പാടുവിന്‍ സകലഭൂമിയെ

96-റാമതു സങ്കീര്‍ത്തനം
"ജയിക്കുമേ സുവിശേഷം ലോകം"എന്നരീതി.
തി- ഏകതാളം

പല്ലവി

പാടുവിന്‍ സകല ഭൂമിയേ, ദേവന്നു പുതിയ പാട്ടായി
പാടുവിന്‍ നാഥനു പാടി നാമം വാഴ്ത്തുവിന്‍!
നാള്‍തോറും തന്റെ രക്ഷയെ നിങ്ങള്‍- ആര്‍ത്തറിയിപ്പിന്‍


ചരണങ്ങള്‍

ജാതികള്‍ അറിവതിന്നുതന്‍ മഹിമയെ
സകലജനങ്ങളോടും തന്‍
അതിശയങ്ങളും വിവരിപ്പിന്‍
എന്തെന്നാല്‍ അവന്‍ വലിയവന്‍
ഏറ്റവും സ്തുതി-ക്കേറ്റവന്‍ വാന-
ഭൂതലങ്ങളെ-നാഥന്നു നിങ്ങള്‍-
(പാടുവിന്‍...)


ജാതികള്‍ തൊഴുന്നദേവകളൊക്കെയും
അസത്തകള്‍ തന്നെ-ദൈവമോ
ചമച്ചവനാകാശങ്ങളെ
ഭയങ്കരന്‍ ദേവന്മാരേക്കാള്‍
ഉന്നതന്‍ തിരുമുന്നില്‍ വാനവും
മിന്നും പ്രഭയുമെന്നുമുണ്ടെന്നു-
(പാടുവിന്‍...)


ശക്തിയും അഴകും വിശുദ്ധസ്ഥലത്തുണ്ട്
ജനങ്ങളിന്‍ കുടുംബങ്ങളേ
കൊടുപ്പിന്‍ ദേവന്നു മഹിമയെ
കൊടുപ്പിന്‍ ദേവന്നു ശക്തിയെ
നാഥനു തിരുനാമ മഹിമ
നാള്‍തോറും നിങ്ങള്‍ നല്‍കി നല്‍കി
(പാടുവിന്‍...)


കാഴ്ചയെ എടുത്തവന്‍ മതിലകങ്ങളില്‍
ചെന്നവന്‍ മുമ്പില്‍ വച്ചുടന്‍
വിശുദ്ധിയിന്നലങ്കാരത്തില്‍
ദേവനെ തൊഴുതീടുവിന്‍
സകല ഭൂമിയേ! തിരുമുന്നില്‍ നിങ്ങള്‍
നടുങ്ങുവിനവന്‍ ഭയങ്കരനെന്നു
(പാടുവിന്‍...)


വാനവന്‍- വാഴുന്നതിനാ-ലൂഴിയും
ഇളകാതെ സ്ഥിരപ്പെടുന്നഹോ!
നേരായ് നായകന്‍ ജനങ്ങള്‍ക്കു
ന്യായം വിസ്തരിച്ചീടുമെന്നു
ജാതികളോടു മോദമായ് പറ-
ഞ്ഞീടുവിനാദി നാഥന്നു നിങ്ങള്‍
(പാടുവിന്‍...)


വാനങ്ങള്‍ സന്തോഷിക്കയുമൂഴിയും
ആനന്ദിക്കയു-മാഴിയും
അതിന്‍ നിറവോടു കൂടവെ
മുഴങ്ങീടുകയും ചെയ്യട്ടെ
എല്ലാവയലിലുള്ളതൊക്കെയും
ഉല്ലസിക്കട്ടെ നല്ലതായിട്ടു-
(പാടുവിന്‍...)


അന്നഹൊ! കാട്ടിലെമരമൊക്കെയും
ആര്‍ത്തിടും ദേവതിരുമുമ്പില്‍
ദേവന്‍ വരുന്നു ഭൂമിയെ
ന്യായം വിധിപ്പാന്‍ വരുന്നിതാ
നീതിയിലൂഴിയെങ്ങും ജനങ്ങ
ളെയും വിധിക്കുമുണ്മയില്‍ തന്നെ-
(പാടുവിന്‍...)


ജയം ജയം-പരമോന്നതന്നു ജയംജയം
പരമ സുതന്നു ജയം ജയം
പരമാത്മാവിനു- ജയം ജയം
ത്രിയേക ദേവനു ജയം ജയം
ജയം ജയം- യേശു നാമത്തിന്നു ജയം
ജയമാമേന്‍ ജയ! മാമേനാമേനെന്നു
(പാടുവിന്‍...)