ഐതിഹ്യമാല/ഭവഭൂതി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ത്തരരാമചരിതം, മാലതീമാധവം മുതലായ നാടകങ്ങളുടെയും മറ്റും കര്‍ത്താവും ഒരു മഹാകവിയുമായിരുന്ന ഭൂവഭൂതിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി ഒരുവിധം അക്ഷരജ്ഞാനമുള്ളവരിലാരുമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല.അദ്ദേഹത്തിന്റെ സാക്ഷാല്‍ പേര് "ശ്രീകണ്ഠന്‍" എന്നായിരുന്നു. അദ്ദേഹം ഒരിക്കല്‍

"തപസ്വീ കാം ഗതോവസ്ഥാമിതി സ്മേരാനനാവിവ
ഗിരിജായാ സ്തനൗ വൗന്ദേ ഭവഭൂതിസിതാനനൗ"

എന്നൊരു ശ്ലോകമുണ്ടാക്കി ഒരു വിദ്വല്‍സമാജത്തില്‍വെച്ചു ചൊല്ലുകയും അതിലെ "ഭവഭൂതി" ശബ്ദത്തിന്റെ ചമല്‍ക്കാരം നിമിത്തം സന്തുഷ്ടഹൃദയന്മാരായിത്തീര്‍ന്ന ആ സഭാവാസികള്‍ അദ്ദേഹത്തിനു "ഭവഭൂതി" എന്നുതന്നെ ഒരു പേരു കൊടുക്കുകയും ആ പേരു പ്രസിദ്ധമായിത്തീരുകയുമാണ് ചെയ്തത്. ഒരിക്കല്‍ ശ്രീപാര്‍വതി ശ്രീപരമേശ്വരനോട്, 'കവിത്വത്തില്‍ കാളിദാസനോ ഭവഭൂതിക്കോ അധികം യോഗ്യത?' എന്നുചോദിച്ചു. അതിനു ഭഗവാന്‍, "വലിയ വ്യത്യാസമൊന്നുമില്ല. ഇന്നിന്നപ്രകാരമേ വരികയുള്ളൂ എന്നു കാളിദാസനു നല്ല നിശ്ചയം ഉണ്ട്. ഭവഭൂതിക്ക് അത്രതന്നെ ഇല്ല എന്നുള്ള ഭേദമേ ഉള്ളൂ. അതു വേണമെങ്കില്‍ ഒന്നു പരീക്ഷിച്ചുനോക്കിയാലറിയാം" എന്നു മറുപടി കല്‍പ്പിക്കുകയും പരീക്ഷിക്കാനുള്ള കൗശലം പറഞ്ഞുകൊടുക്കുകയും ചെയ്തു. ഭഗവാന്റെ ഉപദേശപ്രകാരം സുബ്രഹ്മണ്യസ്വാമി ഒരു മരിച്ച ശിശുവായിത്തീരുകയും ശ്രീപാര്‍വ്വതി വിധവയും വൃദ്ധയുമായ ഒരു ബ്രാഹ്മണസ്ത്രീയുടെ വേ‌ഷം ധരിച്ച് ഈ ശിശുവിനെയെടുത്തു ഭോജരാജാവിന്റെ ഗോപുരദ്വാരത്തിങ്കല്‍ കൊണ്ടുചെന്നു കിടത്തിക്കൊണ്ട് അവിടെ നില്‍ക്കുകയും ചെയ്തു. അപ്പോള്‍ അവിടെ സഭപിരിഞ്ഞ് ഓരോ കവിശ്രേഷ്ഠന്‍മാര്‍ അതിലേ വന്നുതുടങ്ങി. അവരില്‍ ഓരോരുത്തരോടും ശ്രീപാര്‍വ്വതി, "ഇതാ ഇങ്ങോട്ടൊന്നു നോക്കണേ! എന്റെ കുട്ടി ഒരു ശാപത്തില്‍ മരിച്ചുപോയിരിക്കുന്നു. 'പുരോ നിസ്സരണേ രണഃ' എന്നൊരു സമസ്യയുണ്ട്. അതു വേണ്ടതുപോലെ പൂരിപ്പിച്ചാല്‍ ഈ കുട്ടി ജീവിക്കും. അങ്ങനെയാണ് ശാപമോക്ഷം. അതിനാല്‍ ഇതൊന്നു വേണ്ടതുപോലെ പൂരിപ്പിക്കണേ" എന്നു പറഞ്ഞു. അതുകേട്ട് ആ കവികളെല്ലാം ആ സമസ്യ ഓരോ വിധം പൂരിപ്പിച്ചു. അപ്പോള്‍ ശ്രീപാര്‍വതി "എന്റെ കുട്ടി ജീവിച്ചില്ലല്ലോ" എന്നു പറഞ്ഞു. "അതെന്തോ ഞങ്ങള്‍ക്കറിഞ്ഞുകൂടാ" എന്നു പറഞ്ഞ് അവരെല്ലാം പോയി. ഉടനെ ഭവഭൂതി അതിലേ വന്നു. അദ്ദേഹത്തോടും ദേവി മേല്‍പറഞ്ഞ പ്രകാരം പറഞ്ഞു. ഭവഭൂതി ആ സമസ്യയെ,

'യാമീതി പ്രിയപൃഷ്ടായാഃ പ്രിയായാഃ കണ്ഠസക്തയോഃ
അശ്രുജീവിതയോരാസീത് പുരോനിസ്സരണേ രണഃ'

എന്നു പൂരിപ്പിച്ചു. അപ്പോഴും ശ്രിപാര്‍വ്വതി "എന്റെ കുട്ടി ജീവിച്ചില്ലല്ലോ" എന്നു പറഞ്ഞു. "അതെന്തോ, എനിക്കറിഞ്ഞുകൂടാ. ഞാന്‍ വിചാരിച്ചാല്‍ ഈ സമസ്യ ഇതിലധികം ഭംഗിയായിട്ടു പൂരിപ്പിക്കാന്‍ കഴിയുകയില്ല. ഇനിയൊരാള്‍ വരുന്നുണ്ട്. അദ്ദേഹത്തോടു പറഞ്ഞാല്‍ ശരിയായി പൂരിപ്പിക്കുമായിരിക്കും" എന്നു പറഞ്ഞു ഭവഭൂതിയും പോയി. ഒടുവില്‍ കാളിദാസരുടെ വരവായി. അപ്പോഴും ദേവി മേല്‍പറഞ്ഞപ്രകാരം പറയുകയും കാളിദാസരും സമസ്യ പൂരിപ്പിക്കുകയും ചെയ്തു. കാളിദാസപൂരണവും ഭവഭൂതിയുടെ പൂരണവും ഒരുപോലെതന്നെയായിരുന്നു. ഒരക്ഷരത്തില്‍പോലും വ്യത്യാസമുണ്ടായിരുന്നില്ല. കാളിദാസ നോടും ദേവി "എന്റെ കുട്ടി ജീവിച്ചില്ലല്ലോ" എന്നു പറഞ്ഞു. അതു കേട്ടു കാളിദാസന്‍ "എന്നാല്‍ നിങ്ങളുടെ കുട്ടി ജീവിക്കുന്നതല്ല, അല്ലെങ്കില്‍ മരിച്ചിട്ടില്ല. മരിക്കാതെ ജീവിക്കുന്നതെങ്ങനെ? ഈ സമസ്യ ഇതിലധികം ഭംഗിയായി പൂരിപ്പിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കുന്നതല്ല" എന്നു പറഞ്ഞു പോവുകയും ചെയ്തു.

ഭവഭൂതിയുടെയും കാളിദാസരുടെയും പൂരണങ്ങള്‍ ഒരുപോലെ തന്നെ ഇരിക്കുകയും കാളിദാസന്‍ മേല്‍പറഞ്ഞപ്രകാരം തീര്‍ച്ചയായി പറയുകയും ചെയ്തതുകൊണ്ട് ഭഗവാന്‍ അരുളിചെയ്തതു വാസ്തവം തന്നെ എന്ന് ശ്രീപാര്‍വ്വതിക്കു ബോധ്യപ്പെടുകയും സുബ്രഹ്മണ്യനോടുകൂടി കൈലാസത്തിങ്കല്‍ച്ചെന്നു ദേവി ഈ ഉണ്ടായ വിവരമെല്ലാം ഭഗവാനെ ഗ്രഹിപ്പിക്കുകയും ചെയ്തു.