ഐതിഹ്യമാല/ചെമ്പകശ്ശേരി രാജാവും മേപ്പത്തൂര്‍ ഭട്ടതിരിയും
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പ്രസിദ്ധവിദ്വാനും മഹാകവിയുമായിരുന്ന മേപ്പത്തൂര്‍ ഭട്ടതിരി ചെമ്പകശ്ശേരി രാജാവിന്റെ ഇഷ്ടനായിട്ട് കുറച്ചു കാലം അമ്പലപ്പുഴെ താമസ്സിച്ചിരുന്നു എന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. അദ്ദേഹം അമ്പലപ്പുഴെ ചെന്നു ചേരാനും, രാജാവിന്റെ ഇഷ്ടനായിത്തീരാനുമുണ്ടായ കാരണത്തെയാണ് ഇവിടെ ആദ്യമായി പറയാന്‍ പോകുന്നത്.

ഒരു കാലത്തു അമ്പലപ്പുഴ നാടൂ വാണിരുന്ന രാജാവിനു പ്രതിദിനം ഒരു ബ്രാഹ്മണനെക്കൊണ്ടു ഭാരതം വായിപ്പിച്ചു കേട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ലെന്നു ഒരു നിഷ്ഠയുണ്ടായിരുന്നു. അതിലേക്കു പ്രത്യേകമൊരു ബ്രാഹ്മണനെ ശമ്പളം വച്ചു ആക്കീട്ടുണ്ടായിരുന്നു. ആ ബ്രാഹ്മണന്‍ ഒരു ദിവസത്തെ വായന കഴിഞ്ഞു പിറ്റേദിവസത്തേക്കു തിരിച്ചെത്തികൊള്ളാമെന്നു വിചാരിച്ച് എവിടയൊ പോയി. അദ്ദേഹം വിചാരിച്ചപോലെ പിറ്റേ ദിവസത്തെ വായനയ്ക്കു വന്നെത്തുന്നതിനു എന്തോ കാരണവശാല്‍ സാധിച്ചില്ല. രാജാവ് നേരത്തെ കുളിയും തേവാരവുമെല്ലാം കഴിഞ്ഞു പതിവുപോലെ വായന കേള്‍ക്കാന്‍ ചെന്നിരുന്നു. വളരെ നേരമായിട്ടും വായനക്കാരന്‍ ബ്രാഹ്മണനെ കണ്ടില്ല ഭക്ഷണത്തിന്റെ സമയം കഴിഞ്ഞപ്പോഴേയ്ക്കും രാജാവിനു വിശപ്പു കലശലായി. എവിടെ നിന്നെങ്കിലും ഒരു ബ്രാഹ്മണനെ ഉടനെ വിളിച്ചു കൊണ്ടുവരണമെന്നു പറഞ്ഞു ഭടന്മാരെ ഓടിച്ചു. അപ്പോള്‍ ഒരാള്‍ രാജാവിന്റെ അടുക്കല്‍ ചെന്നുവഴിപോക്കനായ ഒരു ബ്രാഹ്മണന്‍ അമ്പലത്തിനകത്തു ജപിച്ചുകൊണ്ടിരിക്കുന്നുണ്ടന്നു അറിയിച്ചു. ഉടനെ രാജാവ് ആളയച്ചു ആ ബ്രാഹ്മണനെ വരുത്തി. 'ഹേ അങ്ങേക്ക് കൂട്ടി വായന ശീലമുണ്ടോ' എന്നു ചോദിച്ചു. 'കുറേശ്ശെ പരിചയമുണ്ട്' എന്നു ബ്രാഹ്മണന്‍ പറയുകയും ഉടനെ രാജാവ് ഭാരതം ഗ്രന്ഥം എടുത്തു കൊടുക്കുകയും ബ്രാഹ്മണന്‍ വായിച്ചു തുടങ്ങുകയും ചെയ്തു. കര്‍ണ്ണപര്‍വ്വമാണു വായിച്ചിരുന്നത്. അതില്‍ ഭീമന്റെ കയറ്റത്തെ വര്‍ണ്ണിക്കുന്ന ഘട്ടത്തില്‍

'ഭീമസേനഗദാത്രസ്താ ദുര്യോധനവരൂഥിനീ
ശിഖാ ഖാര്‍വാടകസ്യേവ കര്‍ണ്ണമൂലമുപാശ്രിതാ'

എന്നു കൂട്ടി വായിച്ചു. ഭാരതത്തിലില്ലാത്തതായ ഈ ശ്ലോകം ക‌ഷണ്ടിത്തലയനായ തന്നെ പുച്ഛിച്ച് ആ നമ്പൂരി തല്‍ക്ഷണം ഉണ്ടാക്കിയതാണന്നു രാജാവിനു മനസ്സിലാകയാല്‍ 'അങ്ങുന്നാണോ മേപ്പത്തൂര്‍ നാരായണഭട്ടതിരി?' എന്നു നിസ്സംശയം ചോദിക്കുകയും ചെയ്തു. അപ്പോള്‍ രാജാവിനെ സന്തോ‌ഷിപ്പിക്കാനായി അദ്ദേഹം,

അവ്യഞ്ജനസ്താര്‍ക്ഷ്യകേതുര്യല്‍പദം ഘടയി‌ഷ്യതി
തത്തേ ഭവതു കല്പാന്തം ദേവനാരായണപ്രഭോ!

ഈ ശ്ലോകവും തല്‍ക്ഷണമുണ്ടാക്കിച്ചൊല്ലി. ഇദ്ദേഹം മേപ്പത്തൂര്‍ ഭട്ടതിരിയാണന്നറിഞ്ഞപ്പോള്‍ രാജാവിനു വളരെ സന്തോ‌ഷമുണ്ടാവുകയും ഭട്ടതിരി അന്നു ഊണു കഴിച്ചിട്ടില്ലായിരുന്നതിനാല്‍ അവര്‍ ഒപ്പമിരുന്ന് ഊണു കഴിക്കുകയും രാജാവ് പിന്നെ കുറച്ചു കാലത്തേക്കു ഭട്ടതിരിയെ അവിടെ താമസിപ്പിക്കുകയും ചെയ്തു.ഇങ്ങനെയാണു മേപ്പത്തൂര്‍ ഭട്ടതിരി അമ്പലപ്പുഴെരാജാവിന്റെ ഇഷ്ടനായി അവിടെ താമസ്സിക്കുന്നതിനിടയായത്. ഇങ്ങിനെ താമസിക്കുന്ന കാലത്തുണ്ടാക്കിയതാണ് 'പ്രക്രിയാസര്‍വസ്വ'മെന്ന വ്യാകരണഗ്രന്ഥം. അക്കാലത്തു ഭട്ടതിരിയോട് ഒരു നാടകമുണ്ടാക്കണമെന്നു രാജാവും, നാടകമുണ്ടാക്കി കിട്ടിയാല്‍ കല്പനയുണ്ടങ്കില്‍ അരങ്ങേറ്റംകഴിച്ചു കൊള്ളാമെന്നു അക്കാലത്തു അതിസമര്‍ത്ഥനായി അവിടെയുണ്ടായിരുന്ന ചാക്യാരും പറഞ്ഞു. എങ്കിലും ഭട്ടതിരി ‚ഒരു നാടകമുണ്ടാക്കാന്‍ തക്കവണ്ണമുള്ള പാണ്ഡിത്യവും, കവിത്വവും എനിക്കില്ല, ചാക്യാര്‍ക്കു പറയാമെന്നുണ്ടങ്കില്‍ ഞാന്‍ ചില ചമ്പൂപ്രബന്ധങ്ങള്‍ ഉണ്ടാക്കിത്തരാം‛ എന്നു പറഞ്ഞതല്ലാതെ നാടകമുണ്ടാക്കാന്‍ തുനിഞ്ഞില്ല. വലിയ വിദ്വാനും മഹാകവിയുമായിരുന്ന ഭട്ടതിരിതന്നെ ഇപ്രകാരം പറഞ്ഞ് ഒഴിഞ്ഞതു കൊണ്ട് അക്കാലത്തു 'നാടകാദ്യം കവിത്വ'മെന്നുള്ളതല്ല, നാടകാന്തം കവിത്വ'മെന്നുള്ള അഭിപ്രായം തന്നെയാണു വിദ്വാന്മാരുടെ ഇടയില്‍ പ്രബലപ്പെട്ടിരുന്നത്. എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. നാടകമുണ്ടാക്കുകയെന്നുള്ളത് അശക്യമാണങ്കില്‍ ചമ്പൂപ്രബന്ധങ്ങളുണ്ടാക്കിയാലും മതിയെന്നു രാജാവ് സമ്മതിക്കുകയാല്‍ ഭട്ടതിരിസുഭദ്രാഹരണം, ദൂതവാക്യം, രാജസൂയം, നൃഗമോക്ഷം, നിരനുനാസികം,മത്സ്യാവതാരം ഇത്യാദികളായ പത്തു ചമ്പൂപ്രബന്ധങ്ങള്‍ ഉണ്ടാക്കുകയും അവയെല്ലാം അമ്പലപ്പുഴെ രാജാവിന്റെ കല്പനപ്രകാരം ചാക്യാര്‍ അരങ്ങേറ്റം കഴിക്കുകയും ചെയ്തു. ഭട്ടതിരി പ്രബന്ധങ്ങള്‍ മുഴുവന്‍ ഉണ്ടാക്കി കൊടുത്തിട്ട് അവ പിന്നീട് ചാക്യാരു തോന്നിച്ച് അരങ്ങേറ്റം കഴിക്കുകയല്ല ചെയ്തത്. ഭട്ടതിരി ചാക്യാര്‍ക്കു ഓരോ ദിവസം പറയാന്‍ മാത്രം കുറേശ്ശേ എഴുതികൊടുക്കുകയും എഴുതികൊടുക്കുന്നത് അന്നന്ന് തോന്നിച്ചു ചാക്യാര്‍ അരങ്ങേറ്റം കഴിക്കുകയുമാണു ചെയ്തിരുന്നത്. ഓരോ ശ്ലോകങ്ങള്‍ക്കും ഗദ്യങ്ങള്‍ക്കും ഭട്ടതിരി വിചാരിക്കുന്നതിലുമധികം അര്‍ത്ഥം ചാക്യാര്‍ പറഞ്ഞിരുന്നതിനാല്‍ സന്തോ‌ഷവും, ഉത്സാഹവും വര്‍ദ്ധിക്കുകയാലാണ് ഭട്ടതിരി പത്തു പ്രബന്ധങ്ങളുണ്ടാക്കാന്‍ ഇടയായത്. ഒരു പ്രബന്ധമുണ്ടാക്കുകയെന്നേ ഭട്ടതിരി ആദ്യം വിചാരിചിരുന്നുള്ളു. ചാക്യാര്‍ പറഞ്ഞ ഒരു വിശേ‌ഷാര്‍ഥം ഉദാഹരണത്തിനായി താഴെ പറയുന്നു.

'സുഭദ്രാഹരണം' പ്രബന്ധത്തിലെ, അത്രാഗതം..... എന്ന ശ്ലോകത്തിനു ചാക്യാര്‍, 'കബരീ ഇഹ പ്രശിഥിലാ, ഇഹ നദ്ധാ' (തലമുടി ഇവിടെവച്ച് അഴിഞ്ഞു ഇവിടെ വച്ചുകെട്ടി) എന്നു രണ്ടായിട്ടന്വയിച്ചു അര്‍ത്ഥം പറഞ്ഞു. കൂത്തു കഴിഞ്ഞപ്പോള്‍ ഭട്ടതിരീ ‚ചക്യാര്‍ ഞാന്‍ വിചാരിച്ചിരുന്നതില്‍ ഒന്നു കടത്തി വച്ചു.‛ പ്രശിഥിലാ കബരീ ഇഹ നദ്ധാ'(അഴിഞ്ഞതലമുടി അവിടെ വച്ചുകെട്ടി) എന്നു ഒരന്വയമേ ഞാന്‍ വിചാരിച്ചിരുന്നുള്ളൂ. ചാക്യാര്‍ രണ്ടന്വയമായിട്ടു പറഞ്ഞതിലാണ് അധികം ചമല്‍ക്കാരവും, അര്‍ഥപുഷ്ടിയും ഉണ്ടാകുന്നത്. അതിനാല്‍ ചാക്യാരുടെ മനോധര്‍മ്മം വളരെ നന്നായി‛ എന്നു പറയുകയും ചെയ്തു. ഇങ്ങിനെ അനേകം ശ്ലോകങ്ങള്‍ക്കു ആ ചാക്യാര്‍ ഭട്ടതിരി വിചാരിക്കുന്നതിലധികമര്‍ത്ഥം പറയുകയും അവയെല്ലാം ഭട്ടതിരിയും രാജാവും സമ്മതിക്കുകയുംചെയ്തു.

നാരായണഭട്ടതിരീ സംസ്കൃത ചമ്പൂപ്രബന്ധങ്ങളുണ്ടാക്കുകയും അവയെ ചെമ്പകശ്ശേരി രാജാവിന്റെ കല്പനപ്രകാരം അമ്പലപ്പുഴ ചാക്യാര്‍ അരങ്ങേറ്റം കഴിക്കുകയും ചെയ്തതിന്റെ ശേ‌ഷം ആ പ്രബന്ധങ്ങളെത്തന്നെ ശേ‌ഷമുള്ള ചാക്യാരന്മാരും പാഠകക്കാരും ഉപയോഗിച്ചു തുടങ്ങുകയും അവയ്ക്കു സര്‍വ്വത്ര പ്രചാരം സിദ്ധിക്കുകയും ചെയ്തു, ഭട്ടതിരിയെ അനുകരിച്ചു വേറെ ചില വിദ്വാന്മാരും രംഗോപജീവികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചു ചമ്പൂപ്രബന്ധങ്ങളുണ്ടാക്കീട്ടുണ്ട്. എങ്കിലും അവയിലൊന്നിനും ഭട്ടതിരിയുടെ പ്രബന്ധങ്ങളോളം പ്രചാരം സിദ്ധിച്ചില്ല. ഭട്ടതിരി സംസ്കൃതചമ്പൂപ്രബന്ധങ്ങളുണ്ടാക്കി അരങ്ങേറ്റം കഴിപ്പിക്കുന്നതിനു മുമ്പു ചാക്യാന്മാര്‍, പാഠകക്കാര്‍ മുതലായ രംഗോപജീവികള്‍ ഭാ‌ഷാചമ്പൂപ്രബന്ധങ്ങളാണു ഉപയോഗിച്ചുവന്നിരുന്നത്. അതിനാല്‍ ഭട്ടതിരിയുടെ പ്രബന്ധനിര്‍മ്മാണോദ്യമം രംഗോപജീവികള്‍ക്കും ജനങ്ങള്‍ക്കാകപ്പാടെയും ഉപകാരകമായിട്ടുണ്ടന്നു പറയേണ്ടിയിരിക്കുന്നു.