ഐതിഹ്യമാല/മൂക്കോല ക്ഷേത്രങ്ങള്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഈ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത് പൊന്നാനിത്താലൂക്കില്‍ പള്ളിക്കര അംശത്തില്‍ വടക്കും മുറിദേശത്തു ചാലിശ്ശേരിക്കു പോകുന്ന റോഡിന്റെ വടക്കുഭാഗത്താണ്.


പണ്ട് സാക്ഷാല്‍ ശങ്കരാചാര്യസ്വാമികള്‍ ദേശാടനം ചെയ്തിരുന്നപ്പോള്‍ ഒരിക്കല്‍ ഈ സ്ഥലത്തുകൂടി വന്ന് ‘നരിതിന്നിക്കടത്തു’ കടന്ന സമയം അവിടെനിന്നു പൂര്‍വ്വോത്തരഭാഗത്തായി അത്യത്ഭുതകരമായ ഒരു തേജസ്സു കണ്ടു. അതൊരു ദൈവികമായിട്ടുള്ളതാണെന്നു തോന്നിയെങ്കിലും മൂര്‍ത്തിയെന്താണെന്ന് അദ്ദേഹത്തിനു വ്യക്തമായി മനസ്സിലായില്ല. അതിനാല്‍ അദ്ദേഹം തപസ്സു ചെയ്തുകൊണ്ട് അവിടെ ഇരുന്നു. അദ്ദേഹം സാക്ഷാല്‍ മഹാമായയെ ധ്യാനിച്ചുകൊണ്ടാണ് തപസ്സുചെയ്തത്. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഒരു മൂര്‍ത്തി ആചാര്യസ്വാമികളുടെ പുരോഭാഗത്ത് ആവീര്‍ഭവിച്ചു. അത് മഹാവിഷ്ണുവിന്റെ ആകൃതിയോടും സ്തനങ്ങള്‍ മുതലായ ചില സ്ത്രീലക്ഷണങ്ങളോടുംകൂടിയായിരുന്നു. ആ മൂര്‍ത്തിയെ കണ്ടപ്പോള്‍ ആചാര്യസ്വാമികള്‍ ഇതു സാക്ഷാല്‍ വിഷ്ണുമായയാണെന്ന് തീര്‍ച്ചപ്പെടുത്തി വന്ദിച്ചുകൊണ്ട് “ഭൂലോകരക്ഷാര്‍ത്ഥം ദേവിയുടെ സാന്നിദ്ധ്യം എന്നും ഈ സ്ഥലത്തുണ്ടായിരിക്കണം” എന്നപേക്ഷിച്ചു. ആ ദേവി അതിനെ ശിരഃകമ്പനംകൊണ്ടു സമ്മതിച്ചതായി അറിയിച്ചിട്ട് ഉടനെ അന്തര്‍ദ്ധാനം ചെയ്യുകയും ദേവി നിന്നിരുന്ന സ്ഥലത്ത് ആ അകൃതിയില്‍ത്തന്നെ ഒരു ശിലാവിഗ്രഹം കാണപ്പെടുകയും ചെയ്തു. സ്വയംഭൂവായ ആ വിഗ്രഹം ആ ദേവിയുടേതാണെന്ന് വിശേഷിച്ചു പറയണമെന്നില്ലല്ലോ.


ഇത്രയും കഴിഞ്ഞിട്ടും ആചാര്യസ്വാമികള്‍ കണ്ട തേജസ്സിന് ആ സ്ഥലത്തു യാതൊരു കുറവും വന്നില്ല. അതിനാല്‍ ആചാര്യസ്വാമികള്‍ പിന്നെയും തപസ്സു ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ അദ്ദേഹത്തിനു പ്രത്യക്ഷമായതു ദുര്‍ഗ്ഗാദേവിയാണ്. ആ ദേവിയെ അദ്ദേഹം ഒരു ശിലാഖണ്ഡത്തിന്മേലാവാഹിച്ചു സ്വയംഭൂവായ ദേവീവിഗ്രഹത്തിന്റെ സമീപത്തുതന്നെ വടക്കു പടിഞ്ഞാറു ഭാഗത്തു പ്രതിഷ്ഠിച്ചു. അപ്പോള്‍ ആദ്യം കണ്ടതായ ആ തേജസ്സ് സ്വല്പം കുറഞ്ഞു. എങ്കിലും നിശ്ശേഷം ഇല്ലാതായില്ല. അതിനാല്‍ ആചാര്യസ്വാമികള്‍ പിന്നെയും തപസ്സു തുടങ്ങി. അപ്പോള്‍ പ്രത്യക്ഷമായത് ഭദ്രകാളിയാണ്. ആചാര്യസ്വാമികള്‍ ആ ദേവിയെയും ആവാഹിച്ചെടുത്ത് ആദ്യപ്രതിഷ്ഠയുടെ നേരെ പടിഞ്ഞാറു ഭാഗത്ത് പ്രതിഷ്ഠിച്ചു. ആചാര്യസ്വാമികള്‍ പിന്നെയും തപസ്സുചെയ്തപ്പോള്‍ പ്രത്യക്ഷമായതു ശിവനാണ്. ആ ശിവനെ കിഴക്കുഭാഗത്തു പ്രതിഷ്ഠിച്ചു. പിന്നെ വിഷ്ണു പ്രത്യക്ഷനായി. ആ വിഷ്ണുവിനെ പടിഞ്ഞാറുഭാഗത്തു പ്രതിഷ്ഠിച്ചു. അനന്തരം തപസ്സു ചെയ്തപ്പോള്‍ ശാസ്താവു പ്രത്യക്ഷമായി. ആ ശാസ്താവിനെ വടക്കു കിഴക്കുഭാഗത്തു ‘കരുവാട്ട്’ എന്ന സ്ഥലത്തും പ്രതിഷ്ഠിച്ചു. ഇത്രയും കഴിഞ്ഞപ്പോള്‍ ആദ്യം കാണപ്പെട്ട തേജസ്സ് ആ സ്ഥലത്തു നിശ്ശേഷം ഇല്ലാതാവുകയും ചെയ്തു.


ആചാര്യസ്വാമികളുടെ ഈ അത്ഭുതകര്‍മ്മങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ധനവാന്മാരുമായ അനേകം നമ്പൂരിപ്പാടന്മാരും ആ സ്ഥലത്തു വന്നു ചേര്‍ന്നു. ആ കൂട്ടത്തില്‍ ആഴുവാഞ്ചേരി തമ്പ്രാക്കളുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി ആചാര്യസ്വാമികള്‍ അവിടെ പ്രതിഷ്ഠിച്ച ദേവീദേവന്മാര്‍ക്കു ക്ഷേത്രങ്ങള്‍ പണിയിക്കുക മുതലായ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. അപ്പോള്‍ തമ്പ്രാക്കള്‍ “ഭദ്രകാളിക്കു ക്ഷേത്രം പണിയിക്കുകയും നിത്യദാനം മുതലായവയ്ക്കു വേണ്ടുന്നതു കൊടുക്കുകയും ഞാന്‍ തനിച്ചായിക്കൊള്ളാം” എന്നു പറയുകയും അവിടുന്ന് അങ്ങനെ നടത്തുകയും ചെയ്തു. അതിനാല്‍ ആ ക്ഷേത്രം അവിടുത്തെ സ്വന്തമായിത്തീര്‍ന്നു. ആ ക്ഷേത്രത്തിനു പറഞ്ഞുവരുന്ന പേര് “കണ്ണേങ്കാവ്” എന്നാണ്.


ഭദ്രകാളിയുടെ ക്ഷേത്രകാര്യം തമ്പ്രാക്കള്‍ ഏറ്റുനടത്തിയപോലെ ശിവന്റെ ക്ഷേത്രക്കാര്യം പകരാവൂരു മനയ്ക്കല്‍നിന്ന് ഏറ്റുനടത്തി. അതിനാല്‍ ആ ശിവന്റെ ക്ഷേത്രം പകരാവൂരുമനയ്ക്കലെ വകയായിത്തീര്‍ന്നു.


പിന്നെ വിഷ്ണുവിന്റെ ക്ഷേത്രം മറ്റൊരാള്‍ പണി കഴിപ്പിച്ചു. ആ ക്ഷേത്രത്തിനു ‘കൊളഞ്ചേരി’ എന്നാണ് പേരു പറഞ്ഞു വരുന്നത്.


അനന്തരം ശാസ്താവിന്റെ ക്ഷേത്രം ചുനങ്ങാട്ടുകാഞ്ഞൂരുമനയ്ക്കല്‍നിന്നു പണികഴിപ്പിക്കുകയും അവിടെ വേണ്ടുന്ന കാര്യങ്ങള്‍ക്കൊക്കെ ഏര്‍പ്പാടു ചെയ്യുകയും ചെയ്തു. അതിനാല്‍ ആ ക്ഷേത്രം ആ മന വകയായും തീര്‍ന്നു. അതിനു പറഞ്ഞുവന്ന പേര് ‘കരുവാട്ട്’ എന്നു തന്നെയാണ്.


പിന്നെ അവിടെ ക്ഷേത്രമില്ലാതെയായിരുന്നത് സ്വയംഭൂവായ വിഷ്ണൂമായയും ആചാര്യസ്വാമികളാല്‍ പ്രതിഷ്ഠിക്കപ്പെട്ട ദുര്‍ഗ്ഗാദേവിയും മാത്രമാണ്. ആ ദേവികള്‍ക്കും ക്ഷേത്രങ്ങള്‍ പണിയിക്കുന്നതിനും ആ ദേവസ്വകാര്യങ്ങള്‍ അനേഷിച്ചു നടത്തുന്നതിനും മറ്റുമായി ആചാര്യസ്വാമികള്‍ അവിടെ കൂടിയിരുന്ന നമ്പൂതിരിമാരില്‍ മുപ്പത്താറുപേര്‍ക്ക് ഊരായ്മസ്ഥാനം കൊടുത്ത് അധികാരപ്പെടുത്തി. അവര്‍ ആദ്യം തന്നെ സ്വയംഭൂവായ ദേവിക്കു ക്ഷേത്രം പണികഴിച്ച് അതിനു ‘മേലേക്കാവ്’ എന്നു പേരിട്ടു. എല്ലാംകൊണ്ടും അതു മേലേതന്നെയായിരുന്നതുകൊണ്ട് അ പേരു യഥാര്‍ത്ഥംതന്നെയായിത്തീര്‍ന്നു. ആ ക്ഷേത്രത്തോടു ചേര്‍ത്തുതന്നെ ദുര്‍ഗ്ഗാദേവിക്കും ക്ഷേത്രം പണികഴിപ്പിക്കുകയും അതിനു ‘കീഴേക്കാവ്’ എന്നു പേരിടുകയും ചെയ്തു. അവിടെ സദ്യകള്‍ നടത്തുന്നതിന്‍ ഒരു ഊട്ടുപുരയും ക്ഷേത്രത്തിലെ ഉപയോഗത്തിനും മറ്റുമായി ഒരു കിണറും ഉണ്ടാക്കിച്ചു.


ഇവിടെ ഇങ്ങനെയുണ്ടായ ക്ഷേത്രങ്ങള്‍ക്കെല്ലാം കണ്ണേങ്കാവ്, മേലേക്കാവ്, കീഴേക്കാവ് മുതലായി പ്രത്യേകം പ്രത്യേകം ഓരോ പേരുകളും സിദ്ധിച്ചിട്ടുണ്ട്. എങ്കിലും അവയെ എല്ലാംകൂടി പറയുമ്പോള്‍ മൂക്കോലക്ഷേത്രങ്ങള്‍ എന്നാണ് പറഞ്ഞു വരുന്നത്. ഈ ക്ഷേത്രങ്ങള്‍ സ്ഥാപിച്ച സ്ഥലം മൂന്നു ദിക്കുകളില്‍നിന്ന് ഓരോ പെരുവഴികള്‍ വന്നുചേരുന്ന ഒരു കവലയില്‍ ആയിരുന്നു. അതിനാല്‍ ആ സ്ഥലത്തെ എല്ലാവരും ‘മുക്കവല’ എന്നാണു പറഞ്ഞിരുന്നത്. അതിനാല്‍ ആ സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രങ്ങളെ മുക്കവലക്ഷേത്രങ്ങളെന്നും പറഞ്ഞിരുന്നു. കാലക്രമേണ മുക്കവല മുക്കോലയായിത്തീര്‍ന്നു. അതിനെ സംസ്കൃതപണ്ഡിതന്മാര്‍ പരിഷ്കരിച്ച് ‘മുക്തിസ്ഥലം’ എന്നാക്കി പ്രയോഗിച്ചുതുടങ്ങി.


അവിടെയുള്ള ക്ഷേത്രങ്ങിളില്‍ പ്രാധാന്യം മേലേക്കാവിനാണെന്നു മുമ്പുതന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. എന്നാല്‍ കണ്ണേങ്കാവിനും ഒട്ടും പ്രാധാന്യക്കുറവില്ല. മേലേക്കാവില്‍ ആരെങ്കിലും എന്തെങ്കിലും വഴിപാടു നടത്തിയാല്‍ അതുപോലെതന്നെ കണ്ണേങ്കാവിലും നടത്തണം. അങ്ങനെ ചെയ്യാതിരുന്നാല്‍ ആ ദേവിയുടെ (ഭദ്രകാളിയുടെ) വിരോധവും തന്നിമിത്തം പല അനര്‍ത്ഥങ്ങളും ഉണ്ടാകുമെന്നുള്ളതിനു സംശയമില്ല. ഇത് ഇപ്പോഴും കണ്ടുവരുന്ന ഒരു സംഗതിയാണ്. മേലേക്കാവില്‍ ഭഗവതിക്കു രണ്ടുനേരവും പതിവുള്ള വെള്ളനിവേദ്യം ശ്രീകോവിലിന്റെ തൃപ്പടിയിന്മേല്‍‌വെച്ച് ഇങ്ങോട്ടുംകൂടി പ്രാണാഹൂതി ചെയ്യുക ഇപ്പോഴും പതിവുണ്ട്.


ഈ ഭദ്രകാളിക്ക് അമ്പലം‌പണിയും കലശവും കഴിച്ചു പതിവായി പൂജ തുടങ്ങിയപ്പോള്‍ ആ ദേവിയുടെ ശക്തിയും ചൈതന്യവും അവിടെ ക്രമത്തിലധികം വര്‍ദ്ധിക്കുകയും ദേവിക്കു ‘ഭയങ്കരി’ എന്നുള്ള പേരു യഥാര്‍ത്ഥമായിത്തീരുകയും ചെയ്തു. പകല്‍‌സമയത്തുപോലും അതിലേ സഞ്ചരിക്കുന്നതിനു ജനങ്ങള്‍ക്കു വലിയ ഭയമായിത്തീര്‍ന്നു. രാത്രികാലങ്ങളിലെ കഥ പറയാനുമില്ല. രാത്രികാലങ്ങളില്‍ അവിടെ ചെല്ലുകയ്യോ അതിലേ കടന്നുപോവുകയോ ചെയ്താല്‍ ആ ദേവിയുടെ ഭൂതഗണങ്ങളോ ദേവിതന്നെയോ പിടിച്ചുതിന്നുകയോ ചീന്തി ചോരകുടിക്കുകയോ ചെയ്യുമെന്നായിരുന്നു ജനങ്ങളുടെ വിചാരം. അങ്ങനെ വിചാരിക്കുവാന്‍തക്കവണ്ണം ചില സംഗതികള്‍ അക്കാലത്ത് അവിടെ ഉണ്ടായിട്ടുണ്ട്. വൃശ്ചികമാസം ഒന്നാംതിയതി മുതല്‍ പതിവുള്ള പാട്ടുതന്നെ ഏഴരനാഴിക രാച്ചെല്ലുന്നതിനുമുമ്പു കഴിച്ചുകൂട്ടി നടയുമടച്ചുപൂട്ടി എല്ലാവരും അവിടെ നിന്നു പോവുകയായിരുന്നു ആദ്യകാലത്തെ പതിവ്. കുറച്ചു കഴിഞ്ഞപ്പോള്‍ അതും നിവൃത്തിയില്ലാതായി. സന്ധ്യായായാല്‍ പിന്നെ ആരും അവിടെച്ചെല്ലാതെയായിത്തീര്‍ന്നു. പിന്നെ പാട്ടും മറ്റും നടത്തുന്നതെങ്ങനെയാണ്? ഇത്രയുമായപ്പോള്‍ തമ്പ്രാക്കളും തന്ത്രിയായ ചെന്നാസു നമ്പൂരിയും മറ്റേനകം യോഗ്യന്മാരുംകൂടി ആലോചിച്ച് ഇവിടെ വേദാര്‍ഹന്മാരായ ബ്രാഹ്മണരുടെ ശാന്തി വേണ്ടെന്നു വെച്ചാല്‍ ദേവിയുടെ ശക്തിയും ചൈതന്യവും ക്ഷയിക്കും. അപ്പോള്‍ ജനങ്ങളുടെ ഭയവും കുറയും. ക്ഷേത്രകാര്യങ്ങളെല്ലാം രാത്രിയിലും പകലും ഇഷ്ടം‌പോലെ നിര്‍ഭയം നടത്തറാവുകയും ചെയ്യും എന്നു നിശ്ചയിക്കുകയും അന്നുതന്നെ അവിടെ ശാന്തിക്ക് ഒരിളയതിനെ നിയമിക്കുകയും ക്ഷേത്രകാര്യങ്ങളെല്ലാം അന്വേഷിച്ച് നടത്തുന്നതിന് ആ ഇളയതിനെ അധികാരപ്പെടുത്തുകയും അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഭഗവതിയുടെ ശക്തിയും ജനങ്ങളുടെ ഭയവും കുറഞ്ഞ് സാമാന്യം പോലെ ആവുകയും ആ ക്ഷേത്രസന്നിധിയില്‍ അഹോരാത്രം എല്ലാവരും നിര്‍ഭയം സഞ്ചരിച്ചുതുടങ്ങുകയും ചെയ്തു. പിന്നെയും തമ്പ്രാക്കള്‍ മാസംതോറും അവിടെ ചെന്നു ദര്‍ശനം നടത്തുക പതിവായിരുന്നു.


അനന്തരം ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞതിന്റെ ശേഷം ഒരിക്കല്‍ തമ്പ്രാക്കള്‍ ദര്‍ശനത്തിനായി അവിടെ ചെന്നപ്പോള്‍ അമ്പലത്തില്‍ ചില നമ്പൂരിമാര്‍ ജപിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവര്‍ തമ്പ്രാക്കളെ കണ്ടിട്ടു പതിവുപോലെ എണീക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല. അവരുടെ ധിക്കാരം തമ്പ്രാക്കള്‍ ഒട്ടും രസിച്ചില്ല. മലയാളബ്രാഹ്മണരില്‍ പ്രാധാന്യം തമ്പ്രാക്കള്‍ക്കായതുകൊണ്ട് അദ്ദേഹത്തെക്കണ്ടാല്‍ എല്ലാവരും ബഹുമാനിക്കണമെന്നായിരുന്നു തമ്പ്രാക്കളുടെ വിചാരം. അങ്ങനെ എല്ലാവരും ചെയ്ക പതിവുമായിരുന്നു. അവിടെ ഇരുന്നിരുന്ന നമ്പൂരിമാര്‍ ക്ഷേത്രത്തിലെ ഊരായ്മക്കാരായിരുന്നു. അതിനാല്‍ അവിടെ അധികാരം തങ്ങള്‍ക്കാണെന്നും തമ്പ്രാക്കള്‍ക്കൊന്നുമില്ലെന്നും വിചാരിച്ചായിരിക്കാം അവര്‍ തമ്പ്രാക്കളെ ബഹുമാനിക്കാഞ്ഞത്. ഏതെങ്കിലും തമ്പ്രാക്കളും കൂടെയുണ്ടായിരുന്ന തന്ത്രി ചെന്നാസ്സുനമ്പൂരി മുതലായവരും മുഷിഞ്ഞ് അവിടെനിന്ന് ഇറങ്ങിപ്പോയി. അതില്‍‌പിന്നെ തമ്പ്രാക്കളും ചെന്നാസ്സുനമ്പൂരിയും അവിടെപ്പോകാറില്ല. തമ്പ്രാക്കള്‍ അങ്ങോട്ടു ചെല്ലാതായതു കണ്ണങ്കാവുക്ഷേത്രത്തിലെ ശാന്തിക്കും കാര്യവിചാരത്തിനായി നിയമിക്കപ്പെട്ട ഇളയതിനു നല്ല തരമായിത്തീര്‍ന്നു. കാലക്രമേണ ഇളയത് ആ ക്ഷേത്രം സ്വന്തമാക്കി ഭരിച്ചുതുടങ്ങി. ഇപ്പോഴും അത് അങ്ങനെതന്നെയാണിരിക്കുന്നത്.


കിഴക്കെക്കാവെന്നു പറയപ്പെടുന്ന ദുര്‍ഗ്ഗാക്ഷേത്രത്തിനു കാലപ്പഴക്കംകൊണ്ടു കേടുസംഭവിച്ചപ്പോള്‍ അതിന്റെ ജീര്‍ണ്ണോദ്ധാരണവും അവിടെ ബിംബം മാറി പ്രതിഷ്ഠയും കലശവും മറ്റും നടത്തിച്ചത് ഒരു ഏറാള്‍പ്പാടുതമ്പുരാനാണ്. അതിനെപ്പറ്റി ഒരു ശ്ലോകം അവിടെ കാണുന്നതു താഴെ ചേര്‍ക്കുന്നു.


                                    “ശുദ്ധോഭാവര്‍ദ്ധിസിദ്ധ്യാ കലിമലരഹിതോ-
                                            ഗാബ്‌ധിനേതുഃ കനിയാന്‍
                                   രാജാ കൃത്വാ നവീനം പുരമതിരുചിരം
                                            മുക്തിഗേഹാംബി കായാഃ
                                   ബിംബം തത്ര പ്രതിഷ്ഠാപ്യ ച വസനസുവ-
                                            ര്‍ണ്ണാന്നദാനൈര്യഥാര്‍ഹം
                                   വര്‍ണ്ണാന്‍ സന്തര്‍പ്യ സര്‍വ്വാനപി വിധിവദഥാ-
                                             കാരയച്ചാഭിഷേകം.”


ഈ ശ്ലോകത്തിന്റെ ആദ്യപാദത്തില്‍ത്തന്നെ “ശുദ്ധോഭാവര്‍ദ്ധിസിദ്ധ്യാ” എന്നുള്ളതുകൊണ്ടു കാണിച്ചിരിക്കുന്നതു തദ്ദിനകലിസംഖ്യയാണെന്നുള്ളതു സ്പഷ്ടമാണല്ലോ. ഇനി സര്‍വ്വപ്രധാനമായ മേലെക്കാവിനെക്കുറിച്ചുകൂടി സ്വല്പം പറയാം.


ഇവിടെ ദേവിക്കു പതിവായി കാലത്തെയുള്ള മലര്‍നിവേദ്യത്തിനു മലര്‍ അന്നന്നു വറുത്തതെ പാടുള്ളൂ. ഇതുകൂടാതെ രണ്ടുനേരവും വെച്ചുനിവേദ്യവും പതിവുണ്ട്. നിവേദ്യം ചെയ്യുന്നതു ഓട്ടുപാത്രത്തിലല്ലാതെ പാടില്ല. ഇവിടെ രണ്ടു നേരവും നിവേദ്യം മാത്രമെ ഉള്ളൂ. പൂജ പതിവില്ല. പൂജ ആണ്ടുതോറും വൃശ്ചിക മാസത്തില്‍ കാര്‍ത്തികനാള്‍ മാത്രമേയുള്ളു. അതിന് ഒരിക്കലും മുടക്കമില്ല. ആ പൂജ കഴിക്കുന്നത് അവിടത്തെ തന്ത്രിയായ അണിമംഗലത്തു നമ്പൂരിയാണ്. അവിടത്തെ പൂജാക്രമം ആ ഇല്ലക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ. അത് അവര്‍ അന്യന്മാരെ ഗ്രഹിപ്പിക്കുകയുമില്ല. കാര്‍ത്തികനാള്‍ പൂജയ്ക്കു തന്ത്രിയെ ക്ഷണിക്കാറില്ല. പതിവായതുകൊണ്ട് അവര്‍ കാലേകൂട്ടി വന്നുകൊള്ളും അതിന് അവര്‍ ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. വൃശ്ചികമാസത്തില്‍ കാര്‍ത്തിക ഇവിടെ ഒരു മഹോത്സവമായിട്ടാണ് കൊണ്ടാടിവരുന്നത്. അന്നത്തെ വിളക്ക്, മാല്, സദ്യ മുതലായവയ്ക്കെല്ലാമുള്ള ചെലവുകള്‍ വഹിക്കുന്നതു സാമൂതിരിപ്പാടുതമ്പുരാനാണ്.


ഇവിടെ തന്ത്രിക്കല്ലാതെ പൂജ കഴിക്കാന്‍ പാടില്ലെന്നു മാത്രമല്ല, ശുകപുരഗ്രാമത്തിലുള്‍പ്പെട്ട നമ്പൂരിമാര്‍ക്കു ശാന്തിയും പാടില്ല. ഇവിടെ ശാന്തിക്കും കഴകത്തിനും ദേവസ്വത്തില്‍നിന്നും പ്രതിഫലമൊന്നും കൊടുക്കാറില്ല. വഴിപാടുകള്‍ വരുന്നതുകൊണ്ട് ഇവിടെ ശാന്തിക്കാരനും കഴകക്കാരനും ധാരാളം സമ്പാദ്യമുണ്ടാകും. അതുകൊണ്ട് ഇവിടെ ശാന്തിക്കും കഴകത്തിനും ആളില്ലാതെ ഒരിക്കലും വരാറില്ല.


ആദ്യകാലത്ത് ഇവിടെ കിണറുണ്ടായിരുന്നില്ല. അഭിഷേകം, നിവേദ്യവെയ്പ് മുതലായവയ്ക്കെല്ലാം ആവശ്യമുള്ള വെള്ളം കീഴേക്കാവില്‍നിന്നും കോരിക്കൊണ്ടുവന്നാണ് നടത്തിയിരുന്നത്. ഒരിക്കല്‍ അവിടെ ശാന്തി നടത്തിയിരുന്നതു വൃദ്ധനും ശുദ്ധഹൃദയനുമായ ഒരു നമ്പൂരിയായിരുന്നു. ഒരു ദിവസം രാത്രിയില്‍ പതിവുള്ള ആവശ്യങ്ങളെല്ലാം കഴിഞ്ഞിട്ടു പിന്നെയും കുറച്ചുകൂടി വെള്ളം കൊണ്ടുവരേണ്ടതായ എന്തോ ആവശ്യം നേരിട്ടു. രാത്രിയില്‍‌പ്പോയി വെള്ളം കോരിക്കൊണ്ടുവരാനുള്ള ബുദ്ധിമുട്ടു വിചാരിച്ചിട്ടും ക്ഷീണം കൊണ്ടും ആ വൃദ്ധബ്രാഹ്മണനു സാമാന്യത്തിലധികം സങ്കടവും ദേഷ്യവുമുണ്ടായി. എങ്കിലും കാര്യം നടക്കണമല്ലോ എന്നു വിചാരിച്ച് ഒരു ചെപ്പുകുടവുമെടുത്തുകൊണ്ട് പുറപ്പെട്ട് ഇറങ്ങിയ ഉടനെ കാല്‍ ഒരു കല്ലിന്മേല്‍ മുട്ടി. മുമ്പേതന്നെ സങ്കടപ്പെട്ടുകൊണ്ടിരുന്ന ആ ശുദ്ധാത്മാവിന് ഇതിന്റെ വേദനയുംകൂടിയായപ്പോള്‍ ദേഷ്യം സഹിക്കവയ്യാതാവുകയാല്‍ ചെപ്പുകുടം വലിച്ചെറിഞ്ഞിട്ട് അത്താഴമൊന്നും കഴിക്കാതെ പോയി കിടന്നുറങ്ങി. പിറ്റേദിവസം കാലത്ത് ആ ചെപ്പുകുടം ചെന്നു വീണ സ്ഥലത്ത് ഒരൊന്നാന്തരം കിണര്‍ കാണപ്പെട്ടു. അതു കുഴിച്ചെടുത്ത മണ്ണ് അവിടെയെങ്ങും കാണ്മാനില്ലായിരുന്നു. അവിടെനിന്ന് അരനാഴിക അകലെ ഒരു പാടത്തു തലേദിവസമില്ലാതെയിരുന്ന ഒരു മണ്‍കുന്നു പിറ്റെദിവസം കാലത്തു കാണപ്പെടുകയും ചെയ്തു. ഈ കിണറു കുഴിച്ചത് ഭഗവതിയുടെ ഭൂതഗണങ്ങളാണെന്നാണ് പറയുന്നത്. ഭക്തവത്സലയായ ദേവിക്കു ഭക്തനും, അശക്തനും, ശുദ്ധനുമായ ആ ബ്രാഹ്മണനെക്കുറിച്ചു ദയയുണ്ടായിട്ട് അവിടുന്ന് ഇങ്ങനെ തന്റെ ഭൂതഗണങ്ങളെക്കൊണ്ടു ചെയ്യിച്ചതായിരിക്കും. മേല്‍ക്കാവില്‍ഭഗവതി സകലാഭീഷ്ടപ്രദായിനിയും ഭക്തപ്രിയയുമാണെന്നുള്ളതു പ്രസിദ്ധമാണല്ലോ. അവിടെച്ചെന്നു ഭക്തിപൂര്‍വ്വം ഭജിച്ചു പ്രാര്‍ത്ഥിച്ചാല്‍ സന്തതിയോ, സമ്പത്തോ, സംഗീതമോ, സാഹിത്യമോ എന്തുവേണമെങ്കിലുമുണ്ടാകും. വിശേഷിച്ചു കവിത്വമുണ്ടാകുന്നതിന് ഈ ദേവിയെ ഭജിക്കുന്നതുപോലെ സുഗമമായ മാര്‍ഗ്ഗം വേറെ യാതൊന്നുമില്ല. അതിനാല്‍ സ്ഥലത്തെ ‘ദക്ഷിണമൂകാംബി’ എന്നുതന്നെ ചിലര്‍ പറയാറുണ്ട്.


ഉദ്ദണ്ഡശാസ്ത്രികള്‍ കേരളത്തില്‍ വന്നതിന്റെശേഷം പല ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. ഒരിടത്തു ചെന്നിട്ടും അദ്ദേഹത്തിന്റ്റെ മനസ്സില്‍ ഭക്തി തോന്നിയില്ല. അതിനാലദ്ദേഹം ഒരിടത്തും ദര്‍ശനം കഴിച്ചില്ല. മേലേക്കാവില്‍ച്ചെന്നു നോക്കിയപ്പോള്‍ അദ്ദേഹത്തിനു വളരെ ഭക്തിതോന്നുകയാല്‍ അദ്ദേഹം അമ്പലത്തിനകത്തുകടന്നു ദേവിയെ വന്ദിച്ചു. അപ്പോള്‍ ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലിയാണ് അദ്ദേഹം വന്ദിച്ചത്. അതിന്റെ പൂര്‍വ്വാര്‍ദ്ധമായ-

                          “സംഭരിതഭൂരികൃപമംബ! ശുഭമംഗം
                           ശുംഭതു ചിരന്തനമിദം തവ മദന്തഃ”

എന്നീ രണ്ടു പദം ചൊല്ലിക്കഴിഞ്ഞിട്ടു ശേഷം തോന്നാന്‍ ശാസ്ത്രികള്‍ക്കു സ്വല്പം താമസം വന്നു. അപ്പോള്‍ നടയില്‍ ഇടയ്ക്ക കൊട്ടിക്കൊണ്ടുനിന്നിരുന്ന മാരാര്‍ ആ പൂര്‍വ്വാര്‍ദ്ധത്തിന്റെ ഉത്തരാര്‍ദ്ധമായി-

                          “ജഭരിപുകുംഭിവരകുംഭയുഗഡംഭ-
                          സ്തംഭികുചകുംഭപരിരംഭപരശംഭുഃ”

എന്നു ചൊല്ല്ലി. അതുകേട്ടു ശാസ്ത്രികള്‍ സന്തോഷാത്ഭുതഭരിതനായി ‘നീ താന്‍ കവിമല്ലന്‍’ എന്നു പറഞ്ഞു. പണ്ഡിതാഗ്രേസരനും മഹാകവിയുമായിരുന്ന ഉദ്ദണ്ഡശാസ്ത്രികളുടെ അഭിനന്ദനത്തിനു പാത്രീഭവിക്കുവാന്‍ തക്കവണ്ണമുള്ള കവിത്വം ആ മാരാര്‍ക്കു സിദ്ധിച്ചത് ഈ ദേവീയെ സേവിച്ചിട്ടുമാത്രമായിരുന്നു.

ജ്ഞാനപ്പാന മുതലായ കൃതികളുടെ നിര്‍മ്മാതാവായ പൂന്താനത്തു നമ്പൂരിക്കു കവിതാവാസനയുണ്ടായതും ഈ ദേവിയെ സേവിച്ചിട്ടുതന്നെയായിരുന്നു. പൂന്താനത്തു നമ്പൂരി അദ്ദേഹത്തിന്റെ കവിത ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജിച്ചുകൊണ്ടിരുന്ന മേല്‍‌പ്പത്തൂര്‍ നാരായണഭട്ടതിരിയെ കേള്‍പ്പിച്ചപ്പോള്‍ ഭട്ടതിരി “വിഭക്തി കുറവാണ്” എന്നു പറഞ്ഞുവെന്നും ഭട്ടതിരി അങ്ങനെ പറഞ്ഞതിനാല്‍ ഇനി തന്റെ കവിതയെ ആരും ആദരിക്കുകയില്ലെന്നു വിചാരിച്ചു പൂന്താനത്ത് നമ്പൂരി വിഷാദത്തോടുകൂടി അവിടെനിന്ന് ഇറങ്ങിപ്പോയപ്പോള്‍ “വിഭക്തി കുറവാണെങ്കിലും ഭക്തി ഭട്ടതിരിക്കുള്ളതിലധികം പൂന്താനത്തിനുണ്ട്” എന്നു ഗുരുവായൂരപ്പന്‍ അരുളിച്ചെയ്തതു കേട്ടു ഭട്ടതിരി പശ്ചാത്താപത്തോടുകൂടി പൂന്താനത്തു നമ്പൂരിയുടെ അടുക്കല്‍ച്ചെന്നു സമാധാനം പറഞ്ഞ് അദ്ദേഹത്തെ സന്തോഷിപ്പിച്ചുവെന്നുമുള്ള ഐതീഹ്യം സുപ്രസിദ്ധമാണല്ലോ. എന്നാല്‍ ഭട്ടതിരിയുടെ ആപത്ത് അതുകൊണ്ടു തീര്‍ന്നില്ല. മേലേക്കാവില്‍ ഭഗവതിയുടെ പ്രധാനഭകതനായിരുന്നുവല്ലോ പൂന്താനത്തു നമ്പൂരി. അദ്ദേഹത്തിനു വിഭക്തിജ്ഞാനം ചുരുക്കമാണെന്നു പറഞ്ഞ് അധിക്ഷേപിച്ചത് ആ ദേവിക്കു രസിച്ചില്ല. ഭഗവതിയുടെ വിരോധം നിമിത്തം ഭട്ടതിരിക്ക് പല അനര്‍ത്ഥങ്ങള്‍ നേരിട്ടു. തല്‍‌പ്പരിഹാരാര്‍ത്ഥം ഭട്ടതിരി മേലേക്കാവില്‍ച്ചെന്നു മണ്ഡലഭജനം നടത്തി ദേവിയുടെ വിരോധം തീര്‍ത്തു സന്തോഷിപ്പിച്ചു. ഭട്ടതിരി ആ ഭജനകാലത്തുണ്ടാക്കിയതാണ് ‘ശ്രീപാദസപ്തതി’ എന്ന സ്തോത്രകൃതി. അതില്‍നിന്ന് ചില ശ്ലോകങ്ങള്‍ താഴെ പകര്‍ത്തുന്നു.


                 യത്‌സംവാഹനലോഭിനശശികലാ ചുഡസ്യ ഹസ്താംബുജ-
                 സ്പര്‍ശനാപി ച ലോഹിതായതിമുഹു സ്ത്വല്‍‌പാദപങ്കേരുഹം
                 തേനൈവോദ്ധതകാസരാസുരശിര ശൃംഗാഗ്രസഞ്ചൂര്‍ണ്ണന
                 പ്രാചണ്ഡ്യം തദനുഷ്ഠിതം കില കഥം മുക്തിസ്ഥേലസ്ഥശിവേ?
                 ത്വല്‍‌പാദം നിജമസ്തകേ ഘടയിതും കേ കേ നു ലോകേ ജനാഃ
                 കിം കിം നാരചയന്തി ദുശ്‌ചരതപശ്‌ചര്യാസപര്യാദികം
                 മന്യേ ധന്യതമം തു ദേവീ! മഹിഷം വൈരസ്ഥയൈവ ത്വയാ
                 യന്മൂര്‍ദ്ധനി സ്വയമേവ പാകതഹരം പാദാംബുജം പാതിതം.
                 ത്വല്‍‌പാദാഞ്ചലരൂപകല്‍‌പലതികാ ബാലപ്രവാളദ്വയം
                 യേ താവല്‍ കലയന്തീ ജാതു ശിരസാ നമ്രേണ കമ്‌റോജ്ജ്വലം
                 തേഷാമേവ ഹീ ദേവീ! നന്ദനവന ക്രീഡാസു ലഭ്യം പുനഃ
                 സ്വര്‍വ്വല്ലീതരുണപ്രവാളഭരണം സേവാനുരുപം ഫലം.
                 ഘോരം പാദസഹസ്രകം പ്രകടയന്നാശാസു ഭാസാം‌പതി-ര്‍
                 ദ്ധ്വാന്തന്നോ പുനരാന്തരം ശമയിതും ശക്നോതി ശൈലാത്മജേ?
                 ത്വല്‍‌പാദദ്വിതയേന കോമളതരേണാനേനനചേതഃസ്പൃശാ
                 ജന്തൂനാം ബഹിരന്തരന്ധതമസം കൃന്തസ്യനന്തംശിവേ!


ഭട്ടതിരി മേലേക്കാവില്‍‌പ്പോയി മണ്ഡലഭജനം നടത്തിയതും ശ്രീപാദസപ്തതിയുണ്ടാക്കിയതും ഗുരുവായൂര്‍ ഭജനത്തിടയ്ക്കായിരുന്നു. അതിനാല്‍ മേലേക്കാവിലെ ഭജനം കഴിഞ്ഞതിന്റെ ശേഷം അദ്ദേഹം വീണ്ടും ഗുരുവായൂര്‍തന്നെ ചെന്നു ഭജിച്ചുകൊണ്ടു താമസിച്ചു. അതിനിടയ്ക്ക് ഒരു ദിവസം ഗുരുവായൂരപ്പന്‍ ഭട്ടതിരിയോട് “ഒടുക്കം മുക്തി ലഭിക്കുന്നതിനും ‘മുക്തിസ്ഥലത്തു’ തന്നെ പോവുകയാണ് നല്ലത്” എന്നരുളിച്ചെയ്യുകയാല്‍ ഭട്ടതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭജനം മതിയാക്കിയതിന്റെ ശേഷം അജീവനാന്തം മേലേക്കാവില്‍ തിങ്കള്‍ഭജനം നടത്തുകയും ഒടുക്കം അവിടെവച്ചുതന്നെ ചരമഗതിയെ പ്രാപിക്കുകയും ചെയ്തുവെന്നാണ് കേള്‍വി.


ഭാഗവതോത്തമനും ഭാഗവതപാരായണനുമായിരുന്ന കൂടല്ലൂര്‍ കുഞ്ഞിക്കാവുനമ്പൂരിപ്പാട്ടിലേക്കു മേലേക്കാവില്‍ ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. അദ്ദേഹം ആണ്ടുതോറും നവരാത്രികാലത്ത് അവിടെച്ചെന്ന് ദേവിയെ ഭജിച്ചുകൊണ്ട് താമസിക്കുകയും മുടക്കംകൂടാതെ ഭാഗവതപാരായണം നടത്തുകയും പതിവായിരുന്നു. കൂടല്ലൂര്‍ നമ്പൂരിപ്പാടു വന്നു ഭാഗവതപാരായണം തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞാല്‍ എവിടെയായാലും അതു കേള്‍ക്കുന്നതിന് അസംഖ്യമാളുകള്‍ വന്നുകൂടുകയും അവരെല്ലാവരും യഥാശക്തി കുറേശ്ശേ പണം നമ്പൂരിപ്പാട്ടിലെ മുമ്പില്‍‌വെച്ചു വന്ദിക്കുകയും പതിവായിരുന്നു. അങ്ങനെ വരുന്ന പണമൊന്നും നമ്പൂരിപ്പാടെടുത്തു സമ്പാദിക്കുക പതിവില്ല. എവിടെയായാലും അതതു സ്ഥലങ്ങളില്‍ ആ പണം മുഴുവനും ഈശ്വരാര്‍ത്ഥമായി ചെലവു ചെയ്യുകയാണ് പതിവ്. അവിടെ വച്ചുണ്ടായ പണം ശേഖരിച്ചുവെച്ചു ക്ഷേത്രത്തിനു ജീര്‍ണ്ണോദ്ധാരണം ചെയ്യിക്കുകയും ചെമ്പുപലക അടിപ്പിക്കുകയും ചെയ്തു. പിന്നെ നവരാത്രികാലത്തു അവിടെക്കൂടുന്ന ബ്രാഹ്മണര്‍ക്കു പതിവായി അത്താഴം കൊടുക്കുന്നതിലേക്കായി ആയിരമുറുപ്പിക ദേവസ്വത്തില്‍ ഏല്‍‌‌പ്പിക്കുകയും ചെയ്തു.


മേലേക്കാവിലെ പ്രധാന വഴിപാടു മണ്ഡലക്കാലത്തു വാരം കഴിക്കുകയാണ്. അതു ചുരുക്കത്തിലായാല്‍‌പ്പോര. ആയിരം നേന്ത്രപ്പഴംകൊണ്ടു പ്രഥമനും, വലിയ പപ്പടം, പഞ്ചസാര, ശര്‍ക്കരപുരട്ടിയുപ്പേരി മുതലായ വിഭവങ്ങളും വേണം. ഓരോ കാര്യങ്ങള്‍ സാധിക്കുന്നതിനായി ഈ വഴിപാടു പലരും നടത്താറുണ്ട്. എങ്കിലും കൊല്ലത്തില്‍ നാലഞ്ചു വാരത്തിലധികം ഉണ്ടാകാറില്ല. ആയിരം പഴംകൊണ്ടു പ്രഥമനുള്ള വാരം നടത്തുന്ന ദിവസം ദേവിക്കു പതിനെട്ടു പറ അരി വെച്ചു വെള്ള നിവേദ്യം വേണം. അതിനാല്‍ ഈ വഴിപാടു ഒരു വിധം ധനികന്മാര്‍ക്കല്ലാതെ നടത്തിവാന്‍ സാധിക്കുകയില്ല. വാരമില്ലാത്ത ദിവസങ്ങളില്‍ അവിടെ ബ്രാഹ്മണര്‍ക്ക് അത്താഴത്തിനു മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. അതിനാലാണു കൂടല്ലൂര്‍ നമ്പൂരിപ്പാട് അത്താഴത്തിനു വകവെച്ചുകൊടുത്തത്.


ഇവിടെ ‘കെട്ടുമാല’ എന്നൊരു വഴിപാടും പതിവുണ്ടായിരുന്നു. ഓരോ കാര്യങ്ങള്‍ സാധിക്കുന്നതിനായി ഇതു പലരും പ്രാര്‍ത്ഥിക്കുകയും കാര്യങ്ങള്‍ സാധിക്കുകയും വഴിപാടു നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭക്തിയോടുകൂടിയല്ലാതെ ഊറ്റം കാണിക്കുന്നതിനായി വഴിപാടു നടത്തുക ദേവിക്കു ഒട്ടും ഇഷ്ടമില്ല. അങ്ങനെ നടത്തുന്ന വഴിപാടുകള്‍ അവിടെ ഒരിക്കലും ശരിയായി നടക്കാറുമില്ല. ആ വഴിപാടിന്റെ സ്വഭാവമെങ്ങനെയെന്നാല്‍, ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രപറമ്പിലുള്ള വൃക്ഷത്തിന്മേല്‍‌പ്പോലും നിറച്ചു മാലകള്‍ ചാര്‍ത്തുകയും വിളക്കുകള്‍ വെയ്ക്കുകയും കീഴേക്കാവില്‍‌വെച്ചു കേമമായി സദ്യ നടത്തുകയുമാണ്. ഒരിക്കല്‍ കുതിരവട്ടത്തു നായരുടെ ഭവനത്തിലെ മൂത്ത നേത്യാര് ഇവിടെ ഒരു കെട്ടുമാല കഴിക്കുകയുണ്ടായി. അതു തന്റെ ധനശക്തിയും പ്രഭാവവും കാണിക്കാന്‍‌കൂടിയായിരുന്നു. നേത്യാരു നേരത്തെ തൊഴാനായിട്ടു ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ത്തന്നെ വഴിപാടു നടത്താന്‍ ചുമതലക്കാരായ ക്ഷേത്രസംബന്ധികളോടും മറ്റും “പണം എത്രയായാലും വിരോധമില്ല, കെട്ടുമാല ഇടിപൊടിയാകണം” എന്നുപറഞ്ഞു പ്രത്യേകം ചട്ടംകെട്ടി. നേരം സന്ധ്യയാകാറായപ്പോള്‍ മുതല്‍ രാത്രി മുഴുവനും അതികലശലായിട്ടുള്ള ഇടിയും മഴയും കാറ്റുമുണ്ടായിരുന്നതിനാല്‍ അന്നു സാമാന്യം പോലെ വിളക്കുവെയ്ക്കുന്നതിനും മാല ചാര്‍ത്തുന്നതിനും മറ്റും സാധിച്ചില്ല. അഹമ്മതിയോടുകൂടി അവിടെ വരുന്നവര്‍ക്കെല്ലാം ഇച്ഛാഭംഗത്തോടുകൂടിയല്ലാതെ മടങ്ങിപ്പോകാന്‍ ഒരിക്കലും സാധിക്കാറില്ല.


മേലേക്കാവില്‍ ഭഗവതിക്കു വിശേഷദിവസങ്ങളില്‍ അരയ്ക്കു മേല്പോട്ടു ചന്ദനം ചാര്‍ത്തുക പതിവുണ്ട്. അത് ഓരോരുത്തരുടെ വഴിപാടായിട്ടാണ് പതിവ്. അവിടെ ചാര്‍ത്താന്‍ അനവധി തിരുവാഭരണങ്ങളും വഴിപാടായിത്തന്നെ വരും. അവിടെ ക്ഷേത്രത്തില്‍ അശുദ്ധി ബാധിച്ചാല്‍ പുണ്യാഹം പതിവില്ല. പൂവും മാലയുമെല്ലാമെടുത്തു പുറത്തിട്ടു വെള്ളമൊഴിച്ചു ബിംബം കഴുകുക മാത്രമെ പതിവുള്ളു. പൂവും മാലയുമെടുത്തു പുറത്തിടുന്നതിനോടുകൂടി തിരുവാഭരണങ്ങളുമെടുത്തു പുറത്തിടും. ആ തിരുവാഭരണങ്ങളെല്ലാം കിഴക്കേക്കാവിലേയ്ക്കെടുത്തു മുതല്‍ക്കൂട്ടി അവിടെ സൂക്ഷിക്കും. അങ്ങനെയാണ് പതിവ്.


അവിടെ ശ്രീകോവിലിനകത്തു ബിംബത്തിന്റെ മുമ്പില്‍ തറയില്‍ ഒരു ദ്വാരമുണ്ട്. അത് എപ്പോഴും ഒരു പലകകൊണ്ട് അടച്ചിരിക്കും. ആവശ്യം‌പോലെ ആ പലക മാറ്റി ആ ദ്വാരത്തില്‍ കൈയിട്ടു നോക്കിയാല്‍ ഒരു മാതിരി കല്ലു കിട്ടും. അതിനു ‘മുക്കോലക്കല്ല്’ എന്നാണു പേരു പറഞ്ഞുവരുന്നത്. ആ കല്ലു സ്വര്‍ണ്ണംകൊണ്ടോ വെള്ളികൊണ്ടോ കെട്ടിച്ചു ദേഹത്തില്‍ ധരിച്ചാല്‍ ദുര്‍ദ്ദേവതമാരുടെ ഉപദ്രവവും മഹാരോഗങ്ങളും ഉണ്ടാവുകയില്ല. അതിനാല്‍ ആ കല്ലു വാങ്ങിക്കൊണ്ടുപോകാനായി അവിടെ അസംഖ്യമാളുകള്‍ വരുന്നുണ്ട്. ആവശ്യക്കാര്‍ തലേദിവസംതന്നെ അവിടെച്ചെന്നു ശാന്തിക്കാരനെപ്പറഞ്ഞേല്‍‌പ്പിക്കണം. പിറ്റേദിവസം കാലത്തെ കുളിച്ച് അമ്പലത്തില്‍ച്ചെന്നു ദേവീദര്‍ശ്ശനവും യഥാശക്തി വഴിപാടും ശാന്തിക്കാരനു ദക്ഷിണയും കഴിച്ചാല്‍ ശാന്തിക്കാരന്‍ അടപ്പുപലക മാറ്റി ദ്വാരത്തില്‍ കൈയിട്ടു കല്ലെടുത്തു കൊടുക്കും. ഈ കല്ലു കെട്ടിച്ച് സ്ത്രീകള്‍ കഴുത്തിലും പുരുഷന്മാര്‍ അരയിലുമാണ് ധരിക്കുക പതിവ്.


“നമ്പൂരിമാര്‍ക്ക് ഊരായ്മയുള്ള ക്ഷേത്രത്തിലെ സ്വത്തുകളെല്ലാം വാരം കഴിച്ചും പൂരം ഘോഷിച്ചും തമ്മിത്തല്ലി വ്യവഹാരങ്ങള്‍ നടത്തിയും നശിപ്പിക്കുകയും ഒടുക്കം അവരും നശിക്കുകയുമാണ് പതിവ്” എന്നു ജനങ്ങളുടെ ഇടയില്‍ ഒരു സംസാരവും വിശ്വാസവുമുള്ളതിനു മേലേക്കാവിലെ സ്ഥിതിയും ഒട്ടും വ്യത്യാസമായിരിക്കുന്നില്ല.