എന്‍ പ്രിയ രക്ഷകനെ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

     ശങ്കരാഭരണം- മുറിയടന്ത
           പല്ലവി
എന്‍പ്രിയരക്ഷകനേ നിന്റെ സ്നേഹം
ഏറ്റവും അത്ഭുതമേ
        അനുപല്ലവി
എന്‍പാപത്തില്‍ നിന്നു എന്നെ മോചിപ്പാനായ്
അന്‍പേറുന്നോനേ നീ സ്വര്‍ഭാഗ്യത്തെ വിട്ടു-
         ചരണങ്ങള്‍
1.മാ പരിശുദ്ധനായ ഈശന്റെ പ്ര-
   മാണങ്ങള്‍ ലംഘിക്കയാല്‍
   ശാപപാത്രമാമിപ്പാപിക്കു ദൈവത്തിന്‍
   കോപാഗ്നിയില്‍ നിന്നു മോചനമേകിയ

2.ദാസന്റെ വേഷത്തെ നീ പൂണ്ടീലോകെ
   വാസം ചെയ്തെന്റെ പേര്‍ക്കായ്
   ദേഹത്തിന്‍ ക്ഷീണത ദാരിദ്ര്യത്തിന്‍ ദുഃഖം
   ദായം വിശപ്പും സഹിച്ചു എനിക്കായ്-

3.ദൈവത്തിന്‍ നല്‍ഹിതത്തെ എന്നേരവും
   ചെയ്യേണ്ടതിന്‍ വിധത്തെ
   തന്‍ വിശുദ്ധമുള്ള ജീവിതം മൂലമായ്
  ഏവര്‍ക്കും കാണിച്ച സര്‍വ്വകൃപാലുവാം-

4.നന്ദികേടും ദ്രോഹവും എന്നില്‍ നാഥാ
   എണ്ണമില്ലാതുണ്ടഹോ
   ഇന്നിലത്തില്‍ ഞാന്‍ പിറന്ന നേരം
   നിന്നെ കോപിപ്പിച്ചേന്‍ ഇന്നോളം എന്നിട്ടും-

5.ക്രൂരന്മാര്‍ കൈകളില്‍ നീ അകപ്പെട്ടു
   പാരം കഷ്ടപ്പെട്ടഹോ
   ക്രൂരവേദനയാല്‍ ക്രൂശില്‍ തൂങ്ങി നിന്റെ
   ചോരയാലെന്നെയുദ്ധാരണം ചെയ്തോരു-

6.ദൈവവും മനുഷ്യരും നിന്നെ മുറ്റും
   കൈവിട്ട നേരത്തിലും
  പാവപ്പെട്ട എന്നാത്മാവിനെ ലേശം നീ
  കൈവെടിഞ്ഞില്ലയെന്‍ ജീവന്റെ നാഥനാം-

7.പാരമയോഗ്യനെന്നെ നീ സ്നേഹിപ്പാന്‍
  കാരണമെന്തു നാഥാ?
  കാരുണ്യവാനെ നീ ഈവണ്ണം സ്നേഹിപ്പാന്‍
  കാരണം നിന്‍ മാ വാത്സല്ല്യ വിശേഷമെ

8.എന്നെ സ്നേഹിച്ചതിനാല്‍ നിന്മേല്‍ നാഥാ
  വന്ന കഷ്ടങ്ങളെ ഞാന്‍
  നന്നായോര്‍ത്തു നിന്നെ പൂര്‍ണ്ണമായ് സ്നേഹിപ്പാന്‍
  പൊന്നു രക്ഷകനേ തന്നീടേണം കൃപ-