ഐതിഹ്യമാല/കൊട്ടാരക്കരഗ്ഗോശാല
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

തിരുവിതാംകൂറില്‍ കൊല്ലം ഡിവി‌ഷനില്‍ച്ചേര്‍ന്ന കൊട്ടാരക്കര താലൂക്കില്‍ കൊട്ടാരക്കര എന്ന ദേശത്ത് ഒരു ശിവക്ഷേത്രമുണ്ട്. ഈ ക്ഷേത്രം പണ്ടു കൊട്ടാരക്കര (ഇളയിടത്തു സ്വരൂപം) രാജാവിന്റെ വകയായിരുന്നു. ആ സ്വരൂപത്തിലെ രാജാക്കന്മാര്‍ ഈ ശിവനെ അവരുടെ പരദേവതായായിട്ടാണ് ആചരിക്കുകയും ആദരിക്കുകയും ചെയ്തുവന്നിരുന്നത്. കൊട്ടാരക്കര ദേശം തിരുവിതാംകൂര്‍ സര്‍ക്കാര്‍ വകയായിത്തീര്‍ന്നു. ആ ക്ഷേത്രത്തിന്റെ തെക്കുവശത്തു മതില്‍ക്കകത്തായി ഒരു ഗോശാല ഇപ്പോഴും കാണ്മാനുണ്ട്. അതിന്റെ ഉത്ഭവത്തെപ്പറ്റിയാണ് ഇവിടെ പറയാന്‍ ഭാവിക്കുന്നത്.

പണ്ടു ബ്രിട്ടി‌ഷുമലബാര്‍കാരനായ ഒരു നമ്പൂരി അനപത്യത നിമിത്തം വളരെ ദുഃഖിച്ച് അനേകം സല്‍ക്കര്‍മങ്ങളും ദാനധര്‍മങ്ങളും ക്ഷേത്രങ്ങളില്‍ വഴിപാടുകളും മറ്റും നടത്തിയതിന്റെ ഫലമായി ഒരു പുത്രസന്താനമുണ്ടായി. അപ്പോള്‍ ആ മാതാപിതാക്കന്മാര്‍ വളരെ സന്തോ‌ഷിച്ചുവെങ്കിലും ആ സന്തോ‌ഷം അധിക നാളത്തേക്കു നീണ്ടുനിന്നില്ല. ഉണ്ണിയുടെ ജാതകഫലം ചിന്തിച്ചതില്‍ അദ്ദേഹം ഇരുപതാമതെ വയസ്സില്‍ വി‌ഷഭയമുണ്ടായി മരിക്കുമെന്നു സമര്‍ത്ഥന്മാരായ അനേകം ജ്യോത്സ്യന്മാര്‍ ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടു. അതിനാല്‍ മാതാപിതാക്കന്മാര്‍ക്കു സന്തോ‌ഷത്തിലധികം സന്താപമുണ്ടായിതീര്‍ന്നു. "ഇതിനെക്കാള്‍ നല്ലത് ഉണ്ണി ഉണ്ടാകാതെയിരിക്കുകതന്നെയായിരുന്നു" എന്നു അവര്‍ക്ക് തോന്നി. എങ്കിലും ആ ഉണ്ണി ക്രമേണ വളര്‍ന്നുവരുകയും അദ്ദേഹത്തിന്റെ ഉപനയനം, സമാവര്‍ത്തനം മുതലായവ യഥാകാലം അച്ഛന്‍നമ്പൂരി നടത്തുകയും ചെയ്തു. യഥാക്രമം വേദാധ്യയനവും വിദ്യാഭ്യാസവും ചെയ്യിക്കുകയാല്‍ പതിനാറു വയസ്സു കഴിഞ്ഞപ്പോഴേക്കും ആ ബ്രാഹ്മണകുമാരന്‍ നല്ല വേദജ്ഞനും വിദ്വാനുമായിത്തീര്‍ന്നു. ആകൃതികൊണ്ടും പ്രകൃതികൊണ്ടും മനോഹരനായ ആ ഉണ്ണിനമ്പൂരിയുടെ പ്രായത്തെ അതിക്രമിച്ചുള്ള വളര്‍ച്ചയും ദേഹപുഷ്ടിയും കണ്ടു മാതാപിതാക്കന്മാര്‍ "ഇവന്‍ അല്പായുസ്സായിട്ടു പോകാന്‍തന്നെ ഉണ്ടായവനാണ്" എന്നു വിചാരിച്ചു പ്രതിദിനം ദുഃഖിച്ചുകൊണ്ടിരുന്നു. മാതാപിതാക്കന്മാര്‍ സദാ ദുഃഖിച്ചു കൊണ്ടിരുന്നതിന്റെ കാരണം ആ ഉണ്ണിനമ്പൂരി കാലക്രമേണ മനസ്സിലാക്കുകയും "ഇതുകൊണ്ടു വി‌ഷാദിക്കാനൊന്നുമില്ല. പതിനാറാമത്തെ വയസ്സില്‍ മരിക്കാതെ മാര്‍ക്കണ്ഡേയനെ രക്ഷിച്ച ഈശ്വരന്‍ എന്നെയും രക്ഷിക്കാന്‍ കഴിയും" എന്നു മനസ്സില്‍ ദൃഢമായി നിശ്ചയിക്കുകയും അക്കാലംമുതല്‍ അദ്ദേഹം വലിയ ഈശ്വര ഭക്തനായിത്തിരുകയും ചെയ്തു.

അനന്തരം ആ ഉണ്ണിനമ്പൂരി ഇല്ലത്തുനിന്നിറങ്ങി, കേരളത്തിലുള്ള മഹാ ക്ഷേത്രങ്ങളിലെല്ലാം ചെന്നു സ്വാമി ദര്‍ശനം ചെയ്തുകൊണ്ടു സഞ്ചരിച്ചു. അങ്ങനെ ക്രമേണ അദ്ദേഹം ആറന്മുളെച്ചെന്നു ചേര്‍ന്നു. ആറന്മുളബ്ഭഗവാനെ ഭജിച്ചുകൊണ്ട് അദ്ദേഹം അവിടെ ഒരു മണ്ഡലം (നാല്പത്തൊന്നു ദിവസം) താമസിച്ചു. നാല്‍പത്തൊന്നാം ദിവസം രാത്രിയില്‍ അദ്ദേഹം അമ്പലത്തില്‍ കിടന്ന് ഉറങ്ങിയ സമയം ഒരാള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ച്ചെന്ന് "അങ്ങേക്ക് ഇപ്പോള്‍ ഇരുപതാമത്തെ വയസ്സായിരിക്കുന്നു. ഇവിടെത്താമസിച്ചാല്‍ ഫലസിദ്ധി ഉണ്ടാവുകയില്ല. ഇളയിടത്തു (കൊട്ടാരക്കര) മഹാദേവനെ ഭജിച്ചുകൊണ്ട് അവിടെച്ചെന്നു താമസിക്കുക. ആ മഹാദേവന്‍ അങ്ങയുടെ ആപത്തൊഴിച്ച് രക്ഷിക്കും" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. അദ്ദേഹം പെട്ടെന്നു കണ്ണു തുറന്നു നോക്കിയപ്പോള്‍ അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു കരുണാനിധിയായ തിരുവാറന്മുളയപ്പന്‍തന്നെ അരുളിച്ചെയ്തതാണെന്നു വിശ്വസിച്ചുകൊണ്ട് അദ്ദേഹം അടുത്ത ദിവസംതന്നെ അവിടെനിന്നു പുറപ്പെടു കൊട്ടാരക്കരയെത്തി ഇളയിടത്തു മഹാദേവനെ ഭജിച്ചു തുടങ്ങി.


അങ്ങനെ നാല്പതു ദിവസം കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം വൈകുന്നേരം ആ നമ്പൂരി സന്ധ്യാവന്ദനത്തിനായി അമ്പലത്തില്‍നിന്നറങ്ങി കുളത്തിലേക്കു പോയപ്പോള്‍ എവിടെനിന്നോ ഒരു കൃ‌ഷ്ണ സര്‍പ്പം ചീറ്റിക്കൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. അതു കണ്ടു നമ്പൂരി, "ഓ! നമ്മുടെ ജാതകഫലമനുഭവിക്കനുള്ള കാലമായിരിക്കുമോ? ഇതിനെത്തടുക്കാന്‍ മഹാദേവനു ശക്തിയില്ലെങ്കില്‍ അനുഭവിക്കുകതന്നെ. സര്‍പ്പഭൂ‌ഷണനായ സര്‍വേശ്വരന്‍ ഒരു സര്‍പ്പത്തെത്തടുക്കാന്‍ നിവൃത്തിയില്ലാതെ വരുകയില്ല" എന്നു വിചാരിച്ചുകൊണ്ട് കുളത്തിലിറങ്ങി സന്ധ്യാ വന്ദനവും ജപവുമെല്ലാം നടത്തി. സര്‍പ്പം കുളക്കടവില്‍ കരയ്ക്കു ചെന്നു നിന്നു. നമ്പുരി മറ്റൊരു വഴിയെ കരയ്ക്കു കയറി, അമ്പലത്തിലെത്തി പ്രദക്ഷിണം വച്ചു തുടങ്ങി. അപ്പോള്‍ സര്‍പ്പം അവിടെയുമെത്തി അദ്ദേഹത്തെ പിന്‍തുടര്‍ന്നു. സര്‍പ്പം ഏറ്റവുമടുത്തപ്പോള്‍ നമ്പൂരി നടയില്‍ ചെന്നു സാഷ്ടാംഗമായി നമസ്കരിച്ചുകൊണ്ട് അവിടെക്കിടന്നു. അപ്പോള്‍ ദീപാരാധനയ്ക്കു നട അടച്ചിരിക്കുകയായിരുന്നു. സര്‍പ്പം നമ്പൂരിയെ തൊട്ടു തൊട്ടില്ല എന്ന സ്ഥിതിയിലായപ്പോള്‍ എവിടെനിന്നോ ഒരു പരുന്തു വന്ന് ആ സര്‍പ്പത്തെ റാഞ്ചി (പെട്ടെന്നു കൊത്തിയെടുത്തു) കൊണ്ടു പോയി. ദീപാരാധനയ്ക്കു നട തുറന്നപ്പോള്‍ നമ്പൂരി എണീറ്റു. അപ്പോള്‍ സര്‍പ്പത്തെ അവിടെയെങ്ങും കണ്ടില്ല. സര്‍പ്പത്തെ പരുന്തു കൊന്ന് അമ്പലത്തിന്റെ മതില്‍ക്കു പുറത്തു പടിഞ്ഞാറുവശത്തായി ഒരു സ്ഥലത്തു കൊണ്ടുപോയി ഇട്ടതായി ജനങ്ങള്‍ പറഞ്ഞ് അദ്ദേഹം കേള്‍ക്കുകയും മഹാദേവന്റെ കൃപകൊണ്ട് തന്റെ ആപത്ത് ഇങ്ങനെ ഒഴിഞ്ഞു എന്നു വിശ്വസിക്കുകയും ചെയ്തു.

അടുത്ത ദിവസംതന്നെ നമ്പൂരി സ്വദേശത്തേക്കു പുറപ്പെടുകയും ഇല്ലത്തെത്തി വിവരം മാതാപിതാക്കന്മാരെ അറിയിക്കുകയും അവര്‍ അത്യന്തം സന്തോ‌ഷിക്കുകയും ചെയ്തു. അനന്തരം നമ്പുരി ഏതാനും പണവുംകൊണ്ടു വീണ്ടും കൊട്ടാരക്കരെ എത്തുകയും രാജാവിന്റെ അനുവാദപ്രകാരം കരിങ്കല്‍പ്പണികളോടുകൂടി മഹാദേവക്ഷേത്രം ജീര്‍ണ്ണോദ്ധാരണം ചെയ്യിക്കുകയും അതിന്റെ തെക്കുവശത്തു കരിങ്കല്ലുകൊണ്ടു തന്നെ പുത്തനായി ഒരു ഗോശാല പണിയിക്കുകയും ചെയ്തു. ആ ഗോശാല തറമുതല്‍ മുഴുവനും, മുകളിലത്തെ മേച്ചില്‍കൂടിയും, കരിങ്കല്ലു കൊണ്ടാണ് പണി കഴിപ്പിച്ചിട്ടുള്ളത്. ഗോശാലയുടെ വടക്കുവശമൊഴിച്ചു മൂന്നു വശങ്ങളും കരിങ്കല്ലുകൊണ്ടുതന്നെ ഭിത്തി കെട്ടി അടവാക്കീട്ടുണ്ട്. ഈ ഗോശാല പണിയിചത് കൊല്ലം 900-ആം മാണ്ടിടയ്ക്കാണെന്നാണ്കേള്‍വി. അതിന് ഇപ്പോഴും യാതൊരു കേടും സംഭവിച്ചിട്ടില്ല. സര്‍പ്പം ചത്തുവീണ സ്ഥലത്ത് ആ നമ്പൂരി ഒരു നാഗപ്രതിഷ്ഠ നടത്തിക്കുകയും അവിടം കാലക്രമേണ ഒരു സര്‍പ്പക്കാവായിത്തീരുകയും ചെയ്തു. ആ സര്‍പ്പക്കാവ് ഇപ്പോള്‍ അവിടെ കാണ്‍മാനുണ്ട്.

മേല്‍പറഞ്ഞ ഗോശാല ഇപ്പോള്‍ വലിയ ഉപയോഗമൊന്നുമില്ലാതെയാണ് കിടക്കുന്നത്. എങ്കിലും ഉടമസ്ഥന്മാര്‍ക്കു പിടികൊടുക്കാതെ രാത്രി കാലങ്ങളില്‍ കണ്ടവരുടെ വിളവില്‍ കയറി തിന്നു നശിപ്പിച്ചു നടക്കുന്ന ചില കന്നു കാലികള്‍ ചിലപ്പോള്‍ ഇപ്പോഴും അവിടെച്ചെന്നു കിടക്കാറുണ്ട്. അതിനാല്‍ ആ ശാല പണിയിച്ച ആളുടെ ഉദ്ദേശം കേവലം നി‌ഷ്ഫലമായിപ്പോയി എന്നു പറയാന്‍പാടില്ല. ഇതു പണിയിച്ച നമ്പൂരിയുടെ ഇല്ലപ്പേര് ‘പറമ്പില്‍’ എന്നാണെന്നു ചിലരും ‘പറമ്പൂര്’ എന്നാണെന്നു മറ്റു ചിലരും പറയുന്നു. ഈ ഗോശാല കൊല്ലം 1092-ആമാണ്ടിടയ്ക്ക് പുരാതന സാധനാന്വേ‌ഷിയായ മിസ്റ്റര്‍ ഗോപീനാഥറാവു സന്ദര്‍ശിക്കുകയും പഴമപരിചയമുള്ള ചില വൃദ്ധന്മാരോട് ഇതിനെപ്പറ്റി ചോദിച്ചു ചില വിവരങ്ങള്‍ അറിയുകയും ചെയ്തിട്ടുണ്ട്.