ഐതിഹ്യമാല/വെള്ളാടു നമ്പൂരി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പ്പോള്‍ പുലാമന്തോള്‍ മൂസ്സ്, കുട്ടഞ്ചേരി മൂസ്സ്, ആലത്തൂര്‍ നമ്പി, പഴനെല്ലിപ്പുറത്തു (തൃശ്ശിവപേരൂര്‍) തൈയ്ക്കാട്ടു മൂസ്സ്, എളേടത്തു തൈയ്ക്കാട്ടു മൂസ്സ്, വെള്ളൊടുനമ്പൂരി, ചീരട്ടമണ്‍ മൂസ്സ്, വയസ്ക്കര മൂസ്സ് ഇങ്ങനെ എട്ടില്ലക്കാര്‍ മാത്രമാണ് അഷ്ടവൈദ്യന്മാര്‍. ഒരു കാലത്ത് ശാഖോപശാഖകളായി വര്‍ദ്ധിച്ച് അവര്‍ പതിനെട്ടില്ലങ്ങളായിത്തീര്‍ന്നിരുന്നു. അക്കാലത്തു വെള്ളോടു നമ്പൂരിയും രണ്ടില്ലങ്ങളായിട്ടാണ് താമസിച്ചിരുന്നത്. അവയില്‍ ഒന്ന് കൊച്ചിസംസ്ഥാനത്തു ചാലക്കുടിയിലും മറ്റൊന്ന് എളങ്കുന്നപ്പുഴ എന്ന ദേശത്തുമായിരുന്നു. ചാലക്കുടിയില്‍ താമസിച്ചിരുന്നവരെ "ഉഭയൂര്‍ മൂസ്സ്" എന്നും എളങ്കുന്നപ്പുഴെ താമസിച്ചിരുന്നവരെ "അടിയാക്കല്‍ മൂസ്സ്" എന്നുമാണ് പറഞ്ഞുവന്നിരുന്നത്.

ആ രണ്ടില്ലക്കാരും കൊല്ലം തൊള്ളായിരാമാണ്ടിടയ്ക്ക് എന്തോ ചില കാരണങ്ങളാല്‍ ആ സ്ഥലങ്ങള്‍ വിട്ടു തിരുവിതാംകൂറില്‍ വന്നു വൈക്കത്തും ചേര്‍ത്തലത്താലൂക്കില്‍ "മരുത്തോര്‍വട്ടം" എന്ന ദേശത്തും താമസമുറപ്പിച്ചു. അപ്പോള്‍ ആ രണ്ടില്ലക്കാരും അവരുടെ ഇല്ലപ്പേരും പേരും മാറ്റി വെള്ളൊടു നമ്പൂരി എന്നാക്കി. അതിപ്പോള്‍ അങ്ങനെതന്നെ ഇരിക്കുന്നു.

വൈക്കത്ത് പെരും തൃക്കോവില്‍ക്ഷേത്രത്തില്‍ ഉത്സവത്തിന് പതിമൂന്നഹസ്സും വൃശ്ചികമാസത്തില്‍ കറുത്ത അഷ്ടമിയുടെ പിറ്റേ ദിവസം ആറാട്ടാകുവാന്‍ തക്കവണ്ണം കൊടിയേറുകയുമാണല്ലോ പതിവ്. ഒരു കൊല്ലം വൃശ്ചികമാസത്തില്‍ ഉത്സവത്തിന്റെ ആറാട്ടുന്നാള്‍ ഒരു വൃദ്ധബ്രാഹ്മണന്‍ വൈക്കത്തു താമസിച്ചിരുന്ന വെള്ളോടു നമ്പൂരിയുടെ അടുക്കല്‍ച്ചെന്ന് "ഇവിടെ ക്ഷേത്രത്തില്‍ ഉത്സവസദ്യ പത്തുപന്ത്രണ്ടു ദിവസം പതിവായിട്ട് ഉണ്ണുകകൊണ്ട് എനിക്കു കടവയറ്റില്‍ നല്ല സുഖമില്ലാതെയിരിക്കുന്നു; അതിനെന്താണ് ചെയ്യേണ്ടത്?" എന്നു ചോദിച്ചു. അതു കേട്ടിട്ട് നമ്പൂരി "അതു സാരമില്ല; ഞാനൊരു മുക്കുടിയുണ്ടാക്കിത്തരാം. അതു സേവിച്ചാല്‍ സുഖമാവും" എന്നു പറഞ്ഞു. അപ്പോള്‍ ആ വൃദ്ധബ്രാഹ്മണന്‍ "എന്നാല്‍ മുക്കുടിയുണ്ടാക്കിത്തരണമെന്നില്ല; മുക്കുടിക്കുള്ള മരുന്നുകള്‍ അരച്ചുരുട്ടി പെരുംതൃക്കോവില്‍ ശ്രീകോവിലിന്റെ പടിയിന്മേല്‍ വെച്ചുകൊടുത്താല്‍ മതി. ശാന്തിക്കാരെടുത്തു മുക്കുടിയുണ്ടാക്കി എനിക്കു തന്നുകൊള്ളും. ശാന്തിക്കാരൊക്കെ എനിക്കു പരിചയമുള്ളവരാണ്; അവരോടു ഞാന്‍പറഞ്ഞുകൊള്ളാം. എന്റെ സ്ഥിരതാമസം ഇപ്പോള്‍ അമ്പലത്തില്‍ത്തന്നെയാണ്" എന്നു പറഞ്ഞു. ഉടനെ നമ്പൂരി "എന്നാല്‍ അങ്ങനെയാവട്ടെ; നാളെ കാലത്തെ ഞാന്‍ അരച്ചുരുട്ടി കൊണ്ടുപോയി ശ്രീകോവിലിന്റെ പടിയിന്മേല്‍ വെച്ചേക്കാം" എന്നു പറഞ്ഞു. ഉടനെ ആ വൃദ്ധബ്രാഹ്മണന്‍ അവിടെനിന്നു മറയുകയും ചെയ്തു. അപ്പോള്‍ വെള്ളൊടു നമ്പൂരി "ഇതു കേവലം ബ്രാഹ്മണനാണെന്നു തോന്നുന്നില്ല. ആരെങ്കിലുമാകട്ടെ, പറഞ്ഞതുപോലെ ചെയ്തേക്കാം" എന്നു മനസ്സില്‍ വിചാരിച്ചു. എങ്കിലും അതിനെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞില്ല.

അന്നു രാത്രി വടക്കുംകൂര്‍ രാജാവിനും ക്ഷേത്രത്തിലെ തന്ത്രിക്കും ഊരാളന്മാര്‍ക്കും ശാന്തിക്കാര്‍ക്കും ഒരു സ്വപ്നമുണ്ടായി. ഒരു ദിവ്യന്‍ അടുക്കല്‍ വന്ന്, "നാളെക്കാലത്തു വെള്ളൊടു നമ്പൂരി ചില മരുന്നുകള്‍ അരച്ചുരുട്ടി ശ്രീകോവിലിന്റെ പടിയിന്മേല്‍ കൊണ്ടുവന്നു വയ്ക്കും. അതെടുത്തു കലക്കി മുക്കുടിയാക്കി ദേവനു നിവേദിക്കണം" എന്നു പറഞ്ഞു എന്നായിരിന്നു സ്വപ്നം. അതു രാജാവു മുതല്‍ ക്ഷേത്രസംബന്ധികള്‍ വരെ എല്ലാവര്‍ക്കും ഒരേ വിധത്തില്‍ത്തന്നെയായിരുന്നു. നേരം വെളുത്തപ്പോള്‍ എല്ലാവരും ഈ സ്വപ്നവര്‍ത്തമാനം രാജ സന്നിധിയില്‍ അറിയിച്ചു. ഇവര്‍ അറിയിച്ചതുപോലെ രാജാവും സ്വപ്നം കണ്ടിരുന്നതിനാല്‍ രാജാവ് ഒരു പ്രശ്നക്കാരനെ വരുത്തി പ്രശ്നം വെപ്പിച്ചു നോക്കിയപ്പോള്‍ ഇതു പെരുംതൃക്കോവിലപ്പന്റെ കല്പനയാണെന്നും അതിനാല്‍ മുക്കുടിയുണ്ടാക്കി നിവേദിക്കേണ്ടത് അത്യാവശ്യമാണെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ദേവകോപമുണ്ടാകുമെന്നും പ്രശ്നകാരന്‍ വിധിച്ചു. അപ്പോഴേക്കും വെള്ളൊടു നമ്പൂരി മരുന്നുകളരച്ചുരുട്ടി ശ്രീകോവിലിന്റെ പടിയിന്മേല്‍ കൊണ്ടുവെന്നു വെയ്ക്കുകയും ശാന്തിക്കാരന്‍ അതെടുത്ത് മുക്കുടിയുണ്ടാക്കി പന്തീരടിപ്പൂജയ്ക്കു ദേവനു നിവേദിക്കുകയും ചെയ്തു.

ഇത് ആറാട്ടിന്റെ പിറ്റേദിവസമായിരുന്നു. അന്നു രാത്രിയിലും വടക്കുംകൂര്‍ രാജാവു മുതലായവര്‍ക്കും വെള്ളൊടു നമ്പൂരിക്കും ആണ്ടുതോറും ഇപ്രകാരം ആറാട്ടിന്റെ പിറ്റേദിവസം ചെയ്തുകൊള്ളണമെന്നു സ്വപ്നമുണ്ടായി. ഇതു പെരുംതൃക്കോവിലപ്പന്റെ കല്പനയാണെന്നു പ്രശ്നക്കാരന്‍ വിധിക്കുകയാല്‍ അതിനെ എല്ലാവരും വിശ്വസിക്കുകയും അങ്ങനെ നടത്തുന്നതിനു തീര്‍ച്ചപ്പെടുത്തുകയും ദേവസ്വം വക പതിവുകണക്കില്‍ ഇതുകൂടി ചേര്‍ക്കുകയും മരുന്നുകള്‍ അരച്ചുരുട്ടി ശ്രീകോവിലിന്റെ പടിയിന്മേല്‍ കൊണ്ടുചെന്നു വെയ്ക്കുന്നതിനു പ്രതിഫലമായി വെള്ളൊടു നമ്പൂരിക്കു ദേവസ്വത്തില്‍നിന്നു ചില അനുഭവങ്ങള്‍ ആണ്ടുതോറും കൊടുക്കണമെന്നു നിശ്ചയിച്ചതു കൂടാതെ ഏതാനും ഭൂസ്വത്തുക്കള്‍ അദ്ദേഹത്തിന്റെ തറവാട്ടേക്കു കരമൊഴിവായി പതിച്ചു കൊടുക്കുകയും അങ്ങനെ ആണ്ടുതോറും ആറാട്ടിന്റെ പിറ്റേദിവസം വൈക്കത്തപ്പന് ഒരു മുക്കുടി നിവേദ്യം പതിവായിത്തീരുകയും ചെയ്തു. ഈ മുക്കുടിനിവേദ്യം അവിടെ ഇപ്പോഴും ആറാട്ടിന്റെ പിറ്റേ ദിവസം പതിവായി നടന്നുവരുന്നുണ്ട്.

വൈക്കത്തുണ്ടായിരുന്ന വെള്ളാടില്ലത്തു കാലക്രമേണ ആളുകള്‍ കുറഞ്ഞു കുറഞ്ഞ് ഒടുക്കം അവിടെ വിധവയായ ഒരന്തര്‍ജ്ജനം മാത്രം ശേ‌ഷിച്ചു. അതിനാല്‍ ആ അന്തര്‍ജ്ജനവും മരുത്തോര്‍വട്ടത്തുള്ള ഇല്ലത്തേക്കു പോയി അവിടെ താമസമാക്കി. ഒരു കാലത്തു ജനബാഹുല്യം നിമിത്തം രണ്ടായിത്തീര്‍ന്ന ആ ഇല്ലം ജനച്ചുരുക്കം നിമിത്തം ഇങ്ങനെ പിന്നെയും യഥാപൂര്‍വ്വം ഒന്നായിത്തീര്‍ന്നു. വൈക്കത്തുണ്ടായിരുന്ന ഇല്ലത്ത് ആരും ഇല്ലാതെയായതിന്റെ ശേ‌ഷം മരുത്തോര്‍വട്ടത്തുള്ള വെള്ളാടില്ലത്തെ ആളുകള്‍ വൈക്കത്തു പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ മുക്കുടിക്കുള്ള മരുന്നുകള്‍ അരച്ചുരുട്ടി യഥാകാലം പതിവായി ശ്രീകോവില്‍പ്പടിയിന്മേല്‍ കൊണ്ടുചെന്നു വെയ്ക്കുകയും ദേവസ്വത്തില്‍ നിന്നു പതിവുള്ള അനുഭവം വാങ്ങുകയും ചെയ്തുതുടങ്ങി. ഇപ്പോഴും അങ്ങനെതന്നെ നടന്നുവരുന്നു. എന്നാല്‍ ആ ഇല്ലത്തേക്കു കരമൊഴിവായി പതിച്ചുകൊടുത്തിരുന്ന വസ്തുക്കളെല്ലാം ഓരോ കാലത്ത് ഓരോ വിധത്തില്‍ അന്യാധീനപ്പെട്ടുപോകുകയാല്‍ ഇപ്പോള്‍ അവയിലൊന്നും ആ കുടുംബക്കാര്‍ക്കു കൈവശവും അനുഭവമില്ല. ദേവസ്വത്തില്‍നിന്നു കൊടുത്തുവന്നിരുന്ന അനുഭവങ്ങളും ദേവസ്വം പരി‌ഷ്ക്കാരത്തോടുകൂടി വളരെ കുറഞ്ഞുപോയി. ഇപ്പോള്‍ ഈ വകയ്ക്കു വെള്ളൊടു നമ്പൂരിക്കു ദേവസ്വത്തില്‍നിന്നു കൊല്ലംതോറും കിട്ടുന്ന അനുഭവം നാലു പണം മാത്രമാണ്. വെള്ളൊടു നമ്പൂരിക്കു കുടുംബപരദേവതകളായി അനേകം മൂര്‍ത്തികളുണ്ട്. അവയില്‍ ഇപ്പോള്‍ പ്രാധാന്യം ധന്വന്തരിക്കാണ്. അവിടെ പരദേവതകളായിട്ടുള്ള മറ്റുമൂര്‍ത്തികളെയെല്ലാം ഇല്ലത്തുള്ള തേവാരങ്ങളുടെ കൂട്ടത്തില്‍ത്തന്നെയാണ് കുടിയിരുത്തിയിരിക്കുന്നത്. എന്നാല്‍ ധന്വന്തരിക്കു മാത്രം പ്രത്യേകം ക്ഷേത്രം പണിയിച്ചു മുറപ്രക്രാരം ബിംബ പ്രതിഷ്ഠ നടത്തീട്ടുണ്ട്. അതിനുണ്ടായ കാരണം താഴെ പറഞ്ഞു കൊള്ളുന്നു.

പണ്ടൊരിക്കല്‍ ചേര്‍ത്തലത്താലൂക്കില്‍ വയലാര്‍ദേശത്തുള്ള പുതിയക്കല്‍ (പുതിയ അറയ്ക്കല്‍) കോവിലകത്തെ ഒരു തമ്പാനു വയറ്റില്‍ അതികലശലായിട്ടുള്ള ഒരു വേദന തുടങ്ങി. അതു നിമിത്തം യാതൊന്നും ഭക്ഷിക്കാന്‍ പാടില്ലാതെ അദ്ദേഹം ഏറ്റവും വിവശനായിത്തീര്‍ന്നു. ആ രോഗത്തിന്റെ ശമനത്തിനായി അദ്ദേഹം അനേകം ചികിത്സകള്‍ ചെയ്തുനോക്കി. ഒന്നുംകൊണ്ടും ഒരു ഫലവുമുണ്ടായില്ല. ഒടുക്കം തമ്പാന്‍ വൈക്കത്തു പെരുംതൃക്കോവിലപ്പനെത്തന്നെ ശരണം പ്രാപിച്ച് അവിടെ സംവത്സരഭജനം തുടങ്ങി. ഏറ്റവും നിഷ്ഠയോടുകൂടിയായിരുന്നു ഭജനം. ക്ഷേത്രത്തില്‍ സദ്യയുള്ള ദിവസങ്ങളില്‍ സദ്യ. അല്ലെങ്കില്‍ അമ്പലത്തിലെ നിവേദ്യച്ചോറ്, ഏതായാലും ഒരു നേരമേ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നുള്ളു. അതേതായാലും അദ്ദേഹത്തിനു വയറ്റില്‍ വേദനയുണ്ടാക്കാറുമില്ലായിരുന്നു. അങ്ങനെ ഒരു സംവത്സരം പെരും തൃക്കോവിലപ്പനെ സേവിച്ചുകൊണ്ട് അദ്ദേഹം അവിടെ താമസിച്ചു. അതിനിടയ്ക്ക് ഒരു ദിവസംപോലും അദ്ദേഹത്തിനു വയറ്റില്‍ വേദനയുണ്ടായുമില്ല. ഭജനം കാലംകൂടുന്നതിന്റെ തലേദിവസം തമ്പാന്‍ രാത്രിയില്‍ അമ്പലത്തില്‍ കിടന്ന് ഉറങ്ങിയിരുന്ന സമയം ആരോ അദ്ദേഹത്തിന്റെ അടുക്കല്‍ച്ചെന്ന് "നിന്റെ വയറുവേദന ഭേദമായിട്ടില്ല. ഇവിടെ താമസിക്കുമ്പോള്‍ വേദന വരികയില്ലായിരിക്കാം. ഇവിടെനിന്നു പോയാല്‍ ഇനിയും അതു വരും. ആ വേദന നിശ്ശേ‌ഷം വിട്ടുമാറണമെങ്കില്‍ നീയൊരു കാര്യം ചെയ്യണം. എന്തെന്നാല്‍, ചേര്‍ത്തലെ തെക്കുംമുറിയില്‍ "കേളന്‍കുളം" എന്നു പേരായിട്ട് ഒരു വലിയ കുളമുണ്ടല്ലോ. നീപോയി ആ കുളത്തിലറങ്ങി മുങ്ങിത്തപ്പണം. അപ്പോള്‍ മൂന്നു ശിലാവിഗ്രഹങ്ങള്‍ നിനക്കുകിട്ടും. അവയില്‍ ആദ്യം കിട്ടുന്നത് അവിടെത്തന്നെ ഇട്ടേയ്ക്കണം അതുവെച്ചു പൂജിക്കാന്‍ ശക്തരായിട്ടു ഭൂലോകത്തിലാരുമില്ല. രണ്ടാമതു കിട്ടുന്നതു ധന്വന്തരിയുടെ വിഗ്രഹമയിരിക്കും. അതെടുത്തു നീയൊരു ബ്രാഹ്മണനു ദാനം ചെയ്യണം. മൂന്നാമതു കിട്ടുന്നത് ഒരു വിഷ്ണുവിഗ്രഹമായിരിക്കും. അതെടുത്തു നീ തന്നെ ഒരു ക്ഷേത്രം പണിയിച്ചു പ്രതിഷ്ഠ കഴിപ്പിക്കണം. ഇത്രയും ചെയ്താല്‍ നിന്റെ രോഗം നിശ്ശേ‌ഷം വിട്ടുമാറി നിനക്കു പൂര്‍ണ്ണസുഖം സിദ്ധിക്കും ഇങ്ങനെ ചെയ്തില്ലെങ്കില്‍ നിന്റെ ദീനം ആജീവനാന്തം ഭേദമാവുകയില്ല" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ ഉണര്‍ന്ന് അദ്ദേഹം കണ്ണുതുറന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടുമില്ല. തന്റെ അടുക്കല്‍ വന്ന് ഇങ്ങനെയൊക്കെ പറഞ്ഞത് ആരായിരിക്കും? ആരെങ്കിലുമാകട്ടെ. ഒരു സമയം വെറും പേക്കിനാവാണെന്നും വരാമെല്ലാം എന്നു വിചാരിച്ച് തമ്പാന്‍ പിന്നെയും കിടന്നുറങ്ങി.

പിറ്റേ ദിവസം ഭജനം കാലംകൂടി തമ്പാന്‍ കോവിലകത്തു മടങ്ങിയെത്തി. ഉടനെ വയറ്റില്‍ വേദനയുമാരംഭിച്ചു. അതു പൂര്‍വധികം കലശലായിട്ടായിരുന്നു. അതിനാല്‍ തമ്പാന്‍ അടുത്ത ദിവസംതന്നെ പോയി കേളന്‍കുളത്തിലിറങ്ങി മുങ്ങിത്തപ്പി. ആദ്യം കിട്ടിയ വിഗ്രഹം അവിടെത്തന്നെ ഇട്ടിട്ട് പിന്നെയും മുങ്ങിത്തപ്പി നോക്കുകയും ഒരു വിഗ്രഹം കിട്ടുകയും ചെയ്തു. അതു ധന്വന്തരിയുടെ വിഗ്രഹം തന്നെയായിരുന്നു. ആ വിഗ്രഹവും എടുത്തുകൊണ്ട് തമ്പാന്‍ കരയ്ക്ക് കയറി. കുറച്ചുദൂരം ചെന്നപ്പോള്‍ വഴിയില്‍വെച്ചു വെള്ളോടു നമ്പൂരിയെ കാണുകയും വിഗ്രഹം അദ്ദേഹത്തിനു ദാനം ചെയ്യുകയും ചെയ്തു. തമ്പാന്‍ പിന്നെയും വന്നു കുളത്തിലിറങ്ങി മുങ്ങിത്തപ്പിയപ്പോള്‍ ഒരു വിഷ്ണുവിഗ്രഹം കിട്ടി. അതു കൊണ്ടുപോയി അദ്ദേഹം സ്വദേശത്തുതന്നെ ഒരു ക്ഷേത്രം പണിയിച്ചു മുറപ്രകാരം പ്രതിഷ്ഠ കഴിപ്പിക്കുകയും ആ ക്ഷേത്രത്തിനു "കേരളാദിത്യ (ആദിച്ച) പുരം" എന്നു പേരിടുകയും ചെയ്തു. ആ ക്ഷേത്രം കാലാന്തരത്തില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ വകയായിത്തീര്‍ന്നു. ഇപ്പോഴും അങ്ങനെതന്നെയിരിക്കുന്നു.

തമ്പാന്‍ വെള്ളൊടു നമ്പൂരിക്ക് കൊടുത്ത വിഗ്രഹം അദ്ദേഹം ഇല്ലത്തുകൊണ്ടുപോയി തന്റെ തേവാരങ്ങളുടെ കൂട്ടത്തില്‍വെചു പൂജിച്ചു കൊണ്ടിരുന്നു. അങ്ങനെയിരുന്ന കാലത്തു മലബാറില്‍ ടിപ്പുസുല്‍ത്താന്റെ ആക്രമണമുണ്ടാവുകയാല്‍ അങ്ങാടിപ്പുറത്തു താമസിച്ചുകൊണ്ടിരുന്ന ചീരട്ടമണ്‍ മൂസ്സ് അവിടെനിന്നു കുടുംബസഹിതം പോന്നു. തിരുവിതാം കൂറിലെത്തി മഹാരാജവിന്റെ സഹായത്തോടുകൂടി മരത്തോര്‍വട്ടത്തു തന്റെ സ്വജനമായ വെള്ളൊടു നമ്പൂരിയുടെ ഇല്ലത്തിനു സമീപം തന്നെ ഒരില്ലം പണിയിച്ചു താമസമുറപ്പിച്ചു.

അനന്തരം ഒരു ദിവസം ചീരട്ടമണ്‍മൂസ്സ് വെള്ളൊടു നമ്പൂരിയുടെ ഇല്ലത്തു ചെന്ന സമയം ധന്വന്തരിയുടെ ആ വിഗ്രഹം അവിടെ തേവാരങ്ങളുടെ കൂട്ടത്തിലിരിക്കുന്നതുകണ്ടിട്ട്, "ഈ വിഗ്രഹത്തിന്റെ ശ്രേഷ്ഠത വിചാരിച്ചാല്‍ ഇത് ഇങ്ങനെ വെച്ചേക്കേണ്ടതല്ല. ഇതിനു പ്രത്യേകം അമ്പലം പണിയിച്ചു പ്രതിഷ്ഠ നടത്തിക്കുവാന്‍ തക്ക യോഗ്യതയുണ്ട്" എന്നു പറഞ്ഞു. അതു കേട്ടിട്ടു നമ്പൂരി "കാര്യമിതു വാസ്തവമാണ്; പക്ഷെ ഞാന്‍വിചാരിച്ചാല്‍ ഇതൊന്നും സാധിക്കയില്ലെന്നേയുള്ളു. എനിക്ക് അതിനു തക്കവണ്ണം ധനപുഷ്ഠിയില്ലല്ലോ" എന്നു പറഞ്ഞു. അപ്പോള്‍ മൂസ്സ്, "എന്നാല്‍ അങ്ങ് ഒന്നും നടത്തിക്കണമെന്നില്ല അങ്ങയ്ക്ക് സമ്മതമുണ്ടെങ്കില്‍ ക്ഷേത്രപ്പണിയും പ്രതിഷ്ഠയും കലശവുമെല്ലാം ഞാന്‍ നടത്തിച്ചുകൊള്ളാം" എന്നു പറഞ്ഞു. അതിനെ നമ്പൂരി സമ്മതിക്കുകയും ക്ഷേത്രപ്പണി മുതലായവയെല്ലാം മൂസ്സു നടത്തിക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായ വയ്ക്കു വേണ്ടുന്നമുതലും മൂസ്സുതന്നെ വകവെച്ചുകൊടുത്തു. നമ്പൂരി ഒരു കാശുപോലും ചെലവുചെയ്തില്ല. എങ്കിലും ബിംബം നമ്പൂരിയുടെ വകയായിരുന്നതിനാല്‍ ക്ഷേത്രാധികാരം രണ്ടുപേര്‍ക്കും ഒരുപോലെയായിരിക്കണമെന്ന് അവര്‍ ഒടുക്കം നിശ്ചയിച്ചു. അതിനാല്‍ ക്ഷേത്രത്തില്‍ പതിവായിട്ടു കാലത്തു മലരുനിവേദ്യം കഴിഞ്ഞാല്‍ ആ മലരും മറ്റും ഒന്നരാടം ദിവസം മാറി മാറി ഓരോ ഇല്ലത്തേക്കും കൊണ്ടു പൊയ്ക്കൊള്‍ക എന്നും അവര്‍ തീര്‍ച്ചപ്പെടുത്തി. മലരുനിവേദ്യത്തിനു പ്രതിദിനം മുന്നാഴി മലരും മൂന്നു കദളിപ്പഴവും മൂന്നു പലം ശര്‍ക്കരയുമാണ് പതിവുവെച്ചിരുന്നത്. ഇത് ഇല്ലങ്ങളില്‍ കൊണ്ടുപോയാല്‍ കുട്ടികള്‍ക്കു കൊടുക്കുകയാണ് പതിവ്.

അതു രാവിലെ കിട്ടുന്നതു കുട്ടികള്‍ക്കു വലിയ കാര്യവും ഏറ്റവും സന്തോ‌ഷപ്രദവുമായിരുന്നു. എന്നാല്‍ ഇത് തങ്ങള്‍ക്കു ഒന്നരാടം ദിവസമേ കിട്ടാന്‍ ന്യായമുള്ളൂ എന്നും അങ്ങനെയാണ് വ്യവസ്ഥചെയ്തിരിക്കുന്നത് എന്നും മറ്റും കുട്ടികള്‍ക്കു അറിഞ്ഞുകൂടല്ലോ. അതിനാല്‍ രണ്ടില്ലത്തെ കുട്ടികളും കാലത്തു കാലത്തു മലരും പഴവും വേണമെന്നു പറഞ്ഞു സിദ്ധാന്തംപിടിച്ചു കരയുക പതിവായിരുന്നു.

അങ്ങനെയിരിക്കുമ്പോള്‍ കുട്ടികളുടെ അലട്ടും നിര്‍ബന്ധവും കരച്ചിലും നിമിത്തം ഒരു ദിവസം മലരും മറ്റും വാങ്ങിക്കൊണ്ടു പോയ ഇല്ലക്കാര്‍തന്നെ പിറ്റേദിവസവും വാങ്ങിക്കൊണ്ടുപോയി. അത് അന്ന് മുറ പ്രകാരം മലരും മറ്റും കിട്ടേണ്ടവരായ ഇല്ലക്കാര്‍ക്കു ഒട്ടും രസിച്ചില്ല. അതിനാല്‍ അവര്‍ മലരും മറ്റും അടുപ്പിച്ച് വാങ്ങിക്കൊണ്ടുപോയവര്‍ക്കു മേലാല്‍ ഒരിക്കലും അവ കൊടുക്കുകയില്ലെന്നു തീര്‍ച്ചപ്പെടുത്തി. അതിനാല്‍ ആ രണ്ടില്ലക്കാരം തമ്മില്‍ ഈ നിസ്സാരസംഗതിക്കായി പിടിയും വലിയും അടിയും ഇടിയും വെട്ടും കുത്തുമൊക്കെയുണ്ടാക്കി. ഒടുക്കം പരസ്പരം ബദ്ധവിരോധികളായിത്തീര്‍ന്നു. വെള്ളൊടു നമ്പൂരിയുടെ വിരോധം നിമിത്തം മരുത്തോര്‍വട്ടത്തു താമസിക്കുവാന്‍ നിവൃത്തിയില്ലാതെയാകയാല്‍ ചീരട്ടമണ്‍ മൂസ്സു വിവരമെല്ലാം മഹാരാജാവിന്റെ അടുക്കല്‍ അറിയിച്ചു. അതിനാല്‍ മൂസ്സിന്റെ ഇഷ്ടപ്രകാരം കല്പിച്ചു കോട്ടയത്തുനിന്ന് നാലുനാഴിക പടിഞ്ഞാറ് 'ഒളശ്ശ' എന്നു ദേശത്തു മൂസ്സിന് ഇല്ലം പണിയിച്ചുകൊടുത്തു കുടുംബസഹിതം അങ്ങോട്ടു മാറ്റിത്താമസിപ്പിച്ചു. കൊല്ലം 925-ആമാണ്ടു മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് മുറജപം തുടങ്ങിയപ്പോള്‍ത്തന്നെ ചീരട്ടമണ്‍ മൂസ്സിനു തിരുവനന്ത പുരത്തു ചില സ്ഥാനമാനങ്ങള്‍ കല്പിച്ചു കൊടുത്തിരുന്നുവല്ലോ. അക്കാലം മുതല്‍ക്കുതന്നെ ചീരട്ടമണ്‍ മൂസ്സിനെക്കുറിച്ചു മഹാരാജാക്കന്മാര്‍ക്കു പ്രത്യേകമൊരു കാരുണ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് മൂസ്സിന്റെ ഇഷ്ടപ്രകാരം ഒളശ്ശയില്‍ ഇല്ലം കല്‍പിച്ചു പണിയിച്ചു കൊടുക്കുകയും മറ്റും ചെയ്തത്.

ചീരട്ടമണ്‍മൂസ്സ് മരുത്തോര്‍വട്ടത്തെ താമസം മതിയാക്കി അവിടെ നിന്നു കുടുംബസഹിതം പോയെങ്കിലും വെള്ളൊടുനമ്പൂരിക്കും പിന്നെയും സ്വൈരമായില്ല. വെള്ളൊടുനമ്പൂരി സകലാധികാരവുമൊഴിഞ്ഞു ധന്വന്തരിയുടെ ക്ഷേത്രം വിട്ടു കൊടുക്കുകയോ അല്ലെങ്കില്‍ ക്ഷേത്രംപണി മുതലായവയ്ക്ക് ചിലവായിട്ടുള്ള പണം കൊടുക്കുകയോ ചെയ്യണമെന്നു മൂസ്സു വാദിച്ചു. താന്‍ തന്റെ പരദേവതയായി ആചരിച്ചും സേവിച്ചും വരുന്ന ധന്വന്തരിയുടെ ക്ഷേത്രം വിട്ടുകൊടുക്കുന്നതിനു മനസ്സും പണം കൊടുക്കുന്നതിനു നിവൃത്തിയുമില്ലായ്കയാല്‍ വെള്ളൊടു നമ്പൂരി മൂസ്സിന്റെ കണക്കിന്‍പ്രകാരമുള്ള പണത്തിനു തന്റെ ഭൂസ്വത്തുക്കളിലേതാനും മൂസ്സിനു എഴുതിക്കൊടുത്തു. ആ വക വസ്തുക്കള്‍ ഇപ്പോഴും ചീരട്ടമണ്‍ മൂസ്സിന്റെ കൈവശാനുഭവത്തില്‍തന്നെ ഇരിക്കുന്നു.

ആദ്യകാലത്തു പരസ്പരം സ്നേഹത്തോടും വിശ്വാസത്തോടു കൂടിയിരുന്ന ആ ഇല്ലക്കാര്‍ തമ്മില്‍ ഇടക്കാലത്തു പിണങ്ങാനിടയായെങ്കിലും ഇപ്പോള്‍ അവര്‍ വളരെ വേഴ്ചയോടും ചാര്‍ച്ചയോടും ഐക്യമത്യത്തോടും കൂടിയാണിരിക്കുന്നത്.

വെള്ളൊടുനമ്പൂരിമാര്‍ പണ്ടു ചികിത്സാവി‌ഷയത്തില്‍ ഏറ്റവും പ്രസിദ്ധന്മാരും സമര്‍ത്ഥന്മാരുമായിരുന്നു. അവര്‍ ചെയ്തിട്ടുള്ള അത്ഭുത കര്‍മ്മങ്ങളെല്ലാം വിവരിക്കുന്ന കാര്യം അസാധ്യമാകയാല്‍ ചിലതുമാത്രം താഴെ പറഞ്ഞുകൊള്ളുന്നു.

ഒരിക്കല്‍ വെള്ളൊടില്ലത്ത് ആലത്തൂര്‍ നമ്പിയുടെ ഭാഗിനേയനായിട്ട് ഒരു നമ്പൂരിയുണ്ടായിരുന്നു. അദ്ദേഹം ശാസ്ത്രജ്ഞാനംകൊണ്ടും ബുദ്ധി കൊണ്ടും യുക്തികൊണ്ടും കൈപ്പുണ്യംകൊണ്ടും നൈപുണ്യംകൊണ്ടും മറ്റും ചെറുപ്പത്തില്‍ത്തന്നെ വിശ്വവിശ്രുതനായിത്തീര്‍ന്നു. ഒരിക്കല്‍ അദ്ദേഹം എന്തിനോ നമ്പിയുടെ ഇല്ലത്തു പോയിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ മാതുലന്മാരായ നമ്പിമാരാരും അവിടെയുണ്ടായിരുന്നില്ല. ചില രോഗികളെ കാണിക്കാനായി ആളുകള്‍ വന്ന് എല്ലാവരേയും ഓരോ ദൂര സ്ഥലങ്ങളില്‍ കൊണ്ടുപോയിരിക്കയായിരുന്നു. അക്കാലത്ത് ഈ നമ്പൂരിയുടെ മാതുലപത്നിയായ ഒരന്തര്‍ജ്ജനം അവിടെ കുഷ്ഠരോഗബാധിതയായി വളരെ കഷ്ടസ്ഥിതിയില്‍ കിടക്കുന്നുണ്ടായിരുന്നു. ഈ നമ്പൂരി ചെന്ന് ആ അന്തര്‍ജ്ജനത്തെ കണ്ട സമയം അന്തര്‍ജ്ജനം "എന്റെ ഉണ്ണീ! ഞാനീ സ്ഥിതിയിലായിത്തീര്‍ന്നു. പാപശക്തികൊണ്ടായിരിക്കും. നിന്റെ അമ്മാവന്മാരെല്ലാം അനേകചികിത്സകള്‍ ചെയ്തുനോക്കീട്ടും ഒരു ഫലവുമുണ്ടായില്ല. ചികിത്സകള്‍ ചെയ്യുമ്പോള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ അവരെല്ലാവരും ഉപേക്ഷിച്ചു. ഇനി ഇങ്ങനെ കിടന്നു കഷ്ടപ്പെടാതെ വേഗത്തില്‍ മരിച്ചാല്‍ കൊള്ളാമെന്നു മാത്രമേ എനിക്കാഗ്രഹമുള്ളൂ. അമ്മാവന്മാരെല്ലാവരും ചികിത്സിച്ചിട്ടു ഭേദമാകാത്ത ഈ ദീനം ഉണ്ണി ചികിത്സിച്ചാലും ഭേദമാവുകയില്ലായിരിക്കുമല്ലോ" എന്നു പറഞ്ഞു. അപ്പോള്‍ നമ്പൂരി, "അങ്ങനെ തീര്‍ച്ചയാക്കേണ്ടാ. ഈ ദീനം ഞാന്‍ചികിത്സിച്ചിട്ടു ഭേദമാകണമെന്നു ഈശ്വരന്‍ നിശ്ചയിച്ചിക്കുന്ന തെങ്കില്‍ ഭേദമാകാതെ കഴികയിലലോ" എന്നു പറഞ്ഞു. ഉടനെ അന്തര്‍ജ്ജനം "എന്നാല്‍ എന്റെ ഉണ്ണീ! നീ വല്ലതും ചെയ്തു നോക്കണം. എന്റെ ഈ ദീനം ഭേദമാവുകയാണെങ്കില്‍ അതു നിനക്കു ശ്രേയസ്സിനും യശസ്സിനും കാരണമായിത്തീരും. വലിയ പുണ്യവുമായിരിക്കും" എന്നു പറഞ്ഞു. അതുകേട്ടപ്പോള്‍ നമ്പൂരി "അമ്മായി തേച്ചുകുളിക്കാറുണ്ടോ?" എന്നു ചോദിച്ചു. അതിനു മറുപടിയായി അന്തര്‍ജ്ജനം "ശിവ! ശിവ! തേച്ചുകുളിയോ? എനിക്കു കുളി തന്നെ ഇല്ലാതായിട്ടു വളരെ നാളായി. മേലെങ്ങും തൊലിയില്ല. സര്‍വ്വത്ര വ്രണമാണ്. എനിക്ക് എണീക്കാനും വയ്യ. പിന്നെ തേച്ചുകുളിക്കുന്നതെങ്ങനെയാണ്?" എന്നു പറഞ്ഞു. ഉടനെ നമ്പൂരി "അമ്മായിയെ ഇന്നു ഞാനൊന്നു തേച്ചുകുളിപ്പിക്കാം. തേച്ചു കുളിച്ചാല്‍ത്തന്നെ ഈ ദീനം ദേദമാകും" എന്നു പറഞ്ഞ് അവിടെനിന്ന് ഇറങ്ങിപ്പോയി എന്തോ ചില കാട്ടുചെടികളുടെ ഇലകള്‍ കുറെ പറിച്ചുകൊണ്ടുവന്ന് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതില്‍ എണ്ണയും നെയ്യും ആവണക്കെണ്ണയും ചേര്‍ത്ത് ഒരു കുഴമ്പു കാച്ചിയരിച്ചു വെച്ചു. പിന്നെ നമ്പൂരി ഒരു വലിയ ചെമ്പു പിടിച്ചെടുത്തടുപ്പത്തു വെച്ച് അതില്‍ നിറച്ചു വെള്ളമൊഴിച്ചു തിളപ്പിക്കുന്നതിന് അവിടെ ശേ‌ഷമുണ്ടായിരുന്ന അന്തര്‍ജ്ജനങ്ങളോടു പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. അതിനിടയ്ക്കു നമ്പൂരി പിന്നെയും ഇറങ്ങിപ്പോയി ചില ഇലകള്‍ പറിച്ചു കൊണ്ടു വന്ന് ചതച്ച് ആ വെള്ളത്തിലുമിട്ടു. വെള്ളം നല്ലപോലെ തിളച്ചപ്പോള്‍ നമ്പൂരി പെട്ടെന്നു ചെന്നു രോഗിണിയായ അന്തര്‍ജ്ജനത്തെ എടുത്തു കൊണ്ടുചെന്ന ആ തിളച്ചുകിടന്നിരുന്ന വെള്ളത്തിലിട്ടു. ഇതു കണ്ടു ശേ‌ഷമുള്ള അന്തര്‍ജ്ജനങ്ങളും മറ്റും "അയ്യോ! അതെന്ത്രാരക്രമമാണ്" എന്നു പറഞ്ഞ് ഉറക്കെ നിലവിളിച്ചു. നമ്പൂരി അതൊന്നും വകവെച്ചില്ല. സ്വല്പം സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം വെള്ളത്തില്‍ കിടന്ന അന്തര്‍ജ്ജനത്തെ വലിച്ചെടുത്തു നിലത്തിട്ടു. അപ്പോള്‍ ആ അന്തര്‍ജ്ജനത്തിനു ബോധമുണ്ടായിരുന്നില്ല. അവര്‍ മരിച്ചുപോയി എന്നു നിശ്ചയിച്ചു മറ്റുള്ള അന്തര്‍ജ്ജനങ്ങളും മറ്റും പൂര്‍വ്വാധികം ദുഃഖിച്ചുകരഞ്ഞു. ഏകദേശം മൂന്നേമുക്കാല്‍ നാഴിക കഴിഞ്ഞപ്പോള്‍ രോഗിണിയായ അന്തര്‍ജ്ജനത്തിനു ബോധം വീഴുകയും അവര്‍ എണീറ്റിരിക്കുകയും ചെയ്തു. അപ്പോള്‍ അവിടെ എല്ലാവര്‍ക്കും സമാധാനവും സന്തോ‌ഷവുമായി. ഉടനെ നമ്പുരി താന്‍ മുമ്പേ കാച്ചിവെച്ച കുഴമ്പെടുത്തു കൊടുത്തിട്ട്, ഈ അന്തര്‍ജ്ജനത്തിന്റെ തലയില്‍ എണ്ണയും മേലൊക്കെ ഈ കുഴമ്പും തേപ്പിച്ച്, ചെമ്പില്‍ കിടക്കുന്ന വെള്ളമെടുത്ത് ചൂടു പാകമാക്കി കുളിപ്പിക്കാന്‍ അവിടെ വേറെ ഉണ്ടായിരുന്ന അന്തര്‍ജ്ജനങ്ങളോടു പറയുകയും അവര്‍ കുളിപ്പിക്കുകയും ചെയ്തു. തേച്ചുകുളി കഴിഞ്ഞപ്പോഴേക്കുണ് അന്തര്‍ജ്ജനത്തിന്റെ ദേഹത്തിലുണ്ടായിരുന്ന വ്രണങ്ങളൊന്നും കാണാനില്ലാതെയായി. അന്തര്‍ജ്ജനം എണീറ്റു നടന്നു തുടങ്ങുകയും ചെയ്തു. ആ കുഴമ്പു തേപ്പിച്ച് അന്തര്‍ജ്ജനത്തെ മൂന്നു ദിവസം കുളിപ്പിച്ചു. അപ്പോഴേക്കും അവര്‍ പൂര്‍ണ്ണസുഖത്തെ പ്രാപിച്ചു. അവരെക്കണ്ടാല്‍ അവര്‍ക്കു ഇങ്ങനെയൊരു ദീനമുണ്ടായിരുന്നു എന്നു തോന്നുകപോലുമില്ലാതെയായി. നാലാം ദിവസം നമ്പൂരി സ്വദേശത്തേയ്ക്കു മടങ്ങിപ്പോരികയും ചെയ്തു.

അനന്തരം രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നമ്പിമാരെല്ലാവരും അവരുടെ ഇല്ലത്തു മടങ്ങിയെത്തി. അപ്പോള്‍ മുമ്പു രോഗബാധിതയായി എണീക്കാന്‍ വയ്യാതെ കിടന്നിരുന്ന അന്തര്‍ജ്ജനം സ്വസ്ഥശരീരയായി എണീറ്റു നടക്കുന്നതു കണ്ടിട്ട് ആ അന്തര്‍ജ്ജനത്തിന്റെ ഭര്‍ത്താവായ നമ്പി അത്യാശ്ചര്യത്തോടുകുടി "നമ്മുടെ വെള്ളൊടിലെ ഉണ്ണി ഇവിടെ വന്നിരുന്നുവോ?" എന്നു ചോദിച്ചു. അപ്പോള്‍ വെള്ളൊടിലെ ഉണ്ണിനമ്പൂരി അവിടെ ചെന്നിരുന്നതും അദ്ദേഹം ചെയ്തതുമെല്ലാം വിസ്തരിച്ചു പറഞ്ഞുകേള്‍പ്പിച്ചു. അതൊക്കെ കേട്ടപ്പോള്‍ നമ്പി "അവനാലാതെ ഈ വകയൊക്കെ ചെയ്യാന്‍ നിശ്ചയവും ധൈര്യവുമുണ്ടാകയില്ല. അവന്റെ ഗുരുത്വവും കൈപ്പുണ്യവും ഭാഗ്യവും ഒക്കെ ഒന്നു വേറെ തന്നെയാണ്. ഈശ്വരന്‍ അവന്‍ ദീര്‍ഘായുസ്സുകൂടി കൊടുക്കട്ടെ" എന്നു പറഞ്ഞു.

ഒരിക്കല്‍ ഒരു വാണിയന്‍ (എള്ളും മറ്റും ആട്ടുന്ന ജാതിക്കാരന്‍) ഒരു കാളയേയുംകൊണ്ട് വെള്ളൊടില്ലത്തു ചെന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന അച്ഛന്‍ നമ്പൂരിയുടെ അടുക്കല്‍ "ഈ കാളയ്ക്കു ചാണകം പോകാതെയായിട്ടു നാലു ദിവസമായി. അതുകൊണ്ടു കാള പുല്ലും വെള്ളവുമൊന്നും കഴിക്കുന്നില്ല. വയര്‍ സാമാന്യത്തിലധികം വീര്‍ത്തിട്ടുണ്ടെന്നുള്ളതു തിരുമേനിക്കു കാണാവുന്നതാകയാല്‍ അടിയന്‍ അറിയിക്കണമെന്നില്ലല്ലോ. അടിയന്‍ എള്ളും തേങ്ങയും മറ്റൂം ആട്ടുന്നതിനു ചക്കിന്‍കണയില്‍ കെട്ടി അടിക്കുന്നത് ഈ കാളയെയാണ്. ഈ കാള ചത്തുപോയാല്‍ അടിയന്റെ ഉപജീവനം മുട്ടും. മറ്റൊരു കാളയെ വാങ്ങാന്‍ പാവപ്പെട്ട അടിയങ്ങള്‍ക്കു അത്ര എളുപ്പമല്ല. അതിനാല്‍ തിരുമനസ്സുകൊണ്ട് ദയ ഉണ്ടായിട്ട് ഈ കാളയെ രക്ഷിക്കണം" എന്നു വളരെ സങ്കടത്തോടുകൂടി പറഞ്ഞു. അച്ഛന്‍ നമ്പൂരി സ്വല്‍പനേരം മനസ്സുകൊണ്ടാലോചിച്ചിട്ട് "ഒരു മുഴം നീളവും പെരുവിരലിന്റെ വണ്ണവുമുള്ള ഒരു മുരിക്കിന്‍ വടി കൊണ്ടുവരിക" എന്നു വാണിയനോടു പറഞ്ഞു. വാണിയന്‍ കാളയെ അവിടെ കെട്ടീട്ട് ഓടിപ്പോയി മുരിക്കിന്‍വടി കൊണ്ടുവന്നു. അച്ഛന്‍നമ്പൂരി അതെടുത്ത് അതിന്റെ ഒരറ്റത്തു കൈ കൊണ്ട് പിടിക്കാന്‍തക്കവണ്ണം മുള്ളു ചീകിക്കളഞ്ഞു പിടിച്ചുകൊണ്ട് കാളയെ കിടത്തി, കാലു നാലും കെട്ടി, മുറുകെ പിടിച്ചുകൊള്ളുവാന്‍ വാണിയനോടു പറഞ്ഞു. അവന്‍ അപ്രകാരം ചെയ്തപ്പോള്‍ അച്ഛന്‍ നമ്പൂരി അടുത്തുചെന്നു മുരുക്കിന്‍വടി കാളയുടെ മലദ്വാരത്തില്‍ക്കൂടി അകത്തേക്കു കടത്തി രണ്ടുമൂന്നു തിരിച്ചിട്ടു വലിച്ചെടുത്തു. അപ്പോള്‍ ഒരു മുരുക്കിന്‍ വടിയോടുകൂടി ഒരു വലിയ പഴന്തുണിയും അതിന്റെ പിന്നാലെ ഒട്ടുവളരെ ചാണകവും പുറത്തേക്കു പോന്നു. അപ്പോള്‍ അച്ഛന്‍ നമ്പൂരി വാണിയനോട് "ഇതു നീ എണ്ണ മുക്കിപ്പിഴിയുന്ന തുണിയല്ലേ? ഇതു തിന്നിട്ടാണ് കാളയ്ക്കു ചാണകം പോകാതെയത്, ഇനി ഇങ്ങനെ വരാതെ സൂക്ഷിച്ചുകൊള്ളണം എന്നു പറഞ്ഞു. കാളയുടെ മലദ്വാരം മുള്ളുകൊണ്ടു മുറിഞ്ഞിരുന്നതിന് ഒരു മരുന്നും പുരട്ടി അയച്ചു. കാളയ്ക്കു സുഖമാവുകയും ചെയ്തു.

ഒരിക്കല്‍ ചേര്‍ത്തലത്താലൂക്കില്‍തന്നെ തൈക്കാട്ടു ദേശത്തു തൈക്കാട്ടു നമ്പൂരിയുടെ ഇല്ലത്ത് ഒരു അന്തര്‍ജ്ജനത്തിന്റെ മൂക്കില്‍ ഒരു ദശയുണ്ടായി. അതു ശ്വാസം പുറത്തേയ്ക്കു പോകുമ്പോള്‍ ഒരംഗുലം നീളത്തില്‍ പുറത്തേക്കിറങ്ങിപ്പോവുകയും ശ്വാസം മേല്‍പ്പോട്ടു വലിയുമ്പോള്‍ മൂക്കിനകത്തേക്കു കയറിപ്പോവുകയും ചെയ്യുമായിരുന്നു. അതിന് ആരാണ്ടേകൊണ്ടൊക്കെ പല ചികിത്സകള്‍ ചെയ്യിച്ചിട്ടും ഭേദമാകായ്കയാല്‍ ഒടുക്കം തൈക്കാട്ടുനമ്പൂരി വെള്ളൊടുനമ്പൂരിയുടെ അടുക്കല്‍ച്ചെന്നു വിവരം പറഞ്ഞു. അപ്പോള്‍ വെള്ളൊടു നമ്പൂരി, "ആട്ടെ, ഞാന്‍ നാളെ അവിടെ വന്നു നോക്കീട്ട് എന്തെങ്കിലും ചികിത്സ നിശ്ചയിക്കാം. ഞാനവിടെ വരുമ്പോഴേക്കും കാല്‍ത്തുലാം ഭാരമുള്ള ഒരു ഇയ്യക്കട്ടി ഇരുമ്പുകൊണ്ടു ഒരു കുഴയുമുണ്ടാക്കിച്ചു തയ്യാറാക്കിവെച്ചിരിക്കണം. ശേ‌ഷമൊക്കെ ഞാന്‍വരുമ്പോള്‍ പറഞ്ഞുകൊള്ളാം"എന്നു പറഞ്ഞു തൈക്കാട്ടു നമ്പൂരിയെ അയച്ചു. പിറ്റേ ദിവസം വെള്ളൊടു നമ്പൂരി തൈക്കാട്ടില്ലത്തു ചെന്നപ്പോഴേക്കും തലേദിവസം പറഞ്ഞിരുന്നതുപോലെ ഇരുമ്പുകുഴയോടുകൂടിയ ഒരു ഇയ്യക്കട്ടി അവിടെ തയ്യാറാക്കി വെച്ചിരുന്നു. വെള്ളൊടു നമ്പൂരി ഒരു നൂല്‍ച്ചരടുകൂടി കൊണ്ടുപോയിരുനു. ആ ചരടിന്റെ ഒരറ്റം ഇയ്യക്കട്ടിയുടെ കുഴയിലിട്ടു കെട്ടിമുറിക്കീട്ടു മറ്റേ അറ്റത്ത് ഒരു കുടുക്കുമിട്ടു തൈക്കാട്ടു നമ്പൂരിയെ ഏല്പിച്ചുകൊടുത്തിട്ട്, "അന്തര്‍ജ്ജനത്തെ വിളിച്ചു അടുക്കലിരുത്തീട്ട് ദശ പുറത്തേക്കു വരുമ്പോള്‍ ചരടിന്റെ അറ്റത്തുള്ള കുടുക്ക് ആ ദശയിന്മേലിട്ടു മുറുക്കണം. പിന്നെ അന്തര്‍ജ്ജനത്തോടു പതുക്കെ എണീറ്റു കുനിഞ്ഞു സ്വല്പം നടക്കാന്‍ പറയണം" എന്നു പറഞ്ഞു. തൈക്കാട്ടുനമ്പൂരി അപ്രകാരമെലാം ചെയ്തു. അന്തര്‍ജ്ജനം എണീറ്റു നടന്നപ്പോള്‍ ഇയ്യക്കട്ടിയുടെ ഭാരം കൊണ്ട് ദശ വേരോടുകൂടി പറിഞ്ഞു താഴെ വീണു. പിന്നെ വെള്ളൊടു നമ്പൂരി അന്തര്‍ജ്ജനത്തിന്റെ തലയില്‍ തേക്കുന്നതിന് ഒരെണ്ണയ്ക്കു കുറിച്ചുകൊടുക്കുകയും "ഈ മരുന്നുണ്ടാക്കി പുരട്ടിയാല്‍ മൂക്കിനകത്തെ വ്രണം ഉണങ്ങുകയും എണ്ണ കാച്ചിത്തേച്ചാല്‍ ഇനിയും മൂക്കില്‍ ദശ വരാതെ ഇരിക്കുകയും തലവേദന ഉണ്ടാകാതെയിരിക്കുകയും ചെയ്യും" എന്നു പറയുകയും ചെയ്തിട്ടു മടങ്ങിപ്പോയി. ആ മരുന്നും എണ്ണയും കൊണ്ട് അന്തര്‍ജ്ജനത്തിനു സുഖമാവുകയും ചെയ്തു.

ഒരിക്കല്‍ ബ്രിട്ടീ‌ഷ് മലബാറിലെ ഒരു വലിയ ജന്മിയും പ്രസിദ്ധനുമായ കുതിരവട്ടത്തു മൂപ്പില്‍നായര്‍ക്കു ഒരു സുഖക്കേടുണ്ടായി. മലമൊഴിയായ്കയായിരുന്നു സുഖക്കേട്. അതിനു പല വൈദ്യന്മാര്‍ പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചുനോക്കിട്ടും ഒരു ഫലവുമുണ്ടായില്ല. മലശോധനയില്ലാതായപ്പോള്‍ ഭക്ഷണവുമില്ലാതെയായി. അപ്പോള്‍ ക്ഷീണം കലശലായി. ആകപ്പാടെ മൂപ്പില്‍നായര്‍ ഏറ്റവും അവശനായിത്തീര്‍ന്നു. അതിനാല്‍ മൂപ്പില്‍നായര്‍ ഉടനെ വെള്ളൊടുനമ്പൂരിയെ അങ്ങോട്ടു പറഞ്ഞയയ്ക്കണമെന്നു പാലിയത്തു വലിയച്ചന്റെ പേര്‍ക്ക് എഴുത്തയച്ചു. അന്നത്തെ മൂപ്പില്‍ നായരും വലിയച്ചനും തമ്മില്‍ അത്യന്തം സ്നേഹമായിരുന്നു. എഴുത്തു കിട്ടിയക്ഷണത്തില്‍ വലിയച്ചന്‍ വിവരം വെള്ളൊടു നമ്പൂരിയെ ഗ്രഹിപ്പിക്കുകയും സഹായത്തിനു വേണ്ടുന്ന ആളുകളെയും മറ്റും കൂട്ടി മലബാറിലേയ്ക്കു പറഞ്ഞയയ്ക്കുകയും ചെയ്തു.

നമ്പൂരി കുതിരവട്ടത്തെത്തിയപ്പോള്‍ മൂപ്പില്‍നായര്‍ ഏറ്റവും ക്ഷീണിച്ച് എണീക്കാന്‍ വയ്യാതെ കിടപ്പിലായിരുന്നു. തല്‍ക്കാലം നമ്പൂരി ചുരുക്കത്തില്‍ ഒരു കുഴമ്പിനു കുറിച്ചുകൊടുത്തിട്ട് ആ കുഴമ്പു ക്ഷണത്തില്‍ കാച്ചിയരിച്ചു വെയ്ക്കുകയും മൂപ്പില്‍നായര്‍ക്കു കുളിക്കുന്നതിനു കാഞ്ഞവെള്ളവും ഭക്ഷണത്തിനു വേണ്ടുന്നവയെല്ലാം തയ്യാറാക്കുകയും ചെയ്തുകൊള്ളുന്നതിനു ചട്ടംകെട്ടി. പിന്നെ നമ്പൂരി കുളിക്കാന്‍ പോയി. അദ്ദേഹം കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞുവന്നപ്പോഴേക്കും ചട്ടംകെട്ടിയിരുന്നവയെല്ലാം തയ്യാറായിരുന്നു. വെള്ളൊടുനമ്പൂരിയുടെ പ്രയോഗമെന്താണെന്ന് അറിയുന്നതിനായി അപ്പോള്‍ അവിടെ വൈദ്യന്മാരായിട്ടും മൂപ്പില്‍നായരുടെ സ്നേഹിതന്മാരായിട്ടും ബന്ധുക്കളായിട്ടും ആശ്രിതന്മാരായിട്ടു അസംഖ്യമാളുകള്‍ വന്നുകൂടുകയും ചെയ്തിരുന്നു.

നമ്പൂരി മൂപ്പില്‍നായരുടെ അടുക്കല്‍ ചെന്നിരുന്നുകൊണ്ട് അവിടെയുണ്ടായിരുന്ന ഭൃത്യന്മാരില്‍ ബലവാന്മാരായ നാലുപേരെ വിളിച്ചു കാച്ചി വെച്ചിരുന്ന കുഴമ്പു നായരുടെ കഴുത്തിനു താഴെയെല്ലാം ധാരാളമായി തേച്ചിട്ട് നായരെ താങ്ങിപ്പിടിച്ച് ആ പൂമഖത്തു തെക്കോട്ടും വടക്കോട്ടും നടത്താന്‍ പറഞ്ഞു. അങ്ങനെ അവര്‍ അഞ്ചാറുപ്രാവശ്യം നടത്തിയപ്പോഴേക്കും നായര്‍ക്കു വയറിളകി പൂമുഖമാകപ്പാടെ, അമേധ്യ മയമായി. പിന്നെ നമ്പൂരി നായരെ കൊണ്ടുപോയി കാഞ്ഞ വെള്ളമൊഴിച്ചു കുളിപ്പിച്ചിട്ടു ഭക്ഷണം കഴിപ്പാന്‍ പറഞ്ഞയച്ചു. ഭൃത്യന്മാര്‍ നായരെ കൊണ്ടുപോയി കുളിയുമൂണും കഴിപ്പിച്ചുകൊണ്ടു കട്ടിലില്‍ കൊണ്ടു ചെന്നു കിടത്തി. വളരെ ദിവസം കൂടീട്ടു മലം ധാരാളം ഒഴിഞ്ഞു പോവുകയും കാഞ്ഞ വെള്ളത്തില്‍ കുളിക്കുകയും വേണ്ടതുപോലെ ഊണു കഴിക്കുകയും ചെയ്തതുകൊണ്ട് നായര്‍ കിടന്ന ഉടനെ ഉറങ്ങി ത്തുടങ്ങി. ആ സമയത്തു വെള്ളൊടു നമ്പൂരി മൂപ്പില്‍നായരുടെ കാര്യസ്ഥനോട്, "ഇനിയിപ്പോള്‍ നായര്‍ക്കു സുഖക്കേടൊന്നുമില്ല. ക്ഷീണം മാറണമെന്നേ ഉള്ളൂ. അതു ഭക്ഷണം ശരിയാകുമ്പോള്‍ ക്രമേണ മാറി ക്കൊള്ളും. ഇന്നു കാച്ചിയ കുഴമ്പുതന്നെ കാച്ചിവെച്ചിരുന്നു പതിവായി തേച്ചുകുളിപ്പിച്ചുകൊണ്ടിരുന്നാല്‍ വേണ്ടതുപോലെ മലശോധനയുണ്ടാകും. അപ്പോള്‍ മുറയ്ക്കു ഭക്ഷണം കഴിക്കാറുമാകും" എന്നു പറഞ്ഞിട്ട് ആരോടും യാത്ര പറയാതെ മടങ്ങിപ്പോന്നു.

നമ്പൂരി പറഞ്ഞതുപോലെതന്നെ പത്തുപതിനഞ്ചു ദിവസംകൊണ്ടു മൂപ്പില്‍ നായര്‍ക്കു ക്ഷീണം മാറി നല്ല സുഖമായി. പിന്നെ നായര്‍ തന്റെ കൃതജ്ഞതയെ പ്രകടിപ്പിക്കാനായി നമ്പൂരിയുടെ അടുക്കല്‍ വന്നു കണ്ട് സന്തോ‌ഷസമേതം അനേകം സമ്മാനങ്ങള്‍ കൊടുത്തു വന്ദനം പറഞ്ഞു മടങ്ങിപ്പോയി.

പണ്ടുണ്ടായിരുന്ന വെള്ളാടു നമ്പൂരിമാര്‍ ചികിത്സ സംബന്ധമായി ഇങ്ങനെ അനേകം അത്ഭുതകര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. അവയെല്ലാം പറഞ്ഞുതീര്‍ക്കുന്ന കാര്യം അസാധ്യമാകയാല്‍ അതിനായി തുനിയുന്നില്ല. ഇത്രയും പറഞ്ഞതുകൊണ്ടു തന്നെ ആ ഇല്ലത്തു പണ്ടുണ്ടായിരുന്നവര്‍ അമാനു‌ഷ്യപ്രഭാവന്മാരായിരുന്നുവെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.

വെള്ളൊടില്ലത്തു പണ്ടൊരിക്കല്‍ ശാക്തേയനായിട്ടും ഒരാളുണ്ടായിരുന്നുവത്ര. അദ്ദേഹവും പുളിയാമ്പിള്ളി നമ്പൂരി മുതലായവരെപ്പോലെ അമാവാസിനാള്‍ ചന്ദ്രനെ ഉദിപ്പിക്കുക, മദ്യം കളിയടയ്ക്കയാക്കി കാണിക്കുക മുതലായി അനേകം അത്ഭുതകര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് കേള്‍വി. അഷ്ടവൈദ്യന്മാരിലൊരാളും ബ്രാഹ്മണനുമായിരുന്ന അദ്ദേഹത്തിനു ശക്തിപൂജയും മറ്റും അത്യാവശ്യമായിട്ടുള്ളവയല്ലായിരുന്നതിനാലും അദ്ദേഹത്തിന്റെ അത്ഭുതകര്‍മ്മങ്ങള്‍ ചികിത്സാസംബന്ധമായിട്ടുള്ളവയല്ലായിരുന്നതുകൊണ്ടും അവയൊന്നും ഇവിടെ വിസ്തരിക്കുന്നില്ല. അതിനാല്‍ പ്രസിദ്ധപ്പെട്ട ആ ഇല്ലത്തു പണ്ടത്തെപ്പോലെ ഇനിയും ജനോപകാരാര്‍ത്ഥം നല്ല വൈദ്യന്മാരുണ്ടായിത്തീരുന്നതിനു സര്‍വ്വേശ്വരന്‍ സദയം കടാക്ഷിക്കുമാറാകട്ടേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു വിരമിക്കുന്നു.