുലുക്കിത്തുടങ്ങി. എന്നാല്‍ ചില ശ്ലോകങ്ങള്‍ ചൊല്ലിയപ്പോള്‍ തല കുലുക്കിയില്ല. ചിത്രപടം തലകുലുക്കി ശ}ാഘിക്കാതെയിരുന്ന ശ്ലോകങ്ങള്‍ ആ സ്ത്രീ എഴുതിയുമില്ല. ശ്ലോകങ്ങ ളുടെ രസികത്വംകൊണ്ടു ഭഗവാന്‍ സന്തോ‌ഷിച്ചാണ് ചിത്രപടം തല കുലുക്കുന്നതെന്നും, ചില ശ്ലോകങ്ങള്‍ക്കു രസികത്വം മതിയാവാഞ്ഞിട്ടാണ് തലകുലുക്കാത്തതെന്നുമായിരുന്നു ആ സ്ത്രീയുടെ വിശ്വാസം. ശ്രീകൃ‌ഷ്ണകര്‍ണ്ണാമൃതത്തിലുള്ള ശോകങ്ങള്‍ മുഴുവനും ചൊല്ലിക്കഴിഞ്ഞ തിന്റെ ശേ‌ഷമേ നമ്പൂരി ആ ഇരുന്നയിരുപ്പില്‍നിന്ന് എണീറ്റുള്ളൂ.


നമ്പൂരി പിന്നെ ഒന്നും മിണ്ടാതെ വെളിയിലിറങ്ങി നടന്ന് ആറ്റുകടവിലെത്തി. തലേദിവസം താന്‍ കെട്ടിയിരുന്ന തടി അവിടെ കിടപ്പുണ്ടോ എന്നു നോക്കിയപ്പോള്‍ അത് അവിടെ കിടക്കുന്നതായി അദ്ദേഹം കണ്ടു. പക്ഷേ, അത് ഒരു മനു‌ഷ്യന്റെ മൃതശരീരമായിരുന്നു. അപ്പോഴാണ് താന്‍ ശവത്തിന്മേല്‍ക്കയറിയാണ് നദീതരണം ചെയ്തതെ ന്നുള്ള പരമാര്‍ത്ഥം അദ്ദേഹത്തിനു മനസ്സിലായത്. ആ ശവത്തിന്റെ കഴുത്തില്‍ ഒരു കയറുമുണ്ടായിരുന്നതിനാല്‍ ആ മനു‌ഷ്യന്‍ ആ മനു‌ഷ്യന്‍ കെട്ടിത്തൂങ്ങി മരിചതാണെന്നും ആ ശവം ആരോ കയറോടുകൂടി അഴിച്ചെടുത്തു പുഴയിലിടുകയും ഒഴുക്കുകൊണ്ട് ഈ കടവില്‍ വന്നു ചേരുകയും ചെയ്തതാണെന്നും അദ്ദേഹം ഊഹിചു. നമ്പൂരി ഉടനെ ഒരു തോണി വരുത്തി അതില്‍ക്കയറി അക്കരെ കടക്കുകയും ഇല്ലത്തു ചെന്നതിന്റെശേ‌ഷം കുളിച്ച് അഞ്ചുപേരെക്കൊണ്ടും പുണ്യാഹം കഴിപ്പിക്കുകയും അധികദിവസം കഴിയുന്നതിനുമുമ്പു സന്യസിക്കുകയും കാലക്രമേണ അദ്ദേഹം "വില്വമംഗലത്തു സ്വാമിയാര്‍" എന്നു പ്രസിദ്ധനായിത്തീരുകയും ചെയ്തു.