ഐതിഹ്യമാല/ഒരു യൂറോപ്യന്റെ സ്വാമിഭക്തി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കൊല്ലം 986–ആമാണ്ട് ബാലരാമവര്‍മ്മ മഹാരാജാവ് നാടുനീങ്ങിയപ്പോള്‍ തിരുവിതാംകൂര്‍ മഹാരാജവംശത്തില്‍ ആണ്‍വഴിത്തമ്പുരാക്കന്മാരാരുമില്ലാതെയിരുന്നതിനാല്‍ ബ്രിട്ടീഷു ഗവര്‍മ്മേണ്ടിന്റെ അനുവാദപ്രകാരം അന്നു പെണ്‍വഴിത്തമ്പുരാക്കന്മാരില്‍ മൂപ്പായിരുന്ന ലക്ഷ്മീമഹാരാജ്ഞിയായിരുന്നുവല്ലോ അക്കാലം മുതല്‍ രാജ്യഭരണം ചെയ്തിരുന്നത്.

അങ്ങനെയിരുന്ന കാലത്തു ബ്രിട്ടീഷു ഗവര്‍മ്മേണ്ട് ഒരു നിശ്ചയം ചെയ്തു. രാജകുടുംബങ്ങളില്‍ പുരുഷസന്താനമില്ലാത്ത ഏതദ്ദേശ്യരാജ്യങ്ങളിലെല്ലാം ബ്രിട്ടീഷ് ഗവര്‍മ്മേണ്ടിന്റെ ഓരോ പ്രതിനിധികളെ നിയമിച്ചു രാജ്യഭരണം നടത്തിക്കുകയും പുരുഷന്മാരുണ്ടായി പ്രായപൂര്‍ത്തിയാകുമ്പോള്‍ ഭരണാധികാരം അവര്‍ക്കു വിട്ടുകൊടുക്കുകയും ചെയ്യണമെന്നായിരുന്നു ആ നിശ്ചയം. ഈ വിവരം ബ്രിട്ടീഷു ഗവര്‍മ്മേണ്ട് ഏതദ്ദേശ്യരാജ്യങ്ങളിലെല്ലാം ദിവാന്‍ജിമാരുടെ പേര്‍ക്ക് എഴുതിയയച്ച് അറിയിക്കുകയും രാജകുടുംബത്തില്‍ പുരുഷസന്താനമുണ്ടോ ഇല്ലയോ എന്നുള്ള വിവരം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അക്കാലത്തു തിരുവിതാംകൂറില്‍ ദിവാന്‍ജിയായിരുന്നത് ബ്രിട്ടീഷ് റസിഡണ്ടും കൂടിയായിരുന്ന മിസ്റ്റര്‍ മണ്‍റോസായ്പ് ആയിരുന്നു. അദ്ദേഹം ബ്രിട്ടിഷ്ഗവണ്‍മ്മേണ്ട് എഴുതിച്ചോദിച്ചതിന് തല്‍ക്കാലം മറുപടിയൊന്നുമയച്ചില്ല. അന്നു ലക്ഷ്മീമഹാരാജ്ഞി തിരുവയര്‍ വാണിരിക്കുക (ഗര്‍ഭം ധരിച്ചിരിക്കുക) യായിരുന്നു. തിരുവയറൊഴിഞ്ഞ് (പ്രസവിച്ച്) ഉണ്ടാകുന്നതു പുരുഷസന്താനമോ സ്ത്രീസന്താനമോ എന്നറിഞ്ഞിട്ടു മറുപടി അയയ്ക്കാമെന്നു വിചാരിച്ചാണ് അദ്ദേഹം സ്വല്‍പമൊന്നമാന്തിച്ചത്. ആ അമാന്തം ബ്രിട്ടിഷ് ഗവര്‍മ്മേണ്ടിന് ഒട്ടും രസിച്ചില്ല. അതിനാല്‍ ആ ഗവര്‍മ്മേന്റില്‍ നിന്നു തിരുവിതാംകൂര്‍ ദിവാന്റെ പേര്‍ക്കു വീണ്ടും എഴുതിയയച്ചു. ആ എഴുത്തില്‍ ഏറ്റവും ഊര്‍ജ്ജിതത്തോടും കണിശമായും എഴുത്തു കിട്ടുന്ന ദിവസം തന്നെ മറുപടി അയയ്ക്കണമെന്നും പറഞ്ഞിരുന്നു. ആ എഴുത്തു കിട്ടിയപ്പോള്‍ സായ്പിനു പരിഭ്രമമായി. അദ്ദേഹം ഒരു ബ്രിട്ടിഷ് പ്രജയും ബ്രിട്ടിഷ് ഗവര്‍മ്മെണ്ടിന്റെ ശമ്പളക്കാരനുമായിരുന്നുവല്ലോ. മഹാരാജ്ഞിക്ക് അപ്പോള്‍ ഗര്‍ഭം പത്തുമാസമായിരുന്നു. രണ്ടോ നാലോ ദിവസം കൂടി താമസിച്ചാല്‍ അവതരിക്കുന്ന പ്രജ പുരുഷനോ സ്ത്രീയോ എന്നറിഞ്ഞിട്ടു മറുപടി അയയ്ക്കാമായിരുന്നു എന്നു സായ്പിനു തോന്നി. എങ്കിലും അതിനു നിവൃത്തിയില്ലാതെ വരികയാല്‍ അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനു പുറത്തു ചെന്നു പടിഞ്ഞാട്ടു തിരിഞ്ഞു നിന്നു തൊഴുതുകൊണ്ട്, “അല്ലയോ പത്മനാഭാ! നീയിവിടെ കിടക്കുന്നുണ്ടെന്നാണല്ലോ എല്ലാവരും പറയുന്നത്. മഹാരാജവംശത്തെ രക്ഷിക്കാനുള്ള ചുമതല നിനക്കാണല്ലോ. ഈ രാജ്യം നിന്റെ വകയുമാണല്ലോ. ഇതിന്റെ ഭരണം അന്യന്മാരുടെ കൈവശമായാല്‍ പിന്നെയതു വീണ്ടെടുക്കാന്‍ അത്രയെളുപ്പം സാധിക്കില്ല. അതിനാല്‍ ഇതാ ഞാന്‍ ഈ മഹാരാജവംശത്തില്‍ പുരുഷസന്താനമുണ്ടെന്നു തന്നെ മറുപടി അയയ്ക്കാന്‍ പോകുന്നു. എന്റെ മറുപടി വ്യാജമാണെന്നു വന്നാല്‍ ബ്രിട്ടിഷ് ഗവര്‍മ്മെണ്ട് എന്നെ വെറുതെ വിട്ടേക്കുകയില്ല. അവര്‍ എന്നെ കഠിനമായി ശിക്ഷിക്കും. ആ അപമാനം സഹിച്ചുകൊണ്ടു പിന്നെ ജീവിച്ചിരിക്കണമെന്നു ഞാന്‍ വിചാരിക്കുന്നില്ല. അതിനാല്‍ ഞാനെഴുതിയയയ്ക്കുന്നതു തെറ്റിപ്പോകുന്ന പക്ഷം നിന്റെ ബിംബവും ക്ഷേത്രവും എല്ലാം നശിപ്പിച്ചു നീ കിടക്കുന്ന സ്ഥലത്ത് ഒരു കുളം കുത്തി കുളിച്ചിട്ടല്ലാതെ ഞാനിവിടെ നിന്നു പോവുകയില്ല. അതുകൊണ്ട് അങ്ങനെയൊന്നും വരാതെയിരിക്കാന്‍ തക്കവണ്ണം കരുതിക്കൊള്ളണം. പത്മനാഭാ! മണ്‍റോ ഒന്നു പറഞ്ഞാല്‍ അത് അപ്രകാരം തന്നെ ചെയ്യുമെന്ന് നല്ലപോലെ അറിയാമല്ലോ” എന്നു പറഞ്ഞിട്ട് അവിടെ നിന്നു പോവുകയും തിരുവിതാംകൂര്‍ രാജവംശത്തില്‍ പുരുഷസന്താനമുണ്ടെന്നുതന്നെ ഉടനെ എഴുതിയയയ്ക്കുകയും ചെയ്തു.

പിറ്റേദിവസം മഹാരാജ്ഞിയില്‍ നിന്ന് ഒരു രാജകുമാരന്‍ തിരുവവതാരം ചെയ്തരുളി. ആ രാജകുമാരനാണ് ഗര്‍ഭശ്രീമാനെന്നും സംഗീതസാഹിത്യസാഗര പാരംഗതനെന്നും പരാക്രമനിധിയെന്നും രാജ്യതന്ത്രകുശലനെന്നും ധീരോദാത്തനെന്നും മറ്റും വിശ്വവിശ്രുതനായിത്തീര്‍ന്ന സാക്ഷാല്‍ സ്വാതിതിരുനാള്‍ രാമവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ടെന്നുള്ളതു പ്രത്യേകം പറയണമെന്നില്ലല്ലോ.

ഈ സംഗതി കഴിഞ്ഞപ്പോള്‍ “ശ്രീപത്മനാഭസ്വാമിയെക്കുറിച്ചുള്ള വിശ്വാസവും ഭക്തിയും മണ്‍റോ സായ്പവര്‍കള്‍ക്കുള്ളതുപോലെ മുന്‍പുണ്ടായിരുന്ന ഹിന്ദുദിവാന്‍ജിമാര്‍ക്കു പോലുമുണ്ടായിരുന്നില്ലെ”ന്നു ജനങ്ങള്‍ പരക്കെ പറഞ്ഞു തുടങ്ങുകയും അതു മഹാരാജ്ഞി വിശ്വസിക്കുകയും ചെയ്തു. അതിനാലാണ് ദേവസ്വങ്ങളിലെല്ലാം പതിവു കണക്കുകളുണ്ടാക്കുന്നതിനു മണ്‍റോസായ്പവര്‍കളെ പ്രത്യേകം കല്‍പിച്ചു ചുമതലപ്പെടുത്തിയത്. അഞ്ചെട്ടുകൊല്ലം മുമ്പു ദേവസ്വം പതിവുകള്‍ പരിഷ്കരിച്ചതുവരെ തിരുവിതാംകൂറിലെ സര്‍ക്കാര്‍ ദേവസ്വങ്ങളിലെല്ലാം സകല കാര്യങ്ങളും മണ്‍റോസായ്പവര്‍കള്‍ നിശ്ചയിച്ച പതിവനുസരിച്ചാണ് നടന്നുവന്നിരുന്നത്. പരിഷ്കരിക്കപ്പെടാത്ത ചില ദേവസ്വങ്ങളില്‍ ഇപ്പോഴും അങ്ങനെ തന്നെ നടന്നു വരുന്നുണ്ട്.