മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് കൊല്ലം 921-ല്‍ ആണല്ലോ കായങ്കുളം രാജ്യം പിടിച്ചടക്കി തിരുവിതാംകൂറില്‍ ചേര്‍ത്തത്. അക്കാലത്തു കായങ്കുളം ലായത്തില്‍ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരു കുട്ടിക്കൊമ്പനാനയുണ്ടായിരുന്നു. ആ അനയെക്കണ്ടിട്ടു തിരുമനസ്സിലേക്ക് അത്യന്തം കൗതുകം തോന്നുകയാല്‍ അതിനെ തിരുവനന്തപുരത്തു കൊണ്ടുപോയി അവിടെയുള്ള ലായത്തില്‍ താമസിപ്പിച്ചു. അതിനെ വേണ്ടതുപോലെ സൂക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിനായി 'അഴകപ്പാപിള്ള' എന്നു പ്രസിദ്ധനായിരുന്ന ഒരു നാഞ്ചിനാട്ടു(നാഞ്ഞിനാട്ടു)പിള്ളയെ പാപ്പാനായി കല്പിച്ചു നിശ്ചയിച്ചു നിയമിക്കുകയും ചെയ്തു. ആ ആനക്കാരനും ആനയും സമപ്രായക്കാരായിരുന്നു. രണ്ടുപേര്‍ക്കും അന്ന് ഇരുപത്തഞ്ചു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു.
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭസ്വാമിക്കു തൃപ്പടിദാനമായി വെച്ചൊഴിയുന്നതിനുമുമ്പ് ഒരിക്കല്‍ സ്വാമി ദര്‍ശനാര്‍ത്ഥം തിരുവട്ടാറ്റേക്ക് എഴുന്നള്ളുകയുണ്ടായി. അന്ന് ഈ കുട്ടിയാനയേയും കൊണ്ടുപോയിരുന്നു. തിരുമനസ്സുകൊണ്ടു സ്വാമിദര്‍ശനാനന്തം ഈ ആനയെ അവിടെ നടയ്ക്കിരുത്തുകയും "ആദികേശവാ" എന്നു വിളിക്കുകയും ചെയ്തു. ആ ആന അതു സമ്മതിച്ചതായി തല കുലുക്കുകയും ഒരനുസരണ ശബ്ദം പുറപ്പെടുവിക്കുകയുമുണ്ടായി. അതുകൊണ്ടു മഹാരാജാവു തിരുമനസ്സുകൊണ്ട് ആ പേരുതന്നെയാണ് ആ ആനയ്ക്ക് വിളിച്ചത്. ആ ആനയാണ് പിന്നീട് 'തിരുവട്ടാറ്റാദികേശവന്‍' എന്നു പ്രസിദ്ധനായിത്തീര്‍ന്നതും.
മഹാരാജാവു തിരുമനസ്സുകൊണ്ട് ആനയെ ഇരുത്തുകയും മറ്റും ചെയ്തതിന്റെ ശേഷം അഴകപ്പാപിള്ളയെ തിരുമുമ്പാകെ വരുത്തി "ആദികേശവനെ എല്ലാ മാസത്തിലും പതിനഞ്ചാം തീയതിതോറും തിരുവന്തപുരത്തു കൊണ്ടുവരണം. നമുക്ക് ഇവനെ മാസത്തിലൊരിക്കലെങ്കിലും കാണാതെയിരിക്കാന്‍ വയ്യ. ഇവിടെ ക്ഷേത്രത്തില്‍ പതിഞ്ചാം തീയതി ഇവനെക്കൊണ്ടു വല്ല കാര്യവുമുണ്ടെങ്കില്‍ അതു കഴിഞ്ഞാലുടനെ കൊണ്ടുവരണം. അങ്ങനെ ദിവസമാറ്റം വരുമ്പോള്‍ ആ വിവരം നമ്മെ മുന്‍കൂട്ടി അറിയിക്കുകയും വേണം" എന്നു കല്‍പിക്കുകയും അഴകപ്പാപിള്ള അതിനെ സാദരം സമ്മതിക്കുകയും അപ്രകാരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ട് ദിവസന്തോറും വെളുപ്പാന്‍കാലത്തു മൂന്നു മണിക്കു മുമ്പേ പള്ളിക്കുറുപ്പുണരുകയും ഉടനെ കാലും മുഖവും മറ്റും ശുദ്ധമാക്കി ചില നാമങ്ങള്‍ ജപിച്ചുകൊണ്ടു കൊട്ടാരത്തിനകത്തുലാത്തിക്കൊണ്ടിരിക്കുകയും പതിവായിരുന്നു. അതിനാല്‍ ആദികേശവനെ തിരുവന്തപുരത്തു കൊണ്ടുചെല്ലുന്നതും പതിഞ്ചാം തീയതി തോരും വെളുപ്പാന്‍കാലത്തു മൂന്നുമണിക്കായിരിക്കണമെന്നും അവിടെ കൊണ്ടുചെന്നാല്‍ അവനെ കൊട്ടാരത്തിന്റെ മുറ്റത്ത് ഇന്ന സ്ഥലത്തു നിര്‍ത്തിക്കൊള്ളണമെന്നും പ്രത്യേകം കല്‍പിച്ചിരുന്നതിനാല്‍ അഴകപ്പാപിള്ള അങ്ങനെയൊക്കെയാണ് ചെയ്തിരുന്നത്. പതിനഞ്ചാം തീയതിതോറും പള്ളിക്കുറുപ്പുണര്‍ന്നാല്‍ ആദ്യം തൃക്കണ്‍ പാര്‍ക്കുന്നത് ആദികേശവനെ വേണമെന്നു തിരുമനസ്സിലേക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പ്രത്യേകം കല്‍പിച്ചിരുന്നത്.
ആദികേശവന്‍ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരാനയായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടായിരുന്നിരിക്കാം അവനെ മാസത്തിലൊരിക്കലെങ്കിലും കണികാണണമെന്നു തിരുമനസ്സിലേക്കു നിര്‍ബന്ധമുണ്ടായിരുന്നത്. കേശവന്റെ രണ്ടു കൊമ്പുകളും ഒരുപോലെ കൂര്‍ത്തു വളഞ്ഞവയും നല്ല ഭംഗിയുള്ളവയുമായിരുന്നു. അവയുടെ രണ്ടു വശങ്ങളിലും സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന വിധത്തില്‍ ഓരോ രേഖകളുണ്ടായിരുന്നു. അവ കണ്ടാല്‍ അവന്റെ കൊമ്പുകളുടെ കീഴ്‌വശത്ത് അവയെപോലെതന്നെ രണ്ടു കൊമ്പുകള്‍ കൂടി ഉണ്ടാക്കിവെച്ചു ചേര്‍ത്തിണക്കിയിരിക്കയാണെന്നു തോന്നുമായിരിരുന്നു. അതിനാല്‍ ആദികേശവന്‍ ഒരു നാല്‌ക്കൊമ്പനാനയാണെന്നുകൂടി ജനങ്ങള്‍ പറഞ്ഞിരുന്നു. കേശവന്റെ പിന്‍വശത്തുനിന്നു നോക്കിയാല്‍ മൂന്നുകോലിള്‍(ഒമ്പതടിയില്‍(അധികം))പൊക്കമില്ലെന്നു തോന്നുമായിരുന്നു. എങ്കിലും അവന്റെ മുമ്പില്‍നിന്നു നോക്കിയാല്‍ അവന് അഞ്ചു കോലില്‍(പതിഞ്ചടിയില്‍)കുറയാതെ ഉയരമുണ്ടെന്നും ആര്‍ക്കും തോന്നുമായിരുന്നു. അവന്റെ തലയെടുപ്പും തലക്കട്ടിയും മസ്തകത്തിന്റെ വിരിവും തുമ്പിക്കൈയിന്റെ മുഴുപ്പും ചെവികളുടെ വലിപ്പവും ഉടലിന്റെ തഴപ്പും നീളവും കഴുത്തിന്റെ വണ്ണവും കഴുത്തിനു താഴെ തൂങ്ങിക്കിടക്കുന്ന താടയുടെ ഇറക്കവും മറ്റും കണ്ടാല്‍ ഇവനെപ്പോലെ ഭംഗിയുള്ള ഒരാന മറ്റെങ്ങുമില്ലെന്നും ഇനിയുണ്ടാവുന്നകാര്യം അസാധ്യമാണെന്നും ആര്‍ക്കും തോന്നുമായിരുന്നു. ആദികേശവന്റെ കാലുകളുടെ വണ്ണവും അസാമാന്യമായിരുന്നു. അവന്റെ കാലടികളുടെ ചുറ്റളവ് നാല്പത്തെട്ട് അംഗുലം ഉണ്ടായിരുന്നു. അതുകൊണ്ടു കാലുകളുടെ വണ്ണം ഏകദേശം ഊഹിക്കാമല്ലോ. എന്തിനു വളരെ പറയുന്നു? "ആകപ്പടെ ഒരാനച്ചന്തം" എന്നുള്ളത് ആദികേശവനെ സംബന്ധിച്ചു നല്ല ശരിയായിരുന്നു. എന്നാല്‍ അവനെ അസാമാന്യമായ ദേഹപുഷ്ടി മാത്രമല്ല ഉണ്രായിരുന്നത്. അതിനു തക്കവണ്ണമുള്ള കായബലവുമുണ്ടായിരുന്നു. ബുദ്ധിശക്തിയും അങ്ങനെതന്നെ. കേശവന്‍ പിടിച്ചുവെയ്ക്കുന്ന തടിയും മറ്റും വേറെ നാലാനകള്‍കൂടി പിടിച്ചാല്‍ ഇളക്കാന്‍പോലും കഴിയുമായിരുന്നില്ല. അപ്രകാരം ഏതെങ്കിലും ഒരു കാര്യം അഴകപ്പാപിള്ള മനസ്സില്‍ വിചാരിക്കുമ്പോഴേക്കും കേശവന്‍ ചെയ്തുകഴിയും മറ്റുള്ള പാപ്പാന്മാരേപ്പോലെ വടിയെടുക്കുക എന്നുള്ള കാര്യം അഴകപ്പാപിള്ളയ്ക്ക് ഒരിക്കലും വേണ്ടിവന്നിട്ടില്ല. അഴകപ്പാപിള്ള കേശവന്റെ പാപ്പാനായിത്തീര്‍ന്നതിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അവര്‍ തമ്മില്‍ നിസ്തുലങ്ങളായ സ്നേഹവിശ്വാസങ്ങള്‍ ഉണ്ടായിത്തീര്‍ന്നു. അതിന് അവര്‍ക്ക് ആജീവനാന്തം സ്വല്‍പംപോലും വ്യത്യാസം വരികയും ചെയ്തിരുന്നില്ല.
രണ്ടുമൂന്നു പ്രാവശ്യം തിരുവന്തപുരത്തു പോയി മുഖം കാണിച്ച് വന്നപ്പോഴേക്കും കേശവന് അങ്ങോട്ടു പോകേണ്ടുന്ന ദിവസവും പോകാനുള്ള വഴിയും അവിടേയെത്തേണ്ടുന്ന സമയവും അവിടെച്ചെന്നാല്‍ നില്‍ക്കേണ്ടുന്ന സ്ഥലവും മറ്റും നല്ല നിശ്ചയമായി. വെളുപ്പാന്‍കാലത്തു മൂന്നു മണിക്ക് അവിടെയെത്തിയാലുടനെ അഴകപ്പാപിള്ള കേശവനെ നിശ്ചിതസ്ഥലത്തു നിര്‍ത്തിയിട്ടു മാറി മറഞ്ഞു നില്ക്കും തിരുമനസ്സിലേക്ക് ആദ്യം കേശവനെത്തന്നെ തൃക്കണ്‍പാര്‍ക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നുവലോ. അതുകൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തിരുന്നത്. അഴകപ്പാപിള്ള മാറി നിന്നാലുടനെ കേശവന്‍ ഭക്തിദ്യോതകമായി ഒരു ശബ്ദം പുറപ്പെടുവിക്കും. ഉടനെ തിരുമനസ്സുകൊണ്ട് പുറത്തേക്കെഴുന്നള്ളും. അപ്പോള്‍ കേശവനു കൊടുക്കാനുള്ള പഴക്കുലകള്‍, ശര്‍ക്കര, നാളികേരം, കരിമ്പ് മുതലായവയെല്ലാം അവിടെ തയ്യാറാക്കി വച്ചിരിക്കും. അവയില്‍ ചിലതു തിരുമനസ്സുകൊണ്ടുതന്നെ തൃക്കൈകൊണ്ട് എടുത്ത് കേശവനു കൊടുക്കുകയും അവ കേശവന്‍ സാദരം വാങ്ങി തിന്നുകയും ചെയ്യും. അങ്ങനെ ഏതാനും ചിലതു തിന്നു കഴിയുമ്പോള്‍ എല്ലാമെടുത്തു കൊടുക്കുന്ന കാര്യം തിരുമനസ്സിലേക്കു ബുദ്ധിമുട്ടായിത്തീര്‍ന്നെങ്കിലോ എന്നു വിചാരിച്ചു കേശവന്‍ സ്വല്പം പിന്നോക്കം മാറി നില്‍ക്കും. അതു കാണുമ്പോള്‍ കുശാഗ്രബുദ്ധിയായിരുന്ന തിരുമനസ്സിലേക്ക് കേശവന്റെ അഭിപ്രായം മനസ്സിലാകും. ഉടനെ “എന്നാല്‍ എല്ലാമെടുത്തു തിന്നുകൊള്ളുക” എന്നു കല്പിക്കുകയും കേശവന്‍ എല്ലാമെടുത്ത് തിന്നുകയും ചെയ്യും. കേശവന്‍ എല്ലാം തിന്നുകഴിയുമ്പോള്‍ അഴകപ്പാപിള്ളയും കേശവന്റെ അടുക്കലെത്തും. ഉടനെ തിരുമനസ്സുകൊണ്ട് രണ്ടു മുണ്ടും അഞ്ചു രൂപയും അയാള്‍ക്കും കല്പിച്ചു കൊടുക്കും. അതും കഴിഞ്ഞാല്‍ കേശവന്‍ മുന്‍കാലുകള്‍ രണ്ടും മടക്കി മുട്ടുകള്‍ കുത്തി തിരുമനസ്സിലെ തൃപ്പാദസന്നിധിയില്‍ കുമ്പിട്ടു യാത്രയറിയിക്കുന്നതായി ഒരു ശബ്ദം പുറപ്പെടുവിക്കും. ഉടനെ തിരുമനസ്സുകൊണ്ട് “എന്നാലാവട്ടെ, അടുത്ത മാസത്തിലും വരണം” എന്നു കല്പിക്കുകയും കേശവന്‍ അതും സമ്മതിച്ച ഭാവത്തില്‍ തലകുലുക്കിക്കൊണ്ട് നാലഞ്ചടി പിന്നോക്കം നടന്നു മാറീട്ടു തിരിഞ്ഞു നടന്നുപോവുകയും ചെയ്യും. ഇപ്രകാരമൊക്കെയായിരുന്നു കേശവന്റെ പതിവുകള്‍.
അങ്ങനെ ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞതിന്റെ ശേഷം ഒരിക്കല്‍ തിരുവനന്തപുരത്തേക്കു പോകാനുള്ള ദിവസമടുത്തപ്പോള്‍ അഴകപ്പാപിള്ളയ്ക്കും ദേഹത്തിനു നല്ല സുഖമില്ലായിരുന്നു. അതിനാല്‍ അയാള്‍ കേശവന്റെയടുക്കല്‍ ചെന്ന് അവന്റെ തുമ്പിക്കൈ പിടിച്ചു തലോടിക്കൊണ്ട് “കുട്ടാ! കേശവാ! നാളെയാണല്ലോ തിരുവനന്തപുരത്തേക്കു പോകേണ്ടത്. എനിക്കു ദേഹത്തിനു തീരെ സുഖമില്ലാതെയുമിരിക്കുന്നു. നിശ്ചിത ദിവസം അവിടെ ചെല്ലാഞ്ഞാല്‍ തിരുമനസ്സിലേക്ക് ഒട്ടും സുഖമാവുകയില്ല. അതിനാല്‍ ഇത്തവണ എന്റെ കുട്ടന്‍ തനിച്ചു പോയിവരണം. അങ്ങോട്ടു പോകാനുള്ള വഴിയും അവിടെ ചെന്നാലുള്ള പതിവുകളും മറ്റും നിനക്കു നിശ്ചയമുണ്ടല്ലോ” എന്നു പറഞ്ഞു. കേശവന്‍ അതു കേട്ടു സമ്മതിച്ചു തല കുലുക്കുകയും അടുത്ത ദിവസം അവന്‍ തനിച്ചു പോയി തിരുവനന്തപുരത്തെത്തി പതിവുപോലെ മുഖം കാണിക്കുകയും മറ്റും കഴിച്ചു മടങ്ങി വരികയും ചെയ്തു.
ഇങ്ങനെയിരിക്കെ കൊല്ലം 933-ആമാണ്ടു മിഥുനമാസത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടു നീങ്ങി. ആ വര്‍ത്തമാനം ഉടനെ കേരളത്തിലെന്നല്ല വിദേശങ്ങളില്‍പ്പോലും എല്ലാവരും അറിഞ്ഞു. എങ്കിലും അതറിഞ്ഞാല്‍ ആദികേശവനു ദുസ്സഹമായ ദുഃഖമുണ്ടാകുമെന്നു വിചാരിച്ച് അഴകപ്പാപിള്ള തല്‍ക്കാലം അവനെ അതിറിയിച്ചില്ല. എന്നാല്‍ അധികം താമസിയാതെ അവനത് അറിയേണ്ടതായി വരികയും ചെയ്തു.
അടുത്ത മാസത്തിലും അഴകപ്പാപിള്ള പതിവുപോലെ പതിനഞ്ചാം തീയതി വെളുപ്പാന്‍കാലത്തു മൂന്നു മണിക്കു കേശവനേയുംകൊണ്ട് തിരുവനന്തപുരത്തെത്തി. അവനെ പതിവു സ്ഥലത്തു നിര്‍ത്തുകയും കേശവന്‍ പതിവുപോലെ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. രാമവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് മൂന്നു മണിക്ക് പള്ളിക്കുറുപ്പുണരാറില്ല. നാലുമണിക്കാണ്‍ അവിടുന്നു പള്ളിക്കുറുപ്പുണരുക പതിവ്. എന്നാല്‍ കേശവന്‍ ശബ്ദം പുറപ്പെടുവിച്ചപ്പോള്‍ നല്ല പള്ളിക്കുറുപ്പായിരിന്നു. ആ ശബ്ദം കേട്ടു തിരുമനസ്സുകൊണ്ടു വല്ലാതെ ഞെട്ടിയുണരുകയും അതെന്തു ശബ്ദമാണു കേട്ടത്? ഒരാനയുടെ ശബ്ദം പോലെയാണല്ലോ കേട്ടത്. ഈ അസമയ്ത്ത് അനാവശ്യമായി ഇവിടെ ആനയെ കൊണ്ടുവന്നതാരാണ്? അതിനെ അവിടെനിന്നും ക്ഷണത്തില്‍ കൊണ്ടുപോകട്ടെ” എന്നു കോപത്തോടുകൂടി ഉച്ചത്തില്‍ കല്പിക്കുകയും ചെയ്തു. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ആ കല്പന കേട്ടു കേശവന്‍ വല്ലാതെ പരിഭ്രമിച്ച് അഴകാപിള്ളയെ താങ്ങിയെടുത്തു തലയില്‍ വച്ചുകൊണ്ട് അവിടെനിന്ന് ഒരോട്ടം വച്ചുകൊടുത്തു. നെയ്യാറ്റിന്‍കര ചെന്നിട്ടേ അവന്‍ നില്‍ക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തുള്ളു. അവിടെയെത്തി അഴകാപിള്ളയെ താഴെയിറക്കി നിര്‍ത്തിയപ്പോള്‍ അയാള്‍ “എന്റെ കേശവാ! നിന്റെ പ്രരിഭ്രമം സ്വല്പമധികമായപ്പോയി. നമ്മുടെ തമ്പുരാനല്ലാ ആ കല്പിച്ചത്. നമ്മുടെ തമ്പുരാന്‍ കഴിഞ്ഞ മാസത്തില്‍ നാടുനീങ്ങിപ്പോയി. ആ കല്പിച്ചത് ഇപ്പോള്‍ നാടു വാഴുന്ന രാമവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ടാണ്. അവിടേക്കു നിന്റെ പതിവൊന്നും നിശ്ചയമില്ല” എന്നു പറഞ്ഞു. “നമ്മുടെ തമ്പുരാന്‍ നാടുനീങ്ങിപ്പോയി” എന്നു കേട്ടപ്പോള്‍ കേശവന്‍ അത്യന്തം സങ്കടത്തോടുകൂടി കണ്ണീരൊലിപ്പിച്ചുകൊണ്ട് ഉറക്കെ മൂന്നു നിലവിളിച്ചിട്ട് പിന്നെയും കണ്ണീരൊലിപ്പിച്ചുകൊണ്ടു നിന്നു. അപ്പോള്‍ അഴകപ്പാപിള്ള “ഇപ്പോള്‍ നാടുവാഴുന്ന തമ്പുരാനും നമ്മുടെ തമ്പുരാന്‍തന്നെയാണ്. പരിചയം വരുമ്പോള്‍ ഈ തമ്പുരാനും മറ്റേ തമ്പുരാനെപ്പോലെ നിന്നെക്കുറിച്ചു വിചാരിച്ചു തുടങ്ങും. അതുകൊണ്ട് നമുക്ക് ഇന്നുതന്നെ തിരുവനന്തപുരത്തു ചെന്ന് മുഖം കാണിക്കണം” എന്നു പറഞ്ഞു. അഴകാപിള്ള ഈ പറഞ്ഞത് കേശവന്‍ കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. അഴകപ്പാപിള്ളയുടെ വാക്കിനെ കേശവന്‍ അതിനുമുമ്പൊരിക്കലും ആദരിക്കാതെയിരുന്നിട്ടില്ല. കേശവന്‍ തിരുവനന്തപുരത്ത്നുനിന്ന് ഓടിപ്പോയതിന്റെ ശേഷം നേരം വെളുത്തപ്പോള്‍ ചില സേവന്മാര്‍ തിരുമനസ്സിലെ സന്നിധിയില്‍ ചെന്ന്, “നാടു നീങ്ങിപ്പോയ മാര്‍ത്താണ്ഡവരമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഒരാനയെ തിരുവാട്ടാറ്റു നടയ്ക്കിരുത്തുകയും ആ ആനയ്ക്ക് ആദികേശവന്‍ എന്നു കല്പിച്ചു പേരു വിളിക്കുകയും ചെയ്തിട്ടുണ്ട്. ആ ആനയെ കല്പനപ്രകാരം എല്ലാ മാസങ്ങളിലും പതിനഞ്ചാം തീയതി തോറും വെളുപ്പാന്‍കാലത്തു മൂന്നു മണിക്ക് ഇവിടെ കൊണ്ടു വരികയും ഇവിടെയെത്തിയാലുടനെ കേശവന്‍ താന്‍ വന്നിരിക്കുന്നു എന്നറിയിക്കുന്നതിനായി ഒരു ശബ്ദം പുറപ്പെടുവിക്കുകയും അതു കേട്ടാലുടനെ തിരുമനസ്സുകൊണ്ടു പുറത്തെഴുന്നള്ളി കേശവന്‍ പഴക്കുലകളും ശര്‍ക്കരയും നാളികേരവും കരിമ്പും മറ്റും തൃക്കൈകൊണ്ടുതന്നെ എടുത്തു കൊടുക്കുകയും കേശവന്‍ അവയെ വാങ്ങിത്തിന്നുകയും പതിവായിരുന്നു. ആ പതിവനുസരിച്ച് ഇവിടെ കൊണ്ടുവരപ്പെട്ട കേശവന്റെ ശബ്ദമാണ് ഇന്നു വെളുപ്പാന്‍കാലത്ത് ഇവിടെ കേള്‍ക്കപ്പെട്ടത്. പതിവുപോലെയല്ലാതെ കോപത്തോടുകൂടി ഉറക്കെ അരുളിച്ചെയ്തതു കേട്ട് കേശവന്‍ ഭയപ്പെട്ട് അപ്പോള്‍ത്തന്നെ ഇവിടെനിന്ന് ഓടിപ്പോയി. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് നാടുനീങ്ങിപ്പോയി എന്നുള്ള കഥ കേശവന്‍ അറിഞ്ഞിരിക്കയില്ല” എന്നറിയിച്ചു. അതു കേട്ടിട്ടു തിരുമനസ്സുകൊണ്ട് “എന്നാല്‍ കേശവനെ ക്ഷണത്തില്‍ വരുത്തണം” എന്നു കല്പിക്കുകയും ചില ഉദ്യോഗസ്ഥന്മാര്‍ ഉടനേ ഓടിപ്പോയി നെയ്യാറ്റിന്‍കരച്ചെന്നു കല്പനയുടെ വിവരം അഴകപ്പാപിള്ളയെ ഗ്രഹിപ്പിക്കുകയും ചെയ്തു. അഴകപ്പാപിള്ള വിവരമൊക്കെ പറഞ്ഞുനോക്കീട്ടും കേശവന് ഒരിളക്കമുണ്ടായില്ല. അതിനാല്‍ ആ ഉദ്യോഗസ്ഥന്മാര്‍ മടങ്ങിച്ചെന്ന് ആ വിവരം തിരുമനസ്സിലെ അടുക്കല്‍ അറിയിച്ചു. തിരുമനസ്സുകൊണ്ട് അടുത്ത ദിവസം കല്പിച്ച് ആളുകളെ അയച്ചു. അന്നും ഫലമുണ്ടാഇല്ല. അങ്ങനെ ആറും ദിവസം കഴിഞ്ഞു. ഏഴാം ദിവസം തിരുമനസ്സുകൊണ്ട് “കേശവന്‍ ഇങ്ങോട്ടു വരികയില്ലെങ്കില്‍ ഞാനങ്ങോട്ടു വരാം. അങ്ങനെയായാലും എനിക്കു കേശവനെ കാണണം” എന്നു കല്പിച്ചയച്ചു. തിരുമനസ്സിലെ ആളുകള്‍ നെയ്യാറ്റിന്‍കരയെത്തി ആ കല്പിച്ച വിവരം പറഞ്ഞപ്പോള്‍ അഴകപ്പാപിള്ള കേശവനോട് “കല്പിച്ചയച്ചതു കേട്ടില്ലേ? നീയങ്ങോട്ടു ചെല്ലാതെ തിരുമനസ്സുകൊണ്ട് ഇങ്ങോട്ടെഴുന്നള്ളാനിടയാകുന്നതു കഷ്ടമാണ്. നമുക്ക് ഇന്നുതന്നെ തിരുവനന്തപുരത്തെത്തി മുഖം കാണീക്കണം” എന്നു പറഞ്ഞു. കേശവന്‍ അതു കേട്ടിട്ടു സമ്മതിച്ചു തല കുലുക്കുകയും ഒരു അനുസരണ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. ഉടനെ അഴകപ്പാപിള്ള “എന്നാല്‍ പോകാം” എന്നു പറഞ്ഞു നടന്നു തുടങ്ങി. പിന്നാലെ കേശവനും പോയി. കേശവനു ക്ഷീണംകൊണ്ടു നടക്കാന്‍ വളരെ പ്രയാസമുണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടുനീങ്ങിയെന്നു കേട്ട ദിവസം മുതല്‍ അന്നുവരെ ആറു ദിവസം കേശവന്‍ കുറേശ്ശെ വെള്ളം കുടിച്ചതല്ലാതെ യാതൊന്നും തിന്നിരുന്നില്ല. ആ ആറു ദിവസവും നെയ്യാറ്റിന്‍കരക്കാരില്‍ പലരും കേശവനു പഴക്കുലകളും മറ്റും ധാരാളം കൊണ്ടുചെന്നു കൊടുത്തിരുന്നു. എങ്കിലും അവന്‍ അവയിലൊന്നും തൊടുകപോലും ചെയ്തിരുന്നില്ല. പിന്നെ അവനു ക്ഷീണം വന്നത് ഒരത്ഭുതമല്ലല്ലോ. കേശവന്‍ ഒന്നും തിന്നാതെയിരുന്നതുകൊണ്ട് അഴകപ്പാ പിള്ളയും സാമാന്യം പോലെ ഭക്ഷണം കഴിച്ചിരുന്നില്ല. എങ്കിലും അവര്‍ രണ്ടുപേരും ഒരുവിധം നടന്ന് അന്നുതന്നെ തിരുവനന്തപുരത്തു തിരുമനസ്സിലെ തിരുമുമ്പാകെ എത്തി. അവിടെ തിരുമനസ്സുകൊണ്ടു മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവു തിരുമനസ്സിലെപ്പോലെതന്നെ കേശവനു കൊടുക്കുന്നതിനായി പഴക്കുലകളും മറ്റും ധാരാളം ശേഖരിച്ചു വച്ചിരുന്നു. തിരുമനസ്സുകൊണ്ടു തൃക്കൈകൊണ്ട് അവയില്‍ ചിലതെടുത്തു കേശവന്റെ നേരെ നീട്ടി. കേശവന്‍ അവയിലൊന്നും വാങ്ങാതെ സ്വല്പം പിന്നോക്കം മാറി നിന്നു. അപ്പോള്‍ അഴകപ്പാപിള്ള “കേശവന്‍ നനഞ്ഞിട്ട് ഇന്ന് ഏഴു ദിവസമായി. നനയാതെ തിരുമേനിയെ തൊടുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ചാണ് അവന്‍ പിന്മാറിയത്” എന്നറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് “എന്നാല്‍ കേശവനെ ക്ഷണത്തില്‍ കൊണ്ടുപോയി നനച്ചു കൊണ്ടുവരണം” എന്നു കല്പിക്കുകയൌം അഴകപ്പാപിള്ള കേശവനെ ഉടനെ കരമനയാറ്റില്‍ കൊണ്ടുപോയി നനച്ചുകൊണ്ടുവരികയും ചെയ്തു. പിന്നെ തിരുമനസ്സുകൊണ്ടു കല്പിച്ചു കൊടുത്ത പഴക്കുലകള്‍ മുതലായവയെല്ലാം കേശവന്‍ സാദരം മേടിച്ചു തിന്നു. എങ്കിലും അതും കണ്ണീരൊലിപ്പിച്ചുകൊണ്ടും ദുഃഖഭാവത്തോടുകൂടിയുമായിരുന്നു. കേശവന്‍ അവയെല്ലാം തിന്നു കഴിഞ്ഞതിന്റെ ശേഷം തിരുമനസ്സുകൊണ്ട് അഴകപ്പാപിള്ളയ്ക്ക് പതിവുള്ള മുണ്ടും പണവും അയാള്‍ക്കും കല്പിച്ചു കൊടുത്തു. ഉടനെ കേശവന്‍ മുന്‍കാലുകള്‍ രണ്ടും മടക്കി മുട്ടുകുത്തി തിരുമനസ്സിലെ തിരുമുമ്പില്‍ കുമ്പിടുകയും എഴുന്നേറ്റു നിന്നുകൊണ്ട് ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. അപ്പോഴും അഴകപ്പാപിള്ള “കേശവന്‍ യാത്ര അറിയിക്കുകയാണ് ചെയ്തത്. ഇങ്ങനെയാണ് അവന്റെ പതിവ്” എന്നു തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് “കേശവന്‍ മുന്‍പതിവുപോലെ മാസംതോറും ഇവിടെ വരണം. എന്നാലതു വെളുപ്പാന്‍ കാലത്തു മൂന്നുമണിക്കു വേണമെന്നില്ല. നാലുമണിക്കായാല്‍ മതി” എന്നു കല്പിക്കുകയും അതു സമ്മതിച്ചതായി കേശവന്‍ തലകുലുക്കുകയും ഒരു ശബ്ദം പുറപ്പെടുവിക്കുകയും അഴകപ്പാപിള്ളയോടുകൂടി അപ്പോള്‍ത്തന്നെ അവിടുന്നു പോവുകയും അന്നു രാത്രിയില്ത്തന്നെ തിരുവട്ടാറ്റ് എത്തുകയും ചെയ്തു.
ആദികേശവനെ അമ്പാരിക്കോ എഴുന്നള്ളത്തിനോ ഉപയോഗിക്കുമ്പോള്‍ അവന്റെ കഴുത്തില്‍ക്കെട്ടുന്നതു മൂന്നിഴകള്‍ (വരികള്‍) ഉള്ള ഒരു മണിമാലയാണ് പതിവ്. ആ ഓരോ വരികളിലും മുപ്പത്താറു മണികള്‍ വീതവും ആ മുപ്പത്താറു മണികള്‍ക്കും കൂടി രണ്ടര തുലാം കനവുമുണ്ടായിരുന്നു. അപ്പോള്‍ മൂന്നു വരികള്‍ക്കുംകൂടി ഏഴരത്തുലാം വരുമല്ലോ. ആ മണിമാല കേശവന്റെ കഴുത്തില്‍ വരുമ്പോള്‍ അവന്റെ തല ഒന്നുകൂടി ഉയരും. അപ്പോള്‍ അവന്റെ ഭംഗിയും കാന്തിയും ഇരട്ടിക്കുകയും ചെയ്യും.
മറ്റുള്ള ആനകള്‍ക്കു പിടിച്ചിളക്കാന്‍പോലും വയ്യാതെകണ്ടുള്ള വലിയ തടികള്‍ കേശവനെക്കൊണ്ടു പിടിപ്പിച്ച് ഉദ്ദിഷ്ടസ്ഥലത്ത് ആക്കിച്ചു കൊടുക്കണമെന്നു പലരും അഴകപ്പാപിള്ളയോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ തടിയുടെ വലിപ്പവും പിടിച്ചുകൊണ്ടുപോകാനുള്ള ദൂരവും അറിഞ്ഞാല്‍ അഴകപ്പാപിള്ള അവനോട് ഇതിന് ഇത്ര പണം ആദികേശവസ്വാമിക്ക് നട്യ്ക്കു വെയ്ക്കുകയും ഇത്ര പണം തനിക്കു തരികയും കേശവനു തിന്നാന്‍ ഇന്നിന്ന സാധനങ്ങള്‍ ഇത്രയിത്ര വീതം കൊടുക്കുകയും ചെയ്യണമെന്നു പറയും. തടിയുടെ ഉടമസ്ഥന്‍ അവയെല്ലാം സമ്മതിച്ചാല്‍ അഴകപ്പാപിള്ള കേശവനോട് “കേശവാ! ഈ മനുഷ്യന്‍ ഒരു തടി പിടിച്ചു വെച്ചു കൊടുക്കണമെന്നു പറയുന്നു. ആ തടിക്ക് ഇത്ര വണ്ണവും ഇത്ര നീളവുമുണ്ട്. അതു പിടിച്ച് ഇത്ര നാഴിക ദൂരം കൊണ്ടുപോകണം. അതിന് ആദികേശവസ്വാമിക്ക് ഇത്ര പണം നടയ്ക്കു വെയ്ക്കുകയും എനിക്ക് ഇത്ര പണവും നിനക്ക് തിന്നാന്‍ ഇന്നിന്ന സാധനങ്ങള്‍ ഇത്രയിത്ര വീതവും തരികയും ചെയ്യാമെന്ന് ഈ മനുഷ്യന്‍ സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ എന്റെ കുട്ടന്‍ ചെന്ന് ആ തടിപിടിച്ചുവെച്ചു കൊടുക്കണം” എന്നു പറയും. അഴകപ്പാപിള്ള കൂടെ ചെല്ലണമെന്നും മറ്റുമില്ല. വഴികാണിച്ചുകൊടുക്കാന്‍ ആരെങ്കിലു ഒരാള്‍ ചെന്നാല്‍ മതി. കേശവന്‍ അറിയുന്ന സ്ഥലമാണെങ്കില്‍ അതും വേണമെന്നില്ല. ഇന്ന സ്ഥലത്തു കിടക്കുന്ന തടി പിടിച്ച് ഇന്ന സ്ഥലത്തു കൊണ്ടുചെന്നു വെച്ചുകൊടുക്കണമെന്ന് അഴകപ്പാപിള്ള പറയുകമാത്രം ചെയ്താല്‍ മതി. എന്നാല്‍ തടിയുടെ ഉടമസ്ഥന്‍ നെറികേടു പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കേശവന്റെ വിധം മാറും. സ്ഥലത്തു ചെന്നു നോക്കുമ്പോള്‍ തടിയുടെ വണ്ണമോ നീളമോ പറഞ്ഞിരുന്നതിലധികമുണ്ടെന്നു കണ്ടാല്‍ കേശവന്‍ അതു തൊടുകപോലും ചെയ്യാതെ മടങ്ങിപ്പോരും. അപ്രകാരംതന്നെ തടി പിടിച്ചുകൊണ്ടു പോയാല്‍ വഴിയുടെ ദൂരം പറഞ്ഞിരുന്നതിലധികമായാല്‍ കേശവന്‍ ആ തടി തിരികെ പിടിച്ച് അതു മുമ്പു കിടന്നിരുന്ന സ്ഥലത്തുനിന്നു രണ്ടോ നാലോ നാഴികകൂടി ദൂരത്തു കൊണ്ടുചെന്നു വേറെ ഒരാനയ്ക്കും പിടിച്ചെടുക്കാന്‍ സാധിക്കാത്ത വിധം ദുര്‍ഘടമായ ഒരു സ്ഥലത്താക്കും. അങ്ങനെയൊക്കെയായിരുന്നു കേശവന്റെ പതിവ്. അങ്ങനെ കൊണ്ടുചെന്നിടുന്ന തടി പിന്നെ അഴകപ്പാപിള്ള പറഞ്ഞാലും കേശവന്‍ തൊടുകപോലും ചെയ്യുകയില്ല. അഥവാ ആ തടി കേശവന്‍ പിന്നെ പിടിക്കണമെങ്കില്‍ തടിയുടെ ഉടമസ്ഥന്‍ വ്യാജം പറഞ്ഞതിന്റെ പ്രായശ്ചിത്തമായി ധാരാളം ശര്‍ക്കരയും നെയ്യും നാളികേരവും കദളിപ്പഴവും ചേര്‍ത്ത് ഒരു പന്തിരുന്നാഴി പായസം വെയ്പിച്ച് ആദികേശവസ്വാമിക്കു നിവേദിപ്പിച്ചിട്ട് അതും മുമ്പു സമ്മതിച്ചിരുന്ന സാധനങ്ങളും കേശവനും പണം അഴകപ്പാപിള്ളയ്ക്കും കൊടുക്കുകയും ആദികേശവസ്വാമിക്കുള്ള പണം നട്യ്ക്കുവെയ്ക്കുകയും ചെയ്താല്‍ കേശവന്‍ ചെന്ന് ആ തടി പിടിച്ച് ഉദ്ദിഷ്ടസ്ഥലത്തു കൊണ്ടുചെന്നു വെച്ചു കൊടുക്കും. അങ്ങനെയല്ലാതെ കൌശലമൊന്നും കേശവനോട് പറ്റിയിരുന്നില്ല.
കേശവനും അഴകപ്പാപിള്ളയ്ക്കും എണ്‍പത്തഞ്ചു വയസ്സു തികയുന്നതുവരെ ഇപ്രകാരമെല്ലാം നടന്നിരുന്നു. അതിനുശേഷം അഴക്പ്പാപിള്ളയ്ക്കു ക്ഷീണംകൊണ്ട് എഴുന്നേറ്റു നടക്കാന്‍ പോലും വയ്യാതെയായി. എങ്കിലും കേശവന് അത്രയും ക്ഷീണം ബാധിച്ചില്ല. അതിനാല്‍ കേശവനെക്കൊണ്ടു ക്ഷേത്രത്തില്‍ ആവശ്യമുള്ള ദിവസങ്ങളില്‍ പാപ്പാനോടുകൂടാതെതന്നെ കേശവന്‍ തനിച്ചു പോയി അടിയന്തിരങ്ങള്‍ യഥാക്രമം നടത്തിപ്പോന്നിരുന്നു. കേശവനെ നടയ്ക്കിരുത്തിയതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോഴേയ്ക്കും ആ ക്ഷേത്രത്തിലെ ചട്ടവട്ടങ്ങളെല്ലാം അവനു നല്ല നിശ്ചയമായി. അതിനാല്‍ പാപ്പാന്‍ കൂടെയില്ലെങ്കിലും കാര്യങ്ങള്‍ക്കു കുഴപ്പമില്ലായിരുന്നു.
അഴകപ്പാപിള്ള ക്ഷീണാധിക്യം നിമിത്തം കിടപ്പിലായതിന്റെ ശേഷം അധിക ദിവസം കഷ്ടപ്പെട്ടില്ല. നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം വെളുപ്പാന്‍ കാലത്ത് ആ ഭാഗ്യവാന്‍ അനായാസേന ചരമഗതിയെ പ്രാപിച്ചു. അപ്പോള്‍ ആ വീട്ടില്‍ അയാളുടെ ഭാര്യയുടെയും മക്കളുടെയും കരച്ചിലും പിഴിച്ചിലുമൊക്കെയുണ്ടായി. അതു കേട്ടു കേശവന്‍ കാര്യം മനസ്സിലാക്കിക്കൊണ്ടു മുറ്റത്തുനിന്നു പതുക്കെ നടന്നു പറമ്പില്‍ ചെന്നു കിടന്നു. മാത്രനേരം കഴിഞ്ഞപ്പോള്‍ അവന്റെ കഥയും കഴിഞ്ഞു. അതുകൊണ്ടു കേശവനും ഭാഗ്യവാനായിരുന്നു എന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. നേരം വെളുത്തപ്പോള്‍ കേശവന്‍ ചരിഞ്ഞു എന്നും അഴകപ്പാപിള്ള മരിച്ചു എന്നും ഉള്ള വര്‍ത്തമാനം ആ ദിക്കിലൊക്കെ പ്രസിദ്ധമായി. ഉടനെ സര്‍ക്കാറുദ്യോഗസ്ഥന്മാരും മറ്റനേകം ജനങ്ങളും അവിടെ വന്നു കൂടുകയും അഴകപ്പാപിള്ളയുടെ സംസ്കാരകര്‍മ്മം യഥാവിധി നടത്തിക്കുകയും ചെയ്തതിന്റെ ശേഷം ആ പറമ്പില്‍ത്തന്നെ ഒരു വലിയ കുഴി കുഴിച്ച് കേശവന്റെ മൃതശരീരം അതിലിട്ടു മൂടിക്കുകയും ചെയ്തു. അഴകപ്പാപിള്ളയുടേ പരിചയം സിദ്ധിച്ചതിന്റെ ശേഷം തനിക്ക് ഇനി മറ്റൊരു പാപ്പാനുണ്ടാകാനിടയാകരുതെന്നുള്ള വിചാരം കേശവനു സാമാന്യത്തിലധികമുണ്ടായിരുന്നു. അപ്രകാരം തന്നെ കേശവന്റെ കാലം കഴിഞ്ഞിട്ടു മറ്റൊരാനയുടെ പാപ്പാനാകാനിടയാകരുതെന്നുള്ള വിചാരം അഴകപ്പാപിള്ളയ്ക്കുമുണ്ടായിരുന്നു. ആ ഭാഗ്യവാന്മാര്‍ വിചാരിച്ചിരുന്നതുപോലെതന്നെ അവരുടെ കാലം കഴിഞ്ഞുകൂടി. വളരെക്കാലം ആദികേശവസ്വാമിയെ സേവിച്ചുകൊണ്ടു തല്‍സന്നിധിയില്‍ത്തന്നെ താമസിച്ചിരുന്ന അവര്‍ക്ക് അങ്ങനെയല്ലാതെ വരാനിടയില്ലല്ലോ.