പാടും നിനക്കു നിത്യവും പരമേശാ!
കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ
പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍
വാടാതെ നിന്നെ വാഴ്ത്തുമേ പരമേശാ
പാടവമുള്ള സ്തുതി പാഠകനെന്ന പോല്‍
തേടും ഞാന്‍ നല്ല വാക്കുകള്‍ പരമെശാ
പൂക്കുന്നു വാടിയൊരു പൂവള്ളി തൂമഴയാല്‍
ഓര്‍ക്കുന്നു നിന്റെ പാലനം പരമേശാ
ഗന്ധം പരത്തീടുന്ന പുഷ്പങ്ങളാലെന്നുടെ
അന്തികം രമ്യമാകുന്നു പരമേശാ
ശുദ്ധരില്‍ വ്യാപരിക്കും സ്വര്‍ഗ്ഗീയവായുവാല്‍
ശുദ്ധമീ വ്യോമമണ്ഡലം പരമേശാ
കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ
തുഷ്ടിപ്പെടുത്തിയെന്നെ നീ പരമേശാ
സ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയന്
ഞാനും സുഖേനെ വാഴുന്നു പരമേശാ
ആയവന് തന്ന ഫലം ആകെ ഭുജിച്ചു മമ
ജീവന് സമൃദ്ധിയാകുന്നു പരമേശാ
ദൈവപ്രഭാവമെന്റെ മുന്നില്‍ തിളങ്ങീടുന്നു
ചൊല്ലാവതില്ല ഭാഗ്യമെന്‍ പരമേശാ
എന്നുള്ളമാകും മഹാ ദേവാലയത്തില്‍ നിന്നു
പൊങ്ങും നിനക്കു വന്ദനം പരമേശാ
- മഹാകവി കെ.വി. സൈമണ്‍