ഈ ഭഗവതീക്ഷേത്രം തിരുവിതാംകൂര്‍ സംസ്ഥാനത്തു കോട്ടയം താലൂക്കില്‍ കോടിമതദേശത്തും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മൂര്‍ത്തി സാക്ഷാല്‍ ഭദ്രകാളിയുമാണ്.
ഭവനത്തില്‍നിന്ന് ഒരാള്‍ കൊല്ലവര്‍ഷം നാലാം ശതകത്തില്‍ ശ്രീപോര്‍ക്കലിയില്‍ പോയി ഭക്തിപൂര്‍വ്വം ഭഗവതിയെസ്സേവിച്ചു. അങ്ങനെ രണ്ടുമൂന്നു കൊല്ലം കഴിഞ്ഞതിന്റെ ശേഷം ഒരു ദിവസം രാത്രിയില്‍ അദ്ദേഹം കണ്ണടച്ചു ദേവിയെ ധ്യാനിച്ചുകൊണ്ടിരുന്ന സമയം ആരോ അടുക്കല്‍ച്ചെന്ന്, 'നിന്റെ ഭക്തിവിശ്വാസാദികള്‍ കൊണ്ടും സേവ കൊണ്ടും ഞാന്‍ ഏറ്റവും സന്തുഷ്ടയായിത്തീര്‍ന്നിരിക്കുന്നു. നീയിനി ഇവിടെ താമസിക്കണമെന്നില്ല. നിന്റെ മുമ്പിലിരിക്കുന്ന നാന്ദകം വാള്‍ എടുത്തു കൊണ്ടുപൊയ്ക്കൊള്‍ക. ഈ വാള്‍ വെച്ച് എന്നെ ധ്യാനിച്ചു പതിവായി പൂജിച്ചുകൊണ്ടാല്‍ നിന്റെ സകലാഭീഷ്ടങ്ങളും സിദ്ധിക്കും' എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ കണ്ണു തുറന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഒരു നാന്ദകം വാള്‍ തന്റെ മുമ്പില്‍ ഇരിക്കുന്നതായി അദ്ദേഹം കണ്ടു. അതിനാല്‍ താന്‍ കേട്ടതു ഭഗവതിയുടെ കല്‍പനയാണെന്നും ഈ വാള്‍ തന്റെ മുമ്പില്‍ കൊണ്ടു വന്നുവെച്ചത് ഭഗവതി തന്നെയാണെന്നും വിശ്വസിച്ച് അദ്ദേഹം ആ വാളുമെടുത്തുകൊണ്ട് അവിടെനിന്നു മടങ്ങി സ്വദേശത്തേയ്ക്കു പുറപ്പെട്ടു.
ആ ദേവീഭക്തന്‍ ഏതാനും ദിവസങ്ങള്‍കൊണ്ട് സ്വദേശത്തിനു സമീപം കുമരനല്ലൂര്‍ ക്ഷേത്രസന്നിധിയിലെത്തുകയും തനിക്കു ശ്രീപോര്‍ക്കലിയില്‍നിന്നു കിട്ടിയ വാള്‍ വെച്ചു പൂജിക്കുന്നതിനു സകൗര്യമുള്ളതായ ഒരു സ്ഥലം തന്നാല്‍ കൊള്ളാമെന്ന് അവിടെ ദേവസ്വാധികാരികളും ഊരണ്‍മയോഗക്കാരുമായ മഹാബ്രാഹ്മണരോട് അപേക്ഷിക്കുകയും ചെയ്തു.
അക്കാലത്തു കുമാരനല്ലൂര്‍ കാര്‍ത്ത്യായനീക്ഷേത്രത്തില്‍ കൊല്ലം തോറും ഇരുപത്തെട്ടു ദിവസത്തെ ഉത്സവമുണ്ടായിരുന്നു. തുലാമാസത്തില്‍ രോഹിണിനാള്‍ കൊടിയേറ്റും വൃശ്ചികമാസത്തില്‍ രോഹിണിനാള്‍ ആറാട്ടുമായിരുന്നു പതിവ്. കൊടിയേറിയാല്‍ ഉത്സവാവസാനം വരെ എല്ലാ ദിവസവും കാലത്തുകാലത്ത് ആറാട്ടും പതിവുണ്ടായിരുന്നു. ആ ആറാട്ട് ഓരോ ദിവസം ഓരോ ദേശത്തായിരുന്നു പതിവ്. ആ കൂട്ടത്തില്‍ ഒരു ദിവസത്തെ ആറാട്ടു കോടിമതയാണ് നടത്തിയിരുന്നത്. ആ ദേശത്തു കുമാരനല്ലൂര്‍ ദേവസ്വം വകയായി ഒരു ചെറിയ കൊട്ടാരവുമുണ്ടായിരുന്നു. ഭഗവതിയെ ആറാട്ടിനായി കോടിമതെ എഴുന്നള്ളിച്ചാല്‍ 'കോടൂരാര്‍' എന്നു പറഞ്ഞുവരുന്ന നദിയില്‍ ആറാട്ടുകഴിച്ചു തിരിച്ചെഴുന്നള്ളിക്കുന്ന സമയം മേല്‍പറഞ്ഞ കൊട്ടാരത്തില്‍ ഇറക്കിയെഴുന്നള്ളിച്ച് ഒരു പൂജ നടത്താറുണ്ടെന്നല്ലാതെ ആ കൊട്ടാരം കൊണ്ടു ദേവസ്വത്തിലേയ്ക്ക് വലിയ ഉപയോഗമൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ നാന്ദകം വാള്‍ ആ കൊട്ടാരത്തില്‍ കൊണ്ടുചെന്നുവെച്ചു പൂജിച്ചു കൊള്ളുന്നതിന് ഊരാണ്മ യോഗക്കാര്‍ അനുവദിക്കുകയും ആ ഭക്തന്‍ അപ്രകാരം ചെയ്തുതുടങ്ങുകയും ചെയ്തു. അപ്പോല്‍ അദ്ദേഹത്തിന്റെ താമസവും ആ കൊട്ടാരത്തില്‍ ത്തന്നെ ആയിയെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ.
ദേവീഭക്തനായ അദ്ദേഹം വലിയ മാന്ത്രികനായിരുന്നു. അതിനാല്‍ അദ്ദേഹം കോടിമതക്കൊട്ടാരത്തില്‍ താമസമായതിന്റെ ശേഷം ചില ബാധോപദ്രവക്കാരും മറ്റും അദ്ദേഹത്തിന്റെ അടുക്കല്‍ ചെല്ലുകയും അദ്ദേഹം ഭസ്മം ജപിചുകൊടുത്ത് ഉപദ്രവങ്ങളെല്ലാം മാറ്റുകയും ചെയ്തുതുടങ്ങി. ഉന്മാദം, അപസ്മാരം മുതലായവ പോലും മാറ്റുന്നതിന് അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അദ്ദേഹം ഭസ്മം ജപിച്ചിടുകയോ അദ്ദേഹം ജപിച്ചു കൊടുക്കുന്ന ഭസ്മം തൊടുകയോ ചെയ്താല്‍ സകല ദുഷ്ടബാധകളും തല്‍ക്ഷണം ഒഴിയുമായിരുന്നു. അതിനാല്‍ ബാധോപദ്രവക്കാരും ഭ്രാന്തന്മാരും മറ്റുമായ അസംഖ്യമാളുകള്‍ ദിവസം തോറും അദ്ദേഹത്തിന്റെ അടുക്കല്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ വരുന്നവരെല്ലാം XXXXശക്തി പണവും മറ്റും അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചു വന്ദിക്കുകയും പതിവായിരുന്നു. എന്നാല്‍ അദ്ദേഹം അതൊന്നും എടുക്കാറില്ല. ഭക്തികൊണ്ടു വിരക്തനായിത്തീര്‍ന്നിരുന്ന അദ്ദേഹത്തിനു പണം എന്തിനാണ്? അദ്ദേഹത്തിനു ഭക്ഷണം തന്നെ ഒരു നേരമേ ഉണ്ടായിരുന്നുള്ളു. കാലത്തെ കുളിയും നിത്യകര്‍മ്മാനുഷ്ഠാനങ്ങളും കഴിഞ്ഞാല്‍ നാഴിയരി വെച്ചു ഭഗവതീപൂജയ്ക്കു നിവേദ്യം കഴിക്കും. പൂജ കഴിഞ്ഞാല്‍ ആ നാഴിയരിയുടെ ചോറു ഭക്ഷിക്കും. പിന്നെ ജലപാനം പോലും കഴിക്കുകയുമില്ല. അങ്ങനെയാണ് അദ്ദേഹം ദിവസവൃത്തി കഴിച്ചിരുന്നത്. അദ്ദേഹത്തിനു പൂജയ്ക്കാവശ്യമുള്ള നാഴിയരിയും കുറെ പൂവും കൊണ്ടുചെന്നു കൊടുക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ മുന്‍പില്‍ കാഴ്ചയായും ദക്ഷിണയായും വരുന്ന പണമെല്ലാം എടുത്തുകൊണ്ടു പോകാം. അതിനാല്‍ ദിവസം പ്രതി അദ്ദേഹത്തിനു വേണ്ടുന്ന അരിയും പൂവും കൊണ്ടുചെന്നു കൊടുക്കുന്നതിനു പലരും സന്നദ്ധരായിരുന്നു. നാഴിയരിയും കുറെ പൂവും കൊണ്ടുചെന്നു കൊടുത്താല്‍ പത്തും നൂറും ചിലദിവസങ്ങളില്‍ ആയിരവും പണം വീതം കിട്ടുമെന്നു വന്നാല്‍ അതിലേയ്ക്ക് ആളുകള്‍ സന്നദ്ധരാകുന്നത് ഒരത്ഭുതമല്ലല്ലോ.
ഇങ്ങനെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ വര്‍ത്തമാനം അദ്ദേഹത്തിന്റെ കുടുംബക്കാര്‍ അറിയുകയും അവിടെനിന്ന് (അമയന്നൂരുണ്ടായിരുന്ന ഗൃഹത്തില്‍നിന്ന്) ചില പുരുഷന്മാര്‍ കോട്ടയത്തെത്തി അദ്ദേഹത്തോടുകൂടി താമസിക്കുകയും അദ്ദേഹത്തിനു പൂജയ്ക്കു വേണ്ടുന്ന അരിയും പൂവും ശേഖരിച്ചു കൊടുക്കുകയും അദ്ദേഹത്തിന്റെ മുമ്പില്‍ ദിവസം പ്രതി വന്നുകൊണ്ടിരുന്ന പണമെടുത്ത് കുടുംബത്തിലേയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു തുടങ്ങി. ആ കുടുംബക്കാര്‍ക്ക് അന്നു നിത്യവൃത്തിക്കു വളരെ ഞെരുക്കമായിരുന്നു. സ്വകുലവിദ്യയായിരുന്ന 'തീയാട്ട്' (ഭദ്രകാളീപ്രസാദത്തിനായി നടത്തുന്ന ഒരു വഴിപാട്) എന്ന അടിയന്തിരം വല്ലവരും ആവശ്യപ്പെട്ടാല്‍ പോയിക്കഴിച്ച് അതിനുകിട്ടുന്ന ആദായം കൊണ്ടാണ് ആ കുടുംബക്കാര്‍ ഉപജീവനം കഴിചുപോന്നിരുന്നത്. അവര്‍ക്ക് ഈ ആദായം കൂടി ഉണ്ടായപ്പോള്‍ ദിവസവൃത്തിക്ക് ഒട്ടും ഞെരുക്കമില്ലാതെയായിത്തീര്‍ന്നു.
ഇങ്ങനെ ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ഭഗവതീഭക്തന്‍ പ്രായാധിക്യം നിമിത്തം ഏറ്റവും പരവശനായിത്തീരുകയാല്‍ തന്റെ ജ്യേഷ്ഠഭ്രാതൃപുത്രന്മാരില്‍ മൂത്തയാളെ അടുക്കല്‍ വിളിച്ചിരുത്തി ചില മന്ത്രങ്ങളും ഭഗവതിയെ സേവിക്കാനുള്ള മുറകളും പൂജാക്രമങ്ങളും ഉപദേശിക്കുകയും തന്റെ കൈവശമുണ്ടായിരുന്ന മന്ത്രവാദഗ്രന്ഥങ്ങള്‍ കൈയ്യില്‍ കൊടുക്കുകയും ചെതിട്ട്, 'മന്ത്രവാദികള്‍ പഠിച്ചും അറിഞ്ഞും ഇരിക്കേണ്ടതെല്ലാം ഈ ഗ്രന്ഥങ്ങളിലുണ്ട്. ഭഗവതിയെ ഭക്തിപൂര്‍വ്വം സേവിച്ചുകൊണ്ടിരുന്നാല്‍ ഈ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുവയെല്ലാം ചെയ്താല്‍ ശരിയായി ഫലിക്കും. ദേവിയെക്കുറിച്ചുള്ള ഭക്തിയം സേവയും കുറഞ്ഞാല്‍ ഫലവും അതിനനുസരണമായിരിക്കും. അതിനാല്‍ ഭഗവതിയെ ഞാനിപ്പോള്‍ സേവിച്ചു വരുന്നതു പോലെ നീയും സേവിച്ചുകൊണ്ടിരിക്കുകയും അവസാന കാലത്തു നീയും ഞാനിപ്പോള്‍ ചെയ്തതുപോലെ അന്നു കുടുംബത്തില്‍ മൂത്തയാള്‍ക്കു വേണ്ടതെല്ലാം ഉപദേശിച്ചുകൊടുക്കുകയും ചെയ്യണം. അങ്ങനെ പാരമ്പര്യമുറയ്ക്ക് എല്ലാവരും ചെയ്തുകൊള്ളട്ടെ. ഗ്രന്ഥങ്ങളില്‍ ചില കഠിനപ്രവര്‍ത്തികള്‍ ചെയ്യുന്നതിനും പറഞ്ഞിട്ടുണ്ട്. അവയൊന്നും ചെയ്യാതെയിരിക്കുകയാണ് നല്ലത്. പെട്ടന്ന് ഫലസിദ്ധിയും ധനലക്ഷിയുമുണ്ടാകുന്നതിന് ദുഷ്കര്‍മ്മങ്ങളാണ് അധികം ഉപയോഗപ്പെടുന്നതെന്ന് ഒരു പക്ഷമുണ്ട്. എങ്കിലും അതു നല്ലതല്ല. ദേവിയെ വേണ്ടതുപോലെ സേവിച്ചുകൊണ്ടാല്‍ ഏതു കര്‍മ്മത്തിനും ഫലസിദ്ധിയും ധനലാഭവുമുണ്ടാകും. എങ്കിലും ധനമധികം സമ്പാദിക്കുന്നതും നല്ലതല്ല. ധനം ക്രമത്തിലധികം വര്‍ദ്ധിച്ചാല്‍ ദേവിയെ ക്കുറിച്ചുള്ള ഭക്തിയും ദേവിയിങ്കലുള്ള പ്രതിപത്തിയും കുറഞ്ഞു പോകും. അതിനാല്‍ ധനകാംക്ഷ കൂടാതെ ഭഗവതിയെ ഭക്തിപൂര്‍വ്വം സേവിച്ചു കൊണ്ടിരുന്നാല്‍ മതി. എന്നാല്‍ വേണ്ടതെല്ലാം ഭക്തവത്സലയായ ദേവി ഉണ്ടാക്കിത്തരും. തന്റെ ഭക്തന്മാര്‍ കഷ്ടപ്പെടരുതെന്നുള്ള വിചാരം കരുണാനിധിയായ ദേവിക്ക് ഉണ്ടാകാതെയിരിക്കില്ല. എന്റെ അവസാന കാലം അടുത്തിരിക്കുന്നു. അതുകൊണ്ടാണ് ഞാന്‍പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ക്കുന്നത്. നിനക്കു ദേവീപ്രസാദം മൂലം സര്‍വ്വവിധമംഗളങ്ങളും ഭവിക്കട്ടെ' എന്നു പറഞ്ഞ് അദ്ദേഹം തന്റെ കൈകള്‍ ആ സഹോദരപുത്രന്റെ ശിരസ്സില്‍വെച്ച് അനിഗ്രഹിക്കുകയും അനന്തരം അധികനാള്‍ കഴിയുന്നതിനുമുമ്പു തന്നെ അനായാസേന ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. ആ ദേവീഭക്തന്‍ ഒരു വിരക്തനും നിത്യ ബ്രഹ്മചാരിയുമായിരുന്നുവെന്നും അദ്ദേഹം മരിച്ചപ്പോള്‍ പ്രായം നൂറ്റേഴു വയസ്സായിരുന്നുവെന്നുമാണ് കേട്ടിട്ടുള്ളത്.
ശ്രീപോര്‍ക്കലിയില്‍പ്പോയി ഭഗവതിയെസ്സേവിച്ചു കൊണ്ടുവന്ന ആളോളം തന്നെ ഭക്തിയും വിശ്വാസവും ദേവീസേവയിലുള്ള പ്രതിപത്തിയും ആ സ്ഥനത്തു പിന്നെ വന്നയാള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, അദ്ദേഹം മുന്‍പിരുന്ന ആളെപ്പോലെ ബ്രഹ്മചാരിയുമല്ലായിരുന്നു. അദ്ദേഹം വിവാഹം കഴിച്ചു ഭാര്യാപുത്രാദികളോടുകൂടി താമസിച്ചിരുന്ന ആളായിരുന്നു. അദ്ദേഹം ദേവിയെ പൂജിക്കുകയും സേവിക്കുകയും ചെയ്തു കൊണ്ടു കോട്ടയത്തുതന്നെ സ്ഥിരതാമസമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യാപുത്രാദികളും അവിടെ വന്നു ചേര്‍ന്നു. പിന്നെ അവരെല്ലാവരും ആ കൊട്ടാരത്തില്‍ത്തന്നെ താമസമായി. അത് ഭഗവതിക്ക് ഒട്ടും ഹിതമായില്ല. അതിനാല്‍ ആ കുടുംബക്കാര്‍ക്ക് ചില ഉപദ്രവങ്ങള്‍ നേരിട്ടു തുടങ്ങി. എന്നു മാത്രമല്ല, ദേവിയുടെ സേവകനായിരുന്ന ഗൃഹനായകന്‍ രാത്രി കാലങ്ങളില്‍ കിടന്നുറങ്ങുന്ന സമയം, ആരോ ഒരാള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന്, 'ഞാനിരിക്കുന്ന സ്ഥലത്തു കുടുംബസഹിതം താമസിച്ചുകൂടാ. അതിനാല്‍ നിന്റെ ഭാര്യയേയും മറ്റും ഇവിടെനിന്നു മാറ്റിത്താമസിപ്പിക്കണം. അല്ലെങ്കില്‍ എന്നെ ഇവിടെനിന്നു മാറ്റി കുടിയിരുത്തണം' എന്നു പറയുകയും ഭയപ്പെടുത്തുകയും പതിവായിത്തീര്‍ന്നു. ഇങ്ങനെ തന്റെ അടുക്കല്‍ വന്നു പതിവായിപ്പറയുന്നതു ഭഗവതി തന്നെയാണെന്നും കുടുംബത്തില്‍ ഉപദ്രവങ്ങളുണ്ടാവുന്നതു ഭഗവതിയുടെ വിരോധം കൊണ്ടാണെന്നും അദ്ദേഹത്തിനു തോന്നി. എങ്കിലും തീര്‍ച്ചപ്പെടുത്താനായി അദ്ദേഹം ഒരു നല്ല പ്രശ്നക്കാരനെക്കൊണ്ടു പ്രശ്നം വെയ്പിച്ചു നോക്കിക്കുകകൂടി ചെയ്തു. അപ്പോള്‍ അദ്ദേഹം വിചാരിച്ചതു പോലെത്തന്നെ പ്രശ്നക്കാരനും വിധിച്ചു. അതിനാല്‍ ഒരു ക്ഷേത്രം പണിയിച്ച് ഭഗവതിയെ മാറ്റി കുടിയിരുത്തണമെന്ന് അദ്ദേഹം തീര്‍ച്ചപ്പെടു ത്തുകയും അതിനായി ശ്രമിച്ചുതുടങ്ങുകയും ചെയ്തു.
ഇപ്പോള്‍ പള്ളിപ്പുറത്തുകാവുക്ഷേത്രമിരിക്കുന്ന സ്ഥലവും അന്നു കുമാരനല്ലൂര്‍ ദേവസ്വം വകയായിരുന്നു. ആ സ്ഥലം അദ്ദേഹം ക്ഷേത്രം പണിയിക്കുന്നതിനായി ഊരാണ്‍മയോഗക്കാരോട് എഴുതിവാങ്ങി. പിന്നെ അദ്ദേഹം തന്റെ ആഗ്രഹവും ആവശ്യവും വയസ്ക്കര പോറ്റിയുടെ അടുക്കല്‍ അറിയിച്ചു. ഇപ്പോള്‍ വയസ്ക്കര മൂസ്സ് എന്നു പറഞ്ഞുവരുന്ന വരുടെ ഇല്ലത്തുള്ളവരെ അക്കാലത്ത് വയസ്ക്കര പോറ്റി എന്നാണ് പറഞ്ഞുവന്നിരുന്നത്. വയസ്ക്കര പോറ്റി അന്നു നാടുവാഴ്ചയുണ്ടായിരുന്ന തെക്കുംകൂര്‍ രാജാവിന്റെ വൈദ്യനായിരുന്നു. കോടിമത, തിരുനക്കര എന്നീ ദേശങ്ങളിന്മേലുള്ള ആധിപത്യവും തെക്കുംകൂര്‍ രാജാവ് വയസ്ക്കര പോറ്റിക്കു വിട്ടുകൊടുത്തിരുന്നു. മേല്‍പറഞ്ഞ ദേശങ്ങളിലെ ജനങ്ങളെ രാജാവു വയസ്ക്കര പോറ്റിക്കു മരുന്നുകള്‍ പറിച്ചുകൊണ്ടുചെന്നു കൊടുക്കുന്നതിനും മറ്റുമായി ആജ്ഞാകാരന്മാരാക്കി നിയമിക്കുകയും ചെയ്തിരുന്നു. ഈ ദേശങ്ങളിന്മേല്‍ അന്നു സര്‍ക്കാരിലേക്കു സിവില്‍ ക്രിമിനല്‍ അധികാരങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളു. നികുതി പിരിച്ചെടുക്കുന്നതിനും മറ്റുമുള്ള അധികാരങ്ങളെല്ലാം വയസ്ക്കര പോറ്റിക്കായിരുന്നു. അതിനാല്‍ ഈ ദേശത്ത് ഏതു കാര്യം നടത്തുന്നതിനും വയസ്ക്കര പോറ്റിക്ക് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. പ്രത്യുത, അദ്ദേഹത്തിന്റെ അനുവാദവും സമ്മതവും കൂടാതെ ഈ ദേശത്ത് യാതൊരു കാര്യവും നടക്കുകയുമില്ലായിരുന്നു. ഇതെല്ലാം കൊണ്ടുമാണ് ദേവീസേവകനായ ആ ഉണ്ണി തന്റെ ആഗ്രഹം വയസ്ക്കര പോറ്റിയുടെ അടുക്കല്‍ അറിയിച്ചത്. അദ്ദേഹം വയസ്ക്കര പോറ്റിയുടെ അനുവാദവും ആനുകൂല്യവും സകലവിധ സഹായങ്ങളും ദേശക്കാരുടെ സഹകരണവും നിമിത്തം നിഷ്പ്രയാസം അചിരേണ ക്ഷേത്രം പണികഴിപ്പിക്കുകയും പ്രസിദ്ധ തന്ത്രിയായ ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പാടിനെ വരുത്തി അദ്ദേഹ ത്തിനെക്കൊണ്ട് ഒരു സുമുഹൂര്‍ത്തത്തില്‍ ഭഗവതിയെ അവിടെ കുടിയിരുത്തിച്ചു കലശം മുതലായവ നടത്തിക്കുകയും വയസ്ക്കര പോറ്റി മുതലായവരുടെ സമ്മതപ്രകാരം ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പാട് ആ ക്ഷേത്രത്തിന് 'പള്ളിപ്പുറത്തുകാവ്' എന്നു പേരിടുകയും ചെയ്തു. ഇപ്രകാരമാണ് പള്ളിപ്പുറത്തുകാവിന്റെ ഉത്ഭവം.
ക്ഷേത്രം പണിയിച്ചു ഭഗവതിയെ അവിടെ കുടിയിരുത്തി ക്കഴിഞ്ഞപ്പോള്‍ അക്കാലം വരെ ദേവിയെ പൂജിച്ചുകൊണ്ടിരുന്നയാള്‍ക്കു മേലാല്‍ ഈ ദേവിയെ പൂജിക്കുന്നതിനു താനായാല്‍ മതിയാവുകയില്ലെന്നു തോന്നുകയാല്‍ അന്നുമുതല്‍ ക്ഷേത്രത്തില്‍ ശാന്തിക്കു ബ്രാഹ്മണരെ നിയമിച്ചു നടത്തിത്തുടങ്ങുകയും അദ്ദേഹം ഭക്തിപൂര്‍വ്വം ഭഗവതിയെ സേവിച്ചുകൊണ്ടു കുടുംബസഹിതം കൊട്ടാരത്തില്‍ത്തന്നെ സ്ഥിരതാമസമാക്കുകയും അമയന്നൂരുണ്ടായിരുന്ന പൂര്‍വ്വഗൃഹം ഉപേക്ഷിക്കുകയും ചെയ്യുകയാല്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വംശ്യന്മാര്‍ക്കും 'കൊട്ടാരത്തിലുണ്ണി' എന്നുള്ള പേരുതന്നെ സ്ഥിരപ്പെട്ടു. (ഇത്രയും പറഞ്ഞതുകൊണ്ടും എന്റെ പേരു കൊണ്ടും ഇതെഴുതുന്ന ഞാനും അദ്ദേഹത്തിന്റെ വംശപരമ്പരയിലുള്‍പ്പെട്ട ആളാണെന്നുള്ള പരമാര്‍ത്ഥം വായനക്കാര്‍ ഊഹിച്ചുകൊള്ളുമെന്നു വിശ്വസിക്കുന്നു. പക്ഷേ ഞാനിതു പറഞ്ഞാല്‍, 'തെക്കേ സമുദ്രത്തില്‍ സേതു ബന്ധിച്ചതു നമ്മുടെ ശ്രീരാമനമ്മാവനാണ്' എന്നൊരു ക്ഷത്രിയരാജാവും 'ഏഴു സമുദ്രങ്ങളും കുടിച്ചുവറ്റിച്ചതു നമ്മുടെ അഗസ്ത്യമുത്തച്ഛനാണ് എന്നൊരു നമ്പൂരിയും പറഞ്ഞതുപോലെ വായനക്കാര്‍ക്കും തോന്നുമായിരിക്കാം. അതിനാല്‍ അതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല.) കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവം കാലക്രമേണ വൃശ്ചികമാസത്തില്‍ രോഹിണി ആറാട്ടാകുവാന്‍ തക്കവണ്ണം പത്തുദിവസം മാത്രമായിത്തീരുകയും കോടിമതയ്ക്കുള്ള എഴുന്നള്ളിപ്പും കൊട്ടാരത്തിലുള്ള ഇറക്കിപ്പൂജയും വേണ്ടെന്നു വയ്ക്കുകയും ചെയ്യുകയാല്‍ കൊട്ടാരത്തിലെ ഇവരുടെ താമസം ക്ഷേത്രകാര്യത്തിനു പ്രതിബന്ധമായി തീര്‍ന്നുമില്ല. ഇനി പള്ളിപ്പുറത്തുകാവില്‍ ഭഗവതിയുടെ മാഹാത്മ്യത്തെക്കുറിച്ചുകൂടി സ്വല്‍പം പറയാം.
ഒരിക്കല്‍ ചെങ്ങന്നൂര്‍ക്കാരന്‍ ഒരു കരിങ്കല്‍പ്പണിക്കാരനു ഭ്രാന്തു തുടങ്ങി. അതിനു പലരെക്കൊണ്ടും പല മന്ത്രവാദങ്ങളും ചികിത്സകളും ചെയ്യിച്ചിട്ടും പല ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി ഭജനമിരുത്തീട്ടും യാതൊരു ഭേദവുമുണ്ടായില്ല. ഒടുക്കം അവനെ അവന്റെ സഹോദരന്മാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രസന്നിധിയില്‍ കൊണ്ടുപോയി ഭജനമിരുത്തി. അവിടെ നാല്‍പത്തൊന്നു ദിവസം ഭജനമിരുന്നപ്പോഴേയ്ക്കും ക്ഷേത്രത്തിന്റെ മതില്‍ക്കകത്തുകടന്നാല്‍ ഭ്രാന്തില്ല; മതില്‍ക്കു പുറത്തിറങ്ങിയാല്‍ ഭ്രാന്തു തുടങ്ങും എന്നുള്ള സ്ഥിതിയായി. അതിനാല്‍ വീണ്ടും അവിടെ ഒരു കൊല്ലം കൂടി അവനെ ഭജനമിരുത്തി. അതുകൊണ്ടും വിശേഷമൊന്നുമു ണ്ടായില്ല. അതിനാല്‍ അവന്റെ സഹോദരന്മാര്‍ നൈരാശ്യത്തോടുകൂടി അവനെ സ്വദേശത്തേക്കുതന്നെ കൊണ്ടുപോകാനായി പുറപ്പെട്ടു. ഏറ്റുമാനൂര്‍ മതില്‍ക്കു പുറത്തിറങ്ങിയപ്പോള്‍ ആ ഭ്രാന്തന്‍ ഉടുത്തിരുന്ന മുണ്ടഴിച്ചു തലയില്‍ക്കെട്ടിക്കൊണ്ടു ചാടുകയും തുള്ളുകയും മറ്റും തുടങ്ങി. ആരുപറഞ്ഞാലും അവന്‍ ഒന്നും അനുസരിക്കുകയില്ല. തെക്കോട്ടു നടക്കാന്‍ പറഞ്ഞാലവന്‍ വടക്കോട്ടു നടക്കും. ആരെങ്കിലും ദേഷ്യപ്പെട്ടു പറഞ്ഞാല്‍ അവരെ അവനടിക്കും. അതുകൊണ്ട് അവനെ അവന്റെ സഹോദരന്മാരും മറ്റും കൂടി പിടിച്ചുകെട്ടി വടിയും തടിയുമായി അടുത്തുകൂടി ഉന്തിയും തള്ളിയുമാണ് തെക്കോട്ടു കൊണ്ടു പുറപ്പെട്ടത്. അങ്ങനെ അവര്‍ ഒരുവിധം കോട്ടയത്തെത്തി. അക്കാലത്തും കോട്ടയത്തു നിന്നു തെക്കോട്ടുള്ള നാട്ടുവഴി പള്ളിപ്പുറത്തുകാവിന്റെ കിഴക്കെ നടയില്‍ക്കൂടിയായിരുന്നു. അവര്‍ നടയ്ക്കു നേരെയായപ്പോള്‍ ആ ഭ്രാന്തന്‍ അടുക്കലിരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെയിരുന്നാല്‍ എന്റെ അമ്മ എന്നെ സുഖപ്പെടുത്തിവിടും. ഞാനിവിടെ ഇരുന്നുകൊള്ളാം. എന്റെ കൂടെ നിങ്ങളാരും വേണമെന്നില്ല. നിങ്ങളെന്നെ തല്ലിയാലും കൊന്നാലും എന്റെ സുഖക്കേടു മാറിയല്ലാതെ ഞാന്‍ഇവിടെനിന്നു വരികയില്ല' എന്നു പറഞ്ഞ് നടയ്ക്കുനേരെ ഇരിപ്പായി. അപ്പോള്‍ അവിടെ ദേശക്കാരും വഴിയാത്രക്കാരുമായി അനേകം ജനങ്ങളും വന്നുകൂടി. അവരില്‍ ചിലര്‍ 'എന്നാല്‍ ഇവന്‍ ഇവിടെ കുറച്ചുദിവസം താമസിക്കട്ടെ. ഭഗവതിയുടെ കൃപ കൊണ്ട് ഇവന്റെ സുഖക്കേടു ഭേദമായി എന്നും വരാമല്ലോ' എന്നും, മറ്റുചിലര്‍ 'ഏറ്റുമാനൂര്‍ ഭജനമിരുന്നിട്ടും മാറാത്ത ഭ്രാന്താണോ ഇവിടെയിരുന്നാല്‍ മാറുന്നത്? ഇനിയെങ്ങും ഇവനെ താമസിപ്പിക്കേണ്ട. കഴിയുന്നതും വേഗത്തില്‍ ഇവനെ സ്വദേശത്തേയ്ക്കു കൊണ്ടുപോവുകയാണ് വേണ്ടത്' എന്നും, അപ്പോള്‍ വേറെ ചിലര്‍ 'അങ്ങനെ തീര്‍ച്ചയാക്കണ്ട. ഭഗവതിയുടെ മാഹാത്മ്യം അചിന്ത്യമാണ്. അതിനാല്‍ കുറച്ചു ദിവസം ഇവനിവിടെ താമസിക്കട്ടെ. ഇവന്റെ ഹിതവുമങ്ങനെയാണല്ലോ' എന്നും പറഞ്ഞ് അവര്‍ തമ്മില്‍ വാദമായി. ആ സമയം കാവില്‍ വെളിച്ചപ്പാടുതുള്ളി 'അവനെ കെട്ടഴിച്ചുവിടണം. അവന്‍ എങ്ങും പൊയ്ക്കളയുകയും ആരെയും ഉപദ്രവിക്കുകയും ചെയ്യുകയില്ല. അവനെ ഞാന്‍സൂക്ഷിക്കുകയും സുഖപ്പെടുത്തി അയയ്ക്കുകയും ചെയ്തു കൊള്ളാം. അവന്‍ എന്റെ അടുക്കല്‍ നാല്‍പത്തൊന്നു ദിവസമിരിക്കട്ടെ' എന്നു കല്‍പിചു. അതുകേട്ട് അവന്റെ സഹോദരന്മാര്‍ അവനെ അഴിച്ചുവിട്ടു. ഉടനെ ആ ഭ്രാന്തന്‍, 'ഞാനൊന്നു കുളിച്ചുവരട്ടെ' എന്നു പറഞ്ഞു തെക്കോട്ടു നടന്നു തുടങ്ങി. വെളിച്ചപ്പാടിന്റെ കല്‍പ്പനയില്‍ എല്ലാവര്‍ക്കും വിശ്വാസമുണ്ടായിരുന്നെങ്കിലും ഭ്രന്തന്റെ കാര്യത്തില്‍ ആര്‍ക്കും വിശ്വാസമില്ലായിരുന്നതിനാല്‍ ചിലര്‍ അവന്റെ പിന്നാലെ പോയി. അവന്‍ നേരെ കൊടൂരാറ്റില്‍ച്ചെന്നു കുളിച്ചു തിരിയെ കാവിലെത്തി നടയ്ക്കു നേരേ നിന്നു ഭഗവതിയെ തൊഴുതിട്ടു ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചുതുടങ്ങി. അപ്പോഴും തുള്ളിക്കൊണ്ടുതന്നെ നിന്നിരുന്ന വെളിച്ചപ്പാട് അവിടെ കൂടിയിരുന്ന ജനങ്ങളോടായി 'ഇവന്‍ കരിങ്കല്‍പ്പണി യില്‍ അതിവിദഗ്ദ്ധനും ബിംബപ്രമാണം മുതലായവ അറിയാവുന്നവനു മാണ്. ഇവന്‍ സുഖമായി ജീവിച്ചിരുന്നാല്‍ ഇവന്റെ കൂട്ടുപണിക്കാര്‍ക്കു യശസ്സും ധനലാഭവും കുറഞ്ഞുപോകുമെന്നു വിചാരിച്ച് അസൂയാലുക്കളായ കൂട്ടുകാര്‍ ഇവനു കൈവിഷം കൊടുത്തു ഭ്രാന്തുപിടിപ്പിച്ചതാണ്. നെയപ്പത്തിലാണ് ഇവനു കൈവിഷം കൊടുത്തിട്ടുള്ളത്. അത് എന്റെ ലോകര്‍ക്ക് ഇപ്പോള്‍ ഞാന്‍ബോദ്ധ്യം വരുത്തിത്തരാം. ബിംബത്തിനഭികം കഴിച്ച തീര്‍ത്ഥത്തില്‍ മഞ്ഞപ്രസാദം കലക്കി ഇവനു കൊടുക്കട്ടെ' എന്നു കല്‍പ്പിചു. ഉടനെ ചിലര്‍ ഒരു പാത്രത്തില്‍ ശാന്തിക്കാരനോടു തീര്‍ത്ഥവും പ്രസാദവും മേടിച്ചു കലക്കി ഭ്രാന്തനു കൊടുക്കുകയും അവന്‍ അതെടുത്ത് ഒട്ടും മടിക്കാതെ സന്തോഷത്തോടുകൂടി സേവിക്കുകയും ചെയ്തു. പിന്നെ ഏകദേശം ഒരു നാഴിക കഴിഞ്ഞപ്പോള്‍ അവന്‍ 'മനം മറിയുന്നു' എന്നും പറഞ്ഞ് മതില്‍ക്കു പുറത്തേയ്ക്കു പോവുകയും ഉടനെ ഒന്നു ശര്‍ദ്ദിച്ചതില്‍ നെയ്യപ്പത്തിന്റെ കഷണങ്ങള്‍ കണ്ട് എല്ലാവരും ഏറ്റവും വിസ്മയിക്കുകയും ആ കല്ലന്‍ 'ആവൂ! ഇപ്പോള്‍ എന്റെ തലയ്ക്കു വെളിവു വീണു' എന്നു പറയുകയും ചെയ്തു. ഭഗവതിയുടെ നടയില്‍ വന്നപ്പോള്‍ ത്തന്നെ അവന്റെ ഭ്രാന്തു മിക്കവാറും മാറി. കൈവിഷം ശര്‍ദ്ദിച്ചുപോവുക കൂടി ചെയ്തപ്പോള്‍ അവനു പൂര്‍ണ്ണസുഖം സിദ്ധിച്ചു. എങ്കിലും അവന്‍ നാല്‍പത്തൊന്നു ദിവസം തികച്ചും ഭക്തിപൂര്‍വ്വം ഭജിക്കുകയും ഭജനം കാലം കൂടിയതിന്റെ ശേഷം സ്വസ്ഥചിത്തനായി സസന്തോഷം സ്വദേശ ത്തേയ്ക്കു മടങ്ങിപ്പോവുകയും ചെയ്തു.
അവന്‍ സ്വദേശത്തെത്തിയതിന്റെ ശേഷം മുപ്പത്തിയാറേകാലംഗുലം നീളത്തിലും അതിനു ചേര്‍ന്ന വീതിയിലും ഘനത്തിലും ഒരു വിഗ്രഹം പണിയാന്‍ മതിയാകത്തക്കവണ്ണം ഒരു കൃഷ്ണശില കീറിയെടുത്തു വഞ്ചിയില്‍ കയറ്റിക്കൊണ്ടു വീണ്ടും കോട്ടയത്തെത്തി. ആ ശിലയെടുപ്പിച്ചു പള്ളിപ്പുറത്തുകാവു നടയില്‍ കൊണ്ടുപോയി ഇടുവിച്ചിട്ട് അതുകൊണ്ടു ഭദ്രകാളിയുടെ ഒരു ബിംബം പണിതു കുറതീര്‍ത്തു. ആ ബിംബം അവന്‍ വഴിപാടായി നടയ്ക്കുവെച്ചു ദേവിയെ വന്ദിച്ചിട്ടു വീണ്ടും സ്വദേശത്തേ യ്ക്കു പോവുകയും ചെയ്തു. ആ വിഗ്രഹം കാഴ്ചയില്‍ ഏറ്റവും ഭയങ്കരവും അതിന്റെ പണികളെല്ലാം അത്യന്തം മനോഹരങ്ങളും വിചിത്രതരങ്ങളുമാണ്. ആ കലന്‍ ഒരു കൊല്ലം കൊണ്ടാണ് അതു പണി തീര്‍ത്തത്. അത് അവന്റെ വഴിപാടായിട്ടായിരുന്നതിനാല്‍ അതിലേക്ക് യാതൊരു പ്രതിഫലവും അവന്‍ ആഗ്രഹിക്കുകയും അവന് ആരും യാതൊന്നും കൊടുക്കുകയുമുണ്ടായിട്ടില്ല. ഈ ബിംബം കണ്ടിട്ടുള്ളവരെല്ലാം ഭദ്രകാളിയുടെ ഇപ്രകാരമുള്ള ഒരു ശിലാവിഗ്രഹം മറ്റൊരു സ്ഥലത്തു മില്ലെന്നാണ് പറഞ്ഞിട്ടുള്ളത്.
xxxxxxഖഡ്ഗം, ഖേടം, കപാലം, ഗുണസൃണിഭുജഗാന്‍ ദോര്‍ഭിരന്യൈദ്ദധാനാം ഭക്താഭീഷ്ടപ്രദാത്രീം ഖലജനഭയദാം ഘോരദം ഉ്രു0ന്ധ08ാം ത്രിണേത്രാം വേതാളീകണ്ഠസംസ്ഥാം പുരമഉു015ന്ധനസുതാം ഭാവയേ ഭദ്രകാഉു0161ീം'xxxxx
എന്നുള്ള ധ്യാനശോകപ്രകാരം എട്ടു തൃക്കൈകളോടുകൂടിയും അവയില്‍ രണ്ടു തൃക്കൈകള്‍കൊണ്ട് ദാരുകാസുരനെ ശൂലത്തിന്മേല്‍ കുത്തിക്കോര്‍ത്ത് ഉയര്‍ത്തിപ്പിടിചുകൊണ്ടും വേതാളത്തിന്റെ കഴുത്തില്‍ ഇരിക്കുന്നതായിട്ടുമാണ് ആ ദേവീവിഗ്രഹം അവന്‍ പണിതീര്‍ത്തത്. ആ കല്ലന്‍ ഈ ബിംബമുണ്ടാക്കി നടയ്ക്കുവെച്ചകാലത്ത് അവിടെ യുണ്ടായിരുന്നത് ഓടുകൊണ്ടുവാര്‍ത്ത ഒരു കണ്ണാടിബിംബമായിരുന്നു. ശ്രീപോര്‍ക്കലിയില്‍നിന്നു കൊണ്ടുവന്നുവെച്ചു പൂജിച്ചിരുന്ന നാന്ദകം വാള്‍ കാലപ്പഴക്കം കൊണ്ട് തുരുമ്പുപിടിച്ചു മിക്കവാറും ദ്രവിച്ചു പോയിരുന്നതിനാല്‍ ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പാടു ഭഗവതിയെ ആ വാളിന്മേല്‍ നിന്ന് ആവാഹിച്ച് ഈ കണ്ണാടിബിംബത്തിങ്കലാക്കിയാണ് കുടിയിരുത്തിയിരുന്നത്.
ആ കല്ലന്‍ ബിംബം പണിക്കുറതീര്‍ത്തു നടയ്ക്കുവെച്ചിട്ടു പോയ തിന്റെ ശേഷം അന്നു കുടുംബത്തില്‍ മൂപ്പായിരുന്ന കൊട്ടാരത്തിലുണ്ണി ഈ വിവരം വയസ്ക്കര പോറ്റിയുടെ അടുക്കല്‍ അറിയിക്കുകയും പോറ്റി ദേശക്കാരെക്കൂടി വരുത്തിയാലോചിച്ചു, നവീകരണക്രിയകളോടുകൂടി ബിംബപ്രതിഷ്ഠയും അഷ്ടബന്ധത്തോടുകൂടി ദ്രവ്യകലശവും ക്ഷേത്ര മര്യാദപ്രകാരം പരിവാരപ്രതിഷ്ഠകളും നടത്തണമെന്നു നിശ്ചയിക്കുകയും അവയ്ക്കെല്ലാം വേണ്ടുന്ന പണം ദേശക്കാരില്‍ നിന്നും മറ്റുമായി പിരിച്ചു ശേഖരിക്കുകയും പ്രതിഷ്ഠയ്ക്കു നല്ലതായ ഒരു മുഹൂര്‍ത്തം നിശ്ചയി ക്കുകയും ചെയ്തു. തന്ത്രിയായ ഭദ്രകാളിമറ്റപ്പള്ളി നമ്പൂതിരിപ്പാടു മുതലായവരെയും ബിംബം പണിത കല്ലനേയും എഴുത്തുകളോടുകൂടി ആളുകളെ അയച്ചു മുന്‍കൂട്ടി വരുത്തി, ബിംബപരിഗ്രഹം, ജലാധിവാസം മുതലായവയോടുകൂടി ക്രിയകളും ആരംഭിച്ചു. നിശ്ചിതമുഹൂര്‍ത്തത്തില്‍ ത്തന്നെ ബിംബപ്രതിഷ്ഠയും മറ്റു ക്രിയകളുമെല്ലാം യഥാവിധി നിര്‍വ്വിഘ്നം നടന്നു. തെക്കുംകൂര്‍ രാജാവിന്റെ ആനുകൂല്യവും വയസ്ക്കര പോറ്റിയുടെ സഹായവും ദേശക്കാരുടെ സഹകരണവും വേണ്ടതുപോലെ ഉണ്ടായിരുന്നതിനാല്‍ ആ ക്രിയകള്‍ നടത്തിക്കുന്നതിനു കൊട്ടാരത്തിലുണ്ണിക്കു വലിയ പ്രയാസമൊന്നുമുണ്ടായില്ല. ഈ പ്രതിഷ്ഠയും കലശവും നടന്നത് മേടമാസം പത്താം തീയതിയായിരുന്നു. അതിനാല്‍ ആ ദിവസത്തെ ആണ്ടുതോറും ആ ക്ഷേത്രത്തില്‍ ഒരു വിശേഷദിവസമായി കൊണ്ടാടണമെന്ന് അന്നുതന്നെ എല്ലാവരും കൂടി നിശ്ചയിക്കുകയും ചെയ്തു. അതിനാല്‍ അപ്രകാരം ഇപ്പോഴും ആചരിച്ചുവരുന്നുണ്ട്. അന്നു പ്രതിഷ്ഠിച്ച ബിംബം തന്നെയാണ് ഇപ്പോഴും അവിടെയുള്ളത്.
ഏറ്റുമാനൂര്‍ ദേവന്റെ സന്നിധിയില്‍ ഭജനമിരുന്നിട്ടു പോലും ഭേദമാകാത്ത ഭ്രാന്തു നിഷ്പ്രയാസം ഭേദപ്പെടുത്തിയ പള്ളിപ്പുറത്തു കാവില്‍ ഭഗവതിയുടെ ശക്തിയും മാഹാത്മ്യവും ഒട്ടും ചില്ലറയല്ലെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ. അവിടെ ബിംബപ്രതിഷ്ഠ കഴിയുന്നതിനു മുമ്പ് കോടിമതക്കാരുടെ ദേശപരദേവത ഒരു ശാസ്താവായിരുന്നു. ആ ശാസ്താവിനെ കോടിമതശ്ശാസ്താവെന്നാണു പറഞ്ഞുവന്നിരുന്നത്. ഈ ഭഗവതിയുടെ ചൈതന്യം വര്‍ദ്ധിച്ചതിനോടുകൂടി ആ ശാസ്താവിന്റെ കാര്യം എലാവരുടെയും മനസ്സില്‍ വിസ്മൃതപ്രായമായിത്തീര്‍ന്നു. ഇപ്പോള്‍ ആ ശാസ്താവിനെ ആരും ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്നില്ല.
പള്ളിപ്പുറത്തുകാവില്‍ ഭഗവതിയുടെ മാഹാത്മ്യത്തെക്കുറിച്ച് ഇനിയും വളരെപ്പറയാനുണ്ട്. അവയെല്ലാം ഈ ലേഖനം കൊണ്ടു പറഞ്ഞുതീര്‍ക്കുന്ന കാര്യം അസാദ്ധ്യമാണ്. അതിനാല്‍ സ്വല്‍പം ചിലതു കൂടിപ്പറഞ്ഞിട്ട് ഈ ഉപന്യാസം സമാപിപ്പിക്കാമെന്നു വിചാരിക്കുന്നു.
മുന്‍കാലങ്ങളില്‍ കോടിമതയോടു ചേര്‍ന്ന അടുത്ത പ്രദേശമായ തിരുനക്കരെ കേരളപുരത്തു ബ്രഹ്മസ്വം മഠത്തില്‍ തിരുനാവായ വാദ്ധ്യാന്‍ നമ്പൂരിമാര്‍ വന്നു താമസിച്ച് ഓണന്തുരുത്ത്, കുമാരനല്ലൂര്‍, കിടങ്ങൂര്‍, കാടമുറി മുതലായ ഗ്രാമങ്ങളിലെ ബ്രാഹ്മണകുമാരന്മാരെ വേദാദ്ധ്യയനം ചെയ്യിച്ചിരുന്നു. അങ്ങനെ ഒരിക്കല്‍ വന്ന് താമസിച്ചിരുന്ന ജ്യേഷ്ഠാനുജന്മാരായിരുന്ന വാദ്ധ്യാന്‍ നമ്പൂതിരിമാരില്‍ അനുജനു വസൂരിദീനമുണ്ടായി. ദീനമിന്നതാണെന്നു തീര്‍ച്ചയായപ്പോള്‍തന്നെ ദീനക്കാരനെ രക്ഷിക്കുന്നതിനു രണ്ടു പട്ടന്മാരെ ബ്രഹ്മസ്വം മഠത്തിലാക്കീട്ട് ജ്യേഷ്ഠനായ വാദ്ധ്യാന്‍ നമ്പൂരിയും ശിഷ്യരായ ബ്രാഹ്മണകുമാരന്മാരും അടുത്തുള്ള ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്കു മാറിത്താമസിച്ചു. ദീനക്കാരനെ രക്ഷിക്കുന്നതിനു നിയമിക്കപ്പെട്ടിരുന്ന പട്ടന്മാര്‍ ദീനവര്‍ത്തമാനം ദിവസം തോറും കാലത്തും വൈകുന്നേരവും അമ്പലത്തില്‍ച്ചെന്നു പറയണമെന്നു വലിയ വാദ്ധ്യാന്‍ നമ്പൂരി പ്രത്യേകം ചട്ടം കെട്ടിയിരുന്നതിനാല്‍ ആ പട്ടന്മാര്‍ അപ്രകാരം തന്നെ പതിവായി ചെയ്തുകൊണ്ടിരുന്നു. ദീനം ഏറ്റവും കടുത്ത വകയായിരുന്നതിനാല്‍ കുളിപ്പിക്കുന്ന കാര്യം അസാദ്ധ്യമെന്നായിരുന്നു പട്ടന്മാരുടെ അഭിപ്രായം. അവര്‍ അതു സ്പഷ്ടമായിട്ടല്ലെങ്കിലും ചില വാക്കുകള്‍കൊണ്ടും ഭാവം കൊണ്ടും മറ്റും വലിയ വാദ്ധ്യാന്‍ നമ്പൂരിയുടെ അടുക്കല്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. മേല്‍ കണ്ടതിന്റെ എട്ടാം ദിവസം അഞ്ചുനാഴികപ്പകലെ അനുജന്‍ വാദ്ധ്യാന്‍ നമ്പൂരി മരിച്ചു. ഉടനെ പട്ടന്മാര്‍ പുറത്തിറങ്ങി ദീനക്കാരന്‍ കിടന്നിരുന്ന മുറിയുടെ (അകത്തിന്റെ) വാതില്‍ അടച്ചുകെട്ടീട്ട് അമ്പലത്തിന്റെ മതില്‍ക്കു വെളിയില്‍ ചെന്നുനിന്നു കൊണ്ടു വലിയ വാദ്ധ്യാന്‍ നമ്പൂരിയെ വിളിച്ചു മതില്‍ക്കു പുറത്തുവരുത്തി വിവരം പറഞ്ഞു. അദ്ദേഹം അതുകേട്ടിട്ട് ഒന്നും മിണ്ടാതെ നേരെ തെക്കോട്ടു നടന്നു പള്ളിപ്പുറത്തു കാവിലെത്തി.
അദ്ദേഹം മതില്‍ക്കകത്തേക്കു കടക്കാന്‍ ഭാവിച്ചപ്പോള്‍ അവിടെ നിന്നിരുന്നവരില്‍ ചിലര്‍ 'അവിടേയ്ക്ക് അനുജന്‍ മരിച്ച അശുദ്ധിയല്ലേ? മതില്‍ക്കകത്തു കടക്കാമോ?' എന്നു ചോദിച്ചു. അതിനു മറുപടിയായി അദ്ദേഹം 'ഭഗവതിയുടെ സാന്നിദ്ധ്യം ഇവിടെയുണ്ടെങ്കില്‍ എന്റെ അനുജന്‍ വസൂരിദീനമായിട്ട് മരിക്കയില്ല. അതിവിടെയില്ലെങ്കില്‍ അശുദ്ധിയില്‍ ഇവിടെ കയറിയാലൊന്നുമില്ല' എന്നു പറഞ്ഞിട്ടു കുളത്തിലിറങ്ങി കാലും മുഖവും കഴുകിക്കൊണ്ട് അമ്പലത്തില്‍ കടന്നു മണ്ഡപത്തില്‍ കയറി ജപിച്ചുകൊണ്ടിരുന്നു.
പള്ളിപ്പുറത്തുകാവില്‍ ഭഗവതിയുടെ സങ്കേതത്തിനകത്ത് എവിടെയെങ്കിലും വസൂരിദീനമുണ്ടായി മരിച്ചാല്‍ ശവമടക്കുക രാത്രിയിലല്ലാതെ പാടില്ല. അതിനു വിളക്ക്, പന്തം മുതലായവയുടെ വെളിച്ചം ഉപയോഗിക്കാനും പാടില്ല. തെങ്ങോലച്ചൂട്ടിന്റെ വെളിച്ചം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ദേഹത്തു കുരു വന്നതിന്റെ മരിക്കുന്ന സമയം വിളക്കിരിക്കുന്നുണ്ടായാല്‍ത്തന്നെയും മരിച്ചയുടനെ അതു കെടുത്തിക്കൊള്ളണം. ചൂട്ടുകെട്ടി പള്ളിപ്പുറത്തു കാവില്‍ നടയില്‍ കൊണ്ടുചെന്നു ശ്രീകോവിലിനകത്തുനിന്ന് ഒരു തിരി കൊളുത്തിവാങ്ങി, ചൂട്ടുകത്തിച്ചുകൊണ്ടുപോയി അതിന്റെ വെളിച്ചം കൊണ്ടുവേണം ശവമടക്കാന്‍. ചൂട്ട് എത്രവേണമെങ്കിലും മാറിമാറി കൊളുത്തുന്നതിനു വിരോധമില്ല. ഇപ്രകാരമൊക്കെയാണ് ദേവിയുടെ കല്‍പ്പന. അതിനാല്‍ വാദ്ധ്യാന്‍ നമ്പൂരിയുടെ ശവമടക്കുന്നതിനു ചൂട്ടുകൊളുത്തി കൊണ്ടുപോകുന്നതിനായി പട്ടന്മാര്‍ വലിയ ചൂട്ടുകളുമായി സന്ധ്യയ്ക്കു മുമ്പ് നടയിലെത്തി. അതിനു മുമ്പുതന്നെ ശാന്തിക്കാരന്‍ കുളിച്ചുവന്നു നടതുറന്നു വിളക്കുവെച്ചിരുന്നു. എങ്കിലും അത്താഴപ്പൂജ കഴിയാതെ ചൂട്ടുകൊളുത്തുന്നതിനു തിരികൊളുത്തിക്കൊടുക്കാറില്ലാത്തതിനാല്‍ പട്ടന്മാര്‍ അവിടെത്തന്നെ നിന്നിരുന്നു. ആ സമയം വെളിച്ചപ്പാട് തുള്ളി അമ്പലത്തിനകത്തു ചെന്നു പട്ടും ചിലമ്പും അരമണിയും എടുത്തു ധരിച്ച് വാളും ശൂലവും കൈയിലെടുത്തുകൊണ്ടു പുറത്തേയ്ക്കു പോന്നു. അപ്പോഴും വലിയ വാദ്ധ്യാന്‍ നമ്പൂരി ജപിച്ചുകൊണ്ടു മണ്ഡപത്തില്‍ത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. വെളിച്ചപ്പാട് അദ്ദേഹത്തിന്റെ നേരേ നോക്കുകയോ മിണ്ടുകയോ യാതൊന്നും ചെയ്തില്ല. പുറത്തുവന്ന് ഒരു പിടി ഭസ്മം വാരിയെടുത്ത് അവിടെ നിന്നിരുന്ന പട്ടന്മാരില്‍ ഒരാളുടെ കൈയില്‍ക്കൊടുത്തിട്ട് 'ഇതു കൊണ്ടുപോയി രോഗിയുടെ ദേഹത്തിലിട്ട് വിവരം ഉടനെ വന്നു പറയണം' എന്നു കല്‍പിചു. പട്ടര്‍ ഭസ്മം വാങ്ങിക്കൊണ്ട് ഓടി ബ്രഹ്മസ്വം മഠത്തിലെത്തി ഭസ്മം രോഗിയുടെ ദേഹത്തിലിട്ടു. മരിച്ചുകിടന്നിരുന്നയാള്‍ അപ്പോള്‍ കണ്ണുതുറന്നു. പട്ടര്‍ ക്ഷണത്തില്‍ തിരിയെ നടയിലെത്തി ആ വിവരം പറഞ്ഞു. വെളിച്ചപ്പാടു പിന്നെയും ഭസ്മം കൊടുത്തിട്ട് 'ഇതും കൊണ്ടുപോയി ഇടുക' എന്നു കല്‍പിചു. പട്ടര്‍ പിന്നെയും ഭസ്മം കൊണ്ടുചെന്നിട്ടപ്പോള്‍ രോഗി കൈയും കാലുമൊക്കെ കുറേശ്ശെ ഇളക്കിത്തുടങ്ങി. പട്ടര്‍ പെട്ടെന്ന് ആ വിവരവും നടയിലെത്തിപ്പറഞ്ഞു. വെളിച്ചപ്പാടു മൂന്നാമതും ഭസ്മം കൊടുത്തിട്ട് 'ഇതും കൊണ്ടുപോയി രോഗിയുടെ മേലാസകലമിടുക. ഒരാള്‍ കൂടെപ്പോകണം. കഞ്ഞി വേണമെന്നു പറഞ്ഞാല്‍ കൊടുക്കണം. വിവരം ഉടനെ ഇവിടെ വന്നു പറയുകയും വേണം' എന്നു കല്‍പിച്ചു. ആ പ്രാവശ്യം ഭസ്മം കൊണ്ടുപോയ പട്ടരുടെ കൂടെ വേറൊരു പട്ടരും പോയി. ആ പ്രാവശ്യം ഭസ്മമിട്ടപ്പോള്‍ ദീനക്കാരന്‍ എണീറ്റിരിക്കുകയും കഞ്ഞി വേണമെന്നു പറയുകയും ചെയ്തു. കാലത്തു വച്ച കഞ്ഞി അടുപ്പത്തുതന്നെ കിടപ്പുണ്ടായിരുന്നതിനാല്‍ ഒരു പട്ടര്‍ ക്ഷണത്തില്‍ കഞ്ഞി കൊണ്ടുചെന്നു കൊടുത്തു. രണ്ടുമൂന്നു ദിവസമായിട്ടു വെള്ളം കുടിക്കുകപോലും ചെയ്യാതെ കിടന്നിരുന്ന വാദ്ധ്യാന്‍ നമ്പൂരി അപ്പോള്‍ ഇരുനാഴിയരിയുടെ കഞ്ഞി കുടിച്ചു. ആ വിവരം ഒരു പട്ടര്‍ ഓടിച്ചെന്നു വെളിച്ചപ്പാടിന്റെ അടുക്കല്‍ അറിയിച്ചു. അതുകേട്ടു മണ്ഡപത്തില്‍ ജപിച്ചുകൊണ്ടിരുന്ന വലിയ വാദ്ധ്യാന്‍ നമ്പൂരിയും കിഴക്കേനടയില്‍ ച്ചെന്നു. അദ്ദേഹവും അവിടെ കൂടിയിരുന്ന സകല ജനങ്ങളും ഈ വര്‍ത്തമാനം കേട്ട് ഏറ്റവും സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഉടനെ വെളിച്ചപ്പാട് വലിയ വാദ്ധ്യാന്‍ നമ്പൂരിയുടെ നേരെ തിരിഞ്ഞുനിന്നിട്ട്, 'എന്നെ പരീക്ഷിക്കുന്നുവോ? ഇതു വലിയ സാഹസ മായിപ്പോയി. എങ്കിലും ഇതു ഞാന്‍ക്ഷമിച്ചിരിക്കുന്നു. ഇനി മേലാല്‍ എന്റെ നടയില്‍ ആരും ഇപ്രകാരം പ്രവര്‍ത്തിചു പോകരുത്' എന്നു കല്‍പിചു. അപ്പോള്‍ വാദ്ധ്യാന്‍ നമ്പൂരി 'എന്റെ സങ്കടം കൊണ്ട്, ഇങ്ങനെ ചെയ്തതാണ്. അവിടുന്ന് എന്റെ സാഹസത്തെ ക്ഷമിചു രക്ഷിക്കണം' എന്നു പറഞ്ഞു. ഉടനെ വെളിച്ചപ്പാട്, 'ആട്ടെ, ഞാന്‍ക്ഷമിച്ചിരിക്കുന്നു. രോഗിയെ അടുത്ത വെള്ളിയാഴ്ച കുളിപ്പിച്ചു ഞായറാഴ്ച എന്റെ നടയില്‍ കൊണ്ടുവരാം' എന്നു കല്‍പ്പിക്കുകയും അപ്പോള്‍ തന്നെ കലിയടങ്ങുകയും കല്‍പനകേട്ടു സന്തോഷിച്ച് എലാവരും ദേവിയെ വന്ദിചുകൊണ്ട് പിരിഞ്ഞുപോവുകയും ചെയ്തു.
പിറ്റേദിവസമായപ്പോഴേയ്ക്കും ചെറിയ വാദ്ധ്യാന്‍ നമ്പൂരിയുടെ ദേഹത്തിലെങ്ങും കുരുക്കളെന്നല്ല, കുരുക്കള്‍ വന്ന പാടുപോലും കാണ്‍മാനുണ്ടായിരുന്നില്ല. അദ്ദേഹം കഞ്ഞിയും ചോറും ധാരാളമായി കഴിച്ചുതുടങ്ങുകയും ക്രമേണ അദ്ദേഹത്തിന്റെ ക്ഷീണം മാറിത്തുടങ്ങുകയും ചെയ്തു. വെളിച്ചപ്പാടു കല്‍പിചതുപോലെ അദ്ദേഹത്തെ വെള്ളിയാഴ്ച കുളിപ്പിച്ച് ഞായറാഴ്ച കാവില്‍ കൊണ്ടുപോയി തൊഴീച്ചു. വലിയ വാദ്ധ്യാന്‍ നമ്പൂരി അന്നു പള്ളിപ്പുറത്തുകാവില്‍ ഭഗവതിക്കു ചതുശ്ശതം മുതലായി അനേകം വഴിപാടുകള്‍ കഴിക്കുകയും പട്ട്, പണം, താലി മുതലായവ അനുജനെക്കൊണ്ടു നടയ്ക്കു വെപ്പിക്കുകയും ചെയ്തു. ഉടനെ വെളിച്ചപ്പാട് തുള്ളി വലിയ വാദ്ധ്യാന്‍ നമ്പൂരിയോട്, 'എന്താ സന്തോഷമായില്ലേ? ഇത്രയുമൊക്കെയല്ലാതെ ഞാന്‍ വിചാരിച്ചാല്‍ സാധിക്കുകയില്ല. ഇനി എന്റെ അടുക്കല്‍ സങ്കടമൊന്നും പറയേണ്ട. പറഞ്ഞാലും ഫലമൊന്നും ഉണ്ടാവുകയുമില്ല' എന്നു കല്‍പ്പിക്കുകയും പെട്ടന്ന് കലിയടങ്ങുകയും ചെയ്തു. ഈ കല്‍പന കേട്ടപ്പോള്‍ 'ഇതെന്താണ് ഇങ്ങനെ കല്‍പിച്ചത്?' എന്നൊരു സംശയം എല്ലാവര്‍ക്കു മുണ്ടായി. എന്നു മാത്രവുമല്ല, ആരെങ്കിലും കുളിച്ചു തൊഴാന്‍ വരുന്ന സമയം വെളിച്ചപ്പാടു തുള്ളിയാല്‍ തൊഴാന്‍ വരുന്നവര്‍ക്കു ഭസ്മം കൊടുക്കുക പതിവുണ്ട്, ആ പതിവു പോലെ വാദ്ധ്യാന്‍ നമ്പൂരിക്കു കൊടുത്തുമില്ല. ആകപ്പാടെ നല്ല ശുഭമല്ലെന്ന് അവിടെക്കൂടിയിരുന്നവര്‍ക്കെല്ലാവര്‍ക്കും തോന്നി. എങ്കിലും ആരും ആരോടും ഒന്നും പറഞ്ഞില്ല.
ചെറിയ വാദ്ധ്യാന്‍ നമ്പൂരിക്കു വലിയ ക്ഷീണമില്ലായിരുന്നതിനാല്‍ തൊഴാന്‍ വന്നതു നടന്നാണ്. തിരിയെപ്പോയതും അങ്ങനെതന്നെയായി രുന്നു. അദ്ദേഹം ബ്രഹ്മസ്വം മഠത്തില്‍ ചെന്നു കയറിയ ഉടനേ 'എനിക്ക് എന്തോ വല്ലാതെ ഒരു ക്ഷീണം വരുന്നു' എന്നു പറഞ്ഞ് പെട്ടന്ന് അവിടെക്കിടന്നു. ഉടനെ മരിക്കുകയും ചെയ്തു.
പള്ളിപ്പുറത്തുകാവില്‍ താലപ്പൊലിയും തീയാട്ടും എന്ന വഴിപാടു വളരെ പ്രധാനമാണ്. ഓരോ കാര്യങ്ങള്‍ സാധിക്കുന്നതിനായി ആ വഴിപാട് പലരും പ്രാര്‍ത്ഥിക്കുകയും നടത്തുകയും ചെയ്യാറുണ്ട്. അത് അവരവരുടെ ശക്തിക്കു തക്കവണ്ണം ചിലര്‍ വളരെ കേമമായും മറ്റു ചിലര്‍ ചുരുക്കമായും നടത്തും. ചുരുക്കമായിട്ടുള്ളതിനു താലപ്പൊലിക്കു പള്ളിപ്പുറത്തുകാവില്‍നിന്നെഴുന്നള്ളിച്ചാല്‍ അവിടെത്തന്നെ മതില്‍ക്കു പുറത്തു താലം നിരത്തി അവിടെ നിന്നു മതില്‍ക്കകത്തെഴുന്നള്ളിച്ചു മൂന്നു പ്രദക്ഷിണം കഴിഞ്ഞ് അകത്തെഴുന്നള്ളിക്കും. കേമമായിട്ടുള്ളതിനു പള്ളിപ്പുറത്തുകാവില്‍നിന്ന് എഴുന്നള്ളിച്ച് തിരുനക്കര ക്ഷേത്രത്തില്‍ കൊണ്ടു പോയി അവിടെ ആനക്കൊട്ടിലില്‍ താലം നിരത്തി കൊളുത്തി എടുത്ത് അവിടത്തെ അത്താഴശ്ശീവേലിയോടുകൂടി മൂന്നു പ്രദക്ഷിണം കഴിഞ്ഞു തിരിയേ എഴുന്നള്ളിച്ചു പള്ളിപ്പുറത്തു കാവില്‍ വന്നിട്ട് അവിടെയും മൂന്നു പ്രദക്ഷിണം കഴിഞ്ഞിട്ടാണ് അകത്തെഴുന്നള്ളിക്കുന്നത്. തിരുനക്കരയ്ക്ക് എഴുന്നള്ളിച്ചു പോകുന്ന സമയങ്ങളില്‍ വെളിച്ചപ്പാട് തുള്ളി എഴുന്നള്ളത്തിനോടുകൂടി പോവുക പതിവാണ്. വെളിച്ചപ്പാട് തുള്ളിപ്പോകുമ്പോള്‍ അരമണിയും ചിലമ്പും വാളും ശൂലവും ധരിച്ചിരിക്കും. ഒരിക്കല്‍ ഒരു താലപ്പൊലിക്കു തിരുനക്കരയ്ക്ക് എഴുന്നള്ളിച്ചു പോയപ്പോള്‍ പതിവുപോലെ തുള്ളിക്കൊണ്ട് വെളിച്ചപ്പാടും പോയിരുന്നു. ആ സമയം വഴിയില്‍ നിന്നിരുന്ന ഒരു മുഹമ്മദീയന്‍ വെളിച്ചപ്പാടിന്റെ കൈയില്‍ വളഞ്ഞ (നാന്ദകം) വാള്‍ ഇരിക്കുന്നതുകണ്ടിട്ട് പരിഹാസമായി "ഈ അരിവാളുകൊണ്ട് എവിടെപ്പോകുന്നു? കൊയാന്‍ പോകുകയാണോ?" എന്നു ചോദിച്ചു. അതുകേട്ട് വെളിച്ചപ്പാട് തിരിഞ്ഞു നിന്ന്, "ഇപ്പോള്‍ കൊയ്യാനല്ല. എങ്കിലും എന്റെ വിത്തു ഞാന്‍നാളെ വിതച്ചു തുടങ്ങും. ക്രമേണ കൊയ്യുകയും ചെയ്യും. ഞാന്‍കൊയ്താല്‍ കുറ്റി പോലും കാണുകയില്ല" എന്നു പറഞ്ഞിട്ടു പോയി. അന്നു രാത്രിയില്‍ തന്നെ ആ മുഹമ്മദീയനു പനി തുടങ്ങി. പിറ്റേ ദിവസമായപ്പോഴേക്കും അവന്റെ ദേഹമാസകലം വസൂരിക്കുരു പുറപ്പെട്ടു. എട്ടാം ദിവസം അവന്‍ മരിച്ചു. അപ്പോഴേക്കും അവന്റെ ഭാര്യയ്ക്കും അവര്‍ക്കുണ്ടായിരുന്ന അഞ്ചു മക്കള്‍ക്കും ദീനം തുടങ്ങി. മേല്‍ക്കണ്ടതിന്റെ എട്ടാം ദിവസം അവരെല്ലാ വരും മരിച്ചു. അങ്ങനെ ആ കുടുംബം മുഴുവനും നശിച്ചു. അക്കാലംമുതല്‍ പള്ളിപ്പുറത്തുകാവില്‍ ഭഗവതിയെക്കുറിച്ചു ഹിന്ദുക്കളല്ലാത്തവര്‍ക്കും ഭയവും ഭക്തിയും വിശ്വാസവുമുണ്ടായിത്തുടങ്ങി. അതിന് ഇക്കാലത്തും കുറവു വന്നിട്ടില്ല. ഇവിടെ മുഹമ്മദീയരും ക്രിസ്ത്യാനികളും ഓരോ കാര്യങ്ങള്‍ സാധിക്കുന്നതിനായി ഇപ്പോഴും പല വഴിപാടുകള്‍ പ്രാര്‍ത്ഥിക്കുകയും കഴിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ നേരിട്ടല്ലെന്നേ ഉള്ളു. അന്യന്മാരുടെ പക്കല്‍ ഗൂഢമമായി പണംകൊടുത്തു ചട്ടംകെട്ടിയാണ് അവര്‍ വഴിപാടുകള്‍ നടത്തുന്നത്.
പള്ളിപ്പുറത്തു കാവില്‍ മുന്‍കാലങ്ങളില്‍ മുമ്മൂന്നു കൊല്ലം കൂടുമ്പോള്‍ ദേശകുരുതി എന്നൊരടിയന്തിരം നടത്തുക പതിവായിരുന്നു. ദേശകുരുതി എന്നാല്‍ ദേശത്തിന്റെ വടക്കേ നാലതിര്‍ത്തിയിലും നടത്തുന്ന കുരുതിയാണ്. എന്നാല്‍ ഇതിനു ക്ഷേത്രത്തിന്റെ വടക്കേ നടയിലും കുരുതിവേണം. അവിടെയും അതിര്‍ത്തി സ്ഥലങ്ങളിലും കുരുതിക്ക് ഒട്ടുവളരെ ആടുകളെയും കോഴികളെയും വെട്ടുകയും പതിവുണ്ട്. അവയെല്ലാം വെട്ടുന്നത് വെളിച്ചപ്പാടാണ് പതിവ്. ഈ അടിയന്തിരം മുടങ്ങാതെ നടത്തിയില്ലെങ്കില്‍ ദേശത്തു വസൂരി, വിഷൂചിക മുതലായ സാംക്രമിക രോഗങ്ങളുണ്ടാകുമെന്നാണു വിശ്വാസം.
ഒരിക്കല്‍ നാലഞ്ചുകൊല്ലക്കാലം പള്ളിപ്പുറത്തുകാവില്‍ വെളിച്ചപ്പാടില്ലാതെയിരുന്നു. ആടും കോഴിയും വെട്ടുന്നതിന് വെളിച്ചപ്പാടില്ലാതെയെങ്ങനെയാണ് ദേശകുരുതി നടത്തുന്നത്? അതിനാല്‍ കുറച്ചുകാലത്തേക്കു ദേശകുരുതി ഉണ്ടായില്ല. "ദേശകുരുതി നടത്തണമെങ്കില്‍ വെളിച്ചപ്പാടുണ്ടാകണം. ഭഗവതിയുടെ തിരുവുള്ളമുണ്ടായാല്‍ വെളിച്ചപ്പാടുണ്ടാകുമല്ലോ?" എന്നായിരുന്നു ദേശക്കാരുടെയും മറ്റും അഭിപ്രായം.അങ്ങനെയിരുന്നപ്പോള്‍ ഈ ദേശത്ത് അങ്ങുമിങ്ങുമായി കുറേശ്ശേ വസൂരിയുടെ ആരംഭം കണ്ടുതുടങ്ങി. അപ്പോള്‍ ജനങ്ങള്‍ക്കു ആകപ്പാടെ ഭീതി മുഴുത്തു. എല്ലാവരും പള്ളിപ്പുറത്തുകാവില്‍ മുട്ടുപാടായി കൂടി. രണ്ടുമൂന്നു ദിവസം മുട്ടുപാടിരുന്നിട്ടും വെളിച്ചപ്പാടുണ്ടായില്ല. പിന്നെ ജനങ്ങള്‍ ഒരു പ്രശ്നക്കാരനെ വരുത്തി നടയില്‍വെച്ചു പ്രശ്നം വെപ്പിച്ചു നോക്കിച്ചു. അപ്പോള്‍ പ്രശ്നക്കാരന്‍ ദേശകുരുതി കഴിക്കാഞ്ഞിട്ടു ഭഗവതി കോപിച്ചാണ് ഇരിക്കുന്നതെന്നും എങ്കിലും ഉടനെ വെളിച്ചപ്പാടുണ്ടാകുമെന്നും വിധിച്ചു. ഇത് ഒരു ദിവസം ഉച്ചതിരിഞ്ഞ സമയത്തായിരുന്നു. പകലേ ഏകദേശം അഞ്ചുമണിയായപ്പോള്‍ ഒരു നായര്‍ കുളിച്ചു നടയില്‍ വന്നു തുള്ളിത്തുടങ്ങി. അപ്പോള്‍ അവിടെ വയസ്കരപ്പോറ്റി, കൊട്ടാരത്തിലുണ്ണി, മുതലായവരും, ദേശക്കാരുമൊക്കെ കൂടിയിരുന്നു. തുള്ളിയ നായരും ദേശക്കാരിലൊരാള്‍ തന്നെയായിരുന്നു. എങ്കിലും അയാളുടെ സ്ഥിരതാമസം മിക്കവാറും കൊടുങ്ങല്ലൂരായിരുന്നു. ഇയാള്‍ കൊട്ടയത്ത് ഇല്ലവും കൊടുങ്ങല്ലൂര്‍ ശാന്തിയുമായിരുന്നു പെരിങ്ങര നമ്പൂരിയുടെ ഒരു ഭൃതനായിരുന്നതിനാലാണ് കൊടുങ്ങല്ലൂര്‍ പോയി താമസിച്ചിരുന്നത്. അയാള്‍ നമ്പൂരിയുടെ ആജ്ഞാകാരനായിട്ടാണ് കൊടുങ്ങല്ലൂര്‍ താമസിച്ചിരുന്നതെങ്കിലും ഭക്തിപൂര്‍വ്വം അവിടെ ഭഗവതിയെ ഭജിക്കുകയും ചെയ്തിരുന്നു. അയാള്‍ അതിനടുത്ത കാലത്തെങ്ങും കോട്ടയത്തു വരാറില്ലായിരുന്നതുകൊണ്ട് അയാള്‍ക്കു കോട്ടയത്തെ, വിശേഷിച്ച് ഈ ദേശത്തെ, വര്‍ത്തമാനമൊന്നും അറിഞ്ഞുകൂടായിരുന്നു. അയാള്‍ കൊടുങ്ങല്ലൂര്‍നിന്നു വന്ന വഴിതന്നെയാണ് കുളിച്ചു കാവില്‍ വന്നു തുള്ളിത്തുടങ്ങിയത്. ഉടനെ വെളിച്ചപ്പാടുണ്ടാകുമെന്നു പ്രശ്നക്കാരന്‍ പറയുകയും ചെയ്തിരുന്നുവല്ലോ. വയസ്കരപ്പോറ്റി അയാള്‍ക്കു ആയുധം (വാളും ചിലമ്പും മറ്റും) കൊടുത്തില്ല. വെളിച്ചപ്പാടിനുള്ള ആയുധങ്ങളും മറ്റും വെച്ചുസൂക്ഷിക്കുന്നതു കൊട്ടാരത്തില്‍ ഉണ്ണിയും പുതിയ വെളിച്ചപ്പാടുണ്ടാകുന്ന കാലങ്ങളില്‍ ആദ്യമായി ആയുധം കൊടുക്കേണ്ടതു വയസ്കര പോറ്റിയുമാണ്. ഇയാള്‍ തുള്ളുന്നതു ഭഗവതിയുടെ അധിവാസമുണ്ടായിട്ടാണെങ്കില്‍ അതിന് എന്തെങ്കിലും ഒരു ദൃഷ്ടാന്തം കാണിക്കണമെന്നായിരുന്നു അവരുടെ രണ്ടുപേരുടെയും നിര്‍ബന്ധം. തുള്ളിക്കൊണ്ടുനിന്ന ആള്‍ക്കു അതു മനസ്സിലാവുകയാല്‍ അയാള്‍ അമ്പലത്തില്‍ കിടന്നിരുന്ന ഒരു പട്ടെടുത്തു പുതച്ചു കൊണ്ടു കിഴക്കേ നടയില്‍ച്ചെന്നു ജനങ്ങളോടായിട്ട് "എന്താണ് എന്റെ ലോകര്‍ വന്നിരിക്കുന്നത്. എന്താണു സങ്കടം" എന്നു ചോദിച്ചു. അപ്പോള്‍ കരക്കാരനായിട്ടുള്ള കുറ്റിക്കാട്ടു കുറുപ്പ് "സങ്കടമെന്താണെന്നു കല്‍പിച്ചു ചോദിക്കാനൊന്നുമില്ലല്ലോ. എല്ലാം ദേവിക്കറിയാമല്ലോ?" എന്നു മറുപടി പറഞ്ഞു. അപ്പോള്‍ തുള്ളിക്കൊണ്ടു നിന്നയാള്‍ "എനിക്കറിയാം ഇവിടെ പതിവുള്ള അടിയന്തിരം മുട്ടിച്ചതിനാലാ ഈ അനര്‍ത്ഥമുണ്ടായിരിക്കുന്നത്. എല്ലാം ഞാന്‍ക്ഷമിക്കും. എന്റെ പരിവാരങ്ങള്‍ അങ്ങനെ ക്ഷമിക്കുകയില്ല. അവര്‍ക്കു പതിവുള്ളതു കൊടുക്കാതെയിരുന്നാല്‍ അവര്‍ ഉപദ്രവിക്കും. ഞാന്‍വിലക്കീട്ടാണ് ഇതുവരെ അവര്‍ അടങ്ങിപ്പാര്‍ത്തത്. ഇനിയെങ്കിലും പതിവുള്ളതു കൊടുക്കാതെയിരുന്നാല്‍ അവര്‍ ഇതിലധികം അനര്‍ത്ഥമുണ്ടാക്കിത്തീര്‍ക്കും. പിന്നെ ഞാന്‍ പിടിച്ചാല്‍ നില്‍ക്കാതെയും വന്നേക്കും. ഇപ്പോള്‍ എനിക്കും നല്ല സുഖമില്ലാതെയാണിരിക്കുന്നത്. ഇതാ നോക്കുവിന്‍" എന്നു പറഞ്ഞ്, അയാള്‍ പുതച്ചിരുന്ന പട്ടെടുത്തു മാറ്റി. അപ്പോള്‍ അയാളുടെ ദേഹത്തിലാസകലം മഞ്ചാടിക്കുരുവിന്റെ മുഴുപ്പിലുള്ള വസൂരിക്കുരു മുളച്ചിരിക്കുന്നതായി കണ്ടു. അതുകണ്ട് എല്ലാവരും ഭയപ്പെട്ട് "അയ്യോ! ദേവീ! ഇതൊന്നും അടിയങ്ങള്‍ക്കു കാണണമെന്നില്ല. അടിയങ്ങള്‍ക്കു ഭയമാകുന്നു" എന്നു പറഞ്ഞു. അപ്പോള്‍ തുള്ളിക്കൊണ്ടു നിന്നയാള്‍, "എന്റെ ലോകര്‍ ഒട്ടും ഭയപ്പെടേണ്ട. എന്റെ ഉടയതിനും (വെളിച്ചപ്പാടു തുള്ളുമ്പോള്‍ വയസ്ക്കരപ്പോറ്റിയെ ഉടയത് എന്നാണ് പറയുക പതിവ്) ഉണ്ണിക്കും വിശ്വാസം വാരാനായിട്ടു മാത്രം ഞാനിതു കാണിചതാണ്" എന്നു പറഞ്ഞു. അതു കേട്ട് വയ്സ്ക്കരപ്പോറ്റി, "ഞങ്ങള്‍ക്കു ഒട്ടും വിശ്വാസമില്ലായ്കയില്ല. ജനസമ്മതത്തിനുവേണ്ടി വല്ലതും ദൃഷ്ടാന്തം കണ്ടാല്‍ കൊള്ളാമെന്നു വിചാരിച്ചുവെന്നേയുള്ളു. അതിന് ഇത്ര കഠിനമായിട്ടൊന്നും വേണമെന്നുണ്ടായിരുന്നില്ല" എന്നു പറഞ്ഞു. ഉടനെ ആ തുള്ളിക്കോണ്ടു നിന്നയാള്‍ വീണ്ടും പട്ടെടുത്ത് പുതച്ചുകൊണ്ട് സോപാനത്തിങ്കല്‍ച്ചെന്നു സ്വല്‍പം നേരം നിന്നിട്ട് പട്ടുമാറ്റിക്കൊണ്ട് പിന്നെയും കിഴക്കേ നടയില്‍ ഇറങ്ങിച്ചെന്നു. അപ്പോള്‍ അയാളുടെ ദേഹത്തെങ്ങും ഒരു കുരുപോലും കാണ്‍മാനുണ്ടായിരുന്നില്ല. അതിനാല്‍ എല്ലാവരും വിസ്മയിക്കുകയും അയാളുടെ തുള്ളലിനെ പൂര്‍ണ്ണമായി വിശ്വസിക്കുകയും വയസ്ക്കരപ്പോറ്റി ആയുധങ്ങളെടുത്ത് അയാളുടെ കൈയില്‍ കൊടുക്കുകയും അങ്ങനെ അയാള്‍ പള്ളിപ്പുറത്തു കാവിലെ വെളിച്ചപ്പാടായിത്തീരുകയും ചെയ്തു. അഞ്ചുമണിക്കു പള്ളിപ്പുറത്തു കാവിലെത്തി തുള്ളിത്തുടങ്ങിയ അയാളെ അന്നു നാലു മണിവരെ കൊടുങ്ങല്ലൂര്‍ കണ്ടിരുന്നുവെന്നും പലരും വിശേഷിചു പെരിങ്ങര നമ്പൂരിയും പറഞ്ഞു പിന്നീട് അറിയാനിടയായപ്പോള്‍ ജനങ്ങളുടെ വിശ്വാസവും വിസ്മയവും ശതഗുണീഭവിച്ചു. ആ വെളിചപ്പാടിന്റെ കല്‍പന പ്രകാരം ജനങ്ങള്‍ പണം വീതിചെടുത്ത് ഉടനെ ദേശകുരുതി നടത്തുകയും ആരംഭിച്ചിരുന്ന വസൂരിദീനം കലശലാകാതെ ക്രമേണ ശമിച്ച് എല്ലാവര്‍ക്കും സുഖമാവുകയും ചെയ്തു. ആ വെളിച്ചപ്പാടിന്റെ കല്‍പനയെ ദേവിയുടെ കല്‍പനയായിട്ടുതന്നെ എല്ലാവരും വിശ്വസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അതിനെ വകവയ്ക്കാതിരുന്നിട്ടുള്ളവര്‍ക്കു ഉടനുടന്‍ ഫലം സിദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
ഒരിക്കല്‍ ഒരു കോര്‍ട്ടു വിധിപ്രകാരം സത്യം ചെയ്യുന്നതിനായി ഒരിടിയന്‍ (കടിതന്‍കുടുമ്മിക്കാരന്‍) പള്ളിപ്പുറത്തുകാവിന്റെ നടയില്‍ ഹാജരായി. സത്യം കേള്‍ക്കാനുള്ള എതിര്‍ കക്ഷിയും കോടതിയിലെ ഉദ്യോഗസ്ഥനും മറ്റനേകം ജനങ്ങളും വന്നുകൂടി. പൂജകഴിഞ്ഞ് സത്യം ചെയ്യാനുള്ള സമയമായപ്പോള്‍ വെളിച്ചപ്പാടുതുള്ളി ഇടിയന്റെ നേരെ നോക്കി, "നീയെന്റെ നടയില്‍ കള്ളസത്യം ചെയ്വാന്‍ വന്നിരിക്കുന്നുവോ? സത്യം ചെയ്യരുത്. കള്ളസത്യം ചെയ്താല്‍ നിനക്ക് അതിന്റെ ഫലം ഉടനെ ഉണ്ടാകും" എന്നു കല്‍പിചു. ആ ഇടിയന്‍ അതു വക വെയ്ക്കാതെ സത്യം ചെയ്തു. ഇതൊരു മീനമാസത്തിലായിരുന്നു. അക്കാലത്ത് ഈ ദിക്കില്‍ മഴ പെയ്യാറില്ലെന്നല്ല, മഴയുടെ ലക്ഷണം പോലുമുണ്ടായിരുന്നില്ല. അതിനാല്‍ അടുത്ത ദിവസം ആ ഇടിയന്റെ ഭാര്യ പുഴുങ്ങിയ നെല്ല ഉണങ്ങാനായി അവരുടെ മുറ്റത്ത് ഒരു പായില്‍ ചിക്കിയിരുന്നു. ഉച്ചയായപ്പോള്‍ പെട്ടെന്ന് ഒരു മഴക്കാറുണ്ടാവുകയും ഉടനെ മഴ ചാറിത്തുടങ്ങുകയും ചെയ്തു. നെല്ലു നനഞ്ഞുപോകുമല്ലോ എന്നു വിചാരിച്ച് ഇടിയന്റെ ഭാര്യ നെല്ലു വാരാനായി ഒരു വട്ടിയുമെടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി. ആ സ്ത്രീക്ക് അപ്പോള്‍ ഗര്‍ഭം പൂര്‍ണമായിരുന്നതിനാല്‍ പെട്ടെന്ന് ഒന്നും ചെയ്വാന്‍ ശേഷിയില്ലായിരുന്നു. അതിനാല്‍ ഭാര്യയെ സഹായിക്കാനായി ഭര്‍ത്താവും പിന്നാലെ ചെന്നു. ആ സമയം പെട്ടെന്ന് ഒരിടിവെട്ടുകയും അതേറ്റു രണ്ടുപേരും തല്‍ക്ഷണം മരിക്കുകയും ചെയ്തു. ഇതു കഴിഞ്ഞതില്‍പ്പിന്നെ വളരെക്കാലത്തേക്ക് പരമാര്‍ത്ഥമായിട്ടുള്ള സംഗതിക്കുപോലും പള്ളിപ്പുറത്തുകാവില്‍ സത്യം ചെയ്യാമെന്ന് ആരും സമ്മതിച്ചിരുന്നില്ല. ഇയ്യിടെ സത്യം ചെയ്യാനായി കുറേശ്ശെ ആളുകള്‍ ഈ നടയില്‍ വന്നു തുടങ്ങീട്ടുണ്ട്. എങ്കിലും സത്യം ചെയ്യാതെ പോകുന്നവരാണ് അധികവും. കള്ളസത്യം ചെയുന്നവര്‍ക്കു അതിന്റെ ഫലം ഇപ്പോഴും പെട്ടെന്നു കാണുന്നുമുണ്ട്.
പള്ളിപുറത്തു കാവില്‍ ഭജനമിരുന്നാല്‍ ഒഴിയാത്ത ബാധയില്ലെന്നാണു ജനങ്ങളുടെ വിശ്വാസം. അതിനാല്‍ ഇപ്പോഴും അനേകം ബാധോപദ്രവക്കാര്‍ ഇവിടെ ഭജനമിരുന്നു ബാധ തുള്ളി സത്യംചെയ്ത് ഒഴിഞ്ഞു സുഖപ്പെട്ട് പോകുന്നുണ്ട്.
കോട്ടയത്തു സി.എം.എസ്സ്. ഹൈസ്ക്കുളും കോളേജും മറ്റുമുണ്ടാകുന്നതിനു മുന്‍പ് സുറിയാനി സെമിനാരിയില്‍ (പഴയ സെമിനാരിയില്‍) ഒരു പാഠശാല സ്ഥാപിച്ചു വിദ്യാഭ്യാസം നടത്തിവന്നിരുന്നു. അവിടെ കിള്ളിക്കുറിശ്ശിമംഗലത്തുകാരന്‍ ഒരു നമ്പ്യാര്‍ കുറച്ചുകാലം മലയാളമുന്‍ഷിയായിരുന്നു.
അദ്ദേഹം ഒരിക്കല്‍ പള്ളിക്കൂടമടച്ചിരുന്നപ്പോള്‍ സ്വദേശത്തുപോയിട്ട് മടങ്ങിവരും വഴി ഒരു സ്ഥലത്തു നല്ല മരത്തണലും ചതുരാകാരമായിട്ടുള്ള ഒരു കരിങ്കല്ലും കണ്ട് ആ കല്ലിന്മേല്‍ കയറിയിരുന്ന് ഒന്നു മുറുക്കി. വഴിനടന്നുള്ള ക്ഷീണം കൊണ്ട് കുറചുനേരം അവിടെ ഇരുന്നു. അപ്പോള്‍ അദ്ദേഹത്തിനു മൂത്രമൊഴിക്കണമെന്നു തോന്നുകയാല്‍ ആ കല്ലിന്മേല്‍തന്നെ തിരിഞ്ഞിരുന്നു മൂത്രമൊഴിച്ചു. അപ്പോള്‍ ആ വഴിയെ വന്ന ഒരു വഴിപ്പോക്കന്‍ ഇതു കണ്ടിട്ട് "ഓ! ആ കല്ലിന്മേലിരുന്നു മൂത്രമൊഴിച്ചുവോ? ഇത് ഇച്ചക്കനെ തൂക്കിക്കൊന്ന സ്ഥലമാണ്. അതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ കല്ല് ഇവിടെ ഇട്ടിരിക്കുന്നത്" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ നമ്പ്യാരു വല്ലാതെയൊന്നു പേടിച്ചു. മലബാറില്‍ 'ഇച്ചക്കന്‍' എന്നു പ്രസിദ്ധനും വലിയ അക്രമിയുമായിട്ടു ഒരു ഈഴവനുണ്ടായിരുന്നുവെന്നും അവന്‍ അനേകം കവര്‍ചകളും കൊലപാതകങ്ങളും ചെയ്തിട്ടുള്ളവനായിരുന്നുവെന്നും ഒടുക്കം ഒരു കൊലപാതകക്കൂറ്റത്തിന് അവനെ ബ്രിട്ടീഷ് ഗവര്‍മേണ്ടിന്റെ വിധിപ്രകാരം തൂക്കിക്കൊല്ലുകയാണ് ചെയ്തതെന്നും മറ്റുമുള്ള കഥകളെല്ലാം നമ്പ്യാര്‍ മുന്‍പേതന്നെ കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇച്ചക്കന്‍ എന്നു കേട്ടപ്പോള്‍ നമ്പ്യാര്‍ വല്ലാതെ പേടിചത്. എന്നാല്‍ അവനെ തൂക്കിക്കൊന്ന സ്ഥലം ഇതാണെന്നു നമ്പ്യാര്‍ അറിഞ്ഞിരുന്നില്ല. അതറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം ആ കല്ലിന്മേല്‍ ഇരിക്കുകയെന്നല്ല, ആ വഴിയേ നടക്കുകപോലും ചെയ്യുമായിരുന്നില്ല. ആ നമ്പ്യാര്‍ക്കു ഇച്ചക്കനെക്കുറിച്ച് അത്രമാത്രം ഭയമുണ്ടായിരുന്നു. ഏതെങ്കിലും പേടിച്ചതിനോടുകൂടി ഇച്ചക്കന്‍ നമ്പ്യാരെ ബാധിച്ചു കഴിഞ്ഞു. അതിനാല്‍ അദ്ദേഹം അവിടെനിന്ന് നല്ല തന്റേടമില്ലാത്ത വിധത്തിലാണ് കോട്ടയത്തേക്കു പോന്നത്. എങ്കിലും അദ്ദേഹം കോട്ടയത്തു വന്നെത്തി.
കോട്ടയത്ത് ആ നമ്പ്യാര്‍ താമസിച്ചിരുന്നത് പള്ളിപ്പുറത്തു കാവിനടു ത്തുള്ള വില്വട്ടത്തു നമ്പ്യാരുടെ ഭവനത്തിലായിരുന്നു. അവിടെച്ചെന്നെത്തിയപ്പോള്‍ മുതല്‍ നമ്പ്യാര്‍ തുള്ളാനും ചാടാനും തുടങ്ങി. നമ്പ്യാരുടെ തുള്ളല്‍ ഏറ്റവും ഭയങ്കരമായിരുന്നു. അദ്ദേഹം തുള്ളിത്തുടങ്ങിയാല്‍ ആ ദിക്കിലെങ്ങും മനുഷ്യരാരും നില്‍ക്കുകയില്ല. രണ്ടുപേരു പിടിച്ചാല്‍ ഇളകാത്ത വലിയ കരിങ്കല്ലും മറ്റും നിഷ്പ്രയാസം ഒറ്റക്കയ്യിലെടുത്തു തലയ്ക്കുമുകളില്‍ പൊക്കിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം തുള്ളുക പതിവ്. നമ്പ്യാര്‍ക്കു തുള്ളല്‍ വരുന്നത് ഇന്ന സമയത്താണെന്ന് ഒരു നിശ്ചയവുമില്ല. ചില ദിവസങ്ങളില്‍ പള്ളിക്കൂടത്തില്‍ച്ചെന്നു പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തിലായിരിക്കും തുള്ളല്‍ വരുന്നത്. എങ്കിലും തുള്ളല്‍ വരുന്നതിനു സ്വല്‍പം മുന്‍കൂട്ടി അതു വരാറായിരിക്കുന്നുവെന്ന നമ്പ്യാര്‍ക്കു അറിയാമായിരുന്നു. അതിനാല്‍ അദ്ദേഹം എവിടെയിരിക്കുമ്പോളായാലും തുള്ളല്‍ വരാറായിയെന്നു തോന്നിയാല്‍ ഉടനെ എണീറ്റ് വാസസ്ഥല ത്തേക്കു പോവുക പതിവായിരുന്നു. ഇതു നിമിത്തം അദ്ദേഹത്തിനു പള്ളിക്കൂടത്തിലെ ജോലി ശരിയായി നടത്താന്‍ നിവൃത്തിയില്ലാതെയും ക്രമേണ അദ്ദേഹത്തിനു വളരെ ക്ഷീണമായും തീര്‍ന്നു. ഇങ്ങനെ കുറച്ചു ദിവസംകഴിഞ്ഞതിന്റെ ശേഷം അദ്ദേഹം പള്ളിപ്പുറത്തുകാവില്‍ ഭജനം തുടങ്ങി. ഭജനം പന്ത്രണ്ടു ദിവസമായപ്പോള്‍ വെളിച്ചപ്പാടു തുള്ളി. ഉടനെ നമ്പ്യാരും തുള്ളി. അപ്പോള്‍ വെളിച്ചപ്പാട് ഒരുപിടി ഭസ്മം വാരി നമ്പ്യാരുടെ ദേഹത്തിന്മേലിട്ട്, "നീയീ ദേഹവും ദേശവും വിട്ട്
എവിടെയെങ്കിലും പൊയ്ക്കൊള്ളണം. പോയില്ലെങ്കില്‍ നിന്ന് ഞാനിവിടെനിന്ന് അയയ്ക്കും. സ്വയമേവ പൊയ്ക്കൊള്ളുകയാണ് നല്ലത്" എന്നു പറഞ്ഞു. അപ്പോള്‍ നമ്പ്യാര്‍ (ഇച്ചക്കന്‍), "ഞാനീ ദേഹത്തുനിന്നും മാറിക്കൊള്ളാം. എങ്കിലും ഈ ദേശംവിട്ട് പോകുന്ന കാര്യം സങ്കടമാണ്. ഞാന്‍ആരേയും ഉപദ്രവിക്കാതെ ഇവിടെ എന്റെ അമ്മയുടെ അടുക്കല്‍ ഇരുന്നുകൊള്ളാം. അങ്ങനെ അനുവദിക്കണമെന്നു ഞാന്‍അപേക്ഷി ക്കുന്നു" എന്നു പറഞ്ഞു. വെളിച്ചപ്പാട് അതു സമ്മതിക്കുകയും കാവിന്റെ കിഴക്കേ നടയില്‍ മതില്‍ക്കുപുറത്തായി ഒരു തറയും ചിത്രകൂടവും പണിയിച്ച് ഇച്ചക്കനെ കുടിയിരുത്തിക്കണമെന്നും അതിനുവേണ്ടിവരുന്ന ചെലവു നമ്പ്യാര്‍തന്നെ വഹിക്കണമെന്നും കല്‍പിക്കുകയും ചെയ്തിട്ട് കലിയടങ്ങി. ഉടനെ നമ്പ്യാരുടെ തുള്ളലും മാറി. പിന്നെ നമ്പ്യാര്‍ തന്നെ വേണ്ടുന്ന പണം ചെലവുചെയ്ത് വെളിച്ചപ്പാട് നിശ്ചയിച്ചു കല്‍പിച്ചിരുന്ന സ്ഥലത്ത് ചിത്രകൂടം പണിയിച്ച് ഇച്ചക്കനെ കുടിയിരുത്തിക്കുകയും നമ്പ്യാര്‍ക്കുണ്ടായിരുന്ന ഉപദ്രവം മാറി അദ്ദേഹം സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.
അങ്ങനെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതിന്റെ ശേഷം ഒരു ദിവസം അമ്പലത്തിന്റെ തിരുമുറ്റം അടിച്ചുവാരിയ സ്ത്രീ കണ്ണിന്റെ കാഴ്ചക്കുറവു നിമിത്തം ആ ചപ്പും ചവറുമെല്ലാം വാരി ഇച്ചക്കനെ കുടിയിരുത്തിയിരുന്ന ചിത്രകൂടത്തിന്റെ മുകളില്‍ കൊണ്ടുചെന്നിട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ നമ്പ്യാര്‍ തുള്ളി കാവില്‍ച്ചെന്നു നടയ്ക്കുനേരെ നിന്നുകൊണ്ട് ഭഗവതിയെ ശകാരിച്ചുതുടങ്ങി "എന്റെ തലയില്‍ അടിച്ചുവാരി കൊണ്ടുവന്നിട്ടില്ലെ? മുന്‍പൊരിക്കലും എന്നെ ഇങ്ങനെ ആരും അപമാനിച്ചിട്ടില്ല. ഇനി ഞാനിവിടെ ഇരിക്കുകയില്ല. ഞാന്‍ കുടിയിരിക്കുന്ന മനുഷ്യന്റെ ദേഹവും ഞാന്‍കൊണ്ടുപോകും" എന്നും മറ്റും പറഞ്ഞുകൊണ്ടാണ് ഭഗവതിയെ ശകാരിച്ചതി. ശകാരവാക്കുകളെല്ലാം കേവലം അസഭ്യങ്ങളായിരുന്നതിനാല്‍ അവ ഇവിടെ പറയുന്നില്ല. അങ്ങനെ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വെളിച്ചപ്പാടും തുള്ളി. പിന്നെ അവര്‍ രണ്ടുപേരും കൂടി കുറച്ചുനേരം വാദപ്രതിവാദങ്ങളുണ്ടായി. ഒടുക്കം ഒരു കുരുതി കൊടുത്തു ബഹുമാനിച്ചു പറഞ്ഞയയ്ക്കമെങ്കില്‍ നമ്പ്യാരുടെ ദേഹത്തുനിന്നും ഈ ദേശത്തില്‍നിന്നും മാറിപ്പൊയ്ക്കൊള്ളാമെന്ന് ഇച്ചക്കനും അങ്ങനെ ചെയ്യാമെന്ന് വെളിച്ചപ്പാടു സമ്മതിക്കുകയും അങ്ങനെ രണ്ടുപേരുടെയും അന്നത്തെ തുള്ളലവസാനിക്കുകയും ചെയ്തു.
പിന്നെ കുരുതിക്കുള്ള ദിവസവും സ്ഥലവും നിശ്ചയിച്ച് അതിന് വേണ്ടുന്ന ഉപകരണങ്ങളെല്ലാം ശേഖരിച്ചു. അതിനും വേണ്ടുന്ന ചെലവെല്ലാം നമ്പ്യാര്‍തന്നെ ചെയ്തു. കുരുതിക്കു നിശ്ചയിച്ച ദിവസം ഒരു വെള്ളിയാഴ്ചയും സ്ഥലം കാവിന്റെ വടക്കെ നടയില്‍ മതില്‍ക്കകത്തുള്ള കുരുതിക്കളത്തിനു നേരെ വടക്ക് വില്വട്ടത്തു നമ്പ്യാരുടെ വക പുരയിടവുമായിരുന്നു. പള്ളിപ്പുറത്തു കാവില്‍ ഭഗവതിയുടെ അധീനത യിലുള്ള കുരുതികളെല്ലാം പൂജിക്കുകയും തര്‍പ്പിക്കുകയും ചെയ്വാനുള്ള അധികാരം കൊട്ടാരത്തിലുണ്ണിക്കുള്ളതാകയാല്‍ ഈ കുരുതിയും കഴിച്ചത് അന്ന് കൊട്ടാരത്തില്‍ കുടുംബത്തില്‍ മൂപ്പായിരുന്ന ആളായിരുന്നു. കുരുതി പൂജ കഴിഞ്ഞു തര്‍പ്പിക്കാറായപ്പോഴേക്കും നമ്പ്യാരും വെളിച്ചപ്പാടും തുള്ളി. കുരുതി പന്ത്രണ്ടു പാത്രമായിരുന്നു. അതില്‍ പതിനൊന്നു പാത്രം തര്‍പ്പിച്ച് ഒരു പാത്രം തര്‍പ്പിക്കാതെവെചിരുന്നു. പൂജ കഴിഞ്ഞപ്പോള്‍ തുള്ളിക്കൊണ്ടു നിന്നിരുന്ന നമ്പ്യാര്‍ തര്‍പ്പിക്കാതെ വെച്ചിരുന്ന ആ ഒരു പാത്രം കുരുതി മുഴുവനും പാത്രത്തോടെ എടുത്തു കുടിച്ചു. അത് ഏകദേശം പതിനഞ്ച് ഇടങ്ങഴിയോളം ഉണ്ടായിരുന്നു. അതു മുഴുവനും കുടിച്ചു കഴിഞ്ഞപ്പോള്‍ നമ്പ്യാര്‍ (ഇച്ചക്കന്‍) "സന്തോഷമായി. ഇനി ഞാന്‍ പോകുന്നു"എന്നു പറഞ്ഞു. ഉടനെ വെളിചപ്പാടിന്റെ കല്‍പനപ്രകാരം പൊന്നും വിളക്കും പിടിച്ച് സത്യംചെയ്ത് ഇചക്കന്‍ ഒഴിഞ്ഞുപോകുകയും നമ്പ്യാര്‍ നിന്ന നിലയില്‍ അവിടെ വീഴുകയും ഒരു നാഴിക കഴിഞ്ഞപ്പോള്‍ ബോധം വീഴുകയാല്‍ നമ്പ്യാര്‍ എണീറ്റു കുരുതി ദക്ഷിണ കഴിക്കുകയും അപ്പോഴേക്കും വെളിച്ചപ്പാട് കാവില്‍ച്ചെന്നു കലിയടങ്ങുകയും അവിടെ കൂടിയിരുന്നവരെല്ലാം പിരിഞ്ഞുപോവുകയും ചെയ്തു. അപ്പോള്‍ നേരം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ആ സമയം കുരുതി കഴിച്ച സ്ഥലത്തിന്റെ മേല്‍ഭാഗത്തുനിന്ന് നേരെ വടക്കോട്ട് വാണം കൊളുത്തിവിട്ടാലെന്നപോലെ വലിയ ഇരപ്പോടുകൂടി ഒരു വെളിചം ആകാശമാര്‍ഗേണ പോകുന്നത് പലരും കാണുകയും കണ്ടവരെല്ലാം അത് ഇച്ചക്കന്റെ പോക്കാണെന്നു പറയുകയും ചെയ്തുവത്ര. ഇതു കൂടാതെ ഇച്ചക്കന്റെ പോക്കില്‍ ഒരു വിശേഷത കൂടിയുണ്ടായി. ഇച്ചക്കനെ നമ്പ്യാരുടെ ദേഹത്തുനിന്നു മാറ്റി ഒഴിച്ചുവിട്ട അന്നു രാത്രിയില്‍ ഏകദേശം പന്ത്രണ്ടുമണി കഴിഞ്ഞ സമയം കോട്ടയത്തുനിന്നു രണ്ടുനാഴിക വടക്ക് 'നൊട്ടാശ്ശേരി' ദേശത്തുകാരനായ ഒരുണ്യാതിരി എവിടെയോ പോയി ശരീരശുദ്ധം മാറിക്കൊണ്ട് സ്വഗൃഹത്തിലേക്ക് മടങ്ങുകയായിരുന്നു. അപ്പോള്‍ നാട്ടുവഴിയില്‍ക്കൂടി വലിയ കരിമ്പനയുടെ വലിപ്പത്തില്‍ ഒരു സ്വരൂപം തെക്കുനിന്നു വടക്കോട്ടു വരുന്നതായി കണ്ടു. അതുകണ്ട് അയാള്‍ ഭയപ്പെട്ട് നാട്ടുവഴി വിട്ട് ഓടിത്തുടങ്ങി. അപ്പോള്‍ അയാള്‍ കണ്ടതായ സ്വരൂപം അതിവേഗത്തില്‍ അയാളുടെ പിന്നാലെ അടുത്തു ചെന്നു പുറത്ത് ഒന്നടിച്ചതായി അയാള്‍ക്കു തോന്നി. ഉടനെ ബോധംകെട്ട് അയാള്‍ അവിടെത്തന്നെ വീണു. നേരം വെളുത്തപ്പോള്‍ അയാള്‍ ബോധരഹിതനായി വഴിയില്‍ കിടക്കുന്നുവെന്നു കേട്ട് അയാളുടെ ശേഷക്കാരില്‍ച്ചിലര്‍ വന്ന് അയാളെ ഒരു കട്ടിലിലാക്കിയെടുത്തു സ്വഗൃഹത്തില്‍ കൊണ്ടുപോയി. ഉടനെ അയാള്‍ മരിക്കുകയും ചെയ്തു. അയാളെ ഇച്ചക്കന്‍ അടിച്ചുകൊന്നതാണെന്നു ജനങ്ങള്‍ തീര്‍ച്ചപ്പെടുത്തുകയും വിശ്വസിക്കുകയും ചെയ്തു. ഇച്ചക്കനെ സംബന്ധിച്ചുള്ള ഈ കഥ കോട്ടയത്തും അടുത്ത പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ പ്രസംഗവശാല്‍ ഇപ്പോഴും ചിലപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇത് വളരെക്കാലം മുമ്പുണ്ടായ സംഗതിയാണെങ്കിലും ഇച്ചക്കനെക്കുറിച്ചുള്ള ഭയം ഈ ദിക്കുകാരുടെ മനസ്സില്‍ നിന്നും ഇപ്പോഴും നിശ്ശേഷം വിട്ടുപോയിട്ടില്ല. എന്നു മാത്രമല്ല, ചില മുട്ടാളന്മാരെക്കുറിച്ചു പറയുമ്പോള്‍ "അവന്‍ വലിയ ഇചക്കനാണ്" എന്ന് ജനങ്ങള്‍ ഇപ്പോഴും പറഞ്ഞുപോരുന്നുമുണ്ട്. എങ്കിലും ഇച്ചക്കനെ ഇവിടെനിന്നും ഒഴിച്ചുവിട്ടതില്‍പ്പിന്നെ അവന്റെ ഉപദ്രവം ഈ ദേശത്തും അടുത്ത പ്രദേശങ്ങളിലും ഉണ്ടായിട്ടില്ല.
ഇങ്ങനെ അറുകൊല, അപസ്മാരം മുതലായ വലിയ ബാധകള്‍ ഇവിടെ ഭജനമിരുന്നിട്ടു തുള്ളി സത്യംചെയ്ത് ഒഴിഞ്ഞുപോയിട്ടുണ്ട്. ഇപ്പോഴും പോകുന്നുമുണ്ട്. പണ്ടൊരിക്കല്‍ വയസ്ക്കരപ്പോറ്റിയുടെ കുടുംബത്തെ നശിപ്പിക്കാനായി ശത്രുക്കളുടെ അപേക്ഷപ്രകാരം കടമറ്റത്തു കത്തനാര്‍ ഏഴു കാരണമൂര്‍ത്തികളെ അയച്ചിരുന്നു. വയസ്ക്കരയില്ലത്ത് ആ മൂര്‍ത്തികളുടെ ഉപദ്രവങ്ങള്‍ ദുസ്സഹങ്ങളായിത്തീരുകയാല്‍ ആ ബാധകളെ ഒഴിച്ചു കുടുംബരക്ഷ ചെയ്യണമെന്നു പോറ്റി പള്ളിപ്പുരത്തു കാവില്‍ ഭഗവതിയുടെ അടുക്കല്‍ പ്രാര്‍ത്ഥിച്ചു. അതിനാല്‍ വെളിച്ചപ്പാടു തുള്ളി കല്‍പ്പിച്ചതനു സരിച്ച് കൊട്ടാരത്തിലുണ്ണി ഏഴു മൂര്‍ത്തികള്‍ക്കും ഓരോ പാത്രം കരുതി കൊടുത്ത് ഒഴിച്ചുവിട്ടു. അപ്പോള്‍ ഇല്ലത്തുണ്ടായിരുന്ന ഉപദ്രവങ്ങള്‍ നീങ്ങി അവിടെ സുഖമാവുകയും ഇതിലേക്കു വയസ്ക്കരപ്പോറ്റി ഒരു പുരയിടം ഭഗവതിസ്വത്തിലേക്ക് വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് ഇവിടെ (കൊട്ടാരത്തില്‍)ഒരു ഗ്രന്ഥവരി കാണുന്നുണ്ട്. അതു താഴെപ്പകര്‍ത്തുന്നു.
"വയസ്കരപ്പോറ്റിയുടെ ഇല്ലത്തെ സംഹരിപ്പാനായിക്കൊണ്ടു പോറ്റിയുടെ ശത്രുക്കളുടെ ആവശ്യപ്രകാരം കടമറ്റത്തു കത്തനാര്‍ ഏഴു കാപ്പിരികളെ അയച്ചിരുന്നു. ആ കാപ്പിരികളെ ഭഗവതിയുടെ വെളിച്ചപ്പാടു തുള്ളി നിന്നുകൊണ്ടു പുതുക്കുളത്തിന്റെ വടക്കേക്കരയില്‍വെച്ചു കൊട്ടാരത്തിലുണ്ണിയെക്കൊണ്ട് ഏഴുപാത്രം കുരുതി കൊടുപ്പിച്ച് ഒഴിച്ചുവിട്ടു. ഇതിലേക്കു മേപ്പടി പോറ്റി ഭഗവതിക്കു വെച്ചൊഴിഞ്ഞാകെ പാറക്കുളത്തില്‍പുരയിടം മുറി ഒന്ന്".
ഇതു മറ്റനേകം സംഗതികള്‍ പറയുന്ന ഗ്രന്ഥവരിയില്‍ ഇടയ്ക്കൊരു ഭാഗത്തു കാണുന്നതാണ്. പള്ളിപ്പുറത്തു കാവു ദേവസ്വംവക വസ്തു ക്കളില്‍ മിക്കവയും ഇങ്ങനെ ഓരോ കാരണവശാല്‍ ഓരോരുത്തര്‍ ഓരോ കാലങ്ങളില്‍ വെച്ചൊഴിഞ്ഞു കൊടുത്തിട്ടുള്ളവായാണെന്നാണ് കാണുന്നത്.
ഇപ്രകാരം ശക്തിയും ചൈതന്യവും മാഹത്മ്യവുമുള്ള ഭഗവതിയുടെ ബിംബത്തിന്മേല്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങള്‍ ഒരിക്കല്‍ ഒരു തസ്കരന്‍ തട്ടിക്കൊണ്ടു പോവുകയുണ്ടായിയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. എങ്കിലും സംഗതി വാസ്തവത്തില്‍ ഉണ്ടായതു തന്നെയാണ്. ഒരിക്കല്‍ (ഏകദേശം ഒരു നൂറുകൊല്ലം മുമ്പ്) ഒരു ദിവസം അത്താഴപ്പുജ കഴിഞ്ഞു ശ്രീകോവിലും അമ്പലവും പൂട്ടിയിരുന്നിട്ടും പിറ്റേദിവസം നേരം വെളുത്തപ്പോള്‍ എല്ലാം തുറന്നു കിടക്കുന്നതായി കാണപ്പെട്ടു. ശാന്തിക്കാരന്‍ കുളിച്ചുവന്നു ശ്രീകോവില കത്തു കടന്നു നോക്കിയപ്പോള്‍ ബിംബത്തിന്മേല്‍ തലേദിവസം ചാര്‍ത്തി യിരുന്ന തിരുവാഭരണങ്ങളില്‍ ഒന്നുപോലും കാണ്‍മാനില്ലായിരുന്നു. ഉടനെ പശുദ്ദാനവും പുണ്യാഹവും കഴിച്ചു പൂജ നടത്തുകയും വിവരം വയസ്ക്കരെയും സ്ഥലം തഹശീല്‍ മജിസ്ട്രട്ടിനെയും അറിയിക്കുകയും ചെയ്തു. സര്‍ക്കാരാളുകളും ക്ഷേത്രാധികാരികളും പലവിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തീട്ടും ഒരു തുമ്പുമുണ്ടായില്ല. പിന്നെ ഇതിനെ ക്കുറിച്ചു കല്‍പന കേള്‍ക്കണെമെന്നു നിശ്ചയിച്ചു വയസ്ക്കര മൂസ്സ്, കൊട്ടാരത്തിലുണ്ണി, കരക്കാരു മുതലായവരെല്ലം നടയില്‍ കൂടി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വെളിച്ചപ്പാടു തുള്ളി. എങ്കിലും വെളിച്ചപ്പാടിനു തുള്ളുന്ന സമയം പതിവായി കാണാറുള്ള ഉന്മേഷവും ശക്തിയും അന്നുണ്ടായിരുന്നില്ല. എന്നുമാത്രമല്ല, അയാള്‍ക്കു ഒന്നും സംസാരിക്കാനും വയ്യായിരുന്നു. ഊമന്മാരെപ്പോലെ വല്ലാത്ത ഒരു മാതിരി ശബ്ദം പുറപ്പെടുവിക്കുക മാത്രം ചെയ്തു. എന്തോ ഏതാണ്ടൊക്കെ കൈകൊണ്ട് ആംഗ്യം കാണിചിട്ട് ഉടനെ കലിയടങ്ങുകയും ചെയ്തു.
ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ദേവിയുടെ ബിംബം സദാ വിയര്‍ത്തൊലിച്ചു തുടങ്ങി. പിന്നെ ഒരു പ്രശ്നക്കാരനെ വരുത്തി നടയില്‍വെച്ചു പ്രശ്നംവെപ്പിച്ചു നോക്കി. അപ്പോള്‍ പ്രശ്നക്കാരന്‍, "മോഷണം നടത്തിയ ആള്‍ ഒരു വലിയ ആഭിചാരക്കാരനാണ്. അയാള്‍ ആദ്യംതന്നെ ബിംബം ശുദ്ധം മാറ്റുകയും ആഭിചാരവൃത്തികള്‍ കൊണ്ടു ദേവിയുടെ ശക്തിയും ചൈതന്യവും കുറയ്ക്കുകയും ചെയ്തിട്ടാണ് മോഷണം നടത്തിയത്. ദേവിയുടെ നാവ് അയാള്‍ ബന്ധിച്ചിരിക്കുന്നു. അതുകൊണ്ടാണ് വെളിച്ചപ്പാടു തുള്ളീട്ടു സംസാരിക്കന്‍ വയ്യാതെയിരുന്നത്. ബിംബം വിയര്‍ക്കുന്നത് ആഭിചാരശക്തികൊണ്ടാണ്. ഇതിലേക്ക് ശുദ്ധികലശവും പള്ളിപ്പേര്‍പ്പു പള്ളിപ്പാന മുതലായ പ്രതിവിധികളും ചെയ്താല്‍ ദോഷങ്ങളൊക്കെ നീങ്ങി ഭഗവതിയുടെ ശക്തി പൂര്‍വ്വസ്ഥി തിയിലാവും. പിന്നെ മോഷണം ദേവിതന്നെ തെളിയിച്ചുതരും" എന്നു വിധിച്ചു. അധികം താമസിയാതെതന്നെ പ്രശ്നവിധിപ്രകാരം വേണ്ടതെല്ലാം നടത്തുകയും അവയെല്ലാം കഴിഞ്ഞപ്പോള്‍ വെളിച്ചപ്പാടു തുള്ളുകയും ചെയ്തു. അന്നത്തെ തുള്ളല്‍ അതിഭയങ്കരമായിരുന്നു. ദേവിക്കു ശക്തിയും ഊര്‍ജസ്വലതയും പണ്ടത്തേതിലധികം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ആ തുള്ളല്‍ കണ്ടാല്‍ത്തന്നെ അറിയാമായിരുന്നു. വെളിച്ചപ്പാടു തുള്ളീട്ട് കല്‍പ്പിച്ചത് "എന്റെ ഉടയതും ഉണ്ണിയും ലോകരും ഒട്ടും വ്യസനിക്കേണ്ട. എന്റെ മാലിന്യമെല്ലാം തീര്‍ന്നിരിക്കുന്നു. എന്റെ മുതല്‍ കൊണ്ടുപോയവനെ ഞാനെന്റെ നടയില്‍ വരുത്തിത്തന്നുകൊള്ളാം. ഏഴുദിവസത്തിനകം അവന്‍ ഇവിടെ വരും. അവന്റെ ഇടതുകൈയ്ക്ക് ആറുവിരലും മാറത്ത് മറുവുമുണ്ടായിരിക്കും. അതു സൂക്ഷിച്ചുനോക്കികൊണ്ട് അവനെപ്പിടികൂടിയാല്‍ പോയതെല്ലാം കിട്ടും" എന്നായിരുന്നു. അന്നുമുതല്‍ അപ്രകാരമുള്ള ആള്‍ വരുന്നുണ്ടോ എന്നു സൂക്ഷിച്ചുനോക്കിക്കൊണ്ട് അഞ്ചുമാറും ആളുകള്‍വിതാം സദാ നടയില്‍ കാത്തുനിന്നു. കല്‍പനയുണ്ടായതിന്റെ അഞ്ചാംദിവസം കാലത്ത് ഏഴുമണി സമയത്തു മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോടുകൂടി ഒരാള്‍ നാട്ടുവഴിയില്‍ക്കൂടി വടക്കുനിന്നു തെക്കോട്ടുപോകുന്നതിനായി കിഴക്കേ നടയിലെത്തി. അഞ്ചെട്ടാളുകള്‍ അവനെപ്പിടിച്ചു നല്ലപോലെ മര്‍ദ്ദിച്ചപ്പോള്‍ സംഗതികളെല്ലാം അവന്‍ ഏറ്റു പറഞ്ഞു. തിരുവാഭരണങ്ങള്‍ എടുത്തുകൊണ്ട് അമ്പലത്തില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ അവിടെയൊക്കെ ആരോ ചിലര്‍ നില്‍ക്കുന്നതായി തോന്നുകയാല്‍ അവയെല്ലാം ഒരു പട്ടില്‍പ്പൊതിഞ്ഞ് കിഴക്കേ നടയിലുള്ള കുളത്തിലിട്ടിട്ടാണു താന്‍ പോയതെന്നുകൂടി അവന്‍ പറയുകയാല്‍ അവനെക്കൊണ്ടുതന്നെ അതും എടുപ്പിച്ചുകൊണ്ട്, അവനെ ഉടനെ മജിസ്ട്രട്ടു കച്ചേരിയില്‍ ഹാജരാക്കിക്കൊണ്ടു ഹര്‍ജി കൊടുത്തു. മജിസ്ട്രട്ട് അവന് ആറുമാസത്തെ കഠിനതടവു ശിക്ഷ വിധിച്ചു തിരുവനന്തപുരത്തേക്കു ഠാണപ്പാറാവു വഴി അയച്ചു. എങ്കിലും ഭഗവതിയുടെ കൃപകൊണ്ട് അവന് അധികം ദിവസം ശിക്ഷ അനുഭവിക്കേണ്ടതായി വന്നില്ല. അവന്‍ തിരുവനന്തപുരത്ത് ചെന്നിട്ട് ഒരുമാസം തികയുന്നതിനു മുമ്പുതന്നെ വസുരിദീനം പിടിപെട്ടു ജയിലില്‍ക്കിടന്നു മരിച്ചു. ഭഗവതിയുടെ തിരുവാഭരണങ്ങള്‍ കള്ളനു ശിക്ഷവിധിച്ച ദിവസം തന്നെ മടക്കിക്കിട്ടുകയും ചെയ്തു.
പള്ളുപ്പുറത്തുകാവില്‍ ഭഗവതിയെക്കുറിച്ച് ഇനിയും ഇങ്ങനെ പല സംഗതികള്‍ പറയാനുണ്ട്. എങ്കിലും ലേഖനദൈര്‍ഘ്യം അതിക്രമിച്ചു പോകുമെന്നു വിചാരിച്ച് ഇപ്പോള്‍ വിരമിക്കുന്നു.