കായംകുളം രാജ്യം പിടിച്ചടക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകുടി രാമയ്യന്‍ ദളവ തിരുവിതാംകൂര്‍ (മാര്‍ത്താണ്ഡവര്‍മ്മ) മഹാരാജാവിന്റെ ചാരത്വം സ്വീകരിച്ചു കൊണ്ട് ഒരിക്കല്‍ വേഷം മാറി കായംകുളത്തു ചെന്നു ചേര്‍ന്നു. ഗൂഢമായി അവിടുത്തെ സ്ഥിതിഗതികള്‍ അന്വേഷിച്ചപ്പോള്‍ രാജ്യവും വംശവും നശിക്കത്തക്കവണ്ണമുള്ള ചില ദുര്‍ന്നടപ്പുകള്‍ രാജാവിനുള്ളതായി ദളവയ്ക്ക് അറിവു കിട്ടി. എങ്കിലും അവിടെ ഐശ്വര്യം ഉപര്യുപരി വര്‍ദ്ധിച്ചുകൊണ്ടുതന്നെ ഇരിക്കുന്നതായിക്കണ്ട് അതിന്റെ കാരണമെന്താണെന്ന് അദ്ദേഹം വിണ്ടും അന്വേഷിച്ചു. അപ്പോള്‍ ആ രാജാവിന്റെ തേവാരപ്പുരയില്‍ ഒരു ശ്രീചക്രം ഇരിക്കുന്നുണ്ടെന്നും അതു സര്‍വ്വലക്ഷണങ്ങളും ഒത്തതാണെന്നും അതിന്റെ പൂജ പ്രതിദിനം അവിടെ ശരിയായി നടന്നുവരുന്നുണ്ടെന്നും അതവിടെ ഇരിക്കുന്ന കാലത്ത് ആ രാജ്യത്തിനും രാജവംശത്തിനും ഐശ്വര്യാഭിവൃദ്ധിയല്ലാതെ നാശം ഒരിക്കലും ഉണ്ടാകുന്നതല്ലെന്നും അദ്ദേഹത്തിനു മനസ്സിലാവുകയും ഏതു വിധവും ഈ ശ്രീചക്രം തട്ടിയെടുത്തു കൊണ്ടുപോകണമെന്ന് അദ്ദേഹം തീര്‍ച്ചയാക്കുകയും ചെയ്തൂ.
അനന്തരം ദളവ ഒരു ഭ്രാന്തന്റെ വേഷം ധരിച്ചു തേവാരപ്പുരയുടെ അടുക്കല്‍ ചെന്നുകൂടി. വല്ലതുമൊക്കെ അസംബന്ധങ്ങള്‍ പുലമ്പിക്കൊണ്ടിരിക്കുമെന്നലതെ അദ്ദേഹം അവിടെ ഉപദ്രവമൊന്നും ചെയ്തിരുന്നില്ല. എന്നുമാത്രമല്ല, അതിരാവിലെ കുളിച്ചു ഭസ്മക്കുറിയിട്ടു പൂക്കളൊരുക്കിക്കൊടുക്കുക, പൂജാപാത്രങ്ങള്‍ തേച്ചു മുക്കിക്കൊടുക്കുക മുതലായ ചില ഉപകാരങ്ങള്‍ ചെയ്തും പോന്നു. ഇങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പൊള്‍ "ഈ സാധുമനുഷ്യനു ഭ്രാന്തുണ്ടെങ്കിലും ഈയാള്‍ ഉപദ്രവിയല്ല" എന്നൊരു വിശ്വാസം അവിടെ എല്ലാവര്‍ക്കുമുണ്ടായിത്തിര്‍ന്നു.
പൂജക്കാര്‍ രാവിലെ കുളിച്ചുവന്നു നിര്‍മ്മാല്യം (തലേദിവസംപൂജിച്ച പൂവ്) വാരി പുറത്തിട്ടാലുടനെ ഈ ഭ്രാന്തന്‍ അതെല്ലാം വാരി ഒരു വട്ടിയിലാക്കി തലയില്‍ വച്ചുകൊണ്ടു കോട്ടവാതില്‍ക്കല്‍ച്ചെന്ന് അവിടെ കാവല്‍ നില്‍ക്കുന്ന പട്ടാളക്കരോട് "ഇതാ ശ്രീചക്രം ഞാന്‍കൊണ്ടുപോകുന്നു; വേണമെങ്കില്‍ പിടിച്ചുകൊള്‍വിന്‍. അല്ലെങ്കില്‍ ഞാന്‍ കൊണ്ടുപോകും" എന്നു പറയും. അപ്രകാരം രാജാവിരിക്കുന്ന മാളികയുടെ ചുവട്ടിലൂം ചെന്നു നിന്ന് "ഇതാ ശ്രീ ചക്രം ഞാന്‍ കൊണ്ടുപോകുന്നു; ഇവിടുത്തെ ചോറു തിന്നുന്ന പട്ടാളക്കാര്‍ നന്ദിയില്ലാത്തവരാണ്; അവരോടു ഞാന്‍വിവരം പറഞ്ഞിട്ട് അവര്‍ എന്നെ പിടിച്ചില്ല. അവിടുന്നും മനൗമവലംബിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ ശ്രിചക്രം പോകും; ഇവിടം നശിക്കുകയും ചെയ്യും. പിന്നെ വിചാരിച്ചാല്‍ ഫലമൊന്നുമുണ്ടാവുകയില്ല" എന്നു വിളിച്ചുപറയും. ഇതുകേട്ടു പട്ടാളക്കാരും രാജാവിന്റെ ആള്‍ക്കാരും രണ്ടു മൂന്നു ദിവസം ഭ്രാന്തന്റെ വട്ടി പരിശോധിച്ചു. അതില്‍ പൂക്കളല്ലാതെ ഒന്നും കണ്ടില്ല. പിന്നെ അയാള്‍ വിളിച്ചുപറഞ്ഞാല്‍, ഓഹോ, കൊണ്ടു പൊയ്ക്കൊള്ളൂ. ഇവിടെ ആര്‍ക്കും ശ്രീചക്രം വേണ്ടാ" എന്ന് എല്ലാവരും പറയുക പതിവായി. ഇങ്ങനെ ഏകദേശം ആറു മാസത്തോളം കാലം പതിവായി ചെയ്തതിന്റെ ശേഷം ഒരു ദിവസം തേവാരപ്പുരയില്‍ പൂജക്കാരനില്ലാതിരുന്ന തരം നോക്കി രാമയ്യന്‍ ദളവ ശ്രീചക്രമെടുത്തു വട്ടിയിലാക്കി അതിന്റെ മീതെ പൂക്കളും വാരിയിട്ടു തലയില്‍വച്ചു പതിവുപോലെ കോട്ടവാതില്‍ക്കലെത്തി പട്ടാളക്കരെ വിളിച്ച് "ഇതാ ശ്രീചക്രം ഞാന്‍കൊണ്ട് പോകുന്നു; ഇത്രനാളും പറഞ്ഞതുപോലെയല്ല; ഇന്നു സത്യമായിട്ടു ശ്രീ ചക്രം എന്റെ വട്ടിയിലുണ്ട്" എന്നു പറഞ്ഞു. എങ്കിലും ഇയ്യാള്‍ പതിവുപോലെ ഭ്രാന്തു പറയുകയാണെന്നു വിചാരിച്ചു പട്ടാളക്കാര്‍ ചിരിച്ചുകൊണ്ട് "എന്നാല്‍ കൊണ്ടു പൊയ്ക്കൊള്ളു" എന്നു പറഞ്ഞതല്ലാതെ രാമയ്യനെ പിടിക്കുന്നതിനോ വട്ടി പരിശോധിക്കുന്നതിനോ ചെന്നില്ല. രാമയ്യന്‍ പിന്നെ രാജാവിരിക്കുന്ന മാളികയുടെ ചുവട്ടിലും ചെന്നു നിന്നു പതിവുപോലെ വിളിച്ചു പറഞ്ഞു. അതുകേട്ടിട്ടു രാജാവും ചിരിച്ചുകൊണ്ടിരുന്നതേയുള്ളു. ഉടനെ രാമയ്യന്‍ നേരെ തെക്കോട്ടു വച്ചടിച്ചു. കുറച്ചു സമയം അഴിഞ്ഞു പൂജക്കാരന്‍ തേവാരപ്പുരയില്‍ ചെന്ന സമയം അവിടെ ശ്രീചക്രം കാണായ്കയാല്‍ പരിഭ്രമിച്ചു വിവരം ഗാട്ടുനിന്നിരുന്ന പാട്ടാളക്കാരെ അറിയിച്ചു.
അപ്പോഴേക്കും അവിടെ വലിയ ബഹളമായി. സംഗതി രാജാവുവരെ എല്ലാവരുമറിഞ്ഞു. ഭ്രാന്തനെ അന്വേഷിച്ചു പിടിക്കുന്നതിനായി രാജഭടന്മാര്‍ നാലുദിക്കിലേക്കും ഓട്ടം തുടങ്ങി. ഭ്രാന്തന്‍ വേഷം മാറി പമ്പ കടന്നിരുന്നതിനാല്‍ ഭടന്മാരെല്ലാം ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോന്നു. ഭ്രാന്തനെ എങ്ങും കാണ്മാനില്ലെന്നു രാജസന്നിധിയിലറിയിച്ചു. ആ ശ്രീചക്രം പോയതിനാല്‍ രാജാവിനും രാജ്യവാസികള്‍ക്കും വളരെ മനസ്താപമുണ്ടായി. അവിടെ പിന്നെയും പലവിധത്തില്‍ അതിനെപ്പറ്റി അന്വേഷണങ്ങള്‍ നടത്തി; ഒരു തുമ്പുമുണ്ടായില്ല.അധികം താമസിയാതെ കായംകുളം രാജ്യം തിരുവിതാംകൂറില്‍ ചേരുകയും ചെയ്തു. ആ ശ്രീചക്രം ഇപ്പോഴും തിരുവനന്തപുരത്തു തേവാരപ്പുരയില്‍ ഇരിക്കുന്നുണ്ടെന്നാണു കേള്‍വി.