നിനക്കായെന്‍ ജീവനെ മരക്കുരിശ്ശില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

    ചെഞ്ചുരുട്ടി ആദിതാളം
          പല്ലവി
നിനക്കാ-യെന്‍ ജീവനെ മര-
ക്കുരിശ്ശില്‍ വെടിഞ്ഞെന്‍ മകനേ!

           അനുപല്ലവി
ദിനവും ഇതിനെ മറന്നു ഭൂവി നീ
വസിപ്പതെന്തു കണ്മണിയെ

1.വെടിഞ്ഞു ഞാനെന്റെ പരമമോദങ്ങ
  ളഖിലവും നിന്നെ കരുതി- നിന്റെ
  കഠിന പാപത്തെ ചുമന്നൊഴിപ്പതി-
  നടിമ വേഷം ഞാനെടുത്തു

2.പരമ താതന്റെ തിരുമുമ്പാകെ നിന്‍
  ദുരിതഭാരത്തെ ചുമന്നും കൊണ്ടു
  പരവശനായി തളര്‍ന്നെന്‍ വിയര്‍പ്പു
  ചോരത്തുള്ളി പോലോഴുകി

3.പെരിയൊരുകുരിശ്ശെടുത്തു കൊണ്ടു ഞാന്‍
  കയറി കാല്‍വറി മുകളില്‍- ഉടന്‍
  കരുത്തെഴുന്നവര്‍ പിടിച്ചിഴച്ചെന്നെ
  കിടത്തി വന്‍ കുരിശ്ശതിന്മേല്‍

4.വലിച്ചു കാല്‍കരം പഴുതിണയാക്കി
  പിടിച്ചിരുമ്പാണി ചെലുത്തി- ഒട്ടും
  അലിവില്ലതടി-ച്ചിറക്കിയെന്‍ രക്തം
  തെറിപ്പിച്ചെന്റെ കണ്മണിയെ

5.പരമദാഹവും വിവശതയും കൊ-
   ണ്ടധികം തളര്‍ന്ന എന്റെ- നാവു
  വരണ്ടു വെള്ളത്തി-ന്നിരന്ന നേരത്തു
  തരുന്നതെന്തു നീ കാണ്‍ക

6.കരുണയില്ലാത്ത പടയാളി ഒരു
  പെരിയകുന്തമ-ങ്ങെടുത്തു- കുത്തി
  തുറന്നെന്‍ ചങ്കിനെ അതില്‍ നിന്നൊഴുകി
  ജലവും രക്തവും ഉടനെ

7.ഒരിക്കലും എന്റെ പരമസ്നേഹത്തെ
  മറക്കാമൊ നിന-ക്കോര്‍ത്താല്‍-നിന്മേല്‍
  കരളലിഞ്ഞു ഞാന്‍ ഇവ സകലവും
  സഹിച്ചെന്‍ ജീവനെ വെടിഞ്ഞു