യേശുനാഥാ നീതിസൂര്യാ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്


യേശുനാഥാ നീതിസൂര്യാ (ക്രിസ്തീയ കീര്‍ത്തനം)
രചന:സാധു കൊച്ചുകുഞ്ഞുപദേശി

യേശുനാഥാ! നീതിസൂര്യാ!
ഏകണം നിന്നാത്മദാനം
ദാസരിലീസമയത്തില്‍ നാഥനേ!
സര്‍വ്വമാലൊഴിച്ചു ദിവ്യദാനം നല്‍കുക

ഇന്നു നിന്റെ സന്നിധിയില്‍
വന്നിരിക്കും ഞങ്ങളെ നീ
നിന്റെ ദിവ്യാശിഷം നല്‍കി പാലിക്ക
സര്‍വ്വമായ ചിന്ത ദൂരെ നീക്കികാക്കുക!

ഇത്രനാളും നിന്‍കൃപയെ
വ്യര്‍ത്ഥമാക്കിത്തീര്‍ത്തുപോയേ
അത്തലെല്ലാം നീക്കി നീ കൈ താങ്ങുക
നിന്റെ സത്യബോധം ഞങ്ങളില്‍ നീ നല്‍കുക!

ആത്മദാതാവായ നിന്നെ
സ്വന്തമാക്കിത്തീര്‍ത്തിടുവാന്‍
ആത്മദാഹം ഞങ്ങളില്‍ നീ നല്‍കുക
സര്‍വ്വ സ്വാര്‍ത്ഥചിത്തം ദൂരേ നീക്കി കാക്കുക

നിന്റെ സ്നേഹമറിഞ്ഞിട്ടു
നിന്നെ സ്നേഹിപ്പതിനായി
സ്നേഹഹീനരായവരില്‍ വേഗമേ
നിത്യ സ്നേഹരൂപനായ നിന്നെ കാട്ടുക!

നീ പൊഴിക്കും തേന്മൊഴികള്‍
ഞങ്ങളുള്ളിലാക്കിടുവാന്‍
പാരംകൊതി നല്‍കീടേണം ദൈവമേ
എല്ലാം ചെയ്തുനല്ല ദാസരായിത്തീരുവാന്‍

നല്ല പങ്കായുള്ളതിനെ
ഞങ്ങളെല്ലാമെടുത്തീടാന്‍
നല്ലദാനമടിയാര്‍ക്കു നല്‍കണം
ആരും വ്യര്‍ത്ഥമായിപ്പോയിടല്ലേ ദൈവമേ!