ഐതിഹ്യമാല/ചെമ്പ്രയെഴുത്തച്ഛന്മാര്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ചെമ്പ്രഴുത്തച്ഛന്റെ ഗൃഹം ബ്രിട്ടീ‌ഷ് മലബാറില്‍ വള്ളുവനാടു താലൂക്കില്‍ തിരുവേഗപ്ര അംശത്തില്‍ ചെമ്പ്രദേശത്തു പള്ളിപ്പുറം തീവണ്ടിസ്റ്റേ‌ഷനില്‍നിന്ന് ഒന്നര നാഴിക വടക്കാണ്. ഇവര്‍ക്കു സാമൂതിരി കോവിലകത്തു പെണ്‍വഴിത്തമ്പുരാക്കന്മാരില്‍ മൂപ്പായ അമ്പാടി കോവിലകത്തു വലിയ തമ്പുരാട്ടിയാണ് "എഴുത്തച്ഛന്‍" എന്നുള്ള സ്ഥാനം കൊടുത്തിട്ടുള്ളത്. ഈ സ്ഥാനം തറവാട്ടിലേക്കായി കൊടുത്തിട്ടുള്ളതാകയാല്‍ ആ കുടുംബത്തിലുള്ളവരും ഉണ്ടായിരുന്നവരും ഇനി ഉണ്ടാകുന്നവരും എല്ലാം എഴുത്തച്ഛന്മാര്‍ തന്നെ. കുട്ടികളെ എഴുത്തിനിരുത്തുകയും എഴുത്തു പഠിപ്പിക്കുകയും ചെയ്യുന്നവരെ തെക്കന്‍ ദിക്കുകളില്‍ ആശാന്മാരെന്നാണല്ലോ പറഞ്ഞുവരുന്നത്. വടക്കന്‍ ദിക്കുകളില്‍ എഴുത്തച്ഛന്മാരെന്നു പറയപ്പെടുന്നവരുടെ പ്രധാന തൊഴിലും കുട്ടികളെ എഴുത്തിനിരുത്തുകയും എഴുത്തു പഠിപ്പിക്കുകയുമാണ്. അതിനാല്‍ എഴുത്തച്ഛന്‍ എന്നുള്ളത് ആശാന്‍ എന്നുള്ളതിന്റെ പര്യായപദമാണെന്നും ഇതൊരു ജാതിപ്പേരല്ലെന്നും ഈ രണ്ടു പദങ്ങള്‍ക്കും ഗുരു എന്നു മാത്രമാണ് അര്‍ത്ഥമെന്നും മനസ്സിലാക്കേണ്ടതാണ്. തുഞ്ചത്തെഴുത്തച്ഛന്‍ ജാതിയില്‍ ചക്കാലനായിരുന്നു എന്നാണല്ലോ പ്രസിദ്ധി. അദ്ദേഹത്തെ തുഞ്ചത്തു ഗുരു എന്നും പറയാറുണ്ടല്ലോ. ആധാതാവ്, അന്നദാതാവ്, ഉപനേതാവ്, വിദ്യാദാതാവ്, ഭയത്രാതാവ് ഈ അഞ്ചുപേരും പിതാക്കന്മാരാണെന്നാണല്ലോ പ്രമാണം. അതിനാല്‍ എഴുത്തച്ഛന്‍ എന്നുള്ള വാക്ക് ഏറ്റവും ശരിയായിട്ടുള്ളതാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

ചെമ്പ്രഴുത്തച്ഛന്മാരും അവരുടെ പ്രധാന തൊഴിലാക്കി വച്ചിരിക്കുന്നതു സ്വദേശത്തുള്ള അബ്രാഹ്മണബാലന്മാരെ എഴുത്തിനിരുത്തുകയും എഴുത്തു പഠിപ്പിക്കുകയും തന്നെയാണ്. എങ്കിലും മന്ത്രവാദം നിമിത്തമാണ് അവര്‍ക്കു പ്രസിദ്ധി സിദ്ധിച്ചിട്ടുള്ളത്. മന്ത്രവാദം ഈ കുടുംബക്കാര്‍ക്ക് മുന്‍പിനാലെ ഉള്ളതാണ്. എങ്കിലും "മാക്കു" എന്നു പേരായിരുന്ന എഴുത്തച്ഛന്റെ കാലം മുതല്‍ക്കാണ് തന്നിമിത്തമുള്ള ഖ്യാതി ലോകത്തില്‍ സര്‍വത്ര വ്യാപിച്ചത്. മാക്കു എഴുത്തച്ഛന്‍ മന്ത്രവാദം പഠിച്ചതു കാക്കശ്ശേരി ഭട്ടതിരിയുടെ അടുക്കല്‍നിന്നാണ്. ചെമ്പ്രയെഴുത്തച്ഛന്മാരുടെ കുടുംബപരദേവത വേട്ടയ്ക്കൊരു മകനാണെങ്കിലും മാക്കു എഴുത്തച്ഛന്‍‍ ഗണപതിയെ സേവിചു പ്രത്യക്ഷപ്പെടുത്തുകകൂടി ചെയ്തിരുന്നു. അദ്ദേഹം ഗണപതിയെ സ്വഗൃഹത്തിനു സമീപം പ്രതിഷ്ഠിച്ച് പതിവായി പൂജയും കര്‍ക്കിടകമാസത്തില്‍ പന്ത്രണ്ടു ദിവസവും മണ്ഡലകാലം മുഴുവനും (വൃശ്ചികം ഒന്നാം തീയതി മുതല്‍‍ നാല്പത്തൊന്നു ദിവസം) മുടങ്ങാതെ ഗണപതി ഹോമവും നടത്തിയിരുന്നു. ആ ഗണപതിയെ ഇപ്പോഴും ആ ഗൃഹത്തിലുള്ളവര്‍ സ്വയമേവ പതിവായി പൂജിക്കുന്നുണ്ട്.

മന്ത്രവാദം സംബന്ധിച്ചു മാക്കു എഴുത്തച്ഛന്‍ അനേകം അത്ഭുതകര്‍മങ്ങള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ചിലതു മാത്രം പറഞ്ഞുകൊള്ളുന്നു.

പൊന്നാനിത്താലൂക്കിലുള്ള ചൊവ്വരത്തുമനയ്ക്കലെ ഒരന്തര്‍ജനം ആരുടെയോ ഉപദേശപ്രകാരം ഹനുമാനെ സേവിച്ചുതുടങ്ങി. സേവയില്‍ എന്തോ തെറ്റു പറ്റുകയാല്‍ അന്തര്‍ജനത്തിനു ബുദ്ധിഭ്രമം പിടിപെട്ടു. അതു ക്രമേണ വര്‍ദ്ധിച്ചു മുഴുഭ്രാന്തായിത്തീര്‍ന്നു. അനേകം മന്ത്രവാദികളെ മനയ്ക്കല്‍ വരുത്തി പല വിധത്തിലുള്ള മന്ത്രവാദങ്ങള്‍ ചെയ്യിച്ചു. ഒന്നുകൊണ്ടും ഭ്രാന്തിനു യാതൊരു ഭേദവുമുണ്ടായില്ല. വലിയ മരത്തിന്മേലും പുരമുകളിലും മറ്റും കയറി, പാദങ്ങള്‍ എവിടെയെങ്കിലുമുറപ്പിച്ചിട്ടു തലകീഴായി തൂങ്ങിക്കിടക്കുക, കിണറ്റില്‍ ചാടുക, മനു‌ഷ്യര്‍ക്കാര്‍ക്കും ഇളക്കാന്‍പോലും വയ്യാത്ത വലിയ കല്ലുകള്‍ നി‌ഷ്പ്രയാസം എടുത്തു കൊണ്ട് നടക്കുക മുതലായ അത്ഭുതകര്‍മങ്ങളും, മന്ത്രവാദത്തിനായി ചെല്ലുന്നവരുടെ മുഖത്തു തുപ്പുക ചെകിട്ടത്തടിച്ച് അവരെ ഓടിക്കുക മുതലായ അക്രമങ്ങളുമാണ് ആ അന്തര്‍ജനം ഭ്രാന്തുനിമിത്തം ചെയ്തുകൊണ്ടിരുന്നത്. ഒരു നിവൃത്തിയുമില്ലാതെയായിത്തീരുകയാല്‍ ഒടുക്കം മാക്കു എഴുത്തച്ഛനെ മനയ്ക്കല്‍ വരുത്തി വിവരംപറഞ്ഞു. എഴുത്തച്ഛന്‍ ഒന്നുഴിഞ്ഞു നീക്കുന്നതിനും ഒരു ബലികൊടയ്ക്കും വേണ്ട സാമാനങ്ങള്‍ക്കു ചുരുക്കത്തില്‍ ഒരു ചാര്‍ത്തെഴുതിക്കൊടുത്തു. അതു കണ്ടിട്ട് മനയ്ക്കലെ കാര്യസ്ഥന്‍, "ഇതിനെക്കാള്‍ കേമമായിട്ട് വട്ടങ്ങള്‍ കൂട്ടി വലിയ വലിയ മന്ത്രവാദങ്ങള്‍ പലരും നടത്തീട്ടു മാറാത്ത ഭ്രാന്ത് ഇത്രയും കൊണ്ടാണോ മാറുന്നത്? വിശേ‌ഷം തന്നെ" എന്ന് ആരും കേള്‍ക്കാതെ ഹാസ്യമായി പറഞ്ഞു. എങ്കിലും ഒരുക്കങ്ങള്‍ തയ്യാറാക്കിക്കൊടുത്തു. നേരം എഴരനാഴിക ഇരുട്ടായതിന്റെ ശേ‌ഷം എഴുത്തച്ഛന്‍ നാലുകെട്ടില്‍ ഒരു സ്ഥലത്തിരുന്നു പൂജ തുടങ്ങി. ആ സമയം കാര്യസ്ഥന്‍ പടിപ്പുര മാളികച്ചുവട്ടില്‍ ഒരു സ്ഥലത്തു കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ആരോ അയാളുടെ തലയ്ക്കിട്ടടിക്കുന്നതായിത്തോന്നി. അയാള്‍ കണ്ണു തുറന്നു നോക്കീട്ട് ആരെയും കണ്ടുമില്ല. ഇങ്ങനെ പലപ്രാവശ്യമായപ്പോള്‍ കിടക്കാന്‍ നിവൃത്തിയിലാതെ കാര്യസ്ഥന്‍ എണീറ്റ് എഴുത്തച്ഛന്റെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. അപ്പോള്‍ എഴുത്തച്ഛന്‍ "നിങ്ങള്‍ എന്റെ മന്ത്രവാദത്തെയോ എന്നെയോ പരിഹാസ്യമായി വല്ലതും വിചാരിക്കുകയോ പറയുകയോ ഉണ്ടായോ?" എന്നു ചോദിക്കുകയും കാര്യസ്ഥന്‍ പരമാര്‍ഥം സമ്മതിച്ചു പറയുകയും ക്ഷമായാചനം ചെയ്യുകയും ചെയ്തു. "ആട്ടെ, ഇനി അങ്ങനെയുള്ള വിഡ്ഢിത്തം വിചാരിക്കുകയും പറയുകയും ചെയ്യരുത്. ആ സ്ഥലത്തുനിന്നു മാറി എവിടെയെങ്കിലും കിടന്നുകൊള്ളൂ. ഉപദ്രവമൊന്നും ഉണ്ടാവുകയില" എന്ന് എഴുത്തച്ഛന്‍ പറയുകയും കാര്യസ്ഥന്‍ സ്ഥലം മാറി കിടക്കുകയും ചെയ്തു. പിന്നെ ഉപദ്രവമൊന്നുമുണ്ടായതുമില്ല. എഴുത്തച്ഛന്‍ പിന്നെയും പൂജ മുറയ്ക്കു നടത്തിക്കൊണ്ടിരുന്നു.

ആ സമയം ഒരു മുറിക്കകത്തിരുന്ന അന്തര്‍ജനം പെട്ടെന്ന് ചാടിയെണീറ്റു നാലുകെട്ടിലേക്കു ചെന്നു. ഇതു തന്നെ തല്ലാനുള്ള വരവാണെന്നറിഞ്ഞ് എഴുത്തച്ഛന്‍ വേഗത്തിലെണീറ്റു പുറത്തേക്കിറങ്ങി. പിന്നാലെ അന്തര്‍ജനവുമെത്തി. എഴുത്തച്ഛന്‍ മുമ്പിലും അന്തര്‍ജനം പിറകിലുമായി പുരയ്ക്കു മൂന്നു പ്രദക്ഷിണം ഓടി. എഴുത്തച്ഛന്‍ ഗണപതിയുടെ മൂലമന്ത്രം ജപിച്ചു ഗണപതിയെ ധ്യാനിച്ചുകൊണ്ടാണ് ഓടിയത്. മൂന്നു പ്രദക്ഷിണം ഓടിയതിന്റെ ശേ‌ഷം എഴുത്തച്ഛന്‍ തിരിഞ്ഞുനിന്നു. അപ്പോള്‍ അന്തര്‍ജനവും നിന്നു. അന്തര്‍ജനം "അയ്യോ! എന്നെ ഈ ഒറ്റക്കൊമ്പനെക്കൊണ്ടു കുത്തിക്കല്ലേ; എന്നെ രക്ഷിക്കണേ; ഞാന്‍ ഈ ദിക്കു വിട്ടു പൊയ്ക്കൊള്ളാമേ" എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടാണ് നിന്നത്. "എന്നാല്‍ അകത്തേക്കു വരിക" എന്നു പറഞ്ഞ് എഴുത്തച്ഛന്‍ നാലുകെട്ടിലേക്ക് കടന്നു. അന്തര്‍ജനവും പിന്നാലെ ചെന്നു. അവിടെ വെച്ച് അന്തര്‍ജനത്തെ ബാധിച്ചിരുന്ന ദേവത പൊന്നുംവിളക്കു പിടിച്ചു സത്യംചെയ്ത് ഒഴിഞ്ഞുപോയി. അതോടുകൂടി അന്തര്‍ജനത്തിന്റെ ഭ്രാന്തും ഭേദമായി. അന്തര്‍ജനത്തിന്റെ ഭര്‍ത്താവായ നമ്പൂതിരിപ്പാട് എഴുത്തച്ഛനു പലവിധ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോ‌ഷിപ്പിച്ചയയ്ക്കുകയും ചെയ്തു.

എഴുത്തച്ഛന്റെ ദേശത്തിനു സമീപം മരുതൂരംശത്തില്‍ വലിയ ധനികനായ ചെള്ളാപ്പുള്ളി മേനോന്‍ എട്ടുകെട്ടും മാളികയുമായിട്ട് ഒരു പുര പണിയിച്ചു. പുരപണിക്കു കെട്ടിയ മാലിപ്പുരയുടെ നടുത്തൂണ് നടുമുറ്റത്താണ് കുഴിച്ചിട്ടിരുന്നത്. പുരപണി കഴിഞ്ഞതിന്റെ ശേ‌ഷം മാലിപ്പുര പൊളിച്ചു മാറ്റി. എങ്കിലും നടുത്തൂണ് അവിടെനിന്ന് എടുത്തുമാറ്റാന്‍ ഒരു മാര്‍ഗവും കാണായ്കയാല്‍ മേനോന്‍ ഏറ്റവും വി‌ഷണ്ണനായിത്തീര്‍ന്നു. തൂണു വളരെ വണ്ണവും നീളവുമുള്ള ഒരൊറ്റത്തടിയായിരുന്നു. മേനോന്‍ പലരെയും വരുത്തിക്കാണിച്ചു. പുരയ്ക്കു കേടുപറ്റാതെ നടുമുറ്റത്തുനിന്ന് ഈ തൂണു മാറ്റുന്ന കാര്യം അസാദ്ധ്യം തന്നെയാണെന്ന് അതു വന്നു കണ്ടവരെല്ലാം പറഞ്ഞു. മേനോനു കുണ്ഠിതം ദുസ്സഹമായിത്തീര്‍ന്നു. ഒടുക്കം മേനോന്‍ മാക്കു എഴുത്തച്ഛനെക്കണ്ടു വിവരം പറഞ്ഞു. "പന്ത്രണ്ടു പറ മലരും നൂറ്റെട്ടു കൊട്ടത്തേങ്ങയും മൂന്നു തുലാം ശര്‍ക്കരയും ആയിരത്തെട്ടു കദളിപ്പഴവും അവിടെ ശേഖരിച്ചു വയ്ക്കണം. ആ രാത്രി അവിടെനിന്ന് എല്ലാവരും എവിടെയെങ്കിലും മാറിത്താമസിക്കണം. ഇത്രയുമൊക്കെ തയ്യാറുചെയ്തിട്ട് എന്നോടൂ വിവരം പറയുക. വല്ലതും നിവൃത്തിയുണ്ടോ എന്നു നോക്കാം" എന്ന് എഴുത്തച്ഛന്‍ പറയുകയാല്‍ മേനോന്‍ അപ്രകാരമെലാം തയ്യാറുചെയ്തുകൊണ്ട് വിവരം എഴുത്തച്ഛനെ അറിയിച്ചു. അന്നു പതിനെട്ടു നാഴിക ഇരുട്ടിയപ്പോള്‍ അവിടെനിന്നു മൂന്നു നാഴിക ദൂരെ ഭാരതപ്പുഴയില്‍ എന്തോ വീണതു പോലെ ഒരു ശബ്ദം കേട്ടു. നേരം വെളുത്തപ്പോള്‍ ചെള്ളപ്പുള്ളി മേനോന്റെ നടുമുറ്റത്തുനിന്നിരുന്ന തൂണ് അവിടെ കാണ്മാന്‍ ഇല്ലായിരുന്നു. അതു ഭാരതപ്പുഴയില്‍ കിടക്കുന്നതായി കാണുകയും ചെയ്തു. മേനോന്റെ പുരയ്ക്കു യാതൊരു കേടും പറ്റാതെ ആ തൂണെടുത്തുകൊണ്ടുപോയി ഭാരതപ്പുഴയിലിട്ടത് എഴുത്തച്ഛന്റെ സേവാമൂര്‍ത്തിയായ ഗണപതിയാണെന്നുള്ളത് വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

എഴുത്തച്ഛന്റെ പറമ്പില്‍ കറിസ്സാമാനങ്ങള്‍ ധാരാളമായി കൃ‌ഷി ചെയ്യിക്കുക പതിവായിരുന്നു. അവിടെ കള്ളന്മാര്‍ കയറി ചിലപ്പോള്‍ ചില സാമാനങ്ങള്‍ മോ ഷ്ടിച്ചുകൊണ്ടുപോയിത്തുടങ്ങിയതിനാല്‍ വേലക്കാര്‍ ഒരു ദിവസം ആ വിവരം മാക്കു എഴുത്തച്ഛനെ ഗ്രഹിപ്പിച്ചു. "ആട്ടെ, അതിനു സമാധാനം ഉണ്ടാക്കിക്കൊള്ളാം" എന്ന് എഴുത്തച്ഛന്‍ മറുപടി പറയുകയും ചെയ്തു. അന്നു രാത്രിയിലും കള്ളന്മാര്‍ അവിതെ കയറി ചില സാമാനങ്ങള്‍ മോഷ്ടിച്ചു. അവര്‍ സാമാനങ്ങളെല്ലാം എഴുത്തച്ഛന്‍ കിടന്നിരുന്ന കട്ടിലിന്റെ അടുക്കല്‍ കൊണ്ടുചെന്നു വച്ചിട്ട് എഴുത്തച്ഛനെ കട്ടിലോടുകൂടി എടുത്തുകൊണ്ടു പുരയ്ക്കു പ്രദക്ഷിണം വച്ചുതുടങ്ങി. അങ്ങനെ നേരം വെളുത്തു. അപ്പോള്‍ എഴുത്തച്ഛന്‍ ഉണരുകയും കള്ളന്മാര്‍ പരമാര്‍ത്ഥമെല്ലാം പറയുകയും എഴുത്തച്ഛനോടു മാപ്പു ചോദിക്കുകയും ഇനി ഒരിക്കലും തങ്ങള്‍ അവിടെക്കയറി യാതൊന്നും മോ ഷ്ടിക്കയില്ലെന്നു സത്യം ചെയ്യുകയും ചെയ്തു. ഉടനെ എഴുത്തച്ഛന്‍ "അയല്‍വാസികളായ നിങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ ഇവിടെ വന്നു ചോദിച്ചാല്‍ തരുന്നതിനു എനിക്ക് യാതൊരു വിരോധവുമില്ലല്ലോ. പിന്നെ നിങ്ങള്‍ രാത്രിയില്‍ ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിനാണ്? ആട്ടെ, ഇനി ഇങ്ങനെ ചെയരുതെന്നേയുള്ളൂ. ഇപ്പോള്‍ നിങ്ങള്‍ മോഷ്ടിച്ചതു നിങ്ങള്‍തന്നെ കൊണ്ടു പോയിക്കൊള്‍വിന്‍" എന്നു പറഞ്ഞ് ആ സാമാനങ്ങള്‍ അവര്‍ക്കുതന്നെ കൊടുത്തയച്ചു. അതില്‍പ്പിന്നെ അവിടെ കള്ളന്മാരുടെ ഉപദ്രവം ഒരിക്കലും ഉണ്ടായിട്ടില്ല.

പാടത്തവീട്ടില്‍ കേളുമേനോന്‍ എന്നൊരു ധനികന്‍ മാക്കു എഴുത്തച്ഛന്റെ പ്രാണസ്നേഹിതനായിരുന്നു. അയാള്‍ മിക്കസമയവും എഴുത്തച്ഛന്റെ അടുക്കല്‍ത്തന്നെയായിരിക്കും. രാത്രിയില്‍ കിടപ്പു അയാള്‍ക്ക് എഴുത്തച്ഛന്റെ അടുക്കല്‍ത്തന്നെയാണ് പതിവ്. അങ്ങനെയിരുന്ന കേളുമേനോനെ ഒടിവിദ്യ പ്രയോഗിച്ചു കൊല്ലുവാന്‍ അയാളുടെ ചില വിരോധികള്‍ ചില ഒടിയന്മാരെ ചട്ടംകെട്ടി ഏതാനും പണവും കൊടുത്ത് ഏര്‍പ്പാടുചെയ്തു.

ഒരു കോലോ ഈര്‍ക്കിലിയോ എടുത്ത് ഒരു മനു‌ഷ്യന്റെ നേരെ കാണിച്ച് ഒരു മന്ത്രം ജപിച്ച് ഒടിച്ചാല്‍ ആ മനു‌ഷ്യനും ഒടിഞ്ഞ് നിലത്തു വീണു മരിക്കും. ഇങ്ങനെ ചെയ്യുന്നതിന് ഒടിവിദ്യ എന്നും ഈ വിദ്യ പ്രയോഗിക്കുന്നവരെ ഒടിയന്മാര്‍ എന്നുമാണു പറയുക പതിവ്. മുന്‍കാലങ്ങളില്‍ ബ്രിട്ടീ‌ഷ് മലബാറില്‍ ഒടിയന്മാര്‍ ധാരാളമുണ്ടായിരുന്നു. ബ്രിട്ടീ‌ഷ് ഗവണ്‍മെന്റ് ഒടിയന്മാരെപ്പിടിച്ചു ശിക്ഷിച്ചു തുടങ്ങിയതിനാല്‍ ഇപ്പോള്‍ അവിടെ ഒടിയന്മാര്‍ വളരെ കുറഞ്ഞിട്ടുണ്ട്. ഒടിയന്മാര്‍ക്ക് ഒടിക്കുകയെന്നും മാട്ടുകയെന്നും രണ്ടുതരം വിദ്യകളുണ്ട്. ഒടിവിദ്യയെക്കുറിച്ചു മുന്‍പ് പറഞ്ഞുവല്ലോ. ഒടിയന്മാര്‍ കാളയുടെയും കുതിരയുടെയും പട്ടിയുടെയും മറ്റും രൂപം ധരിച്ചും കടമ്പയായിട്ടും രാത്രി കാലങ്ങളില്‍ വഴിയില്‍പ്പോയി നില്‍ക്കും. വിരോധികള്‍ ആ വഴിയെ വന്നാല്‍ പലവിധത്തിലുള്ള ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കും. ഇതിനാണ് മാട്ടുക എന്നു പറയുന്നത്. തെക്കന്‍ ദിക്കുകളില്‍ ഈ വിദ്യകള്‍ നടപ്പില്ലാത്തതിനാലാണ് ഇതിനെക്കുറിച്ച് ഇത്രയും വിവരിച്ചത്.

തന്റെ വിരോധികള്‍ തന്നെ കൊല്ലാനായി ഒടിയന്മാരെ ചട്ടം കെട്ടീട്ടുണ്ടെന്നുള്ള സംഗതി കേളുമേനോന്‍ എങ്ങനെയോ മനസ്സിലാക്കി. എന്നുമാത്രമല്ല, അയാള്‍ ഒരു ദിവസം രാത്രിയില്‍ അത്താഴം കഴിഞ്ഞു കിടക്കാനായിട്ട് എഴുത്തച്ഛന്റെ വീട്ടിലേക്കു പോയ സമയം വഴിയില്‍വെച്ച് ഒരു വലിയ കാളയെ കാണുകയും അതു തന്നെ അകപ്പെടുത്താനായ്യി ഒരൊടിയന്‍ വേ‌ഷംമാറി നില്‍ക്കുന്നതാണെന്നു മനസ്സിലാക്കുകയും ചെയ്തു. അതിനാല്‍ അയാള്‍ ആ കാളയുടെ അടുക്കല്‍ പോകാതെ സഭയം വഴി മാറി ഓടി എഴുത്തച്ഛന്റെ വീട്ടിലേക്കു പോയി. അവിടെച്ചെന്ന് എഴുത്തച്ഛനെ കണ്ടപ്പോള്‍ "നിങ്ങള്‍ വലിയ മന്ത്രവാദിയും ഞാന്‍ നിങ്ങളുടെ ഇഷ്ടനുമായിരുന്നിട്ടും രാത്രികാലങ്ങളില്‍ ഒടിയന്മാരെ ഭയപ്പെട്ടു നടക്കേണ്ടതായിവന്നിരിക്കുന്നുവല്ലോ" എന്നു മേനോനും "ഇനി അങ്ങനെ വേണ്ടിവരികയില" എന്നു എഴുത്തച്ഛനും പറഞ്ഞു. എഴുത്തച്ഛന്‍ ഉടനെ എന്തോ ഒരു വിദ്യ പ്രയോഗിച്ചു. കേളുമേനോനെ കൊല്ലാന്‍ സന്നദ്ധനായിരുന്ന ഒടിയന്മാര്‍ നാലുപേരും തല്‍ക്ഷണം എഴുത്തച്ഛന്റെ പടിക്കലെത്തുകയും അവര്‍ നേരം വെളുക്കുന്നതുവരെ പരസ്പരം അടിച്ചുകൊണ്ടു നില്‍ക്കുകയും ചെയ്തു. അവരില്‍ ഒരാള്‍ ഒരു പാണനും ശേ‌ഷം മൂന്നു പേര്‍ അവന്റെ കൂട്ടുകാരായ പറയരുമായിരുന്നു. നേരം വെളുത്തപ്പോഴേക്കും അടികൊണ്ടു നാലുപേരും ഏറ്റവും അവശരായിത്തീര്‍ന്നു. അപ്പോഴേക്കും എഴുത്തച്ഛന്‍ പടിക്കല്‍ ചെന്നു. അപ്പോഴും അവര്‍ പരസ്പരം അടിചുകൊണ്ട് നില്‍ക്കുകയായിരുന്നു. എഴുത്തച്ഛന്‍ അവരോട് "എന്താ ഒട്ടു മതിയായോ?" എന്നു ചോദിച്ചു. അപ്പോള്‍ ഒടിയന്മാര്‍ "പൊന്നു തിരുമേനി, രക്ഷിക്കണം. അടിയങ്ങള്‍ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം" എന്നു പറഞ്ഞു. ഉടനെ എഴുത്തച്ഛന്‍ "ഇനി നിങ്ങള്‍ ഈ ദേശത്ത് ഒരിക്കലും ഒടിവിദ്യ പ്രയോഗിക്കുകയില്ലെന്ന് സത്യം ചെയ്താല്‍ നിങ്ങളെ വിട്ടയയ്ക്കാം" എന്നു പറയുകയും ആ ഒടിയന്മാര്‍ അപ്രകാരം സത്യം ചെയുകയും എഴുത്തച്ഛന്‍ ഉടനെ അവരെ അവിടെനിന്നു പറഞ്ഞയയ്ക്കുകയും അപ്പോള്‍ അവര്‍ അടി മതിയാക്കി യഥാപൂര്‍വം പരസ്പരസ്നേഹാകുലന്മാരായി പോവുകയും ചെയ്തു.


മാക്കു എഴുത്തച്ഛന്‍ ഒരിക്കല്‍ മുതുതല പനമ്പറ്റക്കളത്തില്‍ നായരുടെ വീട്ടില്‍ ഒരു മന്ത്രവാദത്തിനായി പോയപ്പോള്‍ രാത്രിസമയത്ത് വഴിമധ്യേ മുമ്പു കണ്ടിട്ടിലാത്ത ഒരു കടമ്പ കണ്ടു. ആ സ്ഥലത്ത് അതിനുമുമ്പ് ഒരിക്കലും കടമ്പ കണ്ടിട്ടില്ലാത്തതിനാല്‍ എഴുത്തച്ഛന് സംശയം തോന്നി. അദ്ദേഹം അടുത്തുചെന്നു കയ്യിലുണ്ടായിരുന്ന പിശ്ശാങ്കത്തികൊണ്ടു കടമ്പയുടെ ഒരു പടി മുറിച്ചു. അപ്പോള്‍ ആ കടമ്പ ഒരു മനു‌ഷ്യനായിത്തീര്‍ന്നു. അവന്‍ വാസ്തവത്തില്‍ ഒടിയനായ ഒരു പറയനായിരുന്നു. അവന്‍ എഴുത്തച്ഛനെ കണ്ടയുടനെ താണുതൊഴുതു കൊണ്ട് "തമ്പുരാനേ, ക്ഷമിക്കണം. അവിടുന്ന് ഇതിലേ എഴുന്നള്ളുമെന്ന് അറിഞ്ഞിരുന്നില്ല. ഇതറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുകയില്ലായിരുന്നു. മറ്റൊരാളെ അപായപ്പെടുത്താനാണ് ഈ വിദ്യ ചെയ്തത്. തമ്പുരാനും ഈ ദിക്കില്‍ സഞ്ചാരമുള്ളതുകൊണ്ട് അടിയങ്ങള്‍ ഇനി ഒരിക്കലും ഈ പ്രദേശത്ത് ഒടിവിദ്യ പ്രയോഗിക്കുകയില" എന്നു പറഞ്ഞ് അപ്രകാരം സത്യം ചെയ്ത് അവിടെനിന്ന് പോയി.

എഴുത്തച്ഛന്റെ അമ്പലത്തിലെ ഗണപതിയുടെ വിഗ്രഹം "അന്‍പൊന്നു" കൊണ്ടുള്ളതാണ്. ആ ബിംബവും മറ്റു സാധനങ്ങളുമെല്ലാംമോ ഷ്ടിച്ചുകൊണ്ടുപോകുന്നതിനായി ഒരു നവരാത്രികാലത്തു ചില കള്ളന്മാര്‍ അവിടെ ചെന്നു കയറി. അവിടെ ഒരു ഭൃത്യന്‍ കാവല്‍ കിടക്കുന്നുണ്ടായിരുന്നു. അവന്‍ കൂര്‍ക്കം വലിക്കുന്നതു കേട്ടിട്ട് നല്ല ഉറക്കമാണെന്ന് അറിഞ്ഞാണ് അകത്തു കള്ളന്മാര്‍ കടന്നത്. അകത്തു കയറിയ സമയം ആ ഭൃത്യന് തന്നെ ആരോ ചൂരല്‍ വടികൊണ്ട് അടിക്കുന്നതായി തോന്നുകയാല്‍ അവന്‍ പെട്ടെന്നെഴുന്നേറ്റു. അതുകണ്ട് കള്ളന്മാര്‍ പേടിച്ച് ഓടിപ്പോവുകയും ചെയ്തു. അവര്‍ക്ക് ഒന്നും മോ ഷ്ടിച്ചുകൊണ്ടു പോകുവാന്‍ സാധിച്ചില്ല.

മാക്കു എഴുത്തച്ഛന്റെ സ്നേഹിതനായ കൊച്ചിയില്‍ക്കാരന്‍ എരോമമേനോന്‍ എന്നു പ്രസിദ്ധനായിട്ട് ഒരു വി‌ഷവൈദ്യനുണ്ടായിരുന്നു. ആ മനു‌ഷ്യന്റെ സ്ഥിരവാസം ചെമ്പ്രയ്ക്കു സമീപം ഒരു സ്ഥലത്തായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ സമയം ഈ വി‌ഷവൈദ്യനും വേറെ ചില രസികന്മാരുംകൂടി എഴുത്തച്ഛന്റെ മാളികയില്‍ വെടിപറഞ്ഞു രസിച്ചുകൊണ്ടിരുന്നപ്പോള്‍ ചില സ്ത്രീകള്‍ അവിടെ അടുത്തുള്ള വഴിയിലൂടെ പോകുന്നതു കണ്ടു. അന്നു തൃത്താല ക്ഷേത്രത്തില്‍ ഉത്സവമായിരുന്നതിനാല്‍ ആ സ്ത്രീകള്‍ കാഴ്ചശ്ശീവേലി കാണാന്‍ പോവുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ വി‌ഷവൈദ്യന്‍ മേനോന്‍ "വി‌ഷവൈദ്യന്മാര്‍ മന്ത്രശക്തി കൊണ്ടു പാമ്പുകളെ വരുത്തി വി‌ഷമെടുപ്പിക്കാറുണ്ട്. അതുപോലെ എഴുത്തച്ഛനു മന്ത്രശക്തികൊണ്ട് ആ സ്ത്രീകളെ എല്ലാം ഇവിടെ വരുത്താമോ?" എന്നു ചോദിച്ചു. അതിനു മറുപടിയായി എഴുത്തച്ഛന്‍ "എന്താഭാസത്തരമാണ് മേനോന്‍ പറയുന്നത്? ഒരു കാര്യവും കൂടാതെ അന്യസ്ത്രീകളെ ഇങ്ങോട്ടു വരുത്തുന്നത് മര്യാദയാണോ?" എന്നു ചോദിച്ചു. "അവരെ ഇവിടെ വരുത്തുകയെന്നുള്ളത് അസാധ്യമാകലാലല്ലേ ഈ തത്ത്വജ്ഞാനം പറയുന്നത്" എന്നു മേനോന്‍ വീണ്ടും ചോദിച്ചു. എഴുത്തച്ഛന്‍ അവിടെയിരുന്നുകൊണ്ട് ആ സ്ത്രീകളുടെ നേരെ ഒന്നു നോക്കി. സ്ത്രീകളെല്ലാം വഴി തെറ്റി എഴുത്തച്ഛന്റെ പടിക്കലേക്കു നടന്നു തുടങ്ങി. അടുത്തു വന്നപ്പോള്‍ ആ സ്ത്രീകള്‍ മേനോന്റെ വീട്ടിലുള്ളവര്‍ തന്നെയാണെന്നു മനസ്സിലാവുകയും അവരെ യഥായോഗ്യം സല്‍ക്കരിച്ചയയ്ക്കുന്നതിന് എഴുത്തച്ഛന്‍ സ്വഗൃഹ ത്തിലുള്ള സ്ത്രീകളെ വിളിച്ചു പറയുകയും വന്ന സ്ത്രീകള്‍ യാത്രയായപ്പോള്‍ "ഘോ‌ഷങ്ങള്‍ കണ്ട് അമ്പത്തില്‍ അധികം താമസിക്കരുത്. നേരം ഇരുട്ടുന്നതിനുമുമ്പു വീട്ടിലേക്കു പോകണം" എന്നു പറഞ്ഞയയ്ക്കുകയും ചെയ്തു. അവിടെ കൂടിയിരുന്നവരെല്ലാം മേനോനെ പരിഹസിക്കുകയാല്‍ മേനോന്‍ ഏറ്റവും ഇളിഭ്യനായിത്തീര്‍ന്നു.


തിരുവിതാംകൂര്‍ മഹാരാജവംശത്തെ നശിപ്പിക്കുന്നതിനായി ഒരിക്കല്‍ ചില ശത്രുക്കള്‍ ആഭിചാരക്കാരെക്കൊണ്ടു ചില മാരണദേവതകളെ വിടുവിച്ചു. ആ ബാധകളുടെ ഉപദ്രവം അവിടെ ദുസ്സഹമായിത്തീരുകയാല്‍ പലരെക്കൊണ്ടും പല മന്ത്രവാദങ്ങള്‍ ചെയ്യിച്ചിട്ട് ഒരു ഫലവുമുണ്ടായില്ല. ഒടുക്കം കല്പനപ്രകാരം മാക്കു എഴുത്തച്ഛനെ തിരുവനന്തപുരത്തു കൊണ്ടുപോയി. എഴുത്തച്ഛന്‍ ചുരുക്കത്തില്‍‍ മൂന്നു ദിവസത്തെ മന്ത്രവാദംകൊണ്ട് ആ ബാധകളെ ഒഴിച്ചു. പിണിയാളിരുത്തിത്തുള്ളിച്ചു സത്യം ചെയ്യിച്ചാണ് എഴുത്തച്ഛന്‍ ആ ദേവതകളെ ഒഴിച്ചുവിട്ടത്. മഹാ രാജാവു തിരുമനസ്സുകൊണ്ടു വളരെ സന്തോ‌ഷിച്ച് എഴുത്തച്ഛന്റെ രണ്ടു കൈയ്ക്കും വീരശൃംഖലയും മറ്റും കൊടുത്തു സബഹുമാനം പറഞ്ഞയച്ചു. ഇങ്ങനെ മാക്കു എഴുത്തച്ഛന്റെ അത്ഭുതകര്‍മ്മങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍ അവസാനമില്ലാതെയുണ്ട്. മുഴുവനും പറഞ്ഞുതീര്‍ക്കുന്ന കാര്യം അസാധ്യമാകയാല്‍ അതിനായിത്തുനിയുന്നില്ല.

മാക്കു എഴുത്തച്ഛന്റെ ശി‌ഷ്യനായി കുഞ്ഞുണ്ണി എഴുത്തച്ഛന്‍ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം വലിയ മന്ത്രവാദിയും അനേകം അത്ഭുതകര്‍മങ്ങള്‍ ചെയ്തിട്ടുള്ള ആളുമായിരുന്നു. അദ്ദേഹത്തിന്റെ അത്ഭുതകര്‍മങ്ങള്‍ കണ്ടറിഞ്ഞിട്ടുള്ളവര്‍ ഇപ്പോള്‍ പലരുമുള്ളതിനാല്‍ അവയെപ്പറ്റി അധികം വിസ്തരിക്കുന്നില്ല. കുഞ്ഞുണ്ണിയെഴുത്തച്ഛന്‍ ഒരിക്കല്‍ കിണറു കെട്ടിച്ചപ്പോള്‍ അതിനു പാലംവയ്ക്കുന്നതിനായി ഒരു കരിങ്കല്ല് എടുത്തുകൊണ്ടു വരുവാന്‍ സ്വന്തം ഭൃത്യന്മാരായ രണ്ടുപേരെയും അഞ്ചെട്ടു കൂലിക്കാരെയും പറഞ്ഞയച്ചു. കല്ലു രണ്ടു മൂന്നു പറമ്പിട അകലെയാണ് കിടന്നിരുന്നത്. അതിനു വളരെ നീളവും വീതിയും കനവുമുണ്ടായിരുന്നു. അയയ്ക്കപ്പെട്ടവര്‍ ചെന്നു പിടിച്ചുനോക്കീട്ടു കല്ലൊന്നിളക്കാന്‍ പോലും സാധിച്ചില്ല. ആ വിവരം ഭൃത്യന്മാര്‍ എഴുത്തച്ഛന്റെ അടുക്കല്‍ ചെന്നു പറഞ്ഞു. "എന്നാല്‍ ഞാന്‍ വരാം. നിങ്ങള്‍ രണ്ടുപേരും മാത്രം എന്റെ കൂടെ വന്നാല്‍ മതി" എന്നു പറഞ്ഞ് എഴുത്തച്ഛന്‍ ഒരു മുളവടിയുമെടുത്തുകൊണ്ട് ആ ഭൃത്യന്മാരോടുകൂടെ പോയി. കല്ലു കിടന്ന സ്ഥലത്തു ചെന്ന് എഴുത്തച്ഛന്‍ മുളവടി കൊണ്ടു കല്ലിന്മേലൊന്നു തൊട്ടു. "ഇനി കല്ലെടുത്തു നോക്കുവിന്‍" എന്ന് ഭൃത്യന്മാരോട് പറഞ്ഞു. അവര്‍ രണ്ടുപേരുംകൂടി ആ കല്ലു നി‌ഷ്പ്രയാസമെടുക്കുകയും എഴുത്തച്ഛന്‍ ആ മുളവടി കൊണ്ട് കല്ലിന്മേല്‍ തൊട്ടു കൊണ്ടിരിക്കുകയും അങ്ങനെ കല്ല് അനായാസേന എഴുത്തച്ഛന്‍ വീട്ടില്‍ കൊണ്ടുവരികയും ചെയ്തു. ഈ എഴുത്തച്ഛനും ഗണപതിയെസ്സേവിച്ചു പ്രത്യക്ഷപ്പെടുത്തീട്ടുള്ള ആളായിരുന്നു. (ഈ കുഞ്ഞുണ്ണിയെഴുത്തച്ഛന്‍ മരിച്ചിട്ട് ഇപ്പോള്‍ 19 കൊല്ലമേ ആയിട്ടുള്ളൂ).

കുഞ്ഞുണ്ണിയെഴുത്തച്ഛന്റെ മകനായി കൃ‌ഷ്ണനെഴുത്തച്ഛന്‍ എന്നൊ രാളുണ്ടായിരുന്നു. അദ്ദേഹവും വലിയ മന്ത്രവാദിയായിരുന്നു.

എഴുത്തച്ഛന്റെ വീട്ടിനു സമീപം ഒരു മനയ്ക്കല്‍ ഒരു കുടിവയ്പടിയന്തിരത്തിനു ക്ഷണിച്ചിരുന്നതിനാല്‍ മഴയുണ്ടാവുകയില്ലെന്നു വിചാരിച്ച് സദ്യയ്ക്കില വയ്ക്കുന്നതിന് മുറ്റത്തു പന്തലാണിട്ടിരുന്നത്. സദ്യയ്ക്കില വെയ്ക്കാറായപ്പോള്‍ ഇടിയും മിന്നലും മഴക്കാറും കലശലാവുകയും ഉടനെ മഴ തുടങ്ങുന്നതിനുള്ള ലക്ഷണങ്ങളെല്ലാം കണ്ടു തുടങ്ങുകയും ചെയ്തു. അപ്പോള്‍ അവിടെ കൂടിയിരുന്നവരും ഇല്ലത്തുള്ളവരുമെല്ലാം ഏറ്റവും വി‌ഷണ്ണരായിത്തീര്‍ന്നു. ഗൃഹസ്ഥന്‍ നമ്പൂരി എഴുത്തച്ഛന്റെ അടുക്കല്‍ച്ചെന്ന് "കാര്യം വലിയ വി‌ഷമത്തിലായല്ലോ. ഇതിന് എഴുത്തച്ഛന്‍ എന്തെങ്കിലും നിവൃത്തിയുണ്ടാക്കണം" എന്നു പറഞ്ഞു. ഉടനെ എഴുത്തച്ഛന്‍ സ്വഗൃഹത്തില്‍പ്പോയി ഒരു ഗ്രന്ഥമെടുത്തു കൊണ്ടു വന്നഴിച്ചു രണ്ടായിപ്പകുത്തു പന്തലിന്റെ മുകളില്‍വച്ചു. ആ ഇല്ലപ്പറമ്പിന്റെ അതിരുവരെ നാലു വശങ്ങളിലും അതികലശലായി മഴ പെയ്തു. അവിടെ മാത്രം പെയ്തില്ല. എല്ലാവരും വളരെ വിസ്മയിച്ചു. നമ്പൂരി എഴുത്തച്ഛന്നെ യഥേഷ്ടം ഊണുകഴിപ്പിച്ച് ചില സമ്മാനങ്ങളും കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു.

വിദ്വാന്‍ മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്‍ എന്നു പ്രസിദ്ധനായിരുന്ന തീപ്പെട്ടുപോയ സാമൂതിരിപ്പാടു തിരുമനസ്സിലേക്കുണ്ടായിരുന്ന കാസരോഗം ഇദ്ദേഹമാണ് ഭേദപ്പെടുത്തിയത്. ഇദ്ദേഹത്തിന് വൈദ്യവുമുണ്ടായിരുന്നു.


ഒരു സ്വജനഗൃഹത്തില്‍ കല്യാണത്തിനു കിണ്ടി പോരാതെയിരുന്നതിനാല്‍ ആ വീട്ടുകാര്‍ അഞ്ചെട്ടു കിണ്ടിക്കായി കൃ‌ഷ്ണനെഴുത്തച്ഛന്റെ അടുക്കല്‍ ആളയച്ചു. ആ ചെന്ന ആളോട് എഴുത്തച്ഛന്‍ "കിണ്ടി അവിടെയുള്ളതുകൊണ്ടു മതിയാകും; പോരെങ്കില്‍ ഞാനവിടെ വരുമ്പോള്‍ ഉണ്ടാക്കിക്കൊള്ളാം" എന്നു പറഞ്ഞ് ആളെ മടക്കിയയച്ചു. എഴുത്തച്ഛന്‍ കല്യാണവീട്ടില്‍ ചെന്നപ്പോള്‍ എങ്ങനെയോ എന്തോ അവിടെ വേണ്ടതിലധികം കിണ്ടി കാണപ്പെട്ടു.

ഈ എഴുത്തച്ഛന്‍ വലിയ കാള ഭ്രാന്തനായിരുന്നു. നല്ല കാള എവിടെയുണ്ടെന്നു കേട്ടാലും എന്തു വില കൊടുത്തും അദ്ദേഹം വാങ്ങും.

ഒരിക്കല്‍ അദ്ദേഹം വലിയ വില കൊടുത്തു രണ്ടുകാളകളെ വാങ്ങി. കണ്ടത്തില്‍ പൂട്ടാനായി അവയെ കൊണ്ടുപോയി നുകം വച്ചു കെട്ടിയപ്പോള്‍ രണ്ടു കാളകളും കിടന്നു. പൂട്ടുകാര്‍ പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചുനോക്കീട്ടും കാളകളെ എണീപ്പിക്കാന്‍ കഴിഞ്ഞില്ല. "ഈ ശവങ്ങള്‍ക്ക് ഇത്ര വളരെ വില കൊടുത്ത് ഇദ്ദേഹം വാങ്ങിയല്ലോ. ഇതു മഹാകഷ്ടമായിപ്പോയി" എന്നു പറഞ്ഞു കണ്ടുനിന്നവരെല്ലാം പരിഹസിച്ചു ചിരിച്ചു. അപ്പോള്‍ എഴുത്തച്ഛന്‍ ഒരു പുല്ലു പറിച്ചെടുത്തുകൊണ്ട് അങ്ങോട്ടു ചെന്ന് അതുകൊണ്ട് രണ്ടു കാളകള്‍ക്കും ഓരോ അടിവച്ചു കൊടുത്തു. കാളകള്‍ എണീറ്റു നടന്നുതുടങ്ങുകയും ചെയ്തു. അതില്‍പ്പിന്നെ ആ കാളകള്‍ പൂട്ടാന്‍ കൊണ്ടുചെന്നു കെട്ടിയാല്‍ ഒരിക്കലും കിടന്നിരുന്നില്ല.

ചെമ്പ്രദേശത്തുതന്നെയുള്ള ഒരു വാര്യരുടെ ബ്രഹ്മരക്ഷസ്സിനെ ഒഴിക്കാന്‍ വേണ്ടുന്ന ഉപകരണങ്ങള്‍ക്ക് എഴുത്തച്ഛന്‍ ചാര്‍ത്തു കൊടുക്കുകയും വാര്യത്തുള്ളവര്‍ സാമാനങ്ങളെല്ലാം ശേഖരിച്ചുവയ്ക്കുകയും ചെയ്തു. അതിന്റെ ശേ‌ഷം കൃ‌ഷ്ണനെഴുത്തച്ഛന്‍ അവിടെച്ചെന്നു ചില പൂജകളും ഹോമങ്ങളും മറ്റും ആരംഭിച്ചു. ഒരു ചക്രം വരച്ച് അതില്‍ ഒരു തൂശനിലവച്ചിട്ടു രക്ഷസ്സു ബാധിച്ചിട്ടുള്ള വാര്യരെക്കൊണ്ടുവന്ന് ആ ഇലയിലിരുത്താന്‍ പറഞ്ഞു. അവിടെയുണ്ടായിരുന്നവരെല്ലാം ഇണങ്ങിയും പിണങ്ങിയും പല വിധത്തില്‍ പറഞ്ഞുനോക്കിയിട്ടും വാര്യര്‍ ആ ഇലയില്‍ ചെന്നിരുന്നില്ല. ബലാല്‍ പിടിച്ചുകൊണ്ടുപോകാനായി ശ്രമിച്ചപ്പോള്‍ വാര്യര്‍ ശവംപോലെ നിശ്ചേഷ്ടനായിക്കിടന്നുകളഞ്ഞു. ഒരു നിവൃത്തിയുമില്ലെന്നായപ്പോള്‍ പൂജ കഴിച്ചുകൊണ്ടിരുന്ന എഴുത്തച്ഛന്റെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. എഴുത്തച്ഛന്‍ ഉടനെ ഒരു പിടി അരിയും പൂവും വാരിയെടുത്തു ജപിച്ചു കൊടുത്ത് അത് ആ വാര്യരുടെ ശിരസ്സില്‍ കൊണ്ടുചെന്നിടാന്‍ പറഞ്ഞു. അരിയും പൂവും ശിരസ്സിലിട്ട ക്ഷണത്തില്‍ വാര്യരെണീറ്റ് ആ തൂശനിലയില്‍ ചെന്നിരുന്നു. എഴുത്തച്ഛന്‍ ഭസ്മം ജപിച്ചിട്ട് തുള്ളിക്കയും രക്ഷസ്സു സത്യം ചെയ്ത് ഒഴിഞ്ഞുപോവുകയും ചെയ്തു.

ഈ കൃ‌ഷ്ണനെഴുത്തച്ഛന്‍ മരിച്ചിട്ട് ഇപ്പോള്‍ 9 കൊല്ലമേ ആയിട്ടുള്ളൂ. ഇദ്ദേഹത്തിന്റെ മകനാണ് ഇപ്പോള്‍ ഈ തറവാട്ടില്‍ കാരണവരായിരിക്കുന്ന കുഞ്ചുവെഴുത്തച്ഛന്‍. അദ്ദേഹവും നല്ല മന്ത്രവാദിയാണ്.

ചെമ്പ്രഴുത്തച്ഛന്മാര്‍ മന്ത്രവാദം ചെയ്യണമെങ്കില്‍ ആദ്യം തന്നെ അവരുടെ പരദേവതകള്‍ക്ക് വഴിപാടിനായി ആറണ അവിടെക്കൊടുക്കണം. ഇതു മുന്‍പിനാലെ ഉള്ള പതിവാണ്. പിന്നെ വലതും കൊടുത്താലും ഒന്നും കൊടുത്തില്ലെങ്കിലും യാതൊരു വിരോധവുമില്ല.

മാക്കുവെഴുത്തച്ഛന്റെ കാലത്ത് അദ്ദേഹത്തിന്റെ പടിപ്പുരമാളികയില്‍ ദിവസംപ്രതി അനേകം യോഗ്യന്മാര്‍ വന്നുകൂടുകയും മൃദംഗംവായന, വീണവായന, പാട്ട് മുതലായവയും ചതുരംഗക്കളി, ചെപ്പടി വിദ്യ മുതലായവയും പതിവായിരുന്നു. ഇതു കൂടാതെ എഴുത്തച്ഛന്‍‍ ശ്രീകൃ‌ഷ്ണന്റെ ഒരു ചിത്രം വെച്ച് അതിന്റെ മുമ്പിലിരുന്ന് പതിവായി ഭാഗവതം വായിക്കുകയും ചെയ്തിരുന്നു. ആ ചിത്രം ഇപ്പോഴും അവിടെ ഇരിക്കുന്നുണ്ട്. ഭാഗവതപാരായണം ഇപ്പോഴും അവിടെ പതിവായി നടത്തിവരുന്നുണ്ട്. കാലക്രമംകൊണ്ട് ആ ചിത്രത്തിന് ഭഗവല്‍സാന്നിദ്ധ്യമുണ്ടായിത്തീരുകയാല്‍ ആ മാളികയില്‍ രാത്രികാലങ്ങളില്‍ ചില ദിവ്യന്മാര്‍ വന്നു പോകുന്നുണ്ടെന്നാണ് വിശ്വാസം. അതിനാല്‍ ആ പടിപ്പുര മാളികയില്‍ രാത്രിയില്‍ മനു‌ഷ്യരാരും കിടക്കാറില്ല. അവിടെ കിടന്നുറങ്ങുന്നവരെ ആരോ ഉരുട്ടിത്താഴെയിടുമെന്നുള്ളത് തീര്‍ച്ചയാണ്. രാത്രിയില്‍ ചിലപ്പോള്‍ ആ മാളികയില്‍ പാട്ടും വീണവായനയും മറ്റും കേള്‍ക്കാറുണ്ടായിരുന്നുവെന്നല്ല, ഇപ്പോഴും കേള്‍ക്കാം. അതു ഞായര്‍, ചൊവ്വ, വെള്ളി ഈ ആഴ്ചകളിലാണ്.